Followers

Friday, October 30, 2009

25 th year of aathmayanangalute khasakk
aathmayanagalute khasak/ m k harikumar

എം. കെ. ഹരികുമാറിന്റെ 'ആത്മായനങ്ങളുടെ ഖസാക്കി'ന്റെ ഇരുപത്തഞ്ചാം വര്‍ഷത്തില്‍
പുസ്തകം പൂര്‍ണ രൂപത്തില്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കുന്നു.

Thursday, October 29, 2009

മഹത്തായ അന്തർധാരകൾaathmayangalude khasak/ m k harikumar


മഹത്തായ അന്തർധാരകൾ -5

ദുഃഖഭ്രമങ്ങളുടെ ക്രമത്തകർച്ചയിൽ വീണ്ടുമൊരു ജന്മം വേണ്ടിവരുമെന്ന്‌ മനസ്സുകൾ മോഹിക്കാതിരിക്കുക. ഏതു വ്യസനങ്ങളുടെ സന്ധ്യകളിലാണ്‌ ആനന്ദത്തിന്റെ ഋതു മനുഷ്യനെ ആശ്വസിപ്പിക്കുന്നത്‌? നിശ്ച്ചയങ്ങളുടെ വ്രണിതമായ മൂകതയിൽ വിജയൻ ലോകത്തിന്റെ സംവത്സരങ്ങളോടും കൗശലങ്ങളോടും ആദ്ധ്യാത്മികമായി സംവേദിച്ചു. നീണ്ട കാത്തിരിപ്പുകളുടെ യൗവ്വനങ്ങൾ താണ്ടി ആത്മാവ്‌ തളരുന്നു. പ്രപഞ്ചത്തിന്റെ ആജ്ഞേയമായ ഈ കർമ്മ ബന്ധങ്ങളിൽ ലൗകികത എവിടെയാണ്‌? ഒടുവിൽ വിജയന്റെ മൗനം സാകല്യമായൊരു ലോകനാഗരികതയുടെ ഇന്ധനമന്വേഷിച്ചു . അജ്ഞത മാർദ്ദവമുള്ളൊരു കനിയാണെന്നും മനുഷ്യൻ സ്പർശിക്കുന്നതോടെ അതിന്റെ ഇലഞെട്ടുകൾ ചുവടെ അടരുന്നുവെന്നും ഓസ്‌കാർ വൈൽഡ്‌ ഓർമ്മിപ്പിച്ചിട്ടുണ്ട്‌. നോവലിസ്‌റ്റ്‌ അറിയത്തക്കതല്ലാത്ത ബന്ധങ്ങളുടെ ഐഹികപൊരുത്തം തേടാനുള്ള വ്യഗ്രതയിൽ അജ്ഞതയുടെ കനി തന്നെയാണ്‌ പറിച്ചുകളയുന്നത്‌. അതിലൂടെ ലോകാവസ്ഥയുടെ ആദി സരളത ഒപ്പിയെടുക്കുകയും ചെയ്‌തു.

വ്യസനങ്ങളുടെ ആലോചനാ സന്ധികളിലൂടെ , ലോകത്തിന്റെ അദൃശ്യസ്പർശനങ്ങളിലൂടെ പ്രപഞ്ചത്തിന്റെ മഹത്തായ അന്തർധാരകൾ തേടുകയാണ്‌ കഥാപാത്രങ്ങളും വസ്തുക്കളും. തങ്ങളുടേതായ ദൗത്യവുമായി ലോകാവസരങ്ങളുടെ തുറസ്സുകളിലൂടെ എത്തിനോക്കുന്നു. സ്വകാര്യതയുടെ വിശുദ്ധമായ ശിശുവും പേറി അവർ വിദൂരമായ മോഹക്കാഴ്‌ച്ചകളിലേക്ക്‌` നടന്നുചെല്ലുന്നു.പുരാതന മെസോപ്പൊട്ടാമിയൻ സംസ്ക്കാരത്തിന്റെ ഓർമ്മകളിൽ മനസ്സ്‌ നടുമ്പോൾ പ്രപഞ്ചത്തിന്റെ മഹത്തായ അന്തർധാരയുടെ സ്പർശനം അനുഭവപ്പെടുന്നുണ്ട്‌. ദൈവങ്ങളുടെ അമ്പലങ്ങൾ ,ധാന്യപ്പുരകൾ, ശിൽപശാലകൾ, അക്ഷരഗൃഹങ്ങൾ, കൃഷിഭൂമി കൈവശപ്പെടുത്തിയിരിക്കുന്ന ദൈവങ്ങൾ ,ദൈവത്തിനിഷ്‌ട വിശുദ്ധദാനമായിത്തീർന്ന പുൽത്തോട്ടം ,ആയുധപ്പുരകൾ, പരിശുദ്ധവേദനയുടെ വിരലുകൾ, ദൈവകാമനയുടെ ചിറകുകൾ, വരദാനസന്ദേശത്തിന്റെ മുഖപദ്‌മങ്ങൾ, സാന്ത്വനത്തിന്റെ പാദാരവിന്ദങ്ങൾ- എല്ലാം വിശുദ്ധ നിയോഗങ്ങളുടെ തണൽ വഴികളിലൂടെ അദൃശ്യവര്‍ത്തമാനങ്ങളുടെ വാത്സല്യം പേറി പ്രയാണം ചെയ്യുന്നു. ഓരോ വേളയിലും പ്രപഞ്ചത്തിന്റെ മഹത്തായ ജൈവശേഖരങ്ങളുടെ ഉൾപ്രേരണകൾ ലോകത്തിന്റെ ഹൃദയത്തിലേക്ക്‌ ഗമിക്കുന്നു. ഖസാക്കിന്റെ രചനാസാഹചര്യങ്ങളിൽ വന്നു നിറയുന്ന ഭൗതിക ചോദനകളും രൂപങ്ങളും ഈ വിധം പ്രപഞ്ചത്തിന്റെ ആന്തരവസ്തുവിവരങ്ങളിലേക്ക്‌ ചെന്നെത്തുകയാണ്‌ ചെയ്യുന്നത്‌. കഥാപാത്രങ്ങളെല്ലാം കഥയുടെ ഹൃദയബിന്ദുവിൽ നിന്ന്‌ പ്രാർത്ഥനയുടെ സാരള്യത സൃഷ്‌ടിച്ചുകൊണ്ട്‌ വിദൂരമായ പ്രകാശനക്ഷത്രങ്ങളിലേക്ക്‌ പ്രസരിക്കുന്നു, സന്ദേശം അതിന്റെ ഐഹിക മാന്ത്രികതയിൽ ജീവിതം തൂവലിന്റെ ദിവ്യഭൂമിയായി മാറുന്നു. ആലോചനാപരമായ സംയമനങ്ങൾ കഥാപാത്രത്തിന്റെ സ്വഭാവത്തിലോ , പരിതഃസ്ഥിതിയിലോ പ്രകടമാകുന്നില്ല . നോവലിസ്‌റ്റിനെ കാണണമെങ്കിൽ പ്രപഞ്ചത്തിന്റെ ആന്തരസന്ദർഭങ്ങളിലേക്ക്‌ ചുഴിഞ്ഞു നോക്കണം. കലാകാരന്റെ യാത്ര ഭൗതികരൂപങ്ങളുടെ ലയവ്യന്യാസങ്ങളിൽ നിന്ന്‌ ആന്തരമുഹൂർത്തങ്ങളുടെ തണൽമരങ്ങളിലേക്കാണ്‌. എന്നാൽ അതോടൊപ്പം ജീവിതത്തിന്റെ ബാഹ്യമായ ക്ഷേത്രഗണിതങ്ങളിൽ സ്വച്ഛമായ അന്തർധാരകളുടെ രതിച്ചിത്രങ്ങൾ വരച്ചിടാനും മടിക്കുന്നില്ല.

ധനവാഞ്ചയും- നിന്ദയും, ദയയും ,സൗഹൃദവും, സാമർത്ഥ്യ വും, ഒരു ബിന്ദുവിൽ സമ്മേളിക്കുന്നുവെന്ന്‌ കരുതു. എങ്കിൽ അവിടെ നിശ്ച്ചയമായും സ്നേഹത്തിന്റെ അടിയൊഴുക്കുണ്ട്‌. ഫോസ്റ്ററുടെ ഈ വാക്യം ഓർമ്മയിലെത്തുകയാണ്‌. പ്രപഞ്ചത്തിന്റെ മുഖാവരണങ്ങളുടെ ഉള്ളിലെ നിത്യമായ ഗമനങ്ങളും ശാന്തസംവാദങ്ങളുമാണ്‌ അവിടെ അന്തർഭവിച്ചിരിക്കുന്നത്‌. പ്രപഞ്ചത്തിന്റെ നിത്യമായ അന്തർധാരകളിലെത്തിച്ചേരാനുള്ള മനസ്സിന്റെ അനുരാഗമാണ്‌ ഖസാക്കിന്റെ പ്രകൃതിനിഷ്ഠയിലും മനുഷ്യരുടെ സ്വഭാവങ്ങളിലും നിറഞ്ഞുനിൽക്കുന്നത്‌. പ്രപഞ്ചത്തിന്റെ ബാഹ്യാവസ്ഥകളിൽ ജീവിതത്തിന്റെ മൗനം നിറഞ്ഞ ചാഞ്ചാട്ടവും , ആന്തരികരംഗങ്ങളിൽ രഹസ്യമായ പ്രവാഹധാരകളും നിർമ്മിച്ചുവെക്കുന്നു. ആമോസ്‌ പ്രപഞ്ചത്തെക്കുറിച്ച്‌ സംസാരിക്കുമ്പോഴും അന്തർധാരകൾ സ്പഷ്‌ടമാക്കുന്നുണ്ട്‌.മനുഷ്യൻ യഹോവയുടെ ഐശ്വരമായ വചനങ്ങൾക്കായി കാതോർക്കുന്നു. ഇസ്രേലിന്റെ പാപങ്ങൾ കഴുകിക്കളയുവാനായി യഹോവ വന്നെത്തുന്നു. യുദ്ധങ്ങളിൽ ശത്രുക്കളെ ജയിക്കാൻ അവന്റെ കൈകൾ വർഷിക്കുന്നു. എന്നാൽ എവിടെ യഹോവ? അവൻ ഇസ്രേലിന്റെ മിത്രമല്ല. രക്ഷകനുമല്ല. ദേശത്തിന്റെ അംഗരക്ഷകരുടെ പ്രഭുവാകാതെ , അവൻ സ്വർഗ്ഗത്തിലേയും ഭൂമിയിലേയും ദൈവമായിരിക്കുന്നു. ദൈവവും ദേശങ്ങളും രക്ഷകരും സൈന്യങ്ങളും വിന്യസിച്ച്‌ മനുഷ്യന്റെ ക്ഷണികമായ തൃഷ്‌ണകൾ വീണ്ടെടുക്കുമ്പോൾ പ്രപഞ്ചത്തിന്റെ ശാശ്വതമായ അന്തർധാരയുടെ ലൗകികസ്വരം കേൾക്കുന്നു. ജീവിക്കുന്നവന്റെ നിത്യമായ യവനികകളിലൂടെ അവൻ പ്രപഞ്ചത്തോട്‌ ഉരസുന്നു. സ്പർശനങ്ങളുടെ ആദിബീജം വീണ്‌ മനുഷ്യന്റെ ബോധം ക്രിയകളുടെ സ്ഫുലിംഗങ്ങളിലേക്ക്‌ പോകുകകയാണ്‌.

വിജയന്റെ നോവലിലും ആമോസിന്റെ ലോകത്തിലെ പ്രപഞ്ചസ്പർശനങ്ങളുടെ അന്തർധാരകൾ കണ്ടെത്താം. നൈസാമലി കൂമൻകാവിൽ നിന്ന്‌ അന്തർദ്ധാനം ചെയ്‌തപ്പോൾ അയാളുടെ സഹപ്രവർത്തകർ താന്താങ്ങളുടെ തൊഴിലുകളിലേക്ക്‌ അലക്ഷ്യമായി നിഷ്‌ക്രമിച്ചുവെന്ന്‌ വിജയൻ എഴുതുന്നു. വീണ്ടും അയാൾ അത്തരിന്റെ ജീവിതത്തിൽ പറ്റിക്കൂടി. വീണ്ടും പിണങ്ങി പുതിയ വ്യതിരിക്തതകൾക്ക്‌ വശംവദനാകുന്നു. അങ്ങനെ വിന്യാസത്തിന്‍‌റെ ക്രൂശിതമായ സ്മൃതികൾ അവശേഷിപ്പിച്ചുകൊണ്ട്‌ ഇഴ പിരിഞ്ഞു നിൽക്കുന്ന ലോകത്തെ അവതരിപ്പിക്കുന്നതിലൂടെ ഭഗ്നമായ അന്തർദ്ധാരകളുടെ സ്വച്ഛമായ തണലും വിഷാദവും കൊയ്‌തെടുക്കുന്നു.

ജന്മങ്ങളുടെ നൈരന്തര്യവും മോഹങ്ങളുടെ കവചവും ശരീരത്തിന്റെ പൂക്കളും പൊഴിഞ്ഞുകിടക്കുന്ന ഭൂമി പ്രപഞ്ചത്തിന്റെ അന്തർദ്ധാരകളെ വഹിക്കുകയാണ്‌, ഖസാക്ക്‌ എന്ന ഗ്രാമത്തിനും അവിടത്തെ സാധാരണ മനുഷ്യർക്കും പ്രകൃതിനിഷ്‌ഠകൾക്കും ചേരുന്ന ലൗകിക ചിലങ്ക ഭൂമിയുടേതാണ്‌. ഖസാക്കിലൂടെ വിജയൻ , ആമോസിനെപ്പോലെ കൂടുതൽ കൂടുതൽ വ്യക്തമായ നിത്യയാഥാർത്ഥ്യത്തിലേക്കും ഉൾപ്രവാഹങ്ങളിലേക്കും നടന്നടുക്കുകയാണ്‌. ഖസാക്കിലെ പ്രകൃതി അന്തർദ്ധാരകളുടെ നിറം മുഴുവൻ ആവാഹിക്കുന്നു. പക തണുക്കുന്നു. ക്രോധം മായാതെ വീണ്ടുമുണരുന്നു സ്നേഹം വാത്സല്യമായി അനുരാഗമായി, മോഹഭംഗമായി പരിണമിക്കുന്നു. അങ്ങനെ വ്യത്യസ്ത വഴികളുടെ മർമ്മരങ്ങളിൽ ശയിച്ചുകൊണ്ട്‌ വസ്തുക്കളുടെ ഭ്രമണം പൂർത്തിയാവുന്നു,
മൈമൂനയുടെ അന്വേഷണം ആർദ്രവും, ഭഗ്നവുമാവുന്നത്‌ കാണാം. കാമത്തിന്റെ മസൃണമായ മുഖം ചുവക്കുകയാണ്‌. പ്രപഞ്ചത്തിന്റെ പാദചലനങ്ങൾ
ക്കുവേണ്ടി പ്രാർത്ഥിക്കുന്ന ഏതോ വഴിയിലാണ്‌` കാമം. പുലരിയുടെ ഉദ്വ്വേഗം വഴിവെട്ടുമ്പോൾ സ്മരണകളുടെ പൂമ്പൊടി ശേഖരിക്കാം. മോഹങ്ങളുടെ നഖങ്ങൾ നീണ്ടുവരുന്നതു ശ്രദ്ധിക്കാം. മോഹത്തിന്റെ നന്മ മുറ്റിയ പുഞ്ചിരി ക്രമാധികം വിളറിയിട്ടുണ്ട്‌. സൂക്ഷിച്ചുനോക്കുക. ആസക്തിയുടെ മിഥുനങ്ങൾ ലോകത്തിന്റെ അനാഥത്വത്തിൽ , ദൈവത്തിന്റെ സൃഷ്‌ടിയിൽ പകലുകളുടെ അനുസ്യൂത യാത്രകളിൽ വിശ്വാസം പരസ്പരം മാറിയണിയുന്നു. തൊങ്ങലുകൾ നഷ്‌ടപ്പെട്ടപക്ഷി ഇന്നും വന്ന്‌ ആലിന്റെ ചില്ലയിലിരുന്നു. വാക്കുകളുടെ ഇളംനീല തടാകത്തിൽ നഷ്‌ടപ്പെട്ടുപോയ പ്രാക്തനമായ മോഹകവചങ്ങളെ തേടി മനസ്സ്‌ തീരത്തിരിക്കുന്നു. എന്നാൽ അതോടൊപ്പം സ്വച്ഛഭംഗങ്ങളുടെ നിരയും കാണാം. ജൈവധാരണകളുടെ അനേകം നടുക്കങ്ങൾക്ക്‌ നടുവിൽ എന്നെ സംരക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യേണമെന്ന്‌ തോമസ്‌ കൊപിസിനെപ്പോലെ ആത്മാവിന്റെ ദിവ്യശരീരം പ്രാർത്ഥിക്കുകയാണ്‌.
ഖസാക്കിന്റെ പരിശുദ്ധമായ ശരീരത്തിൽ പാദസ്പർശങ്ങളുടെ അണിവ്‌ കേൾക്കുന്നുണ്ട്‌. മൊല്ലാക്കയുടെ മൗനത്തിൽ കാലത്തിന്റെ വ്രണം പ്രത്യക്ഷപ്പെട്ടു. ചെതലിയുടെ പുറകിൽ പാദസ്പർശമേൽക്കാത്ത പെരുവഴികൾ. വാർദ്ധക്യത്തിന്റെ നൊമ്പരങ്ങളിൽ കുംഭമുടഞ്ഞ ദുഃഖകന്യകകൾ. ഷെയ്‌ഖിന്റെ തുഷാര സ്മൃതികൾക്കു ചുറ്റും കാവൽ നിൽക്കുന്ന രാത്രിയുടെ സംഗീതം മൊല്ലാക്ക ശ്രദ്ധിച്ചു. ചെതലിയുടെ നെറുകയിൽ നിന്ന്‌ പ്രപഞ്ചത്തിന്റെ രക്തം താഴോട്ടൊഴുകി. ദിവ്യമായ അന്തർദ്ധാരയുടെ തനുവിൽ കഴിയുക. ,ആയിരിക്കുക, അതുമാത്രമാണ്‌ പൂർണ്ണതയുടെ ബിന്ദുവെന്ന്‌ വിജയൻ ധ്വനിപ്പിക്കുന്നു.

ദ്വേഷം സ്നേഹത്തിന്റെ മേലങ്കിയണിഞ്ഞ്‌ അജ്ഞാതമായ മേഖലകളിലൂടെ ,ഉൾപ്പിരിവുകളുടെ ഉഷ്‌ണജലപ്രവാഹങ്ങളിലൂടെ കുതിരപ്പുറത്ത്‌ യാത്രയാവുന്നു. ഒരിക്കലും അവസാനിക്കാത്ത സംസാരത്തിന്റെ നിശ്ശബ്‌ദമായ ഭൂമി. ഉൾഭ്രമങ്ങളുടെ വയമ്പു രുചിച്ച്‌ കാലം വീണ്ടും സന്ധ്യകളിലൂടെ നടന്നു നടന്നു പോവുന്നു. മോഹവലയ ങ്ങളിൽ നിന്ന്` അനൈഹികമായ തുരുത്തുകൾ അന്വേഷിച്ച്‌ വ്യസനത്തിന്റെ പക്ഷി ചിറകടിച്ച്‌ പറക്കുന്നുണ്ട്‌. നൈസാമലിയുടെ പ്രവാസം പുതിയൊരു ഉൾപ്പിരിവിന്റെ വിഷാദസന്ധിയിലെത്തി ഗതി മാറുന്നു. പ്ലേറ്റോ അറിയിക്കുന്നുണ്ട്‌, മനുഷ്യ നിയോഗത്തിന്റെ സമാപ്തി ഐന്ദ്രിയലോകത്തിന്റെ ഇരുൾ വേളകളിൽ നിന്ന്‌ ദിവ്യരൂപങ്ങളുടെ വെൺമയിലേക്ക്‌ പറന്നുച്ചെല്ലുമ്പോഴാണെന്ന്‌. വിജയനും ലൗകികതയുടെ ഇലപ്പുറങ്ങളിൽ ദിവ്യരൂപങ്ങളുടെ വ്യോമതലങ്ങളിലേക്ക്‌ മനസ്സ്‌ മാറ്റുന്നുണ്ട്‌.

"ദൂരെ കാളികാവെന്ന സ്ഥലത്ത്‌ ,കുറുന്തോട്ടിയും നന്നാറിയും വളർന്നുപിടിച്ചൊരു കുന്നിൻപുറത്ത്‌ ,പാടെ നശിച്ചുപോയൊരു പത്തായപ്പുരയുടെ അവശിഷ്‌ടങ്ങളുണ്ടായിരുന്നു. ചുവരുകളുടെ മുരടുകൾ ,അവയ്ക്കകത്ത്‌ വൈക്കോലു മേഞ്ഞ ഒരൊറ്റപ്പുര. അവിടെ അവളുടെ മുത്തിയമ്മയും അമ്മാവനും പാർത്തു പോന്നു. മുത്തിയമ്മയ്ക്ക്‌ കണ്ണുകാണാൻ വയ്യ. അമ്മാവനും കുഷ്‌ഠമാണ്‌. ചുമരുകളുടെ അവശിഷ്‌ടങ്ങൾ ആ കുടിലിനു ചുറ്റും അതിരിട്ടു. ആ അതിർ കടന്ന്‌ ആരും അകത്ത്‌ ചവിട്ടിയിട്ടില്ല. കാറില്ലാത്ത സന്ധ്യകളിൽ അസ്തമയത്തിന്റെ ചൂടുൾക്കൊള്ളാൻ , വിരലുകൾ തേഞ്ഞ കൈപ്പടങ്ങളുമായി അമ്മാവൻ കുടിലിനു മുമ്പിലെ പാറക്കെട്ടുകളിൽ ഇരുന്നു.

ജൈവസ്മൃതിയുടെ ആരവം കേൾക്കുകയാണ്‌. കാലം സരളമായ പാഠം പഠിക്കുകയാണ്‌. കാലത്തിന്റെ കാലിലെ വ്രണം നൊന്തോ? തുരുത്തുകളിലൂടെയുള്ള യാത്ര വിജയൻ ഓർക്കുകയാണ്‌. ആബിദയുടെ മഥനങ്ങൾ , അവളുടെ അത്തയുടെ ഏകാകികത, ഇരുട്ടിന്റെ കണ്ണുമിഴിച്ചാൽ കാണാവുന്ന ദുഃഖം, എല്ലാം രവി ഉൾക്കൊണ്ടു. വിലങ്ങുകളുടെ ദശാസന്ധികളിൽ താൻ ഏതോ അന്തർദ്ധാരയുടെ ഉഷ്‌ണജലം പേറുന്നുണ്ടെന്ന്‌ അയാളറിഞ്ഞു. വിദൂരമായ വിരഹക്കാഴ്‌ച്ചകളുടെ ഭൂതം ആബിദയുടെ സ്മൃതിയിലലിയുന്നു. അവളുടെ ഭൂതകാലത്തിന്‌ സംസാരിക്കാനറിയാം. തന്റെ സന്നിഗ്‌ദ്ധമായ തനുവിൽ ഉറങ്ങികിടക്കുന്ന വിഫലതയുടെ എല്ലാ അക്ഷരങ്ങളും പുറത്തു ചാടുന്നു. നാമമാത്രമായ പരിചയങ്ങളുടെ ഭ്രമണങ്ങളിൽ നിന്ന്‌ രവി ഒന്നു പിൻതിരിഞ്ഞു. എന്തെല്ലാമോ ഓർമ്മകൾ ചീവീടുകളായി വന്ന്‌ നിലവിളിച്ചു. ഏകാന്തതയുടെ രാത്രിപ്പക്ഷികൾ അറിവിന്റെ സംശയങ്ങളായി നിന്നു. ചുമരുകളും, അവശിഷ്‌ടങ്ങളും മങ്ങിയ നിഴൽ പതിച്ച , തണൽ വീണ ഓർമ്മകളും ദുരിതങ്ങളുടെ ശൈത്യം പുറത്തെടുത്തു. സ്നേഹവിശ്വാസത്തിന്റെ ആഗ്നേയ ശസ്ത്രങ്ങൾ , മന്ദഹാസത്തിന്റെ അലൗകികമായ വിങ്ങലുകൾ , അഴിഞ്ഞലിയുന്ന മൗനപരിസരം - പരിത്യക്തമായ ജൈവബന്ധങ്ങളുടെ നിലാവിൽ മനസ്സ്‌ എന്തോ ചിലത്‌ അറിയുന്നു.

സ്വന്തം വഴികളിൽ ഉപേക്ഷിക്കപ്പെട്ട ആത്മാവിന്റെ രഹസ്യവും പ്രശാന്തവുമായ യാത്രകൾ വ്യാമിശ്രമായ പ്രാപഞ്ചികാവസ്ഥയുടെ ധമനികളായിരിക്കുന്നു.ആബിദയുടെ ചിത്രം നിലാവിന്റെ നൃത്തം പോലെ വാൽസല്യവും സാന്ത്വനവും നിറഞ്ഞതാണ്‌. വെറും പരിചയങ്ങളിൽ നിന്ന്‌ അതിരൂഢമായ ആത്മ ബന്ധങ്ങളിലേക്കും പ്രണയങ്ങളിൽ നിന്ന്‌ അസ്പഷ്‌ടമായ വിരഹങ്ങളിലേക്കും കാലം മാറിവീഴുമ്പോൾ , അവ ശാശ്വതമായ ദുഃഖങ്ങളും, അകലെയുള്ള സന്നിഗ്‌ദ്ധതകളും കൊണ്ട്‌ നിറഞ്ഞ്‌ , പ്രപഞ്ചത്തിന്റെ അന്തർധാരകളുടെ പ്രസാദപൂർണ്ണമായ ആത്മ സംയോജനങ്ങളായിത്തീരുകയാണ്‌. വരുമ്പോഴും പോകുമ്പോഴും മനുഷ്യൻ ഒന്നും പറയുന്നില്ലല്ലോ. നിത്യമായ സംശയങ്ങളുടെ കൊളുത്തിൽ നിന്ന്‌ സത്യത്തിന്റെ ശരീരം മുക്തമാകാത്തതെന്താണ്‌? ചോദ്യങ്ങൾ മുനയൊടിഞ്ഞ്‌ സംസാരത്തിന്റെ മുറ്റത്ത്‌ കമിഴ്‌ന്ന്‌ കിടക്കുന്നു. മൗനം കൊണ്ട്‌ തൊട്ടാൽ പ്രതികരിക്കുന്നത്‌ കുട്ടികളുടെ മുഖങ്ങൾ മാത്രമാണെന്ന്‌ പറഞ്ഞ ഫ്രാൻസിസ്‌ തോംപ്‌സണിലാണ്‌ ഇത്‌ ചെന്നെത്തുന്നത്‌. നിസ്സംഗതയും ഉച്ചാരണവും ഒന്നായിത്തീരുകയാണല്ലോ. ഭൗമബന്ധങ്ങളുടെ സരളമായ പാഠങ്ങളിലൂടെ മനുഷ്യന്റെ ദൗത്യം വിനയത്തിന്റെ ശിഖയിലെത്തുന്നു. നേരമ്പോക്കുകളുടെ ക്രോധം ശിരസ്സിലിട്ടുകൊണ്ട്‌ വഴിയിലിറങ്ങി ശകാരിക്കുക. സത്യത്തിന്റെ ചില്ല സൂര്യനഭിമുഖമായി ഉയർത്തിപിടിച്ചുകൊണ്ട്‌ ഉറക്കെ നിലവിളിക്കുക. ഇരുട്ടിന്റെ മിന്നാമിനുങ്ങുകളെ വകഞ്ഞുമാറ്റി രാത്രിയുടെ നെൽപ്പാടങ്ങളിലൂടെ ഇരങ്ങിനടക്കുക. അപ്പോഴും ദിവ്യരൂപങ്ങളുടെ കൃഷ്ണമണികളും മഞ്ഞുത്തു‍ള്ളികളും പറ്റിച്ചേർന്നിരിക്കുന്ന മനസ്സും പുലരിയുടെ ശരീരത്തിൽ സൂക്ഷിക്കുന്നുണ്ടാവും.നീ എവിടെ പോകുന്നുവെന്ന്‌ നിങ്ങൾ ആരും എന്നോട്‌ ചോദിക്കുന്നില്ല.
എങ്കിലും അത്‌ നിങ്ങളോട്‌ സംസാരിക്കുന്നതുകൊണ്ട്‌ നിങ്ങളുടെ ഹൃദയത്തിൽ ദുഃഖം നിറഞ്ഞിരിക്കുന്നുവെന്ന്‌ യോഹന്നാന്റെ സുവിശേഷത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌. (യോഹന്നാൻ 16;6)പ്രപഞ്ചത്തിന്റെ അന്തര്‍ദ്ധാരയായി വർത്തിച്ചുകൊണ്ട്‌ ചോദിക്കാതെ പോകുന്ന ചോദ്യം ലൗകികമായ വിഷാദജ്വരങ്ങളുടേയും ജൈവബന്ധങ്ങളുടേയും മൗനമാണ്‌. പ്രപഞ്ചത്തിന്റെ അന്തർപ്രവാഹങ്ങളുടെ ഗതികളിൽ അലയുമ്പോൾ മൗനം പ്രവർത്തനവും പ്രവർത്തനം മൗനവുമാകുന്നതു കൊണ്ടാ‍ണിങ്ങനെ സംഭവിക്കുന്നത്‌. ആന്തരമായ ഇഷ്‌ടബന്ധങ്ങളുടെ ചുമരുകളിൽ ജൈവസ്പർശങ്ങൾ ശിൽപ്പത്തിന്റെ ഏകാന്തതയിലേക്ക്‌ , ദുഃഖത്തിന്റെ വസന്തർത്തുവായി മനസ്സ്‌ ലയിച്ചു ചേരുന്നു. രവി ഓർത്തു ഏകാകിതയുടെ നിശ്ശബ്‌ദചോദനകളുമായി ഞാനിതാ വരുന്നു. അജ്ഞേയമായ പൊരുളുകളുടെയിടയിൽ ,പ്രാർത്ഥനയുടെ അനാഥമായ നാഴികളുടെയിടയിൽ വേദനയുടെ വത്സലയായൊരു പക്ഷിയായി, ശാന്തതയുടെ മാതാവിനെ കാണുവാനും സത്യഭാഷണം നടത്തുവാനും ഞാനിതാ വരുന്നു.


ഖസാക്കിലേക്ക്‌ തുറക്കുന്ന ആത്മജാലകങ്ങൾ
aathmayanangngalute khasak/ m k harikumar

ഖസാക്കിലേക്ക്‌ തുറക്കുന്ന ആത്മജാലകങ്ങൾ-
-
കെ.ബി.പ്രസന്നകുമാർ
'ദുരന്തത്തെ അഭിദര്‍ശിക്കുന്നവര്‍ക്ക് ഒരു ലോകം നഷ്‌ടമാവുകയാണ്‌. നഷ്‌ടപെട്ട ലോകം മനുഷ്യജീവിതത്തിന്റെ പ്രതാപത്തിന്റേയും,
പരിഷ്‌കൃതിയുടേതുമായിരുന്നു.'
ഖസാക്കിന്റേത്‌ നഗ്ന സൗന്ദര്യമാണ്‌. ഉടുപുടവകളഴിഞ്ഞ നഗ്നതയിലൂടെ സത്യസന്ധമായ പ്രയാണം. പ്രകൃതിയുടേയും, കഥാപാത്രങ്ങളുടേയും അന്തരീക്ഷത്തിന്റേയും സമയത്തിന്റേയും നഗ്നതയിലേക്കാണ്‌ വിജയൻ പ്രയാണം നടത്തുന്നത്‌. അത്‌ ,എന്നാൽ നിരാസക്തമായ അന്വേഷണമാണ്‌. ഖസാക്കിലെ ജീവിതത്തിന്റെ കൊച്ചുകൗതുകങ്ങൾ മുതൽ മഹാദുരന്തങ്ങൾ വരെ വിജയൻ അഭിദർശിച്ചു. അതിലൂടെ ഖസാക്കിന്റെ മനസ്സും ഖസാക്കിന്റെ വിങ്ങിനിൽക്കുന്ന കാലവും അവിടെ ധ്വനിക്കുന്ന മനുഷ്യജീവിതത്തിന്റെ വിചിത്രസംഗീതവും വിജയൻ ആവിഷ്‌ക്കരിച്ചു. ഭാഷയും ചിന്തയും ദാഹവും ഒന്നായി . രവി എന്ന മനുഷ്യജീവന്റെ മഹാപ്രസ്ഥാനവേളയിലെ വഴിയമ്പലമായ ഖസാക്ക്‌ ,അവസാനിക്കാത്ത ആകുലതയും പ്രഹേളികാഭാവവും സൃഷ്ടിക്കുകയും എന്നാൽ ജീവസ്പന്ദങ്ങളുടെ സ്വപ്‌നസമയത്തെ നമുക്ക്‌ നൽകുകയും ചെയ്യുന്നു. അങ്ങിനെ ഖസാക്കിന്റെ ആ ഘടനക്ക്‌ രണ്ട്‌ മുഖ്യതലങ്ങൾ കൈവരുന്നു.
ഒന്ന് , നിര്‍മ്മമതയുടേയും അനാസക്തിയുടേയും ആവര്‍ത്തനങ്ങളുടേയും തളം കെട്ടിനിൽക്കുന്ന കാലത്തിന്‍റേയുമാണ്‌. രണ്ടാമത്തേത്‌ ,പെയ്യുന്ന മഴയും കുട്ടികളും ഹരിതാഭമായ പ്രകൃതിയും ദിശാസൂചന നൽകുന്ന ,പിന്നെയും തളിർത്തുലയേണ്ട ഒരു ജീവിതത്തിന്റേയാണ്‌. എന്നാൽ കുഞ്ഞുങ്ങളിലൂടെ പ്രസാദിക്കുന്ന ജീവിതത്തെ വിജയൻ പൊലിപ്പിച്ചെടുക്കുന്നില്ല. അങ്ങനെ ഉച്ചമയക്കത്തിന്റെ ആലസ്യവും മുനിഞ്ഞുനിൽക്കുന്ന കാലവർഷത്തിന്റെ ഇരുൾ സമയങ്ങളും ഖസാക്കിനു നൽകുന്ന വിഷാദസാന്ദ്രതയുടെ ചരാചരപ്രകൃതിയെ അന്വോഷിച്ചുപോകുന്ന പ്രാണിയായ ഒരു മനുഷ്യൻ, ഖസാക്കിലൂടെ ,നമ്മുടെ പരിസരങ്ങളിലൂടെസഞ്ചരിച്ചുകൊണ്ടിരിക്കുന്നു.അത്‌ ഒ.വി.വിജയനാണ്‌.

ഖസാക്കിന്റെ വായനയിലും പഠനത്തിലും യുക്തിയുടെ അംശമല്ല ഏറിയകൂറും ഉപയോഗിക്കപ്പെട്ടത്‌. ഖസാക്ക്‌ സൃഷ്‌ടിച്ച യാഥാർത്ഥ്യത്തെ അതിജീവിക്കുന്ന ഭാവധ്വനികളെ ,ഇംപ്രഷണിസ്റ്റ്‌ ശൈലിയിൽ സമീപിക്കുവാനാണ്‌ ശ്രമങ്ങൾ പലതും നടന്നിട്ടുള്ളത്‌. വായനക്കാരെ നിശ്ശബ്ദരാക്കുന്ന, സ്വപ്‌നാടനം ചെയ്യിക്കുന്ന വശ്യമോഹനത ഖസാക്കിലെ ഭാഷക്കും കാഴ്‌ച്ചകൾക്കുമുണ്ട്‌.അതിൽ വീണുപോകയായിരുന്നു, നമ്മുടെ വായനാസമൂഹം .എന്നാൽ ഖസാക്കിന്റെ കവിത ,അതിന്റെ ഭാഷയിലൊ പ്രകൃതിയിലൊ രവിയിലൊ മാത്രം നിലകൊള്ളുന്ന ഒന്നല്ല. ഖസാക്കിൽ ചരിത്ര രചനയുണ്ട്‌. പുരാവൃത്തങ്ങളുടെ നികുംഭിലകൾ ഖസാക്കിൽ പലയിടത്തുമുണ്ട്‌. ഒറ്റപ്പെട്ട ഘോഷങ്ങളുയർത്തുന്ന രാഷ്‌ട്രീയപ്രക്രിയ ഉണ്ട്‌. മതാത്മകമായ ജീവിതന്തരീക്ഷമുണ്ട്‌. ഖസാക്കിലെ സാമൂഹ്യാന്തരീക്ഷം ശിൽപഭദ്രമല്ല. ലൈംഗികതയുടെ ദാഹവും ശമനവും അവിടെയുണ്ട്‌. ഇംപ്രഷണിസ്റ്റ്‌ സ്വഭാവം പൊതുവിൽ ദർശിക്കാമെങ്കിലും വിഭിന്നങ്ങളായ ഒട്ടനവധി ജാലകങ്ങളിലൂടെ ഖസാക്കിനെ നോക്കികാണാനുള്ള ശ്രമമാണ്‌ ശ്രി.എം.കെ.ഹരികുമാർ ആത്മായനങ്ങളുടെ ഖസാക്കിൽ നടത്തുന്നത്.മുഖ്യമായും ചരിത്രം ,മതം, നരവംശശാസ്ത്രം ,കാലം, മൃതി, പ്രകൃതി എന്നിങ്ങനെ അനേകം ജാലകങ്ങൾ ഖസാക്കിലേക്ക്‌ തുറക്കപെടുന്നതായി ഹരികുമാർ വയിക്കുന്നു.
-1983 -1989--കാലഘട്ടം. വായനയുടെ ആവേശവും ഭ്രാന്തും ശരമാരിപോലെ തീക്ഷ്‌ണങ്ങളായ പദാവലികളുമായി എം.കെ. ഹരികുമാർ കടന്നുവന്നത്‌ ഞാനോർക്കുന്നു. മലയാളത്തിൽ സാഹിത്യനിരൂപണത്തിന്‌ നവമായൊരു ഉണർവ്വും ഊർജ്ജവും കൈവന്ന കാലഘട്ടമാണത്‌. നിരൂപണം എന്നത്‌ സാഹിത്യത്തെ സംബന്ധിക്കുന്ന നിരവധി പ്രസ്താവമോ, വ്യാഖ്യാനമോ അല്ലെന്നും അത്‌ സർഗ്ഗാവിഷ്ക്കാരം തന്നെയാണെന്നും പ്രചരിതമായ നാളുകൾ .കെ.പി.അപ്പനും രാജകൃഷ്ണനും ആഷാമേനോനും,നരേന്ദ്രപ്രസാദും സാഹിത്യനിരൂപണത്തിന്റെ വ്യവസ്ഥാപിത സങ്കൽപ്പങ്ങളെ മാറ്റിമറിച്ച നാളുകൾ. നവീനകഥയും നവീനകവിതയും വിശദമായ ചർച്ചകള്‍ക്ക്‌ വിധേയമായ നാളുകൾ. നിരൂപണകലയെ പുതിയൊരു വെളിച്ചത്തിൽ സർഗ്ഗാത്മകമായി അഭിദർശിച്ച സമയമാണിത്‌. നിരൂപണ ഭാഷ തന്നെ സർഗ്ഗാത്മകമായി പുനഃസൃഷ്ടിക്കപ്പെട്ടു. ഇതിന്റെ തുടർച്ചയായിട്ടോ ഈ നിരൂപണാന്തരീക്ഷത്തോടു പ്രതികരണമായിട്ടോ ആണ്‌ ഹരികുമാർ എ.ഏ രംഗത്തേക്ക്‌ പ്രവേശിക്കുന്നത്‌. സംക്രമണം മാസികയിൽ പ്രസിദ്ധീകരിക്കപ്പെട്ട (1983) 'വർത്തമാനത്തിന്‍റെ ബോധവിചാരണ' എന്ന ആദ്യലേഖനം മുതൽ- തന്നെ ഹരികുമാറിന്റെ വ്യത്യസ്തമായ ഭാഷാപ്രയോഗരീതിയും നമുക്കു കാണാൻ കഴിയും. യഥാർത്ഥത്തിൽ നവീന നിരൂപണം ആവിഷ്‌ക്കരിച്ച ഭാഷാതലവും ചിന്താതലവുമല്ല ഹരികുമാർ ഉപയോഗിച്ചതു്‌. അതു നൽകിയ വെളിച്ചത്തിൽ നിന്നുകൊണ്ട്‌ ,പുതിയൊരു കുതിപ്പു നടത്തുകയാണ്‌. ആകുലമായ ഒരു യുവമനസ്സിന്റെ വിചാരോർജ്ജം അതിലുണ്ടായിരുന്നു. തികച്ചും ഭ്രാന്തമോ, വിഭ്രാന്തമോ ആയ രീതിയായിരുന്നു അത്‌ . ആ വിധമുള്ള ഒരു മനസ്സിലേക്ക്‌ ഖസാക്കുപോലുള്ള രചന ആഴ്‌ന്നു വരുമ്പോൾ നടക്കുന്ന ഒരു പ്രതികരണ പ്രവർത്തനമാണ്‌ 'ആത്മായനങ്ങളുടെ ഖസാക്ക്‌'.ഇംപ്രഷണിസത്തിന്റെ സൗന്ദര്യാനുധാവനങ്ങളുടെ ഭൂമികയിൽ.ഖസാക്കിന്റെ ദർശനലോകത്തെ യുക്തിക്കതീതമായ ചില മനോഘടനകളിൽ നിന്നുകൊണ്ട്‌ അഭിദർശിക്കുവാനാണ്‌ ഹരികുമാർ ശ്രമിക്കുന്നത്‌. അത്‌` വിഭ്രാന്തിയുടെ കൂടി ഉപലബ്‌ധിയാണ്‌. എന്നാൽ ഖസാക്കിലെ മൗനത്തിന്റെ അർത്ഥ സംഗീതത്തലങ്ങൾ അത്‌ തിരിച്ചറിയാൻ ശ്രമിക്കുന്നു. കല വർത്തമാന കാലത്തെ താൽക്കാലികപ്രതിഭാസമല്ല .അത്‌ കാൽപ്പനികമോ യാഥാതഥ്യമോ അതിയാഥാതഥ്യമോ മിസ്റ്റിസിസമോ അല്ല .ഇതിനെയെല്ലാം അപ്രസക്തമാക്കുന്ന സജീവവും പുരാതനവുമായ നിശ്ശബ്ദതയാണ്‌ എന്ന്‌ ഹരികുമാർ പറയുന്നു. ഈ നിശ്ശബ്ദതയുടെ രാഗഭേദങ്ങളെ ഖസാക്കിൽ നിന്നു കേൾക്കാൻ ഹരികുമാർ ശ്രമിക്കുന്നു.
സർറിയലിസ്റ്റ്‌ ഘടനയുള്ള ബിംബങ്ങൾ വരെ നിരൂപണകലയിൽ ഉപയോഗിക്കുന്ന വിചിത്രമായ ഒരു സമീപനം ഈ പുസ്തകത്തിനുണ്ട്‌. ഭാഷയുടെ വയലിൽ ചിന്തയുടെ വിത്തുകൾ വീശിയെറിയുകയാണ്‌ ഹരികുമാർ. ഒരു വലിയ പ്രവാഹംപോലെ ഒഴുകി വരുന്ന ഭാഷ സൃഷ്ടിക്കുന്ന അർത്ഥവിനിമയങ്ങൾ തികച്ചും മൂർത്തവുമല്ല. ഖസാക്കിന്റെ ഇതിഹാസത്തെക്കുറിച്ച്‌ യുക്തിസഹമായ ഒരു പഠനം ആവശ്യമുള്ളവർ ഈ പുസ്തകം കയ്യിലെടുക്കരുത്‌. ഖസാക്കിന്റെ ദര്‍ശനപരപ്പുകളിലേക്ക് ,സ്വതന്ത്രമായ ഒരു അന്വേഷണയാത്രയാണ്‌ ഈ പുസ്തകം ലക്ഷ്യമാക്കുന്നത്‌. അത്‌ ആത്മായനമാണ്‌. ഖസാക്കിൽ ആത്മായനം ഉള്ളതുപോലെ , ഈ പുസ്തകത്തിലും ആത്മായനത്തിന്റെ വിചാരനിലാവുകളാണുള്ളത്‌. ഒരേ സമയം സത്യത്തിന്റേയും സ്വപ്‌നത്തിന്റേയും ഘടനയാണ്‌ ഖസാക്കിനുള്ളത്‌. ഒരു റിയലിസ്റ്റിക്‌ നോവലിന്റെ കഥനത്തുടർച്ച അതിനുണ്ട്‌. എന്നാൽ കഥനത്തിന്റെ ഇടവേളകളിലേക്ക്‌ മഞ്ഞോ, കാലവർഷമോ പോലെ അശാന്തമായ പ്രേരണകളും ചോദനകളും പലായനങ്ങളും ചരിത്രസ്മൃതികളും പെയ്‌തിറങ്ങുന്നു. യാഥാർത്ഥ്യവും അതീതയാഥാർത്ഥ്യങ്ങളും ഖസാക്കിൽ സാന്ദ്രമായി ഇടകലരുന്നു. ഈ അതീത യാഥാർത്ഥ്യങ്ങളിലേക്കാണ്‌ ഹരിയുടെ അന്വേഷണംമുഖ്യമായും നീങ്ങുന്നത്‌. പൊതുവിൽ പറഞ്ഞാൽ ഖസാക്കിന്റെ അതീതവായനയും അമൂർത്തവായനയും ഈ പുസ്തകത്തിലുണ്ട്‌. രചന യഥാർത്ഥമാണെങ്കിൽ അത്‌ ഭൂമിയോ മിത്തോ ദൈവശസ്ത്രമോ പോലെ അനേകം കാലങ്ങളിലെ മനഃപരമ്പരകളുടെ സ്മൃതികളെ മുഴുവൻ ആവാഹിക്കുന്ന വിസ്മൃതിയാവണം ,കലയാവണം -ഹരികുമാർ എഴുതുന്നു. ഈ വിസ്‌തൃതിയിലേക്കുള്ള ആത്മാടനമാണ്‌ ഹരികുമാർ നടത്തുന്നത്‌.

രാത്രിയിലൂടെ മൂളിപ്പോകുന്ന ആ ലൗകികസ്വരങ്ങൾ ഖസാക്കിലുണ്ട്‌. ആകാശത്തിലേക്ക്‌ കൈകൾ വിടർത്തി നിൽക്കുമ്പോൾ കൈകൾക്കിടയിലൂടെ മേഘങ്ങൾ ഒഴുകിപ്പോകുന്നു. ദുഃഖംപോലെയും സാന്ത്വനം പോലേയുംഇരുട്ട്‌. മരിച്ചവരുടെ ഓർമ്മകൾപോലെ തുമ്പികൾ. ഇരുളുന്ന ചുകപ്പിൽ നഷ്ടപ്പെടുന്ന കരിമ്പനകൾ .കനത്തു ശ്വസിക്കുന്ന പാതിര. രാത്രിയുടെ തുറവകൾ. പനന്തത്തയുടെ ധനുസ്സുകൾ ,ദൂരെ മിന്നി മിന്നി ഈരച്ചൂട്ടുകൾ-ഖസാക്കിലെ പ്രകൃതിയിലേക്ക്‌` ഇങ്ങനെ എത്രയോ കിളിവാതിലുകളാണ്‌ തുറക്കപ്പെടുന്നത്‌. കഥയും അതിന്റെ പശ്‌ച്ചാത്തലമായ ദേശവും എത്രയും അടുപ്പത്തോടെ നിലകൊള്ളുന്ന കഥ കഥനഭൂമിയാകുന്ന ,കഥനഭൂമി കഥയാകുന്ന ജൈവപ്രക്രിയ പുതിയ കാലത്തെ പല നോവലുകളിലുമുണ്ട്‌. ഗർസിയാ മർക്കോസിന്റെ രചനകളിൽ ദേശസ്മൃതികളും കഥയുമായി ഒന്നാകുന്നതിന്റെ സാന്ദ്രമായ കാഴ്‌ച്ച നമുക്കു കാണാം. ഈ ഉദ്‌ഗ്രഥനം ഖസാക്കിലുമുണ്ട്‌. ഈ പ്രകൃതിയിൽ കഥന ഭൂമിയുടെ ചരിത്രവും പുരാവൃത്തങ്ങളും കൂടി കടന്നുവന്ന്‌ ആഖ്യാനത്തിന്‌ ഇതിഹാസഭംഗി നൽകുന്നു. ഖസാക്കിൽ ചരിത്രവും സ്മൃതിപരമ്പരകളും കഥയുടെ കാലത്തിലെങ്ങും വിങ്ങിനിൽക്കുകയാണ്‌.


ഖസാക്കിനെ 'ദാർശനികപ്പൈങ്കിളി' എന്ന്` വിളിക്കുന്ന ചീത്ത വാക്കുകളും മലയാളത്തിലെ ഖസാക്ക്‌ സാഹിത്യവിചാരത്തിൽ വന്നിട്ടുണ്ട്‌. തികച്ചും നീതിരഹിതവും ക്രൂരവുമായ പുലഭ്യമാണത്‌ അടിച്ചേൽപ്പിക്കപ്പെടുന്ന ദാർശനികത ഖസാക്കിനില്ല. ദുഃഖാകുലമെങ്കിലും ജൈവപരമായ ഘടനയാണ്‌ ഖസാക്കിനുള്ളത്‌. യഥാർത്ഥത്തിൽ എല്ലാ ദേശങ്ങളിലുമുള്ള കാറ്റ്‌, മഴ, സസ്യജാലങ്ങൾ, രാത്രി, ഭൂമിയിൽ പടർന്നുനിൽക്കുന്ന നിശ്ശബ്ദത എന്നിങ്ങനെയുള്ള സാധാരണങ്ങളായ രൂപങ്ങളിലൂടേയാണ്‌ വിജയൻ ഖസാക്കിന്‌ ദാർശനികതയുടെ മിഴിവ്‌ നൽകുന്നത്‌. മനുഷ്യജന്മത്തിന്റേയോ ചരാചരജന്മങ്ങളുടേയോ ചില കാലസംബന്ധമായ യുക്തിഹീനതകൾ സത്യമായതുകൊണ്ടാണ്‌ ,ഒരു പക്ഷേ ഭാരതീയം എന്നു വിളിക്കാവുന്ന ചാക്രികത -പുനർജനി ധ്വനികൾ ഖസാക്കിൽ വീണുകിടക്കുന്നത്‌. യഥാർത്ഥത്തിൽ ഹൈന്ദവമായ ആദ്ധ്യാത്മിക സന്ദേഹങ്ങൾ ഖസാക്കിന്റെ ലക്ഷ്യമോ മാർഗ്ഗമോ അല്ല. ഖസാക്കിനെ ദുർവിചാരം ചെയ്യാൻ പഴുതുകൾ അന്വേഷിച്ചു നടക്കുന്നവർക്ക്‌ കിട്ടിയ ചില പഴുതുകളാണവ അവയെല്ലാം കേട്ട്‌ വിജയൻ ചിരിച്ചു. ഗ്രാമ്യഭാഷയുടേയും ശുദ്ധമലയാളത്തിന്റേയും മിശ്രണമാണ്‌ ഖസാക്കിൽ തൊണ്ണൂറ്റൊൻപതു ശതമാനവും ഉപയോഗിച്ചിരിക്കുന്നത്‌. എങ്കിലുംഖസാക്കിന്റെ മഹത്വത്തിൽ ഒരു വൈറസ്‌ നുഴഞ്ഞു കയറിയെന്നാണ്‌ എൻഎസ്‌.മാധവന്റെ കണ്ടുപിടുത്തം. കാരണം ഖഗം,നിയോഗം ഊഹാപോഹം എന്നിങ്ങനെ സംസ്കൃതപദങ്ങൾ അതിലുണ്ടത്രെ. 'പച്ചപ്പനന്തത്തേ എന്നു'അപ്പുക്കിളിയെ വിളിക്കുന്ന മാധവൻനായർ തന്നെയാണ്‌ കിളിയെ ഖഗം എന്നു വിളിക്കുന്നത്‌. മാധവൻനായർ ഒരു സംസ്കൃതപണ്ഡിതനല്ല. വിളിക്കുന്നത്‌` ഖഗം എന്നുമല്ല. 'കം' എന്നാണ്‌. കിളിയുടെ പൊട്ടത്തത്തെ ലോകത്തിനുമേൽ ഉയർത്തുന്ന നർമ്മത്തിന്റെ വിളിയാണ്‌ ഖകമേ എന്ന്‌ സംബോധനയിൽ പ്രകടമാകുന്നത്‌. അത്‌ മനസ്സിലാക്കുന്നതിന്‌ കഴിയാത്ത ഒരാളല്ല മാധവൻ. പിന്നെന്തേ ഇത്തരം വാദങ്ങൾ ഉയർത്തുന്നത്‌ എന്ന ചോദ്യത്തിന്‌ ഞാൻ മറുപടിയൊന്നും കാണുന്നില്ല. ദുഖകരമാണത്‌. ഖസാക്കിന്റെ ഇത്തരം ദുർബ്ബലവും സാധാരണവുമായ വായനകൾക്കുള്ള മറുപടി പോലെ 'ആത്മായനങ്ങലുടെ ഖസാക്കിലെ' അമൂർത്തമായ ബോധവർണ്ണങ്ങൾ നിലകൊള്ളുന്നു. ഹരികുമാർ പറയുന്നു കവിക്കച്ച ചുറ്റിയ രവിയുടെ അലസമായ യാത്രക്കിടയിൽ മരങ്ങളും പാറകളും കുറ്റിച്ചെടികളും ഓർമ്മകളിലവശേഷിച്ചതായി വിജയൻ എഴുതുന്നുണ്ട്‌. അവ ദിവ്യരൂപങ്ങളുടെ ആന്തരസത്യവാങ്ങ്‌മൂലങ്ങളായി മൻസ്സിനെ നയിക്കുകയാണ്‌. ഓരോ വസ്തുവും കുറേ ഓർമ്മകളുമായി ലയിച്ച്‌ സമഗ്രമായ ജൈവാനുഭവമായി ഉയർന്നു വരികയാണിവിടെ ,പ്രകൃതിയുടെ വത്‌സലപ്രവാഹത്തിലൂടെ ജൈവസംഗീതം പോലെ പരന്നൊഴുകുന്ന ബോധമായി രവി നിൽക്കുന്നു. വസ്തുക്കളും ഓർമ്മകളും മനുഷ്യരും പ്രകൃതിയും ലയിക്കുന്ന ജൈവസത്ത ,ഖസാക്കിന്റെ വിശുദ്ധമായ അനുഭവമേഖലയാണ്‌. സംസ്കൃതീകരണം പോലുള്ള തെറ്റായ വാദങ്ങൾ ആ അനുഭവമേഖലയെ ഇല്ലായ്‌മ ചെയ്യാനാണെന്ന്‌ വിചാരിക്കുന്നത്‌ എത്രയോ അപകടകരമാണ്‌.വിമർശിക്കപ്പെടേണ്ട കൃതിയല്ല ഖസാക്ക്‌ എന്ന്‌ പറയുകയല്ല ഇവിടെ ചെയ്യുന്നത്‌. യഥാർത്ഥത്തിൽ ഖസാക്കിന്റെ ഏറ്റവും നല്ല വിമർശകൻ വിജയൻ തന്നെയാണെന്നാണ്‌ പിൽക്കാലത്തെ അദ്ദേഹത്തിന്റെ ചില പരാമർശങ്ങൾ വ്യക്‌തമാക്കുന്നത്‌. ഖസാക്കിന്റെ അനുഭവ സത്തകൾ സത്യമായിരിക്കെ തന്നെ അതിൽ നിന്ന്‌ വിടുതൽ നേടി പോകുവാൻ വിജയൻ ശ്രമിച്ചു. ധർമ്മപുരാണത്തിൽ എത്രയോ വ്യത്യസ്തമായ ഭാഷയും ക്രൂരഭാവനയും വിജയൻ ഉപയോഗിച്ചു. ഖസാക്ക്‌` പോലുള്ള ഒരു ഘടന ധർമ്മപുരാണത്തിൽ സൃഷ്ടിക്കപ്പെട്ടിട്ടില്ല. രചനാസംബന്ധമായ തന്റെ ശിൽപഘടനകളെ ആകെ പുതുക്കി വരുംകാലയാഥാർത്ഥ്യത്തിന്റെ നഗ്നതയിലേക്ക്‌ നീണ്ട ക്രൂരഭാവനയായിരുന്നു അത്‌.ധർമ്മപുരാണത്തിലെ യാഥാർത്ഥ്യത്തിന്റെ സമകാലീനതയിൽ വിസ്‌മയിച്ച്‌` ആകൃതിയെ ഖസാക്കിനുമേൽ പ്രതിഷ്‌ഠിക്കാനുള്ള ശ്രമവും നടന്നു. അത്തരമൊരു താരതമ്യം പ്രസക്തമല്ല. ഭാവനയുടെ രണ്ടു തരം പ്രവാഹങ്ങളാണത്‌. തികച്ചും വ്യത്യസ്തമായ സമയത്തിലും അനുഭവത്തിലും നിന്ന്‌ എഴുതിയവ ഇത്തരം താരതമ്യം പോലും ഖസാക്കിന്റെ വിപുലമായ ഭാവമേഖലയെ താഴ്‌ത്തിക്കെട്ടുവാൻ വെറുതെ ഉപയോഗിക്കപ്പെട്ടതാണ്‌. ഖസാക്ക്‌ തന്നെ ഇനിയും ഇത്തരം താരതമ്യങ്ങൾ വിശേഷിച്ചും പ്രസക്തമല്ല. മലയാളത്തിലെ നവീന നിരൂപകർ ചില ഒറ്റപ്പെട്ട ലേഖനങ്ങളിലൂടെ ഖസാക്കിനെ തേടുകയേ ചെയ്‌തിട്ടുള്ളു. അത്‌ മലയാള സാഹിത്യത്തിൽ സൃഷ്ടിച്ച വിദ്യുത്‌ പ്രവാഹത്തെ സമഗ്രമായി നോക്കിക്കാണാനുള്ള ഉത്തരവാദിത്തം അവരിൽ പലരും ഏറ്റെടുത്തില്ല. വിജയന്റെ എഴുത്തനുഭവങ്ങൾ അത്തരം സമഗ്ര പഠനങ്ങൾ ആവശ്യപ്പെടുന്നുണ്ട്‌. ഈയൊരു സത്യത്തിലേക്ക്‌ കൂടിയാണ്‌ ആത്മായനങ്ങൾ വഴി ഹരികുമാർ പ്രവേശിക്കുന്നത്‌.ഖസാക്ക്‌ ഒരർത്ഥത്തിൽ നാഗരികതയേയും പരിഷ്‌ക്കൃതിയേയും നിഷേധിക്കുന്നുണ്ട്‌. അവയൊന്നും തന്നെ ജീവിതത്തിന്റെ അന്വേഷണപാതകളിൽ വലിയ ഉത്തരങ്ങൾ തരുന്നില്ല എന്ന ബോധം വിജയൻ പുലർത്തുന്നുണ്ട്‌. അതിനാലാണ്‌ ഈ അന്വേഷണത്തിന്‌ കിളിർത്തു വരുന്ന പുൽനാമ്പുകൾ പോലുള്ള ഒരു ഗ്രാമവ്യവസ്ഥയെ വിജയൻ തിരഞ്ഞെടുക്കുന്നത്‌. പ്രാകൃതവും നൈസർഗ്ഗികമായ ചില തലങ്ങളിൽ നിന്നുകൊണ്ട്‌ ജീവിതത്തെ നോക്കിക്കാണാനുള്ള ശ്രമം ഖസാക്കിലൂടെ നടത്തുന്നു. ആദിമമായ ചില ഭൂവിശുദ്ധികളിലേക്ക്‌ തല ചായ്‌ച്ച്‌ അലസമായി കിടന്ന്‌ ജീവിതത്തെ നോക്കി കൺചിമ്മാനുള്ള അനാസക്തമായ പ്രവൃത്തിയാണ്‌ രവി പലപ്പോഴും നടത്തുന്നത്‌.അതിനിടയിൽ ഖസാക്കിന്റെ ദുരന്തങ്ങളും ദുരന്തങ്ങളുടെ ച്ഛായയിൽ വിതുമ്പുന്ന ഖസാക്കിലെ മനുഷ്യരും രവിയിലേക്ക്‌ നടന്നുവരുന്നു. അത്‌ അയാളുടെ സന്ദേഹങ്ങളെ സ്വാധീനിക്കുകയും ദുഃഖതപ്തമായ സമയ സന്ധികൾ അയാൾക്ക്‌ സമ്മാനിക്കുകയും ചെയ്യുന്നു. കുരിശു ചുമക്കുന്നവന്റെ നിർമ്മമമായ സഹനം പോലെ രവി അവ തന്റെ നെഞ്ചിലേറ്റുന്നു. ഖസാക്കിന്റെ പ്രാകൃതമായ ഗ്രാമഘടന ചരിത്രത്തിന്റെ സാവധാനത്തിലുള്ള പാദചലനങ്ങൾ കേൾപ്പിക്കുന്നെന്ന്‌ ഹരികുമാർ പറയുന്നു. ഗ്രാമം, ദൃശ്യം,പ്രകൃതി എന്ന നിലയിൽ ഗ്രാമംമാറിപ്പോകുന്നു. ഗ്രാമത്തിന്റെ പശ്‌ച്ചാത്തലത്തിൽ കാലത്തിന്റെ ഗംഗാതടം എന്നോർക്കാൻ കഴിയണമെങ്കിൽ അതിന്‌ വിജയന്റെ സർഗ്ഗാത്മകബോധം തന്നെ വേണം. എന്നും ഹരികുമാർ പറയുന്നു. ഖസാക്കിന്റെ രചനാകാലത്ത്‌ തന്നെയാണ്‌ മനുഷ്യൻ ചന്ദ്രനിലിറങ്ങിയത്‌ എന്ന്‌ പറയപ്പെടുന്നതും .കേരളത്തിൽ അപ്പോഴും ഗ്രാമപ്രകൃതിയുടെ അറിവും നാട്ടറിവും വിശുദ്ധമായ അജ്ഞതകളും നിലനിന്നിരുന്നു. നമ്മുടെ ചലച്ചിത്ര സ്ക്രീനിൽ പ്രേംനസീറും സത്യനും മറ്റും കഴുത്തു വെട്ടിച്ചും ,തുള്ളിക്കുഴഞ്ഞും മരംചുറ്റിപ്രേമം നടിച്ചുകൊണ്ടിരുന്നു. വളരെ പ്രാഥമികമായ കലാസ്വാദനതലം മുതൽ ഉന്നതമായ നാട്യവും (കഥകളി, കൂടിയാട്ടം) അതിഗഹനമായ സംഗീതവും(എം.ഡി.ആർ) ആധുനികത ഉൾപ്പെടെയുള്ള സാഹിത്യ ചിന്താബഹുലവും കേരളത്തിലുണ്ടായിരുന്നു. രണ്ടു കമ്മ്യൂണിസ്റ്റ്‌ ഭരണങ്ങൾ പൊലിഞ്ഞുപോയ കേരളത്തിൽ നക്സൽബാരി സന്ദേശവും പുത്തൻ വിപ്‌ളവ വസന്തത്തിന്റെ ഇടിമുഴക്കങ്ങളും ഖസാക്കിന്റെ രചനകാലത്തിന്‌ സമാനമായി ഉണ്ടായി. എന്നാൽഖസക്ക്‌ രാഷ്‌ട്രീയമായ ധ്വനികൾ ഉള്ള രചനയാണെങ്കിലും അത്‌ സമകാലിക സാംസ്ക്കാരികതയെ ഒഴിവാക്കിക്കൊണ്ട്‌ പുരാവൃത്തത്തിന്റേയും ഒട്ടനവധി അറിവില്ലായ്‌മകളുടേയും പിതൃഭൂമിയായി ,ഖസാക്കിലൂടെ വിജയന്റെ ഭൗതികരൂപത്തിന്‌ സമാനമായ ഒരാൾ അലഞ്ഞു. തന്റെ മനസ്സിലൂടെയും ഖസാക്കിലൂടെയും ഉള്ള അശാന്തമായ അലച്ചിൽ, ഖസാക്കിന്‌ യാത്രയുടേയും പ്രവാസത്തിന്റേയും ഗുപ്ത ഭംഗികൾ നൽകി ഗ്രാമം പ്രകൃതി, കലാസമസ്യകൾ ,യാത്ര, പ്രവാസം, ഏകാന്തത , സ്മൃതിപരമ്പരകൾ , ലൈംഗികതയുടെ കാപട്യമില്ലാത്ത ശുദ്ധമായ അനുഷ്ഠാനങ്ങൾ ,അറിയാതെ ഉള്ളിലേക്ക്‌ പടരുന്ന ഭയസംക്രമണങ്ങൾ ,മഴ, വർത്തമാനകാലം മാത്രമുള്ള അപ്പുക്കിളി , കൽപ്പകവൃക്ഷത്തിന്റെ കരിക്കിൻ തൊണ്ടുകൾ ,കാറ്റ്‌, പന, ഖസാക്കിന്റെ ഷെയ്‌ഖ്‌ തമ്പുരാൻ ,മൈമൂന, ദൈവപ്പെരുമാൾ ,കുട്ടാടൻ പൂശാരി ,വാറ്റ്‌ ചാരായം -ഖസാക്കിന്റെ എല്ലാ ജാലകങ്ങളിലേക്കും വീശിയെത്തുകയാണ്‌` ഹരികുമാർ.
ഖസാക്കിന്റെ ഇതിഹാസമെന്ന കലാസൃഷ്ടി യാഥാസ്ഥിതികർക്ക്‌ ഉള്ളടക്കവും മാധ്യമവുമായി പിളർന്ന്‌ മുറിവ്‌ ആസ്വദിക്കാനുള്ള ഒന്നല്ല എന്ന്‌ ബി.രാജീവൻ. ഈ കലാസൃഷ്‌ടിയുടെ സൂക്ഷമശരീരം വിചിന്തനം ചെയ്യപ്പെടുന്നതിന്‌ അതിനാൽ മറ്റ്‌ രീതികൾ ആവശ്യമായി വരുന്നു. അതിലെ ജൈവസംസ്കൃതിയുടെ ആരവം കേൾക്കുന്നതിന്‌ വിചിത്രയായൊരു ധ്യാന തലം സ്വീകരിക്കുകയാണ്‌ ഹരികുമാർ. പ്രേതകഥകളും വിശ്വാസഭംഗങ്ങളും വേരുപിടിച്ച ഖസാക്കിലെ മണ്ണ്‌ ആദ്ധ്യാത്മികമായ പുരാവൃത്തത്തിന്റെ ഭൂപ്രദേശങ്ങളെ മുഴുവൻ ആവാഹിക്കുന്നു. പ്രാർത്ഥനയുടെ കണ്ണുകളും യുക്തിയുടെ വാരിയെല്ലുകളും വിശ്വാസത്തിന്റെ കൈകാലുകളും അവിശ്വാസത്തിന്റെ ശ്രദ്ധയുമുള്ള -ഖസാക്കിന്റെ ദിവ്യശരീരം ബോധങ്ങളിലൂടെ പുനരാവിഷ്‌ക്കരിക്കപ്പെടുന്നു.

ഖസാക്കിലെ ചരാചര പ്രകൃതിയോട്‌ രവി സാന്ദ്രമായൊരു അടുപ്പം സാധിക്കുന്നുണ്ട്‌. അവിടത്തെ മരങ്ങളോടും പെയ്യുന്ന മഴയോടും കുഞ്ഞുങ്ങളോടും വലിയവരോടുമെല്ലാം . വിശുദ്ധമായ കാരുണ്യത്തിന്റെ നഗ്നത ആ മനസ്സിനുണ്ട്‌. സ്ത്രീയിലേക്കുള്ള അയാളുടെ നേർത്ത ആസക്തി പോലും ഈ കാരുണ്യത്തിന്റെ മനസ്സിൽ നിന്ന്‌ രൂപപ്പെടുന്നതാണ്‌. ശുദ്ധമായ ,കലർപ്പില്ലാത്ത ആനന്ദം അവിടെ അയാൾ ആഗ്രഹിച്ചു. യഥാർത്ഥത്തിൽ അതിലെല്ലാം അയാളുടെ സ്വയം പങ്കുവെക്കലും മനസ്സിന്റെ നഗ്നതയുമുണ്ട്‌. ഖസാക്കിന്റെ അന്തർദ്ധാരകളിൽ അലൗകികമായ കരുണയുടെ അലകൾ നെയ്‌തു ചേർക്കാനുള്ള ഉദ്യമത്തെ ഹരികുമാർ പിൻതുടരുന്നുണ്ട്‌. അഹങ്ങളെല്ലാമൊഴിഞ്ഞ ഒരു ജീവൻ പരിസരപ്രകൃതിയിലേക്ക്‌ സ്വയം നിവേദിക്കുന്ന അനുഭവമാണ്‌ രവിയിൽ കാണുക.
സ്വന്തം ജീവിതം അയാൾ ഭൂമിക്ക്‌ ദാനമായി നൽകുന്നു. 'ഈശ്വരാ ഒന്നുമറിയരുത്‌ .ജന്മത്തിൽ നിന്ന്‌ ജന്മത്തിലേക്ക്‌ തല ചായ്‌ക്കുക എന്നതിൽ ഇഹലോകത്തിൽ നിന്നു വിടുതൽ മാത്രമല്ല ഉള്ളത്‌. ഇഹലോകത്തിലെ മറ്റ്‌ ജന്മങ്ങളിലേക്കും തല ചായ്‌ച്ച്‌ ശമിക്കാനുള്ള ആഗ്രഹം അവിടെയുണ്ട്‌. ഈയൊരു തലം ഹരികുമാർ വിശദീകരിക്കുന്നുണ്ട്‌. ഖസാക്കിന്റെ സമ്മിശ്രമായ ആത്മബോധങ്ങളിൽനിന്ന്‌ കൊണ്ട്‌ തിരക്കിയപ്പോൾ വിജയന്‌ അനേകം മനുഷ്യരുടെ അന്തഃക്ഷോഭങ്ങളും അറിയാൻ കഴിഞ്ഞു. ഖസാക്കിന്റെ ബാഹ്യപ്രകൃതിക്കപ്പുറം ,അതിന്റെ ഉടലിലേക്ക്‌ ഓരോ നരനും പദാർത്ഥവും അടുത്തടുത്ത്‌ പ്രവേശിക്കുകയാണെന്ന്‌ നാമറിയുന്നു. എന്ന്‌ ഹരി പറയുന്നു.ഖസാക്ക്‌` എത്തിപ്പിടിക്കുന്ന ദാർശനികമായ ഉന്നതികളെയാണ്‌ ഇവിടെ സൂചിപ്പിക്കുന്നത്‌.

എൻ.എസ്‌.മാധവൻ ഉൾപ്പെടെയുള്ള ,തികഞ്ഞ ധൈഷണിക ശേഷി പുലർത്തുന്ന എഴുത്തുകാർ ബാലിശങ്ങളായ വാദങ്ങൾ ഉന്നയിച്ചുകൊണ്ട്‌ ഖസാക്കിനെ വിമർശിക്കുവാൻ ശ്രമിക്കുന്ന ഈ വേളയിൽ ഖസാക്കിനെ സൗന്ദര്യത്തിന്റേയും ചിന്തയുടേയും വ്യത്യസ്‌തമായ ചില ഉന്നതികളിൽ നിന്ന്‌ നോക്കിക്കാണാനുള്ള മൗലികമായ ശ്രമം രണ്ട്‌ ദശ്ശാബ്ദങ്ങൾക്കു മുമ്പ്‌ തന്നെ നടന്നു എന്നത്‌ ശ്രദ്ധേയമാണ്‌. ഖസാക്കിലേക്ക്‌ തുറക്കുന്ന ആത്മജാലകങ്ങളെ ഹരികുമാർ അവതരിപ്പിക്കുകയായിരുന്നു. നിശ്ച്ചയമായും ഈ പുസ്തകം സരളമായ ആഖ്യാനമല്ല . പലപ്പോഴും ഭ്രാന്തമായ പദങ്ങളുടെ ശക്തമായ കാറ്റ്‌ വന്നലയ്ക്കുന്നുണ്ട്‌. എന്നാൽ നമ്മുടെ സാധാരണത്വങ്ങളുടെ നേര്‍ യുക്തികളിൽ നിന്ന്‌ ഖസാക്കിനെ വായിക്കാൻ കഴിയില്ലെന്ന തോന്നലിൽ നിന്നാണ്‌ ഈ പുസ്തകം പിറക്കുന്നത്‌. സാഹിത്യത്തെ വിസ്‌മയം നിറഞ്ഞ കണ്ണുകൊണ്ടും തീചൂടിൽ നിലകൊള്ളുന്ന മനസ്സുകൊണ്ടു സമീപിച്ച ഇരുപത്തിയൊന്നുകാരന്റെ ആവേശം ഈ പുസ്തകത്തിലുണ്ടുതാനും. എന്നാൽ ദുർഗ്രഹത അമൂർത്തത ,ശിഥിലയുക്തികൾ എന്നീ വാദങ്ങൾ ഇതിനെതിരെ ഉയർന്നു. ഉന്നതമായ എഴുത്ത്‌ ,നിശ്ച്ചയമായും അജ്ഞാതസ്ഥലികളിൽ നിന്നുള്ള ഹൃദയസന്ദേശങ്ങള്‍ നമുക്ക്‌ നൽകും എന്ന്‌ ഉറച്ച്‌ വിശ്വസിച്ച ഒരു ചെറുപ്പക്കാരന്റെ പ്രതികരണമാണത്‌. ഒ.വി.വിജയൻ തന്നെ ഈ ശ്രമത്തെ സൗമനസ്യത്തോടെ സ്വീകരിച്ചു എന്നാണ്‌ ഞാൻമനസ്സിലാക്കിയിട്ടുള്ളത്‌. മാറ്റങ്ങൾ കണ്ടുപിടിക്കുന്ന ഡിറ്റക്‌ടീവല്ല സാഹിത്യവിമർശകൻ എന്ന്‌ ഈ പുസ്തകം ഇക്കാലത്ത്‌ നമ്മോട്‌ വിളിച്ചുപറയുന്നു. ആവാസത്തിന്റെ നൻമതിൻമകളൂം ക്രൂരഫലിതങ്ങളും ഉടൽ സംഗീതവും ശബ്ദരഹിതമായ ഇടവേളകളും ഖസാക്കിലൂടെ നോക്കിക്കാണാനുള്ള ശ്രമം
ഇവിടെയുണ്ട്‌ .
നിത്യമായ ധ്വനിക്കുന്ന സംഗീതംപോലെയുള്ള അശാന്തതയിലേക്ക്‌ വാക്കും കാഴ്‌ച്ചയും ബുദ്ധിയും നൈസർഗ്ഗികമായി ചേർന്നു നിൽക്കുന്ന ഖസാക്ക്‌ അനുഭവങ്ങളിലൂടെയുള്ള ആത്മയാനമായി ഈ പുസ്തകം മാറിനിൽക്കുന്നു. ജീവിതത്തിന്റെ അതീതശ്രുതികളും സൗന്ദര്യാധിഷ്ഠിതമായ അയുക്തികളും അന്വേഷിക്കേണ്ടതില്ലെന്ന്‌ വിചാരിക്കുന്നവർ, പരിസരങ്ങളിലെ സൂക്ഷ്‌മ സംഗീതം അപ്രസക്തമാണെന്ന്‌ വിചാരിക്കുന്നവർ ഈ പുസ്തകത്തെ ഒഴിവാക്കുക. പശുക്കൾ വരെ സൂക്ഷ്മമായ സംഗീതം കേട്ടാൽ ഒന്ന്‌ ധ്യാനിച്ചു നിൽക്കും. ഒരു കശാപ്പുമൃഗത്തെപോലെ ഖസാക്കിനെ കാണുന്ന മലയാളത്തിലെ ധൈഷണിക മൂർത്തികളേ നിങ്ങളും ഈ പുസ്തകത്തെ ശകലീകരിക്കുക. കാരണം ഇതിനൊരു പശുത്വം ഉണ്ട്‌. അത്‌ പാട്ട്‌ കേൾക്കും .ജീവിതത്തിലേക്ക്‌ വരുന്ന എല്ലാ സൂക്ഷ്‌മ സംഗീതത്തേയും കൊല്ലാൻ ശ്രമിക്കുന്നവരെ ,ഈ പുസ്തകത്തോട്‌ കരുണ കാണിക്കാതിരിക്കുക.


ഖസാക്കിന്റെ ഇതിഹാസവും ആത്മായനങ്ങളുടെ ഖസാക്കും

aathmaayanangngalute khasakk/ m k harikumar


ഖസാക്കിന്റെ ഇതിഹാസവും
ആത്മായനങ്ങളുടെ ഖസാക്കും -14


ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്തു തന്നെ ഖസാക്കിന്റെ ഇതിഹാസം വായിച്ചു. കോളേജിൽ പഠിക്കുമ്പോൾ തന്നെ അതിനെപ്പറ്റിയുള്ള രചനാപരമായ ആലോചനകളിൽ മുഴുകി.
എം.എ.ക്കു പഠിച്ചുകൊണ്ടിരിക്കമ്പോള്‍ 'ആത്മായനങ്ങളുടെ ഖസാക്ക്‌ ' എന്ന പേരിൽ
എന്റെ ഖസാക്ക്‌ അനുഭവത്തെ ഞാൻ അവതരിപ്പിച്ചു.
ഓ.വി.വിജയൻ ഈ പുസ്തകത്തിന്റെ പരസ്യം കണ്ടിട്ട്‌ എൻ.ബി.എസ്. ൽ നിന്ന്‌ ഒരു കോപ്പി ആവശ്യപ്പെട്ട്‌ വാങ്ങുകയായിരുന്നു. എനിക്ക്‌ അദ്ദേഹം ഇങ്ങനെ എഴുതി "ഈ പുസ്തകം എന്നെ വിനയവാനാക്കുന്നു".
ഇതു മതിയായിരുന്നു എനിക്ക്‌ .ഞാനാകട്ടെ ആ വിദ്യാഭ്യാസകാലത്തെ, എന്റേതായൊരു രചനാ പ്രക്രിയയിലൂടെ വിളംബരം നടത്തുകയായിരുന്നു. ഒരു സിദ്ധാന്തത്തിലോ, ദർശനത്തിലോ, പ്രത്യേകിച്ച്‌ മുഴുകാതെ ഞാൻ എന്റെ രീതിയിലേക്ക്‌` നീങ്ങി. നിലവിലുള്ള ഗദ്യത്തെ പാടേ മാറ്റി .എന്റെ ആത്മാവിന്റെ ആരും കടന്നുചെന്നിട്ടില്ലാത്ത വനാന്തരങ്ങളെ ഞാൻ അവതരിപ്പിച്ചു. ഭാഷ എന്നെ സൃഷ്‌ടിച്ചു.ഞാൻഭാഷയെ സൃഷ്‌ടിച്ചതും വാക്കുകൾകൊണ്ട്‌ പെയ്‌ന്റ്‌ ചെയ്യുന്ന ഇംപ്രഷണിസ്‌റ്റ്‌ അനുഭവമാണുണ്ടാക്കിയത്‌. എനിക്കു വാക്കുകൾ അർത്ഥത്തെയല്ല തന്നത്‌. ആത്മാവിന്റെ ഓരോ മേഖലകളെയാണ്‌ . അർത്ഥം കൊണ്ടുപോകാനാവാത്തിടത്ത്‌ ,ഞാൻ വാക്കുകളുടെ രതിയിലും,മഴയിലും നിഗൂഢതയിലും സ്വപ്‌നത്തിലും മുഴുകി. നെഞ്ചിൽ നിന്നുള്ള അതീതവും വൈകാരികവുമായ ഭാവങ്ങളുടെ കുത്തിയൊഴുകലായിരുന്നു അത്‌. 'ആത്മായനങ്ങളുടെ ഖസാക്ക്‌ ' ഗദ്യത്തിന്റെ യുക്തിയുടെ , നേര്‍‌രേഖയുടെ കാവ്യപരമായ വിധികളുടെ അനിവാര്യതയാണ്‌ സൃഷ്‌ടിച്ചതു്‌. ഒരു നോവലിനെപ്പറ്റി എഴുതുമ്പോൾ ,സാധാരണ നാം ചെയ്യാറുള്ളതെന്താണ്‌? അതിന്റെ കഥയൊന്നു പറഞ്ഞ്‌,കഥാപാത്രങ്ങളുടെ മനോനിലയൊക്കെ അപഗ്രഥിച്ച്‌ ഒരു ജീവിത വീക്ഷണത്തിന്റെ കച്ചിത്തുരുമ്പിലാണ്‌ പിടിച്ചുകയറുക. ഞാൻ ഈ വഴി
കണ്ടതേയില്ല . എനിക്ക്‌ എന്റെ തന്നെ സൃഷ്ടിപരമായ നിർബന്ധങ്ങൾക്കു വഴങ്ങേണ്ടതുണ്ടായിരുന്നു.
ആത്മായനങ്ങളുടെ ഖസാക്കിൽ ഞാൻ നിർമ്മിച്ച ഭാഷ ഇങ്ങനെയെല്ലാമായിരുന്നു. ''മൗനത്തിന്റെ മുഖത്തു വീണ പാടുകൾ ഗ്രാമ്യമായ ആതുരതകളുടെ നൈർമ്മല്യമായിരുന്നു. ഓരോ വൈകാരിക സംഘർഷത്തിന്റേയും ചുവട്ടിൽ പൊഴിഞ്ഞുകിടക്കുന്ന സ്വച്ഛമായ ദുഃഖഭ്രമങ്ങളുടെ പൂക്കളിൽ മനുഷ്യൻ ആർത്തിയോടെ പങ്കെടുക്കുകയാണ്‌. വിരഹത്തിന്റെ സാന്ത്വനം എന്ന മഞ്ഞ്‌ ദുഃഖത്തിന്റെ പരിശുദ്ധമായ ശരീരത്തിലുണ്ട്‌. വിഷാദത്തിന്റെ തനുവിൽ വിളഞ്ഞുകിടക്കുന്ന മനുഷ്യന്റെ ദിവ്യവചനങ്ങളെ തൊട്ടറിയുക''.
ഈ ഭാഷ ഒരർത്ഥത്തിനുവേണ്ടി ദാഹിക്കുന്ന പണ്ഡിതൻമാരെ നിരാശപ്പെടുത്തിയേക്കും. കാരണം, അർത്ഥങ്ങളെപ്പോലും ഞാൻ ഉല്‍‌പ്പാദിപ്പിച്ചത് ,അർത്ഥങ്ങൾക്കു പോലും വഴങ്ങാത്ത അസ്തിത്വത്തിന്റെ ആന്തരമായ വ്യാമോഹങ്ങളെയാണ്‌. നമ്മുടെ സ്വത്വത്തിലേക്ക്‌ വന്ന്‌ ടാക്കിയോണുകളെപോലെ തുളച്ചുകയറി അപ്പുറം പോകുന്ന ജൈവചോദനകളുടെ അറിയാത്ത ക്ഷേത്രഗണിതത്തെയായിരുന്നു എന്റെ മനസ്സ്‌ നിശ്ചയിച്ചത്.
പക്ഷേ ,ആത്മായനങ്ങളുടെ ഖസാക്കിനെ കണ്ടില്ല എന്ന്‌ പറഞ്ഞ്‌ ഇപ്പോഴും ഖസാക്കിനെ പറ്റി എഴുതുന്നവരുണ്ട്‌. അവർക്ക്‌` മുന്നിൽ ഈ ചെറുകൃതി ഉയർത്തിവിട്ടത്‌ അറിയാത്ത പൊരുളാണ്‌.

1984 ഡിസംബറിലാണ്‌ ഞാൻ ഈ നിരൂപണകൃതി എഴുതിയത്‌. ഖസാക്കിന്റെ ഇതിഹാസം എന്താണെന്ന്‌ ഞാനെന്റെ കൃതിയിൽ പറഞ്ഞുവെച്ചിട്ടുണ്ടെന്നാണ്‌ എന്റെ ബോധ്യം. ഖസാക്കിലെ ആത്മീയതയെ അന്നാരും ഗൗനിച്ചിരുന്നില്ല. ജീവിതത്തോടുള്ള വിരക്തിയാണ്‌ ആ നോവലിന്റെ അന്തർദ്ധാര എന്നായിരുന്നല്ലോ പൊതുവായ വർത്തമാനം. എന്നാൽ ഖസാക്കിന്‌ ഒരാത്മീയത ഉണ്ടെന്നും അത്‌` ബഹുസ്വരങ്ങളുടേതാണെന്നും അതിൽ മിസ്റ്റിക്കിന്റെ അമൂല്യ സമ്പത്ത്‌ അടങ്ങിയിട്ടുണ്ടെന്നും ഞാൻ അന്നേ പറഞ്ഞതാണ്‌`. ഇപ്പോൾ,പലരും ഖസാക്കിലെ ആത്മീയതയെ സൂത്രത്തിൽ അംഗീകരിക്കുന്നു. എപ്പോഴാണെന്നറിയുമോ? വർഷങ്ങൾക്കുശേഷം അദ്ദേഹം എഴുതിയ 'ഗുരു സാഗരം,മധുരം ഗായതി' തുടങ്ങിയ കൃതികൾ വായിച്ചശേഷം . ഞാൻ ആത്മായനങ്ങളുടെ ഖസാക്ക്‌ എഴുതുമ്പോൾ വിജയന്റെ ഈ ഭാവം അത്ര പ്രകടമല്ലായിരുന്നെന്നോർക്കണം.
വിജയൻ എന്തെങ്കിലും തന്റേതായ താളത്തിലും ആഴത്തിലും പറയാനുള്ളപ്പോഴാണ്‌ എഴുതിയത്‌. ഇന്നത്തെ ആവർത്തിച്ച ചർച്ചകളിലെ വരണ്ട യുക്തിയുടെ ഒരു കണം പോലും അദ്ദേഹത്തിൽ കാണാൻ കഴിയില്ല. നമ്മുടെ യുക്തി ചിന്തയുടെ ഗദ്യം പരുഷവും സ്ത്രീ പുരുഷ വികലതകള്‍ നിറഞ്ഞതുമാണ്‌. ഒരാളെ അകാരണമായി വെറുക്കുകയോ, അകറ്റുകയോ ചെയ്‌തുകൊണ്ട്‌ ,അഹന്തയിൽ മാത്രം നിലയുറപ്പിക്കുന്ന ഇന്നത്തെ സ്ത്രീ ,പുരുഷ സ്വഭാവം നമ്മുടെ ഗദ്യത്തിനുമുണ്ട്‌. ഇതിൽ നിന്ന് ഗദ്യത്തെ മോചിപ്പിച്ച വലിയ എഴുത്തുകാരനാണ്‌ വിജയൻ.

നഷ്‌ടപ്പെട്ട സ്നേഹത്തിന്റെ അതീതവും നിർമ്മലവും വികാരസ്പർശിയുമായ ഒരവബോധം അദ്ദേഹം വാക്കുകളിൽ നിറച്ചു. അങ്ങനെ വിജയന്റെ പ്രതിച്ഛായ ഉണ്ടായി. വിജയൻഉപയോഗിക്കുന്ന വാക്കുകൾക്ക്‌ സ്വാഭാവികമായി ലഭിക്കുന്ന പരിവേഷമാണിത്‌. നിശ്‌ച്ചലമായ വാക്കുകളെ തന്നെ, വിജയൻ ഉപയോഗത്തിലൂടെ പുതുതാക്കി. സ്നേഹത്തോടെ എന്ന്‌ മറ്റുള്ളവർ എഴുതുന്നതിനേക്കാൾ അഗാധത വിജയൻ എഴുതുമ്പോൾ കിട്ടുന്നത്‌ ഇങ്ങനെയാണ്‌. ഏതൊരു എഴുത്തുകാരനും ഇതിനു കഴിയേണ്ടതാണ്‌. ഞാൻ നിർമ്മിക്കുന്ന ലോകം തന്നെ അനായാസമായി, വീണ്ടും ജനിക്കാൻ പ്രേരിപ്പിക്കുന്നതാണ്‌. എല്ലാ പ്രാചീനവും നവീനവും സംസ്കൃതവും അസംസ്കൃതവും ജൈവികവും,രോഗാതുരവും അചേതനവുമായ അവസ്ഥകളോട്‌ ജിജ്ഞാസയുടെ സ്നേഹം കൂട്ടിച്ചേർക്കുക വഴി നമ്മുടെ ഭാഷാപരമായ ഇന്ദ്രിയങ്ങളുടെ പരാതി ഈ എഴുത്തുകാരൻ വിപുലീകരിച്ചു.

എനിക്ക്‌ 'ആത്മായനങ്ങളുടെ ഖസാക്ക്‌` 'എന്ന കൃതിയിലൂടെ തന്നെ വർഷങ്ങൾക്ക്‌ മുന്നേ ഇതു പറയാൻ കഴിഞ്ഞു.
ആത്മായനങ്ങളുടെ ഖസാക്കിലെ കണ്ടെത്തലുകളുമായി യോജിക്കുന്നതാണ്‌ വിജയൻ പിന്നീടെഴുതിയ 'ഇതിഹാസത്തിന്റെ ഇതിഹാസം' എന്ന കൃതിയിലെ വെളിപ്പെടുത്തലുകളും. അപരിചിതമായ ,നിശ്ച്ചയമില്ലാത്ത ആത്മീയ മേഖലകളുടെ ഭാഗവതമാണ്‌ വിജയന്‍ തേടിയത്‌.

സപ്തസ്വരങ്ങളുടെ വിഷാദം

aathmayanangngalute khasak/ m k harikumar

സപ്തസ്വരങ്ങളുടെ വിഷാദം -13

അറിവിന്റെ വരവ്‌ ഖസാക്കിൽ ജരാനരകളുടെ നിത്യതയുടെ ഭീതിയും ജന്മങ്ങളുടെ പിരിമുറുക്കവും സൃഷ്‌ടിച്ചു. അതിന്റെ അപാരമായ അനുഭവത്തിൽ ദൃഷ്ടിയുടെ തമസ്സലിയുന്നു. മുക്തിയുടെ വചസ്സു തിരുന്നു. വസ്തുക്കളുടെ ഓർമ്മയിൽ നിന്നും മനസ്സിൽ നിന്നും ഖസാക്ക്‌ മുമ്പോട്ടായുകയാണ്‌.പിതൃക്കൾക്ക്‌ ശ്രാദ്ധം ചെയ്യുന്ന ദിനങ്ങൾ ഖസാക്കിലൂടെ കടന്നുപോകുന്നു. ഖസാക്കിന്റെ പ്രാകൃതമായ അനുഷ്ഠാനങ്ങളിൽ മൺമറഞ്ഞവരുടെ സ്മൃതിചിത്രങ്ങളുണ്ട്‌. ഷെയ്‌ഖിന്റെ പൂർവ്വ സ്മൃതിയിലൂടെ തങ്ങളുടെ ആദിമമായ രക്ഷകനെ ഉറപ്പിക്കുകയാണ്‌ . പ്രാകൃത വർഗ്ഗാധിഷ്ഠിത ജീവിതത്തിൽ ,ദൈവത്തിന്റെ സംജ്ഞ പൊന്തിവന്നതു മൃതദേഹങ്ങളെ ചുറ്റിപറ്റിയുള്ള അനുസ്മരണങ്ങളിൽ നിന്നായിരുന്നുവെന്ന്‌ ഗ്രാന്‍റ്‌ അല്ലൻ എഴുതുന്നു. ഖസാക്കിലും ഏതോ, പ്രാക്‌തന ജീവിതത്തിന്റെ സാന്നിദ്ധ്യമുണ്ട്‌. മൃതമായ ദിവ്യശരീരത്തിന്റെ ആയുസ്സ്‌ ഓർമ്മകളിലൂടേ അലയുന്നു. അതിന്റെ ലഹരിയിൽ ഖസാക്കിലെ മണൽത്തരിപോലും ആശിസ്സുകളെ നേരിടുകയാണ്‌. വാക്കുകൾ തോടു പൊട്ടിച്ച്‌ കടന്നുവരുന്നു.

വാക്കുകൾക്കും മാന്ത്രികതയുണ്ട്‌. മൗനങ്ങൾ ശരീരങ്ങൾക്കപ്പുറത്തുള്ള കാലത്തിലേക്ക്‌ പെറ്റുവീഴുന്നു. അവ ശരീരത്തിലൂടെയാണ്‌ കാലത്തെ അതിജീവിക്കുന്നത്‌. അതിന്റെ സഭ്യതയിൽ ഖസാക്കിന്‌ സുരതത്തിന്റെ പൂർണ്ണതയുണ്ട്‌. ഷെയ്‌ഖിന്റെ ഓർമ്മകളിലൂടെ കാമത്തിന്റെ മുഖാവരണങ്ങൾ തെഴുത്തുവരുന്നു. ഗാർഹസ്ഥ്യത്തിന്റെ അലകൾപോലും കോമളമായ ദുരിതങ്ങളിൽ നിമഞ്ജനം ചെയ്‌തിരിക്കുന്നു. പ്രവർത്തനങ്ങളുടെ സമാധി. ഖസാക്കിന്റെ ആലോചനകൾ പ്രവർത്തനങ്ങളുടെ പ്രത്യക്ഷങ്ങളിലാണ്‌ അന്തർഭവിച്ചിരിക്കുന്നത്‌. പ്രവർത്തനങ്ങൾ നിത്യമായ ആതുരതകളുമായി പ്രാർത്ഥനകളിലേക്ക്‌ മടങ്ങുമ്പോഴാണ്‌ അറിവിന്റെ വിളയാട്ടം തിരോഭവിക്കുന്നത്‌.അറിവ്‌ ആത്മാവിന്റെ പ്രാണയാനങ്ങളുടെ പ്രാപഞ്ചികതയാണ്‌. അറിവിന്റെ വിരലുകളും ശിരസ്സും ലോകത്തിന്റെ ഏതോ ഗർഭഗൃഹങ്ങളെയാണ്‌ വഹിക്കുന്നത്‌. അറിവിന്റെ തനുവിൽ പദാർത്ഥലോകത്തിന്റെ സപ്തസ്വരങ്ങളാണുള്ളത്‌. സപ്തസ്വരങ്ങളുടെ വിഷാദം പൂർത്തിയാവുന്നത്‌ ജൈവലോകത്തിന്റെ അന്വേഷണം നിലച്ചുപോകുമ്പോഴാണ്‌. ഓരോ വസ്തുവും ദുഃഖത്തിന്റെ സമുദ്രത്തിലേയ്‌ക്കുള്ള കടത്തുവഞ്ചിയാണ്‌. വിരഹം മൗനത്തിന്റെ പക്ഷിയായി വന്ന്‌ ആത്മസഞ്ചാരങ്ങളുടെ ശിഖരങ്ങളിൽ കൂടുകൂട്ടാനിടവരുന്നതിങ്ങനെയാണ്‌. ഖസാക്കിന്റെ ഇതിഹാസത്തിൽ ഇവ്വിധം വിരഹത്തിലേക്കും സമാധിയിലേക്കും നീങ്ങുന്ന ജൈവബിന്ദുക്കളിലൂടെ അറിവിന്റെ അനാഥത്വത്തിലെത്തിച്ചേരുന്ന മനസ്സുണ്ട്‌. അതാണ്‌ വിജയന്റെ സത്യവാങ്ങ്‌മൂലങ്ങളുടെ ദുഃഖഭരിതമായ ആന്തരമുഖം.

അറിവിന്റെ അടിത്തട്ടിലെ വിഷാദരേണുക്കളെ നോവലിസ്റ്റ്‌ ഗാഢമായി അനുഭവിക്കാൻ ശ്രമിക്കുകയാണ്‌. ചെതലിമലയിലെ കാട്ടുചോലയിൽ ഉറങ്ങികിടന്ന പരൽമീനിനെക്കുറിച്ച്‌ ഓർത്തുപോവുന്നു. കാലത്തിന്റെ സ്പർശമേൽക്കുമ്പോള്‍ അവൻ വെള്ളച്ചാലിലേക്ക്‌ നീന്തിത്തുടങ്ങും. കോരിച്ചൊരിയുന്ന മഴയത്ത്‌ ഖസാക്കുകാര്‍ അവനെ കണ്ടുവെ ന്ന്‌ വിജയൻ രേഖപ്പെടുത്തുന്നുണ്ട്‌. സ്നാനം ചെയ്യുന്ന പരൽ മീനിന്റെ ഈ ചിത്രം അധോയാഥാർത്ഥ്യങ്ങളിലേക്ക്‌ മുഖം തിരിച്ചുനിൽക്കുന്നു. ഖസാക്ക്‌ നേരിടുന്ന പുതിയ പരിണാമങ്ങളുടെ അന്തർഘടനയിൽ പ്രപഞ്ചത്തിന്റെ ദിവ്യമായ ഭാവം കുടികൊള്ളുന്നുണ്ട്‌. അറിവിന്റെ സമാധിയിലേക്കുള്ള ഖസാക്കിന്റെ പരിവർത്തനത്തിന്റെ ദൈവീകമായ ഒരു സൂചന എന്ന അർത്ഥത്തിലാണ്‌ നോവലിൽ- പരൽമീൻ കടന്നുവന്നിരിക്കുന്നത്‌. അവൻപ്രകൃതിയുടെ അരുമ സന്തതിയാണ്‌. അവനിൽപ്രസാദത്തിന്റെ കുതികൊള്ളുന്ന അഭിനിവേശമുണ്ട്‌. ദൈവത്തിന്റെ സീമയറ്റ പുഞ്ചിരിയുണ്ട്‌. അവൻ പ്രഭാതത്തിന്റെ വിഷാദം മുഴുവൻ ആവാഹിക്കുന്നു. എന്നാൽ അബോധത്തിന്റെ ബാഹ്യമായ ചക്ഷുസ്സുകൾ ഈ സൃഷ്ടിയുടെ പിന്നിൽ പ്രവർത്തിക്കുന്നുണ്ട്‌. മഴയുടെ കാഠിന്യത്തിൽ പരൽമീനിന്റെ സമയബോധമുണരുന്നു. അവന്റെ ഉറക്കം ശമിക്കുന്നു. അങ്ങനെ തോട്ടത്തിലെത്തിച്ചേരുകയാണ്‌ .

ഖസാക്കിന്റെ രൂപഭ്രംശങ്ങളുടെ അനുക്രമമായ പഥങ്ങളിലെ പ്രസാദം നിറഞ്ഞ മുന്നറിയിപ്പാണിത്‌ വിജയന്റെ സ്മൃതിഘടനയെ അപഗ്രഥിക്കുമ്പോൾ മാത്രം ലഭ്യമാകുന്ന ഇത്തരം പ്രതീകങ്ങളിൽ മുകുളങ്ങളിൽ നിന്ന്‌ ഖരത്തിലേക്കും ദ്രവ്യത്തിൽ നിന്ന്‌ ആയുസ്സിന്റെ മൗനത്തിലേക്കും നീങ്ങുന്ന മനസ്സിന്റെ യാത്രകളെ കാണാം.ഇവിടെയാണ്‌` ഖസാക്കിന്റെ ഗ്രാമ്യമായ സ്വച്ഛതകൾ തങ്ങിനിന്നത്‌. ഖസാക്കുകാരുടെ ആത്മബോധങ്ങളുടെ പ്രകടനം ഇവിടെ ദൃശ്യമാകുന്നു. അനുഷ്ഠാനങ്ങളിലൂടെ കറങ്ങിത്തിരിഞ്ഞ ഐഹികധാരണകളുടെ പ്രവാസികൾ കാലത്തിന്റെ ഏതോ ശമനം ഉള്ളിൽമുളച്ചിട്ടെന്നോണം സമാധിയുടേയും, വിഷാദകാലമൗനത്തിന്റേയും മാർഗ്ഗങ്ങൾ ആരാഞ്ഞുതുടങ്ങുന്നു. പ്രപഞ്ചത്തിന്റെ മഹത്തായ അന്തർദ്ധാരകളായിരിക്കാം ;ഉൾപ്രേരണകളുടെ അനേകം ശ രീരങ്ങളായിരിക്കാം.എന്നാൽ മാറ്റത്തിന്റെ ഋതുചക്രം സമാധിയിലൂടെ മനുഷ്യർക്കപ്പുറം പോവുകയാണ്‌‌`. വാസ്തവത്തിൽ ഒരു കഥയുടെ അന്ത്യം മനുഷ്യർക്കപ്പുറം പോകുന്നതിൽ കൂടുതൽ മനോഹരമായിരിക്കുന്നത്‌ എപ്പോഴാണ്‌`. ?വിജയന്റെ സൃഷ്ടിപ്രക്രിയയിൽ അർത്ഥവത്തായ വിരാമത്തിന്റെ കാൽപാടുകൾ കാണുന്നത്‌ ഖസാക്കിന്റെ പരിണാമത്തിലാണ്‌. ഇവിടെ, മനുഷ്യനും, വസ്തുക്കളും, പ്രകൃതിയും പ്രപഞ്ചത്തിന്റെ ഓരോ കോണിലിരുന്നുകൊണ്ട്‌ കാലം സൂക്ഷിക്കാൻ വെമ്പുകയാണ്‌. അതിനായി അവർ ആയുസ്സിനെ തട്ടിക്കളിക്കുകയാണ്‌. ഈ ദൃശ്യാത്മകതയിലൂടേ ഖസാക്കിൽ കാലം ഉറഞ്ഞുതണുക്കുന്നു. കാലവർഷം പെരുവിരലോളം ചുരുങ്ങിയെന്ന്‌ വിജയൻ അറിയിക്കുന്നുണ്ട്‌.

അതായത്‌ നരനും പദാർത്ഥവും ചേർന്ന സംയുക്തമായ ഉദ്യമങ്ങൾ നിഷ്ക്രമിക്കുകയും ലോകത്തിന്റെ ദ്രവിച്ച അസ്ഥിപഞ്ജരം തള്ളിവരികയും ചെയ്യുന്നു. ഇതിൽ നോവലിസ്റ്റ്‌ നേടിയെടുത്ത കലാസിദ്ധി ആദ്ധ്യാത്മികമായ പ്രവാസത്തിന്റേതാണ്‌. മഴ പെയ്‌ത്‌ നനഞ്ഞ പ്രാണയാനങ്ങളുടെ ഓർമ്മകളാണ്‌ ഖസാക്കിൽ നിറഞ്ഞുനിൽക്കുന്നത്‌. അറിവിന്റെ വരവ്‌. ഈ അർത്ഥത്തിൽ സപ്തസ്വരങ്ങളുടെ വിഷാദത്തിലേക്കാണ്‌ നീങ്ങുന്നത്‌. ലോകം തിരോഭവിക്കുന്ന അനുഭവം അറിവിന്റെ സപ്തസ്വരങ്ങളുടെ വിഷാദം മുഴുവൻ നേടിയെടുക്കുന്നു. പദാർത്ഥത്തിന്റെ സമ്പാദ്യമെല്ലാം ശരീരത്തോടൊപ്പം മൃൺമയമാക്കുന്നതാണ്‌ നാമാറിയുന്നത്‌. ഖസാക്കിൽ അറിവിന്റെ ദേവനിലെത്തുന്ന തൃഷ്ണ സപ്തസ്വരങ്ങളുടെ വിഷാദത്തിലേക്ക്‌` ചെന്നുപതിക്കുന്നു. പ്രപഞ്ചത്തിന്റെ നിത്യസത്യമായിരിക്കുന്ന ഈ വിഷാദം ഖസാക്കിനെ ലോകത്തിന്റെ നീതിസാരത്തിൽ നിന്ന്‌ മോചിപ്പിക്കുകയാണ്‌. അതിന്റെ സാഫല്യത്തിൽ വിജയന്റെ സിദ്ധി പൂർണ്ണമാകുന്നു. കരിമ്പനകളുടെ മുകളിൽ ആകാശം സാന്ദ്രമായി ഇറങ്ങിനിന്നുവെന്ന്‌ സൂചിപ്പിക്കുന്നതും ഈ അർത്ഥത്തിലാണ്‌.ഖസാക്കിലെ പ്രകൃതിയുടെ മുഴുവൻ സാന്ദ്രീകൃതമായ പരിണാമപ്രവർത്തനങ്ങളേയും സ്വാംശീകരിക്കുന്ന ദിവ്യവചസ്സാണിത്‌.നരന്റെ ,വസ്തുവിന്റെ, പ്രകൃതിയുടെ ,ഭൂമിയുടെ ,അങ്ങനെ സമഗ്രമായ പ്രാപഞ്ചികസ്വാച്ഛന്ദ്യത്തിന്റെ വിശാലമായ ഐഹികവേളകളും സ്ഥലരാശികളും ചമയ്ക്കാനുള്ള സർഗ്ഗാത്മക ആസക്തിയിൽ നിന്നാണ്‌ ഖസാക്കിന്റെ മൗനം ഉത്‌ഭവിച്ചിരിക്കുന്നത്‌. അറിവിന്റെ വിഷാദം ,ആത്യന്തികമായി ,ഏതു നിശ്‌ച്ചലതയിലേക്കാണ്‌ പ്രലോഭിപ്പിക്കുന്നത്‌?അറിവിന്റെ മഥനങ്ങൾ സമാധിയുടെ ഏത്‌ വിരാമമാണ്‌ കണ്ടെത്തുന്നത്‌? സപ്തസ്വരങ്ങളുടെ വിഷാദത്തിൽ നിന്ന്‌ അറിവ്‌ പരിണമിക്കുന്നത്‌ ഏത്‌ നിമിഷത്തിലാണ്‌? അറിവിന്റെ സപ്തസ്വരങ്ങളുടേ വിഷാദം ജൈവബിന്ദുക്കളുടെ സമാധിയുടെ മൗനത്തിലെത്തിച്ചേരുകയാണ്‌.

അറിവ്‌ ഏകാകിയുടെ ആയുധങ്ങൾക്കു മുകളിൽ ശോഭയ‍ാടെ വന്നു പിറക്കുന്നു. ലോകത്തിന്റെ സൂചിക്കുത്തുകളും മൃത്യുദാഹങ്ങളും അധോലോകത്തുനിന്ന്‌ മായ്‌ച്ചുകളഞ്ഞ്‌ സ്വാതന്ത്ര്യത്തെ പുനഃസ്ഥാപിക്കാനുള്ള ആഗ്രഹം അറിവിൽനിന്നാണ്‌ വരുന്നത്‌. അറിവിന്റെ ഓരോ നിമിഷവും മനസ്സും ലോകവും തമ്മിലുള്ള സംസാരം കൊണ്ട്‌ നിറഞ്ഞതാണ്‌. ബോധത്തിൽ ബാഹ്യാവസ്ഥ സമ്മർദ്ദപ്പെടുമ്പോൾ വിഷാദത്തിന്റെ ലാർവ്വകൾ ജന്മമെടുക്കുന്നു. അവ പ്രജ്ഞയുടെ ഓരങ്ങൾതോറും പ്രപഞ്ചത്തിന്റെ ഹരിതകാലത്തെ കുടിയിരുത്തുന്നു. ജന്മങ്ങളുടെ മാർദ്ദവമുള്ള പുറന്തോടുകളും സംസാരത്തിന്റെ നിശ്ശബ്ദമായ ക്ഷീരപഥങ്ങളും പ്രത്യക്ഷപ്പെടുന്നു. അറിവിന്റെ വിഷാദം സപ്തസ്വരങ്ങളുടേ മുദ്രകൾ കാണിക്കുന്നതിവിടെയാണ്‌. ഖസാക്കിന്റെ ആദിമകാലത്തെക്കുറിച്ചും വിജയൻ സൂചന നൽകുന്നുണ്ട്‌. പന്ത്രണ്ടു പള്ളികളിൽ ഖസാക്കിന്റെ കാലം ചുരുങ്ങിക്കിടന്നിരുന്നു.
അവിടെ മനുഷ്യരും വസ്തുക്കളും പ്രകൃതിധാതുക്കളും അനേകം ഉൾപ്രേരണകളും അന്തർദ്ധാരകളുമായി വിരിഞ്ഞപ്പോൾ ഖസാക്കിന്റെ അനൈഹികത കനം വെച്ചു. അവിടെ കാലത്തിനു രൂപവ്യാപ്‌തി സംഭവിച്ചു. പിന്നെ, പ്രപഞ്ചത്തിന്റെ സൂക്ഷമാണുക്കളോളം കിനിഞ്ഞിറങ്ങി. കരിമ്പനകളുടെ ശീൽക്കാരവും മനസ്സിന്റെ മൈഥുനങ്ങളും മതിഭ്രമങ്ങൾ കൂടികൊണ്ടുവന്നു. ഖസാക്കിന്റെ വ്യതിയാനങ്ങളിലൂടെ മനുഷ്യന്റെ മുഖവും മാറുന്നുണ്ട്‌. വസ്തുക്കളുടെ സന്നിഗ്‌ദ്ധപരിതഃസ്ഥിതിയും തിരിയുന്നുണ്ട്‌. കുഷ്ഠം പറ്റിയ വേരുകളുള്ള ഖസാക്കിലെ മാവുകളുടെ പ്രഥമദൃശ്യം വസൂരിക്കലകളുള്ള മനുഷ്യരിലൂടെ തുടരുന്നു.
മനുഷ്യരിൽ നിന്ന്‌ ഖസാക്കിന്റെ ബൃഹത്തായ , ദിവ്യമായ ഉടലിലേക്ക്‌ പകരുന്നു. രവിയുടെ കൈപ്പടത്തിൽ തെളിഞ്ഞുനിന്ന ആർത്തവ രക്തതുള്ളികളും നനവാർന്ന കാറ്റിന്റെ വേഗങ്ങളും ഖസാക്കിന്റെ പ്രപഞ്ചം കാണിച്ചുതരുന്നു. ഖസാക്കിലെ മഴയ്ക്കുപോലും ബൃഹത്തായ ജീവിതകാലമുണ്ട്‌. മഴയെ ജീവിതം നിലനിർത്തുന്നതിനുള്ള ദിവ്യമായ ആഗമനമായി തിരക്കുറളിൽ വാഴ്‌ത്തുന്നുണ്ട്‌. ഖസാക്കിൽ പെയ്യുന്ന മഴ കാരുണ്യത്തിന്റെ സംഗീതം നിറഞ്ഞ ആത്മാവിനെയാണ്‌ വഹിക്കുന്നത്‌. അത്‌ ആത്മഹർഷത്തിന്റെ പൂക്കൾ വിടർത്തുന്നു. ലോകത്തിന്റെ ആദിമമായ അജ്ഞേയതയും അറിവിന്റെ സരളതയായി ഖസാക്കിലുണ്ട്‌. ഇടിഞ്ഞുപൊളിഞ്ഞ പള്ളികൾ,കാലാന്തരത്തിൽ അനാഥമായിത്തീർന്ന അസംസ്കൃതവസ്തുക്കൾ, അങ്ങനെ ഉള്ളു തകർന്ന്‌ കിടന്ന പ്രാചീനതയുടെ ഉടുക്കുകൾ നാം കണ്ടുമുട്ടുന്നു. അവിടെ വെച്ചാണ്‌ പ്രജ്ഞയുടെ സപ്തസ്വരങ്ങൾ വിഷാദത്തിന്റെ അവശിഷ്ടങ്ങളെ തിരിച്ചറിഞ്ഞത്‌. മാറ്റങ്ങളുടേയും ഭ്രമങ്ങളുടേയും കാലവർഷം കടന്നുപോകുന്ന വഴി, ലോഹാംശത്തിന്റെ പാവുകളോടുകൂടിയ പാറക്കെട്ടുകൾ,ഗൃഹാതലങ്ങൾ അകൽച്ചയുടെ തമസ്സു മുഴുവൻ ഒപ്പിയെടുത്ത പായൽ, മന്ദാരത്തിന്റെ ഇലകൾചേർത്തുണ്ടാക്കിയ അശാന്തിയുടെ കൂട്‌.....ഖസാക്കിന്റെ സപ്തസ്വരങ്ങളുടെ വിഷാദം അസ്വാസ്ഥ്യം പ്രകടിപ്പിക്കുകയാണ്‌`. അതിന്റെ അന്തരാത്മാവിൽ നിന്ന്‌ നൈസാമലിയുടെ മുഖം തെളിയുന്നുണ്ട്‌. പ്രതിരോധമില്ലാതെ കിഴക്കൻ കാറ്റ്‌ വീശുകയാണ്‌. അയാൾ ചന്ദനത്തിരിയുടെ പുക ആർത്തിയോടെ ശ്വസിച്ചു‍. ശ്വസനത്തിൽ അയാൾ വളര്‍ന്നുവെന്ന്‌ നോവലിസ്റ്റ്‌ എഴുതുന്നുണ്ട്‌. ഖസാക്കിന്റെ വിജനതയിൽ അയാൾ വളരുകയായിരുന്നു.


രവിയുടേയും മാധവൻനായരുടേയും നൈസാമലിയുടെയും മൗനത്തിലേക്കു നീക്കം ഖസാക്കിന്റെ സമാധിയുടെ മൂകത മാത്രമാണ്‌ വ്യഞ്ജിപ്പിക്കുന്നത്‌ കാഴ്‌ച്ചകളുടെ ഓരോ നിനവിലും രവി അസന്തുഷ്ടനായിരുന്നു. കൃഷ്ണമണികളുടെ അനുസ്യൂതമായ വ്യഗ്രതകൾ തന്നെ വിശപ്പിനും അഗ്നിക്കും ഇരയാക്കുന്നുവെന്ന്‌ രവിക്ക്‌ തോന്നിയിരുന്നു. അച്ഛന്റെ സാദൃശ്യവും കുഷ്ഠരോഗികളുടെ പൊട്ടിയൊലിക്കുന്ന വ്രണങ്ങളും അയാളെ ബന്ധിക്കുകയായിരുന്നു. ജന്മത്തിന്റെ നൈരന്തര്യംപോലും അയാൾക്ക്‌` ഊഷരമായ സാന്ത്വനം പകർന്നത്‌ അങ്ങനെയാണ്‌. കാഴ്‌ച്ചയുടെ ചുഴികളിൽ നിന്നും ഖസാക്കിന്റെ മണ്ണിലെ നിത്യതയുടെ വിസ്മൃതിയിലേക്ക്‌ ലയിക്കുക. വസ്തുവിന്റെ നാദവും സംഗീതവും ഖരവും ഖസാക്കിലേക്ക്‌ മടങ്ങുകയാണ്‌. സഹനങ്ങൾകൊണ്ട്‌ ദൈവത്തിന്റെ ജലാശയം സൃഷ്ടിക്കാം.
അതിൽ രാത്രികാലങ്ങളിൽ മുങ്ങിക്കിടക്കാം. ആകാശം മിന്നാമിനുങ്ങുകളിൽ വ്യാപരിക്കുന്ന ഈ വേളകളിൽ ,മനുഷ്യബോധങ്ങളുടെ സീമക്കപ്പുറത്ത്‌ ഭൂമിയുടെ വിശാലതയാണുള്ളത്‌. അവിടെ സ്വച്ഛന്ദമായൊഴുകുന്ന കാലത്തിന്റെ അഗാധതയുണ്ട്‌. നരന്റെ അവശിഷ്ടങ്ങളും വസ്തുക്കളുടെ കിനാവുകളും ,പ്രകൃതിയുടെ ഉത്സവക്കാഴ്‌ച്ചകളും നുറുങ്ങുകളായി ഒഴുകിപ്പോകുന്ന പ്രപഞ്ചത്തിന്റെ ആ പുഴ! കർമ്മങ്ങളുടെ ആകസ്മികമായ പരിചയങ്ങളിൽ നിന്ന്‌ മുഖം തിരിക്കുന്ന സത്യബോധങ്ങളുടെ ഈറ്റില്ലം.അതിന്റെ പിറവിയിലെവിടെയോ ഉൾക്കൊണ്ട പ്രകൃതിയുടെ രേതസ്സ്‌ .വിജയന്റെ കലാപരിതഃസ്ഥിതിയുടെ ആത്മീയമായ ഉത്ഥാനങ്ങൾ ഇവിടെ സാക്ഷാത്‌കരിക്കപ്പെടുകയാണ്‌. സമകാലധാരണകൾക്കപ്പുറത്ത്‌ , മർത്ത്യചേതനയുടെ ലൗകികതക്കപ്പുറത്ത്‌ ,യാഥാർത്ഥ്യവും സ്വപ്‌നവും പ്രപഞ്ചത്തിൽ നെയ്‌ത്‌ ചേർത്തതുപോലെ തോന്നിക്കുന്ന ഈ സ്ഥലരാശിയിൽ ,ഖസാക്കിൽ, ലയങ്ങളും ലയനങ്ങളും ചേർന്ന്‌ ജൈവവസ്ഥയുടെ ഒരു പുഷ്പം വിരിയിച്ചിരിക്കുന്നു.

അറിവിനുള്ളിലെ ദേവൻ

aathmayanangalute khasak/ m k harikumar


അറിവിനുള്ളിലെ ദേവൻ-12


ജീവിതകാമനകളിൽ വസിച്ചിട്ടും രവിക്ക്‌ ഒന്നിനോടും വേദന തോന്നിയില്ല. ദുഃഖം അക്ഷമയും വെറുപ്പുമായി പരിവർത്തിക്കപ്പെടുകയായിരുന്നു. അറിവിന്റെ സ്ഥലമായ പകൽക്കിനാവുകൾ നിറഞ്ഞ ജൈവബന്ധങ്ങളെ രവി സൃഷ്ടിച്ചെടുക്കുകയാണ്‌ ചെയ്‌തത്‌. പ്രവൃത്തി മനുഷ്യന്‌ മുക്തിയുടെ അനിയന്ത്രിതമായ ആശീർവാദം പകരുന്നുണ്ട്‌. രവിയെ ഓർമ്മകളിലത്രയും നിരാശ്രയനാക്കിയിട്ടും ,അവയിലെങ്ങും അയാൾക്ക്‌ വേദന തോന്നിയില്ല. രോഗത്തേയും ദുഃഖത്തേയും സുരതവുമായി ബന്ധപ്പെടുത്തി അറിവിന്റെയുള്ളിലെ ദേവനെ പ്രസാദിപ്പിക്കാനാണ്‌ വിജയൻ ശ്രമിക്കുന്നത്‌. രതി പുതിയ ജാലകങ്ങൾ തുറന്നിടുന്നു. ഉൾവ്യഗ്രതകളുടെ വിന്യാസങ്ങളെ രതിയുടെ പ്രവർത്തനങ്ങളിലൂടെ കഴുകിക്കളയുന്നു. വീഴ്‌ച്ചയും ഓർമ്മകളും തന്നിൽ ഒടുങ്ങാത്ത അക്ഷമയാണ്‌ സൃഷ്ടിച്ചിരിക്കുന്നതെന്ന്‌ രവി വിചാരിക്കുന്നു. അറിവിന്റെ ക്ഷേത്രത്തിലേക്കുള്ള പാതയിലാണ്‌ രവി ചിറ്റമ്മയെ അനുഭവിച്ചതു്‌.

പിന്നെ കേശിയും കോടച്ചിയും മൈമൂനയും അതിൽ പങ്കു ചേർന്നു. രോഗബാധിതനായ രവി വീണ്ടും പ്രാപിക്കാനിച്ഛിക്കുന്നത്‌ ,ഖസാക്കിന്റെ അന്തഃസംഘർഷങ്ങളുടെ സാകല്യത വെളിപ്പെടുത്തുന്നുണ്ട്‌. അറിവിലൂടെ പരിണമിക്കാനുള്ള വെമ്പലിൽ സ്വസ്ഥത നഷ്‌ടപ്പെടുന്നു. അതിൽ സ്നേഹത്തിന്റെ മുത്തുകളാണുള്ളത്‌ .ഡി.എച്ച്‌ ലോറൻസ്‌ സൂചിപ്പിക്കുന്നതുപോലെ രതിയെ വെറുക്കുകയും അതേ സമയം അതിനെ അനുഭവിച്ച്‌ നിരാകരിക്കുകയും അതിലൂടെ മിഥുനവേളകളുടെ ശൈഥില്യം നേടുകയും ഒടുവിൽ ആത്മാവ്‌ ഏകാകികത പെയ്യിക്കുകയുമാണ്‌ രവി. വസൂരിക്കലകളുള്ള ശരീരം ,ഓർമ്മകളുടെ പാടുകളുള്ള മനസ്സ്‌ .അതുമായി രവി മൈമൂനയെ പ്രാപിക്കുന്നു. ആത്മസംഘർഷങ്ങളുടെ പൊട്ടിയൊലിക്കുന്ന പകലുകളും രാത്രികളും അലറിക്കൊണ്ട്‌ ലോകത്തിന്റെ ശരീരത്തിലേക്ക്‌ ചാടി വീഴുകയാണ്‌. പ്രാർത്ഥനകൾ രൗദ്രമായ ഉച്ചാരണങ്ങളായി മാറുന്നു.

സത്യത്തിൽ ദുഃഖത്തിന്റെ ഭ്രാന്തമായ അലച്ചിലാണ്‌ അറിവിന്റെ വാതായനങ്ങളിൽ മനസ്സിനെ കൊണ്ടെത്തിക്കുന്നത്‌. വിജയൻ- അറിവിന്റെ സൂര്യരഥങ്ങളിൽ യാത്ര ചെയ്യുന്ന മനുഷ്യനെ സൃഷ്‌ടിക്കുകയാണെങ്കിലും ഖസാക്കിന്റെ അനന്തമായ ജ്ഞേയതകളുടെ പൂട്ട്‌ തുറക്കാനാണ്‌ ഉദ്യമിക്കുന്നത്‌. പ്രകൃതിയുടെ ശരീരത്തിലും ഉൾപ്രേരണകളിലും ദേവശിരസ്സുകളിലും കൊരുത്തുവെക്കുന്നത്‌ ഇതാണ്‌. പച്ചമഷിയുടെ അടിവരകൾ മന്ദിരത്തിന്റെ കിളിവാതിലുകളായെന്നും അതിന്റെ അനന്തമായ ആലസ്യത്തിൽ രവി പുറത്തേക്ക്‌ നോക്കിയെന്നും വേനലും മഞ്ഞുപുല്ലും കരിമ്പനയും ആവർത്തിക്കുകയാണെന്നും എഴുതുമ്പോൾ അത്‌ ഖസാക്കിന്റെ ആന്തരിക വ്യഗ്രതകളുടെ മിഴികളും ഋതുക്കൾ നൃത്തം വെക്കുന്ന ശരീരവുമാണ്‌ കാണിച്ചുതരുന്നത്‌. ഈ കാഴ്‌ച്ചകളിലൂടെ ഖസാക്കിന്റെ രൂപപരിണാമങ്ങളിലേക്ക്‌ ബോധം ചെന്നെത്തുന്നു. അറിവിന്റെ അവശിഷ്‌ടങ്ങളിൽ നിന്ന്‌ ഖസാക്കിന്റെ തനുവിലേക്ക്‌ പറന്നുചെല്ലുന്നു. ഖസാക്കിലെ വിപുലമായ അന്തർദ്ധാരകളായി നിൽക്കുന്ന എല്ലാ ചരാചരങ്ങളും അറിവിന്റെ മൂശയിലൂടെ വീണ്ടും കണ്ടെത്തപ്പെടുകയാണ്‌. അത്‌ മനുഷ്യരിലൂടെ മിന്നിമറിഞ്ഞ്‌ മണ്ണിന്റെ നാഴികയിലമരുന്നു. ബോധത്തിൽ ഖസാക്കിന്റെ ധാതുക്കൾ വന്നു നിറയുന്നു. പൊടിയും കാറ്റും മഞ്ഞും എല്ലാം നോവലിസ്റ്റിന്റെ അറിവിന്റെ അസംസ്കൃതവസ്തുക്കളാണ്‌. അവയിൽ നിന്നാണ്‌ ലോകത്തിന്റെ നിശ്ശബ്ദതയും പൂക്കുലകളും നിർമ്മിച്ചെടുക്കേണ്ടത്‌.

ഈണങ്ങളുടെ വീഞ്ഞും കായ്കനികളുടെ രാഗവും വസ്തുക്കളുടെയുള്ളിലിരുന്ന്‌ സ്പന്ദിക്കുന്നുണ്ട്.ജീവികളേയും വസ്തുക്കളേയും ഒരുപോലെ സ്നേഹിച്ചുകൊണ്ട്‌ ഖസാക്കിൽ മനസ്സ്‌ നീങ്ങുന്നു. രവി രതിയിലൂടെ തിരയുന്നതും മുക്തിയുടെ അറിവാണ്‌. യേശു മനുഷ്യർക്കിടയിലൂടെ നടന്നു പോയ സന്ദർഭം പീറ്റർ മാർഷൽ അരിയിക്കുന്നുണ്ട്‌. അവരുടെ സാന്നിദ്ധ്യത്തിൽ യേശുവിന്റെ ഹൃദയം സ്പർശിക്കപ്പെട്ടു. ചിത്തത്തിൽ പ്രാർത്ഥനയുണ്ടായി. ദൈവത്തിന്റെ ധൈര്യത്തിനായി , പരിശുദ്ധ അലൗകികതയിലേക്കുള്ള രഥം നിങ്ങൾക്കുള്ളിലാണെന്ന്‌ യേശു അവരോടു പറഞ്ഞു. നേരു പറഞ്ഞാൽ യേശുവിന്റെ യാത്രയിലൂടെ മനുഷ്യരും ലോകവും അറിവിനുവേണ്ടിയു ള്ള തൃഷ്ണയിലേക്ക്‌ പ്രവേശിക്കുകയായിരുന്നു. ലോകത്തിൽ മുഴുകുന്നതും അറിവിന്റെ തുരുത്തിലേക്ക്‌ സവാരി ചെയ്യുന്നതും രചനയുടെ വേളയിൽ വിജയൻ ധരിച്ചിരുന്നു. സംഭാഷണങ്ങളും സന്ദർശനങ്ങളും മുറ്റിനിൽക്കുന്നതാണ്‌ ഓർമ്മകൾ അവയെ മനസ്സിന്റെ പൊയ്‌കയിൽ നീന്താൻ അനുവദിക്കുക. നിങ്ങളുടെയുള്ളിൽ നിന്ന്‌ അന്യന്റെ മനസ്സിലേക്കു യാത്ര ചെയ്യുക. അവിടെ കാലങ്ങളുടെ നൂൽപ്പാലങ്ങളുണ്ട്‌.

ഭോഗാലസ്യത്തിൽ ഓർമ്മകളുടെ മഞ്ഞിൽ, അകലെ ഖസാക്ക്‌ ചലനമറ്റുവെന്ന്‌ സൂചിതമാകുന്നു. ഇവിടെ മനുഷ്യരും വസ്തുക്കളും എല്ലാം- അപ്രത്യക്ഷമായി. ഖസാക്കിന്റെ വിലോലമായ തന്ത്രികളുണർത്തിയ ജീവിത രതിയാണ്‌ തെളിയുന്നത്‌. ഖസാക്ക്‌ പ്രത്യക്ഷങ്ങൾക്കുപരിയായി ആസക്തമായ ജൈവശരീരമാണെന്ന്‌ നാമറിയുന്നു. അറിവിന്റെ ദേവനിലേക്ക്‌ അഭയാർത്ഥിയായി നീങ്ങുന്ന ഖസാക്കിന്റെ പ്രാർത്ഥന സുരതത്തിന്റെ പ്രവർത്തനശാലയായി മാറുകയാണ്‌ ചെയ്‌തത്‌.സുരതം അറിവിന്റെ ക്ഷേത്രങ്ങൾകൊണ്ട്‌ മർത്ത്യനെ നവീകരിക്കുന്നു. ശാന്തനാക്കുന്നു. യഥാർത്ഥത്തിൽ വാങ്കുവിളിപോലെ പവിത്രമായ ഒരു കർമ്മമാണ്‌ രതി ,ഇവിടെ. വ്യസനത്തിൽ നിന്ന്‌ അന്വേഷണങ്ങളിലേക്ക്‌ പ്രാർത്ഥന എങ്ങനെ എത്തിച്ചേരുന്നുവൊ , അതേ വേഗത്തിൽ തന്നെ കാമനകൾ മനുഷ്യരിലൂടെ ദൈവത്തിലേക്ക്‌ നടന്നടുക്കുന്നു. റോസയുടേ ചൈതന്യം ,എന്നെ സ്നേഹത്തിന്റെ കുലീനമായ നാഴികകളെ , വേണ്ടപോലെ ബോദ്ധ്യപ്പെടുത്തുന്നുണ്ട്‌. ഞാനിവിടെ അജ്ഞനായിരുന്നാലും സൗന്ദര്യത്തിന്റെ മധുരാനുഭവങ്ങളിലാണ്‌ വസിക്കുന്നത്‌. അറിവിനുള്ളിലെ ദേവനിലെത്തിച്ചേരുന്ന ഐഹികമുഹൂർത്തങ്ങളുടെ ഗുണവിരക്തമായ സ്പർശങ്ങളാണ്‌ സ്വാമി പരമാനന്ദയുടെ വാക്കുകളിൽ ജ്വലിച്ചു നിൽക്കുന്നത്‌.

ഖസാക്കിന്റെ പുരാണങ്ങളിലൂടെ ഏതോ സന്ദേശവും പേറി അലയുന്ന മനുഷ്യരും റോസയിൽനിന്നെന്നപോലെ എല്ലാ ബന്ധങ്ങളിൽ നിന്നും സത്യം വലിച്ചുകുടിക്കുകയാണ്‌. ഖസാക്കിൽ സ്മൃതിയുടെ കൂട്ടിൽ , ജൈവലോകത്തിന്റേയും പദാർത്ഥലോകത്തിന്റെയ്യും അറിവിനുള്ള തൃഷ്ണയാണ്‌ സംഭരിച്ചിരിക്കുന്നത്‌. സത്യത്തിൽ ഖസാക്ക്‌ രവിയിലൂടേയും മൈമൂനയിലൂടേയും മാധവന്നായരിലൂടേയും കരിമ്പനകളിലൂടേയും ഷെയ്‌ഖിന്റെ വിചാരങ്ങളിലൂടെയും സ്വയം തിരിച്ചറിയുകയാണ്‌. ആ തിരിച്ചറിവ്‌ അറിവിനു വേണ്ടിയുള്ള തീർത്ഥാടനത്തേയും തൃഷ്ണയുടെ നിമ്‌നോന്നതങ്ങൾ നിറഞ്ഞ താഴ്‌വരകളേയും പരിചയപ്പെടുത്തുന്നു. സ്നേഹവും, പാപവും ലയിച്ചില്ലാതാകുന്ന സംവത്സരങ്ങൾ ഖസാക്കിന്റെ നാഴികകളാവുന്നു. അവിടെ ശാന്തമായ അവശിഷ്‌ടങ്ങളിൽ ഷെയ്‌ഖിന്റെ പുരാവൃത്തങ്ങൾ ലയിക്കുന്നു. ഷെയ്‌ഖിനേയും ശ്രാദ്ധത്തേയും സ്മരിച്ചുകൊണ്ട്‌ ഖസാക്കുകാർ നടത്തുന്ന ആചാരാനുഷ്ഠാനങ്ങളിൽ പിന്നെയും അറിവിന്റെ ദലങ്ങൾ വിടർന്നു കിടപ്പുണ്ട്‌. ഖസാക്കിലെ പാറക്കെട്ടുകളിൽ സമാധിയിരിക്കുന്ന ഷെയ്‌ഖ്‌ മർത്ത്യന്‌ ശാന്തിയും സാന്ത്വനവും നൽകി സംരക്ഷിക്കുന്നു. മൃൺമയമായ ആശ്വാസങ്ങളിൽ ,ഗതകാലത്തിന്റെ ഉള്ളറകളിൽ കാറ്റ്‌ കൊള്ളാനുള്ള അന്തരാഭിലാഷങ്ങളിൽ സാന്ദ്രമായതാണീ തൃഷ്ണ .

അറിവിന്റെ രാത്രികളിലൂടെ കടന്നുപോകുമ്പോൾ വസ്തുതകൾക്കും ജൈവസംയുക്തങ്ങൾക്കും എന്തു സംഭവിക്കുന്നുവെന്ന്‌ നാം മനസ്സിലാക്കുന്നു. അവയെ ആത്മയാത്രകളിലേക്ക്‌ വിളിച്ചു വരുത്തുകയും പ്രപഞ്ചധാരകളിലെ വിരുന്ന്‌ എന്ന ജീവിതമുഹൂർത്തം അണിയിക്കുകയുമാണ്‌. പിതൃക്കളെയൂട്ടാനും മൺമറഞ്ഞവരുടെ ഓർമ്മകളിൽ വിലയം കൊള്ളാനും ജനിക്കുന്ന കൗതുകങ്ങളുടെ വേരുകൾ, ആയുസ്സിന്റെ ജീവ ജലം ഷെയ്‌ഖിന്റെ ചിരിയും സാന്ത്വവും സ്നേഹവും കൈപ്പറ്റുമ്പോൾ ദുഃഖങ്ങളിൽ നിന്നുള്ള മാർഗ്ഗം തുറക്കപ്പെടുന്നു കരുതുന്നു.
അതിന്റെ ശാന്തതയില്‍ കാതു വെച്ച്‌ ചേർത്തു കിടക്കുന്നു. അപ്പുക്കിളിയുടെ അജ്ഞാത വാസത്തിലും നൈസാമലിയുടെ പ്രവാസത്തിലും അറിവിന്റെ മോചനം അന്തർഭവിച്ചിട്ടുണ്ട്‌. രവി രതിയിലൂടേയും ആലോചനകളിലൂടെയും ദുർബലമായ പ്രവർത്തനങ്ങളിലൂടേയും നേടുന്ന അറിവും അപ്പുക്കിളിയുടേയും നൈസാമലിയുടെയും പ്രവാസത്തിലൂടെ തെളിയുന്ന ജ്ഞേയതയും എതോ ഭ്രമണത്തിന്റെ ഉപരിതലത്തിലാണ്‌.അപ്പുക്കിളി ചെതലിയുടെ താഴ്‌വരയിൽ ഷെയ്‌ഖിന്റെ അസ്പൃശ്യമായ കരുണക്ക്‌ ഇരയായി. അതവന്റെ അബോധമായ ചോദനകളെ സ്നാനപ്പെടുത്തി. അതിന്റെ സുഖലോലുപതയിൽ ജന്മങ്ങളുടെ തണുപ്പറിഞ്ഞു. ഏകാന്തതയുടെ മുക്തി ബോദ്ധ്യപ്പെട്ടു. നൈസാമലിയുടെ ദേവകാൽപ്പാദങ്ങളിലും ദിവ്യശിരസ്സിലും അലച്ചിലിലും സരളമായ അറിവുകൾ പരാഗം പൊഴിക്കുന്നു.
ദുഃഖസ്മരണകളുടേയും പ്രതിരോധിക്കാത്ത ഗതകാലത്തിന്റേയും അടിയൊഴുക്കുകളിൽ നിന്ന്‌ നിഷ്‌ക്രമിച്ച്‌ അയാൾ ഉപരിതലത്തിലൂടെ വേഷപ്രച്ഛന്നനായി നടന്ന്‌ മാറുകയാണ്‌.രതിയും പ്രാർത്ഥനയും അയാൾക്ക്‌ പരസ്പരം ആശ്വസിപ്പിക്കുന്ന ദിവ്യവിധികളാണ്‌. ഇവിടേയും പദാർത്ഥവും മനസ്സും യോജിച്ച്‌ ഒന്നാകുന്നു.അതിന്റെ ലാളിത്യത്തിൽ അറിവിന്റെയുള്ളിലെ ദേവൻ പ്രത്യക്ഷപ്പെടുന്നു. അതെ, ഷെയ്‌ഖിനെ തേടി വസ്തുക്കളിലും മനുഷ്യരിലും പ്രകൃതിയിലും ഒരുപോലെ അലയുകയായിരുന്നു ഖസാക്കുകാർ. അറിവിന്റെ ഖനി ഷെയ്‌ഖിന്റെ വസതിയിലുണ്ടായിരുന്നു. അയാൾ ദൈവത്തിന്റേയും മനുഷ്യരുടേയും ചരിത്രാവശിഷ്‌ടങ്ങൾ സൂക്ഷിക്കുന്ന പേടകമായിരുന്നു. ദുഃഖത്തിന്റെ മഥനമില്ലാത്ത ആ സുഖത്തിനു വേണ്ടിയാണ്‌ ഖസാക്ക്‌ ഉണർന്നത്‌. മനുഷ്യരുടേയും പദാർത്ഥങ്ങളുടെയും സഞ്ചാരത്തിലൂടെ സ്ഥാവരങ്ങൾക്കും പ്രയാണമുണ്ടായതായി രവി അറിയുന്നുണ്ട്‌. സ്ഥാവരങ്ങളുടെ പ്രയാണത്തിലും ആത്മാവിന്റെ അറിവുകൾ മറഞ്ഞുകിടന്നു. രവിയുടെ യാത്ര ,അപ്പുക്കിളിയുടെ യാത്ര ,മൊല്ലാക്കയുടെ അന്ത്യയാത്ര , എല്ലാം അറിവിന്റെ ദേവനിലേക്കുള്ള യാത്രയാണ്‌. ഉൾപ്രേരണകളുടെ അനന്തമായ കൃപയിലും നിസ്സീമമായ സഞ്ചാരത്തിലുമാണ്‌ ഖസാക്കിന്റെ തൃഷ്ണകൾ വിശ്രമം കൊള്ളുന്നത്‌.

ഇനി അറിവിന്റെ അദൃശ്യങ്ങളായ അന്തഃസ്ഫുരണങ്ങളെക്കുറിച്ച്‌ ഓർക്കാം. തോട്ടുവക്കിൽ ആബിദ തനിച്ചായി. കൃഷ്ണകാന്തികൾ മൂടിയ കരയിൽ അവൾ എന്തോ ഓർത്തുകൊണ്ടിരുന്നു. ഇവിടെ തോട്ടുവള്ളത്തിലൂടെ ഒഴുകിപ്പോകുന്ന ഏതോ നുറുങ്ങുകളെക്കുറിച്ച്‌ വിജയൻ ഓർമ്മിപ്പിക്കുന്നുണ്ട്‌. അറിവിന്റെ പ്രത്യക്ഷ സഞ്ചാരമായിത്തീരുന്ന മനുഷ്യർക്കൊപ്പം,അവ്യക്തമായ ഏതോ ചിലതിനു ചുറ്റും നിന്നുതിരിയുന്ന ഖസാക്കിന്റെ ഹൃദയാവസ്ഥയേയും ദുഃഖാവസ്ഥയേയും വസ്തുവൽക്കരിക്കാനുള്ള വെമ്പലിലാണ്‌ വിജയൻ ബിംബങ്ങളിലെത്തിച്ചേരുന്നത്‌. എന്നാൽ ബിംബങ്ങൾ സ്വാശ്രയത്തിന്റെ പിൻബലമുള്ളവയല്ല. അവയുടെ നൊടിനേരത്തെ ആവിർഭാവത്തിലൂടേ ഖസാക്കിന്റെ മുഖം ഉയർന്നു വരികയാണ്‌. ആബിദയുടെ ദുഃഖത്തേയും നിരാശ്രയധാരണകളേയും സാന്ത്വനിപ്പിക്കുന്ന ബാഹ്യസാന്നിദ്ധ്യം വെള്ളത്തിലെ ചലനത്തിലൂടെ പ്രകടമാവുന്നു.

ഓരോ സന്നിഗ്‌ദ്ധതകളേയും പിൻതുടരുന്ന അജ്ഞേയമായ ആശീർവാദങ്ങളും ഖസാക്കിലുടനീളമുണ്ടായ ധാരണകൾ ഖസാക്കിന്റെ ലൗകികശരീരത്തെ കൂടുതൽ കൂടുതൽ യാതനകളിലേക്ക്‌ തള്ളിയിടുന്നു. നന്മതിന്മകൾക്കപ്പുറത്ത്‌ , വേദനയുടെ അനൈഹികമായ ഉടൽ പ്രത്യക്ഷപ്പെടുന്നു. സത്യബോധങ്ങൾക്കു വെളിയിൽ വിശ്വാസങ്ങളുടെ തണൽ പരന്നുകിടക്കുന്ന കർമ്മവുമുണ്ട്‌. മനുഷ്യനും- പ്രകൃതിയും ചേർന്നാലും ,അതിനപ്പുറത്ത്‌ നിത്യതയുടെ വിശ്രാന്തിയിലേക്കുള്ള തൃഷ്ണ ഖസാക്കിൽ അവശേഷിക്കുന്നത്‌ ഇതുകൊണ്ടാണ്‌. ശ്രാവണ സന്ദർഭങ്ങളുടെ ഇടവഴികളിലൂടെ ചോദനകളെയത്രയും വഹിച്ചുകൊണ്ട്‌ യാത്ര തുടരാം. അറിവിന്റെ ഏതു മുനയിലാണ്‌ ലോകം തിരോഭവിക്കുന്നത്‌? ശരീരത്തിലെ രക്തം മുഴുവൻ വിരൽത്തുമ്പുകളിലും ചുമലിലുമായി ഒഴുകിക്കൂടുന്നതുപോലെ. വിരലുകൾ അടർന്നുലഞ്ഞ്‌ താഴെ വീഴുന്നതുപോലെ. അറിവിന്റെ ഭർത്‌സനം കാമമാണോ? രതിയുടെ നിമിഷങ്ങളിൽ മനുഷ്യന്റെ എതു ജിജ്ഞാസയാണ്‌ കത്തിപ്പിടിക്കാത്തത്‌?അറിവിന്റെ ഇലത്തണുപ്പ്‌ തിരക്കി യാത്ര തിരിച്ചപ്പോൾ ,ആ ചിന്തകളിൽ ആശ്വാസങ്ങളുടെ അവസാനത്തെ തിര ഒരു പ്രതീക്ഷയായി കടന്നുകൂടിയിരുന്നു.ഒരു ബിന്ദുവിലേക്ക്‌ ജന്മങ്ങളുടെ തുടർച്ചകൾ ഒതുങ്ങിക്കൂടാത്തതിനെക്കുറിച്ച്‌ ഈ എഴുത്തുകാരൻ ചിന്തിച്ചു. അതിലൂടെ കാലത്തിന്‍റെ കാലവർഷവും ഹിമപടലവും ഒഴുകിവന്നു.

അറിവിന്റെ വ്യഥിതവും ആശ്വാസരഹിതവുമായ ദൃശ്യാത്മകതയാണ്‌ ചക്രുരാവുത്തരുടെ ക്ഷീണനിശ്വാസത്തിലും കാണുന്നത്‌. ഉമ്മയില്ലാതെ നിലവിളിച്ച മകളെ ഉറക്കാൻ താൻ പാടിയ പാട്ട്‌ അയാളോർക്കാൻ ശ്രമിച്ചു. ആശകളുടെ മുന്തിരിക്കാടുകളിൽ നിന്ന്‌ അവളെന്നാണ്‌ ഒരു പഴക്കുലയെത്തിക്കുക ? . സ്വപ്‌നങ്ങളും സാന്ധ്യപ്രഭകളും കടന്ന്‌ അയാൾ ഖസാക്കിന്റെ അന്തർദ്ധാരകളിലൂടെ നീങ്ങുകയാണ്‌. അവിടെയെങ്ങും മകളെ ആശ്വസിപ്പിക്കാൻ വാക്കുകളും പദാർത്ഥങ്ങളുമില്ല. പൊരുളുകളുടെ നിഗൂഢമായ പ്രസാദങ്ങളിലേക്ക്‌ അയാൾ വർദ്ധിച്ച താത്‌പര്യത്തോടേ ചേക്കേറാനാഞ്ഞു . ചില്ലുവാതിലുകളിലൂടെ കിന്നര ശബ്ദത്തിൽ ആ മനുഷ്യന്‌ എന്താണ്‌ നഷ്ടപ്പെട്ടത്‌?ഒടുവിൽ പ്രത്യാശയുടെ കിണറ്റിൽ നിന്ന്‌ അറിവിന്റെ സമാധിയും വേദനയും കലർന്ന പുരാതന ജന്മസ്മൃതികൾ കണ്ടുകിട്ടുന്നു. പനകയറ്റക്കാരൻ പറയുന്ന കഥയിലും ചന്തുമ്മയുടെ കഥയിലും അറിവിനെ അനുഗമിക്കുന്ന കിനാവുകൾ കാണാം. അറിവിലൂടെ മുക്തിയിലേക്കെത്തുന്ന സാത്വികതയുടെ കൃഷ്ണപഞ്ചമികൾ ഖസാക്കിന്റെ തിന്മയിൽപോലുമുണ്ട്‌.

ഖസാക്കിന്റെ വസ്തുബോധത്തെ അറിയാൻശ്രമിക്കുന്ന ഓരോ വേളയിലും ബാഹ്യലോകത്തിന്റെ നീതിബോധം ഉലഞ്ഞുചിതറുന്നു. ഖസാക്കിന്റെ ധാരണകൾ അറിവിനുള്ളിൽനിന്ന്‌ ദേവന്മാരെ അണിയിച്ചൊരുക്കുന്ന ശംഖുനാദങ്ങൾ നിറഞ്ഞതാണ്‌. അതിൽ ആനന്ദത്തിന്റേയോ ,വിഷാദത്തിന്റേയോ, സംസാരരൂപങ്ങളല്ല പ്രസാദത്തെ നിർണ്ണയിക്കുന്നത്‌ . രവി കുട്ടികൾക്ക്‌ ഓന്തുകളുടെ കഥ പറഞ്ഞുകൊടുക്കുമ്പോൾ ,കുപ്പുവച്ചൻ ഓന്തിനെ പിടിക്കാൻ വ്യഗ്രനാവുമ്പോൾ ,രവി കേശിയെ വിമൂകതയുടെ ഇരുട്ടിൽ അനുഭവിക്കുമ്പോൾ ,ചെതലിമലയിൽ രവിയും കുട്ടികളും സവാരിചെയ്യുമ്പോൾ ,കുട്ടാടൻ പൂശാരിയുടെ ദൈവപ്പുരയില്‍ ഖസാക്കുകാർ അസ്വസ്ഥരാവുമ്പോൾ ,അപ്പുക്കിളി തുമ്പികളെ തേടി തോട്ടുവക്കിൽ നിൽക്കുമ്പോൾ ,രവി മൈമൂനയുടെ അരക്കെട്ടിലെ രക്ഷായന്ത്രം അഴിച്ചെടുക്കുമ്പോൾ ,ചിറ്റമ്മയെ അറിയുമ്പോൾ ......ഖസാക്കിന്റെ ഭ്രമവും ശാന്ത തയും കലർന്ന അറിവാണ്‌ ഉദിച്ചുയരുന്നത്‌. അറിഞ്ഞുവെന്നും, ഓർമ്മകൾ നുണഞ്ഞുവെന്നും അറിവിന്റെ കണ്ണുകള്‍ മൂടുന്നുവെന്നും വിജയൻ എഴുതുന്നുണ്ട്‌. ഭ്രമാവസ്ഥകളുടെ ഐഹികതയും പ്രാണയാനങ്ങളുടെ പരിണാമവും വിശ്വാസങ്ങളുടെ രോദനം നിറഞ്ഞ അനുഷ്ഠാനങ്ങളും ചെർന്നുള്ള ഖസാക്കിന്റെ ലൗകികത മീനവെയിൽപോലെ പരന്നൊഴുകുന്നതു കാണുന്നു.

പ്രസാദത്തിന്റെ പാദങ്ങൾ

aathmaanangalude khasak/m k harikumar


പ്രസാദത്തിന്റെ പാദങ്ങൾ -11

വിശ്വാസങ്ങളുടെ കർമ്മങ്ങളിൽ നിന്നുകൊണ്ട്‌ വിജയൻ ലോകദുരിതങ്ങളുടെ ആത്യന്തിക ഫലങ്ങളെക്കുറിച്ച്‌` ഓർക്കുന്നു. മനുഷ്യന്റെ പതനങ്ങളുടെ , പരാഗണങ്ങളുടെ തിന്മകളുടെ ലഹരികളിൽ നിന്ന്‌ അകന്നു നിന്നുകൊണ്ട്‌ മുഗ്‌ദ്ധമായ സമാശ്വാസങ്ങളുടെ ആദ്ധ്യാത്മിക ചിഹ്‌നങ്ങൾ തേടുകയാണിവിടെ. അച്ചടക്കത്തിന്റെ ഋതുക്കൾ കണ്ടെത്തുമ്പോഴും ക്രോധത്തിന്റെ വായ്‌ത്തലയിൽ വീണ് മുറിവേൽക്കുമ്പോഴും ദയയുടേയോ ജുഗുപ്സയുടേയോ മുന്തിരിത്തോട്ടത്തിലേക്ക്‌ അധീരനായി യാത്ര ചെയ്യുമ്പോഴും മനുഷ്യരെ നേരിടുമ്പോഴും നാം ദൈവത്തെ മുഖാമുഖം ദർശിക്കുകയാണെന്ന്‌ രാധാകൃഷ്ണൻ ബോധ്യപ്പെടുത്തുന്നുണ്ട്‌.ഭൗതിക ശരീരങ്ങളുടെ ഇടയിൽ പ്രാർത്ഥനയുടെ ഏതുരുവാണ്‌ പൂക്കാത്തത്‌? അതിന്റെ ഊഷമ്ളതയിൽ മനസ്സിന്റെ ചുണ്ടിൽ നിന്നാണ്‌ പാൽ ഒഴുകുന്നത്‌.
ദുഃഖങ്ങളുടെ ഉള്ളിലെ വേവുന്ന ഹൃദയമല്ല , അതിനു മുകളിലെ ദൈവത്തിന്റെ ചക്ഷുസ്സുകളാണ്‌ വിജയൻ പകർത്തുന്നത്‌ . ഖസാക്കുകാർ നല്ലമ്മയെ അനുഭവിച്ചതിന്റെ വിവരണത്തിൽ നോവലിസ്റ്റിന്റെ ഈ സ്വഭാവമാണ്‌ പ്രകടമായിരിക്കുന്നത്‌. പാപങ്ങളുടേയോ ,തിന്മയുടേയോ, വാരിധിയിൽ വസിച്ച്‌ ആയുസ്സുകൾ പിന്നിട്ടാലും വറ്റാത്ത നന്മയുടെ ശിഖകൊണ്ട്‌ ലോകത്തെ പ്രകാശിപ്പിക്കുന്ന യോഗിയുടെ വിശുദ്ധിയതാണ്‌. ജമന്തിപ്പൂക്കളുടെ വനഭൂമിയെന്ന്‌ വിളിക്കുമ്പോൾ അതിഭൗതികമായ ഇച്ഛകളുടെ വേഗങ്ങളാണ്‌ ഓടിയെത്തുന്നത്‌. ഇത്‌ നവ അദ്വൈത ദർശനവുമാണ്‌. ഉള്ളിന്റെ അനുസ്യൂതമായ പ്രവാഹം ജീവിതത്തിനപ്പുറത്തുള്ള കരുണയിൽ നിന്ന്‌ നിർഗ്ഗമിച്ചതാണ്‌. കരുണയുടെ പ്രവാസമാണ്‌ പ്രസാദമായിത്തീരുന്നത്‌. ഖസാക്കിലെ പ്രസാദത്തിന്റെ പാദങ്ങൾ തിരക്കുന്നതിനിടയിൽ പ്രകൃതിയിലേയും മനുഷ്യരിലേയും ധാരണ, വിജയൻ ശ്രദ്ധിക്കുന്നില്ല. ബാഹ്യലോകത്തിന്റെ രോദനങ്ങളിൽ നിന്ന്‌ അധോലോകത്തിനുള്ള സൗന്ദര്യത്തെ കൊയ്‌തെടുക്കുകയാണ്‌.പുറംലോകത്തിന്റെ ആത്മീയതയെ തേടുന്നതിനൊപ്പം വസ്തു ലോകത്തിന്റെ ജഡാവസ്ഥയും തെളിച്ചെടുക്കുന്നു. ലോകം ദ്രവിച്ച്‌ തിരോഭവിക്കുകയാണ്‌. തുരുമ്പുകളുടെ സംഗീതത്തിലേക്ക്‌ യാത്രയാവുന്ന പദാര്‍ത്ഥ പ്രപഞ്ചത്തിന്റെ മുകളിൽ പ്രസാദമുള്ള വിരഹത്തിന്റെ പൂക്കൾ അർപ്പിക്കുന്ന രീതിയാണിത്‌. ജമന്തിയുടെ സ്പർശങ്ങളിലേക്ക്‌ തിരിയുന്നതോടെ ഖസാക്കിന്റെ അന്തർദ്ധാരകളിൽ അലൗകികമായ കരുണയുടെ അലകൾ നെയ്‌തുചേർക്കാനാണ്‌ ഉദ്യമം. ഉള്ളിൽ നിന്നു നുരഞ്ഞുപൊന്തുന്ന അനാസക്തിയുടേ ലൗകിക വേളകൾ അനുഭവ നിരയാകുന്നു.
ഖസാക്കിന്റെ മണ്ണിൽ ,രോഗത്തിന്റെ മഥനങ്ങളിൽ കഴിയവെ രവി ഓർക്കുന്നുണ്ട്‌. ജമന്തിപ്പുക്കൾ വിരിഞ്ഞുനിന്ന വനഭൂമികളിലൂടെയു ള്ള പ്രയാണത്തെക്കുറിച്ച്‌ .സൂര്യനും ചന്ദ്രനും മഴയും മഞ്ഞും കാറ്റും പുലരിയും ഇരുട്ടും ഹാർഡിക്ക്‌ ആത്മസ്മൃതികളുടെ കൂടും തണലുമായിരുന്നുവെന്ന്‌ ഡേവിഡ്‌ സെസില്‍ അറിയിക്കുന്നുണ്ട്‌. വിജയനും ഇങ്ങനെ ദൃശ്യാത്മകതയിലേക്കും ഐന്ദ്രിയാനുഭവങ്ങളിലേക്കും സ്വയം നിക്ഷേപിക്കുകയാണ്‌ ചെയ്യുന്നത്‌. യാത്രക്കിടയിൽ എത്ര സന്ധ്യകളാണ്‌ പൊലിഞ്ഞത്‌? ഓർമ്മകളുടെ ഏതെല്ലാം മുറികളിലാണ്‌ അപമൃത്യു വിളയാടിയത്‌? രവിയുടെ യാത്രയുടെ മാന്ത്രികതയെല്ലാം ഇവിടെ വെളിവാകുന്നുണ്ട്‌. സത്യത്തിൽ മനുഷ്യരുടെ വ്യസനങ്ങളിലൂടേയും പ്രസാദങ്ങളിലൂടേയും ഖസാക്കിന്റെ ആത്മീയമായ അന്തര്‍ധാരകളെ തൊട്ടറിയാനാണ്‌ വിജയൻ ശ്രമിക്കുന്നത്.
ഭ്രമവും യുക്തിയും ഓർമ്മയും കലർന്ന ഭൂതകാലത്തിന്റെ പ്രവാഹം ഖസാക്കിൽ നിറയുകയാണ്‌. അതിന്റെ നൈരന്തര്യത്തിൽ നല്ലമ്മയുടേ ക്രോധം കാമമായി മാറുന്നു. നല്ലമ്മയുടെ പ്രസാദവും ഖസാക്കുകാരുടെ കരുണയും വസന്തർത്തുവിന്റെ തനുവിലേക്ക്‌ ഖസാക്കിനെ പ്രവേശിപ്പിക്കുന്നു. ചെറുപ്പത്തിൽ അവർ പറഞ്ഞു തന്ന കഥ , കൽപ്പവൃക്ഷത്തിന്റെ തൊണ്ടിൽ നിന്ന്‌ വ്യോമതന്തുക്കൾ ഇറങ്ങിവരുന്നത്‌ ,സായാഹ്‌നയാത്രകളുടെ അച്ഛൻ,പുരികങ്ങളും കണ്ണുകളും തന്ന അച്ഛൻ, അറിവിന്റെ സൂചിയിലകൾ ഉരിഞ്ഞിട്ടു തന്ന ചിറ്റമ്മ, ഇലകൾ തുന്നിച്ചേർത്ത കൂട്‌, ഇളം നീലനിറത്തിലുള്ള കുത്തുകളുള്ള മുട്ടകൾ ,തയ്യൽക്കാരൻ പക്ഷി, പിന്നെ പൂന്തോട്ടം പോലെ ചിരിച്ചു നിന്ന ഖസാക്കുകാര്‌,അവിടെ മൈമൂനയെ അറിഞ്ഞത്‌, സൂര്യന്റെ രശ്മികളേറ്റ്‌ തിണർത്ത ഉടൽ ....പരിണാമങ്ങളുടെ മയിൽപ്പീലിക്കാടുകളിലെവിടേയോ , രവിയിലൂടെ ഖസാക്കിനെ വീണ്ടും ശ്വസിക്കാനിട വരുകയാണ്‌. ദുഃഖാന്തരങ്ങളുടെ ഹരിത പഞ്ചമികളിൽ മനസ്സിറുക്കാനെത്തിയ കുട്ടിയായിരുന്നു രോഗം അതവരുടെ മൗനപരിസരങ്ങളിലെ മഞ്ഞപ്പൂക്കൾ പറിച്ചെടുത്തു. പകരം സന്ധ്യയുടെ അഴകു നൽകി.
വസൂരിയുടെ വിളയാട്ടവും വജ്രക്കല്ലുകളുടേ തിളക്കവും പരാമർശിക്കുന്നതിനിടയിൽ ലോകത്തിന്റെ അപ്പുറത്താണ്‌ ശ്രദ്ധ ചെല്ലുന്നത്‌. ഭീതിയും വിഷാദവും കച്ചയുടുത്തിരിക്കുന്ന ബാഹ്യലോകത്തിൽ മനസ്സിന്റെ അഴകുകൊണ്ട്‌ പോരാടുന്നതിന്റെ മൊഴിയാണിത്‌. പരിചിതമായതിന്റെ ചേതസ്സ്‌ കണ്ടറിഞ്ഞ്‌ , അവയെ മൂകമായ വിചാരങ്ങളിലേക്ക്‌ വലിച്ചെടുക്കുന്നു. പദാർത്ഥത്തിന്റെ ഭൗതികത അറിയുമ്പോൾ , ഖരമുകുളങ്ങളെ ജനിപ്പിക്കുന്ന ആദ്ധ്യാത്മിക ക്രിയ വരെ ഇത്‌ വ്യാപിക്കുന്നുണ്ട്‌. ഖസാക്കിന്റെ സമ്മിശ്രമായ ആത്മബോധങ്ങളിൽ നിന്ന്‌ കൊണ്ട്‌ തിരക്കിയപ്പോൾ വിജയന്‌ അനേകം മനുഷ്യരുടെ ഉൾപ്രേരണകളും അന്തഃക്ഷോഭങ്ങളും അറിയാൻ കഴിഞ്ഞു. കരിമ്പനയിലെ കാറ്റിനു പോലും ഖസാക്കിന്റെ ബോധാന്തരീക്ഷത്തിൽ നീലിമ പരത്താൻ കഴിയുന്നത്‌ ഇതുകൊണ്ടാണ്‌.
ഖസാക്കിന്റെ ബാഹ്യപ്രകൃതിക്കപ്പുറം ,അതിന്റെ ഉടലിലേക്ക്‌ ഓരോ നരനും പദാർത്ഥവും അടുത്തടുത്ത്‌ പ്രവേശിക്കുകയാണെന്ന്‌ നാമറിയുന്നു. മഴ തന്റെ ഹൃദയത്തിൽ ഋജുവായെന്നും അതിന്റെ കിന്നാരം വിഹ്വലമായെന്നും ലോവെൽ എഴുതിയപ്പോഴും ഇത്തരമൊരു സാകല്യാവസ്ഥയുടെ അനുഭവമുണ്ടായിരുന്നു. ഖസാക്കിലെ പ്രകൃതിയെ നയിക്കുന്ന പരിണാമങ്ങൾ ആത്മായനങ്ങളുടേ താളമുള്ളവയാണ്‌. ഖസാക്കിനെ കരിമ്പനകളും മനുഷ്യരും നൽകിയ വർണ്ണബോധത്തിലല്ല എഴുത്തുകാരൻ പ്രതിഷ്ഠിച്ചിരിക്കുന്നത്‌. എല്ലാ ജീവികളുടേയും വസ്തുക്കളുടേയും അനിയന്ത്രിതവും അലൗകികവുമായ ചോദനകളെ പേറുന്ന ശരീരം എന്ന നിലയിലാണ്‌ .ആയുസ്സിന്റെ അനാദിയായ സ്പർശങ്ങളും ഉൺമയുടെ അജ്ഞേയമായ പൊരുളുകളും ദുഃഖമുണർത്തികിടക്കുന്ന പ്രസാദമാണ്‌ വിജയൻ ലക്ഷ്യമാക്കുന്നതിനായി മനസ്സ്‌ അണുമുതൽ പ്രപഞ്ചം വരെ യാത്ര ചെയ്യുന്നു. സ്വന്തം ഉടലിൽ സ്പർശിച്ചുനോക്കിയാൽ ലോകത്തിന്റെ സ്പന്ദനം അറിയാം. ആത്മാവിന്റെ ഉടലിൽ സ്പർശിച്ചാൽ പ്രപഞ്ച സത്തയുടെ അനുരണനങ്ങളറിയാം. വിജയന്റെ ആലോചനാവേളകളിൽ സൗന്ദര്യം മുഴുവൻ വഹിക്കുന്നത്‌ , പ്രസാദവും അനാഥത്വവും ചേർന്ന്‌ സൃഷ്ടിക്കുന്ന വ്യാമിശ്രബോധമാണ്‌.
ദുഃഖസമാധികളിലെങ്ങും ഭൂതകാലത്തിന്റെ സാന്ത്വന സംഗീതം കേട്ടില്ല. ഓർമ്മകളുടെ രക്ഷകയായ പ്രസാദം ജീവിക്കുന്നു. ഖസാക്കിൽ വസൂരിയുണ്ടാകുന്നത്‌ , രവിയുടെ ദുഃഖമുണർത്തുന്ന ആസക്തിയിൽ നിന്നാണെന്ന്‌ ഓർക്കുക. കോടച്ചിയുമായുള്ള വേഴ്‌ചയുടെ ജീവബിന്ദുക്കളിലെങ്ങോ ആ അണുക്കൾ ഋതുവായിരുന്നു. അറിവിനു വേണ്ടിയുള്ള വിശ്വാസത്തിന്റെ പ്രവർത്തനം ,ഇവിടെ കരുണയുടെ അണ്ഡങ്ങളിലേക്ക്‌ ഖസാക്കിനെ ഉയർത്തുന്നു. ദുഃഖങ്ങൾക്ക്‌ നിത്യസമാധി ലഭിച്ചിതിങ്ങനെയാണ്‌. ഖസാക്കിലെ വസൂരി, സത്യത്തിൽ സന്താപപൂർണ്ണമായ കാലത്തിന്റെ പരിതഃസ്ഥിതിയിൽ നിന്ന്‌ പ്രപഞ്ചത്തിന്റെ അന്തർദ്ധാരകളിലേക്കുള്ള യാത്രയുടെ സ്മൃതിയാണ്‌. സ്ഥാവരങ്ങളുടെ പ്രയാണത്തിലൂടെ രവി പരിവര്‍ത്തിക്കപ്പെട്ടുവെന്ന് വിജയൻ വീണ്ടും ഓർമ്മിപ്പിക്കുന്നുണ്ട്‌. ഖസാക്കിനെ പൂന്തോട്ടമായി അഭിദർശിച്ചപ്പോഴും ,രവിയെ സ്ഥാവരപ്രയാണങ്ങളുടെ ഭഞ്ജകനായി മാറ്റിയപ്പോഴും വിജയൻ ആത്മപരിണാമങ്ങൾ കണ്ടെത്തുകയായിരുന്നു. കാലങ്ങളിലൂടെയുള്ള പദാർത്ഥസഞ്ചാരം പുതിയ ധാരണകളെ പ്രതിഷ്ഠിക്കുന്നു. ദൈവത്തിന്റെ ആലയത്തിലേക്ക്‌ നടക്കം.അവിടെ ദൈവം ജമന്തിപ്പൂക്കളുടെ ഗന്ധവും നിലാവും ഭൂമിയുടെ ഓർമ്മകളുമായി കഴിയുന്നു. ഷെയ്‌ഖിന്റെ മൊഴിയുടെ അർത്ഥം ഖസാക്കിൽ നിലീനമാകുകയാണ്‌. മൊല്ലാക്കയുടെ കാലിലെ ചെരിപ്പു കടിച്ച വ്രണം ഖസാക്കുകാരുടെ ആത്മായനങ്ങളുടെ വ്രണം തന്നെയാണ്‌. സ്ഥലരാശികളുടെ നിശ്‌ച്ചലതയിലെവിടേയോ നഷ്ടപ്പെട്ടുപോയ ഗതകാലത്തിന്റെ സ്പര്‍ശങ്ങളുടെ ഓർമ്മ വീണ്ടും രഥ്യയെ പുനരാവിഷ്‌ക്കരിക്കുന്നു. ലക്ഷ്യങ്ങളുടെ വ്യഥിതമായ ആരോഹണവും ജീവിതസ്മരണയും ഒന്നായിത്തീരുന്നു. സാര്‍ത്രിന്റെ കഥാപാത്രം സംസാരിക്കുന്നപോലെ എല്ലാ വസ്തുക്കളും സ്വച്ഛന്ദമായി നിലനിൽക്കാനുള്ള ശ്രമത്തിലാണ്‌.
ഖസാക്കിലെ മണൽത്തരിപോലും കാലാന്തരത്തിലെ ലക്ഷ്യയാനങ്ങളുടെ വ്രണം അറിയുന്നുണ്ട്‌. മൊല്ലാക്കയിലൂടെ ലോലമായ ഈ ഭാവം വിജയൻ ആവിഷ്ക്കരിക്കുകയാണ്‌ ചെയ്‌തത്‌. പരിണമിക്കുകയും ആന്തരികമായി ശുദ്ധീകരിക്കുകയും നിലനിൽക്കുകയും ചെയ്യുന്ന വസ്തുസ്വഭാവത്തിന്റെ പാദങ്ങളിലാണ്‌ നാമെത്തുന്നത്‌. ആത്മലോകങ്ങളുടെ കൂടുകളിൽ നിന്ന്‌ പറക്കമുറ്റി പുറത്തു വരുന്ന വസ്തുക്കളുടെ പക്ഷിക്കുഞ്ഞുങ്ങളെ പദാർത്ഥങ്ങളുമായി ബന്ധിച്ചുകൊണ്ടാണ്‌ നോവലിസ്റ്റ്‌ ആഖ്യാനം നിർവ്വഹിക്കുന്നത്‌. ഖസാക്കിൽ സുരതക്രിയ പോലെ ആനന്ദത്തിലെത്തിയ വസൂരി പലരേയും അപ്രത്യക്ഷരാക്കി. ഉള്ളില്‍ വിരിഞ്ഞുകിടന്ന അവാച്യമായ സുഖാലസ്യങ്ങളും ജമന്തിപ്പൂക്കളും ആവിർഭാവങ്ങളായിരുന്നു. ആത്മാവിന്റെ പ്രിയപ്പെട്ട അംബരമെവിടെ ,ഭൗതികമൂർച്ഛയുടെ സൂര്യനാളമെവിടെ എന്ന ആശങ്കയിൽ മനസ്സ്‌ വീണുപോകുന്നത്‌ പൊടുന്നനെയാണ്‌. ഖസാക്കിലെ വസൂരിയും മൺമറയുന്ന കുട്ടികളും മൈമൂനയുടെ തൃഷ്ണയും ശുശ്രൂഷയും ഏതേത്‌ യാഥാർത്ഥ്യങ്ങളുടെ ആഭരണങ്ങളാണെന്നറിയാതെ വിസ്മയം ശേഷിക്കുകയാണ്‌.

ഖസാക്കിന്റെ ഓർമ്മകൾ മൊല്ലാക്കയെ വിഴുങ്ങുന്നു. നൈസാമലിയുടെ ഓർമ്മകൾ മാധവൻനായരെ പരിരംഭണം ചെയ്യുന്നു. രവിയുടെ ചിന്തകൾ ഖസാക്കിനെ ഗ്രസിക്കുന്നു. മണ്ണിൽ വേരുകളാഴ്‌ത്തി നിൽക്കുന്ന വൃക്ഷത്തെപ്പോലെയാണ്‌ ഖസാക്ക്‌. എങ്കിലും അതിന്റെ ചുവടുകൾ ചലനസ്വഭാവമുള്ളവയാണ്‌. അപ്പുക്കിളിയുടേയും ആബിദയുടെയും അവശിഷ്‌ടങ്ങളിലേക്ക്‌ ചിലപ്പോൾ, ഖസാക്കിന്റെ കപടപാദങ്ങൾ ഒഴുകിച്ചെല്ലുന്നു.

അല്ലെങ്കിൽ ഖസാക്കിന്റെ ഉപരിതലത്തിൽ തകർന്ന വീടുകളുടെ അവശിഷ്ടങ്ങളെപ്പോലെ രവിയും ആബിദയും മൈമൂനയും ഒഴുകി നടക്കുകയാണ്‌. കൗതുകങ്ങളുടെ കഴുക്കോലുകൾ ,പ്രജ്ഞയുടെ ദ്രവിച്ച പെട്ടികൾ ,മൺകട്ടകൾ കൊണ്ട്‌ നിർമ്മിച്ച ഹൃദയത്തിന്റെ ചുമരുകൾ ,വിഷാദത്തിന്റെ ഗോതമ്പുമണികൾ ,ഓർമ്മകളുടെ ഉണങ്ങിയ ശിഖരങ്ങൾ ,മൗനത്തിന്റെ കുതിർന്ന വാതിലുകൾ ,ഏകാന്തതയുടെ അലോസരമുണർത്തുന്ന പാട്ട്‌, നിസ്സഹായതയുടെ വേദനപകരുന്ന പുഷ്പം, അനാഥത്വത്തിന്റെ നോവു പടർത്തുന്ന സസ്യങ്ങൾ ,ഉത്‌ഖണ്ഠയുടെ കരച്ചിലുണർത്തുന്ന കാറ്റ്‌, കാലത്തിന്റെ പ്രപഞ്ചം കാണിച്ചുതരുന്ന സ്ഥലപരത............ രോദനം കായ്‌ചുകിടക്കുന്ന ദൃശ്യം തെളിയുന്നു. ഇങ്ങനെയാണ്‌ ഖസാക്ക്‌ അനൈഹികമായ സ്പർശമൊരുക്കുന്ന മിത്തായി തീരുന്നത്‌. അതിൽ മനുഷ്യരും ജീവികളും പ്രകൃതിയും വിവിധ സ്വരങ്ങളുതിർക്കുന്ന ഗായകരാണ്‌. ജന്മത്തിന്റെ സ്മാർത്ത പ്രേരണകളും ബന്ധങ്ങളുടെ സുഗമമായ ശരീരങ്ങളും നിത്യതയുടെ ഏകാഗ്രതകളാണ്‌.അവയിലാണ്‌ ഖസാക്കിന്റെ പൂർവസ്മൃതികളുടെ പനയോലകൾ തളിർത്തുനിൽക്കുന്നത്‌.

ഏതെങ്കിലും കാരണത്തിന്റെ അപ്രാപ്യതയല്ല ഖസാക്കിന്റെ വിഷാദം. അധോമുഖനായ സഞ്ചാരങ്ങളുടെ മുഹൂർത്തങ്ങളും അയനങ്ങളിൽ പച്ച പിടിച്ചുനിൽക്കുന്ന വ്രണപ്പാടുകളും തമ്മിലുള്ള സംഘർഷങ്ങളാണ്‌ അത്‌ നിർണ്ണയിക്കുന്നത്‌. പാത്രങ്ങളുടെ സൃഷ്ടിയിലൂടെ കലയുടെ പ്രദേശങ്ങൾ തേടിപ്പോകാതെ ,അധോവ്യഗ്രതകളുടെ വ്യത്യസ്തമായ സ്ഥലരാശിയും കാലപ്രവാഹവും നിർമ്മിക്കാനാണ്‌ വിജയൻ ശ്രമിച്ചുകാണുന്നത്‌. സൂക്ഷിച്ചു നോക്കിയാൽ ,പുഷ്‌പങ്ങൾക്കു ചുവട്ടിൽ നിന്ന്‌ മണ്ണിന്റെ ചുവപ്പ്‌ കണ്ടെത്താം. അതിൽനിന്ന്‌ പിന്നേയും താഴോട്ട്‌ പോകാം. അങ്ങനെ പരേതരുടെ തലയോട്ടികളിലേക്ക്‌ ,മൃത്യുവിന്റെ വളക്കൂറുള്ള നിശ്ചലതകളിലേക്ക്‌ ,ചെമ്പകത്തിന്റെ ആഭരണപ്പുരയിലേക്ക്‌ , മനസ്സ്‌ പറന്നുചെല്ലുന്നു.
സംഭവങ്ങളും നിശ്ശബ്ദതകളും വാക്കുകളും പ്രവർത്തികളും അന്യോന്യം വേഷം മാറികളിക്കുന്ന ആത്മ ഭൂമിയുടെ പരിതോവസ്ഥയാണ്‌ ഖസാക്കിനുള്ളത്‌. അവിടെ തരംഗങ്ങളും, തരംഗഭംഗങ്ങളും കൊത്തി തിന്നുന്ന ജൈവാവസ്ഥകളുണ്ട്‌. അവശിഷ്ടങ്ങളുണ്ട്‌. കാലത്തിന്റെ കായ്‌കളുണ്ട്‌. കന്മദത്തിന്റെ പൂക്കളുണ്ട്‌. ഋതുക്കളുടെ മർമ്മരങ്ങളുണ്ട്‌. രവിയും കരിമ്പാറക്കെട്ടിലെ ഷെയ്‌ഖും അപ്പുക്കിളിയും കരിമ്പനയിലെ കാറ്റും ഒരേ മനസ്സിന്റെ വിവിധ ഉൾപ്രേരണകളെയാണ്‌ വഹിക്കുന്നതെന്നോർക്കുക. അതുകൊണ്ട്‌ പാത്രത്തിന്റെ പൂർണ്ണത മാത്രം കലാസൃഷ്ടിയുടെ സൗന്ദര്യത്തെ നിർണ്ണയിക്കുന്നില്ല. രവിയുടെ സൃഷ്ടിയിലുള്ള മാനങ്ങളല്ല ഖസാക്കിന്റെ അഴക്‌. വാസ്തവികതയുടെ അതിരുകൾ ഭേദിച്ചു നിൽക്കുന്ന ഏതോ വിശുദ്ധ ശരീരത്തിന്റെ ദൃശ്യമാണ്‌ ഖസാക്ക്‌ മനസ്സിലുണർത്തുന്നത്‌.ദൈവം തന്റെ നീതി പീഠത്തിന്റെ മുമ്പിൽ വെച്ചു മനുഷ്യഹൃദയങ്ങളെ പുറത്താക്കുകയാണ്‌ ചെയ്യുന്നതെന്ന്‌ അമേരിക്കൻ കവി ഹോവേ എഴുതുന്നുണ്ട്‌. അന്തിമമായ വിലയത്തിൽ വെൺമയുടെ മേഘംപോലെ ഖസാക്ക്‌ പരക്കുന്നു.
രവിയുടെ ദേവശിരസ്സും മാധവൻ നായരുടെ ദേവ ചക്ഷുസ്സും ,പിന്നേയും അനേകം ജീവബിന്ദുക്കളെ കാത്തുസൂക്ഷിക്കുന്നുണ്ട്‌. ഉൾപ്രേരണകളുടെ സംസാരിക്കുന്ന ചോദനകളും ഖസാക്കിന്റെ അത്മായനങ്ങളും മനുഷ്യരും, മനുഷ്യരുടെ പ്രാണസഞ്ചാരങ്ങളുടെ ജീവികളും ജീവബിന്ദുക്കളുടെ വ്യഥിതമായ ശിശുക്കളും ഇങ്ങനെയാണ്‌ ജീവിക്കുന്നത്‌ . ഇത്‌ ഖസാക്കിനെ ഗോത്രസ്മൃതികളുടെ ചായവും പരേതാത്മാക്കളുടെ ആശിസ്സും അനുഷ്ഠാനങ്ങളുടെ വെയിലും പ്രാണയാനങ്ങളുടെ നിലാവുംകൊണ്ട്‌ നിറയ്ക്കുന്നു. കാലപ്രവാഹങ്ങളുടെ സന്ധികളിലെ ഏതോ ബിന്ദുവായി നിൽക്കുന്ന ഖസാക്കിനെ പ്രത്യക്ഷങ്ങളുടെ ഒടുങ്ങാത്ത കലവറയായാണ്‌ കാണേണ്ടത്‌. അതിൽ പ്രപഞ്ചത്തിന്റെ അനേകം സ്വരരാഗങ്ങളും ദുഃഖത്തിന്റെ വിവിധങ്ങളായ ധാതുക്കളും സംഭൃതമായിട്ടുണ്ട്‌. പ്രസാദത്തിന്‌ നോവലിസ്റ്റ്‌ നൽകിയ അർത്ഥം ഏതെങ്കിലും കാലത്തിന്റെ പരിധിയിലൊതുങ്ങുന്നില്ല. അത്‌ മനുഷ്യവംശത്തിന്റെ ആദിമമായ ധാരകളോടൊപ്പം പ്രപഞ്ചത്തിന്റെ പാദങ്ങളാർജ്ജിക്കുകയാണ്‌. ഈ ഭൂമിയിലൂടെ നടക്കാൻ ശീലിക്കുകയാണ്‌.
:

വൃക്ഷാഗ്രങ്ങൾ

aathmaayanangalute khasak/ m k harikumar

വൃക്ഷാഗ്രങ്ങൾ -10


ഖസാക്കിന്റെ മണ്ണിൽ നിന്ന്‌ പുരാതനമായ വിഗ്രഹങ്ങളും തച്ചുടക്കപ്പെട്ട ക്ഷേത്രങ്ങളും വീണ്ടും ജന്മം കൊള്ളുകയാണ്‌. അത്‌ ജീവിതത്തിന്റെ നൈരന്തര്യത്തിന്‌ ആവശ്യമായി വന്നു. ഭൂതകാലത്തിന്റെ ശിലകളും മൂലകങ്ങളും ആത്മാവിന്റെ മാർഗ്ഗത്തെ നിർണ്ണയിക്കുകയായിരുന്നു.വീഴ്‌ച്ചകളിൽ നിന്ന്‌ വർത്തമാനത്തിന്റെ ഗതി രൂപപ്പെടുത്തേണ്ടതുണ്ടായിരുന്നു. അതിനായി അവർ പ്രാകൃതമായ അനുഷ്ഠാനങ്ങളുടേയും വിശ്വാസങ്ങളുടേയും പ്രസാദം നിറഞ്ഞ കൊട്ടാരങ്ങളിലേക്ക്‌ യാത്രയായി. കുട്ടാടൻ പൂശാരിയേയും ലക്ഷ്മിയേയും ഗോപാലപ്പണിക്കരേയും കോർത്തുകൊണ്ട്‌ വിജയൻ നെയ്യുന്ന കത്തുന്ന ജീവിതമാല ആത്മാവിന്റെ തൃഷ്ണകളിൽ നിന്ന്‌ പ്രാർത്ഥനയുടെ ശിഖരങ്ങളിലേക്ക്‌ ഭ്രാന്തമായി കുതിക്കുന്ന സ്മൃതിയാണ്‌ കൊണ്ടുവരുന്നത്‌. മനസ്സിന്റെ വ്രണിതമൗനം ഭേദിച്ചുയരുന്ന രതിയും ബാഹ്യാവസ്ഥയുടെ കരുണാരഹിതമായ ഖരാവസ്ഥയും ചേർന്ന്‌ നിഷ്‌പ്രഭമാക്കുന്ന ഐഹികതയെ വിജയൻ ബോദ്ധ്യപ്പെടുത്തുന്നുണ്ട്‌. പ്രാർത്ഥനയുടേയും, ആചാരങ്ങളുടേയും പുക കെട്ടിയ അന്തരീക്ഷത്തിലും കുട്ടാടന്റെ ഉള്ളിൽ ലക്ഷ്മിയുടെ ഗതകാലം പൂത്തുതിണർത്തു നിൽക്കുന്നു. സത്യത്തിൽ ജീവിതം നൽകിയ ഭ്രാന്തിൽ നിന്ന്‌ ധർമ്മാനുഷ്‌ഠാനങ്ങളുടെ വയൽവരമ്പിലൂടെ യാത്ര ചെയ്യുകയാണ്‌ കുട്ടാടൻ. എന്നാൽ കുട്ടാടനോ , ലക്ഷ്മിയോ ഗോപലപ്പണിക്കരോ ദൈവത്തിന്റെ ചേതഃശ്രുതികളിലെത്തുന്നില്ല. അവരുടെ വർത്തമാനത്തിന്റെ മറവിന്‌ ദൈവം അത്ര പ്രിയപ്പെട്ട മിഥ്യയല്ലായിരുന്നു. ദൈവത്തിന്റെ കോവിലിൽ അവരെ ധ്യാനമൂകരാക്കിയത്‌ ഗതകാലത്തിന്റെ ഇച്ഛാഭംഗങ്ങളും കത്തിയമർന്ന തൃഷ്‌ണകളുമായിരുന്നു.

വിജയന്റെ കലാചേതനയിൽ ഒരിക്കലും, വിശ്വാസം മൂർത്തമായ വിഗ്രഹപ്രതിഷ്‌ഠകളിലേക്ക്‌ കടന്നുവരുന്നില്ല. അത്‌` അന്വേഷണങ്ങളുടെ രംഗങ്ങളിലാണ്‌ നിലയുറപ്പിച്ചിരിക്കുന്നത്‌. സത്യത്തിന്റെ മലമുകളിൽ അന്തിയുറങ്ങാനുള്ള ആദ്ധ്യാത്മികാന്വേഷണങ്ങളുടെ പ്രവർത്തനം ദൈവത്തിന്റെ സൃഷ്ടിയിൽ സംഭരിച്ചിരിക്കുന്നു. ഉള്ളിന്റെ ഭഗ്നകേന്ദ്രങ്ങളിൽ നിന്ന്‌ ഏകാഗ്രതയുടെ ശാലകളിലേക്കുള്ള പ്രയാണം സംഗതമാവുന്നു. .അതു മനുഷ്യരുടെ ഇടയിലെ സത്യവും മിഥ്യയും വേർത്തിരിച്ചില്ല. മനുഷ്യന്റെ നന്മ തിന്മകളെക്കാൾ സംസാരത്തിന്റെ നിദ്രാസക്തിയെ ഉത്തേജിപ്പിക്കുകയാണ്‌` ചെയ്‌തത്‌. അത്‌` ഐഹികമായ വിശ്വാസമായിത്തീർന്നു. ചൂടുള്ള പകലുകൾപോലെ വിശ്വാസം മനസ്സിന്റെ ഭൂമിയിൽ കിടന്നുപുളച്ചു. അതു സംഹാരത്തിന്റേയോ ,ഹിംസയുടേയോ, വാലുകൾക്കുവേണ്ടി അലയുകയായിരുന്നു. രൗദ്രമായ ,പ്രചണ്ഡമായ തേരോട്ടങ്ങളുടെ അന്ധവേഗങ്ങൾ വിശ്വാസത്തിന്റെ കർമ്മത്തിലുണ്ടെന്ന്‌ വിജയൻ രേഖപ്പെടുത്തുന്നു. അതു സംയമനത്തിനു പകരം പ്രവർത്തനത്തിന്റെ കാർക്കോടകൻമാരെ കാലത്തിന്റെ പുഴയിൽ ഇറക്കിവിട്ടു . ഇവിടെ ,വിശ്വാസത്തിന്റെ ആസക്തിയും പ്രവർത്തനങ്ങളിലുള്ള ദുഃഖവും, ലൗകികവുമായ വിലക്കുകളല്ല. അതു മർത്ത്യനെ ജീവിതത്തിൽ നിന്ന്‌ പിന്തിരിപ്പിക്കുന്ന മാർഗ്ഗമോ, ലക്ഷ്‌യമോ അല്ല.
അധോവ്യഗ്രതയുടെ പീഠഭൂമികളിൽ നിന്ന്‌ പ്രാർത്ഥനയുടെ ഏകാഗ്രങ്ങളിലേക്കുള്ള ജിജ്ഞാസയാണ്‌. ഖസാക്കിന്റെ ആതുരമായ നിമിഷങ്ങളെ അറിയുമ്പോൾ ഇത്‌ ബോധ്യമാകുന്നുണ്ട്‌. ഇവിടെ നേരിൽ നിന്നും മിഥ്യയിൽ നിന്നും അകലുന്ന മനസ്സിന്റെ പ്രാർത്ഥനകൾ ദൈവത്തിന്റെ സ്വകാര്യതയാവുന്നു. ദൈവവുമായി ഒരുമിക്കുന്ന നിമിഷത്തിലൂടേ നഷ്‌ടമായ ഗതകാലത്തിന്റെ ഹരിതകങ്ങളെ തഴുകാനിടവന്നു. ഈ വിശ്വാസങ്ങളെല്ലാം ഖസാക്കിന്റെ തലത്തിൽ വിലോലതകളാണ്‌. ശിശുവിന്റെ നിഷ്‌ക്കളങ്കത പോലെ ആർദ്രമാണിവിടെ വിശ്വാസം.അതിനു പിന്നിൽ വ്യസനങ്ങളുടെ അള്ളിപ്പിടിക്കുന്ന തീയുണ്ട്‌.ഏകാഗ്രതയുടെ ഓരോ അടരിലും മറഞ്ഞുപോയ കിനാവുകളുടെ തുരുമ്പുകൾ പറ്റിയിരിപ്പുണ്ട്‌. വർത്തമാനം പരിത്യക്തയുടെ ആണിമുനകളിൽ വിശ്രമിക്കുകയാണ്‌. ഈ വിശ്വാസങ്ങളുടേ ഭാണ്ഡത്തിൽ ദൈവവും ഒരഭയാർത്ഥിയാണ്‌. അവളുടെ സാഹോദര്യമാണ്‌ രവിയെ അങ്ങോട്ടടുപ്പിക്കുന്നത്‌. പൊരുളുകളുടെ മിഥ്യകളും യാഥാർത്ഥ്യങ്ങളും അനന്തത കളും നൽകിയ ഭർത്‌സനങ്ങൾ രവിയെ മുക്തിയുടെ മന്ത്രങ്ങൾ പഠിപ്പിക്കുകയായിരുന്നു. അതൊരു തൃഷ്‌ണയുടെ വെളിമ്പുറങ്ങളിൽ മയങ്ങിയ ശാന്തതയായിരുന്നു.

ഏത്‌ നിരർത്ഥകതയാണ്‌ മുറിവേറ്റ മനസ്സിന്റെ അത്യാഹിതത്തിലേക്ക്‌ പ്രാവായി കടന്നുവരാത്തത്‌? അറിവുകൾക്കെല്ലാമപ്പുറത്ത്‌ ,വ്യഗ്രതകളുടെ തണലിൽ നുരഞ്ഞുകിടക്കുന്ന അർത്ഥശൂന്യതകളെല്ലാം പൊള്ളുന്ന ആശങ്കകളുടെ ആലയങ്ങളായി മാറുകയാണ്‌. ഖസാക്കിന്റെ പ്രകൃതിയിൽ അലിഞ്ഞ പ്രാക്തനശ്രദ്ധകളുടെ കർമ്മങ്ങൾ ഇത്തരത്തിൽ അധോലോകത്തിന്റെ സന്ദർഭങ്ങളെയാണ്‌ തുറന്നു കാണിക്കുന്നത്‌. ഖസാക്കിന്റെ ഏകാഗ്രതയെ വിജയൻ നെയ്‌തെടുത്തിരിക്കുന്നത്‌ വർണ്ണങ്ങളും നനവുകളും പടർന്ന മനുഷ്യയാനങ്ങളുടെ ആസക്തിധാരകളിൽ നിന്നുമാണ്‌.

വർഗ്ഗസ്മൃതികളും ഗോത്രാചാരങ്ങളും മിഥ്യകളും ലയിച്ചുകിടക്കുന്ന ഏകാഗ്രതയാണ്‌ വിജയൻ അവതരിപ്പിക്കുന്നത്‌. ഏകാഗ്രത സംസാര രൂപിണിയായെങ്കിലെന്ന്‌ രവി ഓർത്തുപോകുന്നു. ഈ ഏകാഗ്രതയിലൂടേ പ്രാണവേദനകളെ കഴുകിയെടുക്കാനാവുമോ? സമാധി തേടുന്ന പ്രജ്ഞപോലും ഇത്ര ദുഃഖഭരിതമോ? അതിന്റെ സ്മൃതിനാദങ്ങളിൽ കൈവിരലുകൾപോലും പൊടിഞ്ഞുപോകുന്നു. ശാന്തിയുടെ ഇലത്തട്ടുകളിൽ ആത്മാവിനെ നടുവാനായി മനസ്സ്‌ വെമ്പുന്നു. സഞ്ചാരങ്ങളുടെ വഴികളിലെല്ലാം ശരീരവും മനസ്സും കൊഴിഞ്ഞുപോവുകയാണ്‌. അറിവിൽ നിന്ന്‌ വമിച്ച അനശ്വരസ്മൃതികൾ, അതായിരുന്നു രവിയുടെ പ്രതിഷ്ഠകൾ. എന്നാൽ ദൈവത്തിന്റെ സുരക്ഷിതമായ ഇടം ഖസാക്കിന്റെ ഏതു തിരിവിലാണ്‌ ഒളിഞ്ഞിരിക്കുന്നത്‌? ഞരമ്പുകൾ തോറും ഒഴുകി നിറയുന്ന സന്ദിഗ്‌ദ്ധതകളുടെ ലൗകിക മൊഴികൾ ഖസാക്കിന്റെ ഭൂപ്രകൃതിയിലലിയുന്നു. വാസ്തവത്തിൽ , ഇത്‌ ഖസാക്കിന്റെ ഏകാഗ്രതയുടെ അനേകം ധാതുക്കളിലൊന്നു മാത്രമാണ്‌. അറിവിന്റേയും വിശ്വാസത്തിന്റേയും പ്രാർത്ഥനയുടേയും കാമങ്ങളുടേയും സ്നേഹദ്വേഷങ്ങളുടേയും അനേകം വൃക്ഷാഗ്രങ്ങൾ ഖസാക്കിലുണ്ട്‌. ഭൗതികപ്രത്യക്ഷങ്ങളുടെ ഗ്രാമപ്രകൃതിക്കപ്പുറത്ത്‌ , ഖസാക്കിൽ താളവും താളഭംഗവും നിറഞ്ഞ ഏകാഗ്രത തളം കെട്ടി നിൽക്കുന്നു. അപ്പുക്കിളിയും ഭൗതികപ്രത്യക്ഷങ്ങളുടെ ആബിദയും ജീവിതരീതിയുടെ സരളതയും ആർദ്രമായ മോഹഭംഗങ്ങളും കൊണ്ട്‌ താളം സൃഷ്ടിക്കുന്നുണ്ട്‌. എന്നാൽ രവിയുടെ ദുഃഖപരിസരങ്ങളിൽ ഓർമ്മകളുടെ കറ അവശേഷിക്കുന്നു. അതുകൊണ്ട്‌ താളത്തിന്റെ നീലാംബരത്തിലേക്ക്‌‍ ശ്രദ്ധ പറന്നുചെല്ലുന്നില്ല. ഇവിടെ വാൻഗോഗിന്റെ താളം ഓർമ്മിച്ചുപോകുകയാണ്‌. വയലിലെ കർഷകന്റെ ചിത്രമെഴുതുമ്പോൾ മണ്ണും കർഷകനും പരസ്പരം ലയിക്കുന്നതു കാണാം.
മണ്ണ്‌ കർഷകനെ പുണരുമ്പോൾ കർഷകൻ മണ്ണിന്റെ നിറങ്ങളിലേക്ക് ചെല്ലുന്നു. സൂര്യൻ കർഷകനേയും വയലിനേയും തഴുകിയുറക്കുന്നു. കർഷകനും വയലും ചേർന്ന്‌ സൂര്യനെ ആത്മഗീതം വായിച്ചു കേൾപ്പിക്കുന്നു. രവി, ഈ താളബോധത്തിൽ നിന്നാണ്‌ പതിച്ചത്. ദേവിയുടെ മുമ്പിലെത്തിമ്പോൾ ദേവിയും തന്നെപ്പോലെ ഒരഭയാർത്ഥിയാണെന്നറിയുന്ന ഏകാകിയുടെ ശ്രദ്ധ താളഭംഗങ്ങളില്‍ നിന്നുൽഭവിച്ചതാണ്‌. ദൈവത്തിന്റെ മിഥ്യപോലും ശാന്തിക്ക്‌ മരുന്നാകാത്ത ഐഹികതയുടെ ബീജം ഖസാക്കിൽ വീണുകിടക്കുന്നു. അതിൽ താളവും താളഭംഗവും ഏകാഗ്രതയുടെ വിശാലമായ ശരീരത്തിൽ ശ്വസിച്ചു കഴിയുകയാണ്‌.

നീറിപ്പിടിക്കുന്ന ആദ്ധ്യാത്മിക വീഴ്‌ച്ചകൾ നരന്റെ ശാപഗ്രസ്തമായ വർത്തമാനമായി നിൽക്കുന്നു. പിന്നെ സം വത്സരങ്ങളുടെ സംയമനത്തിലൂടെ ആത്മായനങ്ങളുടെ ഋതു. പഥികന്റെ നീരാഴങ്ങളുടേ തെളിമ. കറുത്ത പുഷ്പ്പങ്ങളുടെപരാഗണങ്ങൾ. മഥനങ്ങളുടെ ഇഴനിഴലുകളിലൂടെ പ്രാണന്റെ ഭാരവുമായി ഖസാക്കിന്റെ ശരീരത്തിലേക്ക്‌ ഒരു യാത്ര. ഖസാക്കിൽ സ്പന്ദിക്കുന്ന ജൈവലോകത്തിന്റേയും പദാർത്ഥലോകത്തിന്റേയും ആത്മാവ്‌. വിശ്വാസവും കർമ്മവും ചേർന്ന വൃക്ഷാഗ്രങ്ങളുടെ ലൗകികാവസ്ഥ ഒരുക്കുന്നതിലൂടെ തെളിഞ്ഞെത്തുന്ന അപൂർവ്വമായ ആത്മബോധങ്ങൾ. പ്രവർത്തനത്തിന്റെ ശബ്ദഘോഷങ്ങളിൽ നിന്ന്‌ ദുഃഖവിമുക്തി നേടിയവരുടെ പലായനങ്ങൾ. വിശ്വാസങ്ങളാകുന്ന പ്രാർത്ഥനകളും നിഷ്ഠകളകന്ന രതിതൃഷ്ണകളും ഈണമിടുന്ന ശരീരവും മനസ്സും .
ഖസാക്കിന്റെ പ്രജ്ഞാപരമായ വിചാരങ്ങൾ മനുഷ്യരിലൂടേയും വസ്തുക്കളിലൂടേയും പരിണമിക്കുകയാണ്‌. കേഴുന്ന ,ആലോചനകളിലകപ്പെട്ടുപോയ പ്രകൃതിയെ വേർതിരിച്ചറിയാൻ വയ്യാത്ത ദുരൂഹത. അത്‌ വിശ്വാസത്തിന്റെ ദുഃഖമായിത്തീരുകയാണ്‌. സ്വയമറിയാതെ പേറുന്ന സത്യബോധങ്ങളുടേ പ്രവർത്തനോൻമുഖമായ മൂല്യങ്ങൾ. അത്‌ വിഷാദാത്മകമായ മൂല്യങ്ങളായിത്തീരുകയാണ്‌. നിദ്രയുടെ ഏകാന്തതയിലേക്ക്‌ പോകാൻ രവിയെ പ്രേരിപ്പിച്ചതു ഇതാണ്‌. ഖസാക്കിലെ ഗ്രാമീണരും കുട്ടാടൻ പൂശാരിയും ചേർന്നൊരുക്കുന്ന മാന്ത്രിക വിശ്വാസങ്ങളുടെ അനുഷ്ഠാനങ്ങളിലേക്ക്‌ രവി ഏതോ നിലയിൽ കടന്നുചെല്ലാനാഗ്രഹിക്കുന്നു. രതിയിൽ നിന്ന്‌ പൂജയിലേക്ക്‌ ,പൂജയിൽ നിന്ന്‌ വീണ്ടും രതിയിലേക്ക്‌, പിന്നെ വീണ്ടും- പ്രാർത്ഥനകളിലേക്ക്‌. അങ്ങനെ നീളുന്ന യാത്രയുടെ സ്വരം ഖസാക്കിനെ വിശ്വാസങ്ങളുടെ വൃക്ഷാഗ്രങ്ങളിലേക്കെത്തിക്കുന്നു. തോമസ്‌ ഹാർഡി ധ്വനിപ്പിച്ചതുപോലെ വിശ്വാസത്തിനു വേണ്ടി മനസ്സുരുകുമ്പോൾ ഓരോരുത്തരും ദൈവികതയുടെ അസംസ്കൃത വസ്‌തുവാകുകയാണ്‌. മനുഷ്യരും വസ്തുക്കളും ഖസാക്കിൽ പുതിയ ജൈവസംയുക്തങ്ങളായിത്തീരുന്നുണ്ട്‌. അങ്ങനെ ഖസാക്ക്‌ പ്രാണയാനങ്ങളുടെ വഴിത്തിരിവിൽ വെച്ച്‌ ദൈവികതയുടെ അസംസ്കൃതവസ്തുവായി മാറുന്നു. പ്രപഞ്ചത്തെ സമാഹരിക്കുകയോ , ആത്മപക്ഷങ്ങൾക്കുവേണ്ടി പോരാടുകയോ ചെയ്യുന്നത്‌ വിജയന്റെ വിശ്വാസസംബന്ധമായ വിഷമതക‌ളോട് ചേർന്നു നിൽക്കുന്നില്ല. ഏകാകിയായിരിക്കുന്നതിനിടയിൽ , മനസ്സിനെ നയിക്കാൻ ഭൗതികലോകത്തില്‍ നിന്ന്‌ എന്താണ്‌ കാംക്ഷിക്കാനുള്ളതെന്ന അന്വേഷണമാണ്‌ വിശ്വാസത്തിന്റെ പ്രവർത്തനങ്ങളിലെത്തിക്കുന്നത്‌.

ഖസാക്കിനെ വിശ്വാസങ്ങളുടെ മാതാവായിട്ടാണ്‌ കാണേണ്ടത്‌. ഉൾപ്രേരണകളുടെ ബാല്യം കളം വരയ്ക്കുന്ന ദുഃഖം ഖസാക്കിനെ ചരിത്രവും ജീവിതവും കാലവും നിറയുന്ന തടാകമാക്കി മാറ്റുന്നു. കഥാപാത്രങ്ങളുടെ സഞ്ചാരം , അവർ സൃഷ്ടിച്ചെടുക്കുന്ന ബന്ധങ്ങൾ , എല്ലാം വഴിച്ചാലുകളൊരുക്കുന്നു.ഓർക്കുക, ഖസാക്കിലെ ഒരു പാത്രവും തീക്ഷണമായ ബന്ധം ദാഹിക്കുന്നില്ല. വിജയൻ എഴുതുന്നതു പോലെ വരും വരായ്‌കകളുടേ ഋതുഭ്രമണങ്ങളിലൂടെ അവർ ബന്ധങ്ങളിലും വിശ്വാസങ്ങളിലും വന്നു മുട്ടുക മാത്രമാണ്‌ ചെയ്‌തത്‌. മനസ്സിൽ പ്രതിരോധം നഷ്ടപ്പെടാതിരിക്കാൻ, മുറിവേൽക്കാതിരിക്കാൻ ഓരോ ജൈവതന്തുവും ധാരണയുടെ മേലങ്കിയിടുന്നു. നൈസാമലി ഹിംസയുടെ നിശ്ശബ്ദതയിലൂടെ മനസ്സിന്റെ പ്രവേഗങ്ങൾ മറച്ചുപിടിക്കുന്നു. അപ്പുക്കിളി അജ്ഞേയതയിൽ നിന്ന്‌ സരളമായ വാങ്ങ്‌മയങ്ങളിലേക്ക്‌ പതിച്ചിരിക്കുന്നതുകൊണ്ട്‌ അറിവിന്റെ ബാല്യത്തിലാണ്‌ കഴിയുന്നത്‌.
ഖസാക്കിന്റെ പുരാതന വിശ്വാസങ്ങളുടെ ഉള്ളുറപ്പ്‌ തുറന്നു കാണിക്കാനും കൂടിയാണ്‌ ഈ സൃഷ്ടി. മൊല്ലാക്ക സമാന്തര യാനങ്ങളുടെ അകൃത്രിമ സന്ദേശങ്ങളിലൂടേ എല്ലാരിൽ നിന്നും അകന്നുപോകുന്നു. സ്നേഹത്തിന്റെ വ്രണം എന്നോ കണ്ടെത്തിയപ്പോൾ മനുഷ്യൻ പാപിയുടെ വിത്താണെന്ന്‌ ബോദ്ധ്യപ്പെട്ടു. എന്നിട്ടും മൊല്ലാക്കക്ക്‌ സ്നേഹത്തിന്റെ പ്രലോഭനത്തിൽ നിന്ന്‌ രക്ഷപ്പെടാനാവില്ല. മാധവൻനായർ ജ്ഞേയമായ ഓർമ്മകളുടെ ഇടിഞ്ഞുപൊളിഞ്ഞ ചുമരുകൾ കാൺകെ ദുഃഖിതനാണ്‌. എങ്കിലും അജ്ഞേയമായ പൊരുളുകളുടെ തിരകൾക്കൊപ്പം സൗഹൃദങ്ങളിലൂടെ ജീവിക്കുകയാണ്‌. ഇതിലൂടെ ഖസാക്കിന്റെ പ്രകൃതാവസ്ഥകളുടെ പുരാവൃത്തം പ്രത്യക്ഷമാകുന്നുണ്ട്‌. നിരർത്ഥക ദുഃഖങ്ങളെന്ന്‌ രവി ഓർക്കുന്നുണ്ടെങ്കിലും അതിൽ ഭൂതകാലത്തിന്റെ സ്നേഹസ്പർശങ്ങൾ മുറിവുകളായി വന്ന്‌ എത്തിനോക്കുന്നു. അച്ഛൻ, അമ്മ,ചിറ്റമ്മ, പത്‌മ-അങ്ങനെ നീണ്ടുപോകുന്ന ബന്ധങ്ങളുടെയിഴയിൽ തന്റെ സ്പർശങ്ങൾ എന്തെല്ലാമായിരുന്നു? മിഥ്യകളിലൂടേ നടന്നലയുമ്പോഴും രവിയെ ശൂന്യതയുടെ ആഴം അളക്കാൻ നോവലിസ്റ്റ്‌ നിയോഗിക്കുന്നില്ല. രവിയുടെ മനസ്സ്‌ സ്നേഹങ്ങളും സ്നേഹശമനങ്ങളും നിറഞ്ഞ സമയ മുനയിലാണ്‌ കുടികൊള്ളുന്നത്‌ . അത്‌ ആർദ്രമായ പ്രാണയാനമാണ്‌.
ജീവിതത്തോടുള്ള ആസക്തി , ഇവിടെ ജീവിതത്തിന്റെ അറിവിലേക്കുള്ള ആസക്തിയായിത്തീരുന്നെന്നു മാത്രം. അറിവിന്റെ അനുഭവം ,ദുഃഖങ്ങളും പാപങ്ങളും ഏൽപിച്ച്‌ നരനെ അനാഥനാക്കുകയാണ്‌. എങ്കിലും രവിയിൽ പാപസ്മൃതിയുടെ സ്ഥായിയായ രാഗമില്ല. പാപത്തെക്കുറിച്ചുള്ള ഓർമ്മകൾ കടന്നുവരുകയേ ചെയ്യുന്നുള്ളു. അല്ലെങ്കിൽ ആസക്തിയുടെ പാപബോധവും രവിയിൽ ഒരുപോലെയാണ്‌. അന്തിമമായി ,ഈ ബോധാവസ്ഥ , ഖസാക്കിന്റെ കാലബോധത്തെ ഘനപ്പെടുത്തുന്നുണ്ട്‌.

വിശ്വാസങ്ങളുടെ കർമ്മം

aathmayanangalude khasak/ m k harikumar

വിശ്വാസങ്ങളുടെ കർമ്മം -9


ഓർമ്മകളിൽ അലിയുന്നില്ല, കണ്ണീർ തുടിച്ചു നിൽക്കുന്ന ദിനവേളകളുടെ ശൈത്യം. രവിയുടെ ബോധരാവുകളിൽ സ്നേഹത്തിന്റെ ഭാഷയും കരുണയുടെ ഈണവും ആസക്തിയുടെ രാഗവും ഏതു വിധമാണ്‌ ലയിച്ചുച്ചേർന്നിരിക്കുന്നതെന്ന്‌ തിരക്കുമ്പോൾ മനോവേളകളുടെ മിന്നിമിന്നിപ്പോകുന്ന രാത്രിവണ്ടികളെത്തിച്ചേരുന്നു. ചാന്തുമ്മയുടെ അരികിലിരുന്നുകൊണ്ട്‌ ഹൃദയവികാരങ്ങളെ അലിയിപ്പിക്കാനൊരുങ്ങുമ്പോൾ , എവിടേയോ നോവനുഭവപെടുന്നു. മനസ്സിന്റെ നാഴികകളിൽ ഇനിയും ജനിക്കാത്ത കഴുകന്മാരുണ്ട്‌. അവയെ കണ്ടെത്താനായി , വര്‍ഷങ്ങളിലൂടെ രവി പിന്നെയും പിന്നെയും അലഞ്ഞു. വിഷമങ്ങളുടെ ഋതുക്കളിൽ നട്ടുവളർത്തിയ സ്വന്തം സസ്യങ്ങളെ രവി ഓർത്തു. എന്നാല്‍ ഓരോ താവളത്തിലെത്തിച്ചേരുമ്പോഴും വേരിൽ പറ്റിച്ചേർന്നു കിടക്കുന്ന വിശ്വാസങ്ങളുടെ ഘടന മാറുന്നില്ല. വിശ്വാസങ്ങളുടെ പ്രാകൃതമായ അനുഷ്ഠാനങ്ങളിലൂടെ രവി മറ്റുള്ളവരെ അറിയാൻ ശ്രമിച്ചു. റസ്സൽ അറിയിക്കുന്നുണ്ട്‌. മനുഷ്യന്റെ സ്വാതന്ത്ര്യം എന്നു പറയുന്നത്‌ , നന്മയെ കുറിച്ചുള്ള സ്വന്തം ബോധത്തിൽ നിന്നുദിച്ച ദൈവത്തെ സൃഷ്ടിക്കുന്നതിലും നിത്യനിമിഷങ്ങളെ ഉത്തേജിപ്പിക്കുന്ന കർമ്മങ്ങളിലുമാണെന്ന്‌ .
വിജയൻ ഓർമ്മകളെ സാന്ത്വനിപ്പിക്കാനുള്ളത്‌ തേടുന്നത്‌! ആത്മാവിന്റെ വിഗ്രഹങ്ങളുടെ സമീപത്താണ്‌. ഏത്‌ വികാരങ്ങളുടെ കടലുകളിൽ കഴിഞ്ഞാലും പ്രാർത്ഥനയുടെ അനുരണനങ്ങളിൽ നിന്ന്‌ രക്ഷപ്പെടാനില്ലെന്ന്‌ ഖേദത്തോടെ വിജയൻ ഓർമ്മിപ്പിക്കുന്നത്‌ ഇതുകൊണ്ടാണ്‌. വിശ്വാസങ്ങൾ ദുഃഖത്തിനുള്ള വഴിമരുന്നുമാത്രമായിരുന്നു. അതിന്റെ പ്രാചീനമായ സുഭഗതയിൽ രവിയുടെ ജൈവഭാരത്തിന്റെ തൊങ്ങലുകൾ ബാഹ്യലോകവുമായി ഇഴബന്ധം സ്ഥാപിച്ചു. സ്നേഹവും ആസക്തിയും മനുഷ്യന്റെ മൂല്യബോധങ്ങളുടെ വിരുന്നുകളിൽ പങ്കെടുക്കാതെ മനസ്സിന്റെ കാട്ടിലൂടെ സഞ്ചരിക്കുകയായിരുന്നു.
ദ്വേഷവും, തൃഷ്ണയും കാലത്തെ അതിജീവിക്കാനുള്ള വിശ്വാസങ്ങളുടെ അനുഷ്ഠാനങ്ങളായി മാറി. സ്വാതന്ത്ര്യത്തിനും ദിവ്യ വിധിക്കുമിടയിലെ ഭഗ്നാശയചിത്തത്തിന്റെ പാലമാണ്‌ അനുഷ്ഠാനമെന്ന്‌ ആർതർ കൊയ്സ്റ്റലർ പറയുന്നുണ്ട്‌. കർമ്മങ്ങളുടെ മൊട്ടിനുള്ളിൽ പ്രാർത്ഥനയുടെ രോദനം സംഭരിക്കുന്നു. അത്‌ സ്വാച്ഛന്ദ്യത്തിനും വിധിക്കുമിടയിലുള്ള കരുണാപൂർണ്ണമായ വെളിപ്പെടുത്തലുകളെ ഓർമ്മകൾകൊണ്ട്‌ നനയ്ക്കുന്നു. അപ്പുക്കിളിയും മാധവന്നായരും പകർന്നുകൊടുക്കുന്ന ലോകാവസ്ഥകൾ രവിയും ഖസാക്കിനു നൽകുന്നുണ്ട്‌. ഖസാക്കിന്റെ തൃഷ്ണകളിൽ രവി ഏതോ ഉൾപ്രേരണയുടെ ആത്മയാനമായി നിന്നപ്പോൾ , അനുഷ്ഠാനങ്ങൾ പ്രാകൃതമായ സ്വച്ഛതയോടെ ആഭരണങ്ങൾ കണ്ടെത്തി. സ്നേഹിച്ചുകൊണ്ട്‌ ഖസാക്കിന്റെ പ്രകൃതിയിൽ നിന്ന്‌ രവി മനസ്സിനുള്ള സസ്യങ്ങൾ പറിച്ചെടുത്തു. അങ്ങനെ മാധവൻ നായരും അപ്പുക്കിളിയും രവിയും പ്രകൃതിയും പദാർത്ഥങ്ങളും വിശ്വാസങ്ങളും നിശാചർച്ചകളിൽ പങ്കു കൊണ്ടു. ഖസാക്കിലെ വിരുന്നിൽ ജീവിതാവസ്ഥകളുടെ സം വാദങ്ങൾ പ്രാകൃതവിശ്വാസങ്ങളുടെ കർമ്മ രേഖകളായിത്തീരുന്നുണ്ട്‌. പ്രവർത്തനങ്ങളുടെ പാന്ഥാവിൽ നിന്ന്‌ മനുഷ്യൻ ,ഇവിടെ പിൻമാറുന്നില്ല, നന്മതിന്മകൾക്കപ്പുറത്ത്‌ പ്രാചീന വിശ്വാസങ്ങളുടെ സരളതയിൽ മനുഷ്യൻ നേരിനെ അറിയുകയായിരുന്നു. സത്യബോധത്തിന്റെ പ്രാപഞ്ചികമായ വിശ്വാസതലങ്ങൾ കണ്ടെത്തുന്നതിൽ ഓരോ നിമിഷത്തിന്റേയും ആന്തരികാസക്തിയെ പ്രവർത്തനോൻമുഖമാക്കി ഉപയോഗിക്കുകയാണ്‌. നേരിന്റെ വിളി ലോകത്തിന്റെ സുഗമധാരക്കുവേണ്ടിയുള്ള പ്രാർത്ഥനയല്ല.

ഉള്ളിന്റെ മൂശക്കൊത്ത സാദ്ധ്യതകളുടെ ബാഹ്യചേരുവകൾ സ്വകാര്യമായി ചില കർമ്മാനുഷ്‌ഠാനങ്ങളിലേക്ക്‌ കടന്നുചെല്ലുകയാണ്‌. അങ്ങനെ നേരിന്റെ വ്യാകരണങ്ങൾക്കുള്ളിൽ തപ്‌തമായ ഹൃദയം ഉരുവാകുന്നു. വിശ്വാസങ്ങളുടെ അനുഷ്ഠാനങ്ങൾക്കു പിന്നിൽ മൂകമായി മന്ത്രിക്കുന്നത്‌ വ്യസന ച്ഛന്ദസ്സുകളാണ്‌. ഏത്‌ ഏകാകികതയുടെ നടുവിലാണ്‌ താൻ വിശ്വസിച്ച അനുഷ്ഠാനങ്ങളുടെ പകിട്ട്‌ നഷ്ടപ്പെട്ടത്‌? കർമ്മപഥങ്ങളുടെ ആകുലമായ വിപത്‌ സന്ധികളിൽ ഐഹികതയുടെ ഏത്‌ രാഗമണ്‌ മൂകമായിപ്പോയത്‌? പ്രാചീനതയുടെ ഗംഗാതടങ്ങൾ , ആത്മാവിന്റെ സ്നേഹാന്വേഷണങ്ങൾ , പുരാതന ലിഖിതങ്ങളുടെ ഓർമ്മകളുമായി മനുഷ്യരിലൂടെ അലഞ്ഞു നടക്കുന്ന മനസ്സുകൾ, പരാഗണങ്ങളുടെ നദിപ്രവാഹത്തിൽ മുഗ്‌ദ്ധമായ ചുംബനങ്ങൾ നിക്ഷേപിക്കുന്ന ശിരസ്സുകൾ-നൈരന്തര്യത്തിന്റെ സ്പർശങ്ങൾ നേരിടാനായി ഖസാക്കിലെ വിശ്വാസങ്ങൾ കണ്ടെത്തിയ കർമ്മം തെളിയുന്നു. വഴിയമ്പലങ്ങളിൽ ജീവിതത്തിന്റെ ജലം നിറയുന്നു. മറുകര കാണാതെ ഒരു കടൽ പിന്നെയും പരന്നുകിടക്കുന്നു.

ഖസാക്കിന്റെ അധോലോകങ്ങളിൽ ജന്മസ്മൃതികളുമായി നിന്നു തിരിയുന്ന മനുഷ്യരെ പൗരാണികമായ പുരാവൃത്തങ്ങളുമായി വിശ്വാസങ്ങൾ ബന്ധിച്ചിരിക്കുന്നു. വിശ്വാസങ്ങൾ അവരുടെ ജീവിതങ്ങളിൽ സമാധിനിദ്രയുടെ ആഴങ്ങളാണ്‌ ഉരിഞ്ഞിട്ടിരിക്കുന്നത്‌. അത്‌ പ്രവർത്തനത്തിന്റെ മൂകമായ ഹൃദയത്തെയോ ,ദിവ്യമായ വചസ്സിനേയോ ഓർമ്മിപ്പിക്കുന്നുണ്ട്‌. വംശത്തിന്റെ ഖരാവസ്ഥയിൽ ഉറച്ചുപോയ തങ്ങളുടെ മനസ്സിന്റെ രഹസ്യമായി ആ വിശ്വാസങ്ങളെ അവർ അനുഭവിക്കുകയായിരുന്നു. അത്‌ അവരെ ആദ്ധ്യാത്മികമായി ചിട്ടപ്പെടുത്തുകയും മണ്ണിന്റെ സ്മൃതിയുമായി ച്ചേർത്തുനിർത്തുകയും ചെയ്‌തു. മനുഷ്യൻ ക്രമപൂർണ്ണമായ നിയോഗങ്ങളിലൂടെ നടന്ന്‌ മനുഷ്യനിലെത്തേണ്ടവനാണെന്ന വിശ്വാസം അവരുടെ കർമ്മങ്ങളിൽ നിഴലിട്ടു നിന്നു. സ്നേഹിക്കുമ്പോഴും തൃഷ്ണകളിൽ വീണുപോകുമ്പോഴും ഉള്ളിന്റെ വിശ്വാസസന്ദർഭങ്ങളിൽ നിന്ന്‌ അകന്നു പോകാതെ ബന്ധിക്കുന്ന സാക്ഷി ഖസാക്കിന്റെ സ്പന്ദനങ്ങളിലുണ്ടായിരുന്നു. ഉറച്ചുപോയ ധാരണകൾ കൊണ്ട്‌ തൊട്ടറിയുന്ന ഹിമവേളകൾ ഖസാക്കിന്റെ വേളകളിൽ നിറഞ്ഞിതിങ്ങനെയാണ്‌. നാഗത്താന്മാരും പ്രേതങ്ങളും വിശ്വാസങ്ങളുടെ വേഷം കെട്ടി നരന്റെ ദേശങ്ങളിൽ വന്ന്‌ പ്രപഞ്ചത്തിന്റെ പ്രാഗ്‌രൂപം കാണിച്ചുകൊടുത്തപ്പോൾ അത്‌ ഖസാക്കിന്റെ ഉണർച്ചകളുടെ നിഗൂഢതയിലാണ്‌ ചെന്നെത്തിയത്‌. പനയുടെ ചീർത്ത ചിതമ്പലുകൾ പൊഴിഞ്ഞുകിടക്കുന്ന സ്വപ്‌നങ്ങളും നാഗകന്യകളുടേ തുഷാരശുദ്ധിയുള്ള ആസക്തികളും ഖസാക്കിന്റെ കർമ്മപഥങ്ങളിൽ ചാലുകളൊരുക്കി.

ജീവിതത്തിന്റെ തുടർച്ചകൾ അറിയാനും അങ്ങനെ വിപുലമായ ധാരണകളിൽ നിന്ന്‌ പതിച്ച്‌ അറിവിന്റെ സരളതകളിൽ തൃഷ്ണകളുടെ പരിശുദ്ധ സ്നാനം നിറവേറ്റാനും ഖസാക്കിലെ പദാർത്ഥസംയുക്തങ്ങൾ യാത്രയാവുകയാണ്‌. കുടിലിന്റെ ഏകാന്തതയിൽ നിന്ന്‌ വെളിമ്പുറങ്ങളുടെ ഏകാന്തതയിലേക്ക്‌ കുപ്പുവച്ചൻ നടന്നുവെന്ന്‌ വിജയൻ അറിയിക്കുന്നത്‌ വിശ്വാസങ്ങളുടെ സരളമായ സത്യ വാങ്ങ്‌മൂലങ്ങളും വിശദമായ മൗനത്തിന്റെ താഴ്‌ന്ന താളവും നിറഞ്ഞുകിടക്കുന്ന ഖസാക്കിന്റെ പ്രാണയാനങ്ങളെ ഓർമ്മിപ്പിക്കാൻ വേണ്ടിയായിരുന്നു.
ഖസാക്കിലെ വിശ്വാസത്തെ തേടിപ്പോവുമ്പോൾ ഏതെങ്കിലും മനുഷ്യന്റെ കർമ്മാനുഷ്ഠാനങ്ങൾ അപര്യാപ്തമായിത്തീരുന്നു. സത്യത്തിൽ എല്ലാവരുടേയും പ്രവർത്തനങ്ങളുടെ ആകാശമായിത്തീരുകയാണ്‌. , ഈ വിശ്വാസം. നേരിന്റെ അനൈഹികമായ സ്വച്ഛതയിലും നിശ്ശബ്ദതയിലും വസിച്ചുകൊണ്ടാണ്‌ അവർ പ്രാകൃതമായ കർമ്മങ്ങളുടെ വിശ്വാസങ്ങളെ രേഖപ്പെടുത്തുന്നത്‌. വിശ്വാസത്തിന്റെ കർമ്മം നിലനിൽപ്പിന്റെ അനിവാര്യമായ ശ്വസനവും മനുഷ്യബന്ധങ്ങളുടെ നാഡിയായ ശക്തിയുമായിത്തീരുന്നു. രവിയും അപ്പുക്കിളിയും കർമ്മങ്ങളിലൂടെ പ്രാക്തനവിശ്വാസത്തിന്റെ രണ്ടു നിറങ്ങൾ ഖസാക്കിന്റെ മണ്ണിൽ വരച്ചിടുന്നു. തുമ്പികളുടേയും പൂക്കളുടെയും പ്രകൃതിയിൽ ,വിരിയാത്ത പൊരുളുകളുടെ പ്രത്യക്ഷങ്ങളിൽ, ബന്ധങ്ങളുടെ ധ്രുവീകരണങ്ങളിൽ അപ്പുക്കിളി ശാന്തതയോടെ കഴിയുന്നു. എന്നാൽ രവി ഓർമ്മകളുടെ ശാപവും പേറി ലൗകികതയുടെ ആശ്രമങ്ങൾ തോറും ശാന്തിക്കായി അലയുകയാണ്‌. നന്മയും തിന്മയും അണിയിച്ചൊരുക്കുന്ന യാതൊരു ഭൗതികതയും ഇവിടെ സ്പർശിക്കപ്പെടുന്നില്ല. ജീവിതത്തിന്റെ നിശ്ച്ചല ചിത്രങ്ങളിൽ നിന്ന്‌ അതിഭൗതികവിതാനങ്ങളിലേക്കുള്ള പ്രവാസമാണ്‌` വിശ്വാസത്തിന്റെ ഭാഷയായി പ്രത്യക്ഷപ്പെടുന്നത്‌. വിശ്വാസം പ്രകടനാത്മകതയിലേക്കോ വർത്തമാനത്തിന്റെ സമുന്നതമായ ആശ്ലേഷത്തിലേക്കോ വന്നെത്തുന്നില്ല.
വിശ്വാസങ്ങളുടെ ആദിമമായ പ്രവർത്തനശാലയായി ജീവിതം തുടരുകയാണ്‌. നേരിന്റെ അസ്വാസ്ഥ്യം വിതച്ച നേര്‍‌രേഖകളിലൂടെ അത്‌ മുന്നോട്ടു പോകുന്നു. പനമ്പട്ടകളിൽ ഇടിമിന്നലും കാറ്റുമുണ്ടെന്ന്‌ സൂചിപ്പിച്ച ഉടനെ തന്നെ പനയുടെ കൂർത്ത ചിതമ്പലുകളിലെ തേളിനെ ഓർമ്മിപ്പിക്കുന്നു. പെട്ടെന്നുതന്നെ പനകയറ്റക്കാരൻ തഴമ്പിക്കുറിച്ച്‌ സംസാരിക്കുന്നു. ഇങ്ങനെയാണ്‌ വിജയൻ വിശ്വാസങ്ങളുടെ ഭീതിദമായ ആരോഹണം ആവിഷ്‌ക്കരിക്കുന്നത്‌. നൈസാമലിയുടെ നൈരന്തര്യത്തിലൂടെ , വിജയൻ മതിഭ്രമങ്ങളിൽ നിന്ന്‌ വിശ്വാസത്തിലെത്തിച്ചേരുന്ന ചിത്താവസ്ഥയെ പരിചയപ്പെടുത്തുന്നു. ഭൂമിയുടെ തുരുമ്പിൽ നിന്നും പ്രാകൃത ജഡാവശിഷ്ടങ്ങളിൽ നിന്നും സ്വച്ഛതയിലേക്ക്‌ ചേക്കേറുന്ന ഖസാക്കിന്റെ വർത്തമാനസ്വരം നാമിവിടെ കേട്ടറിയുകയാണ്‌. ഐന്ദ്രികവേളകളുടേയോ വൈകാരിക മുഹൂർത്തങ്ങളുടേയോ ഗന്ധം മുറ്റിനിൽക്കുന്ന തോന്നലുകളിൽ നിന്ന്‌ നിത്യമായ പ്രവാസം നേടിയെടുക്കുകയാണ്‌ വിശ്വാസം. അതാണ്‌ ഖസാക്കിന്റെ ഗ്രാമ്യാവസ്ഥകളെ പ്രപഞ്ചത്തിന്റെ മഹത്തായ അന്തര്‍ധാരകളിലെത്തിക്കുന്ന സ്വാച്ഛന്ദ്യം.

കർമ്മങ്ങളുടെ വിശ്വാസവുമായി മനുഷ്യൻ ഐഹികതയെ അറിയുകയാണ്‌. അതിൽ വിചാരിച്ചിരിക്കാത്ത സുഖദുഃഖങ്ങളുടെ ചെമ്പൻമൂകത തത്തിക്കളിക്കും.വേർതിരിച്ചെടുക്കുന്ന ധാരണയുടെ തടാകത്തിൽ കര്‍തൃലോകത്തിന്റെ മുഴുവൻ വിധിയും പേറി മനസ്സ്‌ ജീവിതത്തെ അറിയും. "റൊമെയ്‌ൻ റോളണ്ടിനെ "ഓർക്കുമ്പോൾ , സ്വയം പേറുന്ന ദൈവത്തിന്റേയും,സൃഷ്ടിയുടേയും കരുണയിലേക്ക്‌ നാമെത്തിച്ചേരുന്നു. വിശ്വാസങ്ങൾ വാസ്തവത്തിൽ മനുഷ്യനെ ഏകാന്തനായ പോരാളിയും അഭയാന്വേഷിയായ ഭക്തനുമാക്കിത്തീർക്കുകയാണ്‌. ഓരോന്ന്‌ പ്രവർത്തിച്ചുകൊണ്ട്‌ ജീവിതത്തിന്റെ ധാര മുറിയാതെ സംരക്ഷിക്കുന്നു. അതിലൂടെ ആയുസ്സിന്റെ കാമങ്ങളെ അരിഞ്ഞുവീഴ്‌ത്തുകയാണ്‌`. മുക്തിയുടെ വാതിലുകൾ തേടി മനുഷ്യനിലെ മനുഷ്യനെ കണ്ടെത്തുന്നു. ലോകത്തിന്റെ ദുരൂഹമായ പ്രവചനങ്ങൾക്കു മുമ്പിൽ മനുഷ്യൻ ഉയർത്തുന്ന ചോദ്യങ്ങളും നീതീകരണങ്ങളും വിശ്വാസത്തിൽ അടങ്ങിയിട്ടുണ്ട്‌. വിജയന്റെ ചിന്ത ഖസാക്കിന്റെ പൗരാണികമായ ചിത തേടിയാണ്‌ നീങ്ങുന്നത്‌ .മൃതാവസ്ഥകളിൽ നിന്നു പോലും ഈ എഴുത്തുകാരൻ സ്വച്ഛന്ദവാസത്തിന്റെ ഔഷധം തേടുന്നു.ധാതുക്കളുടെ പ്രാണനിൽ നിന്ന്‌ ജീവിതത്തിന്റെ വാഹനം സംസ്ക്കരിച്ചെടുക്കുന്ന പ്രവർത്തനം വരെ വിജയന്റെ വിശ്വാസസംബന്ധമായ ആതുരതകൾ നീണ്ടുകിടക്കുന്നു. പുഞ്ചിരിയും ഓർമ്മകളും ഭൂതകാലത്തിന്റെ എതോ ഏടുകളിലേക്ക്‌ അധികനേരം യാത്രചെയ്യുന്നു. അവയുടെ അനാദിയായ സ്പർശങ്ങളത്രയും ജൈവബന്ധങ്ങളുടെ വൈകാരികശുദ്ധിക്കും പ്രവർത്തനത്തിനും വേണ്ടിയാണ്‌ .

എന്നാൽ വീണ്ടും ആ ചിന്തകളുടെ അന്തരാളങ്ങളിലേക്ക്‌ ചെല്ലുമ്പോൾ സ്വാസ്ഥ്യം അനുഭവിക്കാം. ഗോത്രാനുഷ്ഠാനങ്ങളുടേയും ആചാരവിശ്വാസങ്ങളുടേയും ലോകം മനുഷ്‌യന്‍റെ ആദിമമായ അനാഥത്വത്തെ തഴുകിയുറക്കുന്നുണ്ട്‌. എങ്ങോ കളഞ്ഞുപോയ സ്വാസ്ഥ്യത്തിന്റെ ദുഃഖപരിസരം ബന്ധങ്ങളിലൂടേയും വിശ്വാസങ്ങളിലൂടേയും മനുഷ്യൻ കൈവരിക്കുന്നതിന്റെ ചിത്രമാണ്‌` അവതരിപ്പിക്കുന്നത്‌. ജന്മം കൊണ്ടു തന്നെ പ്രവാസിയായിരുന്ന നൈസാമലി മൊല്ലാക്കയുമായി പിണങ്ങുന്നു. അത്തരുമായി വഴക്കിടുന്നു. ഒടുവിൽ ഖാലിയാരായി , ജന്മങ്ങളുടെ മാറാപ്പുമായി ദുഃഖങ്ങളുടെ ഉറുമ്പുകൾ പൊതിഞ്ഞ കൂടുമായി അയാൾ ഖസാക്കിലെത്തുന്നു. ഖാലിയാരായി തിരിച്ചുവരുന്നത്‌ അയാളുടെ രൗദ്രമായ സ്വാസ്ഥ്യാന്വേഷണങ്ങളുടെ ദുഃഖം നിറഞ്ഞ പ്രകടനമാണ്‌.ഉള്ളിന്റെ വിഹ്വലമായ വിഷമസന്ധികളോടുകൂടി വിശ്വാസത്തിന്റേയും അനുഷ്ഠാനങ്ങളുടേയും മണ്ണിൽ അയാൾ അന്തർദ്ധാനം ചെയ്യുന്നു.സ്മരണകളും സന്ധ്യകളും പൂത്തുനിൽക്കുന്ന ഗതകാലത്തിൽ നിന്ന്‌ രവി മനസ്സുമായി ഒളിച്ചോടുന്നു. ആശ്രമങ്ങളും ചുവന്ന പാതകളും താണ്ടി ഒടുവിൽ ഖസാക്കിലെത്തുന്നതും വിശ്വാസങ്ങളിലൂടെയുള്ള തിരോധാനമാണ്‌. മൂല്യങ്ങളുടെ പ്രച്ഛന്നമായ ലോകത്ത്‌` ആത്മാവ്‌ കൊണ്ട്‌ മറയുന്ന ഏകാകിയുടെ സ്വരം ഇവിടെ നാം കേൾക്കുന്നു. അപ്പുക്കിളിയും മാധവന്നായരുമെല്ലാം അനുനിമിഷം തങ്ങളുടെ സ്വാസ്ഥ്യാന്വേഷണങ്ങളുടെ വേഗം കൂട്ടുന്നു. പ്രവർത്തനങ്ങളുടെ ജലംകൊണ്ട്‌ അവർ ദുഃഖപരിസരങ്ങളിൽ ആത്മാവിന്റെ സസ്യങ്ങളെ വളർത്തുന്നു.
അതിലൂടെ മുക്തിയുടെ പുതിയ തമസ്സുകൾ നിർമ്മിക്കുന്നു. തുരുത്തുകൾ കണ്ടെത്തി അതിന്റെ ഇരുട്ടിൽ ജീവിതത്തിന്റെ ദുരന്തസ്മൃതികളെ ഉറക്കുകയാണീ മനുഷ്യർ ചെയ്യുന്നത്‌. അങ്ങനെയാണ്‌ ഖസാക്ക്‌ എന്ന ഗ്രാമം വിശ്വാസങ്ങളുടേ കർമ്മമായി പരിണമിച്ചതു. ഉൾപ്രേരണകൾ പോലെ അതിൽ ജീവികൾ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞു. വെയിലു വീണിടത്ത്‌ ചിറകു വിരിച്ച്‌ അവർ കിടന്നു. അതിന്റെ സ്വച്ഛവേഗങ്ങളിൽ പാപസ്മൃതികളും ശാപവചസ്സുകളും സ്വകാര്യമാക്കിമാറ്റി. ഖസാക്ക്‌ രവിയുടേയോ മൊല്ലാക്കയുടേയോ വിശ്വാസപരിതഃസ്ഥിതിയല്ല പേറുന്നത്‌`. പൂക്കളും തുമ്പികളും ഷെയ്‌ഖിന്റെ ജീവൻ തുടിക്കുന്ന പാറക്കെട്ടുകളും മനുഷ്യരും അതിൽ അമർന്നു കിടക്കുന്നു. ഇവയിലാണ്‌` ഖസാക്കിന്റെ വിശ്വാസങ്ങളുടെ കർമ്മം ശ്വാസോച്ഛ്വാസം ചെയ്‌തത്‌. അല്ലെങ്കിൽ വിശ്വാസങ്ങൾ ഖസാക്ക്‌ എന്ന കർമ്മമായി ശേഷിച്ചതു്‌