critic, columnist, journalist, poet, novelist, philosopher, theorist,short-story writer and orator/- സാഹിത്യമല്ലാത്തതായി ഈ ലോകത്ത് യാതൊന്നും തന്നെയില്ല .ഒരു പക്ഷിയുടെ കരച്ചിൽ പോലും സാഹിത്യമാണ്. ആ കരച്ചിലിലുള്ളത് ശബ്ദമാണ്. ശബ്ദം ഒരാഖ്യാനമാണ്. ആഖ്യാനം അർത്ഥത്തെയാണ് തേടുന്നത്. ആ ശബ്ദം കേൾക്കുന്ന ഓരോ വ്യക്തിക്കും കവിക്കും എഴുത്തുകാരനും അതിൻ്റെ നരേറ്റീവ് ഓരോന്നാണ്. അങ്ങനെയത് സാഹിത്യമായിത്തീരുന്നു. അതേസമയം അത് മൂന്നാം കണ്ണിന്റെ വിവരണവുമാണ്.-എം കെ ഹരികുമാർ / pho:9995312097 harikumarm961@yahoo.com
Followers
Wednesday, June 24, 2009
കടല്‍ ഉപയോഗശൂന്യമായ പ്രണയം പോലെ
പെരുമ്പാമ്പിനെകൊണ്ട് ഉള്ളില്‍
നൃത്തം ചെയ്യിച്ച്
കടല്‍ ഒന്നുകൂടി മദാലസയായി .
നിശ്ശൂന്യമായിത്തീരുന്ന നിമിഷത്തിന്റെ
ആവര്‍ത്തനങ്ങള്‍ കടലിന് ലഹരിയാണ്.
രതിബന്ധത്തിന്റെ ഒടുവിലെ അപാരമായ ജ്ഞാനം
എത്രയോ വേഗം മാഞ്ഞുപോകുന്ന പോലെ കടല്‍ ,
പക്ഷേ പ്രണയിക്കുന്നില്ല.
രതിയെപ്പറ്റി പറഞ്ഞാല്‍
അവള് ഓടിപ്പോകും.
പ്രണയത്തെയും രതിയെയും തള്ളുകയും
മാദകറാണിയാണെന്ന് ഭാവിക്കുകയുമാണ് .
അവള്‍ക്കോ സ്വന്തമായി രതിയില്ല.
കടല്‍ നമ്മുടെ ആര്‍ത്തിയുടെ ജ്വരങ്ങളെപ്പോലെ
ചുരമാന്തുന്നു.
അനിശ്ചിതവും വിസ്മയകരവുമായ
അസ്തിത്വത്തിന്റെ തുടര്‍ച്ചയായുള്ള
സൌന്ദര്യശൂന്യതയെ അത് നുരകളാക്കി മാറ്റുന്നു.
അത് എന്തിന്റെയും ബ്രാന്‍ഡ് അംബാസിഡറാകും-
മദ്യം, മയക്കുമരുന്ന്, സ്വര്‍ണം, ഭഗവദ് ഗീത, കലാലയം...
നമുക്ക് സ്വഭാവം ഇല്ലാത്തതുപോലെ കടലിനുമതു വേണ്ട.
അവള് ആടി, ജ്വലിപ്പിക്കുന്നത്
നമ്മുടെ തണുത്തുറഞ്ഞുപോയ അപകര്‍ഷതകളെയോ?
വിറങ്ങലിച്ച ഭൂതകാലത്തെയോ?
തെറ്റുകളെയോ?
കടല്‍ ഉപയോഗ ശൂന്യമായ പ്രണയം പോലെ
നമ്മുടെ ചിരപരിചിതമായ
തകരപ്പാത്രത്തിലേക്കും വന്നു നിറയും.
വറ്റിച്ചാല്‍ വറ്റാത്ത ക്രൂരതയായി അത്
എല്ലാ പ്രേമ ഭാഷണങ്ങള്‍ക്കുമിടയില്‍
പട്ടിയെപ്പോലെ പമ്മി കിടക്കും.
പ്രണയവും രതിയും അനുഷ്ഠാനമല്ല,
ഒരു ആംഗ്യമാണ്.
ഓര്‍മ്മിക്കാനൊന്നുമില്ലാത്ത,
മറവിയുടെ ആഘോഷമായി മാറുന്ന ആംഗ്യം.
read more. ezhuth online july 2009
Subscribe to:
Posts (Atom)