Followers

Wednesday, December 13, 2023

എം.കൃഷ്ണൻ നായർ വിമർശകൻ്റെ അധികാര വ്യവസ്ഥ സ്ഥാപിച്ചു: എം.കെ.ഹരികുമാർ




കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ സംഘടിപ്പിച്ച എം.കൃഷ്ണൻ നായർ അനുസ്മരണം എം.കെ.ഹരികുമാർ ഉദ്ഘാടനം ചെയുന്നു .ജസ്റ്റിസ് പി.എസ്.ഗോപിനാഥൻ,പ്രൊഫ. ടി.എം.മാത്യു,അഡ്വ.സഹദേവൻ പാവുമ്പ,വിദ്യാസാഗരൻ,എം.വി. ഹരിറാം ,ജോസ് ക്രിസ്റ്റഫർ സേവ്യർ എന്നിവർ സമീപം .



റിപ്പോർട്ട് :എൻ.രവി



കൊച്ചി: മലയാള സാഹിത്യചരിത്രത്തിൽ അനന്യമായ വിധം എം. കൃഷ്ണൻ നായർ ഒരു വിമർശകന്റെ അധികാര വ്യവസ്ഥ സ്ഥാപിച്ചുവെന്ന് വിമർശകനും കോളമിസ്റ്റും സാഹിത്യകാരനുമായ എം.കെ. ഹരികുമാർ അഭിപ്രായപ്പെട്ടു.

കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച എം.കൃഷ്ണൻ നായർ  അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ വിമർശകർക്കും അധികാര വ്യവസ്ഥ സ്ഥാപിക്കാൻ കഴിയില്ല. കാരണം, പലരും സ്റ്റാറ്റസ്കോ നിലനിർത്താനാണ് ശ്രമിക്കുന്നത്.പ്രശസ്തിയും പ്രതിഷ്ഠയും നേടിയവരെ ചോദ്യം ചെയ്യാതെ കീഴടങ്ങുകയാണ് പലരുടെയും രീതി. അവർ എതിർപ്പ് ഉന്നയിക്കുകയില്ല. എന്നാൽ എന്തിനെയെങ്കിലും സൂക്ഷ്മമായി  വായിക്കണമെങ്കിൽ കൂടുതൽ സ്വതന്ത്രനാകണം. ലോക നിലവാരത്തിലുള്ള പുസ്തകപരിചയവും സാഹിത്യാവബോധവും നേടണം .അപ്പോഴാണ്  നിലവാരമില്ലാത്ത കൃതികളെ തിരിച്ചറിയാനാവുകയുള്ളു.  സ്വതന്ത്രവും സ്വന്തവുമായ ആസ്വാദനമൂല്യമാണ് എം. കൃഷ്ണൻ നായരെ മുന്നോട്ടു നയിച്ചത്. അദ്ദേഹം മഹാരചയിതാക്കളെ വിമർശിച്ചു. അദ്ദേഹത്തിന് എഴുത്തുകാരുടെ സ്നേഹം വേണ്ടായിരുന്നു. അതിനേക്കാൾ പ്രധാനം എഴുതുന്നതിലുള്ള സത്യസന്ധതയായിരുന്നു - ഹരികുമാർ പറഞ്ഞു .

36 വർഷം മുടങ്ങാതെ ,ആഴ്ചതോറും സാഹിത്യവാരഫലമെഴുതാൻ കൃഷ്ണൻ നായർക്ക് കഴിഞ്ഞത് എഴുത്തിലും വായനയിലുമുള്ള സവിശേഷമായ അച്ചടക്കവും പ്രൊഫഷണൽ മികവുമാണ് .ഒരാഴ്ച കൊണ്ടാണ് കോളം എഴുതേണ്ടത് .ധാരാളം ആനുകാലികങ്ങൾ വായിക്കണം. വെറുതെ വായിച്ച് മുട്ടിലിഴഞ്ഞാൽ പോരാ ;ധീരമായി എഴുതണം. അതിനു സ്വന്തം ചിന്ത വേണം .ലോകസാഹിത്യാനുഭവവുമായി ചേർത്ത് വച്ച് പരിശോധിക്കുന്നത് വായനയുടെ ബലമാണ് കാണിച്ചു തരുന്നത്. സമകാലികമായ സാഹിത്യ ജ്ഞാനം അതിനാവശ്യമാണ്.ഇതെല്ലാമാണ് കൃഷ്ണൻ നായരെ സൃഷ്ടിച്ചത്.പുതിയ അറിവുകൾ ഇല്ലാതെ ,പുതിയ  പുസ്തകങ്ങൾ ശ്രദ്ധിക്കാതെ ഒരു നല്ല കോളമിസ്റ്റിനു മുന്നോട്ടു പോകാനാവില്ല. എം .കൃഷ്ണൻ നായരുടെ കാലഘട്ടത്തിലെ പല വിമർശകരും പ്രത്യേക ചട്ടക്കൂടിൽ ഒതുങ്ങുകയാണ് ചെയ്തത്. അവരിൽ പലർക്കും ഐ.എ. റിച്ചാർഡ്സ്, മാത്യു ആർനോൾഡ് തുടങ്ങിയവരിൽ ഒതുങ്ങേണ്ടി വന്നു. എന്നാൽ കൃഷ്ണൻ നായർ ആധുനിക എഴുത്തുകാരെയും ഉത്തരാധുനിക എഴുത്തുകാരെയും വായിച്ചു. ആ കാലഘട്ടത്തിലെ വിമർശകരിൽ കാഫ്ക ,കമ്യു ,സാർത്ര് തുടങ്ങിയവരെ വായിക്കുകയും  അഭിപ്രായം പറയുകയും ചെയ്തത് കൃഷ്ണൻ നായരാണ്. കാരണം അദ്ദേഹത്തിൻ്റെ പംക്തിയുടെ സമ്പൂർണ്ണതയ്ക്കും വിജയത്തിനും അത് വേണം. വായനയും വായനയുടെ വിപ്ലവവുമാണ് അദ്ദേഹത്തിൻ്റെ പംക്തിയെ വായനക്കാരിലേക്ക് ആകർഷിച്ചത് .ഒരു പംക്തിയിൽ  എല്ലാം വിശദീകരിച്ച് എഴുതാനാവില്ല .ചിലത് ഒരു വാചകത്തിൽ ചുരുക്കണം. ഇതിനുള്ള   പരിശീലനവും സിദ്ധിയും കൃഷ്ണൻ നായർക്കുണ്ടായിരുന്നു - ഹരികുമാർ ചൂണ്ടിക്കാട്ടി. 





