Followers

Monday, May 25, 2026

ശ്രീനാരായണധർമ്മത്തിൻ്റെ പ്രചാരകനല്ല നിത്യചൈതന്യയതി: എം.കെ.ഹരികുമാർ

 




കാലടി ബുധസംഗമം ബുക്സ് പ്രസിദ്ധീകരിച്ച നിത്യചൈതന്യയതി ജന്മശതാബ്ദി സ്മരണിക ( 800 പേജ് ,രണ്ടായിരം രൂപ ) ‘യതിയുടെ ജ്ഞാനസരണി ‘ ആലുവ അദ്വൈതാശ്രമത്തിൽ പ്രകാശനം ചെയ്ത  ചടങ്ങിൽ എം.കെ. ഹരികുമാർ പുസ്തകം അവതരിപ്പിച്ച് സംസാരിക്കുന്നു. സി. രാധാകൃഷ്ണൻ ,ജസ്റ്റിസ് കെ.സുകുമാരൻ ,ഡോ. ധർമ്മരാജ് അടാട്ട് ,സ്വാമി ധർമചൈതന്യ, അഡ്വ.കെ.ബി. സാബു ,കാലടി എസ് മുരളിധരൻ ,ജയപ്രകാശ് ഒക്കൽ  ,ഡോ. എം.വി.നടേശൻ  തുടങ്ങിയവർ പങ്കെടുത്തു.

 

ലുവ :ഭാവുകത്വത്തെ മറികടന്ന് വിജ്ഞാനത്തിന്റെയും സൗന്ദര്യത്തിന്റെയും സമന്വയവും സാക്ഷാത്കാരവുമാണ് നിത്യചൈതന്യയതി തേടിയതെന്ന് എം.കെ.ഹരികുമാർ അഭിപ്രായപ്പെട്ടു.

കാലടി ബുധസംഗമം പ്രസിദ്ധീകരിച്ച നിത്യചൈതന്യയതിയുടെ ജന്മശതാബ്ദി സ്മരണിക 'നിത്യയുടെ ജ്ഞാനസരണി' എന്ന പുസ്തകത്തിൻ്റെ പ്രകാശനവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹരികുമാറിൻ്റെ പ്രഭാഷണത്തിൽ നിന്ന്: 

യതി ജ്ഞാനത്തെയാണ് തേടിയത്. അതിനായുള്ള ആസക്തിയാണ് പ്രവർത്തിച്ചത്. മനുഷ്യൻ നേടുന്ന അറിവ് എന്ന നിലയിലല്ല യതി അറിവിനെ കണ്ടത് .ഒരു ചെടിയിൽ ഇതൾ വിരിയുന്നതും അറിവാണ്. അതിന് മതമില്ല. അത്  വിശ്വാസത്തിനും അവിശ്വാസത്തിനും അപ്പുറത്താണെന്ന കാഴ്ചപ്പാടാണ് യതിയുടേത്. അദ്ദേഹം സകല വസ്തുക്കളിലും അറിവ് തേടിയലഞ്ഞു. അദ്ദേഹത്തിന് പാശ്ചാത്യവും പൗരസ്ത്യവുമായ വ്യത്യാസമില്ലായിരുന്നു.ഇതിൻ്റെ ഭാഗമായാണ് ഈസ്റ്റ് വെസ്റ്റ് യൂണിവേഴ്സിറ്റി എന്ന ആശയം പ്രചരിപ്പിച്ചത്. യതി ഭാവുകത്വത്തിനപ്പുറമാണ് ജ്ഞാനത്തെ തേടിയത്.പൊതുവേ എഴുത്തുകാർക്ക് അവരുടെ ഭാവുകത്വ പരിസരമുണ്ട് .അവർ തങ്ങളുടെ ആസ്വാദനത്തിനു പറ്റിയ കൃതികളാണ് തിരഞ്ഞെടുക്കുക. അതിനപ്പുറമുള്ള കൃതികൾ അവർ വായിക്കുമെങ്കിലും എഴുതാൻ സാധിക്കില്ല. ഭാവുകത്വത്തിൻ്റെ  പശ്ചാത്തലത്തിലാണ് വായിക്കുന്നത്. എന്നാൽ യതി ഒരു ഭാവുകത്വത്തെയും ഗൗനിച്ചില്ല. അദ്ദേഹം എല്ലാ വിജ്ഞാന ശാഖകളിലേക്കും അറിവ് തേടി സഞ്ചരിച്ചു. എല്ലാം അദ്ദേഹത്തിന് വിഭവമായിരുന്നു .ഉപനിഷത്ത് മുതൽ ശാസ്ത്രം വരെ പരിശോധിച്ചു.ആ പാതയിലാണ് യതി ശ്രീനാരായണഗുരുവിൻ്റെ കൃതികളെയും കാണുന്നത്.ശ്രീനാരായണഗുരുവിൻ്റെ  കൃതികളുടെ ,ധർമ്മത്തിന്റെ പ്രചാരകനാണോ എന്ന് ഒരു മാധ്യമ പ്രവർത്തകൻ ചോദിച്ചപ്പോൾ അല്ല എന്നാണ് യതി മറുപടി നൽകിയത്. അദ്ദേഹം ഗുരുവിൻ്റെ ധർമ്മം പ്രചരിപ്പിക്കുകയല്ല ചെയ്തത്. വിജ്ഞാനപരമായ അഭിനിവേശമാണ് അതിനു പിന്നിലുള്ളത്.ഗുരുവിൻ്റെ കൃതികൾ പോലെ തന്നെ സിമോങ് ദ് ബുവെ, പാബ്ളോ നെരൂദ തുടങ്ങിയവരെക്കുറിച്ചും അദ്ദേഹം എഴുതി. യതി ഗുരുധർമ്മത്തിൻ്റെ  പ്രചാരകനാണെന്ന പേരിൽ ടി. ഭാസ്കരൻ എഴുതിയ ലേഖനം ഈ ഗ്രന്ഥത്തിലുണ്ട് .എന്നാൽ ആ വാദത്തോട് യോജിക്കാനാവില്ല . ഗുരുവിൻ്റെ നിലയിലുള്ള ജീവിതമല്ല യതി നയിച്ചത്. യതി ഒരു സന്യാസിയല്ലായിരുന്നു. സമാധാനപരമായി ആത്മീയകാര്യങ്ങൾ അറിയാൻ ശ്രമിച്ച ഒരു മനീഷി യായിരുന്നു. വിജ്ഞാനശാഖകൾ തമ്മിലുള്ള അതിർത്തി മായിച്ചു കളയാനാണ് അദ്ദേഹം ശ്രമിച്ചത്. അദ്ദേഹം ചിത്രകാരൻ മാറ്റിസിനെയും സംഗീതജ്ഞൻ ബിഥോവനെയും കവി ബ്ളേക്കിനെയും സമന്വയിപ്പിച്ചുകൊണ്ട് അറിവിൻ്റെ സൗന്ദര്യശാസ്ത്രം നേടുകയാണ് ചെയ്തത്. യതി ആവിഷ്കാരത്തിന് തിരഞ്ഞെടുത്തത് വിവിധ രൂപങ്ങളാണ്. കത്തുകൾ ,ഡയറിക്കുറിപ്പുകൾ ,വിവർത്തനം, ക്ലാസുകൾ,പ്രഭാഷണങ്ങൾ, ലേഖനങ്ങൾ ,കവിത തുടങ്ങിയ രൂപങ്ങൾ ഉണ്ടായിരുന്നു. യതി  സുഹൃത്തുക്കൾക്ക് കത്തുകളെഴുതി  ഒരു ലോകം സൃഷ്ടിച്ചു.  അദ്ദേഹവുമായി ആശയവിനിമയം നടത്തിയവർ അറിവിൻ്റെ ശുദ്ധാവസ്ഥയിൽ എത്തിച്ചേർന്നു. യതി യുടെ ഏറ്റവും നല്ല പുസ്തകം 'ഭഗവത്ഗീതാ സ്വാദ്ധ്യായ'മാണെന്ന് ഇവിടെ പറഞ്ഞു. എന്നാൽ  അതിനെക്കുറിച്ച് യതിക്ക് വലിയ മതിപ്പില്ലായിരുന്നു .ഒരു ശിഷ്യൻ ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ , അങ്ങയുടെ മികച്ച പുസ്തകം ഏതാണെന്ന് ചോദിച്ചപ്പോൾ വലിയ അനിഷ്ടത്തോടെയാണ് യതി പ്രതികരിച്ചത്. ഇത് കേട്ട് ചോദ്യ കർത്താവ് പിൻവാങ്ങി. അദ്ദേഹം ഒരു വ്യവഹാരത്തിലും ഒതുങ്ങാത്ത ഒരു ലോക സഞ്ചാരിയായിരുന്നു .വീടു വിട്ട് സത്യം തേടിയ യതിക്ക് അതിർവരമ്പുകളില്ലായിരുന്നു. അദ്വൈതത്തെ വിജ്ഞാന സരണിയിലൂടെ അന്വേഷിക്കുകയാണ് യതി ചെയ്തത്.അദ്വൈതം ഈ പ്രപഞ്ചവും നമ്മളും തമ്മിൽ ഭിന്നതയില്ലെന്നാണ് അർത്ഥമാക്കുന്നത്. ഒരാളുടെ ആന്തരിക ചൈതന്യവും പ്രപഞ്ചമനസ്സും തമ്മിൽ ഭേദമില്ല. എങ്കിൽ അവിടെ ദൈവത്തിനു സ്ഥാനമില്ല. ആത്മചൈതന്യത്തിൽ നിന്ന് ഭിന്നമായി യാതൊന്നുമില്ല. അതുകൊണ്ട് ദൈവം ഉണ്ടായിരിക്കാൻ പാടില്ല. ദൈവം ഉണ്ടായിരിക്കുമ്പോൾ  നമുക്ക് അന്യമായി, ഭിന്നമായി ഒന്നു നിലനിൽക്കുന്നു എന്നു വരുകയാണ്. അതുകൊണ്ട് അദ്വൈതികളായ ശ്രീനാരായണഗുരുവിനും ശങ്കരാചാര്യർക്കും ദൈവം ഇല്ല എന്ന് പറയാവുന്നതാണ് .അവർ പ്രപഞ്ചവുമായുള്ള ബന്ധത്തിൽ ഭേദചിന്തകളില്ലാതെ ജീവിച്ചവരാണ്. ഈ തത്വത്തെ അറിഞ്ഞ യതി എല്ലാം തന്നിലേക്ക് ആകർഷിക്കുകയാണ് ചെയ്തത്. എല്ലാറ്റിലും ചേർന്നു നിൽക്കുന്ന ഒരു ഏകാത്മക ചൈത്യന്യമാണ് അദ്ദേഹത്തിൻ്റെ ബുദ്ധിയെ വശീകരിച്ചത്. യതിയുടെ My Inner Profile എന്ന കവിതാസമാഹാരത്തെക്കുറിച്ച് ഞാൻ 2014 ൽ കലാകൗമദിയിൽ എഴുതിയത്  ഓർക്കുന്നു. ബുധസംഗമത്തിൽ നിന്ന് എന്നെ വിളിച്ചെങ്കിലും ഈ ലേഖനം എത്തിച്ചുകൊടുക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് ആ ലേഖനം ഇതിൽ ചേർത്തിട്ടില്ല. യതിയുടെ മനസ്സിൻ്റെ സൗന്ദര്യാത്മക ലോകത്തെ അനുഭവിപ്പിക്കുന്ന കവിതകളാണതിലുള്ളത്. ടാഗോറിന്റെ 'ഗീതാഞ്ജലി' പോലെ യതിയുടെ കവിതകളും പ്രപഞ്ചചൈതന്യത്തോടുള്ള സംവാദമാണ്. താൻ നേടിയ അറിവുകളിൽ നിന്ന് ശേഖരിച്ച സൗന്ദര്യമാണ് ആ കവിതകളിൽ യതി  അവതരിപ്പിച്ചത്.




Sunday, May 17, 2026

പ്രഭാഷകൻ്റെ മൂല്യം നിശ്ചയിക്കുന്നത് അനീതിയോടുള്ള എതിർപ്പ്: എം.കെ.ഹരികുമാർ


ശിവഗിരി മഠവും മാവേലിക്കര ഡോ. സുകുമാർ അഴീക്കോട് ജന്മശതാബ്ദി സമിതിയും ചേർന്ന് ശിവഗിരി മഠത്തിൽ സംഘടിപ്പിച്ച  സുകുമാർ അഴീക്കോട് ജന്മശതാബ്ദി സമ്മേളനത്തിൽ എം.കെ. ഹരികുമാർ മുഖ്യപ്രഭാഷണം നടത്തുന്നു. സച്ചിദാനന്ദ സ്വാമി ,അവ്യയാനന്ദ സ്വാമി ,ജോർജ് തഴക്കര ,അജയൻ പനയറ, ബാബു പാക്കനാർ ,സന്തോഷ് കുമാർ എന്നിവർ സമീപം .




സുകുമാർ അഴീക്കോട് ജന്മശതാബ്ദിയിൽ ശിവഗിരിയിൽ ചെയ്ത പ്രസംഗം 



ശിവഗിരി: അനീതിയെ എതിർക്കാൻ വേണ്ടിയാണ് സുകുമാർ അഴീക്കോട് പ്രസംഗിച്ചതെന്ന് എം.കെ.ഹരികുമാർ അഭിപ്രായപ്പെട്ടു.

ശിവഗിരി മഠവും മാവേലിക്കരയിലെ സുകുമാർ അഴീക്കോട് ജന്മശതാബ്ദി സമിതിയും ചേർന്ന് ശിവഗിരിയിൽ  സംഘടിപ്പിച്ച സുകുമാർ അഴീക്കോട്  ജന്മശതാബ്ദി സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം .

ഹരികുമാറിൻ്റെ പ്രഭാഷണത്തിൽ നിന്ന്: അഴീക്കോടിൻ്റെ പ്രഭാഷണത്തിന് മൂല്യമുണ്ടാകുന്നത് അദ്ദേഹം കൂടുതൽ നേരം പ്രസംഗിച്ചത് കൊണ്ടല്ല; കൂടുതൽ വേദികളിൽ പ്രസംഗിച്ചത് കൊണ്ടല്ല ;കൂടുതൽ കാലം പ്രസംഗിച്ചതുകൊണ്ടുമല്ല. അഴീക്കോടിൻ്റെ പ്രസംഗം പ്രസക്തമാകുന്നത് അദ്ദേഹം നമ്മുടെ മനസ്സാക്ഷിയെ പ്രകാശനം ചെയ്യുന്നതു കൊണ്ടാണ് .നമ്മൾ പറയേണ്ടത് അദ്ദേഹം പറയുകയാണ്. നമുക്ക് പറയണമെന്നുണ്ടായിരുന്നു.അത്  അദ്ദേഹം പറയുകയാണ് .നമ്മളിൽ ഉണ്ടായിരുന്ന നേര് ,അദ്ദേഹം പറയുമ്പോഴാണ് നാം തിരിച്ചറിയുന്നത്. അതുകൊണ്ട് അത് സമൂഹത്തിന്റെ ഹൃദയത്തിൽ നിന്നുണ്ടാകുന്ന പ്രഭാഷണമാണ്. അത് കാലത്തിൻ്റെ ആത്മാവായി മാറുന്നു. അനീതിയെ എതിർക്കുക എന്ന ആശയമാണ് അദ്ദേഹം മുറുകെ പിടിച്ചത്. തെറ്റിനെ മൂടിവയ്ക്കുന്നവൻ പ്രഭാഷകനല്ല. 

1991 ൽ എനിക്ക് 'അങ്കണം' അവാർഡ് ലഭിച്ച സന്ദർഭത്തിലാണ്  അഴീക്കോടിനെ പരിചയപ്പെടുന്നത്. അദ്ദേഹത്തെ ആ അവസരത്തിൽ വീട്ടിൽ പോയി കണ്ടു. എനിക്ക് അന്ന് അവാർഡ് തന്നത് അഴീക്കോടായിരുന്നു. ആ പ്രസംഗത്തിൽ അദ്ദേഹം അവാർഡിനർഹമായ എൻ്റെ കൃതി 'മനുഷ്യാംബരാന്തങ്ങളെ'പ്പറ്റി ഉണ്ടായ ബഹളങ്ങളെക്കുറിച്ച് സൂചിപ്പിച്ചു. 'മനുഷ്യാംബരാന്തങ്ങൾ' എന്ന ഗ്രന്ഥനാമം ജഡ്ജിംഗ് കമ്മിറ്റിയിലുണ്ടായിരുന്ന ഒരു പ്രൊഫസറെ അമ്പരിപ്പിച്ചു എന്ന് അദ്ദേഹം പറഞ്ഞു. ആ പുസ്തകത്തിൽ നിന്നുള്ള കുറിപ്പുകൾ എഴുതി തൻ്റെ ജബയുടെ പോക്കറ്റിൽ സൂക്ഷിച്ചുകൊണ്ടാണ് അദ്ദേഹം വന്നത്. പുസ്തകത്തിലെ ഒരു വാചകം ഉദ്ധരിച്ചത് ഓർക്കുന്നു: "മനുഷ്യജീവിതം പ്രലോഭനങ്ങളുടെ കൂടാണ്"- തുടർന്ന്   ഇതാണ് സാഹിത്യം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അഴീക്കോട് അദ്വൈതത്തിന്റെ ഉദ്ഘോഷകനായിരുന്നു. ഈ പ്രപഞ്ചവുമായി മനുഷ്യാത്മാവിന് യാതൊരു ഭേദവുമില്ല എന്ന ഉപനിഷത്  ദർശനം അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം അദ്ദേഹം ക്ഷേത്രങ്ങളിൽ പോകാറില്ലായിരുന്നു.

ശ്രീനാരായണഗുരുവിനെക്കുറിച്ച് രണ്ട് സന്ദർഭങ്ങളിലായി അദ്ദേഹം എന്നോട് പറഞ്ഞ ആ കാര്യങ്ങൾ ഇവിടെ സൂചിപ്പിക്കുകയാണ്. ഒന്നാമത്തേത് , ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ദർശനത്തെക്കുറിച്ചാണ്. ഇങ്ങനെ ഒരു പ്രസ്താവന ചെയ്യാൻ ഹൃദയത്തിൽ അദ്വൈതാനുഭൂതി നിറഞ്ഞു തുളുമ്പി നിൽക്കുന്ന ഒരാൾക്ക് മാത്രമേ കഴിയൂ എന്ന് അദ്ദേഹം അറിയിച്ചു .മറ്റൊരു നിരീക്ഷണം അരുവിപ്പുറം പ്രതിഷ്ഠയെക്കുറിച്ചാണ്. അരുവിപ്പുറത്ത് നടന്ന പ്രതിഷ്ഠ പാരമ്പര്യത്തെ ധിക്കരിക്കുന്നതായിരുന്നു. ആറ്റിൽ നിന്ന് ഒരു കല്ലെടുത്ത് വച്ച ശേഷം അത് ശിവനാണെന്ന് പ്രഖ്യാപിക്കുന്നു. ആ ശിവപ്രതിഷ്ഠ പല പ്രമാണിമാരെയും ചൊടിപ്പിച്ചു. ചിലർ  ചോദ്യം ചെയ്തു .അപ്പോൾ അവരോട് ഗുരു പറയുന്നു: ഇത് നമ്മുടെ ശിവനാണെന്ന്! ശിവനെ ഗുരു മോചിപ്പിക്കുകയാണ് .സാധാരണക്കാർക്ക് കൂടി പ്രാപ്യമായ ഒരു ശിവനെ ഗുരു കണ്ടെത്തുന്നു.അങ്ങനെ ദൈവത്തെ ഗുരു ജനാധിപത്യവത്ക്കരിക്കുന്നു. 
ഗുരുവിൻ്റെ ഈ പ്രസ്താവന ചരിത്രത്തിൽ ആദ്യത്തേതാണ്.  ചരിത്രത്തിൽ ഒരിക്കലും ഇതുപോലൊരു സന്ദർഭം ഉണ്ടായിട്ടില്ല. അതുകൊണ്ട് ആ മറുപടി സർഗാത്മകമാണ്. മറ്റാരും അതുപോലൊരു മറുപടി നൽകുകയില്ല. സാധാരണക്കാർക്ക് കൂടി പ്രാപ്യമായ ഒരു ശിവനെ ഗുരു കണ്ടെത്തുന്നു. അങ്ങനെ ദൈവത്തെ ഗുരു ജനാധിപത്യപരമാക്കുന്നു. ജനാധിപത്യം  എന്നാൽ തുല്യത വരുത്തുക എന്നാണർത്ഥം. എല്ലാവർക്കും ഒരുപോലെ അവകാശമുള്ളതാക്കുക . ദൈവത്തിൻ്റെ കാര്യത്തിലുള്ള ഈ ജനാധിപത്യവൽക്കരണം ജാതിചിന്തകൾ കൊണ്ട് കളങ്കിതമായ ഒരു സമൂഹത്തിൽ വളരെ പ്രധാനമാണ്. 

ഒരു വിമർശകനെന്ന നിലയിൽ അഴീക്കോട് പുനർമൂല്യനിർണയം എന്ന ആശയത്തിന്റെ വക്താവായിരുന്നു. എഫ്. ആർ. ലിവിസ് എഴുതിയ Revaluation : Tradition and Development in English Poetry എന്ന പുസ്തകത്തിൽ നിന്ന് അദ്ദേഹം ഉദ്ധരിക്കുന്നു. ഒരു കൃതിയെക്കുറിച്ച് എഴുതുമ്പോൾ നിലവിലുള്ള ആസ്വാദനചിന്തകൾ അതേപടി ഏറ്റുപാടരുത് .യുക്തിയെ പുനർമൂല്യവിചാരണ നടത്തണം.  പുതിയ മൂല്യം അന്വേഷിക്കണം .ഒരു കൃതിയെ ഇങ്ങനെ പുനർമൂല്യവിചാരം ചെയ്യുമ്പോഴാണ് വിമർശനം ഉണ്ടാകുന്നതെന്ന് അഴീക്കോട് വാദിച്ചു. ഭാവുകത്വം മലിനമായിത്തീരും. അതിനെ നവീകരിക്കേണ്ട ഉത്തരവാദിത്വം വിമർശകനുള്ളതാണ്.ടി.എസ്.എലിയറ്റിൻ്റെ ഒരു നിരീക്ഷണം കൂടി കാണണം. വായനക്കാർക്ക് ഇഷ്ടാനിഷ്ടങ്ങളുണ്ട്. അത് എല്ലാം ശരിയാകണമെന്നില്ല. അവരുടെ വീക്ഷണത്തിൽ തകരാർ സംഭവിക്കുമ്പോൾ അത് തിരുത്താൻ വിമർശിക്കാൻ തയ്യാറാവണം .

അഴീക്കോടും മുണ്ടശ്ശേരിയും മാരാരും ചേർന്ന വിമർശകത്രയമാണ് കഴിഞ്ഞ നൂറ്റാണ്ടിലെ വിമർശനത്തിലെ ഒരു പ്രധാന ആകർഷണം. മുണ്ടശ്ശേരിയും മാരാരും അഴീക്കോടും എഴുത്തച്ഛൻ്റെ കാര്യത്തിൽ മൗനം പാലിച്ചു. എന്നാൽ ഇവർ മൂന്നു പേരും ജി. ശങ്കരക്കുറുപ്പിൻ്റെ കവിതയെ  വിമർശിക്കുകയാണ് ചെയ്തത്.ശങ്കരക്കുറുപ്പിൻ്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ  മുണ്ടശ്ശേരി അദേഹത്തിൻ്റെ കവിതയെ  വിമർശിച്ചപ്പോൾ തകഴി അദ്ധ്യക്ഷനായിരുന്നു. ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടേണ്ട കവിയാണെന്ന  നിലപാടായിരുന്നു മാരാർക്കുമുണ്ടായിരുന്നത്.  അദ്ദേഹമാണ് അഴീക്കോടിൻ്റെ പുസ്തകത്തിന് 'ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു' എന്ന പേര് നിർദ്ദേശിച്ചത്.

അഴീക്കോടിൻ്റെ ജന്മശതാബ്ദി സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ടതായിരുന്നു. അദ്ദേഹത്തിൻ്റെ ഓർമ്മയോട് ആദരവ് പ്രകടിപ്പിക്കാൻ ഈ നാട്ടിൽ വിപുലമായ ഒരു ഒരുക്കം നടന്നില്ല എന്നത് ഖേദകരമാണ്- ഹരികുമാർ പറഞ്ഞു. സച്ചിദാനന്ദ സ്വാമി,അവ്യയാനന്ദ സ്വാമി, ജോർജ് തഴക്കര ,ഡോ. അജയൻ പനയറ ,ബാബു  പാക്കനാർ ,സന്തോഷ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.