Followers

Tuesday, August 13, 2024

പൂക്കൾ പുരാതനമായ സ്നേഹം തരുന്നു / എം.കെ.ഹരികുമാർ


എം.സ്വരാജ് എഴുതിയ 'പൂക്കളുടെ  പുസ്തകം' എന്ന കൃതിയെക്കുറിച്ച് 


ശാസ്ത്രകഥകളിലൂടെ പ്രപഞ്ചയാഥാർത്ഥ്യത്തെ അവതരിപ്പിക്കുന്ന ഒരു പരമ്പരയിൽ അമേരിക്കൻ സാംസ്കാർക വിമർശകയും ഗ്രന്ഥകാരിയുമായ  മരിയ പൊപോവ് ഇങ്ങനെ എഴുതുന്നു:
"...flowers appeared and carpeted the world with astonishing rapidity - because ,in some poetic sense ,they invented love."കാവ്യാത്മകമായി പറയട്ടെ ,ഈ ലോകത്ത് പൂക്കളാണ് സ്നേഹം കണ്ടുപിടിച്ചത് .പൊപോവ് തീർത്ത് പറയുന്നു: പൂക്കളില്ലാതെ കവിതയില്ല, ശാസ്ത്രമില്ല, സംഗീതമില്ല .പൂവുണ്ടാകുന്നു ,കായുണ്ടാകുന്നു .സൂര്യപ്രകാശത്തിന്റെ രസതന്ത്രം പഴങ്ങളിലെ പഞ്ചസാരയ്ക്ക് കാരണമാകുന്നു. അതാണ് മൃഗങ്ങൾ  ഭക്ഷിക്കുന്നത്. അത് പ്രോട്ടീനുണ്ടാക്കുന്നു. അങ്ങനെ ഭക്ഷിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ജീവിവർഗങ്ങളുടെ  സ്നേഹസഹവർത്തിത്വം ഉണ്ടായി. " പൂക്കൾ നമ്മെ നേർവഴിക്കു നയിച്ചു എന്നാണ് പറയേണ്ടത്. ഡാർവിൻ ഇതിനെയാണ് വെറുപ്പിക്കുന്ന നിഗൂഢത എന്നു വിളിക്കുന്നത്. എന്നാൽ നിഗൂഢതയിൽ നിന്ന് പുതിയൊരു ലോകം ഉണ്ടാവുകയായിരുന്നുവെന്ന് പൊപോവ് അഭിപ്രായപ്പെടുന്നു.

സങ്കീർണമായ പരസ്പരാശ്രിതത്വത്തിൻ്റെ ലോകമാണ് പിറന്നത്. അതുകൊണ്ടാണ് എമിലി ഡിക്കിൻസൺ Bloom എന്ന കവിതയിൽ 'ഒരു പൂവായിരിക്കുന്നത് ഏറ്റവും വലിയ ഉത്തരവാദിത്വമാണെന്ന്' , അപൂർണതയിൽ നിർത്തിക്കൊണ്ട്, എഴുതിയത്. പൂക്കളെക്കുറിച്ചു പറയാൻ കാരണം, എം.സ്വരാജ് എഴുതിയ 'പൂക്കളുടെ പുസ്തകം' എന്ന കൃതി വായിച്ചതുകൊണ്ടാണ് .റിവ്യു വായിച്ചും  അഭിപ്രായങ്ങൾ കേട്ടുമാണ് ഞാൻ ഈ പുസ്തകത്തിലെത്തിച്ചേർന്നത്. ഇങ്ങനെയൊരു പുസ്തകം  ഇതിനുമുമ്പ് നമ്മുടെ ഭാഷയിൽ ഉണ്ടായിട്ടില്ല. ഹെർമൻ ഹെസ്സെയുടെ Trees വായിച്ചതോർക്കുന്നു .മരങ്ങളെ ദേവാലയങ്ങളായി കാണണമെന്നു വായിച്ചത് ഇതിലാണ്. പ്രകൃതിയെ വായിക്കുന്നത് സാഹിത്യകലയുടെ പ്രാഥമികമായ അറിവാണ് .റേച്ചൽ കഴ്സൺ സമുദ്രത്തെക്കുറിച്ച് എഴുതിയ മൂന്നു പുസ്തകങ്ങൾ -Under the Sea-Wind,The Sea Around us ,The Edge of the Sea - മാനവരാശിയെ ആന്തരികമായി എത്രമാത്രം ഉയർത്തി !എം.സ്വരാജിൻ്റെ പുസ്തകം, മനുഷ്യൻ പലപ്പോഴായി പാർശ്വവത്ക്കരിച്ച ,എന്നാൽ വളരെ ഭംഗിയുള്ള ,ചില സ്വപ്നങ്ങളെ , കാഴ്ചകളെ പിന്തുടരുന്നതിൻ്റെ അനുഭവം പകരുകയാണ്. സാഹിത്യവും വിജ്ഞാനവും ഒരുമിച്ച് വരുകയാണിവിടെ. 

പൂവിനു മുന്നിൽ മൃദുല ഹൃദയനായി 

പൂക്കൾക്ക് പിറകെ ഒരു കുട്ടിയുടെ ജിജ്ഞാസയോടെ എന്നു പറഞ്ഞാൽ പോരാ, ഭ്രാന്തെടുത്ത് പൂക്കളെ തേടിയെ ,പ്രകൃതിയുടെ ആസ്വാദകനാണ് ഗ്രന്ഥകാരൻ. അദ്ദേഹം ചില പൂക്കളെ പിന്തുടർന്നു ചെല്ലുന്നത് മാനവരാശിയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിലും കലാപരമായ ആവിഷ്ക്കാരത്തിൻ്റെ അവബോധത്തിലുമാണ് .90 കാരനായ അമേരിക്കൻ കവി റോബർട്ട് ഫ്രോസ്റ്റ് സോവിയറ്റ് യൂണിയൻ സന്ദർശിച്ച വേളയിൽ ഒരു ചെറിയ ചെടിയിൽ കണ്ട പൂവിൻ്റെ മുമ്പിൽ മൃദുലഹൃദയനായി, ഒരു കുട്ടിയെ പോലെ കൗതുകം പൂണ്ട് നിന്നത് ഗ്രന്ഥകാരൻ കുറിക്കുന്നുണ്ട്.പൂവ് മനുഷ്യൻ്റെ ഒരു തിന്മയും കൈപ്പറ്റാതെ പരിലസിക്കുകയാണ്, അതിൻ്റെ അനന്യമായ സത്യത്തിലും നന്മയിലും.   അത് പ്രകൃതിയെ ശരിക്കും പ്രതിനിധീകരിക്കുന്നു, പ്രതിബിംബിപ്പിക്കുന്നു. ഇതിലെ ആദ്യ ലേഖനം മേന്തോന്നി പൂവിനെക്കുറിച്ചാണ്. പൂവിൻ്റെ പടം മാതൃഭൂമി ആഴ്ചപ്പതിപ്പിൻ്റെ കവറിൽ കണ്ട് അറിയാനുള്ള ആഗ്രഹത്തോടെ പിന്തുടർന്നതിന്റെ ഫലമാണ് അത് മേന്തോന്നിയാണെന്നു തിരിച്ചറിഞ്ഞത്. തമിഴ്നാടിന്റെ സംസ്ഥാന പദവിയുള്ള പൂവാണിത്, നമ്മുടെ കണിക്കൊന്നപോലെ. മേന്തോന്നി അവിടെ കാർത്തിക പൂവാണ്. മേന്തോന്നിയിൽ ഔഷധ നിർമ്മാണത്തിന് ഉപയോഗിക്കുന്ന 34 ഘടകങ്ങളുള്ളതായി സാക്ഷ്യപ്പെടുത്തുന്നു. ഇംഗ്ലീഷിൽ ഗ്ളോറിയോസ എന്ന് അറിയപ്പെടുന്നു. 

ശ്രീലങ്കൻ തമിഴ് വംശജരുടെ ദേശീയ പുഷ്പം ഗ്ലോറിയോസയാണെന്നു  അറിയിച്ചുകൊണ്ട് ഗ്രന്ഥകാരൻ എഴുതുന്നു :"സ്വതന്ത്ര തമിഴ് രാഷ്ട്രത്തിനായി ജീവൻ നൽകിയ എല്ലാ രക്തസാക്ഷികളുടെയും ഓർമ്മദിനമായാണ് നവംബർ 27 ആചരിക്കുന്നത്. മാവീരാർ ദിനത്തിൻ്റെ പ്രതീകം ഗ്ളോറിയോസയെന്ന തമിഴൻ്റെ കാർത്തികപ്പൂവാണ്. "

ഈ പൂവ് അഗ്നിയെ ഓർമിപ്പിക്കുന്നു. ഒരു പൊരുതലിനുള്ള ഇന്ധനം നമ്മളിൽ നിറയ്ക്കാൻ ഇതിനു ശേഷിയുണ്ട്.നിർവ്വികാരതയോടെ ഇരിക്കാനുള്ളതല്ല ജീവിതമെന്ന താക്കീത് അതിൽ പ്രതിധ്വനിക്കുന്നു.   "ഏതാണ്ടൊരു ഗോളാകൃതിയിൽ തീനാളങ്ങൾ പോലെയുള്ള ഇതളുകൾ. നീളമുള്ള വർണ്ണാഭമായ ഇതളുകളിൽ കയറ്റിറക്കങ്ങൾ .തീത്തിരമാലകൾ പോലെ ."

രണ്ടാമത്തെ അധ്യായത്തിൽ ഏറ്റവും പ്രിയപ്പെട്ട റോസാപ്പൂവിനെപ്പറ്റിയാണ് വിവരിക്കുന്നത്. റോസ എല്ലാകാലത്തിന്റെയും പൂവാണ്. പൂവുകളുടെ തന്നെ പ്രതിനിധാനമാണ്. അസീസിയിലെ ദേവാലയത്തിന് പുറത്തുള്ള റോസ് ഗാർഡനെ പരിചയപ്പെടുത്തുന്നത് കൗതുകമുണർത്തും. അവിടെ മൂന്ന് പുഷ്പകുരിശികളാണ് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത് .ആ കുരിശുകളിൽ റോസാപുഷ്പങ്ങൾ നിറച്ചിരിക്കുകയാണ്."ആദ്യത്തേതിൽ വെള്ള റോസാപുഷ്പങ്ങളാണ്. സെൻറ് ഫ്രാൻസിസിൻ്റെ പരിശുദ്ധിയാണിത് പ്രതിനിധാനം ചെയ്യുന്നത്. മഞ്ഞനിറമുള്ള റോസാപ്പൂക്കൾ കൊണ്ടാണ് രണ്ടാമത്തെ കുരിശ് നിറച്ചിരിക്കുന്നത്. അതാവട്ടെ ആത്മീയജീവിതത്തിൻ്റെ  പ്രചോദനത്തെ സൂചിപ്പിക്കുന്നു. മൂന്നാമത്തെ കുരിശ് കടും ചുവപ്പ് റോസാപ്പൂക്കളുടേതാണ്. പ്രപഞ്ചത്തിലെ സർവ ചരാചരങ്ങളോടും വിശുദ്ധ ഫ്രാൻസിസിനുണ്ടായിരുന്ന അനല്പമായ സ്നേഹത്തെയാണ് ചുവപ്പു പൂക്കൾ അടയാളപ്പെടുത്തുന്നത്."

നിരുപാധികമായ സന്തോഷവും സൗന്ദര്യവും 

റോസ സോഷ്യലിസത്തിനു , കമ്മ്യൂണിസത്തിനു അടയാളപുഷ്പമാണെന്നു ഓർമ്മിപ്പിക്കുന്ന ഗ്രന്ഥകാരൻ പാരീസ് കമ്യൂണിൻ്റെ കാലത്ത് കമ്മ്യൂണിസ്റ്റുകൾ വസ്ത്രത്തിൽ ചുവന്ന റോസാപ്പൂവ് ധരിച്ചിരുന്നതായി ചൂണ്ടിക്കാട്ടുന്നു.തുടർന്ന്, കാർസേനിയ എന്ന പൂവിനെക്കുറിച്ച് എഴുതുന്നു .പൂവ് മനസ്സിൽ നിറച്ച അത്ഭുതത്തെ അളക്കാൻ കഴിയാത്ത അവസ്ഥയുണ്ട്. പൂക്കൾക്കെന്ത് ഇത്ര സൗന്ദര്യം എന്ന് ചോദിക്കുന്നതും അർത്ഥവത്താണ്.ലോകം വളരെ നെഗറ്റീവും വിമുഖവുമാണല്ലോ. കണ്ണു തുറന്നാൽ എതിർപ്പാണ് കാണുക. എല്ലായിടത്തും നോ എന്ന് ആരോ എഴുതിവച്ചിരിക്കുന്നതു പോലെ തോന്നും .മനുഷ്യൻ സ്വയം നരകം സൃഷ്ടിക്കുന്നവനാണ്. എന്നിട്ട് അവൻ  സ്വർഗ്ഗത്തിൽ പോകുന്നത് സ്വപ്നം കാണുകയും ചെയ്യും. മനുഷ്യരുടെ തിന്മയും ചിന്തകളിലെ വിനാശകരമായ വൈരൂപ്യവും നിറഞ്ഞ ഈ ലോകത്തിന് ബദലായി നിരുപാധികമായ സന്തോഷവും സൗന്ദര്യവും പൂക്കളിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു .എന്നാൽ എല്ലാവർക്കും പൂക്കളെ മനസ്സിലാകണമെന്നില്ല. ചിലർ അത് കണ്ടെത്താൻ വൈകും. വിഖ്യാത ഫ്രഞ്ച് ചിത്രകാരനായ ഹെൻട്രി മാറ്റിസ് പറഞ്ഞു: "There are always flowers for those who want to see them."പൂവും അത് അർഹിക്കുന്ന കണ്ണുകളെ തേടുകയാണ് .പൂവിൻ്റെ സൗന്ദര്യവും അതറിയുന്നവനിലാണ് അർത്ഥമുള്ളതായിത്തീരുന്നത് .ഓരോ  പൂവും നമ്മെക്കുറിച്ചുള്ള ഒരു ഫാന്റസിയാണ്. നാം എന്തല്ല എന്ന് നമ്മെത്തന്നെ ഓർമ്മപ്പെടുത്താനുള്ള അവസരമാണ് അത് സൃഷ്ടിക്കുന്നത് .പൂവിനെപ്പോലെ ഭാരം കുറയാൻ നമുക്ക് വിധിയില്ല. പൂവിലിരിക്കണമെങ്കിൽ ഭാരം കുറയണം. ഒരു ശലഭത്തിനു മന്ദാരപ്പൂവിൽ യഥേഷ്ടം ഇരിക്കാം. എന്നാൽ അഹങ്കാരിയായ മനുഷ്യനു അതിനു കഴിയില്ലല്ലോ. അതുകൊണ്ട് അഹങ്കാരത്തിന്റെ പേരിലുള്ള മത്സരത്തിൽ മനുഷ്യൻ തോറ്റിരിക്കയാണ്, ജീവിതത്തിൽ .

കാർനേഷൻ പൂവിനു  ക്രിസ്തുമതവുമായി ബന്ധമുണ്ട്." മുൾക്കിരീടവും മരക്കുരിശുമേന്തിയുള്ള   യേശുവിൻ്റെ കാൽവരിയിലെ പീഡാനുഭവയാത്ര കണ്ടപ്പോൾ ഹൃദയം തകർന്ന കന്യാമറിയത്തിന്റെ കണ്ണുനീർത്തുള്ളികൾ ഇറ്റുവീണിടത്താണ് കാർനേഷൻ  മുളച്ചുപൊന്തിയത്."ഈ മിത്ത് യഥാർത്ഥമായാലും അല്ലെങ്കിലും അത് ക്രിസ്തുമത വിശ്വാസികളെ സ്വാധീനിച്ചിട്ടുണ്ട്. കാർനേഷൻ ഒരു രാഷ്ട്രീയ ചരിത്രം എഴുതുകയാണ് .റഷ്യൻ വിപ്ളവത്തിനു ശേഷം നടന്ന മെയ്ദിന സമ്മേളനത്തിൽ ബോൾഷെവിക്കുകൾ  ചുവപ്പു കാർനേഷൻ അണിഞ്ഞത് രാഷ്ട്രീയ വിവക്ഷ സൂചിപ്പിക്കുകയാണ്. ഫ്രഞ്ച് വിപ്ലവത്തിലും കാർനേഷൻ  ബാഡ്ജായി പ്രത്യക്ഷപ്പെട്ടിരുന്നു. മനുഷ്യൻ സ്വാതന്ത്ര്യത്തെയും സൗന്ദര്യത്തെയും സ്നേഹിക്കുന്നു. വിപ്ലവത്തിന് സൗന്ദര്യത്തെ ആവശ്യം വരുന്ന ഒരു ദിനമണ്ടെന്ന് ഫ്രഞ്ച് എഴുത്തുകാരൻ ആൽബേർ കമ്യു പറഞ്ഞത് ഇതിൻ്റെ ഭാഗമായി
കാണാവുന്നതാണ്.

സ്വാതന്ത്ര്യം കൊണ്ട് മാത്രം നമുക്ക് ജീവിക്കാനാവില്ല. സ്വാതന്ത്ര്യം മാത്രം മതിയായിരുന്നെങ്കിൽ ഇന്ത്യയ്ക്ക് സ്വാതന്ത്യം കിട്ടിയ ശേഷം നമ്മൾ സൽസ്വഭാവികളായേനെ. നമുക്ക്  സൗന്ദര്യവും വേണം. ഷേക്സ്പിയർ ഇല്ലെങ്കിൽ മനുഷ്യജീവിതം നരക തുല്യമാകുമായിരുന്നുവെന്ന് ദസ്തയെവ്സ്കി പറഞ്ഞത് ഇതിൻ്റെ ആഴം വർദ്ധിപ്പിക്കുന്നു .കാർനേഷൻ  വിപ്ലവത്തെക്കുറിച്ച് സ്വരാജ് രേഖപ്പെടുത്തുന്നത് നോക്കുക: " 1974 ൽ പോർച്ചുഗലിൽ ഭരണകൂടത്തിന്റെ കിരാതവാഴ്ചയ്ക്കെതിരായി പട്ടാളവും ജനങ്ങളും ഒരുമിച്ച് പൊരുതിയത് അപൂർവമായൊരു മുന്നേറ്റമായിരുന്നു.എല്ലാ ഏകാധിപതികളെയും പോലെ കെയ്റ്റാനേയും ഒളിച്ചോടി ,അരനൂറ്റാണ്ടോളം നീണ്ട പോർച്ചുഗലിലെ ഏകാധിപത്യ ഭരണത്തിന് അന്ത്യം കുറിച്ച 1974 ഏപ്രിൽ 25 ൻ്റെ മുന്നേറ്റം ചരിത്രത്തിൽ കാർനേഷൻ വിപ്ളവം എന്നറിയപ്പെട്ടു."

ചെടിയിൽ നിന്ന് ഇറുത്തെടുത്താലും വാടാത്ത ഊട്ടിപ്പൂവിനെക്കുറിച്ച് പറയുമ്പോൾ ഗ്രന്ഥകാരൻ അത്യാഹ്ലാദം അനുഭവിക്കുന്നതു പോലെ തോന്നും. ഊട്ടിയിൽ ഈ പൂവ് തേടി ഒരു പകൽ മുഴുവൻ അലഞ്ഞ കഥ വിവരിക്കുന്നുണ്ട്. "അതിശൈത്യവും കൊടും വേനലുമൊക്കെ മാറിമാറി കടന്നുപോയാലും തലകുനിക്കാത്ത ജീവസ്സുറ്റ പൂക്കൾ "എന്ന് വിശേഷിപ്പിക്കുന്നുണ്ട്. ഊട്ടിപ്പൂവിൻ്റെ സ്വദേശം ഓസ്ട്രേലിയയാണ്."ചെടിയിൽ നിന്നു മുറിച്ചെടുക്കുന്ന എവർ ലാസ്റ്റിംഗ്‌ ഫ്ലവർ വർഷങ്ങളോളം കേടുകൂടാതിരിക്കും. പൂവിൻ്റെ തണ്ട് ദ്രവിച്ചു തീരുവോളം കാലം വിസ്മയമായി പൂവ് വിടർന്നു ചിരിച്ചു തന്നെ നിൽക്കും. ജീവൻ തുടിക്കുന്ന പൂവിലേക്ക് ഒരു തുള്ളി വെള്ളമിറ്റിച്ചാൽ ഉടനടി ആ പൂവ് കൂമ്പിയടഞ്ഞൊരു മൊട്ടായി മാറുന്നത് കാണാം. ജലാംശം വറ്റി പൂവ് വരണ്ടു തുടങ്ങുമ്പോൾ വീണ്ടും മൊട്ടു വിടർന്ന് പൂവായി പൂർവ്വസ്ഥിതിയിലെത്തും."

നമ്മുടെ ശൂന്യത പരിഹരിക്കുന്നു

പൂവ് ഒരാവിർഭാവമാണ്. അതിൻ്റെ കാല്പനികതയും നൈസർഗികതയും മനസ്സിലേക്ക് ഒരുമിച്ചാണ് പ്രവേശിക്കുന്നത്. പൂക്കളുടെ സംസ്കാരം മനുഷ്യരുടെ അതീത മേഖലയാണ്. അവിടെ എത്താൻ നമുക്ക് കഴിയാത്തതുകൊണ്ട് ,നാം പൂക്കളെ പ്രശംസിച്ചു കൊണ്ട് ജീവിക്കുന്നു.പൂവ് സൗന്ദര്യത്തെ പ്രതിനിധീകരിക്കുന്നു എന്ന് വിശ്വസിച്ചുകൊണ്ട് ജീവിക്കുന്ന കവികളും എഴുത്തുകാരും സ്വന്തം ലോകത്തിലെ ആശയപരമായ, വൈകാരിമായ നിശ്ശബ്ദതകളെ പൂരിപ്പിക്കാനാണ് പൂക്കളെ പ്രശംസിക്കുന്നത്. ഒരർത്ഥത്തിൽ ,പൂവ് നമ്മുടെ ശൂന്യത പരിഹരിക്കുകയാണ് .നമുക്ക് പുഷ്പിക്കാനാവില്ലല്ലോ. ചെടികൾക്കത് നിഷ്പ്രയാസം സാധിക്കുന്നു. പൂവിനു സമാനമായ ഒരു സാംസ്കാരിക പാതയുടെ അനുഭവം രൂപീകരിക്കാൻ  നമുക്കാവില്ല .പൂക്കളെ നമ്മൾ സൃഷ്ടിക്കുകയാണ് നമ്മുടെയുള്ളിൽ. സച്ചിദാനന്ദൻ്റെ 'അതിജീവനം' എന്ന കവിതയിൽ ഇങ്ങനെ വായിക്കാം:

"ചെമ്പരത്തിച്ചെടികൾ തലയിൽ 
പൂ ചൂടി കുണുങ്ങി നിൽക്കുന്നത്
തെരുവ് സുന്ദരികളുടെ 
ആത്മാവ് 
അതിൽ കയറിക്കൂടുമ്പോഴാണ്
.......
ചേറിൽ പോലുമുണ്ട് 
പൂണ്ടുകിടക്കുന്ന ജീവികളുടെ ആത്മാക്കൾ 
കളകളായി മുളയ്ക്കുകയും മഞ്ഞപ്പൂക്കൾ വിടർത്തി
വാടിവീഴുകയും ചെയ്യുന്നവ."
ഈ കവിതയിൽ കവി പൂവ് സ്വയം ആവിഷ്ക്കരിക്കുന്നതിനെക്കുറിപ്പാണ് പറയുന്നത്. എന്നാൽ ആ സംസ്കാരം മനുഷ്യർക്ക് വേണമെന്ന് സൂചിപ്പിക്കുന്നു. ചുറ്റിനുമുള്ള ലോകം നമ്മെ സംവേദനക്ഷമമാക്കുകയാണ് .അതിൽ പൂക്കൾക്കും ഒരു റോളുണ്ട്. 

ഈ പുസ്തകത്തിൽ മാമ്പൂവിനെ ഉൾപ്പെടുത്തിയത് നന്നായി. മാമ്പൂവിന്റെ സ്ഥാനം മറ്റൊന്നാണ്. മാമ്പൂവ് താഴെ വീണു പോകാതിരിക്കാനാണ് നാം ശ്രദ്ധിക്കാറുള്ളത് .ഇന്ത്യയുടെ ദേശീയ ഫലമാണ് മാമ്പഴമെങ്കിൽ മാവ് ബംഗ്ലാദേശിൻ്റെ ദേശീയ വൃക്ഷമാണ്.
"മാമ്പഴത്തിന്റെ പേരിലറിയപ്പെടുന്ന ഒരു  നഗരകേന്ദ്രമുണ്ട് - ബംഗ്ലാദേശിൽ. അവിടെ മികച്ച മാമ്പഴത്തിന്റെ പേരിൽ പ്രശസ്തമായ നഗരമാണ് രാജശാഹി. രാജശാഹിയുടെ നഗരഹൃദയത്തിലാണ് പ്രശസ്തമായ 'മാംഗോ റൗണ്ട് എബൗട്ട്' സ്ഥിതി ചെയ്യുന്നത്. റൗണ്ട് എബൗട്ടിന്റെ മധ്യത്തിൽ മൂന്ന് പടുകൂറ്റൻ മാങ്ങകളുടെ മനോഹരമായ ഒരു ശില്പം സ്ഥാപിച്ചിട്ടുണ്ട്. നഗര മധ്യത്തിൽ ഒരു കുട്ടയിൽ മൂന്ന് മാമ്പഴങ്ങൾ വച്ചത് പോലെ തോന്നിക്കുന്നു. ഇത്തരമൊരു മാമ്പഴ ശില്പം ലോകത്തിൽ മറ്റെവിടെയും ഉള്ളതായി അറിയില്ല."പാകിസ്ഥാനിൽ നിന്നാണ് ചൈനയിൽ മാമ്പഴമെത്തിയത്. ആ മാമ്പഴങ്ങൾ  മവോ സേ തുങ്ങ് തൊഴിലാളികൾക്ക് സമ്മാനമായി കൊടുക്കുകയായിരുന്നത്രേ .അവിടുത്തെ തൊഴിലാളികൾ അന്ന് മാമ്പഴം കണ്ടിട്ടുപോലുമുണ്ടായിരുന്നില്ല. 

പ്രണയത്തിൻ്റെ പൂവ്

പോപ്പി എന്ന ഒപ്പിയത്തെക്കുറിച്ച് എഴുതുന്നുണ്ട്. "പോപ്പിച്ചെടിയുടെ മൂപ്പെത്താത്ത കായയുടെ കറ ഉണങ്ങിയതാണ് കറുപ്പ്." പോപ്പി തന്നെ വശീകരിച്ചിരിക്കുകയായിരുന്നുവെന്നും  ഡൽഹിയിൽ കേരള ഹൗസിൻ്റെ മുറ്റത്താണ് ആ പൂക്കളെ ആദ്യമായി കണ്ടതെന്നും ഗ്രന്ഥകാരൻ എഴുതുന്നുണ്ട്. മരണമടഞ്ഞവരോട് ആദരമർപ്പിക്കാൻ, ഗ്രീക്ക് -റോമൻ മിത്തുകളിൽ പോപ്പിയാണ് ഉപയോഗിക്കുന്നത്.യുദ്ധ സ്മാരകങ്ങളിൽ പോപ്പി അർപ്പിക്കുന്നു. വൈറ്റ് പോപ്പി മൂവ്മെൻ്റുണ്ട്. വെള്ള പോപ്പി പൂക്കൾ സമർപ്പിക്കുന്നത് ശാന്തിയുടെ സന്ദേശം പ്രചരിപ്പിക്കുന്നവരാണത്രേ.

അശോകപുഷ്പത്തെ ആഹ്ലാദത്തിന്റെ പുഷ്പം എന്നാണ് ഗ്രന്ഥകാരൻ വിശേഷിപ്പിക്കുന്നത്. അശോകത്തെ ശിംശപാവൃക്ഷമായി ചിലർ തെറ്റിദ്ധരിക്കുന്നുണ്ട്. സിസാൽ പിനേസിയ എന്ന കുടുംബത്തിൽപ്പെട്ട വൃക്ഷങ്ങളാണ് ഇവ രണ്ടും. അശോക വൃക്ഷത്തിൻ്റെ ചുവട്ടിലല്ല ,അശോക വനിയിലെ ശിംശപാവൃക്ഷത്തിന്റെ ചുവട്ടിലാണ് രാവണൻ സീതയെ കൊണ്ടുപോയി ഇരുത്തിയത് . രാമായണത്തിലെ വരികൾ ഉദ്ധരിച്ച് ഇക്കാര്യം സമർത്ഥിക്കുന്നുണ്ട്. അശോക വൃക്ഷം പ്രേമത്തിന്റെയും പൂവാണ്. കാമദേവനായ മദനൻ്റെ വില്ലിലെ ഒരു പൂവ് അശോകമാണ് .
"സിദ്ധാർത്ഥന് ബോധോദയമുണ്ടായി ശ്രീബുദ്ധനായത് ആൽമരച്ചുവട്ടിലാണെങ്കിൽ അദ്ദേഹത്തിൻ്റെ ജനനം ഒരു അശോകമരച്ചുവട്ടിലായിരുന്നു. ബുദ്ധൻ ജനിച്ചത് അശോകമരച്ചുവട്ടിലായതിനാൽ ബുദ്ധമതക്കാരും അശോകത്തെ പുണ്യവൃക്ഷമായി കണക്കാക്കുന്നുണ്ട്. "

കവിതയിൽ അർത്ഥസാംഗത്യത്തോടെ  പ്രകാശിപ്പിക്കപ്പെട്ട പൂവാണ് സൂര്യകാന്തി. ജി. ശങ്കരക്കുറുപ്പിന്റെ 'സൂര്യകാന്തി' പ്രസിദ്ധമാണല്ലോ .സൂര്യകാന്തിയുടെ ചരിത്രത്തെ, മലയാളമനസ്സിൽ രണ്ടായി വിഭജിക്കാൻ ഈ കവിതയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നു ഗ്രന്ഥകാരൻ അഭിപ്രായപ്പെടുന്നു. സൂര്യനെ പ്രണയിക്കുന്ന പൂവായിട്ടാണ് കവി സൂര്യകാന്തിയെ ഈ കവിതയിൽ  അവതരിപ്പിച്ചിട്ടുള്ളത്. എന്നാൽ ആ പ്രണയം പരാജയപ്പെടുകയാണ്. സൂര്യനിലേക്ക് ആർക്കും അടുക്കാൻ സാധിക്കാത്തതുകൊണ്ട് സൂര്യകാന്തിയുടേത് തപ്തപ്രണയമാണ്, സന്താപപ്രണയമാണ്. സൂര്യകാന്തിയെ വരച്ച വിഷാദചിത്രകാരനായ വാൻഗോഗിനെ ഇവിടെ ഓർക്കുന്നുണ്ട്.  വാൻഗോഗിൻ്റെ സൂര്യകാന്തി വൈകാരികക്ഷോഭത്തിൽപ്പെട്ടിരിക്കുകയാണ് .അതിനു മാനുഷികമായ ഒരു സംവേദനപാതയുണ്ട്. ആ പൂവ് വാൻഗോഗിനെതന്നെ നമ്മുടെ മുന്നിലേക്ക് കൊണ്ടുവരുന്നു.വാൻഗോഗിൻ്റെ ഈ പൂവ് സ്നേഹത്തിൻ്റെ അടയാളമാണ്. സ്വരാജ് ഇങ്ങനെ കുറിക്കുന്നു: ''മനുഷ്യനെ സ്നേഹിക്കുക എന്നതിനേക്കാൾ കലാപരമായ മറ്റൊന്നുമില്ല എന്നായിരുന്നു വാൻഗോഗിന്‍റെ വാക്കുകൾ. അദ്ദേഹത്തിൻ്റെ സൂര്യകാന്തിപ്പൂക്കൾ മനുഷ്യസ്നേഹത്തിന്റെ കൂടി പൂക്കളാണ് .സുഹൃത്ത് പോൾ ഗോഗിനെ കാത്തിരിക്കുമ്പോൾ മനസ്സിൽ നിറയുന്ന സ്നേഹവും പ്രതീക്ഷയും കൂടി ചായത്തിനൊപ്പം ചാലിച്ചാണ് സൂര്യകാന്തിപ്പൂക്കളെ വാൻഗോഗ് സൃഷ്ടിച്ചത്. അതെ ,സൂര്യകാന്തി പ്രണയത്തിൻ്റെ പൂവാണ് .സ്നേഹത്തിന്റെ, മനുഷ്യത്വത്തിന്റെ ,പ്രതീക്ഷയുടെ പൂവാണ് .

തായ്വാനിലെ സൂര്യകാന്തി പ്രക്ഷോഭം  2014 ൽ ആയിരുന്നു. അത് വിദ്യാർത്ഥികളുടെ സമരമായിരുന്നു. ചൈനയുമായി തായ്‌വാൻ സർക്കാർ അടുക്കുന്നതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ ആരംഭിച്ച സമരം 23 ദിവസം തുടർന്നു. ചിതറിക്കിടന്ന വിവരരേഖകൾ ഗവേഷണം ചെയ്ത് അടുക്കി ,പൂക്കളുടെ വിപ്ലവത്തിനും ചരിത്രത്തിനും വേണ്ടി സമാഹരിച്ചു വയ്ക്കുകയാണ് ഇവിടെ.അയർലണ്ടിൻ്റെ ഹൃദയത്തിൽ ഒരു പച്ചയുണ്ട് .പ്രകൃതിയുടെ പച്ച. മനുഷ്യത്വത്തിന്റെ പച്ച. സെന്റ് പാട്രിക് ദിനാഘോഷത്തിൽ ഉദിച്ചുയരുന്ന പച്ചയെ അയർലണ്ടിൽനിന്ന് കടം കൊണ്ട ചിക്കാഗോ അതിനു പുതിയ മാനം നൽകി. അവിശ്വസനീയവും  മനോഹരവുമായ വിസ്മയക്കാഴ്ചയ്ക്കാണ് ചിക്കാഗോ സെൻറ് പാട്രിക് ദിനത്തിൽ സാക്ഷ്യം വഹിക്കുന്നത്. അന്നേ ദിവസം ചിക്കാഗോ നദി പച്ചനിറമണിയും .1962 ലാണ് നദിയെ ഹരിതാഭമാക്കാൻ ആരംഭിച്ചത്. ടൺ കണക്കിനു സസ്യങ്ങൾ ഉപയോഗിച്ചാണ് ചിക്കാഗോ നദിയിലെ വെള്ളം മുഴുവൻ ഒരു ദിവസത്തേക്ക് പച്ചനിറമാക്കി മാറ്റുന്നത്. "

ചരിത്രത്തിനു പൂക്കളെ വേണം

ഈ കൃതി വായിച്ചാൽ മാനവരാശി പൂക്കൾക്ക് വേണ്ടി അനുഷ്ഠിച്ച കരുതലും ത്യാഗവും മനസ്സിലാകും. പൂക്കൾക്ക് വേണ്ടി മനുഷ്യർ ജീവിക്കുന്നത് പോലെ തോന്നും. ഓരോ വ്യക്തിക്കും മറ്റുള്ളവരോടും ജീവജാലത്തോടും എന്നപോലെ പൂക്കളോടും സ്നേഹമുണ്ട്. സംസ്കാരങ്ങൾ പൂക്കളുടെ നിറം കൊണ്ടു കൂടിയാണ്  കരുത്താർജിക്കുന്നത്. ചരിത്രത്തിനു പൂക്കളെ വേണം. മനുഷ്യർക്ക് പ്രേമിക്കാൻ ഒരു പൂവിനെയെങ്കിലും  മനസ്സിൽ പ്രതിഷ്ഠിക്കണം.

"ഒരു പുഷ്പം മാത്രമെൻ 
പൂങ്കുലയിൽ നിർത്താം ഞാൻ 
അരികിൽ നീ എത്തുമ്പോൾ 
ചൂടിക്കുവാൻ ." എന്നു പി.ഭാസ്ക്കരൻ എഴുതിയത്(ചിത്രം :പരീക്ഷ ,സംഗീതം ബാബുരാജ്)ഓർക്കുക .പ്രേമിക്കാൻ ഒരു പൂവ് വേണം. പ്രേമത്തെ ആ പൂവ് വഹിക്കുകയാണ്. അത് പ്രേമത്തിൻ്റെ പ്രത്യക്ഷതയായി മാറുന്നു. 

മനുഷ്യൻ ഏകാകിയാണ്, പ്രാഥമികമായി. എന്നാൽ അവൻ അതിൽ നിന്നു ഒഴിഞ്ഞു പോകാൻ ചുറ്റുമുള്ള വസ്തുക്കളിലേക്കും മറ്റു മനുഷ്യരിലേക്കും ജീവജാലങ്ങളിലേക്കും ആകർഷിക്കപ്പെടുന്നു. പൂക്കൾ അങ്ങനെയൊരു സുഗമപാത  തരുന്നുണ്ട്.
ബുദ്ധൻ പറഞ്ഞു:
"If we could see the miracle of a single flower clearly ,our whole life would change."ഒരു പൂവിനെ അറിയുകയാണെങ്കിൽ ഈ പ്രപഞ്ചരഹസ്യത്തിന്റെ ,അറിവിന്റെ ഒരു അണു എങ്കിലും ലഭിക്കാതിരിക്കില്ല. പൂക്കൾ വിടരുന്നത് നാം കാണുന്നില്ല. പുലർച്ചെ നോക്കുമ്പോൾ പൂവ് വിടർന്ന് നിൽക്കുന്നത് കാണാം. അദൃശ്യതയെ ദൈവമെന്നു വിളിക്കാം .

ഡാഫോഡിൽ പൂക്കളെപ്പറ്റി ഗ്രന്ഥകാരൻ എഴുതുന്നു: പ്രപഞ്ചത്തിന്റെയാകെ സൗന്ദര്യത്തെ  ഡാഫോഡിൽ പൂക്കളിൽ ആവാഹിക്കുകയാണ് കവിതയിലൂടെ വേർഡ്സ്വർത്ത് ചെയ്തത്. എന്നാൽ അതിനുമേറെക്കാലം മുമ്പേ പല എഴുത്തുകാരുടെയും ഭാവനയെ ഉദ്ദീപിപ്പിച്ച പൂവായിരുന്നു ഡാഫോഡിൽ .2000 വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരുന്ന റോമൻ കവി ഓവിഡിൻ്റെ (Publius Ovidius Naso) രചനകളിൽ  ഡാഫോഡിൽ പൂക്കളെപ്പറ്റി പരാമർശിക്കുന്നുണ്ട്. അതിനും എത്രയോ നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ച ഹോമറും ഡാഫോഡിലിനെപ്പറ്റി എഴുതിയിട്ടുണ്ട്. ഷേക്സ്പിയറും കീറ്റ്സും ഷെല്ലിയുമെല്ലാം അക്ഷരങ്ങളിൽ ആവാഹിച്ച് ഹൃദയത്തോട് ചേർത്ത പൂവാണ് ഡാഫോഡിൽ." ഒരു കലാകാരന്റെ പ്രതിഭ സംഭവിക്കുന്നതാണ് .അതിന് പ്രത്യേകമായ യുക്തിയോ കാരണമോ ഇല്ല. പിക്കാസോയുടെ ചിത്രരചനയെക്കുറിച്ച് സൂചിപ്പിക്കുന്നതിനിടയിൽ ഹുഗ് ന്യുവെൽ ജേക്കബ്സൺ പറയുന്നു: ഒരു ഡാഫോഡിൽ എന്താണെന്ന് ഒരാൾക്കും വിശദീകരിച്ചു കൊടുക്കേണ്ടന്നാണ് പിക്കാസോ പറഞ്ഞത്. നല്ലൊരു ഡിസൈൻ, അത് ആർക്കും മനസ്സിലാവും; എന്തുകൊണ്ട് എന്ന് ഒരിക്കലും ചോദിക്കേണ്ടതില്ല."

ആഹ്ളാദത്തിൻ്റെ പൂവ് 

പൂവ് ദേശത്തിന്റെ പ്രതീകമാകുന്നതിനെ വൈകാരികമായി നോക്കിക്കാണണമെന്നാണ് ഈ പുസ്തകത്തിൽ കണ്ട മറ്റൊരു വീക്ഷണം ."ഓരോ പൂവിനെയും പ്രതീകമായി കണക്കാക്കുന്നതിൽ ദേശഭേദങ്ങളുണ്ട്. സമൂഹവും രാജ്യവുമൊക്കെ മാറുന്നതിനനുസരിച്ച് ചില്ലറ മാറ്റങ്ങളൊക്കെ പൂക്കളെ പ്രതീകവൽക്കരിക്കുന്നതിലും സംഭവിക്കാറുണ്ട്. അമേരിക്കയിൽ ആഹ്ലാദത്തിന്റെ പൂവായി കണക്കാക്കപ്പെടുന്ന ക്രിസാന്തിമം ഫ്രാൻസിലും മറ്റും മരണത്തിൻ്റെ പൂവായാണ് അറിയപ്പെടുന്നതെന്ന് മുൻ അദ്ധ്യായത്തിൽ സൂചിപ്പിച്ചിട്ടുണ്ടല്ലോ."

ചിനാർ മരങ്ങളെപ്പറ്റി പറഞ്ഞുകൊണ്ടാണ് പുസ്തകം അവസാനിപ്പിക്കുന്നത്.  കാശ്മീരിൽ ,എംഎൽഎ ഹോസ്റ്റലിനു മുന്നിൽ നിൽക്കുമ്പോഴാണ് ഉയരമുള്ള ആ വൃക്ഷത്തെ കാണാനിടയായതെന്ന്  കൂട്ടിച്ചേർക്കുന്നു.പേർഷ്യയിൽനിന്നു  മുഗളന്മാർ കൊണ്ടുവന്നതാണത്രേ ചിനാർ മരങ്ങൾ .മുഗൾ ഭരണകാലം ചിനാർ മരങ്ങളുടെ സുവർണ്ണകാലമായിരുന്നു.പതിനേഴാം നൂറ്റാണ്ടിൽ കാശ്മീരിലുണ്ടായ വൻ തീപിടിത്തത്തെപ്പറ്റി ഔറംഗസീബ് ഉത്ക്കണ്ഠപ്പെട്ടത് ചിനാർ വൃക്ഷങ്ങൾ കത്തിനശിച്ചോ എന്നായിരുന്നുവത്രേ."ചിനാർ ബുക്സ് എന്നൊരു പ്രസാധനശാല പൂനയിലുണ്ട്.

വൃക്ഷങ്ങൾ നമ്മുടെ കൂടെയാണ്; നമ്മോടൊപ്പം അവ സഞ്ചരിക്കുന്നു. എവിടെപ്പോകുമ്പോഴും നമ്മുടെ വൃക്ഷങ്ങളും നമ്മോടൊപ്പം പോരുന്നു. ഞാൻ കോളജിൽ പഠിക്കുമ്പോൾ ബദാം മരങ്ങളോടായിരുന്നു പ്രേമം. ആ ഇലകൾ പുരാതനമായ സ്നേഹം തരും. അതുകൊണ്ട് ഒരില പറിച്ച് പുസ്തകത്താളുകൾക്കിടയിൽ വയ്ക്കുന്നത് മിക്കപ്പോഴും ഒഴിവാക്കാൻ കഴിയുമായിരുന്നില്ല. മരങ്ങളെയും പൂക്കളെയും തേടി നടക്കുന്ന ഒരു സഹൃദയനെ ഇപ്പോൾ കണ്ടുമുട്ടിയതിൽ സന്തോഷിക്കുന്നു. 'പൂക്കളുടെ പുസ്തകം' (ഡി.സി.ബുക്സ്) വായിച്ചത് ഒരു പ്രചോദനമാണ്. ഈ  പുസ്തകത്തിൻ്റെ പിന്നിൽ അഭിരുചിയും താത്പര്യവും അർപ്പണവുമുണ്ട്. പരസ്യം കണ്ടപ്പോൾ തന്നെ അത് വായിക്കണമെന്നും പറ്റിയാൽ എഴുതണമെന്നും കരുതിയിരുന്നു. അതിപ്പോൾ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു. സൗന്ദര്യത്തെയും പൂക്കളെയും അക്ഷരങ്ങളെയും പിന്തുടരുന്നതിൽ ഒരു വിലക്കുമില്ലല്ലോ.






  •  or 

  • No comments: