- അക്ഷരജാലകം (രണ്ടു വാല്യം)മലയാളഭാഷയുടെയും സാഹിത്യനിരൂപണത്തിന്റെയും എക്കാലത്തെയും അഭിമാനമായ എം.കെ.ഹരികുമാറിന്റെ ‘അക്ഷരജാലകം’പംക്തി കാൽനൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. 1998 ഫെബ്രുവരിയിൽ കേരളകൗമുദിയിലാണ് പംക്തി ആരംഭിച്ചത്.ആയിരക്കണക്കിന് വായനക്കാർ നെഞ്ചിലേറ്റിയ ‘അക്ഷരജാലകം' പിന്നീട് കലാകൗമുദി, പ്രസാധകൻ, മലയാള സമീക്ഷാ ഡോട്ട്കോമിലും പ്രസിദ്ധീകരിച്ചു. ഇപ്പോൾ ഈ പംക്തി മെട്രോവാർത്താപത്രത്തിൽ തുടർച്ചയായി പ്രസിദ്ധീകരിച്ചുവരുന്നു. കഥ, കവിത, നോവൽ, സാഹിത്യനിരൂപണം, തത്ത്വചിന്ത, സംസ്ക്കാരം, ചരിത്രം, രാഷ്ട്രീയം, ചിത്രകല, സംഗീതം തുടങ്ങി ഒട്ടേറെ വൈവിധ്യമാർന്ന മേഖലകളിലേക്ക് വ്യാപിച്ചു കിടക്കുന്ന 30-തിലധികം ഗ്രന്ഥങ്ങൾ ഇതിനകം ഹരികുമാറിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടുകഴിഞ്ഞു. കൂടാതെ ഹരികുമാറിൻ്റെ അസാധാരണ പ്രതിഭാശേഷി പ്രസരിക്കുന്ന അക്ഷരജാലകം പംക്തിയുടെ ആയിരത്തിയറുന്നൂറിലധികം പേജുകൾവരുന്ന രണ്ട് വോളിയം തടിച്ച ഗ്രന്ഥങ്ങൾ സുജിലി പബ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുന്നത് സാഹിത്യനിരൂപണ ചരിത്രത്തിലെ മഹത്തായ സംഭവമാണ്.വാൻഗോഗിന്, ജലഛായ, ശ്രീനാരായണായ എന്നീ നോവലുകൾ ഹരികുമാർ പ്രസിദ്ധീകരിച്ചതോടെ അദ്ദേഹം നോവൽ കൊടിമരത്തിന്റെ ഉത്തുംഗതയിൽ എത്തിയിരിക്കുന്നു. മഷിയുണങ്ങാത്ത മനീഷി എന്നും സാഹിത്യനിരൂപണലോകത്തിലെ മുടിചൂടാമന്നൻ എന്നും വിശേഷിപ്പിക്കാൻ വർത്തമാനമലയാളസാഹിത്യത്തിൽ സർവ്വഥാ യോഗ്യൻ ഹരികുമാറല്ലാതെ മറ്റാരുമില്ല എന്ന് അസന്ദിഗ്ദ്ധമായി പറയാം. കുട്ടികൃഷ്ണമാരാർ, കേസരി ബാലകൃഷ്ണപിള്ള, ജോസഫ് മുണ്ടശ്ശേരി, കെ.പി.അപ്പൻ, സുകുമാർ അഴീക്കോട്, എം.കെ.ഹരികുമാർ തുടങ്ങിയ സാഹിത്യനിരൂപണ കേസരികൾ മലയാളത്തിലെ സർഗ്ഗാത്മക സാഹിത്യകാരന്മാരേക്കാൾ തലപ്പൊക്കമുള്ളവരായി തീർന്നിട്ടുണ്ട് എന്നത് പരക്കെ സമ്മതിക്കുന്ന കാര്യമാണല്ലോ. തന്റെ സാഹിത്യനിരൂപണത്തിൽ അങ്ങേയറ്റം ആത്മാർത്ഥതയും സത്യസന്ധതയും നിഷ്പക്ഷതയും പുലർത്തിയ ഹരികുമാർ ഏത് കൊലകൊമ്പന്മാരായ സാഹിത്യകാരനെയും യുക്തിവിചാരത്തോടെ വിമർശിക്കുന്നതിൽ അസാധാരണ മനഃസാന്നിദ്ധ്യം പ്രകടിപ്പിച്ചിരുന്നു. വിമർശനാത്മക നിരൂപണത്തിലെ അദ്ദേഹത്തിന്റെ വിലയിരുത്തലുകൾ നമ്മുടെ സാഹിത്യചരിത്രത്തിൽ അപ്രതിരോധ്യമായ മതിലുകളാണ് കെട്ടി ഉയർത്തിയിരിക്കുന്നത്. താൻ വസ്തുനിഷ്ടമായി പരിശോധിക്കുന്ന സാഹിത്യകൃതികളുടെ ഡീമെറിറ്റിന് ഒപ്പം അതിന്റെ മെറിറ്റിനെ ഉയർത്തിക്കാണിക്കുന്നതിൽ ഹരികുമാർ അല്പംപോലും അമാന്തം കാണിച്ചിരുന്നില്ല.ഹരികുമാറിന്റെ നിശിതമായ വിമർശനത്തിന്റെ ചാട്ടുളി പ്രയോഗമേറ്റ് പരുക്കേറ്റ ഒട്ടേറെ സാഹിത്യകാരന്മാർ അദ്ദേഹത്തിന്റെ വിരോധികളും ശത്രുക്കളുമായി തീർന്നിട്ടുണ്ട് എന്നത് തർക്കമറ്റ വസ്തുതയാണ്. സർഗ്ഗാത്മകസാഹിത്യത്തിൽ അടിഞ്ഞുകൂടിയ മാലിന്യത്തിന്റെ ഈജിയൻ തൊഴുത്ത് അടിച്ചു വൃത്തിയാക്കാൻ എത്തിയ അഭിനവഹെർക്കുലീസാണ് എം.കെ.ഹരികുമാർ. തന്മൂലം തനിക്ക് നഷ്ടപ്പെടാൻ സാധ്യതയുള്ള അവാർഡുകളെപ്പറ്റിയോ കുലീനവർഗ്ഗബന്ധങ്ങളെപ്പറ്റിയോ മുഖ്യധാരാപത്രമാസികകളുടെ പേജുകളെപ്പറ്റിയോ ഹരികുമാർ അല്പംപോലും ഭയപ്പെട്ടിരുന്നില്ല. തന്റേതായ സാഹിത്യസിദ്ധാന്തങ്ങളും മലയാളനിരൂപണകാഴ്ചപ്പാടുകളുമുള്ള അദ്ദേഹം പാശ്ചാത്യസാഹിത്യസിദ്ധാന്തങ്ങളുടെ പുറകേ പോകാൻ ഒരിക്കലും താത്പര്യം കാണിച്ചിട്ടില്ല. സ്വന്തം യുക്തിബോധവും ബുദ്ധിശക്തിയും അവലംബിച്ചാണ് അദ്ദേഹം തന്റെ സാഹിത്യനിരൂപണസാമ്രാജ്യം കെട്ടിപ്പെടുത്തിരിക്കുന്നത്.പരമ്പരാഗതനിരൂപണ മാർഗ്ഗങ്ങളിൽ നിന്ന് ഭിന്നമായി, യാഥാസ്ഥിതികനിരൂപണ മതിൽക്കെട്ടുകളെ തകർത്തെറിയുന്ന ഈ വിഗ്രഹഭഞ്ജകന്റെ അതികായത്വപ്രകടനം അദ്ദേഹത്തിന്റെ ജന്മസിദ്ധമായ വൈഭവമായിട്ടുവേണം വിലയിരുത്താൻ. സാഹിത്യനിരൂപണത്തിൽ ആരെയും ഭയപ്പെടുത്തുകയും വീരരസപ്രധാനമായ ഭാവോന്മീലനം പ്രകടിതമാക്കുകയും ചെയ്യുകയാണ്.തന്റെ വ്യക്തിജീവിതത്തിലെ സുഹൃദ്ബന്ധങ്ങളിൽ ഹരികുമാർ കാണിക്കുന്ന കുലീനവും ശ്രേഷ്ഠവുമായ പച്ചവേഷം ആരെയും വിസ്മയിപ്പിക്കുന്നതുതന്നെയാണ്.കലാകാരനും തത്ത്വചിന്തകനും സൈദ്ധാന്തികനും വിമർശകനും സ്വാതന്ത്രചിന്തകനുമായ എം.കെ.ഹരികുമാർ “ഒരു പൂച്ചയും ഒറിജിനലല്ല”എന്ന് പ്രഖ്യാപിക്കുന്നു. ഒരു കലാകാരൻ ഒരു പൂച്ചയെ വരയ്ക്കുമ്പോൾ അയാൾ അയാളുടേതായ ഒരു പുതിയ പൂച്ചയെയാണ് വരയ്ക്കുന്നത്. ഒരു കലാകാരന്റെ മുമ്പിൽ, മനുഷ്യരുടെ കാഴ്ചകളിൽ, ഏതൊരു വസ്തുവും പ്രത്യക്ഷത്തിൽ, പ്രതീതിയും പ്രതിഛായയുമാണ്. ഏതൊരു എഴുത്തുകാരനും യഥാർത്ഥമായതിനെ നിഷേധിക്കുകയും മറ്റൊന്നിനെ തന്റെ കല്പനാവൈഭവംകൊണ്ട് സൃഷ്ടിക്കുകയുമാണ്. ദാർശനികമായ നിറക്കൂട്ടുകളിൽ തൂലിക മുക്കിയാണ് ഹരികുമാർ തന്റെ നവാദ്വൈത നീലാകാശത്ത് ഭാവനാത്മകമായ ചിത്രങ്ങൾ വരയ്ക്കുന്നത്. “സ്നേഹം പ്രാപഞ്ചികമായ കണക്ടിവിറ്റിയാണ്. സ്നേഹം ദൈവമാണെന്ന് വലിയ മുനിമാർ പറഞ്ഞത് അതുകൊണ്ടാണ്. സ്നേഹത്തിലൂടെ ദൈവത്തിന്റെ സംവേദനലോകത്തേക്ക് നമുക്ക് പ്രവേശനം കിട്ടുന്നു. ഏതൊരു സസ്യത്തിനും ജീവിയ്ക്കും ഈ സ്നേഹം മനസ്സിലാകും. അത് ജീവന്റെ ഉദാത്തമായ ഒരു അനുഭവതലമാണ്.... ഒരു പക്ഷിക്ക് വെള്ളം കൊടുത്താൽ അത് നമ്മെ തേടിവരും. ഇത് പ്രാപഞ്ചികമായ ബന്ധമാണ്. സ്നേഹമെന്ന അഭൗമമായ തലമാണിത്. കുമാരനാശാൻ സ്നേഹമെന്ന വികാരത്തിലൂടെ ഉന്നതമായ സംവേദനതലങ്ങളുമായി ബന്ധപ്പെട്ടു”.അദ്വൈതവേദാന്തത്തെ സ്വർഗ്ഗത്തിൽ നിന്ന് ഭൂമിയിലേക്ക് ഇറക്കിക്കൊണ്ടുവന്ന ശ്രീനാരായണഗുരുവിന്റെ പ്രായോഗിക ജീവിതത്തെ ഹരികുമാർ നിരീക്ഷിക്കുന്നുണ്ട്. “ശ്രീനാരായണഗുരു അദ്വൈതവേദാന്തത്തെ മാനുഷികമായ ഐക്യത്തിന്റേയും ഉപകാരത്തിന്റേയും അനുഭവങ്ങളിലൂടെ സംവേദനക്ഷമമാക്കി. ഭിന്നതയില്ലാതെ ഗുരു സമൂഹത്തിൽ പ്രവർത്തിച്ചത് അതുകൊണ്ടാണ്. ഗുരുവിന് ജാതി വ്യത്യാസമില്ല. ഗുരുവിന്റെ ആശ്രമങ്ങളിൽ പറയക്കുട്ടികളും പുലയക്കുട്ടികളും ഭക്ഷണം പാകം ചെയ്യാറുണ്ടായിരുന്നു. പ്രായോഗികമായ, ജനക്ഷേമകരമായ അദ്വൈതമാണത്. സ്നേഹമാണ് അതിന്റെ അടിത്തട്ട്. ആശാൻ ആ അദ്വൈതത്തിൽ നിന്നാണ് പ്രചോദനം നേടിയത്... ഈ പ്രപഞ്ചവുമായി നിങ്ങൾക്ക് താദാത്മ്യം പ്രാപിക്കാനുള്ള ഉപാധിയാണ് സ്നേഹം”.വിണ്ടു വെണ്ണീറായിക്കിടന്ന അദ്വൈതത്തെ മജ്ജയും മാംസവും രക്തവും സ്നേഹവും കാരുണ്യവുമുള്ള അനുകമ്പാദർശനമായി രൂപപ്പെടുത്തുകയായിരുന്നു ശ്രീനാരായണഗുരു. ആശാനും ഗുരുവും അദ്വൈതദർശനത്തിന്റെ, കാരുണ്യത്തിൻ്റെ ആത്മാവിലേക്ക് തീർത്ഥാടനം ചെയ്യുകയായിരുന്നു.അദ്ദേഹം തുടരുന്നു: “ഇന്നത്തെ കലാപങ്ങൾ, രക്തച്ചൊരിച്ചിലുകൾ, കരച്ചിലുകൾ, ഒഴിഞ്ഞോടലുകൾ, തറയിൽ പടർന്ന രക്തത്തുള്ളികൾ, കൂട്ടക്കൊലകൾ, ബഹളങ്ങൾ, അപമാനകരമായ ക്രൂരതകൾ എല്ലാം ചരിത്രത്തിൽ ഒരു പ്രതിഛായ അവശേഷിപ്പിച്ചാണ് കടന്നുപോകുന്നത്. പ്രതിഛായകൾ എന്ന് പറയുന്നത് വ്യാവഹാരികലോകത്തെ മാധ്യമങ്ങൾക്കും ആളുകളുടെ മനസ്സുകൾക്കും വീണ്ടും വീണ്ടും ഓർമ്മിക്കാനുള്ള ചിത്രങ്ങളാണ്. പ്രതിഛായകൾ ചരിത്രമായി ആലേഖനം ചെയ്യപ്പെടുകയോ വിവരിക്കപ്പെടുകയോ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെടുകയോ ചെയ്യുന്നതോടെ അത് ചരിത്രമാകുന്നു. അതിന്റെയർത്ഥം നാം അനുഭവിച്ചതെന്താണോ, അതിലേക്ക് കല്പിതകഥയുടെ ഒരു ഫാന്റസി കൂട്ടിച്ചേർക്കപ്പെടുന്നു എന്നാണ്. ഒരിക്കലും വാക്കുകളായിരുന്നിട്ടില്ലാത്ത യാഥാർത്ഥ്യങ്ങൾ പിന്നീട് പലർ പല രീതിയിൽ ടെക്സ്റ്റുകളായി രൂപാന്തരപ്പെടുത്തുന്നു”.അതെ, ചേര അതിന്റെ പടം പൊഴിക്കുന്നതുപോലെ, ചരിത്രം അതിന്റെ പടം പൊഴിച്ച് പ്രതിഛായകൾ സൃഷ്ടിച്ചുകൊണ്ടാണ് കാലരഥത്തിൽ സഞ്ചരിക്കുന്നത്. വ്യവഹാരികലോകത്തെ ചരിത്രസംഭവങ്ങൾ, യഥാതഥമായാണെങ്കിൽപ്പോലും, ഭാഷാമാധ്യമത്തിലൂടെ ജനങ്ങളിലേക്ക് റിപ്പോർട്ട് ചെയ്യുമ്പോൾ, അത് മറ്റൊരു ‘കാല്പനികവും’ ഐതിഹാസികവുമായ സംഭവമായാണ് അനുവാചകന് അനുഭവപ്പെടുന്നത്. അത്തരം ഓർമ്മച്ചിത്രങ്ങൾ ഫാന്റസിയുടേയും കെട്ടുകഥയുടേയും അകമ്പടിയോടെയാണ് അനുവാചകമനസ്സിൽ ആലേഖനം ചെയ്യപ്പെടുന്നത്. അങ്ങനെ, സംഭവിച്ചതെന്ന് ഊഹിക്കാവുന്ന മഹാഭാരതയുദ്ധം, വ്യാസന്റെ കല്പനാവൈഭവത്തിലൂടെയും വാഗ്വിലാസത്തിലൂടെയും ഐതിഹാസികമായി മഹാഭാരതഗ്രന്ഥമായി പിറവിയെടുക്കുകയായിരുന്നു. അങ്ങനെ ചരിത്രസംഭവങ്ങൾക്ക് ആഖ്യാനരൂപങ്ങളുണ്ടാകുമ്പോൾ, അത് മറ്റൊരു സംവേദനമാധ്യമത്തിലേക്കും വിതാനത്തിലേക്കും ഉയർന്ന് സ്വപ്നസന്നിഭമായ ദൃശ്യമായി പ്രകടനം കൈക്കൊള്ളുന്നതെങ്ങനെയാണെന്ന് ഹരികുമാർ ‘കലയുടെ ഒളിത്താവളം’ എന്ന നിരൂപണലേഖനത്തിൽ ചിത്രണം ചെയ്യുമ്പോൾ അത് മറ്റൊരു അവാച്യമായ അനുഭൂതിയായി അനുവാചകന് അനുഭവവേദ്യമാകുന്നു.“ചരിത്രമാകുന്നതോടെ അത് നേരത്തെ സംഭവിച്ച കാര്യങ്ങളുടെ തനിപ്പകർപ്പല്ലാതായി മാറുകയാണ്. അത് മനുഷ്യർക്ക് വായിക്കാൻ വേണ്ടി നിർമ്മിച്ചതാണ്. അതുകൊണ്ട് നേരത്തെ സംഭവിച്ചതിനോട് അതിന് യാതൊരു ബന്ധവുമില്ലാത്തതായിതീരുന്നില്ല. എന്നാൽ ചരിത്രത്തിലെ കൊലപാതകത്തിന് യഥാർത്ഥത്തിൽ സംഭവിച്ചപ്പോഴുള്ള വേദനയോ ക്രൂരതയോ ഇല്ല. അത് വായിക്കുന്നവരുടെ വാക്കുകളിലുള്ള ഒരനുഭവമാണ്. യുദ്ധത്തിൽ കൊലചെയ്യപ്പെട്ടവന്റെ വേദന വായനക്കാരന് ആവശ്യമില്ലല്ലോ. യുദ്ധത്തിൽ മരിച്ചവനെ ഒരു വായനക്കാരനും വേണ്ട. അവന് വേണ്ടത് അവന്റെ കാല്പനികകഥയിലെ ഒരു നായകനെയാണ്. ലോകത്തിലെ വിഷമസന്ധികൾ പിന്നീട് ഓർക്കുമ്പേൾ മധുരമുള്ള സ്വപ്നങ്ങളായി മാറുന്നു. നമ്മുടെ അനുഭവങ്ങൾ പിന്നീട് ഒരു കഥയാണ്. ആ കഥയിൽ നമ്മൾ ഒരു വിവേകജീവിയാണ്. നമുക്ക് സ്വയം പ്രശംസിക്കാനും കാലത്തെക്കുറിച്ചുള്ള കാല്പനികമായ സങ്കല്പങ്ങൾ സൃഷ്ടിക്കാനും അവസരമുണ്ട്. നമ്മൾ ഒരു പോരാട്ടത്തിന്റെ കഥയിലെ നായകനോ നായികയോ ആകുന്നത് വലിയ കാര്യമല്ലേ? ജീവിതത്തെ സാഹിത്യമാക്കുന്നതിന്റെ പ്രാഥമിക വിദ്യയാണിത്”. ഇങ്ങനെ സർഗ്ഗാത്മകനിരൂപണം അതിന്റെ കൊടുമുടി കയറുമ്പോഴാണ്, സമകാലികരായ സർഗ്ഗാത്മകസാഹിത്യകാരന്മാരേക്കാൾ മികച്ച പ്രതിഭാശാലികളായ, നിരൂപണകേസരികളായ, കുട്ടികൃഷ്ണമാരാരും, ജോസഫ് മുണ്ടശ്ശേരിയും, എം.കെ.ഹരികുമാറും ഉണ്ടാകുന്നത്. കേസരിബാലകൃഷ്ണപിള്ളയും, കെ.പി.അപ്പനും പി.കെ ബാലകൃഷ്ണനും, പ്രൊഫ.എം.കൃഷ്ണൻനായരും ഉണ്ടാകുന്നത്. അങ്ങനെയാണ് തലയെടുപ്പുളള ധിഷണാശാലികളായ എം.പി.പോളും, എംഎൻ.വിജയനും സുകുമാർ അഴീക്കോടും ഉണ്ടായത്.പച്ചയായ ജീവിതസംഭവങ്ങൾപോലും അല്പം ഭാവനയുടെ നിറക്കൂട്ടിൽ നെയ്തെടുക്കുമ്പോൾ അതൊരു ഫാന്റസിയും മുത്തശ്ശിക്കഥയുമായി മാറുന്നു എന്നതിൽ വിചിത്രമായ ഒന്നും തന്നെയില്ല. ഇനിയിപ്പോൾ ഭാവനയില്ലാതെ തന്നെ എന്തെങ്കിലും സംഭവകഥകൾ റിപ്പോർട്ട് ചെയ്താൽ അത് മറ്റൊരു മാനത്തിൽ മനസ്സിലാക്കപ്പെടുകയും വായിക്കപ്പെടുകയും മുത്തശ്ശിക്കഥയായി മാറുകയും ചെയ്യുന്നതിന് കാരണം മനുഷ്യന്റെ ജന്മസഹജമായ മനോഘടനയുടെ സവിശേഷതയാണ്. ഹരികുമാർ തുടരുന്നു: “ജീവിതത്തിൽ ഒരു നിഴൽപോലെ പിന്തുടരുകയാണ്. സാഹിതീയ അനുഭവങ്ങൾ നമ്മുടെ നഗ്നമായ യാഥാർത്ഥ്യങ്ങളിൽ സർപ്പത്തെപ്പോലെ ചുറ്റിവരിഞ്ഞ് കിടക്കുകയാണ്. അതുകൊണ്ട് നാം ജീവിക്കുന്ന യാഥാർത്ഥ്യങ്ങളിൽതന്നെ അതിന്റെ ടെക്സ്റ്റ്, അർത്ഥം മറ്റൊരു ഉൽപ്പന്നമായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുകയാണ്”. സംഘർഷാത്മകമായ യുദ്ധങ്ങളും അലറിവിളികളും രക്തച്ചൊരിച്ചിലുകളും പോലും എഴുത്തുകാരൻ തന്റെ ഭാഷാശൈലിയിലേക്ക് ആവാഹിക്കുമ്പോൾ അനുവാചകന് ദു:ഖമല്ല, മറിച്ച് പനിനീർപ്പൂക്കൾ കാറ്റിലാടുന്നതുപോലെയുള്ള ഹൃദയഹാരിയായ കാഴ്ചയാണുണ്ടാവുന്നത്. “മഹാനായ കലാകാരൻ പിക്കാസോ, സ്പാനിഷ് യുദ്ധത്തിന്റെ ഭീതിയും നാശവും വിവരിക്കാനാണല്ലോ 'ഗോർണിക്ക' വരച്ചത്. ആ ചിത്രത്തിൽ ചോരയോ നിലവിളിയോ ഭയമോ ഇല്ല; സൗന്ദര്യത്തിന്റെ ഒരു കാലിഡോസ്കോപ്പിക്ക് ഇമേജാണത്. ശൈലിയിലൂടെ പിക്കാസോ ചരിത്രത്തെ ഒരു ജനപ്രിയവും നവീനവുമായ കലാവബോധമാക്കി മാറ്റുന്നു”. സാഹിത്യത്തിന്റെ സമസ്തമേഖലകളിലും തന്റെ തനതായ വ്യക്തിമുദ്ര സ്ഥാപിച്ചുകൊണ്ടുള്ള ഹരികുമാറിന്റെ നാല് പതിറ്റാണ്ടിലേറെ നീളുന്ന ജൈത്രയാത്രയിൽ, അദ്ദേഹം മഹത്തായ ഒരു വിമർശനാത്മകനിരൂപണസാമ്രാജ്യം കെട്ടിപ്പടുത്തിരിക്കുകയാണ്. തന്റെ സാഹിത്യനിരൂപണ സാമ്രാജ്യത്തിൽ അദ്ദേഹം നട്ടുവളർത്തിയ പൂങ്കാവനത്തിന്റെ സൗന്ദര്യവും സൗരഭ്യവും അനുഭവിക്കാൻ ഇന്ന് ആയിരക്കണക്കിന് അനുവാചകരാണ് അദ്ദേഹത്തിന് ആരാധകരായിട്ടുള്ളത്.സത്യസന്ധമായി പറഞ്ഞാൽ ഹരികുമാർ വായനക്കാരുടെ മനസ്സിൽ ഒരു മിത്തും ലെജന്റും ഇതിഹാസവുമായി മാറിയിരിക്കുന്നു. മലയാളനിരൂപണസാഹിത്യചരിത്രത്തിൽ, നിരൂപകന്റെ അധികാരവ്യവസ്ഥ പുനഃപ്രതിഷ്ഠിച്ച ഹരികുമാറിന്റെ വിമർശനാത്മക നിരൂപണ സംഭാവനകൾ, സാഹിത്യചരിത്രത്തിന്റെ തങ്കലിപികളിൽ മുദ്രണം ചെയ്യപ്പെടുമെന്ന് അസന്ദിഗ്ദ്ധമായി പറയാം. തന്റെ നിരൂപണാത്മക കർമ്മമണ്ഡലത്തിൽ ഒരു ഉദയസൂര്യനെപ്പോലെ നിന്ന് കത്തിജ്വലിച്ചുകൊണ്ട് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന കഠിനാദ്ധ്വാനത്തെ എത്രയധികം പ്രകീർത്തിച്ച് പറഞ്ഞാലും അതൊന്നും അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്ന സാഹിത്യസംഭാവനയ്ക്ക് അല്പംപോലും പ്രതിഫലമാകില്ല. അത്രത്തോളം അദ്ദേഹം നിരൂപണസാഹിത്യത്തിന്റെയും തത്വചിന്താമേഖലയുടെയും സർഗ്ഗാത്മക സാഹിത്യത്തിൻ്റെയും ചിത്രകലയുടെയും മറ്റു വൈജ്ഞാനിക മേഖലയുടെയും ഗിരിശൃംഗങ്ങൾ കീഴടക്കിയിരിക്കുന്നു. മലയാളസാഹിത്യത്തിലെ മാത്രമല്ല, വിശ്വസാഹിത്യത്തിലെ തന്നെ കലയുടെയും കവിതയുടെയും നോവലിന്റെയും തത്വചിന്തയുടെയും ആത്മാവിലേക്ക് ആഴത്തിലിറങ്ങി സൂക്ഷ്മമായി അപഗ്രഥന-വിശ്ലേഷണങ്ങൾ നടത്താനും മൂല്യനിർണ്ണയം ചെയ്ത് വിധികല്പിക്കാനുമുള്ള ഹരികുമാറിന്റെ അപാരമായ ധിഷണാവൈഭവം അനുപമവും അതുല്യവുമാണ്. നമ്മുടെ കാലത്തെ സാഹിത്യ-സാംസ്ക്കാരിക-രാഷ്ട്രീയ മണ്ഡലങ്ങളുടെ പ്രവർത്തനത്തെ സമഗ്രമായി തിരിച്ചറിഞ്ഞ്, അതിന്റെ ജീർണ്ണമായ അവസ്ഥയെ രോഗനിർണയം ചെയ്ത് ഫലവത്തായ ചികിത്സാവിധികൾ കല്പ്പിക്കുന്ന സാഹിത്യഭിഷഗ്വരൻ കൂടിയാണ് ഹരികുമാർ എന്നതിൽ മലയാളികൾക്കെല്ലാവർക്കും അഭിമാനിക്കാം.സാഹിത്യനിരൂപണ മണ്ഡലത്തിൽ ശിരസ്സുയർത്തിപ്പിടിച്ചുകൊണ്ട് സാഹിത്യകൃതികളെ വിമർശനാത്മകമായി വിലയിരുത്തിയ ഹരികുമാറിന് തന്റെ സാഹിത്യജീവിതത്തിലും യഥാർത്ഥജീവിതത്തിലും ഒട്ടേറെ വിലകൊടു ക്കേണ്ടിവന്നിട്ടുണ്ട്. സാഹിത്യലോകത്ത് ശത്രുക്കളുടെ ഒരു വൻനിര അദ്ദേഹത്തെ ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്നു. വിമർശനാത്മക നിരൂപണ മണ്ഡലത്തിലും സ്വന്തം ജീവിതത്തിലും ത്യാഗപൂർണ്ണവും ആദർശസുരഭിലവുമായ ഒരു ജീവിതം നയിച്ചുകൊണ്ടിരിക്കുന്ന ഹരികുമാറിന്, അലങ്കാരബുദ്ധിജീവികൾക്ക് ലഭിക്കുന്ന നെറ്റിപ്പട്ടങ്ങളും വെൺചാമരങ്ങളും നഷ്ടപ്പെടുകയാണുണ്ടായത്;അഥവാ അത്തരമൊരു ജീവിതം ബോധപൂർവ്വം തിരഞ്ഞെടുത്തുകൊണ്ട് അദ്ദേഹം അതിനെയൊക്കെ സ്വയം നഷ്ടപ്പെടുത്തുകയാണുണ്ടായത്. പകരം ,ഭാവിയിൽ ഹരികുമാറിന് ആസനസ്ഥനാവാൻ, വരുംകാലത്തിന്റെ ചെങ്കോലും കിരീടവും സിംഹാസനവും ഗിരിശൃംഗങ്ങളിൽ കാത്തുകിടക്കുകയാണ്. 'അക്ഷരജാലക’ ത്തിന്റെ കാൽനൂറ്റാണ്ട് തികയുന്ന ഈ ധന്യമായ ചരിത്രമുഹൂർത്തത്തിൽ ഹരികുമാറിനെ ഞാൻ ഈ സാഹിത്യനിരൂപണസാമ്രാജ്യത്തിലെ രത്നസിംഹാസനത്തിൽ ആദരപൂർവ്വം അവരോധിക്കുകയാണ്.സാഹിത്യപംക്തിഎം കെ.ഹരികുമാർപേജ് 1600വില 2000സുജിലിപബ്ളിക്കേഷൻസ്ചാത്തന്നൂർ9496644666
-
No comments:
Post a Comment