സക്കറിയയുടെ 'രാധ രാധ മാത്രം' എന്ന കഥയുടെ പിരിയൻ ഗോവണിയിലൂടെ ഒരു സഞ്ചാരം
മലയാളകഥയിലുണ്ടായ
ഏറ്റവും പരീക്ഷണാത്മകമായ രചനയാണ് സക്കറിയയുടെ 'രാധ രാധ മാത്രം'. ഇതേ പേരിൽ
മറ്റൊരു കഥയുണ്ടായിട്ടും അദ്ദേഹം ഈ പേര് സ്വീകരിച്ചുകൊണ്ട് എഴുതുകയാണ്.
അതിനെ ലഘൂകരിക്കുന്നതിന് പകരം ഒരു വലിയ രഹസ്യമാണെന്ന കാഴ്ചപ്പാടാണ്
കഥാകൃത്തിനുള്ളത്. വേറൊരു പേര് സ്വീകരിക്കുന്നതുകൊണ്ട് ,ഈ കഥയിലൂടെ
അന്വേഷിക്കുന്ന വസ്തുതയ്ക്ക് യാതൊരു തുമ്പും കിട്ടുകയില്ലെന്ന്
അറിഞ്ഞുകൊണ്ടാണ് കഥാകൃത്ത് എഴുതുന്നത്. എല്ലാ പേരുകളും ദൈവത്തിൻ്റെ വകയാണ്.
എല്ലാ പേരുകളുടെയും ആത്യന്തികമായ സ്ഥാനം ദൈവത്തിലാണ്. ഇതിന് സാധൂകരണമായി
കഥാകൃത്ത് ആർതർ സി. ക്ലാർക്കിൻ്റെ 'ദൈവത്തിന്റെ നുറു കോടി നാമങ്ങൾ' എന്ന
കഥയെ ഓർമ്മിപ്പിക്കുന്നു. ദൈവത്തിൻ്റെ നൂറുകോടി നാമങ്ങൾ ഉച്ചരിച്ചു
തീരുന്നതോടെ സൃഷ്ടിയുടെ രഹസ്യം വെളിവാകുമെന്ന ധാരണയിൽ ഒരു യന്ത്രം
ഹിമാലയത്തിൽ നാമജപം ചെയ്യുകയാണെന്ന് കഥയിൽ സൂചിപ്പിക്കുന്നു. അത്
നിരീക്ഷിക്കാനെത്തിയ ശബ്ദങ്ങൾ അന്തിമനാമം ഉച്ചരിക്കുന്നതിന് മുന്നേ തന്നെ
അവിടെ നിന്നിറങ്ങി താഴ്വരയിൽ വന്നു നോക്കുമ്പോൾ തൽഫലമായി നക്ഷത്രങ്ങൾ
ഓരോന്നായി അണയുന്നത് ശ്രദ്ധിക്കുന്നു. പ്രപഞ്ചം അവസാനിക്കുന്നത്
അങ്ങനെയാണെന്ന് ആർതർ സി. ക്ളാർക്ക് പറഞ്ഞത് ഒരു മുഖവുര പോലെ ഈ കഥയിൽ
അവതരിപ്പിക്കുന്നുണ്ട്.ദൈവത്തിന് എന്തിനാണ് പേരെന്ന് ചോദിക്കുന്നത് പോലെ
പ്രധാനമാണ് എല്ലാ അറിവുകളും പേരുകളിലാണുള്ളതെന്ന്
അറിയുന്നതും.എല്ലാപേരുകളും ഒന്നിന്റെ തന്നെ പല ശബ്ദങ്ങളാണ്. യഥാർത്ഥത്തിൽ
എല്ലാം ദുരൂഹമായിരിക്കുന്നതിനെ മറച്ചു പിടിക്കുന്നതാണ് പേരുകളുടെ
പ്രത്യക്ഷപ്പെടൽ.
പേരുകൾ വേറിട്ട
അസ്തിത്വമാണെന്ന് ധ്വനിപ്പിക്കുകയാണ് .ഈ വേറിടലിൽ തൃപ്തി നേടാനാവാത്തത്
കൊണ്ട് ഇവിടെ കഥാകൃത്ത് മറ്റൊരാളുടെ കഥയുടെ പേര് തന്നെ കടമെടുക്കുന്നു.
ഇക്കാര്യം കഥാകൃത്ത് തുടക്കത്തിൽ തന്നെ സമ്മതിക്കുന്നുണ്ട്. തനിക്ക്
പറയാനുള്ള കാര്യങ്ങൾ വായനക്കാരിലേക്ക് കുറച്ചെങ്കിലുമെത്തിക്കാൻ
മറ്റൊരാളുടെ കഥയുടെ പേര് തന്നെ ധാരാളമാണെന്ന് അറിയുന്നിടത്താണ് ഈ കഥയുടെ
രഹസ്യം ചുരുളഴിയുന്നത്.
കഥ ഒരു ഒറ്റമൂലിയോ
സൂത്രവാക്യമോ പരിഹാരമോ അല്ല ;അത് ഒരു അനുഭവമോ തോന്നലോ സ്വപ്നമോ ആണ്.
സമൂഹജീവിതത്തിൽ നിന്ന് മാറി ഒരാൾ ഒറ്റയ്ക്ക് കൊണ്ടുനടക്കുന്ന ഫാന്റസിയാണത്.
അത് വ്യക്തിയുടെ പ്രതിസന്ധിയാണ്. വൈകാരികവും ചിന്താപരവുമായ
ഊരാക്കുടുക്കാണത്.ഈ കഥ എഴുതാൻ വേണ്ടി കഥാകൃത്ത് കഥാപാത്രമാകാൻ
തയ്യാറാവുന്നു. ഇടയ്ക്ക് വെച്ച് കഥാപാത്രത്തിനെ സ്വതന്ത്രനായി വിടുകയും
ചെയ്യുന്നു. കഥാപാത്രമായാലും കഥാകൃത്തായാലും അനുഭവത്തിന്റെ ആകെത്തുക
ഒന്നുതന്നെയാണ്. "വെറുമൊരു കഥയ്ക്ക് വിധിവിഹിതം, ജനനമരണങ്ങളുടെ
തുമ്പ്,സമയത്തിന്റെ രഹസ്യം ഇവയൊക്കെയുടെ ഒരു അതിവിദൂരദർശനമോ പ്രതീതിയോ
പോലും ഉളവാക്കാൻ കഴിയുമോ" എന്ന് ചോദിക്കുന്നത് കഥ എന്ന മാധ്യമത്തിൻ്റെ
മൂർത്തമായ ,യഥാർത്ഥമായ ആശയസംവേദനത്തെ പ്രതിസന്ധിയിലാക്കുകയാണ്.
