Followers

Wednesday, November 14, 2018

സംസ്കാരത്തിന്റെ ലാവണ്യാത്മക പദകോശം



എം കെ ഹരികുമാർ

ശ്രീനാരായണായ: നവാദ്വൈത സാധ്യത തിരയുന്ന നോവൽ

 സുനിൽ വെട്ടിയറ
 
ശ്രീനാരായണ ഗുരുവിന്റെ ജീവിതവും, ആ കാലത്തെ സാമൂഹ്യ ജീവിത പരിസരങ്ങളും പ്രമേയമാക്കി ധാരാളം സാഹിത്യകൃതികൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്‌.  അക്കൂട്ടത്തിൽ ബ്ലൂമാങ്കോ ബുക്സ ‍്‌ 2015-ൽ പ്രസിദ്ധീകരിച്ച എം. കെ. ഹരികുമാറിന്റെ ‘ശ്രീനാരായണായ ‘എന്ന നോവൽ ഏറെ വ്യതസ്തമായ വായനാനുഭവമാണ്‌ നൽകുന്നത്‌. ഗുരുവിന്റെ ദാർശനിക വീക്ഷണങ്ങളെ വർത്തമാന കാലത്തിന്റെ വിശാലഭൂമിയിലേയ്ക്ക്‌ പറിച്ചുനടാനുള്ള പരിശ്രമം എന്നതിലുപരി മറന്നുപോകുന്ന ഗുരുചിന്തകളുടെ വീണ്ടെടുക്കൽ കൂടിയാണ്‌ അനാവരണം ചെയ്യുന്നത്‌. അദ്വൈതത്തിന്റെ നവീന ജ്ഞാന നിർമ്മിതിയിലൂടെ ഗുരുവര്യന്റെ ദാർശനിക ലോകത്തെ ലളിതവും സരസവുമായി അവതരിപ്പിക്കാനാണ്‌ നോവലിലുടനീളം പരിശ്രമിച്ചു കാണുന്നത്‌. നോവൽ എന്ന സങ്കൽപ്പത്തിനോ പിൻതുടർന്നു വരുന്ന വായനാശീലങ്ങൾക്കോ, അതിനാൽ തന്നെ വഴങ്ങുന്ന കൃതിയുമല്ലായിത്‌. പുതുവായനാവഴികൾ വെട്ടിതുറക്കാതെ നോവലിലേയ്ക്ക്‌ പ്രവേശിക്കുക ദുഷ്ക്കരവുമാണ്‌.
 
 
 
നാളിതുവരെ എഴുതപ്പെട്ട ഗുരുസംബന്ധിയായ പുസ്തകങ്ങൾക്കപ്പുറം, ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളെ അപൂർവ്വലാവണ്യത്തോടെ അവതരിപ്പിക്കുന്ന ഒരു നോവലാണിതെന്ന്‌ അവതാരികയിൽ ശ്രീ. സുധാകരൻ എഴുതുന്നു. “ Reading does not make you wise, realization does”എന്ന പരമഹംസവാക്യമുൾകൊണ്ട്‌, ഗുരുവിന്റെ ദർശന ലോകത്തേയ്ക്ക്‌ ചിറകുവച്ച്‌ പറക്കുകയാണ്‌ ഈ നോവലെന്ന്‌ നീല പത്മനാഭൻ. ദാർശനികവും കലാപരവുമായി ഗുരുവാക്യങ്ങളെ സമീപിക്കുന്ന രീതിയാണ്‌ ഈ നോവലിൽ പ്രയോഗിച്ചിരിക്കുന്നതെന്ന്‌ എഴുത്തുകാരനും പറയുന്നു. ശ്രീനാരാണ ഗുരുവിന്റെ ഒരു സ്പേഷ്യൽ പതിപ്പിറക്കാനായി ലഭിച്ച പതിനഞ്ചിലേറെ രചനകളുടെ ക്രോഡീകരണമെന്ന നിലയ്ക്കാണ്‌ ഈ നോവൽ ഒരുക്കിയിരിക്കുന്നത്‌. ജേർണ്ണലിസത്തിന്റെ സ്പർശമുള്ള ഒരാഖ്യാന ഘടന ഇതിലുടനീളം പ്രതിഫലിക്കുന്നു.
 
 
അത്ഭുങ്ങളുടെ ഗുരുവായും, വിഗ്രഹപ്രതിഷ്ഠയിലൂടെ ഒരു ജനതയെ ഗാഢമായി സ്വാധീനിച്ച ഗുരുവായും നമ്മെ നിരന്തരം സ്പർശിച്ചു നിൽക്കുന്ന സാന്നിദ്ധ്യമാണ്‌ ശ്രീനാരായണഗുരു. ദൈവിക പരിവേഷം കൽപ്പിക്കുമ്പോഴും നമുക്കിടയിൽ ജീവിച്ച ഒരു വ്യക്തികൂടിയാണ്‌ ഗുരു. ദൈവത്തിനും മനുഷ്യനുമിടയിൽ, ദ്വന്ദഭാവം സമൂഹം നൽകിയിട്ടുണ്ട്‌. ചരിത്രവും, ഭാവനയും ഇടകലർന്നുള്ള സംവാദരൂപേണയാണ്‌ നോവൽ ഇതൾ വിരിയുന്നത്‌. നോവൽ ഒരാഖ്യാനകലയെന്ന നിലയിൽ ഏതു രീതിയിലുള്ള സർഗാത്മകവഴികളും അത്‌ നിർമ്മിച്ചെടുക്കുന്നതിൽ നോവലിസ്റ്റിന്‌ സ്വാതന്ത്യമുണ്ട്‌.
 
 
സാധാരണമായി നോവലിൽ ഉപയോഗിക്കുന്ന സങ്കേതമല്ല ഇവിടെ ഉപയോഗിച്ചിരിക്കുന്നത്‌. ഗുരുവിന്റെ ഒരു സോവനീർ പ്രസിദ്ധീകരിക്കാനായി പലരിൽ നിന്നും ലഭിച്ച ലേഖനങ്ങളിൽ നിന്ന്‌, ഉചിതമായവ തെരഞ്ഞെടുത്ത്‌ അവതരിപ്പിക്കുന്ന രീതിയിലാണ്‌ നോവൽ തുടങ്ങുന്നത്‌. ആഖ്യാതാവ്‌ മറഞ്ഞു നിൽക്കുകയും എന്നാൽ പത്തുപതിനഞ്ച്‌ എഴുത്തുകാരിലൂടെ പരകായ പ്രവേശം ചെയ്തുകൊണ്ട്‌ തന്റെ തന്നെ ആഖ്യാന കലയ്ക്ക്‌ പുതിയ ഭാവുകത്വം നേടുകയുമാണ്‌ നോവലിസ്റ്റ്‌. തീർച്ചയായും നവീനമായ ഒരു നിർമ്മാണകൗശലം ഇവിടെ കാണുന്നത്‌ സ്വാഗതാർഹമാണ്‌. മലയാള നോവൽ ഒരു ശതാബ്ദം പിന്നിടുമ്പോഴും വലിയ പരീക്ഷണങ്ങളൊന്നും സംഭവിച്ച്‌ കണ്ടിട്ടില്ല എന്നത്‌ നേരുതന്നെയാണ്‌. 1950 കൾക്കുശേഷം ജനാധിപത്യം വേരുറച്ചതോടെ, പ്രജയിൽ നിന്ന്‌ പൗരനായി വിശ്വം വളർന്നിട്ടും മലയാള നോവൽ മദ്ധ്യവർഗ്ഗ ഭവനങ്ങളിൽതന്നെ ചുറ്റിത്തിരിയുകയാണെന്ന്‌ കാണാം. ഗുരുപ്രഭാവം ജാതിബോധങ്ങളെ പാടേ വിപാടനം ചെയ്തു എന്ന്‌ മേനിപറയാമെങ്കിലും ഇന്നും മലയാളക്കരയിൽ എവിടയോ അത്‌ പതിയിരിപ്പുണ്ട്‌. അണലിപ്പാമ്പുപോലെ ജാതി ഓർമ്മയുടെ ഇരുട്ടിലേയ്ക്ക്‌ ഇറങ്ങി കിടക്കുന്നു. തലമുറകൾ എന്ന നോവലിൽ ഒ. വി. വിജയൻ എഴുതുന്നു : ആധുനിക കേരളത്തെ കേരളമാക്കിയ സാമൂഹ്യ സാംസ്ക്കാരിക വിപ്ലവങ്ങളുടെ മുന്നണി പോരാളിയും ചിന്തകനും കവിയും സാമൂഹിക പരിഷ്കർത്താവും ഒക്കെയായിരുന്നു ശ്രീനാരായണ ഗുരു എന്ന ആഭിമുഖ്യത്തിന്റെ ആവശ്യം തന്നെയില്ല.
 
 
 
എന്നാൽ അദ്ദേഹത്തിൽ മാത്രമായി അത്‌ ചുരുക്കുന്നതിൽ ഇന്ന്‌ കാണുന്ന അത്യുൽസാഹത്തോട്‌ യോജിയ്ക്കാനാവില്ല. അതൊരു നിരന്തര പ്രക്രിയയാണ്‌. നാം നേടിയ സാമൂഹ്യ മുന്നേറ്റങ്ങളിൽ നിന്ന്‌ പിറകോട്ട്‌ പോകുന്നുവോ എന്ന്‌ സംശയം വന്നു തുടങ്ങിയിരിക്കുന്നു. കുറഞ്ഞപക്ഷം നമ്മുടെ ചുറ്റുവട്ടം നേരിടുന്ന ഫാഷിസ്റ്റ്‌ സംക്രമണത്തെ സംശയത്തോടെ മാത്രമേ കാണാൻ കഴിയൂ.
ഇത്തരം വർത്തമാന കാലുഷ്യങ്ങളിൽ, ഗുരുവിന്റെ ദർശനങ്ങളെ നിരന്തരം പുതുക്കി പണിയേണ്ട ബാദ്ധ്യത എഴുത്തുകാരനുമുണ്ട്‌. പുതുതലമുറകൾ മറന്നു തുടങ്ങിയ ഗുരുവിന്റെ ദർശന സൗന്ദര്യത്തെ, നവദീപ്തിയോടെ അവതരിപ്പിക്കാനുള്ള
 എം. കെ. ഹരികുമാറിന്റെ പരിശ്രമം ആ നിലയിൽ ശ്ലാഘനീയവുമാണ്‌.
അരുവിക്കര പ്രതിഷ്ഠ മുതൽ ആലുവ സർവ്വമത സമ്മേളനം വരെ നീളുന്ന ഗുരുവിന്റെ പ്രയാണങ്ങളെ ഒരു മഴവിൽ വസന്തം പോലെ പകർന്നു നൽകി കൊണ്ടാണ്‌ നോവൽ യാത്ര ആരംഭിയ്ക്കുന്നത്‌. ഒരു നാടക ഡയലോഗ്‌ അവതരിപ്പിച്ചു കൊണ്ടാണ്‌ ആദ്യ അദ്ധ്യായം തുടങ്ങുന്നത്‌. പുതിയൊരു ദൈവത്തെത്തേടി എന്ന ശീർഷകത്തിൽ കോൺഗ്രസ്സുകാരനായ കേശവൻനായരും, ഗുരുവും തമ്മിലുള്ള ഒരു സംവാദ രൂപമാണ്‌ ശ്രദ്ധയിൽപ്പെടുക. ശിവപ്രതിഷ്ഠ, കണ്ണാടിപ്രതിഷ്ഠ, മതസങ്കൽപ്പം ഇവയുടെ ആന്തര വിശകലനം നമ്മെ മറ്റൊരു ലോകത്തേയ്ക്ക്‌ പറിച്ചു നടുന്നു. ആത്മശുദ്ധീകരണം അഥവാ നേരും നെറിയും നിറഞ്ഞ ജീവിതമാണ്‌ ഒരു പൗരന്റെ ചുമതലയെന്ന്‌ ലളിതമായി വരച്ചു കാട്ടുകയാണ്‌ നോവലിസ്റ്റ്‌. തീർച്ചയായും ദർശന ഭാരമേതുമില്ലാതെ സാധാരണക്കാർക്ക്‌ മനസ്സിലാകുന്ന ഭാഷയിൽ ഗുരുദർശനങ്ങളെ വ്യാഖ്യാനിച്ചുറപ്പിക്കാൻ നടത്തുന്ന ശ്രമം, നവാദ്വൈതത്തിന്റെ സാധ്യതകൾ തന്നെയാണ്‌. പക്ഷേ ആദിശങ്കരന്റെ നവപ്പിറവിയായി ഗുരുവിനെ വ്യാഖ്യാനിക്കാൻ ശ്രമിക്കുന്ന നവ ഫാഷിസ ശൈലിയുടെ ഗർത്തങ്ങളിൽ വീണുപോകുന്നുവോ നോവലിസ്റ്റ്‌ എന്ന്‌ സംശയിക്കേണ്ടിവരുന്നു. ഒരാൾ ഏഴാം നൂറ്റാണ്ടുവരെ ഈ കേരളക്കരയിൽ ഭദ്രമായിരുന്ന ഗോത്രസംസ്തൃതിയെ (ദ്രാവിഡ സംസ്തൃതിയെ) തകിടം മറിച്ച്‌ മുന്നേറിയപ്പോൾ, ശ്രീനാരായണ ഗുരു സാമൂഹ്യാസമത്വങ്ങളെ ഇല്ലാതാക്കാൻ പരിശ്രമിച്ചയാളുമാണ്‌.
 
 
 
ഗുരുവിന്റെ സ്തോത്ര സാമീപ്യം സെൻ ധ്യാനം പോലെയാണ്‌. ഗുരുവിന്റെ ജീവിത കാലത്തരങ്ങേറിയ ഒട്ടുമിക്ക സംഭവങ്ങളും ഒരു മിന്നലാട്ടംപോലെ ആദ്യ അദ്ധ്യായത്തിൽ കടന്നു വരുന്നു. തുടർന്നു വരുന്ന അദ്ധ്യയങ്ങളിലും ഈ ആശയങ്ങൾ വ്യത്യസ്ത രൂപങ്ങളിൽ ആഖ്യാനിക്കപ്പെടുന്നു. യൂറോപ്യൻ നവോത്ഥാനം ഭൗതിക വിസ്ഫോടനമായിരുന്നെങ്കിൽ ഗുരു നടത്തിയത്‌ വേദാന്ത വിസ്ഫോടനമായിരുന്നു. അദ്വൈതത്തിന്റെ ആൾരൂപമായും, ഹൈന്ദവതയുടെ നവ്യ പുരുഷനായും ആദിശങ്കരനെ അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന വൈദിക പാരമ്പര്യം ഇന്ന്‌ ബുദ്ധ ജൈന പാരമ്പര്യം നട്ടുനനച്ച വിശാല പൗരധർമ്മപദ്ധതികളെ സൗകര്യപൂർവ്വം മറക്കുകയാണ്‌. നവാദ്വൈതത്തിന്റെ സാരള്യം ഗുരുദേവനിൽകൂടി പങ്കുവയ്ക്കുമ്പോൾ ആദിശങ്കര പാരമ്പര്യങ്ങൾ തച്ചുടച്ച ഒരു സമൂഹക്രമത്തെ മറന്നുപോകുന്നത്‌ അനുചിതമല്ലേ? ശങ്കരഭാഷ്യങ്ങളെ, പ്രത്യേകിച്ച്‌ ശിവാനന്ദലഹരിയും മറ്റും ഗുരുദേവൻ കൂടുതൽ ജനകീയമാക്കാൻ സഹായിച്ചു എന്ന പക്ഷം പിടിക്കുമ്പോൾ, ബുദ്ധ ജൈന പാരമ്പര്യങ്ങളിലെ നവീന സാമൂഹിക ക്രമങ്ങൾ, ജനവാദവും, ഗണവാദവും ഉൾപ്പെടെ തകർത്തെറിഞ്ഞ്‌ വർണ്ണ വ്യവസ്ഥ പുന:സ്ഥാപിച്ച ശ്രീശങ്കരനെ മഹത്വവത്ക്കരിക്കപ്പെടുന്നു. ഇങ്ങനെ ഒരാരോപണം സഹൃദയനിൽ മുളപൊട്ടിയാൽ അതിനെ ശമിപ്പിക്കാനുള്ള ഉപാധികളൊന്നും നോവലിലില്ല. എഴിതിക്കഴിഞ്ഞ നോവലിൽ അതാവശ്യപ്പെടുന്നത്‌ യുക്തിസഹമല്ലായെന്നറിയാം. നോവൽ വായനയുടെ സീമകൾ അടഞ്ഞു പോകാത്തിടത്തോളം കാലം പ്രസക്തമോ, അപ്രസക്തമോ ആയ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കും വായനക്കാർ. നല്ലതും ചീത്തയുമായ കുറെയേറെ സ്ഫോടനങ്ങൾ, തുടച്ചുമാറ്റലുകൾ, ഒക്കെ നടത്തി, ബ്രാഹ്മണ, വേദ പാരമ്പര്യങ്ങൾ വെട്ടിപ്പിടിച്ചെടുക്കുകയോ, വീണ്ടെടുക്കുകയോ ഒക്കെ ആണ്‌ ആദിശങ്കരൻ ചെയ്തത്‌.
ഗുരുദേവനാകട്ടെ കേവലം മർദ്ദിത ജനങ്ങളുടെ മിശ്ശിഹാ ആവുകയാണ്‌ ചെയ്തിട്ടുള്ളത്‌. ഒപ്പം മാനവികതയുടേയും സാഹോദര്യത്തിന്റെയും വഴിവിളക്കായും ജ്വലിച്ചു നിൽക്കുന്നു.
ഗുരുവിന്റെ ശിവഭക്തിയെ നോവലിൽ ദൈവാനുഭൂതിയായാണ്‌ വ്യാഖ്യാനിച്ചു കാണുന്നത്‌. ഇവിടെ ഒരു കാര്യം എടുത്തു പറയേണ്ടതുണ്ട്‌. 1856 മുതൽ 1928 വരെ ഗുരു ജീവിച്ച കാലത്ത്‌ എഴുതിയിട്ടുള്ള അദ്ദേഹത്തിന്റെ സ്തോത്രഗീതങ്ങൾ, ഗുരുവിനെ പ്രമേയമാക്കിയവതരിപ്പിച്ചിട്ടുള്ള മിക്ക കൃതികളിലും തമസ്ക്കരിക്കുകയാണ്‌ ചെയ്തിട്ടുള്ളത്‌. ശങ്കരാചാര്യർ 64 ഓളം സ്തോത്രങ്ങൾ എഴുതി. അവയിൽ 16 ഉം ശിവസ്തോത്രങ്ങളാണ്‌. അദ്വൈതം പറയുമ്പോഴും ഏതാണ്ടെല്ലാ ദൈവങ്ങളെക്കുറിച്ചും അദ്ദേഹം എഴുതുയിട്ടുണ്ട്‌. കേരളീയ സാഹിത്യത്തിലെ വളരെ സമ്പന്നമായ ശാഖയായിരുന്നു സംസ്ക്യതസ്തോത്രങ്ങൾ. ദേവനെ സ്തുതിക്കാൻ ദേവഭാഷയായ സംസ്കൃതം തന്നെ വേണമെന്നായിരുന്നു, അന്ന്‌ വിശ്വാസം. നമുക്ക്‌ ശിവാത്മതകയിലാണ്‌ വിശ്വാസം എന്ന്‌ പറയിപ്പിക്കുന്നുണ്ട്‌ നോവലിൽ. ഇതിനോട്‌ പരിപൂർണ്മമായും യോജിക്കുവാനാവുന്നില്ല. ഗുരുദേവൻ മലയാളത്തിലും തമിഴിലും സംസ്കൃതത്തിലുമൊക്കെ ധാരാളം സ്തോത്രങ്ങൾ എഴുതിയിട്ടുണ്ട.‍്‌ അയത്ന ലളിതമായി ഗുരു രചിച്ച സ്തോത്രസാഹിത്യത്തിൽ ഏകദൈവമയമാർന്ന ലോകമാണ്‌ നിഴലിക്കുന്നത്‌.
 
 
സാമൂഹ്യമാറ്റങ്ങളുടെയെല്ലാം ആകെ തുകയായി ഗുരുവിനെ  കണ്ട മലയാള സമൂഹം പക്ഷേ അദ്ദേഹത്തിന്റെ സാഹിത്യസംഭാവനകളെ ഗൗനിച്ചതേയില്ലായെന്നു വേണം കരുതാൻ. ഗുരുവിന്റെ  സ്തോത്രങ്ങളിൽ വേണ്ട പഠനമോ, ആ സംഭാവനകളിൽകൂടി വിലയിരുത്തപ്പെടുകയോ ചെയ്തിരുന്നെങ്കിൽ, ഗുരുവിന്റെ സ്ഥാനം ഭാഷാസാഹിത്യത്തിന്റേതുകൂടി ആകുമായിരുന്നു. ആ സാദ്ധ്യതകൾ നവാദ്വൈതം തിരയുന്ന നോവലിസ്റ്റും കാണാതെ പോകുന്നു.
  ഗാന്ധികൃതികൾപോലെ, ഗീതാവ്യാഖ്യാനങ്ങൾപോലെ ഗുരുകഥാപാത്രമായി വരുന്ന അനേകം കൃതികൾ ഇന്ന്‌ ലഭ്യമാണ്‌. അരുവിപ്പുറം പ്രതിഷ്ഠയ്ക്ക്‌ തൊട്ടടുത്തു നടന്ന വില്ലുവണ്ടി സമരവും കർഷകസമരങ്ങളും കീഴാളരുടെ ചെറുത്തുനിൽപ്പുകളായിന്നരുല്ലോ. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളെ കാണാതെ പോകുന്നതുമൂലം രേഖീയമായി പോകുന്നു നോവൽ. വഴിയോരകാഴ്ചകളില്ലെങ്കിൽ എന്തുനോവൽ? തിരുവണ്ണാമല രമണ മഹർഷിയെ സന്ദർശിച്ചശേഷമാണ്‌ 1916-ൽ ഗുരുദേവൻ നിർവൃതി പഞ്ചകം എന്ന കൃതി രചിച്ചതു. അവിടം മുതൽ ജീവൻമുക്തന്റെ അവസ്ഥയാണ്‌ വർണ്ണിയ്ക്കുന്നത്‌. ഒരു ജാതി ഒരു മതമൊക്കെ ഈ ഉത്തരാർധത്തിലാണ്‌ സംഭവിക്കുന്നത്‌. അതുവരെ ആദിശങ്കരന്റെ അദ്വൈതവും ശ്രീനാരായണഗുരുവിന്റെ അദ്വൈത ചിന്തകളും ഒരേപോലെയായിരുന്നു. ഈ കാലം മുതൽ ശങ്കരനിൽ നിന്ന്‌ വഴിമാറി, വേദാന്തിയിൽനിന്ന്‌ സാമൂഹ്യ പരിഷ്കർത്താവായി ഉയരുന്നു ഗുരു. ഇത്‌ നടരാജഗുരുക്കളും അസന്നിഗ്ദ്ധമായി പറയുന്നുണ്ട്‌. ശങ്കരന്റെ ദർശനങ്ങളോട്‌ വിയോജിപ്പുണ്ടെന്ന്‌ പലസന്ദർഭങ്ങളിലും ഗുരു പറയുന്നുണ്ട്‌. അതുകൊണ്ടാണ്‌ ഗുരുവിന്റെ ദാർശനിക ചിന്തകളോട്‌ നമുക്ക്‌ അടുപ്പമുണ്ടാകുന്നത്‌. യഥാർത്ഥത്തിൽ ഗുരുതന്നെയാണ്‌ നവാദ്വൈതം കേരളത്തിന്‌ പകർന്നു തന്നത്‌. ക്ഷേത്രത്തിൽ പോകാതെയും നല്ല മനുഷ്യനായി ജീവിക്കാം എന്ന ഗുരുവിന്റെ വചനം എത്ര മഹത്തരമാണെന്നറിയണമെങ്കിൽ വർത്തമാനകാലത്തെ സംഭവവികാസങ്ങൾ മാത്രം മതി. മീശ പോലെയുള്ള നോവലുകൾ ഇക്കാലത്ത്‌ നേരിട്ട എതിർപ്പുകൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു. അവിടെയാണ്‌ ഗുരുവിന്റെ ഇത്തരം പുരോഗമന ചിന്തകളുടൈ പ്രസക്തി. ഈ കാലഘട്ടത്തിൽ പൗരോഹിത്യത്തിനെതിരെ ആർക്കെങ്കിലും വിരൽ ചൂണ്ടാനാകുമോ?
 
കടലും കാറ്റും തിരയും വേർപെടാതെ ഒരുമിച്ചാണിരിക്കുന്നത്‌. മായയും സത്യവും ഒന്നിച്ചു തന്നെ വർത്തിക്കുന്നു. നമ്മൾ മറ്റുള്ളവരെയാണ്‌ കാണുന്നത്‌. നമ്മെ മറ്റുള്ളവരും. ഇത്തരത്തിൽ ലളിതമായി, വർത്തമാനകാല ജീവിതത്തിന്‌ മനസ്സിലാകുന്ന ഭാഷയിൽ ഗുരുവിന്റെ പൊരുളുകളെ വിശദീകരിക്കാൻ നോവൽ ശ്രമിക്കുന്നു. അദ്വൈതത്തിന്റെ സങ്കീർണ്ണതകളെ ലളിതമായി ഉദാഹരിക്കുന്നതിലൂടെ നവാദ്വൈതത്തിന്റെ സാദ്ധ്യതകൾ തുറന്നിടാൻ എഴുത്തുകാരന്‌ കഴിയുന്നു.  എന്നാൽ നോവൽ വായനയുടെ പാരമ്പര്യ സുഖം കിട്ടുന്നില്ല. അതുകൊണ്ട്‌ കൊണ്ടു തന്നെ വായനാവഴികൾ പലതും നാം നടന്നുതീർക്കേണ്ടിവരുന്നു. സാധാരണ വായനക്കാരോട്‌
?കടക്കു പുറത്ത്‌ ??എന്ന ധീരനിലപാട്‌ എഴുത്തുകാരന്‌ എടുക്കേണ്ടി വന്നേക്കാം. അതിനെ നാം മെല്ലെയാണെങ്കിലും അംഗീകരിക്കേണ്ടി വരും. കഴിഞ്ഞ നൂറുവർഷങ്ങളിലായി മലയാള നോവൽ ഒരേ ചക്കിലാടുകയാണ്‌. ഒ. വി. വിജയനെപോലുള്ളവർ നവാദ്വൈത സാദ്ധ്യതകൾ തേടിപ്പോയെ ങ്കിലും സ്ഥിരം ഫ്രെമിനകത്ത്‌ ചുറ്റിത്തിരിയുന്ന നോവലുകൾ മാത്രമാണ്‌ കൂടുതലായി വന്നുകൊണ്ടിരിക്കുന്നത്‌. നോവൽ മരിച്ചുപോയിട്ടില്ലെങ്കിലും, നോവലിന്‌ പുതിയ ആഖ്യാനമാതൃ കകൾ ഉണ്ടാകേണ്ടിയിരിക്കുന്നു. ശ്രീനാരായണായ എന്ന നോവലിലൂടെ അത്തരം ഒരു പരീക്ഷണം തന്നെയാണ്‌   എം. കെ. ഹരികുമാർ നടത്തുന്നത്‌.

ഉത്തരാധുനികതയും ഉപനിഷത്തും/എം.കെ.ഹരികുമാർ


സർപ്പിളാകൃതിയിലാണ്‌ ഉപനിഷത്‌ മന്ത്രങ്ങളുടെ ചിന്ത. സാധാരണ ഗദ്യത്തിലോ പദ്യത്തിലോ ഉള്ള ചിന്തകളുടെ സഞ്ചാരം ഒന്നുകിൽ രേഖീയമായിരിക്കും. അല്ലെങ്കിൽ ലംബമോ തിരശ്ചീനമോ ആയിരിക്കും. ഒരു രേഖയിലൂടെ നേരെ പോകുന്നതിന്‌ തുടർച്ചയും ഉദ്ദേശിക്കപ്പെട്ട സ്ഥാനവുമുണ്ട്‌. ലംബമായതിനും തിരശ്ചീനമായതിനും ഈ സ്വഭാവമുണ്ട്‌. 
ചിന്തകളുടെ ലഘുകരണവും പ്രായോഗികതയുമാണ്‌ ,നാം ഗദ്യത്തിലും പദ്യത്തിലും കാണുക. എന്നാൽ ചിന്തകളെത്തന്നെ അന്വേഷിക്കുകയും നിഷേധിക്കുകയും ,അതേസമയം അതീതമായ ചിന്തയെയും ഭാഷയെയും അന്വേഷിക്കുകയും ചെയ്യുന്നത്‌ തത്ത്വചിന്തയെ തന്നെ നിരാകരിക്കുന്നത് പോലെയാണ്‌. രേഖീയമായിട്ടല്ല അതിന്റെ ആലോചനകൾ നീങ്ങുന്നത്‌; സർപ്പിളാകൃതിയിലാണ്‌. പുറമേ നിന്ന്‌ സ്വയം വലംവെച്ച്‌ ഉള്ളിലേക്ക്‌ വൃത്താകാരത്തിൽ ആണ്ടുപോകുന്ന ചിന്തയാണിത്‌. ഇതിനു കാരണം പുറംലോകത്ത്‌ ഒന്നും തന്നെ അന്വേഷിക്കാനില്ലെന്ന ദര്‍ശനമാണ്‌.

ഉപനിഷത്തിനെ അന്വേഷിക്കുന്നതിനേക്കാൾ പ്രധാനമായി തോന്നുന്നത്‌ ഉപനിഷത്‌ ഇഴ ചേർന്നു നിൽക്കുന്ന ബാഹ്യലോകത്തിന്റെ സാന്നിദ്ധ്യമാണ്‌. ബാഹ്യലോകം ഉണ്ടോ?. ഉണ്ടെന്ന തോന്നലാണോ? ഉണ്ടെന്നു തോന്നിപ്പിക്കുന്നത്‌ യാഥാർത്ഥ്യമാണോ? തോന്നലിനു കാരണമായ നമ്മൾ ഉണ്ടോ? നാം അതിവേഗം ചലിക്കുന്നതുകൊണ്ടാണ്‌ നമുക്ക്‌ ഒരു ലോകമുണ്ടാകുന്നത്‌. നാം നിശ്ചലമായാൽ നമ്മുടെ ലോകവും മിഥ്യയായിത്തീരും. മാണ്ഡൂക്യോപനിഷത്തിൽ പറയുന്നുണ്ടല്ലോ, മിഥ്യാവസ്ഥയെക്കുറിച്ച്‌ നാം സ്വപ്നം കാണുന്നതും അനുഭവിക്കുന്നതും ഉണരുമ്പോഴില്ല.
അലാതം ചുഴറ്റിയാൽ നാം കാണുന്ന തീവൃത്തം, അലാതം നിശ്ചലമായാൽ ഇല്ല. നമ്മുടെ മനസ്സ്‌ ഒരു തീക്കൊള്ളിയാണോ? അസ്തിത്വമെന്ന തീ പിടിക്കുന്നതോടെ നാമെല്ലാം ഏതോ ശക്തിയാൽ ചലിച്ചു തുടങ്ങുന്നു. നമുക്കുപോലും അപ്രതിരോധ്യമായ ചലനം. ആ ചലനത്തിൽ നാം പങ്കു പറ്റുന്ന അറിവുകൾ, സ്വപ്നങ്ങൾ, പ്രേമങ്ങൾ, പരിചയങ്ങൾ, ബുദ്ധികൾ എല്ലാം പിന്നീട്‌ നിസ്സഹായമായി, നമ്മുടെ മറ്റൊരവസ്ഥയിൽ, കാഴ്ചക്കാരായി നിൽക്കുന്നതു കാണാം. അസ്തിത്വത്തിന്റെ ഏകാന്തതയുടെ അതിതീവ്രമായ അവസ്ഥയിലേക്കുള്ള യാത്രയിലാണ്‌ ഓരോരുത്തരും. നാം പല രൂപങ്ങളിലും പല സ്വരങ്ങളിലും അനുഭവിക്കുന്ന ഈ ലോകം ഒന്നിൽ നിന്നുണ്ടായതാണെന്നും ആ ഒന്നിനെ തിരഞ്ഞ്‌ സർപ്പിളാകൃതിയിൽ തന്നിലേക്കു തന്നെ പോകുകയാണെന്നുമാണ്‌ ഉപനിഷത്തിന്റെ ഉത്ബോധനപരമായ പ്രക്രിയ.

