Followers

Saturday, February 15, 2025

അക്ഷരജാലകവും വാക്കുകളുടെ ശില്പശാലയും / സണ്ണി തായങ്കരി



 

 എം.കെ. ഹരികുമാർ എഴുതിയ അക്ഷരജാലകം ഇരുപത്തിയെട്ടാം വർഷത്തിലേക്ക് കടന്നിരിക്കുന്നു. ഇന്ത്യയിൽ തന്നെ അതുല്യമായ അക്ഷരജാലകത്തെക്കുറിച്ച്

സാഹിത്യവിമര്‍ശനം എന്നത് ഏത് കാലത്തും ഏത് ദേശത്തും ഒരുപറ്റം ഭാഷാസ്‌നേഹികളെ ഹരം കൊള്ളിക്കുകയും മറ്റൊരു കൂട്ടരുടെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തുകയും അവരെ നിരാശരാക്കുകയും ചെയ്യുന്ന ഒരു സാഹിത്യശാഖയാണ്. അപാരമായ ഉള്‍ക്കാഴ്ച ഉണ്ടാകേണ്ട ഒരു കല. എല്ലാ പുരോഗമന ഭാഷകളിലും കണ്ടുവരുന്ന സാര്‍വലൗകികമായ ഒരു പ്രതിഭാസമാണ് ഈ ഹരംകൊള്ളലും എതിര്‍പ്പും. 
    മനുഷ്യന്റെ ഉല്‍പത്തിക്കുശേഷം, സഹജീവികളുമായി ആശയവിനിമയം നടത്താന്‍ ഒരു മാധ്യമം ആവശ്യമാണെന്ന് ബോധ്യമായപ്പോള്‍ അവന്‍ ഭാഷ കണ്ടുപിടിച്ചു. ഭൂമിയില്‍ മനുഷ്യന്‍ കണ്ടുപിടിച്ചതും മനുഷ്യരാശി ആദ്യം ഉപയോഗിച്ചുതുടങ്ങിയതുമായ ഭാഷ പ്രോട്ടോ-സാപ്പിയന്‍സ് ഭാഷ(protosapiens language)ആണെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു, അതൊരു പ്രാകൃത ഭാഷയാണെങ്കില്‍ക്കൂടി. ബൈബി ളിലെ പഴയ നിയമത്തിന്റെ ഉല്പത്തി പുസ്തകത്തില്‍ മനുഷ്യന്‍ പല ഭാഷകള്‍ കണ്ടുപിടിച്ചതായും മനുഷ്യരാശിയുടെ ഉന്നമനത്തിനായി അവരെ യഹോവ ചിതറിക്കുകമൂലം അനേകം ഭാഷകള്‍ രൂപപ്പെട്ട തായും പറയുന്നുണ്ട്.
    ഹോമോസാപ്പിയന്‍സിന്റെ കാലം മുതല്‍ കണ്ടുപിടിക്കപ്പെട്ട ഭാഷകള്‍ വികസിച്ച് പരിണാമം പ്രാപിച്ചാ ണ് ഇന്നത്തെ ആധുനിക ഭാഷകള്‍ രൂപപ്പെട്ടത് എന്നതില്‍ തര്‍ക്കമില്ല. മനുഷ്യജീവിതത്തിന്റെ സര്‍വ മേഖലകളിലും ജീവശ്വാസത്തെപ്പോലെ പരമപ്രധാനമാണ് ഭാഷ. അതുകൊണ്ട് തങ്ങളുടെ ഭാഷയെ അവര്‍ പരിപാലിക്കുന്നു, പരിപോഷിപ്പിക്കുന്നു, ഉപയുക്തമാക്കുന്നു. ഭാഷയില്ലാത്ത, പരസ്പരം വിനിമയം ചെയ്യാനാവാത്ത ഒരു അവസ്ഥയെപ്പറ്റി ആധുനിക മനുഷ്യന് ചിന്തിക്കാനാവില്ല. 
    ഭാഷയെയും അതിന്റെ സൗന്ദര്യദര്‍ശനമായ സാഹിത്യത്തെയും സംശുദ്ധീകരിക്കുകയും വളര്‍ത്തുക യുമാണ് എല്ലാക്കാലത്തും സാഹിത്യവിമര്‍ശനത്തിന്റെ കാതലായ ലക്ഷ്യം. അതുകൊണ്ടാണ് ഭാഷാ പണ്ഡിതര്‍ ഏത് ഭാഷയിലും സാഹിത്യവിമര്‍ശനത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നത്. 
    ബി.സി. നാലാം നൂറ്റാണ്ടില്‍ അരിസ്റ്റോട്ടിലാണ്(Aristotle) ലോകസാഹിത്യത്തില്‍ സാഹിത്യവിമര്‍ശനം എന്ന സാഹിത്യശാഖ തുടങ്ങിവച്ചത്.
    ആധുനിക ഇംഗ്ലീഷ് സാഹിത്യത്തിന്റെ വിമര്‍ശകന്‍ എന്നറിയപ്പെടുന്ന മാത്യു അര്‍നോല്‍ഡ്(Matthew Arnold) (1822-1888) ഒരേ സമയം കവിയും വിമര്‍ശകനുമായിരുന്നു. വിമര്‍ശകരുടെ വിമര്‍ശകന്‍ (Critic's Critic) എന്ന് അദ്ദേഹം അറിയപ്പെട്ടു. വേഡ്‌സ്‌വര്‍ത്ത്(Wordsworth), ബൈറോണ്‍(Byroon), ഷെല്ലി(Shelly) കീറ്റ്‌സ്(Keats) എന്നീ വിഖ്യാത കവികളുടെ കവിതകളെ നിശ്ശങ്കം കീറിമുറിച്ച് വിമര്‍ശിക്കാന്‍ അദ്ദേഹം മടിച്ചിരുന്നില്ല. 
    ടി. എസ്. എലിയറ്റി(T.S.Eliot) നെപ്പോലെയുള്ള ഇംഗ്ലീഷ് സാഹിത്യത്തിലെ മഹാരഥന്മാര്‍ അര്‍നോള്‍ ഡിന്റെ നിശിതമായ വിമര്‍ശന സമീപനത്തെ അങ്ങേയറ്റം ശ്ലാഘിച്ചിരുന്നു. ഏതൊരു കൃതിയും സൃഷ്ടി പരമായ വിമര്‍ശനത്തിലൂടെ പുതിയ ആകാശം നേടുമെന്നാണ് എലിയറ്റ് അവകാശപ്പെട്ടത്. മുട്ടത്തോട് വിരിഞ്ഞ് പുറത്തുവന്ന പക്ഷിക്കുഞ്ഞിനെ ചിറകിന്‍ കീഴില്‍ സൂക്ഷിച്ച് പരിപാലിക്കുന്നതുപോലെയാണ് ഓരോ വിമര്‍ശകനും ഭാഷയെയും സാഹിത്യത്തെയും വിശാലമായ നീലാകാശത്തിലെ ശുക്രനക്ഷത്രം പോലെ പ്രതിഷ്ഠിക്കേണ്ടത്.
   മലയാളത്തിന്റെ ആദ്യ സാഹിത്യവിമര്‍ശകന്‍ എന്നറിയപ്പെടുന്ന സാഹിത്യപഞ്ചാനന്‍ പി.കെ.നാരായണ പിള്ള(1878-1938) വിമര്‍ശകന്‍ എന്നതിലുപരി കവി, ഗദ്യകാരന്‍, വാഗ്മി, വൈയാകരണന്‍,ഭാഷാഗവേഷകന്‍, സാമുദായിക പരിഷ്‌കര്‍ത്താവ് എന്നീ മേഖലകളിലും തിളങ്ങിയിരുന്നു. സാഹിത്യത്തിന്റെ അഞ്ചു ശാഖക ളിലുമുള്ള അഗാധമായ അവഗാഹംമൂലമാണ് അദ്ദേഹത്തിന് 'സഹിത്യപഞ്ചാനന്‍' എന്ന ഖ്യാതി ലഭിച്ചത്. 
    സാഹിത്യപഞ്ചാനലില്‍ തുടങ്ങി മലയാളഭാഷാ നിരൂപകരുടെ ഒരു നീണ്ടനിരതന്നെ നമുക്ക് കാണാ നാവും. നമ്മുടെ കാലത്ത്, വായനയുടെ പുഷ്‌കലകാലത്ത് ജീവിച്ച പി.കെ ബാലകൃഷ്ണന്‍, സുകുമാര്‍ അഴീക്കോട്, എം.കൃഷ്ണന്‍ നായര്‍, കെ.പി. അപ്പന്‍ തുടങ്ങിയ പ്രശസ്തരുടെ പരമ്പരയില്‍ ഇന്ന് സജീവ മായും ക്രിയാത്മകമായും സാഹിത്യനിരൂപണരംഗത്ത് നിലയുറപ്പിച്ചിരിക്കുന്ന നിരൂപകനാണ് എം.കെ. ഹരികുമാര്‍.
  കാല്‍ നൂറ്റാണ്ടിലേറെക്കാലം - കൃത്യമായി പറഞ്ഞാല്‍ 28 വര്‍ഷങ്ങള്‍ - അഭംഗുരമായി മലയാള സാഹിത്യവിമര്‍ശനകലയെ നിശ്ചയദാര്‍ഢ്യത്തിന്റെ മികവോടെ വായനക്കാരുടെയും എഴുത്തുകാരുടെയും ശ്രദ്ധയാകര്‍ഷിച്ച് തുടര്‍ന്നുവരുന്ന സാഹിത്യവിമര്‍ശന പംക്തിയാണ് എം.കെ.ഹരികുമാറിന്റെ  'അക്ഷരജാലകം'(Window of Letters). ദീര്‍ഘകാലം ഈ പംക്തി കലാകൗമുദിയിലാണ് ആഴ്ചതോറും പ്രസിദ്ധീകരിച്ചത്. പിന്നീട് മറ്റ് ആനുകാലികങ്ങളിലൂടെ അത് വായനക്കാരിലെത്തി. ഇപ്പോള്‍ ഈ കോളം മെട്രോ വാര്‍ത്തയിലാണ് പ്രസിദ്ധീകരിച്ചുവരുന്നത്. 
    ലോകസാഹിത്യത്തിലെയും മലയാള സാഹിത്യത്തിലെയും സമകാലിക എഴുത്തുകാരെയും കൃതികളെയും പരിചപ്പെടുത്തുകയും അവയെ വസ്തുനിഷ്ടമായി വിലയിരുത്തുകയും സമകാലിക ലോകസാഹിത്യത്തില്‍ വരുന്ന മാറ്റങ്ങളെ മലയാളി വായനക്കാരന് ആഴ്ചതോറും പരിചയപ്പെടുത്തുകയും ചെയ്യുന്നു. മലയാളിയുടെ സാംസ്‌കാരിക ലോകത്തെ ഉദ്ദീപിപ്പിക്കാനും വികസിപ്പിക്കാനും പുതിയ ചിന്താധാരകളും അദ്ദേഹം അതിലൂടെ മുന്നോട്ട് വയ്ക്കാറുണ്ട്. മാറുന്ന കാലത്തിനും എഴുത്തിനും നവഭാവുകത്വം നല്‍കി തന്റെ ചിന്തകളെ കാലികമായി പുനര്‍നിര്‍മിക്കാനും അദ്ദേഹം ശ്രമിക്കുന്നു.     
    കാല്‍നൂറ്റാണ്ടിലേറെക്കാലം ഇടവേളകളില്ലാതെ ഈ വിശകലനങ്ങളും ചിന്തകളും കാലത്തിന്റെ ചുവരുകളില്‍ രേഖപ്പെടുന്നു എന്നത് വായനയുടെ വസന്തകാലമെന്ന് ആരും വിശേഷിപ്പിക്കാന്‍ സാധ്യത യില്ലാത്ത സമകാലിക വായനാലോകത്ത് ഒരു അത്ഭുതംതന്നെയാണ്. അക്കാരണത്താല്‍ അത് ചരിത്രത്തിന്റെ ഭാഗവുമാണ്. ഒരേ പേരില്‍ ഇതിലേറെക്കാലം ഏതെങ്കിലും സാഹിത്യനിരൂപണ പംക്തി മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടാവാം. എന്നാല്‍ തുടര്‍ച്ചയായി ഇത്തരം ഒരു സാഹിത്യവിമര്‍ശനപംക്തി മലയാളത്തില്‍ ആദ്യമാകും, ഒരു പക്ഷേ, ഇന്‍ഡ്യന്‍ സാഹിത്യത്തില്‍തന്നെയും. രണ്ടു വോള്യങ്ങളിലായി ഈ ബൃഹത് കൃതി ഇപ്പോള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞകാല മലയാളസാഹിത്യരചനകളുടെ ഒരു റഫറന്‍സ് ഗ്രന്ഥമായി ഇത് ഉപയോഗിക്കാവുന്നതാണ് എന്ന് പറയപ്പെടുന്നു. കൊല്ലം സുജിലി പബ്ലിഷേര്‍സാണ് പ്രസാധകര്‍.
   2020 മുതല്‍ പച്ചമലയാളത്തില്‍ മാസംതോറും പ്രസിദ്ധീകരിച്ചുവരുന്ന 'അനുധാവനം' എന്ന സാഹിത്യ പംക്തി കൂടാതെ  മറ്റ് ഏതാനും മാസികകളിലും അദ്ദേഹം കോളങ്ങള്‍ എഴുതിവരുന്നു. സാഹിത്യത്തോടും കലയോടും സംസ്‌കാരത്തോടുമുള്ള ഒരുവന്റെ ആത്മാവില്‍ പടര്‍ന്ന അദമ്യമായ സമര്‍പ്പണമാണ് അത് എന്നതില്‍ സംശയമില്ല.                                                                                                                                                                                                                         'അനുധാവനം' എന്ന കോളം അതേ പേരില്‍ പുസ്തകരൂപത്തില്‍ ഉടന്‍ പുറത്തിറങ്ങും.
     മുഖ്യധാര-സമാന്തരം എന്ന വ്യത്യാസമില്ലാതെ മലയാളത്തിലെ ലഭ്യമാകുന്ന മിക്ക ആനുകാലികങ്ങളിലും വരുന്ന രചനകളെയും പുതിയതായി ഇറങ്ങുന്ന പുസ്തകങ്ങളെയും മുഖം നോക്കാതെ അദ്ദേഹം വിശകലനം ചെയ്യാറുണ്ട്. എം.കൃഷ്ണന്‍ നായര്‍ തന്റെ മുമ്പില്‍ വരുന്ന ചില സൃഷ്ടികളെ പീറയെന്ന് വിശേഷിപ്പിച്ചിട്ടു ണ്ടല്ലോ. എം.കെ.ഹരികുമാര്‍ അത്തരം പീറകളെ - അതെത്ര വലിയ എഴുത്തുകാരന്റെയായാലും കീറിമുറിച്ചി ട്ടുണ്ട്. മറ്റ് പരികല്പനകള്‍ ഒന്നും കൂടാതെ, അത്തരം പീറകളെ പീറകളെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കെ.പി. അപ്പന്‍ ഒരിക്കല്‍ പറഞ്ഞു, 'നിശിതമായ വിമര്‍ശനം സാഹിത്യവിമര്‍ശകനായ കെ.പി.അപ്പന്റെ ഒരു രീതിയാണ്. അയാളുടെ പ്രകൃതിയാണ്. നിര്‍ഭാഗ്യവശാല്‍ ഞാന്‍ കെ.പി.അപ്പനായിപ്പോയി. അതുകൊണ്ട് ഞാന്‍ അങ്ങനെ ചെയ്യുന്നു'എന്ന്. ഒരു വിമര്‍ശകന്റെ ആര്‍ജവവ്യക്തിത്വമാണ് അത് വ്യക്തമാക്കുന്നത്. അതുപോലെ കൃതികളെയാണ്, വ്യക്തികളെയല്ല തന്റെ കോളങ്ങളിലൂടെ എം.കെ.ഹരികുമാര്‍ നിശിതമായ വിമര്‍ശന ത്തിന് വിധേയമാക്കുന്നത്. ഒരിക്കല്‍ മോശമായ സാഹിത്യമെഴുതിയ ആള്‍ പിന്നീട് ഒരു നല്ല സൃഷ്ടി നടത്തിയത് ശ്രദ്ധയില്‍പ്പെട്ടാല്‍ അതിനെ ശ്ലാഘിക്കാനുള്ള ഒരു യഥാര്‍ഥ നിരൂപകന്റെ ആര്‍ജവം അദ്ദേഹം കാണിക്കാറുണ്ട് എന്നത് ആ കോളങ്ങള്‍ ശ്രദ്ധാപൂര്‍വം പിന്‍തുടരുന്നവര്‍ക്ക് ബോധ്യമാകുന്നതാണ്.  
    സാഹിത്യം, സംസ്‌കാരം, ഡിജിറ്റല്‍ ടെക്‌നോളജി, ഉത്തര-ഉത്തരാധുനികത, നാഗരികത, തത്ത്വചിന്ത, കല എന്നീ മേഖലകളിലൊക്കെ അദ്ദേഹം തന്റെ നിലപാടുകള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. നവാദ്വൈതം എന്ന ദര്‍ശനഭാവുകത്വത്തെ അക്ഷരജാലകത്തിലൂടെ അവതരിപ്പിച്ചു. ഉത്തര-ഉത്തരാധുനികതെക്കുറിച്ച് കോളമെഴുതിയതും ഹരികുമാറാണ്.
   ആഴ്ചതോറും പ്രസിദ്ധീകരിക്കുന്ന അക്ഷരജാലകത്തിലൂടെ പുതിയ ഭാവുകത്വചിന്തകള്‍ അദ്ദേഹം വായനക്കാരന് നല്‍കുന്നു. ഉദാഹരണമായി കഴിഞ്ഞ ദിവസം അദ്ദേഹം നല്‍കിയ ഒരു ചിന്ത ഇതാണ്.
   ''തസ്രാക്കിലെ ഒരു കരിമ്പനയോ ഇടവഴിയോ പെട്ടിക്കടയോ പാറക്കെട്ടുകളോ ചൂണ്ടിക്കാണിച്ചിട്ട് ഇത് 'ഖസാക്കിന്റെ ഇതിഹാസ'ത്തില്‍ സൂചിപ്പിച്ചിട്ടുള്ളതാണെന്ന് പറയുന്നത് അസംബന്ധമാണ്. നോവലിസ്റ്റ് സ്വപ്‌നത്തിലെന്നപോലെ പ്രകൃതിയെ കാണുകയായിരുന്നു. എല്ലാം അദ്ദേഹത്തിന്റെ മനസ്സിലായിരുന്നു. പുറം ലോകത്ത് കണ്ടതെല്ലാം അദ്ദേഹം ആന്തരികമായ ആവശ്യത്തിനായി മറ്റൊരു തരത്തില്‍ സംവേദനം ചെയ്തു. ഇതാണ് ഉന്നതമായ കലയില്‍ എപ്പോഴും സംഭവിക്കുന്നത്. ഒരു കാന്‍വാസിലെ പശു യഥാര്‍ഥ പശുവല്ല; ഒരു പശുവും ഒറിജിനലല്ല. അത് ഓരോരുത്തരും കാണുന്നതിനനുസരിച്ചാണ് ഒരാശയം ഉണ്ടാകുന്നത്.'' 
     സര്‍ഗ-സര്‍ഗാതേര(fiction & nonfiction) മേഖലകളിലായി 35 കൃതികള്‍ ഹരികുമാര്‍ രചിച്ചിട്ടുണ്ട്. ജലഛായ, ശ്രീനാരായണ:, വാന്‍ഗോഗിന് എന്നിവയാണ് അദ്ദേഹം രചിച്ച നോവലുകള്‍. കേരള സാഹിത്യ അക്കാഡ മിയുടെ വിലാസിനി പുരസ്‌കാരം, അങ്കണം അവാര്‍ഡ്, ദുബായ് എക്‌സലന്‍സ് അവാര്‍ഡ്, ലണ്ടന്‍ ബൂലോകം അവാര്‍ഡ്, മുംബൈ രാഗസുധ അവാര്‍ഡ്, പൂനെ പ്രവാസി ശബ്ദം അവാര്‍ഡ്, കേരള സാഹിത്യ അക്കാഡമി സ്‌കോളര്‍ഷിപ്പ് അവാര്‍ഡ്, ഒരുമ അവാര്‍ഡ്, ഡോ. എം. ലീലാവതി ഏര്‍പ്പെടുത്തിയ സി .പി. മേനോന്‍ അവാര്‍ഡ്, മലയാളത്തിലെ ഏറ്റവും മികച്ച കോളമിസ്റ്റിനുള്ള എക്‌സ്പ്രസ് ഹെറാല്‍ഡ് അവാര്‍ഡ്(അമേരിക്ക) സ്വാതി അവാര്‍ഡ്, സമകാലിക കേരളം സാഹിത്യപുരസ്‌കാരം, തൃശ്ശൂര്‍ സഹൃദയവേദി അവാര്‍ഡ് എന്നിവ പുരസ്‌കാരങ്ങള്‍. 
   എഴുത്തിന്റെ നാല്പത്തിരണ്ട് സംവത്സരങ്ങള്‍ പിന്നിടുന്ന ഈ എഴുത്തുകാരനെ മുഖ്യധാരയെന്ന് സ്വയം വിശേഷിപ്പിക്കുന്ന മാധ്യമങ്ങള്‍(ഈ അവകാശവാദത്തെ പൊതുസമൂഹവും ഏതാണ്ട് അംഗീകരിച്ചിരിക്കുന്നു) എന്നും അകറ്റിനിര്‍ത്താനാണ് ശ്രമിച്ചിട്ടുള്ളത്. 
     മേല്‍ത്തട്ട് മാധ്യമ-പ്രസാധക വൈതാളികര്‍ തേനും വയമ്പും നാവില്‍തൊട്ട് അനുഗ്രഹിച്ചവര്‍ക്കുമാത്രമേ അവരുടെ അകത്തളങ്ങളില്‍ പ്രവേശനമുള്ളു. ഇരുകൂട്ടരും പരസ്പരപൂരകമായി പ്രവര്‍ത്തിക്കുന്നു. അവര്‍ കണ്ടെത്തുന്ന - നിര്‍ദേശിക്കുന്ന ട്രെന്‍ഡുകള്‍ക്കനുസൃതമായി എഴുത്തുകാര്‍ എഴുതുന്നു, പ്രസിദ്ധീകരിക്കുന്നു. ഇരുകൂട്ടര്‍ക്കും പണം കിട്ടുന്നു. ഇത് ഒരു കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയയാണ്. നിര്‍ഭാഗ്യവശാല്‍,  സാഹിത്യ ലോകം ആരെയൊക്കെ വാഴ്ത്തണമെന്നും വീഴ്ത്തണമെന്നും തമസ്‌ക്കരിക്കണമെന്നും അവരാണ് തീരുമാനിക്കുക. 
     ഇന്ന് നഗരങ്ങള്‍തോറും ലക്ഷങ്ങളും കോടികളും മുടക്കി ആര്‍ഭാടമായി കൊണ്ടാടുകയാണല്ലോ 'ലിറ്ററേച്ചര്‍ ഫെസ്റ്റ്' എന്ന മേല്‍ത്തട്ട് സാഹിത്യഉത്സവങ്ങള്‍. സാഹിത്യത്തെ പുഷ്ടിപ്പെടുത്താനെന്ന വ്യാജസന്ദേശം പരസ്യങ്ങളിലൂടെ നല്‍കി ഒരു പൊതുബോധം സൃഷ്ടിക്കുമെങ്കിലും ഇത്തരം കോര്‍പ്പറേറ്റ് മാമങ്കങ്ങള്‍ക്ക് ഒന്നേയുള്ളു ലക്ഷ്യം, കച്ചവടം. സര്‍ക്കാര്‍ സ്‌ഫോന്‍സേര്‍ഡ് മേളകളായാലും നേട്ടം കോര്‍പ്പറേറ്റ് പ്രസാധ കര്‍ക്കും അവര്‍ പരിപാലിക്കുന്ന എഴുത്തുകാര്‍ക്കുംമാത്രം. പൊതുസമൂഹത്തില്‍ ചില ഓളങ്ങള്‍ സൃഷ്ടിക്കു മെന്നല്ലാതെ ഇത്തരം സാഹിത്യമാമാങ്കങ്ങള്‍കൊണ്ട് മലയാള സാഹിത്യത്തിനും ബഹുഭൂരിപക്ഷം വരുന്ന തമസ്‌കരിക്കപ്പെട്ട എഴുത്തുകാര്‍ക്കും ഒരു നേട്ടവുമില്ല. തങ്ങളെ വാഴ്ത്തുന്നവരെ അവരും വാഴ്ത്തും, വിമര്‍ശിക്കുന്നവരെ തമസ്‌ക്കരിക്കും. അതുവഴി സാഹിത്യം വളരുകയല്ല, തളരുകയാണെന്ന സത്യത്തിനുമേല്‍ ബന്ധപ്പെട്ടവര്‍ കരിമ്പടമിട്ട് മൂടിയിരിക്കുകയാണ്. 
   സര്‍ഗീയതയോടുള്ള പ്രതിജ്ഞാബദ്ധതമൂലം ഹരികുമാര്‍ തന്റെ സര്‍ഗസപര്യയ്ക്ക് സ്വന്തമായ ഭൂമിക കണ്ടെത്തി, തന്റെ പന്ഥാവ് സ്വയം തെളിച്ചെടുത്തു. അതിനുള്ള തെളിവാണ് ഇന്ന് മലയാള സാഹിത്യനിരൂപണ രംഗത്ത് അദ്ദേഹത്തിനുള്ള സ്ഥാനം. വാഴ്ത്തുപാട്ടുകാരുടെയും കൊടുക്കല്‍വാങ്ങല്‍ സംഘങ്ങളുടെയും പരിലാളനമില്ലാതെ ഒറ്റയാനായി അയാള്‍ മുന്നേറി. നേരത്തെ പറഞ്ഞ മുഖ്യധാരക്കാരുടെ ആശീര്‍വാദമുള്ള 'പ്രശസ്തര്‍' നോക്കിനില്‍ക്കെ, അയാള്‍ തന്റേതായ ഇടം പിടിച്ചെടുത്തു.
    സര്‍ഗമേഖലയാണ് പൊതുവായി മിക്ക നിരൂപകരുടെയും ആദ്യ കളരി. അവിടെ പരാജയപ്പെടുന്ന പലരും (അല്ലാത്തവരും ചുരുക്കമായി ഉണ്ട് എന്നത് വിസ്മരിക്കുന്നില്ല) തങ്ങളുടെ ഭൂമിക മാറ്റിപ്പണിയും. എന്നാല്‍ ഹരികുമാര്‍ നിരൂപകവേഷംകെട്ടി സാഹിത്യലോകം ശ്രദ്ധിച്ചതിനുശേഷമാണ് സര്‍ഗസൃഷ്ടികളിലേക്ക് കടന്നത്. ജേര്‍ണലിസ്റ്റ്, നിരൂപകന്‍, കോളമിസ്റ്റ്, കവി, നോവലിസ്റ്റ് തുടങ്ങിയ സാഹിത്യത്തിന്റെ മിക്ക ഇടങ്ങളിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചു. 
    ആദ്യ കൃതി 'ആത്മായനങ്ങളുടെ ഖസാക്'. മലയാളത്തിന്റെ അഭിമാനമായ പ്രശസ്ത ദാര്‍ശിനിക നോവലിസ്റ്റ് ഒ.വി.വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം' എന്ന നോവലിനെപ്പറ്റിയുള്ള പഠനം ഇന്നും അനേക ങ്ങളെ ആകര്‍ഷിക്കുന്നതും പുനര്‍വായന അര്‍ഹിക്കുന്നതുമായ നിരൂപണഗ്രന്ഥമാണ്. ഈ കൃതിയുടെ പേരില്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി എല്ലാ വര്‍ഷവും 'ആത്മായനങ്ങളുടെ ഖസാക് അവാര്‍ഡ്' മലയാളത്തിലെ മികച്ച കൃതികള്‍ക്ക് നല്‍കിവരുന്നു. ഒരു പക്ഷേ, ഒരു കൃതിയുടെ പേരില്‍ മലയാളത്തില്‍ തുടര്‍ച്ചയായി നല്‍കി വരുന്ന പുരസ്‌കാരം ഇതുമാത്രമായിരിക്കും എന്നത് ഇതിനെ കൂടുതല്‍ മൂല്യവത്താക്കുന്നു.
     മാസങ്ങള്‍ക്കുമുമ്പ് ഒരു സാഹിത്യസമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍, നമ്മുടെ സാഹിത്യം ചില നിക്ഷിപ്ത താത്പര്യക്കാരും സമ്പന്നരായ ഒരു ന്യൂനപക്ഷവും കൈയടക്കുന്നതിനെപ്പറ്റിയും പ്രതിഭാശാലി കളായ നല്ലൊരുപറ്റം എഴുത്തുകാര്‍ മാറ്റിനിര്‍ത്തപ്പെടുന്നതിനെപ്പറ്റിയും പലപ്പോഴും എഴുതുകയും പ്രസംഗി ക്കുകയും ചെയ്തിട്ടുള്ള ഞാന്‍ അദ്ദേഹത്തോട് തമാശയായി ചോദിച്ചു: 
   ''നാലു പതിറ്റാണ്ടിലേറെക്കാലമായി എഴുത്തിനെ ഹൃത്തിലേറ്റിയ താങ്കള്‍ക്ക് എന്തു ലഭിച്ചു?''
   അദ്ദേഹം നല്‍കിയ മറുപടി ഇതാണ്.
    ''അക്ഷരജാലകമാണ് എനിക്ക് കൂടുതല്‍ വായനക്കാരെ നേടിത്തന്നത്. വായനക്കാര്‍ എന്നെ പിന്‍തുടരുന്നു എന്ന അനുഭവമായിരുന്നു അത്. ചിലര്‍ എന്നെ ഫോണില്‍ വിളിച്ച് സമകാലിക തത്ത്വചിന്തയെക്കുറിച്ചും വിദേശഭാഷയിലുള്ള പുസ്തകങ്ങളെക്കുറിച്ചും എഴുതണമെന്ന് ആവശ്യപ്പെട്ടു. ഒരു ബിഷപ്പുമായി ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്, അക്ഷരജാലകത്തില്‍ എഴുതുന്ന ചില ആശയങ്ങള്‍ ഡെയറിയില്‍ എഴുതി സൂക്ഷിക്കുന്നുവെന്നാണ്. പിന്നീട് ഒരിക്കല്‍ അദ്ദേഹത്തെ കണ്ടപ്പോള്‍ ആ ഡെയറി എന്നെ കാണിച്ചു. ഒരു വായനക്കാരന്‍ ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് എന്റെ രചനകളെപ്പറ്റി ഒരു കുറിപ്പെഴുതി ഫേസ് ബുക്കില്‍ പോസ്റ്റുചെയ്തു. അതില്‍ അദ്ദേഹം എഴുതിയിരിക്കുന്നത് അക്ഷരജാലകത്തിലെ ചില വാക്യങ്ങള്‍ ഉദ്ധരണികളായി എഴുതിവെച്ചിട്ടുണ്ടെന്നാണ്. അക്ഷരജാലകവും എന്റെ മറ്റ് കോളങ്ങളും  ധാരാളം പേര്‍ ചീന്തിയെടുത്ത് ബയന്ററ് ചെയ്ത് സൂക്ഷിക്കുന്നവരാണ്. ഒരിക്കല്‍ ബാംഗ്ലൂരില്‍ ഒരു യോഗത്തിന് ചെന്നപ്പോള്‍ ഒരു വായനക്കാരന്‍ തന്റെ ബയന്റിങ്ങുമായി വന്നത് ഓര്‍ക്കുന്നു. സംവിധായകന്‍ കെ.എസ്. സേതുമാധവന്‍ സാര്‍ ഈ കോളം പുസ്തകമാക്കണമെന്നും അത് ഭാവിതലമുറയ്ക്ക് ഉപകരിക്കുമെന്നും പ്രസാധകന്‍ മാസികയില്‍ കത്തെഴുതിയത് മറ്റൊരു സംഭവമാണ്. ഒരു സീരിയസ് എഴുത്തുകാരന് ഇതുപോരെ? ഞാന്‍ കലയ്ക്കും തത്ത്വചിന്തയ്ക്കുമാണ് പ്രാധാന്യം കൊടുക്കാറുള്ളത്. ഒരു സൗന്ദര്യാത്മക ഭാഷ എന്നാല്‍ സ്വാഭാവികമായി സൃഷ്ടിക്കപ്പെടുന്നതാണ്. അതിനായി ഞാന്‍ പ്രത്യേകിച്ചൊന്നും ചെയ്യാറില്ല. ചിന്തയും സ്വഭാവവുമാണ് ഭാഷ സൃഷ്ടിക്കുന്നത്''.
       ഉത്തര-ഉത്തരാധുനികതയും കടന്ന് സത്യാനന്തര(ുീേെൃtuവേ) കാലത്തിലേക്ക് കടക്കുമ്പോഴാണ് അതിന്റെ പ്രസക്തിയെപ്പറ്റിയും ദൂരവ്യാപകമായ ഫലങ്ങളെപ്പറ്റിയും ചിന്തിക്കേണ്ടത്. സത്യാനന്തരമെന്നാല്‍ സത്യത്തിന് ശേഷമെന്ന്. ചുരുക്കത്തില്‍ നാം എത്തിനില്‍ക്കുന്നത് സത്യം മരിച്ചുവീണ കാലത്താണ്. കുഴിച്ചുമൂടപ്പെട്ട അതിന്റെ മേല്‍മണ്ണില്‍ ചവിട്ടിയാണ് നാം മുന്നേറേണ്ടത്. അതിന്റെ വ്യംഗ്യാര്‍ഥം ഇതാണ്. വ്യക്തിപരമായ അഭിപ്രായങ്ങള്‍ക്കും വികാരങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കും വസ്തുതകളേക്കാള്‍ പ്രാധാന്യം നല്‍കി, ഭൂരിപക്ഷത്തെ സ്വകീയമാക്കി പൊതുഅഭിപ്രായം രൂപീകരിക്കുക എന്ന പ്രതിലോമകരമായ അവസ്ഥ സൃഷ്ടിക്കുക. 
    സത്യാനന്തരം, തങ്ങള്‍ വ്യക്തികളും സമാനചിന്താഗതിയുള്ളവരും കാണാനും കേള്‍ക്കാനും ആഗ്രഹി ക്കുന്ന കാര്യങ്ങള്‍മാത്രം ലഭിക്കുന്ന, അതുവഴി തന്റെ/തങ്ങളുടെ വിശ്വാസങ്ങള്‍ ഊട്ടിഉറപ്പിക്കുന്ന അവസ്ഥ - മുഴക്കത്തുരങ്കം(ഋരവീ ഇവമായലൃ) ആയി സാഹിത്യം പുനര്‍നിര്‍മിക്കുമോ എന്ന ഭീതിയും നിലനില്‍ക്കുന്നുണ്ട്.
അതിനെയാണ് എഴുത്തുകാരും സാഹിത്യവിമര്‍ശകരും അഭിമുഖീകരിക്കേണ്ടത്. അത് ഒരു വെല്ലുവിളിയായി അവര്‍ സ്വീകരിക്കുമോയെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.    
     സാഹിത്യരംഗം മാത്രമല്ല സത്യാനന്തരകാലത്തിലേക്ക് കടന്നിരിക്കുന്നത്. നമ്മുടെ രാഷ്ട്രീയ-സാമൂഹിക- സാംസ്‌കാരിക മേഖലകളെല്ലാം അസത്യനിര്‍മ്മിതിയുടെ, അമാനവികതയുടെ പരിപ്രേക്ഷ്യത്തിലേക്ക് കൂപ്പുകുത്തുകയാണ്. അതിന്റെ ചുവരെഴുത്തുകള്‍ നമ്മെ വിഭ്രമിപ്പിച്ചു തുടങ്ങി. മാനവികതയുടെ പക്ഷത്ത് നിലയുറപ്പിച്ച്, അതിനെതിരായ ഏത് ശക്തിയെയും നിര്‍ഭയം നേരിടേണ്ടത് വരും തലമുറകളുടെ ആവശ്യമാണ്. അതിനായി സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരും വിമര്‍ശകരും തൂലിക ചലിപ്പിക്കുമ്പോള്‍ ഒരു പക്ഷേ, നമുക്ക് കാലത്തെയും അതിന്റെ ചുവരെഴുത്തിനേയും തിരുത്തിക്കുറിക്കാന്‍ കഴിഞ്ഞേക്കും.
       മാനവികതയുടെ പക്ഷംചേരുന്ന ഒരു എഴുത്തുകാരന് മാനവികതയുടെ പ്രണേതാവായ ഒരു ന്യായാധി പന്റെ റോളാണ് വഹിക്കാനുള്ളത് എന്ന സത്യം എങ്ങനെയോ എവിടെയോ നഷ്ടപ്പെട്ടു എന്നത് സാഹിത്യ ത്തിന്റെ സത്യാനന്തരകാലം നേരിടുന്ന വിഹ്വലതയാണ്.   
     ഓരോ സാഹിത്യവിമര്‍ശകനും തന്റെ മുമ്പില്‍ വരുന്ന കൃതികളെ കീറിമുറിക്കേണ്ടതും വിലയിരുത്തേ ണ്ടതും എഴുത്തുകാരന്റെ നീതിധര്‍മങ്ങളെ നിശ്ചയിക്കേണ്ട അതേ ന്യായാധിപന്റെ മനോഭാവത്തോടെയാവണം. അവാര്‍ഡിനും ആദരവിനും സ്ഥാനമാനങ്ങള്‍ക്കുംവേണ്ടി നീതിബോധം നഷ്ടപ്പെടുത്തുന്ന എഴുത്തുകാരെ
നിയന്ത്രിക്കേണ്ടത് ഒരു യഥാര്‍ഥ സാഹിത്യവിമര്‍ശകന്റെ കടമയാണ്. എം.കെ.ഹരികുമാര്‍ എന്ന സാഹിത്യവിമര്‍ ശകന്‍ അത് നിറവേറ്റുന്നുവെന്നത് ഈ സത്യാനന്തരകാലത്തും ആഹ്ലാദകരമാണ്.
 

സണ്ണി തായങ്കരി   




  •  
  •  

  • No comments: