മനുഷ്യൻ അനശ്വരനാകുന്നത്
സമകാല
റഷ്യയിലെ പ്രമുഖ സാഹിത്യകാരനായ മിഖയേൽ ഷിഷ്കിൻ നോവലിനെക്കുറിച്ചും
കഥയെക്കുറിച്ചും കുറേക്കൂടി ആധുനികമായ, വർത്തമാന പ്രസക്തിയുള്ള
,സർഗാത്മകമായ വീക്ഷണമാണ് അവതരിപ്പിക്കുന്നത്. അദ്ദേഹത്തിൻ്റെ പ്രസിദ്ധമായ
'മെദെനേർ' എന്ന നോവൽ റഷ്യയിൽ ഗൗരവമായി ചർച്ച ചെയ്യപ്പെട്ടു.നോവൽ
ഏകശിലാഖണ്ഡമാണെന്ന സങ്കല്പത്തെ നിരാകരിക്കുന്ന അദ്ദേഹത്തിനു
പ്രമേയത്തെക്കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടാണുള്ളത് .മികച്ച
നോവലുകളെല്ലാം ഒരിടത്ത് സന്ധിക്കുന്നുണ്ട് .അത് മരണത്തെയും സ്നേഹത്തെയും
കുറിച്ചാണ് പറയുന്നത്. നോവൽ എന്ന കലയ്ക്ക് 'പ്രമേയം' തന്നെ
ആവശ്യമില്ലെന്നും ഷിഷ്കിൻ വാദിക്കുന്നു. ടോൾസ്റ്റോയിയുടെ പ്രമേയമായിരുന്നോ
നെപ്പോളിയൻ്റെ യുദ്ധങ്ങൾ ? അല്ലെങ്കിൽ വർലാം ഷലാമോവിൻ്റെ പ്രമേയമായിരുന്നോ
സ്റ്റാലിൻ്റെ ജയിലുകൾ ? ചരിത്രം വായിക്കാനല്ല നോവൽ കൈയിലെടുക്കുന്നത്.
അതിനു ചരിത്രഗ്രന്ഥങ്ങൾ തന്നെയുണ്ടല്ലോ. യുദ്ധത്തിൽ മനുഷ്യാവസ്ഥയ്ക്ക്
എന്തു സംഭവിക്കുന്നു എന്നാണ് ഈ നോവലിസ്റ്റകൾ തിരഞ്ഞത്.അത് യുദ്ധത്തിൻ്റെ
വിവരണമോ പ്രമേയമോ അല്ല. ഷിഷ്കിൻ പറയുന്നു:'മനുഷ്യജീവിതത്തിനു ഒരു
'പ്രമേയ'മില്ല. നിങ്ങൾ എഴുതുന്ന നോവൽ നിങ്ങളുടെ തലച്ചോറിൽ പതിഞ്ഞ ബിംബങ്ങൾ
മാത്രമല്ല, അതുവരെ ജീവിച്ചതിന്റെ പ്രതിബിംബങ്ങളും ചേർന്നതാണ്. കാലം
ചെല്ലുമ്പോൾ ജീവിതം എന്തൊക്കെയോ ആയിത്തീരുന്നു. അങ്ങനെ നിങ്ങളുടെ എഴുത്തും
മറ്റെന്തോ ആയിത്തീരുന്നു. ഇത് നിങ്ങൾ തന്നെ എഴുതുന്നതാണ്;
നിങ്ങളുടെയുള്ളിലെ മറ്റൊരാൾ.'
വാക്കുകൊണ്ടു ഉയിർക്കാം
ആരും
സ്നേഹിക്കാനാല്ലാത്ത കഥാപാത്രങ്ങളോടു സ്നേഹം കാണിച്ച എഴുത്തുകാരുടെ
പാരമ്പര്യമാണ് റഷ്യക്കുള്ളത്. 'ഇവാൻ ഇല്ലിച്ചിൻ്റെ മരണ'ത്തിൽ ടോൾസ്റ്റോയ്
അത് കാണിച്ചിട്ടുണ്ട്. 'കരമസോവ് സഹോദരന്മാരി'ൽ ദസ്തയെവ്സ്കി അത്
എഴുതിയിട്ടുണ്ട്. കഥാപാത്രങ്ങളോടു സ്നേഹം നശിക്കുന്നില്ല, അവരെ ആരും
സ്നേഹിക്കാൻ ഇല്ലാത്തപ്പോഴും .വാക്കുകളിലാണ് ആ സ്നേഹം.'എഴുതപ്പെടുന്ന ഒരു
വാക്ക് ലോകത്തെ സൃഷ്ടിക്കാനുള്ള വിശുദ്ധമായ മാർഗം മാത്രമല്ല, മരണത്തെ
മറികടക്കാനുള്ള ഒരേയൊരു മാർഗമാണ്.' 'മെദെനേർ' എന്ന നോവലിൽ അദ്ദേഹം ബൈബിളിൽ
നിന്നു (അപ്പോക്രിഫ)ഉദ്ധരിക്കുന്ന ഒരു വാക്യം ഇതാണ്:'വാക്കുകൊണ്ടു ലോകം
സൃഷ്ടിക്കപ്പെടും. വാക്കുകൊണ്ടു തന്നെ നാം ഉയിർത്തെഴുന്നേൽക്കപ്പെടും.'
സ്നേഹത്തിലൂടെയും വാക്കുകളിലൂടെയുമുള്ള ഉയിർത്തെഴുന്നേൽപ്പാണ് തൻ്റെ നോവൽ
എന്നു അദ്ദേഹം പറയുന്നു. വെറും വാക്കുകൾ മാത്രമായാൽ പോരാ .കടലാസിൽ
അച്ചടിച്ചാലും വാക്കുകൾ കാണാനാവും. എന്നാൽ അതിനു ജീവിതമുണ്ടാവണം .അത് മരണം
കടന്നുവരാത്ത ലോകമാകണം. ഹെരോദ രാജാവിനെയോ അദ്ദേഹത്തിൻ്റെ അനുയായികളെയോ
ഭയക്കാതെ കഴിയാവുന്ന ലോകമായിരിക്കണമത്.'
ഈ
വീക്ഷണം പാടിപ്പതിഞ്ഞതല്ല; നവീനമാണ്. സാഹിത്യത്തിൻ്റെ ലോകം ജീവിതത്തിലെ
യാഥാർത്ഥ്യത്തിൽ നിന്നു വിഭിന്നമാണ്. അത് നമ്മെ സ്വാതന്ത്ര്യത്തിലേക്ക്
ഉയർത്തിവിടുകയാണ് .അത് വിചാരിക്കാനും ശ്വസിക്കാനും സ്വാതന്ത്ര്യമുള്ള ഒരു
ലോകമായിരിക്കണം. നിത്യേന നാം പേടിക്കുന്നു. ജീവിതം അസ്ഥിരപ്പെടുത്താൻ
വരുന്ന ശക്തികൾ എപ്പോഴും മുന്നിലൂടെ കടന്നുപോകുന്നു. മനുഷ്യൻ, മഹത്തായ ആ
പദത്തിൻ്റെ ഭംഗി നഷ്ടപ്പെടുത്തിയ മനുഷ്യക്കോലങ്ങൾ എല്ലാം തകർക്കാനായി,
വീണ്ടുവിചാരമില്ലാതെ സമീപത്തുകൂടെ പാഞ്ഞുപോകുന്നു. അവരുടെ കൈയിലുള്ള ആയുധമോ
കളിപ്പാട്ടമോ അലക്ഷ്യമായി വലിച്ചെറിഞ്ഞാലും മതി നമ്മുടെ ജീവിതം
പ്രതിസന്ധിയിലാകാൻ. ഈ വിലക്കുകളും ആകുലതകളുമില്ലാത്ത ലോകത്തേക്ക്
നടന്നുപോകാനാണ് വാക്കുകൾ സ്നേഹമായി അവതരിക്കേണ്ടത് .പതിതരെയെല്ലാം അവിടെ
വിമോചിപ്പിക്കാനാവും. വാക്കുകൾ മൃതിയിൽ നിന്നുയർന്നു പറക്കുകയാണ് ഇവിടെ.
വാക്കുകൾ മാലാഖമാരായി വരികയാണ് .
ഗദ്യത്തെ കൊല്ലുന്നത്
തന്റെ
സാഹിത്യവീക്ഷണത്തിനു പ്രമുക്തി ലഭിക്കുന്ന തരത്തിലാണ് നോവലിലെ
കഥാപാത്രചിത്രീകരണം നിർവ്വഹിച്ചിരിക്കുന്നതെന്നു നോവലിസ്റ്റ്
വിവരിക്കുന്നുണ്ട് .ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയുന്ന
ഒരാളാണ് നോവലിലെ മുഖ്യകഥാപാത്രം.തൻ്റെ തടവറയുടെ ഭിത്തിയിൽ ഒരു സ്പൂൺ
ഉപയോഗിച്ചു ചിരണ്ടി അയാൾ ഉണ്ടാക്കുന്ന ഒരു ബോട്ടിൻ്റെ പടമുണ്ട്. അയാൾ ആ
ബോട്ടിലിരുന്നു തടവറയ്ക്കു പുറത്തേക്ക് സഞ്ചരിക്കുന്നതായി
സങ്കല്പിക്കുന്നു. ഇതുപോലെയാണ് എഴുത്തുകാരനും .അയാൾ തൻ്റെ ഏകാന്തതയുടെ
തടവറയിലിരുന്ന് താനൊരു ബോട്ടിൽ സഞ്ചരിക്കുകയാണെന്നു വിചാരിക്കുന്നു.തന്റെ
കഥാപാത്രങ്ങളെയും വായനക്കാരെയും അതിൽ നിറച്ച് ഒരു ദിക്കിലേക്ക്
തുഴഞ്ഞുപോകുന്നു .അവിടെ അവരെ കാത്തിരിക്കുന്നവരുണ്ട്,
സ്നേഹിക്കുന്നവരുണ്ട്.
എഴുതുമ്പോൾ
സങ്കൽപ്പിക്കുന്നത് നമ്മെ സ്നേഹിക്കുന്നവരും കാത്തിരിക്കുന്നവരും ഉണ്ടെന്നു
തന്നെയാണ്. അവരെയാണല്ലോ ആത്യന്തികമായി ലക്ഷ്യംവയ്ക്കുന്നത്. എന്നാൽ അവർ
ആരൊക്കെയാണെന്നു കൃത്യമായി അറിയില്ല. എഴുതുമ്പോൾ നാം കൈക്കൊള്ളുന്ന ആവേശവും
സ്വാതന്ത്ര്യവും അതേപോലെതന്നെ ഉൾക്കൊള്ളാൻ ശേഷിയുള്ളവരുണ്ട്. അവർ
ഏറെക്കുറെ ഒരേപോലെ ചിന്തിക്കുന്നവരാണ്. അവർക്ക് ഒരു മനസുണ്ട്
.വായിക്കാനുള്ള ബുദ്ധിയോ വിദ്യാഭ്യാസമോ അല്ല പ്രധാനം, മനസാണ്. സാഹിത്യത്തിൽ
ഈ മനസ്സ് ഒരു ഉരകല്ലാണ്. അത് അഭിരുചിയുടെ സമുദ്രാന്തർഭാഗത്തേക്ക്
പോകുവാനുള്ള വിസയാണ്. പ്രത്യക്ഷരാഷ്ട്രീയത്തിൽ നിന്നു, വർത്തമാനപത്രങ്ങളിലെ
രാഷ്ട്രീയചിന്തകളിൽ നിന്നു അകന്നു നിൽക്കുകയാണ് നോവലിസ്റ്റ്
.വാർത്താമാധ്യമങ്ങളിലെ രാഷ്ട്രീയം മരണത്തിന്റെ രൂപകമാണെന്നു ഷിഷ്കിൻ
തീർത്തു പറയുന്നു .കലയും സാഹിത്യവും നോഹയുടെ പെട്ടകത്തിനു സമാനമാണ്.
കാലത്തിനോട് എതിരിടാൻ ഇത് ആവശ്യമാണ്. അതുകൊണ്ട് ഈ പെട്ടകത്തിൽ ഏറ്റവും
ആവശ്യമുള്ളത് മാത്രമാണ് ഉൾക്കൊള്ളിക്കുന്നത് .നോഹയുടെ പെട്ടകത്തിൽ ഓരോ
ജീവിവർഗത്തിന്റെയും രണ്ടെണ്ണം വീതമാണല്ലോ പ്രവേശിപ്പിച്ചത്
,പ്രത്യുൽപ്പാദനം തുടരാൻ .
രാഷ്ട്രീയം
യഥാർത്ഥത്തിൽ ഗദ്യത്തെ കൊല്ലുകയാണ് ചെയ്യുന്നതെന്നു ഷിഷ്കിൻ
അഭിപ്രായപ്പെടുന്നുണ്ട്. അത് ഗദ്യത്തെ രോഗത്തിലേക്കു തള്ളിവിടുന്നു.
സമകാലിക രാഷ്ട്രീയത്തെക്കുറിച്ചുള്ള ഷിഷ്കിന്റെ നിരീക്ഷണം അതുല്യവും
വിവരങ്ങൾ കൈമാറാൻ ശേഷിയുള്ളതുമാണ്.
