Followers

Monday, April 28, 2025

അക്ഷരജാലകം /എം.കെ.ഹരികുമാർ (april 28)

 





സിനിമയിലെ ക്രൂരത ;കലയുടെ സാധ്യതകൾ 


ക്രൂരതയുടെ നാടകവേദി എന്ന പ്രസ്ഥാനത്തിനു തുടക്കമിട്ടത് ഫ്രഞ്ച് നാടകകൃത്ത് അൻ്റോനിൻ അർത്തോയാണ്. പ്രേക്ഷകരെ അവരുടെ ചിന്തയുടെ സുരക്ഷിതമായ കേന്ദ്രങ്ങളിൽ നിന്നു പുറത്തിറക്കുകയും ഏതോ ആഭിചാരകർമ്മത്തിലെന്നപോലെ അന്ധാളിപ്പിക്കുകയും ചെയ്യുക എന്ന  ലക്ഷ്യമാണതിലുള്ളത്. ഈ വ്യാമിശ്രമായ ലോകത്ത്, ദാർശനികമായി പറഞ്ഞാൽ തിന്മ മാത്രമാണ് ശക്തി പ്രാപിക്കുന്നതെന്നും  അതാണ് സ്ഥിരമായ നിയമമെന്നും അർത്തോ വിശദീകരിക്കുന്നുണ്ട് .നന്മ ചെയ്യാനുള്ള നമ്മുടെ ശ്രമങ്ങൾക്ക് പ്രസക്തിയുണ്ട്. എന്നാൽ അപ്പോഴും ക്രൂരതയ്ക്ക് മേൽ ക്രൂരതയാണ് ഉണ്ടാകുന്നത്.

മനുഷ്യൻ്റെ അടിസ്ഥാനസ്വഭാവം ക്രൂരതയാണോ എന്നു ശങ്കിക്കേണ്ടിയിരിക്കുന്നു. ദയ, അഹിംസ തുടങ്ങിയവ നാം ആർജിക്കേണ്ടതാണ്. അത് മനസിലേക്ക് ഉറപ്പിച്ചു നിർത്തണ്ടതുണ്ട്. അത് സ്വാഭാവികമായി രൂപപ്പെടാൻ  പ്രയാസമാണ്. മനസ്സ് ഒരു അണുവിലും  സ്വസ്ഥമല്ല. ഒരു അണുവിനെ കണ്ടാൽ വേറൊരു അണു യുദ്ധം ചെയ്യും; ക്രൂരമായി പെരുമാറും. ക്രൂരത കാണിക്കാതെ ജീവിക്കാനാകുന്നില്ല. ബ്രസീലിയൻ സാഹിത്യകാരി ക്ലാരിസ് ലിസ്പെക്റ്റർ പറഞ്ഞു, പ്രകൃതിയിൽ യെസ് എന്നു പറയുമ്പോഴാണ് സൃഷ്ടി നടക്കുന്നതെന്ന്. ഒരു ബീജം അണ്ഡവുമായി ചേരണമല്ലോ. അതിനു അണ്ഡം യെസ് പറയണം ; ബീജം യെസ് പറയണം .പ്രകൃതിയാണതിനു സൂത്രധാരത്വം വഹിക്കുന്നത്.ഇവിടെ സ്വാഭാവികമായ ഒരു ചാക്രികതയുണ്ട്. ഒരിടത്ത് നിശ്ചലമാകുമ്പോൾ മറ്റൊരിടത്ത് വീണ്ടും വീണ്ടും പ്രത്യക്ഷപ്പെടുന്നതാണ് പ്രകൃതി. സർഗാത്മകത വറ്റുന്നില്ല. അത് പുതിയ രൂപഭാവങ്ങളിൽ ആവർത്തിക്കപ്പെടുന്നുണ്ട്. ഇതിഹാസ കൃതികൾ ഉണ്ടാകുന്നില്ലായിരിക്കാം .എന്നാൽ പാബ്ലോ നെരൂദയുടെ 'ഓഡ് ടു ടുമാറ്റോ' ,അയ്യപ്പപ്പണിക്കരുടെ 'പകലുകൾ രാത്രികൾ' ഉണ്ടാകുന്നു. 'മഹാഭാരതം' ഉണ്ടാകുന്നില്ലായിരിക്കാം .'മാർകേസിന്റെ 'ഏകാന്തതയുടെ ഒരു നൂറ് വർഷങ്ങൾ' ഉണ്ടായല്ലോ. ഒരു സർഗാത്മക സിദ്ധിയും ഇല്ലാതാകുന്നില്ല.ചില അഭിരുചികൾ മരിക്കുമ്പോൾ വേറെ ചിലത് പൊട്ടിമുളയ്ക്കുന്നു. കൃഷ്ണനാട്ടവും വഞ്ചിപ്പാട്ടും കഥകളിയും ചില കേന്ദ്രങ്ങളിലേക്ക് ഒതുങ്ങിയെങ്കിലും, അതിനുവേണ്ടതായ അഭിരുചി ബഹുഭൂരിപക്ഷത്തിനും അപ്രാപ്യമാണെങ്കിലും ഡിജിറ്റൽ ചിത്ര നിർമ്മാണം ,മോർഫിംഗ് തുടങ്ങിയ സാങ്കേതങ്ങൾ ആവിർഭവിച്ചിരിക്കുന്നു. മാർസൽ പ്രൂസ്തിന്റെ 'റിമമ്പ്രൻസ് ഓഫ് തിംഗ്സ് പാസ്റ്റ്' ദീർഘിച്ച നോവലാണ്;ഏഴ് വോള്യമാണ്. അത് വായിക്കാനായി ലൈബ്രറിയിലേക്ക് പോകുന്ന ഒരു വായനക്കാരനെ കണ്ടെത്താൻ പ്രയാസമായിരിക്കും. എന്നാൽ എഐ(ആർട്ടിഫിഷ്യൽ ഇൻറലിജൻസ്)പഠിക്കാൻ പോകുന്നവരെ കാണാം. എഐ സാങ്കേതികവിദ്യയിലൂടെ  നെപ്പോളിയനെയും സ്റ്റാലിനെയും ഹിറ്റ്ലറെയും വീഡിയോയിൽ കാണിച്ചുതരുന്ന പുതിയ അഭിരുചി പിറവിയെടുക്കുകയാണ്. പ്രാചീന ദൃശ്യകലയിലുള്ള അഭിരുചി മരിച്ചു എന്നു പറയാമെന്നു തോന്നുന്നു. നഗരത്തിലെ മനുഷ്യർക്ക് പ്രാചീന ദൃശ്യകലകളേക്കാൾ ആസ്വദിക്കാനാവുന്നത് ഹൈടെക് രംഗവേദികളിലെ ആവിഷ്ക്കാരങ്ങളാണ്.

കൊലപാതകത്തിൻ്റെ കൊറിയോഗ്രഫി 

മൾട്ടിമീഡിയ ദൃശ്യവത്ക്കരണത്തിൻ്റെ സാധ്യതകൾ വലുതാണ്. രാമപുരത്തു വാര്യരുടെ കാലത്ത് അജ്ഞാതമായിരുന്ന ആസ്വാദന പ്രക്രിയകളും ഉള്ളടക്ക സ്വാംശീകരണങ്ങളും ഇപ്പോൾ കാണാനാകും.ഡച്ച് ചിത്രകാരനായ വാൻഗോഗിന്റെ ചിത്രങ്ങൾ ക്യാൻവാസിൽ കാണാൻ ഗാലറിയിൽ പോകണം .എന്നാൽ വാൻഗോഗിന്റെ ചിത്രങ്ങൾ ദിവസം ഒന്ന് എന്ന കണക്കിൽ ഫെയ്സ്ബുക്കിൽ കാണാം. വാൻഗോഗ് ജീവിച്ചിരുന്ന കാലത്ത് തൻ്റെ ഒരേയൊരു ചിത്രമാണ് പ്രദർശിപ്പിച്ചത്. അദ്ദേഹത്തിനെ ആർക്കും വേണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ ആയിരത്തി എണ്ണൂറ് ചിത്രങ്ങൾ ആവശ്യക്കാരില്ലാതെ അവശേഷിച്ചു. വാൻഗോഗിൻ്റെ ആത്മഹത്യയ്ക്കു ശേഷം പുതിയൊരു വാൻഗോഗ് ഉയിർത്തെഴുന്നേൽക്കുകയായിരുന്നു. ആ ചിത്രങ്ങളിലെ കലാമൂല്യം തേടി ലോകമെമ്പാടുമുള്ള കലാകാരന്മാരും ആസ്വാദകരും വർദ്ധിച്ച ആവേശത്തോടെ രംഗത്തു വന്നിരിക്കുന്നു. ഓരോ ചിത്രവും സൂക്ഷ്മമായി പഠിക്കപ്പെടുകയാണ് .വാൻഗോഗിൻ്റെ വായനയും കാഴ്ചപ്പാടുകളും കലാസങ്കേതങ്ങളിൽ ചർച്ച ചെയ്യപ്പെടുകയാണ്. ഇപ്പോൾ അദ്ദേഹത്തിൻ്റെ ചിത്രങ്ങളുടെ ത്രീഡി എക്സിബിഷൻ സംഘടപ്പിക്കുന്ന തിരക്കിലാണ് ആരാധകർ. വാൻഗോഗ് അനുഭവം മികവുറ്റതാക്കാൻ സ്പെഷ്യൽ ബ്രോഡ്കാസ്റ്റിംഗും ഉണ്ടായിരുന്നു.'സ്റ്റാറി നൈറ്റ്' എന്ന ചിത്രം അനിമേഷനിലൂടെ കാണിച്ചുതരുകയാണ്. വാൻഗോഗിൻ്റെ ചിത്രങ്ങളുടെ ത്രീഡി മോഡൽ പ്രദർശിപ്പിക്കുന്നത് നഗരങ്ങളിൽ കലാസ്വാദകർക്ക് ഹരമായി കഴിഞ്ഞിട്ടുണ്ട്. വാൻഗോഗിനു സ്വപ്നം കാണാൻ പോലും കഴിയാതിരുന്ന  തിയേറ്റർ അനുഭവമാണ് ഇപ്പോൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.ഇതിൻ്റെയ ർത്ഥം പത്തൊമ്പതാം നൂറ്റാണ്ടിലെ പോസ്റ്റ് ഇംപ്രഷണിസ്റ്റിക് പെയിൻ്റിംഗിനോടുള്ള താത്പര്യം പുതിയ പരിപ്രേക്ഷ്യമായി വളർന്നു എന്നാണ്.വാൻഗോഗിൽ അവസാനിച്ച അഭിരുചി മറ്റൊരു രീതിയിൽ ഇപ്പോൾ പുന:സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്.

ഇപ്പോൾ സിനിമകളിൽ, ജീവിതത്തിലെന്നപോലെ, ക്രൂരത ഉയിർത്തെഴുന്നേൽക്കുകയാണ്. യഥാർത്ഥത്തിൽ ഉയിർത്തെഴുന്നേൽക്കേണ്ടത് ക്രിസ്തുവാണ് ,ക്രിസ്തുവിൻ്റെ സഹനവും സ്നേഹവുമാണ്. അതിനു വിരുദ്ധമായി ക്രൂരത ഉയിർത്തെഴുന്നേൽക്കുന്നു .ഹിറ്റ്ലറും മുസ്സോളിനിയും ഉയിർത്തെഴുന്നേൽക്കുന്നു. ക്രൂരത ഒരു കഥയായി മാറുന്നു .ക്രൂരതയിൽ ആസ്വദിക്കാൻ പലതുമുണ്ടെന്ന ഒരു സൗന്ദര്യശാസ്ത്രം സൃഷ്ടിക്കപ്പെടുകയാണ്. ഒരാളെ കൊല്ലുന്നതിന്റെ ദൃശ്യം എങ്ങനെ ഏറ്റവും 'മനോഹരമായി' ദൃശ്യവത്കരിക്കാമെന്നാണ് ലോകത്തിലെ ചില ചലച്ചിത്രകാരന്മാർ ആലോചിക്കുന്നത്. ദക്ഷിണ കൊറിയൻ സംവിധായകനായ കിംകി ഡുക്ക് ക്രൂരത ദൃശ്യവത്ക്കരിക്കുന്നതിൽ തൃഷ്ണയോടെ ഇടപെട്ടു.മലയാളത്തിൽ 'മാർക്കോ' എന്ന ചിത്രത്തിൻ്റെ സംവിധായകൻ ഹനീഫ് അദേനി, 'ജാട്ട്' എന്ന ഹിന്ദി ചിത്രത്തിൻ്റെ സംവിധായകൻ ഗോപിചന്ദ് മാലിനേനി തുടങ്ങിയവർ ക്രൂരതയെ ,അക്രമത്തെ കലയായി വികസിപ്പിക്കുകയാണ്.  കൊലപാതകത്തിനു ഒരു കൊറിയോഗ്രാഫി കണ്ടെത്തിയിരിക്കുന്നു. വെള്ളിത്തിരയിലെ കൊലപാതകം ദൃശ്യചാര്യത ആവശ്യപ്പെടുന്നുണ്ട്. പണം  മുടക്കി തീയേറ്ററിൽ വന്നിരിക്കുന്നവർക്കു മുമ്പിലാണ് ആ കൊറിയോഗ്രഫി ചരിത്രത്തിൽ ഇടം പിടിക്കുന്ന വിധം അവതരിപ്പിക്കേണ്ടത്.

അക്രമത്തിൻ്റെ സൗന്ദര്യശാസ്ത്രം 

കിംകി ഡുക്ക് ഇപ്പോൾ നമ്മോടൊപ്പമില്ല. മൃഗങ്ങളോടുള്ള ക്രൂരത ഡുക്കിൻ്റെ സിനിമകളിൽ ആവർത്തിക്കുന്നു. ഏത് ചിത്രകാരനോടും വീഡിയോഗ്രാഫറോടും  മത്സരിച്ചുള്ള ഒരു ചിത്രീകരണമാണ് വേണ്ടത് .എന്തുകൊണ്ട് അക്രമരംഗങ്ങൾ ഷൂട്ട് ചെയ്യുന്നു എന്ന ചോദ്യത്തിനു ഡുക്ക് നൽകിയ മറുപടി ഈ സമൂഹത്തിൽ മൃഗങ്ങൾ നേരിടുന്ന ദുരന്തം എന്താണെന്നു കാണിച്ചുകൊടുക്കാൻ വേണ്ടി താൻ അത് ചിത്രീകരിക്കുന്നു എന്നാണ്. മനുഷ്യസമൂഹത്തിൽ മനുഷ്യൻ മനുഷ്യനോടു ചെയ്യുന്ന അക്രമത്തിനു അവസാനമില്ല. ജാതിയുടെയും മതത്തിൻ്റെയും പണത്തിന്റെയും ദേശത്തിന്റെയും പ്രേമത്തിന്റെയും പേരിൽ മനുഷ്യൻ സഹജീവികളെ ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ് .ഈ സ്വഭാവത്തെ ഇന്നത്തെ ചലച്ചിത്രകാരന്മാർ ഒരു സൗന്ദര്യശാസ്ത്രമായി വികസിപ്പിക്കുകയാണ് .മനുഷ്യനിൽ ക്രൂരതയുടെ ഒരു വലിയ അധ്യായം അടങ്ങിയിരിക്കുന്നു .ക്രൂരത ചെയ്യുന്നതോടൊപ്പം അത് മറ്റുള്ളവരെ കാണിക്കാനുള്ള വാശിയും പ്രകടമാണ്. ആക്രമിക്കുന്ന മനസ്സിന്റെ ഒരു അനുബന്ധമാണിത്. ആക്രമിക്കുക മാത്രമല്ല അതിൽ ഒരു കാഴ്ചയുടെ ലോകം കണ്ടെത്തുകയും ചെയ്യുന്നു.ക്രൂരമായ അക്രമരംഗങ്ങൾക്ക് പ്രേക്ഷകർ ഏറുകയാണ് .പ്രേക്ഷകനു വേണ്ടത് വെറും അക്രമമല്ല, സൗന്ദര്യവൽക്കരിച്ച അക്രമരംഗങ്ങളാണ്. നവീനമായ സാങ്കേതികവിദ്യയിൽ ദൃശ്യ-ശബ്ദസംവിധാനം മികവോടെ ചിത്രീകരിച്ചെടുക്കുന്ന രംഗങ്ങൾ പ്രേക്ഷകനെ ആകർഷിക്കുന്നു. അവൻ അത് തന്റെ ഉപഭോഗവസ്തുക്കളിലൊന്നായി പരിഗണിക്കുകയാണ്. 

സമൂഹത്തിലെ വയലൻസ് വർദ്ധിച്ചുവരുകയാണ്. ചെറിയ പിണക്കമോ അപമാനമോ വലിയ പ്രതികാരത്തിലേക്ക് നീങ്ങാം. കൊലപാതകത്തിനുള്ള സാധ്യത വർദ്ധിക്കുകയാണ്. വീടുകളിൽ സംഭവിക്കുന്ന കൊലപാതകങ്ങളും സാമ്പത്തികമായ ലക്ഷ്യത്തോടെയുള്ള അക്രമങ്ങളും ക്രൂരതയിൽ പിന്നിലല്ല. ഇതാണ് സിനിമകളിൽ കാണുന്നത്. 'ജാട്ട്' സിനിമയിൽ തോട്ടത്തിനു നടുവിലുള്ള വഴിയിലേക്ക് മനുഷ്യൻ്റെ തല വെട്ടിയെടുത്ത് എറിയുന്ന ദൃശ്യങ്ങളുണ്ട്. സമൂഹത്തിൻ്റെ പല കോണുകളിലും അക്രമവും ക്രൂരതയും കുറയുന്നില്ല .ഒരു വഴക്ക് തുടങ്ങിയാൽ അറ്റം കാണാതെ ആരും ആയുധം താഴെ വയ്ക്കുന്നില്ല.എല്ലാ സാരോപദേശങ്ങളും മതസൂക്തങ്ങളും പരാജയപ്പെട്ടതിനു ഇതിനേക്കാൾ കൂടുതൽ തെളിവു വേണോ?മതപുരോഹിതന്മാർക്ക് ഇന്നത്തെ മനുഷ്യരെ സ്വാധീനിക്കാനോ നിയന്ത്രിക്കാനോ കഴിയുന്നില്ല. അഭിരുചികൾ പുതിയ കലയിലൂടെ തിരിച്ചെത്തുന്ന പുതിയ യാഥാർഥ്യമാണിത്.

ഭീമൻ -ദുശ്ശാസനൻ ദ്വന്ദം 

മഹാഭാരതത്തിൽ ഭീമസേനൻ ദുശ്ശാസനനെ കൊല്ലുന്നത് അങ്ങേയറ്റം ക്രൂരമായാണ്. കൈകൾ പറിച്ചെടുക്കുകയും മാറു പിളർന്നു ചോര കോരുകയുമാണ് ചെയ്യുന്നത്. ഈ ക്രൂരത അവസാനിച്ചിട്ടില്ല. പരിഷ്കൃത മനുഷ്യനിലൂടെ അതാവർത്തിക്കുകയാണ് ചെയ്യുന്നത്. മനുഷ്യൻ്റെ അബോധത്തിൽ ഭീമനും ദുശ്ശാസനനും തമ്മിലുള്ള സംഘട്ടനം നടക്കുകയാണ് .ഒരു ഇന്ത്യക്കാരന്റെ മജ്ജയിൽ പോലും ഭീമ-ദുശ്ശാസന സംഘട്ടനമുണ്ട്.ഇത് പുതിയ കാലത്ത് പല രീതികളിൽ പുനരാനയിക്കപ്പെടുകയാണ്. സിനിമയ്ക്ക് ഈ ക്രൂരതയോ അക്രമമോ ഉപേക്ഷിക്കാനാവില്ല. ഭൂരിപക്ഷം പ്രേക്ഷകരുടെയും ജീവിതസങ്കല്പത്തിലും ചിന്താമണ്ഡലത്തിലും മാറ്റം വന്നു കഴിഞ്ഞു .പ്രേക്ഷകർ ക്രൂരതയെ മനുഷ്യൻ്റെ അടിസ്ഥാനസ്വഭാവമായാണ് കാണുന്നത്. അവൻ അത് കാണാനാണ് വരുന്നത്. സൗന്ദര്യബോധത്തിന്റെ പൂർത്തീകരണമാണ് ഒരു കൊലപാതക ദൃശ്യത്തിലൂടെ അവൻ അനുഭവിക്കുന്നത് .പ്രതികരിക്കാത്ത, ശിക്ഷിക്കാത്ത കഥാപാത്രത്തെ അവനു താങ്ങാനാവില്ല .അവൻ ജീവിതത്തിൽ ചെയ്യാനാഗ്രഹിക്കുന്നത് ചെയ്തു കാണിക്കുന്ന കഥാപാത്രത്തെയാണ് സിനിമയിൽ പ്രതീക്ഷിക്കുന്നത്.

അക്രമവാസന പ്രേക്ഷകൻ്റെ ഒരു ഉപഭോഗ വിഷയമാണെന്നു പറഞ്ഞല്ലോ. അവൻ അതിൽ കലയുടെ കൂട്ടിച്ചേർക്കൽ ആഗ്രഹിക്കുന്നു .രക്തം തളം കെട്ടിക്കിടക്കുന്നതും മനുഷ്യൻ്റെ ശരീരം നുറുങ്ങി അവയവങ്ങൾ പലയിടത്തായി ചിതറി അവശേഷിക്കുന്നതും പ്രേക്ഷകനിൽ ഉണർത്തുന്നത്, പക്ഷേ ക്രൂരതയല്ല. അവനെ അതിൻ്റെ കലാപരമായ വിന്യാസമാണ് വശീകരിക്കുന്നത്. നിഴലും വെളിച്ചവും വർണ്ണവും ശബ്ദവും സംയോജിപ്പിക്കപ്പെടുമ്പോഴുണ്ടാകുന്ന ദൃശ്യാത്മകത കണ്ണുനിറയെ കാണുകയാണ് അവൻ.വേറൊരിടത്തും  ഇത്ര നന്നായി ഇത് കാണാനാവില്ലല്ലോ. ഒരു പ്രേക്ഷകനു കത്തിക്കുത്ത് കാണാൻ അവസരമില്ല .അവൻ സിനിമയെയാണ് ഇതിനു ആശ്രയിക്കുന്നത് .

സിനിമയിലെ ശരീരം 

സിനിമയിൽ മനുഷ്യശരീരം കലയുടെ ആവിഷ്കാരത്തിനുള്ളതാണ്. അത് കേവലം ശരീരമല്ല ;കുത്താനും വെട്ടാനും മറവുചെയ്യാനുമുള്ള ഒരു സാധനമാണ് .ഇവിടെ ക്രൂരത ഒരു കലാരൂപമാവുകയാണ്. കാണുന്നതിലൂടെ ,ഒരാൾ കലാപ്രവർത്തനത്തിൽ പങ്കെടുക്കുകയാണ്. സിനിമയിൽ ഒരാളുടെ ശരീരം അയാളുടേതു  പോലുമല്ല ;അത് പ്രേക്ഷകരുടേതാണ്. പ്രേക്ഷകരുടെ കലാപരമായ ജിജ്ഞാസയ്ക്ക് വെള്ളവും വളവും കൊടുക്കുന്നത് സംവിധായകരാണ് . ഒരു സംവിധായകൻ ഒരു കൊലപാതകം കണ്ടിരിക്കേണ്ടതാണ്. ഒരു ലഹള ശരിക്കും നേരിൽ കാണാൻ അവസരം കിട്ടിയാൽ കാണണം. അപ്പോഴാണ് ആ സംഭവങ്ങളുടെ സെല്ലുലോയ്ഡ് സൗന്ദര്യം എങ്ങനെ സൃഷ്ടിക്കാമെന്നു ആലോചിക്കാനാവുകയുള്ളൂ .ഒരു സംവിധായകനു അക്രമരംഗങ്ങൾ നേരിൽ കാണാൻ അവസരമില്ലെന്നോർക്കണം.എല്ലായിടത്തും അയാൾ എത്തുന്നില്ലല്ലോ. അപ്പോൾ അയാൾ ആശ്രയിക്കുന്നത് പത്രവാർത്തകളെയും സിനിമകളെയും സാഹിത്യകൃതികളെയുമാണ്. ഇതിൽനിന്നെല്ലാം സംവിധായകൻ തൻ്റെ ഭാവനയ്ക്കൊത്ത് ചിലത് കണ്ടെടുക്കുന്നു. അത് ചിത്രീകരിക്കുന്നത് അതിവേഗത്തിലാണ്. നവപ്രേക്ഷകൻ്റെ മനസിൻ്റെ വേഗത്തിനൊപ്പമെത്താനുള്ള ഓട്ടമാണ്.പൂർണമായി ഒന്നും കാണിക്കേണ്ടതില്ലെന്നാണ് പുതിയ ചലച്ചിത്രകാരന്മാർ പറയുന്നത്. പ്രേക്ഷകൻ്റെ മനസിൽ കാര്യങ്ങൾ എത്തിച്ചാൽ മതി. കൊല്ലുന്ന രംഗം കാണിക്കേണ്ടതില്ലല്ലോ. കത്തി വീശുന്നതിന്റെ ഒരു ഭാഗം കാണിച്ചാൽ മതി ;പിന്നീട് കാണിക്കുന്നത് കഴുത്തില്ലാത്ത ശരീരം മറിഞ്ഞുവീഴുന്ന ഒരു രംഗമാണ് .ഒന്നും ശരിയായി കാണിക്കുകയില്ല. അതിവേഗത സിനിമയെ വല്ലാതെ ഗ്രസിച്ചിരിക്കുകയാണ് .രജനികാന്തും ഐശ്വര്യയും പ്രേമിക്കുന്ന രംഗം വ്യക്തമായി കാണിക്കുകയില്ല.നമ്മളിൽ ഒരു ധാരണയുണ്ടാക്കുകയാണ് ചെയ്യുന്നത്. 

സിനിമയിലെ അക്രമവും ക്രൂരതയും അനിവാര്യമാണെന്നല്ല പറയുന്നത് .അത് സിനിമാറ്റിക് യാഥാർത്ഥ്യമായി പുനരവതരിപ്പിക്കപ്പെടുന്നതിൽ കലാപരമായ ഒരു പുതിയ അഭിരുചി പ്രവർത്തിക്കുന്നുണ്ട് .കലയിൽ സത്യം എന്നാൽ എന്താണെന്ന ചോദ്യത്തിനു സൽമാൻ റുഷ്ദി നൽകുന്ന മറുപടി ഇതാണ്: 'സംഭവിച്ചതിന്റെ തൽസ്ഥിതി വിവരണമല്ല കഥ ;അത് സത്യമല്ല. നമുക്ക് നേരിട്ട് പരിചയമില്ലാത്ത, കണ്ടിട്ടില്ലാത്ത ,ജീവിച്ചിട്ടില്ലാത്ത ആളുകൾ ഇടപഴുകുന്നതിന്റെ ചിത്രമാണത്.'

രജതരേഖകൾ 

1)നിറങ്ങളെക്കുറിച്ചും പ്രകാശത്തെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകൾ ഫോട്ടോഗ്രഫിയിൽ പരീക്ഷിച്ച കലാകാരനാണ് ദത്തൻ പുനലൂർ. അദ്ദേഹത്തിൻ്റെ ചിത്രങ്ങളിൽ, പ്രകൃതിയായാലും ജീവികളായാലും മനുഷ്യരായാലും, ധ്യാനത്തിന്റെ വിവിധ തലങ്ങൾ അനുഭവിക്കാനാകും. വെളിച്ചത്തിൻ്റെ ആരോഹണം എന്നു അദ്ദേഹം വിശേഷിപ്പിക്കുന്ന ഈ ദൃശ്യാത്മകമായ ഉൾക്കൊള്ളൽ നിമിഷത്തിനുള്ളിലേക്ക് കാലത്തെ കടത്തിക്കൊണ്ടുപോവുകയാണ്. അനുഭവങ്ങളുടെ ഒരു പുതിയ വാസ്തുശില്പത്തെ അവതരിപ്പിക്കുകയാണ്. പ്രകൃതിയിലെ ഓരോ വസ്തുവിനും അസ്തിത്വമുണ്ടെന്നു പ്രഖ്യാപിക്കുകയാണ് ദത്തൻ. അദ്ദേഹം കലാകൗമദിയിൽ പ്രസിദ്ധീകരിക്കുന്ന ഫോട്ടോയും കുറിപ്പും ഇതിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ് .ഒരു ചെറിയ ജീവിയിൽ നമുക്ക് നമ്മെത്തന്നെ കാണാനാകും. രണ്ടു പ്രാവുകൾ സ്നേഹലാളനയിൽ മുഴുകുന്നത് വികാരത്തിനുള്ളിലെ ധ്യാനപൂർണമായ ഒരു നിമിഷത്തിന്റെ ഉദ്ഘോഷണമായി അദ്ദേഹം ആവിഷ്ക്കരിച്ചു.ഓരോ ഫോട്ടോയും ആത്മനിമിഷത്തിൻ്റെ ഒരു  ഫ്രെയിമായി രൂപാന്തരപ്പെടുന്നു. മൗലികമായ ഒരു ആത്മസംവേദനവും കലാഭിമുഖ്യവുമാണത്.

2)പി.മുരളീധരൻ എഴുതിയ 'ഇഡ്ഡലീയം'(ഗ്രന്ഥാലോകം ,ഏപ്രിൽ) ഇഡ്ഡലിയുടെ ആത്മകഥ എഴുതാൻ ശ്രമിച്ചതിന്റെ ദുരന്തമായി കലാശിച്ചു. സങ്കീർണമായ അനേകം സംഘർഷങ്ങളിലൂടെ, അസ്തിത്വസമസ്യകളിലൂടെ ആടി ഉലയുന്ന മനുഷ്യർ ഇവിടെയുള്ളപ്പോൾ ഇഡ്ഡലിയുടെ ആത്മകഥ എഴുതാൻ പോകുന്നത് എത്രമാത്രം അന്യവത്കരിക്കപ്പെട്ടവരായിരിക്കും. മാത്രമല്ല, കഥയുടെ ഒടുവിൽ കുപ്പത്തൊട്ടിയിൽ കിടക്കുന്ന ഇഡ്ഡലിയെ ഇറച്ചിക്കഷണം പ്രേമിക്കാൻ ശ്രമിക്കുന്നതും അത് നിരസിക്കപ്പെടുന്നതുമൊക്കെ എഴുതിയിരിക്കുന്നു!. ഈ കഥ  ഒളിച്ചോട്ടമാണ്, ഒരു മനുഷ്യനിൽ നിന്ന്, മനുഷ്യത്വത്തിൽ നിന്ന്.

3)അന്തരിച്ച ലാറ്റിനമേരിക്കൻ എഴുത്തുകാരൻ മരിയോ വർഗാസ് യോസെയെക്കുറിച്ച് കുറെ ലേഖനങ്ങൾ കണ്ടു. യോസയുടേതിനേക്കാൾ മികച്ച നോവൽ മലയാളത്തിലുണ്ടായാൽ അതിനെ തമസ്കരിക്കാൻ നോക്കുന്നവർ യോസയുടെ പേരിൽ കണ്ണീർവാർക്കുന്നതിലെ കാപട്യം തിരിച്ചറിയേണ്ടതാണ്.മാർകേസ് ,പ്രൂസ്ത് ,ദസ്തയെവ്സ്കി ,കാഫ്ക തുടങ്ങിയവരുമായി താരതമ്യം ചെയ്യുമ്പോൾ യോസ വലിയ എഴുത്തുകാരനല്ല .യോസ ഇന്നത്തെ നിലയിലേക്ക് വളർന്നതിനു പിന്നിൽ അദ്ദേഹത്തിൻ്റെ പദവിയും രാഷ്ട്രീയസ്വാധീനവും പങ്കുവഹിച്ചിട്ടുണ്ട്. 1990ലെ പെറു തിരഞ്ഞെടുപ്പിൽ യോസ പ്രസിഡൻ്റ് സ്ഥാനാർത്ഥിയായിരുന്നു; തോറ്റുപോയി. ചില രാഷ്ട്രത്തലവന്മാരുമായി അടുത്തബന്ധം ഉണ്ടായിരുന്ന യോസ പെറുവിലെ ലിബറൽ പാർട്ടിയായ ലിബർട്ടി മൂവ്മെൻ്റിൻ്റെ നേതൃനിരയിലായിരുന്നിട്ടുണ്ട്. പിന്നീട് ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന സംഘടനയുടെ അമരത്തുണ്ടായിരുന്നു.

4)ഹരികുമാർ ഇളയിടത്ത് എഴുതിയ 'കുത്തിയോട്ടം :അനുഷ്ഠാനത്തിനൊരു പദകോശം' എന്ന ലേഖനം (ഒരുമ, മാർച്ച്)ഒരു പ്രാചീനകലയുടെ ആചാരപരമായ വ്യാകരണത്തിന്റെയും സൗന്ദര്യത്തിന്റെയും അഭിരുചികൾ തേടിപ്പോവുകയാണ്. തിരുവനന്തപുരം മുതൽ കോട്ടയം വരെയുള്ള അഞ്ച് ജില്ലകളിൽ അരങ്ങേറിയിരുന്ന കുത്തിയോട്ടത്തിൽ ഉപയോഗിക്കുന്ന വാക്കുകൾ പ്രത്യേക സംവേദനശേഷിയുള്ളവയാണ്. ഉദാഹരണത്തിനു ,ഉരു,എണ്ണയിടീൽ തുടങ്ങിയ വാക്കുകൾ .ഹരികുമാർ എഴുതിയ 'ഓണാട്ടുകരയുടെ പൂരോത്സവം'(ബോധി ബുക്സ്) ഒരു ഗ്രാമസംസ്കൃതിയുടെ ഓർമ്മകൾ സ്വാംശീകരിക്കുന്ന പുസ്തകമാണ് .

5)ഉദയശങ്കർ എഴുതിയ 'അഖ്ലസ് മൊഹ്താബ് സനോഫറിനോട് എസ്താർ മർമ്മരംകൊണ്ടു'(എഴുത്ത് ,ഏപ്രിൽ) എന്ന കഥ ആർക്കെങ്കിലും മനസ്സിലാകുമെന്നു തോന്നുന്നില്ല .ഈ ടൈറ്റിൽ തന്നെ വായനക്കാരെ  അകറ്റുകയാണ്. ഈ കഥയുടെ ഒരു വിവരണം നൽകാൻ നിവൃത്തിയില്ല. കാരണം ,ഇതിൽ യുക്തിയോ ജീവിതമോ ഇല്ലല്ലോ.

6)ഓഷോയെക്കുറിച്ച് സജി അഭിരാമം (അക്ഷിത മാസിക, മാർച്ച്)എഴുതിയ ലേഖനത്തിൽ ഇങ്ങനെ വായിക്കാം: "ഓഷോയുടെ ചിതാഭസ്മം പൂണെയിലെ ആശ്രമത്തിൽ സൂക്ഷിച്ചിട്ടുണ്ട്. സ്മാരകഫലകത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: 'ഓഷോ ഒരിക്കലും ജനിച്ചില്ല ,ഒരിക്കലും മരിച്ചില്ല .ഭൂമിയെന്ന ഗ്രഹം സന്ദർശിക്കുക മാത്രമാണ് ചെയ്തത്.' ഓഷോ ചെയ്ത പ്രഭാഷണങ്ങൾ അറുനൂറിൽപ്പരം വോള്യങ്ങളിലായി മുപ്പതിലധികം ഭാഷകളിൽ പ്രസിദ്ധീകരിച്ചു.'

ധാരാളം പ്രസംഗിച്ച ഓഷോ ആശയപരമായ പ്രത്യുൽപാദത്തിൽ  മുൻപന്തിയിലായിരുന്നു. എന്നാൽ അദ്ദേഹം ഭാഗവതത്തിലോ വിവേകാനന്ദനിലോ കാണുന്ന സർവ്വാശ്ളേഷിയായ സ്നേഹത്തെയോ ധർമ്മത്തെയോ ഉൾക്കൊണ്ടില്ല. അദ്ദേഹം ഒരു നഗരവാസിയുടെ ആത്മവിചാരവും ധർമ്മവുമാണ് അന്വേഷിച്ചത് .എല്ലാവരിൽ നിന്നും ഒഴിഞ്ഞുമാറി അവനവലിലേക്ക് കേന്ദ്രീകരിച്ച് സുഖം തേടുന്നതിനെ ഓഷോ മഹത്വവത്ക്കരിച്ചു. മറ്റുള്ളവർക്ക് ഗുണം ചെയ്യുമ്പോഴാണ് സുഖം ലഭിക്കുന്നതെന്ന ഇന്ത്യൻ ആശയത്തിനെതിരാണിത്.

7)അർജൻ്റൈൻ എഴുത്തുകാരൻ ഫെർനാണ്ടോ സൊറെൻറിനോ പറഞ്ഞു: 'മിക്കപ്പോഴും പ്രശസ്തി വാണിജ്യത്തിൻ്റെ ഒരു ഉൽപ്പന്നമെന്നതിൽ കവിഞ്ഞൊന്നുമല്ല; അതിനു സാഹിത്യപരമായ മേന്മയുമായി യാതൊരു ബന്ധവുമില്ല.'


അക്ഷരജാലകം /എം.കെ.ഹരികുമാർ(april 20,2025)



രമ്യതയിൽ കോർത്തുകിടക്കുന്നവർ 


'ഈ പ്രപഞ്ചത്തിൽ വേറിട്ട ഒരു വചനമുണ്ട്; അത് വാക്കുകൾ ഉപയോഗിക്കുന്നില്ല എന്ന  പ്രത്യേകതയുമുണ്ട്'- ജലാലുദ്ദീൻ റൂമി എഴുതിയതാണ്. വളരെ സൂക്ഷ്മമായ കേൾവിയാണിത് .ചിലപ്പോൾ ഒരു സമൂഹമോ രാഷ്ട്രമോ കേൾക്കാൻ കൂട്ടാക്കാത്ത വചനം. എന്താണ് ആ വചനം? നിസ്സംശയം പറയാം ,അത് സ്നേഹമാണ് .സ്നേഹമെന്നു പറഞ്ഞാൽ, ഭാഷയുടെ പരിമിതി കൊണ്ട് ,നമുക്ക് എല്ലാം വ്യക്തമാവണമെന്നില്ല. സ്നേഹം പൊതുമണ്ഡലത്തിൽ ഒരു വ്യക്തിഗതമായ കാര്യമാണ്.രണ്ടുപേർക്കിടയിൽ സംഭവിക്കുന്നതാണ് .മനുഷ്യനും പ്രകൃതിക്കുമിടയിൽ സംഭവിക്കുന്ന അടുപ്പമാണ്. എന്നാൽ ഇത്  സ്നേഹിക്കാത്തവർക്ക് മനസ്സിലാകണമെന്നില്ല .എല്ലാവരും സ്നേഹിക്കുന്നില്ല .ഭൂരിപക്ഷവും യുക്തിയെ മാത്രമാണ് ആശ്രയിക്കുന്നത്;കൊടുത്താൽ എന്തു കിട്ടുമെന്ന ചിന്ത .ഇവിടെ സ്നേഹം  യുക്തിയിലാണ് പ്രവർത്തിക്കുന്നത്. എത്ര പുസ്തകങ്ങൾ വായിച്ചാലും സ്നേഹം അറിയണമെന്നില്ല. സ്നേഹിക്കുന്നവർ മാത്രമാണ് അതിൻ്റെ വേദനയറിയുന്നത്. 

ശ്രേഷ്ഠമൂല്യങ്ങൾ ചോദ്യം ചെയ്യപ്പെടുന്ന ഈ കാലത്ത് എല്ലാറ്റിനും നിയമസംവിധാനത്തെയും പോലീസിനെയുമാണ് ആശ്രയിക്കുന്നത്.  നിയമവ്യവസ്ഥയും വാദവും ശിക്ഷയുമില്ലെങ്കിൽ നമുക്ക് ഒരാളോടും സംസാരിക്കാൻ പോലും കഴിയില്ല . ജനാധിപത്യം എന്നൊക്കെ പറയുന്നത് നിയമത്തിന്റെ പിൻബലത്തിലാണ്. നിയമം കൊണ്ട് ജനാധിപത്യമാകാമെന്നാണ് വാദം . ജനാധിപത്യത്തിന്റെ മൂല്യങ്ങൾ രക്തത്തിൽ കലർന്നിട്ടില്ല. വ്യക്തികൾക്ക് ക്ഷമയോ ദയയോ ഇല്ല. എല്ലാം നിയമത്തിൻ്റെ കണ്ണിലൂടെയാണ് നോക്കി കാണുന്നത്. മനുഷ്യൻ  നിയമം കൊണ്ട് മാത്രം ജീവിക്കാനറിയുന്ന ജീവിയാണ്.

സ്നേഹിച്ചാൽ ക്ഷമിക്കില്ല 

ഒരു നായയെ സ്നേഹിക്കണമെങ്കിൽ അതിൻ്റെ അനുവാദം വേണമെന്നു ശഠിക്കുന്ന സംവിധാനമാണു ജനാധിപത്യത്തിലുള്ളത്. കാരണം , നായയ്ക്ക്  സ്നേഹിക്കപ്പെടാതിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട് .നായയുടെ ആ സ്വാതന്ത്ര്യം ഒരു കേവല ആശയമാണ്. അതുകൊണ്ട് അത് ആർക്കും ലംഘിക്കാനാവുകയില്ല .നായയ്ക്ക് സ്നേഹം വേണ്ടെങ്കിൽ ആർക്കാണ് അടിച്ചേൽപ്പിക്കാനുള്ള അവകാശം? നായ ഒരു സ്വതന്ത്രജീവിയാണെന്നു പറയുമ്പോഴും അതിൻ്റെ സ്വാതന്ത്ര്യം ആകാശത്തിലെ അമ്പിളിക്കലപോലെ അപ്രാപ്യമാണ്. ഭക്ഷണവും പാർപ്പിടവും വേണം. നായയ്ക്ക് യജമാനനെ വേണം .എന്നാൽ നായയ്ക്ക് സ്നേഹം വേണ്ട; സ്നേഹിക്കാമെന്നു ആരെങ്കിലും പറഞ്ഞാൽ അത്  തള്ളിക്കളയാൻ സ്വാതന്ത്ര്യമുണ്ട്.അതുകൊണ്ട് നായയെ  സ്നേഹിക്കുന്നവൻ ശിക്ഷിക്കപ്പെടാതെ  നിവൃത്തിയില്ല .തന്നെ സ്നേഹിക്കുന്ന ഒരു ഹതഭാഗ്യനോട് ക്ഷമിക്കാനുള്ള ശീലം നായയ്ക്കില്ല .ഇതാണ് ജനാധിത്യപത്യത്തിൻ്റെ മഹത്തായ 'ആദർശം.' സ്വാതന്ത്യത്തിനായുള്ള അവകാശവും മറ്റുള്ളവർക്കെതിരെ കേസു കൊടുക്കാനുള്ള സ്വാതന്ത്ര്യവുമാണ് അതിൻ്റെ ഉച്ചഭക്ഷണം. 

റൂമി സൂചിപ്പിച്ച ആ പ്രാപഞ്ചിക വചനമുണ്ടല്ലോ. അത് സ്നേഹം തന്നെയാണ് .നമ്മുടെ പകയും വെറുപ്പും നിറഞ്ഞ സ്നേഹമല്ല. നിരുപാധികമായ സ്നേഹമെന്നു പറയുമ്പോൾ അത് ഒരു സങ്കല്പമാണ്. അങ്ങനെയൊരു സ്നേഹം ഈ ലോകത്തില്ല .മനുഷ്യർ അവരവരുടെ പ്രാപ്തിക്കും ഇഷ്ടത്തിനുമൊപ്പമാണ് സ്നേഹത്തെ വ്യാഖ്യാനിക്കുന്നത്. അതുകൊണ്ട് അവരവരുടെ വിധിക്കനുസരിച്ച് ദു:ഖിതരായിരിക്കും. ഈ പ്രപഞ്ചത്തിലെ മഹത്തായ ഒരു വചനമാണ് സ്നേഹം. വ്യക്തികൾ സ്വാർത്ഥമായ കാര്യങ്ങൾ നേടുന്നതിനുപയോഗിക്കുന്ന ഒരു വികാരമല്ലത്; സകല ചരാചരങ്ങളെയും  കൂട്ടിയിണക്കുന്ന ഒരു ആകർഷണമാണ്.സ്വാഭാവികമായ ആകർഷണമാണ് .യാതൊരു ലക്ഷ്യവുമില്ലാതെ രണ്ടു വസ്തുക്കൾ തമ്മിൽ അടുക്കുന്നതിൻ്റെ  അനുഭവമാണ്. 

എപ്പോഴും വൃഥാ ചിന്തിക്കുന്നതാണ് പലപ്പോഴും രോഗത്തിനു കാരണം. ഒരു അവയവത്തിനും വിശ്രമം കൊടുക്കില്ല എന്ന നയത്തിൻ്റെ ഭാഗമാണിത് .ആവശ്യമില്ലാതെ ചിന്തിക്കുകയാണ്. ചിന്താക്കുഴപ്പത്തിനും  ചിന്താദാരിദ്ര്യത്തിനും ചിന്തയുടെ അർത്ഥശൂന്യതയ്ക്കും വേണ്ടി വെറുതെ ചിന്തിച്ചുകൊണ്ടിരിക്കും.  ചിന്തിക്കാതിരിക്കുന്നു എന്നു തെളിയിക്കാൻ വേണ്ടി ചിന്തിക്കേണ്ടി വരും. അതാണ് രോഗമുണ്ടാക്കുന്നത്. സ്നേഹം അങ്ങനെയല്ല .അത് എന്തെങ്കിലും ത്യജിക്കുമ്പോഴാണ് പ്രകടമാകുന്നത്. മറ്റുള്ളവർക്ക് വേണ്ടി ത്യജിക്കുമ്പോൾ സുഖമുണ്ടാകുന്നു .ത്യാഗത്തിലും സ്നേഹം നേടാനാകും. സ്നേഹത്തിനു വേണ്ടിയാണ് സ്നേഹിക്കുന്നത്. സ്നേഹത്തേക്കാൾ വലിയൊരു വസ്തു ഇല്ല. ഈ ലോകത്തെ സകല വസ്തുക്കളെയും സ്നേഹമെന്ന ചരടുകൊണ്ടാണ് ബന്ധിച്ചിരിക്കുന്നത്.ആ സ്നേഹം അഭൗമമാണ്. അത് വ്യക്തികളുടെ മനസിൽ നിന്നു ചീത്ത ഉദ്ദേശത്തോടെ  പുറപ്പെടുന്നതല്ല .ഏതൊരു വസ്തുവും സ്നേഹത്തിനു അർഹമാണ്. വസ്തുക്കൾ സ്നേഹമാണ് ആഗ്രഹിക്കുന്നത്. ഒരു പുസ്തകത്തെ യോ ഉപകരണത്തെയോ  സ്നേഹിക്കാൻ നോക്കിയാൽ അത്ഭുതകരമായ പരിവർത്തനം  സംഭവിക്കുന്നത് കാണാം.

അപാരമായ ബാന്ധവം 

അതുവരെ നിശ്ചലമെന്നു തോന്നിയ ലോകം ആകർഷകമാകും. ഒരു വളര്‍ത്തുമൃഗമുണ്ടെങ്കിൽ വീടിനോട് സ്നേഹം തോന്നും. ആ മൃഗത്തോടുള്ള സ്നേഹം മറ്റു പലതിനോടുമുള്ള സ്നേഹമായി മാറും. വീടിനോടുള്ള ആകർഷണമായി അത് മാറും. സ്നേഹം നമുക്ക് ഈ ലോകത്തിൻ്റെ പ്രവർത്തനത്തിന്റെ രഹസ്യത്തിലേക്ക് വാതിൽ തുറന്നു തരികയാണ് .നമ്മുടെ സ്നേഹം ഒരു നായയോ പൂച്ചയോ മാത്രമല്ല പുസ്തകങ്ങളും  ഉപകരണങ്ങളും തിരിച്ചറിയുന്നു. അത് വാക്കുകൾക്ക് അതീതമാണ്, അപാരമാണ് .ആ സ്നേഹം നിലനിൽക്കുന്നു എന്ന വിശ്വാസത്തിലാണ് അവ ജീവിക്കുന്നതെന്നു ശ്രദ്ധിച്ചാൽ വ്യക്തമാകും .

നാം സ്നേഹിക്കുന്നപക്ഷം ഒരു പാത്രം മുഷിയാതെയും സൗന്ദര്യം നഷ്ടപ്പെടാതെയുമിരിക്കും. അതിനും നമുക്കുമിടയിൽ അസാധാരണമായ മൈത്രി ഉണ്ടായിരിക്കും. ഒരു സസ്യത്തെ ദിവസവും പരിപാലിച്ചാൽ ,നമ്മുടെ തലോടൽ കൊണ്ട് അത് വളരാൻ തുടങ്ങും. സ്നേഹബന്ധത്തിന്റെ മൃദുലമായ സ്പർശത്താൽ അത് ജീവിതത്തെ സ്നേഹിക്കും .അത് എങ്ങനെയാണ് ഈ തലോടൽ മനസിലാക്കുന്നത്  സ്നേഹം ഒരു പ്രാപഞ്ചികമായ കോഡാണ്.അത് എല്ലാ ജീവികൾക്കും  സംവേദനം ചെയ്യപ്പെടുന്നുണ്ട്. യാതൊരു പഠിപ്പും മുറയുമില്ലാതെ തന്നെ അറിയാവുന്ന സ്വാഭാവിക സൗന്ദര്യമാണ് സ്നേഹം. ഒരു കാക്കയ്ക്ക് വെള്ളം കൊടുത്തുകൊണ്ടിരുന്നാൽ അത് നമ്മെ വിട്ടുപോകില്ല. അതിൻ്റെ  സവിശേഷവും സുന്ദരവും പ്രാപഞ്ചികവുമായ സംവേദനമാണത് . അതിനെ ആഴത്തിൽ സ്പർശിക്കുന്ന സംവേദനം വേറൊന്നില്ല. ഏതൊരു ജീവിയെയും സ്നേഹത്തിൽ നിന്നു ഒഴിവാക്കേണ്ടതില്ല. സ്നേഹിച്ചാൽ അത് തിരിച്ചു സ്നേഹിക്കും. അതിനു മനസ്സിലാകുന്ന ഒരേയൊരു സത്യം ഇതാണ് .സ്നേഹത്തിനു വേണ്ടി നാം ക്ഷുദ്രമായ ആവശ്യങ്ങൾ വേണ്ടെന്നു വയ്ക്കുമ്പോൾ അവിടെ ദൈവം പ്രസരിക്കാൻ തുടങ്ങും. പ്രശാന്തവും അനേഹികവുമായ ഒരു തരംഗം എവിടെയോ സ്പർശിച്ചു കടന്നു പോകുന്ന പോലെ തോന്നും.  വൈകാരികമായി ഇത് അനുഭവിക്കാനാകും. നമ്മളിൽ നിന്ന് അന്യമല്ല നമ്മുടെ വസ്തുക്കൾ എന്ന നിലയിലേക്കുള്ള കയറ്റമാണിത്. നമ്മിൽ തന്നെയാണ് ആ വസ്തുക്കൾ വസിക്കുന്നത്. അവയുടെ ജീവിതവും മരണവും നമ്മളിലാണ്.നാം ഉപേക്ഷിച്ചാൽ, നാം സ്നേഹിച്ചു കൊണ്ടിരുന്ന വസ്തുക്കൾക്ക് ലക്ഷ്യം നഷ്ടമാകും. അവ ജീവിതത്തോടു താല്പര്യമില്ലാത്ത വിധം സ്വയം ഉപേക്ഷിക്കും .

അന്തർലീനമായ സൗന്ദര്യം 

കഴിഞ്ഞദിവസം അന്തരിച്ച ലാറ്റിൻ അമേരിക്കൻ എഴുത്തുകാരൻ മരിയോ  വർഗാസ് യോസ ഇങ്ങനെ പറഞ്ഞു: 'പ്രേമത്തിൽ വേണ്ടത് ഫ്രഞ്ചുകാർ പറയുന്ന 'ഭ്രാന്ത് പിടിച്ച പ്രേമ'മാണ്. അത് സുന്ദരമായിരിക്കില്ല. അത് സമ്പൂർണ്ണമായ പ്രേമമാണ്. അത് വികാരങ്ങളെ, പ്രവൃത്തികളെ മാത്രമല്ല ആശ്ളേഷിക്കുന്നത് ;പ്രേമത്തിന്റെ കണ്ണിലൂടെ ഈ ലോകത്തെ മനസ്സിലാക്കുന്ന പ്രക്രിയയാണത്.' പ്രേമം എന്നു വിളിക്കുന്നത് എന്തിനെയാണോ അതിൻ്റെ  പരിമിതിയെ മറികടക്കുന്ന പ്രസ്താവനയാണിത്. മനുഷ്യൻ എന്ന ജീവിയെ സ്റ്റീരിയോടൈപ്പ് എന്ന നിലയിൽ കാണുന്നതിനു പകരം വിവിധ സാധ്യതകളാണ് യോസ ആലോചിക്കുന്നത്. 

മനുഷ്യനും കുറേക്കൂടി അഗാധമായി ജീവിക്കാനാകും. ഉള്ളിൽ  വിലപ്പെട്ടതെല്ലാം നഷ്ടപ്പെട്ടവനാണ്  മനുഷ്യനെങ്കിൽ അവനിൽ ബാക്കിയാവുക തോക്കും മിസൈലുകളുമൊക്കെയായിരിക്കും. ഡിജിറ്റൽ രൂപാന്തരം സംഭവിക്കുന്ന  മനുഷ്യൻ ജീവിതത്തിൽ മുഖ്യലക്ഷ്യമായി കാണുന്നത് ഒരു സൈബർ വ്യക്തിത്വരൂപീകരണമാണ്. വർഷങ്ങൾക്കു മുൻപ് ഇന്തോനേഷ്യയിൽ ഒരു പള്ളിയിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നവരുടെ  സമീപത്തേക്ക് കടന്നുചെന്നു കണ്ടവരെയെല്ലാം വെടിവെച്ചുകൊന്ന ഒരുവൻ ആ സമയം അതെല്ലാം ഫേസ്ബുക്കിൽ ലൈവ് കൊടുത്തു കൊണ്ടിരിക്കുകയായിരുന്നു !.അവനു കൊന്നാൽ മാത്രം പോരാ, കൊല്ലുന്നത് സ്വയം കാണാനും മറ്റുള്ളവരെ കാണിക്കാനും അവസരം വേണം. അവൻ്റെ മനസ്സിനെ ഭീകരമായ ആസക്തിയാണ് പിടികൂടിയിരുന്നത്. രക്തവും മരണവും ഹിംസയും കണ്ടുമതിവരാത്ത വിധം അവൻ്റെ മനസ്സ് പൈശാചികമെന്നു വിശേഷിപ്പിക്കാവുന്ന ഒരു യുദ്ധവ്യൂഹമാവുകയായിരുന്നു. ഇത് സ്നേഹം നഷ്ടപ്പെട്ടവരുടെ മാനസികാവസ്ഥയാണ്. എന്നാൽ അപൂർവ്വം ചിലരെങ്കിലും മനസിലാക്കുന്നുണ്ട് ,പ്രപഞ്ചത്തിലെ ഓരോ വസ്തുവും പരസ്പരം എങ്ങനെ രമ്യതയിൽ കോർത്തിണക്കാമെന്ന പദ്ധതിക്കു വേണ്ടിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന സത്യം. അത് ലൗകികപ്രേമത്തിന്റെ തലമല്ല; ലൗകികതയ്ക്ക് ആഴം നൽകുകയും എല്ലാറ്റിലും അന്തർലീനമായ സൗന്ദര്യത്തെ അറിയുകയുമാണ്. എല്ലാ വസ്തുക്കളിലും ദൈവികമെന്നു  വിളിക്കാവുന്ന ഒരു മനോഹാരിത ഒളിപ്പിക്കപ്പെട്ടിരിക്കുന്നു. അതിൻ്റെ മുന്നിലൂടെ വാളും പിടിച്ചു ആക്രോശിച്ചുകൊണ്ട് നടക്കുന്നവരുടേതാണ് ഈ ലോകം. ആ വാതിലിൽ ഒന്നു മുട്ടാൻ സമയമില്ല.

"പ്രേമത്തിനു മറ്റൊരു ലക്ഷ്യമില്ല .അത് സ്വയം നിറയ്ക്കുകയാണ് ചെയ്യുന്നത്. നിങ്ങൾക്ക് പ്രേമത്തെക്കുറിച്ചുള്ള അറിവിൻ്റെ പേരിൽ മുറിവേൽക്കാനാണ് ശ്രദ്ധിക്കേണ്ടത്' - ലബനീസ് കവി ഖലിൽ ജിബ്രാൻ എഴുതി. ഈ മുറിവേൽക്കൽ ഒരു അത്യാനന്ദമാണ് .ഓരോ പൂവിനും ഈ ചങ്ങലയിൽ ഒരു സ്ഥാനമുണ്ട്. കാട്ടിൽ ആരുമറിയാതെ വിരിഞ്ഞ് കാറ്റിലാടുന്ന നീലപ്പൂക്കൾക്ക് എന്താണ് ഇത്ര സന്തോഷം ?ഈ സത്യത്തെ അറിഞ്ഞതിൻ്റെ സന്തോഷമാണത്.  പ്രപഞ്ചത്തിൽ അചേതനവസ്തുക്കളെയും പ്രകൃതിയെയും കൂട്ടിയിണിക്കുന്ന അഭൗമവും അതേസമയം സുന്ദരവുമായ സ്നേഹത്തെക്കുറിച്ച് ആശാൻ പാടുന്നത് ഇങ്ങനെയാണ്:

'സ്നേഹത്തിൽ നിന്നുദിക്കുന്നു -ലോകം 
സ്നേഹത്താൽ വൃദ്ധി തേടുന്നു
സ്നേഹം താൻ ശക്തി ജഗത്തിൽ - സ്വയം
സ്നേഹം താനാനന്ദമാർക്കും.'

സ്നേഹമില്ലെങ്കിൽ ലോകമില്ലെന്നാണ് കവിയുടെ മതം .പക്ഷേ ഈ സ്നേഹം ഒരു ഉടമ്പടിയല്ല, സാമ്പത്തിക ധാരണയല്ല ,ക്രയവിക്രയമല്ല .ഇത് അപാരമായ അടുപ്പത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നത് .നാം നമ്മുടെ തന്നെ നരകത്തിൽ നിന്നുണർന്നാൽ സ്നേഹത്തിൻ്റെ ഈ വിശുദ്ധ ധാരയിലേക്ക് പ്രവേശിക്കാം.

രജതരേഖകൾ 

1)ലാറ്റിനമേരിക്കൻ നോവലിസ്റ്റ് മരിയോ  വർഗാസ് യോസ തൻ്റെ സാഹിത്യസമീപനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു :'എനിക്കിഷ്ടപ്പെട്ട നോവലുകൾ ഞാൻ വായിക്കുന്ന രീതിയിൽ എൻ്റെ നോവലുകൾ വായിക്കപ്പെടുന്നതാണ് എനിക്കിഷ്ടം. എന്നെ ഏറ്റവുമധികം ആകർഷിച്ച നോവലുകൾ ബുദ്ധിയുടെയോ യുക്തിയുടെയോ ചാലുകളിലൂടെ എന്നിലേക്കെത്തിയവയല്ല, എന്നെ വശീകരിച്ചവയാണ്. എൻ്റെ എല്ലാ വിമർശനാത്മക സിദ്ധികളെയും പൂർണമായി ഉന്മൂലനം ചെയ്യാനും ഒരു  ഉദ്വേഗാവസ്ഥയിൽ എന്നെ നിർത്തിപ്പോ വാനും കഴിവുള്ള കഥകളാണവ. അത്തരം നോവലാണ് എനിക്ക് വായിക്കാനിഷ്ടമുള്ളതും എനിക്കെഴുതാനിഷ്ടമുള്ളതും'(രവികുമാർ വാസുദേവൻ )

ഒരു സാഹിത്യകൃതി നമ്മെ  'മുൻജന്മ'ത്തിലേ തന്നെ സ്വാധീനിക്കുകയാണ്. അത് നമ്മളിലേക്ക് എറിഞ്ഞുതരാൻ മറ്റൊരാളുടെ ആവശ്യമില്ല.

2)സ്വന്തം വായന എന്നൊരാശയമുണ്ട്.  സ്ഥാപനങ്ങളോ വ്യക്തികളോ പറഞ്ഞുതരാത്ത പുസ്തകങ്ങളും ചിന്തകളും വായനക്കാരൻ സ്വയം തേടിച്ചെല്ലുന്ന പ്രകിയയാണിത്.  ആൾക്കൂട്ടത്തിലായിരിക്കുമ്പോഴും ആ ചിന്തകൾ കൊണ്ടുനടക്കാം. അതാണ് വായിക്കാൻ പ്രേരിപ്പിക്കുന്നത്.

3)സുറാബ് എഴുതിയ കവിത (വീട്ടുകാര്യം,പച്ചമലയാളം, ഏപ്രിൽ) യിൽ രസാനുഭവം നിലനിൽക്കുന്നു.

'കണ്ട കിനാവിന്റെ കൂടെ
എഴുന്നേറ്റു പോയതെന്തിന്?
നിന്നെ ഉണർത്താതിരിക്കാൻ. 

കിടപ്പറവാതിലിനു കൊളുത്തില്ലല്ലോ. വീട്ടിലേക്ക് തന്നെ ആരും നോക്കുന്നില്ല പിന്നെയല്ലേ കിടപ്പറ '

4)ആവിഷ്കാരസ്വാതന്ത്ര്യം എന്നത് ഒരു ബ്ലാങ്ക് ചെക്കല്ല; എന്തും എഴുതുകയോ വരയ്ക്കുകയോ ചെയ്യാനവകാശമില്ല. ഷേക്സ്പിയർ യേശുദേവനെ അപമാനിക്കാൻ വേണ്ടിയല്ല നാടകങ്ങൾ എഴുതിയത്. ദൈവവുമായി ചൂതാട്ടത്തിലേർപ്പെട്ട ദസ്തയെവ്സ്കി പോലും ദൈവത്തെ അപമാനിച്ചില്ല. സമൂഹത്തിൽ മനുഷ്യൻ പവിത്രമായി ആരാധിക്കുന്നതിനെ കളിയാക്കാനും നിന്ദിക്കാനും  കലാകാരനു അവകാശമില്ല. കലാകാരൻ അതിനു വേറെ ആവിഷ്കാരമാർഗങ്ങൾ തേടുകയാണ് വേണ്ടത് .അയാളുടെ ബുദ്ധിയാണ് അവിടെ പ്രവർത്തിക്കേണ്ടത്.

3)കലാകാരനും ഒരു ഭിക്ഷാംദേഹിയാണ് .അനുവാചകരുടെ പ്രീതിയാണ് അയാൾ തേടുന്ന ഭിക്ഷ. അയാളെക്കുറിച്ച് സമൂഹം പുലർത്തുന്ന തെറ്റായ ധാരണകളെയും കേൾക്കേണ്ടിവരുന്ന വിഷം പുരട്ടിയ  വാക്കുകളെയും പൂമാല പോലെ ഏറ്റെടുത്താലേ കലാകാരനു നിലനിൽക്കാനാവൂ. തന്നെ ആളുകൾ ചീത്ത പറയുന്നത് ചങ്ങമ്പുഴ ആസ്വദിച്ചിരുന്നു. ചീത്ത പറഞ്ഞ വിവരം അറിയിക്കുന്നവരെ അദ്ദേഹം അനുമോദിക്കാറുണ്ടായിരുന്നു. 

4)സാഹിത്യത്തിൽ എല്ലാ എസ്റ്റാബ്ളിഷ്മെൻ്റുകളും  വിമർശകർക്ക് എതിരാണ് .വിമർശനം ഒരു അധികാരകേന്ദ്രമാണെന്നതാണ് കാരണം. ഏത് വലിയ സാഹിത്യകാരനായാലും വിമർശകൻ്റെ  ഒറ്റവരിയുക്തിയുടെ പ്രഹരമേറ്റ്  ചിലപ്പോൾ വാടിപ്പോയേക്കാം.

5)ദസ്തയെവ്സ്കിയുടെ ആദ്യനോവലാണ് 'പുവർ ഫോക്ക്'(പാവങ്ങൾ).അദ്ദേഹം എഴുതി:'ദാരിദ്ര്യമല്ല ഏറ്റവും വലിയ ദുരന്തം; അന്തസ്സ്  നഷ്ടപ്പെടുന്നതാണ്.'

6)ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സ്നേഹം, ഒരു കടലാസിൽ എഴുതുമ്പോൾതന്നെ മാഞ്ഞുപോകുന്ന അവസ്ഥയ്ക്ക് സമാനമാണ്. അത്  എഴുതുമ്പോൾ മാത്രമാണുള്ളത്. 

7)'ആത്മഹത്യ ചെയ്യുന്നവന്റെ തയ്യാറെടുപ്പ്'(ഗ്രന്ഥാലോകം, ഏപ്രിൽ )എന്ന പേരിൽ റഷീദ് ആനപ്പുറം എഴുതിയ കവിതയോടു യോജിപ്പില്ല. ആത്മഹത്യ ചെയ്യുന്നവനു ജീവിതത്തോടു കൂറുണ്ടായിരുന്നുവെന്നു സ്ഥാപിക്കാനാണ് കുറിപ്പ് തയ്യാറാക്കി വയ്ക്കുന്നത്.എന്തിനാണ് മരിക്കാൻ തീരുമാനിച്ച ശേഷം തൻ്റെ മരണം ജീവിതമായിരുന്നുവെന്ന് എഴുതിവച്ച് അറിയിക്കുന്നത് ?ഇത് ജീവിതപ്രേമമാണ് .ജീവിതത്തെ വെറുക്കുന്നവൻ ആത്മഹത്യ ചെയ്യുമ്പോൾ ഒരു രേഖയും ഉണ്ടാക്കി വയ്ക്കില്ല .എന്തിനാണ് താൻ ജീവിതത്തെ നിസാരമായല്ല കണ്ടതെന്നു ആളുകളെക്കൊണ്ട് പറയിപ്പിക്കുന്നത്. റഷീദിൻ്റെ കവിതയിൽ നിന്ന്:

'ആത്മഹത്യ ചെയ്യുന്നവൻ 
നല്ല ഭംഗിയുള്ള ശവപ്പെട്ടി ഓൺലൈനിൽ സെർച്ച് ചെയ്യും.
സെമിത്തേരിയിൽ
വെൺകല്ലുകൊണ്ട് കല്ലറ പണിയാൻ
കൂട്ടുകാരനു വാട്സപ്പ് മെസ്സേജയയ്ക്കും.
ശ്മശാനത്തിൽ കത്തിച്ചു കളഞ്ഞ ദേഹത്തിലെ 
ബാക്കി എല്ലുകൾ 
പാപനാശിനിയിലൊഴുക്കാൻ കുറിപ്പെഴുതി പോക്കറ്റിലിടും'

എന്തിനാണ് ആത്മഹത്യയെ അപമാനിക്കുന്നത് ?ആത്മഹത്യ ഒരു കാപട്യമാണെന്നു കരുതാമോ ?ആത്മഹത്യ ദാർശനിക പ്രശ്നമാണെന്നു പറഞ്ഞ ഫ്രഞ്ച് എഴുത്തുകാരൻ ആൽബേർ കമ്യുവിനെ അറിയുക .

അക്ഷരജാലകം / എം.കെ.ഹരികുമാർ (apil 14, 2025)

 





ബോർഹസ്യൻ ഊരാക്കുടക്ക്


പഴയനിയമത്തിലെ ബാബേൽ ഗോപുരം സാഹിത്യരചനകളിലും അർത്ഥപരമായ ഉൾക്കാഴ്ചകൾക്ക് പ്രേരകമായിട്ടുണ്ട്. പ്രളയത്തിനുശേഷം ലോകത്തിലെ ജനങ്ങൾ ഒരുമിച്ച് താമസിക്കുന്നതിനിടയിൽ അവർ ഒരു നൂതനാശയത്തെക്കുറിച്ച് ചിന്തിച്ചു. അവർക്കെല്ലാം ഒരേയൊരു ഭാഷയാണ്  അറിയാമായിരുന്നത്. അതുകൊണ്ട് എല്ലാവർക്കും ഒരുമിച്ചുനിൽക്കാൻ എളുപ്പമായിരുന്നു. അവരുടെ നൂതനാശയം ഒരു നഗരം നിർമിക്കണമെന്നതായിരുന്നു. അതിൻ്റെ ഭാഗമായി വളരെ ഉയരമുള്ള ഒരു ഗോപുരം നിർമ്മിക്കാനും തീരുമാനിച്ചു. അത് തങ്ങളുടെ നാടിനു അഭിമാനമാകുമെന്നും അതിലൂടെ തങ്ങളുടെ വാസ്തുശില്പകലയിലുള്ള വൈദഗ്ദ്ധ്യം അനശ്വരമായി നിലനിൽക്കുമെന്നും അവർ ചിന്തിച്ചു. അവർ ഉത്സാഹത്തോടെ നിർമ്മാണം തുടങ്ങി. അത് പൂർത്തിയാക്കാനായില്ല. എന്നാൽ ഈ പ്രവൃത്തിയെ യഹോവ ഇഷ്ടപ്പെട്ടില്ല. മനുഷ്യർ സ്വന്തം നിലയിൽ ഇതുപോലുള്ള ഉഗ്രമായ നിർമിതികളിലേർപ്പെടുന്നത് ശരിയല്ലെന്നു യഹോവ ആലോചിച്ചു. യഹോവ അത് തടയാനായി ഒരു ഉപായം പ്രയോഗിച്ചു. അതിനായി അവരുടെ ഏകഭാഷ എന്ന സൗകര്യം  ഇല്ലാതാക്കി. അവർക്കിടയിൽ യഹോവ പല ഭാഷകൾ സൃഷ്ടിച്ചു ആശയപ്രകാശനം അസാധ്യമാക്കി.  ഒരാൾ പറയുന്നത് മറ്റൊരാൾക്ക് മനസ്സിലാകാതെ വന്നാൽ നിർമ്മാണത്തിനു തടസ്സങ്ങൾ ഉണ്ടാകുമല്ലോ. ആ നഗരനിർമ്മാണം ഒരു സ്വപ്നമായി അവശേഷിച്ചു. ബാബേൽ എന്നാൽ കുഴപ്പിക്കുക എന്നാണർത്ഥം .പിന്നീട് ,പൂർത്തിയാക്കാൻ കഴിയാത്ത ആ ഗോപുരത്തിനു ബാബേൽ എന്നു പേര് ലഭിക്കുകയായിരുന്നു.

ബാബേൽ ഗോപുരം മനുഷ്യൻ്റെ  സ്വപ്നത്തകർച്ചയെയാണ് ഉദാഹരിക്കുന്നത്. സഫലമാകാതെ പോയ ഉദ്യമങ്ങൾ ബാബേൽ മാതൃകയിലാണ് കാണേണ്ടത്. മനുഷ്യൻ നേരിട്ട ആശയവിനിമയത്തിൻ്റെ അസാധ്യതകളെ കാല്പനികവൽക്കരിക്കാൻ ഈ പേര്  ധാരാളമാണ്. നമ്മെ ഇന്നും ഭാഷാപരമായ ഈ പ്രതിസന്ധി പിന്തുടരുന്നു. എല്ലാവർക്കും അറിയാവുന്ന ഭാഷയില്ലല്ലോ. കൂടുതൽ പേർക്ക് അറിയാവുന്ന ഭാഷ ഉണ്ടായേക്കാം. ഭാഷാപരമായ  അസാധ്യതകൾ നമ്മെ പരസ്പരം അകറ്റിക്കളയുന്നു. മനസ്സിനും ഒരു ഭാഷയുണ്ട്. മനസ്സിന്റെ ഭാഷ തികച്ചും സ്വകാര്യമാണ് .ഒരാളുടെ ഭാഷ മറ്റൊരാൾക്ക് അറിയില്ല. ഓരോരുത്തരും സ്വന്തം സ്വകാര്യഭാഷയുടെ അസാധ്യതകളിൽ, അതാര്യതകളിൽ ഉരുകിത്തീരുകയാണ്. ഓരോരുത്തരും സ്വന്തം ഭാഷകൊണ്ട് സ്വയം പറഞ്ഞു മനസ്സിലാക്കാനാണ്  ശ്രമിക്കുന്നത്. അത് ഒരു യജ്ഞമാണ്. അത് ഒരു അനുഷ്ഠാനമായി ജീർണിക്കുന്നു. മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നതിനു മുമ്പ് സ്വന്തം ഭാഷ കൊണ്ട് സ്വയം ബോധ്യപ്പെടുന്നത് മറ്റൊന്നാണ്. ഇതാണ് ഭാഷാപരമായ തകർച്ച .ഒരു സത്യത്തെ നുണയാക്കാൻ വേണ്ടി നാം നമ്മുടെ മനസ്സിൻ്റെ അപൂർവ്വമായ ഭാഷയിൽ സ്വയം മാർഗ്ഗങ്ങൾ കണ്ടെത്തുന്നു. അങ്ങനെ സ്വയം കളവ് സൃഷ്ടിച്ചെടുക്കുന്നു. അതിൻ്റെ യുക്തിയിൽ സ്വയം ജയിക്കുന്നു. എന്നാൽ മറ്റൊരാൾക്ക് ആ ജയം വ്യക്തമാവുകയില്ല. സ്വന്തം ഭാഷയിലൂടെ അപരനെ അറിയേണ്ടതുണ്ട്. അവനു പക്ഷേ, അവന്റെ മനസ്സിന്റെ ഭാഷ മാത്രമാണ് വശമുള്ളത്. നാം ആന്തരികതയിലാണ് ഭാഷയെ വളർത്തുന്നത്. വാക്കിലാണ് ജീവിക്കുന്നത്.

സ്നേഹം ഓർമ്മകളുടെ കൂട് 

ബർട്രാൻഡ് റസ്സലിൻ്റെ 'ഹ്യൂമൻ നോളജ്' എന്ന ഗ്രന്ഥത്തിൽ എട്ടാം അധ്യായത്തിൽ 'ട്രൂത്ത് എലിമെൻററി ഫോംസ്' എന്ന ഭാഗത്ത് വിശ്വാസം, അർത്ഥം, വാക്ക് എന്നിവയെക്കുറിച്ച് വിവരിക്കുന്നുണ്ട് .അത് ഇങ്ങനെ സംഗ്രഹിക്കാം: 'ഓർമ്മകളുടെ  ബന്ധങ്ങളുള്ളപ്പോഴാണ് വാക്കുകൾക്ക് അർത്ഥമുണ്ടാകുന്നത്. നോക്കൂ ,ഒരു കുറുക്കൻ അവിടെയുണ്ട് എന്നു പറഞ്ഞാൽ ഉടനെ ഒരു കുറുക്കൻ്റെ മണം പിടിച്ചതുപോലെ നിങ്ങൾ പെരുമാറാൻ തുടങ്ങും. ഒരു  കുറുക്കനെ കണ്ടപോലെയാണ് കുറുക്കൻ എന്നു പറയുന്നത്. എന്തെന്നാൽ കുറുക്കൻ, കുറുക്കൻ എന്ന പദത്തിലേക്കും തിരിച്ചും നമ്മെ കൊണ്ടുപോകുന്നു .നിങ്ങൾ ഒരിക്കലും കുറുക്കനെ കണ്ടിട്ടില്ലെങ്കിൽ ആ വാക്ക് നിർവ്വചിക്കപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ ഒരു ബോധം സ്വരൂപിക്കും. അവിടെ വാക്ക് ഒരു വിശ്വാസമാണ്.ഇത് നമ്മുടെ ശരീരത്തിലും പ്രതിഫലിക്കും.' ഈ ഭാഷ എല്ലാവർക്കും അറിയാവുന്നതാകയാൽ പെരുമാറ്റത്തിലും പുറത്തുവരുന്നു. ഇതാണ് ഓർമ്മകൾ തമ്മിലുള്ള ബന്ധം.

ഇത് ഒരു വ്യക്തിയുടെ കാര്യമാണ്. ഓരോരുത്തരുടെയും മനസിൽ ദൈവം ഓരോ ഭാഷ സൃഷ്ടിച്ചിരിക്കുന്നതുകൊണ്ട് നമുക്ക് അന്യോന്യം മനസ്സിലാക്കാനാവുന്നില്ല . സ്നേഹിക്കാനാകുന്നില്ല .സ്നേഹത്തിനുവേണ്ടി ജീവിക്കാനാകുന്നില്ല.വെറുതെ സ്നേഹിച്ചാൽ പോരാ. 
ഒരു ടിക്കറ്റെടുത്ത് സിനിമ കാണുന്നതുപോലെയാകരുത് സ്നേഹം. സിനിമ തീരുന്നതോടെ ആ ടിക്കറ്റ് ഉപേക്ഷിക്കുന്നു .സ്നേഹം മനസിൻ്റേതാണ്. മനസ്സിനെ ഉപേക്ഷിച്ചാലേ സ്നേഹമില്ലാതാകൂ. സ്നേഹത്തിനുവേണ്ടി ജീവിക്കുന്നത് സ്നേഹം എന്ന വികാരം ഉള്ളിലുള്ളതുകൊണ്ടാണ്. സ്നേഹം ഓർമ്മകളുടെ കൂടാണ്. അത് ഒന്നിൽ നിന്നു തൊടുത്ത് ആയിരമായി പടരുന്നു. ഈ സന്ദർഭത്തിൽ ഓർക്കേണ്ടതാണ് അർജൻ്റൈൻ എഴുത്തുകാരനായ ലൂയി ബോർഹസിൻ്റെ 'ദ് ലൈബ്രറി ഓഫ് ബാബേൽ' എന്ന കഥ .ഒരു അമാനുഷികമായ ഭാവനയാണത്. ഭാവന എന്ന വാക്ക് മനസ്സിൻ്റേതാണ്. എന്നാൽ ബോർഹസ് ആ വാക്കിനു  മനുഷ്യാതീതമായ ഒരു തലം  നൽകുന്നു. മനുഷ്യന്റെ ഭാവനയുടെ അപാരതയിലേക്കാണ് കഥാകൃത്ത് സഞ്ചരിക്കുന്നത്. ഒരു വലിയ ലൈബ്രറി സങ്കല്പിക്കുന്നു. ഷഡ്ഭുജാകൃതിയിലുള്ള അറകളാണ് അതിന്റെ പ്രത്യേകത .അതിൻ്റെ ഇടനാഴിയിൽ ഒരു കണ്ണാടി വച്ചിട്ടുണ്ട്. ആ ലൈബ്രറിയാകെ നിഗൂഢതയാണ്. അവിടെ നിരത്തിയിരിക്കുന്ന പുസ്തകങ്ങൾക്ക് ഒരു പ്രഹേളികാസ്വഭാവമാണുളളത്. അത് വായനക്കാരനെ കബളിപ്പിക്കുകയും കഷ്ടപ്പെടുത്തുകയും ചെയ്യുന്നു .ചില ഗ്രന്ഥങ്ങൾ ഉള്ളടക്കം വെളിപ്പെടുത്താത്ത വിധം ദുർഗ്രഹമാണത്രേ. ഓരോ വാചകത്തിനും ഒറ്റയ്ക്ക് അർത്ഥമില്ലാത്ത, എന്നാൽ അതിൻ്റെ അനുബന്ധം നോക്കിയാൽ വല്ലതും പിടികിട്ടിയേക്കാവുന്ന പുസ്തകങ്ങളും അവിടെയുണ്ട്. അവിടെ ഒരു ലൈബ്രേറിയനുണ്ട്. അയാൾക്ക് ഇരിക്കാൻ ഒരു പ്രതീതി ഇരിപ്പിടമാണുള്ളത്. 

നിരർത്ഥകത പോത്തിൻ്റെ കൊമ്പുപോലെ 

ലൈബ്രറി ഒരു വൈരുദ്ധ്യമാണ് .അവിടെ വിവിധ തരം പുസ്തകങ്ങൾ പരസ്പരം പോരടിക്കുകയാണ്. ലോകത്ത് ഭൂരിപക്ഷവും തെറ്റുകൾ ചെയ്യുന്നവരാണ് .ആ തെറ്റുകളെ എന്നേക്കുമായി ന്യായീകരിക്കാൻ ശ്രമിക്കുന്ന പുസ്തകങ്ങളും ആ കൂട്ടത്തിലുണ്ട് .ന്യായവാദങ്ങൾ ഒരു തുടർക്കഥയാണ്. എല്ലാറ്റിനെയും ന്യായീകരിക്കാനാവും. എന്നാൽ സത്യാന്വേഷികൾ ഇത്തരം ന്യായവാദങ്ങളെ അനുബന്ധമായി കാണും. അതിൽ യുക്തിയോ ധർമ്മമോ ഇല്ലെന്നു അവർ പ്രഖ്യാപിക്കും. അതേസമയം ബോർഹസിൻ്റെ ലൈബ്രറിയിലെ ചില പുസ്തകങ്ങൾക്ക് പുറംചട്ടയും  ഉള്ളടക്കവും തമ്മിൽ ബന്ധമില്ല. എഴുതപ്പെട്ട എല്ലാ പുസ്തകങ്ങളും ആ ലൈബ്രറിയിലുണ്ടെന്നത് ഒരു അനുമാനമാണ്. എല്ലാ പുസ്തകങ്ങളുടെയും എല്ലാ ഭാഷകളിലുമുള്ള പരിഭാഷകളും അവിടെയുണ്ട്. അതൊക്കെ ആരാണ് വായിക്കുന്നതെന്നു വ്യക്തമല്ല. ലൈബ്രറിയിൽ നിന്നു പുസ്തകങ്ങൾ ചോദിച്ചുവാങ്ങുന്നവരെ കാണുന്നില്ല. പുസ്തകങ്ങളെപ്പറ്റിയും ഉള്ളടക്കങ്ങളെപ്പറ്റിയുമുള്ള  അനുമാനങ്ങളാണ് ഏറെയും .ചില ഗ്രന്ഥങ്ങളിൽ ഒരേ വാചകങ്ങൾ തന്നെ ആവർത്തിക്കുകയാണ്. എന്തിനാണ് ഇത്തരം പുസ്തകങ്ങൾ പടച്ചുണ്ടാക്കുന്നതെന്നു ചോദിക്കരുത്. അതെല്ലാം ഈ അർത്ഥരഹിതമായ ലോകത്ത്, സന്ദിഗ്ദ്ധമായ ലോകത്ത്   സാധ്യമാണ്. 

പതിനൊന്നു പേരെ വെട്ടിക്കൊന്നവൻ അതിനെക്കുറിച്ച് ഒരു പുസ്തകമെഴുതിയാൽ ഉടനെ അത് കലാശാലയിൽ പാഠപുസ്തകമാകുന്ന സാഹചര്യമാണുള്ളത്. ഇതിനെ ബോർഹസ്യൻ ഊരാക്കുടുക്ക് എന്നു വിശേഷിപ്പിക്കാവുന്നതാണ്. ബോർഹസ്യൻ എന്നാൽ ബോർഹസിൻ്റെ കഥകളിൽ കാണുന്നതു പോലെയുള്ള ഭ്രമിപ്പിക്കുന്ന ,കുഴയ്ക്കുന്ന, അനിശ്ചിതമായ ,ആകുലപ്പെടുത്തുന്ന  സംഭവങ്ങൾ എന്നർത്ഥം. നിരർത്ഥകത പോത്തിന്റെ കൊമ്പു പോലെ എഴുന്നു നിൽക്കുന്ന ജീവിതത്തിൽ ബോർഹസ്യൻ ഊരാക്കുടുക്ക് സർവസാധാരണമാണ്.

നിയതമായ രൂപമില്ലാത്ത പുസ്തകങ്ങളെക്കുറിച്ചും ബോർഹസ് എഴുതുന്നുണ്ട്. എന്തിനാണ് ഇത്തരം പുസ്തകങ്ങൾ? എന്നാൽ ഒരു സ്വപ്നത്തിൽ ഇത്തരം പുസ്തകങ്ങൾക്ക് സാധ്യതയുണ്ട്. ഒരു പുസ്തകം ഒരിടത്ത് അവസാനിക്കുന്നു; എന്നാൽ ലോകം അവസാനിക്കുന്നില്ല. ലോകത്ത് ഇത്തരം പുസ്തകങ്ങൾ ആവർത്തിക്കുകയാണ് ചെയ്യുന്നത്.  പലരും എഴുതി വച്ച വിഷയങ്ങൾ പരിഷ്കരിച്ച് വീണ്ടും എഴുതുന്നതിനേയും പുസ്തകം എന്നു വിളിക്കാം. മൗലികമായ ഗ്രന്ഥങ്ങളില്ല. റോമാ ചക്രവർത്തിയായിരുന്ന മാർകസ് ഒറേലിയസിൻ്റെ 'മെഡിറ്റേഷൻസ്', പഴയനിയമത്തിലെ 'സഭാപ്രസംഗകൻ', ഭഗവത്ഗീത തുടങ്ങിയ ഗ്രന്ഥങ്ങൾ പല രൂപത്തിൽ ആവർത്തിക്കുന്നത് കാണാം. കമ്യുവിൻ്റെ 'സിസിഫസ് പുരാണം' ഗ്രീക്ക് പുരാണത്തിൽ നിന്നെടുത്തതാണ്. എന്തുകൊണ്ടാണ് സിസിഫസിനു വലിയ ഒരു പാറ കുന്നിൻ്റെ മുകളിലേക്കു ഉയർത്തേണ്ടി വന്നത് ? അയാൾ മരണദേവനെ ചങ്ങലയിൽ ബന്ധിച്ചു മരണത്തെ തടഞ്ഞ രാജാവയിരുന്നു. അതിനുള്ള ശിക്ഷയാണ് ദൈവം കൊടുത്തത് .

ഈ ലോകം എന്ന ലൈബ്രറി 

ഒരു പുസ്തകം കാണാൻ മറ്റൊരു  പുസ്തകം നോക്കണമെന്ന വിചിത്രമായ വാദം ബോർഹസിൻ്റെ കഥയിൽ കാണാം. യഥാർത്ഥത്തിൽ ഈ പുസ്തകം അദ്ദേഹത്തിൻ്റെ ഭാവനയിൽ നിന്നുദിച്ച് മനുഷ്യാസ്തിത്വത്തിൻ്റെ സങ്കീർണമായ ദുരവസ്ഥകളെ ചൂണ്ടിക്കാണിക്കുകയാണ് ചെയ്യുന്നത്. ഇവിടെ ലൈബ്രറി ഈ ലോകം തന്നെയാണ് .അവിടെ നാം ഓരോരുത്തരും ലൈബ്രേറിയന്മാരാണ്.  എന്നാൽ ലൈബ്രേറിയൻ ചിന്താക്കുഴപ്പത്തിലാണ്. ഈ ലൈബ്രറിയുടെ വ്യാപ്തിയെക്കുറിച്ചോ അതിൽ ഉൾപ്പെട്ടിട്ടുള്ള പുസ്തകങ്ങളെക്കുറിച്ചോ വ്യക്തമായ ഒരു ധാരണ അയാൾക്കില്ല. അയാൾ തന്റെ പരിമിതികൾക്കകത്ത് ഒരു വിഭ്രമത്തിനു അടിമപ്പടുകയാണ് ചെയ്യുന്നത്. ഒരു അനുഭവത്തിന്റെ യഥാർത്ഥ അവസ്ഥ എന്താണെന്നു നമുക്കറിയില്ല. നാം പലതരം വ്യാഖ്യാനങ്ങൾ കൊണ്ട് തൃപ്തിപ്പെടുകയാണ് .ഈ വ്യാഖ്യാനങ്ങൾക്ക് അന്തമില്ല, ഈ ലൈബ്രറിക്ക് അന്തമില്ലാത്തതുപോലെ. നാം ഒരു പുസ്തകശേഖരമാണ് . അതിൻ്റെ തുടക്കവും ഒടുക്കവും  ക്രമീകരിക്കുന്നത് തന്നെ മൗഢ്യമാണ്. മനസ്സിലെ എണ്ണമറ്റ പുസ്തകങ്ങൾ നാം അടുക്കി വയ്ക്കാറില്ല. എന്നാൽ പരസ്പരഭിന്നമായ ചിന്താഗതികളാണ് ആ പുസ്തകങ്ങൾ. നിലവിലിരിക്കുന്ന വ്യവസ്ഥയെ നിരാകരിച്ച് പൂർവകാലത്തെ ഏതോ വ്യവസ്ഥയെ അന്ധമായി പിന്തുടരുന്ന അനേകം പുസ്തകങ്ങളുണ്ട്. ആ പുസ്തകങ്ങൾ നമ്മോട് സംവദിക്കുന്നില്ലെന്നു  കഥയിൽ ബോർഹസ് അറിയിക്കുന്നുണ്ട് .മനസ്സിനു ഉൾക്കൊള്ളാനാവാത്ത വിധം പുസ്തകങ്ങൾ പെരുകുകയാണ്. ആരാണ് വായിക്കുന്നത്? ശരിയായ ഒരു വായനക്കാരനെ പോലും  കാണാനില്ല. തനിക്ക് ഏഴ് വായനക്കാർ ധാരാളം മതിയെന്നു ബോർഹസ്  പറഞ്ഞത് ഓർക്കണം. തൻ്റെ  ഊരാക്കുടുക്കുകൾ പോലെ സംഭ്രമിക്കുന്ന മാനസികാവസ്ഥ അറിയുന്ന ഒരു വായനക്കാരനെ ബോർഹസ് പ്രതീക്ഷിക്കുന്നില്ല. ഒരു വായനക്കാരനും തൻ്റെ പുസ്തകം ഭേദിക്കുകയില്ലെന്നു അറിയാവുന്നതുകൊണ്ട് മൗനിയാകുന്നതാണ് നല്ലത് . അതുകൊണ്ടാണ് ഈ കഥയിൽ വായിക്കാനറിയാത്ത വായനക്കാരെക്കുറിച്ച് സൂചിപ്പിക്കുന്നത്.
അവർ ഏതു പുസ്തകവുമെടുത്ത് മണത്തുനോക്കുകയോ പ്രണമിക്കുകയോ ചെയ്യും .പുസ്തകം എന്ന ഉൽപ്പന്നത്തെയാണ് അവർ ഇഷ്ടപ്പെടുന്നത്.വായിക്കാവുന്നതെന്തും മഹത്തരമാണെന്നു അവർ വൃഥാ  വിചാരിക്കുന്നു .എഴുതപ്പെട്ട ആശയങ്ങൾ ഒരിക്കലും മടുക്കാത്ത യോദ്ധാക്കളാണെന്നു അവർ ചിന്തിക്കാത്തത് വെറുതെയല്ല. അങ്ങനെയുള്ള യോദ്ധാക്കളെ മഷിയിട്ടു നോക്കിയാൽ പോലും കാണാനില്ലല്ലോ. 

മറ്റൊരു ശ്രദ്ധേയമായ നിരീക്ഷണമുണ്ട്; മനുഷ്യൻ നശിച്ചാലും ഈ ലൈബ്രറി നിലനിൽക്കണമെന്നതാണത്. ഏതാണ് ആ ലൈബ്രറി ?അത് ഒരു യാഥാർത്ഥ്യമല്ല .അത് മനുഷ്യന്റെ അസ്തിത്വലോകത്ത് പല രൂപങ്ങളിൽ ,കാലങ്ങളിൽ, ചിന്തകളിൽ, നിരാകരണങ്ങളിൽ, പോരാട്ടങ്ങളിൽ നിലനിൽക്കുന്ന വിചാരങ്ങളും അസംബന്ധങ്ങളുമാണ്. മനുഷ്യൻ മരിച്ചാലും ആ പോരാട്ടങ്ങൾ വായനക്കാർക്ക് വേണ്ടി എഴുതപ്പെട്ട പുസ്തകങ്ങളെ പോലെ അവശേഷിക്കുന്നു.

രജതരേഖകൾ

1)അന്തരിച്ച കഥാകൃത്ത് ഇ.വി.ശ്രീധരൻ  ശാന്തപ്രകൃതിയ്ക്കുള്ളിലെ ഗംഭീരമായ ചിന്തകളുടെ പ്രകമ്പനമായിരുന്നു. മലയാളഭാഷയിൽ ആദ്യമായി റഷ്യൻ മിസ്റ്റിക്ക് ഗുർജിഫിനെക്കുറിച്ച് ലേഖനമെഴുതിയത് ശ്രീധരനാണ്.  അദ്ദേഹത്തിനു സാഹിത്യത്തെയും കലയെയും കുറിച്ച് ആഴത്തിലുള്ള ധാരണയുണ്ടായിരുന്നു .അത് വളരെ നവീനവുമായിരുന്നു .അദ്ദേഹം എഡിറ്റു ചെയ്ത എം. ഗോവിന്ദൻ സ്മരണിക അഗാധവും പ്രൗഢവുമാണ്. പദവികളോ ഇരിപ്പിടങ്ങളോ പ്രശസ്തിയോ ചാടിപ്പിടിച്ച് മുന്നേറുന്നവരുടെ ഈ കാലഘട്ടത്തിൽ ശ്രീധരൻ ചിന്താശീലമുള്ള മലയാളിപാരമ്പര്യത്തെയാണ് പ്രതീകവത്ക്കരിക്കുന്നത് .ശ്രീധരൻ്റെ 'ഏതോ പ്രാവുകൾ' എന്ന നോവലും 'ലബോറട്ടറിയിലെ പൂക്കൾ' എന്ന കഥയും നമ്മെ സൗന്ദര്യാത്മകമായി പുതുക്കാതിരിക്കില്ല.വളരെ  അകൃത്രിമവും നനവുള്ളതും പ്രസന്നവുമായ ഒരു ഗദ്യശൈലിയാണ് ശ്രീധരൻ്റെ കഥകളെ സമ്പന്നമാക്കുന്നത്. അത് യാഥാർത്ഥ്യത്തോടുള്ള ഒരു മൃദുസമീപനമായിരുന്നു. ജീവിതത്തെ മമതയില്ലാതെ നോക്കികണ്ട അദ്ദേഹം അനുഭവങ്ങളെ അകാല്പനികമായാണ് സമീപിച്ചത്. 

2)നല്ലൊരു ഗായകനും സംഗീത സംവിധായകനും ഗ്രന്ഥകാരനുമായ വി.ടി. മുരളി എഴുതിയ 'കണ്ണീരും സ്വപ്നങ്ങളും'(ലോഗോസ് ബുക്സ്) മലയാള ഗാനശാഖയെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർക്ക് ആശ്രയിക്കാവുന്ന ഒരു കൃതിയാണ്. പി.ഭാസ്കരൻ്റെ ഗാനങ്ങളിലെ ലാവണ്യതലങ്ങൾ തിരയുന്ന ഈ കൃതി ഒരു കാലഘട്ടത്തിലെ ഗാനസംസ്കാരത്തിലേക്ക് നമ്മെ നടത്തിക്കുകയാണ്. പാട്ടെഴുത്തിൻ്റെ പി.ഭാസ്ക്കരൻവഴികൾ ഇഴപിരിച്ചു പരിശോധിക്കുകയാണ്. അതിൽ ചരിത്രവും സൗഹൃദങ്ങളും ഒത്തുചേരലുകളും ഓർക്കസ്ട്രയായി വർത്തിക്കുന്നു. ഭാസ്ക്കരൻ എന്ന കവിയുടെ അറിയപ്പെടാത്ത ജീവിതമാണ് ഇവിടെ അനാവൃതമാകുന്നത്. വി.ടി.മുരളി ഓർമ്മകൾ കൊണ്ട് നിർമ്മിക്കപ്പെട്ട ഒരു മനുഷ്യനാണെന്നു തോന്നിപ്പോയി, ഇത് വായിക്കുന്ന വേളയിൽ .

3)കെടാമംഗലം പപ്പുക്കുട്ടി, പുനലൂർ ബാലൻ ,എം. ഗോവിന്ദൻ ,കടമ്മനിട്ട, കടവനാട് കുട്ടികൃഷ്ണൻ എന്നിവർ മലയാളത്തിന്റെ ഔഷധവേരുകൾ തേടിയ കവികളാണ് .പുനലൂർ ബാലൻ്റെ 'ഇരുളിൽപൊതിഞ്ഞ തിരിനാളം' എന്ന കവിത ശ്രീകാന്ത് താമരശേരി ചൊല്ലിയത് യുട്യൂബിൽ കേട്ടു .എന്തിനാണ് വി. മധുസൂദനൻ നായർ ചൊല്ലന്ന രീതി കടമെടുക്കുന്നത് ? ഓരോ കവിതയും  ആവശ്യപ്പെടുന്ന ഈണമാണ് വേണ്ടത്. ബാലൻ്റെ വരികൾ എത്ര ശക്തമാണ്. അതിൽ തന്നെ ഒരു വികാരമുണ്ട്.
'ഓർമ്മയുടെ ശവപേടകം പോലെ ഗതകാല -
ജീർണ്ണതകൾ നൽകിടും ക്ഷതവുമായി നിൽക്കുമീ സത്രം
തെരുവിലുറയൂരുന്ന മതവൈരസർപ്പമീ 
വഴിയമ്പലത്തിന്റെ മതിലുകൾ തകർക്കുന്നു.'

4)മനോജ് എഴുതിയ 'മിന്നാമിനുങ്ങുകൾ മെഴുകുതിരികൾ' എന്ന നോവൽ നല്ലൊരു അനുഭവമാണ് തന്നത് .2022 ലാണ് മനോജ് അന്തരിച്ചത് .മരണാനന്തരം, ഒടുവിൽ പ്രസിദ്ധീകരിച്ച പുസ്തകമാണ് 'ബ്രഹ്മവിചാരത്തിന്റെ ഗൂഢാർത്ഥങ്ങൾ'(മൈത്രി ബുക്സ്) എന്ന ലേഖനസമാഹാരം. ഇന്ത്യൻ ജീവിതത്തിലെ ജാതിതട്ടുകളെയും സാംസ്കാരിക പ്രതിസന്ധികളെയും പഠനവിഷയമാക്കുന്ന ഈ കൃതിയിൽ ജാതിക്കല്യാണം, ഫ്യൂഡൽ ജ്വരബാധിതസിനിമ തുടങ്ങിയ വിഷയങ്ങൾ പ്രതിപാദിക്കുന്നുണ്ട്. 14 ലേഖനങ്ങൾ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 

5)ശ്രീജിത്ത് പെരുന്തച്ചൻ കവിത എന്ന പേരിൽ എന്തൊക്കെയോ എഴുതിയിരിക്കുകയാണ്. കവിതയുടെ പേര് വിചിത്രമാണ് 'സി.വി. ബാലകൃഷ്ണൻ എഴുതിയത്'(കലാപൂർണ, ഏപ്രിൽ). ബാലകൃഷ്ണൻ എന്തായിരിക്കും എഴുതിയതെന്നറിയാൻ കവിതയിലേക്ക് തിരിയുന്ന വായനക്കാരനെ കവി ഓടയിൽ തള്ളുന്നു.'ജീവിതമേ നീ എന്ത്' എന്നാണത്രേ ബാലകൃഷ്ണൻ എഴുതിയത്! വായനക്കാരെ ഇതിൽ കൂടുതൽ എങ്ങനെയാണ് വഞ്ചിക്കുക ? കവിതയിലെ ബാക്കി ഭാഗം വസ്തുവും പുസ്തകവും തമ്മിലുള്ള താരതമ്യമാണ്. വസ്തു കുറഞ്ഞ വിലയ്ക്ക് വിറ്റു, പുസ്തകങ്ങൾ ചീളു പ്രസാധകർക്കു വിറ്റു ,നല്ല കറികൾ ഒരുക്കിയിട്ടും സ്വാസ്ഥ്യത്തോടെ കഴിക്കാനായില്ല എന്നൊക്കെ എഴുതിയിരിക്കുന്നു. വാലും തലയുമില്ലാത്ത ഇത്തരം ഏങ്കോണിപ്പുകളെ കവിതയെന്നു വിളിക്കുന്നത് ശരിയല്ല .ഭാവനയില്ലാത്ത,ചിന്തയില്ലാത്ത കവിയാണ് ശ്രീജിത്ത് എന്നു ഇത്  ബോധ്യപ്പെടുത്തി തരും. 

6)ഇടശ്ശേരിയുടെ 'സൗന്ദര്യാരാധന' എന്ന കവിതയെക്കുറിച്ച് കെ. വി. രാമകൃഷ്ണൻ എഴുതിയ 'മർത്ത്യൻ സുന്ദരനാണ്'എന്ന ലേഖനം (കലാപൂർണ്ണ, ഏപ്രിൽ) വിരസവും ആധുനികസംസ്കാരം ഉൾക്കൊള്ളാത്തതുമാണ്. സാഹിത്യവിമർശനം ആവശ്യപ്പെടുന്ന സമകാലികത ഇതിൽ കണ്ടില്ല. ഈ രചനാരീതി തന്നെ കാലഹരണപ്പെട്ടതാണ്.ഉപപത്തി,പ്രകരണം എന്നൊക്കെ ആരെങ്കിലും എഴുതുമോ? കവിതയിൽ നിന്നു ലഭിച്ച അറിവിനെ ആധുനികമായ സൗന്ദര്യാനുഭവമായി പുനർനിർമ്മിക്കുകയാണ് വിമർശകൻ ചെയ്യേണ്ടത് .അത് അവിടെ കണ്ടില്ല.  രാമകൃഷ്ണന്റെ ഭാഷയും സമീപനവും അരനൂറ്റാണ്ട് പിറകിലാണ്.