ഡ്രോമോക്രസി
പിക്നോലെപ്സി
ഉത്തര-
ഉത്തരാധുനികതയിൽ വേഗത (Speed)ഒരു നവീനാശയമായി ഉയർന്നുവരികയാണ്.
വേഗതയെക്കുറിച്ചുള്ള സങ്കല്പങ്ങൾ, ചിന്തകൾ നേരത്തെയും ഉണ്ടായിരുന്നു.
വാഹനങ്ങളുടെ വേഗതയും വേഗനിയന്ത്രണവും എല്ലാവർക്കും അറിവുള്ളതാണ്.എന്നാൽ
നവീനകാലത്തിലെ വേഗത സ്ഥലത്തെയും കാലത്തെയും പുനർനിർവ്വചിക്കുകയാണ്. നിങ്ങൾ
സഞ്ചരിക്കാതെ തന്നെ വേഗത നേടാവുന്നതാണ്. ഇന്റർനെറ്റും സാറ്റലൈറ്റും നവ
ആശയവിനിമയ സാങ്കേതികവിദ്യകളും നമ്മുടെ സ്ഥലത്തിന്റെയും സമയത്തിന്റെയും
സങ്കല്പങ്ങളെ മാറ്റിമറിച്ചിരിക്കുകയാണ്. ഒരു വിരൽത്തുമ്പ് അമർത്തുന്നതിലൂടെ
ഒരു നിമിഷം കൊണ്ട് ആയിരം പേർക്ക്, വിവിധ രാജ്യങ്ങളിലുള്ളവർക്ക് സന്ദേശം
അയയ്ക്കാവുന്ന വാട്സപ്പ്, ഇമെയിൽ സംവിധാനങ്ങലാണല്ലോ ഇപ്പോഴുള്ളത്. നമ്മൾ
എവിടെയിരിക്കുന്നു, ഏത് സമയത്താണ് ജീവിക്കുന്നത് എന്നീ കാര്യങ്ങളെ അത്
അപ്രസക്തമാക്കുകയാണ്.
ഒരു നിമിഷം കൊണ്ട് ഏതു
ദൂരത്തെയും ഇന്ന് കീഴടക്കാം. ഇന്ത്യയിലെ ഒരു ഗ്രാമത്തിലിരുന്നുകൊണ്ട്
അയയ്‌ക്കുന്ന വാട്സപ്പ് ,ഇമെയിൽ സന്ദേശങ്ങൾ ദൂരത്തെ ഇല്ലാതാക്കുകയാണ്. ദൂരം
എന്ന വ്യാപ്തിയെ സമയത്തിനുള്ളിലേക്ക് അപ്രത്യക്ഷമാക്കുകയാണ്. കേരളത്തിലെ
ഒരു ഗ്രാമത്തിൽ നിന്ന് അമേരിക്കയിലെ ഒരു ഓഫീസിലേക്കുള്ള സന്ദേശം എത്തുന്നത്
ഒരു നിമിഷത്തിനുള്ളിലാണ് .അപ്പോൾ കപ്പൽ വഴിയോ ,വിമാനം വഴിയോ അവിടെ
എത്തിച്ചേരാനെടുക്കുന്ന ദൂരം ഇല്ലാതാവുകയാണ്. ഈ ദൂരത്തിന്റെ അപ്രത്യക്ഷമാകൽ
,സമയത്തിന്റെ അപ്രത്യക്ഷമാകൽ കൂടിയാണ് .സ്ഥലവും സമയവും എവിടെപ്പോയി
അപ്രത്യക്ഷമായി? ഇപ്പോൾ സ്പീഡ് മനുഷ്യബന്ധങ്ങളെയും ബാധിക്കുന്ന ഒരു മാനം
നേടിയിരിക്കുകയാണ്. വേഗതയുടെ അവബോധത്തിനകത്താണ് മനുഷ്യൻ്റെ ബന്ധങ്ങളുടെ
ആഴം പരിശോധിക്കപ്പെടുന്നത്. സമൂഹമാധ്യമങ്ങൾ വേഗത്തെയാണ്
അനുഭവിപ്പിക്കുന്നത് .മൊബൈൽ ഫോൺ വേഗത്തെ
ആവിഷ്കരിക്കുകയാണ്.സമൂഹമാധ്യമത്തിലൂടെ പരിചയപ്പെടുന്ന ആളുകൾ വേഗതയിൽ
വിശ്വസിക്കുന്നു. എത്രയും വേഗം പ്രതികരണങ്ങൾ കിട്ടാൻ വേണ്ടി
കാത്തിരിക്കുകയാണ് ആളുകൾ. മിസ്ഡ് കോളുകൾ വേഗത്തെ അളക്കാനുള്ളതാണ് .എന്നാൽ
പ്രതികരണങ്ങൾക്ക് വേഗതയില്ലെങ്കിൽ അത് സ്നേഹരാഹിത്യമായി കണക്കാക്കും. വേഗത
ഒരാളുടെ സ്വഭാവവും ഗുണവും മൂല്യവുമായി കണക്കാക്കപ്പെടുകയാണ്. വാഹനങ്ങൾ,
യാത്രകൾ, ചടങ്ങുകൾ എല്ലാം വേഗത്തിൽ അധിഷ്ഠിതമാണിന്ന്. ആധുനിക പ്രിന്റിങ്
ടെക്നോളജി എത്രയും കുറച്ച് സമയം കൊണ്ട് ഒരു പുസ്തകം അച്ചടിക്കാമെന്നാണ്
തെളിയിക്കുന്നത്. എല്ലായിടത്തും മന്ദത ഒരു തിന്മയായി വിലയിരുത്തപ്പെടുകയാണ്
. രോഗത്തിന് അതിവേഗം മുക്തി നൽകുന്നതാണ് ആശുപത്രികളുടെ മികവായി
കണക്കാക്കപ്പെടുന്നത്.എവിടെ യാത്ര പോകുമ്പോഴും അത് സമയത്തിനും ദൂരത്തിനും
എതിരെയുള്ള ഒരു യുദ്ധം കൂടിയാണ്. അതുകൊണ്ടാണ് ഇന്നത്തെ യുദ്ധം വേഗത്തെ
പൂർണമായും ആശ്രയിക്കുന്നത്. ശത്രുവിന്റെ മിസൈലിനെ നേരിടാനുള്ള മിസൈൽ
സംവിധാനം വേഗതയിലാണ് നിലയുറപ്പിക്കുന്നത്. ആധുനിക മനുഷ്യൻ്റെ വേഗത്തിൻ്റെ
ജീവിതവും ജീവിതത്തിൻ്റെ വേഗവും കെട്ടുപിണഞ്ഞു കിടക്കുകയാണ് .
വേഗതയില്ലാത്ത ജീവിതം ജീവിതമല്ല
ഫ്രഞ്ച്
സൈദ്ധാന്തികനും ഗ്രന്ഥകാരനും ഫോട്ടോഗ്രാഫറും സൗന്ദര്യശാസ്ത്ര ചിന്തകനുമായ
പോൾ വിറിലിയോ(Paul Virileo,1932-2018) ഡ്രോമോളജി(Dromology) എന്ന ഒരു പദം
തന്നെ അവതരിപ്പിച്ചു.ഡ്രോമോളജി എന്നാൽ വേഗത്തിൻ്റെ ശാസ്ത്രം .ഇത്
ഓട്ടപ്പന്തയത്തിൻ്റെയും വേഗത്തിന്റെയും കാലമാണിതെന്ന് അദ്ദേഹം വാദിക്കുന്നു
.നമ്മുടെ ജീവിതം ഇപ്പോൾ യുദ്ധസമാനമായ വേഗതയിലാണുള്ളത്. ഒരു തിരിച്ചുപോക്ക്
അസാധ്യമാണ്. വേഗത്തിന്റെ യുക്തിയാണ് ഇന്നത്തെ നമ്മുടെ ധാർമികതയായി
മാറുന്നത്. War and Cinema,The Art of The Motor ,The Aesthetics of
Disappearance തുടങ്ങിയ കൃതികളിലൂടെ ആധുനിക കാലഘട്ടത്തിലെ വേഗതയുടെയും
സാങ്കേതിക ജീവിതത്തിൻ്റെയും സൗന്ദര്യശാസ്ത്രമാണ് അദ്ദേഹം അവതരിപ്പിച്ചത്.
ഇതിൽ ആധുനിക വേഗത്തിൻ്റെ പരിണതിയെ കണ്ടെത്തുന്നതിൻ്റെ വിചിന്തനങ്ങളുണ്ട്.
അദ്ദേഹം പറയുന്നു ,ഇത് ഡെമോക്രസി(Democracy)യുടെ കാലമല്ല,
ഡ്രോമോക്രസി(Dromocracy)യുടെ (ഓട്ടപ്പന്തയത്തിൻ്റെ)കാലമാണെന്ന്.
ഇനിയൊരിക്കലും മനുഷ്യർക്ക് വേഗത കുറഞ്ഞ ഒരു വ്യവസ്ഥയിലേക്ക് മടങ്ങാനാവില്ല
എന്നാണ് വിറിലിയോ പറയുന്നത്.കാറുകളുടെ വേഗതയെക്കാൾ ട്രെയിനുകൾ
വേഗതയാർജിച്ചിരിക്കുന്നു. വേഗത കുറഞ്ഞ ട്രെയിനുകൾ ഇനി ആകർഷിക്കപ്പെടില്ല.
അതിവേഗത്തിലുള്ള സാങ്കേതികവ്യവസ്ഥ ഈ കാലഘട്ടത്തിലെ ജീവിത വീക്ഷണത്തെയും
സ്ഥലകാലബോധത്തെയും മാറ്റിമറിച്ചിരിക്കുകയാണ്.വിറിലിയോയുടെ
സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ ആധുനികജീവിതത്തെ കൂടുതൽ അപഗ്രഥിക്കാനാവും.
മനസ്സുകളെ സ്പീഡ് ബാധിച്ചിരിക്കുന്നു .മനസ്സിൻ്റെ ഒരു മുൻഗണനയാണത്.
ഇന്റർനെറ്റിലെ ഇടം (ജി.ബി അഥവാ Space)നമ്മുടെ യഥാർത്ഥ സ്ഥലമല്ല. അത്
സ്ഥലത്തിൻ്റെ പ്രതീതിയാണ്. നമുക്ക് എഴുതാം ,പാടാം, പ്രതികരിക്കാം,
വഴക്കിടാം, ചീത്ത വിളിക്കാം -എല്ലാം പ്രതീതിയാണ്. ഒന്നും യഥാർത്ഥ സമയത്തല്ല
സംഭവിക്കുന്നത് .ട്രെയിനിൽ യാത്ര ചെയ്യുന്ന ,കാപ്പി കുടിച്ചു
കൊണ്ടിരിക്കുന്ന ഒരാളുടെ യഥാർത്ഥ സമയ(Real Time)മല്ല അത് ;ആ യഥാർത്ഥ
സമയത്തിനകത്ത് അളക്കാനാവാത്ത അനേകം ഇടങ്ങൾ പ്രതീതിയായി
പ്രത്യക്ഷപ്പെടുകയാണ്. അതാണ് ജീവിതമായിത്തീരുന്നതെന്ന് നാം കരുതുന്നു
.കാരണം, നമ്മൾ സജീവമായി ചിന്തിക്കുകയും ഇടപെടുകയും വിശ്വസിക്കുകയും
ചെയ്യുന്നത് ഇപ്പോൾ അവിടെയാണല്ലോ. നേരിട്ട് കാണുമ്പോൾ ഒന്നും തന്നെ
പറയാനില്ലാത്തവർ ഒരു പ്രതീതി (virtual)വ്യവസ്ഥയിൽ കാര്യക്ഷമമായി
പ്രവർത്തിക്കുന്നു.അവർ ചിലപ്പോഴൊക്കെ സത്യസന്ധമായി പെരുമാറുന്നു. അതേ അളവിൽ
ആൾമാറാട്ടം നടത്തുന്നു. ഇമോജികളും സ്റ്റിക്കറുകളും ഉപയോഗിച്ചു വികാരങ്ങൾ
ഉള്ളതായി അഭിനയിക്കുന്നു. യഥാർത്ഥമായ സ്ഥലവും സമയവും അപ്രത്യക്ഷമാവുകയാണ്.
ഇതിനെ വിറിലിയോ ഭൗതികാവസ്ഥയുടെ അപ്രത്യക്ഷമാകൽ(Disappearance of
Materiality)എന്നു വിളിക്കുന്നു.
സമാധാനത്തിലും യുദ്ധം
മനുഷ്യർക്ക്
ജീവിക്കാൻ പ്രതീതി ധാരാളമാണ്. പലതും ഉണ്ടെന്ന് വിശ്വസിക്കുന്നതാണ് സുഖം.
ഇല്ലാത്തതും ഉണ്ടെന്ന് കരുതുമ്പോൾ കുറച്ചുകാലത്തേക്കെങ്കിലും
രസമുണ്ടാവും.ശരീരം തന്നെ അപ്രത്യക്ഷമാവുകയാണ്. ശരീരത്തിന് എന്താണ്
പ്രസക്തി, ഇൻറർനെറ്റിലും സമൂഹമാധ്യമങ്ങളിലും?. ശരീരങ്ങൾ ഉണ്ടെന്ന്
സങ്കൽപിക്കപ്പെട്ടാൽ മതിയല്ലോ .അശരീരിയാവുന്നതാണ് ഈ കാലത്തിൻ്റെ
പ്രതീതിയാഥാർത്ഥ്യത്തെ ആഴമുള്ളതാക്കുന്നത്.
ജനാധിപത്യമല്ല
,ഓട്ടപ്പന്തയക്കാരാണ് ഇന്നത്തെ ലോകത്തെ ക്രമീകരിക്കുന്നത് എന്ന് വിറിലിയോ
പറയുന്നത് മനുഷ്യന്റെ മനോഭാവത്തിൽ പ്രകടമായ മാറ്റത്തെ ഉദാഹരിച്ചുകൊണ്ടാണ്.
പ്രണയിക്കുന്നതിനും കാണുന്നതിനും ചിന്തിക്കുന്നതിനും വേഗത ആവശ്യമാണത്രേ.
പ്രേമിക്കുന്നത് അതിവേഗതയിലാണെങ്കിൽ വേർപിരിയുമ്പോഴും ആ വേഗത
അനിവാര്യമാകുന്നു.വേഗത്തിൻ്റെ വിരാട് രൂപമാണ് നാം എവിടെയും
കാണുന്നത്.ഉപഭോക്തൃ ഉല്പന്നങ്ങൾ പോലും പല പേരുകളിൽ , രൂപങ്ങളിൽ പുതുതായി
പുറത്തിറക്കുന്നു .ഫാഷൻ ലോകത്തും വേഗത്തിനാണ് പ്രിയം .അതുകൊണ്ടാണ് വിറിലിയോ
പറയുന്നത്, സമാധാനമായിരിക്കുന്നതും യുദ്ധമാണെന്ന്. കമ്പ്യൂട്ടറുകളാണ്
നമ്മുടെ ജീവിതത്തിലെ സത്യങ്ങളും രഹസ്യങ്ങളും കണ്ടുപിടിക്കുന്നത്. നമ്മൾ
ആഹ്ളാദത്തോടെ , സമാധാനത്തോടെ ജീവിക്കുന്നു എന്ന് പറയുമ്പോഴും ഒരു യുദ്ധം
നടക്കുകയാണ്. ആ യുദ്ധത്തിൽ നമ്മളാണ് ഇരകളാക്കപ്പെടുന്നത്. നമുക്കില്ലാത്ത
വേഗം നമ്മളിലേക്ക് കുടഞ്ഞിടുന്നത് പുതിയ സാങ്കേതികവിദ്യയാണ്.
വിവരസാങ്കേതിവിദ്യയുടെ വേഗത സമയത്തിന്റെ ഒരു പുതിയ രാഷ്ട്രീയമാണ്.
കമ്പ്യൂട്ടർ
സ്ക്രീൻ ഡേറ്റ സ്വീകരിക്കാൻ മാത്രമുള്ളതല്ല;ആഗോളവൽക്കരണത്തിന്റെയും
വർദ്ധിച്ച അതിൻ്റെ പ്രതീതിവൽക്കരണത്തിൻ്റെയും തലങ്ങളെ അത് ഉൾക്കൊള്ളുകയാണ്.
എല്ലായിടത്തും സ്പേസ് അപ്രത്യക്ഷമാവുന്നു;ശരീരമോ വസ്തുക്കളോ അതിനു
അപവാദമല്ല. ഇപ്പോൾ വേഗതയെ അളക്കാനാവുന്നില്ല. നമ്മൾ ഒരു പ്രതീതിലോകത്ത്
എത്ര സ്പീഡിൽ നീങ്ങുന്നുവെന്ന് നമുക്കറിയില്ല. ഇൻറർനെറ്റൽ നമ്മൾ നേടുന്ന
വേഗത്തിൻ്റെ കാര്യമാണ് പറയുന്നത്. അധികാരം അസ്പൃശ്യമായാണ് നമ്മുടെ
മുന്നിലേക്ക് വരുന്നത്. മുൻകാലങ്ങളിൽ അധികാരം ഉപയോഗിച്ചവർ ആരൊക്കെയാണെന്ന്
അറിയാമായിരുന്നു .ഇപ്പോൾ അത് അദൃശ്യമായിരിക്കുന്നു. ആരെല്ലാം നമ്മുടെ
സിസിടിവി ദൃശ്യങ്ങൾ കാണുന്നു ,നമ്മുടെ ടെലിഫോൺ സംഭാഷണങ്ങൾ കേൾക്കുന്നു,
ആരെല്ലാം നമ്മുടെ ഈമെയിലുകൾ നിരീക്ഷിക്കുന്നു, നമ്മുടെ സൗന്ദര്യബോധത്തെ
അപഗ്രഥിക്കുന്നു, ആരെല്ലാം നമ്മുടെ വാട്സപ്പ് ഇമേജുകൾ ശേഖരിക്കുന്നു എന്നീ
കാര്യങ്ങൾ ഒന്നും നമുക്കറിയില്ല. നമ്മുടെ ഫോൺ നമ്മെ എവിടെയെല്ലാം
ഒറ്റിക്കൊടുക്കുന്നു എന്ന് നമുക്കറിയില്ലല്ലോ. ഇതാണ് വിറിലിയോ പറയുന്ന
അപ്രത്യക്ഷതയുടെ സൗന്ദര്യശാസ്ത്രം (Aesthetics of
Disappearance).അധികാരത്തെ ഇന്ന് സ്പർശിക്കാനാവില്ല. ഒരു ഫോൺ നിങ്ങളുടെ
കൈയിലുണ്ടെങ്കിൽ നിങ്ങൾ നിശ്ചിതമായ ഒരു ടവർ ലൊക്കേഷന്റെ പരിധിയിലാണ്.
അതിന്റെയർത്ഥം നിങ്ങൾക്ക് മേൽ മറ്റാർക്കെങ്കിലും അധികാരം ഉണ്ടെന്നാണ്
.നിങ്ങൾ പിടിക്കപ്പെട്ടിരിക്കുന്നു എന്നാണർത്ഥം .നിങ്ങൾ ഒരു സാങ്കല്പിക
കുറ്റവാളിയാണ്. അതുകൊണ്ട് നിങ്ങളെ എപ്പോഴും മുൻകൂട്ടി
നിരീക്ഷിക്കേണ്ടതുണ്ട്.നിങ്ങളുടെ ശരീരത്തിൽ ഒരു ചിപ്പ്
ഘടിപ്പിച്ചിരിക്കുന്ന പോലെ കണ്ടാൽ മതി ,കൈയിലുള്ള മൊബൈൽ ഫോണിനെ. നിങ്ങൾ
കുറ്റവാളിയാണ് ,അല്ലെങ്കിൽ കുറ്റവാളിയാകാൻ തീരുമാനിച്ചയാളാണ് എന്ന
നിഗമനത്തിലാണ് നിങ്ങൾക്കു ചുറ്റുമുള്ള അധികാരമനസ്സ്
പ്രവർത്തിക്കുന്നത്.അതിൽ നിന്ന് രക്ഷപ്പെടാനാവില്ല. നിങ്ങൾ ഒരു
പ്രജയായിരിക്കെ തന്നെ ഒരു തടവുപുള്ളിയുമാണ് .നിങ്ങളുടെ ജീവിതം
യഥാർത്ഥമാണെങ്കിൽ നിങ്ങളുടെ ഭാഗധേയം പ്രതീതിയിലുള്ള തടവറയിലാണ്. അധികാരം
എത്രമാത്രം അദൃശ്യമാകുന്നുവോ അത്രമാത്രം അത് പ്രതീതിയായി നിലനിൽക്കുകയാണ്
.അധികാരം നിങ്ങൾക്ക് കാണാനാവില്ലെങ്കിലും അത് നിങ്ങളുടെ സമീപത്ത് തന്നെ
പ്രതീതിയായി നിൽക്കുകയാണ് .എന്നാൽ അത് നിലനിൽക്കുന്നില്ല എന്ന്
സ്ഥാപിക്കാനാവില്ല.
മസ്തിഷ്കത്തിനു ഉൾക്കൊള്ളാനാവാത്ത സ്പീഡ്
അധികാരത്തിന്റെ
വ്യവസ്ഥയ്ക്ക് സ്വയം അറിയാതെ അടിമപ്പെട്ടു ജീവിക്കുന്ന നമ്മൾ
സ്വതന്ത്രരാണെന്ന് പറയുന്നതാണ് വ്യാജത്വം. ഈ വ്യാജത്വം നമുക്ക്
എപ്പോഴുമുണ്ട്. നമ്മൾ വ്യാജത്വത്തെ സത്യമായി സ്വയം വിശ്വസിപ്പിക്കാൻ
ശ്രമിക്കയാണ്.അതേ സമയം നമ്മൾ സ്വയം നഷ്ടപ്പെടുകയാണ്. ചില പൊയ് വിശ്വാസങ്ങൾ
നമുക്ക് അനിവാര്യമായിത്തീർന്നിരിക്കുന്നു. നവസാങ്കേതികത്വവും അമിതവേഗതയും,
സിനിമ, ടെലിവിഷൻ, ദൃശ്യസംവിധാനങ്ങളും നമ്മെ ഈ പൊയ്‌വിശ്വാസത്തിലേക്ക്
നയിക്കുന്നുണ്ട്.വിറിലിയോ ഇതിൻ്റെ ദുരന്തമായി ഉയർത്തിക്കാട്ടുന്നത്
പിക്നോലെപ്സി(Picnolepsy) എന്ന അവസ്ഥയാണ്.സമയത്തിൽ നിന്ന് വിട്ടുപോകുന്ന
അവസ്ഥയാണിത്; അല്ലെങ്കിൽ നമ്മുടെ ബോധത്തിന്റെ തുടർച്ചയിൽ നിന്ന്
താൽക്കാലികമായോ ചെറിയ ഇടവേളകളിലോ കുറച്ചുനേരത്തേക്ക് വേർപെടുന്ന അവസ്ഥ
.ഇന്നത്തെ ജീവിതത്തെ പിക്നോലെപ്സി എന്ന രോഗതുല്യമായ അവസ്ഥ
പിടികൂടിയിരിക്കുന്നു. സ്വാഭാവികമായ ചിത്രീകരണം ഒരു സിനിമയിലോ ,വീഡിയോയിലോ
ഇല്ല.
എല്ലാം പല ക്യാമറകൾ ഉപയോഗിച്ച്, പല കാലങ്ങളിൽ
ചിത്രീകരിച്ചവയാണ്. ഒരു ഗാനരംഗം പോലും സ്വാഭാവികതയുടെ അനുഭവം നൽകുന്നില്ല.
മനുഷ്യമസ്തിഷ്കത്തിനു പിന്തുടരാകാനാത്ത വിധം വിടവുകൾ നിറഞ്ഞതാണ്
ചിത്രീകരണം. പല കാലങ്ങളിൽ ഷൂട്ട് ചെയ്തത് സംയോജിപ്പിച്ചതാണ്. ഒരു യഥാർത്ഥ
ദൃശ്യം പോലും അതിലില്ല .നടന്മാർ യഥാർത്ഥത്തിൽ അഭിനയിച്ചതല്ല നാം കാണുന്നത്.
ഒരു കലാപ്രവൃത്തി തന്നെ പല കോണുകളിലൂടെ ,ക്യാമറകളിലൂടെ ഒപ്പിയെടുക്കുന്നു.
അതിൽ നിന്ന് ഏതെങ്കിലുമൊക്കെ ചേർത്ത് ഒട്ടിക്കുന്നു .നമ്മൾ സ്ക്രീനിൽ
കാണുന്ന ദൃശ്യങ്ങൾ ഒരു നടൻ യഥാർത്ഥത്തിൽ അഭിനയിച്ചതല്ല. അയാളുടെ പല
കോണുകളിലൂടെയുള്ള ദൃശ്യങ്ങളാണത്. പ്രേക്ഷകൻ്റെ മുന്നിലേക്ക് വരുന്ന
ദൃശ്യങ്ങൾക്ക് തുടർച്ചയോ യുക്തിയോ ഉണ്ടാകില്ല. അവൻ സ്വന്തം തലച്ചോറ് കൊണ്ട്
അത് കണ്ടുപിടിക്കേണ്ടി വരും. ഇതാണ് ദുരിതം .സമീപകാലത്ത് പുറത്തുവന്ന
കെ.ജി.എഫ് ,ആർ. ആർ.ആർ തുടങ്ങിയ നവസാങ്കേതിക മുന്നേറ്റം നടത്തിയ സിനിമകളിൽ
ഇതു വളരെ പ്രകടമാണ്. പ്രേക്ഷകന്റെ ചിന്തിക്കാനുള്ള ശേഷിയെയും കാണാനുള്ള
കഴിവിനെയും വെല്ലുവിളിക്കുന്ന പല സന്ദർഭങ്ങളും ഈ ചിത്രങ്ങളിൽ കാണാം. ഒരാളെ
പ്രഹരിക്കുന്ന രംഗമാണെന്ന് വിചാരിക്കുക. പ്രഹരിക്കുന്നത് പ്രേക്ഷകന്
കാണാനാവില്ല. ഒരാൾ കൈ ഉയർത്തുന്നത് കാണാം ,പിന്നെ കാണുന്നത് എതിരാളി
തെറിച്ചു വീഴുന്നതാണ്. ഇതിനിടയിൽ സാങ്കേതികമായ ചില
ദൃശ്യവൽക്കരണങ്ങളാണുളളത്. അത് വ്യക്തമല്ല. ഈ ഭാഗത്ത് പ്രേക്ഷകന്റെ, ബോധം
മരിക്കുന്നു. ഇതിനെ വിറിലിയോ പിക്നോലെപ്സിയുടെ കാരണമായി കാണുന്നു .ഇത്തരം
അനേകം മരണങ്ങൾ നേരിട്ടുകൊണ്ടാണ് ഒരാൾ ചിത്രം കണ്ടു പൂർത്തിയാക്കുന്നത്.
കണ്ണിൽ എണ്ണയുമൊഴിച്ച് കാത്തിരുന്നാലും പ്രേക്ഷകനു എല്ലാം കാണാനൊക്കില്ല.
ചിത്രീകരിക്കാത്തത് ചിത്രീകരിച്ചു എന്ന് പ്രേക്ഷകനെ ബോധ്യപ്പെടുത്തണമെങ്കിൽ
അവൻ്റെ ബോധത്തെ കൊല്ലേണ്ടതുണ്ട്. ഇതിൻ്റെ അതിപ്രസരത്തിൽപ്പെട്ട്
പ്രേക്ഷകന് ബോധക്ഷയമുണ്ടാകുന്നു. അവൻ തിയേറ്റർ വിടുന്നത് ഈ തുടർ മരണങ്ങൾ
ഏൽപ്പിച്ച ആഘാതവുമായാണ്. അവൻ്റെ ഞരമ്പുകളെ ഇത് ചൂടുപിടിപ്പിക്കുന്നു.
അവൻ്റെ
യാഥാർത്ഥ്യബോധത്തെയും സ്ഥലകാലബോധത്തെയും മറന്നിട്ടു മാത്രമേ ഇത്തരം
അവിശ്വസനീയമായ ഡിജിറ്റൽ എഡിറ്റിങ്ങിനെ കാണാനൊക്കൂ .എന്നാൽ ഗത്യന്തരമില്ലാതെ
അവൻ അതെല്ലാം വിശ്വസിച്ചതായി സ്വയം അംഗീകരിക്കുന്നു. മറ്റുള്ളവരെയും അത്
ബോധ്യപ്പെടുത്തുന്നു .
ഒഴിഞ്ഞ ഒരിടവും ബാക്കിയില്ല
സിനിമയിൽ
,ഷൂട്ട് ചെയ്യാതെ വിശ്വസിപ്പിക്കുന്ന രംഗങ്ങൾക്ക് അസാധാരണ ഘനശബ്ദമാണ്
അകമ്പടിയാവുന്നത്. സ്ക്രീനിൽ കണ്ണിനു ഉൾക്കൊള്ളാനാവാത്ത
കാഴ്ചയുണ്ടാകുകയാണ്, അമിതവേഗതയാണ് കാരണം. ഗാന,സംഘടനരംഗങ്ങളിൽ ആരുടെയും
ശരീരം പോലും കാണാനാവുന്നില്ല. ശരീരത്തിന്റെ ചലനങ്ങൾ അതിവേഗത്തിൽ
സംഭവിക്കുകയാണ്;
ഉഗ്രശബ്ദങ്ങളും ഒപ്പം വരുന്നു.ഇത് പ്രേക്ഷകന്റെ
ബോധത്തിൽ വീഴ്ത്തുന്ന വിള്ളൽ മരണത്തിൻ്റെ അനുഭവമാണ്. ഇത് ഉൾക്കൊള്ളാനാവാത്ത
പ്രേക്ഷകന്റെ മനോഘടന മാറുകയാണ്.
അവൻ ജീവിതത്തിൽ ഇതിൻ്റെ തുടർ
പ്രശ്നങ്ങൾ കൊണ്ടുനടക്കുകയാണ്. ഒന്നിനും യുക്തിയോ, കാഴ്ചയോ ആവശ്യമില്ലാത്ത
വിധം അമിതവേഗതയെ അത്യന്താപേക്ഷിതമായ യാഥാർഥ്യമായി അവൻ ശരിവയ്ക്കുന്നു.
ഇത്തരം അതിവേഗതയാണ് ശരി എന്ന നിലയിലേക്ക് അവനെ എത്തിക്കുന്നു.
വേഗതയില്ലാത്ത
സിനിമകൾ കാണരുതെന്ന് അവൻ ശഠിക്കുന്നു. കെ.ജി.എഫും ലിയോയും
തകർത്തിട്ടിരിക്കുന്ന പ്രേക്ഷക മനസിലേക്ക് അറുപതുകളിലെയോ എഴുപതുകളിലെയോ
സിനിമകൾക്ക് പ്രവേശിക്കാനാവില്ല .ആ സിനിമകളിലെ യാഥാർത്ഥ്യം, സാവകാശം
തേടുന്ന ദൃശ്യങ്ങൾ ഇന്നത്തെ പ്രേക്ഷകൻ അവിശ്വസിക്കുകയുള്ളൂ. വേഗതയില്ലാത്ത ആ
പഴയ സിനിമകളുടെ യാഥാർത്ഥ്യം കൃത്രിമമായി കാണാൻ അവർ ശീലിച്ചിരിക്കുന്നു.
ഇത്
പിക്നോലെപ്സിയുടെ ഒരു പ്രതികൂല ഫലമാണ്. നവസാങ്കേതികത സൃഷ്ടിച്ച പുതിയ
എപ്പിലെപ്സിയാണിത്. സാങ്കേതികമായ ഈ അതിവേഗത നമ്മെ ഒരിടത്തും
നിലയുറപ്പിക്കാനാവാത്ത നിസ്സഹായതയിലേക്കാണ് എത്തിക്കുന്നത്. വിറിലിയോ
എഴുതുന്നു: " എല്ലായിടത്തും കണ്ണുകളാണ് .ഒഴിഞ്ഞ ഒരിടവും ബാക്കിയില്ല.
എല്ലാം ദൃശ്യമായിരിക്കെ , നാം എന്ത് സ്വപ്നം കാണും. ?
അന്ധനായിരിക്കുന്നതായിരിക്കും നാം സ്വപ്നം കാണുക."
വളരെ
പ്രസക്തമായ ഒരാശയമാണിത്. എല്ലായിടവും ക്യാമറയും ചാരക്കണ്ണുകളും വല
വിരിച്ചിരിക്കുകയാണ്. ഒരാളുടെ സ്വകാര്യജീവിതം പോലും ഇന്ന്
അസാധ്യമായിരിക്കുന്നു. സ്വകാര്യ ജീവിതത്തെ തുറന്നുകാണിക്കാൻ നമ്മുടെ തന്നെ
മാധ്യമങ്ങളുണ്ടല്ലോ,സമൂഹമാധ്യമങ്ങളും മൊബൈൽ ഫോണും ഗൂഗിൾ സെർച്ചും മറ്റും.
എവിടെയാണ് ഒഴിഞ്ഞ ഇടമുള്ളത് ?എല്ലാം എല്ലാവർക്കും പരിചിതമാണ്. വലിയ
അവാർഡുകളും പദവികളും ഇന്ന് ആരെയും ഭയപ്പെടുത്തുന്നില്ല. കാരണം, അതെല്ലാം
നേടിയ ധാരാളം പേരുണ്ടല്ലോ .ഒരു ശൂന്യതയും മരവിപ്പും നമ്മെ കാത്തു
അടുത്തുണ്ട്. നാം അതിനെ എങ്ങനെ മറികടക്കും. ?
No comments:
Post a Comment