Followers

Friday, August 10, 2018

എം.കെ. ഹരികുമാറിന്റെ നോവലുകളും ദാർശനിക നായകത്വവും


ഇരവി
 
ഇരവി
''ഈ മൂന്നു നോവലുകളും മലയാള നോവൽസാഹിത്യത്തിന്‌ ആശയപരമായ ഔന്നത്യവും ദാർശനികമായ നായകത്വവും പ്രദാനം ചെയ്യുന്നു. വായന ഗൗരവമായി എടുക്കുന്നവർക്കും പുതിയ പ്രവണതകൾ പഠിക്കാനാഗ്രഹിക്കുന്നവർക്കും വായനയിൽ ഭിന്നരുചി കാംക്ഷിക്കുന്നവർക്കും ഈ നോവലുകൾ മുതൽക്കൂട്ടാണ്‌. മലയാളത്തിന്‌ മറ്റൊരു മൗലികഭാഷ!''

മലയാള നോവൽസാഹിത്യം വളരുന്നതു കാണാൻ കാത്തുനിന്നപ്പോൾ ഖസാക്കിന്റെ ഇതിഹാസത്തിൽ അത്‌ അറയ്ക്കുന്നതു കണ്ടു. രൂപ, ഭാവ, ദിശാ പരിണാമങ്ങൾക്കായി മലയാള നോവൽ പിന്നെ പ്യൂപ്പയെപ്പോലെ സമാധിയായി. നോവൽ സാഹിത്യത്തിൽ ഖസാക്കിന്റെ ഇതിഹാസത്തിൽനിന്ന്‌ ക്രമാനുഗതമായ ഒരു വളർച്ച ഇവിടെ കണ്ടില്ല. ഒ.വി. വിജയന്റെ  മേൽക്കോയ്മ പുതിയ ഭാഷാസൃഷ്ടിയാണ്‌, പുതിയ ഭാഷയ്ക്കുവേണ്ടി ആവേശം കൊള്ളുന്ന സർഗ്ഗതപസ്സാണ്‌. ആ ഭാഷതന്നെ ആ ക്രാഫ്റ്റ്‌. ആ ക്രാഫ്റ്റ്‌ തന്നെ ആ പാറ്റേൺ, അതുതന്നെ ഭാഷാവൈചിത്ര്യത്തിന്റെ കഥാവിസ്മയം. ആ ഭാഷാഭിലാഷത്തിലാണ്‌ വാക്കുകളുടെ തുമ്പികൾ വന്ന്‌ പിടിച്ചുതൂങ്ങുന്നത്‌.
വിഷയ വൈവിധ്യങ്ങൾ ഇവിടെ പരീക്ഷിക്കപ്പെട്ടില്ലെങ്കിലും നൂതനവും അപൂർവ്വസവിശേഷവുമായ രചനാ വൈചിത്ര്യം അവയിൽ കണ്ടില്ല. ഈ കുറവ്‌ ഒട്ടൊന്ന്‌ നികത്തുന്നത്‌ ജി.ആർ. ഇന്ദുഗോപന്റെ മലയാളത്തിലെ ആദ്യശാസ്ത്രനോവലായ 'ഐസ്‌" ആണ്‌. ശയൻസിനെ വായനക്ഷമമായി അവതരിപ്പിച്ച്‌ നേർത്ത ദാർശനികഭാവം പകർന്നുകൊണ്ട്‌ വ്യത്യസ്തമായൊരു ഗിഫ്റ്റ്‌ സമ്മാനിച്ചിട്ടും ആ നോവൽ വേണ്ടത്ര ആദരിക്കപ്പെട്ടില്ല. അതുകൊണ്ടല്ലേ ആ ജാനസിൽപ്പെട്ട കൃതികൾ പിന്നീടുണ്ടാവാത്തത്‌.
നോവലിൽ നിന്നൽപ്പമൊന്ന്‌ വ്യതിചലിച്ചോട്ടെ. ഉപനിഷത്തുക്കളിൽ നിന്ന്‌ കടഞ്ഞെടുത്ത പി. രവികുമാറിന്റെ കാവ്യം 'നചികേതസ്‌' കണ്ട്‌ ആനന്ദാശ്രു പൊടിച്ചതു മലയാള ഭാഷ. ശ്രേഷ്ഠവായനക്കാർ സ്വീകരിച്ച ആ  കൃതി വിദേശഭാഷകളാൽ ആദരിക്കപ്പെട്ടപ്പോലെ ഇവിടെ ഉണ്ടാകും?
അവാർഡുകൾ കൃതികളിൽ നിന്ന്‌ വ്യക്തികളിലേയ്ക്കു നീങ്ങുന്ന കാഴ്ച നമുക്കിവിടെ പുത്തരിയല്ല. ഇവൻ എന്തെഴുതി എന്നു നോക്കാതെ ഇവൻ ആര്‌ എന്ന്‌ നോക്കി നിശ്ചയിക്കുന്ന അവാർഡുകൾ.. മാധ്യമങ്ങൾ വളർത്തി അവരുടെ ചതുപ്പ്‌ നിലങ്ങളിൽ വിഹരിക്കാൻ വിടുന്ന ശലഭങ്ങൾ ധാരാളം ഇവിടെയുണ്ട്‌. കഥകൾ അളക്കുന്നത്‌ വിരലിലെണ്ണാവുന്ന മാധ്യമങ്ങളാണ്‌. അവരുടെ എഞ്ചുവടികൾക്കകത്ത്‌ ഒതുങ്ങുന്നവരാണ്‌ അവരുടെ ശലഭങ്ങൾ. മാധ്യമഭയം വിട്ട സ്വതന്ത്രരചനകൾ ഇവിടെ ചിറകറ്റുവീണുകൊണ്ടിരിക്കുന്നു. മാധ്യമചട്ടക്കൂടുകളിൽ നിന്നു മോചിതമാകാതെ മൗലികകൃതികൾക്ക്‌ നിർഭയമായി പറന്നുയരാനാവില്ല.
എം.കെ. ഹരികുമാർ ജലചായ, ശ്രീനാരായണായ, വാൻഗോഗിന്‌ എന്നീ നോവൽത്രയത്തിലൂടെ രചനാ വൈവിധ്യത്തിന്റെ ഒരു സഹിത്യകലാവിപ്ലവം ഇവിടെ സൃഷ്ടിച്ചിരിക്കുന്നു. ആഘോഷിക്കപ്പെട്ടോ? എവിടെപ്പോയി പുരസ്കാര കലാമന്നന്മാർ. ആഢ്യന്മാർ കള്ളുഷാപ്പിൽ നിന്നിറങ്ങുന്നതുപോലെ ഹരികുമാറിന്റെ മുന്നിലൂടെ തലയിൽ മുണ്ടിട്ട്‌ നമ്മുടെ സാഹിത്യത്തെ മുരടിപ്പിക്കുന്ന ദയനീയകാഴ്ച!
മാസ്മരികമായ ജലചായ
ഖസാക്കിന്റെ ഇതിഹാസത്തിൽ അറച്ച നോവൽ ജലചായയിലൂടെ മുന്നോട്ടു ചലനം കൊള്ളുന്നതു കാണാം. സർഗ്ഗതാന്ത്രിക മേന്മയും മൗലികതയും പ്രപഞ്ചജൈവവ്യാപ്തിയെ സംഭൃതമാക്കുന്ന കലാവിദ്യയും ഈ കൃതികളിൽ നാം അതിശയത്തോടെ കാണും. ജലചായ മനുഷ്യന്റെ കഥയല്ല. ജൈവലോകവിശാലതയുടെ കഥയാണ്‌. ഈ ജാനസിൽപ്പെട്ട ഒരു കൃതി ഇവിടെ വേറെ ഇല്ല. രാമായണത്തിൽ കുറച്ചൊക്കെ ജന്തുലോകത്തെ മനുഷ്യന്‌ ഭിന്നമല്ലാത്തവിധത്തിൽ ചിത്രീകരിച്ചിട്ടുണ്ട്‌. ഹരികുമാറിന്റെ ഈ അപൂർവ്വ കലാവിദ്യ ശ്രദ്ധിക്കപ്പെട്ടതായോ വായനാലോകത്തിന്റെ ജനപദങ്ങൾ കീഴടക്കിയതായോ അറിവില്ല.
ആർജ്ജിത വിവരങ്ങൾ കുത്തിനിറച്ച്‌ നോവൽ എഴുതുന്ന ഒരു സമ്പ്രദായം ഇവിടെ ഫാഷനായിരിക്കുന്നു. ചിന്തകൾ കടഞ്ഞെടുക്കേണ്ടത്‌ ആശയങ്ങളുടെ ചന്ദ്രബിംബങ്ങളെയാണ്‌. ഇവിടുത്തെ നോവലുകളിൽ ചിന്തകളുണ്ടേ? ടോൾസ്റ്റോയിയെപ്പോലെ, ദസ്തയ്‌വ്സകിയെപ്പോലെ, ഗോർഖിയെപ്പോലെ, ഷേക്സ്പിയറെപ്പോലെ? എന്നാൽ ചിന്താസമ്പന്നവും ആശയവൈപുല്യവും എം.കെ. ഹരികുമാറിന്റെ കലാസ്വരൂപത്തിന്റെ ഉൾക്കരുത്താണ്‌.
മൗലിക സ്വഭാവത്തോടെയുള്ള ഒരു ഇതരലോകം ജലചായയിൽ ഹരികുമാർ സൃഷ്ടിക്കുന്നു. പ്രകൃതി സൃഷ്ടിച്ച ജീവിതത്തിന്‌ തൊട്ടടുത്ത്‌ ഹരികുമാർ ഒരു ഇരട്ടയെ സൃഷ്ടിക്കുന്നു. ഇതാണ്‌ ഈ നോവലിന്റെ വ്യക്തിത്വതനിമ. പ്രകൃതിയോടും മുൻ നോവലുകളോടുമുള്ള വെല്ലുവിളി. ഈ കൃത്രിമജീവിതം അകൃത്രിമമാകുന്നത്‌ അത്‌ ജയിച്ചുനോക്കുമ്പോൾ കിട്ടുന്ന യഥാർത്ഥജീവിതത്തിന്റെ ഉപ്പുരസമാണ്‌. കുറേ ബൃഹത്തായ മേച്ചിൽപ്പുറങ്ങളിലാണീ ജീവിതം വിളയുന്നതും.
ചരിത്ര ജീർണ്ണതയായി കിടക്കുന്ന സാമൂഹിക നിഷ്ഠൂരതകളും സദാചാര മാലിന്യങ്ങളും സാംസ്കാരികത്തകർച്ചകളും ഇതിൽ അലിഞ്ഞുചേർന്നിരിക്കുന്നു. ശാസ്ത്രീയസംഗീതം നേർത്ത്‌ നേർത്ത്‌ ലളിതഗാനമാകുന്നതുപോലെ. ചരിത്രത്തെ അസ്വസ്ഥമാക്കുന്ന സാമൂഹിക നീതിശാസ്ത്രങ്ങൾക്കെതിരെയുള്ള രോഷം സംയമനസീമകളിലൊതുക്കി, ആളിക്കത്തിക്കാതെ  നിസംഗമായി നിൽക്കുന്നത്‌ ഈ കഥ പറച്ചിലിനെ ഉദാത്തഗംഭീരമാക്കുന്നു. ചാതുർവർണ്യത്തിന്‌ അധീനമാകുന്ന ദൈന്യതകളുടെ സാമൂഹിക നിസ്സഹായതകളെ ഈ നോവൽ ഒന്ന്‌ തൊട്ടുനോക്കുന്നത്‌ അതിന്റെ വന്യസ്മൃതികളുണർത്തി ഹിസ്റ്റീരിക്കാകാനല്ല. മറിച്ച്‌ നോവലിന്റെ ശിൽപഘടനയ്ക്ക്‌ യോജിച്ച സ്വരൂപസൃഷ്ടിക്ക്‌ ഇഴചേർക്കാനാണ്‌. കഥാകൃത്ത്‌ താൻ നിർമ്മിക്കുന്ന കലാശിൽപത്തെക്കുറിച്ചേ വേവലാതിപ്പെടുന്നുള്ളൂ. ധർമ്മരോഷവും സാമൂഹിക പരിഷ്കരണവും അദ്ദേഹത്തിന്റെ വിഷയമല്ല എന്ന തോന്നലാണീ നിസ്സംഗരചന ഉണ്ടാക്കുന്നത്‌.
ഉറുമ്പുകളുടെ ലോകം എന്ന അദ്ധ്യായം പ്രദാനം ചെയ്യുന്ന ഉറുമ്പുകളുടെ ഇതിഹാസം അനുഭൂതിദായകമാണ്‌. അത്യാകർഷകമായ സൂക്ഷ്മതല വിവരങ്ങളുടെ ഇഴപാകലാണ്‌. ഉറുമ്പുകൾക്ക്‌ കഥാകൃത്ത്‌ നിർമ്മിക്കുന്ന ഒരു വിചിത്രജീവിതമുണ്ട്‌. നിഗോ‍ൂഢപ്രകൃതിയുടെ അറിവിനും അർത്ഥങ്ങൾക്കപ്പുറമാണ്‌ ഇതിന്റെ അസ്തിത്വം.
മുലകളെ അലങ്കരിക്കുന്ന ഫ്യൂഡലിസവൈകല്യങ്ങളെ പരിഹാസ വിധേയമാക്കുന്നതുപോലും സൗന്ദര്യോപാസകനായ ഒരു കവിയായി മാറിനിന്നുകൊണ്ടാണ്‌. ഇവിടെ പകരം ആക്ഷേപഹാസ്യഭാഷയെ നിഷ്കരണം ചവിട്ടിപ്പുറത്താക്കുന്നു. ദൃശ്യകലകളുടെ സാധ്യതകൾക്കാണിവിടെ ഊന്നൽ. "കുരുമുളക്‌ മരണങ്ങളി"ൽ കീഴാളപീഡനം പ്രകടനപരതയോടെ ഉയർത്തിക്കാട്ടാനൊന്നും നോക്കാത്തത്‌ നോവലിന്റെ കാവ്യഭംഗിയോടും താളാത്മകതയോടുമുള്ള കരുതൽ കൊണ്ടാണ്‌. വേണമെങ്കിൽ വായനക്കാരൻ ആ കറുത്ത മുത്ത്‌ ഒന്നു കുടിച്ച്‌ എരിവറിഞ്ഞോട്ടെ എന്ന നിസ്സംഗത. കുരുമുളക്‌ എന്ന പ്രതീകത്തിലേക്ക്‌ ആ പ്രതിഷേധ വന്നിരിക്കുന്നത്‌ സ്തുത്യർഹമാണ്‌.
ബൈബിളും ഖുറാനും ഗീതയുമൊക്കെ മഹത്ഗ്രന്ഥങ്ങളായത്‌ അവ ചിന്തകളുടെ ഭണ്ഡാകാരങ്ങളായതുകൊണ്ടാണ്‌. അറിഞ്ഞോ അറിയാതെയോ ഐതിഹാസിക ചിന്തകളുടെ ഉപാസകനാവുകയാണ്‌ ഹരികുമാർ. ഈ ചിന്തകൾ നമ്മുടെ ആനുകാലിക സൃഷ്ടികളിൽ തീരെ ഇല്ലാത്തത്താണ്‌. കഥപറയാൻ വേണ്ടി കഥ എഴുതുന്നവർക്കും കഥാരചന ലാഘവമായി എടുക്കുന്നവർക്കും അത്‌ കഴിയില്ല. ഹരികുമാറിന്റെ കൃതികൾക്ക്‌ പിന്നിൽ കഠിനമായ ഹോംവർക്കുണ്ടെന്നത്‌ വ്യക്തം. അർത്ഥഗർഭവും ഉൾക്കരുത്തുള്ളതുമായൊരു ഭാഷയുണ്ടാക്കുന്നതിനും യത്നിച്ചിരിക്കും. പഠിക്കുന്നതും ഗവേഷണം ചെയ്യുന്നതും അസംസ്കൃത വസ്തു മാത്രമായിരിക്കണം. അല്ലാതെ, അതിന്റെ ഫോട്ടോപതിപ്പാവരുത്ത്‌.  ഈ നോവൽ എഴുതാൻവേണ്ടി ഹരികുമാർ അനുഷ്ഠിച്ച തപസ്‌ മലയാള നോവൽ സാഹിത്യത്തിനൊരു അപരിചിത മുഖം നൽകാൻ ഉപകരിച്ചിരിക്കുന്നു. ഒ.വി. വിജയനിൽ നിന്ന്‌ നമ്മുടെ നോവൽ സാഹിത്യം മുളപൊട്ടുന്നത്‌ ജലചായയിൽ കാണാം.

അപരജീവിതത്തിന്റെ വാൻഗോഗിന്‌
പ്രകൃതിയിലെ കല കണ്ടെത്തുന്നത്‌ അതിന്റെ മുമ്പിൽ നിന്ന്‌ അതിനെ സ്വപ്നം കാണുമ്പോഴാണ്‌ എന്ന വാൻഗോഗിന്റെ ഉദ്ധരണി കൊടുത്തുകൊണ്ടാണ്‌ ഹരികുമാർ വാൻഗോഗിന്റെ കഥ പറയാൻ തുടങ്ങുന്നത്‌. ഈ ഉദ്ധരണിയിൽ എല്ലാമുണ്ട്‌.ബോധപൂർവ്വമാണ്‌ കഥാകൃത്ത്‌ ഈ ഉദ്ധരണി കൊടുത്തിരിക്കുന്നത്‌. അദ്ദേഹത്തിന്റെ ക്രാഫ്റ്റ്‌ മനസ്സിലാക്കാൻ വായനക്കാരനൊരു ക്ലൂ കൂടിയാണിത്‌. വാൻഗോഗിന്റെ ജീവചരിത്രത്തിൽ നിന്നും വാൻഗോഗിനെ സ്വപ്നം കണ്ട്‌ പകർത്തുകയാണദ്ദേഹം ചെയ്തത്‌. അങ്ങനെയാണിത്‌ സർഗ്ഗാത്മകജീവചരിത്രഗ്രന്ഥമായത്‌. ഇവിടെയും സ്വയം രൂപകൽപന ചെയ്തെടുത്ത കലാവിദ്യതന്നെ ഉപയോഗപ്പെടുത്തിയിരിക്കുന്നു. ജലചായയിൽ പരീക്ഷണം നടത്തി വാർത്തെടുത്ത കലാവിദ്യ.
19-‍ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഡച്ചു ചിത്രകാരനായ വിൻസന്റ്‌ വാൻഗോഗിനെ കേന്ദ്രീകരിച്ച്‌ കഥ എഴുതാൻ ഹരികുമാറിനെ പ്രേരിപ്പിച്ച സംഗതി എന്താണ്‌? ഒരു ചരിത്രപുരുഷനെ മെറ്റീരിയലാക്കുമ്പോൾ അയാളിലെ ഏതെങ്കിലും ഘടകം കഥാകൃത്തിനെ പ്രചോദിപ്പിച്ചിരിക്കണമല്ലോ. ആലോചിച്ചാൽ മനസ്സിലാകും. ജീവിതവും, ജീവിച്ചിരുന്നപ്പോഴുള്ള കീർത്തിയും അത്ര നിറപ്പകിട്ടാർന്നതല്ലെങ്കിലും ചിത്രകാരന്മാർക്കിടയിലെ അപൂർവ്വതയായിരുന്നു വാൻഗോഗ്‌. ഒരു തപ്തബാഷ്പം! ഒരു കഥാകൃത്തിനെ ആകർഷിക്കാൻ വേണ്ടുവോളം കണ്ണീര്‌ കെട്ടിക്കിടന്ന ഒരു മനസ്സാണ്‌ വാൻഗോഗിന്‌. അതിനൊരു സാന്ത്വനമേകാൻ ഒരു തൂവൽസ്പർശം പോലെയാണീ കഥ; കഥാകൃത്ത്‌ വാൻഗോഗിന്‌ സമർപ്പിക്കുന്നത്‌. വെറുതേ ഒരു സംതൃപ്തിക്കുവേണ്ടി! 'വാൻഗോഗിന്‌' എന്നാണല്ലോ നോവലിന്റെ പേര്‌.
മരണാനന്തരം പ്രശസ്തിയുടെ ഉത്തുംഗശൃംഗങ്ങൾ പിടിച്ചടക്കിയ ഒരു കലാകാരന്‌ ജീവിച്ചിരുന്നപ്പോൾ അവഗണനയുടെ കയ്പുനീർ കുടിക്കേണ്ടിവന്ന ജീവിതസന്ധിതന്നെ കഥാമർമ്മം. ആ നിരാസദുഃഖവും അതിന്റെ പാർശ്വഫലങ്ങളുമാണ്‌ തികച്ചും നിശ്ശബ്ദതയുടെ ഒരന്തരീക്ഷം സൃഷ്ടിച്ച്‌ കയ്യൊതുക്കത്തോടെ ഹരികുമാർ വരച്ചുവച്ചതു. കലാകാരൻ തന്നെയായ ഒരെഴുത്തുകാരൻ സമാനഹൃദയനായ ഒരുവന്റെ ദുഃഖത്തിൽ താദാത്മ്യം പ്രാപിക്കാനാവുന്നതുപോലെ മറ്റൊരാൾക്കാവില്ലെന്നും ഈ നോവൽ തെളിയിക്കുന്നു.
ഈ മാതിരി വ്യക്തിത്വങ്ങളോട്‌ കുറ്റകരമായ അനാസ്ഥ കാട്ടുന്നവരാണ്‌ നമ്മുടെ സമൂഹം. അത്‌ അന്നും ഇന്നും എന്നും അങ്ങനെതന്നെ. ഇക്കാരണത്താൽ രചന നിർത്തിയവരുണ്ട്‌; ആത്മഹത്യ ചെയ്തവരുണ്ട്‌.... കലാകാരൻ ഏതോ ഭാഗ്യകടാക്ഷത്താൽ ഒരു പിടിവള്ളി കിട്ടികയറിയപ്പോയാൽ അവന്റെ ആസനം താങ്ങാൻ പിന്നാലെ സമൂഹമുണ്ടാകും. കലാകാരന്റെ സ്വീകാര്യത ആഘോഷതലത്തിൽ എത്തുമ്പോൾ അവനെ സമൂഹം ബലംപ്രയോഗിച്ചു സ്വന്തമാക്കും; ബോധംകെട്ട ആരാധനയാണ്‌ പിന്നെ. അവൻ ആര്‌, എന്ത്‌ എന്നൊക്കെ അറിയാമായിരുന്നിട്ടും അറിയപ്പെടാത്തതുകൊണ്ട്‌ തമസ്കരണമാണവന്റെ വിധി. ഇതിന്റെ ഇരയായിരുന്ന വാൻഗോഗ്‌ ഇതുപോലുള്ള മറ്റനേകം കലാകാരന്മാരെ പ്രതിനിധീകരിക്കുന്നു എന്നതാണ്‌ ഇപ്പോഴും ഈ കഥയുടെ പ്രസക്തി.
അവനവനോട്‌ ചോദ്യം ചോദിച്ച്‌ ഉത്തരം തേടുകയാണ്‌ ഹരികുമാറിന്റെ വാൻഗോഗ്‌ ചെയ്യുന്നത്‌. വരച്ചുകൊണ്ടാണ്‌ ചോദ്യോത്തരങ്ങളിലെ അവ്യക്തത്തകൾക്ക്‌ തീർപ്പുണ്ടാക്കുന്നത്‌. കഥാപാത്രത്തിന്റെ മനസ്സിനെ സൂക്ഷ്മമായി ഇവിടെ വരച്ചിടുന്നു. കലാകാരന്മാർ എന്താണെന്നതിന്‌ ബാഹ്യസംഭവങ്ങൾ നിസ്സാരമാകുന്നു, എന്നു പറയുന്നുണ്ട്‌. മനസ്സിന്റെ അബോധതലങ്ങളുടെ ഒരു വ്യക്തിപഠനം ഇവിടെയുണ്ട്‌. കഥാപാത്രമനസ്സിന്റെ ഇരുട്ടറകളിലേയ്ക്കിറങ്ങിച്ചെല്ലാനുള്ള ബുദ്ധിവ്യായാമം എഴുത്തുകാരന്റെ സ്വഭാവത്തിന്റെ ഉത്തമഘടകമാണ്‌. പൂർവ്വസൂരികൾ വെട്ടിവച്ച വഴിയേ നടന്നുകൊണ്ട്‌ എഴുതുന്നവൻ കഥ എഴുത്തുകാരനല്ല, ആധാരമെഴുത്തുകാരനാണ്‌.
വാൻഗോഗിന്റെ പ്രണയമനസ്സിന്റെ ഉൾത്തേങ്ങൽ നോവലിൽ ശക്തിയായി മിടിക്കുന്നുണ്ട്‌. പ്രണയം വരയ്ക്ക്‌ പ്രചോദനമാണദ്ദേഹത്തിന്‌. വരയും  പ്രണയംപോലെ മറ്റൊന്നിനും വേണ്ടിയായിരുന്നില്ല അദ്ദേഹത്തിന്‌. കാമുക കീയോടു പറയുന്നു: "നീ എന്റെ യജമാനത്തിയും ആരാധനാപാത്രവുമായിരിക്കും. നിന്റെ ഓരോ ചലനവും ഞാൻ വരയ്ക്കും." വരയും പ്രണയവും ആ കലാകാരന്‌ ഒന്നാണെന്ന്‌ വരുന്നതിലെ ഭാവതീവ്രത! വരയ്ക്കാനിരുത്തിയ കാമുകി മോഡലല്ല, ചിത്രത്തിന്റെ സ്വഭാവത്തെ നിർണ്ണയിക്കുന്ന ഘടകമാണദ്ദേഹത്തിന്‌. അദ്ദേഹത്തിന്റെ ചിത്രങ്ങളെ നിർജ്ജീവമായ വരകളല്ലാതാക്കുന്നതീ സ്വഭാവമാണ്‌.
വാൻഗോഗിന്റെ വിശ്വവിഖ്യാത പെയിന്റിംഗുകൾ ഈ നോവലിൽ ഭംഗ്യന്തരേണ ഇണക്കിച്ചേർത്തിട്ടുണ്ട്‌. ... പെയെഴ്സ്‌ ഓഫ്‌ ഷൂസ്‌ എന്ന വാൻഗോഗ്‌ ചിത്രത്തിന്റെ വ്യാഖ്യാനം നോക്കൂ:
വാൻ തന്നെ കണ്ടെത്തുന്ന ആ ഷൂസിൽ ഒരു മഹാഭാരതകഥതന്നെ ഒളിച്ചിരിക്കുന്നു. വാൻഗോഗ്‌ പറയുന്നു: (അതോ ഹരികുമാർ പറയിപ്പിക്കുന്നതോ) പുറപ്പാടിന്റെ സകല ചലനത്തെയും റദ്ദ്‌ ചെയ്ത്‌ നിശ്ചലതയ്ക്കുള്ളിൽ പ്രക്ഷുബ്ധമായ ഒരാകാശം സൃഷ്ടിക്കുന്നതിന്‌ ഇതിനേക്കാൾ നല്ല കാഴ്ച വേറേ കാണില്ല, എന്ന്‌.
തലയോട്ടി വിലയില്ലാത്തത്താണെന്ന പഴയ തത്വശാസ്ത്രത്തിനൊരു തിരിച്ചടിയാണ്‌ ഉരുളക്കിഴങ്ങ്‌ കുട്ട എന്ന ചിത്രം. ഈ അചേതനവസ്തു ആശയസമ്പുഷ്ടതകൊണ്ട്‌ സജീവമാകുന്നു. ആശയലോകത്ത്‌ അതിന്‌ ജീവനുണ്ട്‌, ജീവിതസന്ദേശമുണ്ട്‌. നോവലിന്റെ പൊതുസ്വഭാവത്തിന്‌ മാറ്റുകൂട്ടുന്ന ആശയമാണി ചിത്രത്തിനും. "മുപ്പതോ നാൽപതോ പേരുടെ തലയോട്ടി ഒരു കുട്ടയിൽ വന്ന്‌ കൂട്ടുകൂടിയാൽ അവിടെ അഭൗമമായ ഒരു ഭാഷ ഉരുത്തിരിയും." നോവലിന്റെ മിസ്റ്റിക്ബ്യൂട്ടിതന്നെയാണ്‌ ഈ പെയിന്റിംഗിന്റെ സംയോജനം. കഥയുടെ പൊതുധാരയ്ക്കിണങ്ങുന്ന ഘടകങ്ങൾ കണ്ടെത്താനുള്ള കഴിവ്‌ ഒരു നോവലിസ്റ്റിന്റെ അന്യാദൃശ്യഘടകമാണ്‌. ഹരികുമാറിൽ ഇത്‌ വേണ്ടുവോളമുണ്ട്‌.
കഥാകൃത്ത്‌ പറയുന്നു: "വരയ്ക്കുമ്പോൾ വാൻഗോഗിന്റെ പവിത്രമായ നോട്ടം കലയുടെ വഴിയേ പോകുന്നവന്റെ പവിത്രതത്തന്നെ." പവിത്രനാവാതെ ഒരുവന്‌ കലാസൃഷ്ടി ചെയ്യാനാവില്ല. ഏതൊരു കലാകാരന്റെയും അസംസ്കത വസ്തു നന്മതന്നെ. തിന്മയുടെ രൂപങ്ങൾ വാർക്കാനും നന്മതന്നെ വേണം.
കലാസ്വാദകരെപ്പറ്റി പറയുന്നു: കാണികൾ സ്വതന്ത്രരല്ല. കുറേ മാധ്യമങ്ങളും കച്ചവടക്കാരുമാണ്‌ എല്ലാം തീരുമാനിക്കുന്നത്‌.
ഏക്കാളത്തും ഇത്‌ ശരിയല്ലേ? സ്വതന്ത്രരല്ലാത്ത കാണികൾ ആ പാരതന്ത്ര്യം അറിഞ്ഞുകൊണ്ട്‌ ശിരസാവഹിക്കുന്നു. മാധ്യമങ്ങളെ സോപ്പിടാനും അവരുടെ ഇഷ്ടസന്തതികളെ വാഴ്ത്തി പ്രീതി സമ്പാദിക്കാനും സ്വന്തം പേര്‌ അച്ചടിച്ചുകാണാനും.
തന്റെ കലാസപര്യയെപ്പറ്റി ഗോഗ്‌ പറയുന്നു: ഞാൻ ദൈവത്തിന്റെ വിരലിൽ തൊടാൻ ശ്രമിച്ചു. പോരെ? മറ്റെന്താണ്‌ നിഷ്കപടവും ഉദാത്തവും മൗലികവുമായ രചനയെക്കുറിച്ചു പറയാൻ? ഹൂർണിക എന്ന അഭിസാരികയെ ഈ നോവലിന്റെ ഭാഗമാക്കി നോവലിനൊരപൂർവ്വ മുഖം നൽകുന്നു. ലൈംഗികത നിഷേധിക്കപ്പെട്ടവരാണ്‌ അവളെ തേടി ചെല്ലുന്നത്‌. വാൻഗോഗിനുമാത്രം അവളുമായി ഒരു വിശുദ്ധബന്ധമുണ്ട്‌. അത്‌ വരയുടെ പ്രചോദനമായി മാറുന്നു. ആർക്കും പിടിതരാത്ത ജീവിതത്തിന്റെ പുറംപോക്കുകളിലെ മാലിന്യത്തിൽ മരതകം വിളയിക്കുന്ന ഭാഗം. അവഗണിക്കപ്പെട്ടവരുടെ സങ്കലനത്തിൽ നിന്നുൽഭൂതമാകുന്ന കവിത.
രണ്ട്‌ അഭിസാരികമാരും പോൾ വാൻഗോഗിൻ എന്ന സുഹൃത്തുമാണിതിലെ പ്രധാന ഉപകഥാപാത്രങ്ങൾ. ഈ മൂന്നു കഥാപാത്രങ്ങളും പൊതുവേ കാണപ്പെടുന്ന സ്വഭാവഗുണത്തിൽപ്പെട്ടവരല്ല. വിചിത്രസ്വഭാവക്കാരാണ്‌. നോവലിലെ അസാധാരണത്വത്തിന്‌ ഇവർക്ക്‌ നോവലുമായുള്ള ചേരുവ മാറ്റുകൂട്ടുന്നു. കേന്ദ്രകഥാപാത്രിത്തിന്റെ ബന്ധുമിത്രാദികൾക്കൊന്നും വിശാല ഇടങ്ങൾ നൽകാൻ കഥാകൃത്ത്‌ തയ്യാറല്ല. അത്‌ സാധാരണ കഥകളിൽ അങ്ങനെയൊക്കെയുള്ളതുകൊണ്ടാവും. കഥ ഭാവതീപ്തവും മൂർച്ചയേറിയതും, സംവേദനക്ഷമതയിൽ തറഞ്ഞുകയറുകയും ചെയ്യുന്നത്‌ അതുകൊണ്ടാണ്‌.
ആരുമില്ലാത്ത വഴിയിൽവച്ച്‌ വാൻഗോഗും ഗോഗിനും തമ്മിൽ പരസ്പരം കണ്ടെത്തി എന്നാണ്‌ അവരുടെ ദൃഢസൗഹൃദത്തെപ്പറ്റി പറയുന്നത്‌. രണ്ടുപേരുടെയും ഏകാന്തത്തയെക്കുറിച്ചെഴുതാവുന്ന പേജുകൾ ഒഴിവാക്കി ആരോരുമില്ലാത്ത വഴിയിൽ എന്ന സൂചിമുനത്തുമ്പിലൊതുക്കിയ നിയന്ത്രിത തൂലികയ്ക്ക്‌ അഭിവാദ്യം. ഗോഗിന്റെ ഡയറി വാൻഗോഗിന്റെ സെൽഫിനെ ചിത്രണം ചെയ്യുന്നു. മഞ്ഞനിറത്തിലൂടെ പ്രതീകവൽക്കരിക്കപ്പെടുന്ന ഷണ്ഡത്തത്തിന്റെ ആത്മനൊമ്പരം മഹാപ്രണയമായി രൂപാന്തരപ്പെടുന്ന സ്വഭാവത്തിന്റെ മനഃശാസ്ത്രതലം വാൻഗോഗിലുണ്ട്‌. വേശ്യക്ക്‌ വിശുദ്ധസ്നേഹത്തിനായുള്ള ദാഹം തീർക്കാൻ ഒരുവന്റെ ബലഹീനതയ്ക്ക്‌ കഴിയുന്നത്‌ ജീവിതത്തിന്റെ കാണാക്കയങ്ങളിലെ വിസ്മയങ്ങളാണ്‌.
വിവാദമായ വാൻഗോഗിന്റെ ചെവി മുറിക്കൽ തികഞ്ഞ സ്വാഭാവികതയോടെ, ഗവേഷണ ശ്രമത്തിലൂടെ യാഥാർത്ഥ്യബോധം ജനിപ്പിച്ചുകൊണ്ട്‌ വിശദമാക്കുന്നുണ്ട്‌. വാൻഗോഗ്‌ സ്വയം ചെയ്തത്താണെന്ന അവകാശവാദം കഥാകൃത്ത്‌ നിഷേധിക്കുന്നു. ആരെയും നോവിക്കാൻ ഇഷ്ടമില്ലാത്ത വാൻഗോഗ്‌ സ്വയം നോവിക്കുമോ? ചങ്ങാതി ഗോഗിൻ ഇത്‌ ചെയ്യാനുള്ള സാഹചര്യങ്ങൾ കഥാകൃത്ത്‌ വിവരിക്കുന്നുണ്ട്‌. ഭ്രാന്തനിമിഷങ്ങളിലെ നാടകീയതയിൽ സ്നേഹിതന്റെ കൈകൊണ്ട്‌ വീണുപോയതാണാ ചെവി!
ഭാഷ ആശയങ്ങളുടെ ഒരു പുറംചട്ടയല്ല ഹരികുമാറിന്‌. കർണ്ണനെപ്പോലെ ആശയങ്ങളുടെ സഹജമായ മെയ്ച്ചട്ടയാണ്‌. പ്രമേയത്തിൽനിന്നും കഥനത്തിൽനിന്നും ഭാഷയ്ക്കൊരു ഭിന്നവ്യക്തിത്വമില്ല. ആ ഭാഷയാണ്‌ ആ കഥ.
ഇതാ ഒരു ഭാഗം:
"വാൻഗോഗ്‌ പുറംലോകത്തെ നിരാകരിക്കുകയല്ല ചെയ്തത്‌. തനിക്ക്‌ വഴങ്ങാത്ത യുക്തിയും ഗർവ്വും പുലർത്തിയ ലോകത്തെ തന്റേതായ രീതിയിൽ മിതപ്പെടുത്തുകയും ചിട്ടപ്പെടുത്തുകയുമാണ്‌ ചെയ്തത്‌. പുറത്തേയ്ക്കു പോകാൻ തന്നെപ്പോലുള്ള മനസ്സുകളെയാണാ ചിത്രകാരന്‌ വേണ്ടിയിരുന്നത്‌. അത്‌ ലഭിക്കില്ല എന്നു ബോധ്യമായതോടെ അദ്ദേഹത്തിന്റെ ഉള്ളിലേക്കുതന്നെ ആ ലോകത്തെ അന്വേഷിച്ചുപോയി..."
ഇത്‌ വാൻഗോഗിന്റെ സത്തയാണ്‌. ഈ സത്തയെ ആവിഷ്കരിച്ച ഭാഷതന്നെ അതിന്റെ ആശയവും. ഇതുപറയാൻ വേറൊരു ഭാഷയില്ല.
ഉന്നതവും അഗാധവുമായ ചിന്തയിൽ വെന്തുനീറിയാലേ ഇത്തരം ആശയങ്ങൾ ജന്മംകൊള്ളൂ. ഗാന്ധിജി സ്വയം പരീക്ഷണവസ്തുവായത്‌ സത്യം കണ്ടെത്താനാണ്‌. ഹരികുമാറിന്റെ നോവൽ പരീക്ഷണങ്ങളുടെ ലക്ഷ്യവും സത്യംതന്നെ. ഇവിടെ കഥാകൃത്ത്‌ വാൻഗോഗിന്റെ സത്യമാണന്വേഷിച്ചതു. അത്‌ സൂക്ഷ്മവും ഋജുവുമായി പരിസമാപ്തിയിലെത്തുകയും ചെയ്തു.
അർത്ഥനിർമ്മിതിയുടെ ശ്രീനാരായണായ
ശ്രീനാരായണഗുരുവിന്റെ ജീവിതം എന്നും എഴുത്തുകാർക്ക്‌ പ്രചോദനമായിരുന്നിട്ടുണ്ട്‌. അത്‌ നിരവധി കൃതികൾക്ക്‌ ജന്മം നൽകാൻ ഇടവരുത്തുകയും ചെയ്തിട്ടുണ്ട്‌. ഗുരുതത്വങ്ങൾ കടഞ്ഞെടുത്തൊരു പുതുരൂപം, ഒരു പുതുഭാവുകത്വം നൽകാൻ അവയ്ക്കൊന്നും കഴിഞ്ഞിട്ടില്ല. നാരായണഗുരുവിന്റെ തത്വസംഹിതകൾക്കൊരു പ്രചാരണം എന്നതിലുപരി അവ ഒന്നുമായിരുന്നില്ല. ആ ദൈവവിചാരങ്ങളും സാമൂഹ്യപരിഷ്കരണാശയങ്ങളും പ്രചരിപ്പിക്കേണ്ടതുതന്നെ. എന്നിരിക്കിലും കലാസൃഷ്ടികളുടെ ഉന്നങ്ങൾ വേറെയാണല്ലോ.
കൂട്ടത്തിൽ മികച്ചുനിന്നത്‌ പ്രശസ്ത നോവലിസ്റ്റ്‌ കെ. സുരേന്ദ്രന്റെ  നാരായണഗുരുവിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി എഴുതിയ നോവലാണ്‌. തീർച്ചയായും, പരിചയസമ്പന്നനും പ്രതിഭാധനനുമായ അദ്ദേഹം ലക്ഷണയുക്തവും കുറ്റമറ്റതും സംഭവങ്ങളുടെ സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ടുള്ളതുമായ ഒരു രചനതന്നെയാണ്‌ നടത്തിയിട്ടുള്ളത്‌. നിർമ്മമമായ ഒരു മാനസികതലത്തിൽ നിന്നുകൊണ്ട്‌ സംഭവങ്ങളെ രൂപ നിർണ്ണയം ചെയ്ത്‌ നോവലിനുവേണ്ടി നോവലെഴുതിയതുകൊണ്ടാണ്‌ മികച്ചതായത്‌. ശ്രീനാരായണഗുരുവിന്റെ കഥകൾ അവിടെ അവസാനിപ്പിക്കുന്നതു നന്നായിരിക്കും. ഇതിനപ്പുറമായി ഇനി എന്തെഴുതാൻ എന്ന്‌ വിചാരിച്ചിരുന്നു.

പക്ഷേ, ആ തോന്നലിനെ മാറ്റിമറിച്ചുകൊണ്ട്‌ ഹരികുമാർ വ്യത്യസ്തനായ ഒരു ഗുരുവിനെ കലാചാതുരിയോടെ നിർമ്മിച്ചെടുത്തിരിക്കുന്നു. നാരായണഗുരുവിന്റെ ആത്മസത്തയിൽ വെള്ളം ചേർക്കാതെ ഭിന്നമായൊരാംഗിളിലൂടെ നോക്കിക്കാണാൻ പരിശ്രമിച്ചിരുന്നു. ഇല്ലാത്ത നാരായണഗുരുവിനെ ഇവിടെ സൃഷ്ടിച്ചിട്ടൊന്നുമില്ല. ഇത്‌ കെ. സുരേന്ദ്രന്റെ, കഥയുടെ കല അറിയാവുന്ന നോവലിസ്റ്റിന്റെ കൃതിയുമായി മത്സരിക്കുമെന്ന്‌ ഞാൻ പറയില്ല. എന്തിന്‌ മത്സരിക്കണം? അതിലും നല്ലതല്ലേ മറ്റൊന്നായി മാറിനിന്ന്‌ പ്രകാശം പരത്തുന്നത്‌? ചന്ദ്രൻ വേറെ, സൂര്യൻ വേറെ. ഇവയെ തമ്മിൽ താരതമ്യം ചെയ്യാറില്ല...
ചരിത്രത്തിന്റെ ഫോട്ടോസ്റ്റാറ്റെടുത്ത്‌ ചരിത്ര നോവലെഴുതരുത്‌. അത്‌ ചരിത്രത്തിൽ നിന്ന്‌ സൃഷ്ടിച്ചെടുത്തത്താവണം. ഇവിടെയും കഥാകൃത്ത്‌ നാരായണഗുരുവിനെ ആഴത്തിൽ പഠിച്ച്‌ മനനം ചെയ്തുചെയ്ത്‌ സ്വപ്നമാക്കി, ആ സ്വപ്നശിൽപത്തെ അനുവാചകന്‌ സമ്മാനിക്കുകയാണ്‌. സാധാരണ ചരിത്ര, അഥവാ പഠന നോവലുകളിൽ അസംസ്കൃതവസ്തുക്കൾ ഭാവനയുമായി വിലയം പ്രാപിക്കാതെ ദഹനക്കേടായി കിടക്കാറുണ്ട്‌. ഒട്ടും മോശമല്ലാത്ത ഗവേഷണകൃതികളൊക്കെ ഇവിടെ ഉണ്ടായിട്ടുണ്ട്‌. അതിലൊക്കെ ഈ ദഹനക്കേടു കാണാം, കഥയേക്കാളും ചരിത്രം പറയാൻ വെപ്രാളം കാണിച്ചാൽ അങ്ങനെ വരും.
മാമൂലധിഷ്ഠിതമായ കഥകളിൽ മുന്നിട്ടുനിൽക്കുന്നത്‌ കഥയുടെ ബാഹ്യപ്രകൃതിയാണ്‌. കഥാപാത്രങ്ങൾ, ബാഹ്യജീവിതത്തിലെ സംഭവങ്ങൾ, കൊടുക്കൽ വാങ്ങലുകൾ, ജീവിതനാടകങ്ങൾ, സന്തോഷങ്ങൾ, നൈരാശ്യങ്ങൾ.... ഈ നോവലിന്‌ ഒരു ബാഹ്യപ്രകൃതിയില്ല. കുറേക്കൂടെ വ്യക്തമാക്കിയാൽ കേന്ദ്രകഥാപാത്രത്തിന്‌ കുടുംബപശ്ചാത്തലമില്ല, ചുറ്റിപ്പറ്റുന്ന മിത്രങ്ങളില്ല, സ്ഥാപനങ്ങളില്ല. ഡോ. പൽപുവും കുമാരനാശാനും സഹോദരൻ അയ്യപ്പനും തൈക്കാട്‌ അയ്യാസ്വാമിയും ചട്ടമ്പിസ്വാമിയുമില്ല. ഇവരൊന്നുമില്ലാതെ നാരായണഗുരുവിനെക്കുറിച്ചൊരു കഥ സങ്കൽപിക്കുക അസാധാരണവും അതിസാഹസികവുമാണ്‌. അതൊക്കെ വലിച്ചുവാരി പുറത്തിട്ടിരുന്നെങ്കിൽ എത്ര എളുപ്പം ഒരു കഥ പടയ്ക്കാമായിരുന്നു. കണ്ടും കേട്ടും പഴകിയ ആ ജീവിതാവിവരണങ്ങളും ആഡംബരങ്ങളും കൊടുത്ത്‌ വായനക്കാരനെ മടുപ്പിക്കരുതെന്ന വിചാരം അഭിനന്ദനീയം. ഈ നോവൽ നാരായണഗുരുവിന്റെ സെൽഫിന്റെ പോർട്രേയലാണ്‌. സെൽഫിന്റെ പെയിന്റിംഗാണ്‌. അങ്ങനെയൊരു കൃതി മുൻപുണ്ടായിട്ടുണ്ടോ? ഇല്ലെന്നതാണീ കൃതിയുടെ രചനാവിപ്ലവം, അപൂർവ്വ സൗകുമാര്യം. മൗലികം മൗലികം എന്നൊക്കെ മുട്ടിനുമുട്ടിന്‌ പറഞ്ഞു നടക്കുന്നവരെ ഇത്‌ ചിന്തിപ്പിക്കും.
ഈ കഥയിലെ നായകൻ ശ്രീനാരായണഗുരുവല്ല. ദൈവമാണ്‌! സാമ്പ്രദായിക നോവലുകളിലൊക്കെ കഥയെ മുന്നോട്ടു നയിക്കുന്നത്‌ ചില അന്വേഷണങ്ങളും, ഗുപ്തമായി വച്ചിട്ടുള്ള സംഗതികൾ അറിയാനുള്ള ഉൽക്കണ്ഠയും, കഥാപാത്രങ്ങളുടെ പ്രശ്നങ്ങളും പീഡനങ്ങളും, ഇവയൊക്കെ എങ്ങനെ പരിസമാപ്തമാകും എന്നറിയാനുള്ള ആവേശവുമൊക്കെയാണ്‌. അങ്ങനെ കഥയെ വലിച്ചുനീട്ടി വായനക്കാരനെ പുറകേ കൊണ്ടുനടക്കുന്നത്‌ ഈ നോവലിസ്റ്റിന്റെ രീതിയല്ല. ഈ നോവലിൽ പ്രപഞ്ചരഹസ്യങ്ങളെക്കുറിച്ചറിയാനുള്ള തീവ്രാഭിലാഷമുള്ള ഏതൊരു വായനക്കാരനും ആ മഹാസത്യം കണ്ടെത്താനുള്ള അന്വേഷണത്വരയും അദമ്യാഭിലാഷവുമുണ്ടാവും. ദൈവത്തെ കണ്ടുപിടിക്കാനോ ആത്മബോധത്തിൽ നിന്ന്‌ രൂപനിർണ്ണയം ചെയ്യാനോ ഉള്ള ശ്രമമാണ്‌ ഹരികുമാറിന്റെ നാരായണഗുരു നടത്തുന്നത്‌. അദ്ദേഹം പറയുന്നുണ്ടല്ലോ; "നാം യാത്രയിലാണ്‌; ഒരിക്കലും അവസാനിക്കാത്ത യാത്ര.... ഇത്‌ അനന്തത്തയിലേയ്ക്കല്ല എന്നിലേയ്ക്കുതന്നെയാണ്‌." ശ്രീനാരായണ ഗുരു ദൈവത്തെ അറിയാൻ തന്നിലേയ്ക്ക്‌ ഒരുപാട്‌ നടന്നതിന്റെ കഥയാണ്‌ ഹരികുമാർ പറയുന്നത്‌. അതറിയാൻതന്നെ വായനക്കാരനും ഈ നോവലിൽ നാരായണഗുരുവിന്റെ പുറകേ നടക്കും. മറ്റൊരു കഥാപാത്രമായി ഈ നോവൽ ഒരു ചർച്ചയാണെങ്കിൽ അതിലെ സജീവ പങ്കാളിയാണ്‌ വായനക്കാരൻ.
ഒരു സത്രത്തിന്റെ മതിലിൽ ഇരിക്കുന്ന ചില മനുഷ്യരെ കാഴ്ചപ്പെടുത്തുന്നുണ്ടീ കൃതിയിലൊരിടത്ത്‌. മതിലിൽ ഇരുന്നവർ പൊടുന്നനെ ഇല്ലാതായി. അവർ എങ്ങോട്ടുപോയെന്നറിയില്ല. ഗുരുവിന്റെ ആന്തരികോർജ്ജം നിവർത്തുന്ന തിരശീലയിൽ അവർ വന്നുമാഞ്ഞു. ഗുരുവിന്റെ മനപ്പരിവർത്തനത്തെ, ആത്മസാക്ഷാൽക്കാരത്തെ  നാടകീയമായി ആവിഷ്കരിക്കുകയാണിവിടെ. അതായത്‌ ഭൗതികളോകം മാഞ്ഞുമാഞ്ഞുവരുന്നത്‌, അഹം മായാവി മുക്തമാകുന്നത്‌.
വെള്ളമൊഴുകുന്നതിന്റെ മഹത്ചിത്രീകരണം ആദ്യ അദ്ധ്യായത്തെ ശ്രേഷ്ഠമാക്കുന്നു. ജീവിതയാത്രയെ പ്രതീകവൽക്കരിക്കുന്നു. കെട്ടുകൾ പൊട്ടിച്ചുകൊണ്ടൊഴുകുന്ന ജീവിതത്തിന്റെ ശാന്തിയും സംശുദ്ധിയും നിർമ്മമത്വവും നിർവ്വാണംപോലും ഇതിൽ കാണാം. സ്വാതന്ത്ര്യത്തിന്റെ വിശാലവിഹായസിൽ ആ ജീവിതം മയങ്ങുന്നതും.."അത്‌ (വെള്ളം) എവിടെച്ചെല്ലുന്നവോ ആ ഇടം സ്വന്തമാണ്‌". കഥാകൃത്ത്‌ ഗുരുവിന്റെ ചിന്തയെ ഇവിടെ ഭാഷാന്തരം ചെയ്യുന്നു. സ്ഥിരമായി ഒരു 'സ്വന്ത'മില്ലാത്തതിന്റെ അയവ്‌ ഇവിടെ അനുഭവവേദ്യമാകുന്നു. ഇതിൽക്കവിഞ്ഞ ഒരു സമ്മർദ്ദരഹിത ഭൗതികേതര അസ്തിത്വം എന്താണ്‌? വെട്ടിപ്പിടിക്കാനുള്ള ആന്തലിന്റെ സമ്മർദ്ദവും അനന്തരഫലവും ഭയങ്കരമല്ലേ? ഇതിൽനിന്ന്‌ തത്വശാസ്ത്രമെടുത്തു മാറ്റിയാൽ സാധാരണക്കാരനൊരു പ്രശാന്തജീവിതം കാണിച്ചുകൊടുക്കുന്നതറിയാനാവും.എല്ലാവരും ശാന്തിയാണ്‌ തേടുന്നതെങ്കിലും അതിനായി തെരഞ്ഞെടുക്കുന്ന വഴികൾ ശരിയല്ലല്ലോ.
സാധാരണ കഥകളിൽ നാം പോകുന്നത്‌ കഥാപാത്രങ്ങൾക്കു പിന്നാലെയാണ്‌. ഇതിലോ? ഈ നോവലിൽ നാം നമ്മുടെ പിന്നാലെയാണ്‌ പോകുന്നത്‌. കഥയുടെ അസംസ്കൃത വസ്തു എടുത്ത്‌ കഥാകൃത്ത്‌ ആ വിധത്തിലൊരു ജാലവിദ്യ കാട്ടുന്നു. ഒരുപക്ഷേ അനേകം കോടി വർഷങ്ങൾക്കുശേഷം പരിണാമപ്പരിണതിയിൽ ഉരുത്തിരിയാവുന്ന മനുഷ്യനെ ഗുരു ഇപ്പോഴേ സങ്കൽപിച്ചുകഴിഞ്ഞു. ദൈവത്തെയും മനുഷ്യനെയും പുനഃസൃഷ്ടിക്കുന്നുണ്ടീ നോവൽ. ഗുരുതത്വങ്ങളിൽ നിന്ന്‌ കഥാകൃത്തിന്റെ ലക്ഷ്യങ്ങൾക്കിണങ്ങുന്ന ആംഗിളുകളെടുത്ത്‌ അർത്ഥനിർമ്മിതി നടത്തുകയാണിവിടെ. ഇതും സർഗ്ഗസൃഷ്ടിതന്നെ. യഥാർത്ഥത്തിൽ ഉള്ളതിന്റെ ആഴങ്ങളറിഞ്ഞ്‌ സ്വന്തമായ വ്യാഖ്യാനങ്ങൾ നൽകി സ്വന്തമായ ഭാഷാപാറ്റേണിൽ പ്രദർശിപ്പിക്കുന്നു. വ്യാഖ്യാനിച്ചും വിവരിച്ചും പഠിപ്പിച്ചുതരുന്നുണ്ട്‌. ഈ നോവലിൽ ഒരു അദ്ധ്യാപകനുണ്ട്‌ അത്‌ കഥാകൃത്താണ്‌. രാമായണത്തിൽ വാത്മീകിയും കഥാപാത്രമാണല്ലോ.
മനുഷ്യന്റെ നിസ്സഹായാവസ്ഥ ഈ നോവലിനെ ത്രസിപ്പിക്കുന്നുണ്ട്‌. ആ നിസ്സാഹായത മാറാനുള്ള മാർഗ്ഗവും സൂചിപ്പിക്കുന്നുണ്ട്‌. അവനവനെ അറിയുക എന്നതാണത്‌. അവനവനെ അറിയാത്തവരുണ്ടെങ്കിൽ (അവരാണല്ലോ അധികവും) അതാണവരുടെ ദുരന്തം.
ശലഭങ്ങളെക്കുറിച്ചുള്ള ഇതിഹാസമാണ്‌ ഒരദ്ധ്യായം. ഈ അദ്ധ്യായം മലയാള സാഹിത്യത്തിലെ തന്നെ അപൂർവ്വസുന്ദരമായൊരുനുഭവമാണ്‌. ആത്മദലങ്ങളിൽ ദേവാമൃതവർഷിണിയായി പവിത്രവികാരസംക്രമണദീപ്തമാകുന്നു. വിശ്വസാഹിത്യത്തോളമുയരുന്നു. ഒരു മഹാന്റെ (സന്യാസിവര്യന്റെ) വ്യക്തിചിത്രം തയ്യാറാക്കുമ്പോൾ അവിടെ ഭാവനയുടെ അതിരറ്റ മിസ്റ്റിക്‌ സ്വപ്നം വരക്കുന്നത്‌ ഉദാത്തമാണ്‌.
ഒരിടത്ത്‌ പറയുന്നു: "ഗുരുവിന്റെ നിരാസക്തി കനമുള്ളതും വിവേകപൂർണ്ണവും സകല സങ്കടപർവ്വങ്ങളും കാണുന്നതുമാണ്‌." ഏതൊരു ഗുരുഭക്തനും തോന്നാവുന്ന ഗുരുവിന്റെ ആ ഗാർഹികജീവിത പരിത്യാഗത്തോടുള്ള പരിഭവത്തിന്‌ കഥാകൃത്ത്‌ മറുപടി പറയുകയാണെന്ന്‌ തോന്നുന്നു. ഗാർഹസ്ത്യജീവിത പരിത്യാഗത്തിന്‌ ഏറെയേറെ നിഷ്കളങ്കവും യുക്തിപൂർവ്വവുമായ ന്യായീകരണം തന്നെ ഇത്‌. സന്യാസ ഗാർഹസ്ത്യജീവിത നിരാസം തന്നെയെങ്കിലും ദാമ്പത്യത്തിലേർപ്പെട്ടിട്ട്‌ പൊടുന്നനെ വിട്ടുപോയ അസ്വരസ്യത്തെ ഒരു കൊച്ചുവാചകം കൊണ്ട്‌ അലിച്ചുകളയാൻ കഴിഞ്ഞിരിക്കുന്നു.
അരുവിപ്പുറം പ്രതിഷ്ഠയെക്കുറിച്ചു പറയുന്നത്‌ ശ്രദ്ധേയമാണ്‌. സവർണ്ണനിൽ നിന്ന്‌ അവർണ്ണന്‌ ആത്മീയാനുഭവത്തിലേയ്ക്കുള്ള മോചനമാണെന്ന്‌. സ്വന്തം ശിവനെയാണ്‌ പ്രതിഷ്ഠിച്ചതെന്ന പ്രഖ്യാപനത്തിന്റെ ഏറ്റവും വ്യാഖ്യാനം.
"പകൽ സൂര്യരഥങ്ങൾ ദൂരേയ്ക്ക്‌, പ്രതീതിയും പൂക്കളും" എന്ന ശീർഷകം ക്ലാസിക്കാണ്‌. കാവ്യാത്മകവും, അത്യന്താധുനികതയുടെ പുത്തനുണർവേകുന്നതുമാണ്‌. ആദ്യ അദ്ധ്യായത്തിൽ മരുത്വാമലയെ മനസ്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. മലയുടെ ആത്മോപദേശത്തിന്റെ വെളിച്ചം ഇവിടെ പടരുന്നു ഗുരുവിന്റെ അന്തരംഗങ്ങളിലെ ആദ്ധ്യാത്മികച്ചർച്ചകളും.

ആദ്യ അദ്ധ്യായം നാരായണഗുരുവിന്റെ ഉള്ളു മെനഞ്ഞെടുക്കുന്നു. ഗുരുവിനെ അവതരിപ്പിച്ചതു, പരിചയപ്പെടുത്തിയത്‌ അപൂർവ്വമായ ആദ്ധ്യാത്മിക ചൈതന്യം വീണു കിടക്കുന്ന വഴിയിലൂടെ വായനക്കാരനെ നടത്തിക്കൊണ്ടുതന്നെ.
പഴം തിന്നാൻ വകയില്ലാത്ത കുട്ടി പഴത്തിലേയ്ക്ക്‌ നോക്കി ഇരിക്കുമ്പോൾ പഴം അവനുവേണ്ടി സ്വയം മാറുന്നതിന്റെ ചിത്രീകരണം മനോഹരമാണ്‌. പഴം പഴത്തിന്റെ ഗുണങ്ങൾ ഉപേക്ഷിച്ച്‌ അവന്റെ രസനയെ മോഹമുക്തമാക്കുന്നു. ഇങ്ങനെ ഭോഗങ്ങളിൽ നിന്ന്‌ മുക്തിനേടുന്നത്‌ എത്രയോ തപസ്സുകൾക്ക്‌ തുല്യമാണെന്നും പറയുന്നു. പഴങ്ങളും ബാലനും ചേർന്നുണ്ടാക്കുന്ന സങ്കൽപചിത്രം ജോർ.
"നിന്റെ ഭാവനയ്ക്കൊത്തു മാത്രമേ എനിക്ക്‌ വളരാനാകൂ"- ദൈവം ആ രഹസ്യം വെളിപ്പെടുത്തിക്കഴിഞ്ഞു. ഇവിടെ ചിരകാലമായി നാം അന്വേഷിക്കുന്ന ദൈവത്തെ കണ്ടെത്തിയിരിക്കുന്നു. ഹൃദ്യമായ വരികളിൽ നാടകീയമായി വിശ്വാസയോഗ്യമായി സാധാരണക്കാരന്‌ എത്തുംപിടിയും കിട്ടാത്ത ദൈവത്തെ ഗുരുദേവന്റെ ചിന്താധാരയിൽ നിന്ന്‌ അടർത്തി എടുത്ത്‌  ഹരികുമാർ ആഖ്യാനവിരുതോടെ അവതരിപ്പിക്കുന്നു. നമുക്കൊരു എത്തുംപിടിയും കിട്ടാത്ത ദൈവത്തെ അന്വേഷിച്ച്‌ നാം എന്തിനലയണം? സ്വന്തമായി ഒരു വിശ്വാസപ്രമാണം ഉണ്ടാക്കിവയ്ക്കുന്നതല്ലേ നന്ന്‌?
ദൈവം നമ്മുടെ ആവലാതികൾ ചൊവിക്കൊള്ളാത്തതും ദുഃഖവിമുക്തരാക്കാത്തതും എന്തുകൊണ്ട്‌? അതൊക്ക ചെയ്യേണ്ടത്‌ നമ്മൾതന്നെ ആയതുകൊണ്ടാണ്‌. നാം നമ്മെ അവഗണിച്ചുകൊണ്ട്‌ നിത്യദുഃഖവിമോചനത്തിന്‌ അപേക്ഷയുമായി മറ്റെങ്ങോ പോകുന്നതിന്റെ പരിഹാസ്യത ഗുരുവചനങ്ങളെ സാക്ഷിനിർത്തി അധ്യാപനം ചെയ്യുന്നു.
ഈ നോവലിന്റെ രൂപനിർണ്ണയം നടത്തുന്ന വാക്കുകൾ കഥാകൃത്തിന്റെ ആശയങ്ങളുടെ ബൃഹത്‌ ഭാവമണ്ഡലം പേറാൻ തികച്ചും കരുത്തുള്ളതാണ്‌. അതാണ്‌ ഭാവത്തിനിണങ്ങുന്ന പ്രൗഢിപോലെ പലപ്പോഴും ലളിതവും ഋജുവുമാവുകയും ചെയ്യുന്നുണ്ട്‌. ദാർശനിക ദീപ്തമായ പ്രയോഗങ്ങൾ തത്വചിന്താപരമായ ഈ കൃതിക്കിണങ്ങും. കഥാകൃത്ത്‌ ഒരിടത്ത്‌ പറയുന്നു:
"താമരയുടെ ഇതളുകൾ ഏതോ സത്യത്തിന്‌ കാവൽ നിൽക്കുന്നു." ആത്യന്തിക സത്യത്തെ,  ദൈവത്തെക്കുറിച്ചുള്ള ഏറ്റവും നല്ല കവിതയായി ഇത്‌ തോന്നി. "എല്ലാ നേട്ടങ്ങളുമുണ്ടാക്കിയിട്ട്‌ അതിന്‌ കാവലിരിക്കുക എന്ന വിധിയാണ്‌ മനുഷ്യന്‌. ജീവിതം ഗവേഷണം ചെയ്തു കണ്ടെത്തിയ ഇത്തരം നിസ്സാഹായതകൾ ഈ നോവലിൽ ഉടനീളം കാണാം. "ദൈവികതയുടെ അസംസ്കൃത വസ്തുക്കളാണ്‌ പ്രാണികൾ" എന്നൊക്കെ വെറുമൊരെഴുത്തുകാരന്‌ പറയാനാവില്ല.
ശ്രീനാരായണഗുരു പറഞ്ഞതും പറഞ്ഞതിലെ ധ്വനികളും പറയാത്തതിലെ മൗനങ്ങളും എടുത്ത്‌ അർത്ഥസമ്പുഷ്ഠമാക്കി നിർമ്മിക്കുന്ന സ്വകീയ പാറ്റേൺ ഈ കൃതിയെ ഹരികുമാറിന്റെ സ്വന്തമാക്കുന്നു. നോവൽ അവസാനിക്കുന്നത്‌ നോക്കൂ:
"ഒരു പീഡ എറുമ്പിനും വരുത്തരുത്‌"
ഗുരുവിന്റെ ആത്മസത്ത നോവലവസാനിക്കുമ്പോൾ ഇങ്ങനെ പ്രകാശിച്ചുനിൽക്കുന്നു.
ഈ മൂന്നു നോവലുകളും മലയാള നോവൽസാഹിത്യത്തിന്‌ ആശയപരമായ ഔന്നത്യവും ദാർശനികമായ നായകത്വവും പ്രദാനം ചെയ്യുന്നു. വായന ഗൗരവമായി എടുക്കുന്നവർക്കും പുതിയ പ്രവണതകൾ പഠിക്കാനാഗ്രഹിക്കുന്നവർക്കും വായനയിൽ ഭിന്നരുചി കാംക്ഷിക്കുന്നവർക്കും ഈ നോവലുകൾ മുതൽക്കൂട്ടാണ്‌. മലയാളത്തിന്‌ മറ്റൊരു മൗലികഭാഷ!

ഇരവി
സായ്ഹൃദയ്‌
ഉളിയനാട്‌, എൻ.സി.സി. റോഡ്‌
പേരൂർക്കട പി.ഒ.
തിരുവനന്തപുരം
ഫോൺ: 9447704604

**** 
ഈ ലേഖനം പയ്യന്നൂർ 'എതിർദിശ' മാസികയുടെ ജുലായ് ലക്കത്തിൽ പ്രസിദ്ധീകരിച്ചതാണ്.

ജലഛായ

ജലഛായ : സ്വയം പരിണമിക്കുന്ന നോവല്‍







പി   രവികുമാര്‍


മലയാളസാഹിത്യത്തിൽ തന്റെ തലമുറയിലെ മറ്റെല്ലാ വിമർശകരിൽ നിന്നും
വ്യത്യസ്ഥനായി , അതിദൂരം  കാലത്തിനു മുൻപേ സഞ്ചരിച്ച വിമർശകനാണ്
എം.കെ.ഹരികുമാർ. വിമർശകനായ ഹരികുമാറിന്റെ ആദ്യ നോവലായ 'ജലഛായ'  അത്യസാധാരണമായ
മൗലികതകൊണ്ട് മലയാളനോവലുകളുടെ  മുന്നിൽ നിൽക്കുന്നു;ഏകാന്തവിസ്മയമായി
ജ്വലിക്കുന്നു.


നോവൽ എന്ന സാഹിത്യരൂപത്തിന്റെ  ബാഹ്യവും ആന്തരികവുമായ സമസ്ത ഘടനകളെയും
തകർത്തുകളഞ്ഞിരിക്കയാണ്'ജലഛായ'. അസാധാരണമായ ഉൾക്കാഴ്ചയും സദാ എരിയുന്ന
ചിന്തയും  തീവ്രമായ ജീവിതാനുഭവങ്ങളും ആഴമേറിയ വായനയും സ്വന്തം ആശയപ്രപഞ്ചത്തെ
അനുനിമിഷം നവീകരിക്കാനുള്ള ദൃഢമായ  ഇച്ഛാശക്തിയും ഉള്ള ഒരു
എഴുത്തുകാരനുമാത്രമേ 'ജലഛായ' പോലൊരു സൃഷ്ടി നടത്താനാകൂ.


നമ്മുടെ എല്ലാ മുൻ വിധികളെയും യാഥാസ്ഥികമായ ധാരണകളെയും അട്ടിമറിക്കുന്നതാണ്
ഹരികുമാറിന്റെ 'ജലഛായ'. പരീക്ഷണമെന്ന നിലയ്ക്കല്ല, 'ജലഛായ'
എഴുതപ്പെട്ടിരിക്കുന്നത്. എന്തെന്നാൽ മലയാളത്തിൽ നാം ഇന്നുവരെ വായിച്ച എല്ലാ
പരീക്ഷണ നോവലുകളും വായനക്കാരെ കൊല്ലുന്ന വിരസതയിലേക്ക്
ആഴ്ത്തിക്കളയുന്നവയാണ്.അവയെല്ലാം തന്നെ അടിമുടി കൃത്രിമങ്ങളാണ്.എന്നാൽ 'ജലഛായ' സർഗ്ഗാത്മകതയുടെ നൈസർഗ്ഗികപ്രവാഹമാണ്.'ജലഛായ 'അതിന്റെ ആദ്യവാക്യം തൊട്ട് നമ്മെ ആകാംക്ഷാഭരിതരാക്കുന്നു.

അശാന്തവും അസ്വസ്ഥവും അതിസങ്കീർണവുമായ വഴികളിലൂടെ നാം സഞ്ചരിക്കുന്നു. ഒരു
നിമിഷവും ഒരിടത്തും നിൽക്കാതെ ഏതോ അദമ്യമായ പ്രേരണയാൽ നാം മുന്നോട്ടു പോകുന്നു.

 നാം പരിചയപ്പെട്ട മിക്കവാറും നോവലുകളിൽ കാലവും സ്ഥലവും കഥാപാത്രങ്ങളും
നോവലിസ്റ്റ് മുൻ കൂട്ടി നിർണയിച്ച് വച്ചിരിക്കുകയാണ്.എന്നാൽ 'ജലഛായ'യിൽ കാലവും
സ്ഥലവും കഥാപാത്രങ്ങളും  നിശ്ചിതങ്ങളല്ല; മുൻകൂട്ടി നിർണയിക്കപ്പെട്ടവയല്ല.
അവയെല്ലാം തകിടം മറിയുന്നു.പ്രത്യക്ഷമായ ഒരു കാലം നാം ആദ്യം കാണുന്നു.പിന്നെ
ആ കാലത്തിനുള്ളിൽ മറ്റൊരു കാലം പ്രത്യക്ഷമാകുന്നു. അതിനുള്ളിൽ മറ്റൊരു കാലം
കടന്നു വരുന്നു.പൊടുന്നനെ എല്ലാ കാലങ്ങളും കൂടിക്കുഴഞ്ഞ് കാലസങ്കല്പം തന്നെ
മാറിമറിയുന്നു.


സ്ഥലവും കഥാപാത്രങ്ങളും നോവലിസ്റ്റിന്റെ പിടിയിൽ നിന്ന്  കുതറി മാറുന്നു. നാം
കണ്ടു നിൽക്കെ സ്ഥലവും കഥാപാത്രങ്ങളും പോയി മറയുന്നു. അവിടെ അപര
കഥാപാത്രങ്ങളും അപര സ്ഥലങ്ങളും പ്രത്യക്ഷപ്പെടുന്നു.


മനുഷ്യർ മാത്രമല്ല 'ജലഛായ'യിലെ കഥാപാത്രങ്ങൾ . മരങ്ങളും ചെടികളും പുഴുക്കളും
ഉറുമ്പുകളും ചിത്രശലഭങ്ങളുമെല്ലാം കഥാപാത്രങ്ങളായി വന്നു നിറയുന്നു.
മനുഷ്യന്റെ  ജീവിതം പോലെ തന്നെ മരങ്ങളുടെയും ചിത്രശലഭങ്ങളുടെയും
ഉറുമ്പുകളുടെയും  ജീവിതങ്ങളും  ദുരൂഹമായിത്തുടരുന്നു;പ്രഹേളി
കകളായി വളരുന്നു. തൊടിയിലെ ശലഭങ്ങൾ പറന്നു പറന്നു വാകമരത്തിലെ ഇലകളായി
പരിണമിക്കുകയും വാകമരം ആകാശത്തിന്റെ ചില്ലകളുടെ സഞ്ചയമായിത്തീരുകയും
ചെയ്യുന്നിടത്താണ് നോവൽഅവസാനിക്കുന്നത്.

ലൂക്ക് ജോർജ് എന്ന സുവിശേഷപ്രസംഗകനും എഴുത്തുകാരനുമായ ഒരാളുടെ കഥയാണ് നാം
വയിച്ചു തുടങ്ങുന്നത്.എഴുതുകയും പ്രസംഗിക്കുകയും ചെയ്തിരുന്ന ലൂക്ക് ജോർജ്
മാനസിക രോഗാശുപത്രിയിൽ നിന്ന് തന്റെ ചെറിയ  വാടകമുറിയിൽ
തിരിച്ചെത്തിയിരിക്കുകയാണ്. അയാൾ അപകട സന്ധിയിലാണ്.


സ്വന്തം അനുഭവത്തെപ്പറ്റി കൃത്യമായ ഒരു പ്രസ്താവന നടത്താൻ ലൂക്ക് ജോർജ്
തീർത്തും അശക്തനാണ്. പാതി മറഞ്ഞ ബോധത്തിനിടയിലൂടെ അയാൾ ജീവിക്കുകയാണ്. അയാളുടെ  വഴികൾ വ്യക്തവും അവ്യക്തവുമാണ്.


സുവിശേഷ പ്രസംഗകനായിരുന്നുവെങ്കിലും ലൂക്ക് വിശ്വാസിയായിരുന്നില്ല.  തന്റെ
ജീവിതത്തിലെ അസാധാരണമായ സംഭവങ്ങൾക്കെല്ലാം ദൈവത്തെ മാത്രമാണ് അയാൾ
കുറ്റപ്പെടുത്തുന്നത്.പ്രധാനമാ  യും മൂന്നു കാര്യങ്ങളിലാണ് ലുക്ക് ദൈവത്തെ അപലപിച്ചത്.
ഒന്ന്: ഏതു സുന്ദര വസ്തുവിനെ  കണ്ടാലും , അതിന്റെ പിന്നിലെ
തിന്മയും മാലിന്യവും   മനസ്സിലേക്കു വന്ന് ആ അനുഭൂതിയെ  തല്ലിക്കെടുത്തും,
സഹതാപാർദ്രമായ കരച്ചിലായി പരിണമിക്കും.


രണ്ട്: ഏതു വസ്തുവിനെ കണ്ടാലും മതി വരുകയില്ല;എത്ര സുഖകരമായ വസ്തുവും മനസ്സിൽ
പിന്നെയും പിന്നെയും തെളിഞ്ഞ് വേദനയുണ്ടാക്കുന്നു.
മൂന്ന്: ലൈംഗികമായ , ആത്മീയമായ തൃപ്തി ഒരിക്കലും ലഭിക്കുന്നില്ല- ലൂക്ക് ജോർജ്
എന്ന സുവിശേഷ പ്രസംഗകനായ എഴുത്തുകാരൻ അനുഭവിക്കുന്ന തീവ്രമായ ഈ
പ്രതിസന്ധികളാണ് , പ്രശ്നങ്ങളാണ്  'ജലഛായ'യെ മലയാളത്തിൽ
ഇന്നുണ്ടായിക്കൊണ്ടിരിക്കുന്ന ആയിരക്കണക്കിനു നോവലുകളിൽ നിന്ന്
വ്യതിരക്തമാക്കുന്നത്.


ദാർശനികമായും സാഹിത്യപരമായും ശൈലീപരമായും 'ജലഛായ' അതുല്യമായ മാനം
കൈവരിക്കുന്നു. ഈ ഒരൊറ്റ നോവലിലൂടേ തന്നെ ഹരികുമാർ മലയാളത്തിലെ ഏറ്റവും
ശ്രദ്ധേയനായ നോവലിസ്റ്റായിക്കഴിഞ്ഞിരിക്കുന്നു.


'ജലഛായ'യുടെ ആദ്യ അദ്ധ്യായത്തിൽ നാം ഇങ്ങനെ വായിക്കുന്നു:'' ലൂക്ക് ജോർജ് എന്ന
മനുഷ്യൻ തന്നെ യഥാർത്ഥമാണോ?അത് നിങ്ങൾ വായനക്കാർക്ക് വിടുകയാണ്....... ലൂക്ക്
എന്ന വ്യക്തി ഒരു പക്ഷേ , നമ്മൾ ഓരോരുത്തരുമാകാം. നമ്മളിൽ ഇനിയും പിറക്കാത്ത
മനുഷ്യനായിരിക്കാം.''

ഹരികുമാറിന്റെ 'ജലഛായ' ഓരോ വായനയിലും സ്വയം പരിണമിച്ചുകൊണ്ടിരിക്കുന്നു.



(ജലഛായ (നോവൽ)
എം.കെ.ഹരികുമാർ
ഗ്രീൻ ബുക്സ്,തൃശൂർ
rs 210/)

പൂര്‍വ്വമാതൃകകളെ ഉടച്ചു വാര്‍ക്കുന്ന ജലച്ഛായ- നോവല്‍ വായന


ഡോ. ടി കെ സന്തോഷ് കുമാര്‍


ഈ ആഴ്ചയിലെ പുസ്തകം
ജലച്ഛായ (നോവല്‍)എം.കെ.ഹരികുമാര്‍വില: 210.00 രൂപ
ഗ്രീന്‍ ബുക്‌സ്


വായനയുടെ വിസ്മയകരമായ തലച്ചോറും കാഴ്ചയുടെ കാണാക്കണ്ണുകളും ആവശ്യപ്പെടുന്ന നോവലാണ് എം.കെ.ഹരികുമാറിന്റെ ‘ജലച്ഛായ’. നോവലിന്റെ പരമ്പരാഗത മാതൃകകളെ അടിമുടി കടിച്ചുകുടഞ്ഞ് പുറത്തേക്കിടുകയാണ് നോവലിസ്റ്റ്. വികാരങ്ങളുടെ മോഹിപ്പിക്കുന്ന തലങ്ങളെ വിചാരങ്ങളുടെ ദഹിപ്പിക്കുന്ന സാന്നിദ്ധ്യം കൊണ്ട് തീക്ഷ്ണമാക്കുകയാണ് നോവലിലുടനീളം. സ്ഥലകാലങ്ങള്‍ക്കും കഥാപാത്രങ്ങള്‍ക്കും നിയതമായ രൂപമോ ഭാവമോ കല്‍പ്പിക്കുന്നില്ല നോവലിസ്റ്റ്. മലയാള നോവല്‍ ശാഖയിലേക്ക് നവാദ്വൈതത്തിന്റെ ജലസംഭരണിയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന കിരീടധാരിയായ ഒറ്റയാള്‍ പട്ടാളമായി കടന്നുവരികയാണ് ജലഛായ.
ജര്‍മ്മന്‍ തത്ത്വചിന്തകനായ ഹൈഡഗ്ഗറാണ് കാലബോധത്തെ ദാര്‍ശനികമാക്കിയത്. മനുഷ്യാസ്തിത്വത്തിന്റെ ഉജ്ജ്വലമായ പ്രത്യേകതകളിലൊന്ന് കാലബോധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കാലത്തിലൂടെ മാത്രം നിലനില്‍ക്കുന്ന സത്തയാണ് മനുഷ്യന്‍. സ്വന്തം സത്തയെ കാലത്തിലൂടെ പ്രസരിപ്പിക്കുന്നു. ഈ സ്വഭാവം ജലഛായയുടെ ആന്തരിക പ്രത്യക്ഷമായി അനുഭവപ്പെടുന്നത് നോവലിന്റെ ദാര്‍ശനിക മാനത്തെ വികസ്വരമാക്കാന്‍ സഹായിക്കുന്നു. എല്ലാ കാലങ്ങളും കൂടിക്കുഴഞ്ഞ് കാലസങ്കല്‍പം മാറിമറിയുന്ന ചിത്രമാണ് ജലഛായയെ  വ്യത്യസ്തമാക്കുന്നത്.
ഇരുപത്തഞ്ച് അധ്യായങ്ങളുണ്ട് നോവലിന്. ഓരോ അദ്ധ്യായവും ഓരോ അനുഭവവും അനുഭൂതിയും പകരുന്നതോടൊപ്പം ഭ്രമാത്മകതയുടെ പുതിയ ഉള്‍ക്കാഴ്ചയും നല്‍കുന്നു. വായനയിലൂടെ നോവലിസ്റ്റ് ആര്‍ജ്ജിച്ചെടുത്ത ഉത്തരാധുനികതയുടെ നിലപാടുകളും നവാദ്വൈതത്തിന്റെ നിരീക്ഷണങ്ങളും നോവലിന്റെ ആത്മാവിന് ശക്തിപകരുന്നു.
‘ജലച്ചായം’ എന്ന നോവലെഴുതിയ ലൂക്ക് ജോര്‍ജ് എന്ന നോവലിസ്റ്റിനെ ജോര്‍ദ്ദന്‍ എന്ന പെണ്‍കുട്ടി ഇന്റര്‍വ്യൂ ചെയ്യുന്നതിലൂടെയാണ് ‘ജലഛായ’ വളര്‍ന്ന് വികസിക്കുന്നത്. സുവിശേഷ പ്രസംഗം നടത്തി കഴിഞ്ഞിരുന്ന ലൂക്ക്‌ ജോര്‍ജ് പക്ഷെ ദൈവവിശ്വാസിയല്ല. ലൂക്ക് ജോര്‍ജ് സഭയില്‍ നിന്ന് പുറത്തായവനാണ്. സാഹിത്യമെഴുതിയതിനും സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിനുമാണ് അയാള്‍ ബഹിഷ്‌കൃതനായത്. ലൂക്ക് ജോര്‍ജിലൂടെ ഹരികുമാര്‍ മലയാള നോവലിലെ നായകസങ്കല്‍പ്പം പൊളിച്ചെഴുതിയിരിക്കുകയാണ്. ലൂക്ക് ജോര്‍ജ്, ജോര്‍ദ്ദാന്‍ എന്നിവരിലൂടെ ‘ജലഛായ’ മുന്നോട്ട് നീങ്ങുമ്പോള്‍ കണ്ടുമുട്ടുന്ന സന്ദര്‍ഭങ്ങളും സംഭവവിവരങ്ങളും എല്ലാം കൂടിച്ചേര്‍ന്ന് ബഹുസ്വരതയില്‍ അധിഷ്ഠിതമായ ഒരു ഏകാന്തസൗന്ദര്യത്തിന്റെ തുരുത്തിലേക്കാണ് വായനക്കാര്‍ എത്തിച്ചേരുന്നത്. ഇമേജുകളിലൂടെയും പ്രതിബിംബങ്ങളിലൂടെയും ഹരികുമാര്‍ സൃഷ്ടിക്കുന്ന രചനാകൗശലം ഭാഷയുടെ നാളത്തെ വെല്ലുവിളിയായി
ശേഷിക്കുന്നു.
മുലകളുടെ ഉത്സവം
കേരള ചരിത്രത്തിലെ ഇരുണ്ട ഭൂഖണ്ഡങ്ങളിലേക്കും കിരാതപര്‍വ്വത്തിലേക്കും കൂട്ടിക്കൊണ്ടുപോകുന്ന അദ്ധ്യായമാണ് ‘മുലകളുടെ ഉത്സവം’.  കീഴാളരുടെ സങ്കടങ്ങളും സന്നിഗ്ദ്ധതകളും സര്‍വ്വോപരി ക്രൂരമായ അടിച്ചമര്‍ത്തലുകളും ചരിത്രത്തിന്റെ തിരുശേഷിപ്പുകളാണ്. അതിലേക്ക് ആഴ്ന്നിറങ്ങി തന്റെ ആത്മരോഷവും പ്രതിരോധശക്തിയും വിളംബരം ചെയ്യുകയാണ് ഹരികുമാര്‍. ജീവിതത്തെ നോക്കിക്കാണുന്ന, അടിസ്ഥാന വര്‍ഗ്ഗത്തെ സ്‌നേഹിക്കുന്ന ഒരെഴുത്തുകാരന് കാരുണ്യപൂര്‍വ്വം ഇങ്ങനെയേ പ്രതികരിക്കാനാവൂ. മാറുമറയ്ക്കല്‍ സമരവും കല്ലുമാലസമരവും ജന്മിക്കട്ടില്‍ സമരവും ചേര്‍ത്തലയിലെ നങ്ങേലിയുടെ തിരുവിതാംകൂര്‍ മുലക്കരം അവസാനിപ്പിച്ച ബലിയും എല്ലാം ചരിത്രസാക്ഷ്യങ്ങളാണ്. മൃഗസമാനമായ ലൈംഗികദാസ്യവൃത്തികള്‍ക്ക് വഴങ്ങേണ്ടിവന്ന അവര്‍ണ്ണരുടെ അഗാധമായ ദുഃഖവും, അടിച്ചമര്‍ത്തിയും അടക്കിവാണും ധാര്‍ഷ്ട്യം കാണിച്ച സവര്‍ണ ഫാസിസവും ഇന്നും നമ്മുടെ ഓര്‍മ്മകളില്‍ തീമുറിവുകളാണ്. തമ്പുരാന്‍മാര്‍ക്ക് കശക്കാനും കടിച്ചുവലിക്കാനും അവര്‍ണ്ണപ്പെണ്ണുങ്ങളുടെ മുല വേണം. എങ്കില്‍ അവര്‍ക്ക് മനസ്സമാധാനമുള്ളു.  ഈ മനസ്സമാധാനത്തെയാണ് ശക്തമായി എതിര്‍ക്കപ്പെടേണ്ടത്. കീഴാള പെണ്ണുങ്ങളുടെ ജൈവാധികാരത്തെയും ശരീരത്തെയും സവര്‍ണ്ണ സംസ്‌കാരം എങ്ങനെയൊക്കെ തച്ചുടച്ച് അധികാരം സ്ഥാപിക്കാന്‍ ശ്രമിച്ചു എന്നതിന്റെ ചിന്തയും ചിത്രവമാണ് ഈ അദ്ധ്യായത്തെ ഭാവദീപ്തമാക്കുന്നത്.

ബെസ്റ്റ് ഓഫ് അഴിമുഖം 

നചികേതസിനെ തുറക്കാന്‍ പലതരം താക്കോലുകള്‍ – കവിതാ വായനഅപൂര്‍ണതയുടെ ഒരു പുസ്തകം എന്ന നിലയില്‍ ജീവിതംവഴി തെറ്റിയ യാത്രാ വര്‍ത്തമാനങ്ങള്‍; മാസിഡോണിയ , അമേരിക്ക, പോളണ്ട്വായിക്കാം, മറ്റൊരു ദുര്യോധനനെകമ്പോളം സ്ത്രീയെ വില്‍ക്കുന്ന വിധം- നോവല്‍ വായന

‘ഉറുമ്പുകളുടെ സുവിശേഷം’ എന്ന അധ്യായത്തില്‍ കറുത്തുറുമ്പും ചുവന്നുറുമ്പും പുലര്‍ത്തുന്ന ജൈവപരമായ സവിശേഷത നോവലിസ്റ്റിന്റെ സൂക്ഷ്മദര്‍ശനത്തെ വ്യക്തമാക്കുന്നു. അതേസമയം ‘ഒരു നായ അഭിനയിക്കുന്നു’ എന്ന അദ്ധ്യായത്തില്‍ ദയാനന്ദന്‍ എന്ന ദളിത് യുവാവിന്റെ സ്വത്വമാണ് അനാവരണം ചെയ്യുന്നത്. പ്രണയിനിയായ ജെസിയോടൊപ്പം താമസിക്കാന്‍ ആഗ്രഹിച്ച ദയാനന്ദന് അവളോടു പൊരുത്തപ്പെടാന്‍ കഴിയാത്ത സാഹചര്യത്തില്‍ അകലാന്‍ ഒരുങ്ങുന്നു. പ്രണയഭംഗത്തിനന്റെ അന്തരീക്ഷം മനസ്സിലാക്കി അവര്‍ പരസ്പരം പിരിയാനൊരുങ്ങുന്ന രംഗം പകര്‍ത്തുമ്പോള്‍ ഒരു നായയായി ലൂക്ക് ജോര്‍ജ് സമീപത്തെത്തുന്നു. കാഫ്കയുടെ ‘മെറ്റമോര്‍ഫോസിസി’ലെ ഗ്രെഗര്‍സാംസയെപ്പോലെ രൂപാന്തരം പ്രാപിക്കുന്ന ലൂക്ക് മനുഷ്യാവസ്ഥയുടെ മറ്റൊരു മുഖമായി മാറുന്ന മാന്ത്രികസ്പര്‍ശം ഹരികുമാര്‍ ദാര്‍ശനികമായ മാനത്തിലേക്ക് എടുത്തുയര്‍ത്തുകയാണിവിടെ.
നിരൂപകമനസിലെ നോവല്‍
എം.കെ.ഹരികുമാര്‍ സാഹിത്യനിരൂപകനാണ്. സിദ്ധാന്തങ്ങളെയും തത്ത്വശാസ്ത്രങ്ങളെയും പഠിച്ചുറപ്പിച്ച ഒരു മനസ്സില്‍ സര്‍ഗ്ഗാത്മകമായ ഒരു സൃഷ്ടി രൂപം കൊള്ളുമ്പോള്‍ തീര്‍ച്ചയായും അതിന് വ്യത്യസ്തമാനങ്ങളുള്ള നിക്ഷേപം ഉണ്ടായിരിക്കും. ഈ നിക്ഷേപസഞ്ചയത്തില്‍ നിന്നാകും പൂര്‍വ്വമാതൃകകളെ ഉടച്ചുവാര്‍ക്കാനുള്ള അഭിവാഞ്ഛ ഉണ്ടാകുന്നത്. നിരൂപകമനസ്സും സര്‍ഗ്ഗാത്മകമനസ്സും കൂടിച്ചേരുമ്പോഴുണ്ടാകുന്ന വിസ്‌ഫോടനത്തിന്റെ ജീവകണങ്ങളാണ് ഒരു കലാസൃഷ്ടിക്ക് കരുത്തും കാന്തിയും നല്‍കുന്നത്. ഇത്തരമൊരു അധികാരത്തിന്റെ അടിത്തട്ടില്‍ നിന്നാണ് ‘ജലഛായ’ ജലപര്‍വ്വം പോലെ വിസ്തൃതമാകുന്നത്. പുതുമയെ പുല്‍കുന്ന ആറാമിന്ദ്രിയം ഈ നോവലിന്റെ ജീവസ്പന്ദനമായി വര്‍ത്തിക്കുന്നു.
അടിച്ചമര്‍ത്തലും, അധികാരപ്രമത്തതയും കീഴാള ദുരിതങ്ങളും പ്രണയവും രതിയും എന്നുവേണ്ട മനുഷ്യജീവിതത്തിന്റെ സമസ്തതലങ്ങളെയും ബാധിക്കുന്ന പ്രശ്‌നങ്ങളെ ഹരികുമാര്‍ ‘ജലഛായ’യില്‍ കൊണ്ടുവരുന്നു. അതിലൂടെ നവീനമായ കാഴ്ചപ്പാടാണ് നോവലിസ്റ്റ് സ്വീകരിക്കുന്നത്. നവകാല്‍പ്പനികതയുടെ പേശീബലവും ദാര്‍ശനിക സമസ്യകളുടെ അന്വേഷണത്വരതയും നോവലിന് പുതിയൊരു വിതാനം സമ്മാനിക്കുന്നു. പരീക്ഷണമെന്നോ ഉടച്ചുവാര്‍ക്കലെന്നോ ഒക്കെ സൗകര്യപൂര്‍വ്വം വായനക്കാര്‍ക്ക് ഈ നോവലിനെ വിളിക്കാമെങ്കിലും ആത്യന്തികമായി ‘ജലഛായ’ മനുഷ്യജീവിതാവസ്ഥയുടെ അടിമുതല്‍ മുടിയോളം അന്വേഷിച്ചലയുന്ന സിംഫണിയാണ്.
വര്‍ത്തമാനകാലജീവിതത്തിന് സംഭവിച്ച വ്യതിയാനങ്ങളെ സൂക്ഷ്മമായി മനസ്സിലാക്കി അതിനനുസൃതമായി ജീവിതത്തിന്റെ കഠിനവേദനകളെയും പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളെയും ഇഴപിരിച്ച് പരിശോധിക്കാന്‍ ശ്രമിക്കുന്ന ഒരു എഴുത്തുകാരനെ ഈ നോവല്‍ വ്യക്തമാക്കിത്തരുന്നു. ഒപ്പം വരുംകാലത്തിലേക്ക് കണ്ണുകള്‍ പായിച്ച് വെല്ലുവിളികളുടെ മറ്റൊരു ഭൂഖണ്ഡത്തിലേക്കാണ് ജലഛായ നീങ്ങുന്നതെന്ന സത്യവും  ആന്തരികപ്രത്യക്ഷം പോലെ വായനക്കാരനെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു
.

ജലഛായ വായിക്കുമോൾ




 എസ് . ഭാസുരചന്ദ്രന്‍

 ''ഖസാക്കിന്റെ ഇതിഹാസം’ അതിനു തൊട്ടുമുന്‍പുള്ള കേളിപ്പെട്ട നോവലുകളില്‍ മിക്കതിനെയും പഴഞ്ചരക്കാക്കിയതുപോലെ , ‘ജലഛായ’ ഇതിഹാസശേഷം വന്ന ഒട്ടേറെ മലയാള നോവലുകളുടെ വാതിലുകള്‍ നരിച്ചീറുകള്‍ക്കായി തുറന്നിടുന്നു.ഇനിയും പഴയതായി തുടരണമോ പുതുതായി പരിണമിക്കണമോ എന്ന് ജലഛായയുടെ മുന്നില്‍ നിന്ന് മലയാള നോവലിനു അടിയന്തരമായി തീരുമാനമെടുക്കേണ്ടിവരും.''
 
 
മലയാള നോവലില്‍ ഏറ്റവും പുതുതായി സംഭവിച്ച സമഗ്രമായ അട്ടിമറിയെന്ന് ശ്രീ എം.കെ.ഹരികുമാറിന്റെ ‘ജലഛായ’യെ വിശേഷിപ്പിക്കാം. നോവലായി നിന്നുകൊണ്ട് അത് നോവല്‍ എന്ന കലാരൂപത്തെയും, ജീവിതത്തില്‍ നിന്ന് മെറ്റീരിയല്‍ സ്വീകരിച്ചുകൊണ്ട് ജീവിതത്തെയും കാലുവാരിയിരിക്കയാണ്.
പരമ്പരാഗതമല്ലാത്ത ഉറവിടങ്ങളില്‍ എണ്ണഖനനം നടത്തുന്ന മുങ്ങിക്കപ്പലിനെ ഓര്‍മ്മിപ്പിക്കുന്ന നോവലാണിത്.അമേരിക്കന്‍ കവി വാള്‍ട്ട് വിറ്റ്മാന്‍ ആഴക്കടലിലേക്ക് പറഞ്ഞുവിട്ട കവിയെപ്പോലെ ഓരോ അദ്ധ്യായത്തിനൊടുവിലും ചോരച്ച കണ്ണുകളുമായി നോവലിസ്റ്റ് മാത്രമല്ല വായനക്കാരനും പുറത്തുവരുന്നു.അവരെ സ്വീകരിക്കാന്‍ ഓരോ അദ്ധ്യായാന്ത്യത്തിലും ശലഭങ്ങളുടെ ഒരു കളിസ്ഥലം ഒരുക്കിയിരിക്കുന്നു.കഠിനവും പരതന്ത്രവുമായ ചരിത്രത്തെ കാലത്തിന്റെ അപരിമേയ വിശാലതയിലേക്ക് തുറന്നുവിടുന്ന അനുഭവമാണ് ഈ ശലഭസ്പര്‍ശം നമുക്ക് നല്‍കുന്നത്.

ജലഛായ എന്ന ശീര്‍ഷകം പേറുന്ന ഈ നോവലില്‍ ജലച്ചായവും ഉണ്ട്.നിശ്ശബ്ദതയുടെ ജലച്ചായം എന്ന നോവലെഴുതിയ ലൂക്ക് ജോര്‍ജ് എന്ന നോവലിസ്റ്റിനെ , അയാളെപ്പറ്റി നോവലെഴുതാന്‍ ഉദ്ദേശിക്കുന്ന ജോര്‍ദ്ദാന്‍ എന്ന പെണ്‍കുട്ടി ഇന്റര്‍വ്യു ചെയ്യുകയാണ്.ഇത്രയുമായപ്പോള്‍ തന്നെ ഹരികുമാറിനെ ചേര്‍ത്ത് നോവലിസ്റ്റുകളുടെ എണ്ണം മൂന്നായി. സുവിശേഷപ്രസംഗം നടത്തിക്കഴിഞ്ഞിരുന്ന ലൂക്ക് ജോര്‍ജ് അയാള്‍ക്കാണെങ്കില്‍ തെരുവോരങ്ങളില്‍ നിന്ന് താന്‍ അവതരിപ്പിക്കുന്ന ദൈവത്തില്‍ വിശ്വാസമില്ല;കാര്യങ്ങള്‍ തകിടം മറിയുന്നത് നോക്കുക.നാളത്തെ നോവലിസ്റ്റും ഇന്നത്തെ നോവലിസ്റ്റും തമ്മിലുള്ള അഭിമുഖങ്ങളാണ് ഓരോ അദ്ധ്യായവും ;എന്നുവച്ച് സാഹിത്യപരവും കഥാപരവും കഥാപാത്രപരവുമായ കാര്യങ്ങള്‍ മാത്രം സംസാരിച്ച് അദ്ധ്യായങ്ങളെ സമാധാനദ്വീപുകളാക്കുകയല്ല ഹരികുമാര്‍.

കീഴാളര്‍ എന്ന് വിളിച്ച് മാധ്യമങ്ങള്‍ നിരന്തരം കൂട്ടബലാല്‍സംഗം ചെയ്യുന്ന പെണ്ണാളുകളുടെയും പരസ്യ ചാട്ടവാറടി നല്‍കുന്ന ആണ്‍പിറന്നവരുടെയും ഗതകാല തലമുറകള്‍ രക്തവും മാംസവും മുതലിറക്കി ജീവിച്ച ജീവിതത്തിലാണ് ജലഛായ മുങ്ങാങ്കുഴിയിടുന്നത്.
കുരുമുളകു മരണങ്ങള്‍ എന്ന അദ്ധ്യായം ചരിത്രത്തില്‍ സൂചികുത്താന്‍ ഇടം കിട്ടാത്തതിനാല്‍ നോവലിലേക്ക് ഓടിക്കയറിയിരിക്കുന്ന അഭയാര്‍ത്ഥികളുടെ കൂടാരമാണ്.നിങ്ങളുടെ കഥാകൗതുകങ്ങളെയല്ല ഈ നോവല്‍ അഭിസംബോധനചെയ്യുന്നത്. എന്നിട്ട് എന്ത് സംഭവിച്ചു എന്ന മൂന്നാംകിട ഉത്കണ്ഠയെ മറികടന്നശേഷമാണ് ഈ നോവല്‍ അജയ്യമായ അതിന്റെ അക്ഷരയാത്ര നടത്തിയിരിക്കുന്നത്.

ശില്പസൗകുമാര്യം ഫ്യൂഡലിസമാണെന്നും ഏറ്റവും മികച്ച അവസ്ഥയില്‍ അത് സ്റ്റാലിനെയും ഹിറ്റ്‌ലറെയും ഞെട്ടിക്കുന്ന ഫാസിസ്റ്റാണെന്നും ജലഛായയുടെ ശകലിതമായ വൃന്ദവാദ്യം(Fragmented Orchetsra) ) തെളിയിച്ചിരിക്കുന്നു. ഒരൊറ്റക്കാഴ്ചകൊണ്ട് വായനക്കാരനു വിശപ്പടക്കാന്‍ കഴിയാത്ത നോവലാണിത്.അത് വായനയുടെ ഒരു ബഹുനയനത്വം (Compound Eye ) ആവശ്യപ്പെടുന്നു.മലയാള നോവലിന്റെ ഏറ്റവും വലിയ പ്രശ്‌നം, നമ്മുടെ ചെല്ലപ്പെട്ട നോവലിസ്റ്റുകളില്‍ മിക്കവരും വെറും വൈകാരികത കൊണ്ടാണ് നോവല്‍ എഴുതുന്നത് എന്നതാണ്. ആ സാധനങ്ങളില്‍ പലതിനെയും തുടര്‍ക്കഥ എന്നാണ് വിളിക്കേണ്ടത്.നോവല്‍ അതിന്റെ ഏറ്റവും ഉത്തുംഗമായ അവസ്ഥയില്‍ ബുദ്ധിരാക്ഷസന്റെ കലയാണ്. ഇക്കാര്യം വ്യക്തമാവാന്‍ ‘കാരമസോവ് സഹോദരന്മാര്‍’ മാത്രം ഓര്‍ത്താല്‍ മതി.’ഖസാക്കിന്റെ ഇതിഹാസം’ അതിനു തൊട്ടുമുന്‍പുള്ള കേളിപ്പെട്ട നോവലുകളില്‍ മിക്കതിനെയും പഴഞ്ചരക്കാക്കിയതുപോലെ , ‘ജലഛായ’ ഇതിഹാസശേഷം വന്ന ഒട്ടേറെ മലയാള നോവലുകളുടെ വാതിലുകള്‍ നരിച്ചീറുകള്‍ക്കായി തുറന്നിടുന്നു.ഇനിയും പഴയതായി തുടരണമോ പുതുതായി പരിണമിക്കണമോ എന്ന് ജലഛായയുടെ മുന്നില്‍ നിന്ന് മലയാള നോവലിനു അടിയന്തരമായി തീരുമാനമെടുക്കേണ്ടിവരും.
(ഗ്രീന്‍ ബുക്‌സ്, തൃശൂര്‍ വില: 210)
 
ജലഛായ  വായിക്കുമോൾ