'രണ്ടായിരമാണ്ടിന്റെ
തുടക്കത്തിൽ റഷ്യ ഒരു പരിഷ്കൃത ജനസമൂഹമാകുകയാണെന്നു ഞാൻ
ആശ്വസിച്ചു.സാഹിത്യത്തെ സർക്കാർ പിന്തുണിച്ചിരുന്നു ,സ്വിസ് സർക്കാർ
വിദേശരാജ്യങ്ങളിൽ വസിക്കുന്ന സ്വിസ് പരിഭാഷകന്മാരായ എഴുത്തുകാർക്ക് ധനസഹായം
ചെയ്യുന്നതിനു സമാനമായി. റഷ്യൻ എഴുത്തുകാരുടെ പുസ്തകങ്ങളുടെ പരിഭാഷകൾക്കു
റഷ്യൻ സ്ഥാപനമായ 'പെരെവോദ' ഗ്രാൻഡ് നൽകിയിരുന്നു .എന്നാൽ രാജ്യം മറ്റൊരു
ദിശയിലാണ് പൊയ്ക്കൊണ്ടിരിക്കുന്നതെന്നു
വ്യക്തമായിരുന്നു.ഭൂതകാലത്തിലേക്കാണ് അത് സഞ്ചരിച്ചത് .ഒരു
ജനാധിപത്യപൂമുഖത്തിനു പിന്നിലായി റഷ്യ കുറ്റകൃത്യങ്ങൾ നിറഞ്ഞ ഒരു
ഏകാധിപത്യയുഗത്തിലേക്ക് രൂപാന്തരപ്പെടുകയായിരുന്നു. പാശ്ചാത്യ ലോകം റഷ്യയിൽ
നിന്നു കേട്ടത് വലതുപക്ഷത്തിന്റെ ശബ്ദങ്ങളായിരുന്നു. എന്താണ്
സംഭവിക്കുന്നതെന്നു കാണാനോ കാണാൻ ആഗ്രഹിക്കാനോ അവർക്കായില്ല.
പ്രത്യേകിച്ചും ഓർക്കേണ്ട വസ്തുത അധികാരികൾ എഴുത്തുകാരായ ഞങ്ങളെ
ഭരണകൂടത്തിന്റെ 'മനുഷ്യമുഖ'മായി ഉപയോഗിക്കുകയായിരുന്നു എന്നതാണ്. അതിനായി
അവർ ഞങ്ങളെ ലോകത്തിന്റെ പ്രമുഖ പുസ്തകോത്സവങ്ങളിലേക്ക് അയച്ചു.
ഭരണാധികാരിയെ പരമാവധി വിമർശിക്കൂ എന്നു അവർ ഉപദേശിച്ചുകൊണ്ടിരുന്നു. എങ്കിൽ
മാത്രമേ നമുക്ക് ഒരു യഥാർത്ഥ ജനാധിപത്യമുണ്ടെന്നു സ്ഥാപിക്കാനാവുകയുള്ളൂ' -
ഷിഷ്കിൻ അറിയിക്കുന്നു.
സ്വർഗമില്ല
റഷ്യൻ
ബുക്കർ പ്രൈസ് (2000)റഷ്യൻ നാഷണൽ ബെസ്റ്റ് സെല്ലർ അവാർഡ്, ബിഗ് ബുക്ക്
പ്രൈസ് തുടങ്ങിയ വലിയ പുരകാരങ്ങൾ ലഭിച്ച ഷിഷ്കിൻ നവനോവൽ സാഹിത്യത്തിൻ്റെ
വക്താവാണ്. റഷ്യൻ ഭാഷയ്ക്കു പുറമേ ഇംഗ്ലീഷും ജർമ്മനും വശമുള്ള ഷിഷ്കിൻ
വാഷിംഗ്ടൺ ആൻഡ് ലീ യൂണിവേഴ്സിറ്റിയിൽ ഗസ്റ്റ് പ്രൊഫസറായിരുന്നു. റഷ്യൻ
അനുഭവങ്ങളിൽനിന്നുണ്ടായ അതിജീവനം എന്നു വിശേഷപ്പിക്കാവുന്ന കൃതിയാണ്
മെദെനെർ. റഷ്യയിൽ നിന്നു കടുത്ത ദുരിതങ്ങൾ അനുഭവിച്ച ശേഷം
സ്വിറ്റ്സർലണ്ടിലെ ഒരു അഭയാർത്ഥി കേന്ദ്രത്തിലെത്തുന്ന അവർ തങ്ങൾ നേരിട്ട
പീഡനങ്ങൾ വിവരിക്കുന്നു. അവർ പറയുന്നത് കേട്ട് വ്യാഖ്യാനിക്കുകയാണ് പ്രധാന
കഥാപാത്രം ചെയ്യുന്നത്. ഇരുപതാം നൂറ്റാണ്ടിലെ റഷ്യൻ വിപ്ലവം മുതൽ
സോവിയറ്റ് യൂണിയൻ്റെ ശിഥിലീകരണം വരെ നോവൽ ചർച്ച ചെയ്യുന്നു. അനേകം കഥകൾ
ആഖ്യാനം ചെയ്യപ്പെടുകയാണ് .ഓരോരുത്തരും അനുഭവകഥകൾ പറയാൻ
നിർബന്ധിക്കപ്പെടുന്നു. മികച്ച കഥകൾ പറയുന്നവർക്കാണ് പ്രവേശനം. ഈ
കഥകൾക്കിടയിൽ പ്രധാന കഥാപാത്രം തന്റെ മകനെഴുതുന്ന കഥകൾ കൂടി ഇതൾവിരിയുന്നു.
ഇതിനിടയിൽ ഒരു റഷ്യൻ ഗായകന്റെ ഡയറിക്കുറിപ്പുകളും ചർച്ചയാകുന്നു. നോവലിൽ
ഒരിടത്ത് ഇങ്ങനെ എഴുതിയിരിക്കുന്നു: ആരോ പറഞ്ഞു, ഒരു നരകമുണ്ടെങ്കിൽ ഒരു
സ്വർഗ്ഗമുണ്ടാകാൻ കഴിയില്ലെന്ന് . അതുപോലെ ,എവിടെയെങ്കിലും
യാതനയവശേഷിക്കുന്നുണ്ടെങ്കിൽ സ്വർഗ്ഗത്തിലായിരിക്കുക അസാധ്യമാണെന്ന്.
അസംബന്ധം. യാതനയെക്കുറിച്ച് അറിയുമ്പോൾ മാത്രമാണ് ജീവിതത്തിൻ്റെ ശരിയായ
സന്തോഷം മനസ്സിലാക്കാനാവുകയുള്ളൂ.' ജീവിതത്തിനു യാതൊരു ഗ്യാരണ്ടിയും
ഇല്ലായിരിക്കും. എന്നാൽ മരണത്തിനു മുമ്പ് ഏത് മാനസികാവസ്ഥയിൽ തുടരണമെന്നും
ഏത് പാട്ട് പാടണമെന്നും അതിൽ നിന്നു എങ്ങനെ സന്തോഷം നേടണമെന്നും
തീരുമാനിക്കുന്നത് നമ്മളാണ്. വിരുദ്ധരും അപകടകാരികളും മുൻവിധിക്കാരും തിന്മ
തിരയുന്നവരും നശിപ്പിക്കുന്നവരും എവിടെയോ കണ്ടേക്കാം. അവർ
വേഷപ്രച്ഛന്നരായി അരികിലൂടെ കടന്നു പോകുന്നുണ്ടാവാം. അപ്പോഴും നമുക്ക്
കിട്ടിയ നിമിഷങ്ങളെ സ്വന്തമാക്കി അനുഭവിക്കാനാവും .ആ നിമിഷങ്ങളെ
വരാനിരിക്കുന്ന ഭയത്തിനു വിട്ടുകൊടുക്കേണ്ടതില്ല .
നന്മയുടെ ഉറവകൾ
മനുഷ്യനു
പൂർണതയില്ല. സമ്പൂർണ്ണ നന്മയിൽ എത്താൻ സാധ്യമല്ല .എന്നാൽ വെട്ടി മാറ്റിയ
ഒരു വലിയ മരത്തിൻ്റെ കുറ്റിയിൽ നിന്നു സാവധാനം ഊറിവരുന്ന കറപോലെ
ജീവിതത്തിലെ നന്മയുടെ ചെറിയ ഉറവകൾ സാന്ദർഭികമായി പ്രത്യക്ഷപ്പെട്ടേക്കാം
.വൈകാരികക്ഷമതയില്ലാത്ത ഒരാൾക്ക് പോലും ചിലപ്പോൾ മറ്റൊരാൾക്ക് ഒരു ഉപകാരം
ചെയ്യാനാകും. ഉള്ളിൽ നരകമാണെങ്കിലും ചിലപ്പോൾ ദാനം ചെയ്യുവാനും
പ്രാർത്ഥിക്കുവാനും സാധിക്കും. ക്രൂരതയാണ് മനസ്സിലെങ്കിലും ആർക്കെങ്കിലും
മരണാനന്തര ശുശ്രൂഷ ചെയ്യാനോ ഭക്ഷണം വാങ്ങി കൊടുക്കാനോ നല്ല വാക്ക് പറയാനോ
ജീവിതത്തിൽ ഒരിക്കലെങ്കിലും കഴിഞ്ഞേക്കാം. ഇത്രയെങ്കിലും മനുഷ്യൻ എന്ന
പദത്തിൽ കാണുക. അതുകൊണ്ട് നന്മയുടെ ചെറുതുണ്ടുകൾ പലരില്‍ നിന്നു പെറുക്കി
കൂട്ടുന്നതാണ് മനുഷ്യത്വത്തിലേക്കുള്ള ലക്ഷ്യവും മാർഗവും.
അമെരിക്കൻ കവി എച്ച്.ഡബ്ളിയൂ. ലോംഗ്ഫെലോ(1807-1882) എഴുതിയ 'ദ് ആരോ ആൻഡ് ദ് സോംഗ്' എന്ന കവിത ഇങ്ങനെയാണ് :
'ഞാൻ ആകാശത്തിലേക്ക്
ഒരമ്പ് എയ്തു
അത് എവിടെയോ പതിച്ചു.
എവിടെയെന്നറിയില്ല
അത് വേഗത്തിൽ പറന്നു
ആ പറക്കലിൻ്റെ കാഴ്ച തുടരാനായില്ല
ഞാൻ അന്തരീക്ഷത്തിലേക്ക് നോക്കി
ഒരു പാട്ടുപാടി
അതും എവിടെയോ മാഞ്ഞുപോയി.
എത്ര സൂക്ഷ്മമായ കാഴ്ചശക്തിയുള്ളവർക്കും
ഒരു പാട്ടിൻ്റെ സഞ്ചാരത്തെ കാണാനാവുകയില്ല .
വർഷങ്ങൾക്ക് ശേഷം,
ഒരു ഓക്കുമരത്തിൽ
ഞാൻ പണ്ട് അയച്ച ആ അമ്പു കണ്ടെത്തി.
അത് ഭദ്രമായിരുന്നു.
ആ ഗാനം ,വർഷങ്ങൾക്കു ശേഷം,
ആദ്യവസാനം, ഞാൻ ഒരു സുഹൃത്തിൻ്റെ
ഹൃദയത്തിൽ കണ്ടെത്തി.'
നമ്മൾ
തൊടുത്തുവിടുന്നതൊന്നും നശിക്കുന്നില്ല. നമ്മൾ ചെയ്യുന്ന പ്രവൃത്തികളുടെ
നന്മകൾ എവിടെയോ ശേഖരിക്കപ്പെടുന്നു. അതിനർത്ഥമുണ്ട്. അത് നാം
അറിയണമെന്നില്ല .അത് എവിടെയോ അതിൻ്റെ അലകൾ ഉണർത്തിക്കൊണ്ടിരിക്കും. അതിൽ
നിന്നു പ്രചോദനം നേടാൻ പലരും ഉണ്ടാകും .അങ്ങനെയാണ് മനുഷ്യൻ അനശ്വരനാകുന്നത്
.
രജതരേഖകൾ
1)നാടകത്തിന്റെ
ഉയിർത്തെഴുന്നേൽപ്പ് യാഥാർത്ഥ്യമാവുകയാണെന്നു തോന്നുന്നു .കെപിഎസിയുടെ
പ്ളാറ്റിനം ജൂബിലി ,തോപ്പിൽ ഭാസിയുടെ നൂറാം ജന്മദിനം എന്നീ പ്രത്യേകതകൾ
പരിഗണിച്ച് കോട്ടയം പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ കെപിഎസ് മേനോൻ ഹാളിൽ
ഫെബ്രുവരിയിൽ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി','ഒളിവിലെ
ഓർമ്മകൾ','ഉമ്മാച്ചു' എന്നീ നാടകങ്ങൾ അവതരിപ്പിച്ചു .കോട്ടയത്ത് ഒരു
നാടകനവോത്ഥാനമാണ് സംഭവിച്ചിരിക്കുന്നതെന്നു പബ്ലിക് ലൈബ്രറി പ്രസിഡൻ്റ്
എബ്രഹാം ഇട്ടിച്ചെറിയ ലൈബ്രറി വാർത്താപത്രിക (ഫെബ്രുവരി)യിൽ എഴുതിയ
ലേഖനത്തിൽ അഭിപ്രായപ്പെടുന്നു .200 നാടകങ്ങൾ സംവിധാനം ചെയ്തവരെ പോലും
കേരളീയസമൂഹം ആദരവോടെ കാണാത്ത വർത്തമാനകാല സാഹചര്യം കണക്കിലെടുക്കുമ്പോൾ ഈ
പ്രവർത്തനത്തിനു പ്രസക്തിയുണ്ട്.
2)യുദ്ധവെറി പിടിച്ച സായിപ്പിനെ ചൂണ്ടി ദേശമംഗലം രാമകൃഷ്ണൻ പാടുന്നു:
'വാല്മീകിയാവുക വേട്ടക്കാരാ
നിന്നെ നീ തന്നെ
പിറകോട്ട് പിടിച്ചു വലിക്കുക .
ആരുമീ പാപത്തിനു
പങ്കാളിയാവില്ല നിഷാദരേ
ബുദ്ധനാണു നീയും
ബുദ്ധനാണു ഞാനും
ബുദ്ധരാണു സർവ്വരും:
ഓം ബുദ്ധമദ: ബുദ്ധമിദം
ബുദ്ധാൽ ബുദ്ധ മുദച്യതേ
ബുദ്ധസ്യ ബുദ്ധമാദായ
ബുദ്ധമേവാവശിഷ്യതേ."
(പ്രസാധകൻ ,ഏപ്രിൽ)
എന്നാൽ കവിക്കു നല്ല ബോധമുണ്ട് ,ഒരു കവിത കൊണ്ടൊന്നും ഇക്കൂട്ടരെ ചെറുക്കാനാവില്ലെന്ന് .വേണമെങ്കിൽ കവിതയെ തന്നെ അവർ നശിപ്പിക്കും.
3)റഷ്യൻ
കമ്മ്യൂണിസ്റ്റ് ഭരണാധികാരിയായിരുന്ന ജോസഫ് സ്റ്റാലിൻ്റെ
പുസ്തകപ്രേമത്തെയും അറിയപ്പെടാത്ത ചിന്തകളെയും പരിചയപ്പെടുത്തുന്ന
'സ്റ്റാലിൻസ് ലൈബ്രറി - ആൻഡ് ഹിസ് ബുക്സ്' എന്ന പുസ്തകത്തെപ്പറ്റിയാണ്
വൈക്കം മുരളി എഴുതുന്നത് (ഏകാധിപതിയുടെ പുസ്തകശേഖരം,
പ്രഭാതരശ്മി,ഏപ്രിൽ).ദീർഘകാലം റഷ്യയിൽ താമസിച്ച് പഠനം നടത്തിയ ബ്രിട്ടീഷ്
ചരിത്രകാരനായ ജിയോഫ്രെ റോബർട്സ് എഴുതിയ ഈ പുസ്തകത്തിൽ വിക്ടർ യുഗോയുടെ
ഗ്രന്ഥശാല ചുട്ടുകരിച്ചതിനോടു സ്റ്റാലിൻ വേദനയോടെ പ്രതികരിക്കുന്ന ഭാഗം
ഇതാണ് :'പുസ്തകങ്ങളാണ് നിങ്ങളുടെ വിമോചകനെന്നുള്ള കാര്യം മറന്നുവോ? നോക്കൂ
,പുസ്തകങ്ങൾ അങ്ങുയരത്തിൽ വരെ അടുക്കിവെച്ചിരിക്കുന്നു. അത് തട്ടുകളുടെ
വിന്യാസത്തെയും യുദ്ധത്തെയും ദാരിദ്ര്യത്തെയും തകർത്തുകളയുന്നു.പിന്നീടത്
സംസാരിക്കുന്നു.' അറിയപ്പെടാത്ത ഒരു സ്റ്റാലിനെ ഈ ലേഖനത്തിൽ കാണാം.
4)കൽപ്പറ്റ
നാരായണൻ ഒരു ആശയത്തെക്കുറിച്ച് ചിന്തിച്ച് അത് കവിതയുടെ രൂപത്തിലേക്ക്
മാറ്റുകയാണ് പലപ്പോഴും ചെയ്യുന്നത്. സ്വാഭാവികമായ കവിത അതിലുണ്ടാവില്ല.
'ഡൈനസോറുകൾ ഇല്ലാതായിട്ടില്ല'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഏപ്രിൽ 6) എന്ന
കവിതയിലെ വരികൾ ഇതിനു തെളിവാണ്.ദിനോസറുകൾ പുതിയ രൂപത്തിൽ ഇപ്പോൾ
ജീവിക്കുന്നു എന്നാണ് അദ്ദേഹം സ്ഥാപിക്കുന്നത് .മാൾ ,പഞ്ചനക്ഷത്ര
ഹോട്ടലുകൾ, വലിയ രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയവ അതാണത്രേ
സൂചിപ്പിക്കുന്നത്.
'ഇടമില്ലാത്തവരുടെ ഇടം
ഇത്രമേൽ ചുരുങ്ങിയത്
അതിൻ്റെ ഇടം
അത്രമേൽ വർദ്ധിച്ചതിനാലാണ് .
അത് മാളായി മാറി
പട്ടാപ്പകൽ പുറത്തിറങ്ങി
ചില്ലറ വ്യാപാരശാലകളെ
ചവച്ചു തിന്നുന്നത് കാണുന്നില്ലേ?'
ഇതൊക്കെ
ഏത് ചെറുകിട കച്ചവടക്കാരനും അറിയാവുന്ന കാര്യമാണ്. കവി പറയേണ്ടതില്ല.
എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ അല്ല എഴുതേണ്ടത്. നിശ്ചയമില്ലാത്തതാ ണ്
അന്വേഷിക്കേണ്ടത്. കവിത ജീവതത്ത്വപരമായ രഹസ്യങ്ങൾ തേടാനുള്ള കലയാണ്.
കല്പറ്റയുടെ കവിതകളിൽ അത് കാണാനില്ല.
5)മറ്റു
സ്ത്രീകളെ സഹായിക്കാത്ത സ്ത്രീകൾക്ക് നരകത്തിൽ ഒരു പ്രത്യേക സ്ഥാനം
ഉണ്ടായിരിക്കുമെന്നു പറഞ്ഞത് മുൻ അമെരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മതേലിൻ
ആൾബ്രൈറ്റാണ്.
6)അമെരിക്കയിലെ വിഖ്യാത ചലച്ചിത്ര
സംവിധായകനും കോമേഡിയനുമായ വൂഡി അല്ലൻ പറഞ്ഞു: 'എൻ്റെ ജീവിതത്തിലെ ഒരു
ദുഃഖം ഇതാണ്: എനിക്കു മറ്റൊരാളായിരിക്കാൻ കഴിയുന്നില്ല.'
7)ഷാജി
വെങ്കടത്ത് എഴുതിയ 'ദ് സോള്‍ ഓഫ് സോയിൽ'(ഗ്രാൻഡ്ബുക്സ് ,കോട്ടയം)എന്ന
നോവൽ 1924 ലെ വെള്ളപ്പൊക്കത്തെ അടിസ്ഥാനമാക്കി ഒരു കർഷകകുടുംബത്തിൻ്റെ കഥ
പറയുകയാണ് .മണ്ണിനോടും പ്രകൃതിയോടും അതിക്രമം മതിയാക്കൂ എന്നാണ് ഈ കൃതി
വിളിച്ചു പറയുന്നത് .ഹൃദയത്തോടു സംവദിക്കുന്ന കൃതിയാണിത്. ഭാവിയിൽ
വിശ്വസിക്കുന്നവർക്ക് ഇത് വായിക്കാം. മണ്ണിൻ്റെ മനസ് കാണണം. സി. എബ്രഹാം
ഇട്ടിച്ചെറിയ ആമുഖം എഴുതിയിരിക്കുന്നു.
8)തമിഴ്
ഭാഷാപണ്ഡിതനും വിമർശകനുമായ തമിഴവൻ എഴുതിയ 'ഷംപാല'(ഫെബിയൻ ബുക്സ്)
മലയാളത്തിലേക്ക് മൊഴിമാറ്റി പ്രസിദ്ധീകരിച്ചിരിക്കുന്നു
.ഡോ.ത.വിഷ്ണുകുമാരനും സുരേഷ് നൂറനാടും ചേർന്നാണ് പരിഭാഷപ്പെടുത്തിയത്.
ഹിറ്റ്ലർ എന്ന ഫാസിസ്റ്റ് കഥാപാത്രത്തിലൂടെ അടിച്ചമർത്തപ്പെട്ടവരെ
ഒന്നൊന്നായി കാണിച്ചുതരുന്നു. എഴുത്തുകാരന്റെ ചിന്തയെയും
ആവിഷ്കാരത്വരയെയും നശിപ്പിക്കാനാവില്ലെന്നു നോവൽ പ്രഖ്യാപിക്കുന്നു.
എഴുത്തുകാരൻ മനസിൽ പേറുന്ന ഭാരം ഈ കൃതി അനുഭവിപ്പിക്കുന്നു .
9)നിഷ
വിനോദ് എഴുതിയ കവിതകളുടെ സമാഹാരമാണ് 'നിയോബി'(മലയാള സാഹിത്യ അക്കാദമി).
യുദ്ധത്തിൽ മക്കൾ നഷ്ടപ്പെട്ട് സങ്കടശിലയായി മാറിയ, ഗ്രീക്ക് സാഹിത്യത്തിലെ
അമ്മ നിയോബിയെ ഓർക്കുന്ന ഒരു കവിതയുണ്ട് ഇതിൽ .കവിതയിലൂടെ ചിന്തിക്കാൻ
അറിയാവുന്ന കവിയെ ഈ രചനകളിൽ കാണാം.
'കടലിനെ പോലാരുണ്ട് ?
സർവതും നെഞ്ചിലേറ്റുന്നോൾ.
നുണയല്ല അമ്മമാരുണ്ട്
കടലേ നിന്നെപ്പോലെ.'
'എച്ചിൽ പാത്രം പെറുക്കി
പെറുക്കിയായ പെണ്ണ്.'
തുടങ്ങിയ വരികൾ യാഥാർത്ഥ്യത്തെ നിശിതമായി കാണാൻ കഴിവുണ്ടെന്നു തെളിയിക്കുന്നു.
No comments:
Post a Comment