വ്യക്തിനിരപേക്ഷമായ സർഗാത്മകത
കഴിഞ്ഞ
നൂറ്റാണ്ട് വരെ സാഹിത്യ സൈദ്ധാന്തികർ മുഖ്യമായും ചിന്തിച്ചത്
സർഗാത്മകതയുടെ ഒറിജിനാലിറ്റിയെപ്പറ്റിയാണ്. ഒരാൾ സൃഷ്ടി നടത്തുന്നു,
മറ്റുള്ളവർ ആസ്വദിക്കുന്നു. സൃഷ്ടികർത്താവ് പുതിയതായി ചിലത്
സൃഷ്ടിക്കുന്നു. അതിന് ഒരു പുതിയ ഉള്ളടക്കമുണ്ടാകുന്നു. രചയിതാവ് അവസാന
വാക്കാണ്. രചന സൃഷ്ടികർത്താവിന്റെ ഉടമസ്ഥതയിലാണുള്ളത്; എന്നു പറഞ്ഞാൽ
ബൗദ്ധികമായ അവകാശം. ഒരു സൃഷ്ടിയുടെ പകർപ്പ് എടുത്താലും രചയിതാവിന്റെ പേര്
നിലനിൽക്കും. ഡാവിഞ്ചിയുടെ 'മൊണാലിസ'ക്ക് എത്രയോ ലക്ഷം കോടി
പ്രിൻ്റുകളുണ്ടായി!. എന്നാൽ ഡാവിഞ്ചിയാണ് അതിൻ്റെ കർത്താവ്. അതിൽ സൈബർ
സാങ്കേതിവിധിയിലൂടെ മാറ്റം വരുത്തിയാലും രചയിതാവിന്റെ കർത്തൃത്വപദവി
നഷ്ടപ്പെടുത്താനാവില്ല.
നൂറ്റാണ്ടുകൾക്ക് മുൻപ്
കർത്തൃത്വപദവിക്ക് വില കൊടുക്കാത്തവരുണ്ടായിരുന്നു. മനീഷികളുടെ ചിന്തകൾ
കേട്ടെഴുതി തയ്യാറാക്കുന്ന നോട്ടുകൾ പോലെ സാഹിത്യം പ്രചരിപ്പിക്കപ്പെട്ടു
.ബുദ്ധൻ്റെ യും ക്രിസ്തുവിന്റെയും വചനങ്ങൾ കേട്ടെഴുതുകയായിരുന്നല്ലോ.
ഉപനിഷത്ത് മന്ത്രങ്ങൾക്ക് കർത്താവ് എന്ന നിലയിൽ ആരും അവകാശവാദം
ഉന്നയിക്കുന്നില്ല. അന്ന് കർത്താവ് എന്ന സ്ഥാനം ഒരു പ്രലോഭനമല്ലായിരുന്നു.
ഇപ്പോൾ കർത്താവ് എന്ന സ്ഥാനം രചയിതാവിനു വലിയ പ്രതിഛായ നൽകുന്നുണ്ട് .
കർത്തൃത്വം എന്ന ചിന്ത കാലഹരണപ്പെട്ടു
ഒരു
പക്ഷേ ,രചനയേക്കാൾ പ്രാധാന്യം. രചയിതാവ് സൃഷ്ടിക്കുന്നതാണല്ലോ. അങ്ങനെ
രചയിതാവിൻ്റെ ചിന്തകൾക്കും പണിപ്പുരരഹസ്യങ്ങൾക്കും ആഖ്യാനങ്ങൾ ചമയ്ക്കാൻ
ധാരാളം പേർ രംഗത്ത് വന്നു. ജീവചരിത്രം, ഗവേഷണം, പഠനം തുടങ്ങിയവ ഇതിൻ്റെ
ഭാഗമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ കർത്തൃത്വം ഇല്ലാതാവുകയാണ്.
പരമ്പരാഗതമായ രീതിയിൽ നോവലും കവിതയും എഴുതുന്നവരുണ്ട്.
ചിത്രരചനയിലേർപ്പെടുന്നവരുണ്ട്. അതെല്ലാം ഒരു അനുഷ്ഠാനമാണിന്ന്. ഇരുപതാം
നൂറ്റാണ്ടിലെ നോവൽ പരിപ്രേക്ഷ്യങ്ങളിൽ നിന്ന് (ഗാർസിയ മാർകേസ് ,ഉമ്പർട്ടോ
എക്കോ ,മിലാൻ കുന്ദേര ,അലൻ റോബ്ബേഗ്രിയേ തുടങ്ങിയവരുടെ നോവൽ
പ്രപഞ്ചമാതൃകകൾ ഓർക്കുക)അല്പം പോലും മുന്നോട്ടുപോകാൻ പതിറ്റാണ്ടുകൾ
പിന്നിട്ടിട്ടും കഴിഞ്ഞിട്ടില്ല. ജോർജ് സോണ്ടേഴ്സ്, യാൻ മാർട്ടൽ, റോബർട്ട്
എം.പിർസിഗ് തുടങ്ങിയവർ ചില മാറ്റത്തിന് ശ്രമിച്ചത് വിസ്മരിക്കുന്നില്ല .
എന്നിരുന്നാലും
ഭൂരിപക്ഷം കൃതികളും പഴയതിൻ്റെ ആവർത്തനമാണ്. പുതിയ ഒരു
ലക്ഷ്യമില്ലാതായിട്ടുണ്ട്.ഇവിടെ ആവർത്തിച്ചുള്ള ഉപയോഗമല്ലാതെ ഭാഷയ്ക്ക് ഒരു
നേട്ടവുമില്ല. ഈ നൂറ്റാണ്ട് ,യഥാർത്ഥത്തിൽ ,ഉത്തര- ഉത്തരാധുനികമായ
പരിപ്രേക്ഷ്യത്തിൽ കർത്തൃത്വത്തെ നിരാകരിക്കുകയാണ്. ആര് എഴുതി ,ആര് വരച്ചു
,ആര് ഡിസൈൻ ചെയ്തു തുടങ്ങിയ ചോദ്യങ്ങൾക്ക് പ്രസക്തിയില്ലാതായിരിക്കുന്നു.
ഇതൊരു ചർച്ച ആവശ്യപ്പെടുന്നില്ല. നവീന സാങ്കേതികവിദ്യയിലൂടെ പുതിയ കർത്താവ്
ഉണ്ടാവുകയാണ്.വ്യക്തിപരമായ ചിന്താപ്രശ്നങ്ങളോ, ആത്മീയമായ ആകുലതകളോ ഇന്ന്
ഒരു ചർച്ച ആവശ്യപ്പെടുന്നില്ല. സൃഷ്ടികളിൽ നിന്ന് അതിന് കാരണമായ
വ്യക്തിത്വപ്രശ്നങ്ങൾ ഒഴിഞ്ഞു പോവുകയാണ്. വ്യക്തിനിരപേക്ഷമായ സർഗാത്മകതയാണ്
ഇപ്പോഴുള്ളത്. മനുഷ്യവ്യക്തിക്ക് പകരം നവസാങ്കേതികവിദ്യ പുതിയ
സർഗാത്മകതയുടെ ഉറവിടമായിരിക്കുന്നു.ഡ്രോൺ ഉപയോഗിച്ച് ഫോട്ടോയെടുക്കുന്നത് ഈ
നൂറ്റാണ്ടിൻ്റെ ഉത്തര- ഉത്തരാധുനിക കണ്ടുപിടിത്തമാണ് .പതിറ്റാണ്ടുകൾക്ക്
മുൻപായിരുന്നെങ്കിൽ ഫോട്ടോഗ്രാഫർ എന്ന വ്യക്തിയുടെ കലാപരമായ
അവബോധമായിരുന്നു ഫോട്ടോകളുടെ പിന്നിൽ നാം അന്വേഷിച്ചിരുന്നത്.
ഡ്രോൺ
ഫോട്ടോകൾ ആ അന്വേഷണങ്ങളെ അസ്ഥിരപ്പെടുത്തിയിരിക്കുന്നു. ഡ്രോൺ മനുഷ്യനു
അസാധ്യമായ ഫോട്ടോകളാണ് എടുക്കുന്നത്. ഡ്രോണുകളിലൂടെ നാം ദൃശ്യപരമായ
പ്രബുദ്ധത നേടുകയാണ് .നാം ഇതുവരെ കാണാത്ത ഒരു ലോകത്തെ, ഭൂപ്രകൃതിയെ,
കൃഷിയിടങ്ങളെ, നഗരങ്ങളെ ഡ്രോണുകൾ കാണിച്ചുതരുന്നു. എത്ര മനോഹരമായ
വീക്ഷണകോണുകൾ ഉണ്ടായിരിക്കുന്നു. മനുഷ്യവ്യക്തി ഹെലികോപ്റ്ററിൽ സഞ്ചരിച്ച്
എടുക്കുന്നതിനേക്കാൾ ദൃശ്യസാധ്യത ഡ്രോണുകളുടെ ചിത്രങ്ങൾക്കുണ്ട്.കാരണം
,ഡ്രോണുകൾ ആകാശത്തിൽ താരതമ്യേന സ്വതന്ത്രമാണ്. ഒരു പുതിയ മനുഷ്യാതീതമായ
സർഗാത്മകത രചിക്കപ്പെടുകയാണ് .ഇങ്ങനെ മനുഷ്യനെ വിട്ട് മനുഷ്യൻ്റേതായ വേറൊരു
ലോകം സൃഷ്ടിക്കപ്പെടുകയാണ് .എത്ര മനോഹരമായ ഫോട്ടോകൾ
ഉണ്ടാകുന്നു!ഡ്രോണുകളെടുത്ത ഫോട്ടോകളെക്കുറിച്ച് ഒരു ലേഖനം എഴുതുമ്പോൾ
സർഗാത്മകമായ ഘടകങ്ങളെ കണ്ടില്ലെന്ന് നടിക്കാനാവില്ല.എന്നാൽ അവിടെ
വ്യക്തിയില്ല. സർഗാത്മകതയുടെ പല അടരുകളും വീക്ഷണങ്ങളും ആ ചർച്ചയിൽ
ഉയർന്നുവരുന്നുണ്ട്.വ്യക്തിനിരപേക്ഷമായ ഒരു സർഗാത്മകതത്ത്വചിന്ത
രൂപപ്പെടുകയാണ് .മനുഷ്യവ്യക്തി തന്നെയാണ് ആ സ്വർഗ്ഗാത്മകതയെയും
വ്യാഖ്യാനിക്കേണ്ടത്.
വ്യക്തികേന്ദ്രീകൃതമായ കല ഇല്ലാതാവുന്നു
ആർട്ടിഫിഷ്യൽ
ഇൻറലിജൻസ് ഉപയോഗിച്ച് വരയ്ക്കുന്ന പെയിൻറിംഗുകൾ ചിത്രകലയെയും അതിൻ്റെ
തത്ത്വചിന്തയെയും അട്ടിമറിച്ചിരിക്കുകയാണ് .ഒരാൾ തൻ്റെ ഇഷ്ടങ്ങൾ
പറഞ്ഞുകൊടുത്താൽ എഐ സോഫ്റ്റ്‌വെയറുകൾ മതിയായ പെയിന്റിങ്ങുകൾ വരച്ചു തരും.
എങ്ങനെയാണ് നിറങ്ങൾ സംയോജിപ്പിക്കുന്നതെന്ന് മനുഷ്യർക്ക് ആലോചിക്കാനുണ്ട്.
എന്നാൽ എ ഐ സാങ്കേതികവിദ്യക്ക് അതെല്ലാം അനായാസം ചെയ്യാനാവുന്നു.ഇത്തരം
ചിത്രങ്ങൾ കർത്താവില്ലാത്തവയാണ്. ഉടമ ഇല്ലാതെയും ചിത്രങ്ങൾക്ക് ജീവിക്കാം.
ഉത്തര- ഉത്തരാധുനിക കാലത്ത് കലയിൽ രചയിതാവ് ഇല്ലാതാവുകയാണ്. രചയിതാവിന്റെ
കാര്യത്തിൽ കലാപവും ഓർമ്മകളും സർഗ്ഗപരമായ എതിരിടലുമുണ്ട്. അയാൾ
പാരമ്പര്യത്തോട് യുദ്ധം ചെയ്യുകയാണ്. റിയലിസത്തിൻ്റെ ക്ളിപ്തവും ആർദ്രവുമായ
തലങ്ങളിൽ മനംമടുത്താണ് പത്തൊൻപതാം നൂറ്റാണ്ടിലെ പ്രമുഖ ചിത്രകാരന്മാർ
ഇംപ്രഷണിസത്തിലേക്കും പോസ്റ്റ് ഇംപ്രഷണിസത്തിലേക്കും കടന്നത്. ഒരു കലാകാരൻ
തൻ്റെ ശരീരത്തിൻ്റെയും മനസ്സിന്റെയും ചലനങ്ങളിലൂടെ മനസ്സിലാക്കുന്നതും
അറിവാണ്. നിറങ്ങൾ ചിത്രകാരന്മാർ കണ്ടെത്തുകയാണ് .പ്രകൃതിയിലെ നിറങ്ങളല്ല
,ഭാവനയിലെ നിറങ്ങളാണ് ഉപയോഗിക്കുന്നത്. ആന്തരിക യാഥാർത്ഥ്യമാണല്ലോ കലയിൽ
അവതരിപ്പിക്കാനുള്ളത് .മനുഷ്യവ്യക്തിയിലെ അന്തർസംഘർഷങ്ങൾ
സ്ഫോടനാത്മകമാകുമ്പോഴും ചിലർ വരയ്ക്കുന്നു. അതുല്യവും അപാരവുമായ
നിറസംയോജനങ്ങളിലൂടെ പീറ്റർ ബ്രൂഗൽ സെക്കൻഡ് (Pieter Brugel second)വരച്ച
ചിത്രങ്ങൾ മനുഷ്യരാശിയുടെ നിറബോധത്തിൽ ഒരു പുതിയ പുലരി സൃഷ്ടിക്കുകയാണ്
ചെയ്തത് .Peasant Wedding Dance തുടങ്ങിയ ചിത്രങ്ങൾ ഓർക്കുകയാണ്.
യാഥാർത്ഥ്യങ്ങൾക്ക് കൂടുതൽ സൗന്ദര്യവും നിറങ്ങൾക്ക് കൂടുതൽ മികവും
നൽകുകയാണ് അദ്ദേഹം ചെയ്തത് .മഹത്തായ കലയുടെ പാരമ്പര്യത്തിലെ ഒരു ഇടവേള ,ഒരു
കണ്ണിയാണ് ബ്രൂഗൽ പ്രതിനിധാനം ചെയ്യുന്നത് .ബ്രൂഗൽ ഇവിടെ ഒരു
സൃഷ്ടികർത്താവാണ്. ബ്രൂഗൽ മാത്രം ഉത്തരവാദപ്പെട്ട പ്രമേയവും അതിൻ്റെ
ആഖ്യാനവുമാണ് ആ ചിത്രം.
അതേസമയം, നവീനകാലത്ത് ഈ
ആന്തരലോകം തിരോഭവിക്കുന്നു. വ്യക്തികേന്ദ്രീകൃതമായ കല അസ്തമിക്കുന്നു. പകരം
കൃത്രിമബുദ്ധിയുടെ സാധ്യതകളിലൂടെ സൃഷ്ടിപരമായ വേദനയോ കലാപമോ ഇല്ലാതെ
പലതരം ചിത്രങ്ങൾ നിർമ്മിക്കപ്പെടുന്നു. കർത്തൃത്വമില്ലാത്ത ചിത്രങ്ങൾക്ക്
വിമർശനമോ ഭാഷയെ വേണ്ടായിരിക്കും. ചിത്രങ്ങളെക്കുറിച്ച്,
ഫോട്ടോകളെക്കുറിച്ച് പഠിച്ച് എഴുതാൻ ഒരു മനുഷ്യവ്യക്തിയുടെ സാന്നിധ്യം
ആവശ്യമില്ലെന്നായിരിക്കും അതിനുള്ള ഉത്തരം. കലയുടെ ആധികാരികത, മൗലികത
തുടങ്ങിയ ആശയങ്ങൾ തുടച്ചുമാറ്റപ്പെടുകയാണ്. ഇന്ന് സംഗീതസംവിധാനം ചെയ്യാൻ
സ്വന്തമായി ട്യൂൺ സൃഷ്ടിക്കേണ്ടതില്ല. ട്യൂണുകൾ കൃത്രിമമായി
സൃഷ്ടിക്കാനുള്ള ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതിനും സഹായിക്കും .നിങ്ങൾ
ഒരിക്കൽപോലും സംഗീതം ചെയ്യാത്തയാളാണെങ്കിൽപ്പോലും ഒരു
പാട്ടുണ്ടാക്കാനാകുമെന്ന് എ.ഐ തെളിയിക്കുന്നു.
യാതൊന്നിനും
സൃഷ്ടികർത്താവ് വേണ്ട. എല്ലാം നിർമ്മിത വസ്തുക്കളായി നിങ്ങളുടെ മുന്നിൽ
തന്നെയുണ്ട് .കലയിൽ കർത്താവ് ഇല്ലാതാകുന്നത് ഒരു സംസ്കാരമാകുമ്പോൾ
മനുഷ്യരെയും അത് പല രീതിയിൽ ബാധിക്കാം. വ്യക്തികൾക്ക് അവരുടെ
പ്രവർത്തനങ്ങളുടെ കർത്തൃത്വം ഏറ്റെടുക്കാൻ തോന്നുകയില്ല. സ്വന്തം കർമ്മങ്ങൾ
വിസ്മരിക്കാനുള്ളതാണ്.ഒന്നിനും ഓർമ്മയുടെ ആനുകൂല്യമില്ലല്ലോ.
പാട്ടും അഭിനയവും കർത്തൃത്വമില്ലാതെ
ഇന്ന്
പാട്ടുപാടുന്നതും അഭിനയിക്കുന്നതും വാസ്തവത്തിൽ ഒരു കർത്തൃത്വത്തെ
സൃഷ്ടിക്കുന്നില്ല. പാട്ടുകാരൻ പല സന്ദർഭങ്ങളിലായി പാടുന്ന ശകലങ്ങളിൽ
നിന്ന് ആവശ്യമായത് ചേർത്ത് വച്ച് നിർമ്മിച്ചെടുക്കുകയാണ്. ഒറ്റത്തവണ പാടി
റെക്കോർഡ് ചെയ്യുന്ന പാട്ട് ഇപ്പോഴില്ല .ഒരു ഗായകൻ ഒരു പാട്ട് പല രീതിയിൽ
പാടിക്കൊടുക്കുന്നു. ചില ഭാഗങ്ങൾ നാലോ അഞ്ചോ തരത്തിൽ പാടുന്നു. സംഗീത
സംവിധായകൻ തൻ്റെ ഇഷ്ടത്തിന് അതിൽ നിന്ന് ഒരു പാട്ട് സൃഷ്ടിച്ച്
വേർതിരിച്ചെടുക്കുന്നു. ഇവിടെ പാട്ടിനു ഒരു കർത്തൃത്വമില്ല. ഇങ്ങനെ ഒരു
പുതിയ പാട്ട് ഉണ്ടാക്കാൻ സാധിക്കും. ഒരു അന്തിമ ഉൽപ്പന്നമായി പുറത്തുവരുന്ന
പാട്ട് യഥാർത്ഥത്തിൽ ഒരാൾ ഒറ്റയ്ക്ക് ഒരു സമയത്ത് പാടിയതാകില്ല.
ഇതുതന്നെയാണ് അഭിനയത്തിലും കാണാൻ കഴിയുന്നത്. ഒരാളുടെ അഭിനയം പല ക്യാമറകൾ
കൊണ്ട് ഒപ്പിയെടുക്കുന്നു. പിന്നിട് അതിൻ്റെ ക്രമം നിശ്ചയിക്കുന്നത്
എഡിറ്റിംഗ് റൂമിലാണ്. ഒരേ രംഗത്തിന്റെ തന്നെ പലതരം വിഭിന്നമായ ആവിഷ്കാരങ്ങൾ
കാണാൻ സാധിക്കും. പല ടേക്കുകളിൽ എടുത്ത ദൃശ്യങ്ങളിൽ നിന്ന് ഒരു ക്രമം
ഉണ്ടാക്കിയെടുക്കുമ്പോൾ അത് യഥാർത്ഥത്തിൽ ഒരു നടൻ ഒരു സമയത്ത്
അഭിനയിച്ചതായിരിക്കില്ല. അവിടെ അഭിനയകലയുടെ കർത്തൃത്വം സാങ്കേതികമായാണ്
നിലനിൽക്കുന്നത്. ആ പ്രത്യേക ക്രമം അഭിനേതാവിനെ പോലും വിസ്മയിപ്പിക്കും
.സ്വന്തം കർമ്മങ്ങളെ വിസ്മരിക്കാനുള്ള അവസരമാണിത്.ഒന്നിനും ഓർമ്മയുടെ
ആനുകൂല്യമില്ല.
എത്രവേഗമാണ് നാം
ക്രൂരന്മാരാകുന്നത് !.പിഞ്ചു കുട്ടികൾക്കും ജീവികൾക്കും ഒരു
രക്ഷയുമില്ലല്ലോ. എല്ലാ പവിത്രതകളും നഷ്ടമാകുന്നത് ഇതിൻ്റെ ഭാഗമായിരിക്കണം.
കടലിൽ വലിയ രാജ്യങ്ങളുടെ വലിപ്പത്തിൽ പ്ലാസ്റ്റിക് കുന്നുകൂടി
കിടക്കുന്നത് മനുഷ്യൻ്റെ ക്രൂരതയുടെയും ദുരയുടെയും ഫലമായി
വിലയിരുത്താവുന്നതാണ്. യാതൊരു പാപബോധവുമില്ലാത്ത പുതിയ മനുഷ്യൻ
പിറവിയെടുത്തിരിക്കുന്നു. മത്സ്യങ്ങളെയും ജീവികളെയും ജീവനോടെ തിളച്ച
എണ്ണയിലിട്ട് വേവിക്കുന്നതും അതിൻ്റെ വീഡിയോ എടുത്ത് യൂട്യൂബിലും
ഇൻസ്റ്റഗ്രാമിലും പോസ്റ്റ് ചെയ്ത് പണമുണ്ടാക്കുന്നതും അതല്ലേ
സൂചിപ്പിക്കുന്നത്?
യന്ത്രങ്ങൾ ചിന്തിക്കുന്നു
Author
എന്ന ആശയം ആധുനിക ടെലിവിഷൻ, ഇൻറർനെറ്റ് പ്ളാറ്റ്ഫോമുകളിൽ നിന്നും
അപ്രത്യക്ഷമാവുകയാണ്. ടെലിവിഷൻ പരിപാടികളിൽ ഒരാൾ എഴുതുന്ന സ്ക്രിപ്റ്റില്ല
.ചില കഥകളെ ആസ്പദമാക്കി നിർമ്മിക്കുന്ന ടെലിഫിലിമുകൾക്ക് സ്ക്രിപ്റ്റ്
എഴുതുന്ന സമ്പ്രദായം മുമ്പുണ്ടായിരുന്നു .ഇപ്പോൾ അതും അസ്തമിച്ചു. പലർ
ചേർന്ന് സ്ക്രിപ്റ്റ് തയ്യാറാക്കുന്നു. ഇതിനു പുറമേ സ്ക്രിപ്റ്റ്
വിഭാഗത്തിന് ഒരു മേൽനോട്ടക്കാരനുമുണ്ടാവും. കാണാൻ വരുന്നവരുടെ മതവും
വിപണിയിലെ വസ്തുക്കളോടുള്ള പ്രിയവും കണക്കിലെടുത്താണ് സ്ക്രിപ്റ്റ്
തയ്യാറാക്കുന്നത് .ഇക്കാര്യത്തിൽ ഒരാളുടെ സ്വകാര്യസൃഷ്ടി എന്ന സങ്കല്പം
നിലവിലില്ല. ടെലിവിഷൻ പരിപാടികളുടെ കടലാസ് പണികൾ കൂട്ടായ പരിശ്രമമാണ്.
ടെലിവിഷന് കലയുമായി ബന്ധമില്ല. കലയെക്കുറിച്ചുള്ള സങ്കല്പത്തെ വിപണിയിൽ
എങ്ങനെ വിജയകരമാക്കാമെന്നാണ് ചാനൽ മേഖലയിലുള്ളവർ
ആലോചിക്കുന്നത്.ഇൻ്റർനെറ്റ് ഇടങ്ങളിൽ വ്യക്തിഗതമായ പോസ്റ്റുകൾ
മാത്രമേയുള്ളൂ. യൂട്യൂബിൽ വ്യക്തികൾ വർത്തമാനം പറയുകയാണ്.സ്ക്രിപ്റ്റില്ല
,എഡിറ്ററുമില്ല.ഇതെല്ലാം വ്യക്തമാക്കുന്നത് സമകാലിക ലോകത്ത്
പ്രത്യക്ഷപ്പെടുന്ന കലാവസ്തുക്കൾക്ക് ഒരു പിതൃത്വം അവകാശപ്പെടാനാവില്ല
എന്നാണ്. പിതൃത്വം ഒരു തടസ്സമാകുമെന്നാണ് വിലയിരുത്തൽ. ഒരാൾ എഴുതുന്നത്
അയാളുടെ മാത്രം ധാരണകളുടെ ഉൽപന്നമാണ്. എന്നാൽ മൂന്നോ നാലോ പേർ ചേർന്ന്
നിർമ്മിക്കുമ്പോൾ അതിന് ജനകീയത, പ്രചാരം തുടങ്ങിയ ഗുണങ്ങൾ കിട്ടുമെന്ന്
പലരും വിശ്വസിക്കുന്നു. പ്രായോഗികമായ ഒരു നിലപാടാണിത്. ഒരു വ്യക്തിയുടെ
കർത്തൃത്വം ആവശ്യമില്ലാത്തവിധം ലോകം മാറിയിരിക്കുന്നു .വ്യക്തികൾക്ക് പോലും
കർത്തൃത്വം ഇല്ലാതാകുന്ന തരത്തിൽ മന:ശാസ്ത്ര ഘടനയിലേക്കും ഈ
കർത്തൃത്വരാഹിത്യം എത്തിച്ചേർന്നിരിക്കുന്നു. വ്യക്തികേന്ദ്രീകൃതമായ
ഭാവുകത്വത്തിന്റെയും രചനകളുടെയും അന്ത്യകാലത്താണ് നാം ജീവിക്കുന്നത്.
യന്ത്രങ്ങൾ മനുഷ്യർക്ക് വേണ്ടി ചിന്തിക്കുന്നു .മനുഷ്യരുടെ ഭാവതലങ്ങളും
ആത്മനൊമ്പരങ്ങളും തിരോഭവിക്കുന്ന ഒരു കാലമാണ് വരാൻ പോകുന്നത്. മനുഷ്യൻ
അവന്റെ ശൂന്യതയിൽ അഭയം തേടുന്നു. ഓർമ്മകളും ചിന്തകളും ആശയങ്ങളുമില്ലാത്ത
ഒരു മനുഷ്യൻ അവിടെയുണ്ട്.
മനുഷ്യശൂന്യതയ്ക്ക്
ബദലായി സോഫ്റ്റ്‌വെയറുകൾ അല്ലെങ്കിൽ ആപ്പുകൾ ചിന്തിക്കുന്നു .ലോക വ്യവസായി
ഇലോൺ മസ്കിൻ്റെ നേതൃത്വത്തിൽ മനുഷ്യൻ്റെ തലച്ചോറിൽ ന്യൂറോൺ ചിപ്പുകൾ
ഘടിപ്പിക്കുന്നതിന്റെ പ്രാഥമിക പരീക്ഷണം വിജയിച്ച ശേഷമാണ് ഈ ലേഖനം
എഴുതുന്നത് .മനുഷ്യന്റെ തലച്ചോറിൽ ഘടിപ്പിച്ച ചിപ്പ് തലച്ചോറിൽ നിന്ന്
ചിന്തകൾ പിടിച്ചെടുക്കുകയാണ്. മൊബൈൽ ഫോൺ പ്രവർത്തിപ്പിക്കാൻ ഈ ചിപ്പിനു
കഴിയുമെന്നാണ് അവകാശവാദം. മനുഷ്യൻ ചിന്തിച്ചാൽ മതി മൊബൈൽ ഫോൺ അതിനനുസരിച്ച്
പ്രവർത്തിക്കും. തലച്ചോറും മൊബൈൽ ഫോണും തമ്മിൽ ബന്ധം സ്ഥാപിക്കുകയാണ്.
ഇവിടെ യന്ത്രങ്ങൾ മനുഷ്യൻ്റെ കർത്തൃത്വത്തെ അപഹരിക്കുകയാണ്. പകരം സാങ്കേതിക
സംസ്കൃതി ഉണ്ടാവുകയും ചെയ്യുന്നു.
ഒരാൾ
ചിന്തിക്കുന്നത് പോലെയല്ലല്ലോ ലോകം നീങ്ങുന്നത്. അത് പലതാണ്. അതിനു
അന്തമില്ല. ഫോട്ടോകൾ , ഇമോജികൾ തുടങ്ങിയവ നമുക്ക് വേണ്ടിയാണ്. നമ്മൾ
ചിരിക്കണമെന്നില്ല, ചിരിയുടെ ഇമോജി അയച്ചാൽ മതിയാകും, സന്തോഷം അറിയിക്കാം.
നമ്മൾ പ്രേമിക്കണമെന്നില്ല, പ്രേമത്തിന്റെ ഇമോജി അയച്ചാൽ മതി; പ്രേമം
ഉണ്ടായിക്കൊള്ളും.നമ്മൾ യഥാർത്ഥത്തിൽ ജീവിക്കാത്തതും ജീവിച്ചു എന്ന്
സ്ഥാപിക്കുന്നതും ഇങ്ങനെയാണ്. അതിലൂടെ നമ്മെ പ്രതിരോധിക്കാനും കഴിയുന്ന
അതീത ജീവിതമാണിത്. നമ്മൾ ചിരിക്കാതെ ചിരിച്ചത് അപരനെ അറിയിച്ചു കഴിഞ്ഞാലും
അവൻ്റെ ഫോണിൽ നമ്മുടെ ചിരി അവസാനിക്കില്ലല്ലോ. ആ ഇമോജി നമ്മെ എവിടെവരെയും
കൊണ്ടുപോകും.
No comments:
Post a Comment