ഏത് പാശ്ചാത്യ ,പൗരസ്ത്യ സാഹിത്യസിദ്ധാന്തവും വളരെ ലളിതമായി സാധാരണക്കാർക്ക് പരിചയപ്പെടുത്താൻ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു.  ശരിയായ കാര്യങ്ങൾ ഗ്രഹിച്ചാലേ ഇത് സാധ്യമാകൂ. ഉത്തരാധുനികരുടെ കൃതികളിൽ സൗന്ദര്യാനുഭവമില്ലെന്ന് കണ്ടെത്തണമെങ്കിൽ ശരിയായ സൗന്ദര്യാനുഭവത്തെക്കുറിച്ച് ധാരണം വേണം. സ്ഥൂലമായി എഴുതപ്പെടുന്ന കൃതികൾ പൊള്ളയാണെന്ന് എങ്ങനെ തിരിച്ചറിയും? എം.മുകുന്ദൻ ,എൻ.എസ്. മാധവൻ തുടങ്ങിയവരുടെ കഥകളിൽ സൗന്ദര്യമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. വ്യക്തവും നിശിതവുമായ കാഴ്ചപ്പാടുകൾ ഇതിനാവശ്യമാണ്.  സൗന്ദര്യത്തിന്റെ അനുഭവം ഉണ്ടാവണം.ഏത് പ്രസ്ഥാനത്തിൽപ്പെട്ട കൃതിയാണെങ്കിലും സൗന്ദര്യമാണ് കൃഷ്ണനായർ അന്വേഷിക്കുക. ഭാഷയിലുള്ള സൂക്ഷ്മത എത്രപേർക്കുണ്ട് ?പലരും  ജീവചരിത്രവും ആത്മകഥയും എഴുതുന്നു. എന്നാൽ ഗദ്യത്തിന്റെ അവസ്ഥയെന്താണ്? വല്ലവരുടെയും ഭാഷ കടമെടുക്കുകയാണ്. സ്വന്തമായ ശൈലിയില്ല .ആവശ്യമുള്ളത് മാത്രം എഴുതാൻ കഴിയുന്ന സിദ്ധിയുള്ളവർ കുറവാണ് .ഗദ്യം എഴുതുന്നയാളാണ് അതിൻ്റെ താളം സൃഷ്ടിക്കുന്നത്. അതിനു മുൻ മാതൃകകളില്ല . പദ്യത്തിനാണെങ്കിൽ ഒരു ഫ്രെയിമുണ്ട്. ആ ഫ്രെയിമിലേക്ക് പ്രവേശിച്ചാൽ മതി, താളത്തിനൊത്ത് പദ്യമുണ്ടായികൊള്ളും. ഗദ്യം ഗദ്യകാരൻ തന്നെ കണ്ടെത്തണം. ഗദ്യം ഗദ്യകാരൻ്റെ താളത്തിൽ നിന്നുണ്ടാകുന്നതാണ് .അത് ഒരു നൃത്തമാണ്. അതിൽ നാടകീയതയും വൈകാരികതയും ഉൾച്ചേർന്നിരിക്കുന്നു. ഇങ്ങനെയാണ് ഗദ്യം ഉണ്ടാകുന്നതെന്ന് കൃഷ്ണൻ നായർക്ക് അറിയാമായിരുന്നു. അദ്ദേഹത്തിന് അതിനുള്ള വായനയുണ്ടായിരുന്നു. കൃഷ്ണൻ നായർ തൻ്റെ പംക്തിയെ ലിറ്റററി ജേർണലിസം എന്ന് വിശേഷിപ്പിച്ചത് അദ്ദേഹത്തിൻ്റെ വിനയമായി കണ്ടാൽ മതി. ഇതുപോലുള്ള 'ലിറ്റററി ജേർണലിസം' നമ്മുടെ നാട്ടിൽ ഉണ്ടോ? ഇപ്പോഴത്തെ ലിറ്റററി ജേർണലിസ്റ്റുകൾ മറ്റുള്ളവർ എഴുതി അയച്ചു കൊടുക്കുന്നത് അതേപടി അച്ചടിക്കുന്നതിനപ്പുറത്ത് ഒന്നും  എഡിറ്റ് ചെയ്യാറില്ല. എം.ടി കൈയിൽ കിട്ടുന്ന കഥകൾ എഡിറ്റ് ചെയ്യുമായിരുന്നു എന്നു കേട്ടിട്ടുണ്ട്.   കൃഷ്ണൻ നായരുടെ കോളം ലിറ്റററി ജേർണലിസത്തിനൊക്കെ വളരെ ഉയരത്തിലാണ്. അദ്ദേഹം വിമർശകന്റെ അധികാരവും നിയമവും സ്ഥാപിച്ച എഴുത്തുകാരനാണ്. വിമർശകൻ ഒരു അധികാര വ്യവസ്ഥയാണ്. വിമർശകന്റെ ശകാരത്തിനും എതിർപ്പിനും  ഇരയാകുന്ന കൃതികൾക്ക് എക്കാലത്തും അതിൻ്റെ മങ്ങൽ ഉണ്ടായിരിക്കും. ആ കരി നിഴലിൽ നിന്ന് പുറത്തു കടക്കാനാവില്ല. എഴുത്തച്ഛൻ്റെ അദ്ധ്യാത്മരാമായണം ഉമിക്കരി ചവച്ചതു പോലെയാണെന്നു പറയാൻ ഇന്ന് ജീവിച്ചിരിക്കുന്ന ഏതെങ്കിലും വിമർശകനു ധൈര്യമുണ്ടോ ?എന്നാൽ എം.കൃഷ്ണൻ നായർ അത് പറഞ്ഞു. അദ്ദേഹം തന്റെ ഗുരുനാഥനായ ഗോപാലപിള്ള സാറിനെ ഉദ്ധരിച്ചുകൊണ്ട് കണ്ണശ്ശപ്പണിക്കരുടെ അയൽപക്കത്ത് വരാനുള്ള യോഗ്യത എഴുത്തച്ഛനില്ലെന്നു പ്രഖ്യാപിക്കുകയാണ് ചെയ്തത്.
ഈ ധൈര്യം വായനയുടെ ഉന്നതമായ ഒരു ഗുണമാണ്. ഉറച്ചു പോയതിനെ ചോദ്യം ചെയ്യുന്നവനാണ് വിമർശകൻ.വിമർശനമെഴുതുന്നവരിൽ ഭൂരിപക്ഷത്തിനും ഇരുപതാം നൂറ്റാണ്ടിലെ ചിന്തകളെക്കുറിച്ച് വിവരമില്ല. ബർട്രാൻഡ് റസ്സൽ ,നോർത്രോപ്പ് ഫ്രൈ ,സാർത്ര് ,കമ്യു ,നിഷെ തുടങ്ങിയവരെ വായിക്കാതെ ഇന്ന് വിമർശനമെഴുതാൻ പാടില്ല .കാരണം , അസ്തിത്വവാദപരമായ ആശയങ്ങൾ  അത്രമേൽ പിൽക്കാല സാഹിത്യത്തെ സ്വാധീനിച്ചിരിക്കുന്നു. വായനയിൽ ആ മാനം പ്രധാനമായിരിക്കുന്നു. തത്ത്വചിന്താപരമായ  അറിവില്ലാത്തവരുടെ വിമർശനത്തെ ആരും ഗൗനിക്കാറില്ല -ഹരികുമാർ പറഞ്ഞു. 

a




ഒരു സാഹിത്യകൃതിയുടെ അവസാനിപ്പിക്കൽ എങ്ങനെയായിരിക്കണമെന്നത് പരമപ്രധാനമായ ചിന്ത ആവശ്യപ്പെടുന്നു. മഹാഭാരതത്തിന്റെ അവസാനം മഹാപ്രസ്ഥാനമാണ്. ആ മഹാപ്രസ്ഥാനത്തിന് തുല്യമായ ഒരു Ending ലോകസാഹിത്യത്തിലെ മികച്ച രചനകളിലൊന്നും കണ്ടിട്ടില്ലെന്ന് മലയാളം കണ്ട മഹാസാഹിത്യ ചിന്തകനും സംസ്കൃതപണ്ഡിതനും സാഹിത്യചരിത്രകാരനുമായിരുന്ന കൃഷ്ണചൈതന്യ 'സംസ്കൃത സാഹിത്യത്തിലെ തത്ത്വചിന്ത ' എന്ന ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്. കൃഷ്ണൻ നായരും ഈ അഭിപ്രായക്കാരനായിരുന്നു. എം.ടിയുടെ  'രണ്ടാമൂഴ'ത്തിന്റെ അവസാനഭാഗത്ത് മഹാപ്രസ്ഥാനത്തിനു തുല്യമായ ഒരു രംഗം കാണാത്തതിൽ കൃഷ്ണൻ നായർ ഒരു വേദിയിൽ വിമർശനമുന്നയിക്കുകയായിരുന്നു. എന്തുകൊണ്ടാണ് അത് കലാകൗമുദിയിൽ എഴുതാത്തതെന്ന്  ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് കലാകൗമുദിയും എം.ടിയും തമ്മിലുള്ള ബന്ധത്തെ അലങ്കോലമാക്കാൻ താൻ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു. വ്യക്തിപരമായി സ്നേഹശീലനായിരുന്ന  അദ്ദേഹം സാഹിത്യവിമർശനത്തിൽ സ്നേഹത്തെ ഉപേക്ഷിക്കുകയാണ് ചെയ്തത്; പകരം നിഷ്കളങ്കമായ യുക്തിയാണ് ഉപയോഗിച്ചത്.
ഒരു പംക്തീകാരനെന്ന നിലയിൽ ഒരാഴ്ചയിലെ സമയത്തിന്റെ ഉപയോഗത്തെക്കുറിച്ച് എനിക്ക് നല്ല ബോധമുണ്ട് .കൃഷ്ണൻ നായർ ജീവിച്ചിരുന്നപ്പോൾ തന്നെ ഞാൻ 'അക്ഷരജാലകം' എഴുതി തുടങ്ങിയതാണ്.പ്രതിവാര പംക്തിയാണ്, കേരളകൗമുദി എഡിറ്റോറിയൽ പേജിൽ .അത് 25 വർഷം പിന്നിട്ടിരിക്കുന്നു. ഇപ്പോൾ 'മെട്രോവാർത്ത'യിൽ തിങ്കളാഴ്ചകളിൽ പ്രസിദ്ധീകരിക്കുന്നു. എല്ലാ പ്രലോഭനങ്ങളിൽ നിന്നും അകന്നു സത്യസൗന്ദര്യത്തിൻ്റെ പിന്നാലെ അലയുന്നവർക്ക് മാത്രമേ ഒരു മികച്ച കോളമിസ്റ്റാകാൻ കഴിയൂ - ഹരികുമാർ പറഞ്ഞു .

ജസ്റ്റിസ് പി.എസ്.ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു.പ്രൊഫ. ടി.എം.മാത്യു ,അഡ്വ. സഹദേവൻ പാവുമ്പ, വിദ്യാസാഗരൻ, എം.വി. ഹരി റാം ,ജോസ് ക്രിസ്റ്റഫർ സേവ്യർ എന്നിവർ പ്രസംഗിച്ചു.




 

No comments: