Followers

Monday, November 13, 2023

സച്ചിദാനന്ദ സ്വാമിയുടെ ഗുരുസ്തവവായന :എം.കെ.ഹരികുമാർ

 





കുമാരനാശാൻ്റെ കവിതകളിൽ  എനിക്ക് ഏറെ പ്രിയം 'ഗുരുസ്തവ'മാണ്.  മലയാളഭാഷയിലുണ്ടായ അസാധാരണവും അത്ഭുതകരവുമായ രചനയാണത്. എപ്പോൾ വായിച്ചാലും രോമം എഴുന്നു വരും. ഓരോ വരിയിലും അന്തർനാദമായി മറ്റേതോ സാരം ത്രസിക്കുന്നു .അപാരവും ഗഹനവുമായ ഒരു ഒഴുക്കാണത്.  ഭാഷയുടെ സാരസ്വതകേന്ദ്രങ്ങളുടെ അടിത്തട്ടിലൂടെ ഒഴുകുന്ന ഈ അരുവി നമ്മുടെ ശരീരത്തിൽ പ്രകമ്പനം സൃഷ്ടിക്കുകയാണ്. ലോകകവിതയിൽ തന്നെ ഈ ചെറുകവിത ഒരു വിശുദ്ധവും ആലോചനാസാന്ദ്രവുമായ  സൃഷ്ടിയാണ് .കുമാരനാശാനു മാത്രം എഴുതാൻ കഴിയുന്ന കവിത. ആദരവും സ്നേഹവും സൗന്ദര്യബോധവും അറിവും വിവേകവും ചിന്തയും ഒരാളിൽ ചേർന്ന് വരുമ്പോഴാണ് ഇതുപോലുള്ള രചനകൾ ഉണ്ടാകുന്നത്.

'ഗുരുസ്തവ'ത്തിനു തുല്യമായ കവിത രചിക്കാൻ പിന്നീട് ആർക്കും കഴിഞ്ഞിട്ടില്ല .വികാരം തുടിച്ചുണരുകയാണ്. എന്നാൽ വികാരത്തിന്റെ അമിതപ്രവാഹമില്ല. വികാരങ്ങൾ സംസ്കാരത്തിന്റെ ഉന്നത ശ്രേണിയിൽ പ്രകാശിക്കുകയാണ്. ഉചിതമായ പദക്കൂട്ടുകൾ എവിടെനിന്നോ വരികയാണ്. ഗുരുവിനെ അടുത്തുനിന്നു കണ്ടു ഗ്രഹിച്ച ഒരു കവിയുടെ സത്യസാക്ഷാത്കാരങ്ങളും  ഉണർവിനാൽ പ്രസാദാത്മകമായ വാങ്മയങ്ങളും തിരയടിക്കുന്ന കവിതയാണിത്.

"അന്യർക്ക് ഗുണം ചെയ്വതിനായുസ്സു വപുസ്സും 
ധന്യത്വമൊടങ്ങാത്മതപസ്സും ബലി ചെയ്വൂ
സന്യാസികളില്ലങ്ങനെയില്ലില്ലമിയന്നോർ
വന്യാശ്രമമേലുന്നവരും ശ്രീ ഗുരുമൂർത്തേ "

ഗുരുവിനെ എത്ര സംക്ഷിപ്തമായി വിവരിക്കുന്നു. ഒരു കവിയുടെ ഭാഷാപരവും ഭാവനാപരവുമായ അറിവ് മുഴുവൻ ഇവിടെ പ്രസരിക്കുകയാണ്. ഈ കവിതയെക്കുറിച്ച് സച്ചിദാനന്ദ സ്വാമി എഴുതിയ 'ശ്രീനാരായണദർശനം - ആശാന്റെ ഗുരുസ്തവത്തിലൂടെ' എന്ന കൃതി സൂക്ഷ്മമായ അവലോകനം കൊണ്ടും വൈദാന്തികമായ അപഗ്രഥനം കൊണ്ടും കാവ്യാനുഭൂതിയുടെ പിന്നാമ്പുറങ്ങളിലേക്കുള്ള നിരുപാധികമായ അന്വേഷണമായിത്തീരുകയാണ്. 

ഈ കൃതിയുടെ ആരംഭത്തിൽ സച്ചിദാനന്ദ സ്വാമി ഇങ്ങനെ കുറിക്കുന്നു: "ഇവിടെ ഗുരുസ്തവമെന്ന  ഈ സ്തോത്രത്തിൽ ബഹുലക്ഷം ജനങ്ങളുടെ പരദൈവം എന്ന നിലയിൽ ഗുരുദേവനെ കുമാരനാശാൻ സ്തുതിക്കുന്നു. ഒപ്പം ശ്രീനാരായണദർശനം അവതരിപ്പിക്കുകയും ചെയ്യുന്നു. അതെത്രയേറെ സംഗതമായിരിക്കുന്നു എന്നുള്ള ഒരു ലഘുപഠനമാണ് ഈ  ഗ്രന്ഥം."ഗുരുസ്തവത്തിലെ ഓരോ വരിയും പദബന്ധവും സ്വാമി ഇഴപിരിച്ച് പരിശോധിക്കുകയാണ്. ഓരോ വാക്കിനെക്കുറിച്ചും സ്വാമിക്ക് പറയാൻ ഏറെയുണ്ട് .സ്വാമിയുടെ വൈദാന്തികമായ ജ്ഞാനവും പൂർവ്വമീമാംസയിലുള്ള അറിവും ഇതിൽ കലർന്നു വരികയാണ് .ഗുരുവിനെക്കുറിച്ച് വായിക്കുന്നവർ ആശാന്റെ ഈ കൃതി നിശ്ചയമായും പഠിക്കണം. ഇതിനു തുല്യമായ ഒരു ഉന്നതവീക്ഷണം വേറെയില്ല .വീടുകളിൽ പതിറ്റാണ്ടുകളായി ചൊല്ലുന്ന സന്ധ്യാനാമമാണിത്. പദസംസ്കാരത്തിൻ്റെ അത്യുന്നതമായ അവബോധത്തിൽ ഈ കവിത ദൈവികമായ അനുഭവം നൽകുകയാണ്. ഗഹനതയിലും ഈ കവിത ജനകീയമാണ്. 

"നാരായണമൂർത്തേ!ഗുരുനാരായണമൂർത്തേ ! നാരായണമൂർത്തേ! പരമാചാര്യ നമസ്തേ!"
എന്നു ചൊല്ലിക്കൊണ്ടാണ് ആശാൻ കവിത ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും .ഇതിനുപുറമേ ഓരോ ശ്ലോകവും അവസാനിക്കുന്നിടത്ത് 'ഗുരുനാരായണമൂർത്തേ' എന്നു ആവർത്തിക്കുന്നുണ്ട് . എന്തുകൊണ്ടാണ് നാരായണഗുരുവിനെ ആശാൻ നാരായണമൂർത്തേ എന്നു  സംബോധന ചെയ്യുന്നത്? നാരം  എന്നാൽ ജീവാത്മാവ്; അതിൻ്റെ  അയനമായിട്ടുള്ളവൻ നാരായണൻ. ആത്മാവ് ആരിൽ വസിക്കുന്നുവോ അവൻ .അത് പരംപൊരുളാണ്. അത് നാരായണമൂർത്തിയാണ്. സച്ചിദാനന്ദ സ്വാമി നിരീക്ഷിക്കുന്നു: " ഗുരുദേവന്റെ സ്വരൂപം പരമാത്മസുരൂപമാണ്. പരമാത്മാവ് നാമരൂപരഹിതനും സർവ്വവ്യാപിയും സർവ്വശക്തനുമാണ്. നാമരൂപാത്മകമായ കാര്യപ്രപഞ്ചത്തിൻ്റെ പരമകാരണമാണ് പരമാത്മ സത്ത.നാരത്തിനു ജ്ഞാനം എന്നും അർത്ഥമുണ്ട്. ജ്ഞാനത്തിനു ആശ്രയമായ മൂർത്തിയാണ് നാരായണമൂർത്തി."

ഈ നാരായണമൂർത്തിയാണ് ആശാൻ്റെ ഗുരു. ആശാനു ആശയപരമായ കാപട്യമില്ല. വിദ്യാഭ്യാസത്തിൻ്റെ കപട സംസ്കാരമില്ല. ആശാൻ സത്യത്തിന്റെ നേർസാക്ഷിയാണ്. അതുകൊണ്ടു തൻ്റെയുള്ളിലെ ഗുരുവിനെ അവതരിപ്പിക്കുമ്പോൾ സത്യത്തെ കൈവിടില്ല .ആത്മപ്രഭാവമാണ് ഗുരു.വസ്തുവിൻ്റെ ഹൃദയത്തെക്കുറിച്ച് അറിവ് പകരുന്നത് ഗുരുവാണ്. അറിവിനുള്ളിലെ ദേവനാണ് ഗുരു. 
ആ ഗുരുവിനെ ആശാൻ ദൈവമായി കാണുന്നു. തനിക്ക് വഴിയും വെളിച്ചവുമായ ഗുരുവിൽ ആശാൻ പൂർണമായി സമർപ്പിക്കുകയാണ്. അന്ധത്വത്തെ മറികടന്ന് ആദിമഹസ്സിലേക്ക് വഴി തുറക്കുന്ന ഗുരുവാണത് .ഭോഗരൂപമായ ലൗകിക ജീവിതത്തെ മൂടിക്കിടക്കുന്ന അന്ധതയെ മാറ്റുന്ന ഗുരു പരദൈവമാണെന്നു ആശാൻ തുറന്നെഴുതുന്നു. ഇത് ആശാന്റെ സത്യസാക്ഷാത്കാരമാണ്, ബോധ്യമാണ്, അറിവാണ്. ഗുരുവിനോടുള്ള ആരാധനയുടെ രഹസ്യം ആശാൻ ഇവിടെ വെളിപ്പെടുത്തുകയാണ്. അന്ധതയെ ഭേദിക്കാനായി ഉഴറുന്നവന് അന്ധത മാറ്റിക്കൊടുത്ത് ആദിമഹസ്സിലേക്ക് നയിക്കുന്ന ഗുരുവിനെ ഓർക്കുമ്പോൾ ആരാധന തോന്നുമെന്നാണ് ആശാൻ പറയുന്നത്.

സച്ചിദാനന്ദ സ്വാമി

ആശാൻ്റെ 'ആരായുകിൽ' എന്ന പ്രയോഗത്തെപ്പറ്റി സച്ചിദാനന്ദ സ്വാമി എഴുതുന്നത് ശ്രദ്ധേയമാണ്: "ആരായുന്നവർക്ക് ,സത്യത്തെ സൂക്ഷ്മമായി അവധാനതയോടെ അന്വേഷിക്കുന്നവർക്ക് മാത്രമേ ഗുരു ദൈവമാണെന്ന സത്യം വെളിപ്പെട്ടു കിട്ടുകയുള്ളൂ. ഗുരുദേവ പ്രസ്ഥാനത്തിലേക്ക് വരും നൂറ്റാണ്ടുകളിൽ കടന്നുവരുന്ന 'ഭൗതികവാദം' എന്ന മാനിയ പിടിപെട്ടവർക്ക് ഉപയോഗിക്കാനുള്ള കായകല്പചികിത്സയല്ലേ കവിയുടെ 'ആരായുകിൽ 'എന്നുള്ള ഈ ആദി പ്രയോഗം? ആരായുന്നത് സത്യദർശനത്തിനു വേണ്ടിയാണ്. ഗുരുവിൻ്റെയും ദൈവത്തിൻ്റെയും സ്വരൂപം തന്നെയാണ് ഇവിടെ അന്വേഷണവിഷയം. ശിഷ്യന്റെ ജിജ്ഞാസ ,ആത്മസുഖലാഭത്തിനുള്ള ആഗ്രഹം കൊണ്ടാണ് ഗുരുവും ദൈവവും അന്വേഷണ വിഷയമാകുന്നത്. ഇതുവരെയും ഭൗതികജീവിത വ്യാപാരങ്ങളുമായി കഴിഞ്ഞുകൂടി. പക്ഷേ ,അതുകൊണ്ടൊന്നും  ആത്യന്തികമായി സുഖമോ സ്വസ്ഥതയോ ലഭിക്കുന്നില്ല."

സത്യത്തെ നിരന്തരമായി ആരായണം .  അപ്പോഴാണ് വ്യർത്ഥതകൾ ഒടുങ്ങി  സത്യത്തിലേക്കുള്ള നോട്ടം സജീവമാവുകയുള്ളൂ.സന്യാസി എന്നാൽ പരോപകാരാർത്ഥം  പ്രവർത്തിക്കുന്നവൻ എന്നു ഗുരു അർത്ഥം പറഞ്ഞതായി സച്ചിദാനന്ദ സ്വാമി സൂചിപ്പിക്കുന്നുണ്ട്. അന്യർക്ക് ഗുണം ചെയ്തു കൊണ്ടിരിക്കണം. പറഞ്ഞാൽ പോരാ;പ്രവൃത്തിയിൽ വേണം .കർമ്മങ്ങളിൽ നിന്ന് ഓടി രക്ഷപ്പെട്ടു സ്വന്തം മോക്ഷം തേടുന്നവനല്ല ഗുരുവിൻ്റെ സങ്കല്പത്തിലെ സന്യാസി. കർമ്മങ്ങൾ നിരന്തരമായി ചെയ്ത് അന്യർക്ക്  ഉപകാരം ചെയ്യണം. വേദജ്ഞാനത്തിന്റെയും ബ്രഹ്മജ്ഞാനത്തിന്റെയും തലത്തിൽ ഗുരു നേടിയതെല്ലാം കർമ്മത്തെ ഉൽകൃഷ്ടമാക്കുകയാണ്. മനുഷ്യരെ മഹത്വമുള്ളവരാക്കുക എന്ന കർമ്മപരമ്പരയാണത്.

ഗുരുവിൻ്റെ ജീവിതവും പ്രവൃത്തിയും കണ്ട് എത്രയോ പേർ ജീവിതാർത്ഥത്തെക്കുറിച്ചും കർമ്മമഹത്വത്തെക്കുറിച്ചും ജ്ഞാനമുള്ളവരായി! .അതുകൊണ്ട് ഗുരുവിൻ്റെ മാർഗം വ്യത്യസ്തമാണ്. സച്ചിദാനന്ദ സ്വാമി പറയുന്നത് ഇതാണ്: "നരൻ നാരായണനായി സത്യസാക്ഷാത്കാരം നേടി വീണ്ടും നരനെ നാരായണനാക്കുവാനുള്ള കർമ്മത്തിൽ പ്രാരാബ്ധവശാലല്ല ബോധപൂർവ്വമായി തന്നെ മുഴുകണം. ഇത് ശ്രീനാരായണദർശനത്തിന്റെ ഒരു അപൂർവ്വതയാണ് .തനിമയാർന്ന സംഭാവനയാണ്. ആശാൻ നിർദ്ദേശിക്കുന്ന ആത്മതപസ്സിൻ്റെ ബലിയും ഇതു തന്നെയാണ്."

വൻപാകെ വെടിഞ്ഞ ഗുരുവിനെക്കുറിച്ച് ആശാൻ എഴുതുന്നുണ്ട് .സ്വന്തമായി ഒരുതരത്തിലുമുള്ള കാമനയോ മോഹമോ ഇല്ലാതിരുന്ന ഗുരു തന്നിലേക്ക് വന്നുചേർന്നതെല്ലാം സമൂഹത്തിൻ്റെ ക്ഷേമത്തിനായി തിരിച്ചു നൽകി. സന്യാസിമാർ ഇങ്ങനെയുമുണ്ട്.പല മേഖലകളിൽ പ്രമുഖരായിത്തീർന്ന വ്യക്തികളിൽ പലപ്പോഴും സ്വന്തമെന്ന താൽപര്യം കാണാറുണ്ട്.ഗുരുവാകട്ടെ ,ആത്മജ്ഞാനവും ജീവിതാർത്ഥവും ഗ്രഹിച്ച യോഗിയാകയാൽ മോഹങ്ങളെ വെടിഞ്ഞ് ശുദ്ധനായിത്തീരുകയാണ് ചെയ്തത് .





"ആത്മധർമ്മങ്ങളെ ശരീരത്തിലും ശരീരധർമ്മങ്ങളെ ആത്മാവിലും അധ്യസിച്ചു കൊണ്ടുള്ള ലൗകിക ലോകവ്യവഹാരങ്ങളിൽ നിന്നും നിർമുക്തനായി ആത്മലോക വ്യാപൃതനായ ഗുരുവിൻ്റെ ജീവബോധം നിവാദദീപം പോലെയായിരുന്നു'എന്നു  സച്ചിദാനന്ദ സ്വാമി വിലയിരുത്തുന്നു. കുളത്തിൽ കിടക്കുന്ന താമരയിലെ പോലെയാണ് ജ്ഞാനിയുടെ കർമ്മമെന്ന് തുടർന്ന് എഴുതുന്നുണ്ട്. "വെള്ളം ഇലയെ സ്പർശിക്കാത്തതുപോലെ കർമ്മം ആത്മാവിനെ സ്പർശിക്കുന്നതേയില്ല."

ഗുരുസ്തവത്തെക്കുറിച്ച് ഇതാദ്യമായാണ് മലയാളത്തിൽ ഒരു പഠനം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നത്. ഇത് വെറുമൊരു പഠനമല്ല ;വേദാന്തവും ബ്രഹ്മജ്ഞാനവും പൂമ്പൊടി പോലെ വിതറിയ അറിവിൻ്റെ വഴിയാണ്.ഇത് ആഴമുള്ള കാഴ്ചകൾ ഒരുക്കുകയാണ്. മലയാളസാഹിത്യത്തിൽ ഗുരുസ്തവ ത്തെക്കുറിച്ച് ഇത്രയും സൂക്ഷ്മമായി അപഗ്രഥിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. സാഹിത്യതത്പരരും വേദാന്തികളും കൈയിൽ കൊണ്ടു നടക്കേണ്ട കൃതിയാണ് സച്ചിദാനന്ദ സ്വാമി എഴുതിയിരിക്കുന്നത്. ആശാനെക്കുറിച്ചുള്ള സാഹിത്യപരമായ അന്വേഷണങ്ങളിൽ സ്വാമിയുടെ ഈ കൃതിക്ക് ഉയർന്ന സ്ഥാനമുണ്ട്. ചരിത്രപരമായ സാംഗത്യം ഈ കൃതിക്ക് മാറ്റുകൂട്ടുന്നു. ഗുരുവിനെയും ആശാനെയും മനസ്സിൽ ഉറപ്പിച്ചു നിർത്തിക്കൊണ്ടുള്ള ഒരു സാഹിത്യവിചാരം എന്ന അപൂർവത വേറെയും .യോഗാത്മകമായ അനുരണനങ്ങൾ ഇതിൽ കേൾക്കാം.  ആത്മാനുഭവങ്ങളുടെ ചരിത്രത്തെ പ്രകാശനം ചെയ്യുന്ന സച്ചിദാനന്ദ  സ്വാമി 'അങ്ങേത്തിരുവുള്ളൂറിയ അൻപിൻ വിനിയോഗം എന്ന ശീർഷകത്തിനു താഴെ ഇങ്ങനെ എഴുതുന്നു:
"ഗുരുവിന്റെ വിശുദ്ധമായ ഉള്ളം ഊറിയതുകൊണ്ടാണ്, ആ അനുഗ്രഹ വിശേഷം കൊണ്ടാണ് ആ യോഗം കൈവന്നത് ". ഏത് യോഗം? ഭാഗ്യം എന്ന യോഗം. ഗുരുവിൻ്റെ  പാതയിലൂടെ സഞ്ചരിച്ച് ഏകലോകത്തെയും ബ്രഹ്മാനുഭവത്തെയും  സാക്ഷാത്ക്കരിക്കാനാഗ്രഹിക്കുന്നവർക്ക് ഈ ഗുരുസ്തവവ്യാഖ്യാനം പ്രചോദനമാവും .ഓരോ ശ്ളോകവും ഉദ്ധരിച്ച ശേഷം ഓരോ വാക്കിൻ്റെയും അർത്ഥം പറഞ്ഞാണ് സ്വാമി വ്യാഖ്യാനത്തിലേക്ക് കടക്കുന്നത്. ഓരോ വാക്യത്തിലും സ്വാമിയുടെ ഗാഢമായ ഗുരുസ്മരണയും ഗുരുഭക്തിയും ഗുരുചിന്തയും അലയടിക്കുകയാണ്. 

ഗുരു സമൂഹത്തിൽ എങ്ങനെ പ്രത്യക്ഷമായ അനുഭവമാകുന്നു എന്നതിന് സ്വാമി നൽകുന്ന വിശദീകരണത്തോടെ ഈ കുറിപ്പ് അവസാനിപ്പിക്കാം :അവിടുത്തെ അൻപ് ജനകോടികൾക്ക് ശുഭവും ഭൗതികവും ആത്മീയവുമായ പുരോഗതി കൈവരിക്കുവാൻ പര്യാപ്തമായി .അതിൻ്റെ പ്രതിഫലനമെന്നോണം അനേകങ്ങൾക്ക് ആത്മാനുഭൂതി ഉളവായി. "


ശ്രീനാരായണദർശനം ആശാൻ്റെ ഗുരുസ്തവത്തിലൂടെ 
(പഠനം)
സച്ചിദാനന്ദ സ്വാമി 
ഗായത്രി ആശ്രമം ,ചാലക്കുടി
വില : 50/

No comments: