കെ. പി. രാമനുണ്ണിയുടെ 'ഹൈന്ദവം' എന്ന കഥാസമാഹാരത്തെക്കുറിച്ച്
ഇന്നത്തെ
രാഷ്ട്രീയ സാഹചര്യം ഒരു കഥാകൃത്തിനെ ശരിക്കും പ്രതിസന്ധിയിലാക്കുന്നുണ്ട്
.ജനങ്ങൾ മതപരമായ വാദകോലാഹലങ്ങളുടെ ഇരയായിത്തീർന്ന മട്ടുണ്ട്. നൂറു കൂട്ടം
പ്രക്ഷുബ്ദമായ തലവാചകങ്ങൾ വാർത്താമാധ്യമങ്ങളിലൂടെ
പ്രചരിച്ചുകൊണ്ടിരിക്കുന്നു. വ്യാജവാർത്തകൾക്ക് ഒരിക്കലും ദാരിദ്ര്യമില്ല
.എവിടെയും ചർച്ച വിഭജിക്കുന്നതിനെക്കുറിച്ചാണ്. എന്താണ് വിഭജിക്കുന്നത്
?മനസ്സും ജീവിതവുമാണ്. സങ്കീർണമായ ഒരവസ്ഥയാണ് നമുക്ക് ചുറ്റിനുമുള്ളത്.
ദേശീയമായ വിഷയങ്ങളിൽ ഒരുപക്ഷം ചേരാൻ പലർക്കും മടിയാണ് .എന്തെന്നാൽ അത് അവരെ
ഒരു കള്ളിയിലാക്കി മുദ്രയടിക്കും.തീക്ഷണമായ ,തീർത്തും ഭൗതികമായ ഒരു
രാഷ്ട്രീയ പോരാട്ടമാണിത്. അതിനു പ്രത്യക്ഷമായ മുഖങ്ങളും നിലപാടുകളും
മാത്രമേയുള്ളു. ആന്തരികമായ മൂല്യമില്ല. ഗാന്ധിജിയുടെ രാഷ്ട്രീയത്തിന്
പ്രത്യക്ഷമായ ഭൗതികതയ്ക്കപ്പുറത്ത് ആന്തരികമായ മൂല്യമുണ്ടായിരുന്നു.
അതുകൊണ്ട് അദ്ദേഹം എല്ലാ വിഭജനങ്ങളെയും എതിർത്തു. എതിർപ്പിന്റെ വിലയായി
അദ്ദേഹത്തിനു വെടിയേറ്റു മരിക്കേണ്ടി വന്നു. തീർച്ചയായും ഗാന്ധിജിയുടെ
അഭിപ്രായങ്ങൾക്ക് പ്രതിയോഗികൾ ഉണ്ടാവുക തന്നെ ചെയ്യും .കാരണം, അദ്ദേഹം ഒരു
തത്ത്വത്തിനനുസരിച്ച് മനുഷ്യാവസ്ഥയെ മെരുക്കിയെടുക്കാനാണ്
ശീലിച്ചത്.അദ്ദേഹം പറഞ്ഞു: "ലോകത്തിലെ എല്ലാ മതങ്ങളിലുമുള്ള സത്യത്തെയാണ്
ഞാൻ വിശ്വസിക്കുന്നത്. വെറുതെ സഹിഷ്ണുത കാട്ടുന്നതിന് പകരം മറ്റു
മതങ്ങളിൽപ്പെട്ട വിശ്വാസികളെ ബഹുമാനിക്കാത്തിടത്തോളം കാലം ഭൂമിയിൽ
ശാശ്വതമായ സമാധാനം ഉണ്ടാവുകയില്ല (In search of the
supreme).കെ.പി.രാമനുണ്ണിയുടെ 'ഹൈന്ദവം' വായിക്കുകയായിരുന്നു. അദ്ദേഹം
എന്നും പ്രതികരിക്കാൻ മുന്നോട്ടു വന്നിട്ടുണ്ട്. അദ്ദേഹം ഒരു
സാമൂഹികജീവിയാണെന്ന് എപ്പോഴും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിനു
വാല്മീകം വേണ്ട. മതപരമായ കലഹങ്ങൾ ഉണ്ടാകാതിരിക്കാൻ ഈ കഥാകൃത്ത് തന്റെ
കർമ്മമേഖലയിൽ നിരന്തരമായി ഇടപെടുന്നു; എഴുതിയും പ്രസംഗിച്ചും
ജീവിക്കുകയാണ്.
രാമനുണ്ണിയുടെ സാഹിത്യജീവിതം
നിരന്തരമായ ആത്മവിചിന്തനത്തിലും തിരിഞ്ഞുനോട്ടത്തിലും സ്വയം വിചാരണയിലും
സത്യാന്വേഷണത്തിലും അധിഷ്ഠിതമാണ്. ഒരു ഉത്തരവാദിത്വത്തിന്റെ സമ്മർദ്ദം
അവിടെയുണ്ട്. സുചിന്തിതമായ പാതയിൽ ,രാമനുണ്ണി തൻ്റെ മനസിലെ ഉരുളക്കിഴങ്ങ്
തിന്നുന്നവരെ' '(വാൻഗോഗിൻ്റെ പ്രശസ്തമായ ചിത്രം)തേടുകയാണ്.'ഹൈന്ദവം' എന്ന
സമാഹാരത്തിലെ രചനകൾ അദ്ദേഹം ഉയർത്തിക്കൊണ്ടുവരുന്ന മതസഹിഷ്ണുതയുടെയും
സ്നേഹത്തിന്റെയും പ്രധാനപ്പെട്ട ഒരേടാണ്. നമുക്ക് സഹവർത്തിത്വത്തിലും
അനുതാപത്തിലും മാത്രമേ ജീവിക്കാനാവൂ. വിഭജനം നമ്മെ ദുർബ്ബലരാകുക മാത്രമല്ല,
ഇല്ലാതാക്കുകയും ചെയ്യും .മണിപ്പൂർ കലാപം നൽകുന്ന പാഠം അതാണ്. രണ്ടു
വിഭാഗങ്ങൾ സംവരണത്തെ ചൊല്ലി തുടങ്ങിയ തർക്കം ഒരു സംസ്ഥാനമാകെ പടരുന്ന
ചോരക്കളിയായി വളർന്നു. കലാപമുണ്ടാക്കാൻ എളുപ്പമാണ്. അതിനു വിവേകമോ പഠിപ്പോ
വേണ്ട. എന്നാൽ അതിൻ്റെ മുറിവുകൾ ആരെല്ലാം പങ്കിടണം?'ഹൈന്ദവം' എന്ന കഥയിൽ
രാമനുണ്ണി അവതരിപ്പിക്കുന്ന ഹരീന്ദ്രൻ എന്ന കഥാപാത്രം ഉണതവിദ്യാഭ്യാസം നേടി
വിദേശ സർവീസിൽ ഉദ്യോഗത്തിൽ ചേർന്ന് വിരമിച്ചയാളാണ്. അദ്ദേഹത്തിനു ഇന്ത്യയെ
അറിയാം. അദ്ദേഹം ചിന്തകനും എഴുത്തുകാരനുമാണ്. ഇന്ത്യാചരിത്രത്തെയും
മാർക്സിസത്തെയും ശങ്കരദർശനത്തെയും സമന്വയിപ്പിക്കുന്ന ഏകത്വമാണ് ആ മനീഷി
വളർത്തിയെടുത്തത്.
കുട്ടികളുടെ മനസ് വിങ്ങുന്നു
ഇന്ത്യ
എന്നാൽ നാനാത്വത്തിലെ ഏകത്വമാണല്ലോ. പല സംസ്ഥാനങ്ങളും പല ഭാഷകളും പല
മതങ്ങളും കൂടിച്ചേർന്നതാണല്ലോ ഇന്ത്യ. ഇന്ത്യയുടെ ഒരു പ്രതീകത്തിന് എല്ലാ
വിഭാഗങ്ങളെയും കൂട്ടിയിണക്കാനുള്ള ശക്തിയുണ്ട്. അശോകചക്രത്തിന്,
താജ്മഹലിന്,സൂര്യക്ഷേത്രത്തിന്, നളന്ദയുടെ അവശേഷിപ്പുകൾക്ക്,വേളാങ്കണ്ണി
പള്ളിക്ക് ഇന്ത്യയെ ഒറ്റയ്ക്ക് പ്രതിനിധീകരിക്കാൻ കഴിയുന്നു. ഇന്ത്യ
വേറിട്ടല്ല നിൽക്കുന്നത്; അതൊരു വികാരമാണ്. സവിശേഷമായ ഒരു ജീവിതാവസ്ഥയാണ്.
ഹരിന്ദ്രൻ അതു മനസ്സിലാക്കുന്നു. അദ്ദേഹം സി.എ.എക്കെതിരായ
പ്രതിഷേധസമ്മേളനങ്ങളിൽ പങ്കെടുത്തത് ഈ ആത്യന്തികമായ സാരത്തെക്കുറിച്ച്
പറയാനാണ്.
സി.എ.എ ഒരു മുസ്ലിം പ്രശ്നമല്ല എന്ന്
സ്ഥാപിക്കാനാണ് അദ്ദേഹം യത്നിച്ചത്. അദ്ദേഹത്തിൻ്റെ മുന്നിൽ മറ്റൊരു
യാഥാർത്ഥ്യം ഉണ്ടായിരുന്നില്ല. ചെറിയ വിഭാഗീയ പരാമർശങ്ങളും
പൊതുമണ്ഡലത്തിലെ കുറ്റപ്പെടുത്തലുകളും സമൂഹത്തിൽ ഒരു പാർശ്വവൽക്കരണം,
ധ്രുവീകരണം, ഒറ്റപ്പെടുത്തൽ, ഭയം സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്
അറിയാമായിരുന്നു. കാരണം, അദ്ദേഹം തത്ത്വവാദിയും എഴുത്തുകാരനുമായിരുന്നു.
തന്നെപ്പോലെ മറ്റുള്ളവരും സുരക്ഷിതരാണെന്ന ചിന്തയാണ് അദ്ദേഹത്തെ നയിച്ചത്. ഈ
മനോഭാവം ഭൂരിപക്ഷം അക്കാദമിഷ്യന്മാരും എഴുത്തുകാരും പിന്തുടരുന്ന പാതയാണ്
.എന്നാൽ സമ്മേളനങ്ങൾക്കിടയിൽ ഹരിന്ദ്രൻ വിശ്രമിച്ചത് ടെക്സ്റ്റൈൽ
ഷോപ്പുടമയായ ഷാജിയുടെ വീട്ടിലായിരുന്നു. ഹരിന്ദ്രനു വേണ്ടി ഷാജി മുറി
ഒരുക്കിയത് കണ്ടാൽ മനസ്സിലാകും എത്ര ആദരവോടെയാണ് അയാൾ അത്
ചെയ്യുന്നതെന്ന്. അയാൾക്ക് അന്യമതത്തോട് ബഹുമാനമുണ്ടെന്ന് ഇത്
വ്യക്തമാക്കുന്നു; അയാൾ ഒരു മതേതരവാദിയാണെന്നും .സാധാരണ മനുഷ്യർക്കിടയിൽ
ജാതിയും മതവും വരേണ്ട കാര്യമില്ല .ഹരീന്ദ്രൻ അവിടെ വിശ്രമിക്കുമ്പോഴാണ്
സ്കൂൾ വിദ്യാർത്ഥിയായ ഇസ്യാനെ പരിചയപ്പെടുന്നത്. അവന് സി.എ.എ
സമ്മേളനത്തെക്കുറിച്ചൊക്കെ അറിയാം .ഹരീന്ദ്രൻ്റെ താടി കണ്ട്
മുസ്ലിമാണെന്ന് തെറ്റിദ്ധരിച്ച് അവൻ 'അസ്ലാം അലൈക്കും' എന്ന് പറഞ്ഞു
വരവേറ്റു. അവൻ അത് പറഞ്ഞത് ശുദ്ധമായ മനസ്സോടെയാണ്. ഹരീന്ദ്രൻ വ അലൈക്കും
അസ്ളാം എന്ന് മറുപടിയും പറഞ്ഞു. എന്നാൽ കുറെ കഴിഞ്ഞു അവൻ്റെ കൂട്ടുകാർ
വീഡിയോ ഗെയിം കളിക്കാൻ വന്നപ്പോൾ അവിടെ ഒരു ചർച്ച നടന്നു .
"ആരാണ് പോലീസ് ?
ആരാണ് തീഫ് ?"
ഒരു മാന്യദേഹത്തിന്റെ സാന്നിദ്ധ്യമൊന്നും കൂട്ടാക്കാതെ അഭിജിത്ത് തിരക്കി.
"തീഫ് ഇസ്യാൻ തന്നെ ."
അനീഷ് പ്രതികരിച്ചു.
"എപ്പോഴും തീഫ് ഇസ്യാനോ ?അത് പാപമല്ലേടോ?"
മോഹിനി മൂല്യവിചാരം നടത്തി.
"അവൻ സമ്മതിച്ചിട്ടല്ലേ."
അനീഷ് ന്യായം പറഞ്ഞു.
"നീ എന്താ ആവ്ണ ഇസ്യാനെ ?"
അഭിജിത് തിരക്കി .
"എന്താച്ചാ ഞാൻ ആവാം ,നിങ്ങൾടെ ഇഷ്ടം."
എപ്പോഴും
ഇസ്യാൻ കള്ളനാകുകയാണ് സുഹൃത്തുക്കളുടെയിടയിൽ. എന്തിനാണ് ഇങ്ങനെ എപ്പോഴും
കള്ളനാകാൻ നടക്കുന്നതെന്നു ഹരീന്ദ്രൻ ആ കുട്ടിയോട് ചോദിക്കുമ്പോൾ അവൻ നൽകിയ
ഉത്തരമാണ് അദ്ദേഹത്തെ ഞെട്ടിച്ചത്. ഒരു പുതിയ അറിവ് അവിടെ ഉടലെടുത്തു.
"അവനത്
ഒരു ചോദ്യമായി പോലും പരിഗണിച്ചില്ല. പതിറ്റാണ്ടുകളുടെ പ്രായം മുഖത്ത്
കനത്തു. ആത്മഗതത്തിന്റെ ആഴത്തിൽ ഇങ്ങനെയൊരു മന്ത്രണം പൊങ്ങി: "മോഹിനിയുടെ
ഡാഡിയും അഭിജിത്തിൻ്റെ അങ്കിളും സി.എ.എക്കെതിരെ
പ്രസംഗിക്കുന്നവരാ.അനീഷിൻ്റെ എൽഡർ ബ്രദർ ഫേസ്ബുക്കിൽ പോസ്റ്റാറുമുണ്ട്. ഇനി
അവരെങ്ങാനും... വല്ലാത്തൊരു ആശങ്കയിൽ അവൻ തുമ്പിട്ടു ."
ഹരീന്ദ്രൻ
കുട്ടിയോട് എന്തു പറയണമെന്നറിയാതെ കുഴങ്ങി. അദ്ദേഹത്തിന് ആഴത്തിൽ
മുറിവേറ്റു. ഒരു സ്കൂൾ കുട്ടി പോലും സി.എ.എയുടെ പേരിൽ
ഭയചകിതനായിരിക്കുന്നു. ഇത് ഒരു ദേശത്തിലെ ശക്തമായ ഒരു വിഭാഗത്തിൽ
സൃഷ്ടിച്ചിരിക്കുന്ന ആശങ്കയും ഭയവും എത്ര ആഴമേറിയതാണെന്ന് ഹരീന്ദ്രൻ
മനസ്സിലാക്കി .അയാളെ ശാരീരികവും മാനസികവുമായി അത് തകർത്തു. അദ്ദേഹം
സമ്മേളനങ്ങളെല്ലാം ഉപേക്ഷിച്ചു വായനയിൽ മുഴുകി.ആ മരവിപ്പ് മാറിയത്
വിദ്യാർത്ഥി ഇസ്യാൻ കുടുംബത്തോടൊപ്പം ഹരീന്ദ്രനെ കാണാൻ വന്നപ്പോഴാണ്.
എല്ലാത്തിനും ഒരു അയവുണ്ടായി. ഇസ്യാനെ സന്തോഷിപ്പിക്കാൻ സുപ്രിയ അവൻ്റെ
ഉമ്മയുടെ ഉംറ യാത്രയിലെ വേഷമിണിഞ്ഞെത്തുന്നു. അവനെ ചേർത്തു നിർത്തി. അവൻ്റെ
ഭയം മാറി. ഇതാണ് രാമനുണ്ണി കഥയിലൂടെ വളരെ ഊഷ്മളമായി വളർത്തുന്ന
മനുഷ്യബന്ധം. ഒരു മനുഷ്യനും മറ്റൊരു മനുഷ്യനും ഇടയിൽ സ്നേഹത്തിൻ്റെ
മഹത്തായ ഒരു പാത അവശേഷിച്ചിട്ടുണ്ട്. അത് മറ്റു ചിന്തകൾ കൊണ്ട്
മലിനപ്പെടരുത്.
ലോകാഭിരാമമായ രമ്യത
ഈ
ലോകത്തെ പ്രശ്നങ്ങൾ കാണുകയും അതിന് വേണ്ടി ചിന്തിക്കുകയും ചെയ്യുന്നവനാണ്
എഴുത്തുകാരൻ .എന്നാൽ രാമനുണ്ണി ആ ദൗത്യം മറക്കുന്നില്ല.രാമനുണ്ണി
അതിനപ്പുറം പോയി പരിഹാരമാർഗങ്ങൾ ആരായിരുന്നു. മുറിവുകൾ ഉണക്കാനാണ്
രാമനുണ്ണി കഥ എഴുതിയത് .അദ്ദേഹം തൻ്റെ നിലപാടുകളുടെ പേരിൽ
വിമർശിക്കപ്പെട്ടിട്ടുണ്ട് .അപ്പോഴും പതറാതെ ലോകാഭിരാമമായ രമ്യതയിൽ ഉറച്ചു
നിൽക്കുകയാണ് ചെയ്തത്. ഒരു ആക്ടിവിസ്റ്റ് കഥാകൃത്തിനെ ഇവിടെ കാണാനാവുന്നു.
സഹിഷ്ണുത മാത്രം പോരാ,ആദരവും കൊടുക്കണം. ഇതാണ് ഗാന്ധിജി പറഞ്ഞത്. വേദങ്ങളും
ഉപനിഷത്തുകളും മറ്റ് ഇന്ത്യൻ ദർശനങ്ങളും ഒരുമയെയാണ് ലക്ഷ്യം
വയ്ക്കുന്നതെന്ന വാദവും ഈ കഥ അവതരിപ്പിക്കുന്നുണ്ട്.
മതഭേദങ്ങൾ
അശരണരുടെ മിഥ്യകളാണെന്നും വെളിച്ചത്തിനു വേണ്ടി നാം
ഒരുമിക്കേണ്ടതുണ്ടെന്നു മാണ് 'വാരിയംകുന്നത്ത് വീണ്ടും' എന്ന കഥയിൽ
പറയുന്നത്. മാപ്പിളലഹളക്കാലത്ത് വാരിയംകുന്നത്തും പാണ്ട്യാട്ട് നമ്പീശനും
സുഹൃത്തുക്കളായിരുന്നു. അവരുടെ വീട്ടുകാർ തമ്മിൽ
അടുപ്പത്തിലായിരുന്നു.എന്നാൽ അവരെക്കുറിച്ച് സമൂഹത്തിൽ ഇപ്പോൾ നിലവിലുള്ള
ധാരണകൾ വേറെയാണ്. അതറിഞ്ഞ് അവർ ആശ്ചര്യപ്പെടുകയാണ്. അവർ, മരണാനന്തരം
,മാപ്പിള ലഹള നടന്ന സ്ഥലങ്ങൾ സന്ദർശിക്കുകയും ഓർമ്മകൾ പുതുക്കുകയുമാണ്.
പൂന്താനം
രാമൻ നമ്പൂതിരിയുടെ വാക്കുകൾ അത് ശരിവയ്ക്കുന്നു: "കുഞ്ഞഹമ്മദിന്റെ
ധർമ്മസങ്കടം നുക്കു മനസ്സിലാകുന്നുണ്ട് .നമ്പീശൻ്റെ ലക്ഷ്യബോധവും
മനസ്സിലായി.സമസ്തലോകവും സുഖിയായി ഭവിക്കണമെന്ന് വച്ചാണ് സനാതന ഹിന്ദുവായ
ഗാന്ധിജി അഹിംസ, അഹിംസ എന്ന് പറയുന്നത്. വിട്ടുവീഴ്ചയ്ക്കല്ലേ പാണ്ഡവ
-കൗരവ സംഘർഷത്തിൽ ശ്രീകൃഷ്ണനും ഉപദേശിച്ചത്. സ്വയം നാണംകെട്ടുകൊണ്ട് ദൂതിനു
വരെ ഭഗവാൻ പോയില്ലേ? എന്നിട്ടും നേരെയാവില്ലെന്ന് ഉറച്ചപ്പോൾ വിശ്വരൂപം
പുറത്തെടുത്തു. യുദ്ധത്തിന് നേതൃത്വവും നൽകി .ആലി മുസ്ലിയാരുടെ
പള്ളിയടക്കം മിനിഞ്ഞാന്ന് ആക്രമിക്കപ്പെട്ടല്ലോ. അപ്പോൾ പൂർണാവതാരത്തിന്റെ
തത്ത്വത്തിനൊത്ത് പ്രവർത്തിക്യന്നെ നിവൃത്തിള്ളു. ഗാന്ധിക്കും അത്
സമ്മതമായിരിക്കും. ശ്രീകൃഷ്ണ ഭഗവാനെക്കാൾ വലിയ സുപ്രീംകോടതി
ഭാരതദേശത്തിനില്ല. ഖുർ ആൻ്റെ അനുശാസനത്തിനൊത്ത് പ്രവർത്തിക്കാൻ
മുസ്ലീങ്ങളോട് അദ്ദേഹം നിർദ്ദേശിച്ചതിന്റെ അർത്ഥവും മറ്റൊന്നല്ല. അതോണ്ട്
കുഞ്ഞഹമ്മദേ വിഷാദമുപേക്ഷിച്ച് മുന്നോട്ടിറങ്ങിക്കോളൂ."
മനുഷ്യർക്ക്
സാഹോദര്യത്തിൽ ജീവിക്കാൻ നൂറ് കാരണങ്ങൾ ഉണ്ടായിരിക്കെ, മതങ്ങൾ അതിന്
തടസ്സമായി മാറുന്നതെന്തിനാണ് ? പൂന്താനത്തിന് മതസാരം വ്യക്തമായിരുന്നു. ഇത്
മതവിശ്വാസം താല്പര്യമുള്ളവർക്ക് കൊണ്ടുനടക്കാം എന്ന ചിന്തയാണ്.
സി.വി.കുഞ്ഞുരാമനുമായുള്ള സംഭാഷണത്തിൽ ശ്രീനാരായണഗുരു ഇങ്ങനെ പറഞ്ഞു:
"എല്ലാ മതങ്ങളുടെയും ഉദ്ദേശ്യം ഒന്നു തന്നെ .നദികൾ സമുദ്രത്തിൽ ചേർന്നാൽ
പിന്നെ തിരക്കുഴിയെന്നും നടുക്കടലെന്നുമുണ്ടോ ?ജീവാത്മാക്കൾക്ക്
ഊർദ്ധ്വമുഖത്വം ഉണ്ടാക്കുവാനുള്ള അധികാരമേ മതങ്ങൾക്കുള്ളൂ.
അതുണ്ടായിക്കഴിഞ്ഞാൽ സൂക്ഷ്മം അവർ താനെ അന്വേഷിച്ചു കണ്ടെത്തിക്കൊള്ളും.
സൂക്ഷ്മാന്വേഷണത്തെ സഹായിക്കുന്ന മാർഗദർശികൾ മാത്രമാണ് മതങ്ങൾ.
സൂക്ഷ്മമറിഞ്ഞവന് മതം പ്രമാണമല്ല. മതത്തിന് അവൻ പ്രമാണമാണ്. ബുദ്ധമതം
പഠിച്ചാണോ ബുദ്ധൻ നിർവ്വാണമാർഗം ഉപദേശിച്ചത് ? ബുദ്ധൻ നിർവ്വാണ മാർഗം
ആരാഞ്ഞറിഞ്ഞ് ആ മാർഗം ഉപദേശിച്ചു. അത് പിന്നീട് ബുദ്ധമതമായി. ബുദ്ധന്
ബുദ്ധമതം കൊണ്ട് പ്രയോജനമുണ്ടോ?"ഗുരുവിൻ്റെ വാക്കുകൾ മതവിശ്വാസികളെ തൊട്ടു
കാണിക്കുന്നുണ്ട്. മഹാജ്ഞാനികൾക്ക് മതത്തിൻ്റെ ആവശ്യമില്ല. അവർ
സൂക്ഷ്മമറിഞ്ഞവരാണ്.സാധാരണക്കാർക്ക് മതം വേണം.എന്നാൽ മതവിദ്വേഷം
അർത്ഥശൂന്യമാണ്. എല്ലാറ്റിലും ഒരേ ചൈതന്യമുള്ളപ്പോൾ മറ്റൊരിടത്ത് തേടിയാലും
കിട്ടുന്നത് ഒന്നുതന്നെ.
മരിച്ചിട്ട് ജീവിതത്തിലേക്ക് വന്നവർ
സൈനികസേവനം
ചെയ്തു വിരമിച്ച സത്യനേശനും സൈനുദ്ദീനും പിന്നീടും സൗഹൃദം തുടരുന്നതിന്റെ
കഥയാണ് 'കേരളമാരത്തോൺ'.അവർ ശ്രീനഗറിലെ പഴയ ബ്രിഗേഡ് ഹെഡ്
ക്വാർട്ടേഴ്സിലേക്ക് ഒരു ഹ്രസ്വസന്ദർശനം നടത്തുകയാണ് .എന്നാൽ അവിടം
പഴയതുപോലെയല്ല. ഉദ്യോഗസ്ഥരിൽ ചിലർ വർഗീയ വിഷം ചീറ്റുകയാണ് .
ഈ ആഖ്യാനത്തിൽ നിന്നു വ്യത്യസ്തമാണ് 'വാരിയംകുന്നത്ത് വീണ്ടും' എന്ന കഥയിൽ കാണുന്നത്. രണ്ടു മനുഷ്യരുടെ മരണാനന്തര യാത്രയാണിത് .
മരിച്ചവർ
പരലോകത്ത് പല ഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്നുവെന്നാണ് വിശ്വാസം. എന്നാൽ
കഥാകൃത്ത് അതിന് സർഗാത്മകമായൊരു വഴിത്തിരിവുണ്ടാക്കുകയാണ്. മരണാനന്തരം
തങ്ങളുടെ ജീവിതയാത്രയ്ക്ക് ,ജീവിതം എന്ന ഉപേക്ഷിക്കപ്പെട്ട യാത്രയ്ക്ക് ഒരു
അടുക്കും ചിട്ടയുമുണ്ടാക്കാൻ അവർ ശ്രമിക്കുന്നു. അതിനായി അവർ സഞ്ചരിച്ച
ഇടങ്ങളിലൂടെ വീണ്ടും സഞ്ചരിക്കുന്നു .അവർ സ്നേഹിച്ചവരിൽ പരകായപ്രവേശം
ചെയ്യുന്നു. ജീവിതത്തിന്റെ മനോഹാരിത ഈ നിരുപാധികമായ സഞ്ചാരത്തിൽ സ്ഫുടം
ചെയ്യപ്പെടുകയാണ് .ജീവിച്ചത് ശരിയായാലും തെറ്റായാലും അത് പിന്നീട് വേറൊരു
രീതിയിൽ പരിവർത്തനപ്പെടുത്താനാവില്ല.ജീവിച്ചതിൻ്റെ ശിക്ഷ ജീവിതത്തിൽ
മാത്രമല്ല, ജീവിതാനന്തരവും വേട്ടയാടിക്കൊണ്ടിരിക്കും. ഒരാൾക്കും
ശവക്കല്ലറയിൽ പോലും ജീവിതം ശാന്തി നൽകില്ല .കാരണം, ഒരാളുടെ മരണം
മറ്റുള്ളവരിലാണല്ലോ ചലനമുണ്ടാക്കുന്നത്. മരണമടഞ്ഞ ശേഷവും അശാന്തിയുടെ
ദിനങ്ങൾ പിന്നാലെ വരുകയാണ്. അതുകൊണ്ടാണല്ലോ മൃതിയടഞ്ഞ ശരീരത്തിൽ നിന്നും
ശരീരമില്ലാതെ ഉയർത്തു വരാൻ വാരിയംകുന്നനെയും നമ്പീശനെയും
പ്രേരിപ്പിക്കുന്നത്.അവർ ജീവിച്ചിരുന്നപ്പോൾ രണ്ടു
മതത്തിൽപ്പെട്ടവരായിരുന്നു .ഇപ്പോൾ അവർക്ക് മതമില്ല .സ്നേഹവും സൗഹാർദവും
മാത്രമേയുള്ളൂ. പുതിയൊരു ആലോചനയാണിത്. എല്ലാ മനുഷ്യരും ഇങ്ങനെ മരിച്ചിട്ട്
വീണ്ടും ജീവിതത്തിലേക്ക് വന്നു യാത്ര ചെയ്യുകയാണെങ്കിലോ? അപ്പോൾ പറഞ്ഞു
തീർക്കാൻ വിഷയങ്ങളൊന്നുമുണ്ടാകില്ല. കഥാതന്തുക്കളുണ്ടെങ്കിലും
കഥയുണ്ടാവില്ല. മനുഷ്യമനസ്സുകളിൽ കഥകൾ വറ്റിപ്പോവുകയും മഹത്തായ മാനവധർമ്മം
ഉയർത്തെഴുന്നേൽക്കുകയും ചെയ്യും. ഒരുപക്ഷേ ,ജീവിതത്തെ അസാധാരണമായി
കാണുന്നത് ഈ യാത്രയിലായിരിക്കും.ലോകത്തിന്റെ ,ജീവിതത്തിന്റെ
അർത്ഥശൂന്യതകളെ, സ്വാതന്ത്ര്യത്തിനുള്ള പ്രേരണകളെ അടുത്തുനിന്ന് കാണാൻ ഇത്
സഹായിക്കും.
ദൈവത്തെ ആശയക്കുഴപ്പത്തിലാക്കുന്നു
ജീവിതം
പലപ്പോഴും സത്യത്തെ കുഴിച്ചുമൂടുകയാണ്. കാരണം ജീവിതത്തിനു സത്യത്തെ
വേണ്ടല്ലോ. ദൈവത്തെ പോലും വേണ്ട .ദൈവം വേണമെങ്കിൽ നമ്മളിൽ വിശ്വസിക്കട്ടെ
എന്ന് ചിന്തിച്ച് സത്യത്തെ തന്നെ വക്രീകരിക്കാൻ നോക്കും. സത്യത്തെ
സൃഷ്ടിച്ച ദൈവത്തെ കൂടുതൽ ആശയക്കുഴപ്പത്തിലേക്ക് തള്ളിവിടുകയാണ്. ദൈവത്തെ
നമ്മുടെ സത്യത്തെ ,സത്യത്തെക്കുറിച്ചുള്ള വിശകലനങ്ങളെ ,അപഗ്രഥനങ്ങളെ
ഇഴപിരിച്ചെടുക്കാൻ നിയോഗിക്കുകയാണ് മനുഷ്യൻ ചെയ്യുന്നത്. ദൈവത്തിന് സത്യം
സൃഷ്ടിച്ചാൽ മാത്രം പോരാ; മനുഷ്യൻ സത്യത്തെ എങ്ങനെ രൂപാന്തരപ്പെടുത്തിയും
ശകലീകരിച്ചും അപനിർമിക്കുന്നുവെന്ന് നോക്കുകയും വേണം. ദൈവത്തിൻറെ ജോലിഭാരം
വർദ്ധിപ്പിക്കുന്ന ഈ പരിപാടിയുടെ പേരാണ് അധാർമികത അല്ലെങ്കിൽ ക്രൂരത
.ഫ്രഞ്ച് എഴുത്തുകാരൻ എമിലി സോളയുടെ ഒരു നിരീക്ഷണം ഇവിടെ പ്രസക്തമാണ്:
"If
you shut up truth and bury it under the ground ,it will but grow ,and
gather to itself such explosive power that the day it bursts through it
will blow up everything in its way" .
സത്യത്തെ
മൂടി വച്ചാൽ ,കുഴിച്ചു മൂടിയാൽ അത് മരിക്കുകയില്ല. അത് വളരും.
സ്ഫോടനാത്മകമായ ശക്തിയോടെ ഒന്നിക്കും. അത് സ്വയം പൊട്ടിത്തെറിച്ച്
എല്ലാറ്റിനെയും പറത്തി ക്കളയും. ഇതാണ് രാമനുണ്ണി തൻ്റെ കഥയിലൂടെ
സൂചിപ്പിക്കുന്നത്. ഒരു കഥയിൽ ഇങ്ങനെയേ ഈ സത്യം അവതരിപ്പിക്കാനാവൂ.
ചരിത്രം, സമരം എന്നെല്ലാം പറഞ്ഞ് സാമാന്യവത്ക്കരിക്കാമെങ്കിലും
സത്യത്തിന്റെ സ്വാഭാവിക പൊട്ടിത്തെറിയെ നമുക്ക്
തടയാനാകില്ല.തന്നെക്കുറിച്ചുള്ള ധാരണ ഈ ലോകത്ത് ഒരിക്കലും നേരെയാകില്ലെന്ന്
ബോധ്യപ്പെട്ട വാരിയംകുന്നൻ ഇങ്ങനെ പറയുന്നുണ്ട്:
"നാരായണാ,പരലോകത്തെത്തിക്കഴിഞ്ഞ എനിക്ക് നല്ല സർട്ടിഫിക്കറ്റോ ചീത്ത
സർട്ടിഫിക്കറ്റോ വേണ്ട. നമ്മുടെ പിൻതലമുറയുടെ ഇഹലോകത്തുള്ള സുസ്ഥിതിയാണ്
വേണ്ടത്. അവർ നമ്മേപ്പോലെ നന്നായി കൂട്ടുചേർന്നു ജീവിക്കണോ അതോ ഇതിലെല്ലാം
പെട്ട് മനസ്സ് കലുഷമായി നശിച്ചു പോകണോ എന്നതാണ് വിഷയം."
ലോകത്ത്
എല്ലായിടത്തും വലതുപക്ഷ തീവ്രവാദികളും മതമൗലികവാദികളും തലപൊക്കുകയാണ്. ഇത്
പ്രത്യയശാസ്ത്രാനന്തര കാലമാണ്. ആശയാനന്തരകാലമാണ് .അതുകൊണ്ട് ഈ മതതീവ്രവാദം
ശക്തിപ്പെടാനാണ് സാധ്യത .അവർ രാഷ്ട്രങ്ങൾ കീഴടക്കുക തന്നെ ചെയ്യും.
അവർക്ക് പഴയകാല രാഷ്ട്രീയപ്രവർത്തകരെ പോലെ ദാരിദ്ര്യമില്ല. അതുകൊണ്ട്
അവർക്ക് ആസൂത്രണം എളുപ്പമാണ്. ഇപ്പോൾ ഡേറ്റ ശേഖരിക്കാനും ആളുകളുടെ
മന:ശാസ്ത്രം പഠിക്കാനും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും സോഷ്യൽ മീഡിയയുമുണ്ട്.
അതിൻ്റെ ഫലമെന്നോണം മനുഷ്യർ രണ്ട് വിഭാഗങ്ങളായി ചേരിതിരിഞ്ഞ് പോരിനു
നിൽക്കുന്നതിന്റെ അനുഭവമാണ് 'കേരളമാരത്തോണി'ൻ്റെ ഒടുവിൽ കഥാകൃത്ത്
പകർത്തുന്നത്.
"ജമ്മുവിലെത്തി ഹിമസാഗർ
എക്സ്പ്രസ്സ് പിടിക്കാനുള്ള യാത്രാമധ്യേ മൂന്നിടങ്ങളിൽ അവർ തടയപ്പെട്ടു.
പേരിനെ അന്വർത്ഥമാക്കും വിധം രണ്ടിനെ ഒന്നാക്കി ഒട്ടിച്ചു പരസ്പരം മീശ
പിരിച്ച് നിർത്തിയ ശത്രു ദേശങ്ങളാണല്ലോ ജമ്മു ആൻഡ് കാശ്മീർ. ഒന്നിൽ ഹിന്ദു
ഭൂരിപക്ഷവും മറ്റേതിൽ മുസ്ലിം ഭൂരിപക്ഷവും .പൂഞ്ചിൽ വച്ചു നടന്ന ആദ്യ
ചോദ്യം ചെയ്യലിൽ ശരിയായ പേരുകൾ വെളിപ്പെടുത്തിയത് സത്യനേശനും സൈനുദ്ദീനും
പൊല്ലാപ്പായി. തദ്ദേശീയർക്ക് ദഹിക്കാനാകാത്ത ആ ഹിന്ദു - മുസ്ലിം
കൂട്ടുകെട്ട് മണിക്കൂറുകളോളമാണ് സംശയനിവാരണത്തിന് വേണ്ടി വിഘ്നപ്പെട്ടത്.
അതുകൊണ്ടുതന്നെ ശ്രീനഗറിലെ അടുത്ത ചോദ്യം ചെയ്യലിൽ സത്യനേശൻ മുഹമ്മദ്
റോഷനായി വേഷം കെട്ടി നാട്ടുകാരെ കബളിപ്പിച്ചു. ഹിന്ദു ഭൂരിപക്ഷ പ്രദേശമായ
ജമ്മുവിൽ വെച്ചുണ്ടായ ചോദ്യം ചെയ്യലിൽ സൈനുദ്ദീൻ സർവ്വോത്തം ത്രിപാഠിയായും
അഭിനയിച്ചു. പിന്നെ യാത്രയ്ക്ക് പ്രയാസമുണ്ടായില്ല."
പിന്നീട്
അവർ ജീവനും കൊണ്ട് ഓടുകയാണ് കേരളത്തിലേക്ക്. ഇവിടെ 'സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനം' എന്ന പദവിക്ക് വേണ്ടി പരിശ്രമിക്കുന്നവരാണ് അധികവും. അത്
ഇന്ത്യ ഇനിയും മനസ്സിലാക്കിയിട്ടില്ല .ഇന്ത്യയുടെ പ്രബുദ്ധശിരസ്, മൈത്രി
ഇവിടെയാണ്. "നിമിഷങ്ങൾക്കകം ആ ഉണ്ണിയുടെയും അലവിയുടെയും വേഗത
ഹിമസാഗറിനെയല്ല ,തുരന്തോവിനെയല്ല, രാജധാനി എക്സ്പ്രസ്സിനെ പോലും
അതിശയിച്ചുകൊണ്ടിരുന്നു. പരിവേഷണം നടത്തി ഭൂമിയിലേക്ക് മടങ്ങുന്ന ഏതോ
ഉപഗ്രഹത്തിന്റെ ഗൃഹാതുരതയാണ് അവരുടെ സ്പീഡിൽ പിടയ്ക്കുന്നതെന്ന് തോന്നി. "
ഉത്തര- ഉത്തരാധുനിക സംഘർഷങ്ങൾ
കല്ലോടി
രാമകൃഷ്ണൻ എന്ന റിട്ടയേർഡ് പ്രൊഫസർ ജീവിതത്തിൽ നേരിടേണ്ടി വരുന്ന
ദുരിതങ്ങളാണ് 'സർവൈലൻസ്' എന്ന കഥയിൽ ചിത്രീകരിക്കുന്നത്. ചെയ്യാത്ത
കുറ്റത്തിന് സൈബർ കുറ്റവാളികൾ അദ്ദേഹത്തെ കൃത്രിമ തെളിവുണ്ടാക്കി
ഭീഷണിപ്പെടുത്തുകയാണ് .ഇത് ഉത്തര- ഉത്തരാധുനിക കാലത്തിൻ്റെ കഥയാണ്.
കൃത്രിമമായി എഡിറ്റു ചെയ്തു വീഡിയോ ഉണ്ടാക്കി സ്ത്രീപീഡനം ആരോപിക്കുന്നു.
അങ്ങനെ നിരപരാധിയെ കുറ്റവാളിയാക്കുന്നു. അത് സൈബർ ഇടങ്ങളിൽ
പ്രചരിപ്പിക്കുന്നു .വ്യാജവാർത്തകൾ സൃഷ്ടിക്കുന്നവരുടെ കാലമാണല്ലോ ഇത്.
മനുഷ്യരുടെ ഭാവി അത്ര സുരക്ഷിതമല്ല എന്നാണ് രാമനുണ്ണി പറയുന്നത് .മനുഷ്യൻ
സ്വയം ഒരു വ്യാജവസ്തുവാകാൻ പോവുകയാണ്. ആരുമായും ഇനി ഒരു സംശുദ്ധമായ ബന്ധം
സാധ്യമായേക്കില്ല. എല്ലാവരും ഇന്റർനെറ്റ് വിദഗ്ദ്ധരും ഡിജിറ്റൽ
ക്രിയേറ്റർമാരുമാണ്. ആരും ആരെയും മോർഫ് ചെയ്യാം .ആരുടെയും വ്യാജ വീഡിയോയും
വോയ്സ് ഓവറും സൃഷ്ടിച്ച് അപകീർത്തിപ്പെടുത്താം. വീഡിയോകൾ ഒട്ടും തന്നെ
വിശ്വാസിയോഗ്യമല്ലാതായി. തിരഞ്ഞെടുപ്പ് കാലത്ത് നാം പലതും കണ്ടു .ഒരു
സംഭവത്തിന് തെറ്റായ പരിഭാഷ നൽകുന്നു .രാഷ്ട്രീയ ലക്ഷ്യത്തോടെ കള്ള വീഡിയോകൾ
നിർമ്മിക്കുന്നു. കാണുന്നവരുടെ മനസ്സിനെ സ്വാധീനിക്കാൻ വേണ്ടി കള്ളം
പ്രചരിപ്പിക്കുന്നു. ഏതു വ്യക്തിയെയും നശിപ്പിക്കാവുന്ന വിധത്തിൽ ഡിജിറ്റൽ
എൻജിനീയറിങ് വളരുകയാണ്. വാട്സപ്പ് ,ഫേസ്ബുക്ക് തുടങ്ങിയവ വരുന്നതിനു മുന്നേ
മരിച്ചു പോയവരാണ് കുറെയൊക്കെ ഭാഗ്യമുള്ളവർ. കാരണം, അവരുടെ ഡേറ്റ
ശേഖരിക്കാൻ ഇൻ്റർനെറ്റ് ഹാക്കർമാർക്ക് കഴിഞ്ഞില്ലല്ലോ. മൊബൈൽ ഫോൺ
ഉപയോഗിച്ച് എന്തും ഹാക്ക് ചെയ്യാവുന്ന ഒരു കാലത്ത് ജീവിച്ചിരിക്കുന്നത് ഒരു
അപായക്കളിയാണ് .
'പൂർണ്ണനാരീശ്വരൻ' എന്ന
കഥയാകട്ടെ സ്ത്രീപുരുഷ ബന്ധങ്ങളെ വീണ്ടും പരിശോധിക്കുകയാണ് .ഒരു സ്ത്രീയും
പുരുഷനും തമ്മിൽ ഒത്തു പോകാനുള്ള കെമിസ്ട്രിയുണ്ട്. ഇത് വിദ്യാഭ്യാസമോ
പദവിയോ അല്ല നിശ്ചയിക്കുന്നത്. മനുഷ്യനെ മനസ്സിലാക്കാനുള്ള വിവേകമാണ്
പ്രധാനം .ഏതൊരു ജീവിയോടും എന്നപോലെ പങ്കാളിയോടും അനുകമ്പ വേണം. ഫെമിനിസവും
മറ്റ് ആദർശങ്ങളും ഇത്തരം കാര്യങ്ങളിൽ എത്രമാത്രം യാഥാർത്ഥ്യബോധത്തോടെ
ഇടപെട്ടിട്ടുണ്ട് എന്നറിയില്ല.
തുല്യത എന്ന്
പറയുന്നതിലും ഒരു യാന്ത്രിക സമീപനമുണ്ട്. തുല്യത എല്ലായിടത്തും
ഒരളവുകോലാകില്ല. മറ്റുള്ളവർക്ക് വേണ്ടി എന്തെല്ലാം ഉപേക്ഷിക്കാം എന്നതാണ്
കുടുംബ ജീവിതത്തിന്റെ വിജയത്തിൻ്റെ അടിസ്ഥാനം .തുല്യതയ്ക്കും
സാഹോദര്യത്തിനും വേണ്ടി വാദിച്ച ഒരുവൾ യഥാർത്ഥദാമ്പത്യത്തിൽ വൻ പരാജയം
നേരിടുന്ന കഥയാണ് 'പൂർണ്ണനാരീശ്വരൻ'.'ശ്വാസംമുട്ട്' എന്ന കഥ കൊറോണ കാലത്ത്
ജീവൻ്റെ വില ആരായുകയാണ്. വെന്റിലേറ്ററുകൾ, ഒരു സങ്കീർണ സാഹചര്യം വന്നാൽ
പദവിയുള്ളവർക്ക് മാത്രമേ നൽകാനാവു എന്ന് ആശുപത്രി അധികൃതർ
തീരുമാനിക്കുന്നത് ഒരവശത്ത് .മറ്റൊരു വശത്ത് ,ശ്വാസംമുട്ടൽ വന്നപ്പോൾ
മാത്രം സഹജീവികളുടെ അവസ്ഥയെക്കുറിച്ച് ഓർക്കുന്നതാണ്. എത്ര ക്രൂരമായാണ് നാം
ജീവിക്കുന്നതെന്ന് ഓർമ്മിപ്പിക്കുന്ന ഒരു ഭാഷണം ഇതാണ്: "വെള്ളത്തിലാരോ
ബലമായി മുക്കിപ്പിടിച്ചതിൻ്റെ കുടച്ചിലും വിറച്ചിലും പരിഭ്രാന്തിയും ഞാൻ
ശരിക്കും അനുഭവിച്ചു കൂട്ടരേ.കരയിൽ പിടിച്ചിടുമ്പോൾ മത്സ്യങ്ങളുടെ
അവസ്ഥാവിശേഷം എന്തായിരിക്കുമെന്ന് ഫൈബർ വള്ളത്തിൻ്റെ ഉടമയായ എനിക്കപ്പോൾ
മനസ്സിലായി .എൻ്റെ റെഡ് ക്രസന്റ് വള്ളം വലയിട്ട് കയറ്റിയ ടൺ കണക്കിന്
ഐലയുടെയും മത്തിയുടെയും ആവോലിയുടെയും ശ്വാസംമുട്ട് ... ഹൊ നിമിഷാർദ്ധം
കൊണ്ട് ഞാനത് അറിയുകയായിരുന്നു."
ഉള്ളിൽ സംഭവിക്കുന്ന ജീവിതം
രാമനുണ്ണിയുടെ
കഥകൾ ഏതോ സ്വപ്നലോകത്തെ പെരുമാറ്റങ്ങളല്ല; അതിൽ ഈ കാലത്തിൻ്റെ വിപരീതങ്ങൾ
തുടിച്ചുനിൽക്കുകയാണ്. അത്രമേൽ സമകാലികമാണിത്. ഒരു കഥാകൃത്ത് ആർക്കും
വേണ്ടാത്ത, തീർത്തും അപ്രധാനമായ ഗൃഹാതുര സംഭവങ്ങളിൽ ഒതുങ്ങി
പോകരുത്;കഥാകൃത്ത് ഇന്നു ജീവിച്ചതിന്റെ നിശിതമായ ആന്തരസമ്മർദ്ദങ്ങളാണ്
തിരയേണ്ടത്.അനുഭവം ഉണ്ടായാൽ പോരാ; അത് എന്താണ് അവശേഷിപ്പിക്കുന്നതെന്ന്
മനസ്സിലാക്കേണ്ടതുണ്ട്. ഏതൊരു യാഥാർത്ഥ്യവും വ്യാഖ്യാനിക്കുമ്പോഴാണ്
സംവേദനക്ഷമമാകുന്നത്.ജീവിതം പലർക്കും സംവേദനക്ഷമമല്ല.കാരണം, അവർ അത്
വ്യാഖ്യാനിക്കുന്നില്ല.തനിക്ക് എന്ത് നഷ്ടം വന്നു എന്ന് മാത്രം
നോക്കുന്നവർക്ക് ഭൗതികമായ വില മാത്രമേ അറിയാവൂ. എന്നാൽ അതിനേക്കാൾ എന്താണ്
നമ്മുടെയുള്ളിൽ സംഭവിച്ചതെന്ന് ആരായേണ്ടതുണ്ട്. കാലം ഒരു മുറിവിലൂടെ നമ്മെ
നടത്തിക്കുന്നു. നാം അതിൽ നിന്നു മൂല്യങ്ങളും വിഷാദങ്ങളും ശേഖരിക്കുന്നു.
രാമനുണ്ണിയുടെ കഥകൾ ഈ യഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കുകയാണ്. വളരെ ഗൗരവത്തിൽ
,ചിന്തയിൽ ആഴ്ന്ന് എഴുതിയ കഥകളാണ് ഇതിലെ 'ചിരിയും കരച്ചിലും','പരമപീഡനം',
പുരുഷച്ഛിദ്രം തുടങ്ങിയവ .
ഈ കാലം ദൈവത്തിനുള്ള
ഇടം നഷ്ടപ്പെടുത്തിയിരിക്കയാണ്. ദൈവത്തെ നഷ്ടപ്പെട്ടതിൻ്റെ ശൂന്യതയിൽ
മനുഷ്യർ എല്ലാത്തിന്റെയും നിയന്താവാകുകയാണ്.ഇൻറർനെറ്റ് മനുഷ്യൻ
കണ്ടുപിടിച്ചതാണല്ലോ. അതുകൊണ്ട് അവൻ എല്ലാറ്റിനും ഒരു വിശദീകരണം നൽകാൻ
സിദ്ധിയുള്ളവനാണത്രേ. സ്വന്തം സമസ്യകൾ അവൻ തന്നെ കണ്ടുപിടിക്കുന്നു.
സ്വാതന്ത്ര്യമായാലും മതമായാലും എല്ലാം അവന്റെ വ്യാഖ്യാനങ്ങൾക്കകത്താണ്.
എല്ലാം അവനനെത്തന്നെ ,അവനിലേക്കു തന്നെ ലക്ഷ്യം വെക്കുന്നു, ചാപ്ളിൻ
സിനിമയിലെ സംഘടനങ്ങൾ പോലെ.
ആ ഭയത്തിൽ അവൻ ആരെയും കൊല്ലാൻ ഒരുങ്ങുന്നു .ജീവിതത്തിൽ രണ്ട് കാര്യങ്ങൾ അനന്തമാണെന്ന് റഷ്യൻ മിസ്റ്റിക്ക് ഗുർജിഫ് പറഞ്ഞു:
the
stupidity of man and the mercy of God.എന്നാൽ ദൈവത്തിൻ്റെ ദയ അറിയാൻ
കഴിയാത്ത വിധം അവൻ ആന്തരികമായി ശൂന്യതയെ അഭിമുഖീകരിക്കുകയാണ്. ഈ
പ്രതിസന്ധിയാണ് രാമനുണ്ണി തന്റെ കഥയിലൂടെ പരിശോധിക്കുന്നത്.
No comments:
Post a Comment