Followers

Showing posts with label navadwaitham. Show all posts
Showing posts with label navadwaitham. Show all posts

Monday, July 21, 2025

നവാദ്വൈതം: ചില ദാർശനിക ചിന്തകൾ /എം.കെ.ഹരികുമാർ





എം.കെ.ഹരികുമാർ തൻ്റെ തത്ത്വശാസ്ത്രമായ നവാദ്വൈതത്തിൻ്റെ തലങ്ങളിലൂടെ .



നിശ്ചലമായിരിക്കുക എന്നതാണ്‌ പ്രകൃതിവിരുദ്ധമായിട്ടുള്ളത്‌. ആശയങ്ങളുടെ തലത്തിൽ നിശ്ചലമായിരിക്കൽ പലർക്കും അവകാശം പോലുമാണ്‌. വ്യവസ്ഥാപിതത്വം, എത്തിച്ചേരൽ, പൂർവ്വകാലത്തിന്റെ ഉടമസ്ഥാവകാശം എല്ലാം ആശയപരമായ നിശ്ചലമാകലാണ്‌. ചരിത്രത്തെ കണ്ടെത്താം; വ്യാഖ്യാനിക്കാം. എന്നാൽ ചരിത്രമാകാൻ ശ്രമിക്കുന്നത്‌ നിശ്ചലാവസ്ഥയാണ്‌. ചരിത്രത്തിൽ സംഭവിച്ചതിനൊപ്പം നിൽക്കാം. എന്നാൽ അതിനപ്പുറത്തേക്ക്‌ നോക്കാൻ വിസമ്മതിക്കുന്നത്‌, നാമെന്താണോ അത്‌ കണ്ടെത്താൻ തടസ്സമാകും.

മനുഷ്യൻ ശരീരം മാത്രമാണെന്ന്‌ സ്ഥാപിക്കരുത്‌. ശരീരത്തിനുള്ളിൽ ചിന്തിക്കുന്ന ഒരു ജീവിയുമുണ്ട്‌. ചിന്തിക്കുന്ന ജീവികൾ മുന്നോട്ട്‌ വളരുകയാണ്‌ ചെയ്യുന്നത്‌. കാലത്തിലാണ്‌ ഈ വളർച്ച. ഭൂതകാലത്തിലേക്ക്‌ പോകുമ്പോൾ, അതും കാലത്തിലുള്ള വളർച്ചയാണ്‌. ഏതൊന്നാണോ നാമെന്ന്‌ വ്യക്തമായിക്കഴിഞ്ഞാൽ, സ്ഥിരീകരിച്ചാൽ, പിന്നെ വളർച്ചയില്ല. അതായിത്തീരാനുള്ള പ്രയത്നം മുഴുവൻ നിശ്ചലാവസ്ഥയെതന്നെ അഴിക്കുകയും പണിയുകയും ചെയ്തുകൊണ്ടിരിക്കും.
 നമുക്ക്‌ നാം എന്താണെന്ന്‌ പൂർണ്ണമായി വ്യക്തമാക്കാൻ കഴിയില്ല. ഭാവിയുടെ വളർച്ചയും ഇന്നിന്റെ ചിന്തകളുമെല്ലാം അവ്യവസ്ഥാപരമാണ്‌. അവയ്ക്കൊന്നും സ്ഥിരമായ രൂപമില്ല. മാറിക്കൊണ്ടിരിക്കുകയാണ്‌ അതിന്റെ വിധി. യുക്തി തന്നെ ഇവിടെ അയുക്തിയായിത്തീരുന്നു. യുക്തികൊണ്ട്‌ നിർമ്മിക്കുന്നത്‌ അയുക്തിയെത്തന്നെയാണ്‌. യുക്തിയാണെന്ന്‌ വിചാരിച്ചതു, അടുത്ത നിമിഷം അയുക്തിയായിമാറുന്നു. അതുകൊണ്ട്‌ നമുക്ക്‌ പൂർണ്ണമായി മനസ്സിലാക്കാൻ കഴിയാത്ത ഒന്നായിതീരുന്നു, നമ്മുടെ അസ്തിത്വം.

നമുക്ക്‌ നമ്മെ തന്നെ പൂർണ്ണമായി നിർവ്വചിക്കാനായാൽ, പിന്നെ, അതായിരിക്കാനേ കഴിയൂ, പിന്നെ ഒന്നും തേടേണ്ടതില്ല. ഇത്‌ വളർച്ചയുടെ അവസാനമാണ്‌. അതുകൊണ്ട്‌ എന്താണോ നാം, അത്‌ ജീവിതാന്ത്യംവരെയും അന്വേഷിക്കേണ്ടിവരുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ, എന്താണോ നാം അതിനെത്തന്നെ നിരാകരിക്കുന്നത്‌, ശാശ്വതമായ അന്വേഷണമായിത്തീരുന്നു. ഈ യാത്രയിൽ, ഒരിടത്തും വ്യവസ്ഥാപിതത്വമില്ല. ഏത്‌ വസ്തുവിനും അതിനെ തന്നെ നിരാകരിക്കാൻ കഴിയും എന്ന ആശയത്തിലേക്കാണ്‌ ഇത്‌ നയിക്കുന്നത്‌. നവാദ്വൈതത്തിലെ പ്രധാന ആശയമായ നിരാസം ഇതാണ്‌.

ഐഡൻ്റിറ്റി തകർത്ത് പുറത്തു വരുന്നത് 

നിരാസം എപ്പോഴുമുണ്ട്‌. നിരാസം ആശയങ്ങളുടെയും പ്രവൃത്തികളുടെയും അനുസ്യൂത പ്രവാഹത്തിനുള്ള ഊർജ്ജമാണ്‌. ഈ ഊർജ്ജമില്ലെങ്കിൽ ഒരു വസ്തുവിനും മറ്റൊന്നിനെ കാണാൻ പോലുമാകില്ല; വൈരുദ്ധ്യങ്ങളെ കാണേണ്ടിവരില്ല. വൈരുദ്ധ്യമുണ്ടെന്ന്‌ അറിയുന്നതുപോലും, ഈ നിരാസവാഞ്ചകൊണ്ടാണ്‌. ഏത്‌ വസ്തുവും അതിന്റെ ഐഡന്റിറ്റിയെ പൊട്ടിച്ച്‌ പുറത്തു കടക്കാനാണ്‌ ആന്തരികമായി ശ്രമിക്കുന്നത്‌. ഉദാഹരണത്തിനു, പ്രാർത്ഥന എന്ന വസ്തു അല്ലെങ്കിൽ യാഥാർത്ഥ്യം അതിനെത്തന്നെ നിരസിക്കാനുള്ള വെമ്പൽ ഉള്ളിൽ സൂക്ഷിക്കുന്നു. അല്ലെങ്കിൽ, ഉണ്മ എന്ന വസ്തു അതിനെത്തന്നെ നിരസിക്കാൻ എപ്പോഴും തുനിയുന്നു. ഇത്‌ ആന്തരികാവസ്ഥയാണ്‌. നാം ഉണ്മയെ ബന്ധനസ്ഥനാക്കിയാൽപ്പോലും, ഈ ഉദ്യമം നിലനിൽക്കുന്നു. കാരണം പ്രാർത്ഥനയും ഉണ്മയും യാഥാർത്ഥ്യങ്ങളായിരിക്കുന്നിടത്തോളം അവയ്ക്ക്‌ പുറം ലോകവുമായി ബന്ധമില്ല. അവ അവയുടെ കേന്ദ്രത്തിൽ ഉറച്ചുപോയിരിക്കയാണ്‌. പ്രാർത്ഥനയും ഉണ്മയും അവയുടെ മൗലികാവസ്ഥകളാണ്‌. അവയുടെ ലോകം എത്ര വലുതായാലും, ചെറുതായാലും അതിനു മൗലികവാദപരമായ സ്വഭാവമുണ്ട്‌. ആ മൗലികവാദപരമായ അവസ്ഥ വളർച്ചയെ തടസ്സപ്പെടുത്തുന്നതുമാണ്‌. പ്രാർത്ഥന, അല്ലെങ്കിൽ ഉണ്മ എന്നൊക്കെ പറയുന്നത്‌ പ്രകൃതിയാണ്‌. പ്രകൃതിയിലെ ഈ അനുഭവങ്ങൾക്ക്‌ വളർച്ചയില്ലെങ്കിൽ അത്‌ ജൈവപരമായ, ആശയപരമായ സ്തംഭനമാണ്‌. അർത്ഥങ്ങൾ മുരടിച്ച, അന്വേഷണങ്ങൾ അസ്തമിച്ച മൗലികവാദപരമായ സമാധിയാണ്‌ ഇവിടെ കാണാനാകുന്നത്‌. ആശയങ്ങളെ, അനുഭവങ്ങളെ അവയുടെ ഭാവിയിൽ നിന്ന്‌ അടർത്തിമാറ്റി തുറുങ്കിലടയ്ക്കുന്നതുപോലെയാണിത്‌. ഇതിനെതിരെയാണ്‌ നവാദ്വൈതത്തിന്റെ  നിരാസം ഉണ്ടാകുന്നത്‌. നിരാസ പ്രകൃതിയിലേക്ക്‌ കൂട്ടിച്ചേർക്കുന്നതല്ല. പ്രകൃതിയിൽ തന്നെയുള്ള വസ്തുവാണ്‌. നിരാസം അതിനെത്തന്നെ നിരസിക്കുകയും ചെയ്യും. നിരാസത്തിലൂടെ വീണ്ടും നിരാസം തുടരുകയാണ്‌. പ്രാർത്ഥന സംസ്കാരത്തിന്റെ അടയാളമായി, പ്രകൃതിയുടെ ചിഹ്നമായി മറ്റിടങ്ങളിൽ ഉപയോഗിക്കപ്പെടുകയാണ്‌ ചെയ്യുന്നത്‌.


ആശയ, ദാർശനികതലത്തിൽ പ്രാർത്ഥനയോ, ഉണ്മയോ അതായിരിക്കാൻ വിസമ്മതിക്കുന്നു. അത്‌ പ്രകൃതിയുടെ പ്രവാഹത്തിലേക്ക്‌ എത്താൻ കുതിക്കുകയാണ്‌. മനുഷ്യന്റെ ജോലി, അതിനെ സഹായിക്കുകയെന്നതാണ്‌.നവീകരണത്തിനും പുനർജനനത്തിനും ഇതാവശ്യമാണ്‌.
 ഏത്‌ നിമിഷത്തിലും സ്വയം നിരസിച്ചുകൊണ്ടാണ്‌ ഓരോ വസ്തുവും വിഭിന്ന ആശയലോകങ്ങളെ സമന്വയിപ്പിക്കുന്നത്‌. ശരിക്കും ഓരോ വസ്തുവും വലയിലെ കണ്ണികൾപോലെ ബന്ധപ്പെട്ട്‌ നിൽക്കുന്നത്‌ കാണാം. എന്നാൽ ആന്തരികമായി അവ സ്വയം നിരസിക്കുകയും ചെയ്യുന്നു. സ്ഥിരമായി ഭാവിക്കുന്നത്‌, ഒരിടത്ത്‌ ഒരു വസ്തുവിനെത്തന്നെ പ്രതിനിധീകരിക്കുന്നത്‌ മൗലികവാദമാണ്‌. അതുകൊണ്ട്‌ മനുഷ്യർ ഓരോന്നിനെയും അതിൽ നിന്ന്‌ മോചിപ്പിക്കുന്നു. ഈ വിമോചനം അഥവാ നിരാസമാണ്‌ കലയിലും ടെക്നോളജിയിലും ചിന്തയിലും എല്ലാം കാണുന്നത്‌. വസ്തുക്കളുടെ സ്വയം നിരാസം മനുഷ്യചിന്തയിലൂടെയാണ്‌ നാം അറിയുന്നത്‌. നാം പുതിയ ക്രമങ്ങളിൽ വസ്തുക്കളെ ബഡ്ഡ്‌ ചെയ്തെടുക്കുന്നു. ചിത്രങ്ങൾ, ബിംബങ്ങൾ, ചരിത്ര സന്ദർഭങ്ങൾ എല്ലാം അതാതിന്റെ ഇടത്ത്‌ നിന്ന്‌ എടുത്ത്‌ മാറ്റി മറ്റൊരിടത്ത്‌ വയ്ക്കുമ്പോൾ അത്‌ പുതിയ പ്രവാഹത്തിൽ എത്തുന്നു. സ്വയം നിരസിച്ച്‌ അത്‌ മറ്റൊരു ഒഴുക്കിലെത്തുന്നു. നവാദ്വൈതത്തിന്റെ സംസ്കാരം ഇതാണ്‌.

സ്വയം എന്താണ് ?

സ്വയം നിരാസം അവസാനിക്കാത്ത നിർമ്മാണം കൂടിയാണ്‌. നിരസിക്കുന്നതിലൂടെയാണല്ലോ മറ്റൊന്നാക്കുന്നത്‌. പ്രകൃതിയിലും ഈ നിർമ്മാണമുണ്ട്‌. ബാല്യത്തെ നിരസിച്ച്‌ കൗമാരത്തിലും യൗവ്വനത്തിലും വാർദ്ധക്യത്തിലുമെത്തുന്നതുപോലെയാണിത്‌.ജീവിതത്തിൽ ഒരു അദ്വൈതമേയുള്ളു. നിരാസത്തിലൂടെ മറ്റൊന്നായി മാറുന്നതിന്റെ പ്രവാഹം മാത്രമേയുള്ളു. ഈ അദ്വൈതമാണ്‌ നവീനമായ അദ്വൈതം. ഒന്നും അതായിനിൽക്കുന്നില്ല. എപ്പോഴും മാറുന്നു. ഓരോ വസ്തുവിലും മറ്റൊന്നായി മാറാനുള്ള തൃഷ്ണയാണുള്ളത്‌. ഭാവനയിലും കലയിലും സംസ്കാരത്തിലുമെല്ലാം ഈ രൂപപരിവർത്തിനവും പ്രവാഹവുമാണുള്ളത്‌. ഏതൊന്നാണോ നാം സ്ഥിരമെന്നനിലയിൽ പ്രതിഷ്ഠിക്കുന്നത്‌, അത്‌ മറ്റുള്ളവയിൽ നിന്നെല്ലാം അകന്ന്‌ മാറി, അതായിമാത്രം നിൽക്കുന്നതോടെ സ്തംഭനാവസ്ഥയിലേക്ക്‌ നീങ്ങുന്നു. അതായത്‌, നിരാസവും നിർമ്മാണവും നവാദ്വൈതത്തിൽ ഒരു യാഥാർത്ഥ്യത്തിന്റെ തന്നെ രണ്ട്‌ വശങ്ങളാണ്‌. ഒരു വസ്തു അല്ലെങ്കിൽ ഒരാശയം അതിനെതന്നെ പ്രതിനിധാനം ചെയ്യുന്നത്‌ മതിയാക്കി, അതിനു പുറത്തുള്ള പ്രാപഞ്ചികമായ സമയത്തിന്റെ ചലനാത്മകമായ പ്രവാഹത്തിലേക്ക്‌ എത്തുന്നു. വസ്തുവിനെ, ആശയത്തെ അസംഖ്യം കോണുകളിൽ നിന്ന്‌ സമീപിക്കാനുള്ള സാധ്യതകൾ അതിനുള്ളതാണ്‌. ചെറിയൊരു ബ്രോഷറിന്റെ നിർമ്മാണകലയിൽപ്പോലും സംസ്കാരവും നിരാസവും നിർമ്മിതിയും സംയോജിക്കുന്നത്‌ കാണാം. ബ്രോഷറിനുപയോഗിക്കുന്ന വർണ്ണങ്ങൾ ഒന്നും തന്നെ പൂർവ്വനിശ്ചിതമല്ല. ഡിസൈനറുടെ അന്നേരത്തെ ഇഷ്ടമാണ്‌ ഇതിനു പിന്നിലുള്ളത്‌. അതിനാവശ്യമായി വരുന്ന പ്രത്യേകതരം ഫോണ്ടുകളും മുൻവിധിയിൽ നിന്ന്‌ സ്വതന്ത്രമായി കടന്നുവരുന്നതാണ്‌. ബ്രോഷറിൽ ഭാവാത്മകതയ്ക്കായി ചേർക്കുന്ന ചില പെയിന്റിംഗിന്റെ ഭാഗങ്ങൾ, ഫോട്ടോകളുടെ ഭാഗങ്ങൾ എല്ലാം സൂചിതാർത്ഥങ്ങളും സാംസ്കാരികച്ചിഹ്നങ്ങളുമാണ്‌. കഥകളിതലയോ, വാദ്യോപകരണങ്ങളോ, പ്രകൃതിദൃശ്യങ്ങളോ, ചേർക്കുമ്പോൾ അവയൊന്നും ബ്രോഷറിന്റെ പ്രമേയവുമായി ചേരണമെന്ന ചിന്തപോലും അപ്രസക്തമാണ്‌. ആ ബിംബങ്ങൾ അർത്ഥത്തിന്റെ പ്രതിനിധാനമല്ല, അർത്ഥരാഹിത്യത്തിന്റെ പ്രതിനിധാനമാണ്‌. അർത്ഥരഹിതമായി തന്നെ സാന്നിദ്ധ്യമറിയിക്കുന്ന ആ ചിത്രഭാഗങ്ങളും ബിംബങ്ങളും നിറങ്ങളും ഫോണുകളും എന്താണോ ബ്രോഷറിലെ സന്ദേശമെന്നതിനപ്പുറം പോകുന്നു. അങ്ങനെ ബ്രോഷറിന്റെ സന്ദേശത്തിനു സ്വയം നിരസിച്ച്‌ മറ്റൊന്നാകാനുള്ള അവസരമൊരുക്കുന്നു.

രണ്ടു തരം പ്രത്യക്ഷതകൾ 

നിരാസമില്ലെങ്കിൽ നിർമ്മാണമില്ല. നവാദ്വൈതത്തിൽ ഒന്നിന്റെയും ഐഡന്റിറ്റി സ്ഥിരമല്ല. സ്ഥിരമായ ഐഡന്റിറ്റി എന്നത്‌ ജഡാവസ്ഥയാണ്‌. അത്‌ സ്തംഭനമാണ്‌. വിചാരം എപ്പോഴും പുതുതാകാനുള്ളതാണ്‌. ഐഡന്റിറ്റി ഒരാളെ സ്വയം ബന്ധനസ്ഥനാക്കുകയാണ്‌ ചെയ്യുന്നത്‌. അതുകൊണ്ട്‌, വസ്തുക്കളുടെ, ആശയങ്ങളുടെയുള്ളിലുള്ള പ്രവാഹാത്മകത, അനേകം പാറ്റേണുകൾ സൃഷ്ടിക്കാനുള്ള ചലനാത്മക ഘടനയാണ്‌. ഇതിനെ ഭേദിക്കുകയാണ്‌ ആധുനിക സംസ്കാരത്തിന്റെ സ്വഭാവവും രീതിയും.ഇന്ന്‌ പാരമ്പര്യത്തിന്റെ ചിഹ്നങ്ങളെല്ലാം ആധുനിക മനുഷ്യരുടെ സ്വയംനിരാസത്തിനും പുനർനിർമ്മാണത്തിനുമുള്ളതാണ്‌. ഓരോ നിമിഷവും ഓരോ വസ്തുവും പുതുതാകുന്നു എന്ന ആശയത്തിന്റെ വിപുലീകരണമാണിത്‌. എല്ലാ ചിഹ്നങ്ങളും, ഏത്‌ സംയുക്തവസ്തുവിലാണോ ഉള്ളത്‌, അതിനോട്‌ ബാഹ്യവും ആന്തരികവുമായി രണ്ടുതരം ബന്ധം പുലർത്തുന്നത്‌ കാണാം. ഒരു പോത്തിന്റേതലയിൽ, ഒരു കാടുണ്ട്‌. അത്‌ പിറവിയിലേ കൊണ്ടുനടക്കുന്ന വനജീവിതത്തിന്റെ കാടാണത്‌. എന്നാൽ പോത്തിന്റെ തല, അസ്ഥിമാത്രമായി, പെയിന്റ്‌ ചെയ്ത്‌ വീട്ടിലോ റസ്റ്റോറന്റിലോ ആർട്ട്‌ ഗാലറിയിലോ വയ്ക്കുമ്പോൾ, അത്‌ കാടല്ല, സംസ്കാരമാണ്‌. കാടിനെ നിഷേധിക്കുന്ന ഉൽപന്നമാണത്‌. അത്‌ മറ്റൊരു വിനിമയമാണ്‌. പോത്ത്‌ എന്ന ജീവിയുടെ തലയായിരിക്കുമ്പോഴുള്ള ലക്ഷ്യത്തിൽ നിന്ന്‌, മാർഗ്ഗത്തിൽ നിന്ന്‌ മാറി, മറ്റൊന്നായി നിലനിൽക്കയാണ്‌. പോത്തിൻതല, പൊതുവേദികളിൽ ഓർമ്മയുടെ ബിംബമാണ്‌. നഷ്ടപ്പെട്ട ബന്ധങ്ങളുടെ ഓർമ്മയായി അത്‌ പുനർജനിക്കുന്നു. ഏത്‌ വസ്തുവിനും ഇങ്ങനെ, അതിന്റെ പിറവിയിലോ, സംയുക്താവസ്ഥയിലോ ഉള്ള ഘടകം എന്ന നിലയിലുള്ള അസ്തിത്വം കാലികവും ആപേക്ഷികവും ദ്വന്ദാത്മകവുമാണ്‌. രണ്ട്‌ തരം പ്രത്യക്ഷതകൾ അതിനുണ്ട്‌. സംയുക്തമണ്ഡലത്തിന്റെ, അല്ലെങ്കിൽ സംയുക്തവസ്തുവിന്റെ ഭാഗമായിരിക്കാനുള്ള ദൗത്യം. മറ്റൊന്ന്‌, അനേകം അനന്തര അവസ്ഥകളിൽ വെറും ഘടകമായിരിക്കാനും സാംസ്കാരികാവസ്ഥകളിൽ ഉദ്ദേ‍ീപനം നടത്താനുമുള്ള ദൗത്യം. ഇതുരണ്ടും കാണുകയാണെങ്കിൽ, ഏത്‌ വസ്തുവിനും വിമോചനമുണ്ടെന്ന്‌ മനസ്സിലാക്കാം. ഒന്ന്‌,  ആ വസ്തുവിന്‌ സ്വയം വിമോചിപ്പിക്കാനുള്ള ആന്തരികവാഞ്ചയുണ്ട്‌. അതിനെ സ്വന്തം മൗലികാവസ്ഥയിൽ, സ്ഥിരമായി ഉരുക്കിപ്പിടിപ്പിച്ചിട്ടില്ല. അത്‌ പലതാണ്‌. രണ്ട്‌, അത്‌ മനുഷ്യചിന്തയിലൂടെ, സാംസ്കാരിക നിർമ്മിതികളിലൂടെ, വിഭിന്നസാഹചര്യങ്ങളിലൂടെ അനേകം വസ്തുക്കളുടെ, ആശയങ്ങളുടെ വിഭിന്നഘടകങ്ങളായി മാറുന്നു. ഒരു ലാൻഡ്സ്കേപ്പ്‌ ഫോട്ടോഗ്രാഫ്‌ ഉദാഹരണമായെടുക്കാം. അതിലെ ആകാശക്കീറുകളും മരങ്ങളും സമതലങ്ങളുമെല്ലാം ചേർന്നാണല്ലോ സംയുക്തചിത്രം ഉണ്ടായിട്ടുള്ളത്‌. അതിൽ നിന്ന്‌ ആകാശക്കീറുകളുടെ ഭാഗം മാത്രം വെട്ടിയെടുത്ത്‌ ഗ്രാഫിക്‌ ഡിസൈനിംഗിനായി ഉപയോഗിക്കുമ്പോൾ, ആ ആകാശക്കീറ്‌ ഡിസൈനിംഗിലെ പൊതുസന്ദേശത്തിനു ബലം വർദ്ധിപ്പിക്കുന്ന ഘടകമായി മാറുകയാണ്‌. ആകാശക്കീറ്‌ ഫോട്ടോഗ്രാഫിലേതിൽ നിന്ന്‌ വ്യത്യസ്തമായി, ഗ്രാഫിക്സിനു വേണ്ടതായ സഹജസ്വഭാവത്തെ കണ്ടെത്തുമ്പോൾ മാത്രമേ നിരാസവും നിർമ്മാണവും ഒത്തുവരുകയുള്ളു.

വസ്തുക്കൾ അല്ലെങ്കിൽ ആശയങ്ങൾ ഏതെങ്കിലും ശാസ്ത്രത്തിന്റെ തത്ത്വത്തിന്റെ ഘടകമായിരിക്കെത്തന്നെ അവ മറ്റു പല നിർമ്മാണങ്ങളുടെയും അസംസ്കൃതവസ്തുക്കളുമാണ്‌. ഒരു വസ്തുവിന്റെയോ, യാഥാർത്ഥ്യത്തിന്റെയോ മാത്രമായി ഒരു ഘടകവുമില്ല. അതിന്റെ അർത്ഥം ഒന്നിനും നിശ്ചിതമായ അർത്ഥമോ, സംസ്കാരമോ ഇല്ലെന്നാണ്‌. പുനക്രമീകരിച്ചാൽ പുതിയ യാഥാർത്ഥ്യമായി. നമ്മുടെ യാഥാർത്ഥ്യത്തെ നമുക്ക്‌ തന്നെ കൂട്ടിയോജിപ്പിക്കുകയോ പുനസംഘടിപ്പിക്കുകയോ ചെയ്യാനാകും. അങ്ങനെ ചെയ്യാത്തപ്പോൾ, ഏത്‌ വസ്തുവും  ചിഹ്നവിജ്ഞാനീയമായി പരിവർത്തിക്കപ്പെടുന്നു. ഇത്‌ നിരാസവും നിർമ്മാണവുമാണ്‌.
 സ്വയം നിരാസവും നിർമ്മാണവും പ്രാചീനമായ എല്ലാ തത്ത്വങ്ങൾക്കും സമാന്തരമായാണ്‌ നീങ്ങുന്നത്‌. ഇത്‌ കലകളെപ്പറ്റിയുള്ള വ്യവസ്ഥാപിതസങ്കൽപങ്ങളെതന്നെ അട്ടിമറിക്കുകയാണ്‌. തെരുവിൽ പാടുന്ന ഗായകരെ ഞാൻ ഓർക്കുകയാണ്‌. ഒരു ദിവസം സന്ധ്യയ്ക്ക്‌ മൂവാറ്റുപുഴയിൽ നിന്ന്‌ തൃപ്പൂണിത്തുറയിലേക്ക്‌ ബസ്സിൽ വരുകയായിരുന്നു. കോലഞ്ചേരിയിൽ ഏതാനും അന്ധയുവതികൾ പാടിയ വിഷാദ ഗാനം എനിക്ക്‌ സ്വയം നിരാസത്തിന്റെയും നിർമ്മാണത്തിന്റെയും അനുഭവമായി. അവർ വളരെ പ്രശസ്തമായ ഒരു സിനിമാഗാനം (ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരംപേർവരും, കരയുമ്പോൾ കൂടെ കരയാൻ നിൻനിഴൽമാത്രം വരും...) ആലപിക്കുകയായിരുന്നു. എസ്‌.ജാനകി പാടിയ ആ ഗാനം മറ്റൊന്നായി അവിടെ രൂപാന്തരപ്പെടുകയായിരുന്നു. ആ അന്ധയുവതികൾ അവരുടേതായ യാഥാർത്ഥ്യത്തിൽ, അവർ ഒരുക്കിയെടുത്ത വിവിധ ജീവിത ഘടകങ്ങൾകൊണ്ട്‌ നിർമ്മിച്ചെടുത്ത യാഥാർത്ഥ്യത്തിൽ പാടിയ ആ ഗാനം പഴയ സിനിമാഗാനത്തെ നിരസിച്ച്‌ പുതിയ ഒന്നാക്കി. യഥാർത്ഥഗാനം പാടിയ ജാനകിയെ, ഈ ഗായകർ സ്മൃതികളിലൂടെ വിദൂരതകളിലേക്ക്‌ പറഞ്ഞയച്ചു. ജാനകിയുടെ ഗാനത്തിന്റെ സന്ദർഭമോ, അർത്ഥമോ, ചരിത്രമോ ഒന്നും ഈ ഗായകർക്ക്‌ ആവശ്യമില്ല. ചരിത്രം അതിന്റെ തന്നെ പാഴ്‌വസ്തുക്കളെ നിർമ്മിക്കുന്ന സന്ദർഭമാണിത്‌. ജാനകിയുടെ യഥാർത്ഥഗാനത്തിന്റെ സകലഘടകങ്ങളെയും ഉപയോഗശൂന്യമായ വസ്തുക്കളായി കണ്ട്‌, ഈ ഗായകർ വലിച്ചെറിയുന്നു. പകരം അവർ സൃഷ്ടിക്കുന്ന യാഥാർത്ഥ്യം, പഴയ ഗാനത്തിന്റെ ഘടകങ്ങൾക്ക്‌ പുതിയ അർത്ഥം ഉണ്ടാക്കുന്നതിനെക്കുറിച്ചാണ്‌. ഇവിടെ സംഭവിക്കുന്നതെന്താണ്‌? ഏത്‌ ചരിത്രവസ്തുവും പല ഘടകങ്ങളാണ്‌, പല ചിഹ്നങ്ങളാണ്‌. ആ ചരിത്രവസ്തുവിനെ അവിടെ നിന്ന്‌ മാറ്റി, മറ്റൊരു സ്ഥലത്ത്‌ വച്ച്‌ പുനരാവിഷ്കരിക്കുമ്പോൾ അതിനു പുതിയ ചില ഘടകങ്ങൾ സാംസ്കാരത്തിന്റെ ഉപാധികളായി ലഭിക്കുന്നു. അന്ധഗായകർ കൂട്ടി ഘടിപ്പിച്ചെടുത്ത യാഥാർത്ഥ്യത്തിൽ, അവർ സ്വന്തം ജീവിതത്തെയും സാംസ്കാരിക ഉൽപാദനോപാധിയെന്ന നിലയിൽ ഉൾപ്പെടുത്തുന്നു. ഇത്‌ പഴയ ഗാനത്തിന്റെ സ്വയം നിരാസവും, ഗായകരുടെ നിർമ്മാണവുമാണ്‌.

അനുഭവം തുണ്ടുകൾ എന്ന നിലയിൽ 

മുഴുനീള ആസ്വാദനമോ, ഇതിവൃത്തമോ, ആഖ്യാനമോ ഇന്ന്‌ പ്രസക്തമല്ല. ചെറുതുണ്ടുകളാണ്‌ മുഖ്യപ്രമേയങ്ങളാകുന്നത്‌. അനേകം ചെറുതുണ്ടുകൾ സിനിമാറ്റിക്ക്‌ അനുഭവം എന്നപോലെ വന്ന്‌, പരസ്പര ഭിന്നമെങ്കിലും ഏകാനുഭവമായി മാറുന്നു. ടെലിവിഷൻ ദൃശ്യങ്ങളുടെ നേരെയുള്ള നമ്മുടെ സമീപനം ഇതിനുദാഹരണമാണ്‌. ഒരു വിഷ്വൽ ഒരിടത്തും ഒറ്റയ്ക്കാവുന്നില്ല. മുഖ്യമാകുന്നില്ല. ഒന്ന്‌ കഴിഞ്ഞാൽ മറ്റൊന്ന്‌ എന്നിങ്ങനെ പ്രാമുഖ്യം നേടുകയാണ്‌. ഒന്നു കഴിഞ്ഞാൽ അതിന്റെ തുടർച്ച കുറച്ചുനേരത്തേക്കുണ്ട്‌. മറ്റൊരു പരിപാടിയാവും പിന്നീട്‌ വരുക. എന്നാൽ പ്രോഗ്രാം മുഴുമിപ്പിക്കാതെ നാം മറ്റൊരു ചാനലിലേക്ക്‌ പോകാനുള്ള സാധ്യതയാണ്‌ എപ്പോഴുമുള്ളത്‌. ഈ തുണ്ടുകളിലൂടെയുള്ള യാത്ര നമുക്ക്‌ ഒന്നിനൊന്ന്‌ ഭിന്നമായ ആഭിമുഖ്യങ്ങളല്ല, വലിയ ഒരു അനുഭവത്തിന്റെ ഘടകങ്ങളായാണ്‌ പ്രത്യക്ഷപ്പെടുന്നത്‌. ഭിന്നമായ ദൃശ്യങ്ങൾകൊണ്ട്‌, നാം സാങ്കൽപികമായ ബൃഹത്‌ അനുഭവം നേടുന്നു. ഇത്‌ പ്രതീതി യഥാർത്ഥ്യമാണ്‌.

മുഴുനീള പ്രമേയങ്ങൾ സ്വയം നിരാസത്തിനോ നിർമ്മാണത്തിനോ പറ്റിയതല്ല എന്നാണ്‌ പുതിയ സാംസ്കാരിക ജീവിതം നൽകുന്ന സൊ‍ാചന. ഓരോ നിമിഷത്തിലും ഓരോ വസ്തുവും പുതിയതാണ്‌. അങ്ങനെയൊരു പ്രതീതിയുണ്ട്‌. കല്ലിനുള്ളിൽ ഏത്‌ രൂപത്തിലുള്ള പ്രതിമകൾ ഉണ്ടെന്നതുപോലെത്തന്നെ, ഓരോ വസ്തുവിനും സ്വയം നിരസിക്കാനും മറ്റൊന്നാകാനുമുള്ള സ്വഭാവമുണ്ട്‌. ഇത്‌ വസ്തുവിൽ നിക്ഷിപ്തമാണ്‌. അതുകൊണ്ട്‌, വസ്തുവിന്റെ നിമിഷയാഥാർത്ഥ്യങ്ങളെ അവഗണിച്ചുകൊണ്ട്‌ അതിനുമേൽ ബൃഹത്‌ പ്രമേയത്തിന്റെ പുതപ്പ്‌ പുതപ്പിക്കുന്നത്‌ അയഥാർത്ഥമാണ്‌. ഓരോ നിമിഷത്തിന്റെയും തുണ്ടുകളിലൂടെ സഞ്ചരിക്കുമ്പോൾ, അതിനെതന്നെ നിരാകരിക്കാനും മറ്റൊന്നാകുക എന്ന അസ്തിത്വത്തിന്റെ വിധി ഏറ്റെടുക്കാനും സാധ്യതതെളിയുന്നു.

സാംസ്കാരികജീവി 

മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന സിനിമകളോ കലാപ്രകടനങ്ങളോ കാണാൻ ഇന്നത്തെ തിരക്കുപിടിച്ച കാലത്ത്‌ സമയം ലഭിക്കുകയില്ല. ദീർഘിച്ച ആഖ്യാനങ്ങൾ, അസ്തിത്വ വിരുദ്ധമാണ്‌. ചെറുതുണ്ടുകളിലൂടെ തന്നെ മനുഷ്യനു ആവശ്യമായ കലയും സംസ്കാരവും നേടാമെന്നിരിക്കെ, മുഴുനീള ആഖ്യാനങ്ങൾ ഭാരമായിത്തീരുന്നു.കലയുടെയോ സംസ്കാരത്തിന്റെയോ വക്താവാകാൻ, അതുകൊണ്ട്‌ തന്നെ ഇന്നത്തെ മനുഷ്യർക്ക്‌ പ്രയാസമായിരിക്കും. പലതരം കലകൾ, സംസ്കാരങ്ങൾ, ഉപഭോക്തൃവസ്തുക്കൾ, സാങ്കേതികമികവ്‌ പ്രകടിപ്പിക്കുന്ന ഉപകരണങ്ങൾ എന്നിവയിലൂടെയാണ്‌ ഒരാൾ ഇന്ന്‌ താൻ ഒരു സംസ്കാരിക ജീവിയാണെന്ന്‌ തിരിച്ചറിയുന്നത്‌. എന്നാൽ അയാൾക്ക്‌ ജീവിതകാലം മുഴുവൻ പ്രത്യേകപാറ്റേണിലോ, ചിട്ടയിലോ ഉള്ള സാംസ്കാരിക ജീവിയാകേണ്ട ബാധ്യതയില്ല. കാരണം അയാൾക്ക്‌ സ്വയം നിരസിക്കാനുള്ള വാഞ്ചയുണ്ട്‌. പുതിയ ഉൽപന്നങ്ങളിലൂടെ അയാൾ തന്റെ അസ്തിത്വത്തെ പരീക്ഷണവസ്തുവാക്കുന്നു. സാഹസികത, രചന, ഉപഭോഗം എന്നിവയിലെല്ലാം അയാൾ സ്വയം പരീക്ഷിക്കുകയാണ്‌ ചെയ്യുന്നത്‌. ഇങ്ങനെ ആശയത്തിന്റെ അഖണ്ഡാവസ്ഥയിൽ നിന്ന്‌, സാമ്പ്രദായികതയുടെ ഏക ലക്ഷ്യത്തിൽ നിന്ന്‌ അയാൾ പലതുണ്ടുകളായി ചിതറി, പല വസ്തുക്കളായി പരിണമിച്ച്‌, ഓരോ നിമിഷവും സ്വയം നവീകരിക്കുന്നു. നിശ്ചിതമായ സ്വത്വമോ, ഭാവുകത്വമോ ഇവിടെയില്ല. സ്വത്വവും ഭാവുകത്വവും, സ്വച്ഛന്ദമായ പ്രവാഹത്തിനെതിരാണ്‌.

നവീനമായ ഡിജിറ്റൽ ടെക്നോളജിയിലും ഈ സ്വയം നിരാസവും നവീകരണവുമാണുള്ളത്‌. പ്രതീതി യാഥാർത്ഥ്യത്തിന്റെ കാര്യം തന്നെയെടുക്കാം. ഇന്റർനെറ്റ്‌ വെബ്‌ പേജുകൾ ഒന്നിൽ തന്നെ പലതാണ്‌. ലിങ്കുകളിലൂടെയാണ്‌ ഈ പലവിധ പേജുകൾ യാഥാർത്ഥ്യമാവുന്നത്‌. എന്നാൽ അതിനു ക്രമമോ ചരിത്രമോ വ്യക്തിനിഷ്ഠതയോ വസ്തുനിഷ്ഠതയോ ഇല്ല. അത്‌ നാം എങ്ങനെ ഉപയോഗിക്കുന്നുവോ അതിനനുസരിച്ച്‌ മാറിക്കൊണ്ടിരിക്കും. തിരഞ്ഞെടുക്കുന്നയാളിന്റെ ഇഷ്ടത്തിനനുസരിച്ച്‌, ഒരു പേജിൽ നിന്ന്‌ സഞ്ചരിച്ചുകൊണ്ടിരിക്കും. തുടങ്ങിയ പേജിലേക്ക്‌ തിരിച്ചുവരണമെന്നില്ല. ഓരോ വഴി തുറക്കപ്പെടുന്നത്‌, നിമിഷത്തിന്റെ കൗതുകമനുസരിച്ചാണ്‌. മത്സ്യസഞ്ചാരങ്ങളാണ്‌ ഇതിനുസാദൃശ്യം പറയാവുന്ന പ്രതിഭാസം. മത്സ്യങ്ങൾക്ക്‌ സൂക്ഷിക്കാനായി വഴികളില്ല. എല്ലാ വഴികളും അവയുടെ നൈമിഷികമായ ചോദനയാൽ നിർമ്മിക്കപ്പെടുന്നു. അപ്പോൾ തന്നെ അതു വിസ്മൃതമാവുകയും ചെയ്യുന്നു. ഇതുതന്നെയാണ്‌ നവാദ്വൈതവും. ഓരോ നിമിഷത്തിലുമുള്ള സഞ്ചാരം സ്വയം നിരാസവും നിർമ്മാണവുമായിത്തീരുന്നു. അതാകട്ടെ, പിന്നീട്‌ തിരിച്ചുവരാനുള്ളതല്ല. ഓർമ്മകൾ കൊണ്ട്‌ തുഴഞ്ഞ്‌ സ്വയം മറവിയാകാനുള്ളതാണ്‌ ഈ സ്വയം നിരാസം. പുനർ നിർമ്മാണത്തിലും, ഓർമ്മയും മറവിയും ഇരുവശങ്ങളിലുമായി ഒട്ടിച്ചുവച്ചിരിക്കുന്നു. സൈബർ പേജുകൾക്കൊന്നിനും ചരിത്രത്തിന്റെ മാതൃത്വം ഏറ്റെടുക്കാനാവില്ല. അവയെല്ലാം വസ്തുവിന്റെയുള്ളിലെ അനേകം രൂപങ്ങൾപോലെ, പലവിധ നിർമ്മിതികൾക്കായി പ്രതീതി യാഥാർത്ഥ്യങ്ങൾ സൂക്ഷിക്കുന്നു. ഓരോപേജും അസംഖ്യം പേജുകളാണ്‌. എന്നാൽ ഇവ പരസ്പരം പ്രമേയത്തിലോ, രൂപത്തിലോ സാമ്യം പുലർത്തുന്നില്ല.

നവാദ്വൈത ദർശനത്തിലെ നിമിഷങ്ങളുടെ സ്വയം നിരാസത്തിലും നിർമ്മാണത്തിലും ഇതുപോലെ അസംഖ്യം സാധ്യതകളുണ്ട്‌. പരസ്പരബന്ധം പുലർത്താൻ കഴിയാത്ത വിധം അനന്തമായ പ്രവാഹാത്മകതയാണിതിലുള്ളത്‌. ഒന്നിൽ നിന്ന്‌ നാം തിരഞ്ഞെടുക്കുന്നത്‌ നമ്മുടെ ഇഷ്ടമനുസരിച്ചാണ്‌. അതിനു ക്രമമോ, തുടർച്ചയോ, ആശയപരമായ പൊരുത്തമോ ഒന്നുമില്ല. ഏതൊന്നാണോ നാം, അതിനെ തള്ളിക്കളഞ്ഞ്‌ മറ്റൊന്നാകാൻ ശ്രമിക്കുന്നതിലൂടെ, നാം ഒന്നുമല്ല എന്ന പരോക്ഷമായ സന്ദേശംകൂടി നൽകുന്നു. ഈ സന്ദേശം ആരെയെങ്കിലും ഉദ്ദേശിച്ചു നിർമ്മിക്കുന്നതല്ല. അതും പ്രതീതിയാണ്‌.




Friday, January 31, 2020

നവാദ്വൈതം-9 \ എം കെ ഹരികുമാർ




നവാദ്വൈതം-\ എം കെ ഹരികുമാർ
ഫയർസർവ്വീസ്  മാഗസിൻ ഇന്റർവ്യൂ പരമ്പര-

Saturday, April 27, 2019

എം.കെ. ഹരികുമാറിന്റെ നവനോവലുകൾ, നവാദ്വൈതം: റഷീദ്‌ പാനൂർ


അഭിമുഖം*

മുപ്പത്തഞ്ച്‌ വർഷമായി എഴുതുന്ന എം.കെ. ഹരികുമാർ നവാദ്വൈതം എന്ന മൗലിക ദർശനത്തിലൂടെ പുതിയൊരു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്‌. വിമർശനരംഗത്ത്‌ പതിറ്റാണ്ടുകൾ പ്രവർത്തിച്ചശേഷം, അദ്ദേഹം ഇപ്പോൾ മൂന്നു വ്യത്യസ്ത നോവലുകൾ എഴുതി ആ രംഗത്ത്‌ ഒരു സമാന്തര സാഹിത്യം പുറത്തുകൊണ്ടുവന്നിരിക്കുന്നു. പുതിയ ദർശനം, പുതിയ ക്രാഫ്റ്റ്‌ എന്നീ കാര്യങ്ങളിൽ എം.കെ. ഹരികുമാർ ഒറ്റപ്പെട്ട്‌ നിൽക്കുന്നു. 
അപാര സൗന്ദര്യമുള്ള അനേകം വാക്യങ്ങൾ ഹരികുമാർ എഴുതിയിട്ടുണ്ട്‌. ലോകനിലവാരത്തിലുള്ള ഒരു സാഹിത്യവിമർശകന്റെ ജീവിതത്തിൽനിന്ന്‌ താങ്കൾ എന്തുകൊണ്ടാണ്‌ സർഗാത്മക കൃതികളുടെ രചയിതാവ്‌ എന്ന നിലയിലേക്ക്‌ ചുവടുമാറ്റുന്നത്‌?
എം.കെ. ഹരികുമാർ: ഞാൻ വിമർശകന്റെ ജീവിതം അവസാനിപ്പിച്ചിട്ടില്ലല്ലോ. എന്റെ പ്രശസ്തമായ 'അക്ഷരജാലകം' ഇപ്പോൾ ഇരുപതാം വർഷത്തിലേക്ക്‌ കടന്നിരിക്കുന്നു. കലാകൗമുദിയിലൂടെ ജനപ്രിയത നേടിയ ആ കോളം ഇപ്പോൾ മെട്രോ വാർത്ത പത്രത്തിൽ (ഞായറാഴ്ചകളിൽ) പ്രസിദ്ധീകരിക്കുന്നുണ്ട്‌. വിമർശന ലേഖനങ്ങൾ ഇപ്പോഴും എഴുതുന്നുണ്ട്‌. നിത്യചൈതന്യയതിയുടെ കവിതകളെക്കുറിച്ച്‌ രണ്ട്‌ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതു കഴിഞ്ഞ മാസമാണ്‌. പ്രസിദ്ധീകരിച്ചതും പുസ്തകമാക്കാനുള്ളതുമായ വിമർശനലേഖനങ്ങൾ ഇരുന്നൂറിലേറെയാണ്‌.
ചോദ്യം: ജലഛായ, ശ്രീനാരായണായ, വാൻഗോഗിന്‌ എന്നിങ്ങനെ മൂന്ന്‌ നോവലുകൾ താങ്കൾ എഴുതി. വിമർശനവും നോവലും തമ്മിലുള്ള ബന്ധമെന്താണ്‌?
എം.കെ: വിമർശനം ഒരാളുടെ ഉള്ളിലെ വളരെ സത്യസന്ധവും നിഷ്കളങ്കവുമായ ചിന്തകളുടെയും അപഗ്രഥനങ്ങളുടെയും അവസ്ഥയാണ്‌. അതെപ്പോഴുമുണ്ട്‌. എനിക്ക്‌ തത്ത്വചിന്താപരമായ ഒരു ടേസ്റ്റ്‌ എന്നുമുണ്ടായിരുന്നു. 1984-ൽ 'ആത്മായനങ്ങളുടെ ഖസാക്ക്‌' പ്രസിദ്ധീകരിക്കുമ്പോഴേ നവാദ്വൈതത്തിന്റെ ആദ്യകിരണങ്ങളുണ്ടായിരുന്നു. തത്ത്വചിന്താപരമായ വളർച്ച ഉണ്ടായിട്ടുണ്ട്‌. പിന്നീട്‌ സ്വന്തം ദർശനങ്ങൾ ആവിഷ്കരിക്കാൻ അത്‌ സഹായകമായി. 'എം.കെ. ഹരികുമാറിന്റെ സിദ്ധാന്തങ്ങൾ' എന്ന പുസ്തകമാണ്‌ ഏറ്റവുമൊടുവിൽ ഇറങ്ങിയത്‌. ഒരു മലയാള എഴുത്തുകാരൻ സ്വന്തം ദർശനങ്ങൾ ആവിഷ്കരിക്കുന്നതും അതൊരു പുസ്തകമായി വരുന്നതും ആദ്യമാണ്‌. ഉത്തര-ഉത്തരാധുനികത എന്ന താത്ത്വിക പരിസരത്തെ വിശദീകരിച്ചുകൊണ്ട്‌ മലയാളത്തിൽ ആദ്യമായി എഴുതിയത്‌ (2012) ഞാനാണ്‌. ദാർശനികമായ ഒരു പ്രയാണമാണ്‌ ഞാൻ അവലംബിച്ചിട്ടുള്ളത്‌. സ്വയം അന്വേഷിക്കുന്നതും സകലതിന്റെയും ആത്മാവിനെ വീണ്ടും വീണ്ടും തിരയുന്നതും അതിന്റെ ഭാഗമാണ്‌. നോവൽ എന്റെ ആന്തരികമായ ആവശ്യമാണ്‌. നോവൽ മാത്രമല്ല, കഥകളും കവിതകളും എഴുതിയിട്ടുണ്ട്‌. എന്റെ മൂന്നു നോവലുകളും ചേർന്ന അനുഭവം ഒരു പുതിയ നോവൽ പ്രസ്ഥാനത്തിനു വഴിതുറന്നിരിക്കുകയാണെന്ന്‌ ചലച്ചിത്ര നിരൂപകൻ എം.സി. രാജനാരായണൻ നിരീക്ഷിച്ചതു ഓർക്കുകയാണ്‌. ഇതെല്ലാം ഇതുവരെയുള്ള നോവൽ രചനയിൽനിന്ന്‌ വഴിമാറുന്ന സൃഷ്ടികളാണ്‌. പുതിയ രൂപം പരീക്ഷിച്ചിരിക്കുകയാണ്‌. ജലഛായ സാഹിത്യാനുഭൂതിയുടെ അതിസങ്കീർണമായ വഴികളിലൂടെ നീങ്ങുകയാണ്‌. ശ്രീനാരായണായ എന്റെ രചനാപരമായ കഴിവുകളുടെ പാരമ്യമാണ്‌. വാൻഗോഗിന്‌ വാൻഗോഗ്‌ എന്ന ചിത്രകാരനെ പുതിയ രീതിയിൽ കണ്ടെത്തുകയാണ്‌. അദ്ദേഹത്തെപ്പറ്റി നിലവിലുള്ള ഒരു മിത്ത്‌ പൊളിച്ചുകളയുകയാണ്‌.

ചോദ്യം: എന്തുകൊണ്ടാണ്‌ താങ്കൾ നവാദ്വൈതം, തനിമനസ്‌, മാധ്യമമാണ്‌ കല, നവാധുനികത തുടങ്ങിയ ദർശനങ്ങൾ ആവിഷ്കരിച്ചതു? വ്യക്തിപരമായ ഒരു ലക്ഷ്യമായി ഇതിനെ കാണാമോ?
എം.കെ: ഞാൻ എന്തെങ്കിലും എഴുതുന്നുണ്ടെങ്കിൽ അത്‌ തത്ത്വചിന്താപരമായ ഒരു എത്തിച്ചേരലാണെന്ന എന്റെ ചിന്തയാണ്‌ അതിനു പിന്നിൽ. ഒരു ദർശനത്തിലെത്തണമെന്ന ആന്തരിക നിർബന്ധമുണ്ടായിരുന്നു.
ചോദ്യം: എം.കെ. ഹരികുമാറിന്റെ സിദ്ധാന്തങ്ങൾ എന്ന പുസ്തകമെഴുതിയതിനുശേഷമുള്ള സാഹചര്യം എന്താണ്‌?
എം.കെ: ഇതുപോലൊരു അപരാധം ചെയ്തത്‌ എന്തിനാണെന്ന്‌ പലരും ചോദിക്കുന്നപോലെ തോന്നുന്നു. സിദ്ധാന്തങ്ങൾ വായിച്ചതിനോടുള്ള നിരൂപണമല്ല ഇത്‌. മറിച്ച്‌ അസഹിഷ്ണുതയാണ്‌. നമ്മുടെ ഇന്നത്തെ കലാലയ വിദ്യാഭ്യാസത്തിനകത്ത്‌ ബുദ്ധി വല്ലാതെ കണ്ടീഷൻ ചെയ്തുവച്ചിരിക്കുകയാണ്‌. സ്വന്തമായി ഒരു സിദ്ധാന്തത്തെപ്പറ്റി ആലോചിച്ചുപോകരുത്‌. ഞങ്ങൾക്കില്ലാത്തത്‌ നിനക്കെന്തിനാണ്‌ എന്നാണ്‌ പലരുടെയും നിലപാട്‌. മഹാത്മാഗാന്ധി സ്കൂൾ ഓഫ്‌ ലെറ്റേഴ്സിലെ ഡയറക്ടർക്കും ഒരു അധ്യാപകനും ഞാൻ ഈ പുസ്തകത്തിന്റെ കോപ്പികൾ അയച്ചുകൊടുക്കുകയുണ്ടായി. അയച്ചശേഷം വിളിച്ചപ്പോൾ, കിട്ടിയിട്ട്‌ അറിയിക്കാം എന്ന്‌ ഡയറക്ടർ പറഞ്ഞിരുന്നു. എന്നാൽ ബുക്ക്‌ കയ്യിൽ കിട്ടിയശേഷം അദ്ദേഹം മിണ്ടുന്നില്ല. ഫോണിൽ മെസേജ്‌ കൊടുത്തിട്ട്‌ മറുപടി ഇല്ല. തീർത്തും വെറുക്കപ്പെട്ടവനായ അനുഭവം. ഫോൺ വിളിച്ചാൽ എടുക്കില്ല. എന്റെ സിദ്ധാന്തങ്ങളോട്‌ വിയോജിപ്പുണ്ടെങ്കിൽ വ്യക്തിപരമായ അകൽച്ച എന്തിനാണ്‌? ഈ പുസ്തകം കണ്ട ഉടനെ ശത്രുവാകുകയാണ്‌.
ചോദ്യം: താങ്കളുടെ കാഴ്ചപ്പാടിൽ സാഹിത്യം ജീവിതവുമായി എങ്ങനെയാണ്‌ ബന്ധം സ്ഥാപിക്കുന്നത്‌?
എം.കെ: എഴുതുന്നതുകൊണ്ടാണ്‌ സാഹിത്യം ഉണ്ടാകുന്നത്‌. അതുകൊണ്ട്‌ എഴുതുമ്പോൾ അതിനൊരു വ്യക്തിത്വം വേണം. എഴുതിയശേഷം കഥ ഒരാൾക്ക്‌ പറഞ്ഞുകൊടുക്കുകയാണെങ്കിൽ ആഖ്യാനം വേറൊരു രീതിയിലായിരിക്കും സംഭവിക്കുക. എഴുത്തിന്റെ ക്രാഫ്റ്റ്‌ പരമപ്രധാനമാണ്‌. വിവരങ്ങൾ കൈമാറാനോ, സ്ഥലവിവരണത്തിനോ അല്ല കഥ എഴുതുന്നത്‌. കഥ എഴുത്തിലൂടെയാണ്‌ അസ്തിത്വം തേടുന്നത്‌. അത്‌ എങ്ങനെ സൂക്ഷ്മമായി ഘടിപ്പിക്കുന്നു എന്നത്‌ വളരെ പ്രധാനമാണ്‌. ഒരു സൗന്ദര്യാത്മക അവബോധമാണ്‌ എഴുത്തുകാരന്റെ കൈമുതൽ. അനുഭവങ്ങൾ ഉണ്ടായതുകൊണ്ടായില്ല. അതിനെ സൗന്ദര്യശാസ്ത്രമാക്കി പുനരവതരിപ്പിക്കണം. മനുഷ്യന്റെ അനൈഹികമായ സഞ്ചാരങ്ങളെ ഓർമ്മപ്പെടുത്തണം. ക്രാഫ്റ്റ്‌ പഠിക്കുകയാണ്‌ എഴുത്തുകാരന്റെ പ്രാഥമിക കടമ.
ചോദ്യം: മലയാളത്തിൽ ഇപ്പോൾ കഥകൾ ആഘോഷിക്കപ്പെടുകയാണല്ലോ.
എം.കെ: സാഹിത്യത്തിന്റെ നിലനിൽപ്പ്‌ എന്ന അർത്ഥത്തിൽ അതുകൊള്ളാം. പക്ഷേ, ലോകത്ത്‌ കഥകൾ ഇന്ന്‌ നിർണായകമല്ല. കഥയെഴുത്ത്‌ വിപ്ലവകരമാകുന്നേയില്ല. വായനയെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും ദർശനത്തെക്കുറിച്ചുമുള്ള ഗ്രന്ഥങ്ങളാണ്‌ ലോകത്തെ മാറ്റിയത്‌. ഇവാൻ ഇല്ലിച്ച്‌, ഇ.എഫ്‌. ഷൂമാക്കർ, ഫുക്കുവോക്ക, തോറോ, ബാർത്ത്‌, ദറിദ, തോമസ്‌ ഫ്രീഡ്മാൻ, അലൻ കിർബി തുടങ്ങിയവരുടെ കൃതികൾ പുതിയ ചിന്തകൾ അവതരിപ്പിച്ചു. ഇതു വല്ലാതെ സ്വാധീനിക്കപ്പെട്ടു.

ചോദ്യം : താങ്കളുടെ രചനകൾ മുഖ്യധാരയിൽ വേണ്ടപോലെ വന്നില്ല എന്ന്‌ തോന്നുന്നുണ്ടോ?
എം.കെ: എന്റെ ചിന്തകൾക്ക്‌ നല്ല പ്രചാരം കിട്ടിയിട്ടുണ്ട്‌. മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിൽ ഇരുപത്‌ വർഷം കോളം എഴുതിയില്ലേ? ഇരുപത്തിനാല്‌ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ബ്ലോഗുകളിലും ഇന്റർനെറ്റ്‌ ഇടങ്ങളിലും നിരന്തരമായി, പത്തു വർഷമായി സജീവമാണ്‌. എന്നാൽ മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ കമൽറാം സജീവ്‌ വന്നശേഷം ഉപരോധം ഏർപ്പെടുത്തി. ഭാഷാപോഷിണിയിൽ കെ.സി. നാരായണനും സഹകരിക്കാൻ ക്ഷണിച്ചില്ല. ഇവരൊക്കെ തടഞ്ഞിട്ടും എന്റെ എഴുത്തിനു ഒരു കുറവും വന്നിട്ടില്ല. പുതിയ പുതിയ ഇടങ്ങൾ കണ്ടെത്തി അത്‌ വളരുകയാണ്‌. മറ്റു ചിലരുടെ താത്പര്യം നോക്കിയാണ്‌ ഈ പ്രസിദ്ധീകരണങ്ങൾ യാതൊരു കാര്യവുമില്ലാതെ ഈ കൊടുംക്രൂരത ചെയ്തത്‌.
ചോദ്യം: സാഹിത്യോത്സവങ്ങളെപ്പറ്റി എന്താണ്‌ അഭിപ്രായം?
എം.കെ: സാഹിത്യം വളരെ ആഘോഷിക്കപ്പെടുമ്പോൾ, എഴുത്തുകാർക്ക്‌ അതുൾക്കൊള്ളാനുള്ള പക്വത ഉണ്ടോ എന്ന്‌ നോക്കണം. ഇപ്പോഴും കക്ഷിരാഷ്ട്രീയത്തിന്റെ പ്ലേഗ്‌ ബാധിച്ച എഴുത്തുകാരെ കാണാം. സാഹിത്യത്തിന്റെ ഏറ്റവും അഗാധവും തീവ്രവുമായ ഭാവം ഈ ലോകത്തോടുള്ള നിരൂപമമായ അഭിനിവേശമാണ്‌. വിഭാഗീയമായ മനസുള്ളവർക്ക്‌ സവിശേഷമായ ബൗദ്ധിക പരിസരത്ത്‌ എത്താനാവില്ല. ചിലരെ വെട്ടിനിരത്താൻ സാഹിത്യോത്സവങ്ങൾ ഒരു ഉപകരണമാക്കപ്പെടുകയാണോ എന്ന്‌ ചിലർക്കെങ്കിലും തോന്നുന്നുണ്ട്‌. പക്ഷം പിടിക്കാതെ വ്യക്തികളെ തിരഞ്ഞെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ അർത്ഥമില്ല. ഒരു കഥ മാത്രം എഴുതിയവരൊക്കെ ഇന്റർവ്യൂ ചെയ്യപ്പെടുന്നു. വ്യവഛേദിച്ച്‌ മനസിലാക്കാനോ, ചിന്താപരമായി സ്വയം വ്യതിരക്തമാവാനോ സാധ്യമല്ലാത്തവിധം ആരവങ്ങൾകൊണ്ട്‌ മൂടപ്പെടുകയാണ്‌ സാഹിത്യോത്സവങ്ങളെന്ന്‌ തോന്നുന്നു.
ചോദ്യം: താങ്കളുടെ എഴുത്തിന്റെ പ്രേരകശക്തി എന്താണ്‌?
എം.കെ.: മരണത്തിലേക്ക്‌ എത്തുന്നതിനു മുമ്പുള്ള സമയം എങ്ങനെ ദീർഘിപ്പിക്കാമെന്ന്‌ ആലോചിക്കുന്നതോടെയാണ്‌ എഴുത്ത്‌ വരുന്നത്‌. അത്‌ സൗന്ദര്യത്തെയാണ്‌ തേടുന്നത്‌. സാഹിത്യത്തിന്റെ നവാദ്വൈതം, എന്റെ മാനിഫെസ്റ്റോ, മറവിയുടെ നിർമ്മാണം തുടങ്ങിയ കൃതികൾ എന്റെ തത്ത്വശാസ്ത്ര നിർമ്മാണമാണ്‌. എന്നാൽ ആത്മായനങ്ങളുടെ ഖസാക്ക്‌, വീണപൂവ്‌ കാവ്യങ്ങൾക്ക്‌ മുമ്പേ, നവാദ്വൈതം വിജയന്റെ നോവലുകളിലൂടെ എന്നിവ സാഹിത്യ ആസ്വാദനവും വിമർശനവുമാണ്‌.
എഴുതാൻ മനസ്‌ സദാ ഉണർന്നിരിക്കുകയാണ്‌. ചുറ്റുപാടും ഒന്ന്‌ കണ്ണോടിച്ചാൽ മതി, പുതിയ വസ്തുതകൾ ഉയർന്നുവരും.
ചോദ്യം: താങ്കളുടെ നോവലുകൾ ഒരു പ്രസ്ഥാനമാണെന്ന്‌ സൂചിപ്പിച്ചു. അതിന്‌ പ്രത്യേക പേരുണ്ടോ?
എം.കെ: വ്യാജറിയലിസം അഥവാ സ്യൂഡോ റിയലിസം എന്ന്‌ പറയാം. കഥയിൽനിന്ന്‌ വീണ്ടും വ്യാജ യാഥാർത്ഥ്യങ്ങൾ ഉണ്ടാവുകയാണ്‌. യാഥാർത്ഥ്യംതന്നെ വ്യാജമാവുകയും അത്‌ കഥയിൽ യഥാർത്ഥമായിതീരുകയും ചെയ്യുന്ന അവസ്ഥയാണിത്‌. 

ചോദ്യം: ഭാരതീയ ദർശനങ്ങൾ ഏതെങ്കിലും തരത്തിൽ സ്വാധീനിക്കപ്പെട്ടിട്ടുണ്ടോ?
എം.കെ: ഭാരതീയ ദർശനങ്ങളുടെ ഒരു സ്പന്ദനം എപ്പോഴുമുണ്ട്‌. കാറ്റിൽപ്പോലും അതുണ്ട്‌. അദ്വൈതവുമായുള്ള ഒരു പാരസ്പര്യം എപ്പോഴുമുണ്ടായിരുന്നു. ഉപനിഷത്തിനെ ഓരോ നിമിഷവും ജീവിക്കുക എന്ന സാരത്തിലേക്ക്‌ ഞാൻ വ്യാഖ്യാനിച്ചു. എല്ലായിടത്തുമുള്ളത്‌ നാം അനുഭവിച്ചാൽ മതി. അത്‌ അനുഭൂതിയായി സ്പന്ദിച്ചുകൊണ്ടിരിക്കും. എന്നാൽ അതിനെ നവീനമായ സൗന്ദര്യശാസ്ത്രവുമായും സൈദ്ധാന്തികമായ ജ്ഞാനവുമായും കൂട്ടിയോജിപ്പിക്കേണ്ടതുണ്ട്‌. അപ്പോഴാണ്‌ സൃഷ്ടിപ്രക്രിയ പൂർത്തിയാകുന്നത്‌. ഈ നിലയിലാണ്‌ എന്റെ മൂന്നു നോവലും പ്രസക്തി തേടുന്നത്‌.
ചോദ്യം: പുരോഗമന സാഹിത്യം, റിയലിസ്റ്റ്‌ സാഹിത്യം, കാൽപനിക സാഹിത്യം എന്നൊക്കെ പറയുന്നതിനു ഇന്ന്‌ സാംഗത്യമുണ്ടോ?
എ.കെ: ബുദ്ധിയുള്ള ഒരാൾ വന്നാൽ ക്രാഫ്റ്റിൽ ഒരു അത്ഭുതമുണ്ടാകും. പുരോഗമന സാഹിത്യത്തിൽ ക്രാഫ്റ്റിന്റെ മികവ്‌ ഇതുവരെ ഉണ്ടായിട്ടില്ല. ഹെമിംഗ്‌വേയുടെ 'കിളിമഞ്ചാരോയിലെ മഞ്ഞ്‌' പോലെ ഒരു കഥയെഴുതാൻ അനുഭവം മാത്രം പോരാ. സർഗാത്മകവും സൗന്ദര്യശാസ്ത്രപരവുമായ അറിവ്‌ നല്ലപോലെ വേണം. 
ചോദ്യം: കേരള സാഹിത്യ അക്കാദമി, യൂണിവേഴ്സിറ്റികൾ തുടങ്ങിയവയുടെ പ്രവർത്തനം എങ്ങനെ കാണുന്നു.
എം.കെ: ചുരുങ്ങിയത്‌ കാൽനൂറ്റാണ്ട്‌ കാലമായിട്ട്‌ സാഹിത്യ അക്കാദമികളും യൂണിവേഴ്സിറ്റികളുമൊക്കെ ചിന്തിക്കുന്ന, നവമാനങ്ങളോടെ സൃഷ്ടിയിലേർപ്പെടുന്ന എഴുത്തുകാരെ അപമാനിച്ചുവിടുകയാണ്‌. ഒരു മൗലികശക്തിയുള്ള എഴുത്തുകാരന്‌ അങ്ങോട്ട്‌ കയറാൻ വയ്യ. കയറിയാൽ അവർ നിരാശരാക്കും.

ചോദ്യം: കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങളിൽ എഴുത്തുകാർക്ക്‌ സേൻസർഷിപ്പ്‌ ഏർപ്പെടുത്തിയിരുന്നല്ലോ. പിന്നെങ്ങനെ ആവിഷ്കാര സ്വാതന്ത്ര്യത്തിനുവേണ്ടി ഇവർക്ക്‌ വാദിക്കാനാകും?
എം.കെ: കമ്മ്യൂണിസ്റ്റ്‌ ഭരണം ലോകത്തെവിടെയും വന്നിട്ടില്ല. ഒന്നുകിൽ സ്വേച്ഛാധിപത്യം അല്ലെങ്കിൽ മുതലാളിത്തം. കമ്മ്യൂണിസ്റ്റ്‌ നേതാക്കൾ അഹിംസയിൽ വിശ്വസിക്കുന്നില്ലല്ലോ?
ചോദ്യം: കേരളത്തിലെ എഴുത്തുകാർ അരുംകൊലകൾ കണ്ടിട്ടും മിണ്ടാത്തതെന്തായിരിക്കും?
എം.കെ: എഴുത്തുകാരുടെ സംഘടനകളിലും പ്രവർത്തനങ്ങളിലും വളരെ രഹസ്യമായിട്ടുള്ള ഒരു അധോലോകസ്വഭാവമുണ്ട്‌. വിമർശിച്ചാൽ നിങ്ങളെ അവർ നിശ്ശബ്ദമായി കൊല്ലും.  ഒരിടത്തും പ്രവേശിപ്പിക്കുകയില്ല. പാർട്ടിയുടെ സാഹിത്യസമ്മേളനങ്ങളിൽ സ്വന്തം പാർട്ടിക്കാരെ മാത്രം പങ്കെടുപ്പിക്കുന്നത്‌ സംസ്കാരത്തിനു എതിരാണ്‌. സംസ്കാരം ആരുടെയും കുത്തകയല്ല. എല്ലാ വിഭാഗങ്ങൾക്കും അഭിപ്രായം പറയാനുള്ള വേദികൾ വേണം. കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ സാഹിത്യ സമ്മേളനങ്ങളിൽ കമ്മ്യൂണിസ്റ്റുകാർ മാത്രമാണ്‌ പങ്കെടുക്കുന്നതെങ്കിൽ, അത്‌ സങ്കുചിതത്വമാണ്‌.
ചോദ്യം: കേരളത്തിൽ ണല്ലോരു പുരോഗമന സാഹിത്യകാരനുണ്ടോ?
എം.കെ: കാണണമെന്ന്‌ ആഗ്രഹമുണ്ട്‌.
*published in janmabhumi daily 2018

Friday, October 5, 2018

ഞാനും നവാദ്വൈതവും/എം കെ ഹരികുമാർ

ഞാന്‍ എപ്പോഴും പലതായിരുന്നു. ആരാണ് സൃഷ്ടിച്ചതെന്ന് ചോദിച്ചാല്‍ ഒരു പിതാവ് ഉണ്ടെന്നതു നേരാണ്. എന്നാല്‍ പ്രസവത്തോടെ ഉണ്ടായ ഒരു ശിശുവല്ല ഞാനിപ്പോള്‍. ഞാന്‍ എന്ന ശിശുവില്‍ ഇന്നത്തെ ഞാനില്ലായിരുന്നു. ആ ശിശു പലതിന്‍റെയും ഒരു കവാടമായിരുന്നു. ശിശുവിന് എങ്ങോട്ടും വളരാം. ആകാശം അത്ര വിശാലമാണല്ലോ
. ഞാന്‍ ഒരിക്കലും ഒന്നായിരുന്നിട്ടില്ല. എപ്പോഴും എന്നെത്തന്നെ കബളിപ്പിച്ചുകൊണ്ട് ഞാന്‍ പൊയ്ക്കൊണ്ടിരുന്നു. ചില കാര്യങ്ങള്‍ അറിയാതെ പറഞ്ഞുപോയിട്ടുണ്ട്. പിന്നീട് എനിക്കുവേണ്ടി അത് തിരുത്തും. രണ്ടാമതൊരു ഞാന്‍ അവിടെ വരാറുണ്ട്. ആദ്യത്തെ എന്നെ നിരാകരിക്കാന്‍ രണ്ടാമത്തെ ഞാന്‍ നില്‍ക്കുന്നു. ഈ രണ്ടുപേരെയും ഞാന്‍ വെറുത്തിട്ടുണ്ട്. പിന്നെ ഞാനായി പലരും വന്നു. അവരെല്ലാം പോയി. ഇപ്പോഴുള്ള ഞാന്‍ എത്രയോ വട്ടം ഇല്ലാതാകുകയും പുതുതായി ജനിക്കുകയും ചെയ്തു.

ഓരോ നിമിഷവും ഞാന്‍ എന്ന വസ്തു സ്വയം നിരസിക്കുന്നുണ്ട്. ഇന്നലെകളെ ഒന്നുകൂടി സന്ദര്‍ശിച്ചാല്‍ അതോടെ ഞാന്‍ മാറി. പിന്നെ ഇന്നലെവരെ സ്വയം കരുതിവച്ച ഞാനല്ല ഉള്ളത്. ഒരു പുതിയ ഞാനുണ്ട് ഓരോ നിമിഷത്തിലും. എന്നാല്‍ അത് നിലനില്‍ക്കാനുള്ളതാണ്. മാറിക്കൊണ്ടിരിക്കണം. ഇന്ന് എന്താണോ ഞാന്‍, അതിനെ നിരസിച്ചുകൊണ്ട് മറ്റൊന്നാകാന്‍ ഞാന്‍ തീരുമാനിക്കേണ്ടതുണ്ട്. തീരുമാനിച്ചില്ലെങ്കിലും ഞാന്‍ മാറിയിരിക്കും. കാരണം ഇന്നലെകളില്‍ നാം ചിന്തിച്ചതോ, പ്രവര്‍ത്തിച്ചതോ പോലെ ഇന്ന് ചെയ്യാനൊക്കില്ല. പുതിയ ആശയമാണ് ഞാന്‍, ഇപ്പോഴും. എനിക്ക് ചുറ്റുപാടുനിന്നും കിട്ടുന്നതെല്ലാം എന്നെ പരിവര്‍ത്തിനത്തിനു സഹായിക്കുന്നു. മറ്റൊന്നിനോട് ചേരുമ്പോള്‍ ഞാന്‍ മാറും. ഒരാശയത്തിനു മാത്രമായി എങ്ങനെ നില്‍ക്കാനാകും. സ്വയം നിരാസം ഒരു വിരസതയുടെ ഫലമാണ്. ഒന്നില്‍ത്തന്നെ നോക്കിയിരിക്കാനാവില്ല. മനസ് എപ്പോഴും ഒരിടത്തുതന്നെ നില്‍ക്കുന്നില്ല. അങ്ങനെയാണെന്ന് വിശ്വസിക്കുന്നവര്‍ ദോഷൈകദൃക്കുകളും കുറ്റവാളികളുമാകുന്നു. മനസ് സദാ മാറുന്നതുകൊണ്ട് വെറുപ്പിനും ദ്വേഷത്തിനും സ്ഥാനമില്ല. സ്നേഹം ആര്‍ക്കും ദോഷമുണ്ടാക്കാത്തതാണ്. അതുകൊണ്ട് സ്നേഹം സ്ഥിരമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നത് കൊള്ളാം. എന്നാല്‍ സ്നേഹത്തിനും മാറണം. എപ്പോഴും സ്നേഹമില്ല. ചില നക്ഷത്രങ്ങള്‍ വല്ലപ്പോഴും മുഖാമുഖം വരുന്നതുപോലെയാണ് സ്നേഹം. അതു മനസില്‍ നിന്ന് മാറി മറ്റൊന്നാകാന്‍ സദാ മുറവിളി കൂട്ടുകയാണ്. മനസിലെ ഓരോ വാക്കും ആശയവും ചിന്തയും കൂട്ടിലിട്ട വെരുകിനെപ്പോലെയാണ്. പുറത്തുകടക്കാനുള്ള ഉല്‍ക്കടമായ അഭിനിവേശമാണ്. പുറത്തുകടക്കാന്‍ അനുവദിക്കുന്നതാണ് സ്വാതന്ത്ര്യം. അതിനെ വിവേകപൂര്‍വം നയിക്കുന്നതാണ് യുക്തി.

നവാദ്വൈതത്തിന്‍റെ പ്രവര്‍ത്തനമണ്ഡലം ഈ പുറത്തുകടക്കലാണ്. പുതിയ രൂപവും ഭാവവും ആര്‍ജിക്കുന്നത് ഒരു സ്ഥിരം കൂടാരം എന്ന നിലയിലാണ്. മറ്റൊന്നായി മാറുന്നതിന്, നിരാകരിക്കുന്നതിനുവേണ്ടിയാണ് പിടച്ചില്‍. നിരസിക്കുന്നതോടൊപ്പം നിര്‍മ്മിക്കുകയും ചെയ്യുകയാണ് നാം. ഇന്നലെകളില്‍ പറ്റിയ ധാരണപ്പിശകുകള്‍ ഇന്ന് തള്ളിക്കളയുകയും മറ്റൊന്ന് അവിടേക്ക് കടന്നുവരുകയും ചെയ്യുന്നു. എന്നാല്‍ അടുത്ത ക്ഷണം അത് തള്ളപ്പെടുകയാണ്. ആ തള്ളിക്കളയല്‍ പുതിയൊരു നിര്‍മ്മാണമാണ്. ഒരു ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ വശങ്ങളിലെ ദൃശ്യങ്ങള്‍ കാണാന്‍ ഉത്സുകരാവുന്ന നാം അടുത്ത ക്ഷണം മറ്റൊരു ദൃശ്യത്തിന്‍റെ മനോഹാരിതയിലേക്ക് വീഴുകയാണ്. തൊട്ടുമുമ്പ് ആകര്‍ഷിച്ച ദൃശ്യം എവിടെപ്പോയി? അതിനു മനസിനുള്ളില്‍ ഇടമില്ലാതായി. പുതുതായി വരുന്ന ദൃശ്യങ്ങള്‍ എല്ലാറ്റിനെയും വിഴുങ്ങി ദൂരേക്ക് എറിയുന്നു. നിരാസവും നിര്‍മ്മാണവുമുണ്ട്. ഒന്നിലും ഞാനില്ല.
എന്നാല്‍ എല്ലാറ്റിലും ഞാനുണ്ടായിരുന്നു. എനിക്കൊന്നിലും ഒതുങ്ങാന്‍ ആവില്ല. ഞാന്‍ എന്നെയും അജ്ഞാതനാക്കി കുതിക്കുകയാണ്. ഈ നിമിഷം എല്ലാറ്റിനെയും വിഴുങ്ങുമ്പോള്‍, അതിനെയും അടുത്ത നിമിഷം വിഴുങ്ങുകയാണ്. കാലത്തിനുള്ളില്‍ ഞാന്‍ പലതായിപ്പോകുന്നു. ഞാന്‍ എന്താണെന്നതിന് ഒരു വിലയുമില്ല. ഞാന്‍ എന്തെല്ലാമായിരുന്നു എന്നതിനു വിലയില്ല. ഞാന്‍ മറ്റൊന്നിനുവേണ്ടി ഉഴറുകയാണ്. ഇത് സത്യമാണ്. സ്ഥിരമായി നില്‍ക്കാത്ത സത്യമാണത്. ഈ സത്യത്തെ പിടിക്കാനാവില്ല. അത് മത്സ്യത്തെപ്പോലെ വഴുതിപ്പോകും. സത്യ എവിടെയോ ഉണ്ട്, അജ്ഞാതമായി. എന്നാല്‍ അത് രൂപമോ ഘടനയോ ഇല്ലാതെ ഒരു പ്രതീതി മാത്രമായിത്തീരുകയും ചെയ്യുന്നു. സത്യം ഇതിനിടയില്‍ എങ്ങനെയോ എന്നെ കാണാതെ ഒളിച്ചുകളിക്കുകയാണ്.

ഞാന്‍ ഒന്നില്‍ നിന്നല്ല വന്നത്; ഒന്നായിരിക്കുന്നുമില്ല. ഒന്നായിട്ട് ഇരിക്കുകയുമില്ല. ഒന്നാകാതെ, പലതായി പിരിഞ്ഞ് പൊയ്ക്കൊണ്ടിരിക്കും. അദൃശ്യമായ സത്യമായി എങ്ങനെ ഞാന്‍ ഇതുവരെ നിലനിന്നുവോ അതുപോലെതന്നെ അത് തുടരുകയും ചെയ്യും.

Friday, April 15, 2016

RESPONSE



DEAR READERS,
PLEASE  RESPOND TO THESE ARTICLES.
IT WILL BE PUBLISHED ON THIS SITE.
EMAIL, kuthattukulam@gmail.com
pho: 9995312097