സമസ്ത വർണ്ണങ്ങൾക്കും ശബ്ദങ്ങൾക്കും അപ്പുറത്തുള്ള ‘ഏകമേവാദ്വിതീയ’ത്തെപ്പറ്റിയാണ്‌ ചാന്ദോഗ്യോപനിഷത്തിലും പറയുന്നത്‌. ഉള്ളിലേക്ക്‌ വീണ്ടും വീണ്ടും ചൂഴ്‌ന്നു ചെല്ലുന്ന ചിന്താശൈലിയാണ്‌ മനസ്സിലുള്ളത്‌. ഒരിക്കലും കാണാത്തത്‌ ഉണ്ടെന്നു തോന്നിപ്പിക്കുന്നതിനെ തിരഞ്ഞു ചെല്ലുകയാണ്‌.

സ്വപ്നത്തിൽ നാം കാണുന്ന ലോകം എവിടെ നിന്ന്‌ ഉയിർകൊണ്ട്‌ എങ്ങോട്ടു പോകുന്നുവെന്ന ചോദ്യം മാണ്ഡുകോപനിഷത്‌ പരിഹരിക്കുന്നത്‌ അവ എവിടെ നിന്നും വരുന്നില്ല, എങ്ങോട്ടും പോകുന്നില്ല എന്ന ഉത്തരം നൽകിയാണ്‌. എന്നാൽ ഈ പാരമാര്‍ത്ഥിക ലോകത്തിൽ അചഞ്ചലമായി നിൽക്കുന്ന ഒന്നുണ്ട്‌: അത്‌ ബ്രഹ്മമാണ്‌. എപ്പോഴും ചലിച്ച്‌ ഭ്രമാത്മകതയിൽ മുഴുകുന്ന നമുക്ക്‌ അത് അറിയാനൊക്കില്ല. എല്ലാ ചരാചരങ്ങളുടെയും അസ്തിത്വപരമായ പ്രഹേളികാസംവാദമെല്ലാം ബ്രഹ്മത്തിൽ ചെന്നേ അവസാനിക്കുകയുള്ളു എന്നാണ്‌ ഉപനിഷത്‌ നൽകുന്ന സൂചന.
എല്ലാം വൈരുദ്ധ്യങ്ങളും മനുഷ്യഭേദങ്ങളും ബ്രഹ്മത്തിൽ ലയിക്കുന്നതോടെ ഇല്ലാതാകുമെന്ന അനുഭവമാണ്‌ ഉപനിഷത നൽകുന്നത്‌.
ആധുനിക സാഹിത്യത്തിലും തത്ത്വചിന്തയിലും അനുഭവ വ്യാഖ്യാനത്തിൽ വലിയ വഴിത്തിരിവ്‌ സൃഷ്ടിച്ച ഉത്തരാധുനികതയിലും, ഉപനിഷത്ത്‌ ദർശനത്തിന്റെ അമീബിയൻ ബഹുലോകവീക്ഷണങ്ങളെ കാണാനാകും. ഉപനിഷത്തും ഉത്തരാധുനികതയും, ലോകവീക്ഷണത്തിലും ചിന്താവ്യാഖ്യാനത്തിലും ചിലയിടങ്ങളിൽ ഒരേ ലോകവീക്ഷണത്തിലേക്കു വരുന്നുണ്ട്‌. ഒരു ശൈലിയിലും വിശ്വസിക്കാതിരിക്കുകയും എല്ലാ പ്രത്യയശാസ്ത്രങ്ങളെയും നിരാകരിക്കുകയും എല്ലാത്തിനെയും പരിഹസിക്കുകയും ക്രമങ്ങളെ തെറ്റിക്കുകയും ലോകത്തെ ശിഥിലമായി കാണുകയും പാരമ്പര്യത്തെ തള്ളിപ്പറയുകയും സാങ്കൽപികതയുടെ തന്നെ സാങ്കൽപികതയിൽ ഊന്നുകയും ലോകത്തിന്‍‌റെ അർത്ഥശൂന്യതയെ മറികടക്കാൻ കളികളിലേർപ്പെടുകയും ചെയ്തുകൊണ്ടാണ്‌ ഉത്താരാധുനികത അവതരിച്ചത്. ഈ ലോകത്തെ മായികമായ ലീലയായാണ്‌ ഉപനിഷത്തും കാണുന്നത്‌. ജഗത്ത്‌ തന്നെ മിഥ്യയാണ്‌. ഉണ്ടെന്നു തോന്നുന്ന ചില യാഥാർത്ഥ്യങ്ങളോടാണ്‌ മനുഷ്യൻ പ്രതികരിക്കുന്നതെന്ന്‌ ഉപനിഷത്ത്‌ പറയുന്നു. ബഹുരൂപങ്ങളെ അഭിദര്‍ശിക്കുന്ന ഉത്തരാധുനികത, അതിന്റെ പാരമ്യത്തിൽ ഭേദബുദ്ധിയെ പരിഹസിക്കുകയാണ്‌.

ഭേദബുദ്ധിയുള്ളവർക്ക്‌, നാശമാണ്‌ കഠോപനിഷത്‌ നൽകുന്ന ശിക്ഷ. അവ്യയമായ ആത്മാവിനെ പലതായി കാണുന്നതിന്റെ പ്രതിസന്ധികളാണ്‌ ഉപനിഷത്‌ ചർച്ച ചെയ്യുന്നത്‌. അവ്യവസ്ഥ കൊണ്ടു മാത്രം ഉണ്ടാക്കപ്പെട്ട ലോകത്ത്‌ ഓരോരുത്തരും കണ്ടുപിടിക്കുന്ന ആഖ്യാനങ്ങൾ, കാൽപനിക വ്യവസ്ഥകളാണ്‌ അതിജീവനത്തിനു സഹായിക്കുന്നതെന്ന്‌ ഉത്തരാധുനികർ വാദിക്കുന്നു. അതിജീവനം ഉപനിഷത്തും പരമപ്രധാനമായി കാണുന്നു.
എല്ലാറ്റിനും അതീതമായ ഒന്നിനെ ലക്ഷ്യസ്ഥാനമായി അത്‌ പ്രഖ്യാപിക്കുന്നുമുണ്ട്‌. കണ്ണിന്റെയും മനസ്സിന്റെയും വാക്കിന്റെയും കളികളിൽ ഏർപ്പെടുകയാണ്‌ ഭൗതിക മനുഷ്യർ ചെയ്യുന്നത്‌ കേനോപനിഷത്‌ ഇവിടെയാണ്‌ ജാഗ്രത നിർദ്ദേശിക്കുന്നത്‌. വാർത്താ മാധ്യമങ്ങളുടെ ചടുലത കൊണ്ട്‌ ആഗോളവൽക്കരിക്കപ്പെട്ട ഈ കാലത്ത്‌ നാം അതിനു പകരമായി കൊടുക്കുന്നത്‌ അവമൂലമുണ്ടായ യാഥാർത്ഥ്യം തന്നെയാണെന്ന്‌ പ്രമുഖ ഉത്തരാധുനിക ചിന്തകനായ ഡേവിഡ്‌ ലിയോൺ പറയുന്നുണ്ട്‌. ബഹുരൂപങ്ങളുടേയും നാമങ്ങളുടേയും മോഹിപ്പിക്കുന്ന സംസാരപ്രവാഹത്തിൽ നിന്നുള്ള സ്വാതന്ത്ര്യത്തെയാണ്‌ നാം ബലികഴിക്കുന്നത്‌ എന്ന്‌ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്‌. യാഥാർത്ഥ്യങ്ങൾ മനുഷ്യരെ നാഡീരോഗങ്ങളിൽ കൊണ്ടെത്തിക്കുകയും നമ്മെ ആത്മാവിന്‍‌റെ നശ്വരതയെ കുറിച്ചുള്ള ചിന്തകളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ആഗോളവൽക്കരണ ഫലമായി യാഥാർത്ഥ്യം സാമാന്യവൽക്കരിക്കപ്പെടുകയും മാനവികതയെ പറ്റിയുള്ള സ്ഥിരമായ അവബോധങ്ങൾ അദൃശ്യവൽക്കരിക്കപ്പെടുകയും ചെയ്തതായി റോളാങ്ങ്‌ റോബേര്‍ട്സണ്‍ വിശദീകരിച്ചിട്ടുണ്ട്‌. നഷ്ടപ്പെടുന്ന യാഥാർത്ഥ്യത്തിന്റെ അകന്നുപോക്കിനെ ഓർത്താണ്‌ ഉത്തരാധുനികത കുഴയുന്നത്; ഉപനിഷത്തിലാകട്ടെ യാഥാർത്ഥ്യത്തെ ബ്രഹ്മമായി ദർശിക്കുന്നു.
 സകലതും നേടാനാഗ്രഹിക്കുന്നത്‌ ഈ ബ്രഹ്മമാണെന്ന്‌ ബൃഹദാരണ്യകോപനിഷത്തിൽ പറയുന്നു. അതാകട്ടെ ആർക്കും നേടാനുമാകുന്നില്ല .ഫലത്തിൽ നാമെല്ലാം മായക്കാഴ്ച്ചകളുടെ ലീലയിൽ മുഴുകുകയാണ്‌. പ്രമുഖ സൈദ്ധാന്തികനായ ഷാഖ്‌ ദെറിദയുടെ കാഴ്ചയില്‍ , സത്യമോ അസത്യമോ ഇല്ലാത്ത വെറും അടയാളങ്ങളുടെ ഈ ലോകത്ത്‌ വ്യാഖ്യാനത്തിലൂടെ ഒരു അർത്ഥോൽപാദനത്തിന്‌ നാം വിധിക്കപ്പെട്ടിരിക്കുന്നു എന്ന ചിന്ത തെളിഞ്ഞു കാണാം. ഈ നശ്വര ലോകത്തിലെ ജീവിതത്തിന്‌ ഉപനിഷത്ത്‌ യാതൊരു വിലയും കൽപിക്കുന്നില്ല. ഉന്നതമായ ഏതോ ഒന്നിനെ മറച്ചുവെച്ചിരിക്കുന്ന പ്രപഞ്ചമാണിത്‌. അതിർത്ഥം അർത്ഥത്തെ യാതൊന്നും വഹിക്കുന്നില്ല. അർത്ഥത്തെ തേടി കണ്ടു പിടിക്കേണ്ടത്‌ അതിനെ അന്വേഷിക്കുന്നവന്റെ ചുമതലയാണ്‌. ദെറിദയും ഇത്‌ തന്നെ സ്ഫുടീകരിക്കുന്നു. അർത്ഥമുണ്ടാകുന്നത്‌ വ്യാഖ്യാനിക്കുമ്പോഴാണെന്നും വാക്കുകളെ സന്ദർഭത്തിൽ നിന്നു വിച്ഛേദിച്ച്‌ വേറിട്ട അർത്ഥത്തിനായി നാം ഇറങ്ങി തിരിക്കണമെന്നുമാണ്‌ ദെറിദ ഭാഷാശാസ്ത്രത്തിൽ ഇടപെട്ടുകൊണ്ട്‌ പ്രഖ്യാപിക്കുന്നത്‌. യഥാർത്ഥമായ അർത്ഥമേ ഇല്ല. നാം ആരായേണ്ട അർത്ഥമേയുള്ളു എന്നതാണ്‌ ദെറിദയുടെ നിലപാട്‌. ദൈവരാഹിത്യമെന്ന മുൻധാരണയിൽ ദെറീദയുടെ ചിന്ത ബന്ധിച്ചിട്ടിരിക്കുന്നതുകൊണ്ട്‌ നമുക്ക്‌ വ്യത്യസ്തമായിതോന്നും. എന്നാൽ ഉപനിഷത്തിൽ പറയുന്നതുപോലെയുള്ള അതീതമായ അർത്ഥത്തിനു തുല്യമായ ഒരു യാഥാർത്ഥ്യത്തിന്റെ അകന്നിരിക്കൽ ദെറിദയുടെ ചിന്തയും അംഗീകരിക്കുന്നുണ്ട്‌.

ഉപനിഷത്തിൽ ജീവിതദൃശ്യങ്ങളുടെയെല്ലാം ഉള്ളിൽ ഒരേയൊർത്ഥമേയുള്ളു. അത്‌ അതീതമായതാണ്‌. അപാരമായ ഏകത്വത്തിൽ നിന്ന്‌ വിഭിന്നമായ മറ്റൊരർത്ഥവുമില്ലെന്നാണ്‌ ഉപനിഷത്തിന്റെ നിലപാട്‌. ഏതൊന്നറിഞ്ഞാൽ എല്ലാം അറിയുമോ എന്നതാണ്‌ ചോദ്യം .അല്ലെങ്കില്‍ ഭാഷക്കുള്ളിൽ തന്നെ ഒരു വ്യാഖ്യാതാവിന്റെ ആവശ്യകതയിരിക്കുന്നു എന്ന്‌ ദെറിദ പറയുമ്പോൾ ഭാഷ മൗലികമായി യാതൊരു അർത്ഥത്തെയും സ്ഥാപിക്കുന്നില്ല എന്നാണ്‌ അര്‍ത്ഥം‌. ഒരു വ്യാഖ്യാനത്തില്‍ പല അർത്ഥങ്ങളുണ്ടാകാം. എന്താണോ ഉദ്ദേശിച്ചതു അത്‌ വ്യാഖ്യാനമാണ്‌ .‌. പറയുന്നതാകട്ടെ നേരത്തെ പലപ്പോഴായി പറഞ്ഞിട്ടുള്ള അർത്ഥങ്ങളുമാണ്‌. ഒരു നിശ്ചിതാർത്ഥം വേണമെന്നുള്ളവർക്ക്‌ താൽപര്യമുണ്ടാകും. അതേ സമയം വായിക്കുന്നവർക്ക്‌, കേൾക്കുന്നവർക്ക്‌ മറ്റൊരു അർത്ഥത്തെ സൃഷ്ടിക്കാനുള്ള അവസരവുമുണ്ട്‌. ഇതിലൂടെ ദെറിദ ജീവിത യാഥാർത്ഥ്യത്തെ കുറിച്ചുള്ള അനിശ്ചിതാവസ്ഥ ഭാഷാപരമായ അപനിർമ്മാണത്തിലൂടെ വ്യക്തമാക്കുകയാണ്‌. ജീവിതത്തിന്റെ അർത്ഥശൂന്യതയെ ആണ്‌ അദ്ദേഹം സ്പർശിച്ചത്‌. അതിനെ എതിരിടുന്നതിനു നാം പുതിയ അർത്ഥമുണ്ടാക്കുകയും ചെയ്യുന്നു.

Saturday, October 20, 2018

ആൾവാർതിരുനഗറിലെ പന്നികളെക്കുറിച്ച്/ എം കെ ഹരികുമാർ





ആൾവാർതിരുനഗറിലെ പന്നികളെക്കുറിച്ച്/ എം കെ ഹരികുമാർ

സ്വച്ഛന്ദവും നീലയുമായ ആകാശത്തിന്റെ പുഷ്പസദൃശമായ മാർദ്ദവം /കഥ






സ്വച്ഛന്ദവും നീലയുമായ ആകാശത്തിന്റെ പുഷ്പസദൃശമായ  മാർദ്ദവം

ദൈവമേതായാലും മനുഷ്യൻ നന്നായാൽ മതി/ എം കെ ഹരികുമാർ



ദൈവമേതായാലും മനുഷ്യൻ നന്നായാൽ മതി/ എം കെ ഹരികുമാർ

Wednesday, October 17, 2018

അക്ഷരജാലകം

എം കെ ഹരികുമാറും എഴുത്തും വിനോഷ് പൊന്നുരുന്നി


എം കെ ഹരികുമാറും എഴുത്തും
വിനോഷ് പൊന്നുരുന്നി

കുറ്റിപ്പുഴ: സ്വന്തം ജ്ഞാനവ്യൂഹം ചമയ്ക്കുന്നവിധം/ എം.കെ. ഹരികുമാര്‍

 


''ഒരു ആഗോള മാനവന്‍ എന്ന ആശയം അദ്ദേഹത്തെ നിരന്തരം പ്രലോഭിപ്പിച്ചു. ആധുനിക മനുഷ്യന്‍ എന്ന സങ്കല്പത്തെ സാക്ഷാത്കരിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടോയെന്ന് സ്വയം പരിശോധിക്കേണ്ട ഘട്ടമാണിത്. ആചാരങ്ങള്‍ മനുഷ്യനെ ചീത്തയാക്കുന്നു എന്ന ഒരു വാദം നവോത്ഥാന പ്രസ്ഥാനത്തിന്‍റെ ചിന്തയാണ്. ആചാരങ്ങള്‍ അന്ധമാകരുത്. അത് ഒരു സൗന്ദര്യമാകാം. തുടര്‍ന്നുവരുന്നതെല്ലാം നല്ലതല്ല. ചിലതെല്ലാം യുക്തിയോടെ വിചാരണ ചെയ്യണം.''



സാഹിത്യത്തിലെയും കലയിലെയും ദന്തഗോപുരവാസികളെ ശകാരിക്കുകയും പരിഹസിക്കുകയും ചെയ്ത അത്ഭുത പ്രതിഭയാണ് കുറ്റിപ്പുഴ കൃഷ്ണപിള്ള. സാഹിത്യ വിമര്‍ശനത്തിന്‍റെ മഹനീയമായ ഒരു പാരമ്പര്യമായി കുറ്റുപ്പുഴ ഉയര്‍ത്തിക്കൊണ്ടുവന്ന ഒരാശയം ഇതാണ്: ജീവിതത്തിലെ നഗ്നയാഥാര്‍ത്ഥ്യങ്ങള്‍ സാഹിത്യത്തില്‍ ചിത്രീകരിക്കേണ്ടവയാമ്. അത് കലാഭംഗിയോടെ നിര്‍വഹിക്കണമെന്നേ നിര്‍ബന്ധമുള്ളൂ. കുറ്റിപ്പുഴയുടെ മതമനുസരിച്ച്, ഒരാള്‍ കലയില്‍ അതിസډാര്‍ഗവാദിയാകേണ്ടതില്ല. എഴുത്തുകാരന്‍ അവന്‍റെ രഹസ്യജീവിതത്തിന്‍റെ അനിഷ്ടഫലങ്ങളെ നോക്കണം. അതിന്‍റെ ഉത്തരാവാദിത്തം കലാപരമായി നിര്‍വഹിക്കണം

സാഹിത്യരചനയില്‍ അന്തഃകരണത്തിന്‍റെ അവസ്ഥ ചിത്രീകരിക്കപ്പെടണമെന്നാണ് കുറ്റിപ്പുഴ വാദിച്ചത്. സ്വയം ഉള്ളിലേക്ക് നോക്കിയാലേ അത് അനാവൃതമാകുകയുള്ളൂ. അതുകൊണ്ടുതന്നെ കുറ്റിപ്പുഴ റിയലിസ്റ്റ് സാഹിത്യത്തെയാണ് പ്രധാനമായി കണ്ടത്. ജീവിതത്തിലെ അസുഖകരവും ക്രൂരവുമായ യാഥാര്‍ത്ഥ്യങ്ങളെ എഴുത്തുകാരന്‍ എങ്ങനെ സര്‍ഗാത്മകമായി കലയില്‍ കൊണ്ടുവരണമെന്ന് അദ്ദേഹം ചിന്തിച്ചു. അന്തഃകരണ ഭീരുത്വം ഉള്ളവരാണ് ഒളിച്ചോടാന്‍ ശ്രമിക്കുന്നത്
.
ഫ്രഞ്ച് നോവലിസ്റ്റ് ഫ്ളോബേറിന്‍റെ പ്രസിദ്ധമായ 'മാഡം ബോവറി' ഫ്രഞ്ച് സര്‍ക്കാര്‍ നിരോധിച്ച സംഭവം കുറ്റിപ്പുഴ പരിശോധിക്കുന്നുണ്ട്. സാമൂഹ്യജീവിതത്തിലെ കൃത്രിമ അന്തസ് ചുമന്നുകൊണ്ടുനടക്കുന്ന ചിലരാണ് അതിനു കളമൊരുക്കിയത്. ഫ്രാന്‍സിലെ ഉന്നതവര്‍ഗക്കാരുടെ ലൈംഗിക ജീവിതം നിര്‍വ്യക്തീകരിക്കപ്പെട്ടതും ആത്മീയദരിദ്രവുമായിരുന്നു എന്ന വസ്തുതയാണ് ഫ്ളോബര്‍ അതില്‍ വിശദീകരിക്കാന്‍ ശ്രമിച്ചത്. അത് പലരുടെയും ഉള്ളിലേക്ക് കടന്നുള്ള വിമര്‍ശനമായി. ചില മുഖംമൂടികള്‍ അഴിഞ്ഞുവീഴുകയും ചെയ്തു. തൊട്ടാല്‍ പൊട്ടുന്നപോലെ സദാചാരത്തെ കൊണ്ടുനടക്കുന്നവര്‍, സദാചാരത്തിനേല്‍ക്കുന്ന ചെറിയ കുത്തുകള്‍പോലും വലിയ മാനസികപ്രശ്നമായി മാറ്റാന്‍ കഴിവുള്ളവര്‍ നോവലിനെതിരെ തിരിഞ്ഞു. ഭര്‍ത്താവിനെ വഞ്ചിക്കുന്ന ഒരു നായികയെ ഫ്രഞ്ച് മുതലാളിത്ത അന്തസ്സിനു താങ്ങാനാവുമായിരുന്നില്ല. അവര്‍ മൂടിവച്ചത് ഫ്ളോബേര്‍ തുറന്നുകാണിച്ചതാണ് ചൊടിപ്പിച്ചത്. ഒരു സ്ത്രീക്ക് എന്തുകൊണ്ട് കാമുകനെ അല്ലെങ്കില്‍ കാമുകډാരെ ആവശ്യമായി എന്ന ചോദ്യം ഫ്രഞ്ച് ജനതയിലെ അസംതൃപ്തര്‍ക്കുവേണ്ടി നോവലിസ്റ്റ് ചോദിച്ചു. കുറ്റിപ്പുഴ അതിനെക്കുറിച്ച് ഇങ്ങനെ എഴുന്നു: ശുദ്ധവും സ്വാഭാവികവുമായ ഒരു ലൈംഗികജീവിതം ഇന്നത്തെ സാമൂഹ്യവ്യവസ്ഥയില്‍ ആര്‍ക്കും സാധ്യമാകുന്നില്ല. പ്രണയമെന്ന ആ ചെറിയ വാക്കില്‍ നിറഞ്ഞിരിക്കുന്നിടത്തോളം നുണയും ചതിയും ഇന്ന് മറ്റൊരു വാക്കിലുമില്ല എന്ന് ഇബ്സന്‍ പറഞ്ഞിട്ടുള്ളത് കുറ്റിപ്പുഴ ഉദ്ധരിക്കുന്നുണ്ട്
.
പട്ടിണി കിടക്കുന്നവനോട് ദൈവത്തെക്കുറിച്ചും സത്യത്തെക്കുറിച്ചും സംസാരിക്കുന്നത് ഉചിതമല്ലെന്ന് കുറ്റിപ്പുഴ എഴുതിയിട്ടുണ്ട്. ബുദ്ധിപരമായ സത്യസന്ധത ഒരു വലിയ മൂലധനമാണെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. സ്വാമി വിവേകാനന്ദനെ അദ്ദേഹം ഉദ്ധരിക്കുന്നു. ആ വാക്യം ഇതാണ്: എന്‍റെ നാട്ടില്‍ വിശപ്പുകൊണ്ട് വലയുന്ന ഒരു പട്ടിയെങ്കിലും ഉള്ള കാലത്തോളം അതിനാഹാരം കൊടുക്കുക എന്നതായിരിക്കും എന്‍റെ മതം. വിവേകാനന്ദന്‍റെ ഈ വീക്ഷണം കുറ്റിപ്പുഴയെ സ്വാധീനിച്ചിട്ടുണ്ട്. ദര്‍ശനശേഷിപ്പുള്ളവര്‍ സമൂഹത്തെ ഗൗരവമായി കാണണമെന്ന വാദം ഉയര്‍ത്താന്‍ ഇതും പ്രേരകമായിട്ടുണ്ടാകാം.

ആലുവയ്ക്കടുത്ത് കുന്നുകര എന്ന ഗ്രാമത്തിലാണ് കുറ്റിപ്പുഴ പിറന്നത്. അമ്മാവന്‍റെ സംരക്ഷണയിലാണ് വളര്‍ന്നത്. അമ്മാവന്‍റെ സാമ്പത്തികമായ പതനം കൃഷ്ണപിള്ളയുടെ കുടുംബത്തെയും പ്രതിസന്ധിയിലാക്കി. അയിരൂര്‍, കോട്ടപ്പുറം എന്നിവിടങ്ങളിലെ പ്രാദേശിക വിദ്യാഭ്യാസത്തിനുശേഷം ആലുവയില്‍ പഠനം തുടര്‍ന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയതാണ് കുറ്റിപ്പുഴയിലെ വിജ്ഞാനദാഹിയെ വഴിതിരിച്ചുവിട്ടത്. സെക്കന്‍ഡ് ഫോമില്‍ പഠിക്കുമ്പോള്‍ യുവജനമിത്രം മാസികയില്‍ കുറ്റിപ്പുഴയുടെ ആദ്യലേഖനം അച്ചടിച്ചുവന്നു. സ്കൂള്‍ ഫൈനലിനുശേഷം ആലുവ അദ്വൈതാശ്രമത്തിലെ സംസ്കൃതം സ്കൂളില്‍ അധ്യാപകനായി. 1922ല്‍ ശ്രീനാരായണഗുരുവാണ് ആ നിയമനത്തിനു കാരണമായത്. ആശ്രമം സ്കൂളിലെ ജീവിതം കുറ്റിപ്പുഴയെ ആത്മീയ ചിന്താമണ്ഡലത്തിലെ നിരവധി ചോദ്യങ്ങളും അവയിലുള്ള ഉത്തരങ്ങളും കണ്ടെത്താന്‍ സഹായിച്ചു. ശ്രീനാരായണ ഗുരുവുമായി സംവാദം നടത്താന്‍ കഴിഞ്ഞത് വഴിത്തിരിവായി. സ്കൂളില്‍ പഠിച്ച കാലത്ത് വായിച്ചിരുന്ന ശ്രീരാമകൃഷ്ണ വചനവും ഭഗവത്ഗീതയും വിവേകാനന്ദ സാഹിത്യവുമെല്ലാം പ്രായോഗിക ജീവിതത്തില്‍ എങ്ങനെ വിജയകരമായി പ്രയോഗിക്കാം എന്ന് കുറ്റിപ്പുഴ ആലോചിച്ചത് അപ്പോഴാണ്. ആറു കിലോമീറ്റര്‍ നടന്ന് സ്കൂളിലെത്തിയുന്ന കുറ്റിപ്പുഴയോട് ആശ്രമത്തില്‍ താമസിക്കാന്‍ നിര്‍ദ്ദേശിച്ചതും ഗുരുവാണ്. ഗുരുവുമൊത്ത് ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ 'ജാതിപോയോ' എന്ന വ്യംഗ്യമായ ചോദ്യം, തന്നെ മാറ്റിമറിച്ചുവെന്ന് അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.

സാഹിത്യജീവിതത്തില്‍ മാര്‍ഗദര്‍ശകമായി ഭവിച്ചത് വള്ളത്തോളുമായുള്ള പരിചയമാണ്. സംസ്കൃത പാഠശാലയില്‍ ഉള്ളപ്പോള്‍ വള്ളത്തോളിനെക്കുറിച്ച് എഴുതിയ ലേഖനം ആത്മപോഷിണി മാസികയില്‍ അച്ചടിച്ചുവന്നു. പില്‍ക്കാലത്ത് വള്ളത്തോള്‍ കുറ്റിപ്പുഴയെക്കുറിച്ച് ഇങ്ങനെ എഴുതി: ഇദ്ദേഹം നമ്മുടെ പത്രങ്ങളിലും ഗ്രന്ഥങ്ങളിലും അപ്പപ്പോള്‍ എഴുതിയിട്ടള്ള സാഹിത്യോപന്യാസങ്ങളുടെ സംഖ്യ സാമാന്യം വലുതാണ്. അവയോരോന്നും കൃഷ്ണപിള്ള അവര്‍കളുടെ ഭാഷാനൈപുണ്യത്തിനും സഹൃദയത്വത്തിനും മര്‍മ്മജ്ഞതയ്ക്കും പരമോദാഹരണമായി പരിലസിക്കുന്നുണ്ട്. ഇംഗ്ലീഷ്, മലയാളം, സംസ്കൃതം എന്നീ മൂന്നു ഭാഷകളില്‍ ഗണനീയമായ പാണ്ഡിത്യവും വിശേഷിച്ച് പ്രകൃതിദത്തമായ സഹൃദയത്വവും നിമിത്തം മാതൃഭാഷയെ കലോചിതമായി ആരാധിപ്പാന്‍ ത്രാണിയും താത്പര്യവുമുള്ള ചുരുക്കം ചില യുവാക്കളുടെ മുന്നണിയില്‍ ഒരു പ്രധാന സ്ഥാനമാണ് ശ്രീമാന്‍ കൃഷ്ണപിള്ളയ്ക്ക് കേരളീയ ലോകത്തില്‍ കല്പിക്കപ്പെട്ടിട്ടുള്ളത്
.
ഭാരതീയ വേദാന്തം നല്ലപോലെ ഗ്രഹിച്ച കുറ്റിപ്പുഴ അതിനെ അന്ധമായി പിന്തുടരാതെ സ്വതന്ത്രമായി സമീപിച്ചത് ആലുവ അദ്വൈതാശ്രമത്തിലെ ജീവിതപശ്ചാത്തലത്തിലാണ്. വേദ,അദ്വൈത വ്യാഖ്യാനത്തില്‍ ഗുരു, ശങ്കരാചാര്യരില്‍ നിന്ന് വ്യത്യസ്തമായ നിലപാട് സ്വീകരിച്ചിരുന്നുവെന്ന് കുറ്റിപ്പുഴതന്നെ എഴുതിയിട്ടുണ്ട്. ജാതിക്കും, മതത്തിനും വന്നുചേര്‍ന്നിരിക്കുന്ന ദുരവസ്ഥ ഗുരുവില്‍നിന്ന് മനസിലാക്കിയ കുറ്റിപ്പുഴ പുതിയൊരു മാനവികതയ്ക്കായി ഗര്‍ജിക്കുന്നതാണ് നാം പിന്നീട് കാണുന്നത്. ജാതിയും മതവും ദൈവവും വേണ്ട എന്ന് പ്രഖ്യാപിച്ച സഹോദരന്‍ അയ്യപ്പനെ പരിചയപ്പെടുന്നതും ആശ്രമത്തില്‍ വച്ചാണ്. ഈ സമ്പര്‍ക്കം കുറ്റിപ്പുഴയിലെ അദ്വൈതചിന്തകനെ ഉല്പതിഷ്ണത്വത്തിലേയ്ക്ക് നയിച്ചു. യുക്തിവാദിയും കമ്മ്യൂണിസ്റ്റുമായി കുറ്റിപ്പുഴ രൂപാന്തരപ്പെടുകയായിരുന്നു.


മനനം കൊണ്ട് സ്വന്തം ജാതകം മാറ്റിയെഴുതാന്‍ കുറ്റിപ്പുഴയ്ക്ക് കഴിഞ്ഞു. വിവാഹം കഴിക്കാതെ ഒരു സന്യാസിക്ക് തുല്യമായി അദ്ദേഹം ജീവിച്ചു. അദ്ദേഹത്തിന്‍റെ ദൈവം അറിവായിരുന്നു. മനുഷ്യസ്നേഹവും മനുഷ്യോപകാരപ്രദമായ പെരുമാറ്റവും കുറ്റിപ്പുഴയെ വേര്‍തിരിച്ചു നിര്‍ത്തുന്നു. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും വിമര്‍ശിച്ചുകൊണ്ട് കുറ്റിപ്പുഴ എത്രയോ പ്രസംഗങ്ങള്‍ ചെയ്തു. അദ്ദേഹം ദൈവത്തെ തത്കാലം ഉപേക്ഷിച്ച് മനുഷ്യയാതനയുടെ കാരണങ്ങള്‍ അന്വേഷിച്ച് പുറപ്പെട്ടു. ആര്‍ഭാടമോ ആസക്തിയോ തീണ്ടാത്ത, ഒരു ഉറച്ച വ്യക്തിത്വമാകാന്‍ കഴിഞ്ഞു. ദൈവമില്ലാതെ ഒരു സന്യാസിക്ക് എങ്ങനെ ലോകക്ഷേമത്തിനായി പ്രവര്‍ത്തിക്കാമെന്ന് അദ്ദേഹം കാണിച്ചുതന്നു. കുറ്റിപ്പുഴയ്ക്ക് ജീവിതച്ചെലവ് കുറവായിരുന്നു. അനാവശ്യവസ്തുക്കള്‍ സ്വന്തമാക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. വേഷവും ജീവിതശൈലിയും ചെലവു കുറഞ്ഞതായിരിക്കണമെന്ന നിര്‍ബന്ധമുണ്ടായിരുന്നു. ചിന്തയിലും സംസ്കാരത്തിലുമാണ് വലിപ്പം വേണ്ടത്; പൊങ്ങച്ചങ്ങളിലല്ല എന്ന് കുറ്റിപ്പുഴ പ്രവൃത്തിയില്‍ കാണിച്ചു. ആഗ്രഹങ്ങള്‍ സുഖങ്ങളെക്കുറിച്ചുള്ള കൃത്രിമ ചിന്തകള്‍ ഉല്പാദിപ്പിക്കുന്നുണ്ട്. ത്യാഗങ്ങള്‍ നമ്മെ ആത്മബലമുള്ളവരും സുഖത്തില്‍ സംപ്രീതിയില്ലാത്തവരുമാക്കുന്നു. ആഗ്രഹങ്ങള്‍ കുറയുന്നതോടെ അമിതമായ മിഥ്യാബോധം നശിക്കുന്നു. യഥാര്‍ത്ഥ മനുഷ്യാവസ്ഥയെ മനസിലാക്കാന്‍ അത് സഹായിക്കുന്നു

1926-ല്‍ മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് വിദ്വാന്‍ പരീക്ഷ ഒന്നാം ക്ലാസ്സോടെ പാസായ കുറ്റിപ്പുഴ 1928-ല്‍ ആലുവ യു.സി. കോളേജില്‍ മലയാളം പണ്ഡിറ്റായി ചേര്‍ന്നു. 1948-ല്‍ മലയാളം വകുപ്പ് അധ്യക്ഷനായി. കുറ്റിപ്പുഴയുടേത് ഒരു യാഥാസ്ഥിതിക കുടുംബമായിരുന്നു. എന്നാല്‍ സ്വന്തം പാരമ്പര്യത്തില്‍നിന്ന് ചിന്തകൊണ്ട് വളര്‍ന്ന് നവമാനവികതയുടെ വക്താവാകാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

തന്‍റെ നവമാനവികദര്‍ശനത്തെക്കുറിച്ച് കുറ്റിപ്പുഴ ഇങ്ങനെ കുറിക്കുന്നു: ആദ്യകാലത്ത് ഞാനൊരു ആശയവാദിയായിരുന്നു. ഈശ്വരഭക്തിയിലും വേദാന്തത്തിലും മുഴുകി അങ്ങനെ കഴിഞ്ഞുകൂടി. അന്ന് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഗ്രന്ഥമാണ് ഭഗവദ്ഗീത. പിന്നീട് ഉപനിഷത്തും ശാങ്കരഭാഷ്യവും പഠിച്ചു. അദ്വൈത്തിനപ്പുറം ഒരു സിദ്ധാന്തവുമില്ലെന്നറിയുകയും ചെയ്തു. ഇങ്ങനെ കുറെ കഴിഞ്ഞപ്പോഴാണ് ഡാര്‍വിന്‍റെ പരിണാമസിദ്ധാന്തം പഠിക്കാനിടയായത്. എന്‍റെ വീക്ഷണഗതിയില്‍ ആദ്യമായി ഒരു പരിവര്‍ത്തനം വരുത്തിയത് പ്രസ്തുത സിദ്ധാന്തമാണ്. പിന്നീട് ശാസ്ത്രീയവും ബുദ്ധിപരവുമായ ഗ്രന്ഥങ്ങള്‍ ധാരാളം വായിക്കാന്‍ തുടങ്ങി. എച്ച്.ജി. വെല്‍സിന്‍റെ നേതൃത്വത്തില്‍ അനേകം ശാസ്ത്രജ്ഞډാര്‍ ചേര്‍ന്നെഴുതിയ സയന്‍സ് ഓഫ് ലൈഫ് എല്ലാ ഭാഗങ്ങളും ഞാന്‍ നിഷ്കര്‍ഷയോടെ പഠിച്ചു. ഒരു ശാസ്ത്രീയ മനോഭാവത്തിനു അടിത്തറകെട്ടിയത് ആ ഗ്രന്ഥങ്ങളാണ്. ആയിടക്ക് ഞാന്‍ ഏറ്റവും അധികം ഇഷ്ടപ്പെട്ട ഗ്രന്ഥകാരനാണ് ബര്‍ട്രാന്‍ഡ് റസ്സല്‍. അദ്ദേഹത്തിന്‍റെ യുക്തിവാദ മനോഭാവം എന്നെ ഒട്ടധികം ആകര്‍ഷിച്ചു. ഞാന്‍ മാര്‍ക്സിസം പഠിക്കാന്‍ തുടങ്ങിയത് ഇത്രയും കഴിഞ്ഞതിനുശേഷമാണ്. കാള്‍ മാര്‍ക്സ്, ഏംഗല്‍സ്, ലെനിന്‍ ഈ ഗ്രന്ഥകാരډാര്‍ എന്‍റെ വിജ്ഞാനമാര്‍ഗത്തില്‍ കുറെയധികം വെളിച്ചം വീശിയിട്ടുണ്ട്. ഇവരോട് താരതമ്യപ്പെടുത്തുമ്പോള്‍ എനിക്കിതുവരെ പരിചിതരായ മിക്ക ഗ്രന്ഥകാരډാരും ഒരുപടി താഴെ മാത്രമേ നില്‍ക്കുന്നുള്ളൂ.

ആശയവാദിയായിരുന്ന കുറ്റിപ്പുഴ, ചിന്താഗതിയില്‍ ആഴത്തിലുള്ള വ്യതിയാനം വന്നതിനെ തുടര്‍ന്ന് ഭൗതികവാദത്തിലേക്കും മാനവികദര്‍ശനങ്ങളിലേക്കും വഴിമാറി. അദ്വൈതം എന്ന പേരില്‍ താന്‍ എഴുതിയ ലേഖനത്തിലെ ആശയങ്ങളോട് തനിക്കിപ്പോള്‍ യോജിക്കാന്‍ കഴിയുന്നില്ലെന്ന് കുറ്റിപ്പുഴ പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കുശേഷമാണ് എഴുതിയത്. കുറ്റിപ്പുഴയില്‍ വൈരുദ്ധ്യമില്ല. കാരണം, തന്‍റെ വിചാരപരമായ വളര്‍ച്ചയെ അദ്ദേഹം തന്നെ തിരിച്ചറിയുന്നുണ്ട്. തിരിച്ചറിയാതിരുന്നെങ്കില്‍ അത് ചിന്തയിലെ വൈരുദ്ധ്യമാകുമായിരുന്നു.

ജനങ്ങള്‍ക്ക് മനസിലാക്കാന്‍ പ്രയാസമായതുകൊണ്ടാണ് ഇന്ത്യയില്‍ അദ്വൈതം അധഃപതിച്ചതെന്ന് ഒരിടത്ത് അദ്ദേഹം എഴുതി. സാഹസികനായ ഒരു ബൗദ്ധിക സന്യാസിക്ക് മാത്രമേ ഇതുപോലെ പ്രതിഷ്ഠകള്‍ ഇളക്കുന്ന വാക്യങ്ങളെഴുതാന്‍ കഴിയൂ. അദ്വൈതത്തിന്‍റെ മായാവാദം ഈ ലോകത്തിനു ഒരു വിലയും കല്പിക്കാത്തതാണെന്ന് കുറ്റിപ്പുഴ തുറന്നെഴുതി. കുറ്റിപ്പുഴ നവോത്ഥാനത്തിനാണ് വില കല്പിച്ചത്. ഒരു ആഗോള മാനവന്‍ എന്ന ആശയം അദ്ദേഹത്തെ നിരന്തരം പ്രലോഭിപ്പിച്ചു. ആധുനിക മനുഷ്യന്‍ എന്ന സങ്കല്പത്തെ സാക്ഷാത്കരിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടോയെന്ന് സ്വയം പരിശോധിക്കേണ്ട ഘട്ടമാണിത്. ആചാരങ്ങള്‍ മനുഷ്യനെ ചീത്തയാക്കുന്നു എന്ന ഒരു വാദം നവോത്ഥാന പ്രസ്ഥാനത്തിന്‍റെ ചിന്തയാണ്. ആചാരങ്ങള്‍ അന്ധമാകരുത്. അത് ഒരു സൗന്ദര്യമാകാം. തുടര്‍ന്നുവരുന്നതെല്ലാം നല്ലതല്ല. ചിലതെല്ലാം യുക്തിയോടെ വിചാരണ ചെയ്യണം. ആധുനികശാസ്ത്രം, വൈദ്യശാസ്ത്രം, തത്ത്വചിന്ത തുടങ്ങിയ മേഖലകളുടെ സംഭാവന ഉള്‍ക്കൊണ്ടുവേണം യുക്തിപൂര്‍വമായ ഒരു ജീവിതവീക്ഷണം രൂപപ്പെടുത്താന്‍ എന്ന് കുറ്റിപ്പുഴ നിഷ്കര്‍ഷിച്ചു. സ്വന്തം കാലഘട്ടത്തില്‍ കിട്ടാവുന്ന ഏറ്റവും വലിയ, ശാസ്ത്രീയമായ, നവീനമായ ആശയങ്ങള്‍ സ്വായത്തമാക്കി. ജീര്‍ണിച്ചതില്‍ നിന്നെല്ലാം മോചനം നേടി.

എഡ്വിന്‍ അര്‍നോള്‍ഡിന്‍റെ ലൈറ്റ് ഓഫ് ഏഷ്യ എന്ന പുസ്തകം പഠിപ്പിക്കുന്നതിനിടയില്‍ ശ്രീബുദ്ധന്‍റെ തത്ത്വത്തെ വ്യാഖ്യാനിക്കുന്നത് ഇങ്ങനെയാണ്:

കേള്‍ക്കുന്നതെല്ലം വിശ്വസിക്കരുത്. പല തലമുറകളായി കൈമാറിവന്നത് കൊണ്ടുമാത്രം പാരമ്പര്യത്തെ വിശ്വസിക്കരുത്. പലരും പറഞ്ഞു പരത്തിയ കാര്യങ്ങള്‍ അപ്പാടെ വിശ്വസിക്കരുത്. യുക്തിയുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്ത്, എല്ലാവരുടെയും നډയ്ക്കും ഗുണത്തിനും ഉപയോഗപ്രദമായത് മാത്രം സ്വീകരിക്കുക, അതാണ് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ടത്. ലോകത്തിലെ ശ്രേഷ്ഠമൂല്യങ്ങള്‍ എന്തുകൊണ്ട് നമുക്ക് സ്വന്തമാക്കിക്കൂടാ എന്ന മനോഭാവം ഭാവിയോടുള്ള പ്രതിബദ്ധതയാണ്.

കുറ്റിപ്പുഴയ്ക്ക് തന്‍റെ മനന, ചിന്തകളുടെ ബലത്തില്‍ ലോകസാഹിത്യ വായനയിലൂടെ ചില നല്ല സൗന്ദര്യമൂലകങ്ങള്‍ സ്വാംശീകരിക്കാനായി. വിചാരവിപ്ലവം എന്ന പുസ്തകമെഴുതിയത് 1944ലാണ്. ശരിക്കും അദ്ദേഹം വിചാരവിപ്ലവമുണ്ടാക്കി. എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയും, ഇരുപതാം നൂറ്റാണ്ടിന്‍റെ മധ്യത്തിലെ കേരളത്തെ ഇളക്കിമറിച്ചു. പ്രക്ഷുബ്ധമായ ഒരു മനസ് ചിന്തിക്കുന്നവരിലേക്കു പകരാന്‍ അതിനു സാധിച്ചു. ചിന്തിക്കുന്നവരുടെ തലമുറയുണ്ടാകാന്‍ അത് കാരണമായി.

സാഹിത്യകലയില്‍ ഒരിടത്തും രാജിയാകാനോ, പിന്തിരിയാനോ തയ്യാറാകാത്ത ഒരു ഉഗ്രവിമര്‍ശകനായിരുന്നു കുറ്റിപ്പുഴ. വിമര്‍ശനം ഒത്തുതീര്‍പ്പിന്‍റെ കലയല്ല. അവിടെ സ്വാഭിപ്രായത്തിന്‍റെ വേറിടലിനും സ്വതന്ത്രമായ ഇച്ഛാശക്തിക്കുമാണ് വില. ഒരാള്‍ എല്ലാറ്റിനോടും താദാത്മ്യപ്പെടുന്നിടത്ത് വിമര്‍ശനമില്ല
.
റഷ്യന്‍ സാഹിത്യകാരډാരായ തുര്‍ജനീവിനെയും ടോള്‍സ്റ്റോയിയെയും താരതമ്യം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞത് ഇതാണ്. തുര്‍ജനീവിന്‍റെ യഥാലോകം പ്രശാന്തപ്രസന്നമായി പ്രവഹിക്കുന്ന ഒരു തടിനിയെപ്പോലെയാണ്. കാറ്റും കോളും കൊണ്ടുള്ള ക്ഷോഭങ്ങളൊന്നും അവിടെ കാണുന്നില്ല. എന്നാല്‍ ശക്തിയേറിയ ചില അടിയൊഴുക്കുകള്‍ ആ പ്രസന്നതയില്‍ ദൃഷ്ടിഗോചരമാകുന്നുണ്ട്. ഈ വക സംഗതികളില്‍ ഗ്രന്ഥകാരന്‍ ടോള്‍സ്റ്റോയിയില്‍ നിന്ന് തുലോം ഭിന്നനാണ്. യുദ്ധങ്ങളും പ്രക്ഷോഭങ്ങളും വര്‍ണിച്ച് ജീവിതത്തിന്‍റെ ഭയാനക ഭാഗങ്ങളെ പൊന്തിച്ചുകാണിക്കുവാന്‍ തുര്‍ജനീവ് ഇഷ്ടപ്പെടുന്നില്ല. അതിമൃദുലങ്ങളായ ഭാവങ്ങളുടെ ഉത്തേജനത്തിലാണ് അദ്ദേഹം ദത്തദൃഷ്ടനായിരിക്കുന്നത്. തുര്‍ജനീവിന്‍റെ നായികമാരും ടോള്‍സ്റ്റോയിയുടെ തോതില്‍പ്പെട്ടവരല്ല. അവര്‍ സാത്വികമായ പ്രേമത്തിന്‍റെ സന്ദേശവാഹിനികളാകുന്നു. മൃഗീയമായ കാമത്തിളപ്പിന്‍റെ ഉഗ്രദോഷങ്ങളെ ആത്മീയമായ പ്രേമപ്രകാശത്താല്‍ പ്രമാര്‍ജനം ചെയ്യുന്നതിനുള്ള ശക്തി അവര്‍ക്കുണ്ട്. ഇങ്ങനെയുള്ള നായകډാരുടെ സാന്നിധ്യത്തില്‍ ദുര്‍മ്മാര്‍ഗചാരികളായ നായകډാരുടെ സ്വഭാവംകൂടി പവിത്രീകൃതമാകുന്നു. ഇതാണ് തുര്‍ജനീവിന്‍റെ നോവലുകള്‍ക്കുള്ള ഒരു വിശേഷം. കുറ്റിപ്പുഴയ്ക്ക് ഭാരതീയ ചിന്തകരുമായി, ഒടുവില്‍ ബന്ധമുണ്ടായിരുന്നില്ലെന്ന് പറയരുത്. അദ്ദേഹം ചാര്‍വാക കാഴ്ചപ്പാടിനെ അനുകൂലിച്ചിരുന്നു. വേദം, ഈശ്വരന്‍, ആത്മാവ് എന്നിവയെ തള്ളിപ്പറഞ്ഞ ചാര്‍വാകമതം വേറിട്ട് നില്‍ക്കുകയാണ്. ഭാരതത്തില്‍ നിലനിന്ന തര്‍ക്കം അറിയണമെങ്കില്‍ ആശയവാദികളായ വൈജ്ഞാനികരും ചാര്‍വാകډാരും തമ്മിലുള്ള ഉരസല്‍ കണ്ടെത്തണം. ഭാരതീയ പാരമ്പര്യത്തെ എങ്ങനെയാണ് നിര്‍വചിക്കുക. പരസ്പര വിരുദ്ധമായ ധാരകളുടെ സംഗമവും വിയോഗമവുമാണത്.

ഏതെങ്കിലും ഒരു പ്രത്യേക ദര്‍ശനമല്ല കുറ്റിപ്പുഴയെ രൂപപ്പെടുത്തിയത്. വിഭിന്നങ്ങളായ ദര്‍ശനങ്ങളെ, അദ്ദേഹം തത്ത്വചിന്താപരമായി കൂട്ടിയോജിപ്പിച്ചു. ചിന്തയെയും സൗന്ദര്യത്തെയും സമന്വയിപ്പിക്കുമ്പോഴാണ് രസാനുഭൂതി സ്ഥിരമായി നിലനില്‍ക്കുന്നതെന്ന് കുറ്റിപ്പുഴ പറയുന്നു. അദ്ദേഹം നിരത്തുന്ന വാദം ഇതാണ്: ഒരു പാട്ട് കേള്‍ക്കുമ്പോള്‍ മനസ് സന്തോഷിക്കുമെങ്കിലും, അതുകഴിഞ്ഞ് മനസ് പഴയ അവസ്ഥയിലേക്ക് പിന്‍വാങ്ങും. ഒരു ചിത്രം കാണുമ്പോഴും ഇതുതന്നെ സംഭവിക്കും. മനസിനെ സ്ഥിരമായി ഒരു രസാനുഭവത്തില്‍ ബന്ധിച്ചുനിര്‍ത്താന്‍ ആ കലാരൂപങ്ങള്‍ക്ക് കഴിയാത്തത് ചിന്താശക്തിയെ ഉദ്ദീപിപ്പിക്കാത്തതുകൊണ്ടാണത്രേ. ചിന്തയില്ലെങ്കില്‍ സാഹിത്യത്തിനു വലിയ പ്രസക്തിയില്ല. നേരമ്പോക്കിനുള്ള കൃതികള്‍, പെട്ടെന്ന് തന്നെ രംഗം കാലിയാക്കിക്കൊള്ളും. വായിക്കുമ്പോള്‍ മാത്രമല്ല, തദനന്തരവും കവിത സഹൃദയനെ ആനന്ദിപ്പിക്കുന്നു - കുറ്റിപ്പുഴ എഴുതുന്നു. ഒരു കവിതയുടെ പരമമായ സൗന്ദര്യം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ തത്ത്വചിന്തവേണം. കവിത നിര്‍വഹിക്കുന്നത് പവിത്രമായ ഒരു കര്‍മ്മമാണ്. അതിന് മനുഷ്യനെ അവന്‍റെ കര്‍മ്മബന്ധങ്ങളില്‍ കൂടുതല്‍ നിര്‍മ്മലമാക്കാനാവും. ടാഗോര്‍ പറഞ്ഞു, കവികള്‍ മനുഷ്യനെ അവന്‍റെ ആഗ്രഹങ്ങളില്‍ നിന്ന് മോചിപ്പിക്കുമെന്ന്. ഇത് കുറ്റിപ്പുഴ മിക്കപ്പോഴും ഉദ്ധരിച്ചിട്ടുണ്ട്.

സാഹിത്യത്തിന് ഒരാത്മീയതയുണ്ട്. അത് മതങ്ങളുടെ മേഖലയിലുള്ളതല്ല. വിചാരപരമാണത്. കുറ്റിപ്പുഴ അത് ഇങ്ങനെ നിരീക്ഷിക്കുന്നു; ആത്മീയവും അനാത്മീയവുമായ രണ്ട് പരസ്പര പ്രതികൂല ശക്തികളുടെ ഒരു യുവരംഗമാണ് മനുഷ്യന്‍. ഒന്ന് ജീവിതത്തെ പ്രകാശത്തിലേക്കും മറ്റേതു തമസ്സിലേക്കും വലിച്ചുകൊണ്ടുപോകുന്നു. ജീവിതമെന്ന് പറയുന്നതു ഈ ഭിന്നശക്തികളുടെ അനോന്യ മത്സരമാണെന്ന് പറയാം. മത്സരം നിലയ്ക്കുമ്പോള്‍ ജീവിതവും അവസാനിക്കുന്നു. ആത്മാവും അനാത്മാവും തമ്മിലുള്ള ഈ സൂക്ഷ്മ സംഘട്ടനത്തെ വര്‍ണിച്ച് വ്യാഖ്യാനിക്കുകയെന്നതാണ് ഒരു കവിയുടെ പ്രധാന ധര്‍മ്മം
.
ഇത് കുറ്റിപ്പുഴയുടെ സൗന്ദര്യദര്‍ശനമായി കണക്കാക്കാം. ജീവിതത്തിലെ രണ്ട് ശക്തികളെക്കുറിച്ചാണ് ചര്‍ച്ച. ഒന്ന് പ്രകാശവും മറ്റേത് തമസ്സുമാണ്. എപ്പോഴും ഏത് വിജയിക്കുമെന്ന് പറയുകവയ്യ. എന്നാല്‍ സംഘട്ടനമുണ്ട്. അത് നിന്നുപോയാല്‍ ജീവിതത്തിന്‍റെ സൗന്ദര്യം അസ്തമിക്കും. അതുകൊണ്ട് ആ സംഘട്ടനത്തെ നിലനിര്‍ത്താനായിരിക്കും എഴുത്തുകാരന്‍റെ ശ്രമം. കാരണം അതാണ് അവന്‍റെ അസംസ്കൃത വസ്തു. അവന് സംഘട്ടനം അവസാനിപ്പിക്കാനാവില്ല. അവന്‍ അതിന്‍റെ വ്യാഖ്യാതാവും നിരീക്ഷകനുമാണ്. അവന്‍ അതില്‍ നിന്നാണ് സൗന്ദര്യം തേടുന്നത്.