Followers

Friday, October 5, 2018

എം കെ ഹരികുമാറിന്റെ സിദ്ധാന്തങ്ങൾ


അർത്ഥങ്ങൾക്കിടയിലെ ശലഭം / എം കെ ഹരികുമാർ
ആകാശം എല്ലാവരെയും സ്നാനപ്പെടുത്തുന്നു/എം.കെ. ഹരികുമാര്‍
ആത്മായനങ്ങളുടെ ഖസാക്ക് എന്‍റെ തന്നെ അവ്യക്തമായ ആന്തരലോകമാണ് ആവിഷ്കരിച്ചത്. അത് ഖസാക്കിന്‍റെ ഇതിഹാസത്തെക്കുറിച്ചുള്ള ഒരു പഠനമാണെന്നത് ക്ലിനിക്കലായി ശരിയാണ്. പക്ഷേ, അത് ഞാനാണ്. എന്നെക്കുറിച്ചാണത്. എന്നെയാണ് ഞാന്‍ തേടിയത്. എഴുതുന്ന വേളയില്‍ എന്‍റെ അവ്യക്തതകള്‍ ഒരു വലിയ മഞ്ഞുമലപോലെ പ്രതിബന്ധമായി. എങ്ങോട്ടാണ് എഴുതി സഞ്ചരിക്കേണ്ടതെന്ന ചോദ്യമുണ്ടായി. എന്‍റെ ചിന്തകള്‍ എന്ന് പറയുന്നതെന്താണ്? അത് ഞാന്‍ തന്നെയാണോ? എന്നിലെ എന്നെ സ്ഥിരമായി നിലനിര്‍ത്തുന്നതെന്താണ്? ഇതെല്ലാം ഒരു വാക്യത്തിലോ ഖണ്ഡികയിലോ പറയാനാവില്ല. അതുകൊണ്ടാണ് ഞാന്‍ ആത്മായനങ്ങളുടെ ഖസാക്ക് എഴുതിയത്.

എനിക്ക് സായംസന്ധ്യകളെ നോക്കാന്‍ കഴിയും. ഒ.വി. വിജയന്‍ സായാഹ്നയാത്രകളുടെ അച്ഛാ എന്ന് വിളിക്കുന്നുണ്ട്. സായാഹ്ന യാത്രകള്‍ ഒരു വിടുതലാണ്. അവനവനില്‍ നിന്നുള്ള യാത്രകള്‍ അവിടെയുണ്ട്. എന്നാല്‍ അതിനെക്കുറിച്ചെഴുതിയപ്പോള്‍ ഞാന്‍ എന്‍റെ സായാഹ്നദര്‍ശനങ്ങളും യാത്രകളും തേടിപ്പിടിച്ചു. ഏതൊരാള്‍ക്കും ദര്‍ശനങ്ങളുണ്ട്. പക്ഷേ അത് പുറത്തുവരണമെന്നില്ല. ആകാശം എല്ലാവരെയും സ്നാനപ്പെടുത്തുന്നു. പക്ഷേ അതിന്‍റെ പൊരുള്‍ വേര്‍തിരിച്ചെടുക്കാന്‍ ഭാഷവേണം. ഭാഷയില്ലാത്തവര്‍, വികാരത്തിന്‍റെ ആഘാതത്തില്‍ വീണുപോയേക്കാം.

ഭാഷയുണ്ടെങ്കില്‍ നമുക്ക് മറ്റൊരു രീതിയില്‍ ജീവിക്കാം. കവിക്കായാലും വിമര്‍ശകനായാലും അനുഭൂതിയെ പുനഃസൃഷ്ടിക്കാന്‍ ഭാഷവേണം. ഭാഷയുള്ളതുകൊണ്ടാണ് കവി നില്‍നില്‍ക്കുന്നത്. അസ്തമയത്തെ ഭാഷകൊണ്ടാണ് ഞാന്‍ അളന്നത്. എന്‍റെ അനുഭവം എന്‍റെ ഭാഷയാണ്. ഭാഷ നമ്മുടെ വിദൂരഗേഹമാണ്. അവിടേക്കെത്താന്‍ നാം യത്നിക്കണം. അതിനാണ് എഴുതുന്നത്. എല്ലായ്പ്പോഴും ഒരു തീവണ്ടിയുടെ ചക്രങ്ങള്‍ പാളത്തിലെന്നപോലെ കൃത്യമായി പറ്റിച്ചേര്‍ന്നിരിക്കാന്‍ വാക്കുകള്‍ക്ക് കഴിയണമെന്നില്ല. വാക്കുകളുടെ ചക്രങ്ങള്‍ പറ്റിച്ചേരേണ്ടത് അനുഭവം എന്ന പാളത്തിലാണ്. ഇതില്‍ കൃത്യത പാലിക്കാന്‍ കഴിയാതെ വരുമ്പോള്‍ എഴുതുന്നത് പാളം തെറ്റും.

എന്‍റെ ഭാഷകൊണ്ട് ഞാന്‍ എന്നെക്കുറിച്ചുള്ള ആലോചനകള്‍ നിര്‍മ്മിച്ചെടുത്തു. എന്‍റെ ഭാഷ എന്നേക്കാള്‍ പ്രബുദ്ധമാണെന്ന വസ്തുതയുണ്ട്. അത് എന്നെക്കാള്‍ പുരാതനവും സംസ്കൃതവും നവീനവുമാണ്. അതിന്‍റെ ധ്വനികളും അലകളും പൂര്‍ണമായി ഗ്രഹിക്കാനും പ്രയാസമാണ്. എങ്കിലും ഞാന്‍ 'ആത്മായനങ്ങളുടെ ഖസാക്കി'ല്‍ എഴുതി: "ഭോഗാലസ്യത്തില്‍, ഓര്‍മ്മകളുടെ മഞ്ഞില്‍, അകലെ ഖസാക്ക് ചലനമറ്റുവെന്ന് സൂചിതമാവുന്നു. ഇവിടെ മനുഷ്യരും വസ്തുക്കളും എല്ലാം അപ്രത്യക്ഷമായി. ഖസാക്കിന്‍റെ വിലോലമായ തന്ത്രികളുണര്‍ത്തിയ ജീവിതരതിയാണ് തെളിയുന്നത്. ഖസാക്ക് പ്രത്യക്ഷങ്ങള്‍ക്കുപരിയായി ആസക്തമായ ജൈവശരീരമാണെന്ന് നാമറിയുന്നു. അറിവിന്‍റെ ദേവനിലേക്ക് അഭയാര്‍ത്ഥിയായി നീങ്ങുന്ന ഖസാക്കിന്‍റെ പ്രാര്‍ത്ഥന സുരതത്തിന്‍റെ പ്രവര്‍ത്തനശാലയായി മാറുകയാണ് ചെയ്തത്. സുരതം അറിവിന്‍റെ ക്ഷേത്രങ്ങള്‍ കൊണ്ട് മര്‍ത്ത്യനെ നവീകരിക്കുന്നു." ഈ ഭാഷ എന്‍റെ സര്‍വകലാശാല പഠനത്തിന്‍റെ സംഭാവനയല്ല; ആന്തരികതയുടെ സ്വഭാവത്തില്‍ നിന്നുണ്ടായതാണ്. ഒരു സ്കൂളിലും ഉള്‍പ്പെടാത്ത ഈ ഭാഷ പ്രത്യേക അര്‍ത്ഥം ഉല്പാദിപ്പിക്കുന്നുണ്ടോ എന്ന് അറിയില്ല. അല്ലെങ്കില്‍തന്നെ, അര്‍ത്ഥം എന്താണ്? അര്‍ത്ഥം അറിയാമായിരുന്നെങ്കില്‍ അതുമാത്രം എഴുതിയാല്‍ മതിയായിരുന്നല്ലോ. ഏതോ കാലത്തിന്‍റെ അറിയാത്ത ഇടനാഴിയില്‍വച്ച് ഞാന്‍ എന്നെ അറിയുന്നതിന്‍റെ ഭാഷാപരമായ വീണ്ടെടുപ്പും അറിവുമാണ് ഇവിടെ തെളിയുന്നത്. ഇനി വ്യാഖ്യാനമെല്ലാം ഭാഷകൊണ്ടുമാത്രമേ സാധിക്കൂ എന്ന് അറിയണം. പക്ഷേ ഈ ഭാഷ എന്‍റെ വൈയക്തികമായ ഒരു ആന്തരലാവണ്യത്തിന്‍റെ സൃഷ്ടിയാണ്. എന്‍റെ അറിവുകളെ സൗന്ദര്യാത്മകമാക്കുന്നത് ഈ ഭാഷയാണ്. അതുകൊണ്ട് ഭാഷയില്‍ ഞാന്‍ ജീവിച്ചിരിക്കുന്നു. അസ്തിത്വത്തിന്‍റെ പ്രധാനഗുണം അത് പൂര്‍ണമായി ഒരിക്കലും അനാവൃതമാകുന്നില്ല എന്നതാണ്. അതിനെ അല്പാല്പമായി കണ്ടെത്താനാണ് എഴുതുന്നത്. നോവലിസ്റ്റ് മാത്രമല്ല, വിമര്‍ശനകനും ആ വഴിക്ക് നീങ്ങേണ്ട സന്ദര്‍ഭമുണ്ട്. ആത്മായനങ്ങളുടെ ഖസാക്ക് അതിന്‍റെ പാതയാണ് ചൂണ്ടിക്കാണിച്ചുതരുന്നത്.

ഒരുഭാഗം എടുത്തെഴുതുകയാണ്: അറിവിന്‍റെ ഏത് മുനയിലാണ് ലോകം തിരോഭവിക്കുന്നത്? ശരീരത്തിലെ രക്തം മുഴുവന്‍ വിരല്‍ത്തുമ്പുകളിലും ചുമലിലുമായി ഒഴുകിക്കൂടുന്നപോലെ. വിരലുകള്‍ അടര്‍ന്നുലഞ്ഞ് താഴെ വീഴുന്നതുപോലെ.

ഇത് എന്‍റെ ഭാഗമാണ്. എന്‍റെ ജീവിതത്തിന്‍റെ അജ്ഞാതത്വത്തെ പിന്തുടര്‍ന്നു ചെല്ലുന്ന ഭാഷാപരമായ യാത്ര.

സകലവായനയും ശകലവായനയും/എം.കെ. ഹരികുമാര്‍


ഒരു സമ്പൂര്‍ണ സര്‍ഗാത്മകത ഇനിയുമകലെയാണ്. എഴുത്തുകാര്‍ പലര്‍ കൂടിച്ചേര്‍ന്നാണ് സകലവായന ഉണ്ടാക്കുന്നത്. അതായത്, ഏറ്റവും മികച്ചതെന്ന് കരുതുന്ന കൃതിപോലും അന്തിമമല്ല. അത് രണ്ടാമതൊരു വീണ്ടുവിചാരത്തിനു പ്രേരിപ്പിക്കും. നാമെല്ലാം മഹാക്ലാസിക്കായി ഇപ്പോഴും കരുതുന്ന ദസ്തയെവ്സ്കിയുടെ \'കരമസോവ് സഹോദരډാര്‍\' എന്ന നോവലിനെപ്പറ്റി പ്രമുഖ നോവലിസ്റ്റ് വ്ളാഡിമിര്‍ നബോക്കോവ് പറഞ്ഞത് ഇതാണ്: ഞാന്‍ ശരിക്കും കരമസോവ് സഹോദരډാരെ ഇഷ്ടപ്പെടുന്നില്ല. അതുപോലെ ക്രൈം ആന്‍ഡ് പണീഷ്മെന്‍റിനെയും. ആത്മന്വേഷണത്തെയോ ആത്മാവിന്‍റെ വെളിപ്പെടുത്തലുകളെയോ ഞാന്‍ എതിര്‍ക്കുന്നില്ല. എന്നാല്‍ ഈ കൃതികളിലെ പാപം, അതിവൈകാരികത, റിപ്പോര്‍ട്ടിംഗ് സ്വഭാവത്തോടെയുള്ള അമിതാഖ്യാനം തുടങ്ങിയവ വായനയെ തടസ്സപ്പെടുത്തുന്നു.


ഇതിന്‍റെയര്‍ത്ഥം, ദസ്തയെവ്സ്കി ഒരു സമ്പൂര്‍ണ സര്‍ഗാത്മകത ഉറപ്പുതരുന്നില്ല എന്നാണ്. അത് ഭാഗികമായ ഒരവതരണമാണ്. ആ ആഖ്യാനം ഒന്നിനെയും വിവരിച്ച് അവസാനിപ്പിക്കുന്നില്ല. ഇതുപോലെയാണ് എല്ലാ കൃതികളും. വായന എന്ന പ്രക്രിയ കേവലമായിട്ടെടുത്താല്‍, ഓരോരുത്തരുടെയും വായനയാണ്. എന്നാല്‍ അത് വളരെ ഭാഗികമാണ്. അസ്തിത്വത്തിന്‍റെ ചെറിയ ഒരു കണം മാത്രമേ അതിലൂടെ ലഭിക്കുന്നുള്ളൂ. സാഹിത്യകൃതികള്‍ ഒറ്റയ്ക്ക് എടുത്താല്‍, ഇതുപോലുള്ള ശകലഭാവനയാണ് തരുന്നത്. മനുഷ്യരാശി നൂറ്റാണ്ടുകളിലൂടെയാണ് ഒരു സകലവായന പൂര്‍ത്തിയാക്കുന്നത്; രചനയും അങ്ങനെതന്നെ. സാഹിത്യരചനയേക്കാള്‍, അതിനെക്കുറിച്ച് നൂറ്റാണ്ടുകളിലൂടെ ഉണ്ടാകുന്ന ചര്‍ച്ചയാണ് സകലവായനയെ അര്‍ത്ഥപൂര്‍ണമാക്കുന്നത്. ഒരിടത്തും അത് അവസാനിക്കുകയില്ല. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന കൃതികളും കളഞ്ഞുപോയ കൃതികളും ചേര്‍ന്ന് സമഗ്രവും സാധ്യവുമായ ഒരാലോചനതരുന്നു. അവ തമ്മില്‍ പരസ്പരം ഐക്യമില്ലെങ്കില്‍പ്പോലും സമഗ്രത അവിടെയാണുള്ളത്. കാലങ്ങളിലൂടെയാണ് സകലവായന രൂപപ്പെടുന്നത്. പലതരം സര്‍ഗാത്മക പ്രവണതകളുടെയും ആവിഷ്കാരങ്ങളുടെയും കൂടിച്ചേരലിലൂടെ ഒരു നവമാനവന്‍ ഉണ്ടാകുന്നു. യഥാര്‍ത്ഥ മനുഷ്യന് അങ്ങോട്ട് പരിണമിക്കാന്‍ പ്രയാസമാണ്. അത് വിദൂരമായ ഏതോ മാനവികതയുടെ മുഖമാണ്. കളങ്കങ്ങളില്‍ നിന്ന് കടഞ്ഞെടുത്ത നډകള്‍ മനുഷ്യത്വത്തിന്‍റെ അതീതലോകമായി അവതരിക്കുകയാണ്.

കഥാപാത്രങ്ങള്‍ മാത്രമല്ല, സാഹിത്യകൃതികളുടെ ഭാഷ, വിവരണം എന്നിവയിലെല്ലാം ഈ സകലവായന ചിതറിക്കിടക്കുന്നു. അത് അടുത്ത ഘട്ടത്തിലെ മാനവികതയാണ്. ക്രൂദ്ധനും ദയാരഹിതനുമായ യഥാര്‍ത്ഥ മനുഷ്യന് എത്തിപ്പിടിക്കാനാവാത്ത ഒരു മേഖലയാണത്. സാഹിത്യരചയിതാക്കള്‍ കൃതികളില്‍ അവതരിപ്പിച്ചു എന്നതുകൊണ്ട് അത് അവരുടെയും സ്വന്തമല്ല. ഭാവനയായി അവശേഷിക്കുകയാണ്. എന്നാല്‍ ഈ സമ്പാദ്യം മാനവരാശിയുടെ വലിയ സംഭാവനയാണ്. മനുഷ്യന്‍ എങ്ങനെയെല്ലാമാണ് മുന്നേറേണ്ടതെന്ന് ഇത് വ്യക്തമാക്കിതരും. സകലവായന ഒരു പ്രലോഭനമാണ്. അത് പൂര്‍ണതയുടെ ഒരു സാങ്കല്പിക പ്രപഞ്ചമാണ്. അത് യഥാര്‍ത്ഥത്തിലുള്ളതുമാണ്. രചനകളില്‍ വിന്യസിക്കപ്പെട്ടിരിക്കയാണ്. എന്നാല്‍ ഒരു വ്യക്തിക്ക് അത് പൂര്‍ണമായി കീഴടക്കാനാവില്ല. അവന്‍റെ സമയോ അഭിരുചിയോ അതിനനുവദിക്കില്ല. അതുകൊണ്ട് വ്യക്തി ശകലവായനയിലേക്ക് ചുരുക്കപ്പെടാന്‍ നിര്‍ബന്ധിക്കപ്പെടുന്നു.

ശകലവായന എന്നാല്‍ ഒരു വ്യക്തിയുടെ പരിമിതമായ അഭിരുചിയും സമയവും ചേരുന്നതാണ്. ഒരാള്‍ തന്‍റെ ജീവിതകാലത്ത് അറിയുന്ന കലകളും കൃതികളും വളരെ കുറച്ചുമാത്രമാണ്. അതെല്ലാം ചേര്‍ന്നാല്‍ അയാളുടെ വായനയായി. അതുപക്ഷേ ശകലവായനയാണ്. അതിന് സമഗ്രതയില്ല. അതേ സാധ്യമാവുകയുള്ളൂ. ഇതിനെ അടിസ്ഥാനമാക്കിയാണ് ഒരാള്‍ വിമര്‍ശനത്തിന്‍റെ വായന സൃഷ്ടിക്കുന്നത്. പലയിടത്തുനിന്നും വായിച്ചത് കൂട്ടിച്ചേര്‍ക്കുന്നു. ചുവരെഴുത്തുകള്‍, നഗരനിര്‍മ്മാണ രീതികള്‍, പാട്ടുകള്‍, പരസ്യബോര്‍ഡുകള്‍ കലാശില്പങ്ങള്‍, യാത്രകള്‍ എല്ലാം ചേര്‍ന്നാണ് വിമര്‍ശകന്‍റെ വായന ഉണ്ടാകുന്നത്. ശകലവായനകള്‍ അയാളെ പരിമിതമായ ഒരു സകലവായനയിലെത്തിക്കുന്നു.

വിമര്‍ശകന്‍ പലയിടങ്ങളില്‍ നിന്ന് വായിക്കുന്നത്, ഒരു രചനയായിത്തീരുന്നു. അത് പലവിധത്തില്‍ തുടരുകയും ചെയ്യുന്നു. പല വിഷയങ്ങളും ആശയങ്ങളും അറിവുകളും വിമര്‍ശകരചനയില്‍ ഒരു ശരീരമായി രൂപാന്തരപ്പെടുന്നു. വിരുദ്ധമായ ആശയങ്ങള്‍പോലും വിമര്‍ശനത്തില്‍ ഉദ്ധരിക്കപ്പെടുകയോ ഉപയോഗിക്കപ്പെടുകയോ ചെയ്യുന്നതോടെ അത് വൈരുദ്ധ്യത്തിനതീതമായ രമ്യതയിലെത്തുന്നു. ഇതിന്‍റെ സംയുക്താനുഭവമാണ് വിമര്‍ശകന്‍റെ സകലവായന.

നുറുങ്ങുകളോ, പുസ്തകങ്ങളോ, ചെറുകവിതകളോ, ലേഖനങ്ങളോ വായിക്കുമ്പോള്‍ വിമര്‍ശകന്‍ അയാളുടെ ശകലവായനയാണ് ഉണ്ടാക്കുന്നത്. ഇത് അനുഭൂതിക്ക് ആവശ്യമായ തലത്തില്‍ സംയോജിപ്പിച്ച് വേറൊന്ന് ആലോചിക്കുകയാണ്. അതിന്‍റെ ഫലമായി സകലവായന ഉണ്ടാവുന്നു. ഇതാകട്ടെ വ്യക്തിപരമായ സകലവായനയാണ്. വിമര്‍ശകന്‍ ഒരേസമയം ശകലവായനയിലും സകലവായനയിലുമാണെന്ന് പറയാവുന്നതാണ്.

Leave a Comments

ആത്മാവിന്‍റെ വനാന്തരത്തില്‍ അറിയപ്പെടാത്ത ദൈവത്തിന്‍റെ അപാരപ്രസന്നത/ എം.കെ. ഹരികുമാര്‍ഏപ്രില്‍ അവസാനവാരം കണ്ണൂര്‍ യൂണിവേഴ്സിറ്റി പാലാത്തടം കാമ്പസില്‍ (നീലേശ്വരം) ശ്രീനാരായണഗുരുവിന്‍റെ ദര്‍ശനങ്ങളെ ആസ്പദമാക്കി ത്രിദിന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ശിവഗിരി മഠത്തിന്‍റെ സഹകരണത്തോടെയാണ് പരിപാടികള്‍ നടന്നത്. ഉദ്ഘാടനയോഗത്തില്‍തന്നെ മുഖ്യപ്രഭാഷണം ചെയ്യാന്‍ എനിക്ക് സന്ദര്‍ഭമൊത്തത് പ്രത്യേക ലക്ഷ്യത്തോടെയായിരുന്നുവെന്ന് മലയാളം വകുപ്പ് അദ്ധ്യക്ഷന്‍ ഡോ.എ.എം. കൃഷ്ണന്‍ എന്നോടു പറയുകയുണ്ടായി. "ശ്രീനാരായണായ" എന്ന ബൃഹത് നോവല്‍ എഴുതിയതാണ് ശ്രീധരന്‍ സാറിനെ പ്രകോപിതനാക്കിയത്. അദ്ദേഹം വ്യത്യസ്ത വായന പ്രതീക്ഷിക്കുന്നതായി വെളിപ്പെടുത്തി. കുട്ടികളും അദ്ധ്യാപകരുമടങ്ങുന്ന മുന്നൂറിലേറെ പേര്‍ പങ്കെടുത്ത ആ സമ്മേളനത്തില്‍ ഞാന്‍ എന്‍റെ വ്യത്യസ്തമായ ഗുരുവായന പങ്കുവച്ചു.

ഗുരുവിനു ഒരു മതമുണ്ടെന്നും അത് ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധമതങ്ങളൊന്നുമല്ലെന്നാണ് ഞാന്‍ സ്ഥാപിക്കാന്‍ ശ്രമിച്ചത്. ശ്രീനാരായണായയില്‍ ആ വഴിക്കുള്ള ശ്രമങ്ങളുണ്ട്. ഒരു സാമ്പ്രദായിക നോവലെഴുതാന്‍ ഇന്ന് പലര്‍ക്കും എളുപ്പമാണ്. ഒരു കഥ പറഞ്ഞുപോകുക എന്നതില്‍ കവിഞ്ഞൊന്നുമില്ല. എന്നാല്‍ 'ശ്രീനാരായണായ'യില്‍ ഗുരുവിന്‍റെ ഭൗതികജീവിതത്തിന്‍റെ ഒരു നിഴല്‍ മാത്രമേയുള്ളൂ. ബാക്കിയെല്ലാം ആന്തരികമായ യാത്രകളും മനനവേളകളുമാണ്. ഭൗതികമായി ഗുരു ചെയ്തതെല്ലാം കേരളം കണ്ടതാണ്. അരുവിപ്പുറത്ത് തുടങ്ങിയ പ്രതിഷ്ഠകളും സാമൂഹ്യനവീകരണ പ്രവര്‍ത്തനങ്ങളും ഉദ്ബോധനങ്ങളുമെല്ലാം ജീവചരിത്രകാരډാര്‍ വിവരിച്ചിട്ടുണ്ട്. ഗുരുവിന്‍റെ സഹായികളായിനിന്ന ധാരാളം പേരെക്കുറിച്ച് നമുക്കറിയാം. ഇതൊക്കെ പുറമേ നോക്കിയാല്‍ കാണുന്ന കാര്യങ്ങളാണ്. എന്നാല്‍ അദൃശ്യനായ വേറൊരു ഗുരു നിലനില്‍ക്കുന്നുണ്ട്. ഇതാണ് അദൃശ്യതയുടെ ഗുരു. എന്‍റെ നോവലില്‍ ഈ ഗുരുവിനെയാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഇത് കേരള ചരിത്രത്തിലേക്ക് നോക്കിയാല്‍ കാണുന്ന ഗുരുവല്ല. അന്തര്‍ഭാവങ്ങളുടെ ഗുരുവാണ്. സാംസ്കാരികമായും തത്ത്വചിന്താപരമായും ഗുരു എങ്ങനെ ആന്തരലോകത്ത് വിന്യസിക്കപ്പെട്ടു എന്നാണ് അന്വേഷിച്ചത്. ജീവചരിത്രം വച്ച് ഒരു നോവലെഴുതാന്‍ ഒരു സീരിയല്‍ നോവലിസ്റ്റിന്, അതായത് ആഴ്ചപ്പതിപ്പുകളില്‍ ഖണ്ഡശഃ നോവലെഴുതുന്ന ഏതൊരു റിയലിസ്റ്റ് എഴുത്തുകാരനും സാധിക്കും. അവര്‍ നോവലെഴുതാന്‍ തുടങ്ങുമ്പോഴേ അതിന്‍റെ അന്ത്യവും നിശ്ചയിച്ചിട്ടുണ്ടാകും. എന്‍റെ നോവലില്‍ എഴുതിത്തുടങ്ങിയശേഷമാണ് അതിന്‍റെ രൂപവും അന്ത്യവും ഉരുത്തിരിഞ്ഞത്. ശ്രീനാരായണായയില്‍ ആദിമദ്ധ്യാന്ത കഥയില്ല. അതിനുപിന്നില്‍ കഥപറയുന്ന ഒരു വ്യക്തി ഏകവചനത്തിലിരിക്കുന്നില്ല. എന്‍റെ നോവലിന് പതിനഞ്ച് രചയിതാക്കളുണ്ട്. പതിനഞ്ച് പേരുടെ രചനകളുടെ സമാഹാരം എന്ന നിലയിലാണ് നോവല്‍ രൂപപ്പെട്ടിരിക്കുന്നത്. ഈ നോവല്‍ ഇങ്ങനെയേ എനിക്ക് എഴുതാനൊക്കൂ. ഇത് റിയലിസ്റ്റിക്കല്ല. ഇതില്‍ ഒരാള്‍ പറയുന്ന സമ്പൂര്‍ണ കഥാ ഘടനയോ പ്രത്യക്ഷ തുടര്‍ച്ചയോ ഇല്ലെങ്കിലും ഇതില്‍ നിറയെ കഥകളാണ്. നുണകള്‍ പറഞ്ഞുകൊണ്ട് നേര് കണ്ടെത്തുന്ന കലാവിദ്യയാണ് പരീക്ഷിച്ചിരിക്കുന്നത്. ഗുരുവിന്‍റേത് ഒരു പ്രത്യേക മതമാണ്. അതാണ് ഞാന്‍ കണ്ണൂര്‍ യോഗത്തില്‍ പറഞ്ഞത്.അവിടെ കുട്ടികളോടായതുകൊണ്ട് എന്താണ് മായ, ആത്മാവ്, അദ്വൈതം, ദൈവചിന്ത, മതം, ജാതി എന്നെല്ലാം വളരെ ലളിതമായി വിശദീകരിച്ചു. നമ്മുടെ ജീവിത്തതില്‍ മായയുണ്ട്. ഇന്നലെകളിലെ നമ്മുടെ ഇഷ്ടം എവിടെയാണുള്ളത്? ഇന്നലെകളില്‍ നാം ശരിയെന്ന് പറഞ്ഞതൊക്കെ എവിടെയാണ്? ചുരുക്കത്തില്‍ ഇന്നലെകളിലെ ഞാന്‍ എന്ന വ്യക്തി ഒരു സങ്കല്പമാണ്; ഭാവനകലര്‍ത്തിയ സങ്കല്പം. അത് മായയാണ്. അങ്ങനെയാണ് ജീവിതം. ജീവിതത്തിന് ഇന്നലെകളില്ല. ജനിക്കുന്നതിനുമുമ്പുള്ള കാലമില്ല. മരണാനന്തര കാലവുമില്ല. മരിക്കുന്നതോടെ ജീവിതം മറ്റൊരു മായയാകുന്നു. ജീവിതം മറ്റാരുടേതോ ആണ്. കാരണം, നമ്മെ കാണുന്നവരാണ് നമ്മുടെ ജീവിതത്തെ സങ്കല്പിക്കുന്നത്. നമ്മളില്‍ അത് മിഥ്യയാണ്. ആത്മാവ് ഒരിക്കലും നശിക്കാത്ത, വേറെ എവിടെയോ ഉള്ള ഒരു വസ്തുവാണെങ്കില്‍, അതിനായി എന്തിനു ഉഴറണം? മറ്റുള്ളവരെ സ്നേഹിക്കാനാണ് ആത്മാവിന്‍റെ ആവശ്യം. തേജസ്സാര്‍ന്ന സഹവര്‍ത്തിത്വം മനസിലുണ്ടാകുമ്പോഴാണ് ആത്മാവ് യാഥാര്‍ത്ഥ്യമാകുന്നത്. ആത്മാവ് മറ്റുള്ളവരോട് സമരസപ്പെടാനുള്ളതാണ്. ഇതാണ് ഗുരു പറഞ്ഞ ആത്മാവ്. ഗുരു അത് പറഞ്ഞ ഭാഷ വേറൊരു രീതിയിലാണെന്ന് മാത്രം.

ഗുരുവിന്‍റെ ജാതി മനുഷ്യത്വമാണ്; അതായത് ക്രൂരതചെയ്തുകൊണ്ടിരിക്കും. അതുകൊണ്ട് ദൈവത്തെ അപകീര്‍ത്തിപ്പെടുത്തരുത്. നമ്മുടെ ദൈവങ്ങള്‍ നല്ലതാകട്ടെ. അതിനു നമ്മളും നല്ലതാകണം. മനസില്‍ വരുന്ന ദുഷ്ടചിന്തകളെ ദൂരീകരിക്കുന്നതാണ് ദൈവികതയിലേക്കുള്ള ആദ്യപടി. അതിലൂടെ സ്വയം ശുദ്ധിനേടാനുള്ള പരീക്ഷണത്തിലേര്‍പ്പെടാം. നിരന്തരം ശുദ്ധീകരിക്കുമ്പോള്‍, ആത്മതാപവും ആത്മവിമര്‍ശനവുമുണ്ടാകും. ഇതിലൂടെ അവനവന്‍റെ ദൈവികത സാവധാനം തെളിഞ്ഞുവരും.

ദൈവം ഇവിടെ മൂര്‍ത്തിയല്ല. അത് ദൈവികതയുടെ ഭാവത്തിന്‍റെ പ്രത്യക്ഷതയാണ്. ഒരു പൂവ് വിരിഞ്ഞ് നില്‍ക്കുന്നത് കണ്ടാല്‍ കോപം വരുന്നില്ലെങ്കില്‍ അത് ദൈവികതയാണ്. അത് ദൈവഭാവത്തിന്‍റെ പ്രത്യക്ഷതയാണ്. ഇങ്ങനെ മനസ് ശുദ്ധീകരിച്ച് ദൈവഭാവത്തിന്‍റെ പ്രത്യക്ഷപ്രസന്നതയില്‍ സ്വയം തിരിച്ചറിയപ്പെടാന്‍ കഴിയുമ്പോള്‍ നമ്മിലേക്ക് സംസ്കാരം കടന്നുവരുന്നു. ഉന്നതമായതെന്തോ നാം അറിഞ്ഞുതുടങ്ങുന്നു. ആത്മാവിന്‍റെ വനാന്തരത്തില്‍ ഒരു ദീപം തെളിയുകയാണ്. ഏതോ ഒരില ഒരു വലിയ പാറയില്‍വച്ച്, അതിനെ നനച്ച് ഒരു തിരി തെളിക്കുമ്പോള്‍, അറിയത്തക്കതല്ലാത്ത ദൈവികതയുടെ ആപാരമായ പ്രസാദത്തിലേക്കും പ്രശാന്തിയിലേക്കും നാം എത്തുകയാണ്.

ആൽബം

വാന്‍ഗോഗ് അനുഭവവും സ്യുഡോ റിയലിസവും/ എം.കെ. ഹരികുമാര്‍
ഒരു കലാകാരനെന്ന നിലയിലുള്ള നിയോഗം ഏറ്റെടുക്കുക പ്രയാസമാണ്. ഒരെഴുത്തുകാരന്‍റെ ജീവിതത്തില്‍ ഇത് എപ്പോഴും പ്രാവര്‍ത്തികമാകില്ല. കാരണം എഴുത്തുകാരുടെ പ്രൊഫഷണല്‍ ജീവിതം ഒരു കെണിയാവുകയും ആവശ്യമുള്ളതൊന്നും എഴുതാന്‍ കഴിയാതാവുകയും ചെയ്യാറുണ്ട്. ഒരാള്‍ നിലനില്‍ക്കുന്ന പ്രത്യേക കൂട്ടത്തിനും അതിന്‍റെ സദാചാരപരമായ സംവാദ ഒത്തുതീര്‍പ്പുകള്‍ക്കും ഇടയില്‍ സജീവമായതെന്തോ, ആത്മീയമായി സ്വതന്ത്രവും ആത്മവിശ്വാസപരമായി ധീരമായതെന്തോ നഷ്ടപ്പെടുത്തി കളയുകയാണ് ചെയ്യുന്നത്. അവനവന്‍റെ ശബ്ദം എന്ന ഒരു നിലീനസൗന്ദര്യമുണ്ട്.

ഒരിക്കല്‍പ്പോലും ആ വഴിക്ക് സഞ്ചരിക്കാത്തവരുണ്ട്. വ്യക്തിപരമായി ഒരു സൃഷ്ടികര്‍ത്താവാകുക എന്ന നിലയിലേക്ക് വളരാതെ, കാലികവിഷയങ്ങളില്‍ പ്രതികരിക്കുക എന്ന ഉത്തരവാദിത്തം മാത്രം ഏറ്റെടുത്ത് സംഘടനകളുടെയും മാധ്യമങ്ങളുടെയും താത്കാലിക ലക്ഷ്യങ്ങളെ നിറവേറ്റി കൊടുക്കുന്നവരുടെ കൂടെ സഞ്ചരിക്കാന്‍ എന്തുകൊണ്ടോ പ്രയാസമാണ്. സ്വകാര്യവും ധിഷണാപരവുമായ ഉദ്യമങ്ങളിലേക്ക് വ്യക്തി എന്ന നിലയില്‍ സര്‍ഗാത്മകമായി സഞ്ചരിക്കാന്‍ തടസ്സം നില്‍ക്കുന്നതെല്ലാം തിډയാണ്. ആ നിലയ്ക്കാണ് എന്‍റെ സാഹിത്യവിമര്‍ശനത്തെയും നോവല്‍ രചനയെയും കാണേണ്ടത്. വളരെ സൂക്ഷ്മവും ദര്‍ശനപരമായി വേറിടുന്നതുമായ അനുഭവങ്ങളിലേക്ക് എല്ലാ വേലികളെയും മറികടന്ന് പോകുമ്പോഴാണ് രചന അര്‍ത്ഥവത്താകുന്നത്. എന്‍റെ 'വാന്‍ഗോഗിന്' എന്ന നോവല്‍ ഇങ്ങനെയുണ്ടായതാണ്.

വാന്‍ഗോഗ് നല്ലൊരു വായനക്കാരനും ഗദ്യകാരനുമായിരുന്നു. ചിത്രകാരന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്‍റെ ബൃഹത്തായ കഴിവുകള്‍ ഒരു കാഴ്ചപ്പാടിലൂടെ വേണം നോക്കിക്കാണാന്‍. ഡെലക്രോയിക്സ്, മില്ലറ്റ് തുടങ്ങിയ ചിത്രകാരന്മാരോട് ആദരവ് കാണിച്ച വാന്‍ഗോഗ് തന്‍റെ ഇടം വേറെയാണെന്ന് കണ്ടെത്തുകയായിരുന്നു. ഒരു മുഴുവന്‍ സമയ അന്വേഷകനും ചിന്തകനുമാകുകയായിരുന്നു. വാന്‍ഗോഗ് ജീവിതത്തെ അറിയാന്‍ ദരിദ്രരോടൊത്ത് ജീവിച്ചു. ചെറിയ വീടുകളിലെ അസംതൃപ്തമായ ജീവിതം നേരിട്ടുകണ്ട് ഗ്രാമങ്ങളിലെ കാഴ്ചപ്പാടുകള്‍ എന്താണെന്ന് മനസിലാക്കി. പക്ഷെ, വെറുതെ വരച്ചതുകൊണ്ടായില്ല, എന്താണ് വരയ്ക്കുന്നതെന്ന് തിരിച്ചറിയണം.

ഈ വാക്യങ്ങള്‍ നോക്കൂ: "സഹനത്തോടും മരണത്തോടുമുള്ള അഗാധമായ അര്‍പ്പണത്തിലൂടെയാണ് ഒരാള്‍ ആത്മവിശ്വാസത്തിലധിഷ്ഠിതമായ സുഖം പ്രാപിക്കലിനു തയ്യാറാകേണ്ടത്. ഉള്ളില്‍നിന്ന് സ്വയം രൂപപ്പെടുത്തേണ്ടതാണിത്." വരയ്ക്കാതെ ജീവിക്കുന്നത്, വാന്‍ഗോഗിനു ആനന്ദം നല്‍കുകയില്ല. പകരം വരകള്‍കൊണ്ട് ഒരു സമാന്തരലോകം സൃഷ്ടിക്കുകയാണ് ചെയ്തത്. ഒരു ചിത്രകാരന്‍ എന്താണ് വരയ്ക്കേണ്ടതെന്ന് പറഞ്ഞുകൊടുക്കാന്‍ വാന്‍ഗോഗ് അയാളോടൊപ്പം യാത്ര ചെയ്ത് മുപ്പത് ചിത്രങ്ങള്‍ക്കുള്ള വിഷയങ്ങള്‍ കാണിച്ചുകൊടുത്തു. ദൗര്‍ഭാഗ്യങ്ങള്‍ ചിലപ്പോഴെങ്കിലും നല്ലതാണെന്ന ഒരു വാദം വാന്‍ഗോഗില്‍നിന്നുണ്ടായി. ഇരുണ്ടതും നികൃഷ്ടവുമായ ജീവിതാന്തര്‍ഭാഗങ്ങളിലേക്ക് നീങ്ങുന്നത് ഒട്ടും പ്രതീക്ഷിക്കാനിടയില്ലാത്ത ഫലം കൊണ്ടുവന്നുതരും.

വാന്‍ഗോഗ് എപ്പോഴും ആത്മസംഘര്‍ഷങ്ങളെയാണ് നേരിട്ടുകൊണ്ടിരുന്നത്. തന്‍റെ മുന്‍പുണ്ടായിരുന്ന റാഫേലൈറ്റുകളെയും സമകാലീനരെയും സ്വാധീനവലയത്തില്‍ നിന്ന് ഒഴിവാക്കുന്നതിന് അദ്ദേഹം കണ്ടുപിടിച്ച ഉപായം പ്രകൃതിയെ നിരീക്ഷിക്കുക എന്നതു മാത്രമായിരുന്നു. ഇതിനായി ഡെലക്രോയിക്സിനെ ഉദാഹരിക്കുന്നു. 'ഗെഥ്സെമേന്‍' എന്ന ചിത്രം വരയ്ക്കാന്‍ അദ്ദേഹം അവിടെപ്പോയി ഒലിവുമരങ്ങള്‍ നില്‍ക്കുന്നതെങ്ങനെയാണെന്ന് പരിശോധിക്കാന്‍ താത്പര്യം കാണിച്ചു. ആ മരങ്ങളില്‍നിന്ന് ഒരു തുടക്കം കിട്ടുകതന്നെചെയ്തു. വാന്‍ഗോഗും ഈ മാര്‍ഗമാണ് സ്വീകരിച്ചത്. ഖനിതൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ വരച്ച ചിത്രങ്ങള്‍ അത് വ്യക്തമാക്കുന്നു. ഉറങ്ങുന്ന തൊഴിലാളിയെ ഓര്‍ക്കുക. വാന്‍ഗോഗ് വരച്ച സൈപ്രസ് മരങ്ങളും ഗോതമ്പുപാടവും പ്രകൃതിയുടെ നിറങ്ങള്‍കൊണ്ട് കലാവിഷ്കാരം തേടുകയാണ്. മനുഷ്യചിന്തയെ പ്രകൃതിയിലേക്ക് സംക്രമിപ്പിച്ച ചിത്രകാരനാണ് അദ്ദേഹം. തന്‍റെ വിഭ്രാമകമായ അസ്തിത്വ പ്രതിസന്ധികള്‍ എവിടെ നോക്കിയാലും തെളിഞ്ഞുവരുമായിരുന്നു.

കലങ്ങിമറിയുകയായിരുന്നു ആ മനസ്. ഒന്നും നേരെയാക്കാന്‍ കഴിയാത്തതുകൊണ്ട് ഹതാശനായി കാന്‍വാസിലേക്ക് തിരിയുകയായിരുന്നു. കാന്‍വാസ് പുതുലോകവും പുതുജീവിതവും നല്‍കി. എന്നാല്‍ ആ സന്തോഷം നീണ്ടുനില്‍ക്കില്ല. വര പൂര്‍ത്തിയാകുന്നതോടെ അതുമായി ബന്ധപ്പെട്ട എല്ലാ പ്രതീക്ഷകളും മിഥ്യ എന്നപോലെ മനസില്‍ നിന്നിറങ്ങിപ്പോകും. ഭാവനകൊണ്ട് ജീവിക്കാന്‍ മോഹിച്ച വാന്‍ഗോഗ് അതുകൊണ്ടുതന്നെ മുറിവേറ്റവനായി. ഒന്നിലും സ്ഥിരമായ ഒരസ്തിത്വമില്ല എന്ന ദുഃഖമാണ് അദ്ദേഹത്തെ വേട്ടയാടിയത്. എപ്പോഴും അസ്ഥിരപ്പെടുത്തുന്നതെന്താണോ, അതില്‍ നിന്ന് വിടുതല്‍ നേടാനാണ് വരയ്ക്കുന്നത്. അതാകട്ടെ, പിന്നീട് മറ്റൊന്നിന് പ്രേരണയാവുകയാണ്.

നിറങ്ങള്‍ നല്‍കുന്ന ആശ്വാസം ചെറുതല്ല. നിറത്തിനു അതിന്‍റെ തന്നെ സ്ഥിരതയുണ്ട്. എന്നാല്‍ സാധാരണ നിറങ്ങള്‍ എവിടെയാണുള്ളത്? ഒരു നിറവും അതിന്‍റെ ക്ലാസിക്കല്‍ ഐഡന്‍റിറ്റിയില്‍ ചിത്രകാരന് ആവശ്യമില്ല. നിറങ്ങളെക്കുറിച്ചുള്ള സങ്കല്പങ്ങളും പ്രകൃതിയിലെ നിറവൈവിധ്യവും ഒരാള്‍ തന്‍റെ സര്‍ഗാത്മകമായ കര്‍ത്തൃത്വത്തിനു അനുഗുണമായവിധം അഴിച്ചു പണിയേണ്ടതുണ്ട്. സ്വാഭാവിക നിറങ്ങളില്‍ നിന്നുള്ള വളര്‍ച്ചയാണത് വ്യക്തമാക്കുന്നത്. ഒരാള്‍ ഒന്നും വിശേഷിച്ച് ചെയ്തില്ലെങ്കിലും നിറം അതിന്‍റെ സഹജമായ സംസ്കാരത്തില്‍ ചിലതെല്ലാം ധ്വനിപ്പിക്കുന്നു.

നിറങ്ങളില്‍നിന്ന് നിപതിച്ച്, ആത്മാവിന്‍റെ നഗ്നതയില്‍ ആലംബമറ്റ് വീണ ഒരു കലാകാരന്‍റെ ഏറ്റവും നിഗൂഢമായ സ്വകാര്യജീവിതമാണ് 'വാന്‍ഗോഗിന്' എന്ന നോവിലിലൂടെ ഞാന്‍ പറയാന്‍ ശ്രമിച്ചത്. വാന്‍ഗോഗിന്‍റെ മരണശേഷം, മൂന്നുദിവസത്തിനുള്ളില്‍ പത്രങ്ങളില്‍ ആ മരണത്തെക്കുറിച്ച് വന്ന വ്യത്യസ്ത സ്വഭാവങ്ങളുള്ള ഏതാനും റിപ്പോര്‍ട്ടുകളാണ് ഈ നോവലിന്‍റെ രൂപം. യഥാര്‍ത്ഥത്തില്‍ വാന്‍ഗോഗ് എഴുതിയ കത്തുകളല്ല, ചില വിഷമഘട്ടങ്ങളില്‍ അദ്ദേഹം എഴുതിയേക്കാവുന്ന കത്തുകള്‍ എങ്ങനെയായിരിക്കും എന്നാണ് ഞാന്‍ ആലോചിച്ചത്. ഹൂര്‍ണി എന്ന ഗര്‍ഭിണിയായ വേശ്യയെ കല്യാണം കഴിച്ച് കൂടെ താമസിച്ചിരുന്നല്ലോ. അതിനുശേഷം വാന്‍ഗോഗ് തന്‍റെ പില്‍ക്കാല അലച്ചിലുകളെക്കുറിച്ച് ഹൂര്‍ണിയുമായി സംവദിച്ചിരുന്നില്ലെന്ന് പറയുന്നവരുണ്ടാകാം.

പക്ഷേ, ഒരു സാധ്യത നിലനില്‍ക്കുന്നു.
വാന്‍ഗോഗിന് ചെവി നഷ്ടമായ സംഭവം ഇന്ന് ഒരു മിത്താണ്. പല നിഗമനങ്ങള്‍ കണ്ടു. എന്‍റെ നോവലില്‍ ആ ചെവി മുറിച്ചത് സുഹൃത്ത് ഗോഗിന്‍ ആണെന്ന് വിവരിക്കുന്നു. കാരണം ആ സംഭവത്തോടെ അവര്‍ അകലുകയാണ്. ഒരു കാര്യം താന്‍ ആരോടും പറയാതെ സൂക്ഷിക്കുകയാണെന്ന് വാന്‍ഗോഗ് സുഹൃത്തിനെഴുതിയിട്ടുണ്ട്. ഇവിടെയെല്ലാം മൗനങ്ങളാണ് നിറയുന്നത്. റേച്ചല്‍ എന്ന യുവതി അവരുടെ അയല്‍ക്കാരിയായിരുന്നു. റേച്ചല്‍ ഒരു പ്രണയവസ്തുവായി മാറാതിരിക്കുമോ? ലൈംഗികമോഹമോ ലൈംഗികശേഷിക്കുറവോ ഒന്നുമല്ല, മോഡിലിംഗിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍പോലും കലഹത്തിനുള്ള തീപ്പൊരിയാണ്. വാള്‍പ്പയറ്റില്‍ കഴിവുണ്ടായിരുന്ന ഗോഗിനു ഒരു വീശലില്‍ വാന്‍ഗോഗിന്‍റെ ചെവിയരഞ്ഞുകളയാനാവും, അബദ്ധത്തില്‍പ്പറ്റിയ ഒരു ചുവടുവയ്പിലാണെങ്കില്‍പ്പോലും.

കലാകാരനാവുന്നവര്‍ വാന്‍ഗോഗിനെ അറിയുന്നത് നല്ലതാണ്. മറ്റെന്തിനേക്കാളും വലിയ സ്ഥാനം അതിനു നല്‍കിയാലേ പ്രസക്തിയുള്ളൂ. കലയും കലാകാരനും ദൈവപദത്തിലേക്ക് ഉയരുന്നത് അവിടെയാണ്. വാന്‍ഗോഗിന് എന്ന നോവല്‍ എന്‍റെ 'ശ്രീനാരായണായ', 'ജലഛായ' എന്നീ നോവലുകളെപ്പോലെ രൂപത്തില്‍ ഒരു പരീക്ഷണമാണ്; നവനോവല്‍ പ്രസ്ഥാനത്തിന്‍റെ മുഹൂര്‍ത്തമാണ്. സ്യുഡോ റിയലിസം എന്ന പ്രസ്ഥാനത്തിന്‍റെ ഉദയമാണിത്.

വിമര്‍ശകന്‍റെ വ്യാമിശ്രമായ ഏതോ അന്തരംഗ സമുദ്രങ്ങള്‍/എം കെ ഹരികുമാർപരമ്പരാഗതമായ ധാരണയനുസരിച്ച്, ഒരാള്‍ വിമര്‍ശനമെഴുതുന്നത് ഏതെങ്കിലും കൃതിയെ വിശദീകരിക്കാനാണ്. ഒന്നു വ്യാഖ്യാനിച്ച് കുറേക്കൂടി സ്പഷ്ടത വരുത്തിക്കൊടുക്കുക. എഴുത്തുകാരന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് പറയാനാണ് പൊതുവേ അക്കാദമിക് വിമര്‍ശകരൊക്കെ ശ്രമിച്ചിട്ടുള്ളത്. ഒരു ഇടനിലക്കാരന്‍റെ റോളാണത്. ഇത് അദ്ധ്യാപനത്തിന്‍റെ ഭാഗമായി ഇവിടെ പ്രബലപ്പെട്ടുവന്ന ഒരു സംസ്കാരമാണ്. ക്ലാസില്‍ പഠിപ്പിക്കുന്നതിനുവേണ്ടി അദ്ധ്യാപകര്‍ക്ക് പാഠഭാഗങ്ങളുടെ അര്‍ത്ഥം വിശദീകരിക്കേണ്ടിവരും. പാണ്ഡിത്യത്തിന്‍റെ പശ്ചാത്തലത്തില്‍ വാദങ്ങള്‍ തെളിയിക്കാന്‍ ഉദ്ധരണികളും ഉണ്ടാകും. ഇത് എഴുത്തുകാരനെ കണ്ടെത്തുക എന്ന പ്രക്രിയയാണ്. വ്യാഖ്യാനശാസ്ത്രം എന്ന ശാഖതന്നെ ഇങ്ങനെ വികസിച്ചിട്ടുണ്ട്. ഈ വഴിയാണ് ശരിയെന്ന് വിചാരിക്കുന്ന എഴുത്തുകാരുണ്ട്. അവര്‍ വിമര്‍ശകരില്‍നിന്ന് പ്രതീക്ഷിക്കുന്നത് ഈവിധത്തിലുള്ള ചര്‍ച്ചയാണ്. സാഹിത്യകൃതിയെ ചുറ്റിപ്പറ്റിയുള്ള ഒരു വ്യാഖ്യാനാത്മക ചര്‍ച്ചയാണ് വിര്‍ശനമായി പലരും കരുതുന്നത്. എന്നാല്‍ വിമര്‍ശനത്തിനു മറ്റൊരു മാനമുണ്ട്. അതില്‍ ഒരു വായനക്കാരന്‍റെ സ്വകാര്യചിന്തയുടെ പ്രസക്തി കാണേണ്ടതുണ്ട്. മനുഷ്യവ്യക്തി എന്ന നിലയിലാണ് വായനക്കാരന്‍ നില്‍ക്കുന്നത്. അയാള്‍ക്ക് വിചാര വികാരങ്ങളുണ്ട്. അയാള്‍ ആരുടെയും അടിമയല്ല. സ്വകാര്യനിമിഷങ്ങളില്‍ സാഹിത്യത്തിന്‍റെ പ്രലോഭനത്തെ നേരിടുന്ന അയാള്‍, അതില്‍നിന്ന് രക്ഷനേടാന്‍ വായനയിലേക്കുതന്നെ തിരിച്ചുപോകും. പരപ്രേരണയില്ലാതെ സാഹിതീയമായ ചിന്തകളുടെ ഒഴുക്കില്‍പ്പെടുന്നതുകൊണ്ട്, വായനക്കാരനുണ്ടാവുന്ന അറിവുകള്‍ വ്യക്തിപരമായ ദര്‍ശനമാണ്. വായനക്കാരനും സര്‍ഗാത്മക ലോകമുണ്ട്. അത് ഭാവനയുടെ തട്ടകമാണ്. അവിടേക്ക് അയാള്‍ കൃതികളെ കൊണ്ടുവരുകയാണ്.

വായനക്കാരന്‍റെ സ്വകാര്യഭാവനയിലാണല്ലോ അയാള്‍ കഥാപാത്രങ്ങളെ വിന്യസിക്കുന്നത്. എഴുത്തുകാരന്‍ കണ്ട സാഹചര്യം എത്ര വിശദമായി വാക്കുകളിലൂടെ പകര്‍ന്നുകിട്ടിയാലും, അതിനു വായനക്കാരന്‍ ചില തൊങ്ങലുകള്‍ വച്ചുപിടിപ്പിക്കും. തന്‍റെ സൗന്ദര്യബോധത്തിന്‍റെ അടിസ്ഥാനത്തിലാണ് അയാള്‍ ജീവിക്കുന്നത്.

എന്‍റെ 'ആത്മായനങ്ങളുടെ ഖസാക്ക്' (1984) എന്ന കൃതിയുടെ പശ്ചാത്തലം ഇതാണെന്ന് പറയട്ടെ. എന്‍റെ സാഹിതീയമായ വ്യാമോഹങ്ങളുടെയും ആന്തരികമായ ഉന്മാദങ്ങളുടെയും ആകെത്തുകയായി അത് ആവിഷ്കരിക്കപ്പെട്ടതാണ്. ഏത് കാലത്തും കലാകാരന് ഒരു ഇംപ്രഷണസ്റ്റിക് തലമുണ്ട്. തന്‍റെ മനസിലുള്ളത് പകര്‍ത്തുക എന്നു പറഞ്ഞാല്‍ ലഘുവായിപ്പോകും. മനസിലേല്‍പ്പിച്ച വികാരങ്ങളോട് സത്യസന്ധനാവാന്‍ അയാള്‍ വിധിക്കപ്പെടുകയാണ്. ഇവിടെ വായന മാത്രമല്ല ഉള്ളത്. \'ഖസാക്കിന്‍റെ ഇതിഹാസ\'ത്തെക്കുറിച്ച് എഴുതിയതിനപ്പറും, അതില്‍ ആ നോവലിലുപരി എന്നെ മാനസികമായി പിന്തുടര്‍ന്ന അനേകം ഉന്മാദങ്ങളും ഭയവിഹ്വലതകളുമുണ്ട്. അത് വരികള്‍ക്കൊപ്പം നില്‍ക്കുകയാണ്. ഭാഷയിലേക്ക് അതു വരുന്നത് പൂര്‍വ്വകാലത്തിന്‍റെ ഏതോ അറ ഭേദിച്ചാണ്. ഭാഷ ഒരേസമയം നമ്മെ കാലികമാക്കുന്നതോടൊപ്പം ഭൂതകാലത്തിലേക്കും ബന്ധിപ്പിക്കും. സ്വയം ആരാണ് എന്ന് ചോദിക്കുന്നതുപോലെയാണ് ഭാഷ നമ്മുടെ അബോധത്തെ ചിട്ടപ്പെടുത്തുന്നത്.

\"പ്രാകൃതവര്‍ഗാധിഷ്ഠിതജീവിതത്തില്‍, ദൈവത്തിന്‍റെ സംജ്ഞ (idea) പൊന്തിവന്നത് മൃതദേഹങ്ങളെ ചുറ്റിപ്പറ്റിയുള്ള അനുസ്മരണങ്ങളില്‍ നിന്നായിരുന്നുവെന്ന് ഗ്രാന്‍റ് അല്ലന്‍ എഴുതുന്നു. ഖസാക്കിലും, ഏതോ പ്രാക്തന ജീവിതത്തിന്‍റെ സാന്നിദ്ധ്യമുണ്ട്. മൃതമായ ദിവ്യശരീരത്തിന്‍റെ ആയുസ്സ് ഓര്‍മ്മകളിലൂടെ അലയുന്നു. അതിന്‍റെ ലഹരിയില്‍ ഖസാക്കിലെ മണല്‍ത്തരിപോലും ആശിസ്സുകളെ നേരിടുകയാണ്. വാക്കുകള്‍ തോടുപൊട്ടിച്ച് കടന്നുവരുന്നു. വാക്കുകള്‍ക്കും മാന്ത്രികതയുണ്ട്. മൗനങ്ങള്‍ ശരീരങ്ങള്‍ക്കപ്പുറത്തുള്ള കാലത്തിലേക്ക് പെറ്റുവീഴുന്നു. അവ ശരീരത്തിലൂടെയാണ് കാലത്തെ അതിജീവിക്കുന്നത്. അതിന്‍റെ സഭ്യതയില്‍ ഖസാക്കിനു സുരതത്തിന്‍റെ പൂര്‍ണതയുണ്ട്." കേവലം വിദ്യാര്‍ത്ഥിയായിരുന്ന ഞാന്‍ എഴുതിയ 'ആത്മായനങ്ങളുടെ ഖസാക്കി'ല്‍ നിന്നുള്ള ഉദ്ധരണിയാണിത്. ഈ ഭാഷ ഒരു വിമര്‍ശകനില്‍ നിന്ന് വരാന്‍ പാടില്ലാത്തതാണ്. കാരണം നമ്മുടെ ഭാഷയിലെ വിമര്‍ശനം എന്നത് കാര്യകാരണങ്ങളും എഴുത്തുകാരന്‍ ഉദ്ദേശിച്ചതിനെക്കുറിച്ചുള്ള വ്യാഖ്യാനവും ചേര്‍ന്ന രചനയാണ്. അവിടെ എഴുതുന്നയാളിനു മനസ് ഉണ്ടാകാന്‍ പാടില്ല. കവിക്ക് മനസ് ആകാം. വിമര്‍ശകന് യുക്തിയും അപഗ്രഥനവും മാത്രമേ പാടുള്ളൂ; ഭാവനയോ കലയോ നിഷിദ്ധമാണ്. സൗന്ദര്യാനുഭവം യുക്തിയെ മറികടന്ന് എങ്ങോട്ടോ സഞ്ചരിക്കുകയാണ്. എഴുതുന്നയാളിനെക്കുറിച്ചോ, നോവലിനെക്കുറിച്ചോ ഉള്ള ഒരു വ്യാഖ്യാനമല്ലിത്. ഏതോ വ്യാമിശ്രമായ അന്തരംഗ സമുദ്രങ്ങള്‍ പ്രവഹിക്കുകയാണ്. യുക്തികൊണ്ട് പറയാന്‍ പറ്റാത്ത മൗനത്തെക്കുറിച്ചും ശരീരത്തെക്കുറിച്ചുമാണ് എഴുതിയിരിക്കുന്നത്. വ്യാഖ്യാനിക്കാന്‍ പറ്റാത്ത ഗാഢമായ അനുഭവത്തിലെത്തുമ്പോഴാണ് കലയുടെ ഉന്നതതലത്തിലെത്തുന്നത്. വിമര്‍ശനത്തില്‍ കലാപരമായ ആഴങ്ങളുണ്ടാകുന്നത്, ഒരു വായനക്കാരനെന്ന നിലയിലും മനുഷ്യജീവി എന്ന നിലയിലും ഒരാള്‍ക്ക് അഗാധമായ മനനവും അതീന്ദ്രിയമായ കാഴ്ചകളും ഉണ്ടാകുമ്പോഴാണ്. നമ്മെ അജ്ഞാതമായ പ്രചോദനങ്ങള്‍ക്ക് വിട്ടുകൊടുക്കേണ്ടതുണ്ട്. പൂര്‍ണമായും വ്യക്തിയുടെ നിയന്ത്രണത്തിലുള്ളതെന്ന് നാം വിചാരിക്കുന്ന ലോകമാണ് വിമര്‍ശനത്തില്‍ കണ്ടുവരുന്നത്. അങ്ങനെയല്ല എന്ന് തെളിയിക്കാന്‍ ക്രൂരമായ, അതിമാനുഷമായ നിഷ്കളങ്കത അനിവാര്യമാണ്. ആത്മായനങ്ങളുടെ ഖസാക്കി'ല്‍ ഈ തരത്തിലുള്ള നിഷ്കളങ്കതയെയാണ് ചിത്രീകരിക്കുന്നത്. അത് ഒരു വിമര്‍ശകന്‍റെ സാങ്കല്പികകൃതി എന്ന സ്വപ്നത്തെയാണ് സാക്ഷാത്കരിക്കുന്നത്. ആ ഭാഷ കേവലയുക്തിയുടെ ശാഠ്യങ്ങളോട് മുഖം തിരിച്ചുനില്‍ക്കുകയും വിമര്‍ശകവ്യക്തിയുടെ ആന്തരിക മൗനങ്ങളെ കലാപരമാക്കുകയും ചെയ്യുകയാണ്. അസ്തിത്വത്തിന്‍റെ അറിയത്തതല്ലാത്ത കണങ്ങളിലേക്ക് തിരിയുന്നതോടെ യഥാര്‍ത്ഥ എഴുത്തുകാരന്‍ സ്വപ്നത്തിന്‍റെയും യാഥാര്‍ത്ഥ്യത്തിന്‍റെയും ദല്ലാള്‍ അല്ലാതാവുകയും നിരുപാധികമായ അലച്ചിലിനു വിധേയനാവുകയും ചെയ്യുകയാണ്. ഭൗതികജീവിതത്തിനു പൂരിപ്പിക്കാന്‍ കഴിയാത്ത ചില നിമിഷങ്ങള്‍ രൂപപ്പെടുകയാണ്.


വായനക്കാരെ ബലിയാടാക്കരുത്/എം കെ ഹരികുമാർ


സ്റ്റാറ്റസ് കോ നിലനിറുത്തി മാത്രം എഴുതുന്നവരുണ്ട്. സ്റ്റാറ്റസ് കോ എന്ന് പറഞ്ഞാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ തുടരുന്നപോലെ എന്നാണര്‍ത്ഥം. താനായിട്ട് ഒരു ചിന്തയോ മാറ്റമോ ഒന്നും കൊണ്ടുവരണ്ട. ഇപ്പോള്‍ എങ്ങനെയാണോ അങ്ങനെതന്നെ തുടര്‍ന്നാല്‍ മതി. ആരും ശല്യത്തിനു വരുകയില്ല. പുസ്തകങ്ങള്‍ വില്‍ക്കാന്‍ തടസ്സമുണ്ടാകുകയില്ല. സ്റ്റാറ്റസ് കോ പാലിച്ചാല്‍ ബെസ്റ്റ് സെല്ലര്‍ വരെയുണ്ടാകും. എന്നാല്‍ എല്ലാവരും ഇങ്ങനെയല്ല ചിന്തിക്കുന്നത്. സാഹിത്യകാരന്‍ ഒരു സ്രഷ്ടാവാണ്. എന്തെങ്കിലും പുതുതായി സൃഷ്ടിക്കണം. അതിനായി വേദനിക്കണം. അത് ഒരു ധീരമായ കാല്‍വയ്പാണ്. ഭൂരിപക്ഷത്തെ, ചിലപ്പോള്‍, വേദനിപ്പിക്കേണ്ടിവരും. അത് എഴുത്തുകാരന്‍റെ നിയോഗമാണ്. അവനുമാത്രമേ കലയിലൂടെ നിലവിലുള്ള രീതികളെ മാറ്റിമറിക്കാനാവൂ; ചോദ്യം ചെയ്യാനാകൂ. ഒരു നടനോ പാട്ടുകാരനോ, സാമൂഹിക ആചാരങ്ങളെയോ വിശ്വാസങ്ങളെയോ ചോദ്യം ചെയ്യുന്നില്ല. എഴുത്തുകാരന്‍ തന്‍റെ കഴുത്ത് നീട്ടിക്കൊണ്ടായിരിക്കും ഇതൊക്കെ ചെയ്യുക. പറയുന്നത് സത്യമാണെങ്കില്‍ അത് ചെയ്യാന്‍ സന്തോഷമായിരിക്കും.

നല്ലപോലെ പഠിച്ചിട്ടുള്ളവര്‍ അത് പുറത്ത് പറയാന്‍ തയ്യാറാകും. ടോള്‍സ്റ്റോയി ക്രിസ്തുവില്‍ വിശ്വസിച്ചു. എന്നാല്‍ റഷ്യന്‍ സഭയോട് അദ്ദേഹം പൊരുത്തപ്പെട്ടില്ല. പള്ളികളിലെ യേശുവിനേക്കാള്‍ സത്യമായ ഒരു യേശു തന്‍റെ മനസിലുണ്ടെന്ന് ടോള്‍സ്റ്റോയി പറഞ്ഞു. ക്രിസ്തീയസഭകള്‍ ടോള്‍സ്റ്റോയിയെ ബഹിഷ്കരിക്കുകയും അനാദരിക്കുകയും ചെയ്തു. ഉന്നതമായ ധിഷണയുണ്ടായിരുന്ന അദ്ദേഹം തന്‍റെ സര്‍ഗാത്മക ഭാരത്തോടൊപ്പം സമൂഹത്തിലുള്ള വിശ്വാസപ്രമാണിമാരുടെ വെറുപ്പിന്‍റെ ഭാരവും ചുമന്നു. വയസ്സായപ്പോള്‍, അത് താങ്ങാവുന്നതിലേറെയായിരുന്നു. മനസിലെ വ്യസനത്തിനു ആശ്വാസം പകരാന്‍ അദ്ദേഹത്തിന്‍റെ വീട്ടിലും ഒന്നുമുണ്ടായിരുന്നില്ല. ലോകത്തിലെ മഹാനായ കലാചിന്തകനും എഴുത്തുകാരനുമായ ടോള്‍സ്റ്റോയിയെ ഭാര്യ ഉള്‍ക്കൊണ്ടില്ല. അവര്‍ അദ്ദേഹത്തെ നോവിക്കുകയും അപമാനിക്കുകയും ചെയ്തു. സ്വന്തമായ ഒരു ക്രിസ്തുമതം ഉണ്ടാക്കി എന്ന കുറ്റമാണ് അവര്‍ ടോള്‍സ്റ്റോയിയില്‍ കണ്ടെത്തിയത്. അദ്ദേഹം അത് നിഷേധിച്ചില്ല. നിന്ദയില്‍ മനംനൊന്ത് വീട്ടില്‍ നിന്നിറങ്ങിപ്പോന്ന ടോള്‍സ്റ്റോയി ഒരു റെയില്‍വേ സ്റ്റേഷനില്‍ മരിച്ചുവീഴുകയായിരുന്നു.

 നിലവിലുള്ള സ്ഥാനമാനങ്ങള്‍ നോക്കി, അതിന്‍റെ വരുമാനം സ്വീകരിച്ച് അനുസരണയോടെ കഴിയുന്നവര്‍ക്ക് ഒന്നിനെയും പേടിക്കേണ്ടിവരുകയില്ല. എന്നാല്‍ സത്യാന്വേഷികള്‍ക്ക് പീഡനവും നേരിടേണ്ടിവരും. ഇക്കൂട്ടര്‍ക്ക് പീഡനം ഒരാവശ്യവുമാണ്. ആത്മാവിന്‍റെ സുഗമമായ നടത്തയ്ക്ക് പീഡനം അനിവാര്യമായിവരും. അത് ഒരു ഔഷധമായി അനുഭവപ്പെടും. മലയാളത്തിലെ ഏറ്റവും വലിയ പോരാളിയായ സാഹിത്യകാരന്‍ പി. കേശവദേവാണ് അദ്ദേഹം രാമായണത്തിനെതിരെ പരസ്യമായ പ്രസ്താവനകള്‍ നടത്തി. ദേവിനെ മനുഷ്യസ്നേഹി എന്ന് രണ്ടാമതൊന്നുകൂടി വിളിക്കണം. താഴ്ന്ന ജാതിക്കാര്‍ക്കും നിരാലംബര്‍ക്കും വേണ്ടി ദേവ് എന്നും ശബ്ദിച്ചു. കൊടുങ്ങല്ലൂരില്‍ ഒരു അധഃകൃതനെ സവര്‍ണരുടെ കുളത്തില്‍ കുളിക്കാന്‍ സമ്മതിക്കുന്നില്ലെന്നറിഞ്ഞ ദേവ് അവിടെയെത്തി. അവര്‍ണന്‍റെ വീട്ടില്‍ ചെന്ന് അവനേയും കൂട്ടി ദേവ് കുളത്തിലേക്ക് നടന്നു. ഒരു കഠാര നിവര്‍ത്തി കയ്യില്‍ പിടിച്ചുകൊണ്ടായിരുന്നു നടപ്പ്. നായര്‍ സമുദായംഗമായ ദേവ് അവര്‍ണനൊപ്പം ആ കുളത്തിലേക്ക് എടുത്തുചാടി. കുളത്തിലെ അലകള്‍ ജാതിരഹിതമായി ചിരിച്ചതല്ലാതെ ഒരലമ്പുമുണ്ടായില്ല. ദേവ് കുളിക്കാന്‍ വന്നതറിഞ്ഞ് ആ പരിസരത്തേക്ക് ആരും വന്നില്ല. കുളികഴിഞ്ഞ്, നിവര്‍ത്തിപ്പിടിച്ച കത്തി ആകാശത്തില്‍ ചുഴറ്റി അദ്ദേഹം അവര്‍ണനുമായി അവന്‍റെ വീട്ടിലേക്ക് പോന്നു. ദേവിനെതിരെ കേസുകള്‍ ഉണ്ടായി.


അനീതിക്കെതിരെ പൊരുതിയതിനാണ് കേസുകള്‍. പോലീസുകാരും രാജാവും അദ്ദേഹത്തെ ഭയത്തോടെയാണ് കണ്ടിരുന്നത്. ദേവിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടു. ആ ഘട്ടത്തില്‍ നാലുദിവസം അദ്ദേഹം സമുദ്രത്തിലാണ് വസിച്ചത്; കാര്യമായ ഭക്ഷണമില്ലാതെ വെള്ളം കുടിച്ചുകൊണ്ട്. ഇതൊക്കെ ദേവ് ചെയ്തത് വ്യക്തിപരമായ ലാഭത്തിനു വേണ്ടിയല്ല. ഉയര്‍ന്ന സാമൂഹികബോധമുള്ളതുകൊണ്ടാണ്. എന്ത് നഷ്ടപ്പെട്ടാലും വേണ്ടില്ല. അത് നേരിടാന്‍ തയ്യാറാണെന്ന സന്ദേശം ആ പ്രവൃത്തികളിലുണ്ടായിരുന്നു. ഇപ്പോള്‍ എഴുത്തുകാരും പത്രാധിപډാരും ഗൂഢാലോചന നടത്തി വിവാദപരാമര്‍ശങ്ങള്‍ സൃഷ്ടിച്ച് വിപണി ഭദ്രമാക്കുന്നതാണ് നാം കാണുന്നത്. എഴുത്തുകാരന്‍ എന്തിനാണ് മതങ്ങളെയും ക്ഷേത്രങ്ങളെയും ഭക്തډാരെയും ആക്ഷേപിക്കുന്നത് ? ജാതിവിവേചനത്തെ അപലപിക്കണം. കാരണം, അപലപിക്കുന്നതില്‍ ഒരു സാമൂഹികനډയുണ്ട്. അവകാശത്തെക്കുറിച്ചുള്ള ബോധമുണര്‍ത്തലാണത്. എന്നാല്‍ വിഡ്ഢിയെപ്പോലെ എഴുത്തുകാരന്‍ പെരുമാറരുത്. യുക്തിയും വിവേകവുമാണ് ഒരാളെ വിപ്ലവകാരിയാക്കുന്നത്. സര്‍ഗാത്മക ഔന്നത്യമുള്ളവര്‍ അടിസ്ഥാനമില്ലാത്തതും നിസ്സാരവുമായ മതദ്രോഹം എഴുതില്ല. സാല്‍മന്‍ റുഷ്ദി 'സാത്താനിക് വേഴ്സസ്' എഴുതിയപ്പോള്‍ മതവിശ്വാസികള്‍ വ്രണപ്പെട്ടു. റുഷ്ദിയുടെ നോവലുകളില്‍ കൃത്രിമത്വമുണ്ട്. കാഫ്ക, നദീന്‍ ഗോര്‍ഡിമര്‍, നബോക്കോവ്, മരിയോ വര്‍ഗാസ് യോസ തുടങ്ങിയവരെപ്പോലെ മൗലികത അദ്ദേഹത്തിനില്ല. അമേരിക്കയിലെ വലിയ നാടകകൃത്തായിരുന്നു എഡ്വേര്‍ഡ് ആല്‍ബി. അദ്ദേഹത്തിന്‍റെ 'മീ ആന്‍ഡ് മൈസെല്‍ഫ്' എന്ന നാടകം അമേരിക്കയുടെ ആന്തരികമുഖം ജീര്‍ണമാണെന്ന് വിളിച്ചുപറഞ്ഞു. ഒരമ്മ തന്‍റെ ഇരട്ടക്കുട്ടികളെ വേവ്വേറെ വ്യക്തികളായി കാണാന്‍ വിസമ്മതിക്കുന്ന ആ രചനാ വ്യക്തിത്വം, ഐഡന്‍റിറ്റി തുടങ്ങിയ പ്രശ്നങ്ങള്‍ അപഗ്രഥിച്ചു. അദ്ദേഹത്തെ പലരും വിമര്‍ശിച്ചു. ഒരാള്‍ തന്‍റെ വളര്‍ച്ചയ്ക്കുവേണ്ടി വീടുവിട്ടുപോകാനും, ഒന്നിനെയും ചോദ്യം ചെയ്യാതെ എല്ലാറ്റിനെയും അതേപടി സ്വീകരിച്ച് കീഴടങ്ങി ജീവിക്കുന്നതില്‍ നിന്ന് കുതറിമാറാനും ശ്രമിക്കുന്നതിനെ ആല്‍ബി ആ കൃതിയില്‍ എടുത്തുകാണിച്ചു. വായനയ്ക്ക് വളര്‍ച്ചയുണ്ടാകണമെങ്കില്‍, അത് സാമ്പ്രദായികമായ കീഴടങ്ങലില്‍ നിന്ന് മന്നോട്ടു പോകണം. പകരം അധമമായ വികാരങ്ങള്‍ കുത്തിപ്പൊക്കരുത്. പെരുമാള്‍ മുരുകന്‍ തമിഴില്‍ എഴുതിയത് അനുകരിക്കാന്‍ പലരും തുനിയുന്നു. തെറ്റായ വഴക്കമാണ് മുരുകന്‍ സൃഷ്ടിച്ചത്. പ്രകോപനമുണ്ടാക്കാന്‍ കരുതിക്കൂട്ടി എഴുതിയോ എന്ന് സംശയിക്കുന്ന സാഹചര്യം ഉണ്ടാക്കരുത്. ഇന്ന് ചില എഴുത്തുകാര്‍ കുറുക്കുവഴിയിലൂടെ ശ്രദ്ധ നേടാന്‍ ജാതി, മതം, ദൈവം തുടങ്ങിയ വിഷയങ്ങള്‍ ഉപയോഗിക്കുന്നതായി കണ്ടുവരുന്നുണ്ട്. ഇത് ആരോഗ്യകരമായ സാമൂഹികാന്തരീക്ഷം തകര്‍ക്കും. പൊന്‍കുന്നം വര്‍ക്കി ക്രിസ്തീയ സഭകളെ വിമര്‍ശിച്ച് എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ 'അന്തോണീ നീയും അച്ചനായോടാ' എന്ന കഥ പരിഹാസമാണ്. പക്ഷേ, യേശുദേവനെയോ, ക്രിസ്തീയ വിശ്വാസികളെയോ അപമാനിച്ചില്ല. എംടിയുടെ നിര്‍മ്മാല്യത്തില്‍ പി.ജെ. ആന്‍റണിയുടെ കഥാപാത്രം ദേവീവിഗ്രഹത്തില്‍ തുപ്പുന്നത് ഇന്നാണെങ്കില്‍ വിവാദമാവും എന്ന് പറയുന്നവരുണ്ട്. അതില്‍ ഒരു മതത്തെയോ മതവിശ്വാസികളെയോ പ്രകോപിപ്പിക്കുന്ന ഒന്നുമില്ല. കഥയില്‍ അതാവശ്യമാണ്. ശ്രീനിവാസന്‍ ഒരു സിനിമയില്‍ (ചിത്രം) കത്തിക്കൊണ്ടിരിക്കുന്ന വിളക്കില്‍ തുപ്പുന്ന രംഗമുണ്ട്. വിവാദമായില്ലല്ലോ. ബാഹുബലിയില്‍ ബാഹുബലി എന്ന കഥാപാത്രം ശിവലിംഗം ഇളക്കിയെടുത്ത് ചുമക്കുന്ന രംഗമുണ്ട്. ശിവലിംഗം ഇളക്കാമോ എന്ന ചോദ്യമുണ്ടായില്ല.


ബോധപൂര്‍വ്വം പ്രകോപനം സൃഷ്ടിക്കാന്‍ ഒരു വാരിക മുന്നോട്ടുവരുകയും അതിനു ബലിയാടാകാന്‍ ഒരെഴുത്തുകാരന്‍ നിന്നുകൊടുക്കുകയും ചെയ്യുന്നത് ബുദ്ധിപരമായ പാപ്പരത്തമാണ്. എഡ്വേര്‍ഡ് ആല്‍ബിയുടെ നാടകങ്ങളില്‍ സ്വവര്‍ഗരതി ആരോപിച്ച് വിമര്‍ശനം ഉന്നയിച്ചവരോട് ഇങ്ങനെ പറഞ്ഞു: ഞാന്‍ ഒരു ബലിയാടായി തുടരുകതന്നെ ചെയ്യും. ഇന്നത്തെ പ്രകോപന നിര്‍മ്മാതാക്കളോട് വായനക്കാര്‍ പറയുന്നത് ഇതായിരിക്കും: ഞങ്ങളെ ബലിയാടായി തുടരാന്‍ അനുവദിക്കരുത്. വര്‍ഗീയ ലഹളയുണ്ടാക്കാന്‍ വേണ്ടി സാഹിത്യമെഴുതരുത്.

Leave a Comments

നോവൽ ഒരു പ്രമേയമല്ല, കലാനുഭവമാണ്/എം കെ ഹരികുമാർഇപ്പോഴും നമ്മൾ ഒരു വിഷയത്തെക്കുറിച്ച് നോവൽ എഴുതുക എന്ന കാഴ്ചപ്പാടിൽത്തന്നെ കഴിയുകയാണ്. പുനത്തി ൽ കുഞ്ഞബ്ദുള്ള മുൻപൊരിക്ക ൽ പ്രഖ്യാപിച്ച തോർക്കുന്നു, എംടിയെ ആസ്പദമാക്കി നോവ ൽ എഴുതുമെന്ന്. നോവൽ മറ്റെന്തിനെങ്കിലും വേണ്ടിയുള്ളതാണെന്ന ഒരു ധാരണ പ്രചരിച്ചിട്ടുണ്ട്. മുൻകാലങ്ങളിലെ ചില നോവലുകളുടെ പുറന്തോടി ൽ നിന്ന് പുറത്തു വരാൻ കഴിയാത്തതിന്റെ ഫലമാണിത്. വിക്ട ർ യൂഗോയുടെ 'പാവങ്ങൾ ' ഒരു പ്രദേശത്തിന്റെ ചരിത്രമോ, ഒരു വ്യക്തിയുടെ ചരിത്രമോ അല്ലല്ലോ. അതിനുമൊക്കെ അപ്പുറത്ത് അത് വൈയക്തികമാണ്.

ഒരു വിഷയം മുൻകൂട്ടി കണ്ട് അതിനെക്കുറിച്ച് വിശദമായി പഠിച്ച് നോവലെഴുതുന്നവരുണ്ട്. അത് പക്ഷേ, പ്രമേയത്തിന്റെ പ്രാധാന്യംകൊണ്ടാണ് നില്ക്കുന്നത്. ആ പ്രമേയത്തെക്കുറിച്ച് വസ്തുതാപരമായ വിവരങ്ങ ൾ അറിയാൻ ആഗ്രഹിക്കുന്നവരും നോവ ൽ തേടിവരും. എന്നാ ൽ ഇതൊക്കെ നോവൽ എന്ന കലയ്ക്ക് ഒരു സംഭാവനയും ചെയ്യുന്നില്ല. ഒരു കലാകാരന്റെ കണ്ണുകളോടെ നോക്കേണ്ടതുണ്ട്. ഈ കാലഘട്ടത്തിലെ ഭൂരിപക്ഷം നോവലുക ൾ ക്കും കലാകാരന്റെ/കലാകാരിയുടെ നോട്ടം ലഭിച്ചിട്ടില്ല. ആഖ്യാനം സ്ഥൂലമായ വസ്തുതകളെക്കുറിച്ചാണ്. സ്വാതന്ത്ര്യസമരം, ഗ്രാമചരിത്രം, സ്ത്രീവിമോചനം, രാഷ്ട്രീയ നാടകങ്ങ ൾ ഇങ്ങനെ നീളുന്നു പ്രമേയങ്ങൾ. ഇതിനിടയിൽ നോവലിസ്റ്റിനെ കാണാനുണ്ടാവില്ല.

എഴുതുന്നയാളിന്റെ ഒരന്തർലോ കം നോവലിലുണ്ടാകണം. അയാൾ നിശ്ചയിക്കുന്ന നിയമങ്ങൾ , ലോകത്തെ അയാ ൾ സൗന്ദര്യവല്ക്കരിക്കുന്നതിന്റെ വിചിത്രമായ അനുഭവങ്ങ ൾ, പ്രാപഞ്ചികമായ ജൈവ അനുഭവങ്ങ ൾ ഇതെല്ലാം ഒരാളി ൽനിന്ന് വളരെ ശ്രദ്ധാപൂ ർവ്വം വരേണ്ടതാണ്. എഴുതുന്നതിനുമുമ്പേ നിശ്ചയിച്ച കാര്യങ്ങളല്ല ഇതൊന്നും. കെട്ടിടത്തിനു പ്ലാ ൻ വരയ്ക്കുന്നതുപോലെ എല്ലാം മുൻകൂട്ടി ഉറപ്പിച്ചശേഷം നോവലെഴുതുന്നവരെ കയ്യോടെ പിടികൂടി പിഴ ചുമത്തുകയാണ് വേണ്ടത്. വല്ലാത്ത ഒരു അരസികഭാവം അതിലുണ്ട്. കലാകാരനാകാ ൻ മനസ്സില്ല, അല്ലെങ്കി ൽ കഴിവില്ല എന്ന ഒരു നിലപാട് അതി ൽനി ന്ന് വായിച്ചെടുക്കാവുന്നതാണ്. ഏത് വസ്തുവിനെക്കുറിച്ചും, ആന്തരാര്ത്ഥ ങ്ങൾ ഒന്നുംതന്നെ തരാതെ, ചരിത്രം എന്ന പോലെ വിവരിച്ചുപോകുന്നവരെയാണ് നോവലിസ്റ്റുകളായി ഇന്നും കണ്ടുവരുന്നത്. നിർജീ വമായ ഒരു ഗദ്യം, വളരെ ക്രൂരമായി വായനക്കാരനെ തുറിച്ചുനോക്കിക്കൊണ്ടിരിക്കും. മനസിനു ദാഹജലം നല്കാത്ത മരുപ്പരപ്പായി ആ ഗദ്യം അങ്ങനെ കിടക്കും

നോവലി ൽ കലാകാരന്റെ അനുഭവങ്ങ ൾ ഉണ്ടാകണം. പ്രത്യേകതരം ഭാവനയിലൂടെ ഭാവിയെ പിടിച്ചുകൊണ്ടുവരാനാകണം. സൗന്ദര്യം നിർമ്മിക്കാനാകണം. അതിനു നിലവിലുള്ള യാഥാസ്ഥിതിക വിദ്യാഭ്യാസരീതിയെ മറികടക്കുകതന്നെ വേണം. ഒരു എഴുത്തുകാരന്റെ ആന്തരികയാത്രയുടെ അങ്ങേയറ്റത്തെ ഇടമാണത്. എന്റെ നവനോവൽ സങ്കല്പം മൂന്നു കൃതികളിലായി ഞാ ൻ ആവിഷ്കരിച്ചിട്ടുണ്ട് - ജലഛായ, ശ്രീനാരായണായ, വാൻഗോഗിന്. ഒരു നവനോവൽ പ്രസ്ഥാനമാണ് ഈ കൃതികള് അവതരിപ്പിക്കുന്നത്.

എനിക്ക് കലയെക്കുറിച്ചുള്ള ചിന്തയും വ്യക്തി എന്ന നിലയിലുളള സൗന്ദര്യ നി ർമ്മാണവും എത്രമാത്രം സാധിക്കുമോ അത്രയും ഈ മൂന്നു കൃതികളിലുമായി ഉള്ക്കൊള്ളിച്ചിട്ടുണ്ട്. 'ശ്രീനാരായണായ' എന്ന നോവലി ൽ ഗുരുവിന്റെ ജീവിതവും ദർശനവുമാണ് വിവരിച്ചിരിക്കുന്നതെന്ന് ആരെങ്കിലും വിചാരിക്കുന്നുവെങ്കി ൽ തെറ്റി. അത് ഗുരുവിനെക്കുറിച്ചുപോലുമല്ല പറയുന്നത്; എന്റെ സൗന്ദര്യാന്വേഷണമാണത്. അതിനുള്ള സാങ്കല്പിക ലോകമാണ് നി ർമ്മി ച്ചിരിക്കുന്നത്. ഗുരു ഒരു സാക്ഷിയായി അതി ൽ നില്ക്കുന്നതേയുള്ളൂ. ഗുരു മാത്രമാണ് അതി ൽ യാഥാർഥ മായിട്ടുള്ളത്. മറ്റൊരു ദ ർശനത്തിലേക്ക് എന്നെ നടത്തിച്ച വരികളാണ് അതിലുള്ളത്..

പ്രമുഖ നോവലിസ്റ്റ് വ്ളാഡിമിർ നബോക്കാവ് (ലോലിത പെയി ൽ ഫയർ തുടങ്ങിയ കൃതികളുടെ രചയിതാവ്) തന്റെ വിമർശ കരോട് പറഞ്ഞതോ ർക്കു കയാണ്. നബോക്കോവിന്റെ നോവലിലെ പ്രമേയം എന്താണെന്ന് മനസിലായില്ലെന്ന ചിലരുടെ വിമർശനത്തിനാണ് മറുപടി. "നമ്മൾ ഒരു വസ്തുവിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചാ ൽ, ആ പ്രവൃത്തിതന്നെ ആ വസ്തുവിന്റെ ചരിത്രത്തിലേക്ക് നമ്മെ അറിയാതെ കൂട്ടിക്കൊണ്ടുപോകും\"- അദ്ദേഹം പറഞ്ഞു. മുഷിഞ്ഞുനാറിയ ഒരു മുറിയിലേക്ക് കയറിയാൾ ഉടനെ, ഒരു നൂറ്റാണ്ടിനുമുൻപുള്ള മറ്റൊരു നഗരത്തിലേക്ക് ഒരു നിരീക്ഷകനെ നയിച്ചെന്നിരിക്കും. ആ നഗരത്തി ൽ ദസ്തയെവ്സ്കിയെപ്പോലൊരാൾ ചുതുകളിക്കാൻ വന്നാ ൽ....? അപ്പോൾപ്രമേയം മറ്റൊരു വഴിക്ക് പോകില്ലേ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം..

നോവ ൽ വെറും പ്രമേയമല്ല; അത് ഒരു എഴുത്തുകാരന്റെ കലയുടെ ആഘോഷമാണ്. സൗന്ദര്യത്തിന്റെ പുതിയ തലങ്ങൾ ഭാഷയിലും വസ്തുക്കളിലുമായി നിറയുമ്പോഴാണ് അത് സംഭവിക്കുന്നത്. പ്രമേയം പിന്നിലേക്ക് മാറിനില്ക്കാനുള്ളതാണ്. വായനക്കാരന് ഇത് കണ്ടെത്തുന്നതിലാണ് ശിക്ഷണം നേടേണ്ടത്. അങ്ങനെയുള്ള വായനക്കാരാണ് സാഹിത്യത്തെ അറിയുന്നത്. അല്ലാത്തവർ, അവാർഡ് കിട്ടുന്ന കൃതികൾ മാത്രം വായിക്കുന്നവരാണ്.

ബഷീർ എന്തുകൊണ്ട് എഴുത്ത് ഉപേക്ഷിച്ചു/എം കെ ഹരികുമാർ
ഒരു സാഹിത്യകാരന്റെ യഥാർത്ഥ കടമ്പ അതീന്ദ്രീയ ജ്ഞാനമാണ്.അവിടെ എത്താൻ എളുപ്പമല്ല. അതിനു സമീപത്തെവിടെയോ എത്തിയെന്ന്സമാധാനിക്കുന്നവരാണ് അധികവും .സാധാരണ വസ്തുസ്ഥിതി,കഥനമൊക്കെ, എഴുതാനുള്ള മിനിമം കഴിവുള്ളവർക്കൊക്കെ സാധ്യമാണ്.ഒരു സംഭവം ഉണ്ടായാൽ അതിനെ വേറൊരു രീതിയിൽ ഭാവന ചെയ്ത് എഴുതാം അതൊക്കെ സർവസാധാരണമാണ്. അതിൽ എന്താണ് കണ്ടെത്താനുള്ളത് ? നമുക്ക്അറിയാവുന്ന കാര്യങ്ങൾ മറ്റുള്ളവരോട്പറയുന്നു എന്നതിൽ കവിഞ്ഞ്മറ്റൊന്നുമില്ല. വാർത്തകളൊക്കെ ഇങ്ങനെ സംഭവിക്കുന്നതാണ് .ഒരു വിവരം അറിയിക്കുന്നു വലിച്ചു നീട്ടിയാൽ കഥയാക്കാം ഒരു വളർത്തുപൂച്ചചത്തു എന്നതിൽപ്പോലും കഥയുണ്ട്.പക്ഷേ, ആ കഥ എന്താണെന്നു വായനക്കാർക്ക് ഊഹിക്കാവുന്നതേയുള്ളൂ.അതിൽ അസ്വാഭാവികത കലർത്തിയാലും എല്ലാവർക്കും അറി-യാവുന്നതിൽ കവിഞ്ഞു ഒന്നുമുണ്ടാകില്ല ,ഒരെഴുത്തുകാരന് അസ്തിത്വത്തെക്കുറിച്ച് ഒരു സുവിശേഷം പറയാൻ ഉണ്ടാകണം. ഇങ്ങനെയൊരു സുവിശേഷം ഒരു രഹസ്യത്തിന്റെ അനാവരണം ചെയ്യലാണ്.അത് ഒരിക്കലും സർവ്വസാധാരണമായകാര്യമല്ല. തന്നെക്കുറിച്ച്മറ്റുള്ളവർക്ക്അറിയാവുന്ന കാര്യങ്ങൾ എഴുതുന്നതാണ് ഒരു ചവറായി പരിഗണിക്കുന്നത്..ചവറിനും ഉപയോഗമുണ്ട്.ഒരുപാട്ചവർ ഉല്പാദിക്കപ്പെടുമ്പോഴാണ് ഒരുനല്ലകൃതി പ്രസക്തമാവുന്നത്.

അസ്തിത്വം എപ്പോഴും അജ്ഞാതമാണ്.അതാണ്ആരായേണ്ടത് .ജീവിക്കുന്നു എന്ന്അറിയാം എന്നാൽ എന്താണ്അതിനെ ഒരു സമസ്യയാക്കുന്നതെന്ന്അറിയില്ല .അതിനാണ്ഒരാൾ എഴുതുന്നത്.ചില ഫോർമുലകൾ നോക്കി , മുൻകൂട്ടി വിഷയങ്ങൾ ആലോചിച്ച് ആസൂത്രണം ചെയ്തു ഒരു പ്രത്യേകലക്ഷ്യത്തിലെത്തിക്കുന്ന തൊക്കെപരാജയപ്പെട്ടരചനകളാണ്.ഒരു പ്രത്യേകമായഅഭിരുചി ,നോട്ടം ,സമീപനം ഒരുകാര്യത്തിലുണ്ടാകുമ്പോഴാണ് വ്യക്തിഗതമായ എന്തെങ്കിലും ഉണ്ടാവുന്നത് . ബഷീർ കുറെക്കാലം ഏഴുതിക്കഴിഞ്ഞ്പിന്നീട്മൗനിയായിപ്പോയി.ഒരു മരചുവട്ടിലേക്ക്പറിച്ചുനട്ടു .പിന്നെ പാട്ടുകേൾക്കലും വർത്തമാനം പറച്ചിലുമായി .എഴുതാതെ തന്നെ അദ്ദേഹത്തിനു എല്ലാം വ്യക്തമായിക്കൊണ്ടിരുന്നു. ഇതാണ്അ തീന്ദ്രീയ ബോധം. ലോകത്തെക്കുറിച്ച്ഒരു ശരിയായ ജ്ഞാനം തനിയെ മനസിലേക്ക് വരുന്ന അവസ്ഥയാണിത്. ഏറെ കുറേ ലക്ഷ്യവും അതിനപ്പുറവും വെളിപ്പെട്ട്കിട്ടുന്നു. എന്തിനു വെറുതെ ദുഃഖിക്കണം. ,അല്ലെങ്കിൽ സന്തോഷിക്കണം എന്നാരു ചിന്ത ഉടലെടുക്കുന്നു.ഏതു് ജീവിതത്തിന്റെയും ലോകത്തിന്റെയും ആകെത്തുക,, ഒരു പുസ്തകത്തിന്റെയും സഹായമില്ലാതെ ,തെളിഞ്ഞു കിട്ടുന്നതാണ് ഈ അതീന്ദ്രീയ ജ്ഞാനം. ഈ അവസ്ഥയിലെത്തിയാൽ ചിലർ എഴുത്തു് നിർത്തും( മറ്റു ചിലർ അപ്പോഴും എഴുതി ക്കൊണ്ടിരിക്കും) എഴുതുന്നത് മൗനമായി അനുഭവിക്കുമ്പോഴാണ് ഈ ജ്ഞാനംലഭിക്കുന്നത്..

ഞാനും നവാദ്വൈതവും/എം കെ ഹരികുമാർ

ഞാന്‍ എപ്പോഴും പലതായിരുന്നു. ആരാണ് സൃഷ്ടിച്ചതെന്ന് ചോദിച്ചാല്‍ ഒരു പിതാവ് ഉണ്ടെന്നതു നേരാണ്. എന്നാല്‍ പ്രസവത്തോടെ ഉണ്ടായ ഒരു ശിശുവല്ല ഞാനിപ്പോള്‍. ഞാന്‍ എന്ന ശിശുവില്‍ ഇന്നത്തെ ഞാനില്ലായിരുന്നു. ആ ശിശു പലതിന്‍റെയും ഒരു കവാടമായിരുന്നു. ശിശുവിന് എങ്ങോട്ടും വളരാം. ആകാശം അത്ര വിശാലമാണല്ലോ
. ഞാന്‍ ഒരിക്കലും ഒന്നായിരുന്നിട്ടില്ല. എപ്പോഴും എന്നെത്തന്നെ കബളിപ്പിച്ചുകൊണ്ട് ഞാന്‍ പൊയ്ക്കൊണ്ടിരുന്നു. ചില കാര്യങ്ങള്‍ അറിയാതെ പറഞ്ഞുപോയിട്ടുണ്ട്. പിന്നീട് എനിക്കുവേണ്ടി അത് തിരുത്തും. രണ്ടാമതൊരു ഞാന്‍ അവിടെ വരാറുണ്ട്. ആദ്യത്തെ എന്നെ നിരാകരിക്കാന്‍ രണ്ടാമത്തെ ഞാന്‍ നില്‍ക്കുന്നു. ഈ രണ്ടുപേരെയും ഞാന്‍ വെറുത്തിട്ടുണ്ട്. പിന്നെ ഞാനായി പലരും വന്നു. അവരെല്ലാം പോയി. ഇപ്പോഴുള്ള ഞാന്‍ എത്രയോ വട്ടം ഇല്ലാതാകുകയും പുതുതായി ജനിക്കുകയും ചെയ്തു.

ഓരോ നിമിഷവും ഞാന്‍ എന്ന വസ്തു സ്വയം നിരസിക്കുന്നുണ്ട്. ഇന്നലെകളെ ഒന്നുകൂടി സന്ദര്‍ശിച്ചാല്‍ അതോടെ ഞാന്‍ മാറി. പിന്നെ ഇന്നലെവരെ സ്വയം കരുതിവച്ച ഞാനല്ല ഉള്ളത്. ഒരു പുതിയ ഞാനുണ്ട് ഓരോ നിമിഷത്തിലും. എന്നാല്‍ അത് നിലനില്‍ക്കാനുള്ളതാണ്. മാറിക്കൊണ്ടിരിക്കണം. ഇന്ന് എന്താണോ ഞാന്‍, അതിനെ നിരസിച്ചുകൊണ്ട് മറ്റൊന്നാകാന്‍ ഞാന്‍ തീരുമാനിക്കേണ്ടതുണ്ട്. തീരുമാനിച്ചില്ലെങ്കിലും ഞാന്‍ മാറിയിരിക്കും. കാരണം ഇന്നലെകളില്‍ നാം ചിന്തിച്ചതോ, പ്രവര്‍ത്തിച്ചതോ പോലെ ഇന്ന് ചെയ്യാനൊക്കില്ല. പുതിയ ആശയമാണ് ഞാന്‍, ഇപ്പോഴും. എനിക്ക് ചുറ്റുപാടുനിന്നും കിട്ടുന്നതെല്ലാം എന്നെ പരിവര്‍ത്തിനത്തിനു സഹായിക്കുന്നു. മറ്റൊന്നിനോട് ചേരുമ്പോള്‍ ഞാന്‍ മാറും. ഒരാശയത്തിനു മാത്രമായി എങ്ങനെ നില്‍ക്കാനാകും. സ്വയം നിരാസം ഒരു വിരസതയുടെ ഫലമാണ്. ഒന്നില്‍ത്തന്നെ നോക്കിയിരിക്കാനാവില്ല. മനസ് എപ്പോഴും ഒരിടത്തുതന്നെ നില്‍ക്കുന്നില്ല. അങ്ങനെയാണെന്ന് വിശ്വസിക്കുന്നവര്‍ ദോഷൈകദൃക്കുകളും കുറ്റവാളികളുമാകുന്നു. മനസ് സദാ മാറുന്നതുകൊണ്ട് വെറുപ്പിനും ദ്വേഷത്തിനും സ്ഥാനമില്ല. സ്നേഹം ആര്‍ക്കും ദോഷമുണ്ടാക്കാത്തതാണ്. അതുകൊണ്ട് സ്നേഹം സ്ഥിരമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നത് കൊള്ളാം. എന്നാല്‍ സ്നേഹത്തിനും മാറണം. എപ്പോഴും സ്നേഹമില്ല. ചില നക്ഷത്രങ്ങള്‍ വല്ലപ്പോഴും മുഖാമുഖം വരുന്നതുപോലെയാണ് സ്നേഹം. അതു മനസില്‍ നിന്ന് മാറി മറ്റൊന്നാകാന്‍ സദാ മുറവിളി കൂട്ടുകയാണ്. മനസിലെ ഓരോ വാക്കും ആശയവും ചിന്തയും കൂട്ടിലിട്ട വെരുകിനെപ്പോലെയാണ്. പുറത്തുകടക്കാനുള്ള ഉല്‍ക്കടമായ അഭിനിവേശമാണ്. പുറത്തുകടക്കാന്‍ അനുവദിക്കുന്നതാണ് സ്വാതന്ത്ര്യം. അതിനെ വിവേകപൂര്‍വം നയിക്കുന്നതാണ് യുക്തി.

നവാദ്വൈതത്തിന്‍റെ പ്രവര്‍ത്തനമണ്ഡലം ഈ പുറത്തുകടക്കലാണ്. പുതിയ രൂപവും ഭാവവും ആര്‍ജിക്കുന്നത് ഒരു സ്ഥിരം കൂടാരം എന്ന നിലയിലാണ്. മറ്റൊന്നായി മാറുന്നതിന്, നിരാകരിക്കുന്നതിനുവേണ്ടിയാണ് പിടച്ചില്‍. നിരസിക്കുന്നതോടൊപ്പം നിര്‍മ്മിക്കുകയും ചെയ്യുകയാണ് നാം. ഇന്നലെകളില്‍ പറ്റിയ ധാരണപ്പിശകുകള്‍ ഇന്ന് തള്ളിക്കളയുകയും മറ്റൊന്ന് അവിടേക്ക് കടന്നുവരുകയും ചെയ്യുന്നു. എന്നാല്‍ അടുത്ത ക്ഷണം അത് തള്ളപ്പെടുകയാണ്. ആ തള്ളിക്കളയല്‍ പുതിയൊരു നിര്‍മ്മാണമാണ്. ഒരു ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ വശങ്ങളിലെ ദൃശ്യങ്ങള്‍ കാണാന്‍ ഉത്സുകരാവുന്ന നാം അടുത്ത ക്ഷണം മറ്റൊരു ദൃശ്യത്തിന്‍റെ മനോഹാരിതയിലേക്ക് വീഴുകയാണ്. തൊട്ടുമുമ്പ് ആകര്‍ഷിച്ച ദൃശ്യം എവിടെപ്പോയി? അതിനു മനസിനുള്ളില്‍ ഇടമില്ലാതായി. പുതുതായി വരുന്ന ദൃശ്യങ്ങള്‍ എല്ലാറ്റിനെയും വിഴുങ്ങി ദൂരേക്ക് എറിയുന്നു. നിരാസവും നിര്‍മ്മാണവുമുണ്ട്. ഒന്നിലും ഞാനില്ല.
എന്നാല്‍ എല്ലാറ്റിലും ഞാനുണ്ടായിരുന്നു. എനിക്കൊന്നിലും ഒതുങ്ങാന്‍ ആവില്ല. ഞാന്‍ എന്നെയും അജ്ഞാതനാക്കി കുതിക്കുകയാണ്. ഈ നിമിഷം എല്ലാറ്റിനെയും വിഴുങ്ങുമ്പോള്‍, അതിനെയും അടുത്ത നിമിഷം വിഴുങ്ങുകയാണ്. കാലത്തിനുള്ളില്‍ ഞാന്‍ പലതായിപ്പോകുന്നു. ഞാന്‍ എന്താണെന്നതിന് ഒരു വിലയുമില്ല. ഞാന്‍ എന്തെല്ലാമായിരുന്നു എന്നതിനു വിലയില്ല. ഞാന്‍ മറ്റൊന്നിനുവേണ്ടി ഉഴറുകയാണ്. ഇത് സത്യമാണ്. സ്ഥിരമായി നില്‍ക്കാത്ത സത്യമാണത്. ഈ സത്യത്തെ പിടിക്കാനാവില്ല. അത് മത്സ്യത്തെപ്പോലെ വഴുതിപ്പോകും. സത്യ എവിടെയോ ഉണ്ട്, അജ്ഞാതമായി. എന്നാല്‍ അത് രൂപമോ ഘടനയോ ഇല്ലാതെ ഒരു പ്രതീതി മാത്രമായിത്തീരുകയും ചെയ്യുന്നു. സത്യം ഇതിനിടയില്‍ എങ്ങനെയോ എന്നെ കാണാതെ ഒളിച്ചുകളിക്കുകയാണ്.

ഞാന്‍ ഒന്നില്‍ നിന്നല്ല വന്നത്; ഒന്നായിരിക്കുന്നുമില്ല. ഒന്നായിട്ട് ഇരിക്കുകയുമില്ല. ഒന്നാകാതെ, പലതായി പിരിഞ്ഞ് പൊയ്ക്കൊണ്ടിരിക്കും. അദൃശ്യമായ സത്യമായി എങ്ങനെ ഞാന്‍ ഇതുവരെ നിലനിന്നുവോ അതുപോലെതന്നെ അത് തുടരുകയും ചെയ്യും.