Followers

Monday, July 21, 2025

ജന്മാന്തരമായ അനുഭൂതിയുടെ ആനന്ദമഠം/അക്ഷരജാലകം/ എം.കെ ഹരികുമാർ (june8,2025)






അദ്വൈതം നമ്മുടെ ചിന്തയിൽ എന്നും ഉണ്ടായിരുന്നു. ഭാരതീയ തത്ത്വചിന്തയുടെ മഹാസമുദ്രത്തെ ഏറ്റവും സംയുക്തമായി പറയാവുന്ന ഒരു വാക്കാണ് അദ്വൈതം. അതിനേക്കാൾ ചെറുതാക്കാൻ കഴിയില്ല. തത്ത്വമസി എന്ന വാക്കിൻ്റെ  മറുപുറമാണ് അദ്വൈതം.തത്  എന്നാൽ അത് .'അത്' ചൂണ്ടിക്കാണിക്കുന്നത് പ്രപഞ്ചാത്മാവിനെയാണ് .ത്വം എന്നാൽ നീ. ഒരു വ്യക്തിയിലെ ആത്മാവാണത് .അസി എന്നാൽ ആകുന്നു .അതായത് ,പ്രാപഞ്ചികമായ ആത്മാവും (ബ്രഹ്മം)വ്യക്തിയിലെ ആത്മാവും ഒന്നാകുന്നു .രണ്ടും തമ്മിൽ ഭേദമില്ല. അദ്വൈതം എന്നാൽ രണ്ടല്ലാത്തത് .ബ്രഹ്മത്തിൽനിന്നു വേർപെട്ട് യാതൊരു അസ്തിത്വവുമില്ല എന്നാണർത്ഥം. അദ്വൈതത്തെക്കുറിച്ച് അർത്ഥം പറഞ്ഞാൽ ഒരു ധാരണ കിട്ടും; അതിനപ്പുറം ഒന്നും മനസ്സിലാവുകയില്ല. ഭൗതികജീവിതത്തിൽ ശാരീരികവും മാനസികവുമായ ക്ലേശങ്ങളിൽപ്പെട്ട് ഉഴലുന്ന മനുഷ്യനു പ്രപഞ്ചബോധവുമായി ഭേദമില്ല എന്നു തോന്നുക പ്രയാസമാണ് .അവൻ ആ ബോധവുമായി ഒരു പാരസ്പര്യം അനുഭവിക്കുന്നില്ല. അവന്റെ മുന്നിൽ പ്രപഞ്ചം എന്നു പറയുന്നത് നിത്യജീവിതമാണ്.പരമാർത്ഥദായകമായ ജീവിതം പോലുമല്ലത്; കാര്യകാരണങ്ങളുടെ ഇത്തിരിവട്ടമാണ്. സുഖദുഃഖങ്ങളുടെ നൈമിഷികമായ ഒരു വ്യൂഹമെന്നും പറയാം. അതിനുള്ളിൽ കിടന്നാണ് നാം ജീവിതാർത്ഥ്യത്തെക്കുറിച്ച് ഓർത്ത് പരിതപിക്കുന്നത്. നമുക്ക് വേദനിക്കാത്തതൊന്നും ജീവിതമല്ല. അതിനപ്പുറം നമ്മുടെ കൈയിൽ കുറെ ആശയങ്ങൾ മാത്രമേയുള്ളൂ. അതുകൊണ്ട് ബ്രഹ്മവുമായുള്ള ഒരു പാരസ്പര്യം ,യാദൃശ്ചികമായി കിട്ടുന്ന അനുഭൂതിയിൽ സംഭൃതമാണ്. ഒരു പക്ഷി ആകാശത്ത് കൂടണയാൻ പറന്നു പോകുന്നത് കാണുമ്പോൾ, വലിയ ഒരു മനസിനു പ്രാപഞ്ചികമായ ആദിഗേഹത്തെക്കുറിച്ച് അനുഭൂതിയുണ്ടായേക്കാം.

ഗൃഹസ്ഥൻ്റെ ആത്മീയത 

കലാനുഭൂതിയിലെ പരമോന്നതമായ അവസ്ഥ അല്ലെങ്കിൽ മാനസികതലം ഒരുതരത്തിലുളള താദാത്മ്യമാണ്. ഒരു അതീത മേഖലയിലേക്ക് നമ്മെ കയറ്റിക്കൊണ്ടുപോവുകയാണ്.അത് സാധാരണ ജീവിതത്തിൽ കിട്ടുന്നതല്ല. വേദനിക്കുന്ന ശരീരവുമായി കഴിയുമ്പോൾ ആ താദാത്മ്യം കിട്ടുമോ എന്നു സംശയമാണ്.'പൂന്തോട്ടത്തിലൂടെ നടക്കുന്ന ഒരു സ്ത്രീ'(എ വുമൻ വാക്കിംഗ് ഇൻ ദി ഗാർഡൻ ,1887) എന്ന ചിത്രത്തിലൂടെ വാൻഗോഗ് വാക്കുകൾക്കതീതമായ ഒരു പ്രപഞ്ചാവസ്ഥ സൃഷ്ടിച്ചിരിക്കുന്നു . ജീവിതം ഇവിടെയുണ്ട് .ഇവിടെ അത് നിങ്ങളുമായി മുഖാമുഖമാണ് എന്നാണ് ആ ചിത്രം സൂചിപ്പിക്കുന്നത്. ആ ചിത്രം കാണിയെ ലക്ഷ്യം വയ്ക്കുകയാണ് .ചിത്രത്തിലെ സ്ത്രീ കാണിയെ നോക്കുകയാണ്. കാൻവാസിൻ്റെ മുഖം കാണികൾക്ക് നേരെയാണ് .കാണി ഒളിഞ്ഞു നോക്കേണ്ടതില്ല. നേരെ നോക്കിയാൽ മതി .കാണിയെ കാണാതെ പോകാൻ ചിത്രത്തിലെ സുന്ദരിയായ സ്ത്രീ ഒരുക്കമല്ല .അവൾ ആ പൂന്തോട്ടത്തിൽ സ്ഥിരമായി നടക്കാറുള്ളതു പോലെ തോന്നും. അവൾക്ക് അത് അപരിചിതമല്ല. താൻ  സഞ്ചരിക്കുന്നത് ആരൊക്കെയാണ് ശ്രദ്ധിക്കുന്നതെന്നു അറിയുന്നതിൽ അവൾ ഉത്സുകയാണ്. അവൾ ഒരു സൂക്ഷ്മ വീക്ഷണശീലയാണ്.  ചിത്രത്തിൻ്റെ പശ്ചാത്തലത്തിൽ വൃക്ഷങ്ങളാണുള്ളത് .പച്ചനിറമുള്ള ചെടികളിൽ വെളുപ്പും മഞ്ഞയും ചേർന്ന പൂക്കൾ കാണാം. ഈ ചിത്രം നമ്മുടെ സംഘർഷങ്ങളും ആകുലതകളും കുറയ്ക്കാൻ സഹായിക്കുന്നതാണെന്നു പറയേണ്ടല്ലോ. ശാന്തമായി നോക്കാൻ ശേഷിയുള്ള ഏതൊരാളും അതിൻ്റെ പ്രസന്നതയിൽ മുഴുകാതിരിക്കില്ല .ചിലപ്പോൾ അശാന്തിയിൽ അലയുന്നവനും ശാന്തി ലഭിച്ചേക്കാം. ഒരു നവഭാവം അല്ലെങ്കിൽ നവാനുഭവം കൊണ്ട് നാം ഉയിർത്തുവരുന്നതായി തോന്നും. അതുകൊണ്ട് ചിത്രങ്ങൾക്കു നമ്മളിലെ അദ്വൈതഭാവത്തെ ഉണർത്താൻ കഴിയും .സംഗീതവും സാഹിത്യവും അങ്ങനെ തന്നെയാണ് .സലിൽ ചൗധരിയുടെയോ മദൻ മോഹൻ്റെയോ ദേവരാജൻ്റെയോ ബാബുരാജിൻ്റെയോ പാട്ടുകൾ കേൾക്കുമ്പോൾ മനസ്സ് ഒന്നു അയഞ്ഞു വരും. ഒരു അദ്വൈതഭാവത്തിലേക്ക് ആ പാട്ടുകൾ ക്ഷണിക്കുന്നതു പോലെ തോന്നും.പിരിമുറക്കത്തിൽ പിടിവിട്ട് ഒരു ഉന്നതമായ ആനന്ദത്തിലേക്ക് സാവധാനം മനസ്സ് കുതിക്കും. ഇതൊക്കെ നൈമിഷികമാണ്. രമണ മഹർഷിയയെ പോലെയോ, ശ്രീരാമകൃഷ്ണ പരമഹംസനെ പോലെയോ സ്ഥിരമായ അദ്വൈതഭാവത്തിൽ, വിചാരങ്ങളുടെ ആനന്ദമഠത്തിൽ എത്തുക പ്രയാസമായിരിക്കും .അവർ വിചാരത്തെ ,വൃക്ഷങ്ങളെ ചുറ്റിവരുന്ന ഇളംകാറ്റുപോലെ ,മൃദുവാക്കിയിരിക്കയാണ്. അത് ജന്മാന്തരമായ അനുഭൂതിയുടെ ആനന്ദമഠമാണ്. അതിൽ അവർ സുരക്ഷിതരാണ്. എന്നാൽ സാധാരണ മനുഷ്യർക്ക് ആ അനുഭവത്തിലെത്താൻ സുഷുമ്നാനാഡിയിലുള്ള ആറുപടികളും കയറുക എളുപ്പമല്ല .അത് ഗൃഹസ്ഥാശ്രമിയുടെ പരിധിയിലുള്ളതല്ല. അവൻ തന്റെ ജീവിതലക്ഷ്യങ്ങളിൽ ആണ്ടുകിടക്കുകയാണ് .ഒരു ഗൃഹസ്ഥൻ നല്ലൊരു ക്ളിനിക്കൽ പരിപാലകനുമാണ്. അവൻ്റെ മുമ്പിൽ കേവലമായ ആനന്ദമോ അതിനുവേണ്ടിയുള്ള പ്രയത്നമോ ഇല്ല. അവൻ എല്ലാറ്റിനും അതാതിൻ്റെ  സ്ഥാനമാണ് കൊടുക്കുന്നത് .ഒരു വീടാണെങ്കിൽ, അടുക്കളയിലാണ് പാചകം ചെയ്യുന്നത്. ഭക്ഷണം കഴിക്കുന്നതിനു പ്രത്യേക സ്ഥലമുണ്ട്. പ്രാർത്ഥിക്കാൻ നിശ്ചയമായും ഒരിടമുണ്ടാകും .തെറ്റുകൾ ചെയ്തുപോകുന്നത് സ്വാഭാവികമാണ്. എന്നാൽ അത് തിരുത്തിപ്പോകാനായി ദൈവത്തെ സമീപിക്കാതിരിക്കുന്നില്ല . ഇത് മനസ്സിൽ സമാധാനം നിലനിർത്താനുള്ള പോംവഴിയാണ്. കുറെ കാര്യങ്ങൾ ദൈവത്തെ ഏൽപ്പിച്ചാൽ സ്വസ്ഥത കിട്ടുമെന്നു  അനുഭവം കൊണ്ട് അറിയാം. അവൻ്റെ ആത്മീയതയെ കയറൂരി വിട്ടിട്ടില്ല .അവനു അതിൽ നിയന്ത്രണമുണ്ട്. അവൻ നീതിയുടെ ഒരു പൊതുധാരയിൽ വിശ്വസിക്കുകയാണ് .

പ്രകോപനം ധാരാളം 

ധനത്തോടും സമ്പത്തിനോടും ഈ കാലം വലിയ ആവേശം കാണിക്കുന്നതുകൊണ്ട് ഗൃഹസ്ഥനു ആത്മീയജീവിതം സ്വൈരമായി കൊണ്ടുനടക്കാനാവാത്ത സാഹചര്യമുണ്ട്. അയൽവീട്ടിൽ ഒരു വലിയ കാർ വാങ്ങിയാൽ അത് അവൻ്റെ വീട്ടിലും പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ടിവിയുടെ റിമോട്ട് കൊടുക്കാത്തതിനു ,പുതിയ കാർ വാങ്ങി നൽകാത്തതിനു ആത്മഹത്യ ചെയ്ത കുട്ടികളുണ്ട്. ഊണിനു മുട്ടക്കറി ഉണ്ടാക്കിക്കൊടുക്കാത്തതു കൊണ്ട് ഭാര്യയെ ഒരുത്തൻ വെട്ടിക്കൊല്ലുകയാണ് ചെയ്തത്. ജീവിതത്തിന്റെ വേഗം വർദ്ധിച്ചതുകൊണ്ട് മനുഷ്യവികാരങ്ങൾക്കും വേഗം കൂടുതലാണ്. പതിറ്റാണ്ടുകൾക്ക് മുൻപായിരുന്നെങ്കിൽ സിനിമ കാണാൻ വളരെ ദൂരം നടന്നു പോകണമായിരുന്നു; കഥാപ്രസംഗം കേൾക്കാൻ രാത്രിയിൽ കൂട്ടമായി നടക്കണമായിരുന്നു .കത്തയയ്ക്കാൻ പോസ്റ്റോഫീസിൽ പോകണമായിരുന്നു. മറുപടി കിട്ടാൻ വേണ്ടി പോസ്റ്റുമാനെ കാത്ത് ദിവസങ്ങളോളം കഴിയണമായിരുന്നു .ഇപ്പോൾ സ്ഥലം അല്ലെങ്കിൽ ദൂരം റദ്ദാക്കപ്പെട്ടിരിക്കുന്നു .സമയം ഉൾവലിഞ്ഞിരിക്കുന്നു .ഒരു സന്ദേശം അല്ലെങ്കിൽ ചിത്രം ഒരു സെക്കൻഡ് കൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് ഒന്നിച്ച് അയക്കാമെന്നിരിക്കെ സ്ഥലവും ദൂരവും സമയവും ഇല്ലാതാവുകയാണ്. അതുകൊണ്ട് ആളുകളുടെ കൈയിൽ ധാരാളം മിച്ചം സമയമുണ്ട് .അത് അവൻ മൊബൈൽ ഫോണിലേക്ക് കാഴ്ചകൾക്കായി നൽകിയിരിക്കുകയാണ് .അപ്പോൾ ഒരു പ്രശ്നമുണ്ട് .അനേകമനേകം വർണാഭമായ കാഴ്ചകളും സംഗീതവും വികാരവിസ്ഫോടനമുണ്ടാകുന്ന സംഭവങ്ങളും കൺമുന്നിലൂടെ ,ഒരു തടസ്സവുമില്ലാതെ സദാസമയം കടന്നു പോകുമ്പോൾ ഉറക്കം കുറച്ചുകൊണ്ട് അത് പരമാവധി ഒപ്പിയെടുക്കാനുള്ള വെമ്പലിലാണ് മാനവരാശി. ഈ മനുഷ്യനു സമ്മർദ്ദമുണ്ട് .പല സ്വർഗ്ഗങ്ങളും നഷ്ടപ്പെട്ടു എന്ന ചിന്തയുണ്ട്. അതിൽനിന്നു രക്ഷപ്പെടാനാവുന്നില്ല.ഇത് അനാവശ്യമായ കോപത്തിലേക്കും അക്രമത്തിലേക്കും നയിക്കുകയാണ്. ചെറിയ ഒരു പ്രകോപനം മതി ,തന്നെ ഒരാൾ അവഗണിച്ചു എന്നു തോന്നിയാൽ മതി, പ്രത്യാഘാതം ഭയാനകമായിരിക്കും .വ്യക്തി തൻ്റെ സൈബർലക്ഷ്യങ്ങളുടെ, ത്വരകളുടെ, ആവേശങ്ങളുടെ, ദാഹങ്ങളുടെ ബിംബമാണ്. ആ ബിംബം ഓർമ്മകളില്ലാത്ത ,സ്നേഹമില്ലാത്ത ഒരു മൃഗമായി രൂപാന്തരപ്പെടാനും സാധ്യതയുണ്ട്. അതുകൊണ്ട് ഇന്ന് മനുഷ്യൻ തൻ്റെ ഡിജിറ്റൽ ശൂന്യതയെ  അല്ലെങ്കിൽ മാനുഷികമായ ശൂന്യതയെ പരിഹരിക്കാൻ ആത്മാർത്ഥമായി ശ്രമിക്കേണ്ടതുണ്ട്. 

സൗന്ദര്യാത്മകമായ അദ്വൈതത്തിലേക്ക് അല്ലെങ്കിൽ കലാനുഭവത്തിന്റെ തത്ത്വമസിയിലേക്ക് നാം സഞ്ചരിക്കേണ്ടതുണ്ട്. റഷ്യൻ - ഫ്രഞ്ച് കലാകാരനായിരുന്ന മാർക്ക് ഷഗ്ഗാൽ പറഞ്ഞു ,പ്രകൃതി അവസാനിക്കുന്നിടത്താണ് മഹത്തായ കല ആരംഭിക്കുന്നതെന്ന്. 
പ്രകൃതിയിലുള്ളത് അതേപടി പകർത്തുകയല്ല കലാകാരൻ്റെ ജോലി. അതിൽ അവർ മാറ്റം വരുത്തുന്നു. അവൻ്റെ വീക്ഷണമാണത്. അവൻ ഉള്ളിൽ ദർശിച്ചതിൻ്റെ വിശദാംശങ്ങളാണ് വരയ്ക്കുന്നത്. അതുകൊണ്ട് പ്രകൃതി അവസാനിക്കുന്നിടത്ത് കലാകാരൻ ചിന്തിച്ചു തുടങ്ങുന്നു .ഭൗതികലോകത്തിൻ്റെ തിരക്കിലും ബഹളത്തിലും ജീവിച്ചുകൊണ്ട് മറ്റൊരു സംവാദയോഗ്യമായ ശാന്തസ്ഥലം സൃഷ്ടിക്കുകയാണ് കലാകാരൻ ചെയ്യുന്നത് .

തെറി ഇല്ലാതാകുന്നു

ഇന്നു പലതരം വാക്കുകൾ  സമൂഹമാധ്യമങ്ങൾ ഉൽപ്പാദിപ്പിക്കുന്നു. വർഷങ്ങൾക്കു മുമ്പ് തെറി എന്ന നിലയിൽ കണ്ടിരുന്ന വാക്കുകൾ, വീടുകളിൽ ഉപയോഗിക്കാതിരുന്ന വാക്കുകൾ ഇന്നു ഫെയ്സ്ബുക്കിലും ഇൻ്റർനെറ്റിലും ധാരാളമായി കാണാം. ചില സെലിബ്രിറ്റികൾ പരസ്യമായി അത്തരം വാക്കുകൾ ഉപയോഗിക്കുന്നു. തെറി ,ക്രമേണ  ഇല്ലാതാകുമായിരിക്കും. തെറി എന്ന നിലയിൽ പരിഗണിക്കാൻ വാക്കുകളില്ലാതാകുമ്പോൾ പിന്നെ തെറി നിലനിൽക്കുകയില്ലല്ലോ .എല്ലാ വികാരങ്ങളുടെയും അനുഭവങ്ങളിലേക്ക് വർധിച്ച ശക്തിയോടെ ഇരച്ചു കയറുകയാണ് ഡിജിറ്റൽ മനോവ്യാപാരത്തിനടിപ്പെട്ട മനുഷ്യൻ .അവനു വിലക്കുകളില്ല. യാതൊന്നും തന്നെ ഒഴിവാക്കാനാവില്ല. മനോനിലയിൽ വന്നിരിക്കുന്ന മാറ്റം ഭയാനകമാണ്!.ദീർഘനേരം ഓൺലൈനിലായിരിക്കുന്ന ഒരാൾ സ്വയമറിയാതെ പേറുന്ന വലിയൊരു ഭാരമുണ്ട് .അവൻ രതിക്കു സമാനമായ നിർവൃതിയിൽ അഭിരമിക്കുകയാണ്. അവനു ഈ ലോകവുമായി വൈകാരികബന്ധം  നഷ്ടപ്പെടുകയാണ്.അവൻ സകലബന്ധങ്ങളെയും തന്റെ ഓൺലൈൻ പരിപ്രേക്ഷ്യത്തിനകത്താണ് പരിശോധിക്കുന്നത്. ഓഫ് ലൈനിലുള്ളവരുമായി ബന്ധം വേണ്ടെന്നാണ് തീരുമാനിക്കുന്നത് .ഓഫ് ലൈനിലുള്ളവർ ജീവിച്ചിരിക്കുന്നില്ല എന്നു ചിന്തിക്കുന്നവരുണ്ട്. ഒരാൾ ജീവിച്ചിരിക്കുന്നു എന്നു അറിയിക്കാൻ ഓൺലൈനാകേണ്ടതുണ്ട്.ഓൺലൈനിലാണ് അസ്തിത്വം .അതാണ് അടയാളം .വാട്സപ്പ് ഒരു ഓർമ്മപ്പെടുത്തലും താമസസ്ഥലവുമാണ്. സുഹൃത്തുക്കൾ വാട്സപ്പിൽ വന്നില്ലെങ്കിൽ അലട്ടലുണ്ടാവും. 

സമൂഹമാധ്യമങ്ങൾ മനുഷ്യനെ ഒരു കെണിയിലാക്കിയിരിക്കുകയാണ്. അവിടെ സ്വതന്ത്രമായിരിക്കാൻ കഷ്ടപ്പെടേണ്ടി വരും. മുൻകാലങ്ങളിൽ സ്വതന്ത്രനായാൽ കഷ്ടപ്പെടണ്ടായിരുന്നു. ഇപ്പോൾ സ്വതന്ത്രനാകണമെങ്കിൽ സമൂഹമാധ്യമങ്ങളെ പേടിക്കണം. സമൂഹമാധ്യമത്തിലെ അസാന്നിധ്യം പലരും ശ്രദ്ധിക്കും .അവിടെയാണ് പ്രസ്താവനകളെല്ലാം നിറയുന്നത്. മാധ്യമങ്ങൾക്ക് വാർത്ത കൊടുക്കുന്നതിനേക്കാൾ രാഷ്ട്രീയ നേതാക്കളും സിനിമാതാരങ്ങളും മറ്റും ഇഷ്ടപ്പെടുന്നത് സമൂഹമാധ്യമങ്ങളിൽ കുറിക്കാനാണ്. എക്സില്‍ കുറിക്കുന്നതോടെ ഒരാഗോള മാധ്യമത്തിന്റെ ഭാഗമാവുകയാണ് .ഒരു വാർത്തയുടെ ഉദയമാണത് .അവിടെ എഡിറ്ററില്ല .എക്സിൽ എഴുതുന്നത് ഈ ലോകത്തെ എല്ലാ മാധ്യമങ്ങൾക്കും എടുക്കാം. ഇപ്പോൾ മാധ്യമങ്ങൾ എക്സിൽനിന്ന് കോപ്പി ചെയ്താണ് വാർത്തയുണ്ടാക്കുന്നത് .വാർത്തയുടെ പൊതു ഇടം എന്ന തരത്തിലായിരുന്നു മാധ്യമങ്ങൾ നിലനിന്നിരുന്നതെങ്കിൽ, ഇപ്പോൾ വാർത്തകൾ പല പ്ലാറ്റ്ഫോമുകളിൽ ചിതറി വീഴുകയാണ്.സെലിബ്രിറ്റികളും കമ്പനികളും പ്രമുഖ വ്യക്തികളും അവരുടെ സ്വന്തം മാധ്യമമായി സ്വയം മാറിയിരിക്കുന്നു. വാർത്തകൾക്കു വേണ്ടി ഇപ്പോൾ അവരെ തപ്പി നടക്കുകയല്ലാതെ വേറെ വഴിയില്ല .

ലോകം പലവഴിക്ക് ചിതറി ,ഏകാഗ്രത നഷ്ടപ്പെടുത്തുന്ന ഈ കാലത്ത് അദ്വൈതാത്മകമായ ഒരു രമ്യത മനസ്സിൽ സൂക്ഷിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു. വ്യക്തിപരമായ അതിക്രമങ്ങൾ കൂടി വരുന്ന പശ്ചാത്തലത്തിലാണ് ഇത് പറയുന്നത്. ആകുലതകളിൽനിന്ന് അകലെ എന്ന ആശയം ഗ്രീക്ക് തത്ത്വജ്ഞാനി എപ്പിക്കുറസ് അവതരിപ്പിച്ചു.അതരാക്സിയ (ഉത്ക്കണ്ഠയിൽ നിന്നും വിഷാദത്തിൽ നിന്നുമുള്ള വിടുതൽ)യുമായി സാമ്യമുള്ള ഒരാശയമാണ് ഇവിടെ ചർചചെയ്യുന്ന ആനന്ദമഠം .അത് ആനന്ദം മാത്രം വിളയുന്ന മഠമാണ്. മനുഷ്യമനസ്സിൽ സദാ പ്രവർത്തിക്കുന്ന ആനന്ദമഠമുണ്ട് .അത് പക്ഷേ ഉറങ്ങുന്ന അവസ്ഥയിലാണ്, നിശ്ശബ്ദതയിലാണ് .അതിനെ ഉണർത്തേണ്ടതുണ്ട്. 
കൂടുതൽ സംവേദനാത്മകവും സ്നേഹാത്മകവും കലാത്മകവുമായ ഒരു ആനന്ദമഠമാണ് നാം വളർത്തിയെടുക്കേണ്ടത്. 

രജതരേഖകൾ 

1)ആചാര്യ നരേന്ദ്രഭൂഷൻ്റെ വസതിയിൽ വർഷംതോറും നടന്നു വരാറുള്ള നൂറു ദിവസം നീണ്ടു നിൽക്കുന്ന പ്രഭാഷണപരമ്പര വളരെ ഗൗരവത്തോടെ കാണേണ്ടതാണ്. ജീവിതത്തിന്റെ വിവിധ മേഖലകളിൽ ബൗദ്ധികമായി പ്രവർത്തിക്കുന്നവരെ ചെങ്ങന്നൂരിലെ വീട്ടിൽ തയ്യാറാക്കിയ വേദിയിൽ ക്ഷണിച്ചുവരുത്തി പ്രഭാഷണം ചെയ്യിക്കുകയാണ്. പ്രഭാഷകർക്ക് ഇഷ്ടമുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ട് .ഒരു ദിവസം രണ്ടു പ്രഭാഷണങ്ങളാണ് ഉണ്ടാവുക. നുറു  ദിവസത്തേക്കുള്ള പ്രഭാഷകരെ സംഘടിപ്പിച്ച ശേഷമാണ് പരിപാടി ആരംഭിക്കുക. ഇപ്പോൾ ഇരുപത് ദിവസം പിന്നിട്ടിരിക്കുന്നു. ഈ ലേഖകനും ഒരു പ്രഭാഷകനാകാൻ ,നരേന്ദ്രഭൂഷൻ്റെ മകൻ വേദപ്രകാശിൻ്റെ ക്ഷണം  സ്വീകരിച്ച്, കഴിഞ്ഞു. എൻ്റെ സാഹിത്യ ,ദാർശനിക തത്ത്വങ്ങളായ സംവേദനാത്മക വിമർശനം ,ഉത്തര- ഉത്തരാധുനികത ,നവാദ്വൈതം എന്നിവയെക്കുറിച്ച് അവിടെ സംസാരിച്ചു. മഹാവേദപണ്ഡിതനായ നരേന്ദ്രഭൂഷൻ്റെ ചിന്താപദ്ധതികൾ സാർത്ഥവാഹകസംഘമായ ആ കുടുംബത്തിലൂടെ തുടരുകയാണ്. അദ്ദേഹത്തിൻ്റെ ചിന്തകൾക്ക് മഹത്തായ പ്രവൃത്തികളിലൂടെ ഒരു തുടർച്ച ലഭിച്ചിരിക്കുന്നു.

2)എസ്. മഹാദേവൻ തമ്പി എഴുതിയ 'ദേഹാന്തരം'(ഭാഷാപോഷിണി, വാർഷികപ്പതിപ്പ് )ഇനിയും നഷ്ടപ്പെട്ടിട്ടില്ലാത്ത സ്നേഹത്തിലേക്കും ഓർമ്മയിലേക്കും നയിക്കുകയാണ്. സ്വന്തം അച്ഛനാണെന്നറിയാതെ പെൻഷൻ വാങ്ങാൻ വന്ന ഒരു വൃദ്ധനുമായി സൗഹൃദത്തിലാകുന്ന ഉദ്യോഗസ്ഥയുടെ മനസ്സിലാണ് ആ സ്നേഹമുള്ളത്.മാസത്തിലൊരിക്കൽ വരാറുള്ള അയാൾ മൂന്നു മാസമായി വന്നില്ല. അന്വേഷിച്ചു ചെന്നപ്പോഴാണ് അയാൾ ദിവസങ്ങൾക്കു മുൻപ് മരണപ്പെട്ട വിവരം അറിയുന്നത്. ആ വീട്ടിൽ അപ്രതീക്ഷിതമായി തന്റെ അമ്മയെ കണ്ട് അവൾ ഞെട്ടി. തിരിച്ചുപോരുമ്പോൾ അമ്മ പറഞ്ഞു, അത് അവളുടെ അച്ഛനായിരുന്നുവെന്ന്. ഇക്കാലത്ത് ഇങ്ങനെ അച്ഛനെ തിരഞ്ഞുചെല്ലുന്നവരുണ്ടാകുമോ ? അച്ഛനുണ്ടായിട്ടും സ്നേഹിക്കാൻ കഴിയാത്തവർ കണ്ടേക്കാം. സ്നേഹം, അതാർക്കും കൊടുക്കാനുള്ളതല്ലല്ലോ. ബാങ്ക് ലോക്കറിൽ പൂട്ടി വയ്ക്കാം. ഇവിടെ കഥാകൃത്ത് ആ ബാങ്ക് ലോക്കർ തകർത്ത് സ്നേഹത്തെ വീണ്ടെടുത്ത് മണ്ണിൽ, ജീവിതത്തിൽ  നട്ടു മുളപ്പിക്കുന്നു. ആ ട്രഷറി ഉദ്യോഗസ്ഥ ഒടുവിൽ ,തൻ്റെ  വീട്ടുമുറ്റത്ത് ഒരു ചെമ്പകത്തൈ നടേണ്ടതായിരുന്നു; ഓർമ്മകൾ സുഗന്ധം പൊഴിക്കാതിരിക്കില്ല.

3)ഹെർമ്മൻ ഹെസ്സെയുടെ  'സിദ്ധാർത്ഥ' നോവലിൻ്റെ 'ഓം' എന്ന അധ്യായത്തിൽ സിദ്ധാർത്ഥൻ നദിയുടെ ഓളങ്ങളുടെ ശബ്ദം ശ്രവിച്ചുകൊണ്ട് നിൽക്കുന്ന രംഗമുണ്ട്. അത് ഇങ്ങനെ സംഗ്രഹിക്കാം:'സിദ്ധാർത്ഥൻ നദിയിലേക്ക് അതീവ ശ്രദ്ധയോടെ നോക്കിയപ്പോൾ ആയിരം ശബ്ദങ്ങളടങ്ങിയ പാട്ടു കേട്ടു .അപ്പോൾ സങ്കടമോ സന്തോഷമോ തോന്നിയില്ല .ഒരു പ്രത്യേക ശബ്ദം മാത്രമായി കേട്ടില്ല; എന്നാൽ അവിടെ കേട്ടതെല്ലാം തന്നിലേക്ക് അവൻ ആവാഹിച്ചു. അതെല്ലാം ഒരുമിച്ചു കേൾക്കുകയായിരുന്നു - സമഗ്രതയിൽ, പ്രാപഞ്ചികതയിൽ .ആയിരം നാദങ്ങളുടെ മഹത്തായ സംഗീതത്തിൽ വ്യക്തമായത് ഒരു വാക്കായിരുന്നു: ഓം .പൂർണമാണത്. എല്ലാ ഗുരുക്കന്മാരും പരാജയപ്പെട്ടിടത്ത് നദി വഴികാട്ടുകയാണ്, അനാദിയായ പൊരുളിലേക്ക് .

4)ഈ വർഷം ,സാഹിത്യ പ്രവർത്തക സഹകരണ സംഘം (എസ്. പി.സി.എസ്) എൺപതാം വയസ്സിലേക്ക് കടക്കുകയാണ് .എൺപത് എഴുത്തുകാരുടെ എൺപത് പുസ്തകങ്ങൾ  പ്രസിദ്ധീകരിക്കുന്നുണ്ടെന്നറിഞ്ഞു. സാന്തോഷമുണ്ട്. എന്നാൽ ഒരു വൃത്തത്തിനു വെളിയിലുള്ളവരുടെ പുസ്തകങ്ങൾ പുറത്തു കൊണ്ടുവരാൻ സംഘത്തിനു  കഴിയുന്നില്ല .സാഹിത്യരംഗത്ത് പതിറ്റാണ്ടുകൾ പിന്നിട്ട വിശിഷ്ട എഴുത്തുകാരെ പോലും സംഘം ബന്ധപ്പെടുന്നില്ല .അവരുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നില്ല. 1945ൽ കാരൂരും എം.പി.പോളും പൊൻകുന്നം വർക്കിയും മറ്റും ചേർന്നു സംഘം രൂപീകരിച്ചപ്പോൾ ഉണ്ടായിരുന്ന വീര്യം ,ലക്ഷ്യം ഇപ്പോഴുണ്ടോ എന്നു ചിന്തിക്കണം. സംഘത്തിലുള്ള എഴുത്തുകാർ തലതിരിഞ്ഞു ചിന്തിക്കുകയാണ്. അസംഘടിതരും രാഷ്ട്രീയമില്ലാത്തവരും സാധുക്കളുമായ എഴുത്തുകാർക്ക് പ്രവേശനം കിട്ടുമ്പോൾ മാത്രമാണ് ഇത്തരം സംഘങ്ങൾ അർത്ഥവത്തായിത്തീരുന്നത്. 

5)എല്ലാം അംഗീകൃത ശാസ്ത്രശാഖകൾക്കും വ്യവഹാരതത്ത്വങ്ങൾക്കും ഒരു ലഘൂകരണവാദമുണ്ട്. അവയ്ക്കു  പുറത്തുള്ളതുമായി സംവദിക്കാനാവില്ല. ഒരു തത്വശാസ്ത്രം അതിനുള്ളിൽ തന്നെ വട്ടം കറങ്ങിക്കൊണ്ടിരിക്കും. എന്നാൽ ശാസ്ത്രശാഖയുടെ അതിരുകൾക്ക് പുറത്ത് അനന്തമായ  തരിശുനിലങ്ങളുണ്ട്. 

6)പരീക്ഷിച്ചു നോക്കി ചെയ്യാനാവുന്ന നാടകമല്ല ജീവിതം .അതുകൊണ്ട് പാടുക ,കരയുക, നൃത്തം ചെയ്യുക, ചിരിക്കുക, തീവ്രമായി ജീവിക്കുക - കൈയടിയില്ലാതെ രംഗം അവസാനിക്കുന്നതിനും കർട്ടൻ വീഴുന്നതിനും മുമ്പേ'- പ്രമുഖ ചലച്ചിത്രകാരൻ ചാർളി ചാപ്ളിൻ പറഞ്ഞു. ഒരു പ്രേമവും പ്രേമിച്ചു നോക്കിയിട്ട് അനുഭവിക്കാനാവില്ല. പ്രേമം യാദൃശ്ചികതയാണ്. ബഷീറിയൻ പ്രേമം അനിവാര്യമായ ഒരു വീഴ്ചയാണെന്നു ഐസക് തോമസ് പറവൂർ പറഞ്ഞത് ഓർക്കുകയാണ്. 

7)ഒരു പെണ്ണായിരിക്കുന്നത് ഏറ്റവും ഭീകരമായ ,കഠിനമായ ഒരു ഇടപാടാണെന്നു പ്രമുഖ പോളിഷ് - ബ്രിട്ടീഷ് നോവലിസ്റ്റ് ജോസഫ് കൊൺറാഡ് പറഞ്ഞു. കാരണം എന്താണ് ?അവൾ ഇടപെടേണ്ടത് ആണുങ്ങളുമായാണ്! .

No comments: