ലോകം
കണ്ട ഏറ്റവും വലിയ ഏകാധിപതികളിലൊരാളായ റഷ്യൻ ഭരണാധികാരി ജോസഫ്
സ്റ്റാലിന്റെ അധികമാരും അറിയാത്ത അഭിനിവേശങ്ങളിലേക്ക് നമ്മെ നയിക്കുകയാണ്,
ജിയോഫ്രി റോബർട്ട് സ്(Geoffrey Roberts)എഴുതിയ Stalin's Library - a
dictator and his books എന്ന ഗ്രന്ഥം .സ്റ്റാലിനെ കൂടുതൽ സുമുഖനാക്കാനല്ല ഈ
ഗ്രന്ഥം. ഇതിൻ്റെ ടൈറ്റിൽ സൂചിപ്പിക്കുന്നതു പോലെ ഇവിടെ ഏകാധിപതിയുടെ
വായനയും പുസ്തകജീവിതവുമാണ് അന്വേഷിക്കുന്നത്. Tiflis സെമിനാരിയിൽ
പഠിക്കുമ്പോൾ തന്നെ മാർക്സിസത്തിൽ ആകൃഷ്ടനായതാണ് സ്റ്റാലിൻ
(1878-1953).1924 മുതൽ 1953 വരെയാണ് സ്റ്റാലിൻ്റെ ഭരണകാലം .1922 മുതൽ 1952
വരെ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ
സെക്രട്ടറിയായിരുന്നു.ലെനിൻ്റെ മരണത്തോടെയാണ് സ്റ്റാലിൻ
അധികാരത്തിലെത്തുന്നത്. സ്റ്റാലിൻ നടപ്പാക്കിയ വിട്ടുവീഴ്ചയില്ലാത്ത
അടിച്ചമർത്തൽ ഭരണരീതി സ്റ്റാലിനിസം എന്നാണ് അറിയപ്പെടുന്നത് .രാഷ്ട്രീയ
പ്രവർത്തനം തുടങ്ങിയ ശേഷം സ്റ്റാലിൻ പല തവണ സൈബീരിയയിലേക്ക്
നാടുകടത്തപ്പെട്ടു.
ഈ പുസ്തകം ഒരു പ്രത്യേക
നോട്ടമാണ്. സ്റ്റാലിന്റെ പുസ്തകശേഖരത്തിലൂടെയുള്ള നോട്ടമാണ്.
ജീവിതകാലമത്രയും നീണ്ടുനിൽക്കുന്ന ഒരു ഭ്രമമാണ് അദ്ദേഹത്തിനു
പുസ്തകങ്ങളോടുണ്ടായിരുന്നത്. മോസ്കോയിലെ വസതിയിൽ പ്രധാന മുറി ലൈബ്രറിക്ക്
വേണ്ടി മാറ്റി വച്ചിരിക്കുകയായിരുന്നു. സ്റ്റാഫും മറ്റുള്ളവരും നൽകുന്ന
പുസ്തകങ്ങൾ വയ്ക്കാൻ വീടിനോട് ചേർന്ന് വേറൊരു മുറിയും
സജ്ജീകരിച്ചിട്ടുണ്ടായിരുന്നു. കൂടുതൽ സമയവും അദ്ദേഹം
ലൈബ്രറിയിലായിരുന്നത്രേ. സ്റ്റാലിൻ്റെ മരണത്തിനു പിറ്റേന്നു അവിടം
സന്ദർശിച്ച Dmitry Shepilov കണ്ടത് എഴുതാൻ വേണ്ടി ഉപയോഗിച്ചിരുന്ന വലിയൊരു
മേശയും അതിനോടു അടുത്ത് സൂക്ഷിച്ചിട്ടുള്ള കടലാസുകളും കൈയെഴുത്തുപ്രതികളും
പുസ്തകങ്ങളുമായിരുന്നു. അദ്ദേഹം ലൈബ്രറിയിൽ കിടന്നാണ് മരിച്ചത്. അപ്പോൾ
അവിടെ 2500 ലേറെ പുസ്തകങ്ങളും മാസികകളും ഉണ്ടായിരുന്നു .സ്റ്റാലിൻ്റെ
മരണാനന്തരം ആ പുസ്തകങ്ങൾ പലയിടങ്ങളിലേക്ക് മാറ്റപ്പെട്ടു. ആ വീട്
അദ്ദേഹത്തിൻ്റെ മ്യൂസിയമാക്കാനുള്ള ശ്രമം പിൻഗാമിയായ ക്രൂഷ്ചേവ് തടയുകയാണ്
ചെയ്തത്. എന്നാൽ ചില പ്രധാനപെട്ട പുസ്തകങ്ങളും രേഖകളും കമ്മ്യൂണിസ്റ്റ്
പാർട്ടിയുടെ ശേഖരത്തിലുണ്ടായിരുന്നു. അദ്ദേഹം അടയാളപ്പെടുത്തിയ നൂറു
പുസ്തകങ്ങൾ അങ്ങനെ കണ്ടുകിട്ടി.
1980 കളുടെ
ഒടുവിൽ സോവിയറ്റു യൂണിയൻ ശിഥിലമായതോടെ സ്റ്റാലിന്റെ പുസ്തകങ്ങളിലേക്ക്
എല്ലാവർക്കും വാതിൽ തുറന്നു കിട്ടി. അവതാരികയിൽ (Introduction: Kremlin
Scholar)സ്റ്റാലിൻ കർക്കശബുദ്ധിയുള്ള ഒരു
ബുദ്ധിജീവിയായിരുന്നുവെന്നു(Stalin was a serious intellectual who valued
ideas as much as power) രേഖപ്പെടുത്തിയിട്ടുണ്ട് .അദ്ദേഹം ആശയങ്ങളുടെ
പിന്നാലെ കൊമ്പുള്ള ഒരു മൃഗത്തെപ്പോലെ സഞ്ചരിച്ചു. അധികാരത്തോടെന്ന പോലെ
ആസക്തമായി പിന്തുടർന്നു. വാക്കുകളുടെ ശക്തിയിൽ 'വിശ്വസിച്ച' അദ്ദേഹം
പുസ്തകങ്ങളിൽ അന്വേഷിച്ചത് ഒരു വലിയ കമ്മ്യൂണിസ്റ്റ് അവബോധത്തിലേക്ക്
എങ്ങനെ എത്തിച്ചേരാമെന്നായിരുന്നു .ആശയങ്ങളും അതിൻ്റെ പ്രയോഗവും
വിചിത്രമായി രീതിയിൽ കലഹിക്കുകയോ അകന്നുപോവുകയോ ചെയ്യുന്നത് സ്വാഭാവികമാണ്
.മനുഷ്യൻ്റെ വിധിയാണത്. സോവിയറ്റ് സോഷ്യലിസം എന്ന ഒരിക്കലും നടക്കാത്ത
ആദർശത്തിനു വേണ്ടിയാണ് അദ്ദേഹം വാക്കുകളെ 'വിശ്വസിച്ചത്'.എന്നാൽ അത്
മതപരമായ ഒരു വിശ്വാസമല്ല. അത് ആഭിമുഖ്യവും സന്ദേഹവുമാണ് ഉൾക്കൊള്ളുന്നത്.
സ്റ്റാലിനു
ചരിത്രത്തോടായിരുന്നു ഏറ്റവും അടുപ്പം തോന്നിയത്. മാർക്സിയൻ സിദ്ധാന്തവും
സാഹിത്യവുമെല്ലാം ഇതിന്റെ ഭാഗമായാണ് വായനയിൽ ഇടം തേടിയത്. ലെനിൻ്റെ
പുസ്തകങ്ങൾ കമ്പോടു കമ്പ് വായിച്ച സ്റ്റാലിൻ തൻ്റെ എതിരാളികൾ എഴുതിയ
പുസ്തകങ്ങളും ലേഖനങ്ങളും കൃത്യമായി നോക്കുമായിരുന്നു.ആഗോള സാഹചര്യങ്ങളെ
മനസ്സിലാക്കുന്നതിൽ അതീവ തല്പരനായിരുന്ന സ്റ്റാലിനു റഷ്യൻ ,ജോർജിയൻ
ഭാഷകളിലാണ് പരിജ്ഞാനമുണ്ടായിരുന്നത്. അതുകൊണ്ട് വിദേശപുസ്തകങ്ങളുടെ
പരിഭാഷകളെയും ആശ്രയിച്ചു.ഒരു ഡയറിയോ ഓർമ്മക്കുറിപ്പുകളോ എഴുതി
സൂക്ഷിക്കാത്ത അദ്ദേഹത്തിന്റെ സാഹിത്യപരമായ അഭിവാഞ്ച വലുതായിരുന്നു
.അദ്ദേഹം എഡിറ്റ് ചെയ്തതും രചിച്ചതും വായിച്ചതുമായ പുസ്തകങ്ങളിലൂടെ
സഞ്ചരിച്ചാൽ ഇത് പിടികിട്ടും.
വിപ്ലവവും സൗന്ദര്യവും
ഒരു
രാഷ്ട്രീയ ഏകാധിപതിയുടെ ജീവിതം അദ്ദേഹത്തിനു അനിവാര്യമായിരുന്നു.
വിപ്ലവാനന്തര ഭരണകൂടത്തിൻ്റെ അണിയറയിൽ സഹിക്കാനും തകർക്കാനും ധാരാളം
പ്രശ്നങ്ങളുണ്ടാവും .അതിനു സൗന്ദര്യം ഉണ്ടാകണമെന്നില്ല .വിപ്ളവത്തിനു
സൗന്ദര്യം ആവശ്യമായി വരുമെന്നു ആൽബേർ കമ്യു പറഞ്ഞത് ഇവിടെ ഓർക്കുന്നത്
നല്ലതാണ്. മനുഷ്യനുവേണ്ടി സൃഷ്ടിക്കപ്പെടുന്ന ഒരു ലോകക്രമം അതിനുള്ളിൽ
തന്നെ വളർന്നുവരുന്ന സന്ദേഹങ്ങളുടെയും ആപത്ശങ്കകളുടെയും സമ്മർദ്ദഫലമായി
മനുഷ്യവിരുദ്ധമായിത്തീരുന്നത് സ്വാഭാവികമാണ്. ഒരു നേതാവിനു പോലും അതിൻ്റെ
ബലഹീനതകൾ കണ്ടെത്താനാകില്ല. ബുൾഗാകോവ് എഴുതിയ Heart of a dog ,The Master
and Margarita എന്നീ നോവലുകൾ കമ്യൂണിസ്റ്റ് ഭരണരീതിയിലെ അസംബന്ധത്തെ
തുറന്നു കാട്ടാൻ വേണ്ടി എഴുതിയതാണ്.
എന്നാൽ
പരാജയഭീതിയിൽ ഏകാധിപതി ചെയ്തുവയ്ക്കുന്ന അനേകം അസംബന്ധങ്ങൾക്കിടയിലും
ആശയങ്ങളിൽ അയാൾക്ക് ഒരു വഴി കണ്ടെത്തേണ്ടതുണ്ട്. എത്ര യഥാർത്ഥമായ
ഭരണക്രമത്തിലും ഒരു അന്തർമുഖത്വമുണ്ട്. എല്ലാം ആഗോളവൽക്കരിക്കപ്പെട്ട ഒരു
നേരിലും സമത്വത്തെബോധത്തെ ലക്ഷ്യംവെയ്ക്കുന്ന പ്രത്യാശയിലുമാണ്
വിലമതിക്കപ്പെടുന്നത്. സ്റ്റാലിന്റെ രാഷ്ട്രീയജീവിതത്തിന്റെ മറുപുറമാണ്
വായനജീവിതം (reading life) .സ്വയം ആരാണെന്നു ബോധ്യമുള്ള ഒരു ധിഷണാശാലിയായ
വിപ്ലവകാരി എന്നാണ് ഈ പുസ്തകത്തിൽ സ്റ്റാലിൻ്റെ വിശേഷണം .അക്കാലത്ത്
ബോൾഷെവിക്കുകൾ പുസ്തകവായനയെ വളരെ ഗൗരവമായി കണ്ടിരുന്നു.
രാഷ്ട്രീയപ്രവർത്തനത്തിൽ ചിന്തകൾക്കും ആശയങ്ങൾക്കും സ്ഥാനമുണ്ടെന്നു
തിരിച്ചറിഞ്ഞ് ലോകചരിത്രത്തിൻ്റെ പരിണാമവും വിചാരധാരകളും എങ്ങനെയാണ്
തങ്ങളെ നയിക്കാൻ പര്യാപ്തമാകുന്നതെന്നു അവർ അന്വേഷിച്ചുകൊണ്ടിരുന്നു.
ജനങ്ങളുടെ കാഴ്ചപ്പാടുകളെ മാത്രമല്ല മനുഷ്യപ്രകൃതിയെ തന്നെ മാറ്റിമറിക്കാൻ
പുസ്തകങ്ങൾക്ക് കഴിയുമെന്ന് ചിന്തിച്ചവരാണ് ബോൾഷെവിക്കുകൾ.
ഒരാളുടെയുള്ളിൽ
എന്താണ് സംഭവിക്കുന്നതെന്ന് നമുക്കറിയില്ല. എന്നാൽ അയാളുടെ പുസ്തകശേഖരം
നോക്കിയാൽ അയാൾ എങ്ങനെയാണ് ഉള്ളിൽ ജീവിച്ചതെന്നു ബോധ്യപ്പെടാനാകും.ഇത്
സ്റ്റാലിൻ്റെ അഭിപ്രായമാണ് .സ്റ്റാലിൻ്റെ സമഗ്രരചനകൾ എഴുതപ്പെടുന്നതിൽ
അദ്ദേഹം പുലർത്തിയ നിബന്ധന ഓർക്കേണ്ടതുണ്ട് .തന്റെ ലേഖനങ്ങളും
പ്രഭാഷണങ്ങളും സംഭാഷണങ്ങളും ലഘുലേഖകളും കൈപ്പുസ്തകങ്ങളും
ബൗദ്ധികജീവിതത്തിന്റെ പ്രകാശനത്തിനു ഉപകരിക്കുമെന്നാണ് ചിന്തിച്ചത് .എന്നാൽ
ജീവിതകാലത്ത് ആ ജീവചരിത്രരചന പൂർത്തീകരിച്ചില്ല. ക്രൂഷ്ചേവ് ആ പദ്ധതി
റദ്ദാക്കി. അപ്പോൾ പ്രസിദ്ധീകരിക്കപ്പെട്ടു കഴിഞ്ഞ സമ്പൂർണ കൃതികളുടെ 13
വാല്യങ്ങൾ ആ ജീവിതത്തിൻ്റെ ബൗദ്ധിക വ്യാപാരത്തിൻ്റെ വ്യാപ്തി
അറിയിക്കുന്നതാണ് .
വളരെ ചെറുപ്പത്തിൽ പുസ്തകങ്ങൾ
വായിച്ചു തുടങ്ങിയ സ്റ്റാലിൻ്റെ ആഗ്രഹം ഒരു കോളേജ് പ്രൊഫസർ
ആകണമെന്നായിരുന്നു. എന്നാൽ സാറിസ്റ്റ് ഭരണക്രമത്തിൻ്റെ ഭാഗമായ അടിച്ചമർത്തൽ
അദ്ദേഹത്തെ രാഷ്ട്രീയസമരരംഗത്തേക്കു വഴി തിരിച്ചുവിടുകയായിരുന്നു. നന്നായി
ബൈബിൾ വായിക്കുകയും പഠിക്കുകയും ചെയ്ത അദ്ദേഹം രാഷ്ട്രീയജീവിതത്തിനിടയിൽ
ദൈവമില്ലാത്ത മാർക്സിസ്റ്റ് സിദ്ധാന്തങ്ങളിലേക്കാണ് ആഴ്ന്നിറങ്ങിയത്.
മതസരഹിതമായ ജീവിതത്തിനു വേണ്ടി ദൈവത്തെ ഉപേക്ഷിക്കുകയാണ്
ചെയ്തത്.അക്കാലത്ത് ബോൾഷെവിക്കാകുന്നവർ ദൈവത്തെ നിരാകരിക്കുകയാണ് പതിവ്.
അവർ ശാസ്ത്രത്തെയാണ് അവലംബിച്ചത്; യുക്തിയിലാണ് ജീവിച്ചത്.
അടിച്ചമർത്തലിനും പീഡനത്തിനും എതിരെ പോരാടുകയും തൊഴിലാളികളുടെയും
കർഷകരുടെയും വിമോചനത്തിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്യുമ്പോൾ
യുക്തിസഹമായ പദ്ധതികൾക്കായിരുന്നു പ്രാധാന്യം.
വിപ്ളവത്തിലെ മാമോദീസ
രാഷ്ട്രീയത്തിലെ
പ്രായോഗികതയുടെ ഭാഗമായിട്ടെന്നപോലെ റഷ്യൻ ഓർത്തഡോക്സ് ചർച്ചുമായി
ഒത്തുതീർപ്പിൻ്റെ പാതയാണ് ബോൾഷെവിക്കുകൾ സ്വീകരിച്ചത്. സ്വന്തം
വിപ്ലവബീജാങ്കുരങ്ങളെക്കുറിച്ച് സ്റ്റാലിൻ വെളിപ്പെടുത്തിയ ഒരു സന്ദർഭം ഈ
പുസ്തകത്തിലുണ്ട്. 1926 ൽ ജോർജിയയിൽ ഒരു മാസം നീണ്ട പര്യടന കാലത്ത്
തിബിലീസിൽ (Tbilisil) അദ്ദേഹം റെയിൽവേ തൊഴിലാളികളെ അഭിസംബോധന ചെയ്ത
വേളയിലാണ് ഇത് വിശദീകരിച്ചത് .രാഷ്ട്രീയവിപ്ളവത്തിലേക്ക് ജ്ഞാനസ്ഥാനം
ചെയ്യപ്പെടുന്നതിനു മുമ്പുള്ള ഒരുക്കത്തെക്കുറിച്ചായിരുന്നു ആ പ്രഭാഷണം.
താനൊരു യുദ്ധപ്രഭു അല്ലെന്നു അവകാശപ്പെട്ട അദ്ദേഹം തന്റെ യഥാർത്ഥ രാഷ്ട്രീയ
ജീവിതത്തിലെ പാഠങ്ങൾ തൊഴിലാളികളിൽനിന്നു പഠിച്ചതാണെന്നു തുറന്നു പറഞ്ഞു.
അവിടത്തെ തൊഴിലാളികളായിരുന്നു ആദ്യ ഗുരുക്കന്മാർ.1898 ൽ റെയിൽവേ
തൊഴിലാളികൾക്ക് വേണ്ടി രൂപീകരിച്ച സ്റ്റഡി സർക്കിളിന്റെ ചുമതല
സ്റ്റാലിനായിരുന്നു .അതിൻ്റെ ഭാഗമായാണ് അവിടെ മിക്കപ്പോഴും സന്ദർശിച്ചത്.
പ്രായോഗിക രാഷ്ട്രീയത്തിലെ പ്രവർത്തനങ്ങൾ എങ്ങനെയായിരിക്കണമെന്ന പാഠം
അവിടെ
നിന്നാണ് ലഭിച്ചത്.വിപ്ലവ പോരാട്ടത്തിലെ ആദ്യത്തെ മാമോദിസ(first baptism
in the revolutionary stuggle) എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. അത്
വിപ്ലവം എന്ന കലയിൽ അപ്രൻ്റീസായി പ്രവർത്തിക്കാനുള്ള ആദ്യ അവസരമായിരുന്നു.
രണ്ടാം മാമോദിസ എന്നു പറയാവുന്നത് 1907-1909 വരെയുള്ള Baku വിൽ ജീവിച്ച
കാലത്തെ അനുഭവങ്ങളാണ്. അവിടെ എണ്ണത്തൊഴിലാളികളെ സംഘടിപ്പിക്കുകയായിരുന്നു
അക്കാലത്തെ മുഖ്യ ചുമതല.അന്ന് ഒരു സഞ്ചാരിയായി മാറി. ജയിലുകളിൽനിന്നു
സഖാക്കളെ നാടുകടത്തിയ പ്രദേശങ്ങളിലേക്ക് ദൗത്യവുമായി സഞ്ചരിക്കേണ്ടിവന്നു.
1917 ലാണ് പാർട്ടി പെട്രോഗ്രാഡിലേക്ക് അയച്ചത് .അത് മൂന്നാം
മാമോദിസയായിരുന്നു. എന്നാൽ റഷ്യയിൽ ലെനിൻ്റെ മേൽനോട്ടത്തിലാണ് സ്റ്റാലിൻ
വിപ്ലവത്തിന്റെ കലയിൽ സ്വാഭിപ്രായ സ്ഥൈര്യമുള്ള ഒരു ആവിഷ്കർത്താവാകുന്നത്.
1925ലാണ്
സ്റ്റാലിൻ തന്റെ സ്റ്റാഫിനോട് ഒരു ലൈബ്രറിയുണ്ടാക്കുന്നതിന്റെ ഭാഗമായി
പുസ്തകം തരം തിരിക്കാൻ ആവശ്യപ്പെട്ടത്. 32 വിഭാഗങ്ങൾ നിർദ്ദേശിക്കപ്പെട്ടു.
അതിൽ തത്ത്വചിന്ത, മന:ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ധനം, വ്യവസായം, കൃഷി,
സഹകരണം, റഷ്യൻ ചരിത്രം, നയതന്ത്രം ,സൈനിക കാര്യങ്ങൾ, തൊഴിലാളികൾ, ട്രേഡ്
യൂണിയൻ, കഥ, കലാവിമർശനം, ഓർമ്മകൾ തുടങ്ങിയവ ഉൾപ്പെടുന്നു .ഇതിനു പുറമേ
മറ്റൊരു തരംതിരിക്കൽ നിർദ്ദേശിച്ചത് ലെനിൻ ,മാർക്സ് ,ഏംഗൽസ്, കൗട്സ്കി
,സുഖ്നേവ്, ട്രോസ്കി, ബുഖാറിൻ ,സിനോവീവ്, കമനേവ് ,ലഫാർ ലക്സംബർഗ് ,റാദെയ്
എന്നിവരുടെ പുസ്തകങ്ങളുടെ കാര്യത്തിലാണ്. ബോൾഷെവിക്കുകളുടെ എതിരാളികളും
വിമർശകരുമായ കാൾ കൗട്സ്കി, റോസാ ലക്സംബർഗ്, പാർട്ടിക്കുള്ളിലെ വിമർശകരായ
ലിയോൺ ട്രോട്സ്കി ,ലവ് കമനേവ് ,ഗ്രിഗറി സിനോവീവ് എന്നിവരുടെ പുസ്തകങ്ങൾക്ക്
എത്രമാത്രം പ്രാധാന്യം കൊടുത്തുവെന്ന് ഇത്
വ്യക്തമാക്കുന്നു.പുസ്തകങ്ങളുടെ ലിസ്റ്റ് തയ്യാറാക്കാൻ സഹായിച്ചത്
സെക്രട്ടറി P.Tovstukha യാണ്.
സ്റ്റാലിനും നിഷെയും
സ്റ്റാലിൻ്റെ തത്ത്വശാസ്ത്രഗ്രന്ഥശേഖരത്തിൽ
Moris
G Leiteizen ൻ്റെ Nietzsche and Finance capital (1928)എന്ന
പുസ്തകമുണ്ടായിരുന്നു. ബോൾഷെവിക്കുകൾ പെറ്റിബൂർഷ്വാ എന്നു കുറ്റപ്പെടുത്തി
നിരോധിച്ച എഴുത്തുകാരനാണ് ജർമ്മൻ തത്ത്വചിന്തകനായ ഫ്രഡറിക് നിഷെ.
ഫാസിസ്റ്റ് നാസി ചിന്തകന്മാരോടുള്ള കൂട്ടുകെട്ടാണ് നിഷെയെ ഔദ്യോഗിക
സോവിയറ്റ് സംസ്കാരത്തിൽനിന്ന് അകറ്റിയത്. നിഷെയുടെ കൃതികൾ സ്റ്റാലിൻ
വായിച്ചിട്ടുണ്ടോ എന്നതിനു തെളിവില്ല. നിഷെയുടെ വിമർശകനായിരുന്നു
Leiteizen. ബോൾഷെവിസത്തിനും നിഷെയുടെ തത്ത്വചിന്തയായ നിഹിലിസത്തിനും
(സർവ്വനിഷേധം) ഇടയിൽ യോജിപ്പിന്റെ ഒരു നേരിയ ധാരയുണ്ടെന്നു അദ്ദേഹം
കണ്ടുപിടിക്കുന്നുണ്ട്. ഇക്കാര്യം അവതാരികയിൽ Anatomy Lunacharsky
പിന്താങ്ങുന്നുമുണ്ട്. Leiteizen എഴുതുന്നു :നിഷെ നമ്മിൽ നിന്നു വളരെ അകന്ന
ഒരു ചിന്തകനാണ്. എന്നാൽ അദ്ദേഹം വളരെ അടുത്തുമാണ്. അദ്ദേഹത്തിൻ്റെ രചനകൾ
വായിക്കുമ്പോൾ കിട്ടുന്നത് പർവതങ്ങളിലൂടെ വീശുന്ന ശുദ്ധമായ വായുവാണ്
.ആശയത്തിന്റെ കൃത്യതയും തെളിമയും ഉണ്ടായിരിക്കും. മനോഹരമായ ഒരു വാക്യത്തിനു
പിറകിൽ ഒളിപ്പിച്ച യാതൊന്നുമില്ല. നഗ്നവും അനലംകൃതവുമായ ഇതേ ഭാഷയാണ്
വർഗ്ഗബന്ധങ്ങളിലും, മിഥ്യകൾക്കും ആദർശങ്ങൾക്കും എതിരായ
സമരത്തിനുമുള്ളത്.സാധാരണമായ ദൈവങ്ങൾക്കും ചതിക്കുന്ന ജനാധിപത്യത്തിനും
എതിരായ നിഷെയുടെ സമരത്തിലും ഇതു തന്നെ കാണാം. നമ്മെ ഇരുകൂട്ടരെയും
ബന്ധിപ്പിക്കുന്നത് വ്യക്തിവാദത്തിനും മുതലാളിത്ത സമൂഹത്തിന്റെ
അരാജകത്വത്തിനും എതിരായ സമരമാണ്. "
ഗ്രന്ഥകാരൻ
എഴുതുന്നു: "ഒരു യുവാവെന്ന നിലയിൽ സ്റ്റാലിൻ്റെ ആദ്യത്തെ ഇഷ്ടം
കവിതയോടായിരുന്നു .ആദ്യം പ്രസിദ്ധീകരിച്ചത് ദേശഭക്തി നിറഞ്ഞ
കവിതകളായിരുന്നു .വിപ്ലവകരമായ ഉള്ളടക്കമുള്ള കഥകളാണ് അദ്ദേഹത്തെ
വിപ്ലവത്തിലേക്ക് ആകർഷിച്ചത്. മാർക്സിനെ പോലെ, ലെനിനെ പോലെ അദ്ദേഹം
സാഹിത്യത്തിലെ ക്ലാസിക്കുകളുടെ , നവീന അവബോധം സൃഷ്ടിക്കാനുള്ള പങ്ക്
മനസ്സിലാക്കി .അതുപോലെ ജനങ്ങളെ ചലിപ്പിക്കാൻ ശേഷിയുള്ള നാടകങ്ങളെയും
സിനിമകളെയും കുറിച്ച് അറിവ് നേടി .ഒരു സോഷ്യലിസ്റ്റ് സമൂഹത്തിലെ എഴുത്തുകാർ
മനുഷ്യാത്മാവിൻ്റെ എഞ്ചിനീയർമാരാണ് (Engineers of human soul)എന്ന
സ്റ്റാലിന്റെ പ്രസ്താവന പ്രശസ്തമാണ്. സ്റ്റാലിന്റെ കാര്യത്തിൽ സാഹിത്യം
മനുഷ്യമനസ്സുകളെ ജയിക്കാനുള്ള മാർഗമായിരുന്നു."
ലോകം
പുറമേ കണ്ട അധികാരരൂപമായ ഒരു സ്റ്റാലിനല്ല അദ്ദേഹത്തിൻ്റെ മനസ്സിൽ
ജീവിച്ചതെന്നു നിരീക്ഷിക്കുന്നതിൽ ഒരു കൗതുകമുണ്ട്.സ്റ്റാലിൻ ഒരു ഇരട്ട
ജീവിതമാണ് നയിച്ചത്. ഇത് ബുദ്ധിപരമായ കഴിവുകളുടെ ആന്തരിക
സമ്മർദ്ദത്തിൽപ്പെടുന്നവർക്ക് സ്വാഭാവികമായി സംഭവിക്കുന്നതാണ്. അദ്ദേഹം
തീക്ഷ്ണബുദ്ധിയായിരുന്നു. അവിടെ പല മനുഷ്യസ്വഭാവങ്ങളും അറിവുകളും
സംഗമിച്ചു. വിവിധ ധാരങ്ങളെ ഒരേസമയം കൊണ്ടുനടക്കാൻ കഴിവുള്ള ഒരു
ബുദ്ധിമാനായിരുന്നു അദ്ദേഹം.കവിതയെ ഇഷ്ടപ്പെടുന്ന സ്റ്റാലിൻ എതിരാളികളോട്
വിട്ടുവീഴ്ചയില്ലാതെ പെരുമാറി. രണ്ടും അദ്ദേഹത്തിൻ്റെ ത്രസിക്കുന്ന
ബുദ്ധിയുടെ കൈവഴികളായിരുന്നു. സ്റ്റാലിൻ ഉള്ളിൽ മറ്റൊരു വ്യക്തിത്വം
തേടുകയും അനുഭവിക്കുകയും ചെയ്തു.
അതുകൊണ്ടാണ് തൻ്റെ ബാഹ്യമായ രാഷ്ട്രീയജീവിതത്തോട് ഇണങ്ങാത്ത പുസ്തകങ്ങളും ലേഖനങ്ങളും അദ്ദേഹം വായിച്ചത്.
പാർട്ടിക്കാരായ എഴുത്തുകാർ മാത്രം പോരാ
രണ്ടാം
ലോകമഹായുദ്ധകാലത്ത് അമേരിക്കയിലെ സോവിയറ്റ് അംബാസിഡറായിരുന്ന ആന്ദ്രേ
ഗ്രൊമാഖ്യോ (Andrei Gromyko) യുദ്ധാനന്തരം സോവിയറ്റ് യൂണിയനിൽ ഡെപ്യൂട്ടി
ഫോറിൻ മിനിസ്റ്ററായിരുന്നു. അദ്ദേഹം സ്റ്റാലിനെ വളരെ അടുത്തറിഞ്ഞയാളാണ്
.ഗ്രൊമാഖ്യോവിൻ്റെ ഒരു ഓർമ്മ ഇങ്ങനെയാണ്: " സ്റ്റാലിനു സാഹിത്യത്തിലുള്ള
അഭിരുചിയെക്കുറിച്ച് എനിക്ക് പറയാനുള്ളത് ,അദ്ദേഹം വളരെയധികം
വായിക്കുമായിരുന്നു എന്നാണ് .അദ്ദേഹത്തിൻ്റെ പ്രസംഗങ്ങളിൽ ഇത്
വ്യക്തമായിരുന്നു. റഷ്യൻ ക്ലാസിക്കുകളെക്കുറിച്ച് ,വിശേഷിച്ച് ഗോർക്കി
,Saltykov -Shchedrin എന്നിവരുടെ കൃതികളെക്കുറിച്ച് നല്ല
ധാരണയുണ്ടായിരുന്നു. ഷേക്സ്പിയർ, ഹിൻറിച്ച് ഹീനെ,ബൽസാക്ക് ,ഹ്യൂഗോ
എന്നിവരെ അദ്ദേഹം നന്നായി വായിച്ചിട്ടുണ്ട്."
സാഹിത്യരംഗത്ത്
പ്രവർത്തിക്കുന്നവരെ അന്നത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി വളരെ
ശ്രദ്ധയോടെയാണ് കണ്ടിരുന്നത്. പാർട്ടിയുടെ വളർച്ചയ്ക്കും നിലനിൽപ്പിനും
എഴുത്തുകാരുടെ സംഭാവന വലുതാണെന്നു ആദ്യം തിരിച്ചറിഞ്ഞ വ്യക്തികളിലൊരാളാണ്
റഷ്യൻ വിപ്ളവകാരിയായ ലിയോൺ ട്രോസ്കി.ട്രോസ്കി 1922 ൽ പോളിറ്റ്
ബ്യൂറോയ്ക്ക് എഴുതിയ ഒരു കത്താണ് സ്റ്റാലിനെ സാംസ്കാരിക
രാഷ്ട്രീയത്തിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത്. എഴുത്തുകാരുമായി പാർട്ടി
സ്ഥാപിക്കേണ്ട ബന്ധത്തെക്കുറിച്ചായിരുന്നു ആ കത്ത്. ട്രോസ്കി എഴുത്തുകാരുടെ
ഒരു ലിസ്റ്റ് തയ്യാറാക്കി അവരുമായി പാർട്ടി പുലർത്തേണ്ട
ബന്ധത്തെക്കുറിച്ച് വിവരിച്ചു. എഴുത്തുകാർക്ക് വേണ്ട സാഹചര്യം
ഒരുക്കുന്നതിനോടൊപ്പം മുതലാളിത്ത റോൾ മോഡലുകൾക്ക് ബദലായി എഴുത്തുകാരെയും
പ്രസാധകശാലകളെയും സൃഷ്ടിക്കുക എന്നതും അതിൻ്റെ ലക്ഷ്യമായിരുന്നു.
പാർട്ടിയുടെ സ്വാധീനത്തിലല്ലാതെ ഒരു സാഹിത്യ പ്രസിദ്ധീകരണം വേണമെന്നാണ്
ട്രോസ്കി വാദിച്ചത്.അത് വ്യക്തികളുടെ ചിന്താഗതികളുടെ വൈവിധ്യത്തിനു
സഹായിക്കുമെന്നായിരുന്നു വിശദീകരണം.
ഇതിനെപ്പറ്റി
പഠിച്ച് ഒരു റിപ്പോർട്ട് സമർപ്പിക്കാൻ സ്റ്റാലിൻ പാർട്ടിയുടെ പ്രചാരണ
വിഭാഗം ഡെപ്യൂട്ടി ചീഫായ Yakovlev നെ ഏൽപ്പിക്കുന്നത് അങ്ങനെയാണ്
.യാക്കോവ്ലെവിൻ്റെ റിപ്പോർട്ടിൽ ബോൾഷെവിക്കുകളും വിപ്ലവവിരുദ്ധരായ
എഴുത്തുകാരും തമ്മിലുള്ള സംഘർഷങ്ങൾ രേഖപ്പെടുത്തിയിരുന്നു .അദ്ദേഹം
ബോൾഷെവിക്കുകളോടു അടുപ്പമുള്ള ഒരുകൂട്ടം എഴുത്തുകാരെ കണ്ടെത്തുകയും പാർട്ടി
ഇതര സംഘടന രൂപീകരിച്ച് എല്ലാവരെയും ഒരു കുടക്കീഴിൽ അണിനിരത്തണമെന്നു
നിർദ്ദേശിക്കുകയും ചെയ്തു. റഷ്യൻ സംസ്കാരത്തിന്റെ വികാരത്തിനു വേണ്ടിയുള്ള
ഒരു സൊസൈറ്റിയെന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത് .ഈ സംഘടനയുണ്ടെങ്കിൽ
പാർട്ടി അനുഭാവികളായ എഴുത്തുകാരുടെ നീതീകരിക്കാനാവാത്ത കമ്മ്യൂണിസ്റ്റ്
ധാർഷ്ട്യത്തിനു കടിഞ്ഞാണിടാമെന്നും അദ്ദേഹം അതിൽ ചൂണ്ടിക്കാണിച്ചിരുന്നു.ആ
റിപ്പോർട്ട് പോളിറ്റ്ബ്യൂറോയ്ക്ക് സമർപ്പിച്ചുകൊണ്ടുള്ള കത്തിൽ
ട്രോസ്കിയുടെ അഭിപ്രായത്തെയും യാക്കോവ്ലെവിൻ്റെ റിപ്പോർട്ടിലെ സൊസൈറ്റി
രൂപീകരണം എന്ന ആശയത്തെയും സ്റ്റാലിൻ പിന്താങ്ങുന്നുണ്ട്. അതിന്റെ ഫലമായാണ്
പോളിറ്റ്ബ്യൂറോ യുവ എഴുത്തുകാരുടെ നിലനിൽപ്പിനും വളർച്ചയ്ക്കും വേണ്ടി ഒരു
പാർട്ടി ഇതര പ്രസാധനശാല തുടങ്ങാനും സൊസൈറ്റി രൂപീകരിക്കാനും
തീരുമാനിച്ചത്.
തൊഴിലാളി വർഗ അജണ്ട പിന്നീട്
എല്ലാ
എഴുത്തുകാരുടെയും മേൽ ഒരു തൊഴിലാളിവർഗ അജണ്ട അടിച്ചേൽപ്പിക്കുന്നതിൽ
ട്രോസ്കിയും സ്റ്റാലിനും ആ കാലത്ത് എതിരായിരുന്നുവെന്നാണ് ഇത്
സൂചിപ്പിക്കുന്നത്.1925 ൽ പോളിറ്റ്ബ്യൂറോ പാസാക്കിയ പ്രമേയത്തിൽ പറയുന്നത്,
തൊഴിലാളിവർഗ സാഹിത്യം വികസിക്കാൻ അതിന്റേതായ സമയമെടുക്കുമെന്നും അതിനിടയിൽ
സഹകരിക്കാൻ മനസ്സുള്ള മറ്റു എഴുത്തുകാരുമായി ഒരു സഖ്യം ഉണ്ടാക്കുകയാണ്
വേണ്ടതെന്നുമാണ്.
വളരെ ശ്രദ്ധേയവും സഹിഷ്ണുത
നിറഞ്ഞതുമായ ഒരു നിലപാടാണ് റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടി അനുവർത്തിച്ചത്.
ഇക്കാര്യത്തിൽ സ്റ്റാലിൻ്റെ പങ്ക് വലുതാണെന്നു ഈ സംഭവം തെളിയിക്കുകയാണ്.
കമ്മ്യൂണിസ്റ്റ് അനുഭാവമുള്ള എഴുത്തുകാരെ മാത്രമല്ല വ്യത്യസ്ത
അഭിപ്രായമുള്ളവരെയും സൗഹൃദത്തിൻ്റെ ഒരുമയിൽ എത്തിക്കാൻ കഴിയുമോ എന്ന
ചിന്തയാണത്. അതിനായി വെറുതെ ആഹ്വാനം ചെയ്യുകയായിരുന്നില്ല. പാർട്ടിയോടുള്ള
അന്ധമായ കൂറ് മാറ്റിവെച്ച് സഹവർത്തിത്വത്തിൻ്റെ പാതയാണ് തുറന്നത്. ഒരു വലിയ
ലക്ഷ്യത്തിനുവേണ്ടി സമാന മനസ്സുള്ളവരെക്കൂടി പങ്കെടുപ്പിക്കുക എന്ന
നയമാണത്. പാർട്ടിയിൽപ്പെട്ടവരും അനുഭാവികളും മാത്രമായ ഒരു
സാഹിത്യകൂടാരത്തിൽ കൂടുതൽ കാലം നിലനിൽക്കുന്നതോടെ പലരും അന്ധതയുടെ
എഴുന്നള്ളിപ്പുകളായി മാറും. അനാവശ്യമായ ധാർഷ്ട്യവും പരുക്കൻ പ്രകൃതവും
തലപൊക്കും. അത് മറ്റ് എഴുത്തുകാരെയും കലാകാരന്മാരെയും പാർട്ടിയിൽ
നിന്നകറ്റും. എഴുത്തുകാരെ അവരുടെ തൊഴിൽ മേഖലയിൽ പിന്താങ്ങുകയും
സഹകരിപ്പിക്കുകയുമാണ് വേണ്ടതെന്നു റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി
തിരിച്ചറിഞ്ഞു എന്നതിന്റെ തെളിവാണ് ഈ ഗ്രന്ഥത്തിൽ കാണുന്നത്.
പാർട്ടിക്ക്
പുറത്തുള്ളവരോ, വിപ്ലവത്തെ സംശയത്തോടെ നോക്കുന്നവരോ ശത്രുക്കളല്ലെന്നും
അവർ സഹതപിക്കേണ്ട വിഭാഗമാണെന്നും അറിയേണ്ടതുണ്ട്. വിവിധ ഗ്രൂപ്പുകളെയും
പ്രവണതകളെയും വളരാനും മത്സരിക്കാനും അനുവദിക്കണമെന്ന ആശയമാണ് റഷ്യയിൽ
ആവിഷ്കരിക്കപ്പെട്ടത്. പാർട്ടിയിലുള്ളവർ മാത്രം മതി എന്ന ചിന്ത എത്ര
അപക്വവും അനുചിതവുമാണെന്നു അക്കാലത്ത് ട്രോസ്കിയും സ്റ്റാലിനുമാണ്
ബോധ്യപ്പെടുത്തിയത്. സോഷ്യലിസം സൃഷ്ടിക്കേണ്ടത് സാഹിത്യരൂപങ്ങളുടെ വൈവിധ്യം
നശിപ്പിച്ചുകൊണ്ടോ സർഗാത്മക സമീപനങ്ങളെ ഇല്ലാതാക്കി കൊണ്ടോ ആകരുതെന്നാണ്
സ്റ്റാലിൻ വാദിച്ചത്.
കമ്മ്യൂണിസ്റ്റ്
എഴുത്തുകാരോട് കൂടുതൽ നാടകങ്ങൾ എഴുതാനും അവതരിപ്പിക്കാനും അദ്ദേഹം ആഹ്വാനം
ചെയ്തു. പാർട്ടിക്ക് പുറത്തുള്ള എഴുത്തുകാരെക്കുറിച്ചും മാർക്സിസ്റ്റ്
വൈരുദ്ധ്യാത്മകതയെക്കുറിച്ചും സ്റ്റാലിൻ ഇങ്ങനെ എഴുതി: "ടോൾസ്റ്റോയിയും
സെർവാന്തിസ്സും ഷേക്സ്പിയറും വൈരുദ്ധ്യാത്മക ചിന്താഗതിക്കാരല്ലായിരുന്നു.
എന്നാൽ അതുകൊണ്ട് അവർ വലിയ കലാകാരന്മാരല്ലാതാകുന്നില്ല. അവർ വലിയ
കലാകാരന്മാരാണ്. അവരുടെ രചനകൾ സ്വന്തം കാലഘട്ടങ്ങളെ പ്രതിഫലിപ്പിച്ചു.
വൈരുദ്ധ്യാത്മക ദർശനം പഠിക്കണമെന്നു പറയുന്നവർ മനസ്സിലാക്കാത്ത ഒരു
കാര്യമുണ്ട്. എഴുത്തുകാർ സാഹിത്യത്തിലെ ക്ലാസിക്കുകളാണ് പഠിക്കേണ്ടത്,
മാർക്സിസ്റ്റ് കൃതികൾ എന്നപോലെ. ലെനിൻ പറഞ്ഞു: മനുഷ്യരാശിയുടെ ഭൂതകാല
സംസ്കാരത്തെക്കുറിച്ച് അറിവ് നേടാതെ നമുക്ക് ഒരു പുതിയ സോഷ്യലിസ്റ്റ്
സംസ്കാരം നിർമിക്കാനാവില്ല."
കാല്പനികതയും വേണം
വളരെ
കൃത്യമായി സ്റ്റാലിൻ തന്റെ കാഴ്ചപ്പാട് അവതരിപ്പിക്കുകയാണ്.
സാഹിത്യത്തിൻ്റെയും കലയുടെയും രംഗത്ത് വെറും പ്രചാരണം മാത്രമായാൽ
നിലനിൽപ്പില്ല. ആഴമുള്ള ചിന്തകളും ജീവിതാനുഭവങ്ങളുമാണ് ഒരു കലാകാരനെ
സൃഷ്ടിക്കുന്നത് .ഒരു പാർട്ടിക്ക് വേണ്ടിയോ ആശയശാസ്ത്രത്തിനു വേണ്ടിയോ
പ്രചാരണം ചെയ്താൽ അതിനു ഉത്തമമായ ഇരിപ്പിടം ലഭിക്കുകയില്ല .അതുകൊണ്ട്
സ്റ്റാലിൻ സമഗ്രവും ആധികാരികവുമായ ലോക സാഹിത്യസംഗ്രഹത്തിൽ ഊന്നിയാണ് ഈ
വിഷയത്തിൽ ഇടപെട്ടത്. എങ്ങനെയാണ് മഹത്തായ സാഹിത്യകൃതികൾ
നിലനിൽക്കുന്നതെന്നു ഷേക്സ്പിയർ, ടോൾസ്റ്റോയ് തുടങ്ങിയവരുടെ രചനകളിലൂടെയാണ്
അദ്ദേഹം ഉൾക്കൊണ്ടത്. താൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉന്നത
പദവിയിലെത്തിയിട്ടും അദ്ദേഹത്തിൽ ആ ചിന്തകൾ മരിച്ചില്ല. അദ്ദേഹം സൃഷ്ടിച്ച
ലൈബ്രറി അതിനു തെളിവാണ് .ലോക സാഹിത്യത്തിലെ ഏറ്റവും വലിയ ധാരയായ
കാല്പനികതയെപ്പറ്റി സ്റ്റാലിൻ എഴുതി :"റൊമാൻറിസിസം ഒരു ആദർശവത്ക്കരണമാണ്,
യാഥാർത്ഥ്യത്തെ അലങ്കരിക്കലാണ്. ഷേക്സ്പിയറുടെ കാല്പനികത ഷില്ലറുടേതിൽ
നിന്ന് വിഭിന്നമാണ്.ഗോർക്കിയുടെ വിപ്ളവകരമായ ആവിഷ്കാരം ഉണരുന്ന
വർഗ്ഗത്തിന്റേതാണ്; അധികാരത്തിനുവേണ്ടിയും മാനവരാശിയുടെ ഭാവിക്കുവേണ്ടിയും
കഷ്ടപ്പെടുന്ന വർഗ്ഗത്തിന്റേതാണ്. നമ്മുടെ കാലഘട്ടത്തിലെ പ്രധാന ധാര
വിപ്ലവകരമായ സോഷ്യലിസ്റ്റ് റിയിലിസമായിരിക്കണം. എന്നാൽ അത് കൽപ്പനിക
സ്കൂളിന്റെ എഴുത്ത് രീതികളെയും എഴുത്തുകാരെയും ഒഴിവാക്കി കൊണ്ടാകരുത്."
റഷ്യയുടെ
ചരിത്രത്തെ ആഴത്തിൽ പരിശോധിച്ച സ്റ്റാലിനാണ്, എല്ലാ രോമകൂപങ്ങളിലൂടെയും
എന്നപോലെ, റഷ്യയെ ദീർഘകാലം പ്രതിരോധിച്ചത്. 1931 ലെ ഒരു പ്രഭാഷണത്തിൽ
സ്റ്റാലിൻ പറഞ്ഞത് ശ്രദ്ധേയമാണ്: "പഴയ റഷ്യയുടെ ചരിത്രം മറ്റു പല
വസ്തുതകൾക്കിടയിൽ , പിന്നോക്കാവസ്ഥയിൽ അടിച്ചമർത്തപ്പെട്ടു. റഷ്യയെ മംഗോൾ
ഖാന്മാർ തകർത്തു .ടർക്കിഷ് മേലാളന്മാർ തകർത്തു. സ്വീഡിഷ് ഫ്യൂഡൽ
ഭരണാധികാരികൾ തകർത്തു.പോളിഷ് - ലിത്വാനിയൻ പ്രഭുക്കന്മാർ തകർത്തു.
ജാപ്പനീസ് അധികാരികൾ തകർത്തു. റഷ്യയുടെ പിന്നോക്കാവസ്ഥയിൽ (സൈനിക ,രാഷ്ട്ര
,വ്യാവസായിക ,കാർഷിക ,പിന്നോക്കാവസ്ഥയിൽ) എല്ലാവരും പ്രഹരമേൽപ്പിച്ചു.
റഷ്യയെ പ്രഹരിക്കുന്നത് അവർക്കെല്ലാം ആദായകരമായിരുന്നു .ശിക്ഷ കിട്ടുമെന്ന
ഭയം അവർക്കില്ലായിരുന്നു. അതായിരുന്നു ചൂഷകരുടെ നയം. പിന്തള്ളപ്പെട്ടവരെ
ആക്രമിക്കുന്നു ; എന്തുകൊണ്ടെന്നാൽ നിങ്ങൾ ദുർബലരാണ്.ഏതാണ്ട് 50 മുതൽ 100
വർഷം വരെ നമ്മൾ വികസിത രാജ്യങ്ങൾക്ക് പിറകിലായിരുന്നു. ഈ വിടവ് പത്തു വർഷം
കൊണ്ട് പരിഹരിക്കണം. ഒന്നുകിൽ ഇത് ചെയ്യണം ;അല്ലെങ്കിൽ നമ്മൾ
ചിതറിപ്പോകും."
ഇതാണ് സ്റ്റാലിനെ വ്യഗ്രതയുള്ള
ഒരു ഭരണാധികാരിയാക്കിയത്. അതേസമയം ,സ്റ്റാലിൻ്റെ പുസ്തകവായനയെക്കുറിച്ച്
ട്രോസ്കിക്കു മതിപ്പില്ലായിരുന്നു. ഒരു ഇടത്തരം രാഷ്ട്രീയചിന്തകനായാണ്
സ്റ്റാലിനെ അദ്ദേഹം കണ്ടത്. ലൈബ്രറി കണ്ടെത്തിയതോടെയാണ് ഈ ധാരണയ്ക്ക്
പൊതുജനങ്ങൾക്കിടയിലും എഴുത്തുകാർക്കിടയിലും മാറ്റം വരുന്നത് .ഇന്ന്
സ്റ്റാലിൻ്റെ ജീവചരിത്രക്കാരന്മാർക്ക് അവരുടെ ലക്ഷ്യത്തിലെത്തിച്ചേരാവുന്ന
പാതകളുണ്ട്. അദ്ദേഹം സൂക്ഷിച്ച പുസ്തകങ്ങളും അതിൽ എഴുതിയ
കുറിപ്പുകളുമാണത്.
മാർക്സിനോടും ഏംഗൽസിനോടും ലെനിനോടും വിയോജിച്ചു
1989
ൽ Dmitry Volkoginov എഴുതിയ Stalin's Mind എന്ന കൃതിയിൽ അസാധാരണ
ധിഷണാശാലി എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത് .Lenin's Collected Work എന്ന
പുസ്തകത്തിൽ സ്റ്റാലിൻ മാർജിനുകളിൽ എഴുതിയതും അടിവരയിട്ടതും Volkogino ആണ്
കണ്ടുപിടിച്ചത്. എതിരഭിപ്രായമുള്ളവരെ നേരിടുന്നതിനു ആവശ്യമായ ഉദ്ധരണികൾ
കണ്ടെത്തുന്നത് സ്റ്റാലിൻ്റെ രീതിയായിരുന്നു .എതിരാളികളുടെ കൃതികളിൽ
നിന്നുതന്നെ അവരെ എതിർക്കാനുള്ള വാചകങ്ങൾ അദ്ദേഹം കണ്ടെത്തുമായിരുന്നു .
1988ൽ
Yuri Sharapov എഴുതിയ ഇംഗ്ലീഷ് ഓർമ്മക്കുറിപ്പിലാണ് സ്റ്റാലിൻ്റെ വിപുലമായ
ഗ്രന്ഥശേഖരത്തെക്കുറിച്ച് പുറംലോകം അറിയുന്നത് .അതിനു ശേഷമാണ്
സ്റ്റാലിൻ്റെ വായനയും ധൈഷണിക ജീവിതവും പലരും അന്വേഷിച്ചിറങ്ങിയത് . നല്ലൊരു
വായനക്കാരനായിരുന്നിട്ടും എതിരാളികൾ അദ്ദേഹത്തെ വിലകുറച്ചു കണ്ടു എന്നാണ്
ഡൊണാൾഡ് റേഫീൽഡ് Stalin and his Hangmen എന്ന പുസ്തകത്തിൽ എഴുതുന്നത്
.റഷ്യൻ ചരിത്രകാരനായ
Oleg Khlevniuk ൻ്റെ അഭിപ്രായത്തിൽ
സ്റ്റാലിനെ വായനയാണ് രൂപാന്തരപ്പെടുത്തിയത് .Stephen Kotkin തൻ്റെ
ജീവചരിത്രത്തിലൂടെ സ്റ്റാലിന്റെ ബുദ്ധിയെയും വായനയെയും
പ്രശംസിക്കുന്നുണ്ട്. Nikolai Simonov എഴുതിയ Reflections on Stalin's
Markings in the Margins of Marxist Literature എന്ന ലേഖനത്തിൽ അദ്ദേഹം
സ്ഥാപിക്കുന്നത് ഇതാണ്: "സ്റ്റാലിൻ ഒരു ലെനിനിസ്റ്റായിരുന്നില്ല.
സോഷ്യലിസ്റ്റ് കാഴ്ചപ്പാടിൽ രാഷ്ട്രത്തെക്കുറിച്ചുള്ള സിദ്ധാന്തം
രൂപപ്പെടുത്തുന്നതിൽ സ്റ്റാലിനു വ്യത്യസ്ത കാഴ്ചപ്പാട് ഉണ്ടായിരുന്നു.
അദ്ദേഹം മാർക്സ്, ഏംഗൽസ് ,ലെനിൻ എന്നിവരോടു ഈ കാര്യത്തിൽ വിയോജിക്കുകയാണ്
ചെയ്തത്. ക്ലാസിക്കൽ മാർക്സിസ്റ്റ് സിദ്ധാന്തമനുസരിച്ച് മുതലാളിത്ത
രാഷ്ട്രം (ഗവണ്മെൻ്റ്,സിവിൽ സർവീസ്, ജുഡീഷ്യറി, പോലീസ്, സായുധസേന )
അടിച്ചമർത്താനുള്ള ഒരു ബൂർഷ്വാ ഉപകരണമാണ്. ഇത് സോഷ്യലിസം വരുന്നതോടെ
കൊഴിഞ്ഞു വീഴും. എതിർവർഗം ഇല്ലാതാകുകയാണപ്പോൾ .
സ്റ്റാലിൻ്റെ
വീക്ഷണത്തിൽ സോഷ്യലിസത്തിനു വളരെ ശക്തമായ ഒരു രാഷ്ട്രം വേണം. എങ്കിലേ
തൊഴിലാളി വർഗ്ഗത്തിന് അധികാരത്തിലെത്താൻ കഴിയുകയുള്ളൂ. ട്രോസ്കിയുടെ
വീക്ഷണത്തോടും സ്റ്റാലിൻ വിയോജിച്ചു. ട്രോസ്കി പറയുന്നത്
തൊഴിലാളിവർഗ്ഗത്തിന്റെ അധികാരം കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് കൈയാളുന്നത്
എന്നാണ്. സ്റ്റാലിനാകട്ടെ പാർട്ടിയെ ഒരു രാഷ്ട്രീയ സംവിധാനമായാണ്
കാണുന്നത്. അതിനാണ് രാഷ്ട്രത്തിന്റെ മേലും ട്രേഡ് യൂണിയനുകളുടെ മേലും
അധികാരമുള്ളത് .മാർക്സിസ്റ്റ് സിദ്ധാന്ത പ്രകാരം രാഷ്ട്രം
മുതലാളിത്തത്തിൻ്റെയും വർഗ്ഗാധികാരത്തിന്റെയും താൽക്കാലികവും കൃത്രിമവുമായ
ഉപകരണമാണ്. എന്നാൽ രാഷ്ട്രം ഒരു ദീർഘകാല യാഥാർത്ഥ്യമാണെന്നു സ്റ്റാലിൻ
ചിന്തിച്ചു .അതിൻ്റെ തുടർച്ചയും മേധാശക്തിയും സോവിയറ്റ് സോഷ്യലിസ്റ്റ്
വ്യവസ്ഥിതിയുടെ സംരക്ഷണത്തിനു ആവശ്യമാണത്രേ.
ക്ലാസിക്കൽ
മാർക്സിസം ജനാധിപത്യ പ്രക്രിയയിലൂടെ രാഷ്ട്രത്തിന്റെ അധികാരം
കുറയ്ക്കാമെന്നാണ് ഭാവന ചെയ്യുന്നത് .സ്റ്റാലിൻ ഇതിനു നേരെ വിപരീതമായി
രാഷ്ട്രത്തിൻ്റെ തുടർച്ചയ്ക്കും അടിച്ചമർത്തൽ സ്വഭാവത്തിനും യുക്തി
കണ്ടെത്തുന്നു, ശത്രുക്കളിൽ നിന്ന് സോഷ്യലിസത്തെ രക്ഷിക്കാനെന്ന
നാട്യത്തിൽ.Roy Medvedev എന്ന ചരിത്രകാരന്റെ ചിന്തകൾ ഇവിടെ പ്രത്യേകം
സ്മരിക്കേണ്ടതാണ് .സ്റ്റാലിന്റെ ലൈബ്രറിയിൽ വലിയ
താല്പര്യമുള്ളയാളായിരുന്നിട്ടും Medvedev 2005 ൽ ഒരു പുസ്തകമെഴുതി .What
did Stalin Read? Medvedev ഉം അദ്ദേഹത്തിൻ്റെ ഇരട്ട സഹോദരനായ Zhores ഉം
സോവിയറ്റ് കാലഘട്ടത്തിലെ പ്രശസ്ത വിമതരായിരുന്നു. റോയിയെ 1969 ൽ പാർട്ടിയിൽ
നിന്ന് പുറത്താക്കി.Zhores നെ നാടുകടത്തി. ഇവർ സോവിയറ്റ് വ്യവസ്ഥിതിയിൽ
വിശ്വസിച്ചവരാണ് .പക്ഷേ അതിൽ ജനാധിപത്യവൽക്കരണം ഉണ്ടാകണമെന്ന് വാദിച്ചു
.ക്രൂഷ്ചേവ് ഇരുപതാം പാർട്ടി കോൺഗ്രസിൽ ആരംഭിച്ച സ്റ്റാലിൻ വിരുദ്ധ
നീക്കത്തിന്റെ ഭാഗമായി 1930 കളിലെ സ്റ്റാലിനിസ്റ്റ്
അടിച്ചമർത്തലുകളെക്കുറിച്ച് സത്യം പറയാൻ റോയി നിയുക്തനായി. റോയി എഴുതിയ Let
History Judge സോവിയറ്റ് യൂണിയനിൽ പ്രസിദ്ധീകരിക്കാനായില്ല. എന്നാൽ അത്
ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി 1970 കളുടെ തുടക്കത്തിൽ വിദേശത്ത്
പ്രസിദ്ധീകരിച്ചു.
പല സ്റ്റാലിന്മാർ
മിഥോളജിയിൽ
,സ്റ്റാലിൻ വളരെ തത്പരനായിരുന്നു. മിഥോളജിയെ ആധുനിക
സാഹചര്യത്തിനനുസരിച്ച് അദ്ദേഹം വ്യാഖ്യാനിക്കുമായിരുന്നു. ഗ്രന്ഥകാരൻ്റെ
വാക്കുകൾ: " പാർട്ടിയുടെ ശക്തി, സ്റ്റാലിൻ പറഞ്ഞു, ജനങ്ങളുമായുള്ള
ബന്ധത്തിലാണിരിക്കുന്നത്. അവർ ഗ്രീക്ക് സമുദ്രദേവനായ Poseidon ൻ്റെ മകനായ
Antaeus ,ഭൂമി ദേവതയായ Gaia എന്നിവരെ പരാമർശിക്കുന്നുണ്ട്. യുദ്ധത്തിൽ
Antaeus ശക്തനായിരുന്നു. എന്തുകൊണ്ടെന്നാൽ അവനു മാതാവിൻ്റെ ശക്തിയുണ്ട്,
ഭൂമി മാതാവിൻ്റെ അനുഗ്രഹത്താൽ . ഭൂമിയെ സ്പർശിച്ചാൽ അവൻ്റെ ശക്തി
ഇരട്ടിക്കും. എന്നാൽ ഒരു ദിവസം ഒരു ശത്രു വന്ന് അവനെ പരാജയപ്പെടുത്തി.
ഹെർക്കുലീസ് എന്നായിരുന്നു ആ ശത്രുവിൻ്റെ പേര്. അവൻ Antaeus നെ
ആകാശത്തിലേക്ക് ഉയർത്തിപ്പിടിച്ചതുകൊണ്ട് അവനു ഭൂമിയെ സ്പർശിക്കാൻ
കഴിഞ്ഞില്ല."
ഈ ഉദാഹരണത്തിലൂടെ സ്റ്റാലിൻ പറയുന്നത് ബോൾഷെവിക്കുകൾ Antaeus നെ ഓർമിപ്പിക്കുന്നുവെന്നാണ്.
അവർ തങ്ങളുടെ മാതാവായ ജനങ്ങളുമായി ബന്ധം പുലർത്തുന്നു.
Antaeus പോലെ ജനങ്ങളാണല്ലോ ബോൾഷെവിക്കുകൾക്ക് ജന്മം നൽകിയത്. അതാണ് മാതൃബന്ധം. അവർക്ക് അജയ്യമായിരിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്.
ഈ പുസ്തകത്തിൻ്റെ ഉപസംഹാരമായ ഒരു അധ്യായമുണ്ട്:
The Dictator Who Loved Books.
അതിൻ്റെ
ആദ്യത്തെ വാചകം സ്റ്റാലിന്റെ ഏറ്റവും അടുത്ത സഹയാത്രികനായിരുന്ന Lazar
Kaganovich സോവിയറ്റ് എഴുത്തുകാരൻ Felix Chuev മായുള്ള ഒരു സംഭാഷണത്തിൽ
പറഞ്ഞതാണത്.
"I saw no less than five or six different
stalins."യുദ്ധത്തിനു മുമ്പുണ്ടായിരുന്ന സ്റ്റാലിൻ അല്ലായിരുന്നു
യുദ്ധാനന്തരം പ്രത്യക്ഷപ്പെട്ടത്.!
സ്റ്റാലിൻ
എങ്ങനെ വ്യത്യസ്തനായിരുന്നുവെന്ന ചോദ്യത്തിനു Kaganovich ഇങ്ങനെ പറഞ്ഞു
:"അദ്ദേഹം വ്യത്യസ്തനായിരുന്നു ,പക്ഷേ ഒരാളായിരുന്നു .മെരുക്കാൻ
പ്രയാസമുള്ള ,ദൃഢനിശ്ചയമുള്ള, ശാന്തനായ ,ആത്മനിയന്ത്രണമുള്ള
വ്യക്തിയായിരുന്നു. ഒരു കാര്യത്തെക്കുറിച്ച് ചിന്തിക്കാതെ പറയില്ല." "ഞാൻ
എപ്പോഴും കണ്ടിട്ടുള്ളത് ചിന്തിക്കുന്ന സ്റ്റാലിനെയാണ്." അദ്ദേഹം പറയുന്നു
,നമ്മളോട് സംസാരിക്കുമ്പോഴും സ്റ്റാലിൻ ചിന്തിച്ചുകൊണ്ടിരിക്കും. എന്തിനും
ഒരു ലക്ഷ്യമുണ്ടായിരിക്കും. സ്റ്റാലിനെ ഒരു ഏകാധിപതിയായി കാണുന്ന
ഗ്രന്ഥകാരൻ അദ്ദേഹത്തിൻ്റെ ബുദ്ധിസാമർത്ഥ്യത്തെയും ഒരു പദ്ധതി ഏത്
മാർഗ്ഗത്തിലൂടെയും പ്രയോഗികമാക്കാനുള്ള വിരുതിനെയും കാണാതിരിക്കുന്നില്ല.
"സ്റ്റാലിൻ
ഒരു മാർക്സിസ്റ്റ് മൗലികവാദിയായിരുന്നു .മാറുന്ന സാഹചര്യങ്ങൾക്കും പുതിയ
അനുഭവങ്ങൾക്കും നേടിയ അറിവിനും അനുസരിച്ചു രൂപാന്തരപ്പെട്ടതാണ്
സ്റ്റാലിന്റെ ചില ആശയങ്ങൾ. ലോകത്തെ ആദ്യത്തെ സോഷ്യലിസ്റ്റ് സൊസൈറ്റിയുടെ
നിർമ്മാണം സ്റ്റാലിനു ബൗദ്ധികവും പ്രായോഗികവുമായ ഒരു പദ്ധതിയായിരുന്നു.
നയരൂപീകരണത്തിൽ സിദ്ധാന്തവത്കരണവും പ്രായോഗികവിജയവും പ്രധാനമായിരുന്നു.
സ്വതന്ത്രമായ വായനയാണ് മിക്കപ്പോഴും സ്റ്റാലിനു തുണയായത്. സോവിയറ്റ്
സോഷ്യലിസത്തിന്റെ പ്രതിരോധത്തിലും നിർമ്മാണത്തിലും."
കനൽ ഒളിപ്പിച്ച പുസ്തകങ്ങൾ
റഷ്യൻ
ചരിത്രത്തിന്റെ പുനർവായനയും ലെനിന്റെ പാഠങ്ങളുടെ പഠനവും
എതിരഭിപ്രായക്കാരായ ട്രോസ്കി , Gregory Zinoviev എന്നിവരുമായി നടന്ന
ആശയപരമായ ഏറ്റുമുട്ടലും സ്റ്റാലിന്റെ ചിന്താപദ്ധതികളുടെ ഭാഗമായി വികസിച്ചു
വന്ന മാർഗങ്ങളാണ്. സോവിയറ്റ് സോഷ്യലിസം യാഥാർത്ഥ്യമാക്കുന്നതിനു
വേണ്ടിയാണ് സ്റ്റാലിൻ 'വായിച്ച'തെന്നു പറയാവുന്നതാണ്. തന്റെ ചിന്തകൾക്കും
പ്രതീക്ഷകൾക്കുമൊപ്പം വളരാൻ വേണ്ടി ധൈഷണികവും ചരിത്രപരവുമായ പിൻബലം
തേടിയാണ് പുസ്തകങ്ങളിലേക്ക് സഞ്ചരിച്ചത്. ആ വായന നാം കരുതുന്നതു പോലെ അത്ര
നിഷ്കളങ്കമോ ശാന്തമോ അല്ല. അതിൽ ഒരു കനലെരിച്ചിലുണ്ട്. അത് വരാൻ പോകുന്ന
രാഷ്ട്രീയ സംഭവവികാസങ്ങളുടെ തീയും പുകയും അടങ്ങിയ വായനയായിരുന്നു.
സാറിസ്റ്റ് റഷ്യയുടെ ഓർമ്മകളിൽ നിന്ന് ഉയർന്നുവന്ന ലക്ഷ്യത്തെ
തേടിപ്പിടിച്ച രാഷ്ട്രീയ നേതാവാണ് സ്റ്റാലിൻ . അദ്ദേഹം
ഭരണസാരഥ്യത്തിലിരുന്നപ്പോൾ ഒരു വ്യക്തി പോലുമല്ലായിരുന്നു .മറിച്ച്
സോവിയറ്റ് സോഷ്യലിസ്റ്റ് രാഷ്ട്രം എന്ന ആശയത്തിന്റെ സംഘാടനത്തിനു വേണ്ടി
രൂപീകരിക്കപ്പെട്ട ഒരു മനുഷ്യശരീരമായിരുന്നു. സാഹിത്യത്തെയും സിനിമയെയും
അദ്ദേഹം സമീപിച്ചത് ഈ ചിന്തയുടെ ഉള്ളടക്കത്തോടെയാണ്.
പല
എഴുത്തുകാരോടും ചലച്ചിത്രകാരന്മാരോടും സ്റ്റാലിൻ വിയോജിച്ചതിന്റെ കാരണം
ഇതാണ്. കലാസ്വാദകന്റെ റോളല്ല ,സോവിയറ്റ് രാഷ്ട്രീയ വ്യാഖ്യാതാവിന്റെ
മനോനിലയാണ് അവിടെ കാണാനാവുക. സാംസ്കാരികവും ചരിത്രപരവുമായ പാരമ്പര്യത്തെ
ഒരു റഷ്യൻ നവരാഷ്ട്രത്തിന്റെ പിറവിക്കുവേണ്ടി ഉപയോഗപ്പെടുത്തുകയാണ് അദ്ദേഹം
ചെയ്തത്.
സ്റ്റാലിൻ ഒരിക്കലും വ്യക്തിപൂജ
ഇഷ്ടപ്പെട്ടിരുന്നില്ല .ഈ ഗ്രന്ഥത്തിൽ അതിനു തെളിവുകളും നിരത്തുന്നുണ്ട്.
സ്റ്റാലിൻ തൻ്റെ ജീവചരിത്രരചനയോടോ വാഴ്ത്തിപ്പാടലുകളോടോ
താത്പര്യപ്പെട്ടിരുന്നില്ല.വ്യക്തിപൂജയെ പ്രോത്സാഹിപ്പിക്കരുതെന്നായിരുന്നു
അദ്ദേഹത്തിൻ്റെ ദൃഢനിശ്ചയം.1933ൽ പഴയ ബോൾഷെവിക്കുകളുടെ ഒരു നിർദ്ദേശത്തെ
നിരാകരിക്കുകയാണ് ചെയ്തത്. സ്റ്റാലിൻ്റെ ജീവചരിത്രത്തിലെ സംഭവങ്ങൾ
ഉൾപ്പെടുത്തിക്കൊണ്ട് ഒരു സ്റ്റേജ് പരിപാടിയാണ് അവർ ഉദ്ദേശിച്ചിരുന്നത്.
ഇതുപോലുള്ള ഇടപാടുകൾ വ്യക്തിപൂജയിലേക്ക് നയിക്കുമെന്നാണ് സ്റ്റാലിൻ
അവരോടെല്ലാം പറഞ്ഞത്. അത് നമ്മുടെ പാർട്ടിക്ക് ദ്രോഹകരമാണ്, ചേരാത്തതാണ്.
യംഗ്
കമ്മ്യൂണിസ്റ്റ് ലീഗ് (Komsomol) ഫൗണ്ടേഷന്റെ പതിനഞ്ചാം വാർഷികത്തിന്റെ
ഭാഗമായി സ്റ്റാലിൻ്റെ ജീവിതത്തെ ആധാരമാക്കി യുക്രേനിയൻ പാർട്ടി ഒരു
ഗ്രന്ഥം പ്രസിദ്ധീകരിക്കാൻ സമീപിച്ചപ്പോഴും സ്റ്റാലിൻ അത് തടയുകയാണ്
ചെയ്തത്. സ്വന്തം കുട്ടിക്കാലത്തെക്കുറിച്ചുള്ള കുറിപ്പുകൾ
പ്രസിദ്ധീകരിക്കുന്നത് പോലും വിലക്കിയിരുന്നു.
Tales
of Stalin's Childhood എന്ന പേരിൽ V Smirnov എഴുതിയ പുസ്തകത്തിൻ്റെ
പ്രസിദ്ധീകരണം സ്റ്റാലിൻ ഇടപെട്ട് തടഞ്ഞതാണ്.ഈ പുസ്തകം തടഞ്ഞതിനു കാരണമായി
ചൂണ്ടിക്കാണിച്ചത് നിറയെ തെറ്റുകളും വസ്തുതകളുടെ വളച്ചൊടിക്കലുകളും
അതിശയോക്തികളും അനർഹമായ സ്തുതിയുമാണ്.യക്ഷിക്കഥകളിൽ താല്പര്യമുള്ളവരുടെ
പ്രേരണയിൽ ഗ്രന്ഥകാരൻ തെറ്റായ നിഗമനങ്ങളിലെത്തിയെന്നും അയാളോടു
സഹതാപമുണ്ടെന്നും സ്റ്റാലിൻ പറഞ്ഞു .ഏറ്റവും പ്രധാനമായി കണ്ടത് ഈ പുസ്തകം
ലോകത്തെ കുട്ടികളിലും (പൊതുജനങ്ങളിലും) വ്യക്തികളിലും , വലിയ നേതാക്കളെയും
ഒരിക്കലും തെറ്റു പറ്റാത്ത നായകന്മാരെയും ആരാധിക്കാനുള്ള ഒരു പ്രവണത
അപകടകരമായി വളർന്നവരും എന്നുള്ളതാണ് .ആ പുസ്തകം കത്തിച്ചുകളയാനാണ്
സ്റ്റാലിൻ ഉപദേശിച്ചത്.
മനുഷ്യമനസിൻ്റെ എഞ്ചിനീയർമാർ
സ്റ്റാലിന്റെ
ഓഫീസിൽ ചേർന്ന പ്രാഥമിക യോഗത്തിനു ശേഷമാണ് അദ്ദേഹത്തിൻ്റെ സമ്പൂർണ്ണ
കൃതികൾ പ്രസിദ്ധീകരിക്കാനുള്ള ആലോചന ശക്തി പ്രാപിച്ചത് .അത് അധികം
വൈകിയില്ല. പോളിറ്റ് ബ്യൂറോ സ്റ്റാലിൻ്റെ സമ്പൂർണ്ണ കൃതികൾ
പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു .16 വാല്യമാണ് വിഭാവന ചെയ്യപ്പെട്ടത്.
ഓരോന്നും 50,000 കോപ്പി അച്ചടിക്കണം .ഒരു ബുക്കിന് ആറ് റൂബിൾസ് വില. 1946
ൽ ആദ്യ മൂന്നു വാല്യം .നാലു മുതൽ 10 വരെയുള്ള വാല്യം 1947 ൽ.
ബാക്കിയുള്ളത് 1948ൽ. ലേഖനങ്ങൾ വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്താനും
ക്രമീകരണങ്ങൾ ചെയ്തു .1946 ജനുവരി 20ന് 'പ്രവ്ദ'യിൽ ഇതിനെക്കുറിച്ച് പരസ്യം
നൽകി. ആദ്യ വാല്യം ജൂലായിൽ പുറത്തുവന്നു. ആദ്യവാല്യത്തിൽ സ്റ്റാലിൻ എഴുതിയ
മുഖവുരയിൽ ഇങ്ങനെ വായിക്കാം: "എൻ്റെ ആദ്യകാല ലേഖനങ്ങളെ ഒരു യുവ
മാർക്സിസ്റ്റിൻ്റെ സംഭാവനയായി കാണുക .ശരിയായ മാർക്സിസ്റ്റ് ലെനിനിസ്റ്റ്
വീക്ഷണത്തിൽ എത്തുന്നതിനു മുമ്പുള്ളതാണത്.Works എന്നാണ് പുസ്തകത്തിനു
ഇംഗ്ലീഷിൽ പേരിട്ടത്. 1901 മുതൽ 1934 വരെയുള്ള ലേഖനങ്ങൾ ഉൾക്കൊള്ളുന്ന 13
വാല്യങ്ങൾ 1946 -49 കാലത്ത് പുറത്തുവന്നു .എന്നാൽ ഇരുപതാം പാർട്ടി
കോൺഗ്രസിൽ ക്രൂഷ്ചേവിൻ്റെ എതിർപ്പിനെ തുടർന്ന് ആ പ്രസാധനം
നിലയ്ക്കുകയായിരുന്നു.
സ്റ്റാലിൻ തൻ്റെ
എതിരാളികളെ വെറുക്കുകയും നിരാകരിക്കുകയും ചെയ്തുവെന്ന് ജീവചരിത്രകാരന്മാർ
സമ്മതിക്കുന്നുണ്ട് .അദ്ദേഹത്തിൻ്റെ ദേശീയവാദം അത്ര ഭീകരമായിരുന്നു.The
KGB's Literary Archive എന്ന പുസ്തകത്തിൽ Vitaly Shentalinsky പറയുന്നത്
1500 എഴുത്തുകാർ സ്റ്റാലിന്റെ കാലത്ത് എഴുത്ത് നിർത്തേണ്ടി
വന്നുവെന്നാണ്.അങ്ങനെയുള്ള എഴുത്തുകാരെക്കുറിച്ച് ഈ പുസ്തകത്തിൽ ഒന്നും
പറയുന്നില്ല എന്നത് ഒരു ന്യൂനതയായി 2022ൽ ഗാർഡിയനിൽ Amelia Gentleman
എഴുതിയ നിരൂപണത്തിൽ സൂചിപ്പിക്കുന്നുണ്ട്.
ഒരു
ഓർമ്മപുസ്തകമോ ഡയറിയോ എഴുതാത്ത സ്റ്റാലിന്റെ മനസ്സ് ജീവചരിത്രകാരന്മാർ
വായിച്ചത് അദ്ദേഹം സൂക്ഷിച്ച ലൈബ്രറിയിലൂടെയാണ്. ആ പുസ്തകങ്ങളുടെ
മാർജിനിൽ എഴുതുകയും പ്രധാനപ്പെട്ട വാക്യങ്ങളുടെ അടിയിൽ വരയ്ക്കുകയും
ചെയ്യുന്ന ശീലമാണ് സ്റ്റാലിന്റെ മനസ്സ് അനാവൃതമാക്കുന്നത്.അദ്ദേഹം റഷ്യയിലെ
എഴുത്തുകാരെ ശ്രദ്ധിച്ചിരുന്നു. അവരെ ഇഷ്ടപ്പെട്ടിരുന്നുവെന്നു
പറയാനാവില്ല.1934ൽ സോവിയറ്റ് റൈറ്റേഴ്സ് കോൺഗ്രസിൽ സ്റ്റാലിൻ
പ്രസ്താവിച്ചത് സോഷ്യലിസം നിർമ്മിക്കാൻ സിവിൽ എഞ്ചിനീയർമാരെ വേണം ;എന്നാൽ
രാജ്യം മനുഷ്യാത്മാവിൻ്റെ എഞ്ചിനീയർമാരായ എഴുത്തുകാരെ ആവശ്യപ്പെടുന്നു
എന്നാണ്.


No comments:
Post a Comment