Followers

Saturday, September 30, 2023

ശ്രീനാരായണധർമ്മം ഇനി മനുഷ്യശരീരത്തിലേക്ക് പ്രവേശിപ്പിക്കണം :എം.കെ.ഹരികുമാർ




റിപ്പോർട്ട് :എൻ. രവി


ഹരികുമാറിന് പാലക്കുഴ ശാഖയിൽ സ്വീകരണം 
എം.കെ.ഹരികുമാറിനെ പാലക്കുഴ ശാഖാ പ്രസിഡൻ്റ് രവീന്ദ്രൻ കുമ്പള വേലിൽ പൊന്നാടയണിയിക്കുന്നു



കൂത്താട്ടുകുളം: ശ്രീനാരായണധർമ്മം പുസ്തകങ്ങളിലും പ്രസംഗങ്ങളിലും എഴുത്തുകളിലും വ്യാപകമായി പ്രത്യക്ഷപ്പെട്ടുവെന്നും ഇനി അത് മനുഷ്യശരീരത്തിലേക്ക് കുത്തിവയ്ക്കേണ്ടതുണ്ടെന്നും വിമർശകനും കൊളമിസ്റ്റുമായ എം.കെ. ഹരികുമാർ അഭിപ്രായപ്പെട്ടു. 

പാലക്കുഴ എസ്.എൻ.ഡി.പി ശാഖയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശ്രീനാരായണഗുരു സമാധി ദിനാചരണത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

ശ്രീനാരായണധർമ്മം പുസ്തകങ്ങളിൽ ധാരാളമുണ്ട്. പലരും പ്രഭാഷണങ്ങളിൽ ഈ ധർമ്മത്തെക്കുറിച്ച് പറയാറുണ്ട്. എന്നാൽ ഇനി ഇത് മനുഷ്യശരീരത്തിലേക്ക് പ്രവേശിപ്പിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ ഒരു ധർമ്മശരീരമായി മാറാൻ നമുക്കാവുകയുള്ളൂ .വ്യത്യസ്ത ജാതി ,മതങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ ഇപ്പോഴും ഉണ്ടാവുകയാണ്. മഹത്തായ ആശയങ്ങൾ നൽകിയ ഗുരുവിനെ പൊതുമണ്ഡലത്തിൽ പ്രകീർത്തിക്കുന്നവരുണ്ട്. എന്നാൽ ഗുരു ആരുടെയും ജീവിതത്തിലോ ഹൃദയത്തിലോ എത്തിച്ചേർന്നിട്ടില്ല . ജാതിമാറി പ്രേമിച്ചാൽ പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിക്കേണ്ട സാഹചര്യമാണുള്ളത്. ദളിത് അമ്മയും മകനും നല്ല വേഷം ധരിച്ചതിൻ്റെ പേരിൽ അവരെ മർദ്ദിച്ച് ആശുപത്രിയിലാക്കുകയാണ്. ദളിത് ,പിന്നോക്ക വിഭാഗങ്ങൾക്ക് സാംസ്കാരിക രംഗത്ത് പ്രവേശനം നിഷേധിക്കപ്പെട്ടിരിക്കുന്നു. ഇവിടെ എവിടെയാണ് ശ്രീനാരായണധർമ്മം? ഈ ധർമ്മം വെറുമൊരു ആശയമല്ല; അത് പ്രാവർത്തികമാക്കണമെങ്കിൽ നന്നായി പരിശ്രമിക്കണം. അതിന് കഠിനമായ തീരുമാനങ്ങൾ വേണം. കൊല്ലുന്നത് തെറ്റാണെന്നും കൊന്നതിനെ തിന്നുന്നത് അതിലും വലിയ തെറ്റാണെന്നും ഗുരു പറഞ്ഞിട്ടുണ്ട്. ഇതൊക്കെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാകാൻ അടുത്ത ഇരുനൂറ് വർഷം കഴിഞ്ഞാലും സാധ്യമാണോ എന്ന് ചിന്തിക്കണം . മനുഷ്യർ കൂടുതൽ വിമതവികാരങ്ങളുള്ളവരായി മാറുകയാണ് - ഹരികുമാർ പറഞ്ഞു. 
a
എം.കെ ഹരികുമാർ ശാഖാങ്കണത്തിൽ പ്രസംഗിക്കുന്നു



ഗുരു ആത്മോപദേശമാണ് നൽകിയത്. എന്താണ് ആത്മോപദേശം? അത് മനുഷ്യൻ നന്നാവാനുള്ളതാണ്. നന്നാവുക എന്നാൽ ശരീരം നന്നാവുക എന്നല്ല അർത്ഥം .സാംസ്കാരികമായി, ചിന്താപരമായി നന്നാവുക എന്നാണ്. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നു പറഞ്ഞതിലൂടെ ഏതു മതത്തിലായാലും സ്വസ്ഥത കിട്ടില്ലെന്നാണ് ഗുരു അർത്ഥമാക്കിയത്. മതം ഏതെങ്കിലുമാവട്ടെ, നമുക്ക് നല്ല മനുഷ്യരാകാൻ കഴിയുമോ എന്നതാണ് ഈ കാലത്തിൻ്റെ ചോദ്യം. ദൈവികതയെ തേടുന്നവൻ അദൃശ്യതയുടെ ലീലയിൽ മുഴുകുകയാണ്. പഞ്ചേന്ദ്രിയങ്ങൾക്കപ്പുറത്തുള്ളതിനെ അറിയാനാണ് ദൈവത്തെ ആശ്രയിക്കുന്നത് .ദൈവം ഒരു നേതാവിനെ പോലെ പ്രത്യക്ഷപ്പെട്ടിരിക്കുന്നില്ല .ദൈവത്തിനു അദൃശ്യതയിലേ  നിൽക്കാനാവുകയുള്ളൂ. കാരണം, അദൃശ്യതയിലാണ് നമുക്ക് അജ്ഞാതമായതെല്ലാമുള്ളത്. ഒരു പൂവ്‌ വിരിയുന്നത് നമുക്ക് കാണാനാവില്ലല്ലോ. അത് അദൃശ്യതയിൽ സംഭവിക്കുന്നു. ഭാവിയെക്കുറിച്ച് നമുക്കൊന്നുമറിയില്ല. അവിടെയാണ് ദൈവമുള്ളത് .ഭാവിയെ ശരിയാക്കാൻ ദൈവത്തെ അന്വേഷിക്കുന്നു, പ്രാർത്ഥിക്കുന്നു. കാരണം ,ഭാവി നമ്മുടെ കൈകളിലല്ല .അതുകൊണ്ട് അദൃശ്യതയിൽ, അപ്രത്യക്ഷതയിലാണ് ദൈവം. ആ ദൈവത്തെ സദാചാരമായി, സദ്ഫലങ്ങളുടെ കേന്ദ്രമായി ,സദ്ഭാവനയായി നിലനിർത്താൻ നമുക്ക് മാത്രമേ കഴിയൂ. നെഗറ്റീവ് ചിന്തകളുമായി ദൈവത്തെ സമീപിച്ചാൽ ദൈവവും  നെഗറ്റീവാകാം .നമ്മൾ പ്രാർത്ഥിക്കുന്നതിൽ ചീത്തചിന്തകൾ കലർന്നിട്ടുണ്ടെങ്കിൽ, നമ്മുടെ മനസ്സിൽ ചീത്ത ആഗ്രഹങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിൽ നിശ്ചയമായും  ആ ദൈവവും ചീത്തയാകും. നമ്മുടെ വചനങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും നടത്തിത്തരുകയുമാണത്രേ ദൈവത്തിൻ്റെ ജോലി എന്നാണല്ലോ പലരും വിചാരിക്കുന്നത് .നമ്മൾ ദുഷിച്ച വാസനകളുമായി ദൈവത്തെ സമീപിക്കുമ്പോൾ ദൈവം അതിൻ്റെ ഭാഗമാകുന്നു. നമ്മുടെ മൂർത്തിയെ നാം തന്നെ ചീത്തയാക്കുകയാണ്. അതുകൊണ്ട് ആ മൂർത്തി നമ്മുടെ ചീത്തവാസനകളെ ,ഭാവനകളെ പ്രോത്സാഹിപ്പിക്കുന്നു. ദൈവത്തിൻ്റെ മുന്നിൽ ചോരയിറ്റുന്നതിൻ്റെ മന:ശാസ്ത്രമിതാണ്. നമുക്ക് ദൈവത്തെ ചിദാകാശമായി നിലനിർത്തണം. അപ്പോൾ പരിശുദ്ധിയുടെ പാരമ്യത്തിലെത്തണം. അതിലൂടെ നമുക്ക് സദ്ചിന്തയും ചിദാകാശവും ലഭിക്കും .ആത്മാവിന്റെ അമൃതരസത്തെ ഉള്ളിൽ നിറയ്ക്കുമ്പോഴാണ് പ്രസാദാത്മകതയുണ്ടാവുന്നത്. ഇതാണ് വിഷ്ണുസഹസ്രനാമത്തിൽ പറയുന്ന  പ്രമോദന: .സദ്ചിന്തകളുടെ ആകാശം നമുക്കുള്ളിൽ നിറയണം.അതാണ് സച്ചിദാനന്ദം .ഇതിനെ  ഉണർത്തിയെടുക്കാൻ നാം പ്രവർത്തിക്കണം. നമ്മൾ സ്വന്തം സിദ്ധികളെ താഴിട്ടു പൂട്ടി അകത്തിട്ടിരിക്കുകയാണ്. അതിനു ഒരിക്കലും മോചനം ലഭിക്കുന്നില്ല. സ്വന്തം സിദ്ധികളെ തടവറയിലാക്കിയ ശേഷം അന്യമായത് തേടുന്നത് വ്യർത്ഥമാണ്. അവനവനെ വലയം ചെയ്ത തടവറകൾ ഭേദിക്കുകയാണ് പ്രധാനം. അടിമത്തത്തിൽ നിന്ന് മോചിതനാകണം. അപ്പോഴാണ് സത്യം തെളിഞ്ഞുവരുന്നത്. അതിനാണ് ഗുരു  കുണ്ഡലിനിപ്പാട്ട് എഴുതിയത്. നമ്മുടെ  ശരീരത്തിനുള്ളിൽ ,മനസ്സിനുള്ളിൽ അടക്കം ചെയ്യപ്പെട്ട സിദ്ധികളെ പുറത്തു കൊണ്ടുവരണം. സർഗാത്മകമായ പ്രവൃത്തികൾ നമ്മെ പൂർവ്വകാലത്തിന്റെ ജഡാവസ്ഥയിൽ നിന്നും മോചിപ്പിക്കുകയാണ്. സ്വാതന്ത്രരാകാതെ സർഗാത്മക പ്രവൃത്തികളിൽ ഇടപെട്ടിട്ട് കാര്യമില്ല.നൂറ്റാണ്ടുകളായുള്ള അടിമത്തം പേറുന്നതുകൊണ്ടാണ് സ്വാതന്ത്ര്യത്തിന്റെ സർഗാത്മകത കൈമോശം വരുന്നത് - ഹരികുമാർ ചൂണ്ടിക്കാട്ടി. 




ഗുരുവിൻ്റെ ഒരു ജാതി എന്നാൽ ഒരു സമുദായമോ ഒരു മതമോ ഒരു കൂട്ടമോ അല്ല .ഗുരു മനുഷ്യനെ പുനർനിർവചിക്കുകയാണ്. മനുഷ്യൻ എന്നു വിളിക്കുന്നത് പോലും പുതുമയോടെയാണ്. മനുഷ്യൻ ഒരു കണ്ടെത്തലാണ് .മനുഷ്യൻ നന്നായാൽ മതി എന്നു പറയുന്നത് അതുകൊണ്ടാണ്. മനുഷ്യൻ എന്താണ്? അവൻ മനുഷ്യത്വമായിരിക്കണം. ലോകത്തെ എല്ലായിടത്തുമുള്ള മനുഷ്യർക്ക് ഒരു ജാതിയേയുള്ളൂ. മനുഷ്യൻ ഒരു ഇനമാണ്. മനുഷ്യൻ്റെ ശരീരരോഷ്മാവും ലൈംഗിക ഉദ്ദീപനവും പ്രത്യുൽപ്പാദനവും ഒരുപോലെയാണ് .അതുകൊണ്ട് അവൻ ഒരു ഇനമാണ് ,ഒരു ജാതിയാണ് .മനുഷ്യൻ എന്ന പദത്തിൻ്റെ അർത്ഥത്തിന് യോജിച്ച ഔന്നിത്യം നേടുകയാണ് നമ്മുടെ കർത്തവ്യം. അതിനായി നാം മുന്നോട്ട് വരണം. മനുഷ്യൻ്റെ മനുഷ്യത്വം വീണ്ടെടുക്കണം. സ്നേഹവും സഹിഷ്ണുതയും ത്യാഗവും ഭയവുമാണ്   മനുഷ്യത്വത്തിന്റെ അടിസ്ഥാനം. ഈ ഗുണങ്ങൾ ഇല്ലെങ്കിൽ മനുഷ്യൻ വെറും ഉടൽ മാത്രമാണ് ,നാറുന്ന ഉടൽ .ഗുരു തന്നെ ഇത് പറഞ്ഞിട്ടുണ്ട്:
"അരുളില്ലയതെങ്കിലസ്ഥിതോൽ
സിരനാറുന്നൊരുടമ്പുതാനവൻ;
മരുവിൽ പ്രവഹിക്കുമംബുവ -
പ്പുരുഷൻ നിഷ്ഫലഗന്ധപുഷ്പമാം "

അരുൾ ,സ്നേഹം ഇല്ലെങ്കിൽ നമ്മൾ വെറും ഉടൽ മാത്രമാണ്, നാറുന്ന ഉടൽ .അസ്ഥിയും തോലും സിരകളും മാത്രം മതിയോ ഒരു മനുഷ്യനാവാൻ? ഗുരു പറയുന്നു ,പോരാ എന്ന്. മനുഷ്യത്വം വേണം. മരുഭൂമിയിലെ ജലം കൊണ്ട് എന്ത് പ്രയോജനം ? നിഷ്ഫലഗന്ധപ്ഷപം -ഒരു ഫലവുമില്ലാത്ത പൂ പോലെയാണത്.  മനുഷ്യൻ ഉന്നതമായ ഒരു സാംസ്കാരിക ജീവിയാകുമ്പോഴാണ് മഹത്തായ ഗുണങ്ങൾ പ്രകടമാകുന്നത്. ലോകോപകാരപ്രദമായി  ചിന്തിക്കുന്നവനാണ് മനുഷ്യൻ. അവനിലാണ് ഗുരുവിൻ്റെ ലോകമിരിക്കുന്നത് .അതുകൊണ്ടാണ് ലോകക്ഷേമത്തിനായി സന്യാസിമാർ പുറപ്പെട്ടു പോകാൻ ഗുരു ആഹ്വാനം ചെയ്യുന്നത്.അരുവിപ്പുറം പ്രതിഷ്ഠയിൽ ഇത് കാണാം. ഒരു കല്ലിൻ്റ മുൻപിൽ കുറെ നേരം പ്രാർത്ഥിച്ചാൽ അത് ദൈവത്തിൻ്റെ പ്രതിരൂപമാകുന്നത് എങ്ങനെയെന്ന് ഗുരു കാണിച്ചു തന്നു.  ഗുരു പ്രതിഷ്ഠിച്ചത് ശിവനെയാണ്; അത് സാധാരണക്കാരുടെ ശിവനല്ല; അതിനേക്കാൾ താഴ്ന്ന, പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെട്ടവരുടെ ശിവനാണ്. അങ്ങനെ ഗുരു ആരാധനയെ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കുന്നു. പൊതുസ്വീകാര്യതയുടെ  അടയാളമായി ഗുരു ക്ഷേത്രത്തെയും മൂർത്തിയെയും മാറ്റിയെടുക്കുന്നു. ഗുരുവിനു ക്ഷേത്രവും ആരാധനയും ദൈവവുമെല്ലാം തൻ്റെ ആത്മോപദേശത്തിനുള്ള ഉപകരണങ്ങളാണ് .ആത്മാവിൽ പവിത്രമാകാൻ ഗുരു പഞ്ചശുദ്ധി തിരഞ്ഞെടുത്തു. ഇത് ബുദ്ധന്റെ മാർഗ്ഗമാണ്. പഞ്ചശുദ്ധിയിലൂടെ ക്ളാവ് പിടിച്ച ചിന്തകളെ തെളിച്ചെടുക്കാൻ കഴിയും. മനുഷ്യൻ്റെ ശ്രേഷ്ഠമായ ഭാവനകൾ നെഗറ്റീവ് വാസനകൾ മൂലം  നശിപ്പിക്കപ്പെടുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്തേക്കാം. അതുകൊണ്ട് ക്ലേശം സഹിച്ച് ആ ശുദ്ധമായ സദാചാരമഹത്വത്തെ അന്ധതയിൽ നിന്നു ഉയർത്തിയെടുക്കേണ്ടതുണ്ട് .അതിനാണ് പ്രാർത്ഥന ഉപയോഗിക്കപ്പെടുന്നത് -ഹരികുമാർ പറഞ്ഞു. 




മതങ്ങളെല്ലാം ഒന്നാണെന്ന തത്ത്വമാണ് ഗുരു ഉപദേശിച്ചത്. ഭൗതികസമ്പത്തും അഹന്തയും വെറും മിഥ്യങ്ങളാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്.  അതുകൊണ്ടാണ് രമണ മഹർഷി വെറും കൗപീനം മാത്രം ധരിച്ചുകൊണ്ട് സന്ദർശകർക്ക് മുന്നിൽ വന്നത്. എല്ലാം മിഥ്യയാണെന്ന് ഇതിൽ കൂടുതൽ എങ്ങനെയാണ് സ്പഷ്ടമാക്കുന്നത്? ഗുരുവിനെ കേരളീയസമൂഹം മറന്നു കഴിഞ്ഞുവെന്നാണ് തോന്നുന്നത്.ഗുരുവിൻ്റെ ഒരു ശ്ളോകമോ പ്രാർത്ഥനയോ ചിത്രമോ ഒരു മലയാളസിനിമയിലും കാണാനില്ല. ഗുരുവിനോടുള്ള നന്ദി പ്രകാശിപ്പിക്കാൻ എഴുത്തുകാരും കലാകാരന്മാരും ഇപ്പോഴും മടിച്ചു നിൽക്കുകയാണ്. ജാതിമതചിന്തയുടെ ഭീഷണമായ ചുഴിയിൽ അകപ്പെട്ടതിൻ്റെ ദൃഷ്ടാന്തമാണിത് .ഗുരുവിനെ ജാതിയുടെ പേരിൽ അകറ്റിനിർത്തുന്നവർ ഇപ്പോഴുമുണ്ട്. വിദ്യാസമ്പന്നരായ പലരും ഇപ്പോഴും ജാതിസ്പർദ്ധ പുലർത്തിപ്പോരുകയാണ്. ഇതാണ് മനസ്സിലെ ക്ളാവ്. ഇത് മാറ്റാനാണ് ഗുരു ആത്മോപദേശം നൽകിയത്. വേദാന്തത്തിനും ഉപയോഗമുണ്ട്. വേദാന്തത്തിലൂടെ അഴുക്കുമാറ്റാനാവും. മിഥ്യകളെ തകർക്കാനാവും. ആത്മോപദേശശതകം വായിക്കുന്നവൻ എങ്ങനെയാണ് ജാതിയിൽ വിശ്വസിക്കുക -ഹരികുമാർ ചോദിച്ചു. 

ദൈവദശകത്തിൽ ദൈവത്തിൻ്റെ  സാർവത്രികമായ വ്യാപനമാണ് നമ്മൾ കാണുന്നത്. എല്ലാറ്റിലും ദൈവത്തെ കാണുകയാണ് .നീ തന്നെ വർത്തമാനം ,ഭൂതം ,ഭാവി ;നീ സൃഷ്ടിയാണ് ,നീ സ്രഷ്ടാവാണ്, നീ സൃഷ്ടിജാലമാണ് ,നീ സത്യമാണ് ,നീ ജ്ഞാനമാണ്, നീ ആനന്ദമാണ് എന്നെല്ലാം ഗുരു പ്രസ്താവിക്കുന്നു. അതിൻ്റെയർത്ഥം ദൈവമല്ലാത്തതായി യാതൊന്നുമില്ല എന്നാണ്. പഞ്ചഭൂതങ്ങളും ദൈവമാണ്.അങ്ങനെ ദൈവത്തിൻ്റെ സാർവത്രികമായ ചൈതന്യത്തെ എല്ലാറ്റിലേക്കും സ്വാംശീകരിക്കുന്ന ഒരു ദർശനമാണ് ഗുരു അവതരിപ്പിക്കുന്നത്. നീ സത്യമാണ്, വർത്തമാനമാണ്, ഭൂതമാണ് ,ഭാവിയാണ് എന്നു  പറയുന്നതിലൂടെ, ദൈവത്തെ നമ്മളിൽ നിന്ന് എടുത്തുമാറ്റിയാൽ പിന്നെ ഒന്നും ഉണ്ടാവുകയില്ല എന്നാണ് സൂചിപ്പിക്കുന്നത്. ദൈവം സൃഷ്ടിയാണ്. സ്രഷ്ടാവാണ്. സൃഷ്ടിജാലമാണ് .നമ്മളും സൃഷ്ടിയാണ്, സ്രഷ്ടാവാണ്, സൃഷ്ടിജാലമാണ്. അതുകൊണ്ട് നമ്മളും ദൈവവവും തമ്മിൽ ഭേദമില്ല. ഈ സാർവത്രികമായ  ദൈവികതയുടെ സമസ്തഭാവമാണ് ഗുരു അവതരിപ്പിക്കുന്നത്. എന്നാൽ ഈ ദൈവഭാവത്തെ നമ്മൾ തിരിച്ചറിയാൻ നന്നായി പരിശ്രമിക്കണം -ഹരികുമാർ പറഞ്ഞു .






ശാഖാ പ്രസിഡൻ്റ് രവീന്ദ്രൻ കുമ്പളവേലിൽ ഹരികുമാറിനെ പൊന്നാടയണിയിച്ചു. വൈസ്‌ പ്രസിഡൻ്റ് രാമകൃഷ്ണൻ  വെട്ടുപാറപ്പുറത്ത് ,സെക്രട്ടറി ഇൻ ചാർജ് ദീപു മംഗളാംകുന്നേൽ ,യൂണിയൻ പ്രതിനിധി കുമാരൻ സി.കെ, യൂണിയൻ സൈബർ സേന പ്രസിഡൻ്റ് അനീഷ് വെട്ടിക്കാട്ട് ,ദേവസ്വം സെക്രട്ടറി ഷാനവാസ് തുമരക്കാലായിൽ ,കെ.പി. തമ്പി ശാന്തി ,കമ്മിറ്റിയംഗങ്ങളായ വാസു തുമരക്കാലായിൽ ,സോമൻ ചിറ്റിനാതടത്തിൽ, രാജു പാറയിടുക്കിൽ ,എൻ. എൻ. സുരേന്ദ്രൻ ,റെജി വി.എം, മനോജ് ഇലഞ്ഞിക്കൽ ,ശേഖരൻ പൊയ്ക്കാട്ടിൽ എന്നിവർ പങ്കെടുത്തു. 
മുൻ ഭാരവാഹികളും സ്ത്രീകളുമടക്കം മുന്നൂറ് പേർ ചടങ്ങിൽ പങ്കുകൊണ്ടു .

എം.കെ.ഹരികുമാർ എഴുതിയ 'ശ്രീനാരായണായ' സവിശേഷമായ ഒരു സർഗാത്മകത്ത ആവിഷ്കാരമാണ്. ഗുരുവിനെക്കുറിച്ചുള്ള സാഹിത്യരചനകളിൽ ,'ശ്രീനാരായണായ ' എന്ന നോവൽ സമുന്നതമായ സ്ഥാനമാണ് അലങ്കരിക്കുന്നത്. ഇതിനെ പുറമെയാണ് ഹരികുമാർ ഗുരുവിനെക്കുറിച്ചെഴുതിയ ലേഖനങ്ങൾ .ഹരികുമാറിൻ്റെ  'ദൈവദശകത്തിലെ ദൈവം' എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ട് ഒരു ദശാബ്ദം കഴിഞ്ഞിരിക്കുന്നു. ആലുവയിൽ നിന്നു പ്രസിദ്ധീകരിക്കുന്ന 'ഗുരുദേവൻ' മാസികയിൽ ഹരികുമാർ എഴുതിവരുന്ന 'ഗുരുവും ആത്മാവിൻ്റെ രാഷ്ട്രീയവും ' എന്ന പംക്തി അഞ്ച് വർഷം പിന്നിട്ടിരിക്കുന്നു. 
a






No comments: