Followers

Saturday, April 27, 2019

എം.കെ. ഹരികുമാറിന്റെ നവനോവലുകൾ, നവാദ്വൈതം: റഷീദ്‌ പാനൂർ


അഭിമുഖം*

മുപ്പത്തഞ്ച്‌ വർഷമായി എഴുതുന്ന എം.കെ. ഹരികുമാർ നവാദ്വൈതം എന്ന മൗലിക ദർശനത്തിലൂടെ പുതിയൊരു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്‌. വിമർശനരംഗത്ത്‌ പതിറ്റാണ്ടുകൾ പ്രവർത്തിച്ചശേഷം, അദ്ദേഹം ഇപ്പോൾ മൂന്നു വ്യത്യസ്ത നോവലുകൾ എഴുതി ആ രംഗത്ത്‌ ഒരു സമാന്തര സാഹിത്യം പുറത്തുകൊണ്ടുവന്നിരിക്കുന്നു. പുതിയ ദർശനം, പുതിയ ക്രാഫ്റ്റ്‌ എന്നീ കാര്യങ്ങളിൽ എം.കെ. ഹരികുമാർ ഒറ്റപ്പെട്ട്‌ നിൽക്കുന്നു. 
അപാര സൗന്ദര്യമുള്ള അനേകം വാക്യങ്ങൾ ഹരികുമാർ എഴുതിയിട്ടുണ്ട്‌. ലോകനിലവാരത്തിലുള്ള ഒരു സാഹിത്യവിമർശകന്റെ ജീവിതത്തിൽനിന്ന്‌ താങ്കൾ എന്തുകൊണ്ടാണ്‌ സർഗാത്മക കൃതികളുടെ രചയിതാവ്‌ എന്ന നിലയിലേക്ക്‌ ചുവടുമാറ്റുന്നത്‌?
എം.കെ. ഹരികുമാർ: ഞാൻ വിമർശകന്റെ ജീവിതം അവസാനിപ്പിച്ചിട്ടില്ലല്ലോ. എന്റെ പ്രശസ്തമായ 'അക്ഷരജാലകം' ഇപ്പോൾ ഇരുപതാം വർഷത്തിലേക്ക്‌ കടന്നിരിക്കുന്നു. കലാകൗമുദിയിലൂടെ ജനപ്രിയത നേടിയ ആ കോളം ഇപ്പോൾ മെട്രോ വാർത്ത പത്രത്തിൽ (ഞായറാഴ്ചകളിൽ) പ്രസിദ്ധീകരിക്കുന്നുണ്ട്‌. വിമർശന ലേഖനങ്ങൾ ഇപ്പോഴും എഴുതുന്നുണ്ട്‌. നിത്യചൈതന്യയതിയുടെ കവിതകളെക്കുറിച്ച്‌ രണ്ട്‌ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതു കഴിഞ്ഞ മാസമാണ്‌. പ്രസിദ്ധീകരിച്ചതും പുസ്തകമാക്കാനുള്ളതുമായ വിമർശനലേഖനങ്ങൾ ഇരുന്നൂറിലേറെയാണ്‌.
ചോദ്യം: ജലഛായ, ശ്രീനാരായണായ, വാൻഗോഗിന്‌ എന്നിങ്ങനെ മൂന്ന്‌ നോവലുകൾ താങ്കൾ എഴുതി. വിമർശനവും നോവലും തമ്മിലുള്ള ബന്ധമെന്താണ്‌?
എം.കെ: വിമർശനം ഒരാളുടെ ഉള്ളിലെ വളരെ സത്യസന്ധവും നിഷ്കളങ്കവുമായ ചിന്തകളുടെയും അപഗ്രഥനങ്ങളുടെയും അവസ്ഥയാണ്‌. അതെപ്പോഴുമുണ്ട്‌. എനിക്ക്‌ തത്ത്വചിന്താപരമായ ഒരു ടേസ്റ്റ്‌ എന്നുമുണ്ടായിരുന്നു. 1984-ൽ 'ആത്മായനങ്ങളുടെ ഖസാക്ക്‌' പ്രസിദ്ധീകരിക്കുമ്പോഴേ നവാദ്വൈതത്തിന്റെ ആദ്യകിരണങ്ങളുണ്ടായിരുന്നു. തത്ത്വചിന്താപരമായ വളർച്ച ഉണ്ടായിട്ടുണ്ട്‌. പിന്നീട്‌ സ്വന്തം ദർശനങ്ങൾ ആവിഷ്കരിക്കാൻ അത്‌ സഹായകമായി. 'എം.കെ. ഹരികുമാറിന്റെ സിദ്ധാന്തങ്ങൾ' എന്ന പുസ്തകമാണ്‌ ഏറ്റവുമൊടുവിൽ ഇറങ്ങിയത്‌. ഒരു മലയാള എഴുത്തുകാരൻ സ്വന്തം ദർശനങ്ങൾ ആവിഷ്കരിക്കുന്നതും അതൊരു പുസ്തകമായി വരുന്നതും ആദ്യമാണ്‌. ഉത്തര-ഉത്തരാധുനികത എന്ന താത്ത്വിക പരിസരത്തെ വിശദീകരിച്ചുകൊണ്ട്‌ മലയാളത്തിൽ ആദ്യമായി എഴുതിയത്‌ (2012) ഞാനാണ്‌. ദാർശനികമായ ഒരു പ്രയാണമാണ്‌ ഞാൻ അവലംബിച്ചിട്ടുള്ളത്‌. സ്വയം അന്വേഷിക്കുന്നതും സകലതിന്റെയും ആത്മാവിനെ വീണ്ടും വീണ്ടും തിരയുന്നതും അതിന്റെ ഭാഗമാണ്‌. നോവൽ എന്റെ ആന്തരികമായ ആവശ്യമാണ്‌. നോവൽ മാത്രമല്ല, കഥകളും കവിതകളും എഴുതിയിട്ടുണ്ട്‌. എന്റെ മൂന്നു നോവലുകളും ചേർന്ന അനുഭവം ഒരു പുതിയ നോവൽ പ്രസ്ഥാനത്തിനു വഴിതുറന്നിരിക്കുകയാണെന്ന്‌ ചലച്ചിത്ര നിരൂപകൻ എം.സി. രാജനാരായണൻ നിരീക്ഷിച്ചതു ഓർക്കുകയാണ്‌. ഇതെല്ലാം ഇതുവരെയുള്ള നോവൽ രചനയിൽനിന്ന്‌ വഴിമാറുന്ന സൃഷ്ടികളാണ്‌. പുതിയ രൂപം പരീക്ഷിച്ചിരിക്കുകയാണ്‌. ജലഛായ സാഹിത്യാനുഭൂതിയുടെ അതിസങ്കീർണമായ വഴികളിലൂടെ നീങ്ങുകയാണ്‌. ശ്രീനാരായണായ എന്റെ രചനാപരമായ കഴിവുകളുടെ പാരമ്യമാണ്‌. വാൻഗോഗിന്‌ വാൻഗോഗ്‌ എന്ന ചിത്രകാരനെ പുതിയ രീതിയിൽ കണ്ടെത്തുകയാണ്‌. അദ്ദേഹത്തെപ്പറ്റി നിലവിലുള്ള ഒരു മിത്ത്‌ പൊളിച്ചുകളയുകയാണ്‌.

ചോദ്യം: എന്തുകൊണ്ടാണ്‌ താങ്കൾ നവാദ്വൈതം, തനിമനസ്‌, മാധ്യമമാണ്‌ കല, നവാധുനികത തുടങ്ങിയ ദർശനങ്ങൾ ആവിഷ്കരിച്ചതു? വ്യക്തിപരമായ ഒരു ലക്ഷ്യമായി ഇതിനെ കാണാമോ?
എം.കെ: ഞാൻ എന്തെങ്കിലും എഴുതുന്നുണ്ടെങ്കിൽ അത്‌ തത്ത്വചിന്താപരമായ ഒരു എത്തിച്ചേരലാണെന്ന എന്റെ ചിന്തയാണ്‌ അതിനു പിന്നിൽ. ഒരു ദർശനത്തിലെത്തണമെന്ന ആന്തരിക നിർബന്ധമുണ്ടായിരുന്നു.
ചോദ്യം: എം.കെ. ഹരികുമാറിന്റെ സിദ്ധാന്തങ്ങൾ എന്ന പുസ്തകമെഴുതിയതിനുശേഷമുള്ള സാഹചര്യം എന്താണ്‌?
എം.കെ: ഇതുപോലൊരു അപരാധം ചെയ്തത്‌ എന്തിനാണെന്ന്‌ പലരും ചോദിക്കുന്നപോലെ തോന്നുന്നു. സിദ്ധാന്തങ്ങൾ വായിച്ചതിനോടുള്ള നിരൂപണമല്ല ഇത്‌. മറിച്ച്‌ അസഹിഷ്ണുതയാണ്‌. നമ്മുടെ ഇന്നത്തെ കലാലയ വിദ്യാഭ്യാസത്തിനകത്ത്‌ ബുദ്ധി വല്ലാതെ കണ്ടീഷൻ ചെയ്തുവച്ചിരിക്കുകയാണ്‌. സ്വന്തമായി ഒരു സിദ്ധാന്തത്തെപ്പറ്റി ആലോചിച്ചുപോകരുത്‌. ഞങ്ങൾക്കില്ലാത്തത്‌ നിനക്കെന്തിനാണ്‌ എന്നാണ്‌ പലരുടെയും നിലപാട്‌. മഹാത്മാഗാന്ധി സ്കൂൾ ഓഫ്‌ ലെറ്റേഴ്സിലെ ഡയറക്ടർക്കും ഒരു അധ്യാപകനും ഞാൻ ഈ പുസ്തകത്തിന്റെ കോപ്പികൾ അയച്ചുകൊടുക്കുകയുണ്ടായി. അയച്ചശേഷം വിളിച്ചപ്പോൾ, കിട്ടിയിട്ട്‌ അറിയിക്കാം എന്ന്‌ ഡയറക്ടർ പറഞ്ഞിരുന്നു. എന്നാൽ ബുക്ക്‌ കയ്യിൽ കിട്ടിയശേഷം അദ്ദേഹം മിണ്ടുന്നില്ല. ഫോണിൽ മെസേജ്‌ കൊടുത്തിട്ട്‌ മറുപടി ഇല്ല. തീർത്തും വെറുക്കപ്പെട്ടവനായ അനുഭവം. ഫോൺ വിളിച്ചാൽ എടുക്കില്ല. എന്റെ സിദ്ധാന്തങ്ങളോട്‌ വിയോജിപ്പുണ്ടെങ്കിൽ വ്യക്തിപരമായ അകൽച്ച എന്തിനാണ്‌? ഈ പുസ്തകം കണ്ട ഉടനെ ശത്രുവാകുകയാണ്‌.
ചോദ്യം: താങ്കളുടെ കാഴ്ചപ്പാടിൽ സാഹിത്യം ജീവിതവുമായി എങ്ങനെയാണ്‌ ബന്ധം സ്ഥാപിക്കുന്നത്‌?
എം.കെ: എഴുതുന്നതുകൊണ്ടാണ്‌ സാഹിത്യം ഉണ്ടാകുന്നത്‌. അതുകൊണ്ട്‌ എഴുതുമ്പോൾ അതിനൊരു വ്യക്തിത്വം വേണം. എഴുതിയശേഷം കഥ ഒരാൾക്ക്‌ പറഞ്ഞുകൊടുക്കുകയാണെങ്കിൽ ആഖ്യാനം വേറൊരു രീതിയിലായിരിക്കും സംഭവിക്കുക. എഴുത്തിന്റെ ക്രാഫ്റ്റ്‌ പരമപ്രധാനമാണ്‌. വിവരങ്ങൾ കൈമാറാനോ, സ്ഥലവിവരണത്തിനോ അല്ല കഥ എഴുതുന്നത്‌. കഥ എഴുത്തിലൂടെയാണ്‌ അസ്തിത്വം തേടുന്നത്‌. അത്‌ എങ്ങനെ സൂക്ഷ്മമായി ഘടിപ്പിക്കുന്നു എന്നത്‌ വളരെ പ്രധാനമാണ്‌. ഒരു സൗന്ദര്യാത്മക അവബോധമാണ്‌ എഴുത്തുകാരന്റെ കൈമുതൽ. അനുഭവങ്ങൾ ഉണ്ടായതുകൊണ്ടായില്ല. അതിനെ സൗന്ദര്യശാസ്ത്രമാക്കി പുനരവതരിപ്പിക്കണം. മനുഷ്യന്റെ അനൈഹികമായ സഞ്ചാരങ്ങളെ ഓർമ്മപ്പെടുത്തണം. ക്രാഫ്റ്റ്‌ പഠിക്കുകയാണ്‌ എഴുത്തുകാരന്റെ പ്രാഥമിക കടമ.
ചോദ്യം: മലയാളത്തിൽ ഇപ്പോൾ കഥകൾ ആഘോഷിക്കപ്പെടുകയാണല്ലോ.
എം.കെ: സാഹിത്യത്തിന്റെ നിലനിൽപ്പ്‌ എന്ന അർത്ഥത്തിൽ അതുകൊള്ളാം. പക്ഷേ, ലോകത്ത്‌ കഥകൾ ഇന്ന്‌ നിർണായകമല്ല. കഥയെഴുത്ത്‌ വിപ്ലവകരമാകുന്നേയില്ല. വായനയെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും ദർശനത്തെക്കുറിച്ചുമുള്ള ഗ്രന്ഥങ്ങളാണ്‌ ലോകത്തെ മാറ്റിയത്‌. ഇവാൻ ഇല്ലിച്ച്‌, ഇ.എഫ്‌. ഷൂമാക്കർ, ഫുക്കുവോക്ക, തോറോ, ബാർത്ത്‌, ദറിദ, തോമസ്‌ ഫ്രീഡ്മാൻ, അലൻ കിർബി തുടങ്ങിയവരുടെ കൃതികൾ പുതിയ ചിന്തകൾ അവതരിപ്പിച്ചു. ഇതു വല്ലാതെ സ്വാധീനിക്കപ്പെട്ടു.

ചോദ്യം : താങ്കളുടെ രചനകൾ മുഖ്യധാരയിൽ വേണ്ടപോലെ വന്നില്ല എന്ന്‌ തോന്നുന്നുണ്ടോ?
എം.കെ: എന്റെ ചിന്തകൾക്ക്‌ നല്ല പ്രചാരം കിട്ടിയിട്ടുണ്ട്‌. മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിൽ ഇരുപത്‌ വർഷം കോളം എഴുതിയില്ലേ? ഇരുപത്തിനാല്‌ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ബ്ലോഗുകളിലും ഇന്റർനെറ്റ്‌ ഇടങ്ങളിലും നിരന്തരമായി, പത്തു വർഷമായി സജീവമാണ്‌. എന്നാൽ മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ കമൽറാം സജീവ്‌ വന്നശേഷം ഉപരോധം ഏർപ്പെടുത്തി. ഭാഷാപോഷിണിയിൽ കെ.സി. നാരായണനും സഹകരിക്കാൻ ക്ഷണിച്ചില്ല. ഇവരൊക്കെ തടഞ്ഞിട്ടും എന്റെ എഴുത്തിനു ഒരു കുറവും വന്നിട്ടില്ല. പുതിയ പുതിയ ഇടങ്ങൾ കണ്ടെത്തി അത്‌ വളരുകയാണ്‌. മറ്റു ചിലരുടെ താത്പര്യം നോക്കിയാണ്‌ ഈ പ്രസിദ്ധീകരണങ്ങൾ യാതൊരു കാര്യവുമില്ലാതെ ഈ കൊടുംക്രൂരത ചെയ്തത്‌.
ചോദ്യം: സാഹിത്യോത്സവങ്ങളെപ്പറ്റി എന്താണ്‌ അഭിപ്രായം?
എം.കെ: സാഹിത്യം വളരെ ആഘോഷിക്കപ്പെടുമ്പോൾ, എഴുത്തുകാർക്ക്‌ അതുൾക്കൊള്ളാനുള്ള പക്വത ഉണ്ടോ എന്ന്‌ നോക്കണം. ഇപ്പോഴും കക്ഷിരാഷ്ട്രീയത്തിന്റെ പ്ലേഗ്‌ ബാധിച്ച എഴുത്തുകാരെ കാണാം. സാഹിത്യത്തിന്റെ ഏറ്റവും അഗാധവും തീവ്രവുമായ ഭാവം ഈ ലോകത്തോടുള്ള നിരൂപമമായ അഭിനിവേശമാണ്‌. വിഭാഗീയമായ മനസുള്ളവർക്ക്‌ സവിശേഷമായ ബൗദ്ധിക പരിസരത്ത്‌ എത്താനാവില്ല. ചിലരെ വെട്ടിനിരത്താൻ സാഹിത്യോത്സവങ്ങൾ ഒരു ഉപകരണമാക്കപ്പെടുകയാണോ എന്ന്‌ ചിലർക്കെങ്കിലും തോന്നുന്നുണ്ട്‌. പക്ഷം പിടിക്കാതെ വ്യക്തികളെ തിരഞ്ഞെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ അർത്ഥമില്ല. ഒരു കഥ മാത്രം എഴുതിയവരൊക്കെ ഇന്റർവ്യൂ ചെയ്യപ്പെടുന്നു. വ്യവഛേദിച്ച്‌ മനസിലാക്കാനോ, ചിന്താപരമായി സ്വയം വ്യതിരക്തമാവാനോ സാധ്യമല്ലാത്തവിധം ആരവങ്ങൾകൊണ്ട്‌ മൂടപ്പെടുകയാണ്‌ സാഹിത്യോത്സവങ്ങളെന്ന്‌ തോന്നുന്നു.
ചോദ്യം: താങ്കളുടെ എഴുത്തിന്റെ പ്രേരകശക്തി എന്താണ്‌?
എം.കെ.: മരണത്തിലേക്ക്‌ എത്തുന്നതിനു മുമ്പുള്ള സമയം എങ്ങനെ ദീർഘിപ്പിക്കാമെന്ന്‌ ആലോചിക്കുന്നതോടെയാണ്‌ എഴുത്ത്‌ വരുന്നത്‌. അത്‌ സൗന്ദര്യത്തെയാണ്‌ തേടുന്നത്‌. സാഹിത്യത്തിന്റെ നവാദ്വൈതം, എന്റെ മാനിഫെസ്റ്റോ, മറവിയുടെ നിർമ്മാണം തുടങ്ങിയ കൃതികൾ എന്റെ തത്ത്വശാസ്ത്ര നിർമ്മാണമാണ്‌. എന്നാൽ ആത്മായനങ്ങളുടെ ഖസാക്ക്‌, വീണപൂവ്‌ കാവ്യങ്ങൾക്ക്‌ മുമ്പേ, നവാദ്വൈതം വിജയന്റെ നോവലുകളിലൂടെ എന്നിവ സാഹിത്യ ആസ്വാദനവും വിമർശനവുമാണ്‌.
എഴുതാൻ മനസ്‌ സദാ ഉണർന്നിരിക്കുകയാണ്‌. ചുറ്റുപാടും ഒന്ന്‌ കണ്ണോടിച്ചാൽ മതി, പുതിയ വസ്തുതകൾ ഉയർന്നുവരും.
ചോദ്യം: താങ്കളുടെ നോവലുകൾ ഒരു പ്രസ്ഥാനമാണെന്ന്‌ സൂചിപ്പിച്ചു. അതിന്‌ പ്രത്യേക പേരുണ്ടോ?
എം.കെ: വ്യാജറിയലിസം അഥവാ സ്യൂഡോ റിയലിസം എന്ന്‌ പറയാം. കഥയിൽനിന്ന്‌ വീണ്ടും വ്യാജ യാഥാർത്ഥ്യങ്ങൾ ഉണ്ടാവുകയാണ്‌. യാഥാർത്ഥ്യംതന്നെ വ്യാജമാവുകയും അത്‌ കഥയിൽ യഥാർത്ഥമായിതീരുകയും ചെയ്യുന്ന അവസ്ഥയാണിത്‌. 

ചോദ്യം: ഭാരതീയ ദർശനങ്ങൾ ഏതെങ്കിലും തരത്തിൽ സ്വാധീനിക്കപ്പെട്ടിട്ടുണ്ടോ?
എം.കെ: ഭാരതീയ ദർശനങ്ങളുടെ ഒരു സ്പന്ദനം എപ്പോഴുമുണ്ട്‌. കാറ്റിൽപ്പോലും അതുണ്ട്‌. അദ്വൈതവുമായുള്ള ഒരു പാരസ്പര്യം എപ്പോഴുമുണ്ടായിരുന്നു. ഉപനിഷത്തിനെ ഓരോ നിമിഷവും ജീവിക്കുക എന്ന സാരത്തിലേക്ക്‌ ഞാൻ വ്യാഖ്യാനിച്ചു. എല്ലായിടത്തുമുള്ളത്‌ നാം അനുഭവിച്ചാൽ മതി. അത്‌ അനുഭൂതിയായി സ്പന്ദിച്ചുകൊണ്ടിരിക്കും. എന്നാൽ അതിനെ നവീനമായ സൗന്ദര്യശാസ്ത്രവുമായും സൈദ്ധാന്തികമായ ജ്ഞാനവുമായും കൂട്ടിയോജിപ്പിക്കേണ്ടതുണ്ട്‌. അപ്പോഴാണ്‌ സൃഷ്ടിപ്രക്രിയ പൂർത്തിയാകുന്നത്‌. ഈ നിലയിലാണ്‌ എന്റെ മൂന്നു നോവലും പ്രസക്തി തേടുന്നത്‌.
ചോദ്യം: പുരോഗമന സാഹിത്യം, റിയലിസ്റ്റ്‌ സാഹിത്യം, കാൽപനിക സാഹിത്യം എന്നൊക്കെ പറയുന്നതിനു ഇന്ന്‌ സാംഗത്യമുണ്ടോ?
എ.കെ: ബുദ്ധിയുള്ള ഒരാൾ വന്നാൽ ക്രാഫ്റ്റിൽ ഒരു അത്ഭുതമുണ്ടാകും. പുരോഗമന സാഹിത്യത്തിൽ ക്രാഫ്റ്റിന്റെ മികവ്‌ ഇതുവരെ ഉണ്ടായിട്ടില്ല. ഹെമിംഗ്‌വേയുടെ 'കിളിമഞ്ചാരോയിലെ മഞ്ഞ്‌' പോലെ ഒരു കഥയെഴുതാൻ അനുഭവം മാത്രം പോരാ. സർഗാത്മകവും സൗന്ദര്യശാസ്ത്രപരവുമായ അറിവ്‌ നല്ലപോലെ വേണം. 
ചോദ്യം: കേരള സാഹിത്യ അക്കാദമി, യൂണിവേഴ്സിറ്റികൾ തുടങ്ങിയവയുടെ പ്രവർത്തനം എങ്ങനെ കാണുന്നു.
എം.കെ: ചുരുങ്ങിയത്‌ കാൽനൂറ്റാണ്ട്‌ കാലമായിട്ട്‌ സാഹിത്യ അക്കാദമികളും യൂണിവേഴ്സിറ്റികളുമൊക്കെ ചിന്തിക്കുന്ന, നവമാനങ്ങളോടെ സൃഷ്ടിയിലേർപ്പെടുന്ന എഴുത്തുകാരെ അപമാനിച്ചുവിടുകയാണ്‌. ഒരു മൗലികശക്തിയുള്ള എഴുത്തുകാരന്‌ അങ്ങോട്ട്‌ കയറാൻ വയ്യ. കയറിയാൽ അവർ നിരാശരാക്കും.

ചോദ്യം: കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങളിൽ എഴുത്തുകാർക്ക്‌ സേൻസർഷിപ്പ്‌ ഏർപ്പെടുത്തിയിരുന്നല്ലോ. പിന്നെങ്ങനെ ആവിഷ്കാര സ്വാതന്ത്ര്യത്തിനുവേണ്ടി ഇവർക്ക്‌ വാദിക്കാനാകും?
എം.കെ: കമ്മ്യൂണിസ്റ്റ്‌ ഭരണം ലോകത്തെവിടെയും വന്നിട്ടില്ല. ഒന്നുകിൽ സ്വേച്ഛാധിപത്യം അല്ലെങ്കിൽ മുതലാളിത്തം. കമ്മ്യൂണിസ്റ്റ്‌ നേതാക്കൾ അഹിംസയിൽ വിശ്വസിക്കുന്നില്ലല്ലോ?
ചോദ്യം: കേരളത്തിലെ എഴുത്തുകാർ അരുംകൊലകൾ കണ്ടിട്ടും മിണ്ടാത്തതെന്തായിരിക്കും?
എം.കെ: എഴുത്തുകാരുടെ സംഘടനകളിലും പ്രവർത്തനങ്ങളിലും വളരെ രഹസ്യമായിട്ടുള്ള ഒരു അധോലോകസ്വഭാവമുണ്ട്‌. വിമർശിച്ചാൽ നിങ്ങളെ അവർ നിശ്ശബ്ദമായി കൊല്ലും.  ഒരിടത്തും പ്രവേശിപ്പിക്കുകയില്ല. പാർട്ടിയുടെ സാഹിത്യസമ്മേളനങ്ങളിൽ സ്വന്തം പാർട്ടിക്കാരെ മാത്രം പങ്കെടുപ്പിക്കുന്നത്‌ സംസ്കാരത്തിനു എതിരാണ്‌. സംസ്കാരം ആരുടെയും കുത്തകയല്ല. എല്ലാ വിഭാഗങ്ങൾക്കും അഭിപ്രായം പറയാനുള്ള വേദികൾ വേണം. കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ സാഹിത്യ സമ്മേളനങ്ങളിൽ കമ്മ്യൂണിസ്റ്റുകാർ മാത്രമാണ്‌ പങ്കെടുക്കുന്നതെങ്കിൽ, അത്‌ സങ്കുചിതത്വമാണ്‌.
ചോദ്യം: കേരളത്തിൽ ണല്ലോരു പുരോഗമന സാഹിത്യകാരനുണ്ടോ?
എം.കെ: കാണണമെന്ന്‌ ആഗ്രഹമുണ്ട്‌.
*published in janmabhumi daily 2018

No comments: