ഫോൺജീവിതം
ഈ
ഉത്തര- ഉത്തരാധുനികതയിൽ , ഫോൺജീവിതമാണ് നമ്മുടേത്. നമ്മൾ ഏതു നാട്ടിൽ
പോയാലും ,ആരെ സ്നേഹിച്ചാലും ,ഓർത്താലും ,ആരോട് പിണങ്ങിയാലും അതെല്ലാം
ഫോണിലാണ് ഉടലെടുക്കുന്നത് .ഫോണിൽ നാം ജനിക്കുന്നു,വളരുന്നു,കൊഴിയുന്നു .ഫോൺ
നമ്മുടെ ശരീരവും മനസ്സുമാണ്. സ്വപ്നവും ഉറക്കവും ചിന്തയുമാണ്. നാം ഫോണിൽ
മറ്റൊരു അവതാരമാണ്. ഫോൺജീവിതത്തിൽ നമുക്ക് യഥേഷ്ടം വിഹരിക്കാം. അതിന്
അതിരില്ല .ഒരിക്കലും അവസാനിക്കാത്ത കുരുക്കാണത്. ഓരോ സമയത്തുമുള്ള പരതൽ ,
വായന ,സംഭാഷണം ,ചാറ്റിങ് എല്ലാം ഓരോ എൻഗേജ്മെൻറാണ്. നാം തുടങ്ങിയിടത്ത്
തിരിച്ചുവരുന്നേയില്ല .
ഓരോ
തുടക്കവും മറ്റൊരിടത്ത് താൽക്കാലികമായി അവസാനിക്കുന്നു. പിന്നീട് വേറൊരു
തുടക്കമാണ്. മൊബൈലിലേക്കാണ് സൗഹൃദങ്ങൾ വരുന്നത്. സൗഹൃദങ്ങൾക്ക് ശരീരമോ
ശബ്ദമോ ഇല്ല .അത് സന്ദേശങ്ങളായി വിഭജിക്കപ്പെട്ടിരിക്കുകയാണ്.ഒരു ദിവസത്തെ
സന്ദേശത്തിൽ ആ ദിവസത്തെ സൗഹൃദമാണുള്ളത്; അതിന് ഒരു നിശ്ചിത രൂപമാണുള്ളത്.
പിറ്റേദിവസം മറ്റൊരു രൂപമാണ്. ഫോണിൽ സൗഹൃദങ്ങൾ തകർന്നു വീഴാം;
സംസാരിക്കുകയോ സ്പർശിക്കുകയോ വേണ്ട .അദൃശ്യമായി നാം ജീവിക്കുന്നു
,അദൃശ്യമായി നാം സ്നേഹിക്കുന്നു. അദൃശ്യമായി നാം വിടപറയുന്നു.
ശരീരത്തിന്റെയോ മനസ്സിന്റെയോ കാഴ്ചയുടെയോ ആവശ്യം തന്നെ ഉണ്ടാകുന്നില്ല.
സൗഹൃദം ഒരു സങ്കല്പമാണ്. അത് ഒരു വിദൂര നിയന്ത്രണസംവിധാനമാണ്. സൗഹൃദം ഒരു
റിമോട്ട് കൺട്രോൾ പോലെയാണ്. അതിന് എപ്പോഴും ജീവനില്ല .റിമോട്ടിൽ
വിരലമർത്തുമ്പോഴാണല്ലോ അത് പ്രവർത്തിക്കുന്നത്.
അതുപോലെ
ഫോണിലും വാട്സപ്പ് ഇൻബോക്സിലും നാം സാന്നിധ്യം അറിയിക്കുകയാണ്.
വിരൽത്തുമ്പാണ് നമ്മുടെ അമ്പ്,വില്ല്,പൂവ്,ശംഖ്,ഗദ തുടങ്ങിയ ഉപകരണങ്ങളായി
പ്രവർത്തിക്കുന്നത് .പൂവ് കൊടുക്കാനാണെങ്കിൽ അത് സ്വയം വിനിമയം
ചെയ്തുകൊള്ളും . നമ്മൾ ഒന്നും ചെയ്യേണ്ട. നമുക്ക് വേണ്ടി പൂവ് ഒറ്റയ്ക്ക്
ഒരു യുദ്ധം നയിക്കുകയാണ്. നമ്മൾ തൊടുക്കുന്ന പൂവ് സ്നേഹിതന്റെ/സ്നേഹിതയുടെ
വിരൽ തട്ടി തെറിച്ചു പോവുകയാണ്. അത് കാണാനുള്ളതാണ്;കാണുന്നതോടെ ഡിലീറ്റ്
ചെയ്യാൻ സമയമായി. മെമ്മറിയുടെ വ്യാപ്തിക്ക് പരിധിയുണ്ട്. എല്ലാം
സ്നേഹങ്ങളും പാരിതോഷികങ്ങളും ചുംബനങ്ങളും ഡിലീറ്റ് ചെയ്യപ്പെടണം. എങ്കിലേ
പുതിയത് സ്വീകരിക്കപ്പെടുകയുള്ളു.
സ്പന്ദിക്കുന്ന ജീവിതം
നമുക്ക്
യാന്ത്രികമായി സ്നേഹിച്ചുകൊണ്ടിരിക്കുകയല്ലാതെ മാർഗ്ഗമല്ല. നാം നമ്മുടെ
ഗ്യാരണ്ടി പോലുമല്ല. നമുക്ക് യാതൊന്നിനും ഉറപ്പില്ല. അതുകൊണ്ട് ഒരു
ഫോണിലേക്ക് മറയാനാണ് മാനവരാശി ഈ യുഗത്തിൽ എടുത്ത തീരുമാനം.നമ്മുടെ
സ്വഭാവവും സ്വപ്നവും ചിന്തയും ഫോണിൽ ഒളിപ്പിച്ചിരിക്കുകയാണ്. എന്താണോ
മനസ്സിലുള്ളത് അത് മറ്റൊന്നാക്കി പരിവർത്തിപ്പിച്ചാണ് ഫോണിൽ ആശയവിനിമയം
നടത്തുന്നത്.ഒരു മാസ്ക് എന്ന നിലയിലും ഫോൺ പ്രവർത്തിക്കുന്നു. ശരിയായ
സ്വഭാവം എന്താണോ അത് ഫോണിലൂടെ മറയ്ക്കാവുന്നതാണ്. ഫോൺ ഇന്ന് മനുഷ്യൻ്റെ
പ്രകടനമാണ്. ഫോൺ ഓഫാക്കി വയ്ക്കുന്നത്,ഫോൺ എടുക്കാതിരിക്കുന്നത്,ഫോൺ
അനാവശ്യമായി കട്ട് ചെയ്യുന്നത് തുടങ്ങിയവയ്ക്കെല്ലാം വെവ്വേറെ
അർത്ഥങ്ങളുണ്ട് .ഒരു നിശ്ശബ്ദതയ്ക്ക് പോലും അർത്ഥങ്ങളുണ്ട്. ഫോൺ
ഉപയോഗിക്കുന്നവർ നിരന്തരമായ ഒരു അലട്ടിന് വിധേയമാവുകയാണ്. കാരണം, ഫോൺ
ഇരുപത്തിനാല് മണിക്കൂർ പ്രവർത്തിക്കുന്ന ഉപകരണമാണല്ലോ.എപ്പോഴാണ് സന്ദേശം
വരുന്നതെന്ന് പറയാനാവില്ല. സന്ദേശം വന്നിട്ടും അത് ശ്രദ്ധിക്കാതിരുന്നാൽ
അവഗണനയായി വ്യാഖ്യാനിക്കപ്പെടും.
അമ്പത്
വർഷം മുമ്പാണെങ്കിൽ ശരീരം വേണമായിരുന്നു ഒരു പുതിയ പ്രതികരണമറിയിക്കാൻ
.ഇപ്പോൾ ശരീരത്തിന് റോൾ ഇല്ല. എത്ര വലിയ പ്രണയവും ഇന്ന് ഫോണിലൂടെയാണല്ലോ
അഭിവ്യഞ്ജിപ്പിക്കപ്പെടുന്നത്. ഫോൺ സ്പന്ദിക്കുന്ന ഒരു ജീവിതമാണ്. ഫോൺ
ഓഫായിരിക്കുന്നത് ഒരു മരിച്ച ലോകത്തിനു സമാനമാണ്. അതുകൊണ്ട് ഫോൺജീവിതം
എല്ലാ മനുഷ്യരുടെയും വിധിയാണ് .
ബുദ്ധൻ പറഞ്ഞു: Our life is the
creation of our mind.നാം സൃഷ്ടിച്ചിരിക്കുന്ന പുതിയ സാഹചര്യം നമ്മുടെ
ജീവിതത്തെ വഴിതിരിച്ചു വിട്ടിരിക്കുന്നു.ഏതൊരാൾക്കും ഒരു സ്മാർട്ട്
ഫോണിലേക്ക് മാറാതെ നിവൃത്തിയില്ല. മനുഷ്യൻ്റെ രാഷ്ട്രീയവും സാമൂഹ്യജീവിതവും
വിനോദവും കലയുമെല്ലാം ഫോണിലൂടെയാണ് എത്തിച്ചേരുന്നത്.
പ്രിൻറഡ് വസ്തുക്കളുടെ ലോകം എത്ര വിപുലമാണെന്ന് ഓർക്കുക . അതെല്ലാം ഇപ്പോൾ ഗൂഗിൾ പോലെയുള്ള സെർച്ച് എഞ്ചിനുകൾ സമാഹരിക്കുകയാണ്.
ഫോണിൽ വായിക്കാം ,എഴുതാം
ലക്ഷക്കണക്കിന്
പുസ്തകങ്ങൾ ഗൂഗിളിന്റെ ശേഖരത്തിൽ എത്തിക്കഴിഞ്ഞു. ഇതിനെ പുറമേ,
കോടിക്കണക്കിനു പുസ്തകങ്ങളുടെ പിഡിഎഫുകൾ സൗജന്യമായി വായിക്കാൻ
വച്ചിരിക്കുന്ന സൈറ്റുകളുണ്ട് .ഇതെല്ലാം ഫോൺ ഉപയോക്താക്കളെയാണ് ലക്ഷ്യം
വയ്ക്കുന്നത്. ഫോണിൽ എന്നും വായിക്കാം. ഫോണിൽ എഴുതകയും ചെയ്യാം .I A writer
തുടങ്ങിയ ആപ്പുകൾ എഴുത്ത് എളുപ്പമാക്കിത്തീർത്തിരിക്കുന്നു.ഞാൻ എത്രയോ
പുസ്തകങ്ങൾ ഫോണിൽ വായിച്ചു . ആത്മകഥ ,വാൻഗോഗിൻ്റെ കത്തുകൾ ,എമീൽസ് ജേർണൽ
,ദസ്തയെവ്സ്കിയുടെ കത്തുകൾ ,എലിയറ്റിൻ്റെ കവിതകൾ ,ലേഖനങ്ങൾ ,മാർക്കസ്
ഒറേലിയസിൻ്റെ മെഡിറ്റേഷൻസ് തുടങ്ങി ധാരാളം വായിച്ചു.ഏറ്റവും ഒടുവിൽ
വായിച്ചത് സദ്ഗുരുവിൻ്റെ Death എന്ന പുസ്തകമാണ്. പ്രശസ്തമായ പല
പുസ്തകങ്ങളും ഇപ്പോൾ സൗജന്യ വായനയ്ക്ക് നൽകുകയാണ്. ഇത് വായനയെ പലമടങ്ങ്
വർദ്ധിപ്പിച്ചിരിക്കുകയാണ്. ആളുകൾ പുസ്തകം വായിക്കുന്നില്ലെന്ന മുൻവിധിയിൽ
എത്താൻ വരട്ടെ. പ്രിൻറഡ് പുസ്തകങ്ങൾ പലതും വില കൊടുത്തു വാങ്ങാൻ
പ്രയാസമാണല്ലോ.എന്നാൽ ഇന്റർനെറ്റിൽ എത്രയോ വിലപ്പെട്ട പുസ്തകങ്ങൾ
വായിക്കാം. ഇപ്പോൾ ഭൂരിപക്ഷം പേരും നെറ്റിൽ പരതി വായിക്കുകയാണ്. ഇതെല്ലാം
ഫോൺ സാധ്യമാക്കി തന്നതാണ്. യാത്രയിൽ, ഫോൺ ഉപയോഗിക്കുന്നവർക്ക് പുസ്തകങ്ങൾ
വിദൂരത്തല്ല. വായന മാത്രമല്ല, കാഴ്ചയും സാധ്യമാണല്ലോ. എത്രയോ ക്ലാസ്സിക്
സിനിമകൾ ഇന്ന് നെറ്റിൽ ലഭ്യമാണ് .
നമ്മുടെ
സമയം ഏതാണ്ട് പൂർണമായി തന്നെ ഫോൺ അപഹരിച്ചിരിക്കുന്നു. ഇത് പുതിയൊരു
സമയബോധമാണ്. ഇത് ഉദയം ,മദ്ധ്യാഹ്നം ,അസ്തമയം എന്ന സമയബോധമല്ല .ക്ലോക്കിലെ
സമയവും ഇതിന് ബാധകമല്ല. ഒഴിവു നേരമാണ് നാം ജീവിക്കുന്നത് എന്ന്
പറയാം.എന്നാൽ പ്രവൃത്തിയും ഫോണിലാണെങ്കിലോ? പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന
ഒരു കുട്ടിയോട് ഫോണിൽ തൊടരുതെന്നു പറഞ്ഞ അധ്യാപകരെ ഓർക്കുന്നു. എന്നാൽ
കോവിഡ് കാലത്ത് ഫോൺ ഒരു ക്ലാസ് റൂമായി മാറി .കുട്ടികൾ ഫോണിൽ നോക്കി
സംസാരിച്ചു, പഠിച്ചു. സംശയങ്ങൾ നീക്കാൻ അധ്യാപകർ ഫോണിൽ വന്നു .ഇപ്പോൾ
എല്ലാവരുടെയും വിദ്യാഭ്യാസം ഫോണിലാണ് .ഓൺലൈനിൽ ക്ലാസുകൾ വ്യവസ്ഥാപിത
വിദ്യാഭ്യാസത്തിന് പുറത്ത് സജീവമാണല്ലോ. കുട്ടികൾക്കും മുതിർന്നവർക്കും
സ്വന്തമായി ഫോൺ ഉണ്ട് ;അല്ലെങ്കിൽ ഉണ്ടാവണം. ഫോൺ ജീവിതത്തെക്കാൾ വലിയ ഒരു
യാഥാർത്ഥ്യമാണ് .ഫോൺ വാങ്ങി കൊടുക്കാത്തതിൻ്റെ പേരിൽ കുട്ടികൾ ആത്മഹത്യ
ചെയ്യുന്ന സംഭവം ഉണ്ടായി. ഫോൺ ജീവിതത്തെ നിലനിർത്തുന്ന ഏറ്റവും
പ്രധാനപ്പെട്ട ഒരു ഘടകമായി .സ്വന്തമായി ഒരു മുറി
ഉണ്ടായിരിക്കുന്നതുപോലെയാണ് സ്വന്തമായി ഫോണും .മക്കൾക്ക് സ്വന്തമായി
ഫോണുള്ളപ്പോൾ മാതാപിതാക്കൾ വേറെ ഫോണുകൾ ഉപയോഗിക്കുന്നു.
ഒരാളുടെ
ഫോണിലെ വിവരങ്ങൾ മറ്റൊരാൾക്ക് അജ്ഞാതമാണ് .അത് അറിയാൻ നേരമില്ല എന്നാതാണു
സത്യം. ഇന്ന് ഫോൺ ,സന്ദേശം അയക്കുന്നതിനു വേണ്ടി മാത്രമള്ളതല്ല, പഴയകാലത്തെ
ലാൻഡ് ഫോണിനെ പോലെ. ഫോൺ എന്ന സങ്കല്പം മാറി. അത് ജീവിതം തന്നെയായി.
സ്വന്തം വസ്ത്രങ്ങൾ ,സൗന്ദര്യവർദ്ധക വസ്തുക്കൾ ,പഠനോപകരണങ്ങൾ എന്നിവയ്ക്കും
മുകളിലാണ് ഫോൺ . അത് എപ്പോഴും അടുത്തുണ്ടല്ലോ. ഉറങ്ങുമ്പോൾ ഓഫാക്കാതെ
അടുത്ത് വച്ചിട്ടുണ്ടാവും. എപ്പോഴും നാം ഒരു സഹജീവിയുടെ അല്ലെങ്കിൽ
മറ്റുള്ളവരുടെ ലോകത്തേക്ക് ഒരു വാതിൽ തുറന്നിട്ടിരിക്കുന്നതു പോലെയാണ് ഫോൺ
.അത് നമ്മുടെ ജീവിതത്തെ കാലത്തിനും സ്ഥലത്തിനും അപ്പുറത്ത്
എത്തിച്ചിരിക്കുന്നു .നീട്ടിക്കിട്ടിയ ജീവിതമാണത്. പതിറ്റാണ്ടുകൾക്ക്
മുൻപായിരുന്നെങ്കിൽ ഇത്രയധികം കാര്യങ്ങൾ ,ശരീരത്തിന്റെ സഹായമില്ലാതെ
നമുക്ക് എത്തിപ്പിടിക്കാനാകുമായിരുന്നില്ല. നമ്മുടെ കൈകൾക്ക് നീളം
വച്ചിരിക്കുകയാണ്.
രഹസ്യജീവിതം
ഒരു
തോട്ടികൊണ്ട് ഉയരത്തിലുള്ള മാങ്ങ പറിക്കുന്നതുപോലെ ജീവിതത്തിന് ഒരു
നീളമുള്ള കൈ കിട്ടിയിരിക്കുകയാണ്. ഒറ്റയ്ക്കാകുന്നവർക്ക് ഫോൺ ഒരു
ആത്മഭാഷണം ഒരുക്കുകയാണ്. പ്ളേറ്റോ പറഞ്ഞു ,Those who wish to sing always
find a song. നമ്മുടെ ആഗ്രഹങ്ങൾക്കൊത്ത് ജീവിതം കയറിപ്പോവുകയാണ്.
യാത്രകളിൽ
നാം കാണുന്നത് ഓരോരുത്തരും ഫോണിൽ പരതുന്നതും കാഴ്ചകൾ കണ്ട്
രസിക്കുന്നതുമാണ് .നാം തനിയേയല്ല എന്ന് ഉറപ്പുവരുത്താൻ ഇത് സഹായിക്കും.
മറ്റാരോടും സംസാരിക്കാൻ താല്പര്യമില്ലാത്തവർ പോലും ഫോണിലൂടെ പലരുടെയും
വിശേഷങ്ങൾ സ്വകാര്യമായി തിരക്കും .നേരിൽ കണ്ടാൽ മിണ്ടാത്തവർ രഹസ്യമായി
ഫേസ്ബുക്ക് പ്രൊഫൈൽ പരിശോധിക്കും, പോസ്റ്റുകൾ നോക്കും. വാട്സപ് സ്റ്റാറ്റസ്
നോക്കി എല്ലാം ഗ്രഹിച്ച ശേഷം മിണ്ടാതിരിക്കും .
ഫോൺ
ഒരു രഹസ്യജീവിതമാണ് വാഗ്ദാനം ചെയ്യുന്നത്. അത് ഒരു മനുഷ്യനെ കർതൃത്വപരമായ
കേന്ദ്രമാക്കുകയാണ് .വ്യക്തികളുമായി ഒറ്റയ്ക്ക് ,വേർതിരിച്ചു വിനിമയം
ചെയ്യാനാണ് ഫോൺ .ഓരോ വ്യക്തിയോടുമുള്ള ബന്ധം നമ്മുടെ
ജാഗ്രതയിലാണിരിക്കുന്നത്. പ്രതികരണങ്ങൾ എപ്പോൾ വേണമെന്ന് തീരുമാനിക്കുന്നത്
നമ്മൾ തന്നെയാണ്.അതിന്റെ ഭവിഷ്യത്തും നമ്മൾ നേരിടണം. ചുരുക്കത്തിൽ
സമ്പൂർണ്ണമായ ഉത്തരവാദിത്വം നമ്മുടേതാണ്. ഒരു ഗ്രൂപ്പിലാണെങ്കിൽ പൊതുവായ
കാര്യങ്ങൾ പറയാം. അതേസമയം മിക്കവരും വ്യക്തിപരമായാണ് ബന്ധം പുലർത്തുന്നത്
.അതുകൊണ്ട് വ്യക്തികളുടെ ബന്ധത്തിൻ്റെ ഊഷ്മളത ഫോണിലാണിരിക്കുന്നത്.
ഒരു
വ്യക്തിയായിരിക്കാനുള്ള ഏറ്റവും പരിഷ്കൃതമായ സാധ്യതയാണ് ഫോൺ .എവിടെയും
തനിച്ചൊരു പിൻവാങ്ങലിന് ,ഒളിച്ചോട്ടത്തിന്, രക്ഷപ്പെടലിന് ഫോൺ സഹായിക്കും.
ഫോൺ രഹസ്യമാകയാൽ മറ്റൊരാൾ അത് പരിശോധിക്കുകയില്ല. ഇതാണ് ഉത്തര-
ഉത്തരാധുനികതയുടെ പരിപ്രേക്ഷ്യം.ഫോൺ നമ്മെ ഉത്തര- ഉത്തരാധുനിക
ജീവിയാക്കിയിരിക്കുന്നു.നമ്മൾ യാത്ര ചെയ്യാതെ ,നേരിൽ കാണാതെ പലതും
അറിയുന്നു, അറിയുന്നു,പ്രതികരിക്കുന്നു .സ്ഥലവും കാലവും നമ്മൾ
ഭൗതികമല്ലാതാക്കിയിരിക്കുന്നു. കല ആസ്വദിക്കുന്നതിന് മ്യൂസിയത്തിലോ
ഗാലറിയിലോ സിനിമാതിയേറ്ററിലോ, ലൈബ്രറിയിലോ പോകേണ്ടതില്ല. ഈ വിപ്ളവം
കൊണ്ടുവന്നത് സ്മാർട്ട് ഫോണാണ്. വിവിധതരം ഇടങ്ങളെ നമ്മുടെ കൈവെള്ളയിലേക്ക്
കൊണ്ടുവന്നിരിക്കുകയാണിപ്പോൾ. അനേകം പേർക്ക് ഒരേ സമയം സന്ദേശമയയ്ക്കാനും
ഇടപഴകാനും കഴിയുമ്പോൾ നാം സമയത്തിനുള്ളിൽ തന്നെ മറ്റൊരു പ്രതീതിസമയം
സൃഷ്ടിക്കുകയാണ്. സ്ഥലവും ഇല്ലാതാകുകയാണ് .
പതഞ്ജലി
മഹർഷി പറഞ്ഞു: വലിയൊരു കാര്യത്തിനു വേണ്ടി നിങ്ങൾ പ്രചോദിതനാവുകയാണെങ്കിൽ
,ചില അസാധാരണ പദ്ധതികൾക്കു വേണ്ടി ,നിങ്ങളുടെ ചിന്തകൾ എല്ലാ ചങ്ങലകളും
പൊട്ടിച്ചു കളയും. അമേരിക്കയിലും ഓസ്ട്രേലിയയിലുമുള്ള സുഹൃത്തുക്കളുമായി
ഒരേ സമയം ചാറ്റ് ചെയ്യുന്ന ഒരാൾക്ക് സ്ഥലം അനുഭവപ്പെടുന്നില്ല. സന്ദേശം
പോയി വരാൻ ദൂരം താണ്ടണ്ട;സമയവും വേണ്ട.സ്ഥലം റദ്ദായി
പോയിരിക്കുകയാണ്.വിമാനമാർഗ്ഗം പോയി വരേണ്ട സ്ഥലവും സമയവും ഇല്ലാതായി. ഫോൺ
സ്ഥലവും കാലവും ഇല്ലാത്ത ഒരു സ്ഥലത്തേക്ക് നമ്മെ പറിച്ചുനട്ടിരിക്കുകയാണ് .
ജീവൻ്റെ ലാവ
ഇത്
നമ്മൾ സൃഷ്ടിച്ച പറുദീസയാണ്. കൈപ്പത്തിയിൽ വച്ച് ഒരു വിരലമർത്തി
ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനങ്ങളെടുക്കാൻ കഴിയുന്നത് പുരാണത്തിൽ
മാത്രമാണ് നാം ഇതിനുമുമ്പ് കണ്ടിട്ടുള്ളത് .ഇപ്പോൾ നമ്മളും പുരാണ
കഥാപാത്രങ്ങളായിരിക്കുന്നു. എത്ര ദൂരത്താണെങ്കിലും സഞ്ചരിക്കാതെ
അവിടെയെത്തി ആശീർവാദം നൽകാം. എത്ര ദൂരത്താണെങ്കിലും നേരിൽ കണ്ട്
അനുഗ്രഹിക്കാം. എത്ര അടുത്തുള്ളവരെയും ബന്ധപ്പെടാം. അതിനായി ചലിക്കുക പോലും
വേണ്ട. ഒരു വീട്ടിൽ തന്നെ സ്വന്തം മുറിയിലിരുന്നു കൊണ്ട് അടുത്ത
മുറിയിലേക്ക് ഫോൺ ചെയ്യുന്നവരുണ്ട്.വീട്ടിലും ഫോൺജീവിതം
ജീവിക്കുന്നവരുണ്ട്.
ഭാര്യക്കും
ഭർത്താവിനും പ്രത്യേകം ഫോൺജീവിതമാണ് .ഈ ഫോൺജീവിതങ്ങൾ പഴയ ജർമ്മൻ മതിൽ പോലെ
വേർപെടുത്താനാവാത്തതാണ്. അങ്ങോട്ട് ആർക്കും പ്രവേശനമില്ല. അവിടെ ഫോൺ
സംഭാഷണങ്ങളോ സന്ദേശങ്ങളോ ഫോട്ടോകളോ ഇമോജികളോ ഉണ്ടാകണമെന്നില്ല. എല്ലാം പല
കാരണങ്ങൾ കൊണ്ട് മായ്ച്ചുകളയേണ്ടി വരും .ഉത്തര- ഉത്തരാധുനികതയിലെ
സ്വതന്ത്രമനുഷ്യൻ ഒരു ഫോൺജീവിതമുള്ളവനാണ്. അവനാണ് ജീവൻ്റെ ലാവ
മൊത്തിക്കുടിക്കുന്നത് .ജീവിതത്തിൻ്റെ നാമ്പുകളിൽ പറ്റിയിരിക്കുന്ന
സൂര്യപ്രകാശത്തിന്റെ അവശിഷ്ടം ഭക്ഷിക്കുന്നത് അവനാണ് .അവനിലാണ്
സുഖത്തിന്റെയും അത്യാനന്ദത്തിൻ്റെയും ജ്വരം കത്തി നിൽക്കുന്നത്. അവനാണ്
ജീവിതഭോഗത്തെ അറിയുന്നത്. അവൻ ഭൗതികജീവിതത്തിനകത്ത് മറ്റൊരു ഭൗതികത
സൃഷ്ടിച്ചിരിക്കുന്നു. അവൻ പ്രതീതിയായി അപരിമേയതയിൽ അഭിരമിക്കുന്നു. അവൻ
തീവ്രമായി ജീവിക്കുന്നു,അശരീരിയായി .അവനിൽ എല്ലാ വികാരങ്ങളും
പ്രവർത്തിക്കുകയാണ്.
ഒരു ചാറ്റിലോ
ഒരു ദൃശ്യത്തിലോ അവൻ പതഞ്ഞുയരുന്നു. ഒരു യാത്രയുടെ ഇടവേളയിൽ അവൻ സകലതും
നഷ്ടപ്പെട്ടവനെ പോലെ വിഷാദിക്കുന്നു. ബ്രഹ്മാണ്ഡമായ ശൂന്യത അനുഭവിക്കുന്നു.
പിന്നീട് കുറെ സമയത്തിനുശേഷം അവർ മറ്റൊരു വിനിമയത്തിൽ ,താൽപര്യത്തിൽ,
പ്രതീക്ഷയിൽ കത്തിജ്വലിച്ചു മുന്നേറുന്നു. ജീവിതം നൈമിഷികമായ അനുഭവമാകയാൽ
,അതിൻ്റെ വേഗതയെക്കുറിച്ച് ഈ കാലത്തെ മനുഷ്യർക്ക് നല്ല ബോധമുണ്ട്.വേഗത
അവൻ്റെ മന:ശാസ്ത്രം മാറ്റിമറിച്ചിരിക്കുന്നു. അവൻ്റെ മുൻഗണനാക്രമങ്ങൾ
കീഴ്മേൽ മറിഞ്ഞിരിക്കുന്നു .അവന് ഇപ്പോൾ കാത്തു നിൽക്കാൻ വയ്യ. അവൻ സൂപ്പർ
ഫാസ്റ്റാണ്. അവൻ്റെ തീരുമാനങ്ങൾക്ക് അവന് സങ്കൽപ്പിക്കാവുന്നതിനേക്കാൾ
വേഗതയാണ്.ഈ വേഗത എന്ന വിമാനത്തിലിരുന്നുകൊണ്ടാണ് അവൻ ഫോണെടുക്കുന്നത്.
അവന്റേത് അതുല്യമായ ഒരു തിരിച്ചറിവാണ്. അവസരങ്ങൾ നഷ്ടപ്പെട്ടാൽ
പിന്നെയൊരിക്കലും അത് ലഭിക്കില്ല എന്നറിയാം. അതുകൊണ്ട് അവസരങ്ങൾ
നഷ്ടപ്പെടുത്താതിരിക്കാൻ അവൻ വേഗത്തിലോടുന്നു. ചില ഓട്ടങ്ങൾ
ലക്ഷ്യത്തിലെത്തണമെന്നില്ല. ചിലത് എവിടെയെങ്കിലുമൊക്കെ എത്തിച്ചേരും.
അതിൽ
അവന് പൂർണമായി തൃപ്തി കിട്ടിയാലും അതിവേഗം ഇല്ലാതാകും. നഷ്ടപ്പെടലിനും
തീവ്രമായ വേഗതയാണ്. ഇഷ്ടങ്ങൾ സൂപ്പർഫാസ്റ്റാണെങ്കിൽ ഇഷ്ടക്കുറവും
സൂപ്പർഫാസ്റ്റാണ്. പ്രണയം പ്രകാശത്തേക്കാൾ വേഗത്തിലാണ്; പ്രണയത്തിൽ
നിന്നുള്ള പിൻവാങ്ങലും സൂപ്പർഫാസ്റ്റാണ്.
No comments:
Post a Comment