എഡി
161 കൽ 180 വരെയാണ് മാർകസ് ഒറേലിയസ് റോമാ ചക്രവർത്തിയായിരുന്നത്.
ഉന്നതമായ ധാർമ്മികതയ്ക്കും ആത്മവിശുദ്ധിക്കും പ്രാധാന്യം കൊടുത്ത
സ്റ്റോയിക്ക് (stoic) തത്ത്വചിന്തകനായിരുന്ന അദ്ദേഹം ദീർഘകാലയളവിലെ
തത്ത്വചിന്തയും സാഹിത്യവുമെല്ലാം പരിശോധിച്ചതിൻ്റെ തെളിവ് പലപ്പോഴായി
എഴുതിയ കുറിപ്പുകളിൽ കാണാം. ആ കുറിപ്പുകളുടെ സമാഹാരമാണ് Meditations
.ലോകത്തിലെ പല പ്രമുഖരായ എഴുത്തുകാരുടെയും പ്രിയപ്പെട്ട പുസ്തകമാണ്
മെഡിറ്റേഷൻസ്. ജീവിതത്തിൻ്റെ ക്ഷണികതയും നശ്വരതയും ചൂണ്ടിക്കാണിച്ച
ഒറേലിയസ് മനുഷ്യനു അവൻ്റെ ജീവിതം ജീവിക്കുന്നതിന് ഏറ്റവും അത്യാവശ്യമായ
ചിന്തകളും തത്ത്വങ്ങളുമെന്താണെന്ന് ഈ കുറിപ്പുകളിൽ വ്യക്തമാക്കുന്നുണ്ട്.
പത്താം നൂറ്റാണ്ടുവരെ ഏറെക്കുറെ അജ്ഞാതമായിരുന്നു ഈ കുറിപ്പുകൾ ,ചില
ചരിത്രകാരന്മാരുടെ പരാമർശങ്ങളിൽ ഒഴികെ.
ഒറേലിയസിൻ്റെ
കുറിപ്പുകളുടെ പൂർണ രൂപം ആദ്യമായി കണ്ടത് ബിഷപ്പ് അരേതാസ് ഓഫ് കാസാർസ്
(Arethas of Caesarea) ആണ് .അദ്ദേഹം കൈയെഴുത്ത് പ്രതികളുടെ
ഗവേഷകനായിരുന്നു. ഒരു ബുദ്ധിമാന്‍റെ ഗർവ്വില്ലാതെ സാധാരണ മനുഷ്യൻ്റെ
ജീവിതത്തിലെ പ്രതിസന്ധികളെയും പ്രശ്നങ്ങളെയുമാണ് ഒറേലിയസ് സമീപിക്കുന്നത്.
മനുഷ്യത്വപൂർണമായ സമീപനം ,വൈകാരികമായ ശുദ്ധത എന്നീ ഗുണങ്ങൾ ഇവിടെയുണ്ട്.
മനുഷ്യനെക്കുറിച്ചുള്ള എല്ലാ അന്ധമായ പൊങ്ങച്ചങ്ങളും കാഴ്ചപ്പാടുകളും പടം
പൊഴിഞ്ഞു വീഴുകയാണ്.
എത്രയോ നൂറ്റാണ്ടുകളായി
മനുഷ്യൻ കെട്ടിപ്പൊക്കിയ സങ്കൽപ്പങ്ങളെ, സുദൃഢവും സുനിശ്ചിതവുമായ ആശയങ്ങളെ
നിഷേധത്തിലൂടെയല്ല ഒറേലിയസ് സമീപിക്കുന്നത്, സത്യത്തിന്റെ തീക്ഷ്ണ വർണം
കൊണ്ടാണ്. മനുഷ്യനു കാണാൻ കഴിവുണ്ട്. എന്നാൽ അവൻ എല്ലാം കാണുന്നില്ല. ഒരു
സ്റ്റോയ്ക് ഫിലോസഫർ എന്ന നിലയിൽ ചക്രവർത്തി ലക്ഷ്യം വയ്ക്കുന്നത് സംതൃപ്തി,
ദുഃഖത്തിൽ നിന്നുള്ള അകന്നിരിക്കൽ ,ആത്മനിയന്ത്രണം, ആത്മാഭിമാനം
തുടങ്ങിയവയാണ്. എന്നാൽ ഇതെല്ലാം അദ്ദേഹം പാലിച്ചു.
എല്ലാം
കാണാൻ കഴിയാത്തതുകൊണ്ട് നമുക്ക് സമഗ്രജ്ഞാനമില്ല.
കമ്പാർട്ട്മെൻ്റലായിട്ടാണ് എല്ലാം നേടുന്നത്. വളരെക്കുറച്ചു ഇടങ്ങളിൽ
മാത്രമേ നമുക്ക് വ്യവഹരിക്കാനാവുകയുള്ളൂ. ഡാവിഞ്ചി 'മോണാലിസ' വരയ്ക്കുന്നത്
മനസ്സിലെ അകളങ്കിതമായ ഒരു ബ്രഷു കൊണ്ടാണ് .ആ ബ്രഷ് ഡാവിഞ്ചിയുടെ
സ്വന്തമാണ് .എന്നാൽ അതാകട്ടെ പ്രാപഞ്ചികമായ പൊരുളിൻ്റെ വളരെ ചെറിയ ഒരംശം
മാത്രമാണ് .
ചെളിയിൽ വീഴാതെ
"ഒരുവന്റെ
തെറ്റായ പ്രവൃത്തികൾ എന്നെ മുറിവേൽപ്പിക്കുകയില്ല. വൃത്തികേട് എന്റെ മേൽ
ചൊരിയാൻ ആർക്കും കഴിയില്ല. എന്നാൽ എന്നിൽ വെറുപ്പ് ഉണ്ടാവുകയുമില്ല" -
ഒറേലിയസ് പറയുന്നു.
എന്തിനാണ് നാം മറ്റൊരാൾ
തെറിപ്പിച്ച ചെളിയിൽ നമ്മെത്തന്നെ അലിയിപ്പിക്കാൻ ശ്രമിക്കുന്നത് ? ചെളി
ആരാണോ എറിയുന്നത്, അവനാണ് അതിൻ്റെ ഉത്തരവാദി. അതിൻ്റെ ഫലമായുണ്ടാകുന്ന
എല്ലാ മൂല്യപ്രശ്നങ്ങളും അവനെയാണ് ബാധിക്കുന്നത്. അവന് അത് വൃത്തിയാക്കാതെ
അതിനു പരിഹാരം കാണാനാവില്ല. സ്വയം സമ്പൂർണ്ണമായിരിക്കാനാണ് ഒറേലിയസ്
പഠിപ്പിക്കുന്നത്. ഒരു സമാന്തര സന്യാസാനുഭവമാണ് അദ്ദേഹത്തിൻ്റേത്.
ലോകത്തിൻ്റെ തിളക്കവും ഭോഗവും ആനന്ദവും എത്ര ദുർബ്ബലവും ക്ഷണികവുമാണെന്ന്
അതിൽ നിന്ന് മനസ്സിലാക്കാം.
"നമ്മൾ പരസ്പരം
സഹകരിക്കാനാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത് .കാല്പാദങ്ങൾ പോലെ, കൈകൾ
പോലെ, കൺപോളകൾ പോലെ മുകൾനിരപ്പല്ലും താഴെയുള്ള പല്ലുകളും പോലെ .ശരീരത്തിലെ
അവയവങ്ങൾ പരസ്പരം പോരാടുക എന്നു പറയുന്നത് പ്രകൃതിക്ക് എതിരാണ്."
മനുഷ്യരാശിയെ
ഒരൊറ്റ ശരീരം പോലെ സങ്കല്പിക്കാവുന്നതാണ്. ശരീരത്തിൽ രണ്ടു കൈകൾ രണ്ടു
വശങ്ങളിലായി ഘടിപ്പിച്ചിരിക്കുന്നു. മണ്ണിൽ കുത്തിനിൽക്കുന്നതിന്റെ ബാലൻസ്
ഉറപ്പിക്കാൻ രണ്ട് കാലുകളും. കാലുകളും കൈകളും പരസ്പരധാരണയോടെയാണ്
പ്രവർത്തിക്കുക. നടക്കുമ്പോൾ കാലുകൾ എത്ര കൃത്യമായി ഒരു ഫിലോസഫി
സൃഷ്ടിക്കുന്നു.(എൻ്റെ 'ശ്രീനാരായണായ' എന്ന നോവലിൽ ഈ കാര്യം
വിവരിച്ചിട്ടുണ്ട്).ഒരു കാലിനു മറ്റേ കാലിനോട് പറയാനുണ്ട് പലതും
.നടക്കുമ്പോൾ ഓരോ കാലും മുന്നോട്ടുവരുന്നു ,അതേസമയം ഓരോന്നും പിന്നോട്ട്
പോകുന്നു.
"നമുക്കുള്ളതെല്ലാം ദൈവാധീനത്താൽ
ഉണ്ടായതാണ് .പ്രകൃതിയിൽ നിന്നു വേർപെടുത്താൻ കഴിയാത്ത ഭാഗ്യമാണത്
.കൂട്ടിത്തുന്നലോ കെട്ടുപാടുകളോ ഇല്ലാതെ തന്നെ എല്ലാം
ദൈവവാധീനത്തിലാണുള്ളത്" .
എന്നാൽ വേർപ്പെടാനും
വേർപെട്ടു എന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്താനുമാണല്ലോ നമ്മുടെ ശ്രമം
.വ്യക്തിത്വവൽക്കരണം (Individualization) അപകടകരമാം വിധം
വളർന്നിരിക്കുന്നു. ഒരു ഫോട്ടോ എടുക്കുന്നതിൽ പോലും നമ്മൾ
വ്യക്തിത്വവൽക്കരണമാണ് ശ്രദ്ധിക്കുന്നത്. നമുക്ക് അന്യമായതും എന്നാൽ
നമ്മുടെ വ്യക്തിത്വത്തിന്റെ ഭാഗമായതെന്ന് തെറ്റിദ്ധരിപ്പിക്കുന്നതുമായ
പ്രതിച്ഛായകൾ കൊണ്ടെന്ത് പ്രയോജനം? യഥാർത്ഥത്തിൽ നാം അങ്ങനെയല്ലല്ലോ .
"ഓരോന്നും പ്രപഞ്ചത്തിന്റെ ആവശ്യത്തിനായി നിലനിൽക്കുന്നു."
നമ്മുടെ
ചിരികൾ ,സങ്കടങ്ങൾ, രോഗങ്ങൾ തുടങ്ങിയവകൊണ്ട് ഈ ലോകം എന്തായിരിക്കും
പ്രയോജനപ്പെടുത്തുക? എന്നാൽ നമ്മുടെ ചിരിയും ഈ ലോകത്തിനു വേണം. അത്
നമ്മളിലൂടെ പുറത്തുവരുന്നതാണ്. ലോകത്തിൻ്റെ വളർച്ചയോ വികാസമോ ആണത്.അതിനു
പകരം നമ്മൾ ഇല്ലാത്ത വികാരമോ ചേഷ്ടയോ ഭാവമോ പ്രദർശിപ്പിക്കുകയാണെങ്കിലോ ,ഈ
ലോകം കൂടുതൽ വക്രീകരിക്കപ്പെടും. എല്ലാം വ്യക്തമായും മനസ്സിലാകുന്ന ഒരു
ഘട്ടത്തിൽ കൃത്രിമമായി സൃഷ്ടിച്ച ദുർഗ്രഹതയായി അത് മാറുന്നതാണ്.
നമ്മൾ സ്വയം മറയ്ക്കുകയോ വഞ്ചിക്കുകയോ ചെയ്യുകയാണ്.
മനുഷ്യമനസ് ഒരു ചീത്ത ഇടം
"ഏതൊരുവൻ്റെയും
ജീവിതം മതിയാവോളമാണ്. എന്നാൽ നിന്റെ ജീവിതം ഏറെക്കുറെ തീരാറായി. നിന്റെ
ആത്മാവ് സ്വന്തം മഹത്വം കാണാൻ കൂട്ടാക്കുന്നില്ലല്ലോ . മറ്റുള്ളവരിൽ നീ
വിസ്മയഭരിതമായി നോക്കുകയാണ്."
ജീവിതത്തിൽ തന്നെ
അതിൻ്റെ പൂർണ്ണതയുണ്ട് .എന്താണോ നമുക്ക് അപര്യാപ്തമായി തോന്നുന്നത് ,അത്
നമ്മളിൽ തന്നെയുണ്ട്. അത് കണ്ടെത്തുകയായിരിക്കണം നമ്മുടെ ലക്ഷ്യം. അവനവനെ
ഉപേക്ഷിക്കുകയും മറ്റെവിടെയോ അത് അന്വേഷിക്കുകയും ചെയ്യുന്നപോലെ
വ്യർത്ഥമായിട്ടുള്ളതെന്താണ് ?ആത്മപരിശോധന വേണ്ട ;അവനവനിൽ ത്രസിച്ചു
നിൽക്കുന്നതെന്താണെന്ന് അറിയാൻ ശ്രമിക്കുകയെങ്കിലും വേണ്ടേ? നല്ലതും
പുതിയതുമായ കാര്യങ്ങൾ പഠിക്കാനായി നിങ്ങൾ സമയം കണ്ടെത്തുക .വെറുതെ
ചുറ്റിക്കറങ്ങി സമയം കളയാതിരിക്കുക .സ്വന്തം ആത്മാവിൻ്റെ പഠനമുറി
വികസിപ്പിക്കുകയാണെങ്കിൽ നമുക്ക് അപര്യാപ്തമായത് എന്താണെന്ന് അറിയാം.
ഒരുപക്ഷേ ,അത് നീണ്ടുനിൽക്കുന്ന ഒരു തിരച്ചിലാകാം. മനുഷ്യമനസ് ഒരു ചീത്ത
ഇടമാണ്. അവിടെ സാർത്ഥകമായത് എന്തെങ്കിലും പൊട്ടിമുളച്ചാൽ തന്നെ ഉടമസ്ഥൻ അത്
കളയാണെന്ന് കരുതി പറിച്ചു കളയും .നല്ലതെന്തെങ്കിലും ഉണ്ടെന്ന്
തിരിച്ചറിയുന്നതാണ് പ്രധാനം .അതിനു മാനസികമായ തയ്യാറെടുപ്പുകൾ വേണം.
മനുഷ്യമനസ്സിലെ മലിനമായതെല്ലാം നീക്കം ചെയ്യുന്ന പ്രക്രിയയാകണം
വിദ്യാഭ്യാസം.,അല്ലെങ്കിൽ ആത്മീയത.
"മറ്റുള്ളവർ
എന്താണ് ചിന്തിക്കുന്നതെന്ന് ആലോചിക്കാതിരുന്നാൽ ഒരു തരത്തിലുള്ള
അസന്തുഷ്ടിയും ഉണ്ടാകില്ല. എന്നാൽ സ്വന്തം മനസ്സിൽ
സംഭവിക്കുന്നതെന്താണെന്ന് നിരീക്ഷിക്കാതിരിക്കുന്നവർക്ക് അസ്വസ്ഥതയൊഴിഞ്ഞു
നേരമുണ്ടാവില്ല."
സ്വയം പഠിക്കുകയല്ലാതെ
ജീവിതത്തിൽ മറ്റൊന്നും മോക്ഷ മാർഗ്ഗമല്ല .മറ്റുള്ളവരുടെ ചിന്തകളെക്കുറിച്ച്
ആലോചിക്കുന്നത് പുതിയ രോഗങ്ങൾക്കു കാരണമാകും. അന്യരുടെ മനസ്സ്
പഠിക്കാനാണല്ലോ മിക്കവർക്കും താല്പര്യം. ആ പഠനം സ്വന്തം മനസിൻ്റെ
പഠനമാണെന്ന് കരുതുന്നവരുണ്ടാകാം.അത് തെറ്റാണ്; മറ്റുള്ളവരുടെ മനസ്സ്
പഠിക്കുന്നവർ പലപ്പോഴും സ്വന്തം മനസ്സിനെ ഒരു സിഗരറ്റ് പാക്കറ്റ് പോലെ
വലിച്ചെറിയുകയാണ് ചെയ്യുന്നത്. മനസ്സ് അങ്ങനെയൊരു ഒഴിഞ്ഞ പാക്കറ്റാണല്ലോ.
"ആളുകളിൽനിന്ന്
ഓടിപ്പോകേണ്ടിവന്നാൽ ഭയപ്പെടരുത്, ദൈവം നിലനിൽക്കുന്നുണ്ടെങ്കിൽ. ദൈവങ്ങളെ
നിങ്ങൾ തിന്മകളിലേക്ക് വലിച്ചിഴക്കില്ലല്ലോ. എന്നാൽ ദൈവം
നിലനിൽക്കുന്നില്ലെങ്കിൽ, മനുഷ്യരുടെ ജീവിതങ്ങളെക്കുറിച്ച് അവർക്ക് യാതൊരു
വേവലാതിയുമില്ലെങ്കിൽ, ഞാനെന്തിനാണ് ദൈവങ്ങളും ദൈവാധീനവുമില്ലാത്ത ഒരു
ലോകത്തിൽ ജീവിക്കുന്നത് ?"
നമ്മൾ
സമർത്ഥിക്കുന്നത്, വാഴ്ത്തുന്നത് അവസാനം എന്തായിത്തീരുന്നു ?ഒരർത്ഥത്തിൽ
അത് സ്വയം വാഴ്ത്തലാണോ? യാതൊന്നിനെയും പിന്തുടരാൻ കഴിയില്ലെന്നതാണ്
വാഴ്ത്തുമ്പോഴും സമർപ്പിക്കുമ്പോഴും സംഭവിക്കുന്നത്. എല്ലാം വേഗം എവിടെയോ
പോയി മറയുന്നു .
"How quickly all things disappear ,in the universe the bodies themselves ,but in time the remembrance of them"
ഓർമ്മകൾ
മാത്രമായി ഒതുങ്ങാനായിരുന്നോ ഈ ബഹളങ്ങളും പ്രതികാരങ്ങളും? മനുഷ്യൻ വെറും
നിഴലോ ചാരമോ ആകാനുള്ളതാണ്. എന്നാൽ അവൻ നിശൂന്യമായതിനെല്ലാം സങ്കല്പങ്ങളും
അർത്ഥങ്ങളും നിർമ്മിക്കുകയാണ്. ആ നിർമ്മാണം തുടർന്നുകൊണ്ടേയിരിക്കുന്നു.
എത്രമാത്രം അപ്രസക്തമാണെങ്കിലും ജീവിതത്തിനു വേണ്ടി അർത്ഥം
നിർമ്മിക്കുകയല്ലാതെ വേറെ വഴിയില്ല. ഈ അർത്ഥനിർമ്മിതി നീതിയെയും അനീതിയെയും
വേർതിരിക്കാനാവാത്ത തലത്തിലേക്ക് കടന്നിരിക്കുന്നു.
"ഒരാവശ്യത്തിൽ
നിന്നല്ല ,ജ്വരത്തിൽ നിന്നാണ് നീതിയും അനീതിയും വേർതിരിക്കപ്പെടാത്ത വിധം
പല ഉദ്യമങ്ങളും ഉണ്ടാകുന്നത്. ഏതൊരു കാര്യത്തിലും ആവശ്യമില്ലാതെ ചാടി,
മണ്ണിനടിയിൽ ചികഞ്ഞു നോക്കി അനുമാനങ്ങളുണ്ടാക്കുന്നതുപോലെ ചീത്തയായ ഒരു
പ്രവൃത്തിയില്ല. മറ്റുള്ളവരുടെ മനസ്സുകളിലേക്ക് നോക്കുന്നതിനേക്കാൾ ഭേദമാണ്
സ്വന്തം മനസ്സിലെ പിശാചിനെ നോക്കുന്നതെന്ന് മനസ്സിലാക്കുന്നില്ല."
സ്വന്തം മനസ്സിലെ 'പിശാചു'മായി കൂടിയാലോചിച്ചാണല്ലോ നന്മയെയും തിന്മയെയും വേർതിരിക്കുന്നത് .
സ്വന്തം
ആവശ്യങ്ങളും താല്പര്യങ്ങളുമാണ് നമ്മുടെ പ്രമാണം .അതിനുപറ്റിയ ഏത്
ചെകുത്താനുമായും കൂട്ടുകൂടും .ചെകുത്താനെന്ന് മനസ്സിലാക്കുന്നത്
പിന്നീടായിരിക്കും. അതുവരെ താൻ കൂടിയാലോചന നടത്തുന്നതെല്ലാം ദൈവമെന്ന്
വിളിക്കുന്ന ഒരു വ്യക്തിയുമായിട്ടായിരിക്കും. നമ്മുടെ എല്ലാ തിന്മകൾക്കും
പിന്തുണ പ്രഖ്യാപിക്കേണ്ടത് ആ ദൈവത്തിൻ്റെ ചുമതലയാണല്ലോ.
ഒരു പൂവ് അതിൽ സമ്പൂർണം
"ഏതെങ്കിലും
തരത്തിൽ സുന്ദരമായതെല്ലാം, അതിൽ തന്നെ സുന്ദരമാണ്. അത് അതിൽ തന്നെ
അവസാനിക്കുന്നു. അതിന് യാതൊരുവിധ പ്രശംസയും ആവശ്യമില്ല.പ്രശംസ കൊണ്ട് ,
അതിനു യാതൊരു ഗുണമോ കോട്ടമോ സംഭവിക്കുന്നില്ല."
ഏതൊരു
വസ്തുവും അതിൻ്റെ തന്നെ അനന്യതയിൽ നിലീനമാണ്. അതിനപ്പുറം അതല്ലാതെ
മറ്റൊന്നുമില്ല. ഒരു ചെമ്പരത്തിപ്പൂവ് ആ പൂവിൽ തന്നെ സമ്പൂർണമാണ്. അത്
റോസാപ്പൂവിൽ നിന്ന് ഒന്നും ആഗ്രഹിക്കുന്നില്ല. അതിനു അതിൻ്റെ മുകളിലോ
താഴെയോ വേറൊരു ലക്ഷ്യമില്ല .പൂവിനു അതിൽ നിന്ന് വേറിട്ട് ഒരു
അസ്തിത്വമില്ല .പൂവിനെക്കുറിച്ച് എഴുതുന്നതോ പാടുന്നതോ പൂവിന് ഒരു
നേട്ടവുമുണ്ടാക്കുന്നില്ല .പൂവ് അതിൻ്റെ ലോകത്ത് മാത്രമാണുള്ളത്.
അത് അതിൻ്റെ ശൂന്യതയെ അന്വേഷിക്കുന്ന യാത്രയിലാണ്.
"കലാസൃഷ്ടിക്കും പ്രശംസ ആവശ്യമില്ല. യഥാർത്ഥത്തിൽ സുന്ദരമായതിനു യാതൊരു പ്രശംസയും വേണ്ട ."
ഏത്
കലാവസ്തുവും അതിന്റെ തന്നെ ആപേക്ഷികതയിലാണ് നിലകൊള്ളുന്നത് .അത് അനേകം
കലാസൃഷ്ടികളുടെ നിരയിലാണുള്ളത്. അതിനു മാത്രമായി ഒരു നിലനിൽപ്പില്ല.
അനുസ്യൂതമായ ഒരു പ്രക്രിയയുടെ ഭാഗമാണത് .ആ പ്രക്രിയയാകട്ടെ പ്രകൃതിയിലുള്ള
സർഗാത്മക മനസ്സിൻ്റെ ആവിർഭാവമാണ്. അത് കാലങ്ങളിലൂടെ കുതിക്കുകയാണ്
.പുതിയത് കൂട്ടിച്ചേർക്കപ്പെടുന്നു. ചിലത് അപ്രസക്തമാകുന്നു. ദീർഘകാലയളവിലെ
കലാസൃഷ്ടികൾ പരിശോധിക്കുകയാണെങ്കിൽ ഒരു കാര്യം വ്യക്തമാകും ;പുതിയതെന്തോ
ഇനിയും വരാനുണ്ട് .അല്ലെങ്കിൽ അതിനെ നിശ്ശബ്ദമായി അന്വേഷിക്കുകയാണ് .ഇത്
അനന്തമായ പ്രക്രിയയാണ്. വിവിധ ദേശങ്ങളിലും കാലങ്ങളിലുമുള്ള കലാകാരന്മാർ
തങ്ങളുടെ നിലപാടുകളും കാഴ്ചകളും ഇതിനായി ഉപയോഗിക്കുന്നു.
"മരതകത്തിനും
സ്വർണത്തിനും ദന്തത്തിനും നിറത്തിനും വീണയ്ക്കും കത്തിക്കും പൂവിനും
പുൽക്കൊടിക്കും പ്രശംസിക്കപ്പെട്ടില്ലെങ്കിൽ എന്തെങ്കിലും കുഴപ്പമുണ്ടോ?"
അതുകൊണ്ടാണ്
ഒറേലിയസ് ഏതൊരു വസ്തുവും അതിൽ തന്നെ അനന്യമാണെന്ന് പറയുന്നത്. കാരണം, ഒരു
കാലാവസ്തു അതിൻ്റെ ഭൂതകാലത്തെയോ ഭാവികാലത്തെയോ പ്രതിനിധീകരിക്കുന്നില്ല
.അത് ഒരു നിസ്തുലമായ പ്രത്യക്ഷതയാണ്. അതിനെ നാം വാഴ്ത്തുമ്പോൾ അതിനേക്കാൾ
മികച്ചത് ഭാവിയിൽ ഉണ്ടാകില്ല എന്നർത്ഥമാക്കുന്നില്ല. ഭാവി അതിൻ്റെ വഴിയെ
തന്നെ ഉണ്ടായിക്കൊള്ളും. ഭാവിയെ തന്നെ നാം വേർപെടുത്തിയ ശേഷമാണ് ഒന്നിനെ
പ്രശംസിക്കുന്നത്. നമ്മുടെ മുന്നിൽ ഭൂതകാലവും വർത്തമാനവും മാത്രമേയുള്ളൂ.
വർത്തമാനത്തിലാണ് നമ്മുടെ മൂല്യബോധങ്ങൾ യഥാർത്ഥ രൂപം കൈക്കൊള്ളുന്നത്.
"തങ്ങളുടെ
മരണശേഷവും പ്രശസ്തി വേണമെന്ന് ആഗ്രഹിക്കുന്നവർ ഓർക്കാത്ത ഒരു കാര്യമുണ്ട്.
അവരെ ഓർക്കുന്നവരെല്ലാം താമസിയാതെ മരിക്കും. പിന്നീട് വരുന്ന തലമുറയും ഈ
ഓർമ്മകളിലൂടെ കടന്ന ശേഷം മരിക്കുന്നു. അവരും ഓർമ്മയാകുന്നു. പിന്നീട്
വരുന്നവരും അവരെ ഓർക്കുന്നവരും വീണ്ടും നിഷ്പ്രഭരാവുന്നു .ആ ഓർമ്മകൾ
അനശ്വരമാണെന്ന് തന്നെ കരുതുക. അതുകൊണ്ട് നിങ്ങൾക്ക് എന്താണ് പ്രയോജനം
?അനാവശ്യമായി അനശ്വരതയെക്കുറിച്ചും വരും തലമുറ ഓർക്കുന്നതിനെക്കുറിച്ചും
ആലോചിക്കുന്നത് പ്രകൃതി നൽകിയ വലിയ സൗഭാഗ്യങ്ങളെ അവഗണിക്കുന്നതിനു
തുല്യമാണ്.
പ്രകൃതിയിൽ വിസ്മൃതി മാത്രമാണുള്ളത്.
ഓർക്കുന്നത് വളരെ ഹ്രസ്വമായ കാലയളവിലെ അനുഭവമാണ്. ഓർക്കുന്തോറും ഓർമ്മകൾ
ഉണ്ടാവുന്നു. പുതിയ ചിമിഴുകൾ ഉണ്ടാകുന്നു. ഓർമ്മകൾ സാവധാനം മറവിയിലേക്ക്
ചായുകയാണ്. എല്ലാം വിസ്മൃതമാവാൻ കാത്തിരിക്കുന്നു. ഓർക്കുന്നത്
പ്രകൃതിദത്തമല്ല ,പ്രകൃതി വിരുദ്ധമാണ്. ഓർക്കാൻ ധാരാളമുണ്ട്. എന്നാൽ
അതെല്ലാം പ്രകൃതി തിരിച്ചെടുക്കുന്നു. പ്രകൃതിയുടെ അജ്ഞാതമായ ഒരിടത്തേക്ക്
അത് താഴ്ന്നു താഴ്ന്നു പോകുന്നു. ആർക്കും തന്നെ അതിനെ വീണ്ടെടുക്കാനാവില്ല.
മറവിയിൽ ആർക്കാണ് ശബ്ദമുള്ളത് ?
മറവിയുടെ സമുദ്രം
"നിങ്ങൾ
നേടിയ സിദ്ധികൾ, അതെത്ര ചെറുതായാലും അതിനെ സ്നേഹിക്കുക. അതിൽ സംതൃപ്തി
നേടുക .ജീവിതകാലമത്രയും ദൈവത്തിൽ വിശ്വസിച്ചു ആരുടെയും അടിമയോ അധികാരിയോ
ആകാതെ ജീവിക്കുക ."
നിങ്ങളുടെ സിദ്ധികൾ
മറ്റൊരാളുടെ സിദ്ധികളുമായി താരതമ്യം ചെയ്യാതിരിക്കുക .നിങ്ങൾ സിദ്ധികളുടെ
വ്യാപ്തി പരിശോധിച്ച് സ്വയം ബോധ്യപ്പെടുകയാണെങ്കിൽ, നിങ്ങളുടെ പരമാവധി
ശക്തിയിൽ അത് പുറത്തുകൊണ്ടുവരാനാവും.
അത് പ്രകൃതിയുടേതാണ്.
വാസ്തവത്തിൽ ,ആ സിദ്ധി നിങ്ങളുടെ സ്വന്തമെന്ന് പറയാവുന്നതാണെങ്കിലും അതിനു
ഒരു ചരിത്രമുണ്ട് .പലതരം ഭാവനകൾ നിങ്ങളിൽ പ്രവർത്തിക്കുന്നതിൻ്റെ ഫലമാണത്
.നിങ്ങൾ സൃഷ്ടിച്ചെടുത്ത മാനുഷികതയുടെയും നീതിബോധത്തിൻ്റെയും ഒരു
സൃഷ്ടിയാണത്.
"പൂർവ്വകാലങ്ങളിലെ ഒരു
ജീവിതത്തിന്റെയും ഒരു രാഗത്തിന്റെയും അടയാളം ശേഷിക്കുന്നില്ല. അതെല്ലാം
മൂലഘടകങ്ങളിലേക്ക് വിഘടിച്ചുപോയിരിക്കുന്നു."
എല്ലാം
മറക്കാനുള്ളതാണ്. എത്രയോ ജീവിവർഗങ്ങൾ അവയുടെ അംഗങ്ങളെ നൂറ്റാണ്ടുകളായി
മറവിയിലേക്ക് മറവ് ചെയ്തിരിക്കുന്നു. ഒന്നും ഒരിടത്തും ഓർക്കപ്പെടുന്നില്ല.
പറവകൾക്കും തേനീച്ചകൾക്കും ഉറുമ്പുകൾക്കും വ്യക്തിഗതമായ അടയാളങ്ങളില്ലേ
?അവയുടെ സമൂഹത്തിൽ ആർക്കും വ്യക്തിത്വമില്ലെന്ന് പറയാനൊക്കുമോ ?
നിശ്ചയമായും ഓരോരുത്തരും വ്യക്തികളാണ്. ഓരോരുത്തരും കർമ്മങ്ങളിൽ
വ്യത്യസ്തരാണ്. അവർ ഓരോ ജോലി ചെയ്യുന്നുണ്ട്. എത്രയോ പെൺജീവികൾ എല്ലാ
കഷ്ടപ്പാടുകളും സഹിച്ച് കുഞ്ഞുങ്ങളെ പ്രസവിച്ച് പോറ്റുന്നു .ആരാണ് അവരെ
ഇതെല്ലാം പഠിപ്പിച്ചത് ?
ഏതൊരു വസ്തുവും
പെട്ടെന്ന് മാഞ്ഞുപോവുകയാണ്. അവയെല്ലാം വെറും കഥകളായി മാറുന്നു.
വിസ്മൃതിയിൽ അവ അടക്കം ചെയ്യപ്പെടുന്നു. അത്ഭുതകരമായ രീതിയിൽ
ജീവിച്ചവർക്കും ഇത് ബാധകമാണ്. ബാക്കിയുള്ളവരാകട്ടെ അവസാന ശ്വാസമെടുത്തു
വിടുന്നതോടെ അവർ എന്നേക്കുമായി മറയുകയാണ്. ഒരാളും പിന്നീട് അവരെ
ഓർക്കുന്നില്ല .
പതിനായിരക്കണക്കിന് അംഗങ്ങൾ
ഒരിടത്തു സമ്മേളിച്ചുകൊണ്ട് ചില ജീവിവർഗങ്ങൾ എന്തെല്ലാം കർമ്മബന്ധങ്ങളിൽ
ഉത്സുകരാവുന്നു. എന്നാൽ അവർ ആകസ്മികമായി, ഏതോ കാരണങ്ങളാൽ അകറ്റപ്പെടുന്നു.
ഒരു പ്രാണിസമൂഹത്തിലെ ആയിരക്കണക്കിനല്ല , കോടികണക്കിന് അംഗങ്ങൾ ഈ
പ്രപഞ്ചത്തിന്റെ മഹാകാലത്തിൽ ഒരിക്കലും ഒർമ്മിക്കപ്പെടാതെ, അടയാളങ്ങൾ
അവശേഷിപ്പിക്കാതെ തിരിച്ചുപോയിരിക്കുന്നു.വാസ്തവത്തിൽ,ഇത്രയും നിഷ്ഫലമായ
ഒരു ജീവിതത്തെയാണോ എല്ലാ ജീവിവർഗങ്ങളും ആവേശത്തോടെ പുൽകുന്നത് ? എന്താണ് ഈ
ആത്മാവുകളുടെ രഹസ്യം ?ഒന്നിനും ഒരർത്ഥവുമില്ലെങ്കിൽ ഈ ജീവിതത്തെ കുറേക്കൂടി
സമാധാനത്തോടെ സമീപിക്കാമായിരുന്നുവെന്ന് തോന്നാവുന്നതല്ലേ? ജീവിതത്തിൻ്റെ
ഏതെങ്കിലും ഒരു ഘട്ടത്തിൽ മനുഷ്യന് അങ്ങനെ തോന്നുന്നുണ്ടോ?
"And,to conclude the matter ,what is even an eternal remembeance ?A mere nothing. "
ആത്യന്തികമായി
എന്താണ് ഓർക്കപ്പെടുന്നത്? ശ്മശാനങ്ങളും മൃതദേഹങ്ങളും മൃതദേഹാവശിഷ്ടങ്ങളും
എല്ലാം ഒരു പോലെ മണ്ണിൽ ചേരുന്നു. എല്ലാ പേരുകളും വെള്ളത്തിൽ വരച്ച
വരകളായി അപ്രത്യക്ഷമാകുന്നു. ഓർമ്മകൾ ഒരു ഘട്ടം കഴിയുമ്പോൾ ഭാരമാണ്
.ആദ്യകാലത്ത് എന്തിനെയും ആവേശപൂർവ്വം ഓർക്കുന്ന നാം പ്രായമാകുന്നതോടെ
ഓർമ്മകളിൽ നിന്ന് ക്രമേണ അകലുകയാണ്. ഓർക്കുന്തോറും ചിന്തകൾക്ക് ഭാരമേറുകയും
ശാരീരികവും മാനസികവുമായി പരിക്ഷീണിതരാവുകയും ചെയ്യുന്നു.
ഓർമ്മകളിൽ നിന്ന് ഓടിയൊളിച്ചാൽ ധ്യാനവും ശാന്തിയും ലഭിക്കുന്നു.
"നമ്മുടെ
വേദനകൾ പിന്നെ എന്തിനുവേണ്ടിയാണ്? നീതിയുള്ള ചിന്ത, മനുഷ്യോപകാരപ്രദമായ
പ്രവൃത്തികൾ, കള്ളം പറയാതിരിക്കൽ ,ഏത് അനുഭവത്തെയും സ്വാഭാവികമായി
സ്വീകരിക്കുക - ഒരു തത്ത്വത്തിൽ നിന്നും അതിൻ്റെ ഉറവിടത്തിൽ നിന്നും തനിയെ
നിർഗമിച്ചത് എന്ന നിലയിൽ."
ഒന്നും തന്നെ
സമ്പാദിക്കാനോ സംരക്ഷിക്കാനോ കഴിയാത്ത ഈ ജീവിതത്തിൽ ആകെ ചെയ്യാവുന്നത്
അവനവനിലുള്ള നന്മയെ പുറത്തെടുത്ത് ,കരയുന്നവരെ സ്നേഹിക്കുകയും
സഹായിക്കുകയും ചെയ്യുന്നതാണ്. അപ്പോൾ വേദനകൾ തെല്ലൊന്ന്
ശമിക്കും.ആശ്വാസമാവുകയാണെങ്കിൽ പതിതമായ മനസ്സുകളിൽ ഒരു നന്മയുള്ള ചിരി
പടരും .അതായിരിക്കും ഈ നശ്വരമായ ജീവിതത്തിൽ നമുക്ക് നമ്മുടെ
നന്മകളെക്കുറിച്ച് ബോധ്യം വരുന്ന നിമിഷം .ആ സന്ദർഭം നമ്മുടെ
ജീവിതകാലത്തെങ്കിലും തിളക്കമുള്ളതായിരിക്കും.
"ഓർമ്മിക്കുന്നവർക്കും ഓർക്കപ്പെടുന്നവർക്കും കുറച്ചു സമയമേയുള്ളു. "
എല്ലാത്തിന്റെയും
തേരോട്ടങ്ങൾ തിരസ്ക്കരിക്കപ്പെടാനുള്ളതാണ്. ചരിത്രം തന്നെ അഗാധമായ ഒരു
മറവിയിലേക്ക് പോകാനുള്ള വഴി തിരഞ്ഞെടുത്തിരിക്കയാണ്. ഒരിക്കലും
ഓർക്കപ്പെടാത്തവരാണ് മനുഷ്യർ. അതാണ് വിധി .പ്രകൃതി അതാണ് അതിൻ്റെ ഘടനയിൽ
സജ്ജമാക്കിയിരിക്കുന്നത്. പ്രകൃതിക്ക് അതാണ് പ്രിയങ്കരമായിട്ടുള്ളത്. അനേകം
പേരുകളും വ്യക്തിത്വങ്ങളും ഐഡന്റിറ്റികളും പ്രകൃതി എവിടെ ഓർമിച്ചു
വയ്ക്കും?അത് പ്രകൃതിവിരുദ്ധവും അസാമാന്യമായ ഭാരമുള്ളതുമായ ജോലിയാണ്.
പരസ്പരബന്ധത്തിന്റെയും അതിൽ നിന്നുണ്ടാകുന്ന പരിണാമങ്ങളുടെയും ഫലങ്ങളാണ്
പ്രകൃതി ഓർക്കുന്നത്.
ഈയാമ്പാറ്റകൾ പൂർത്തിയാക്കുന്നത്
"ഓരോന്നിന്റെയും
മാറ്റം ശ്രദ്ധിക്കുക. പ്രകൃതി എല്ലാത്തിനെയും മാറ്റുന്നതിലാണ് ഊന്നൽ
നല്കുന്നത്. അതിൽ നിന്ന് അതുപോലെയുള്ള പുതിയ വസ്തുക്കൾ ഉണ്ടാവുകയാണ് ".
പ്രകൃതി
നമുക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. എന്നാൽ നമ്മളും പ്രകൃതിയിലുണ്ട്.
നമ്മളിലും അതുണ്ട്. അതിൻ്റെ സ്വാഭാവികമായ സഞ്ചാരത്തിൽ നമ്മളും
പങ്കെടുക്കുകയാണ്. നമുക്ക് ഒരു മഹാലോകത്തിൻ്റെയുള്ളിലെ വസ്തുക്കൾ എന്ന
പങ്കു മാത്രമേയുള്ളൂ. ഒരു യാത്രയെയോ ചലനത്തെയോ യുക്തിയെയോ നമുക്ക്
നിയന്ത്രിക്കാനാവില്ല. ഈയാമ്പാറ്റകൾ തീയിലേക്ക് വന്നു വീഴുന്നു. ഒരു പാറ്റ
വീണത് കണ്ടാലും മറ്റു പാറ്റകൾ പിന്മാറില്ല.എല്ലാവർക്കും തീയിൽ വീണാൽ മതി
.അവ സ്വന്തം ജീവിത ദൗത്യവും രഹസ്യവും മനസിലാക്കിയിരിക്കുന്നു. സുനിശ്ചിതമായ
ഒരു സൗന്ദര്യാത്മക യാത്രയുടെ പര്യവസാനം എപ്പോഴും വേദന നിറഞ്ഞതു തന്നെ.
മനുഷ്യനു ഈ നിശ്ചിതമായ ചംക്രമണത്തെ മാറ്റാനാകുമോ?
"നിലനിൽക്കുന്ന
ഓരോന്നിലും അതിൻ്റെ വിത്തും അടങ്ങിയിരിക്കുന്നു. എന്നാൽ അതിനെ ഭൂമിയിലും
ഗർഭത്തിലും ഗർഭാശയത്തിലും വീണ വിത്ത് മാത്രമായി കാണരുത്."
മനുഷ്യനും
ഇതുപോലെ തീയിൽ വീഴുകയാണ് .അതുപക്ഷേ, പ്രത്യക്ഷത്തിലുള്ള തീയാകണമെന്നില്ല.
തീ പോലെയുള്ള എന്തുമാകാം. നമുക്കറിയില്ല അതിൽ വീണാൽ ചാരമാകുമെന്ന്
.എന്തെന്നാൽ നമുക്ക് മുന്നേ പോയ ആരുടെയും വിധി നമ്മെ സ്വാധീനിച്ചിട്ടില്ല
.നാം അതിനെക്കുറിച്ച് പഠിച്ചിട്ടില്ല. നമുക്ക് ഓരോ തീനാളത്തിലും
-വിശ്വസ്തതയോ, അടിമത്വമോ, പ്രണയമോ ,ബന്ധമോ - എന്തുമാകട്ടെ വീണു
മരിക്കുന്നതാണ് നമ്മുടെ വിധി. ആരു പിന്തിരിപ്പിച്ചാലും അത് മാറില്ല.
നമ്മുടെ വിധി നാം തന്നെ തിരഞ്ഞെടുത്തു കഴിഞ്ഞതാണ്.
"നിങ്ങൾക്ക്
ദോഷകരമായത് വരുന്നത് മറ്റൊരാളുടെ മനോഗതത്തിൽ നിന്നല്ല; നിങ്ങളുടെ
ശാരീരികരമായ പ്രത്യേകതകളിൽ നിന്നോ പെരുമാറ്റങ്ങളിൽ നിന്നോ അല്ല. പിന്നെ
എവിടെ നിന്നാണ് ?തിന്മകളെക്കുറിച്ച് അഭിപ്രായം രൂപീകരിക്കുന്ന ,നിങ്ങളുടെ
മനസ്സിൽ നിന്നാണ് "
അതുതന്നെയാണ് വിധി .മറ്റൊരാൾ
എന്ത് ചെയ്താലും പറഞ്ഞാലും അതിൽ നിന്ന് രക്ഷപ്പെടാൻ നമുക്കാവില്ല .നമ്മെ
ചുരണ്ടി നശിപ്പിക്കുന്ന ചിതൽക്കൂട്ടം നമ്മുടെയുള്ളിലാണ് .അവ എപ്പോഴും
നമ്മെ കാർന്നു തിന്നുകൊണ്ടിരിക്കുന്നു. തിന്മയുടെ ചിതലുകളാണെന്ന് മാത്രം. ആ
ചിതലുകൾക്ക് വളക്കൂറുള്ള മണ്ണാണല്ലോ നിങ്ങളുടെ മനസ്സ്. മനസ് എന്ന ചപ്പു
കൂന ,മലിനമായ ഇടം സദാ സജീവമാണ്. നമ്മൾ എത്ര സ്നേഹത്തോടെ ഒരാൾക്ക് വേണ്ടി
പ്രവർത്തിച്ചാലും അയാൾ അതൊന്നും ഓർക്കണമെന്നില്ല .കാരണം, പ്രകൃതിയിൽ
ഓർമ്മകളില്ലല്ലോ .മാത്രമല്ല, ഓർമ്മകൾ ഇല്ലാതായതുകൊണ്ട് അയാൾ നമുക്ക്
എതിരാവുകയും ചെയ്യുന്നു. ഇത് സ്വാഭാവികമാണ്. മറവി അയാളെ പുതിയൊരു
മനുഷ്യനാക്കുന്നു. ഓർക്കാനുള്ളത് ശേഷിക്കുന്നത് അയാൾക്ക് മടുപ്പും
വെറുപ്പും ഉണ്ടാക്കും .അയാൾ ആ ബന്ധനത്തിൽ നിന്ന് രക്ഷപ്പെടാൻ
ശ്രമിച്ചുകൊണ്ടിരിക്കും. അതിൻ്റെ ഫലമായി നമ്മെ ഉപദ്രവിക്കാൻ നോക്കും. അത്
അയാളുടെ മനസ്സിന് സ്വന്തം യുക്തിരഹിതമായ വാദങ്ങളെ സാധൂകരിക്കാനുള്ള
ചവിട്ടുപടി നൽകും.
"We were formed by nature for mutual assistance ."
യഥാർത്ഥത്തിൽ
നമുക്ക് പരസ്പരം തോളോടു തോൾ ചേർന്ന് പ്രവർത്തിക്കാനാണ് പ്രകൃതി
ഉദ്ദേശിച്ചിട്ടുള്ളത്. അങ്ങനെയാണ് സൃഷ്ടി .ഒരു ജീവിവർഗ്ഗത്തിലെ അംഗങ്ങളുടെ
സ്വഭാവവും പെരുമാറ്റവും അടിസ്ഥാനപരമായി ഒന്നാണല്ലോ. മാനുകളുടെ ഒരു കൂട്ടം
പൊതുവായി പെരുമാറുന്നതു ഒരുപോലെയാണ്.ഒരു മാൻ മറ്റൊരു മാനിനെക്കാൾ
മികവുറ്റതാകണമെന്നില്ല. മനുഷ്യൻ്റെ കാര്യത്തിലാണെങ്കിൽ സ്വാർത്ഥമായ
ചിന്തകളും മത്സരങ്ങളുമുണ്ടെങ്കിലും അവയവങ്ങളുടെ ഘടന ,പൊതുവികാരങ്ങളോടുള്ള
പ്രതികരണം, ഒരുമിച്ചുള്ള താമസം തുടങ്ങിയവ പരസ്പരം സഹകരിക്കാൻ
ഉദ്ദേശിച്ചുള്ളതാണ് .
"ചെയ്യുന്നത് എന്താണെന്ന് വിവേചിച്ചറിയണം. The bodily eye sees not these things;another sort of sight must discern them."
ഒറേലിയസിൻ്റെ
സൂക്ഷ്മദൃഷ്ടി ഈ വാക്കുകളിലുണ്ട് .ശരീരത്തിലെ കണ്ണുകൾ അതിൻ്റെ ജോലി
ചെയ്യുന്നു. അതിൽ വിവേചനമില്ല. നമ്മുടെ അനുവാദം ചോദിച്ചിട്ടില്ല കണ്ണുകൾ
കാണുന്നത്. അതിന് ആ കാര്യത്തിൽ പ്രത്യേക ഇഷ്ടമോ വിദ്വേഷമോ ഇല്ല. ഒരു സെൻ
ബുദ്ധിസ്റ്റിൻ്റെ സംസ്കാരമാണ് കണ്ണുകൾക്കുള്ളത്. കണ്ണുകൾ ഇപ്പോൾ ,ഈ
നിമിഷമാണ് കാണുന്നത്. സത്യവും അസത്യവും ഒരുപോലെ കാണുകയാണ് കണ്ണുകൾ.
എന്നാൽ
മറ്റൊരു ഉൾക്കണ്ണ് ഉണ്ടെങ്കിലേ വിവേചിച്ചറിയാനുള്ള കഴിവ് ലഭിക്കൂ.
അന്തരിന്ദ്രിയം കണ്ണുകളായി പ്രവർത്തിക്കണം .അത് എളുപ്പമല്ല.
ഒരു രഹസ്യം
"Death is ,like our birth,
a mystery of nature."
പഠനങ്ങളും
വിചാരങ്ങളും ഏകോപിപ്പിക്കുമ്പോഴാണ് നമുക്ക് ശരിയായ മാർഗദർശനം കിട്ടുന്നത്.
ആനന്ദത്തേക്കാൾ വലുതാണ് നീതി എന്ന ബോധം എവിടെ നിന്നു കിട്ടും? എല്ലാവരും
അനുഭവത്തിനായി ഓടുകയാണ്. അപ്പോൾ ആനന്ദമോ ?
ഗുരുക്കന്മാരെല്ലാം
പറയുന്നു, ഇതല്ല ജീവിതമെന്ന് .അവർ കണ്ട ജീവിതം എന്തായിരിക്കും? അതാണ്
ഒറേലിയ സ് മരണത്തെപ്പറ്റി പറയുന്നതിൽ കാണുന്നത്. മരണം പ്രകൃതിയുടെ ഒരു
രഹസ്യമാണ്, ജനനം പോലെ. എന്തിനാണ് ജനിച്ചതെന്ന് ഒരു പണ്ഡിതനും
പറയാനൊക്കില്ല. ഈ കാണുന്ന ശരീരം ,ചിന്തകൾ ,മനസ് തുടങ്ങിയവ എവിടെ നിന്നു
വന്നു. ആരെങ്കിലും മുൻകൂട്ടി ഇത് തീരുമാനിച്ചതാണോ ? എന്തുകൊണ്ട്? നമുക്ക്
എന്താണ് നമ്മുടെ മേലുള്ള അധികാരം?.കാരണം ,നമ്മൾ കൃഷി ചെയ്ത് ഉണ്ടാക്കിയ
ജന്മമല്ലല്ലോ ഇത്.
അതുകൊണ്ട് മുറിവേറ്റു എന്ന് പറയുമ്പോൾ
മുറിവിനെയാണ് നിങ്ങൾ ഉപേക്ഷിക്കേണ്ടത്. മുറിവേൽക്കാനുള്ള മനസ്സിനെ
നിങ്ങൾക്ക് തടയാനാവണം.ഒരു വൃക്ഷത്തിലെ പഴം താഴേക്ക് വീണു മുളയ്ക്കുന്നു.
അത് ഒരു ക്രമമല്ലേ? വിത്തു തന്നെയാണ് വൃക്ഷം. പക്ഷേ ,വിത്തുകൾ താഴെ മണ്ണിൽ
വീഴണം. ആ ക്രമം ഒരു തത്ത്വചിന്തയുമാണ് .ആർക്കാണ് അതിനെതിരെ സംസാരിക്കാനാവുക
?വിവേകം ഇതിൽ നിന്നാണ് ഉണ്ടാകുന്നത്.
"ശ്രദ്ധിച്ചാൽ
മനസിലാകും, എല്ലാം തന്നെ നീതിക്കനുസരിച്ചാണ് പ്രവർത്തിക്കുന്നത്. എന്തു
ചെയ്യുമ്പോഴും വിവേകത്തോടെ നന്മയിൽ ജീവിക്കുക, നന്മയുടെ യഥാർത്ഥ ആശയത്തിൽ."
മനുഷ്യോപകാരപ്രദമാവണം
കർമ്മങ്ങൾ.ഇത് പ്രകൃതിയിൽ ഇല്ലാത്തതാണ്. പ്രകൃതി ഒന്നിൻ്റെ നഷ്ടം
മറ്റൊന്നിലൂടെ നികത്തുകയാണ്. ഒന്ന് മറ്റൊന്നിനെ ആശ്രയിച്ചാണ്
നിലനിൽക്കുന്നത്. ആശ്രയിക്കുക എന്നാൽ ഹിംസിക്കുക എന്നും പറയാം.
പ്രകൃതിയിൽ ഹിംസയും മമതയും പലപ്പോഴും വേർതിരിച്ചെടുക്കാനാവില്ല.
അനിവാര്യതയിലാണ് അത് മുന്നോട്ടുപോകുന്നത്. എന്നാൽ മനുഷ്യനു വിവേകം വേണം.
അവൻ ത്യാഗം, സ്നേഹം തുടങ്ങിയ ആശയങ്ങളെ വികസിപ്പിച്ചിട്ടുണ്ട്.
"മാനവരാശിയുടെ
താൽപര്യാർത്ഥം ചെയ്യുക .നിങ്ങളുടെ സ്വഭാവം മാറ്റാൻ തയ്യാറായിരിക്കുക;
തിരുത്തൽ ആവശ്യമായി വരുമ്പോൾ നിങ്ങളുടെ അഭിപ്രായങ്ങളും മാറേണ്ടതുണ്ട്."
വിവേകികളാകുമ്പോഴാണ്
നാം മാറുന്നത്. യാതൊന്നിൻ്റെയും അന്തർ നാടകങ്ങളെ ബുദ്ധികൊണ്ട്
വിവേചിച്ചറിയുമ്പോൾ തെറ്റുകൾ തിരുത്താൻ തയ്യാറാകണം. ചിലപ്പോൾ മറ്റൊരാൾ അത്
ചൂണ്ടിക്കാണിക്കുമ്പോഴാകും ബോധ്യപ്പെടുക.
എല്ലാത്തിനെക്കുറിച്ചും
അതാതു സമയത്ത് നമുക്ക് ചിന്തിക്കാനാവില്ല. ഒരു ഗുരുവിന്റെ വാക്കുകൾ
അവിടെയാണ് പ്രസക്തമാവുന്നത്. ഗുരുക്കന്മാർ സമൂഹത്തിന്റെ പൊതുധാരയ്ക്ക്
,ബോധത്തിനപ്പുറത്ത് ആന്തരികമായ ഇന്ദ്രിയങ്ങൾ ഉപയോഗിക്കുന്നവരാണ് .
"മാറുന്നത് നീതിയുടെ ജീവിഗണത്തിനു വേണ്ടിയാണ്. സന്തോഷത്തിനോ പ്രതാപത്തിനോ വേണ്ടിയാകരുത് "
നീതി
ഒരുകൂട്ടം ജൈവഘടകങ്ങളാണ്. നീതിയെ മനസ്സിലാക്കുക പ്രയാസവുമാണ്. ഓരോരുത്തരും
അവരവരുടെ ബോധത്തെ ന്യായീകരിച്ചുകൊണ്ടിരിക്കുകയാണ്. സ്വയം വിമർശനത്തിനു
തയ്യാറല്ല. അതുകൊണ്ട് നീതി ഒരുവൻ്റെ ധാർഷ്ട്യവും കൈകടത്തലുമായി
രൂപാന്തരപ്പെടും .അവിടെയാണ് വ്യക്തി അതിൽ നിന്ന് സ്വതന്ത്രനായി, തന്റെ
നിസ്സാരമായ അസ്തിത്വത്തെപ്പറ്റി മനസ്സിലാക്കി ലോകത്തിന് ക്ഷേമം വരുത്തുന്ന
തീരുമാനത്തിലെത്തുന്നത്. നമുക്ക് മാത്രമേ ത്യാഗം ചെയ്യാനാവൂ.
മറ്റൊരാളെക്കൊണ്ട് ത്യാഗം ചെയ്യിക്കാനാവില്ല.നമ്മൾ പിന്മാറുമ്പോൾ അത്
ഏറ്റവും വിശുദ്ധമായ പ്രക്രിയയാകുന്നു.
"നിങ്ങൾ
ഇവിടെ ഉണ്ടായിരിക്കുന്നത് ഈ പ്രപഞ്ചത്തിന്റെ ഒരു പ്രക്രിയയുടെ ഭാഗമായാണ്.
നിങ്ങൾ വീണ്ടും ഇത് ഉപേക്ഷിക്കാൻ പോവുകയാണ്, നിങ്ങളുടെ ഉറവിടത്തിലേക്ക് ".
നമ്മളാരും
ഇവിടെ ഒരു ചിരകാല സ്ഥാപനമോ, ആശയമോ, വർത്തമാനമോ ആകാൻ പോകുന്നില്ല. നമ്മൾ
ഇവിടെ ജീവിക്കുന്നത് ഒരു സംയുക്ത ശരീരത്തിൻ്റെ ഭാഗമായാണ്. നമ്മൾ
ഉപയോഗിക്കുന്ന വസ്തുക്കളിൽ ഒന്നു പോലും നമ്മൾ ഉണ്ടാക്കിയതല്ല . വസ്ത്രവും
ഭക്ഷണവും മറ്റു ഉപകരണങ്ങളുമെല്ലാം ഈ ലോകത്തിൻ്റെ ഏതോ കോണിലിരുന്ന്
ആരൊക്കെയോ നിർമ്മിച്ചതാണ്. അവർ ഉണ്ടെങ്കിലേ നമുക്ക് ജീവിക്കാനാകൂ.അപ്പോൾ
വെറുപ്പ് എത്ര അപ്രസക്തമായ കാര്യമാണ്.ഓരോ ദിവസവും ഓരോ കാര്യത്തിനും
നമുക്ക് അന്യരുടെ സഹായം വേണം. ഭക്ഷണം കഴിക്കുന്ന പാത്രം പോലും നമ്മൾ
നിർമ്മിച്ചതല്ല. അപ്പോൾ നമ്മുടെ അഹന്ത എത്ര ദുർബ്ബലമാണ്. പഞ്ചഭൂതങ്ങളും
അങ്ങനെ തന്നെ. എല്ലാം പ്രകൃതിയുടെ ദാനമാണല്ലോ. അതിന്മേൽ നമുക്ക്
അധികാരമില്ല .നമ്മൾ പരാന്നഭോജികളും നിസ്സഹായരുമാണ്.
അനശ്വരത എവിടെ ?
"സഹസ്രാബ്ദങ്ങൾ ജീവിക്കാമെന്ന ചിന്തയിൽ ഒന്നും ഡിസൈൻ ചെയ്യേണ്ട; ജീവിക്കുമ്പോൾ നല്ലത് ചെയ്യുക ".
ആയിരക്കണക്കിന്
വർഷങ്ങൾ ജീവിക്കാമെന്നാണ് ഓരോ മനുഷ്യന്റെയും ചിന്തയെങ്കിൽ അത് മലിനമാണ്.
കലാകാരന്മാർക്കോ എഴുത്തുകാർക്കോ അതുവേണ്ട. ഇപ്പോൾ തന്നെ ,രണ്ടായിരത്തിലേറെ
വർഷത്തെ ചരിത്രമല്ലാതെ വ്യക്തികളെ ആരും ഓർക്കുന്നില്ല.ഒരു രേഖപ്പെടുത്തൽ
സംഭവിക്കുന്നുണ്ട്. അത് പക്ഷേ വിസ്മൃതമാണ്.
"Time
is a river , a violent torrent of things coming in to being ;each one
,as soon as it has appeared , is swept off and disappears, and is
succeeded by another which is swept away in its turn."
പ്രകൃതിയുടെയും
മനുഷ്യരുടെയും ജീവിവർഗങ്ങളുടെയും ആകെത്തുക ഇതാണ്. നമ്മുടെ തലമുറ നിശേഷം
തുടച്ചുമാറ്റപ്പെട്ട ശേഷം മറ്റൊന്നു ഇവിടെ വരുന്നു. അവരും
തുടച്ചുമാറ്റപ്പെടുന്നു .തലമുറകൾ തമ്മിൽ യാതൊരു പരിചയവുമില്ല .പത്തൊൻപതാം
നൂറ്റാണ്ടിൻ്റെ ആദ്യ പാദത്തിലുള്ളവരുമായി ഇരുപത്തിയൊന്നാം നൂറ്റാണ്ടിൻ്റെ
ആദ്യ പാദത്തിലുള്ളവർക്ക് യാതൊരു ബന്ധവുമില്ല .എന്നാൽ നമ്മൾ ,ഈ മനുഷ്യകുലം
പരസ്പരം സഹകരിച്ചാണ് ജീവിക്കുന്നത്. ഒരാളെ കൊണ്ട് അനേകർക്ക് പ്രയോജനമുണ്ട്.
അതുകൊണ്ട് നമ്മൾ ഒരു ശരീരമാണ്.
"റോസാപ്പൂക്കൾ
വിടരുന്നതുപോലെയാണ് ലോകത്ത് ഓരോന്നും സംഭവിക്കുന്നത്; വേനൽക്കാലത്തെ പഴങ്ങൾ
പോലെയും .രോഗങ്ങളും മരണങ്ങളും അപവാദങ്ങളും വഞ്ചനകളും എല്ലാം ഒന്നുകിൽ
സന്തോഷമോ അല്ലെങ്കിൽ സങ്കടമോ ഉണ്ടാക്കുന്നു."
ലോകത്ത്
നമ്മുടെ നന്മതിന്മകൾക്കും സുഖദു:ഖങ്ങൾക്കും അപ്പുറത്ത് ചിലതെല്ലാം പൂർണത
തേടുന്നു. അത് വികസിക്കാനും വിടരാനും പറ്റിയ ഇടങ്ങൾ എവിടെയുണ്ടോ പ്രകൃതി
അത് സാധ്യമാക്കുന്നു. എല്ലാം പൂക്കളാണ് ;സങ്കടങ്ങളും വിരഹങ്ങളും
വിടവാങ്ങലുകളും .എല്ലാത്തിനും പ്രകൃതി സന്നിവേശിപ്പിച്ച സുഗന്ധമാണ്.
"രോഗികളെ
മരണത്തിൽ നിന്ന് രക്ഷിച്ച ഡോക്ടർമാർ ഒടുവിൽ മരണത്തിനു കീഴടങ്ങി. അതുപോലെ
ജ്യോതിഷ പണ്ഡിതന്മാർ ,മരണത്തെക്കുറിച്ച് പ്രവചിച്ചവർ പിന്നീട് മരണത്തിനു
കീഴടങ്ങി. തത്ത്വചിന്തകന്മാർ, മരണത്തെക്കുറിച്ച് പ്രബന്ധമെഴുതിയവർ, അവരും
മരിച്ചു. അതുപോലെ ചില യോദ്ധാക്കൾ, എത്രയോ പേരെ വധിച്ചവർ, അവരും
കാലത്തിൻ്റെ തിരശ്ശീലയ്ക്ക് പിന്നിൽ മറഞ്ഞു. ഏകാധിപതികളും മരിച്ചു. അതുപോലെ
നഗരങ്ങൾ, എത്രയെത്ര നഗരങ്ങൾ ,എല്ലാം മരിച്ചു. മറ്റൊരാളുടെ സംസ്കാരത്തിൽ
പങ്കെടുക്കുന്നവനെ പിന്നീട് മറ്റൊരാൾ സംസ്കരിക്കുന്നു. ഇതെല്ലാം ഒരു
ചുരുങ്ങിയ കാലത്തിനുള്ളിൽ സംഭവിക്കുകയാണ് ."
മറ്റൊരാളുടെ
ചരമ ശുശ്രൂഷ കഴിഞ്ഞ് ഒരാൾ മരണത്തിലേക്ക് മടങ്ങുകയാണെങ്കിൽ അത് ഒരു
ചക്രത്തെ ഓർമ്മിപ്പിക്കുന്നുണ്ട്. തുടങ്ങിയിടത്തു തന്നെ വരാതെ ചക്രം
കറങ്ങുന്നില്ല. തൊട്ടടുത്തുള്ള കോഴിയെ എടുത്തുകൊണ്ടുപോയി
വെട്ടിക്കൊല്ലുന്നത് ,ശേഷിക്കുന്ന കോഴികൾ കാണുമ്പോഴും അവയ്ക്ക് തീറ്റ
തിന്നാനാവുന്നുണ്ട്. വ്യർത്ഥതയാൽ ശരീരമാസകലം മുങ്ങി കിടക്കുമ്പോൾ
സത്യത്തോടു പോലും പ്രതികരിക്കാൻ തോന്നുകയില്ല. എല്ലാം പെട്ടെന്ന്
കഴിയേണ്ടതു തന്നെയെന്ന ചിന്തയിൽ ആ കോഴികൾ ഒരു ചക്രത്തിൻ്റെ കറക്കം
പൂർത്തിയാക്കുന്നത് നോക്കിയിരിക്കയാണ്. മരണത്തെയും ദുരന്തത്തെയും
അറിഞ്ഞുകൊണ്ട് തന്നെ അതിൻ്റെ വരവിനായി കാക്കാതെ സ്വന്തം മിഥ്യകളിൽ
അഭിരമിക്കുക. മനുഷ്യനും ഇങ്ങനെയാണ് .എല്ലാം നിഷ്ഫലമാണ് .ആഗ്രഹമോ
ആത്മാർത്ഥതയോ പതിന്മടങ്ങ് വിനാശകാരികളായി തിരിച്ചുവരും. അപ്പോഴും
സൗമ്യമായിരിക്കാൻ ശീലിക്കണം.
"All human affairs are mean ,and but for a day."
മനുഷ്യർക്ക്
എന്തും പറയാം .എത്രയും പൊങ്ങച്ചം അഭിനയിക്കാം. ആവുന്നിടത്തോളം
സമ്പാദിക്കാം. എല്ലാം നേടിയാലും അതിനേക്കാൾ നൂറിരട്ടി വേഗതയിൽ അതെല്ലാം
അയാളെ ഉപേക്ഷിക്കാൻ കാത്തിരിക്കുകയാണ്. ഏത് നിമിഷത്തിലും, അയാൾക്ക് രോഗമോ
വീഴ്ചയോ സംഭവിക്കാം. അപ്പോൾ അയാൾ ഒരു പഴന്തുണിക്കെട്ട് പോലെ
ഉപയോഗശൂന്യമാകും. അയാൾ ഉയർത്താൻ ശ്രമിച്ച തത്ത്വശാസ്ത്രങ്ങൾ നനഞ്ഞ
പൂച്ചയെപ്പോലെ മാറിപ്പോകും. ജീവിതം എപ്പോഴാണ് അതിൻ്റെ തനിസ്വരൂപം
അനാവൃതമാക്കുന്നതെന്ന് പറയാനാവില്ല.ലോകം നിരാശപ്പെടുത്തുമ്പോൾ ഒരു
തത്ത്വശാസ്ത്രമില്ലാതെ നാം വിഷമിക്കും.
"What yesterday was a trifling embroyo,tomorrow shall be an embalmed carcase ,or ashes."
ഇന്നലെ
എന്നത് ഒരു ഭ്രൂണമായിരുന്നെങ്കിൽ നാളെ എന്നത് ഒരു കബന്ധമാണ് ,കേടു
വരാതിരിക്കാൻ ലേപനം പുരട്ടിയത്. അല്ലെങ്കിൽ ചാരം .ആ ചാരത്തെക്കുറിച്ച്
ഓർത്താൽ ജീവിക്കാൻ തോന്നില്ല. എങ്കിലും ആ ജീവിതത്തെ ആവേശം കൊള്ളിക്കുന്ന പല
തരത്തിലുള്ള വൈകാരിക ജ്വരങ്ങളുണ്ട്. നൈമിഷികമാണെങ്കിലും ആ സുഖങ്ങൾ അവൻ
ഉപേക്ഷിക്കുന്നില്ല .യാതൊന്നിനും ആയുസ്സില്ലെങ്കിലും അതും അവൻ
ആഘോഷിക്കുകയാണ്.
പ്രകൃതി വ്യർത്ഥതയെ പരിവർത്തനം ചെയ്യട്ടെ
"ഈ നിമിഷത്തെ പ്രകൃതിക്ക് വേണ്ടി സന്തോഷത്തെ പിന്തുടരുക. സന്തോഷത്തോടെ പിരിഞ്ഞു പോവുക."
എല്ലാ
വ്യർത്ഥതകളും സ്വന്തം തലയിൽ നിന്ന് മാറ്റുക. പ്രകൃതി ആ വ്യർത്ഥതയെ
എന്തെങ്കിലുമായി പരിവർത്തനം ചെയ്യട്ടെ .ഒരു നിമിഷത്തെ സംഭാഷണത്തിനും
പ്രാധാന്യമുണ്ടല്ലോ. ജീവിക്കുന്ന നിമിഷം സങ്കീർണമാകാതിരിക്കുന്നതിലാണ്
സാമർത്ഥ്യം വേണ്ടത് .ഏതൊരു ഇടപാടും ബന്ധവും സങ്കീർണമാക്കാം. അത് നമ്മൾ
ഇടപെടുന്നതിൻ്റെ സ്വഭാവമനുസരിച്ചിരിക്കും. വിചിത്ര യുക്തികളാണ്
മനുഷ്യനുള്ളത്. വിജയത്തിനുവേണ്ടി അവൻ പാഴ് യുക്തികൾ പരിചപോലെ ഉപയോഗിക്കാൻ
തുടങ്ങും. തർക്കം മൂക്കുമ്പോൾ ഇരുകൂട്ടർക്കും യുക്തി മനസ്സിലാകാതെ വരും.
ലളിതമായി മനസ്സിലാക്കാവുന്ന കാര്യങ്ങൾ ചർച്ച ചെയ്തു കുഴപ്പത്തിലാക്കാനാവും.
"Ever speak and act what is most sound and upright. "
മനുഷ്യൻ്റെ
യുക്തി എപ്പോഴും ഇല്ലാത്തത് ഉണ്ടെന്ന് സ്ഥാപിക്കുന്നതാണ് .അതുകൊണ്ടാണ്
സംസാരിക്കുന്നതിന് മുമ്പ് എപ്പോഴും ആലോചിക്കണമെന്ന് സൂചിപ്പിക്കുന്നത്.
സംസാരിക്കുന്നതിന് വ്യക്തത ആവശ്യമാണ്. അപ്പോൾ കലഹങ്ങൾ കുറയും. രണ്ടുപേർ
തമ്മിൽ സ്നേഹത്തോടെ സംസാരിച്ചാൽ തന്നെ സംഘർഷത്തിലേക്ക് പോകാൻ എളുപ്പമാണ്.
മനുഷ്യൻ ഒരു അപായക്കെണിയാണ്. അവൻ്റെ ജീവിതം തന്നെ ഒരു കെണിയാണ് -മാക്സിം
ഗോർക്കി പറഞ്ഞിട്ടുണ്ട്. അവൻ തന്നിൽ തന്നെ ബന്ധിതനാണ്. ചാർളി ചാപ്ളിൻ ഒരു
സിനിമയിൽ പ്രസംഗത്തിൽ പറയുന്നുണ്ട് ,ഏറ്റവും വേഗതയാർജിച്ച മനുഷ്യൻ അവൻ്റ
മനസ്സ് അടച്ചുപൂട്ടി വെച്ചിരിക്കുകയാണെന്ന്.
"ഞാനെൻ്റെ
വഴിയിലൂടെ നടന്നത് പ്രകൃതിയുടെ ഒരു നിശ്ചയമാണ്;എൻ്റെ അവസാനശ്വാസം
എടുക്കുന്നതു വരെ ,മണ്ണിലേക്ക് പതിക്കുന്നതുവരെ. അവിടെ നിന്നാണ് എൻ്റെ
പിതാവിനു വിത്ത് കിട്ടിയത്, അമ്മയ്ക്ക് രക്തം കിട്ടിയത് ,എന്നെ
പരിചരിച്ചവർക്ക് പാൽ കിട്ടിയത് ,ഇറച്ചിയും വെള്ളവും തന്നത് .ഈ മണ്ണാണ്
എന്നെ നടത്തിയത്.പലരീതിയിൽ അതെല്ലാം ദുരുപയോഗം ചെയ്യപ്പെട്ടു."
എത്രയോ
ബന്ധിതമാണ് നമ്മുടെ 'സ്വാതന്ത്യം'.സ്വാതന്ത്ര്യം ഒരു അലങ്കാര ചിന്തയാണ്.
നമുക്ക് എവിടെയാണ് സ്വാതന്ത്ര്യം? എല്ലാത്തിനോടും നാം സമാധാനം പറയണം
.പഞ്ചഭൂതങ്ങളിൽ നിന്നാണ് നമ്മുടെ വംശമത്രയും ഉണ്ടായിരിക്കുന്നത്. ഒരു
കണക്കുമില്ലാതെ മണ്ണും വെള്ളവും വായുവും നമുക്ക് ലഭിച്ചു.ജീവിതം മണ്ണിൻ്റെ
ഒരു ആശയമാണ്. എല്ലാം മണ്ണിലേക്ക് വിഘടിച്ചു പോകേണ്ടതാണ്. മണ്ണിൽ നിന്ന്
ഉയർന്ന് മണ്ണിലേക്ക് എത്തിച്ചേരുന്നതിനിടയ്ക്കുള്ള ഒരു കപട യാഥാർത്ഥ്യമാണ്
നമ്മുടെ ജീവിതം. അതു ചിലപ്പോഴൊക്കെ പ്രതീതിയാണ്. അതുകൊണ്ടാണ് പ്രകൃതി
നമുക്കൊന്നും ഓർമ്മിക്കാനില്ലെന്ന് ജൈവഘടനയിൽ തന്നെ എഴുതി
വച്ചിരിക്കുന്നത്. പിറവികൾ ഒരു ജനറ്റിക് എഞ്ചിനീയറിങ്ങിന്റെ ഭാഗമാണ്. അതിൽ
ആത്മാവിനെക്കുറിച്ച് എല്ലാവരും പറയും. നമുക്ക് സ്വന്തമായി ആത്മാവുണ്ടോ
?ഓരോരുത്തരും അവരവരുടെ ആത്മാവിനെക്കുറിച്ചാണ് പറയുന്നത്. നമ്മിൽ തന്നെയുള്ള
ഒരു മിഥ്യയല്ലേ അത് ? നമുക്ക് ശേഷം അത് എവിടെയുമില്ല.
"എൻ്റെ ആത്മാവ് ആരുടേതാണ്? ഒരു കുട്ടിയുടെയോ ,യുവാവിന്റെയോ, അല്ലെങ്കിൽ സ്ത്രീയുടെയോ?"
ശരീരത്തിൻ്റെ
പ്രത്യേകതകൾ അനുസരിച്ചാണോ ആത്മാവിന്റെ ലോകം വികസിക്കുന്നത് ?നാം ഏത്
ലിംഗത്തിൽപ്പെട്ടതായാലും നമ്മുടെ ആത്മാവ് അതിൽ നിന്ന്
സ്വതന്ത്രമായിരിക്കുന്നു .ഒറേലിയസ് ആത്മാവിനെ അന്വേഷിച്ചപ്പോൾ അത്
പ്രകൃതിയിൽ ഏകമായിരിക്കുന്നത് കണ്ടു .അതേസമയം അത് നമ്മളിൽ ഓരോരുത്തരിലും
നിലനിൽക്കുന്നതായി തോന്നുന്നു.
ഡേവിഡ് ഫോർദൈസ്
(David Fordyce), അബെർദീനിലെ തത്ത്വശാസ്ത്ര അധ്യാപകൻ ,ഒറേലിയസിനെപ്പറ്റി
പറഞ്ഞത്, ഈ പുസ്തകത്തിൻ്റെ അവതാരികയിൽ ജെയിംസ് മൂർ (James
Moore)ഉദ്ധരിക്കുന്നു: അദ്ദേഹത്തിൻ്റെ തത്ത്വങ്ങൾ ഉദാത്തമാണ്.
മഹത്വത്തെക്കുറിച്ചുള്ള ഈ കാഴ്ചപ്പാടുകൾ മഹത്തരവും ആജ്ഞാശക്തിയുള്ളതുമാണ്.
മർകസ് ഒറേലിയസിൻ്റെ പ്രസക്തമായ ചില ദാർശനിക ചിന്തകൾ ചുവടെ അവതരിപ്പിക്കുന്നു:
1)ഇന്നത്തെ
കാഴ്ചകൾ കാണുന്നവന് അനശ്വരതയിൽ നിന്നുകൊണ്ടോ അല്ലെങ്കിൽ അനശ്വരതയിലേക്കോ
നോക്കാൻ കഴിയും. കാരണം, എല്ലാത്തിന്റെയും പ്രകൃതം ഒന്നുതന്നെയാണ്.
2)പ്രപഞ്ചത്തിൽ ഓരോന്നും പരസ്പരം കെട്ടുപിണഞ്ഞിരിക്കുകയാണ്. അതുകൊണ്ട് അവയെല്ലാം പരസ്പരം സ്നേഹത്തിലാണ് .
3)ദൈവാധീനത്തിന്
നിങ്ങളിലേക്ക് വന്നുചേർന്നതിനെ സ്വീകരിക്കുക. എല്ലാവരെയും സ്നേഹിക്കുക ,
അവരോടൊപ്പം നിങ്ങൾക്ക് ജീവിക്കാൻ അവസരം വന്നു ചേർന്നിരിക്കയാണ്;അത്
ആത്മാർത്ഥതയോടെയായിരിക്കണം.
"Adapt thy self to
those things which are destined for you by providence ,and love those
men,with whom it is your lot to live ,and that with a sincere affection "
4)നമ്മളെല്ലാം
സഹകരിക്കുന്നുണ്ട്, ഒരു വലിയ കർമ്മത്തിന് വേണ്ടി. ലോകത്തിലെ പ്രാപഞ്ചികമായ
മനസ്സിൻ്റെ ലക്ഷ്യങ്ങളുടെ ഭാഗമായി, അറിഞ്ഞോ അറിയാതെയോ .
ഉറങ്ങിക്കിടക്കുന്ന ഒരാൾ പ്രവർത്തിക്കുകയാണെന്ന് ഹെറാക്ളിസ്റ്റസ് പറഞ്ഞത്
ഒറേലിയ സ് ഉദ്ധരിക്കുന്നു.
5)പ്രപഞ്ചത്തിൻ്റെ പദ്ധതിക്ക് അതീതമായി യാതൊന്നിനും നിങ്ങളെ വീഴ്ത്താനാവില്ല.
6)പുതിയതായി ഒന്നുമില്ല. എല്ലാം പഴയതാണ്. അതിൻ്റെ വാഴ്വ് കുറച്ചുകാലത്തേക്ക് മാത്രമാണ്.
7)ആകെ നോക്കുമ്പോൾ ലോകത്തിൽ ഒരു ദൈവമേയുള്ളു.
There
is one God in the whole. അതുപോലെ ഒരു പദാർത്ഥം ,ഒരു നിയമം, ഒരു യുക്തി
മാത്രമേ ബുദ്ധിയുള്ള ജീവിക്കുള്ളൂ. അവയെല്ലാം ഒരേ സ്വഭാവക്കാരാണ്. അവയ്ക്ക്
ഒരേ യുക്തിയാണ് .
8)ഭൗതികമായത് എല്ലാം വേഗം നശിക്കും. പ്രപഞ്ചത്തിലെ പദാർത്ഥ സംയുക്തത്തിലേക്ക് അത് ലയിക്കുന്നു.
9)ഓരോന്നിൻ്റെയും ഓർമ്മകൾ വേഗത്തിൽ അനന്തതിയിലേക്ക് വിലയം പ്രാപിക്കുകയാണ്.
10)നിങ്ങൾക്ക് പ്രിയപ്പെട്ടതിനെ ആശ്രയിച്ച് ജീവിക്കുക.
11)കൈയിലുള്ളതിനേക്കാൾ പ്രാധാന്യം കൈയിലില്ലാത്തതിനു കൊടുക്കാതിരിക്കുക .
12)മരണം ഒരു ചിതറലാണ്; അല്ലെങ്കിൽ അണുക്കളുടെ അപ്രത്യക്ഷമാകലാണ്, വംശനാശമാണ് ,മറ്റൊരു അവസ്ഥയിലേക്കുള്ള പരിഭാഷയാണ്.
"Concerning death.Its either a disperson,or atoms ,a vanishing ,an extinction ,or a translation to another state."
13)നക്ഷത്രങ്ങളുടെ ഭ്രമണത്തെ നോക്കൂ.നിങ്ങളും അവയ്ക്കൊപ്പം സഞ്ചരിക്കുകയാണ്.
14)പ്ളേറ്റോ പറഞ്ഞു ,മനുഷ്യജീവിതത്തെ ഒരു ഉയർന്ന വിതാനത്തിൽ നിന്ന് നോക്കണമെന്ന്.എല്ലാം ഐഹികമാണ്.
15)കഴിഞ്ഞ കാലങ്ങളിലെ ചക്രവർത്തിമാരുടെ ജീവിതം നോക്കിയാൽ, നമുക്ക് നാളെയെക്കുറിച്ച് ഒരു രൂപം കിട്ടും. എല്ലാം ഒരേ തരക്കാരാണ്.
16)നിങ്ങളുടെ
ജീവിതം അവസാനിച്ചു എന്നും അത് ഗതകാലത്തേതാണെന്നും കരുതുക. പിന്നെ എന്താണ്
പ്രതീക്ഷിക്കപ്പുറത്ത് നിലനിൽക്കുന്നത്? പ്രകൃതിക്ക് അനുസരിച്ച് ജീവിക്കുക
.
17) നിങ്ങളുടെ ഉള്ളിലേക്ക്
നോക്കുക. അതാണ് നന്മയുടെ ജലധാര. അത് എപ്പോഴും ഒഴുകുകയാണ്, നിങ്ങൾ അതിനു
വേണ്ടി കുഴിച്ചു കൊണ്ടിരിക്കുകയാണെങ്കിൽ.
Look inwards,within is the fountain of good ,which is ever springing up,if you always digging in it
18)ഒരു തത്ത്വശാസ്ത്രജ്ഞനാകാൻ നിങ്ങൾക്ക് കഴിയില്ല. കാരണം, ശരിയായ ജ്ഞാനം നിങ്ങളിൽ നിന്ന് വളരെ അകലെയാണ്.
19)ഒന്നിനെക്കുറിച്ചും ആകുലപ്പെടേണ്ട.പ്രകൃതിക്ക് ആവശ്യമുള്ളത് എന്താണോ അതിനനുസരിച്ച് പ്രവർത്തിക്കുക
And be solicitous about nothing else ,but knowing what your nature requires ,and acting accordingly .
20)നിങ്ങൾ ഒരുപാട് അലഞ്ഞു.സന്തോഷം കിട്ടിയില്ല.
21)തത്ത്വശാസ്ത്രപരമായ വാദങ്ങളിലോ ,പണത്തിലോ ,പ്രശസ്തിയിലോ ,ലൈംഗികതയിലോ ഒന്നുമല്ല സന്തോഷമുള്ളത്. പിന്നെ എവിടെയാണ് ?മനുഷ്യപ്രകൃതി
ആവശ്യപ്പെടുന്ന
കർമ്മങ്ങൾ ചെയ്യുന്നതിലാണ് സന്തോഷം. ചില ആശയങ്ങൾ നാം നേടണം .അതിൽ
നിന്നായിരിക്കണം നമ്മുടെ ആഗ്രഹങ്ങളും പ്രവർത്തനങ്ങളും പ്രവഹിക്കേണ്ടത്.
22)ഒരുവനെ നീതിമാനും നല്ല മാനസികാവസ്ഥയുള്ളവനും ധീരനും സ്വതന്ത്രനുമാകാൻ സഹായിക്കാത്ത തൊന്നും നല്ലതായിരിക്കില്ല.
23)എന്താണ്
ഈ ലോകം? നമ്മുടെ ശരീരങ്ങളിൽ വിവിധങ്ങളായ കാര്യങ്ങളാണ് നടക്കുന്നത്
.നമ്മുടെ ആത്മാവുകളിലും അത് തന്നെ, ഒരേ നിമിഷത്തിൽ. ഒരൊറ്റ നിമിഷത്തിൽ
ഇതെല്ലാം ഉൾച്ചേർന്നതാണ് ഈ പ്രപഞ്ചസംവിധാനം. അതാണ് ലോകം.
24)ഓരോ
രൂപവും ഉണ്ടായിരിക്കുന്നതിന് ചില ഉദ്ദേശ്യങ്ങളുണ്ട് .കുതിരയായാലും
മുന്തിരിവള്ളിയായാലും, സൂര്യൻ തന്നെയും രൂപപ്പെട്ടിരിക്കുന്നത് ചില
ലക്ഷ്യങ്ങൾക്ക് വേണ്ടിയാണ്.
25)മരിക്കുന്നതൊന്നും ഈ പ്രപഞ്ചത്തിന്റെ അതിരുവിട്ടു പോകുന്നില്ല .
26)നിങ്ങൾ നിങ്ങളുടെ ഈ രൂപത്തിൽ ആയിരിക്കുന്നതിലൂടെ എന്താണ് ലക്ഷ്യമാക്കുന്നത് ? വൈകാരികമായ ലഹരികളുടെ പൂർത്തീകരണം ?
27)ഒരു പന്ത് എറിയുമ്പോൾ അതിൽ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് അതിൻ്റെ ശക്തിയും ദിശയും മാത്രമല്ല, അത് എവിടെ യാത്ര നിർത്തുമെന്നതാണ് .
28)നമ്മളെല്ലാം
ജീവിക്കുന്നത് മൂന്ന് ബന്ധങ്ങളിലാണ്. ഒന്ന്, ഈ നിമിഷത്തിലെ ജീവിതം. രണ്ട്,
ദൈവികമായ ചിന്തകൾ .മൂന്ന് , അയൽക്കാരും സുഹൃത്തുക്കളും.
29)പ്രകൃതി
നിങ്ങളെ രൂപപ്പെടുത്തിയിരിക്കുന്നത് ,ഒരു സാകല്യാവസ്ഥയുടെ ഭാഗമായാണ്.
എന്നാൽ നിങ്ങൾ അതിൽ നിന്ന് സ്വയം വേർപെടുത്തപ്പെട്ടിരിക്കുന്നു.
30)നിങ്ങളെ
എന്തെങ്കിലും മാനസികമായി ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിൽ, അത് ഒരു
പ്രശ്നത്തിന്റെ സ്വഭാവം കൊണ്ടല്ല; അതിനെക്കുറിച്ചുള്ള നിങ്ങളുടെ
വിലയിരുത്തൽ കൊണ്ടാണ്. അത് തിരുത്താനുള്ള സിദ്ധി നിങ്ങളിലുണ്ട്.
31)പ്രപഞ്ചത്തിൽ
അതിനെ തന്നെ നോവിക്കുന്ന പ്രാപഞ്ചികമായ തിന്മയില്ല. ഒരു വ്യക്തിയുടെ തിന്മ
മറ്റൊരുവനെയല്ല, അവനെ തന്നെയാണ് ബാധിക്കുന്നത്.
32)സൂര്യന്
ഒരു പ്രകാശമേയുള്ളൂ. അതാണ് മതിലുകളിലും പർവ്വതങ്ങളിലും മറ്റു
വസ്തുക്കളിലും തട്ടി പലതായി വിഭജിക്കപ്പെടുന്നത്. ഒരേ ഒരു പദാർത്ഥമാണ്
അനേകം ശരീരങ്ങളിൽ പല ഗുണങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നത് .ഒരേയൊരു
ആത്മാവാണ് അനേകം ജീവികളിൽ നിലനിൽക്കുന്നത്, പലതരത്തിലുള്ള പരിമിതികളോടെ.
33)എഴുത്തിലായാലും
വായനയിലായാലും ആദ്യം ചെയ്യേണ്ടത് നിങ്ങൾ സ്വയം പഠിക്കുകയാണ്, മറ്റുള്ളവരെ
പഠിപ്പിക്കുന്നതായി നടിക്കുന്നതിനു മുമ്പ് .
34)ഏതിനെക്കുറിച്ചും
നിങ്ങൾ അന്വേഷിക്കണം - എന്തുകൊണ്ടാണ് അത് ഉണ്ടാക്കപ്പെട്ടിരിക്കുന്നത്?
എന്താണ് അതിൻ്റെ തത്ത്വം .ഈ പ്രപഞ്ചത്തിൽ അതിൻ്റെ ജോലി എന്താണ്? എത്രകാലം
അത് നിലനിൽക്കും?
35)നിങ്ങളെ കോപാകുലനാക്കുന്നവർക്ക് ചുറ്റും കറങ്ങിയിട്ട് കാര്യമില്ല .നിങ്ങളിലേക്ക് മടങ്ങുന്നതാണ് നല്ലത് .
36)ഈ ലോകം ആറ്റങ്ങളുടെ നിർമ്മിതിയാണ്. അത് ഒത്തുചേരുകയും വേർപിരിയുകയുമാണ്. ഇവിടെ നിങ്ങൾക്ക് എന്തിനാണ് വിഷമം?
37)എല്ലാം ഒരു ശരീരമായി മാറിയിരിക്കുന്നു.
38) കണ്ണുകൾ കാണുക എന്ന ധർമ്മത്തിൽ വിവേചനം കാണിക്കുന്നില്ല. അതുപോലെ മനുഷ്യൻ അവൻ്റെ ജീവിതത്തിൽ വരുന്നതിനെയൊക്കെ സ്വീകരിക്കുന്നു.
39)ജീവിതത്തിന്റെ
കല ഒരു ഗുസ്തിക്കാരനുമായാണ് സാമ്യപ്പെടുന്നത് ,ഒരു നർത്തകനേക്കാൾ. കാരണം,
ഗുസ്തിക്കാരൻ എപ്പോഴും സ്വന്തം സുരക്ഷയ്ക്ക് തയ്യാറായിരിക്കണം. എതിരാളിയുടെ
ഒട്ടും പ്രതീക്ഷിക്കാത്ത നീക്കത്തെ ചെറുക്കാൻ കരുതിയിരിക്കണം.
40)ഏതു വേദനയായാലും ഓർക്കുക, ഒരു ധാർമികമായ ദുരാചാരം അതിലില്ല. അത് മനസ്സിനെ ചീത്തയാക്കുന്നുമില്ല. നശിപ്പിക്കുന്നുമില്ല.
41)പ്രകൃതി ആത്മാവിനെ ശരീരവുമായി സംയോജിപ്പിച്ചിട്ടില്ല .അതിന് സ്വയം പരിധി നിശ്ചയിക്കാനാവില്ല.
42)ഒരാൾ
വളരെ ദിവ്യനായിരിക്കാം.അയാളെ ആരും അറിയുന്നില്ലായിരിക്കാം. ജീവിതത്തിലെ
സന്തോഷം വളരെ കുറച്ചു കാര്യങ്ങളിലാണ് അടങ്ങിയിരിക്കുന്നത്.
43)ദൈവങ്ങൾ അനശ്വരരാണ്, പീഡിതരല്ല. അനന്തതയിൽ ദൈവങ്ങൾ അസംഖ്യം ദുഷിച്ച ലോകങ്ങളെ സഹിക്കേണ്ടി വരുന്നു.
44)ഈ
പ്രപഞ്ചത്തിന്റെ ആത്മാവ് ദയാപരവും സാമൂഹികവുമാണ്. അതുകൊണ്ട് അത്
വലിയവരുടെ രക്ഷയ്ക്കായി ചെറിയ ഉത്തരവുകൾ നൽകിയിരിക്കുന്നു .എങ്ങനെയാണ്
ലോകം കഴിവിന്റെ അടിസ്ഥാനത്തിൽ ഒരുമിക്കുന്നത് എന്ന് അത് കാണിച്ചുതരുന്നു.
45)നിങ്ങളുടെ
ജീവിതത്തിൻ്റെ ചരിത്രവും ദൈവത്തിനുള്ള പരസ്യ സേവനവും
പൂർത്തീകരിച്ചിട്ടില്ല. ഇതെല്ലാം നിങ്ങൾ സ്വയം പരിശോധിക്കണം .ദൈവത്തോടും
മാതാപിതാക്കളോടും സുഹൃത്തുക്കളോടും എങ്ങനെ പെരുമാറി.നിങ്ങളുടെ ജീവിതത്തിൽ
എന്തെല്ലാം നിലനിന്നു , വിട്ടുപോയി?
46) നിങ്ങളുടെ ജീവിതത്തിൽ എന്തെല്ലാം മനോഹരവും ആദരിക്കാവുന്നതുമായ സംഭവങ്ങൾ ഉണ്ടായി ?എന്തെല്ലാം സന്തോഷങ്ങൾ, വേദനകൾ ?
47)ഏതു മനസ്സാണ് , യഥാർത്ഥത്തിൽ ,സമർത്ഥവും ബുദ്ധിപരവും ? ഒരു കാര്യത്തിന്റെ കാരണവും പരിസമാപ്തിയും ആരറിയുന്നു ?
48)സർഗാത്മമായ കഴിവുകളുള്ള മനസ്സുകളെ പിന്തിരിപ്പന്മാരായ അൽപന്മാർ ശല്യപ്പെടുത്താൻ കാരണമെന്താണ് ?
"Why should the instructed ,the intelligent ,and skilful soul be disturbed by the rude and illiterate ?
49)ജീവിതത്തിൽ
ഏറ്റവും ബഹുമാനിക്കപ്പെടുന്നത് വ്യർത്ഥമാണ്, നിസ്സാരമാണ്. പട്ടികൾ തമ്മിൽ
കലഹിക്കുന്നതു പോലെയോ , കുട്ടികൾ തമ്മിലടിക്കുന്നതു പോലെയോ ആണ് മനുഷ്യരുടെ
ജീവിതം.
50)നിങ്ങൾക്ക് ഒരു പേര് പോലുമില്ല. ഒരു പേര് വെറും ശബ്ദമാണ്, മുഴക്കമാണ്.
51)വൈകാരികമായി
ബോധ്യപ്പെടുന്നതെല്ലാം മാറിക്കൊണ്ടിരിക്കുകയാണ്; അതിനു സ്ഥിരതയില്ല.
ഇന്ദ്രിയങ്ങൾ തന്നെ വിരസമായി തീരുന്നു. തെറ്റായ പ്രത്യക്ഷതകളെ അത്
അംഗീകരിക്കുന്നു. മനുഷ്യജീവിയുടെ ജീവിതം, രക്തത്തിൽ നിന്നുള്ള ഒരു
ഉയർച്ചയാണ്.ആ മൃഗങ്ങൾക്കിടയിൽ പ്രശസ്തി വേണമെന്ന് പറയുന്നത് ,വളരെ
ദരിദ്രമായ ഒരു ശൂന്യതയാണ്.


No comments:
Post a Comment