'കരുണ'യെക്കുറിച്ച്
ചട്ടപ്പടി ,അല്ലെങ്കിൽ മുൻവിധിയോടെയുള്ള ലേഖനങ്ങൾ വന്നുകൊണ്ടിരിക്കുന്ന
കാലമാണിത്. കരുണ വായിക്കുന്ന ഒരു പ്രേക്ഷകന് പ്രത്യക്ഷത്തിൽ
എത്തിച്ചേരാവുന്ന അനുമാനങ്ങളിലും നിരീക്ഷണങ്ങളിലുമാണ് ഇന്നത്തെ പഠനങ്ങൾ
ചെന്നുമുട്ടുന്നത്. 'കരുണ'യിലെ പ്രധാന കഥാപാത്രമായ വാസവദത്ത ഒരു ധനികയായ
വേശ്യയായിരുന്നു. അവൾ ആപത്ശങ്കയിൽ ഒരാളെ വധിക്കുന്നു. അങ്ങനെ അവൾ
ശിക്ഷിക്കപ്പെടുന്നു. ലോകത്തിലേക്കും വച്ച് ഏറ്റവും ക്രൂരമായ ശിക്ഷയാണ്
അവൾക്ക് വിധിച്ചത്.
"കരചരണശ്രവണനാസികൾ മുറിച്ചു ഭൂ-
നരകമാം ചുടുകാട്ടിൻ നടുവിൽ തള്ളി .
ഹാ! മതിമോഹത്താൽ ചെയ്തു സാഹസമൊ,ന്നതിനിന്നി-
പ്പുമൃദുമേനിയാൾ പെറ്റും പാടു കണ്ടില്ലേ !"
കൈകാലുകളും
മൂക്കും ചെവിയും മുറിച്ചുമാറ്റിയാൽ പിന്നെ മനുഷ്യശരീരത്തിന് എന്ത്
പ്രസക്തി? എന്നാൽ ആ അവസ്ഥയിലും വാസവദത്ത 'കരുണ'യിൽ അവശേഷിക്കുന്നു. അവളെ
ശുശ്രൂഷിക്കാൻ ഒരു പരിചാരിക മാത്രമാണുള്ളത് .ആ പരിചാരിക നേരത്തെ തന്നെ
വാസവദത്തയൊടൊപ്പം കഴിഞ്ഞിരുന്നതാണ്. യജമാനത്തിയുടെ പ്രവൃത്തികൾ
എന്തുതന്നെയായിരുന്നാലും ആ തോഴിക്ക് അവളെ വിട്ടു പോകാൻ തോന്നുന്നില്ല. അത് ഈ
കവിതയിൽ ആശാൻ ഒളിപ്പിച്ചു വച്ചിരിക്കുന്ന ഒരു ബോംബാണ് .സാധാരണ വായനക്കാരോ
നിയമാനുസൃത ലേഖന കർത്താക്കളോ ഇത് കണ്ടെന്ന് വരില്ല. ലോകം വാസവദത്തയെ
തള്ളിക്കളയുകയാണ്, വെറുതെ ശിക്ഷിക്കുകയല്ല .വധിക്കുക പോലുമല്ല; അപമാനിച്ചു
നോവിക്കുകയാണ്.ഈ ലോകത്തിന് ആവശ്യമില്ലാത്തവളാണ് അവളെന്ന്
ഓർമ്മിപ്പിക്കുകയും ക്രൂരമായി നിന്ദിക്കുകയും ചെയ്യുന്ന ശിക്ഷയാണത്.
എന്തിനാണ് അത്തരമൊരു ശിക്ഷ? അത് സ്ത്രീയോടുള്ള വിവേചനമായി കാണാം.
സ്നേഹം ആർക്കും വേണ്ടാതെ
ഒരു
സ്ത്രീ കുറ്റം ചെയ്തതുകൊണ്ടാണ് ഈ ശിക്ഷ കണ്ടുപിടിക്കപ്പെട്ടത്. വാസവദത്തയെ
തോഴി ഒഴികെ ആരും സ്നേഹിക്കുന്നില്ല .എല്ലാവർക്കും അവളുടെ മാംസം
മതിയായിരുന്നു. അവൾ ധനികയായതുകൊണ്ട് അവളുടെ സൗന്ദര്യത്തിന് വിലയുണ്ടായി.
അവളെ കാത്ത് ധനികർ വരുന്നതു അതുകൊണ്ടാണ്.അവളിൽ പുരുഷന്മാർക്ക് വേണ്ട
സൗന്ദര്യവും വശ്യതയുമുണ്ടായിരുന്നു. അതിലേക്ക് ആകർഷിക്കപ്പെടുന്നത്
സാധാരണമായിരുന്നു. എന്നാൽ വാസവദത്തയ്ക്ക് വൈകാരികമായ, സാമ്പത്തികമായ
നേട്ടമുണ്ടായതല്ലാതെ ആന്തരികമായ സുഖം കിട്ടിയിരുന്നില്ല. അവളിൽ സ്നേഹം
ആർക്കും വേണ്ടാതെ അവശേഷിച്ചു .തന്നിലെ സ്നേഹത്തെ എന്ത് ചെയ്യണമെന്നറിയാതെ
കുഴയുകയായിരുന്നു അവൾ.
"അർത്ഥഭാണ്ഡങ്ങൾതൻ കനംകുറഞ്ഞുപോകുന്നു ,തോഴീ -
യിത്തനുകാന്തിതൻ വിലയിടിഞ്ഞിടുന്നു ."
ഭൗതികസ്വത്തിലും
ശരീരകാന്തിയിലും തനിക്ക് വിശ്വസിക്കാൻ തോന്നുന്നില്ല എന്ന സങ്കടമാണവൾ
അറിയിക്കുന്നത്. അവൾ വ്യർത്ഥത അനുഭവിക്കുകയാണ്. അതുകൊണ്ട് അവൾ ജീവിതത്തിൽ
ഒരു വഴിത്തിരിവ് ആഗ്രഹിക്കുന്നു. താൻ തുടർന്നുവരുന്ന ജീവിതരീതിയിൽ എന്തോ
ഒരു അപഭ്രംശം സംഭവിച്ചിട്ടുണ്ടെന്ന് അവൾ തിരിച്ചറിയുകയാണ്. ഭൗതികസുഖത്തിൽ
എന്തോ ഒരു ന്യൂനതയുണ്ടെന്ന ബോധ്യമാണത്. അതിരുവിട്ട സുഖങ്ങളും സമ്പത്തും
ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ നിരർത്ഥകമായി തോന്നാം. അവൾ അത്
പങ്കുവയ്ക്കുന്നത് തോഴിയോട് മാത്രമാണ്.ആ തോഴിക്ക് വാസവദത്തയുടെ ഹൃദയം
അറിയാം. അവൾ അനുഭവിച്ച അനാഥത്വവും സ്വാർത്ഥതയും മനസ്സിലാക്കിയ തോഴി അവളോട്
അനുതാപം പ്രകടിപ്പിക്കുക മാത്രമല്ല, സ്നേഹം കൊടുക്കുകയും ചെയ്യുന്നു. അവൾ
വിശ്വസ്തയായിരുന്നു. ആ തോഴി മാനവരാശിയുടെ മഹത്വത്തെ ഉദാഹരിക്കുകയാണ്.
തോഴിയോട് കടപ്പാടും സ്നേഹവും തോന്നുന്ന നിമിഷമാണിത്.
അവൾ
ചുറ്റിനുമുള്ള ക്രൂരമായ ലോകത്തിൻ്റെ ബധിരകർണങ്ങൾക്ക് ബദലായി മാറുന്നു
.പാരസ്പര്യത്തിന്റെ മൃദുത്വവും മനുഷ്യത്വവുമാണവൾ. അവളിലാണ് ആശാൻ
വിശ്വസിച്ചത്. എന്നാൽ അത് കാവ്യത്തിന്റെ പൂമുഖത്ത് വന്ന്
ബഹളമുണ്ടാക്കുന്നില്ല. തോഴിയാണ് ഈ കവിതയുടെ പശ്ചാത്തലം. അവൾ വിശ്വത്തിൻ്റെ
രമ്യതയുടെ ഒരു വനമാണ് .അവിടെ സമാനമനസ്കർക്ക് ആശ്വാസം ലഭിക്കും .
മോക്ഷം കൊടുക്കാനോ ?
ആശാൻ്റെ
കരുണ നമ്മെ ചതിക്കുകയാണ്. എന്തെന്നാൽ നമ്മൾ വളരെ അനുസരണയുള്ള, ആരെങ്കിലും
ചൂണ്ടിക്കാണിച്ച വഴിയെ മാത്രം സഞ്ചരിച്ച് ശീലിച്ചവരാണ് .നമുക്ക്
ഒളിപ്പിച്ചത് കണ്ടെത്താൻ ധൈര്യമില്ല. എല്ലാവരും ഒരേ ശ്വാസത്തിൽ പറയുന്നത്
ഏറ്റുപറയുകയാണല്ലോ പൊതുവായ രീതി. ഏത് വീക്ഷണത്തിനാണോ കൈയടി കിട്ടുന്നത്
അങ്ങോട്ട് ചായും. അതാണ് നമ്മുടെ സാഹിത്യകലയിലെ നാട്ടുനടപ്പ്. അതുതന്നെയാണ്
സമീപകാല 'കരുണാ' കാവ്യവിമർശനത്തിലും കാണുന്നത്.
മിക്കവരും
പറയുന്നത് വാസവദത്തയുടെ ക്ഷണം നിരാകരിച്ച ഉപഗുപ്തൻ അവൾക്ക് ചുടലക്കാട്ടിൽ
മോക്ഷം കൊടുത്തുവെന്നാണ്. ഉപഗുപ്തൻ അത്രയ്ക്ക് മഹാനായ ഒരു വ്യക്തിയാണോ
?വാസ്തവത്തിൽ ആശാൻ ഉപഗുപ്തന്മാരുടെ വ്യക്തികേന്ദ്രീകൃതമായ
'മോക്ഷസംസ്കാര'ത്തെ എതിർക്കുകയും അവരെ തീരെ രക്ഷയില്ലാത്ത ഒരു
പരിതസ്ഥിതിയിലെത്തിച്ച് വട്ടം കറക്കുകയുമാണ് ചെയ്യുന്നത്.
"ഗുണബുദ്ധിയാൽ ഞാൻ തോഴി, കൊതിപ്പതക്കോമളന്റെ
പ്രണയം മാത്രമാണെന്ന് പറഞ്ഞില്ലേ നീ."
എന്ന്
വാസവദത്ത വ്യക്തമായി പറയുന്നുണ്ട്. എന്നാൽ നമ്മുടെ ഭാഷാപണ്ഡിതന്മാർക്ക്
ഇത് മനസ്സിലാകുന്നില്ല. അവൾ ഉപഗുപ്തനെ ക്ഷണിച്ചത് ലൈംഗികശമനത്തിനല്ല. അവൾ
തൻ്റെ ആത്മസത്യത്തിൻ്റെ പതാകയായ പ്രണയത്തെ കണ്ടുമുട്ടുകയാണ് .അത് തുറന്നു
പറയുകയാണ്. ആ പ്രണയമാണ് അവളെ അത്രത്തോളം ശുദ്ധതയിലേക്ക് ഉയർത്തുന്നത്. അവൾ
എത്ര ശുദ്ധയായിരുന്നാലും ഈ ലോകം അതൊന്നും കാണാൻ പോകുന്നില്ല .ലോകം
നോക്കുന്നത് ഉപഗുപ്തന്മാരിലൂടെയാണ്. എവിടെയും ഉപഗുപ്തൻ നിറഞ്ഞു
നിൽക്കുകയാണ്. അധികാരസ്ഥാപനങ്ങൾ, പ്രേമഭാജനങ്ങൾ, സുഹൃത്തുക്കൾ, ബന്ധുക്കൾ,
സഹപാഠികൾ തുടങ്ങിയവരിലെല്ലാം ഈ ഉപഗുപ്തൻ നിറഞ്ഞു നിന്ന് ചിരിക്കുകയാണ്.
അയാൾ, അർഹിക്കുന്ന മനസ്സുകളുടെ നേരെ നോക്കുകയില്ല. ജീവിച്ചിരിക്കുമ്പോൾ
സസ്യത്തെപ്പോലെ സൂര്യകിരണങ്ങളിൽ തളിർത്ത് ഉല്ലസിക്കുമ്പോൾ
പരിഗണിക്കുകയില്ല.സ്വന്തം കർമ്മവിശേഷം വച്ചു നോക്കിയാൽ വാസവദത്തയ്ക്ക്
പ്രണയമുണ്ടാകാൻ സാധ്യതയില്ല. എന്നാൽ അങ്ങനെയൊന്നു തോന്നിക്കൂടെന്നുണ്ടോ
?പ്രണയത്തിന് പ്രത്യേക അതിർത്തിയോ കാലമോ ആരും നിശ്ചയിച്ചിട്ടില്ല.
"വശംവദസുഖ ഞാനീ വശക്കേടെനിക്ക് വരാൻ
വശമില്ലെന്നാലും വന്നതയുക്തമല്ല
വിശപ്പിന്നു വിഭവങ്ങൾ വെറുപ്പോളമശിച്ചാലും
വിശിഷ്ടഭോജ്യങ്ങൾ കാൺകിൽ കൊതിയാമാർക്കും.
അനുരക്തരഹോ! ധനപതികൾ നിത്യമെൻകാലിൽ
കനകാഭിഷേകം ചെയ്തു തൊഴുതാൽപ്പോലും
കനിഞ്ഞൊരു കടാക്ഷിപ്പാൻ മടിക്കും
കണ്ണുകൾ കൊച്ചു -
മുനിയെക്കാണുവാൻ മുട്ടിയുഴറുന്നുല്ലോ."
വാസവദത്തയുടെ
വാദമുഖങ്ങൾ ഒരു മനുഷ്യഹൃദയത്തിന്റെ ഉന്നതിയിലേക്കുള്ള പടവുകളാണ്. അവൾ
മടുത്ത ജീവിതത്തിൽ നിന്ന് മറ്റൊരു ഉണർവിലേക്ക് രക്ഷപ്പെടാനാണ് നോക്കുന്നത്
.ധാരാളം പേർ പിന്നാലെ വരുന്നുണ്ടെങ്കിലും അവരോടൊന്നും തോന്നാത്ത വികാരമാണ്
അവൾക്ക് ഉപഗുപ്തനോടുള്ളത്. അയാളുടെ പ്രത്യക്ഷത്തിൽ അവൾ അനിർവചനീയമായ ഒരു
ശാന്തി പ്രതീക്ഷിക്കുന്നു.
സ്നേഹത്തിൽ യാതനയുണ്ട്
ഉപഗുപ്തൻ
ബുദ്ധമതവിശ്വാസിയാണല്ലോ. എന്നാൽ അദ്ദേഹത്തിനു ബുദ്ധൻ്റെ
സ്നേഹതത്ത്വത്തെക്കുറിച്ച് വലിയ വിവരമില്ല. വിയറ്റ്നാമീസ് സെൻ ബുദ്ധിസ്റ്റ്
തീച്ച് നാത് ഹാൻ (Thich Nhat Hanh)എഴുതിയ True Love :A Practice for
Awakening the Heart എന്ന കൃതിയിൽ ബുദ്ധതത്ത്വങ്ങളിൽ അധിഷ്ഠിതമായ
സ്നേഹത്തിൻ്റെ ആന്തരികവ്യാപ്തിയെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. ബുദ്ധൻ്റെ
ഒരു വാക്യം ഹാൻ ഉദ്ധരിക്കുന്നുണ്ട്: " മറ്റൊരാളോടുള്ള നിങ്ങളുടെ സ്നേഹം,
മറ്റൊരാളെ സ്നേഹിക്കാനുള്ള ആഗ്രഹം ,നിങ്ങൾക്ക് സ്വയം സ്നേഹിക്കാനുള്ള
കഴിവിനെ ആശ്രയിച്ചിരിക്കുന്നു." ഈ രീതിയിൽ സ്നേഹത്തെ
മനസ്സിലാക്കിയിട്ടുണ്ടോ 'കരുണ'യിലെ ഉപഗുപ്തൻ ? സ്നേഹത്തിൽ യാതനയുണ്ട്. അയാൾ
വാസവദത്തയുടെ അടുത്തേക്ക് വരുന്നില്ല .സ്നേഹത്തിന് എന്താണ് വില?ഒരാൾ
സ്നേഹത്തോടെ ക്ഷണിക്കുമ്പോൾ അത് മനസ്സിലാക്കാതെ ,കാമപൂരണത്തിനാണെന്ന്
പറയുന്നത് തെറ്റല്ലേ? അല്ലെങ്കിൽ തെറ്റായ മാർഗ്ഗങ്ങളിലൂടെ സഞ്ചരിച്ച ഒരു
സ്ത്രീയെ കാണുന്നതും സംസാരിക്കുന്നതും തന്റെ യശസ്സിനു
ക്ഷതമേൽപ്പിക്കുമെന്ന് കരുതുകയാണെങ്കിൽ അത് ഒരു സന്യാസിക്ക്
ചേർന്നതല്ലല്ലോ. സന്യാസി വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരെയും
ഉൾക്കൊള്ളേണ്ടവനാണ്.വാസവദത്തയെ മനസ്സിലാക്കുന്നതിൽ ഉപഗുപ്തൻ
പരാജയപ്പെടുകയാണ്.
ബുദ്ധമതത്തിൽ ഈ
മനസ്സിലാക്കലിനു പ്രാധാന്യമുണ്ട്. നമ്മെ സ്നേഹിക്കുന്നയാളെ മനസ്സിലാക്കണം.
ഹാൻ എഴുതുന്നു: "മനസ്സിലാക്കലില്ലാതെ സ്നേഹം സാധ്യമല്ല. ഒരാളെ
മനസ്സിലാക്കാൻ നാം എന്ത് ചെയ്യണം ?നമ്മൾ ആ വ്യക്തിയെ അറിയണം."ഇവിടെ
വാസവദത്ത ശുദ്ധമായ പ്രേമത്താലാണ് ഉപഗുപ്തനെ ക്ഷണിച്ചതെന്ന്
വെളിപ്പെടുത്തുന്നുണ്ട്. അപ്പോൾ അവളെ മനസ്സിലാക്കുന്നതിൽ ഉപഗുപ്തൻ
പരാജയപ്പെടുകയാണ്.
ഹാൻ എഴുതുന്നു:
"മനസിലാക്കലില്ലാതെ സ്നേഹം സാധ്യമല്ല. ഒരാളെ മനസിലാക്കാൻ നാമെന്ത് ചെയ്യണം
?മറ്റൊരാളുടെ യാതന മനസ്സിലാക്കാത്തവൻ എങ്ങനെയാണ് ഉപഗുപ്തനാവുന്നത് ? ഹാൻ
അത് പ്രത്യേകം ഓർമ്മിപ്പിക്കുന്നു: "In Buddhism we talk about a
Bodhisattva called Avalokiteswara,the one who has the ability to listen
and to understand the suffering of others."
പരമമായ
ഒരു മാനവികതയാണിത്. നമ്മെ സ്നേഹിക്കുന്നവരുടെ ആത്മീയയാതന അറിയാത്തവർ
എങ്ങനെയാണ് മോക്ഷം കൊടുക്കുന്നത്?ഇവിടെ ഉപഗുപ്തൻ പറയുന്നത് 'സമയമായില്ല'
എന്നാണ്. എന്താണ് അയാളുടെ സമയം?വാസവദത്ത ചോര വാർന്നൊലിച്ച് ചുടുകാട്ടിൽ
കിടക്കുന്ന സമയമാണോ അത് ?എങ്കിൽ അതെത്ര ക്രൂരമാണ് '
ആത്മീയപാതയിൽ
സഞ്ചരിക്കുന്നവർ ഇത്രമാത്രം അപരഹൃദയജ്ഞാനമില്ലാത്തവരാകരുത് എന്നല്ലേ ആശാൻ
നിശബ്ദമായി പറയുന്നത്? ഇവിടെ ആശാൻ ഉൽബുദ്ധരായ വായനക്കാരെ
ക്ഷണിക്കുകയാണ്.അവരാണ് ഉപഗുപ്തനെ അറിയേണ്ടത്. സാംസ്കാരിക വിമർശനം ഇവിടെ
ആരംഭിക്കേണ്ടിയിരിക്കുന്നു. ഒരു സ്ത്രീ അപമാനിതയായി കിടക്കുമ്പോൾ അവിടെ
വിളിക്കാതെ ചെന്നു തത്ത്വപ്രസംഗം നടത്തുന്നത് ഉചിതമാണോ ?ആ സന്ദർശനത്തിൽ
എന്ത് മതമാണുള്ളത് ?മോക്ഷം കൊടുക്കാന്നുവെന്ന് പറയുന്നത് പരമ്പരാഗതമായ ഒരു
വിശ്വാസമാണ്. അത് ആശാൻ ഓർമ്മിപ്പിക്കുന്നത് ആ പ്രത്യേക സന്ദർഭത്തിൻ്റെ
വൈരുദ്ധ്യവും ജുഗുപ്സയും ശ്രദ്ധയിൽ കൊണ്ടുവരാനാണ്. ആശാന് വ്യക്തമായറിയാം
,യഥാർത്ഥസ്നേഹത്തെ നിന്ദിച്ച ഉപഗുപ്തന് മോക്ഷം നൽകാവില്ലെന്ന് .മാത്രമല്ല
,മോക്ഷം ഒരാൾ മറ്റൊരാൾക്ക് കൊടുക്കുന്നതല്ല; കൊടുക്കാനുമാവില്ല .നിർവ്വാണം
എന്താണെന്ന് നിർവ്വചിക്കാൻ ബുദ്ധനു പോലും കഴിഞ്ഞിട്ടില്ല. മോക്ഷം സ്വയം
നേടേണ്ടതാണ്. ശാശ്വതവും അപാരവും ഉന്നതവുമായ അറിവാണത്. അവിടെയെത്താൻ
മറ്റൊരാളുടെ സഹായം ഉപകരിക്കില്ല .സ്വന്തം മാർഗങ്ങളുടെ യാതനയും അറിവുമാണ്
അതിന് സഹായിക്കുന്നത്. ഉപഗുപ്തന് പറ്റിയ അബദ്ധം അയാൾ വാസവദത്തയുടെ
അന്ത്യനിമിഷത്തിലാണ് അറിയുന്നത്.
'കരുണ' അപൂർണമാണ്
വേദനിച്ചു കരയുന്ന വാസവദത്തയോട് 'ഇല്ല ,ഞാൻ താമസിച്ചുപോയില്ലെടോ സരള ശീലേ -
യല്ലൽ നീയിന്നെന്നെച്ചൊല്ലിയാർന്നിടാ യ്ക്കെടോ
ശോഭനകാലങ്ങളിൽ നീ ഗമ്യമായില്ലെനിക്ക് നിൻ
സൗഭഗത്തിൻ മോഹമാർന്ന സുഹൃത്തല്ല ഞാൻ."
ജീവിതത്തിൻ്റെ
ഏറ്റവും വലിയ ദുരിതമനുഭവിക്കുന്ന ഒരു സ്ത്രീയോട് ഉപഗുപ്തൻ പറയുകയാണ്
'താമസിച്ചുപോയില്ലെടോ' എന്ന്! എത്ര ദയാരഹിതമാണിത് !സരളശീലേ എന്ന്
വിളിക്കാനുള്ള യന്ത്രമനസ്സ് എവിടെ നിന്നു വരുന്നു? "നിൻ സൗഭഗത്തിൽ
മോഹമാർന്ന സുഹൃത്തല്ല " എന്ന് പറയുന്നതിലൂടെ അയാൾ ഒരിക്കൽക്കൂടി തൻ്റെ
അല്പത്തം വിളമ്പുന്നു. സൗഭഗത്തിൽ മോഹിച്ചു എന്ന് വാസവദത്ത എപ്പോഴെങ്കിലും
പറഞ്ഞിട്ടുണ്ടോ? അയാൾ തെറ്റായി വ്യാഖ്യാനിക്കുകയാണ്. അയാൾ
മനുഷ്യമഹത്വത്തിന്റെ പ്രതീകമായ സ്നേഹത്തിൽ വിശ്വസിക്കുന്നില്ല.
വാസവദത്തയെ
ചിതയിൽ വച്ചപ്പോൾ അയാൾ എന്തിന് കരഞ്ഞു ?ആ ചോദ്യത്തിനുത്തരം ആശാൻ്റെ
പക്കലുണ്ടായിരുന്നു. എന്നാൽ 'കരുണ' എഴുതി പൂർത്തിയാക്കിയ കാവ്യമല്ല
എന്നോർക്കണം .അത് അപൂർണമാണ്. ആശാൻ്റെ രചനാരീതി നോക്കിയാൽ അറിയാം, എഴുതിയ
കവിതയിൽ വീണ്ടും വീണ്ടും മാറ്റങ്ങൾ വരുത്താറുണ്ട്. ആശാൻ ബോട്ടപകടത്തിൽ
മരിക്കുമ്പോൾ 'കരുണ'യുടെ കൈയെഴുത്ത് പ്രതി പെട്ടിയിൽ ഉണ്ടായിരുന്നു. അത്
യാത്രയ്ക്കിടയിൽ സമയം കിട്ടുന്ന മുറയ്ക്ക് തിരുത്തുക എന്ന ഉദ്ദേശത്തോടെയാണ്
കൂടെ കൊണ്ടുനടന്നതെന്ന് വ്യക്തം .മൂന്ന് ദിവസത്തെ യാത്രയാണ് ആശാൻ
ഉദ്ദേശിച്ചിരുന്നത്. രാത്രിയിൽ സമയം കിട്ടുമ്പോൾ കവിത തിരുത്തും.
സുഹൃത്തുക്കൾ ഉണ്ടെങ്കിൽ കവിത വായിച്ച് ചർച്ച ചെയ്യാറുണ്ട്.
ബോട്ടപകടത്തിൻ്റെ തലേന്നും ആശാൻ ബോട്ടിൽ വച്ച് 'കരുണ' വായിച്ച് ചർച്ച
ചെയ്തിരുന്നു. അത് കഴിഞ്ഞാണ് ഉറങ്ങാൻ പോയത് .'കരുണ'യുടെ ബാക്കിഭാഗം ആശാൻ്റെ
മനസിലുണ്ടായിരുന്നു.
വാസവദത്തയെ ചിതയിൽ
വച്ചപ്പോൾ ,യാതൊരു മാനുഷിക വികാരത്തിനും വശപ്പെടാത്ത ഉപഗുപ്തൻ എന്തിനു
കരഞ്ഞു ?അത് ആശാൻ വിശദീകരിക്കാനായി മാറ്റി വച്ചതാകാനാണ് സാധ്യത. അയാളുടെ
ജീവിതം ആദർശത്തിൻ്റെ പൊങ്ങുതടിയിലാണുള്ളതെന്നും അതൊരിക്കലും യഥാർത്ഥ
ജീവിതത്തെ അനുകമ്പയോടെ കണ്ടിട്ടില്ലെന്നും സ്ഥാപിക്കാനാണ് ആശാൻ കരുണ
എഴുതിയത്. ആ കണ്ണുനീർ അയാളുടെ തത്ത്വശാസ്ത്രത്തിന്റെയും ആദർശത്തിന്റെയും
പരാജയമാണെന്ന് വ്യക്തമായി തന്നെ ആശാന് പറയാനാകുമായിരുന്നു.
ആശാൻ
എസ്റ്റാബ്ലിഷ്മെൻ്റിന് വേണ്ടി കവിതയെഴുതിയിട്ടില്ല .നിലവിലുള്ള ധാരണയെ
,വ്യവസ്ഥയെ തിരുത്തുകയായിരുന്നു ലക്ഷ്യം .കരുണ എഴുതാൻ ബുദ്ധകഥയെ
ഉപജീവിച്ചിട്ടുണ്ട്.പോൾ കാരൂസി (Paul Carus)ൻ്റെ The Gospel of Buddha യിലെ
ഒരു കഥയാണിത് .ആ കഥ ഒരു മാറ്റവും വരുത്താതെ പദ്യത്തിലാക്കിയാൽ ആശാനിലെ
കലാപകാരിക്ക് എവിടെയാണ് ഇടം കിട്ടുക ?ഈ ബുദ്ധകഥയെ തൻ്റെ
പരിവർത്തനശക്തികൊണ്ട് പുതിയൊരു ചിന്താവിപ്ളവത്തിലേക്ക് നയിക്കുകയായിരുന്നു
ലക്ഷ്യം .വിവേകത്തോടെ 'കരുണ' വായിക്കണം. പ്രത്യക്ഷത്തിൽ കാണുന്ന കഥയല്ല
ശ്രദ്ധിക്കേണ്ടത്. അതിനപ്പുറം വായിക്കണം. എങ്ങനെയാണ് സന്യാസത്തിൻ്റെയും
സദാചാരത്തിൻ്റെയും മിനുസപ്പെടുത്തിയ പൊതുധാരണകൾ മനുഷ്യജീവിതത്തെ
ചതിക്കുന്നതെന്ന് പറഞ്ഞു തരുന്ന ഉഗ്രമായ കവിതയാണിത്. ലോകസാഹിത്യത്തിൽ തന്നെ
മികച്ച ഒരു രചനയാണിത്.
No comments:
Post a Comment