"
എനിക്ക് ഗാന്ധിജിയോട് വലിയ ഒരു അടുപ്പം ഒരിക്കലും തോന്നിയിട്ടില്ല.എന്നാൽ
ഒരു രാഷ്ട്രീയ ചിന്തകനെന്ന നിലയിൽ അദ്ദേഹത്തിനു പ്രധാന കാര്യങ്ങളിൽ
തെറ്റുപറ്റിയെന്നും കരുതുന്നില്ല. അതുപോലെ അദ്ദേഹത്തിൻ്റെ ജീവിതം ഒരു
പരാജയമാണെന്നും പറയാനാവില്ല." ജോർജ് ഓർവെൽ എഴുതിയ Reflections on Gandhi
എന്ന ലേഖനത്തിലെ വാക്യങ്ങളാണിത്.ഗാന്ധിജിയുടെ ഒരു ഓർമ്മ പുതുക്കലിൽ
ഓർവെല്ലിൻ്റെ ലേഖനം വീണ്ടുവിചാരത്തിനും കണ്ടെത്തലിനുമുള്ള
വഴിമരുന്നിടുകയാണ്. എന്തുകൊണ്ടായിരിക്കും അദ്ദേഹത്തിനു ഗാന്ധിജിയോട്
അടുപ്പം തോന്നാത്തത്? അത് വ്യക്തിപരമായ സൗന്ദര്യബോധത്തിൻ്റെ പ്രശ്നമാണ്. ആ
ലേഖനത്തിന്റെ ഒടുവിൽ ഓർവെൽ തൻ്റെ സൗന്ദര്യാത്മകമായ അരുചി
വെളിവാക്കിക്കൊണ്ട് ഇങ്ങനെ പ്രസ്താവിക്കുന്നു:
"One may feel ,as
I do ,a sort of aesthetic distaste for Gandhi ,one may reject the
claims of sainthood made on his behalf (he never made any such claim
himself ,by the way) ,one may also reject sainthood as an ideal and
therefore feel that Gandhi's basic aims were anti human and reactionary "
ഓർവെല്ലിനു
,ഗാന്ധിജിയോട്, സൗന്ദര്യബോധത്തിന്റെ പശ്ചാത്തലത്തിൽ അരുചിയുണ്ട് ;
ഉൾക്കൊള്ളാൻ പറ്റാത്ത ചിലതുണ്ട്. അദ്ദേഹത്തെ ഒരു പുണ്യാളനാക്കുന്നതിനോടും
ഓർവെൽ വിയോജിക്കുന്നു ,അങ്ങനെ ഗാന്ധിജി അവകാശപ്പെട്ടില്ലെങ്കിലും.
പുണ്യാളത്തത്തെ ഒരു മാതൃകയായി കാണാത്തവർ ഗാന്ധിജിയുടെ ലക്ഷ്യങ്ങളെ
മനുഷ്യവിരുദ്ധമായി വിലയിരുത്തുമെന്നുവരെ ഓർവെൽ അഭിപ്രായപ്പെടുന്നു.
ഗാന്ധിജിക്ക്
ഒരു വ്യക്തിയോടല്ലായിരുന്നു താത്പര്യം ,ഒരു ജനതയോടായിരുന്നു. അടുത്ത
സുഹൃത്തുക്കളുണ്ടാവുന്നത് തൻ്റെ ലക്ഷ്യത്തിൽ നിന്നു വ്യതിചലിക്കാൻ
ഇടയാക്കുമെന്ന് ഗാന്ധിജി ചിന്തിച്ചിരുന്നു. ഓർവെൽ എഴുതുന്നു ,ഒരാൾക്ക്
ദൈവത്തെ സ്നേഹിക്കണമെങ്കിൽ ,അല്ലെങ്കിൽ മനുഷ്യവംശത്തെയാകെ
സ്നേഹിക്കണമെങ്കിൽ ഏതെങ്കിലും ഒരു വ്യക്തിയോടുള്ള പ്രത്യേക ഇഷ്ടം
ഉപേക്ഷിക്കണം .വൈയക്തികത ഇല്ലാതാവുകയും ലോകസാകല്യത പ്രാമുഖ്യം
നേടുകയുമാണ്. ഇവിടെയാണ് മാനസികവും മതപരവുമായ ആശയങ്ങൾ തമ്മിൽ ചേരാതെ
നിൽക്കുന്നത്. സാധാരണക്കാർക്ക് സ്നേഹം എന്നു പറഞ്ഞാൽ
ആരോടെങ്കിലുമൊക്കെയുള്ള അധികരിച്ച സ്നേഹമാണ്.
ഗാന്ധിജിക്ക്
ആഹാരം രുചിക്കാനോ ആസ്വദിക്കാനോ ഉള്ളതല്ല;ആരോഗ്യത്തിനുള്ളതായിരുന്നു.
മറ്റൊന്ന് ,ലൈംഗികതയോടുള്ള വിരക്തിയാണ്. ലൈംഗികവേഴ്ചയുണ്ടാകുകയാണെങ്കിൽ
,അത് ദീർഘിച്ച ഇടവേളകളിൽ സന്താനോൽപാദനത്തിനു വേണ്ടി മാത്രമാകണമത്രേ .ഓർവെൽ
ചൂണ്ടിക്കാട്ടുന്ന പോലെ ,ഗാന്ധിജി തന്റെ മുപ്പതുകളിൽ ലൈംഗികത ഉപേക്ഷിച്ച്
ബ്രഹ്മചര്യത്തിലേക്ക് പോയ വ്യക്തിയാണ് .ലൈംഗികദാഹത്തെ പൂർണ്ണമായി ഉച്ചാടനം
ചെയ്യുകയായിരുന്നു ആ ബ്രഹ്മചര്യത്തിൻ്റെ ലക്ഷ്യം. അത് വ്യക്തിയുടെ
രാഗങ്ങളിൽ നിന്നുള്ള രക്ഷപ്പെടലും സമൂലമായ ലോകത്തിൻ്റെ വാഴ്വിൻ്റെ
നേരെയുള്ള നോട്ടവുമായിരുന്നു. ലോകത്തിൻ്റെ സാരം ആർജിക്കുന്നതിൻ്റെ മറ്റൊരു
രീതിയാണിത്.
ത്യാഗം ,തപസ്സ്
അതുകൊണ്ട്
ഗാന്ധിയൻ ജീവിതമാതൃക എന്നു പറയുന്നത് കഠിനമായ, ദുർഘടമായ ഒരു വഴിയാണ്.
സാധാരണ മനസുകൾക്ക് അത് അപ്രാപ്യമാണ്. ഗാന്ധിയൻ ജീവിതം ആത്മീയമായ
ചിന്തകളിലും ശ്രമകരമായ ചര്യകളിലും അധിഷ്ഠിതമാണ്. അത് മാനസികമല്ല; ആശയപരമായ
ദൃഢനിശ്ചയങ്ങളും ത്യാഗവും തപസ്സുമാണ് അഭിവ്യഞ്ജിപ്പിക്കുന്നത്
.ഗാന്ധിജിയുടെ ജീവിതാദർശം അഥവാ ഗാന്ധിസം അദ്ദേഹത്തിനു മാത്രമേ
പ്രാവർത്തികമാക്കാനാവൂ.അത് മനുഷ്യൻ്റെ അതീതമായ ഒരിടമാണ്. അത് സാധാരണ
മനുഷ്യൻ്റെ സ്വപ്നമോ അതിശയമോ ആയിരിക്കും . അദ്ദേഹത്തിൻ്റെ വസ്ത്രധാരണം
,ഭക്ഷണരീതി, വിശ്രമം ,ജീവിതാദർശങ്ങൾ ,മിതവ്യയം, ലക്ഷ്യബോധം എന്നിവ
ശ്രദ്ധിച്ചാൽ ഒരു കാര്യം വ്യക്തമാകും. അത് ഗാന്ധിജിയുടെ സവിശേഷമായ മതപരമായ
യാത്രയാണ്. വ്യക്തിഗതമായ മതമാണത്. സർവമതങ്ങളെയും
ആശ്ളേഷിക്കുന്നതിനപ്പുറത്ത് തൻ്റേതായൊരു മോക്ഷപാതയാണ് ഗാന്ധിജി വിഭാവന
ചെയ്തത്. സ്വാതന്ത്യസമരം ആ യാത്രയ്ക്കുള്ള പരീക്ഷണശാലയായിരുന്നു ,കർമ്മ
മേഖലയായിരുന്നു.
രാഷ്ട്രീയത്തിൽ മറ്റുള്ളവർക്ക്
പാലിക്കാൻ പറ്റാത്ത നിയമങ്ങളും മൂല്യങ്ങളുമാണ് ഗാന്ധിജി പുലർത്തിയത്.
എന്തെന്നാൽ തൻ്റെ വ്യക്തിത്വത്തിനും ആന്തരികവും ആത്മീയവുമായ
അനുധാവനങ്ങൾക്കും പര്യാപ്തമായ സാഹചര്യങ്ങളാണ് അദ്ദേഹം
തേടിക്കൊണ്ടിരുന്നത്.ചുറ്റുപാടുകളെ അതിനനുസരിച്ച് മാറ്റിയെടുക്കാൻ
ഗാന്ധിജിക്ക് കഴിയുമായിരുന്നു.
അദ്ദേഹത്തിൻ്റെ
ചിന്തകൾ ആകർഷിക്കപ്പെടുന്നത് അതിനു പറ്റിയ ആശയങ്ങളിലേക്കാണ്. സ്വന്തം
ചിന്തകൾ ഉല്പാദിപ്പിക്കുന്നതിനേക്കാൾ തൻ്റെ ജീവിതചക്രം
പൂർത്തീകരിക്കുന്നതിനായി മറ്റുള്ളവരുടെ ആശയങ്ങൾ സ്വീകരിച്ചു കൊണ്ടിരുന്നു.
ഒരിക്കലും അതിൽ മുടക്കം വരുത്തിയിട്ടില്ല. എന്തിനാണ് ഇങ്ങനെ സ്വയം
വികസിപ്പിക്കുന്നത്? സ്വയം ഒരു സത്യാന്വേഷകനാണെന്ന് കണ്ടെത്തുന്നത് ?അതാണ്
ഗാന്ധിയൻ യജ്ഞം. ആരെയെങ്കിലും കായികമായി ,ആയുധങ്ങൾ ഉപയോഗിച്ച് നേരിടുന്നത്
ഗാന്ധിജി ഇഷ്ടപ്പെട്ടില്ല .അത് ആ വ്യക്തിത്വത്തിൻ്റെ സഹജമായ സ്വഭാവമാണ്.
ഉപേക്ഷിക്കാവുന്നതെല്ലാം ഉപേക്ഷിച്ചാലും ഒടുവിൽ താനും തൻ്റെ അനുഭവങ്ങളും
ബാക്കിനിൽക്കുമെന്ന് കണ്ടെത്തിയ ഒരു സെൻ ബുദ്ധിസ്റ്റായിരുന്നു ഗാന്ധിജി .
അദ്ദേഹം ഒരു ഭൗതികവസ്തുവിന്റെയും ഉടമസ്ഥതയിൽ വിശ്വസിച്ചില്ല.എന്നാൽ തൻ്റെ
അഗാധവും ദൃഢവുമായ ആത്മീയതയിൽ വിശ്വസിച്ചു. നഷ്ടപ്പെടലുകളെ ഓർത്ത്
വിഷാദിക്കാതെ ,തൻ്റെ കൂടെ പ്രകൃതി നല്കിയത് ഉണ്ടായിരുന്നാൽ മതിയെന്ന
ചിന്തയാണിത്. ഒരു നിമിഷത്തിനാണ് മൂല്യം .ഒരു തുണ്ട് തുണികൊണ്ട് മറച്ചാൽ
തീരുന്നതേയുള്ളൂ തന്റെ എല്ലാത്തരത്തിലുള്ള നഗ്നതകളുമെന്ന് ഗാന്ധിജിക്ക്
മാത്രമേ ചിന്തിക്കാനാവൂ. ആ തുണ്ട് അദ്ദേഹത്തിൻ്റെ സത്യസന്ധതയാണ്
പ്രകടമാക്കുന്നത്. എത്ര വലിയ സാമ്രാജ്യത്വ മേലാളന്മാരുടെ ഉടുത്തുകെട്ടുകളും
ആ ചെറിയ തുണിക്കഷണത്തിൽ തട്ടി നിഷ്പ്രഭമാവുമായിരുന്നു. അദ്ദേഹം
ആഗ്രഹങ്ങളില്ലാത്ത ഒരു മനുഷ്യനായിരുന്നു .ആഗ്രഹങ്ങളില്ലാത്തവർക്ക് സ്വയം
ഭാവന ചെയ്യാൻ തുറസ്സായ ഇടങ്ങൾ ധാരാളമായി ലഭിക്കും .
അഹിംസയുടെ മൂർച്ച
റഷ്യൻ
സാഹിത്യകാരൻ ടോൾസ്റ്റോയിയുമായുള്ള കത്തിടപാടുകളിലൂടെയാണ് ഗാന്ധിജി അഹിംസ
എന്ന ആശയത്തിന്റെ അടിമയാകുന്നത്. ടോൾസ്റ്റോയി പറഞ്ഞു ,ഒരു ഭരണകൂടത്തോട്
ഒരിക്കലും ആയുധമെടുത്ത് പോരാടരുതെന്ന് .അതാണ് ദക്ഷിണാഫ്രിക്കയിലും
ഇന്ത്യയിലും അദ്ദേഹം ഉപയോഗിച്ചത്. എന്താണ് അഹിംസ ?അങ്ങോട്ട്
ആക്രമിക്കുകയില്ലെന്നാണ് അർത്ഥം . എന്നാൽ ഇങ്ങോട്ട് ആക്രമണമുണ്ടായാൽ നഷ്ടം
സഹിക്കണം. കഷ്ടപ്പാടും സഹനവും നാം നേരിടണം.അഹിംസ ആത്യന്തികമായി
നമ്മളിലേക്ക് തന്നെ തിരിഞ്ഞുകുത്തുകയാണ് ചെയ്യുക .ഒരു വലിയ രാജ്യം നമ്മെ
ആക്രമിക്കുമ്പോൾ അഹിംസയിൽ വിശ്വസിച്ച് നാം നിശ്ശബ്ദരായിരുന്നാൽ ,നമ്മെ അവർ
കൊന്നൊടുക്കും .പൂർണമായി കൊന്നൊടുക്കില്ലായിരിക്കാം;
അടിമകളാക്കപ്പെടുന്നതുവരെ ആ കൊല തുടരും.
അഹിംസയുടെ
ഫലം, മറ്റൊരാളിൻ്റെ , സൈന്യാധിപൻ്റെ രാജ്യത്തിന്റെ മനസ്സിലാണ്
ഉണ്ടാകേണ്ടത്.അഹിംസ ഒരു ഉദ്ബുദ്ധമായ നീലാകാശമായി ശത്രുവിന്റെ മനസ്സിൽ
ഉണരണം. അപ്പോഴാണ് അഹിംസ ഫലപ്രദമാകുന്നത്. അഹിംസ ആചരിക്കുന്നവനു യാതൊന്നും
ചെയ്യാനില്ല. മർദ്ദനം ഏറ്റുവാങ്ങുക മാത്രമാണ് പോംവഴി.അഹിംസയിൽ അന്തർലീനമായ
ആദർശം അവനവനിലുള്ള കീഴടങ്ങലാണ്. സ്വന്തം ഇന്ദ്രിയങ്ങളെയും വികാരങ്ങളെയും
പരിത്യജിക്കാനുള്ള പരിശീലനമാണത്. അഹിംസ പ്രബുദ്ധതയാണ് ;എന്നാൽ
ആക്രമണകാരിക്ക് പ്രബുദ്ധതയില്ല .അവനു നശീകരണ ത്വര മാത്രമേയുള്ളൂ. അവൻ്റെ
ബോധത്തെ നവീകരിക്കാനുള്ള ഒരു ഉപകരണമായി അഹിംസയിൽ വിശ്വസിക്കുന്ന വ്യക്തി
മാറണം.
അഹിംസയിലൂടെ നഷ്ടം സംഭവിക്കാം. എത്ര പേർ
മരിച്ചാലും ,അഹിംസാവാദിക്ക് അതിൽ നിന്ന് പിന്മാറാനാകില്ല. ഗാന്ധിജി
പറഞ്ഞു, ശക്തി എന്നു പറയുന്നത്, ശാരീരികമായ, ഭൗതികമായ ബലമല്ല. അത്
കീഴടക്കാൻ സാധിക്കാത്ത ഒരു മനസ്സിൽ നിന്നാണ് വരുന്നത് .ഇതിൽ ഗാന്ധിജി
ജീവിതകാലമത്രയും വിശ്വസിച്ചു. മനസ്സിലെ മുറിവുകൾ പാടി നടക്കുന്ന കവിയോടല്ല
ഗാന്ധിജിയെ ഉപമിക്കേണ്ടത്;ജീവിതദുഃഖത്തെക്കുറിച്ചുള്ള ചിന്തയിൽ
മുഴുകുകയും ദുഃഖത്തിൽ നിന്നൊഴിയാൻ മാർഗങ്ങൾ അന്വേഷിക്കുകയും ചെയ്ത
ബുദ്ധനോടാണ് .
അന്നത്തെ രാഷ്ട്രീയത്തിന്റെ
കാലാവസ്ഥ സ്വാതന്ത്ര്യസമരത്തിൻ്റേതായിരുന്നു. അടിച്ചമർത്തലിന്റെ കാലത്ത്
ഗാന്ധിജിയെ പോലൊരു ഗുരുവിനു, പരിവ്രാജകന് മൗനിയായിരിക്കാൻ സാധ്യമല്ല.
നിരന്തരം സംസാരിക്കുക തന്നെ വേണം. ഓരോ നിമിഷത്തിൻ്റെയും ആശയം ചർച്ച
ചെയ്യണം. കനമുള്ളതും അർത്ഥമുള്ളതുമെല്ലാം ആരായണം .പതിരെല്ലാം കളയണം.അതാണ്
ഗാന്ധിജി ചെയ്തു കൊണ്ടിരുന്നത്. ശരീരത്തിൻ്റെ ശക്തി ഏതെങ്കിലും ഒരു
ഘട്ടത്തിൽ നഷ്ടപ്പെടാം;
എന്നാൽ ആന്തരികമായ കരുത്ത് എല്ലാ ഭൗതിക
നഷ്ടങ്ങൾക്ക് മുന്നിലും ജീവിക്കാൻ പ്രേരിപ്പിച്ചുകൊണ്ടിരിക്കും.
കുറെയൊക്കെ നഷ്ടം സംഭവിച്ചാലും ബാക്കിയുള്ളതിനെ രക്ഷിക്കാൻ ഇത് ആവശ്യമാണ്.
സത്യത്തെ മുറുകെപ്പിടിക്കുന്നത്
ആന്തരികശക്തി
സമാഹരിക്കാനാണ് ഗാന്ധിജി വിഷയസുഖത്തെയും മറ്റു രുചികളെയും വർജിച്ചത്
.ഏതിനും ഒരർത്ഥമുണ്ടാകണമെന്നായിരുന്നു അദ്ദേഹത്തിൻ്റെ വിചാരം. മനുഷ്യൻ
അർത്ഥമുള്ള ഒരു ജീവിയാണ്; അല്ലെങ്കിൽ അർത്ഥമുള്ളതാക്കണം. കലങ്ങിമറിഞ്ഞ ഒരു
അന്തരീക്ഷത്തിൽ എല്ലാറ്റിനും ഒരു ക്രമമുണ്ടാവണം.മനുഷ്യമനസിൽ
കണ്ണടച്ചിരിക്കുന്ന ആ ബുദ്ധനെ ,പ്രബുദ്ധനെ പുറത്തു കൊണ്ടുവരാനായി എല്ലാ
വ്യാമോഹങ്ങളിൽ നിന്നും ,കാഴ്ചയെ മറയ്ക്കുന്ന കപടരൂപങ്ങളിൽ നിന്നും
മനസ്സിനെ വിമോചിപ്പിക്കേണ്ടതുണ്ട്. ഭക്ഷണത്തിൽ ഒരു സസ്യാഹാരപ്രിയനായതിൻ്റെ
കാരണം അദ്ദേഹത്തിൻ്റെ അഹിംസാസിദ്ധാന്തം തന്നെയാണ്. സസ്യങ്ങൾക്ക്
വേദനിക്കില്ലല്ലോ. ഒരു താപസൻ്റെ ,ബുദ്ധസന്യാസിയുടെ അനലംകൃതമായവഴികൾ
ഗാന്ധിജി തിരഞ്ഞെടുത്തു .ഒരു രാഷ്ട്രീയ പ്രവർത്തകനു ഇതിൻ്റെയൊന്നും
ആവശ്യമില്ലല്ലോ.
ഗാന്ധിജിക്ക് മാത്രമേ
സത്യഗ്രഹിയാകാൻ കഴിയൂ. സത്യത്തെ ദൃഢമായി ഉറപ്പിച്ചു നിർത്താനുള്ള മനസ് വേണം
.സത്യത്തെ തേടുന്നതിൽ ഗാന്ധിജി പാശ്ചാത്യ പുരോഹിതന്മാരുടെ മാർഗമല്ല
പിന്തുടർന്നത് ;ഒരു യുദ്ധത്തിൽ രണ്ടു ഭാഗവും ഒരുപോലെ കുറ്റക്കാരായിരിക്കും.
രണ്ടുകൂട്ടരും ചെയ്യുന്നത് കൊലയാണല്ലോ.അതുകൊണ്ടാണ് ഗാന്ധിജി സത്യഗ്രഹത്തെ
,സത്യത്തെ മുറുകെപ്പിടിച്ചത്. സത്യഗ്രഹം (Firmness in the Truth)ഒരു
മതമായി ,മതാചാരമായി ഗാന്ധിജി വികസിപ്പിച്ചു .സത്യഗ്രഹത്തിന്റെ മാർഗവും
ആർക്കും സുലളിതമായിരിക്കില്ല. അതും സഹനം തന്നെയാണ് .ആന്തരികബലമാണ് നാം
തേടുന്നത്. 1938 ൽ ഗാന്ധിജിയോട് ഈ വിഷയത്തിൽ ഒരു ചോദ്യം ചോദിച്ച സംഭവം ലൂയി
ഫിഷറുടെ 'ഗാന്ധി ആൻഡ് സ്റ്റാലിൻ' (Gandhi and Stalin: Louis Fischer )
എന്ന കൃതിയിൽ നിന്നു ഓർവെൽ ഉദ്ധരിക്കുന്നുണ്ട് .
ഗാന്ധിജി
പറഞ്ഞത് ജർമൻ ജൂതന്മാർ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുകയായിരുന്നു
നല്ലതെന്നാണ്. യുദ്ധമുഖത്ത് അവർ വധിക്കപ്പെടുമെന്നു ഉറപ്പായിരുന്നു. അതിനു
ഗാന്ധിജി പറഞ്ഞ ന്യായം ഇതാണ് :"ആ കൂട്ട ആത്മഹത്യ ലോകത്തെയും ജർമ്മൻ
ജനതയെയും ഉണർത്തും ,ഹിറ്റ്ലറുടെ ആക്രമണത്തിനെതിരെ ."
അഹിംസയായാലും
സത്യഗ്രഹമായാലും അതിനു സത്യത്തോടാണ് കൂറ്. സത്യമാണ് അവിടെ വിജയിക്കുന്നത്.
സത്യം ജയിക്കാൻ നമ്മൾ ത്യാഗം ചെയ്യണം.നമുക്കല്ല ,സത്യത്തിനാണ് പ്രസക്തി.
അതുകൊണ്ട് തന്നെയാണ് ഗാന്ധിയൻ ആദർശം സഹനമേറെയുള്ള ഒരു മതമാകുന്നത്.
പൗരന്മാരാണ് അധികാരകേന്ദ്രം
മറ്റൊരു
പ്രധാന ആശയം സിവിൽ ഡിസൊബീഡിയൻസാണ് .1849 ൽ അമേരിക്കൻ പരിസ്ഥിതിവാദിയായ
ഹെൻട്രി ഡേവിഡ് തോറോ എഴുതിയ Civil Disobedience എന്ന ലേഖനമാണ് ഗാന്ധിജിയെ
വഴിതിരിച്ചുവിട്ടത്. അമേരിക്കയിലെ അടിമത്വത്തിനെതിരെ, അമേരിക്കയുടെ
മെക്സിക്കൻ ആക്രമണത്തിനെതിരെയാണ് തോറോ ശബ്ദിച്ചത്. സർക്കാരുകളുടെ
അമിതാധികാരത്തെ ചെറുക്കാൻ അതിനോട് സഹകരിക്കേണ്ടതില്ലെന്ന നിലപാടാണ് തോറോ
സ്വീകരിച്ചത് .
ഇതിലൂടെ ജനതയ്ക്ക് അവരുടെ മനസ്സാക്ഷിയെ
സംരക്ഷിക്കാനാവും. "സ്വതന്ത്രവും ബുദ്ധികൊണ്ട് തെളിഞ്ഞതുമായ ഒരു രാഷ്ട്രം
ഒരിക്കലും ഉണ്ടാവുകയില്ല ,എല്ലാ അധികാരവും അപ്രമാദിത്വവും നൽകുന്ന
വ്യക്തിയെ ഉയർന്നതും സ്വതന്ത്രവുമായ ഒരു അധികാര കേന്ദ്രമായി
കാണാത്തിടത്തോളം "
എന്നു തോറോ എഴുതിയിട്ടുണ്ട്.
ജനാധിപത്യത്തിൽ
വ്യക്തിക്കാണ് ഉന്നതമായ സ്ഥാനം. വ്യക്തിയെന്നാൽ പൗരൻ അല്ലെങ്കിൽ വോട്ടർ.
രാഷ്ട്രത്തിന് അധികാരവും ബലവും കിട്ടുന്നത് ഈ പൗരനിൽ നിന്നാണ് .ഈ ബോധം
ഭരണകൂടത്തിനില്ലെങ്കിൽ അത് ഒരിക്കലും ഒരു സ്വതന്ത്രമായ, പ്രബുദ്ധമായ
രാജ്യമായിരിക്കില്ല.
ഇന്നു നാം കാണുന്നതെന്താണ്
?പതിനായിരക്കണക്കിനാളുകൾ വോട്ടു ചെയ്ത് വിജയിപ്പിക്കുന്ന ഒരു ജനപ്രതിനിധി
വല്ലാത്ത അഹന്തയാണ് കാണിക്കുന്നത് .ശരീരഭാഷ തന്നെ ധിക്കാരവും സ്വാർത്ഥതയും
ചേർന്നതാണ്. വിളിച്ചാൽ ഫോണെടുക്കില്ല .താൻ സ്വയം ജയിച്ചതാണെന്ന അബദ്ധ ധാരണ
പലരെയും പിടികൂടിയിരിക്കുന്നു .ഇത് മുന്നിൽ കണ്ടാണ് ഗാന്ധിജി ഇങ്ങനെ
പറഞ്ഞത്:
"Honest disagreement is often a good sign of progress
". സത്യസന്ധമായ വിയോജിപ്പുകൾ നമ്മെ പുരോഗതിയിലേക്ക് നയിക്കുക തന്നെ
ചെയ്യുമെന്നു സാരം. ഒത്തുതീർപ്പുകളോ ,കീഴടങ്ങലോ സത്യത്തിനു എതിരാണ്. സത്യം
എപ്പോഴും തിരഞ്ഞുകൊണ്ടിരിക്കണം. ജീവിതം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്
പലപ്പോഴും സത്യമല്ല .അതിൻ്റെ മുന്നിലുള്ള കപടമുഖം വലിച്ചു കീറണം. തന്റെ
മനസ്സിന്റെ സ്വാതന്ത്ര്യമാണ്, തന്റെ ചിന്തയുടെ പ്രബുദ്ധതയാണ്
മറ്റെല്ലാറ്റിലും വലുത് എന്ന് പ്രഖ്യാപിക്കുകയാണ് അദ്ദേഹം ചെയ്തത്. അദ്ദേഹം
തൻ്റേതായ വഴിയിലൂടെ സത്യത്തെ അന്വേഷിച്ചു. എന്നു പറഞ്ഞാൽ ദൈവത്തെ
തേടുന്നതിൽ, സ്വതന്ത്രമായ മാർഗം അവലംബിച്ചു. സമകാലിക ലോകത്തിനു
ഇണങ്ങുന്നതും അർത്ഥമുള്ളതുമായ മാർഗങ്ങൾ അവലംബിച്ചു. അന്ധമായ വിശ്വാസമല്ല,
പ്രായോഗികമായ വിജയവും സ്വതന്ത്രമായ മനസ്സുമാണ് അതിനുള്ള വഴികൾ.
ഇക്കാര്യത്തിൽ ഗാന്ധിജി കേവല മനുഷ്യന്റെ സ്വഭാവങ്ങളോട് വിട്ടുവീഴ്ച
ചെയ്തിട്ടില്ല. സാധാരണ മനുഷ്യർക്ക് എത്തിപ്പിടിക്കാനാവാത്ത ഉയരം
അതിനുണ്ടായിരുന്നു.
ഗാന്ധിയന്മാർ പരാജയപ്പെട്ടു
ഗാന്ധിയന്മാർക്ക്
ഗാന്ധിയാകാൻ സാധ്യമല്ല. ഗാന്ധിയന്മാർക്ക് ഗാന്ധിയെ പോലെ അസഹനീയമായ
ദിനചര്യയിലൂടെ ,സേവനങ്ങളിലൂടെ പ്രാർത്ഥനയിലൂടെ കടന്നുപോകാനാവില്ല .അവർക്ക്
തത്ത്വചിന്തയില്ലല്ലോ .ജീവിതകാല മത്രയും സത്യത്തിനു വേണ്ടി ,സത്യത്തെ
വീണ്ടും തിരയുന്നതിനു വേണ്ടി ജീവിക്കുക എളുപ്പമായിരിക്കില്ല .ഹൃദയമില്ലാത്ത
വാക്കുകൾ ഉച്ചരിച്ചുകൊണ്ട് ഒരു ആരാധനാലയത്തിനു മുന്നിൽ
നിൽക്കുന്നതിനേക്കാൾ മഹത്തരമായത് പ്രാർത്ഥിക്കുമ്പോൾ ഒരു വാക്കും മനസിൽ
ഇല്ലാതിരിക്കുന്നതാണെന്നു ഗാന്ധിജി പറഞ്ഞത് ശ്രദ്ധിക്കണം.
വേറിട്ട
ആത്മീയവാദിയായിരുന്നു അദ്ദേഹം.തൻ്റേതായ ആത്മീയതയാണ് ഗാന്ധിജി തേടിയത്. അത്
വേറൊരു മതമാണ് .നിശ്ചിതമായ ഒരു കൂട്ടം ചിന്തകളും ചട്ടങ്ങളുമാണ്
ഗാന്ധിസത്തിൽ കാതലായിട്ടുള്ളത്. സർവോദയമെന്ന ആശയം ഇവിടെ ചർച്ച ചെയ്യുന്നത്
നന്നായിരിക്കും. ഒരു രാഷ്ട്രീയക്കാരനോ ,രാഷ്ട്രീയപാർട്ടിക്കോ രാഷ്ട്രത്തിനോ
ചിന്തിക്കാൻ സാധിക്കാത്ത ആശയമാണ് സർവ്വോദയം. ജോൺ റസ്കിൻ
എഴുതിയ
Un to This Last എന്ന ധനശാസ്ത്ര കൃതിയാണ് ഗാന്ധിജിയെ സർവോദയം എന്ന
ആശയത്തിലേക്ക് വശീകരിച്ചത്. എല്ലാവരുടെയും ഉന്നമനം മാത്രമല്ല വിഷയം;
ഏറ്റവും അവസാനത്തെ വ്യക്തിയുടെയും ക്ഷേമം ഉറപ്പാക്കുമ്പോഴാണ്
രാഷ്ട്രീയത്തിന് അർത്ഥമുണ്ടാകുന്നത്.
ഒരു രാജ്യത്ത് ഒരാൾ പോലും
കഷ്ടപ്പെടരുത്. ഇന്ന് ഏതെങ്കിലും ഒരു രാഷ്ട്രത്തിനു ഇങ്ങനെ
ചിന്തിക്കാനാവുമോ ? രാഷ്ട്രങ്ങളുടെ പരിധിക്ക് പുറത്ത് തൻ്റെ സ്വപ്നങ്ങൾക്ക്
വേണ്ടി അലഞ്ഞ സ്വപ്നദർശിയായിരുന്നു ഗാന്ധിജി . അദ്ദേഹം യാഥാർത്ഥ്യങ്ങളെ
ചിലപ്പോഴെല്ലാം സ്വപ്നങ്ങളാക്കി ;അല്ലെങ്കിൽ സ്വപ്നങ്ങൾക്ക്
യാഥാർത്ഥ്യത്തിൻ്റെ പ്രതീതി നൽകി.
റസ്കിൻ എഴുതി:
"ഇന്നു കൂടുതൽ ധനമുണ്ടാക്കുക എന്നതല്ല സമ്പന്നനാകുന്നതിൻ്റെ വിദ്യ
.തൊട്ടയൽക്കാരന് തന്നേക്കാൾ വളരെ കുറഞ്ഞ ധനമേ ഉണ്ടാകാവൂ എന്ന്
ഉറപ്പുവരുത്തുകയാണ്.നമ്മുടെ താൽപര്യത്തിന് അനുസരിച്ച് പരമാവധി അസമത്വം
സൃഷ്ടിക്കുകയാണ്." നമ്മുടെ പരിസരത്ത് അസമത്വം ഉറപ്പുവരുത്താനാണ് നമ്മൾ
ധനികരാകാൻ മത്സരിക്കുന്നത് .ഇത് എത്ര ശരിയാണ് !.ലോകം അങ്ങനെ കൊച്ചുകൊച്ചു
യൂണിറ്റുകളായിരിക്കുന്നു. സമ്പത്തുണ്ടാക്കുന്ന തുരുത്തുകളായി വീടുകളും
സ്ഥാപനങ്ങളും മാറിയിരിക്കുന്നു. അതിൻ്റെയെല്ലാം സമീപത്ത് ദരിദ്രർ
ശ്വാസംമുട്ടി കഴിയുന്നുണ്ടാവും. ഗാന്ധിജി പറഞ്ഞത് ഇതിൻ്റെ അടിസ്ഥാനത്തിൽ
കൂടുതൽ വ്യാപ്തി നേടുകയാണ്: "Earth provides enough to satisfy everyman's
needs,but not everyman's greed ."എല്ലാവരുടെയും ആവശ്യങ്ങൾ നിറവേറ്റാനുള്ള
വിഭവങ്ങൾ ഭൂമി തരുന്നുണ്ട്; എല്ലാവരുടെയും അത്യാഗ്രഹം തീർക്കാനുള്ളത്
അവിടെയില്ല. മനുഷ്യരുടെ അത്യാഗ്രഹം മൂലം ലോകം തന്നെ വീർപ്പുമുട്ടുകയാണ്.
പഞ്ചഭൂതങ്ങളും മലിനമായിരിക്കുന്നു. പരിസ്ഥിതി വീണ്ടെടുക്കപ്പെടാനാവാതെ ,
നാശത്തിന്റെ പാതയിലാണ് .കടലിൽ പോലും മാലിന്യമല കുന്നുകൂടുകയാണ്. അവിടെയാണ്
ഗാന്ധിജിയുടെ നിഷ്കാമരാഷ്ട്രീയവും നിഷ്കാമമായ ആദർശജീവിതവും
ശ്രദ്ധനേടുന്നത്.
ഓർവില്ലിന്റെ distaste നു
കാരണം, ഗാന്ധിസം ആർക്കും തന്നെ പ്രായോഗികമായി വിജയിപ്പിക്കാനാവുകയില്ല എന്ന
ബോധ്യമാണ് .എന്നാൽ മനുഷ്യർക്ക് കേവലമായ ആനന്ദത്തെ ഉപേക്ഷിച്ച് ,കൂടുതൽ
പേരുടെ ക്ഷേമത്തിനും ലോകത്തിന്റെ ഭാവിക്കും വേണ്ടി കടുത്ത
തീരുമാനങ്ങളെടുക്കേണ്ടി വരുമെന്നാണ് ഗാന്ധിജി നൽകുന്ന സൂചന.മനുഷ്യൻ
ഉത്തരവാദിത്വത്തിൽ നിന്നു ഒഴിഞ്ഞു മാറാൻ പാടില്ല.
No comments:
Post a Comment