മനുഷ്യാസ്തിത്വത്തിൻ്റെ ദുരൂഹമായ വഴികൾ ഒരു കഥയ്ക്ക് അനാവരണം ചെയ്യാൻ
കഴിയില്ലെന്ന് മനസ്സിലാക്കി കൊണ്ടാണ് എഴുതുന്നത്. അവ്യക്തതയാണ്
സൗന്ദര്യമായിത്തീരുന്നത്. ഇത് കഥ വായിച്ച് മനസിലാക്കാൻ പറ്റാത്ത
വിഷയമല്ല;ജീവിതത്തിൻ്റെ ദുരൂഹതയാണ്. കഥാകൃത്ത് ഇരുട്ടിൻ്റെ
സ്ഥലവിഭ്രാന്തിയിൽ തൻ്റെ അമ്പുകൾ തൊടുക്കുകയാണ്. ഓരോ അമ്പും തന്നിലേക്ക്
തന്നെ തിരിച്ചുവന്ന് തറയ്ക്കുന്നു.
കഥാകൃത്തിനെ രക്ഷിക്കാൻ ദൈവമില്ല
"കലയുടെ
പരിമിതികൾ എഴുത്തുകാരന്റെ മനസ്സിനെ തളർത്തുന്നു.എന്തിന്, വെറും
സ്വാനുഭവങ്ങളുടെ പോലും വാക്കുകൾ കൊണ്ട് പൂർണ്ണതയോടെ ,സത്യം അല്പം പോലും
ചോർന്നു പോകാതെ വിവരിക്കാമെന്ന് ഏതെഴുത്തുകാരന് അവകാശപ്പെടാൻ കഴിയും!.
അനുഭവത്തിന്റെ ബിംബങ്ങൾക്കും മനസ്സിൻ്റെ മൂശയ്ക്കും കലയുടെ
കണ്ണാടിക്കുമിടയ്ക്ക് അഗാധഗർത്തങ്ങൾ അനവധിയാണ്. അവയ്ക്ക് മീതെ
എഴുത്തുകാരൻ്റെ സത്യം ഒരു നൂൽപ്പാലത്തിലെന്നപോലെയാണ് ചരിക്കുന്നത്. അവൻ്റെ
ഏകാന്തമായ വാക്കിനെ മറുകരയിലെത്തിക്കുന്നത് ഏത് കരങ്ങളുടെ മാർഗ്ഗദർശനമാണ്?"
എഴുത്തുകാരന്റെ യഥാർത്ഥ്യം അതിസങ്കീർണമാണെന്ന അറിവ് എത്രയോ വലിയ
പ്രതിസന്ധമാണ്. എഴുതാനുള്ള വിഭവങ്ങൾ സ്വരൂപിക്കപ്പെടുമ്പോഴേക്കും അത്
കൈയിൽ നിന്ന് വഴുതി പോകുന്നതായി അനുഭവപ്പെടുന്നു. ഇവിടെ എഴുത്തുകാരന്റെ
അവസ്ഥ ഭയപ്പെടുത്തുന്നതാണ്. അയാൾ ആത്മവ്യഥയിലും സംഘർഷത്തിലുമാണ് വാക്കുകളെ
സമീപിക്കുന്നത് .സ്വന്തം അനുഭവങ്ങളിൽ വാക്കുകൊണ്ട് വിവരിക്കാനാവാത്ത അനേകം
ഗർത്തങ്ങളുണ്ടെന്നാണ് കഥാകൃത്ത് എഴുതുന്നത്.രചയിതാവിൻ്റെ വിശുദ്ധമായ
ദുഃഖമാണിത് .ഇതിൽ നിന്ന്
അയാളെ രക്ഷിക്കാൻ ദൈവം എത്തുന്നില്ല .വായനക്കാരനെ ആശ്രയിച്ചിട്ട് കാര്യമില്ല .വായനക്കാരൻ അവൻ്റെ സ്വന്തം പാഠമാണല്ലോ വായിക്കുന്നത്.
ആധുനികാനന്തര
വായനയുടെ സിദ്ധാന്തമനുസരിച്ച് എഴുത്തുകാരൻ എഴുതുന്നതല്ല വായനക്കാരൻ
വായിക്കുന്നത് .വായനക്കാരൻ സ്വതന്ത്രനാണ്. അവൻ തന്റേതായ നിലയിൽ
വായിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് സക്കറിയയിലെ കഥാകൃത്ത് തൻ്റെ
നിസ്സഹായാവസ്ഥ വെളിപ്പെടുത്തുന്നത്. രചനയിലെ സ്വാതന്ത്ര്യവും അതിൻ്റെ
അനിവാര്യമായ പരാജയവും ഇവിടെ ഒരുപോലെ സംഗതമാവുകയാണ്.അനുഭവത്തിൽ തെളിയുന്നതും
മനസ്സിൽ ഉരുത്തിരിയുന്ന ചിന്തകളും അത് കലയായി ആവിഷ്കരിക്കുമ്പോഴുള്ള
പ്രശ്നങ്ങളും എഴുത്തുകാരന്റെ പൂർണ നിയന്ത്രണത്തിലോ അധികാരത്തിലോ അല്ല. ഈ
പ്രസ്താവം, 'രാധ രാധ മാത്രം' എന്ന കഥ അനുഭവത്തിനും ചിന്തകൾക്കും കലയുടെ
ആവിഷ്കാരത്തിനും അപ്പുറമുള്ള തലത്തെയാണ് സൂചിപ്പിക്കുന്നതെന്ന്
വ്യക്തമാക്കുകയാണ്.ഇവിടെ കഥാകൃത്ത് തന്റെ മനസ്സിനെ മഥിക്കുന്ന ഒരവസ്ഥയ്ക്ക്
പരമാവധി വ്യക്തത വരുത്താൻ വേണ്ടി കഠിനപ്രയത്നം ചെയ്തു പകരാനാണ്
ശ്രമിക്കുന്നത്. അതിനായി ലീല, കഥാകൃത്ത് എന്നിവരാണ് നമ്മുടെ മുന്നിലേക്ക്
വരുന്നത്. ലീലയുടെ കാമുകനായ കഥാകൃത്ത് വേണമെങ്കിൽ മറ്റൊരാളാണെന്ന്
സങ്കൽപ്പിച്ചാലും കുഴപ്പമില്ല .അയാളെ മറ്റൊരു പേരിട്ടു വിളിക്കാമെങ്കിലും
അത് കഥാകൃത്ത് തന്നെയായിരിക്കുന്നതിൽ നിന്ന് വ്യത്യസ്തമാകുന്നില്ല .ഈ
കഥയിലെ പ്രധാന കഥാപാത്രം തന്റെ ജീവിതത്തിൽ ശിക്ഷിക്കപ്പെടുന്നത്
മനസ്സാക്ഷിയിലൂടെയാണ്. അയാൾ എന്താണ് ജീവിച്ചത്, മറന്നത് എന്ന്
വേർതിരിക്കാനാവാതെ കുഴയുകയാണ്. കഥയിൽ കരുണൻ എന്ന യുവാവ് തൻ്റെ കാമുകിയുടെ
പെൺസുഹൃത്തിനെ തേടിയിറങ്ങുകയാണ്.എന്നാൽ അവളെക്കുറിച്ചുള്ള ഓർമ്മകൾ
പെട്ടെന്ന് മങ്ങിപ്പോകുന്നു. പല അടയാളങ്ങൾ ഉപയോഗിച്ച് അവളുടെ കത്ത്
കണ്ടെത്തിയെങ്കിലും അവിടെ വെച്ച് സ്വപ്നം മുറിഞ്ഞ പോലെ മുന്നോട്ടു
നീങ്ങാനാവാതെ വന്നു. ഒരു സ്വപ്നത്തിന്റെ അന്തരീക്ഷത്തിലാണ് അയാൾ രാധയെ
ഓർമിക്കുന്നത്. എന്നാൽ ലീലയെക്കുറിച്ച് കുറേക്കൂടി വ്യക്തതയോടെ
വിവരിക്കുന്നുണ്ട്. അയാൾ ലീലയെ സ്വപ്നം കാണുകയാണ്. ആ സ്വപ്നത്തിന്റെ
മൂർധന്യത്തിൽ അയാൾ അകപ്പെടുന്ന മറ്റൊരു ഫാന്റസിയാണ് രാധയുമായുള്ള ബന്ധം.
രണ്ടും മായികമായ കാഴ്ചകളാണ്. ഒഴിഞ്ഞ പാക്കറ്റ് പോലെ രണ്ടും അയാളിൽ നിന്ന്
ഇറങ്ങിപ്പോയിരിക്കുന്നു. അനുഭവമുണ്ടാകുന്നതും ഉണ്ടെന്ന് സങ്കല്പിക്കുന്നതും
തമ്മിൽ ഭേദമില്ല.
ഉള്ളിൽ മറ്റൊരാൾ
ഏതാണ്
യഥാർത്ഥ ജീവിതം? ജീവിച്ചതാണോ ?അതോ സ്വപ്നത്തിൽ തീവ്രമായി ആഗ്രഹിച്ചതോ?
അധികമായ ആസക്തിയോടെ മനസ്സിൽ ആവേശിച്ചതെല്ലാം നാം ജീവിക്കുന്നത് തന്നെയാണ്.
മനസ്സിലും നാം ജീവിക്കുന്നു. നമ്മുടെ ആത്മകഥ എന്ന് പറയുന്നത് മറ്റുള്ളവർ
നമ്മെ കണ്ടത് മാത്രമല്ല ;ഒരു സമൂഹം ,പ്രത്യേകിച്ച് സഹപ്രവർത്തകരും
സുഹൃത്തുക്കളും കണ്ടെത്തുന്നതിനപ്പുറമാണ് .മറ്റുള്ളവർ കാണുന്നത് ഭൗതികമായ
ചില അളവുകളുടെ അടിസ്ഥാനത്തിലാണ്. മറ്റുള്ളവരോടു പ്രതികരിക്കുന്നു എന്നതാണ്
അവിടെ മുഖ്യം. എന്നാൽ നാം ഉള്ളിൽ ജീവിക്കുന്നത് അങ്ങനെയല്ല.നാം ഭീകരമായ
വിധം സന്ദിഗ്ദ്ധവും സംഘർഷാത്മകവുമായ ഇടുക്കുവഴികളിലൂടെ സഞ്ചരിക്കുന്നു.
ആത്മഹത്യ ചെയ്യാൻ പോകുന്നതിനു മുമ്പ് ഒരുവൻ അനുഭവിക്കുന്ന ഒറ്റപ്പെടൽ
,ഭീകരമായ നിരാശ എന്താണെന്ന് സമൂഹത്തിനറിയില്ല. പത്രങ്ങൾക്കറിയില്ല .അത്
വ്യക്തിയുടെ സ്വകാര്യലോകമാണ്. അതും അവൻ്റെ ജീവിതമാണ്.അവൻ ജീവിച്ചതാണത്.
ആഭ്യന്തരമായ വിഷാദവും പേടിസ്വപ്നങ്ങളും സന്ദേഹവും മനുഷ്യനെ ജീവിതത്തിൽ
പലതരത്തിലുള്ള പ്രതികരണങ്ങളിലേക്ക് തിരിച്ചുവിടാം. അതെല്ലാം പാർലമെൻ്റിനും
മുനിസിപ്പാലിറ്റിക്കും പുറത്താണ്.വ്യക്തി തൊഴിലിൽ ഏർപ്പെട്ട് കുടുംബം
പുലർത്തി ,നിയമാനുസൃതം വോട്ട് ചെയ്യുന്നു. എങ്കിലും അവനിൽ
സമ്മിശ്രവികാരമുണർത്തുന്ന ഫാൻ്റസിയുമുണ്ട്. യഥാർത്ഥത്തിൽ, അവൻ ജീവിതമെന്ന
പേരിൽ ഒരു മിഥ്യയുടെ പിന്നാലെയാണോ അലഞ്ഞതെന്ന ചോദ്യം ഏതെങ്കിലുമൊരു
നിമിഷത്തിൽ അവനെ പിടികൂടാവുന്നതാണ് .
ഒരു കഥ
രചിക്കുന്നതിന് ,എന്തിനാണ് അത് എഴുതുന്നയാൾ ഇത്രമാത്രം ഉത്ക്കണ്ഠയും
സന്ദിഗ്ദ്ധതയും അനുഭവിക്കുന്നതെന്ന് ചോദിച്ചേക്കാം. ഇത് കഥ എന്നതിലുപരി
ഒരു തിരച്ചിലാണ്. സ്വയം കണ്ടെത്തുക പ്രയാസമാണ്;ഐന്ദ്രിയസംവേദനങ്ങളുടെ
ബ്രഹത് ലോകത്തിലൂടെ,സൂക്ഷ്മമായ വിനിമയങ്ങളിലൂടെ ഒരുത്തരം ലഭിക്കുമോ എന്ന്
തിരക്കുന്നത് മനുഷ്യസഹജമാണ്.താൻ ജീവിച്ചിരിക്കുന്നതിന്റെ
അർത്ഥത്തെക്കുറിച്ച് ആകുലതകളുള്ള ഒരാൾ എഴുതുമ്പോൾ അത് രചനയിൽ കലരുന്നത്
സ്വാഭാവികമാണല്ലോ. കഥ അല്ലെങ്കിൽ കല മനുഷ്യന് എത്രമാത്രം നിർണായകമാണെന്ന്
സക്കറിയ ഈ കഥയിൽ ചില സുപ്രധാന സൂചനകളിലൂടെ അഭിവഞ്ജിപ്പിക്കുകയാണ്.
ദൈവം മറച്ചുവച്ചത് എഴുതുക
ദീർഘകാലമായി
നേരിട്ട സമ്മർദ്ദത്തിന്റെ ഫലമായിട്ടാണ് അദ്ദേഹം അതിൽ എത്തിച്ചേരുന്നത്.
ഒരു വസ്തുവിനെയോ സംഭവത്തെയോ നാം മനസ്സിലാക്കുന്നത് സമൂഹം അല്ലെങ്കിൽ
വ്യവസ്ഥാപിതമായ മാധ്യമങ്ങൾ നൽകിയ ഊടും പാവും അനുസരിച്ചാണ്. വികാരവും
വിചാരവും അംഗീകൃത സ്കൂളുകൾ നൽകിയ
ശിക്ഷണമനുസരിച്ചാണ്
നിർണയിക്കപ്പെടുന്നത്.ഓരോ വികാരത്തിനും നിശ്ചിതമായ ഒരിടം
സങ്കൽപ്പിച്ചിട്ടുണ്ട്. അത് ഒരു വശത്തു നിന്നുള്ള നോട്ടമാണ്. അത് പൂർണമായ
നോട്ടമല്ല, കാഴ്ചയല്ല. ഒരു വസ്തുവിന്റെ ,അനുഭവത്തിന്റെ, സംഭവത്തിന്റെ
കാഴ്ചയിൽ നാം കാണാത്ത അനേകം മാനങ്ങളുണ്ട്,
അർത്ഥങ്ങളുണ്ട്.ഈ
മാനങ്ങളെല്ലാം എവിടെയാണുള്ളത്? അതെങ്ങനെ അറിയും? ഈ പ്രശ്നം ഒരു ശരിയായ
കലാകാരനെ,സാഹിത്യകാരനെ വല്ലാതെ വലയ്ക്കും .അതാണ് സക്കറിയ ഈ കഥയിലൂടെ
തിരയുന്നത്.
"ഹിമാലയത്തിലെ ജപയന്ത്രം ചെയ്തത്
ദൈവത്തെ പൂർണമായി വിവരിക്കുകയല്ലാതെ മറ്റൊന്നുമല്ല. ദൈവം പൂർണമായി
വിവരിക്കപ്പെട്ടാൽ പിന്നെ പ്രപഞ്ചത്തിന് സ്ഥാനമെന്ത്? അത് അണയുന്നു. കാരണം
ദൈവത്തിൻ്റെ വിവരണം മെല്ലെ ചുരുൾ നിവരുന്നതാണ് കാലം. കാലത്തിൻ്റെ
വാത്സല്യത്തിൽ ജീവിക്കുന്ന നമുക്കാകട്ടെ ,ഒരെറുമ്പിനെയോ ആനയെയോ ഒരു
മേഘത്തെയോ ഒരു മുടിനാരിഴയെപോലുമോ പൂർണമായി വിവരിക്കാൻ കഴിയില്ല.പൂർണവിവരണം
ദൈവത്തിനേ കഴിയൂ.കാരണം,പൂർണ്ണ വിവരങ്ങൾ അവൻ്റെ പക്കലാണുളളത്. " കഥാരചനയുടെ
നിത്യമായ നഷ്ടം അല്ലെങ്കിൽ ദുഃഖം ഇതാണ്. എന്താണോ എഴുതാൻ ഉദ്ദേശിച്ചത്
അതിൻ്റെ അടുത്തെങ്ങും എത്താനാവാതെ പിൻവാങ്ങേണ്ടിവരുന്ന അവസ്ഥ. പവിത്രമായ
ഒരു വസ്തുവാണ് കലാവസ്തു. എന്നാൽ അതിനെ ഒരു വീടായി സങ്കൽപ്പിച്ചാൽ,
അതിനുള്ളിൽ കയറാനാവാതെ ചുറ്റും ഓടി നടക്കാനാണ് കലാകാരന്റെ വിധി.
ഇതറിയുന്നതുകൊണ്ടാണ് ഈ കഥാകൃത്ത് തൻ്റെ കരാഗൃഹം എത്ര ഭയങ്കരമാണെന്നറിഞ്ഞ്
വിലപിക്കുന്നത്. ഭൂരിപക്ഷം എഴുത്തുകാർക്കും ഈ വിധിയെക്കുറിച്ച് അറിയില്ല.
അവർ വർദ്ധിച്ച ആത്മവിശ്വാസത്തോടെ എഴുതുന്നു.അവർ കുടഞ്ഞിടുന്ന
വികാരപ്രകടനങ്ങളിൽ എല്ലാം ഭദ്രമാണെന്ന് വൃഥാ വിചാരിക്കുന്നു. ആ
വികാരപ്രകടനങ്ങൾ വിദ്യാലയങ്ങളിൽ നിന്ന് പകർന്നു കിട്ടിയതാണെന്ന സത്യം അവർ
മറന്നുപോകുന്നു. ഒരു ഗുരുനാഥനോ ഒരുകൂട്ടം ഗുരുനാഥന്മാരോ ചർച്ച ചെയ്ത്
സമ്മതിച്ച് പുറപ്പെടുവിച്ച വീക്ഷണത്തിന് അംഗീകാരം നൽകുകയോ പിന്താങ്ങുകയോ
ചെയ്യുന്നവരാണ് ഭൂരിപക്ഷവും. അവർ യഥാർത്ഥത്തിൽ ചിന്തിക്കുന്നില്ല.
ചിന്തിക്കാനറിയില്ല എന്ന ദുരവസ്ഥയുണ്ട്. ചിന്തിക്കാനറിയില്ലെന്ന് നമുക്ക്
ബോധ്യപ്പെടുന്നത് ഇത്തരം വെളിപ്പെടുത്തലുകൾക്ക് മുഖാമുഖം വരുമ്പോഴാണ് .
ദൈവം
മറച്ചുവച്ചതാണ് എഴുതേണ്ടത്. അതിനെയാണ് പ്രതിഭ എന്ന് വിളിക്കേണ്ടത്.
ചിരപരിചിതമായത് എഴുതിയതുകൊണ്ട് ആർക്കും പ്രയോജനമില്ല .ഇവിടെ സക്കറിയ
തനിക്ക് അപരിചിതമായ ഒരു ലോകത്തെ അറിയാനാണ് എഴുതുന്നത് .അദ്ദേഹം പല
വാതിലുകളിലും മുട്ടുന്നു. അത് ഒരു എത്തിനോട്ടമാണ് .കഥാപാത്രമായും കേവലം
വ്യക്തിയായും കഥാകൃത്തായും അദ്ദേഹം മാറുന്നു .വേഷപ്പകർച്ചകൾ, അനുഭവങ്ങൾ
വ്യത്യസ്തമാണ്. എല്ലാറ്റിന്റെയും പിന്നിൽ അറിയപ്പെടാത്ത
പൊരുളുകളുണ്ട്.അജ്ഞാതത്വത്തെയാണ് ദൈവം എന്ന് വിളിച്ചിരിക്കുന്നത്. സിവിൽ
സമൂഹത്തിലെ രാഷ്ട്രീയച്ചുവയുള്ള കഥകൾ അല്ലെങ്കിൽ ഗാർഹിക പശ്ചാത്തലത്തിൽ
നിന്നുള്ള കഥകൾ ചൂണ്ടിക്കാണിക്കുന്നത് പൊതുസമൂഹത്തിൻ്റെ ചിന്താമണ്ഡലത്തിൽ
പത്രവാർത്തകളിലൂടെ വന്നിട്ടുള്ള വിവരങ്ങളാണ്. അതിൽ സാമൂഹികജീവിതത്തിൽ
തീർത്തും അറിയപ്പെടാത്ത യാതൊന്നുമില്ല.
എന്നാൽ ഈ കഥയിൽ രാധ എന്ന
കഥാപാത്രത്തെക്കുറിച്ചാണ് എഴുതുന്നതെന്ന് പറയുന്നത് പൂർണമായും ശരിയല്ല. ആ
കഥാപാത്രത്തെ ഒരിക്കൽ കണ്ട ഓർമ്മ മാത്രമാണ് കഥയിൽ സൂചിതമാകുന്നത്.
പിന്നീട് ആ രാധയെ അന്വേഷിച്ചു കരുണൻ പുറപ്പെട്ടുവെങ്കിലും അയാൾക്ക് ഒന്നും
ഓർക്കാനാവുന്നില്ല. അത് അയാളുടെ മനസ്സിൻ്റെ ഏകാന്തതയിൽ സംഭവിച്ച ഒരു ഫാൻറസി
കാഴ്ചയായിരുന്നു. സ്വപ്നത്തിൽ, ഒറ്റപ്പെടുന്ന അവസരത്തിൽ മനസ്സ്
നഷ്ടപ്പെട്ടുപോകാതിരിക്കാൻ പലവിധത്തിലുള്ള രൂപാന്തരപ്പെടലിന് മനുഷ്യൻ
വിധേയനാകുന്നു.അവന് മറ്റു മാർഗ്ഗമില്ല.
നശ്വരത ഭ്രമിപ്പിക്കുന്നു
ഫ്രഞ്ച്
സാഹിത്യകാരൻ സാർത്രിൻ്റെ 'ദ് വാൾ'(The Wall)എന്ന കഥ ഓർക്കുക. തടവറയിൽ
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരുവനാണ് പ്രധാന കഥാപാത്രം. അയാൾ നശ്വരതയെ
മുഖാമുഖം കാണുകയാണ്. അപ്പോഴും അയാൾ സ്വതന്ത്രനാകാൻ ശ്രമിക്കുന്നു. പൊലിസ്
അന്വേഷിക്കുന്നയാളെക്കുറിച്ച് വിവരം നൽകിയാൽ വിട്ടയയ്ക്കാമെന്ന് പൊലിസ്
പറയുന്നു.എന്നാൽ അയാൾ പൊലീസിന് തെറ്റായ വിവരമാണ് നൽകുന്നത്.
വൈരുദ്ധ്യമെന്ന് പറയാവുന്ന വിധം ആ കുറ്റവാളി അയാൾ പറഞ്ഞ സ്ഥലത്തു
തന്നെയുണ്ടായിരുന്നു!.ഒളിച്ചു നടക്കുന്നതിനിടയിൽ കുറ്റവാളി അവിടെ
എത്തിയതാണ്. കുറ്റവാളിയെ പൊലിസ് വെടിവച്ചു കൊല്ലുന്നു. തടവറയിൽ കിടന്നയാൾ
പുറത്തിറക്കുകയും ചെയ്തു. ജീവിതമോഹത്താൽ സുഹൃത്തിനെ ഒറ്റിയവനായി അയാൾ
മാറുന്നു. വാസ്തവം എന്താണ് ?ജീവിതത്തിൻ്റെ അർത്ഥശൂന്യത എപ്പോഴും
പ്രതീക്ഷിക്കണം .അവിടെ യുക്തിയില്ല.ജീവിതം അനുനിമിഷം നഷ്ടപ്പെടുകയാണ്.
സ്വന്തമാക്കിയ സാധനങ്ങളോ സമ്പത്തോ എപ്പോഴും തുണയാകില്ല. അതെല്ലാം നാം
ജീവിച്ചിരിക്കുന്നതിന്റെ കാലയളവിൽ നമ്മെ ഭ്രമിപ്പിക്കുകയാണ്. വെറുതെ
മോഹിപ്പിക്കും .ജീവിതം ഇടതൂർന്നതാണെന്ന്, അതിന് അടുത്തൊന്നും
അവസാനമില്ലെന്ന് തോന്നിപ്പിക്കുകയാണ് ആ വസ്തുക്കളുടെ ചുമതല.അങ്ങനെ
നോക്കുമ്പോൾ ആ വസ്തുക്കൾക്ക് ജീവനുണ്ടെന്നു തോന്നും. സമ്പത്തിനും
വസ്തുക്കൾക്കും ഉടമസ്ഥതയ്ക്കും മറ്റു ആകർഷകമായ സാധനങ്ങൾക്കും ജീവനുണ്ട്.
അവയ്ക്ക് നമ്മളിൽ കൃത്രിമമായ ചോദനകൾ സൃഷ്ടിക്കാൻ കഴിവുണ്ട്. നാം ചില
വസ്തുക്കളുടെ ഉടമയായിരിക്കുന്നതുകൊണ്ട് ജീവിതം കൈവെള്ളയ്ക്കകത്ത്
ഭദ്രമാണെന്ന് വിചാരിപ്പിക്കാൻ അവയ്ക്ക് കഴിയുന്നു എന്ന വസ്തുത പ്രധാനമാണ്.
എന്നാൽ അത് മിഥ്യയാണെന്ന് അറിയുന്നത് കാലത്തിൻ്റെ സുരക്ഷിതത്വം
നഷ്ടപ്പെടുന്നു എന്ന് തോന്നുമ്പോഴാണ്. ഫ്രാൻസ് കാഫ്ക പറഞ്ഞു ,പെണ്ണ്
കൈപ്പിടിക്കുള്ളിലാണെങ്കിലും സ്വന്തമല്ലെന്ന് .ഇത്രയും ആഴത്തിൽ ചെല്ലുന്ന
ഒരു വെട്ട് വേറെ എവിടെയും കണ്ടിട്ടില്ല. എല്ലാ സ്വപ്നങ്ങൾക്കും മേലെ
വാൾകൊണ്ട് വെട്ടുകയാണ് കാഫ്ക ചെയ്തത്. ഇത് നിരാശ ബാധിച്ചതുകൊണ്ടുള്ള
വർത്തമാനമാണെന്ന് കരുതരുത്. അറിവുകളെ പല കോണുകളിൽ നിന്ന് നോക്കുന്നതിൻ്റെ
ഫലമായുണ്ടാകുന്ന കണ്ടെത്തലാണ്.
പ്രമുഖ
പോർച്ചുഗീസ് കവി ഫെർഡിനാൻഡ് പെസ്സോവയെക്കുറിച്ചുള്ള ഒരു സംഭാഷണത്തിൽ പൗലോ
ബോർഹസ് (Paulo Borges)ഈ ലോകത്തെ, ചതിച്ച ഒരു ദൈവത്തിൻ്റെ സൃഷ്ടിയായോ
മിഥ്യാവാദിയുടെ നിർമ്മിതിയായോ കണ്ട് ഉപേക്ഷിക്കുന്ന പ്രവണതയെക്കുറിച്ച്
പറയുന്നുണ്ട്. സ്വപ്നം അല്ലെങ്കിൽ മിഥ്യയാണ് യാഥാർത്ഥ്യത്തിൻ്റെ കാതൽ എന്ന
ധാരണയിലാണ് പെസ്സോവ നീങ്ങിയതെന്ന് കാണാം.അദ്ദേഹത്തിൻ്റെ ബുക്ക് ഓഫ്
ഡിസ്ക്വയ്റ്റ്' (Book of Disquiet)എന്ന കൃതിയിൽ ഇതിനെ ദൃഢീകരിക്കുന്ന
ഭാഗങ്ങളുണ്ട് ."എനിക്ക് ചുറ്റിനുമുള്ളതെല്ലാം ആവിയായി പോവുകയാണ്. എൻ്റെ ആകെ
ജീവിതം ,ഓർമ്മകൾ, ഭാവന ,അതിന്റെ ഉള്ളടക്കം ,എൻ്റെ വ്യക്തിത്വം -ഇതെല്ലാം
ആവിയായി പോവുകയാണ്. എനിക്കെപ്പോഴും തോന്നുന്നു ,ഞാൻ മറ്റാരോ ആണെന്ന്. ഈ
രീതിയിൽ ചിലതൊക്കെ തോന്നാറുണ്ട്,ചിന്തിക്കാറുണ്ട്.ഞാനിവിടെ
കണ്ടുകൊണ്ടിരിക്കുന്നത് മറ്റേതോ സംഘർഷത്തോടൊപ്പമുള്ള ഒരു കളിയാണ്." ജീവിതം
അതാര്യമാണെന്ന സത്യത്തിലേക്ക് ഓരോ വാക്യവും നയിക്കുന്ന കഥയാണ് 'രാധ രാധ
മാത്രം'.അതിലേക്ക് പ്രവേശിക്കുന്നതോടെ ഇത് ദൃഢമാവുകയാണ്.ഒരാൾ ജീവിച്ചത്,
പുറത്ത് കണ്ട യാഥാർത്ഥ്യത്തേക്കാൾ സത്യമാണെന്ന് ഉറപ്പിക്കുകയാണ്.
മനുഷ്യന്റെ നരകവും സ്വർഗവും അവൻ്റെയുള്ളിലാണ്. ഈ വസ്തുതയുടെ ആഴമാണ്
പെസ്സോവയുടെ വാക്കുകളിലൂടെ വെളിപ്പെടുന്നത്.ചുറ്റുമുള്ളതെല്ലാം ആവിയായി
പോകുന്നുവെന്ന്! അപ്പോൾ ഏതിനെ വിശ്വസിക്കും? സ്നേഹം, ഓർമ്മ, ബന്ധം എല്ലാം
ഒരിടവേളയിലെ താൽക്കാലിക ഭ്രമണങ്ങളായിരുന്നുവെന്ന് അറിയുന്നതോടെ
സത്യത്തിൻ്റെ കുത്തേറ്റ് നാം തകർന്നുപോകും.
കഥയെഴുതാൻ
വേണ്ടി ഉണർന്നിരിക്കുന്ന ഒരാൾ ഉറങ്ങുമ്പോഴും അതിൽ തന്നെയാണുള്ളത്. അയാൾ
കാണുന്ന സ്വപ്നത്തിൽ ജീവിതമാണുള്ളത്. സ്വപ്നത്തിൽ കണ്ടത്
കുറച്ചുനേരത്തേക്ക് ഭയപ്പെടുത്തും. സ്വപ്നം അവസാനിക്കുന്നതോടെ ഭയത്തിൽ
നിന്ന് മാത്രമല്ല ,അതുവരെ ഭരിച്ച ഒരു ഭീകരാവസ്ഥയിൽ നിന്ന് രക്ഷപ്പെട്ടതായി
മനസ്സിലാകും.എന്നാൽ ഉണർന്നു തിരിച്ചെത്തിയ ലോകവും നമ്മെ മറ്റൊരു തരത്തിൽ
ഭയപ്പെടുത്തുകയാണ്. വിശ്വസിച്ചാൽ വഞ്ചിക്കുന്ന ലോകത്തെ കണ്ട് ഒരുവൻ
അവനിലേക്ക് തന്നെ ചുരുണ്ടുകൂടാൻ നോക്കും.'ഞാനിനിയും ജനിച്ചിട്ടില്ല,എന്നെ
ആശ്വസിപ്പിക്കൂ' എന്ന് ഐറിഷ് കവി ലൂയി മക്നീസ് (Louis MacNeice) Prayer
Before Death എന്ന കവിതയിൽ എഴുതിയത് ഈ ഭീകരാവസ്ഥയുടെ ബോധ്യത്തിന്റെ
ഫലമായാണ്. ഓർമ്മയും ഭാവനയും വ്യക്തിത്വവുമെല്ലാം ആവിയായി പോകുന്നുവെന്നാണ്
പെസ്സോവ പറഞ്ഞത്. പിന്നെ എന്തിനെയാണ് ആശ്രയിക്കുന്നത്? ഉണ്ടെന്ന്
വിശ്വസിച്ചതിനും മറന്നതിനുമിടയിലുള്ള ആപൽക്കരമായ ഒരവസ്ഥയായി ജീവിതം
മാറുന്നു.എൻ്റെ ജീവിതം, ഞാൻ ജീവിച്ചത് എന്നൊന്നും പറയാനൊക്കില്ല. അതൊക്കെ
ആപേക്ഷികസത്യങ്ങളും തോന്നലുകളുമായിരുന്നു.
സ്വയം
മറന്നതിൻ്റെ ,സ്വയം തെറ്റിദ്ധരിച്ചതിന്റെ ഫലമായി നാം ആകെ മാറിപ്പോകുന്നു.
അതോടൊപ്പം നമ്മോടൊപ്പമുള്ളവരും മാറുന്നു. എങ്ങനെയാണ് ചുറ്റിനുമുള്ള ലോകം
സ്നേഹവും ദയയും കാണിക്കുന്നതായി നമുക്ക് തോന്നുന്നത്? അത് നമ്മുടെ തന്നെ
ആന്തരിക സംവിധാനത്തിന്റെ ഫലമായുണ്ടാകുന്നതാണ്.നമ്മുടെ മുറിവുണക്കാൻ
നമ്മളിലുള്ള ഒരാൾ തന്നെ ഉയർത്തെഴുന്നേന്നേൽക്കേണ്ടതുണ്ട്. അതുവരെ ആ ആൾ
അജ്ഞാതമായി തുടരുകയായിരിക്കാം. അയാളുടെ സേവനം ആവശ്യപ്പെടുമ്പോഴാണ്
എത്തിച്ചേരുക .ഇത് അർത്ഥമാക്കുന്നത് നാം പുറമേ ജീവിതമെന്ന് വിളിക്കുന്നത്
സമ്പൂർണ്ണമായ യാഥാർത്ഥ്യത്തിനപ്പുറത്താണ് എന്നാണ്. ഫാന്റസിയും തോന്നലും
ഐന്ദ്രിയമായ ഉദ്വേഗങ്ങളും നിറഞ്ഞ ഒരവസ്ഥയാണത്. അത് നിറയെ അനുഭൂതികളല്ല.
യാതൊരു വികാരവും ജനിപ്പിക്കാത്തതാണ് , പ്രബോധനാത്മകമാണ് .പെസ്സോവ പറഞ്ഞു,
താൻ മറ്റൊരാളാണെന്ന് ചിലപ്പോഴൊക്കെ തോന്നാറുണ്ടെന്ന്. മറ്റൊരാളുടെ
വികാരങ്ങൾ താൻ കൊണ്ടുനടക്കുകയാണെന്ന്. ഏതോ ഒരു സംഘത്തിൻ്റെ കളി കാണുകയാണ്
താനെന്ന്. ഇതിനു സമാനമായ പ്രതിധ്വനികളാണ് സക്കറിയയുടെ കഥകളിലുമുള്ളത്.
തന്നിലെ
ശൂന്യതയെക്കുറിച്ച് നല്ലപോലെ ബോധവാനായ ഒരാൾ കഥാപാത്രത്തിന് വേണ്ടി
വാദിക്കുകയാണ്. ആകെ കുഴഞ്ഞു മറിഞ്ഞ ഒരു ജീവചരിത്രത്തിനകത്ത്
വീർപ്പുമുട്ടുന്ന കരുണൻ എന്ന കഥാപാത്രത്തിൻ്റെ അപസ്വരങ്ങളുടെ രക്ഷകനായി
കഥാകൃത്ത് അവതരിക്കുകയാണ് .കഥാപാത്രമായി മാറാൻ മനസ്സുള്ള ,പിന്നീട്
കഥാപാത്രത്തെ ജീവിക്കാൻ അനുവദിക്കുന്ന കഥാകൃത്ത് സ്വയം ആരാണെന്ന
അന്വേഷണമാണ് തുടങ്ങിവയ്ക്കുന്നത് .ഒരു കഥ എഴുതിയതുകൊണ്ട് അതിനു ഉത്തരം
ലഭിക്കുന്നില്ലെന്ന് അദ്ദേഹം ആദ്യമേ തന്നെ പറയുന്നുണ്ട്. കഥയുടെ അന്ത്യം
കരുണൻ രാധയെ കണ്ടോ ,രാധ തന്നെയാണോ അയാൾ കണ്ടുപിടിച്ച വീടിനു മുന്നിൽ
നിന്നത്, അയാൾ ലീലയുടെ വീട്ടിൽ നിന്ന് ജനാലയിലൂടെ താഴേക്ക് നോക്കിയപ്പോൾ
കണ്ട കുട്ടി രാധയുടേതായിരുന്നോ, ലീലയുടെ വീടിനടുത്ത് തന്നെയാണോ രാധയുടെ
വീട് ,എങ്കിൽ താൻ എന്തിന് രാധയുടെ വീട് തേടി ഇത്ര ദൂരം അലഞ്ഞു തുടങ്ങിയ
ചോദ്യങ്ങൾക്ക് കഥാകൃത്തിന്റെ കൈയിൽ ഉത്തരമില്ല.
ഈ ലോകജീവിതത്തെക്കുറിച്ച് തനിക്ക് പ്രാഥമികമായോ അന്തിമമായോ ഒരു പ്രസ്താവന ചെയ്യാൻ കഴിയില്ലെന്ന് പ്രഖ്യാപിക്കുന്നതുപോലെയാണിത്.
ഗതികിട്ടാത്ത പ്രവാചകൻ
താൻ
കഥാരചനയിൽ ഏർപ്പെട്ടതിലൂടെ വല്ലാത്ത ഏടാകൂടത്തിലകപ്പെട്ടിരിക്കയാണ്,തന്നെ
രക്ഷിക്കാൻ ഈ കഥാപാത്രത്തെ കൊണ്ടാകുമെന്ന് തോന്നുന്നില്ല - എന്നിങ്ങനെ
കഥാകൃത്ത് ചിന്തിക്കുന്നതായി നമുക്ക് തോന്നും. അത് സത്യവുമാണ് .അയാൾ
നേരിട്ടറിഞ്ഞ കാര്യങ്ങൾ പോലും പിന്നീട് അയാൾക്ക് സന്ദേഹമുണ്ടാക്കുന്നു.
കരുണൻ ഉറപ്പിച്ചുവെച്ച കാര്യങ്ങൾക്ക് ഇപ്പോൾ ഒരു സ്വപ്നത്തിന്റെ
വിലയേയുള്ളൂ. അത് ജീവിച്ചതല്ല ,സ്വപ്നം കണ്ടത് തന്നെയായിരുന്നു. എങ്കിൽ അത്
ഒരു ഫാൻറസിയാണ് .തന്നിലെ അനിയന്ത്രിതമായ കാമവും ലൈംഗികമായ അതിമോഹവും ഈ
ലോകത്ത് ഒരിടത്തും സംവേദനം ചെയ്യാനാവുകയില്ലെന്നറിഞ്ഞു അയാൾ സൃഷ്ടിച്ച
രണ്ട് കഥാപാത്രങ്ങളാവാം ലീലയും രാധയും. ചിലപ്പോൾ അവർ രണ്ടുപേരും ഒരാളുടെ
തന്നെ രണ്ട് കാലഘട്ടങ്ങളിലെ പെരുമാറ്റമായിരിക്കാം. അയാൾ തന്നിലെ ഭ്രാന്തമായ
ലൈംഗികാസക്തി വിവരിക്കാൻ ലീലയെ കണ്ടുപിടിക്കുന്നു. അവളുമൊത്ത്
സന്തോഷിക്കുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ മനസ്സിൽ പറയുകയാണ്. ഈ ലോകത്ത്
നിന്ന് തീർത്തും വേർപെട്ട ഒരിടമാണ് അയാളുടെ മനസ്സും അതിൻ്റെ ഫാന്റസിയും.
ഒരു
ഫാന്റസിയുടെ അന്ത്യം കഥാകൃത്തിനെങ്ങനെ നിർവ്വചിക്കാനാവും.? കഥയിലെ ഈ
വാക്യങ്ങൾ അത് സൂചിപ്പിക്കുന്നു. "എനിക്കൊരു വിശ്വാസമുണ്ട്. എന്തിനെയും
പൂർണമായി വിവരിക്കാൻ കഴിഞ്ഞാൽ അതിന്റെ സത്യത്തിൽ എത്തിച്ചേരാനും കഴിയും."
എന്നാൽ
ദൈവത്തിനല്ലാതെ പൂർണമായ വിവരണം തരാൻ മറ്റാർക്കും സാധ്യമല്ല. അതേസമയം
മറ്റൊരു ബോധ്യവുമുണ്ട് .എല്ലാം വിവരിക്കപ്പെട്ടാൽ പിന്നെ ദൈവത്തിൻ്റെ
സ്ഥാനമെന്താണ്? ഈ അവസ്ഥ ഭീതിതമാണ് .കാര്യങ്ങളുടെ നിജസ്ഥിതിയും അതിനു
നമ്മളോടുള്ള യഥാർത്ഥബന്ധവും അറിയാതെയാണ് നാം വലിയ ജീവിതമൂല്യങ്ങൾ
പുറപ്പെടുവിക്കുന്നതും ദീർഘിച്ച പ്രബന്ധങ്ങളും സാഹിത്യവും എഴുതുന്നതും.
ഒന്നിനും
അന്തിമമായ സുവിശേഷം പറയാനില്ല. എല്ലാം ഇരുട്ടിൽ തപ്പുകയാണ്. എഴുത്തുകാരൻ
ഒരു അടഞ്ഞ ലോകത്തിൻ്റെ ഗതികിട്ടാത്ത പ്രവാചകനാണ്. ദൈവത്തെ
നഷ്ടപ്പെട്ടതിൻ്റെ വേദനയും സന്ത്രാസവുമാണ് അവനെ ചൂഴുന്നത്. അവന് ഭാവിയെയോ
ഭൂതകാലത്തെയോ എത്തിപ്പിടിക്കാനാവില്ല. വർത്തമാനകാലമാകട്ടെ അവനെ
ആസൂത്രിതമായി കബളിപ്പിക്കുന്നു. "പ്രപഞ്ചത്തിന്റെ പിടികിട്ടാത്ത മിനുസ
തൂണിൽ എണ്ണ തേച്ച ദേഹവുമായി പിടിച്ചുകയറുന്നവനെ പോലെയാണ് എഴുത്തുകാരൻ
.വഴുക്കി വീഴലിൽ ചിലപ്പോൾ പിടികിട്ടുന്നത് ഒരു കള്ള നാമത്തിലായിരിക്കും."
അതുകൊണ്ട് യഥാതഥമെന് നാം കരുതുന്ന വസ്തുതകളെയും വിവരങ്ങളെയും അതേപടി
അവതരിപ്പിക്കുന്നതിൽ ഒരു അവ്യക്തതയുണ്ട്. അത് പിടിതരാത്ത ഏതോ മേഖലയുടെ
ഒരറ്റം മാത്രമാണ്. മനുഷ്യൻ അവൻ്റെ സഹജമായ ഫാന്റസിയിലാണ് ജീവിതത്തെ
ഐന്ദ്രിയമായി സ്പർശിക്കുന്നത്. ഇത് താരതമ്യേന ഗാഢമായി വിനിമയം
ചെയ്യുന്നതിനാണ് കരുണൻ എന്ന കഥാപാത്രത്തിന്റെ തീവ്രമായ രതിമോഹത്തെ കൂടുതൽ
വ്യക്തതയോടെ എഴുതിയത്.സ്വപ്നത്തിന്റെ ഭാഷയ്ക്ക് സൗന്ദര്യമേറും. അത്
ഹൃദയത്തിൻ്റെ അവ്യക്തതകളെയും അനൈഹികമായ അവസ്ഥകളെയും സാധാരണമാക്കി
കാണിക്കുകയാണ്. അവിടെ ഒരു ക്രമമുണ്ട് .ആ ക്രമവുമായി പൊരുത്തപ്പെട്ട് അതിനു
നീതീകരണം കൊടുക്കുന്ന സമയത്താണ് സ്വപ്നം മാറിമറിയുന്നത്. അതോടെ
സ്വപ്നത്തിന്റെ വേറൊരു ഘട്ടം ആരംഭിക്കുകയാണ് .

No comments:
Post a Comment