Followers

Monday, December 31, 2007

ജലം എന്തിനൊഴുകുന്നു?dec 31

ജലം എന്തിനൊഴുകുന്നു?

ജലം എന്തിനാണ്‌ ഒഴുകുന്നത്‌.?
ജലം ഒഴുകാതിരിക്കുമ്പോള്‍
അത്‌ എന്താണ്‌ ചെയ്യുന്നത്‌?
എല്ലാ പ്രവൃത്തിയെയും
ഇതുവരെയുള്ള കാലം കൊണ്ട്‌ ഹരിച്ച്‌
പുതിയ വാസസ്‌ഥലം
തിരയുകയാവുമോ?
ജലത്തിന്‌ ഒഴുകാനാണ്‌ വിധി.
ഒഴുകുമ്പോഴാണ്‌
അത്‌ ജീവിക്കുന്നത്‌.
അതിനിടയില്‍ ആര്‌, എന്ത്‌ എന്ന്
ചിന്തിക്കാതിരിക്കുന്നതാണ്‌ ജീവിതം.
ഒഴുകുമ്പോള്‍ ഒന്നും
ഓര്‍ക്കാനില്ലെന്ന് ഓര്‍മ്മിപ്പിക്കാന്‍
എന്നും ജലം വേണം.

ആരുപറഞ്ഞു ജലം നമ്മെ
എന്തെങ്കിലും ഒര്‍മ്മിപ്പിക്കാനാണ്‌
ഒഴുകുന്നതെന്ന്.
നമ്മുടെ ഓര്‍മ്മകളുടെ
ആധിപത്യ മോഹങ്ങള്‍ക്കെതിരെ
അതൊന്നും നേരിട്ട്‌ പറയുന്നില്ലെങ്കിലും
സ്വയം ഒഴുക്കി കളയുന്ന
ആ ജീവിതത്തിന്‍റ്റെ
നിരുപാധികമായ ഒരൊഴുക്കുണ്ടല്ലോ,
അതാണ്‌ ജിവിതം.
തിരിഞ്ഞു നോക്കി ജീവിതത്തിന്‍റ്റെ
പിന്നാമ്പുറത്തുള്ള
തത്വങ്ങള്‍ക്ക്‌ കടിച്ച്‌ കീറാനായി
ഒന്നും ബാക്കി വയ്‌ക്കാനും
ജലമില്ല.
ആരും ഇല്ലാത്ത ലോകം
എത്ര വിരസമാണെന്ന്
ജലത്തെപ്പോലെ ആരു
മനസ്സിലാക്കി?
കടുത്ത ഏകാന്തതയില്‍
ജലം സ്വയം നശിക്കുന്നത്‌
അല്‍പാല്‍പമായി
കൊന്നുകൊണ്ടാണ്‌.
ജലത്തിനും ചാവാന്‍ കഴിയും.
സ്‌നേഹവും മമതയും
മരിക്കുന്നിടത്ത്‌ ജലത്തിന്‍റ്റെ
ജീവനെന്ത്‌ കാര്യം?