Followers

Wednesday, December 25, 2024

ഉത്തര- ഉത്തരാധുനികത - 8 /എം.കെ.ഹരികുമാർ




പെർഫോമാറ്റിസം


അമെരിക്കൻ ,ജർമ്മൻ സാഹിത്യ സൈദ്ധാന്തികനായ റയോൾ ഇഷെൽമാൻ(Raoul Eshelman)Performatism ,the End of Postmodernism എന്ന പുസ്തകത്തിൽ നവീനമായ സാഹിത്യ, സിനിമ, കലാപ്രവർത്തനത്തിൽ ഒരു ആവിഷ്ക്കാരലാവണ്യാത്മകത (Performativity)സംഭവിക്കുന്നതായി നിരീക്ഷിക്കുന്നുണ്ട്. ഉത്തരാധുനികതയുടെ ജീവിത വിമുഖതയും കപട ചരിത്ര നിർമ്മിതിയും തുറന്നു കാണിച്ച ശേഷമാണ് ഇഷെൽമാൻ അതിൻ്റെ മരണം പ്രഖ്യാപിച്ചത്. കഴിഞ്ഞ നൂറ്റാണ്ടിനിടയിൽ നിന്ന് വിഭിന്നമായി രൂപപ്പെട്ട ഒരവബോധമാണിത്. ഇവിടെ ഭാവുകത്വ(Sensibility)ത്തിനു വലിയ പ്രാധാന്യമില്ല. ഒരു വസ്തുവിനോടുള്ള മാനസികാവസ്ഥയാണ്, പ്രതികരണമാണ് ഭാവുകത്വം. പെർഫോമാറ്റിസ്റ്റ് സാഹിത്യരചനയിൽ ഇതുപോലുള്ള സവിശേഷ മാനസികാവസ്ഥ ആവശ്യമില്ല. എന്തെന്നാൽ ഇത്തരം കൃതികൾ അതിൻ്റെ വായനക്കാരെ വിശ്വസിപ്പിക്കാൻ വ്യത്യസ്തമായ മാർഗങ്ങളാണ് അവലംബിക്കുന്നത്. പെർഫോമാറ്റിസം ആവിഷ്ക്കാരലാവണ്യമാണ്. മനുഷ്യൻ്റെ ഒറ്റപ്പെടലിനു പകരം അവൻ തന്നെ മനസിലെ ശൂന്യമായ ഇടങ്ങൾ സാർത്ഥകമായ ആഭിമുഖ്യങ്ങൾക്കായി ഉപയോഗിക്കുന്നു.

പ്രത്യേക മാനസികാവസ്ഥയുള്ളവരെയല്ല; എല്ലാവരെയും സ്പർശിക്കുന്ന തരത്തിലാണ് അതിലെ വൈകാരിക ലോകം അവതരിപ്പിക്കപ്പെടുന്നത്. പെർഫോമാറ്റിസ്റ്റ് കഥാപാത്രങ്ങൾ  നമ്മുടെ മനോഭാവത്തെ മാറ്റുകയാണ്. നമ്മെ അവർ കുറേക്കൂടി അതീതവും അവിശ്വസനീയവുമായ ഒരു ലോകത്തിൻ്റെ അവകാശികളാക്കുന്നു. നിരാശയിലേക്കോ ശൂന്യതയിലേക്കോ നയിക്കുന്നില്ല.കഥാപാത്രങ്ങളുടെ മാനസികവ്യാപാരം ലഘൂകരിക്കപ്പെട്ടതാണെങ്കിലും അവർ സ്വന്തം പരിമിതികളെ മറികടക്കാൻ ഇടം കണ്ടെത്തുന്നവരാണ്.

അന്യവൽക്കരണത്തിൽ നിന്ന് അനുതാപത്തിലേക്ക് 

ഒന്നാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് അസ്തിത്വവാദപരമായ അന്യൻ (Existential outsider)എന്ന ആശയം പല എഴുത്തുകാരുടെയും കൃതികളിൽ നിറയുന്നത്.സകലതിൽ നിന്നും ഒറ്റപ്പെടുന്ന നായകന്മാരെ ആൽബേർ കമ്യു ,ഷാങ് പോൾ സാർത്ര് തുടങ്ങിയവർ സൃഷ്ടിച്ചത് ഓർക്കുമല്ലോ .ഒരു വ്യക്തി സ്വയം അന്യവൽക്കരിക്കപ്പെടുന്നു. അയാളുടെ ലോകം മറ്റെല്ലാവരിൽ നിന്നും, സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ടതാണ്. അയാൾക്ക് ഒന്നിനോടും ആശയവിനിമയം നടത്താനാവുന്നില്ല.ഇഷെൽമാൻ പറയുന്നു, ഈ വേർപെടൽ, ഒറ്റപ്പെടൽ ഒഴിവാക്കാനാവില്ലെന്ന്.എല്ലാവരും തന്നെ ഇന്ന്  അന്യവൽക്കരിക്കപ്പെട്ടവരാണത്രേ . ലോകം വ്യക്തിക്ക് അപ്പുറത്താണ് നിലകൊള്ളുന്നത്. എന്നാൽ പെർഫോമാറ്റിസ്റ്റ് സാഹിത്യത്തിൽ വ്യക്തി തനിക്കു ചുറ്റിനുമുള്ള എന്തിനോടെങ്കിലും വ്യവഹാരത്തിന് ശ്രമിക്കുകയാണ് .അവൻ്റെ ഒറ്റപ്പെടലിനെ അനുതാപം കൊണ്ട് മറികടക്കുന്നു .അവൻ ഒരു ലക്ഷ്യം സൃഷ്ടിച്ചെടുക്കുന്നു .എന്താണ് പെർഫോമാറ്റിസം എന്ന ചോദ്യത്തോട് ഇഷെൽമാൻ പ്രതികരിച്ചത് ഇങ്ങനെയാണ് :"അതീതത്തെ സൗന്ദര്യാത്മകമായി അനുഭവിക്കാനുള്ള സാധ്യതയാണത് .ഇതിൽ മാജിക്കൽ റിയലിസമോ ഫാൻ്റസിയോ ഇല്ല. ഇത്തരം സങ്കേതങ്ങൾ കൃതികളിൽ അവതരിപ്പിക്കുന്നു എന്നത് നേരാണ്. എന്നാൽ അങ്ങനെ ചെയ്യുമ്പോൾ ഒരു  ഇരട്ട ഫ്രെയിമാ(Double Frame)ണ് രൂപപ്പെടുന്നത്. ഒരു രചനയിൽ രണ്ട് ഫ്രെയിമുകൾ ഉണ്ടാകുന്നു. കൃതിയുടെ ആകെ യുക്തിയെ പ്രതിനിധീകരിക്കുന്ന ബാഹ്യഫ്രെയി(Outer Frame)മും കൃതിക്കുള്ളിലെ രംഗങ്ങളായി ആഭ്യന്തര ഫ്രെയിമും.
American Beauty എന്ന സിനിമയാണ് നല്ല ഉദാഹരണം. ബാഹ്യഫ്രെയിമിൽ, മൺമറഞ്ഞ നായകൻ ലെസ്റ്റർ ബേൺഹാം(Lester Burnham)തൻ്റെ പട്ടണത്തിൻ്റെ മുകളിലൂടെ പറക്കുന്നു. എന്നിട്ട് പറയുന്നു, തൻ്റെ തുച്ഛമായ ജീവിതം മനോഹരമാണെന്ന്. അവൻ തുടർന്നു പറയുന്നു, നമ്മൾ മരിക്കുമ്പോൾ അവൻ്റെ ചിന്തകൾ എന്താണെന്ന് മനസ്സിലാക്കാനാവുമെന്ന്. ജീവിതസൗന്ദര്യത്തെക്കുറിച്ചുള്ള അയാളുടെ അവിശ്വസനീയമായ പ്രസ്താവന പല രംഗങ്ങളിൽ ദൃഢീകരിക്കുന്നുണ്ട്. ഏറ്റവും ശ്രദ്ധേയമായി തോന്നിയത്, പ്ലാസ്റ്റിക് ബാഗ് കാറ്റിൽ നൃത്തം  ചെയ്യുന്ന രംഗമാണ്.ഈ 
സന്ദർഭത്തിൽ കാണികളായ നമുക്ക് വേറെന്താണ് വഴി? ഇത് വിശ്വസിക്കുക തന്നെ.ഈ സിനിമയ്ക്ക് സ്വയം സമ്പൂർണമായ ഒരു യുക്തിയുണ്ട്. നമുക്ക് ഒന്നുകിൽ സ്വീകരിക്കാം, അല്ലെങ്കിൽ പൂർണമായി തള്ളിക്കളയാം. നമ്മൾ കണ്ടു പരിചയിച്ച മാജിക്കൽ റിയലിസവും  ഫാന്റസിയും കലയിൽ ഇങ്ങനെയല്ല പ്രവർത്തിക്കുന്നത് .അവിടെ ഇരട്ട ഫ്രെയിമില്ല; ഒരൊറ്റ ഫ്രെയിം മാത്രമാണുള്ളത്.ഫാൻ്റസിയിലും മാജിക്കൽ റിയലിസത്തിലും പല തരത്തിൽ അവിശ്വസനീയമായ വസ്തുതകൾ അവതരിപ്പിക്കാറുണ്ട്. എന്നാൽ അതെല്ലാം വെറും ഭാവനയാണെന്ന് നമുക്കറിയാം.നമ്മളത് അറിഞ്ഞുകൊണ്ടാണ് വായിക്കുന്നത്. നമ്മൾ അതിൽ വിശ്വസിക്കുന്നില്ല."

സൗന്ദര്യബോധം നിർണായകം 

എന്നാൽ പെർഫോമാറ്റിസ്റ്റ് രചനകൾ വ്യത്യസ്തമാണ്. സൗന്ദര്യബോധമുള്ള വായനക്കാരാണ് നമ്മൾ. അതുകൊണ്ട് ഒരു പെർഫോമാറ്റിസ്റ്റ് കൃതിയെ വിശ്വസിക്കാൻ നാം വിധിക്കപ്പെടുന്നു. യുക്തിയില്ലാത്ത വിവരണങ്ങൾ നമ്മുടെ അതീതത്വമായി മാറുന്നു.
"Our attitude of belief is an aesthetic and not a practical experience" - ഇഷെൽമാൻ എഴുതുന്നു.

വിശ്വാസം സൗന്ദര്യബോധത്തിന്റെ ഭാഗമാണിവിടെ. അത് പ്രായോഗികമായ അനുഭവമല്ല. സൗന്ദര്യാത്മകമായ അനുഭവം  നിത്യജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട് .സാഹിത്യകൃതിയുടെ ഘടനയിൽ തന്നെ തത്ത്വചിന്താപരമായ ഒരു ഘടകം പ്രവർത്തിക്കുന്നുണ്ട്. യാഥാർത്ഥ്യം, തൽക്കാലത്തേക്കെങ്കിലും നിർമ്മിക്കപ്പെടുന്നു .അത് യാഥാർത്ഥ്യത്തിനപ്പുറമുള്ള ലോകത്തെക്കുറിച്ചുള്ള വിശ്വാസമായി പരിണമിക്കുന്നു.നമ്മളുടെ ഓരോ വിശ്വാസവും കാലാന്തരത്തിൽ മാറ്റപ്പെടാം. പുതിയ ജീവിതസാഹചര്യങ്ങൾക്കനുസരിച്ച് അത് മാറിക്കൊണ്ടിരിക്കും.

കനേഡിയൻ എഴുത്തുകാരൻ യാൻ  മാർട്ടലി(Yan Martel)ൻ്റെ The Life of Pi എന്ന നോവൽ പെർഫോമാറ്റിസ്റ്റ് രചനയാണെന്ന് ഇഷെൽമാൻ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഒൻപത്  മാസക്കാലം ഒരാൾ കടലിൽ ഒരു കടുവയോടൊപ്പം ബോട്ടിൽ  കഴിയേണ്ടി വരുന്ന അവസ്ഥ ആലോചിക്കുക .നോവലിലെ പ്രധാന കഥാപാത്രമായ പി പട്ടേൽ തൻ്റെ  ഇന്ത്യയിലെ കുട്ടിക്കാലം ഓർക്കുകയാണ്.പി വളർന്നത് മൃഗങ്ങളോടൊപ്പമാണ്. എന്തെന്നാൽ അവൻ്റെ അച്ഛന് സ്വന്തമായി ഒരു മൃഗശാലയുണ്ടായിരുന്നു, പോണ്ടിച്ചേരിയിൽ. സ്കൂളിൽ ജന്തുശാസ്ത്രവും മതവും പഠിച്ചതുകൊണ്ട് ജീവിതത്തിൻ്റെ അർത്ഥത്തെക്കുറിച്ചുള്ള ചിന്തയെ അവന് കുറേക്കൂടി സ്വകീയമായ നിലയിൽ അന്വേഷിക്കാൻ വഴി തുറന്നു കിട്ടി.

രാഷ്ട്രീയ സംഘർഷങ്ങളെ തുടർന്ന് പിയുടെ കുടുംബം കാനഡയിലേക്ക് കുടിയേറാൻ തീരുമാനിച്ചു. തങ്ങളുടെ മൃഗങ്ങളെയെല്ലാം കയറ്റി കാനഡയിലേക്ക് തിരിച്ച കപ്പൽ മുങ്ങുകയാണ്.മൃഗങ്ങൾ മിക്കതും വെള്ളത്തിൽ മുങ്ങിത്താഴുന്നു. അവശേഷിച്ചത് ഏതാനും എണ്ണം മാത്രം .അവ പരസ്പരം ആക്രമിക്കുകയാണ്. പിയും ഒരു കടവയും മാത്രമാണ് ലൈഫ് ബോട്ടിൽ ബാക്കിയായത്. തുടക്കത്തിൽ, കടുവ തന്നെ ആക്രമിക്കുമോ എന്ന് ഭയന്ന് പി അതിനോട് അകലം പാലിച്ചു. എന്നാൽ എങ്ങോട്ട് ഓടിപ്പോകാനാണ്? കടുവയോട് ഇണങ്ങുകയല്ലാതെ വേറെ വഴിയില്ല. കടുവയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ താൻ കടലിൽ ഒറ്റപ്പെടും എന്നോർത്തപ്പോൾ അവൻ്റെ ഭയം ഇരട്ടിച്ചു. 227 ദിവസമാണ് പി കടലിൽ കഴിഞ്ഞത്.യാത്രയുടെ ഒടുവിൽ മെക്സിക്കോയിലെ ഒരു ബീച്ചിൽ ലൈഫ്ബോട്ട് അടുത്തപ്പോൾ റിച്ചാർഡ് പാർക്ക് എന്ന ആ കടുവ അവിടെ കാണപ്പെട്ട കാട്ടിലേക്ക് നടന്നു പോവുകയാണ് ചെയ്തത്. അതുവരെ തന്റെ കൂടെ യാത്ര ചെയ്ത പിയെ ഒന്നു നോക്കുക പോലും അവൻ  ചെയ്തില്ല.

ഏതാണ് സത്യം ?

കടലിൽ നിന്ന് രക്ഷപ്പെട്ടെത്തിയ പിയെ തേടി കപ്പൽച്ചേതത്തെക്കുറിച്ച് അന്വേഷിക്കാൻ വന്ന ഉദ്യോഗസ്ഥരെത്തി. അവർ പി പറഞ്ഞ, കടുവയോടൊത്തുള്ള യാത്രയും അതിജീവനവും വിശ്വസിക്കുന്നില്ല. അവർ അത് വിശ്വസിക്കാതെ വന്നപ്പോൾ പി അവരോട് വേറൊരു 'കഥ' പറഞ്ഞു. കപ്പൽ മുങ്ങിയപ്പോൾ അവശേഷിച്ച മൃഗങ്ങളോടൊപ്പമല്ല, ഒരു നാവികനോടും പാചകക്കാരനോടൊപ്പം  ഒരു ലൈഫ്ബോട്ടിൽ താൻ രക്ഷപ്പെട്ടെത്തുകയായിരുന്നു എന്ന്. തൻ്റെ മാതാവും കൂടെയുണ്ടായിരുന്നു. നാവികൻ്റെ കാലിന് പരുക്കുണ്ടായിരുന്നു. ബോട്ടിലെ പാചകക്കാരൻ ആ കാല് മുറിച്ചെടുത്ത് കടലിൽ ഇരപിടിക്കാൻ തുടങ്ങി. ഇതിൽ വിഷമിച്ച് കഴിഞ്ഞ പി വിശപ്പ് സഹിക്കാനാവാതെ വന്നപ്പോൾ ഒരു കടലാമയെ പിടിച്ചെടുത്തു. ഇതിൽ കുപിതനായ പാചകക്കാരൻ പിയെ മർദ്ദിച്ചു. ഇത് കണ്ട മാതാവ് പാചകക്കാരനെ അടിച്ചു. തുടർന്ന്  അവർ തമ്മിൽ കപ്പലിൽ സംഘടനമുണ്ടായി. പാചകക്കാരൻ പിയുടെ അമ്മയെ വകവരുത്തി. അതിനെ തുടർന്ന് പി പാചകക്കാരനെയും കൊന്നു. ഇതിൽ ഏത് കഥ വേണമെങ്കിലും തിരഞ്ഞെടുക്കാമെന്ന് പി ഉദ്യോഗസ്ഥരെ അറിയിക്കുന്നു.ഉദ്യോഗസ്ഥർ ആശയക്കുഴപ്പത്തിലായി. അവർക്ക് പിയുടെ കടുവയോടൊത്തുള്ള യാത്രയാണ് അപ്പോൾ വിശ്വാസയോഗ്യമായി തോന്നിയത്. 

ഏതാണ് സത്യമെന്ന ചോദ്യമാണ് നോവലിസ്റ്റ് നമ്മുടെ മുന്നിൽ വയ്ക്കുന്നത്. യാഥാർത്ഥ്യങ്ങൾക്ക് ആപേക്ഷികമായ വശമുണ്ട്. അതിൽ വിശ്വസിക്കുന്നത് നമ്മുടെ തിരഞ്ഞെടുപ്പാണ്.കടുവയോടൊത്തുള്ള യാത്രയും പാചകക്കാരനോടൊപ്പുള്ള യാത്രയും ഒരാൾ തന്നെയാണ് പറയുന്നത്. അപ്പോൾ യഥാർത്ഥമായ വസ്തുത എവിടെയാണ്? ജീവിതത്തിന്റെ സ്വഭാവമാണിത്.ഇഷെൽമാൻ പെർഫോമാറ്റിസ്റ്റ് യുക്തി എന്ന നിലയിൽ ചൂണ്ടിക്കാണിക്കുന്നത് നോവലിലെ ഇരട്ട ഫ്രെയിമിൻ്റെ സൗന്ദര്യമാനമാണ്. വായനക്കാരായ  നമ്മുടെ മുന്നിലുള്ള വഴി എന്താണ്?കപ്പൽച്ചേതത്തെക്കുറിച്ച് അന്വേഷിക്കാൻ വന്ന ഉദ്യോഗസ്ഥരെ പോലെയാണ് നമ്മൾ .ഏത് വിശ്വസിക്കും? ഏതു വേണമെങ്കിലും വിശ്വസിക്കാം. ഇവിടെ നമ്മുടെ മുന്നിലുള്ള തിരഞ്ഞെടുപ്പ് ആശയിച്ചിരിക്കുന്നത്  വിശ്വാസിയോഗ്യതെയെയാണ്.

കടലിൽ കടുവയോടൊത്ത് സഞ്ചരിക്കുന്ന പിയുടെ ജീവിതം വായനക്കാർ വിശ്വസിക്കുകയാണ്. അവർക്ക് അത് മനസ്സിലാക്കാനാവും. മറ്റൊന്നും ചോദിക്കാനില്ല. കടലിൽ ഒരു കടുവ എന്തുകൊണ്ടാണ് മനുഷ്യനെ ആക്രമിക്കാതിരുന്നത്? അവനും അടിയന്തരഘട്ടങ്ങളിൽ സ്നേഹത്തിനു വേണ്ടി നിലകൊള്ളുന്നു. അവൻ തൻ്റെ ക്രുദ്ധഭാവങ്ങൾക്കിടയിൽ ഒളിപ്പിച്ചുവെച്ച ,അല്ലെങ്കിൽ ആർക്കും കാണാനാകാത്ത വിധം അദൃശ്യമായ സ്നേഹത്തെ പരിപാലിക്കുകയാണ്. അവൻ കരയിലെത്തി കാട്ടിലേക്ക് മടങ്ങുമ്പോൾ ആ സ്നേഹത്തെ അവിടെ ഉപേക്ഷിക്കുകയാണ്.

നോവലിസ്റ്റ് തൻ്റെ ആവിഷ്ക്കാരനൈപുണ്യം കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തുന്നു. വായനക്കാരൻ സൗന്ദര്യാത്മക ജീവിയായത് കൊണ്ട് നോവലിലെ സാഹസികജീവിതം അവന് സത്യമായി അനുഭവപ്പെടുന്നു. മനസിലെ ഒഴിഞ്ഞ ഇടം സ്നേഹത്തിൻ്റെ ,സഹവർത്തിത്വത്തിൻ്റെ ഭാഗമായ വളർച്ചയ്ക്ക് ഉപയോഗിക്കപ്പെടുന്നു.

No comments: