Followers

Tuesday, December 3, 2024

എന്താണ് സാഹിത്യം,കല ?- 4 /എം.കെ.ഹരികുമാർ

 






ഡി.എച്ച്‌.ലോറൻസിൻ്റെ ഭവിഷ്യജ്ഞാന സിദ്ധാന്തം 


ഐറിഷ് നോവലിസ്റ്റ് ജയിംസ് ജോയ്സിൻ്റെ കൃതികളെക്കുറിച്ചുള്ള ലേഖനത്തിൽ അമേരിക്കൻ വിമർശകനായ യൂജിൻ ജൊലാസ്(Eugene Jolas) ജോയ്സിൻ്റെ സൗന്ദര്യസങ്കല്പം വിശദീകരിക്കുന്നുണ്ട്. ജോയ്സിൻ്റെ A Portrait of the Artist as a Young Man എന്ന നോവലിലെ കഥാപാത്രമായ സ്റ്റീഫൻ ഡെഡാലസിൻ്റെ ചിന്തകൾ എന്ന നിലയിലാണ് അവതരിപ്പിക്കുന്നതെങ്കിലും അത് ഇറ്റാലിയൻ ചിന്തകൻ തോമസ് അക്വിനാസിൻ്റെ കലയെക്കുറിച്ചുള്ള ആശയങ്ങളാണ് .അത് ഇപ്രകാരമാണ്: "കലയുടെ സൗന്ദര്യത്തിനു മൂന്നു ഘടകങ്ങൾ ആവശ്യമാണ്- wholeness,harmony,radiance. Wholeness എന്നാൽ ഒരു വസ്തുവിന്റെ അതിൽ തന്നെയുള്ള പൂർണ്ണതയാണ്. ഒരു വസ്തുവിൽ തന്നെ അത് പൂർണമാണ് .അതിനെ മറ്റുള്ളവയിൽ നിന്നു വേർതിരിക്കുന്നത് ഈ പൂർണ്ണതയാണ് .ഒരു പൂച്ച പൂച്ചയായിരിക്കുന്നതാണ് പൂർണത. രമ്യത അഥവാ harmony എന്നാൽ ഒരു വസ്തുവിന്റെ ഘടനയാണ് .അതിൻ്റെ ആന്തരികമായ ക്രമമാണ് ,പൊരുത്തമാണ് .ഏതൊരു വസ്തുവിനും ഉള്ളിൽ ഒരു ക്രമമുണ്ട്. അത് അതിൽതന്നെ ചിട്ടപ്പെടുത്തിയതു പോലെയാണിരിക്കുന്നത് .അതിനെ പൂർണ്ണതയിൽ കാണുമ്പോൾ ഈ രമ്യതയും വെളിപ്പെടുന്നു. ഒരു പൂച്ച ഒരു സ്വഭാവമാണ്. അതിനു ആ സ്വഭാവത്തെ മറികടക്കാനാവില്ല. ഇതിനെ rhythm of its structure എന്നു പറയാം. ഒരു വസ്തുവിനു തനതായ ഒരു സ്ഥാനമുണ്ട്. വിവിധ ഘടകങ്ങൾ പരസ്പരം പൊരുത്തപ്പെട്ടിരിക്കുന്നതിന്റെ ലയമാണത്. മൂന്നാമത്തേതാണ്  Radiance .സൗന്ദര്യം ,തിളക്കം എന്നൊക്കെ വിളിക്കാം. മറ്റൊരു ലോകത്തു നിന്നു വളരുന്ന  വെളിച്ചമാണ് സൗന്ദര്യം.ഇത്  ആന്തരപ്രഭയുടെ പ്രകടനമാണ്.ഉന്നതമായ ഒന്നിന്റെ നിഴലാണത്. ഏതൊന്നിലും മഹത്തായ അതിഭൗതികമായ ഒരു ഉദ്ദേശ്യം ഒരു കലാകാരൻ കണ്ടെത്തുന്നതിന്റെ ഫലമാണിത് .അജ്ഞാതമായ ഒരു പ്രകാശത്തിന്റെ സാക്ഷാത്കാരമാണത്.  കലയിൽ അലൗകികമായ ഒരു പ്രഭാവം കലാകാരൻ കൊണ്ടുവരുന്നു .അത് അയാളുടെ മാത്രം കണ്ടുപിടുത്തമാണ്.

കലയുടെ പേരിൽ മുറിവേറ്റവൻ 

കലാസൃഷ്ടിയെ പ്രാപഞ്ചികമായ ഒരു പ്രതിനിധാനമാക്കുന്നത് ഈ ഘടകമാണ് .വസ്തുവിന്റെ സൗന്ദര്യാത്മകമായ പ്രതിച്ഛായ കലാകാരൻ ഉൾക്കൊള്ളുകയാണ്. അതാണ് വരയ്ക്കാൻ പ്രേരിപ്പിക്കുന്നത്.കലയുടെ നിർവ്വഹണത്തിലെ മറ്റു മൂന്നു ഘടകങ്ങൾ കൂടി ഇവിടെ ചർച്ച ചെയ്യുന്നുണ്ട് .ഒന്ന്, ഭാവതല(lyrical)മാണ്. രണ്ടാമത്തേത്  epical തലമാണ്. മൂന്നാമത്തേത് നാടകീയതലമാണ്. കലാകാരൻ തൻ്റെ ആത്മാവിനോടു സാദൃശ്യമുള്ള ഛായ കലയിൽ സൃഷ്ടിക്കുന്നതാണ് ഭാവതലം .കലാകാരന്റെ ഛായ തന്നെ കലയിൽ നിലീനമാണ്. എപ്പിക്കൽ തലം ,സ്വന്തം പ്രതിച്ഛായയെ കലാകാരൻ്റെയും  അനുവാചകരുടെയും ഇടയിലെ കണ്ണിയായി അവതരിപ്പിക്കുന്നതാണ്. നാടകീയ തലമാകട്ടെ സ്വന്തം പ്രതിച്ഛായയെ മറ്റുള്ളവരുമായി ബന്ധിപ്പിച്ചു കാണിക്കുകയാണ്. വിശ്രുത ചിത്രകാരന്മാരുടെ രചനകൾ പരിശോധിച്ചാൽ wholeness,harmony radiance എന്നിവ സജ്ജമാകുന്നത് കാണാം. ചിത്രങ്ങളിലേതു പോലെ പ്രത്യക്ഷവൽക്കരിച്ച്‌ കാണാൻ പ്രയാസമാണെങ്കിലും സാഹിത്യകൃതികളിലും ഇത് പ്രകടമാണ്. മഴയെക്കുറിച്ച് എഴുതുമ്പോൾ മഴയെ പൂർണ്ണതയിൽ കാണുകയാണ് എഴുത്തുകാരൻ .കാക്കനാടൻ്റെ 'മഴയുടെ ജ്വാലകൾ' ഉദാഹരണം. അതിൽ ഒരു ലയമുണ്ട്. അത് ചിത്രീകരിക്കുമ്പോൾ അഭൗമമായ ഒരു പ്രകാശം കടന്നുവരുന്നു. 

ജോയ്സിന്റെ നോവലിലെ നായകനായ സ്റ്റീഫന് കലാപരമായ ഉദ്വിഗ്നതയാണുള്ളത്. അയാൾ കലയുടെ പേരിൽ മുറിവേറ്റവനാണ്. അയാൾ സൗന്ദര്യത്തിന്റെ ആഘാതത്തിൽ എല്ലാവരിൽ നിന്നും അകന്നുപോകാൻ ആഗ്രഹിക്കുന്നു.സത്യാന്വേഷണമാണ് കലയിലും സംഭവിക്കുന്നത് .അടിസ്ഥാനപരമായി സത്യത്തെ സ്വീകരിക്കാനുള്ള ഒരു മനസ്സ് പ്രധാനമാണ് .വലിയ കലാകാരന്മാർ ആ മനസ്സിൻ്റെ പൂർത്തീകരണത്തിനായി കഷ്ടപ്പെടുന്നു. അവർ കലാസൃഷ്ടിയിൽ പിന്നെയും പിന്നെയും മിനുക്കുപണികളിലേർപ്പെടുന്നു. ഈ ലോകത്തിലെ അതിസങ്കീർണമായ വിധിയെപ്പറ്റിയുള്ള വിചാരങ്ങളാണ് കലാകാരന്റെ മനസ്സിൽ പുതിയ ഒരു കവാടം തുറക്കുന്നത് .തീർച്ചയായും, ഈ ലോകത്തോട് സ്നേഹമുള്ള ഒരാൾക്ക് മാത്രമേ അറിയപ്പെടാത്ത സത്യത്തിനു വേണ്ടി യാതനയനുഭവിക്കാൻ കഴിയുകയുള്ളൂ.

ഇംഗ്ലീഷ് നോവലിസ്റ്റ് ഡി.എച്ച്.ലോറൻസ് എഴുതുന്നത് (Sketches of Etruscan Places and Other Italian Essays) കലയിൽ divination -ഭവിഷ്യജ്ഞാനം - പ്രവർത്തിക്കുന്നുണ്ടെന്നാണ്. അദ്ദേഹത്തിന്റെ വാക്കുകൾ: "നിങ്ങൾ ഈ പ്രപഞ്ചത്തിൽ ജീവിക്കുകയാണെങ്കിൽ, ഈ പ്രപഞ്ചത്തിലേക്ക് നോക്കുന്നത് ഒരു തുമ്പ് കിട്ടാൻ വേണ്ടിയാണ് .നിങ്ങൾ ഒരു ദൈവത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ അവനോട് പ്രാർത്ഥിക്കും. യുക്തിപരമായാണ് ചിന്തിക്കുന്നതെങ്കിൽ അതിലൂടെ എല്ലാം ഗ്രഹിക്കാൻ നോക്കും. എന്നാൽ ഇതിന്റെയെല്ലാം ഒടുവിൽ ഫലം ഒന്നാണ്. പ്രാർത്ഥന ,ചിന്ത, നക്ഷത്രങ്ങളെപ്പറ്റിയുള്ള പഠനം, പക്ഷിനിരീക്ഷണം ,ത്യാഗത്തിൻ്റെ അടിയിലുള്ള മനോനില പഠിക്കുന്നത് തുടങ്ങിയവ ഒരേ പ്രക്രിയ തന്നെയാണ് -divination.ഇത് ഒരു വസ്തുവിൽ നിങ്ങൾക്ക് എത്രമാത്രം സത്യസന്ധമായ, ആത്മാർത്ഥമായ, മതപരമായ ഏകാഗ്രത കൊണ്ടുവരാനാകും എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. പല വഴികളിലൂടെ നാം ഒരേയിടത്തു തന്നെ എത്തിച്ചേരും."

അതുല്യമായ സാന്നിദ്ധ്യം 

ആത്യന്തികമായി ഉത്തരമില്ലാത്തതുകൊണ്ട് ഏതോ ദുർഗ്രഹത നമ്മെയെല്ലാം  മൂടിയിരിക്കുന്നു. ഈ പ്രപഞ്ചത്തിലായിരിക്കുന്ന നമുക്ക് കോടിക്കണക്കിന് ഗാലക്സികളെക്കുറിച്ചോ , നക്ഷത്രങ്ങളുടെ പിറവിയെക്കുറിച്ചോ, അവയുടെ നാശത്തെക്കുറിച്ചോ, അവയുടെ ഉദ്ദേശങ്ങളെക്കുറിച്ചോ  ഒന്നും അറിയില്ല. പലതരം വ്യാഖ്യാനങ്ങളും പഠനങ്ങളും ഉണ്ടെങ്കിലും അതെല്ലാം മാറിക്കൊണ്ടിരിക്കുകയാണ് .എണ്ണമറ്റ ഗാലക്സികൾ എന്തിനാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്? ഈ ഭൂമിയിൽ മാത്രമാണ് മനുഷ്യനു ജീവിക്കാനാവുന്നുള്ളു.മറ്റെവിടെയും മനുഷ്യനില്ല. ഓരോ മനുഷ്യനും ജീവിയും വിലപ്പെട്ടതാണ്. കാരണം, അതുപോലൊന്ന് വേറെ എവിടെയുമില്ല. ഈ അനന്തമായ പ്രപഞ്ചത്തിൽ നമ്മെപ്പോലെ ഈ ഭൂമിയിൽ നാം മാത്രമേയുള്ളു. എത്ര അതുല്യവും അമൂല്യവുമായ ഒരു സാന്നിധ്യമാണിത്. ഒരിക്കൽ പോലും ഇതിനുമുമ്പ് ഉണ്ടായിട്ടില്ലാത്ത, ഇനി ഒരിക്കലും ഉണ്ടാകാത്ത ഒരു സൃഷ്ടിയെ മാന്ത്രികമെന്നല്ലേ വിളിക്കേണ്ടത് ?ഓരോ സൃഷ്ടിയും വിസ്മയകരം മാത്രമല്ല ,അവിശ്വസനീയവും അതിശയകരവുമാണ്. ഒരു ജീവി യഥാർത്ഥമാണെന്നത് പോലും വിശ്വസിക്കാനാവാത്ത വിധം അത് അതിശയകരമാണ് .അത് ആകെ ദുരൂഹതയാണ്. ഒന്നിനും ഉത്തരമില്ല. എല്ലാം ആയിരമായിരം വ്യാഖ്യാനാത്മക പാഠങ്ങളായി പിരിഞ്ഞുപോവുകയാണ്. വ്യാഖ്യാനങ്ങൾ യാഥാർത്ഥ്യത്തിൻ്റെ സ്ഥാനം നേടുകയാണ്. 

നക്ഷത്രങ്ങൾ നമുക്ക് അന്യരല്ല .നമ്മുടെ പിറവിക്കു കാരണമായ എത്രയോ മൂലകങ്ങൾ നക്ഷത്രങ്ങളിൽ കാണാം. ഫോസ്ഫറസ്,മഗ്നീഷ്യം, ഹൈഡ്രജൻ, കാർബൺ ,സൾഫർ തുടങ്ങിയവ നക്ഷത്രങ്ങളിലുണ്ട്, നമ്മളിലുമുണ്ട്.  അതുകൊണ്ടു നമ്മളും നക്ഷത്രങ്ങളെ പോലെയാണ് .പ്രപഞ്ചത്തെ ആരും മനസ്സിലാക്കരുതെന്നു ഉദ്ദേശമുള്ളതു പോലെ തോന്നും. നമ്മൾ കഥയറിയാതെ ആട്ടം കാണുകയാണ്. ഈ ആട്ടം തന്നെയാണ് ജീവിതം. ജീവിതത്തെ അറിയാൻ പല വഴികളിലൂടെ നടത്തുന്ന ശ്രമങ്ങളെല്ലാം എത്തിച്ചേരുന്ന അമൂർത്തമായ ഒരു പ്രക്രിയയാണ് ഭവിഷ്യജ്ഞാനം അഥവാ divination.

ഭൗതികജീവിതത്തിനും യഥാർത്ഥ്യത്തിനും അപ്പുറമുള്ള ഒരു തലത്തിലേക്ക് നാം എടുത്തുയർത്തപ്പെടുകയാണ്. മണ്ണിൽ തൊട്ടു നിൽക്കുന്ന നാം പ്രാർത്ഥനയിലൂടെയും ചിന്തയിലൂടെയും നക്ഷത്രങ്ങളിലേക്ക് ഉയർത്തപ്പെടുന്നു. നക്ഷത്രങ്ങൾ നമ്മുടെ കൈകൾക്ക് അപ്രാപ്യമാണ്. പ്രാർത്ഥനയിലൂടെ നാം കൈയെത്താത്ത ലക്ഷ്യത്തെ അംഗീകരിക്കുകയാണ്. കലാപ്രവർത്തനത്തിൽ ഇതാണുള്ളത്. ഏറ്റവും ഭൗതികമായ ഒരനുഭവത്തിന്റെ ഉള്ളിലേക്ക് കയറി ഒരു പ്രപഞ്ചം സൃഷ്ടിക്കുന്നു. അതാകട്ടെ ഉത്തരമില്ലാത്ത അനേകം ചോദ്യങ്ങൾ ഉയർത്തുന്നു. മഹാപ്രപഞ്ചങ്ങൾ ഓരോ ആശയത്തിനുള്ളിലേക്കും നിർമ്മിക്കപ്പെടുന്നു. കോടാനുകോടി ആശയങ്ങളുടെ ഗാലക്സികൾ മനുഷ്യൻ്റെ ആന്തരികവും ആത്മീയവുമായ ചിന്തകളിലൂടെ സൃഷ്ടിക്കപ്പെടുന്നു. ഇത് കണ്ടെത്തുന്നതാണ് മനസ്സിൻ്റെ ശക്തി.  ഒരു വ്യത്യസ്ത മനസാണ് കലയ്ക്ക്  അടിസ്ഥാനം. സവിശേഷ മനസ്സുള്ളവരാണ് ചലനങ്ങളോട് ഉന്നതമായ നിലയിൽ പ്രതികരിക്കുന്നത്. എല്ലാത്തിനോടും പ്രതികരിക്കാൻ എല്ലാവർക്കും സാധ്യമല്ല .അതിലോലമായ ചലനങ്ങളോടു പ്രതികരിക്കാൻ അതിസൂക്ഷ്മമായ അർത്ഥങ്ങൾ സ്വരൂപിക്കാനുള്ള ശേഷി വേണം. അലറിവിളിക്കലോ മുദ്രാവാക്യങ്ങളോ കലയിൽ പ്രധാനമല്ല. കലയിൽ അമൂർത്തതയ്ക്കെതിരെയാണ് യുദ്ധം. കലാകാരൻ തന്റെ വസ്തുവിൽ എത്രമാത്രം ഏകാഗ്രതയോടെ ചേർന്നിരിക്കുന്നുവോ അത്രത്തോളം അയാൾക്ക് അതിൻ്റെ അഭൗമമായ  പ്രകാശത്തെ ഉൾക്കൊള്ളാൻ കഴിയും.

അലൗകികമായ പ്രകാശം 

പതിനേഴാം നൂറ്റാണ്ടിലെ ഡച്ച് കലാകാരൻ വാൻ ഡി വെൽദെ (Van De Velde) വരച്ച Peasants and castle എന്ന ചിത്രം അലൗകികമായ മാനം വേർതിരിച്ചു മനസ്സിലാക്കി തരുന്നു. divination ഈ ചിത്രത്തിൻ്റെ മഹത്തായ നേട്ടമാണ്. കർഷകരും അവരുടെ കന്നുകാലികളുമാണ് വിഷയം. ഒരു ഗ്രാമപ്രദേശമാണ് ചിത്രത്തിലുള്ളത്. ഏതാനും മരങ്ങൾ കാണാം .ഒരു സ്ത്രീ മുഖം നോക്കുകയാണ്. അവളുടെ ഭർത്താവ് അത് നോക്കി നിൽക്കുന്നു. കറ്റകൾ ഒരു വശത്തുണ്ട്. കന്നുകാലികളിൽ മൂന്നെണ്ണം കിടക്കുകയാണ്. ദൂരെ പാടങ്ങളും പറമ്പുകളും കാണാം. ആകാശത്തിന്റെ ഒരു ഭാഗവുമുണ്ട് .വൃക്ഷങ്ങൾക്കിടയിൽ കാണുന്ന ആകാശവും പറമ്പും എത്ര തീവ്രമായി നമ്മെ ആവേശിക്കുന്നു. ചിത്രകാരൻ എന്താണോ വരയ്ക്കാൻ ഉദ്ദേശിച്ചത് അതിനപ്പുറമാണ് ഇത്. വസ്തുക്കളുടെ വിവരണത്തിനപ്പുറം സംവദിക്കുകയാണ്. ഒരു സൗന്ദര്യതീവ്രത കൂടിച്ചേർക്കപ്പെട്ടിരിക്കുന്നു. അലൗകികമായ പ്രകാശം ഈ ചിത്രത്തെ മനസ്സിലേക്ക് അടുപ്പിക്കുകയാണ്. മറ്റൊരാൾക്ക് സൃഷ്ടിക്കാനാവാത്ത സൗന്ദര്യമാണിതിലുള്ളത്. കലാകാരൻ സൃഷ്ടിച്ച divination .ജീവിതത്തിന്റെ അസ്ഥിരതയെയും ഭയാശങ്കകളെയും അതിനിടയിൽ കിട്ടാനിടയുള്ള  സമാധാനത്തെയും പ്രകാശിപ്പിക്കുന്ന ചിത്രമാണിത് .

ലോറൻസ് തുടർന്ന് എഴുതുന്നു: "ശുദ്ധമായ ശ്രദ്ധയുടെ ഒരു പ്രക്രിയ, നിങ്ങൾക്ക് അതിനു സിദ്ധിയുണ്ടെങ്കിൽ, തീർച്ചയായും അതിന്റേതായ ഒരു ഉത്തരം നൽകാതിരിക്കില്ല .നിങ്ങൾ തിരഞ്ഞെടുക്കുന്ന വസ്തുവിലാണ് പരിപൂർണ്ണമായ ശ്രദ്ധയുണ്ടാവുന്നത്. ഏതൊരു യഥാർത്ഥ കണ്ടെത്തലും ഏതൊരു മർമ്മപ്രധാനവും പ്രസക്തവുമായ തീരുമാനത്തിൽ എത്തിച്ചേരുന്നതും ഈ ഭവിഷ്യദർശനത്തിലൂടെയാണ്. ആത്മാവ് പ്രകമ്പിതമാവുകയാണ്. അതിലൂടെ ശുദ്ധമായ ശ്രദ്ധയുണ്ടാകുന്നു. ഇതാണ് കണ്ടെത്തൽ." ഒരു വസ്തുവിനെ ശ്രദ്ധിക്കുക എന്നു പറയുന്നത് കലാപ്രവർത്തനത്തിന്റെ ഏറ്റവും സൂക്ഷ്മമായ തലമാണ്. എന്തുകൊണ്ട് ശ്രദ്ധിക്കുന്നു ?അതിനു ഒരു മാനമുള്ളതുകൊണ്ടാണ് .ആ മാനവുമായി കലാകാരൻ മാത്രമാണ് സംവദിക്കുന്നത് .

ജനസാമാന്യത്തിന്റെ വിവക്ഷകൾക്കൊത്തല്ല ഫ്രഞ്ച് പെയിന്റർ ജോർജ് ലോഗി(Georges Laugee)Women in the Fields(1900) എന്ന ചിത്രം വരച്ചത് .അപാരമായ ഒരു വിനിമയത്തിലേക്ക് ഈ ലോകത്തെ ഉയർത്തിക്കൊണ്ടു പോകുന്ന ഒരന്തരദർശനമാണത്. ദൈവമെന്ന ഒന്നുണ്ടെങ്കിൽ അത് ഈ ചിത്രത്തിലും അനുഭവിക്കാം. ജീവിതത്തിൽ നാം കാണാനാഗ്രഹിച്ച അഭൗമരസാത്മകതന്തുക്കൾ ഈ ചിത്രത്തിൽ നിറഞ്ഞു നിൽക്കുകയാണ്. മനുഷ്യൻ അറിയാത്ത ഒരു ലീലയുടെ പ്രത്യക്ഷതയാണിത്. ഏതാനും സ്ത്രീകൾ കറ്റ ചുമന്നുകൊണ്ടു പോവുകയാണ്. കൊയ്യാൻ ബാക്കിയുള്ള പാടം പശ്ചാത്തലത്തിൽ കാണാം .എന്നാൽ നടുക്കുന്ന ഒരാവിർഭാവം പോലെ ഭാഗികമായി കാർമേഘത്താൽ മൂടിയ ആകാശവും കാണാം. എവിടെ നിന്നാണ് അതിമനോഹരമായ ഈ ആഖ്യാനം വരുന്നത്?കലയിൽ അർത്ഥമല്ല ആദ്യം തിരയേണ്ടത്, ഈ ആഖ്യാനമാണ്. എന്തുകൊണ്ട് ചിത്രകാരൻ ഈ  സ്ത്രീകളെ തിരഞ്ഞെടുത്തു? അതിനു തീവ്രത വർദ്ധിപ്പിക്കാനായി തീ നിറമുള്ള ചെടികൾ പശ്ചാത്തലത്തിൽ  വരച്ചിരിക്കുന്നു. ആകാശമാകട്ടെ വളരെ മാനുഷികമാണ്. എല്ലാം മാനുഷികമാക്കപ്പെട്ടിരിക്കുന്നു. ഏത് വസ്തുവും കലയിൽ മാനുഷികമാക്കപ്പെടുകയാണ് ചെയ്യുന്നത്.

മനുഷ്യവിഷാദത്തെയും ജീവിതത്തിൻ്റെ അസ്ഥിരതയെയും അത് അന്തർവഹിക്കുകയാണ്. തൊഴിലാളികൾ ജോലി ചെയ്യുന്നതിൻ്റെ ഒരു നിമിഷമാണിത്.അവർ സഞ്ചരിക്കുന്നത് നമ്മുടെ ഹൃദയത്തിലൂടെയല്ല ;ഈ മഹാപ്രപഞ്ചത്തിലെ അനന്യമായ ഒരു വിതാനത്തിലൂടെയാണ് .അവർ പാടത്ത് നിന്നു ഒരു പാതയിലേക്ക് എത്തുകയാണ്. അവർ എന്തെങ്കിലും പറയുന്നുണ്ടാകും ,തീർച്ച.ഇതിലെ പ്രകാശവിന്യാസവും വർണസഞ്ചയവും കലാകാരന്റെ 'ശ്രദ്ധ'യുടെ ഭാഗമാണ്. ലോറൻസ് പറയുന്ന പവിത്രമായ ശ്രദ്ധ ഇതാണ്. ശ്രദ്ധയുടെ ഉത്തരം ഈ വർണ്ണ വിന്യാസവും പ്രകാശധാരയുമാണ്. ഇത് മനുഷ്യാസ്തിത്വത്തിനു മഹത്വത്തിൻ്റെയും സൗന്ദര്യത്തിന്റെയും അധികമാനം നൽകുകയാണ്. ലോറൻസിന്റെ ഉത്തരമാണിത്. കലാകാരൻ എത്തിച്ചേരുന്ന തീക്ഷ്ണ സൗന്ദര്യമുഹൂർത്തവും ഇതുതന്നെയാണ് .ഈ ചിത്രത്തിലെ ഓരോ വസ്തുവിലും കലാകാരൻ ധ്യാനിച്ചു. അതിനു സൗന്ദര്യമുണ്ടാകാനുള്ള കാരണം ഇതാണ് .കലാവസ്തുക്കളിൽ കലാകാരൻ ജീവിതം തേടുകയാണ്. അയാൾക്ക് തുറക്കാനുള്ള ലോകമാണ തിലുള്ളത്. ഇത് പ്രവചനാത്മകമാണെന്നു ലോറൻസ്  നിരീക്ഷിക്കുന്നു .ഇത് നമ്മുടെ കൺമുന്നിലുള്ളതല്ല .അതേസമയം നമ്മുടെ ഭാവിയിലുള്ളതാണ്. ആലോചനയിലൂടെയും ദർശനത്തിലൂടെയുമാണ് ആ ഭാവിയിലെത്തിച്ചേരുന്നത് .അത് പ്രവാചകമനസ്സിൻ്റെ സംഭാവനയാണ്. കലാകാരനിൽ പ്രവാചകൻ ജീവിക്കുന്നു. കലയാണ് ,സൗന്ദര്യമാണ് ആ പ്രവാചകന്റെ മതം. ആത്മാവിൻ്റെ പ്രകമ്പനമാണ് സംഭവിക്കുന്നത് .വളരെ തീവ്രമായ, ആസക്തമായ ,ഭ്രമിപ്പിക്കുന്ന കലാവിദ്യ ഈ ലോകത്തെ പ്രവചിക്കുകയാണ്. ലോകത്തിൽ നിലീനമായിരിക്കുന്ന സൗന്ദര്യത്തെക്കുറിച്ച് ദീർഘദർശനം ചെയ്യുകയാണ് കലാകാരൻ.

പരമമായ ശ്രദ്ധ 

ലോറൻസ് തന്റെ കലാസിദ്ധാന്തം ഇവിടെ അവതരിപ്പിക്കുന്നുണ്ട്:
"It is the same with the study of stars,or the sky of stars.Whatever object will bring the consciousness into a state of pure attention ,in a time of perplexity ,will also give back an answer to the perplexity." നക്ഷത്രങ്ങളെക്കുറിച്ച്, ആകാശത്തെക്കുറിച്ച് പഠിക്കുമ്പോൾ ഇവിടെ തന്നെ നാം എത്തിച്ചേരുമെന്നാണ് ലോറൻസിന്റെ ചിന്ത .ഒരു പരമമായ ശ്രദ്ധയിലേക്ക് നമ്മുടെ ബോധത്തെ കൊണ്ടുവരുന്നത് ഏത് വസ്തുവായാലും, കുഴപ്പിക്കുന്ന ഒരു സമയത്ത് ,അത് ഈ സമസ്യയ്ക്ക് ഉത്തരം തരും. കലാവസ്തു സൃഷ്ടിയുടെ വേളയിലേക്ക് നയിക്കുകയാണ്. അത് ശുദ്ധമായ ശ്രദ്ധയാണ് തരുന്നത് .ഒരു വ്യക്തികേന്ദ്രീകരണമാണത്. ഒരാളുടെ ശ്രദ്ധ അതിൽ കേന്ദ്രീകരിക്കുകയാണ്. ഒരാളുടെ അസ്തിത്വം അതിൽ കേന്ദ്രീകരിക്കുകയാണ്. ഒരു  അന്തർമണ്ഡലത്തിലേക്ക് കലാകാരൻ ഉൾവലിയുന്നു. അത് ആന്തരിക ശ്രദ്ധയാണ് .അത് അറിവ് നൽകുകയാണ് .അത് വെളിപാടായി മാറുകയാണ്. സമൂഹത്തിലെ ഒരു വ്യവസ്ഥയ്ക്കും നൽകാൻ കഴിയാത്ത അറിവും ശാന്തിയുമാണ് സ്തോഭജനകമായ അവസ്ഥയിലൂടെ സഞ്ചരിച്ചു കലാകാരൻ അനുഭവിക്കുന്നത്. കലാവസ്തു മനസ്സിലുണ്ടാക്കുന്ന പരമശാന്തത അല്ലെങ്കിൽ ശ്രദ്ധ ഒരു സമസ്യയാണ്. ആ സമസ്യയ്ക്ക് ഉത്തരം ആ കലാവസ്തു തന്നെ തരുമെന്നാണ് ലോറൻസിൻ്റെ സിദ്ധാന്തം. വിവരിക്കാനാവാത്ത അവസ്ഥയിലാണ് വസ്തു കലാകാരൻ്റെ മനസ്സിലേക്ക് പ്രവേശിക്കുന്നത്. കറ്റയുമായി പോകുന്ന സ്ത്രീകളെ പലരും പലപ്പോഴും കണ്ടിട്ടുണ്ടാകും .എന്നാൽ അവരാരും ലോഗിയുടെ കണ്ണിലൂടെ അത് കണ്ടിട്ടില്ല. ലോഗിപോലും അത് ജീവിതത്തിൽ ഒരിക്കൽ മാത്രമാവും അനുഭവിച്ചിട്ടുണ്ടാവുക. ആകസ്മികമായി അത് ഉണ്ടായതാണ്.  അതിനായി മുൻകൂട്ടി പ്ലാൻ ചെയ്തിരുന്നില്ല. ഒരു വസ്തുവിലേക്കുള്ള നോട്ടം ചിലപ്പോൾ വലിയ തിരിച്ചറിവും അർത്ഥവുമായി പരിണമിക്കുകയാണ് .ഉന്നതമായ ശ്രദ്ധ എപ്പോഴും ഉണ്ടാവുകയില്ല. അതിനൊരു നിമിഷം വേണം .അത് ഒരു ഉണർവ്വാണ്. ഉണർവ്വിൻ്റെ സൂചിമുനയാണ്. അത് സൗന്ദര്യത്തിന്റെ ആഘാതമാണ്. 

അർത്ഥമല്ല ,ആഖ്യാനം 

അപൂർവ്വനിമിഷത്തിൽ ഒരു വെളിപാടുപോലെ വസ്തു ഉരുത്തിരിയുമ്പോൾ കലാകാരൻ നടുക്കത്തോടെ പുതിയൊരു സുവിശേഷം ഗ്രഹിക്കുന്നു .എന്തിനാണ്, എങ്ങനെയാണ് എന്നൊന്നും അറിയാത്ത സൗന്ദര്യാനുഭവമാണത്. അതിൻ്റെ അർത്ഥം എന്താണെന്നു തിരയാൻ കലാകാരൻ അശക്തനാണ്. ലോഗിയുടെ ചിത്രത്തിൻ്റെ അർത്ഥമെന്താണെന്നു ചോദിച്ചാൽ പലർക്കും പല അർത്ഥങ്ങൾ കണ്ടെത്താൻ കഴിഞ്ഞേക്കും. എന്നാൽ ലോഗി ഒരർത്ഥം സൃഷ്ടിക്കാൻ വേണ്ടിയല്ല അത് വരച്ചത്. അർത്ഥം കൈയിലുണ്ടായിരുന്നെങ്കിൽ വരയ്ക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. ആ അർത്ഥം എഴുതിവെച്ചാൽ മതിയായിരുന്നു. അത് ആളുകൾ മനസ്സിലാക്കുമായിരുന്നു. എന്നാൽ കലാകാരന് അർത്ഥമല്ല പ്രധാനം; അപൂർവവും അഭൗമവുമായ രസാത്മകതന്തുക്കളാണ് .അതിലാണ് കലാകാരന്റെ പ്രാണനിരിക്കുന്നത്. അർത്ഥമല്ല, അനുഭവമാണ് ലഭിക്കുന്നത്.കറ്റയുമായി പോകുന്ന സ്ത്രീകൾ ആശയപരമായ ഒരു വ്യാഖ്യാനമല്ല .അത് ജീവിതത്തിൽ മറയ്ക്കപ്പെട്ട ഒരു വലിയ പ്രലോഭനത്തിന്റെ, ചാരുതയുടെ, അപാരതയുടെ ദൃശ്യതയാണ്. അത് എവിടെയുമില്ലാത്ത പ്രകാശധാരയായിരുന്നു. അതിനു വേണ്ടിയാണ് കലാകാരൻ അലഞ്ഞത്.  സ്ത്രീകൾ കറ്റയുമായി നടക്കുന്നത് , വരച്ചാൽ കിട്ടാത്ത മനോഹാരിതയായി ലോഗി കണ്ടെത്തുന്നു. ഈ കണ്ടെത്തൽ അദ്ദേഹത്തിൻ്റെ ആന്തരികമായ രസാത്മകതയുടെ അലൗകിക തലമാണ് കാണിച്ചുതരുന്നത് .അലൗകികത നമ്മുടെ കൈപ്പിടിക്കുള്ളിലല്ല, അത് പ്രവചനാത്മകമാണ് .ലോറൻസ് ആ പ്രവചനാത്മകതയ്ക്ക് ഊന്നൽ  നൽകുന്നുണ്ട്.കറ്റയേന്തിയ സ്ത്രീകളുടെ ചലനത്തിൻ്റെ നൈമിഷികമായ ആകർഷണം പകർത്തുകയാണ്.  പശ്ചാത്തലത്തിലെ പ്രകൃതിയുടെ ഭംഗിയും വാക്കുകൾ കൊണ്ട് പകരാനാവാത്തതാണ്. ഈ ഭംഗിയാണ് കലാകാരന്റെ അവ്യവസ്ഥയ്ക്ക്, സങ്കീർണതയ്ക്ക് ,സമസ്യയ്ക്ക്  ഉത്തരമായി മാറുന്നത് .

ഒരു വസ്തുവിലേക്ക് പരമശ്രദ്ധയിൽ നോക്കുമ്പോൾ അത് സമസ്ത ജീവിതങ്ങളുടെയും അന്വേഷണങ്ങളുടെയും ആത്യന്തികമായ അറിവിൻ്റെ ചെറുരൂപമാകുകയാണ് ചെയ്യുന്നത്. എല്ലാം കണ്ടും കേട്ടുമല്ല കലാകാരൻ്റെ അത്ഭുതകവിത പ്രവർത്തിക്കുന്നത്. വാൻഗോഗ് ഉരുളക്കിഴങ്ങു വരയ്ക്കുമ്പോൾ അത് ഉരുളക്കിഴങ്ങിൽ ഒതുങ്ങുന്നില്ല. സമസ്ത ജീവിതങ്ങളുടെയും വസ്തുക്കളുടെയും അർത്ഥമായി പരിണമിക്കുന്നു. ഉരുളക്കിഴങ്ങിൽ വാൻഗോഗ് തന്റെ ശ്രദ്ധ കേന്ദീകരിക്കുന്നു. അത് വേദനാജനകമായ പ്രാർത്ഥനയായിത്തീരുന്നു. അങ്ങനെ വാൻഗോഗ് തന്റെ ബോധത്തിന്റെ കേന്ദ്രത്തിൽ അതിനെ പ്രതിഷ്ഠിക്കുന്നു. അപ്പോൾ ഉരുളക്കിഴങ്ങ് അനാവരണം ചെയ്യുന്നത് സമസ്ത ജീവിതങ്ങളുടെയും വിധിയാണ് .ഇങ്ങനെയേ വലിയ കലാകാരന്മാർക്ക് സൃഷ്ടിയിൽ ഏർപ്പെടാനാവൂ. ഒരു ചെറിയ വസ്തുവിനെയാണ് ചിത്രീകരിക്കുന്നതെങ്കിൽ പോലും അതിൽ ലോറൻസ് സൂചിപ്പിക്കുന്ന  ഭവിഷ്യകഥനം സംഗതമാണ്.

ഒരു പുല്ല് വെറും പുല്ലല്ല 

സൂര്യനു കീഴിലുള്ളതെല്ലാം വ്യർത്ഥമാണെന്ന പഴയനിയമത്തിലെ സഭാപ്രസംഗകന്റെ പ്രസ്താവന സൃഷ്ടികർത്താവിൻ്റെയുള്ളിലും സ്വാഭാവികമായി രൂപപ്പെടുന്നു.ലോറൻസ് നിരീക്ഷിക്കുന്നത് ഏറ്റവും ചെറിയ വസ്തുവിലും ഒരു കലാകാരനു സ്വയം ദർശിക്കാൻ കഴിയുമെന്നാണ്. സ്വയം ദർശിക്കുക എന്നു പറഞ്ഞാൽ വ്യക്തിപരമായ കാര്യങ്ങളല്ല; പ്രാപഞ്ചികമായ പ്രവചനമാണ്. കലാകാരൻ സ്വയം പ്രതിനിധാനം ചെയ്യുന്നതിനു പകരം വിധിയെ പ്രതിനിധീകരിക്കുന്നു. സകല ജീവികളുടെയും ദ്വന്ദാത്മകതയെയും അനശ്വരമായ വിധിയെയും പ്രതിനിധീകരിക്കുന്നു. കിരാതമായ  പ്രവൃത്തികൾക്ക് പലതിനെയും നശിപ്പിക്കാനാവും. പക്ഷേ അതിൻ്റെ ഫലം നിലനിൽക്കണമെന്നില്ല.  മനുഷ്യജീവിയല്ല ഈ ഭൂമുഖത്ത് എല്ലാ ജീവികളെയും താങ്ങിനിർത്തുന്നത്. ഇത് വലിയൊരു സത്യമാണ്. ലോറൻസ് പറയുന്നു:
"It is the grass  of the field ,most frail of all things ,that supports all life all the time." വെറും പുല്ല്, ഏറ്റവും ദുർബ്ബലമായ പുല്ല് എല്ലാ ജീവിതങ്ങളെയും  നിലനിർത്തുന്നുവെന്ന്. തൃണവൽഗണിക്കുക എന്ന് ഒരു ചൊല്ല് മലയാളത്തിലുണ്ട് .തൃണവൽഗണിക്കുന്നവൻ്റെ മനസ്സ് ശരിയല്ല; പുല്ല് ആ അവഗണനയിൽ ഇല്ലാതാവില്ല. വെറും പുല്ലായി തള്ളിക്കളയാനാവില്ല പുല്ലിനെ. പുല്ലിന്റെ മുന്നിൽ ഒരു സാമ്രാജ്യവുമില്ല; ഒരുത്തനും ഭക്ഷണം കിട്ടുകയില്ല .എല്ലാ ധാന്യങ്ങളും പുല്ലിൽ  നിന്നാണ് വരുന്നത് .ധാന്യം തരുന്നതെല്ലാം പുല്ലായി ജന്മമെടുക്കുന്നു. പുല്ല് ഉണ്ടായിരുന്നില്ലെങ്കിൽ ഹെർക്കുലീസിനോ നെപ്പോളിയനോ  ഹെൻറി ഫോർഡിനോ ഈ ഭൂമിയിൽ അസ്തിത്വം ഉണ്ടാകുമായിരുന്നില്ല. ക്രൂരമായ ശക്തികൾ പല സസ്യങ്ങളെയും നശിപ്പിച്ചു. എന്നാൽ സസ്യങ്ങൾ പിന്നെയും മുളച്ചുപൊന്തുന്നു. ബുദ്ധനും ക്രിസ്തുവിനും മുമ്പ് രാപ്പാടികൾ പാടി. ബുദ്ധൻ്റെയും ക്രിസ്തുവിൻ്റെയും വാക്കുകൾ മറവിയിലേക്ക് പോയിക്കഴിഞ്ഞാലും രാപ്പാടികൾ പാടിക്കൊണ്ടിരിക്കും. എന്തെന്നാൽ അവ ഒന്നും പ്രബോധനം ചെയ്യുന്നില്ല , പഠിപ്പിക്കുന്നില്ല ,നിർബന്ധിക്കുന്നില്ല. അവ പാടുക മാത്രം ചെയ്യുന്നു."

അവയ്ക്ക് വാക്കുകൾ പോലും വേണ്ട. ശബ്ദം മതി. എത്ര ഉദാരവും സ്നിഗ്ദ്ധവും സുന്ദരവും സ്വാഭാവികവും മിതവും സ്നേഹാത്മകവുമാണ് അവയുടെ ജീവിതം. ഇതാണ് കലാകാരൻ ആവിഷ്കരിക്കാൻ ശ്രമിക്കുന്നത്. എല്ലാ തേരോട്ടങ്ങളുടെയും അടിയിൽ നിത്യമായി സ്പന്ദിക്കുന്നതെന്തെന്ന ചോദ്യം ഒരു മിന്നൽ പോലെ അവൻ്റെ മനസ്സിൽ ഉദിച്ചുയരുന്നു .അതിനുള്ള ഉത്തരം ലഭിക്കുന്നു. ഈ പ്രകൃതിയുടെ പരപ്പിൽ അതിനുള്ള ഉത്തരമുണ്ട്. നിത്യമായ ചില ആവിർഭാവങ്ങളുണ്ട് .എത്ര തകർത്താലും ജീവൻ പിന്നെയും ശേഷിക്കുന്നു. വിത്തായി ,മുട്ടയായി, തണ്ടായി അത് ശേഷിക്കുന്നു. മണ്ണിനടിയിലേക്ക് തള്ളിയാലും എവിടെനിന്നോ അത് വീണ്ടും മുളയ്ക്കുന്നു. എത്ര അതിജീവനശേഷിയാണ് അവയ്ക്ക്. ഈ കരുത്ത് ,അപ്രതിരോധ്യത , അതിജീവനശേഷി എന്നിവയാണ് കലാകാരൻ തന്റെ മൃദുവായ സംവേദനക്ഷമതയിലൂടെ തൊട്ടറിയാൻ ശ്രമിക്കുന്നത്.

ലോറൻസിന്റെ കലാസിദ്ധാന്തങ്ങളിൽ നാം കാണുന്നത് മനസ്സിന്റെ ഉന്നതമായ അവസ്ഥയിൽ തെളിയുന്ന വസ്തുവിൻ്റെ ചിത്രമാണ്. ഉത്തരം കിട്ടാതെ അലയുന്ന നിമിഷത്തിൽ എത്തിച്ചേരുന്ന ഒരു ബിന്ദുവുണ്ട്. അത് ഭാവിജീവിതത്തെയും പ്രതിപാദിക്കുന്ന ഒരു രൂപമോ ആശയമോ ആയിരിക്കും. എട്രൂസൻ ശവകുടീരത്തിൽ വരച്ചുവച്ചിരിക്കുന്ന പക്ഷി എവിടെയാണ് പറക്കുന്നത്?അത് ജീവിക്കുന്ന പ്രപഞ്ചത്തിലൂടെ വികാരങ്ങളായി പറക്കുന്നു; പ്രതീക്ഷകളായി മനുഷ്യഹൃദയത്തിലൂടെ പറക്കുന്നു .അല്ലെങ്കിൽ ചിന്തകളായി മനുഷ്യമനസ്സിലൂടെ പറക്കുന്നു. കുഴിമാടത്തിൽ വരച്ചുവച്ചിരിക്കുന്ന പക്ഷി ഒരു ലെൻസാണ്. എല്ലാത്തിന്റെയും സങ്കീർണമായ ജീവിതവിധിയെ സൂക്ഷ്മമായി അറിയാനുള്ള ലെൻസ് .

ണ്ഡലിനിപ്പാട്ട് :ഒരു സൗന്ദര്യാത്മക ദൈവത്തെ തേടി -3/എം.കെ.ഹരികുമാർ

 

അഭിമുഖം എം.കെ.ഹരികുമാർ / ഡോ. തോമസ് സ്കറിയ

 




"എന്നെത്തന്നെയാണ് വായിക്കുന്നത് ;എന്നെത്തന്നെയാണ് എഴുതുന്നത്


ചോദ്യം: 'ഖസാക്കിൻ്റെ ഇതിഹാസ'ത്തിൽ നിന്നു തുടങ്ങാം. എം.കെ. ഹരികുമാർ എന്ന നിരൂപകൻ്റെ അടയാളപ്പെടുത്തൽ ഖസാക്കുമായി ബന്ധപ്പെട്ടിരിക്കുന്നു. ആ ചരിത്രം ഒന്നു വിവരിക്കാമോ?

എം.കെ.ഹരികുമാർ:ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് ഖസാക്കിൻ്റെ ഇതിഹാസം വായിച്ചത് .പിന്നീട് കോളേജിൽ പഠിക്കുമ്പോഴും വായിച്ചു. എന്നാൽ പോസ്റ്റ് ഗ്രാജുവേഷന് മൂവാറ്റുപുഴ നിർമ്മല കോളേജിൽ പഠിക്കുമ്പോൾ 'ഖസാക്കിന്റെ ഇതിഹാസ'ത്തെ കുറച്ച് കൂടി ആഴത്തിൽ വായിച്ചു. അങ്ങനെയാണ് 'ആത്മായനങ്ങളുടെ ഖസാക്ക്' ഉണ്ടായത്. അത് എൻ്റെ Impressions എന്ന നിലയിലാണ് ആവിഷ്കൃതമായത്. ഒരു കവിതയുടെ സർഗ്ഗപരമായ പ്രശ്നങ്ങൾ അതിലുണ്ട്. അത് യുക്തിപൂർവ്വം അപഗ്രഥിച്ച് എഴുതിയ വിമർശനമല്ലെന്നാണ് തോന്നുന്നത്. എൻ്റെ മനസിൽ നിന്നു തനിയെ വന്നതാണത്. ഒരു വ്യക്തിഗത വായനയാണത് .വായനയുടെ അനുഭൂതിയാണ്. വായിക്കുമ്പോൾ മനസ്സിൽ വരുന്നതെല്ലാം കലയായി പരിവർത്തനം ചെയ്യപ്പെടുകയായിരുന്നു. പൂത്തുലഞ്ഞു നിൽക്കുന്ന വൃക്ഷങ്ങളിൽ ശക്തമായ ഒരു കാറ്റ് വന്ന് പതിച്ചാലുണ്ടാകുന്ന ചലനങ്ങൾക്ക് സമാനമാണത്. ഇലകളും പൂക്കളും കാറ്റിൽ പറന്നു വരും .പൂക്കളുടെ ഗന്ധം അന്തരീക്ഷമാകെ പടരും. ആത്മായനങ്ങളുടെ ഖസാക്കിലെ ഭാഷ അങ്ങനെയായിരുന്നു. 1984 ലാണ് അത് പുറത്തുവന്നത്. ഒരു നോവലിനെക്കുറിച്ച് മാത്രമായി ഒരു ആത്മാവിഷ്കാരം ആദ്യമായാണ് മലയാളത്തിൽ ഉണ്ടാകുന്നത് ,ഒരു നോവലിനെക്കുറിച്ച് മറ്റൊരു കൃതി എന്ന നിലയിൽ നോക്കുമ്പോൾ. വിമർശനം എന്ന് പറയുമ്പോൾ അവിടെ യുക്തിയും പ്രബന്ധവുമെല്ലാമാണ് ഓർമ്മയിലെത്തുന്നത് .എന്നാൽ വിമർശത്തെ ഒരു എഴുത്തുകാരന്റെ ആത്മാവിന്റെ കലാനുഭവമായി, സറിയലിസ്റ്റ് ഇംപ്രഷൻസ് എന്ന തലത്തിൽ, കാവ്യാനുഭവം എന്ന ഗണത്തിൽ വരുന്നത് ആദ്യമായിട്ടായിരുന്നു.

സ്വാഭാവികമായും അത് വിനിമയപരമായി ചില പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. അത് അതാര്യതയുടെ തലമാണ്. കലയിൽ അതാര്യത നിഷിദ്ധമല്ല .അത് ആസ്വാദനത്തെ ആശ്രയിച്ചിരിക്കുന്നു. കലാസൃഷ്ടി എന്ന് പറയുന്നത് പൂർണമായി നമുക്ക് മനസിലാക്കാൻ കഴിയുന്നതല്ല. അതിന് പല വ്യാഖ്യാനങ്ങളുണ്ടാവുന്നത് അതുകൊണ്ടാണ്. അതുകൊണ്ട് ഭാഗികമായ വിനിമയങ്ങൾ ഉൾക്കൊണ്ട് കൂടുതൽ അർത്ഥതലങ്ങളിലേക്ക് പോകാൻ വായനക്കാരൻ വിധിക്കപ്പെട്ടിരിക്കുന്നു. ഒരു വിഷയം തിരഞ്ഞെടുത്തശേഷം അത് സമർത്ഥിക്കാനായി നോവൽ  വായിക്കുകയല്ല ഞാൻ ചെയ്തത്. നോവൽ വായിച്ചപ്പോൾ ഞാൻ എന്നെയും വായിച്ചു. നോവൽ വായന എന്നെക്കുറിച്ചുള്ള ചിന്തയായി .എന്നെത്തന്നെയാണ് ഞാൻ വായിക്കുന്നത്. എന്നെത്തന്നെയാണ് ഞാൻ എഴുതുന്നത്. 

ജീവിതം ഒരു സറിയലിസ്റ്റിക് ഭാവന 

ഞാൻ ഉള്ളിൽ സാക്ഷാത്കരിച്ചത് ഇതിലൂടെ പുറത്തുവന്നു.അത് സ്ഥിരമായ ഒരു സാക്ഷാത്കാരമല്ല.  ചിലപ്പോൾ ഭാവനയ്ക്കും അപ്പുറത്തേക്ക് പോയി. ജീവിതം ഒരു സറിയലിസ്റ്റിക് ഭാവനയാണ്. അതു കൊണ്ട് അല്പം ഹിസ്സീരിയ നമ്മുടെ പെരുമാറ്റത്തിലുണ്ടാവും .അത് നമ്മൾ അറിയണമെന്നില്ല. 'ആത്മായനങ്ങളുടെ ഖസാക്കി'ലെ ഒരു ഭാഗം ശ്രദ്ധിക്കുക: "ഖസാക്കിനെ  കരിമ്പനകളും മനുഷ്യരും നൽകിയ വർണ്ണബോധത്തിലല്ല എഴുത്തുകാരൻ പ്രതിഫലിപ്പിക്കുന്നത് ;എല്ലാ ജീവികളുടെയും വസ്തുക്കളുടെയും അനിയന്ത്രിതവും അലൗകികവുമായ ചോദനകളെ പേറുന്ന പ്രപഞ്ചശരീരം എന്ന നിലയിലാണ്. ആയുസ്സിൻ്റെ  അനാദിയായ സ്പർശങ്ങളും ഉണ്മയുടെ അജ്ഞ്ഞേയമായ പൊരുളുകളും ദുഃഖമുണർത്തി കിടക്കുന്ന പ്രസാദമാണ് വിജയൻ ലക്ഷ്യമാക്കുന്നത് .അതിനായി മനസ്സ് അണു മുതൽ പ്രപഞ്ചം വരെ യാത്ര ചെയ്യുന്നു. സ്വന്തം ഉടലിൽ  സ്പർശിച്ചു നോക്കിയാൽ ലോകത്തിന്റെ സ്പന്ദനമറിയാം. ആത്മാവിന്റെ ഉടലിൽ സ്പർശിച്ചാൽ പ്രപഞ്ചസത്തയുടെ അനുരണനങ്ങളറിയാം.വിജയൻ്റെ  ആലോചനാവേളകളിൽ സൗന്ദര്യം മുഴുവൻ വഹിക്കുന്നത് പ്രസാദവും അനാഥത്വവും ചേർന്ന് സൃഷ്ടിക്കുന്ന വ്യാമിശ്രബോധമാണ് .ദു:ഖസമാധികളിലെങ്ങും ഭൂതകാലത്തിന്റെ സാന്ത്വന സംഗീതം കേട്ടില്ല. ഓർമ്മകളുടെ രക്ഷകയായ പ്രസാദം ജീവിക്കുന്നു."

ഈ ഭാഷ എങ്ങനെയാണ് ഉണ്ടാകുന്നത്? ഇത് ഒരു വെളിപാട് ശബ്ദമല്ല. ഇത് എനിക്ക് വ്യാഖ്യാനിക്കാനാവില്ല.എന്നാൽ വിശ്വകവി വില്യം ബ്ളേക്ക്, സംഗീതജ്ഞൻ ബിഥോവൻ ,ചിത്രകാരൻ ഹെൻറി മാറ്റിസ്, തത്ത്വചിന്തകനായ ഷോപ്പനോർ തുടങ്ങിയവരെ അടുത്തറിയുന്ന ഒരു എഴുത്തുകാരന്, വായനക്കാരന് ഇതിലൂടെ കൂടുതൽ ദൂരം സഞ്ചരിക്കാൻ കഴിയും.

Where there is a way or path ,it someone else's path.
-Joseph Campbell

ചോദ്യം: ഇപ്പോൾ ആത്മായനങ്ങളുടെ ഖസാക്ക് എവിടെയാണ് കിട്ടുക ?

എം.കെ: ചാത്തന്നൂരിൽ സുജിലി പബ്ളിക്കേഷൻസ് അടുത്തിടെ ആത്മായനങ്ങളുടെ ഖസാക്കിൻ്റെ ഒരു പുതിയ പതിപ്പ് പ്രസിദ്ധീകരിച്ചു. ഇതിനുപുറമേ ഈ നിരയിൽ രണ്ടു പുസ്തകങ്ങളും അവർ പുറത്തു കൊണ്ടുവന്നു. ആത്മായനക്കളുടെ ഖസാക്കിൻ്റെ രചനയെപ്പറ്റി ,അത് എഴുതാനുണ്ടായ പ്രേരണയെപ്പറ്റി ,അതിൻ്റെ ആത്മീയാനുഭവങ്ങളെപ്പറ്റി ഞാൻ എഴുതിയ 'ആത്മായനങ്ങളുടെ ജനിതകം' എന്ന പുസ്തകമാണ് അതിലൊന്ന്. ജനിതകം പോലൊരു  കൃതി മലയാളത്തിൽ ആദ്യമാണ് .ഒരു വിമർശകൻ അയാളുടെ കൃതിയുടെ ആത്മകഥ എഴുതുകയാണ്.'ഒ.വി.വിജയൻ സമസ്യകൾ' എന്ന പുസ്തകമാണ് മറ്റൊന്ന്. സമീപകാലത്ത് വിജയനെക്കുറിച്ച് എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണിത്. 

ചോദ്യം:നമ്മുടെ നിരൂപകർ സംസ്കാരപഠനത്തിൻ്റെ വലയത്തിലകപ്പെട്ട ഒരു കാലത്ത് അത്തരം പഠനങ്ങളുടെ പിന്നാലെ പായാൻ തയ്യാറാകാത്ത ഒരാളായി എം.കെ. ഹരികുമാറിനെ വിലയിരുത്താം. എന്താണ് അതിനെക്കുറിച്ച് താങ്കൾക്ക് പറയാനുള്ളത്?

ഭാഷയിൽ നവീനമായ ഒരു ബ്രഷ് സ്ട്രോക്ക് വേണം 

എം.കെ:സംസ്കാരപഠനങ്ങൾ ഉത്തരാധുനികതയുടെ ഭാഗമായാണ് രൂപപ്പെടുന്നത് .സാഹിത്യത്തിന്റെ സൗന്ദര്യത്തെക്കുറിച്ച്, ഒരു ഭ്രാന്തനെപ്പോലെ, അന്വേഷിച്ചിരുന്ന വിമർശനരീതിക്ക് പകരം പ്രാദേശികത, സ്വത്വം, കീഴാളത്വം ,സാമ്രാജ്യാത്വാനന്തര സാംസ്കാരിക ദേശീയത തുടങ്ങിയ വിഷയങ്ങളിൽ ഊന്നിയുള്ള പഠനങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു. ഇത്തരം പഠനങ്ങൾ ചില യാഥാർഥ്യങ്ങൾ പുറത്തുകൊണ്ടുവരുന്നുണ്ട്. എഡ്വേർഡ് സെയ്ദ് ,ഹോമി കെ. ഭാഭ ,നാസിഹ് എൻ അയൂബി തുടങ്ങിയ  പണ്ഡിതന്മാരുടെ രചനകൾ ഈ രംഗത്ത് ശ്രദ്ധ നേടിയിരുന്നു. എന്നാൽ സാഹിത്യത്തെ സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുന്നതിനായി സമീപിക്കുന്നത് എനിക്ക് തൃപ്തികരമായില്ല .ഖസാക്കിൻ്റെ ഇതിഹാസം വായിച്ചിട്ട് തസ്രാക്ക് എന്ന ഗ്രാമത്തിലെ ജീവിതരീതി ,ഷെയ്ക്ക്മാരുടെ  ജീവിതം ,കുതിരയോട്ടം, യുദ്ധങ്ങൾ, മിനാരങ്ങൾ, ഓത്തുപള്ളികൾ, പ്രാചീന മുസ്ലിം ജീവിതം ,ആചാരങ്ങൾ തുടങ്ങിയ കാര്യങ്ങളെപ്പറ്റി ഗവേഷണം നടത്തി എഴുതിയാൽ എങ്ങനെയിരിക്കും? എനിക്കത് അസഹ്യമാണ്. ഗവേഷണത്തിന്റെ ഓരോ നിമിഷത്തിലും കല മരിക്കും. ഞാൻ കലാപരമായ അനുഭവത്തിന് , സൗന്ദര്യത്തിന് പ്രാധാന്യം കൊടുക്കുന്നു. അതാണ് എന്നിൽ മൗലികമായിട്ടുള്ളത്. പാണ്ഡിത്യവും വായനയും രണ്ടാമതാണ് വരുന്നത് .സൗന്ദര്യത്തെ അന്വേഷിക്കുമ്പോൾ പുതിയതായി തോന്നണം. ഭാഷയിൽ നവീനമായ ഒരു ബ്രഷ്ട്രോക്ക് വേണം. ചിന്തയുടെ  വഴികൾ മാറണം .ലോകസാഹിത്യം ആർജിച്ച ഭാഷാപരമായ അവബോധം നമ്മളും ആർജിക്കണം .നല്ലൊരു വാക്യം എങ്ങനെ ഉണ്ടാകുന്നുവെന്ന് പഠിക്കണം.ഗദ്യം ഒരു സംസ്കാരമാണ്.ഗദ്യം കലാരൂപമാണെന്ന് ഞാൻ ചിന്തിക്കുന്നു.  
 
In order to understand I destroyed myself
- Fernando Pessoa


ചോദ്യം:ഒരക്കാദമിക് അല്ലാത്ത താങ്കൾക്ക് നിരൂപണലോകത്തു നിന്നും വേണ്ടത്ര പിന്തുണ ലഭിക്കാതെ പോയി  എന്ന് തോന്നിയിട്ടുണ്ടോ?

എം.കെ.ഹരികുമാർ :അക്കാദമിക് ആകാതിരുന്നത് എന്റെ ചോയ്സായിരുന്നു. ഞാൻ ഒരിക്കലും അധ്യാപകനാകാൻ ആഗ്രഹിച്ചില്ല. എന്നിലുള്ളതെല്ലാം ഞാൻ സ്വന്തമായി വഴി വെട്ടി ,വായിച്ചും പഠിച്ചും മനനം ചെയ്തും സൃഷ്ടിച്ചതാണ്. അക്കാദമിക്കുകൾക്ക് എൻ്റെ സ്വാതന്ത്ര്യം കിട്ടുകയില്ല. അവർക്ക് ചില വഴികളിലൂടെ പോയേ പറ്റൂ. ഞാനൊരു പുസ്തകം വായിക്കുന്നതോടെ ഒരു പുതിയ വഴി ഉണ്ടാവുകയാണ് ചെയ്യുന്നത്. ആരും ചിന്തിക്കാത്ത ഒരു വഴിയുണ്ടാകും.'വീണപൂവി'നെക്കുറിച്ചുള്ള പുസ്തകം ഉദാഹരണം. ഇവിടെ എല്ലാവരും വീണപൂവിനെ ഒരു കാമുകിയായാണ് കണ്ടിരുന്നത്; അധ്യാപക വിമർശകർ വിശേഷിച്ചും. ആശാൻ തൻ്റെ നഷ്ടപ്പെട്ട പ്രേമഭാജനത്തെ മനസ്സിൽ കണ്ട് എഴുതിയതാണത്രേ. എൻ്റെ വീണപൂവ് വായനയിലെ (വീണപൂവ് കാവ്യങ്ങൾക്ക് മുമ്പേ) ഈ കാഴ്ചപ്പാട് തകർന്നുവീഴുകയായിരുന്നു. ഞാൻ പൂവിനെ ഒരു പൂവായി മാത്രം കണ്ടു .അത് ഒരു പ്രതീകമല്ലെന്ന് എൻ്റെ പുസ്തകത്തിലൂടെ സ്ഥാപിച്ചു. ഒരു വസ്തുവിന് അതായിരിക്കാനുള്ള  അവകാശമുണ്ട്. ഏതൊരു വസ്തുവും അതിൻ്റെ അസ്തിത്വത്തിലാണുള്ളത്. ഒരു വണ്ട് വണ്ട് മാത്രമാണ് ;അത് മറ്റൊന്നുമല്ല. എൻ്റെ ഈ കാഴ്ചപ്പാടിനെ പിന്തുണച്ചുകൊണ്ട് കെ.പി. അപ്പൻ കലാകൗമുദിയിൽ എഴുതിയതോർക്കുന്നു.

എനിക്ക് പിന്തുണ കിട്ടിയില്ലെന്നത് ശരിയല്ല. ഇന്ന് എന്റെ തലമുറയിൽ എനിക്ക് കിട്ടിയതുപോലെ പിന്തുണ വേറെ ആർക്കും കിട്ടിയിട്ടില്ല .എന്റെ പുസ്തകങ്ങൾക്ക് നല്ല പിന്തുണ ലഭിച്ചു. എൻ്റെ കൃതികളെക്കുറിച്ച് ഡോ.സുകുമാർ അഴീക്കോട്, ഡോ. ചാത്തനാത്ത് അച്യുതനുണ്ണി ,ഡോ.എം.ലീലാവതി, ഡോ. പ്രദീപൻ പാമ്പിരിക്കുന്ന് ,ഡോ.എൻ.എ.കരീം, ഫാ.ഡോ.കെ.എം.ജോർജ്, ഡോ. ദേശമംഗലം രാമകൃഷ്ണൻ  തുടങ്ങിയവർ ദീർഘലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ഞാൻ ഒറ്റയ്ക്കാണ് ചിന്തിക്കുന്നത്. കൂട്ടമായി ചിന്തിക്കുന്നവരാണ് കൂടുതലും.  അതുകൊണ്ട് എന്നാലെ വിമർശകൻ  വായനക്കാരിൽ നിന്നാണ് പിന്തുണ തേടുന്നത്. അത് എനിക്ക് കിട്ടുന്നുണ്ട്. എനിക്ക് കുറെ നല്ല വായനക്കാരുണ്ട്. 

ഏറ്റവും അവികലമായ ചിന്താഗതി 

ചോദ്യം :നവാദ്വൈതം, ഉത്തര-ഉത്തരാധുനികത എന്നിങ്ങനെ താങ്കളവതരിപ്പിച്ച ആശയങ്ങൾ മലയാളികൾ എങ്ങനെ ഉൾക്കൊണ്ടു?
 
എം.കെ.ഹരികുമാർ: നവാദ്വൈതം എന്ന തത്ത്വചിന്താപരമായ ആശയത്തിലെത്താൻ ഞാൻ പതിറ്റാണ്ടുകൾ അലഞ്ഞു. നവാദ്വൈതത്തിന് ഒരു പൂർണത ലഭിക്കുന്നത് 2010ലാണ്. 'എൻ്റെ  മാനിഫെസ്റ്റോ' എന്ന പുസ്തകത്തിലാണ് ഞാനിത് അവതരിപ്പിച്ചത്. പിന്നീട് 'സാഹിത്യത്തിൻ്റെ നവാദ്വൈതം', 'മറവിയുടെ നിർമ്മാണം',എന്നീ കൃതികൾ പ്രസിദ്ധീകരിച്ചു. നവാദ്വൈതം മലയാളസാഹിത്യത്തിൽ  തന്നെ പുതിയൊരു സംഭവമാണ്. എൻ്റെ ചിന്തയുടെ വളർച്ചയുടെ ഒരു ഘട്ടത്തിലാണ് ഒരു ദർശനത്തിലേക്ക് ഞാൻ എത്തുന്നത്.'എൻ്റെ മാനിഫെസ്റ്റോ' എന്ന പുസ്തകം റിവ്യു ചെയ്തുകൊണ്ട് സുകുമാർ അഴീക്കോട് എഴുതി: "ഹരികുമാർ മിക്കവാറും സ്വന്തം മനനവിചാരങ്ങളിലൂടെ എത്തിച്ചേർന്ന സത്യത്തിന്റെ, ഉപനിഷത്തിന്റെ നിമിഷമാണിത്. സുപ്രസിദ്ധമായ 'നേതിവാദം' ഏത് ചിന്തയെയും 'ഇതല്ല' എന്ന നിരാസത്തിലൂടെ മറ്റൊന്നാവാൻ നമ്മെ  പ്രചോദിപ്പിക്കുന്നു.സത്യമെന്താണെങ്കിലും സത്യത്തിൻ്റെ സത്യം എന്ന മട്ടിൽ കൂടുതൽ അന്വേഷണത്തിലൂടെ പ്രാപിക്കേണ്ടതാണെന്ന് ഉപദേശിച്ചത്  ഞാനിവിടെ അനുസ്മരിച്ചു കൊള്ളട്ടെ. എഴുത്ത് മറ്റൊന്നിലൂടെ മാറ്റൊലിയായി മന്ദീഭവിച്ചിരിക്കുന്നു .അവിടെനിന്ന് പ്രത്യാനയിക്കപ്പെടണമെങ്കിൽ നിരാസത്തിലൂടെയുള്ള നിർമിതിയുടെ മാർഗ്ഗം സാഹിത്യകാരന്മാർ അനുസരിക്കണം എന്ന് ഗ്രന്ഥകാരൻ വ്യക്തമാക്കിയിരിക്കുന്നു.ഹരികുമാറിൻ്റെ  ചിന്താഗതി വേണ്ടതുപോലെ പ്രചാരം നേടുകയാണെങ്കിൽ ,കേരളത്തിലെങ്കിലും വലിയ എതിർപ്പുകളില്ലാതെ സ്വീകരിക്കപ്പെടുമെന്നാണ് എൻ്റെ പ്രതീക്ഷ .സാഹിത്യവിമർശകൻ എന്ന നിലയ്ക്ക് കൈക്കൊള്ളാവുന്ന ഏറ്റവും അവികലമായ ഒരു ചിന്താഗതിയിൽ പരസഹായമെന്യേ എത്തിച്ചേർന്ന ഹരികുമാറിനെ എഴുത്തുകാരെങ്കിലും  അഭിനന്ദിക്കേണ്ടതാണ്. ഗീതയിലെ ഒരു അനുശാസനവും ആശയരഹസ്യത്തിൽ ഇരിക്കില്ല. ഈ ദർശനത്തിൽ നിരാസം എന്നുമുണ്ട്. ഇന്നത്തെ സാഹിത്യപ്രവർത്തകർക്ക് ഈ കാഴ്ചപ്പാട് സ്വന്തം ശൈലിയിൽ ചൂണ്ടിക്കാണിച്ചുകൊടുത്ത ഹരികുമാർ വലിയൊരു സേവനമാണ് ആശയരംഗത്ത് ചെയ്തിരിക്കുന്നത്. "
അഴീക്കോട് തുറന്ന മനസ്സോടെ എൻ്റെ വീക്ഷണങ്ങളെ അംഗീകരിക്കുന്നതാണ് ഇവിടെ കാണുന്നത് .നവാദ്വൈതം നിരന്തരമായ ,നിമിഷംതോറും വികസിക്കുന്ന ഒരു വീക്ഷണമാണ്. അത് അനന്തമായ പ്രക്രിയയാണ് അവതരിപ്പിക്കുന്നത്.
 
Not everyone can see the truth, but he can be it.
- Franz Kafka

ഉത്തരാധുനികത മരിച്ചു എന്ന് ആദ്യം പറഞ്ഞു 

ഉത്തര-ഉത്തരാധുനികതയെക്കുറിച്ച് 'അക്ഷരജാലക'ത്തിൽ 2010 മുതൽ ഞാൻ എഴുതിത്തുടങ്ങിയതാണ്. 2012 ൽ ഞാൻ 'ഉത്തര- ഉത്തരാധുനികത' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ലോകത്തിലെ ഉത്തര- ഉത്തരാധുനിക സൈദ്ധാന്തികന്മാരായ റയോൾ ഇഷെൽമാൻ ,അലൻ കിർബി, നിക്കോളാസ് ബോറിയ, റോബർട്ട് സാമുവൽസ് എന്നിവരുമായി ഇമെയിൽ വഴി ഇൻറർവ്യൂ ചെയ്താണ് അത് അവതരിപ്പിച്ചത്.അക്കൂട്ടത്തിൽ നവാദ്വൈത ദർശനവും ഉൾപ്പെടുത്തിയിരുന്നു. റയോൾ ഇഷെൽമാൻ എനിക്ക് ലേഖനങ്ങൾ എഴുതി അയച്ചിട്ടുണ്ട്. മലയാളത്തിൽ ഉത്തര- ഉത്തരാധുനികതയെക്കുറിച്ച്  ആദ്യമായി ഒരു പുസ്തകമെഴുതിയത് ഞാനാണ് .അതിലാണ് ഉത്തരാധുനികത മരിച്ചു എന്ന് പറഞ്ഞത് .ഉത്തര- ഉത്തരാധുനികതയുടെ ഭാഗമാണ് ഇൻറർനെറ്റും ടെലിവിഷനും മൊബൈൽ ഫോണും സൃഷ്ടിച്ച പുതിയ സാഹചര്യം .
 
Art is a state of encounter
-Nicolas Bourriaud

ചോദ്യം:താങ്കളുടെ 'അക്ഷരജാലകം' പംക്തി ഇരുപത്തിയഞ്ച് വർഷം പിന്നിട്ടിരിക്കുകയാണല്ലോ'?എങ്ങനെയാണ് വായനക്കാർ ഈ പംക്തി ഏറ്റെടുത്ത് ?

എം.കെ.ഹരികുമാർ :അക്ഷരജാലകം പോലെ ഒരു പംക്തി ഇപ്പോൾ വേറെയില്ല. അക്ഷരജാലകം ഒരു ബ്രാൻഡ് നെയിമാണ് ഇപ്പോൾ. സാഹിത്യത്തെക്കുറിച്ച് പരാമർശിക്കുന്ന പേജുകൾക്കും പ്രോഗ്രാമുകൾക്കും പലരും അക്ഷരജാലകം എന്ന പേരാണ് നൽകുന്നത്. ദൂരദർശനിൽ അക്ഷരജാലകം എന്ന പേരിൽ ഒരു പരിപാടിയുണ്ട് .ഒരു ദ്വൈവാരിക അടുത്തിടെ സാഹിത്യവിഷയങ്ങളിൽ അവരുടെ വിഭവങ്ങളെ പരിചയപ്പെടുത്താൻ അക്ഷരജാലകം എന്ന പേര് ഉപയോഗിച്ചത് കണ്ടു. എല്ലായിടത്തും സ്വീകാര്യതയുള്ള പംക്തിയാണിത്. അക്ഷരജാലകം എന്ന് പേരിട്ടാൽ അത് ഒരു സാഹിത്യകലാ വിചിന്തനമായി എന്ന ധാരണ വന്നിരിക്കുകയാണ് .അക്ഷരജാലകം സമസ്ത മേഖലകളെക്കുറിച്ചുമുള്ള ഒരു സ്വതന്ത്രവിചാരമാണ്;ആനുകാലികങ്ങളിലെ രചനകൾ മാത്രമല്ല.

എൻ്റെ ചിന്തകൾക്ക് വ്യാപകമായ പ്രചാരം നൽകിയത് ഈ പംക്തിയാണ്. ഇപ്പോൾ 'മെട്രോവാർത്ത' പത്രത്തിലാണ് അക്ഷരജാലകം പ്രസിദ്ധീകരിക്കുന്നത്. അക്ഷരജാലകത്തിൻ്റെ കുറെ ലക്കങ്ങൾ ഉൾക്കൊള്ളിച്ച് 1600 പേജ് വരുന്ന രണ്ടു വാല്യങ്ങൾ കഴിഞ്ഞവർഷം പ്രസിദ്ധീകരിച്ചത് സുജിലി പബ്ലിക്കേഷൻസാണ്. അക്ഷരജാലകത്തിനു വലിയൊരു വായനാസമൂഹമുണ്ട്. അവർ അതിനായി കാത്തിരിക്കുന്നു. എൻ്റെ ചിന്തകളെയും ഞാൻ ചൂണ്ടിക്കാട്ടുന്ന പുസ്തകങ്ങളെയും പിന്തുടരുന്നവരുണ്ട്.

ബുദ്ധിസ്റ്റ് നീലാകാശങ്ങൾ  

ചോദ്യം:ഏതാണ് പുതിയ പുസ്തകം?

എം.കെ.ഹരികുമാർ: 'ബുദ്ധിസ്റ്റ് നീലാകാശങ്ങൾ' എന്ന പുസ്തകം ഇപ്പോൾ പ്രസിദ്ധീകരിക്കപ്പെട്ടു. കായംകുളം ബോധി ബുക്സാണ് പ്രസാധകർ. സാഹിത്യത്തിൻ്റെയും  തത്ത്വശാസ്ത്രത്തിൻ്റെയും ദാർശനികതയുടെയും തലങ്ങളിലൂടെയുള്ള ഒരു യാത്രയാണത്. ജീവിതത്തിൻ്റെ പ്രാപഞ്ചികമായ അനുഭവങ്ങളും പൊരുളുകളും ഇതിൽ ചർച്ച ചെയ്യുന്നു. പഴയനിയമത്തിലെ സഭാപ്രസംഗകൻ, മാർകസ് ഒറേലിയസ് ,സെൻ ബുദ്ധസ്റ്റ് തീച്ച് നാത്ഹാൻ ,ദസ്തയെവ്സ്കി ,ദൈവശാസ്ത്രജ്ഞൻ ഡൊണാൾഡ് വാൽഷ്   തുടങ്ങിയവരെ മുൻനിർത്തിയുള്ള  വിചാരങ്ങളാണ് ഈ പുസ്തകം.

ചോദ്യം:ഇന്ന് ഓരോ വ്യക്തിയും ഓരോ മാധ്യമമാണെന്ന് താങ്കൾ എഴുതി.  വിശദീകരിക്കാമോ?

എം.കെ.ഹരികുമാർ: ഈ ഇൻറർനെറ്റ് യുഗം മനുഷ്യനെ പുതിയ ദൈവികതയിൽ എത്തിച്ചിരിക്കുകയാണ്.ഇൻ്റർനെറ്റ്  ദൈവമാണ്. ദൈവം സൃഷ്ടിക്കാത്തത് മനുഷ്യൻ സൃഷ്ടിച്ചു എന്ന്‌ അലക്സാണ്ടർ ബാർദ് പറയുന്നു. മനുഷ്യൻ സൃഷ്ടിച്ച ദൈവത്തിനു മുന്നിൽ അവൻ ഇന്ന് സ്വാതന്ത്ര്യവും അടിമത്വവും ഒരുമിച്ച് അനുഭവിക്കുന്നു. ആരുടെയും അനുവാദം ചോദിക്കാതെ എഴുതാൻ ഒരു ചുമർ എല്ലാവർക്കുമുണ്ട് .അരാജകവാദിക്കോ നിഷേധിക്കോ ഒരു വിവേചനവും നേരിടേണ്ടി വരുന്നില്ല .പത്രാധിപരില്ലല്ലോ. ഇൻസ്റ്റഗ്രാം പേജ് കലയാണ്. അത് ഉപയോഗിക്കുന്നവൻ  കലാകാരനാവുകയാണ് .നിങ്ങൾ ഒരു വ്യക്തി മാത്രമല്ല ;മറ്റുള്ളവരുടെ കലാസൃഷ്ടികൾ നിങ്ങളിലൂടെ പ്രചരിപ്പിക്കാനാവും. അതാണല്ലോ ഫേസ്ബുക്ക് .അവിടെ എഴുതാൻ സ്വന്തം കണ്ടൻ്റ് വേണമെന്നില്ല. മറ്റുളളവരുടെ രചനകൾ അവിടെ പോസ്റ്റ് ചെയ്യുന്നവരുണ്ട്.എഴുത്തുകാരൻ മാധ്യമമാകുന്നത് അല്ലെങ്കിൽ വ്യക്തികൾ മാധ്യമമാകുന്നത് ഒരു പ്രതിസന്ധിയാണ്. എങ്ങനെ ഒഴുക്കിനൊത്ത് നീന്താതിരിക്കാം എന്ന വെല്ലുവിളിയാണത്. പരമ്പരാഗതമായ പാഠങ്ങൾ അതേപടി ഉല്പാദിപ്പിക്കാതെ  ഉത്തരവാദിത്തം ഏറ്റെടുക്കണം .മനുഷ്യൻ്റെ ഓർമ്മയ്ക്കും സ്നേഹത്തിനും ഇത് ദുഷിച്ച കാലമാണ്. ഇന്നത്തെ  മനുഷ്യനെ കലി ബാധിച്ചിരിക്കുന്നു; നളനെ മാത്രമല്ല. ആ കലി എങ്ങനെയുണ്ടായി ?അതിവേഗത സമ്മാനിച്ച ആകുലതയാണ് ഇപ്പോഴുള്ളത് .ജീവിതത്തിന് വേഗതയേറി. ഈ വേഗതിയിൽ മന:ശാസ്ത്രം തന്നെ മാറുകയാണ്. ജീവിതനാടകത്തിന്റെ അടിയിൽ സംഭവിക്കുന്നതെന്താണ്? അത് നിശിതമായി അന്വേഷിച്ച് കണ്ടെത്തുകയാണ് എഴുത്തുകാരൻ ചെയ്യേണ്ടത്. ഇത് മാധ്യമ വിസ്ഫോടനങ്ങളുടെ കാലമാണ് .ഇവിടെ ഓരോ എഴുത്തുകാരനും മാധ്യമമാണ്. എന്തും എഴുതാം .നിങ്ങൾ സ്വതന്ത്രരാണ്. അതുകൊണ്ട് എന്ത് എഴുതണമെന്ന കാര്യത്തിൽ നിലവാരപ്പെടരുത്. ഒരു മാധ്യമമായിരിക്കുക എന്ന അവസ്ഥ പുതിയൊരു പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. എണ്ണമറ്റ ടെലിവിഷൻ ചാനലുകളുടെയും യുട്യുബുകളുടെയും കാലത്ത് മനുഷ്യൻ ഒരു മാധ്യമജീവിയായി രൂപാന്തരപ്പെടുകയാണ്. മനുഷ്യജീവിതത്തിൻ്റെ അടിയിലുള്ള നരകയാതനകൾ ,അസംബന്ധങ്ങൾ ,അപ്രിയ സത്യങ്ങൾ മാന്തിപ്പുറത്തെടുക്കണം. ഇക്കാര്യത്തിൽ എഴുത്തുകാർ നൂറ് ശതമാനം സത്യസന്ധത പുലർത്തണം .ഈ ശൂന്യതയെ മറികടക്കാൻ വേറെ വഴിയില്ല .
Beyond myself,somewhere ,I wait for my arrival.
-Octavio Paz

ചോദ്യം:താങ്കളുടെ നോവലുകൾ എങ്ങനെയാണ് സ്വീകരിക്കപ്പെട്ടത് ?

എം.കെ.ഹരികുമാർ :എൻ്റെ  'ജലഛായ','ശ്രീനാരായണായ', 'വാൻഗോഗിന്' എന്നീ നോവലുകൾ പുതിയ ഒരു ക്രാഫ്റ്റും ഭാഷയുമാണ് പരീക്ഷിച്ചത്. നല്ല രീതിയിൽ തന്നെ നോവലുകൾ സ്വീകരിക്കപ്പെട്ടു. അത് ശരിയായി വായിച്ച് ആസ്വദിച്ച  ആളുകളുണ്ട്. അവരുടെ പുതിയ പ്രതികരണങ്ങൾ എനിക്ക് ഇപ്പോഴും കിട്ടിക്കൊണ്ടിരിക്കുകയാണ് .ഒരു സാഹിത്യകാരൻ്റെ ദൗത്യം പൂർണമായി വിജയിക്കുന്നത് ഏതാനും വായനക്കാർ അത് നന്നായി മനസ്സിലാക്കുമ്പോഴാണ്. ആ അർത്ഥത്തിൽ എൻ്റെ നോവലുകൾ വലിയ വിജയമാണ്.ഈ  കൃതികൾക്ക് വേണ്ടി ഞാൻ ഒരു പുതിയ സാഹിത്യരചനാരീതിയാണ് അവലംബിച്ചത് .അത് സ്യൂഡോ റിയലിസം അഥവാ വ്യാജ യാഥാർത്ഥ്യമാണ്. യാഥാർത്ഥ്യത്തിനകത്തു വേറൊരു യാഥാർത്ഥ്യം സൃഷ്ടിക്കുന്നു. അതാകടെ ഭാവനയാണ്. യഥാർത്ഥത്തിൽ സംഭവിച്ച കാര്യങ്ങൾക്ക് മാറ്റം സംഭവിക്കുന്നു. എന്നാൽ യഥാർത്ഥമായതുമായി ചില സാമ്യതകളുണ്ട്. ഗുരുവിനെക്കുറിച്ച് നമ്മുടെ ഭാഷയിൽ ഉണ്ടായിട്ടുള്ള കൃതികളിൽ ഏറ്റവും മികച്ചത്, സ്ർഗ്ഗാത്മകമായത് 'ശ്രീനാരായണായ' ആണെന്ന് പറയുന്നവരുണ്ട്. അതാണ് സത്യം. 'ജലഛായ'യ്ക്ക് വലിയ സ്വീകരണമാണ് കിട്ടിയത്. അത് വായിച്ച് പ്രശസ്ത സംവിധായകൻ കെ.എസ്‌. സേതുമാധവൻ സാർ എനിക്ക് എഴുതി. അത് മാറ്റത്തിന്റെ ഒരു പുതിയ വഴി തുറന്നിട്ടിരിക്കുന്നു എന്നാണ് അദ്ദേഹം കുറിച്ചത്.നോവൽസാഹിത്യത്തിന്റെ രചനാരീതി സമ്പൂർണ്ണമായി മാറ്റിമറിച്ച കൃതികളാണ് എൻ്റെ നോവലുകൾ .
For a writer only one form of patriotism exists:,his attitude toward language .
Joseph Brodsky