Followers

Monday, July 21, 2025

വാബി സാബി: ജാപ്പനീസ് സന്തോഷമന്ത്രം /അക്ഷരജാലകം /എം.കെ.ഹരികുമാർ (july7,2025)

 


ബുദ്ധിസ്റ്റ് പാരമ്പര്യമുള്ള ജപ്പാനിൽ അതിൽ നിന്നു പ്രചോദനമുൾക്കൊണ്ട് പലതരം ജീവിതാദർശങ്ങൾ , തത്ത്വചിന്തകൾ ,പ്രയോഗരീതികൾ, ദർശനങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്.സെൻ ,ഇക്കിഗൈ  തുടങ്ങിയവ ഉദാഹരണം. ജീവിതം വളരെ യാദൃശ്ചികമായി ലഭിക്കുന്നതാണ്. നമുക്ക് ഇതിൽ ഒരു കാര്യവുമില്ല .നമുക്ക് ലഭിച്ചതാണ് ഈ രൂപവും ശബ്ദവും മനസ്സും. സകലവിധ കഴിവുകളും നമ്മിൽ ഉണ്ടെന്നു പറയുമെങ്കിലും ഒന്നിനോടു അഭിരുചിയുണ്ടാവുന്നത് കൃത്രിമമായ മാർഗങ്ങളിലൂടെയല്ല .അത് നമ്മിൽ ഉണ്ടായിരിക്കണം. നാം സൃഷ്ടിച്ചതല്ല അഭിരുചി ;നാം തിരിച്ചറിഞ്ഞതാണ്.  നമുക്ക് കളിമണ്ണുകൊണ്ട് പാത്രം ഉണ്ടാക്കാൻ ആഗ്രഹം തോന്നണമെങ്കിൽ അതിനുള്ള താല്പര്യം നമ്മളിൽ ഉണ്ടായിരുന്നതാണ്. അത് ഒരു നിമിഷത്തിൽ നാം തിരിച്ചറിയുകയാണ് .ഇതാണ് എൻ്റെ വഴി എന്നു അറിയുന്ന നിമിഷത്തിലാണ് ഒരാൾ ഒരു കലാകാരനോ പാട്ടുകാരനോ ആകുന്നത്. ആത്മവിശ്വാസമുണ്ടാക്കുന്ന ഘടകമാണിത്. സ്വയം അറിഞ്ഞവൻ പിന്മാറുകയില്ല. ഒരു യോദ്ധാവ് യുദ്ധരംഗത്തു നിന്നു പിൻവലിയുകയില്ല. അവൻ മരണത്തെ നിസ്സാരമായി കരുതും. യുദ്ധം ചെയ്യുന്നവൻ മരണത്തെ മറന്നു പോകുകയാണ് ചെയ്യുന്നത്. മരണം അവനു ഒരു ശരിയാണ്. അവനു അതിൽ ദു:ഖമില്ല. അവനിൽ ഏൽക്കുന്ന പരുക്കുകളുടെ അർത്ഥം വേറൊന്നാണ്. അവൻ യോദ്ധാവാണ്. അവൻ പിന്തിരിയുകയില്ല .ഒരു രണഭൂമിയിൽ അവൻ രണമാണ്. രണമാകാൻ വേണ്ടി അവൻ ആർത്തു നിൽക്കും. അതുതന്നെയാണ് അവനവനെ കണ്ടെത്തുന്നവരുടെ കാര്യത്തിലും സംഭവിക്കുന്നത്. അങ്ങനെയുള്ളവർ തോറ്റാലും തോൽവി സമ്മതിക്കില്ല .അവർ തോൽക്കുന്നതിൽ പോലും ധർമ്മമുണ്ട്; വിജയമുണ്ട്. ലളിതാംബിക അന്തർജനം കഥ എഴുതിയത് പോരാട്ടത്തിൻ്റെ തലത്തിലാണ്. 
യാഥാസ്ഥിതികരുടെ എതിർപ്പിനെ അവർക്ക് മറികടക്കേണ്ടതുണ്ടായിരുന്നു. എന്നാൽ അവർ വിജയിച്ചത് ഒരു യോദ്ധാവായിരുന്നതുകൊണ്ടാണ്.

അപൂർണമായതിൽ സൗന്ദര്യം 

ജാപ്പനീസ് വാബി സാബി ഒരു പുരാതന തത്ത്വശാസ്ത്രമാണ്. നമ്മളുടെ ഏറ്റവും താഴ്ന്ന പടിയിലുള്ള ലാളിത്യത്തെ അറിയുന്ന കലയാണത്.
നാം ഒരു മനുഷ്യനായി ജീവിക്കുകയാണ് .ആ ജീവിതം നമുക്ക് ലഭിച്ചതാണ്. അത് സ്ഥിരമല്ല. അതിനു എപ്പോഴും അനിശ്ചിതത്വമുണ്ട് .ഒന്നും ഓർമ്മിക്കപ്പെടുവാൻ ഇഷ്ടമില്ലാത്തവരുടെ ലോകമാണിത്.  എത്രയോ സദ്പ്രവൃത്തികൾ ചെയ്താലും ലോകം അത് കാണുകയില്ല. അതുകൊണ്ട് നാം സ്വയം മനസ്സിലാക്കേണ്ടതുണ്ട്. നമ്മിൽ എത്രയോ ചിന്തകളുടെ പുഷ്പങ്ങൾ ജീവിക്കുന്നു ,മരിക്കുന്നു .ആരും അറിയുന്നില്ല. എത്ര സ്നേഹങ്ങൾ ചൊരിഞ്ഞാലും ആരും ഓർക്കുകയില്ല. എന്നാൽ നാം അതെല്ലാം ഓർക്കണം. ഓർമ്മകൾ ജീവിതത്തിനുള്ള തിരിവെട്ടമാണ്. 

അത് നക്ഷത്രങ്ങളെപ്പോലെ പ്രകാശിക്കുകയും കെട്ടുപോകുകയും ചെയ്യുന്നു .ചില വ്യക്തികൾ നക്ഷത്രം എന്ന തിരിവെട്ടമായിരിക്കും .മറ്റു ചിലർ ഏതോ ഒരു ഘട്ടത്തിൽ തമോഗർത്തമായി രൂപാന്തരപ്പെട്ടിട്ടുണ്ടാവും. തമോഗർത്തത്തിലേക്ക് ചെല്ലാൻ ഒരു ശക്തിയും നമ്മുടെ പക്കലുണ്ടാവില്ല. വൈകാരികമായ വേർപെടുത്തലാണത്. എല്ലാ പ്രചോദനങ്ങളും അസ്തമിക്കുന്ന സന്ദർഭമാണത്. 

വാബി - സാബി മനുഷ്യനെ അവന്റെ ചെറുതായിരിക്കുന്ന അസ്തിത്വത്തിൽ നിലനിർത്തുകയാണ് ചെയ്യുന്നത്. വാബി -സാബി എന്നാൽ  ഏകാന്തമായതിൽ ,ലളിതമായതിൽ സൗന്ദര്യം കണ്ടെത്തുക എന്നാണർത്ഥം. ജപ്പാൻകാരെ ഇത് സ്വാധീനിച്ചിണ്ട്. ബുദ്ധതത്ത്വത്തിലെ മൂന്നു ഘടകങ്ങളായ ശൂന്യതയെയും അപൂർണതയെയും ജ്ഞാനത്തെയും സമന്വയിപ്പിക്കുന്ന തത്ത്വമാണിത്. മനുഷ്യജീവിതം യാതൊരു ഉറപ്പുമില്ലാത്ത ,വളരെ വേഗതയേറിയ അനിശ്ചിതമായ ഒരവസ്ഥയാണ്. എല്ലാം മാറിക്കൊണ്ടിരിക്കുകയാണ്. കാലം മാത്രമല്ല ,നമ്മുടെ ശരീരത്തിലെ കോശങ്ങളും മാറുകയാണ് . ശരീരത്തിലെ കോശങ്ങൾ മരിച്ചു പുതിയത് ജനിച്ചില്ലെങ്കിൽ നമുക്ക് അസ്തിത്വമില്ല. അതുകൊണ്ട് വാബി സാബി പറയുന്നത് അപൂർണ്ണമായതിൽ, ദുർബലമായതിൽ, സ്വാഭാവികതയിൽ സൗന്ദര്യം കണ്ടെത്തി അത് ആസ്വദിക്കാൻ ശീലിക്കണമെന്നാണ് .ഇത് മനസുകളെ സാന്ത്വനിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുമെന്നു പറയേണ്ടതില്ലല്ലോ. വിള്ളൽ വീണ ഒരു പ്രതലത്തെ എങ്ങനെ സൗന്ദര്യജന്യമായി നിരീക്ഷിക്കാമെന്നാണ് നോക്കേണ്ടത്.
ജീവിതം അങ്ങനെയാണ് .ജീവിതം അപൂർണതയിലാണുള്ളത്. അസന്തുഷ്ടിയെ മറികടക്കാനാണ് നാം ജീവിക്കുന്നത്. ഇത് മനുഷ്യമനസ്സുകളെ സാന്ത്വനപ്പെടുത്തുകയോ സന്തോഷിപ്പിക്കുകയും ചെയ്യുമെന്നു പറയേണ്ടതില്ലല്ലോ.

അപൂർണ്ണമായ ഒരു ശില്പത്തെ പൂർണമായി മനസ്സിൽ സങ്കൽപ്പിക്കുകയോ , അതിൻ്റെ നിലയിൽ കാണുകയോ ചെയ്ത് ആസ്വദിക്കുക.യുവത്വം പോലെ വയസ്സാകുന്നതും ആസ്വദിക്കണം. യുവാവായിരിക്കുമ്പോൾ അമിത വേഗതയാണ് പിടികൂടുന്നത്. എന്നാൽ പ്രായാധിക്യത്തിൽ,വേഗക്കുറവാണ്  സൗന്ദര്യം. തിടുക്കപ്പെട്ട് എവിടെയും പോകാനില്ല ,വലിയ ചെലവുകളില്ല, വിലപിടിപ്പുള്ള സാധനങ്ങൾ വാങ്ങണമെന്ന തോന്നലുകളില്ല, വിലയേറിയ വസ്തുക്കൾ കൊണ്ട് ഉപയോഗമില്ല തുടങ്ങിയ അവസ്ഥകൾ ജീവിതത്തിന്റെ പ്രധാന ഘട്ടം പിന്നിടുമ്പോഴാണെങ്കിലും എത്രയോ സ്വാഗതാർഹമാണ്! .എത്ര സന്തോഷം തരുന്നതാണത്.അമിതവേഗതയും കൂട്ടിമുട്ടലും ക്ഷോഭവും എതിർപ്പും മനുഷ്യന്റെ ശൂന്യതയെ കുറേക്കൂടി വ്യക്തമായി കാണിച്ചതല്ലാതെ സ്ഥായിയായ യാതൊന്നും അനുഭവപ്പെടുത്തിയില്ലെന്നു പ്രായമായ  ഒരാൾക്ക് മനസ്സിലാക്കാനാവും.

നൈമിഷികതയിൽ ജീവിതം 

മനുഷ്യൻ അവനിലേക്ക് തന്നെ സഞ്ചരിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് ഓർമ്മിപ്പിക്കുന്നത്. നിർഭാഗ്യവശാൽ പലർക്കും ഇത് ലഭിക്കുന്നത് വയസ്സാകുമ്പോഴാണ്.ടോൾസ്റ്റോയിയുടെ 'ഇവാൻ ഇല്ലിച്ചിൻ്റെ  മരണം' എന്ന നീണ്ടകഥ ഓർമിപ്പിക്കുന്നത് മറ്റൊന്നല്ല.  ഔദ്യോഗിക ജീവിതത്തിൽ മിന്നിത്തിളങ്ങിയ ഒരാൾ രോഗം ബാധിച്ച് ശയ്യയിലേക്ക് മടങ്ങുന്നു. അപ്പോഴാണ് അയാൾ ചുറ്റുപാടുമുള്ളവരെ ശ്രദ്ധിക്കാൻ തുടങ്ങിയത്. അതുവരെ പെരുമാറിയിരുന്ന രീതിക്ക് മാറ്റം വരുകയാണ്. പലരുടെയും ചിന്തകൾ മാറുന്നു .അയാൾ ഒഴിഞ്ഞു പോയാൽ മതിയെന്ന ചിന്തയിൽ ചുറ്റുമുള്ളവരെല്ലാം എത്തിച്ചേരുകയാണ്. ഈ കൂട്ടത്തിൽ അയാളുടെ സ്വന്തക്കാരും ഉൾപ്പെടും.ടോൾസ്റ്റോയ് യഥാർത്ഥ മനുഷ്യരെ  കാണിച്ചുതരുകയാണ്.വാബി സാബി  നമ്മുടെ കണ്ണുതുറപ്പിക്കുകയാണ്.  നമുക്ക് ചെറുതും ലളിതവും അപൂർണവും പണിതീരാത്തതും പരുക്കനുമായ ജീവിതക്കാഴ്ചകളിൽ നിന്ന് സന്തോഷം നേടാൻ കഴിയുന്നതാണ് വലിയ കാര്യം .കാരണമെന്താണ് ?അത് നമ്മുടെ പരിധിയിലാണ് .പരിധിക്ക് പുറത്തുള്ളതിനെക്കുറിച്ച് ആലോചിച്ചു വിഷാദിക്കുന്നതും അതിനുവേണ്ടി കാത്തിരിക്കുന്നതും വ്യർത്ഥമാണെന്നിരിക്കെ അത് ജീവിതം പാഴാക്കലാണ് .ജീവിതത്തിന്റെ നൈമിഷികതയെക്കുറിച്ച് അറിയാവുന്ന  ഒരാൾ ഓരോ നിമിഷത്തിനും അർത്ഥം നൽകാൻ നോക്കണം. കിട്ടിയ സാഹചര്യങ്ങളുമായി ഇഴുകിച്ചേർന്നു അതിൽ നിന്നു സൗന്ദര്യം നുകരണം. ഇത് ജീവിതനിഷേധമായി വ്യാഖ്യാനിക്കരുത് .അങ്ങനെ ചെയ്താൽ സൗന്ദര്യം കണ്ടെത്താനും സമാധാനം തേടാനുമുള്ള ബലഹീനതയായി മാറും. പുരോഗതിയോ വളർച്ചയോ വേണ്ടെന്നല്ല ഇതിനർത്ഥം. നാം ജീവിക്കുന്ന ചുറ്റുപാടിനെ ,നിമിഷത്തെ എങ്ങനെ നമുക്ക് സംതൃപ്തി തരുന്ന മാനസികാവസ്ഥയിലേക്ക് കൊണ്ടുവരാമെന്നാണ് വാബി സാബിയിലുള്ളത്. 

ലിയോനാർഡ് കോറെൻ എഴുതിയ 'വാബി - സാബി: ഫോർ ആർട്ടിസ്റ്റ്സ്, ഡിസൈനേഴ്സ് ആൻഡ് ഫിലോസഫേഴ്സ് 'എന്ന പുസ്തകത്തിൽ ഇങ്ങനെ എഴുതി: 'വിജയം ,സമ്പത്ത് ,സ്റ്റാറ്റസ്, അധികാരം, ആഡംബരം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള മുൻധാരണകൾ ഒഴിവാക്കണമെന്നാണ് വാബി സാബി  പറയുന്നത് .വാബി സാബി എന്ന ജീവിതദർശനത്തിനു ഉറച്ച മനസ് ആവശ്യമാണ്.നമുക്ക് വസ്തുക്കളിൽ നിന്ന് കിട്ടുന്ന സന്തോഷത്തിന്റെയും വസ്തുക്കൾ തിരഞ്ഞെടുക്കുന്നതിലുള്ള സ്വാതന്ത്ര്യത്തിന്റെയും ഇടയിലുള്ള സന്തുലിതാവസ്ഥയിലാണ് വാബി സാബി ദർശനം.'

നാം എന്ത് തിരഞ്ഞെടുക്കുന്നുവെന്നു തീരുമാനിക്കുന്നത് നാം തന്നെയാണ്. ഏത് പ്രായത്തിൽ ,എന്താണ് ഉപേക്ഷിക്കേണ്ടതെന്നു അറിഞ്ഞാൽ അതിനനുസരിച്ച് ഒരു മാർഗ്ഗം കണ്ടെത്താം. ക്രമേണ നാം എല്ലാറ്റിനോടും സമരസപ്പെടുന്ന ഒരവസ്ഥയിലേക്കാണ് എത്തുന്നത്. ശരീരത്തിൽ സ്പർശിച്ചതിന്റെ പേരിൽ ബസിലോ ട്രെയിനിലോ ഒച്ചവച്ചയാൾ ഒരാശുപത്രിയിൽ ദീനം പിടിപെട്ട് കിടക്കുമ്പോൾ അയാളെ ആർക്കും സ്പർശിക്കാം .ഏത് വിധത്തിലുള്ള പരീക്ഷണത്തിനും വിധേയനാക്കാം.  അയാൾ ഒരു പരീക്ഷണ വസ്തുവാണ്.
രോഗിയാകുന്നതോടെ സ്വാതന്ത്ര്യം നഷ്ടപ്പെടും. അതുകൊണ്ട് ഈ ധാരണ ഉണ്ടായിരിക്കണം .കുറെ പുസ്തകങ്ങൾ പഠിച്ച് പരീക്ഷകൾ പാസായതുകൊണ്ട് സന്തോഷം കിട്ടണമെന്നില്ല .അറിവുകൾക്കപ്പുറത്ത് എല്ലാറ്റിൻ്റെയും മഹത്വവും തുല്യതയും മനസ്സിലാക്കണം. എല്ലാ മനുഷ്യരെയും തുല്യരായി കാണാൻ കഴിയുമ്പോഴാണ് അറിവുകളുടെ പ്രവർത്തനം ഫലിക്കുന്നത് .'ഭാഗവത'ത്തിൽ മനുഷ്യമഹത്വത്തിൻ്റെ ചിഹ്നം എന്നപോലെ പറയുന്നുണ്ട്: അഭിന്നേന ചക്ഷുഷ:. ഭിന്നതയില്ലാതെ, എല്ലാവരെയും നോക്കുക .ഇത് വാബി സാബിയുടെ മേഖലയാണ് .അവിടെ യാതൊന്നിനോടും ദോഷമോ പ്രീതിയോ ഇല്ല .എന്നാൽ സ്വാഭാവികമായ വിധം വലിപ്പമോ ചെറുപ്പമോ ഇല്ലാത്ത വസ്തുവിനെ അതിൻ്റെ തനിമയിൽ ഉൾക്കൊള്ളുകയാണ് നല്ലത്.

ചെറിയ വസ്തുക്കൾ നല്കിയ ക്രമം 

പാശ്ചാത്യ മാതൃകയിലും സൗന്ദര്യാരാധനയിലുമല്ല വാബി സാബി  നിലനിൽക്കുന്നത്. ദീർഘകാലം നിലനിൽക്കുന്നതിലോ സ്മാരകമായിരിക്കുന്നതിലോ അല്ല  വാബി സാബി.പുഷ്പങ്ങൾ നിറഞ്ഞുനിൽക്കുമ്പോഴല്ല വാബി സാബി. അതിൻ്റെ ആരംഭത്തിലാണ്, കൊഴിഞ്ഞു പോകലിലാണ്. വാബി സാബി വലിയ വൃക്ഷങ്ങളിലല്ല, മനോഹരമായ ,പ്രശസ്തമായ പുഷ്പങ്ങളിലല്ല ,വിസ്തൃതമായ ഭൂപ്രദേശങ്ങളിലല്ല. അത് നൈമിഷികമായ ,ഒളിഞ്ഞിരിക്കുന്ന, ചെറിയ ,മാറ്റപ്പെടാവുന്ന വസ്തുക്കളിലാണുള്ളത്. ഏറ്റവും ഗ്രാമ്യമായ, ആടകളില്ലാത്ത, ഭംഗിയില്ലെന്നു തോന്നാവുന്ന വസ്തുക്കളിലാണ് ഒരുവൻ സ്വയം അറിയുന്നത്.

'അനാവശ്യമായ കാര്യങ്ങളിൽ നിന്നും വസ്തുക്കളിൽ നിന്നും പുറത്തുവരണം. വാബി - സാബി എന്നാൽ ഈ ഭൂമിയിൽ വെറുതെ നടക്കുകയും നമുക്കു നേരെ വരുന്നതിൽ നിന്ന് എന്താണ് ആസ്വദിക്കാനുള്ളതെന്നു ആലോചിക്കുകയുമാണ്.' ലിയോനാർഡ് കോറെൻ സൗന്ദര്യത്തെ കണ്ടെത്തുന്നതിനെക്കുറിച്ച് മറ്റൊരു കാഴ്ചപ്പാടാണ് അവതരിപ്പിക്കുന്നത്. സൗന്ദര്യം വൃത്തികേടിൽ നിന്നും ഉണ്ടായേക്കാം. വൃത്തികേടിൽ നിന്നോ  അസുന്ദരമായതിൽ നിന്നോ സൗന്ദര്യത്തെ തേടാമെന്നാണ് വാബി സാബി പറയുന്നത്. 'ഒരുതരത്തിൽ, അസുന്ദരമെന്നു തോന്നാവുന്ന വസ്തുക്കളുമായി ഐക്യത്തിലെത്തുന്നതാണ് വാബി സാബി.'ഏതൊരു നിമിഷത്തിലും സൗന്ദര്യാനുഭവം നമ്മളിലേക്ക് വരാം. സൗന്ദര്യബോധം സ്ഥിരമായ ഒരു മാനസികാവസ്ഥയല്ല; അത് പെട്ടെന്നു രൂപപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്യാം. 

'വാബി സാബി - ജാപ്പനീസ് വിസ്ഡം  ഫോർ എ പെർഫെക്റ്റ്ലി  ഇംപെർഫെക്റ്റ് ലൈഫ്' എന്ന  പുസ്തകത്തിൽ ബെത് കെംപ്റ്റൻ പറയുന്നുണ്ട് ,തിക്കും തിരക്കും വളരെ കുറച്ച്, ശാന്തത കൈവരിക്കണമെന്ന്. കുറച്ചു വസ്തുക്കൾ കൊണ്ട് മനസ്സിനെ നിലനിർത്തുന്നതാണ് പ്രധാനം .എന്നാൽ മനസിനു സന്തോഷം കിട്ടാനിടയില്ലാത്ത ക്രമീകരണത്തിൽ നിന്നു പ്രീതിയുണ്ടാകുമെന്നർത്ഥമില്ല. വാബി സാബിയിലും ഒരു ക്രമമുണ്ട്. അത് വിപണിയിൽ പരിചിതമായതോ പലരുടെയും മുൻഗണനാക്രമങ്ങളിൽ വരുന്നതോ ആയിരിക്കില്ല.
കിട്ടാത്ത വസ്തുങ്ങളുടെ പേരിൽ മനസ്സിൽ കലഹമുണ്ടാക്കുന്നതാണ് ദോഷകരം. വൻതോതിലുള്ള ഉപഭോഗത്തേക്കാൾ അതുല്യമായ സൃഷ്ടിപ്രവർത്തനമാണ് അഭികാമ്യം. ഒരു വ്യക്തി അയാളുടെ സൃഷ്ടിപ്രക്രിയയിൽ വിജയിക്കേണ്ടവനാണ് .അനാവശ്യമായ ആഗ്രഹങ്ങളുടെ പിന്നാലെ നടന്നു നശിക്കേണ്ടവനല്ല .

പക്ഷികൾ വിജയിച്ചവർ 

എല്ലാ പക്ഷികളും വിജയിച്ചവരാണ്. അവർക്ക് ഏതു ഉയരത്തിലുള്ള വൃക്ഷത്തിൽ നിന്നും ഫലങ്ങൾ കൊത്തി തിന്നാം. അവർക്ക് ചിറുകുകളുണ്ട്. ആ പറക്കിലിലാണ്  അവരുടെ വിജയം. ചിറകുകൾ എങ്ങനെ ഉപയോഗിക്കണമെന്നറിയാം. അതുകൊണ്ട് പക്ഷികൾക്ക് സന്തുഷ്ടിയുണ്ട്. പരാജയത്തെക്കുറിച്ചുള്ള ആശങ്കയില്ല. ഇല്ലാത്ത ഫലങ്ങൾ പ്രതീക്ഷിച്ചു അവ വൃക്ഷങ്ങളുമായി ഏറ്റുമുട്ടുന്നില്ല .സങ്കീർണതകൾ വർജിക്കുകയാണെങ്കിൽ തെളിമയുള്ള പാതകൾ കിട്ടും. ഒരു സുഹൃത്തിലേക്കുള്ള പാതകൾ എപ്പോഴും തെളിഞ്ഞതായിരിക്കണം. സുഹൃത്തിനെ അറിയാൻ കാടും പടലും പിടിച്ച വഴികളിലൂടെ പോകരുത്. സ്നേഹബന്ധം സങ്കീർണമാക്കാനുള്ള തല്ല .എന്നാൽ രണ്ടുപേർ തമ്മിലുള്ള ബന്ധത്തിൽ അമിതമായ അധികാരവും സന്ദേശവും തലപൊക്കുന്നത് അകൽച്ചയുടെ നിഴൽപ്പെരുമാറ്റം അനുഭവപ്പെടുത്തും .

വിശ്വസിക്കാൻ യാതൊന്നുമില്ലാതെ സ്നേഹശൂന്യതയുടെ കയങ്ങളിലേക്ക് ആണ്ടുപോകാൻ അത് ധാരാളമാണ്. അതുകൊണ്ട് സ്നേഹം വളരെ ഋജുവായ ,സുന്ദരമായ, സംവേദനാത്മകമായ ഒരു വികാരമല്ലാതാവും .അത് മനസ്സിനു നഷ്ടവും ചാഞ്ചല്യവും പിരിമുറുക്കവും സന്ദേഹവും മാത്രം തരുന്ന ഒരു ചീത്തവികാരമായി മാറും .വാബി സാബിയിൽ സ്നേഹം ഒരു പൂ വിരിയുന്നതുപോലെ മൃദുലമാണ്. ഒരു ശലഭം പൂവിൽ സാവധാനം വന്നിരിക്കുന്നതുപോലെ സുന്ദരമാണത്. നമ്മളിലെ കുറവുകളെ, അന്യരിലെ കുറവുകളെ സ്നേഹത്തോടെ സ്വീകരിക്കുമ്പോൾ അത് പ്രവർത്തിക്കുന്നു. ഓരോ ജീവിക്കും ഓരോ അഭിരുചിയാണ്. മനുഷ്യനാകട്ടെ പലതിലും പല അഭിരുചിയാണ് .അതുകൊണ്ട് ഏതും സുന്ദരമാണ്.പച്ചയിലകൾക്കെന്നപോലെ വാടിയ ഇലകൾക്കും കരിയിലകൾക്കും ഭംഗിയുണ്ട് .

അപൂർണ്ണതയെക്കുറിച്ചുള്ള പരമ്പരാഗതവും വിപണിയെ ലക്ഷ്യം വെച്ചുള്ളതുമായ ധാരണകൾ ഉപേക്ഷിക്കുമ്പോൾ നാം ജീവിതത്തിന്റെ നൈസർഗികമായ തോന്നലുകളിലേക്ക് മടങ്ങിയെത്തുമെന്നാണ് വാബി സാബി  കലാകാരന്മാർ കരുതുന്നത്.നമ്മൾ,യഥാർത്ഥത്തിൽ, നമ്മളായിരിക്കുന്നില്ല. പലതരം കുഴപ്പങ്ങളും പലതരം പ്രചോദനങ്ങളും അധാർമികമായി നമ്മളിൽ നട്ടുവളർത്തിയതിന്റെ ഫലമായി സൗന്ദര്യാസ്വാദനത്തിലും ഒരു കൂട്ടായ പരിശ്രമം അല്ലെങ്കിൽ പങ്കാളിത്തമാണ് പലരും തേടുന്നത്. തനിച്ചാകുന്ന നിമിഷം ജീവിതം മറ്റൊരു മാനത്തിൽ പ്രത്യക്ഷപ്പെടും. അപ്പോൾ ജീവിതം നമ്മുടെ മുന്നിൽ വന്ന് അപരിചിതനായ ഒരു ഭിക്ഷാംദേഹിയെ പോലെ യാചിക്കും. നമ്മൾ ആ ഭിക്ഷാംദേഹിയെ മനസ്സിലാക്കുന്ന നിമിഷത്തിൽ വാബി സാബിയുണ്ട്.


രജതരേഖകൾ 

1)പ്രമുഖ കവി ചവറ കെ.എസ്.പിളളയുടെ രചനയുടെ എഴുപതാം വർഷം പ്രമാണിച്ച് 'കെ. എസ്. ജീവിതം കാലം എഴുത്ത്' (പച്ചമലയാളം) എന്ന പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നു. ജയൻ മഠത്തിൽ എഡിറ്റുചെയ്ത ഈ പുസ്തകത്തിൽ ചവറയെ അടുത്തറിയുന്ന സുഹൃത്തുക്കളുടെയും വിമർശകരുടെയും വായനാനുഭവം  പങ്കുവെച്ചിരിക്കുകയാണ്. ചവറ നിഷ്കാമിയായ ഒരു കവിയാണ്; സാത്വികഭാവം ഏറും .

2)സ്വന്തം കുഞ്ഞുങ്ങളെ കൊന്നു കുഴിച്ചുമൂടിയ ശേഷം കാമുകിയും കാമുകനും ഒരുമിച്ച് ജീവിച്ച സംഭവം പത്രത്തിൽ വായിച്ചു. ഉത്തര- ഉത്തരാധുനികമായ ഈ കാലത്ത് സ്വന്തം അതിജീവനത്തിനും സ്വർഗ്ഗത്തിനും സുഖത്തിനും മാത്രമാണ് വില. മറ്റുള്ളതെല്ലാം കൊല്ലപ്പെടും.ഇത് ഓരോ ദിവസവും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അഭിപ്രായമില്ലാത്ത ഈ കാലത്ത് അഭിപ്രായസ്ഥിരത പ്രതീക്ഷിക്കരുത്. അവസരങ്ങളില്ലാത്ത ലോകത്ത് അവസരവാദമാണ് ജയിക്കുന്നത്.

3)ഹരികുമാർ ഇളയിടത്ത് എഴുതിയ 'കുത്തിയോട്ടപ്പാട്ടുകൾ ഒരു പഠനം'(ബോധി ബുക്സ് ,നെടുമ്പന) പ്രസിദ്ധീകരിച്ചു. കുത്തിയോട്ടം എന്ന അനുഷ്ഠാന കലയെ പൈതൃകത്തിന്റെ മഹാശേഖരമായി കരുതിവയ്ക്കാൻ ശേഷിയുള്ള ഈ ഗവേഷണാത്മക വിജ്ഞാനം ഈ ഗ്രന്ഥത്തിൽ നിന്ന് ലഭിക്കും. പൈതൃകകലയിൽ അസാധാരണ അവബോധമുള്ള എഴുത്തുകാരനാണ് ഹരികുമാർ ഇളയിടത്ത്.

4)തോമസ് ട്രാൻസ്ഫോമറുടെ 'ഇത്തിരിയൊന്നു നിലച്ച കീബോർഡ്' എന്ന കവിത സച്ചിദാനന്ദൻ പുഴങ്കരയുടെ പരിഭാഷയിൽ (കലാപൂർണ്ണ,ജൂലായ്) ആസ്വാദ്യകരമായി. പൂർവ്വകാല കവിതയിൽ നിന്നുണ്ടാകുന്ന കൃത്രിമമായ കാവ്യാത്മകതയല്ല ട്രാൻസ്ട്രോമറുടേത്. അദ്ദേഹം ഓരോ വരിയിലും താൻ അറിഞ്ഞ കവിതയെ തന്റെ സവിശേഷ പദാവലികളിലൂടെ പുറത്തുകൊണ്ടുവരാൻ ശ്രമിക്കുകയാണ് .ചിലപ്പോൾ അത് പൂർണമായി വിജയിക്കണമെന്നില്ല. ഭാഷ കടന്നുചെല്ലാത്ത ഇടങ്ങളിലെ അനുഭവങ്ങൾ വാക്കുകളിലൂടെ പകരാൻ കഴിയണമെന്നില്ല. ചില ധ്വനികൾ നമ്മെ അറിയിക്കുന്നു. പ്രാർത്ഥനയ്ക്കിടയിൽ കീബോർഡ് നിലച്ചപ്പോഴുണ്ടായ നിശ്ശബ്ദതയെക്കുറിച്ചാണ് എഴുതിയിരിക്കുന്നത്. 

'അതെ 
വാഹനങ്ങളുടെ പിറുപിറുപ്പുകൾ 
പള്ളിച്ചുമരുകളിൽക്കൂടി പടർന്ന്
ഞങ്ങളെ പൊതിഞ്ഞു,
പുറത്തെ ലോകം
സുതാര്യമായ ഒരു പാടപോലെ വഴുതിത്തെന്നുകയായിരുന്നു,
നിഴലുകളാകട്ടെ 
അത്യന്തം നേർത്ത വൈഖരിയാവാൻ പാടുപെട്ടു.'

ഒരു അനുഭവം മനുഷ്യൻ്റെയുള്ളിൽ  അവശേഷിപ്പിക്കുന്നത് തിരിഞ്ഞുചെന്നു പിടികൂടുന്ന വിദ്യയാണ് ഇവിടെ കവിത.

5)ജീവിതത്തിൻ്റെ അർത്ഥം എന്താണെന്നു അന്വേഷിക്കുന്ന കഥാപാത്രങ്ങളെ സൃഷ്ടിച്ച വലിയ എഴുത്തുകാരുണ്ട്. ജീവിതത്തിനു മുൻകൂട്ടി നിശ്ചയിക്കപ്പെട്ട അർത്ഥം കാണാൻ കഴിയില്ല. നാം സൃഷ്ടിക്കുന്നതാണത്. രോഗികളെ ശുശ്രൂഷിക്കുമ്പോഴാണ് ജീവിതത്തിനു അർത്ഥമുണ്ടാകുന്നതെന്നു മദർ തെരേസ അനുഭവത്തിലൂടെ തെളിയിച്ചു. ആൽബേർ കമ്യു എഴുതി: 'എന്താണ് സന്തോഷമെന്നു അന്വേഷിച്ചിറങ്ങിയാൽ നിങ്ങൾക്ക് ഒരിക്കലും സന്തോഷം കിട്ടുകയില്ല.  ജീവിതത്തിന്റെ അർത്ഥം തിരക്കി നടന്നാൽ നിങ്ങൾ ഒരിക്കലും ജീവിക്കുകയില്ല.' കിട്ടുന്ന ജീവിതം ആസ്വദിക്കുകയാണ്  ഉചിതമായിട്ടുള്ളത്. അതിനെ എത്രയും ഹൃദ്യമാക്കാമെന്നു ആലോചിക്കുന്നവർക്ക് വലിയ കാര്യങ്ങൾ ചെയ്യാനാവും , പക്ഷി നിരീക്ഷകനായ ഡോ. സലിം അലിയെ പോലെ.

No comments: