ലൈവ് ,സൗന്ദര്യത്തിൻ്റെ ഉപഭോഗം ,ക്ഷണികത
ഈ
നൂറ്റാണ്ട് എല്ലാറ്റിനെയും വർത്തമാനകാലത്തിന്റെ ഏറ്റവും സൂക്ഷ്മമായ
അഗ്രത്തിൽ ,ഇന്നിൽ പ്രതിഷ്ഠിക്കാനാണ് വെമ്പൽ കൊള്ളുന്നത് .ഇന്ന് ,ഇപ്പോൾ
എന്ന അനുഭവമാണത്രേ പ്രധാനം .ഈ നിമിഷം കഴിഞ്ഞാൽ എല്ലാം പഴയതും
പുരാതനവുമാകുകയാണ്. പുരാതനമായതെല്ലാം, സമയം കിട്ടുന്ന മുറയ്ക്ക് ചികഞ്ഞു
നോക്കാനുള്ളതാണ്.
ഇപ്പോൾ
അതിനു ഉപയോഗമില്ലല്ലോ. ടെലിവിഷൻ വാർത്താമാധ്യമങ്ങളാണ് ലൈവ് എന്ന നിലയിൽ
ലോകത്തെ അവതരിപ്പിച്ചത് .തൽസമയം നീന്തുന്നത്, പ്രസംഗിക്കുന്നത്,
ദുഃഖിക്കുന്നത് അവിടെ ഏറ്റവും വിലയേറിയ വിഭവമാകുകയാണ്. ലോകം ജീവിക്കുന്നത്
ഈ നിമിഷത്തിൽ മാത്രമാണെന്ന ചിന്തയാണിത്.
ഏറ്റവും
പുതിയതിനാണ് വിലയുള്ളത്. വിൽക്കാൻ എളുപ്പമുള്ളത് ഈ നിമിഷമാണ് .ഒരു നടൻ
ഇരുനൂറ് ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടാകാം; എന്നാൽ ഇപ്പോൾ അയാൾ
അഭിനയിക്കുന്നതിനാണ് വില. ജീവിതത്തെ സമ്പൂർണമായി പിന്നോട്ടു തള്ളിക്കളയുന്ന
ഒരു മനോഭാവമാണ് ഇതിന് പിന്നിലുള്ളത്.
അതുകൊണ്ടുതന്നെ
ഇന്ന് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന കലാരൂപങ്ങൾ ,അനുഷ്ഠാനങ്ങൾ
എന്നിവയ്ക്കാണ് പ്രാമുഖ്യം. മറ്റെല്ലാം ആർക്കിലേക്ക് പോവുകയാണ്.കലയല്ല
,കലയുടെ ഉപയോഗപ്പെടുത്തലാണ് ഡിജിറ്റൽ ,ഇലക്ട്രോണിക് മേഖലകളിൽ
ഉണ്ടാവുന്നത്.
ചാനലുകൾ പരമ്പരകൾ,
വാർത്തകൾ തുടങ്ങിയവ സംപ്രേഷണം ചെയ്യുന്നത് ഒരു ഉപയുക്തതയെ മാത്രം
ലക്ഷ്യമാക്കിയാണ്. അതുകൊണ്ട് അതിനു രണ്ടാമത് ഉപയോഗമില്ല. ഒരു
പരമ്പരയോ,സ്കിറ്റോ, ടെലിഫിലിമോ സംപ്രേഷണം ചെയ്തുകഴിഞ്ഞാൽ അതോടെ അതിൻ്റെ
ജീവിതം അവസാനിച്ചു .അഞ്ഞൂറ് എപ്പിസോഡുകളിൽ പരന്നുകിടക്കുന്ന പരിപാടികൾ,
പരമ്പരകൾ തുടങ്ങിയവയ്ക്ക് രണ്ടാമതൊരു ജീവിതമില്ല .രണ്ടാമത് അത് സംപ്രേഷണം
ചെയ്യുന്നില്ല. ഒറ്റത്തവണ കൊണ്ട് അത് അവസാനിക്കുകയാണ്.
അതിൽ
പങ്കെടുക്കുന്ന കലാകാരന്മാരും കലാകാരികളും സാങ്കേതികവിദഗ്ധരും അത്
തങ്ങളോടൊപ്പം കൊണ്ടുപോകുന്നില്ല. അവരുടെ മനസ്സിൽ പോലും അതിനിടമില്ല. അവർ
കെട്ടിടം പണിയുന്ന തൊഴിലാളികളെ പോലെയാണ് ,ദിവസവും ചെയ്യുന്ന ജോലിക്ക് കൂലി
വാങ്ങി പോകുന്നു.
അവരുടെ കാലം ഒരു
ഉപയോഗപ്പെടുത്തലാണ്. അത് കലാസൃഷ്ടി എന്ന നിലയിൽ നിൽക്കുന്നില്ല. കല എന്നു
തെറ്റിദ്ധരിച്ച് വാണിജ്യ ,ഉപഭോക്തൃ സ്വഭാവങ്ങളെ കൂട്ടിയിണക്കുന്നു. ലൈവ്
ഉൽപാദനമോ, പരസ്യപ്പെടുത്തലോ , അവതരണമോ മാത്രമാണ് പ്രേക്ഷകൻ്റെ
മുന്നിലുള്ളത് .കാതലായ വ്യത്യാസമിതാണ്: ഷേക്സ്പിയർ എഴുതിയ നാടകം എപ്പോൾ
വേണമെങ്കിലും വായിക്കാം; അവിടെ ലൈവ് ഇല്ല .ഷേക്സ്പിയർ കൃതികൾ
വായിച്ചുകൊണ്ട് ലൈവ് അനുഭവം നേടാൻ വായനക്കാരന് കഴിയില്ല. ഷേക്സ്പിയർ
ആർക്കീവാണ്.
ആർക്കീവ്
എന്നാൽ ഇപ്പോൾ മൂല്യമില്ലാത്തത് എന്ന് അർത്ഥം വന്നു കഴിഞ്ഞു. ടെലിവിഷൻ
ഉൽപ്പന്നങ്ങളായ വാർത്തകൾ, അഭിമുഖങ്ങൾ, സംഗീതപരിപാടികൾ, കുക്കറി ഷോകൾ
തുടങ്ങിയവ സൗന്ദര്യവർദ്ധക വസ്തുക്കൾ പോലെയാണ്. അത് ഉപയോഗിച്ചു കഴിഞ്ഞാൽ
പിന്നെ അതിനെക്കുറിച്ച് ആരും ആലോചിക്കാറില്ല. ഒഴിഞ്ഞ ഓയിൻമെന്റ് ട്യൂബുകൾ
ആക്രി വസ്തുക്കൾക്കിടയിലേക്കാണ് പോകുന്നത് .അതിനു പിന്നീട് ആയുസ്സില്ല .
ഉപേക്ഷിച്ച് ശേഷം ഉപേക്ഷിക്കുകയോ മറക്കുകയോ ചെയ്യുകയാണ്. ഉപയോഗിക്കുന്നതിൽ
മാത്രമാണ് ഏവരുടെയും ശ്രദ്ധ. എന്തിനെയും സമീപിക്കുന്നത് ഈ
മനോഭാവത്തോടുകൂടിയാണ് .
ഈ
കാലത്ത് നേതാവും സംഘടനകളും പാർട്ടികളും പദവികളും ഉപഭോക്തൃ
വസ്തുക്കളെപോലെയാണ്. പദവിയില്ലാത്തവരെ അത് ഓർക്കുന്നില്ല. പദവി
നഷ്ടപ്പെട്ടവർ ആക്രിക്കടയിലാണ് ഇടം തേടുന്നത്. ഒരു ഷേവ് ക്രീം വാങ്ങിയാൽ
അത് ഉപയോഗിച്ച് തീർക്കുന്നതിലാണ് ശ്രദ്ധ. വളരെ
വേഗം ഉപയോഗിച്ചു തീർക്കും ; വീണ്ടും വാങ്ങാൻ .വീണ്ടും വീണ്ടും
വാങ്ങിയില്ലെങ്കിൽ അവനു കമ്പോളവത്കൃത മനസ്സുള്ള സുഹൃത്തുക്കളുടെയിടയിൽ
പ്രസക്തിയില്ല. വാങ്ങുക എന്ന മനോരോഗത്തിന് അവൻ അടിമപ്പെട്ടിരിക്കുന്നു.
എല്ലാ
സാംസ്കാരിക ഉല്പന്നങ്ങളും വാങ്ങാനുള്ളതാണ്. വാങ്ങി ഉപയോഗിച്ചയാൾക്ക് അത്
ഉപേക്ഷിക്കാൻ അവകാശമുണ്ട് .ഒന്നും ആരുടെയും മനസ്സുകളിലേക്ക് കയറുന്നില്ല.
സാംസ്കാരിക, രാഷ്ട്രീയ ഉൽപ്പന്നങ്ങളുടെ ഒരു കുതിച്ചുചാട്ടമാണ് നാമിപ്പോൾ
കാണുന്നത്. ചരിത്രത്തിൽ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത ഒരു ഉത്പാദനം
വിപ്ലവമാണ് ഇപ്പോഴുള്ളത്.
ഉപയോക്താവ്
അല്ലെങ്കിൽ പ്രേക്ഷകൻ നിസ്സഹായനാണ് .അവൻ്റെ സമയം പരിമിതമാണ് .അവനു
എന്തെല്ലാം കാര്യങ്ങളിൽ ശ്രദ്ധിക്കാനാവും ?യൂട്യൂബ് വ്ളോഗർമാർ, ന്യൂസ്
പോർട്ടലുകൾ ,ചാനൽ വാർത്തകൾ തുടങ്ങിയവ പെരുകിക്കൊണ്ടിരിക്കുകയാണ്.
ഒരു
ഉപയോക്താവിന്റെയും കൈപ്പിടിയിൽ ഒതുങ്ങുന്നതല്ല ഇത്. ഇതിനെ പുറമേയാണ്
വാട്സപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലെ സാംസ്കാരിക
ഉൽപ്പന്നങ്ങളുടെ വർധിച്ച പ്രവാഹം.
ഒരാളെ
വിമർശിച്ച് ഒരു യൂട്യൂബർ ഇടുന്ന വീഡിയോ ഈ കാലത്തിൻ്റെ ഒരു ഡിജിറ്റൽ
സാംസ്കാരിക ഉത്പന്നമാണ്. അത് ഇന്ന് ധാരാളം പേർ കാണും .അത് അവരെ അപ്ഡേറ്റ്
ചെയ്യുന്നു. ഇങ്ങനെ അനേകം അപ്ഡേറ്റുകൾ അവനെ ചുറ്റുവരിയുന്നു. ഏതാണ് ശരി
എന്നു ചിന്തിക്കാനൊന്നും അവനു സമയമില്ല. എന്താണ് സംഭവിക്കുന്നതെന്നു
ആലോചിച്ചു
തീരുന്നതിനു മുമ്പ് തന്നെ അനേകം ഉല്പന്നങ്ങൾ അവരുടെ മുന്നിലെത്തുകയാണ്.
ഒന്നിലും അവനു മനസ്സുപ്പിക്കാനാവില്ല .ഇങ്ങനെ അനേകമനേകം സാംസ്കാരിക
ഉത്പന്നങ്ങൾ ഉപഭോഗം ചെയ്ത് മാനസികമായി പൊണ്ണത്തടി ബാധിച്ചവനാണ് ആധുനിക
പ്രേക്ഷകൻ. അവൻ സമയത്തിന്റെ മുൾമുനയിലാണുള്ളത്.
അവൻ
സംഘർഷം അനുഭവിക്കുകയാണ്. അവൻ എല്ലാ ട്രെൻഡുകൾക്കും വേണ്ടി
കാത്തിരിക്കുന്നവനാണ് .ഷാരൂഖാൻ, വിജയ് ,പ്രഭാസ് തുടങ്ങിയവരുടെ പുതിയ
സിനിമകളുടെ പ്രൊമോകളും അതിനെപ്പറ്റിയുള്ള പ്രതികരണങ്ങളും അവൻ
ഇന്നറിയുന്നത് പത്രങ്ങളിൽ നിന്നല്ല ,നെറ്റിലെ വിവിധ സൈറ്റുകളിൽ നിന്നും
സമൂഹ മാധ്യമങ്ങളിൽ നിന്നുമാണ്. ഇതാണ് ലൈവ് പ്രതിഭാസത്തിൻ്റെ വ്യാപ്തി. ലൈവ്
എന്നത് ഒരു ബിന്ദുവല്ല ;അതൊരു സമുദ്രമാണ്.
പുതിയ സാംസ്കാരിക വസ്തു വാങ്ങിയില്ലെങ്കിൽ ,കണ്ടില്ലെങ്കിൽ അപമാനിക്കപ്പെടുന്ന വാണിജ്യ സാഹചര്യമാണ് ഇപ്പോഴുള്ളത്.
എല്ലാവരും
വാണിജ്യ കച്ചവട ലോകത്തിലാണുള്ളത്. എല്ലാവരും തേടുന്നത് ഉപഭോഗവസ്തുക്കളിലെ
സൗന്ദര്യവും അതിൻ്റെ അനുഭവവുമാണ്. പരസ്യങ്ങളുടെയും ട്രെൻഡുകളുടെയും ലൈവ്
അനുഭവമാണ് ഇന്ന് മനുഷ്യരെ അസ്തിത്വബോധമുള്ളവരാക്കുന്നതെന്ന് പറയുമ്പോൾ
അതിൻ്റെ വിധ്വംസക മായ സ്വഭാവം കാണാതിരിക്കുന്നില്ല.
ആളുകൾ
സ്വയം ഒരു ബ്രാൻഡാവുകയോ കുറെ ബ്രാൻഡുകളുടെ പ്രചാരകരാവുയോ ചെയ്യുന്നു.
ബ്രാൻഡുകളില്ലെങ്കിൽ തങ്ങളുടെ അസ്തിത്വം പൂർണ്ണമായി അപ്രസക്തമാകുമെന്ന് അവർ
വളരെ ആഴത്തിൽ മനസ്സിലാക്കുന്നു.വായിക്കുകയോ
ചിന്തിക്കുകയോ ചെയ്യുന്നവനെ ആരും തിരിച്ചറിയുന്നില്ല. ടെലിവിഷൻ
വാർത്താചാനലുകളും പത്രങ്ങളും വായനക്കാരനെന്ന നിലയിൽ പ്രതികരണം
ചോദിക്കുന്നത് ശരിയായി വായിക്കാത്തവരോടാണ്. കാരണം ,ഈ ചാനലുകൾക്കും
പത്രങ്ങൾക്കും എന്തും ഒരു നിമിഷത്തേക്ക് ,ലൈവിന് മാത്രമുള്ളതാണ്.
ആരെങ്കിലും ഒരാൾ എന്തെങ്കിലും പറഞ്ഞാൽ മതി, അതാണ് വേദവാക്യം എന്നു
പ്രഖ്യാപിക്കുന്നതിൽ അവർക്ക് സങ്കോചമില്ല.
ഒരു
നിമിഷത്തെ ആയുസ്സുമായി പറന്നു വീഴുന്ന ഈയാംപാറ്റകളെ പോലെയാണ് വാർത്തകളും
ചാനലിൽ പരിപാടികളും. പതിനായിരക്കണക്കിനനു പ്രോഗ്രാമുകൾ ഒരു നിമിഷത്തിൽ
സംഭവിക്കുമ്പോൾ ആർക്കാണ് ഇത് ഓർക്കാൻ നേരം? എല്ലാം പഴയതാവുകയാണ്, എത്രയും
വേഗം. ടി.എൻ.ഗോപകുമാർ കണ്ണാടി എന്ന പേരിൽ ചാനലിൽ വർഷങ്ങളോളം ഒരു പരിപാടി
ചെയ്തിരുന്നു. എന്നാൽ
ആ പരിപാടിക്കും ലൈവ് മൂല്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ടാമതൊരു കാണൽ
അതിനു വിധിച്ചിട്ടില്ല .കണ്ണാടി പോലെ ഫേസ്ക്രീം പോലെ ഉപയോഗിച്ചു
തീർക്കാനുള്ളതായിരുന്നു.
സംപ്രേഷണം
കഴിയുതോടെ അത് ഉപയോഗശൂന്യമായ ആർക്കീ വാവുകയാണ്. തെറ്റിദ്ധരിക്കരുത് ,ഈ
ആർക്കീവ് ഒരു ഈടുവയ്പാണെന്ന്. ആർക്കീവ് ഒരിക്കൽ പോലും ആളുകൾ
തിരിഞ്ഞുനോക്കില്ല. ഗവേഷകർ വല്ലപ്പോഴും തൊഴിലിന്റെ ഭാഗമായി അത്
പരിശോധിച്ചാൽ അത്ഭുതം .ഈ സാംസ്കാരിക ഉല്പന്നങ്ങൾ സഞ്ചരിക്കുന്നത്
അറിയപ്പെടാത്ത വിസ്മൃതിയുടെ സമുദ്രത്തിലേക്ക് തന്നെയാണ്.
ഈ
ഉത്തര- ഉത്തരാധുനിക ലൈവ് എല്ലാ ആഖ്യാനങ്ങളെയും നശിപ്പിക്കുകയാണ്. ഗാന്ധിജി
എഴുതിയ നൂറ് വാല്യങ്ങൾ ആരാണ് ഇന്നു ചർച്ച ചെയ്യുന്നത്? ആരെയെങ്കിലും
സന്തോഷിപ്പിക്കാൻ വേണ്ടി രാഷ്ട്രീയപാർട്ടികൾ ഒരു ഗാന്ധിസെമിനാർ നടത്തിയാൽ
തന്നെ അവിടെ ഗാന്ധിയുടെ ചിന്തകൾ ചർച്ച ചെയ്യപ്പെടണമെന്നില്ല. എല്ലാം
തകർന്നടിയുന്നത് ഈ കാലത്തിൻ്റെ പ്രത്യേകതയാണ്. കലാകാരന്മാർക്ക് ഉദാത്തമായ
പദവി നഷ്ടപ്പെട്ടു. കലാകാരൻ ഒരു പ്രസ്ഥാനത്തിന്റെയോ ഷോയുടെയോ ഭാഗമായാലേ
നിലനിൽപുള്ളു. ഡാവിഞ്ചിയെ പോലെ പള്ളിച്ചുമരിൽ വരച്ചുകൊണ്ട് ഇന്നു ഒരു
കലാകാരനും ശ്രദ്ധിക്കപ്പെടുകയില്ല. ബിനാലെ പോലെയുള്ള ഷോകളിൽ
പ്രദർശിപ്പിച്ചാൽ പോലും അവിടെനിന്ന് ഒരു വാൻഗോഗ് ഉണ്ടാവുകയില്ല. എന്തെന്നാൽ
കലാകാരന്മാരും അവരുടെ സൃഷ്ടികളും കുട്ടികളുടെ ശാസ്ത്രപ്രദർശനം പോലെ വളരെ
നിലവാരപ്പെട്ടതും സാധാരണവുമായി തീർന്നിരിക്കുന്നു.
കലാകാരനു
ഇന്നു ഒന്നും തന്നെ പൊളിച്ചെഴുതാനില്ല .എല്ലാം പഴയതിന്റെ ആവർത്തനങ്ങൾ
മാത്രമാണ് .ചിത്രം വരയ്ക്കാനും പ്രദർശിപ്പിക്കാനും സർക്കാരുകളുടെയും
എസ്റ്റാബ്ലിഷ്മെൻറുകളുടെയും സഹായം തേടേണ്ടിവരുന്നു.പുതിയ
സാഹചര്യത്തിൽ കലാകാരനു എന്താണ് പൊളിച്ചെഴുതാൻ കഴിയുക?ശ്രമിക്കുക അയാൾ ഒരു
അടിമയെ പോലെയാണ് പെരുമാറുക .അയാൾ നൂറിക്ക് കീഴടങ്ങി കൊണ്ട് തൻ്റെ യുള്ളിലെ
എല്ലാത്തരം പ്രതിഷേധങ്ങളും നശിപ്പിച്ചു കളയാൻ പ്രതിജ്ഞാബദ്ധനാണ്.
ജീർണമൂല്യങ്ങളോട്
ഒരുതരത്തിലും ഇടയാതിരിക്കാനാണ് അയാൾ ശ്രദ്ധിക്കുന്നത്.
ചെറുത്തുനിൽപ്പിന്റെ യോ ആക്രമണത്തിന്റെയോ വിമർശനത്തിന്റെയോ ഭാഷ ഉപയോഗിച്ചാൽ
പിന്നെ കലാകാരനോ അവൻ്റെ സൃഷ്ടിക്കോ ഒരിടത്തും പ്രവേശനം കിട്ടുകയില്ല.ഇന്നത്തെ
കലാകാരന്മാർ അഭിപ്രായമില്ലെന്ന് തുറന്നു പറയുന്നവരാണ്. അവർ സർക്കാരിൻ്റെ
ആശിർവാദത്തോടെ ജീവിക്കാനാണ് ഇഷ്ടപ്പെടുന്നത് .എല്ലാത്തിൻ്റെയും മൂല്യങ്ങൾ
ചുവടോടെ പിഴുത് മാറ്റപ്പെട്ട ഈ കാലത്ത് കലാകാരൻ്റെ സൃഷ്ടികൾ യാതൊന്നും
ചിന്തിക്കുന്നില്ല.
ഒരു കുക്കറി ഷോ
പോലെയോ ടെലിവിഷൻ സ്കിറ്റ് പോലെയോ അത് ആരെയും അലോസരപ്പെടുത്താതെ കടന്നു
പോകുന്നു. മനുഷ്യർക്ക് ആർക്കീസ് ഇല്ല .കാരണം, അവർക്ക് അതിനുള്ള അറകൾ
മനസ്സിൽ കൊണ്ടുനടക്കാനാവില്ല. ഈ നിമിഷത്തിൽ നിന്നു അടർന്നുവീഴുന്നതെല്ലാം
ഡിലീറ്റ് ചെയ്യുകയാണ് അവരുടെ ജോലി. ചരിത്രം
പോലും ലൈവാക്കി പരിവർത്തിപ്പിച്ചാലേ ശ്രദ്ധിക്കൂ. കലാകാരന്മാർ അവരുടെ
സൃഷ്ടികളിലൂടെ ഓർക്കപ്പെടുകയല്ല, മറക്കപ്പെടുകയാണ് ചെയ്യുന്നത്.
എല്ലാറ്റിനോടും അനുരഞ്ജനപ്പെട്ട അവർക്ക് ഇനിയെന്താണ് ചെയ്യാനുള്ളത് ?
ഇത്
ആൾട്ടർമോഡൺ (Altermodern ) ലോകമാണെന്ന് ജൈൽസ് ലിപോവെറ്റ്സ്‌കി(Giles
Lipovetsky) പറയുന്നതിന് കാരണം വിരുദ്ധമായി നിലനിന്നതാണ എല്ലാത്തിനെയും
ഒന്നിച്ചു ചേർത്തതാണ്. കഴിഞ്ഞ നൂറ്റാണ്ടിലെ ആധുനികത എല്ലാറ്റിനെയും
വേർപെടുത്താനാണ് ശ്രമിച്ചത്. ബിസിനസിൽ നിന്നു കല മാറ്റി നിർത്തപ്പെട്ടു.
കലയിൽ നിന്നു ഫാഷൻ മാറി നിന്നു. ഭക്ഷണം കലയിൽ നിന്നും അകലെയായിരുന്നു.
ആരോഗ്യപരിപാലനം സൗന്ദര്യപരിപാലനത്തിൽ നിന്നു അകലെയായിരുന്നു. ഇപ്പോൾ ഈ
സാഹചര്യം മാറി .വേറിട്ടു നിന്നതെല്ലാം ഒന്നിച്ചു വരികയാണ്. അദ്ദേഹം ഇതിനെ
Contemporary hybridization എന്നു വിളിക്കുന്നു. പരസ്പരവിരുദ്ധമായത് ഒരു
പ്ലാറ്റ്ഫോമിൽ ഒത്തുചേരുകയാണ്. എല്ലാറ്റിന്റെയും
ലക്ഷ്യം ഉപഭോഗമാണ്. ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് എല്ലാ കലയും കലയുടെ
സാധ്യതകളും പരിശോധിക്കപ്പെടുന്നത്. ഒരു വാഷിംഗ് മെഷീന്റെ സേവനം
എല്ലാവർക്കുമറിയാം. എന്നാൽ അതിൻ്റെ രൂപകൽപ്പനയിൽ ഒരു കലാകാരൻ
പ്രവർത്തിക്കുന്നുണ്ട് .ഒരു ഓവനിൽ, കുക്കറിൽ ,ഗ്യാസ് സ്റ്റൗവിൽ ,കാസറോളിൽ
,ഫ്ളാസ്കിൽ കലയുടെ ഉപയോഗം കാണാം .
ഉപഭോക്താക്കളുടെ
താൽപര്യം അതാണ് . അതുകൊണ്ടാണ് ലിപോവെറ്റ്സ്‌കി പറഞ്ഞത് ,ഒരു ചന്തയിൽ
സൗന്ദര്യം ഉപഭോഗം (Beauty consumers) ചെയ്യുന്നവരാണെന്ന്. ഏത് വസ്തുവിലും
നമ്മൾ അനുഭവങ്ങളുടെ, വികാരങ്ങളുടെ ഉപഭോഗമാണ് ഉന്നം വയ്ക്കുന്നത് .അതിൽ നാം
തേടുന്നത് സൗന്ദര്യമാണ് .കലയുടേതായ ഒരു മൂലധനം (Artistic capital)എല്ലാ
ഉല്പന്നങ്ങൾക്കു പിന്നിലുമുണ്ട്.
No comments:
Post a Comment