ശരീരത്തിൽ
ഒരു സർപ്പമുണ്ട്. അത് നാഡികളായി ശരീരമാസകലം സഞ്ചരിക്കുകയാണ്. അതിൻ്റെ
ക്രമം തെറ്റിയാൽ ജീവിതമില്ല. മനുഷ്യശരീരത്തിലെ ഹൃദയമിടിപ്പിന്റെ ഡിജിറ്റൽ
രൂപം സാർപ്പികമാണ്. ശരീരത്തിലെ സാർപ്പികചേതന ആദിമധ്യാന്തം ഒരു നേരിനെ
ഉൾക്കൊള്ളുന്നു. പ്രവർത്തിക്കുകയും ഉറങ്ങുകയും ചെയ്യുന്ന ഒരുവന് ആ
സാർപ്പികചലനങ്ങൾ അറിയേണ്ട ആവശ്യമില്ല. അവൻ അത്തരം ശ്രദ്ധയിലേക്ക്
പോകാതിരിക്കാനുള്ള എൻജിനീയറിങ്ങ് ശരീരത്തിൽ തന്നെ സജ്ജമാണ്.നമുക്ക് ഏറിയാൽ
അറിയാവുന്നത് വൈകാരിക സ്പന്ദനങ്ങളെക്കുറിച്ച് മാത്രമാണ് .അതുപോലും നമ്മുടെ
നിയന്ത്രണത്തിലല്ല. ഒരു ബൗദ്ധികജന്മമായതിനാൽ വക്രീകരിക്കുകയും
വളച്ചൊടിക്കുകയും അന്യവത്ക്കരിക്കുകയും ചെയ്യാതെ മനുഷ്യനു നീങ്ങാനാവില്ല.
അവൻ സ്വന്തം ചലനങ്ങളെ പോലും സംശയിക്കുകയാണ്. സ്വന്തം പ്രവൃത്തിയുടെ
സത്യാവസ്ഥയിൽ പൂർണ്ണതൃപ്തിയുള്ള ഒരാളുമില്ല. മിക്കപ്പോഴും
തെറ്റിപ്പോവുകയാണ് നമ്മുടെ പ്രവൃത്തികൾ. കാരണം, ആലോചിക്കാൻ സമയമില്ല
.ചിന്തിച്ചു തീരുമാനമെടുക്കാനുള്ള സമയമില്ലാത്തതുകൊണ്ട് പെട്ടെന്നുള്ള
ഒരാവേശമാണ് നമ്മെ ചൂഴുന്നത്.അതിൽ വിശ്വസിക്കുകയാണ് ആശ്രയം. ഒരു വസ്തുവിനെ
കണ്ടു ഭയന്ന് ഓടുമ്പോൾ പൂർവ്വനിശ്ചിതമായ വഴികളില്ല .ഒരു വഴി തനിയെ
ഉണ്ടാവുകയാണ്. ഇതാണ് മനസ്സിന്റെ എപ്പോഴുമുള്ള വഴി. മനസ്സിനു ഒരു വഴിയും
കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ഗ്രഹങ്ങൾക്ക് ക്ഷീരപഥങ്ങളുണ്ട്. എന്നാൽ
മനസ്സിനു സഞ്ചരിക്കാൻ ഒരു വഴിയും ആരും നിർമ്മിച്ചിട്ടില്ല. കെട്ടുപിണഞ്ഞ
ചിന്തകൾക്ക് പല വഴിയിൽ കയറിപ്പോകാം. അതിനെ നിയന്ത്രിക്കാൻ ആന്തരികജ്ഞാനമാണ്
വേണ്ടത്. ആ ജ്ഞാനം ശരീരത്തിൽ തന്നെയുണ്ട് .അതിനെ ഉണർത്തേണ്ടതുണ്ട്.
ബുദ്ധിയുടെ കേവലമായ അതിർവരുമ്പുകൾക്കപ്പുറത്തേക്ക് പോയാലേ ആ ജ്ഞാനം
കിട്ടുകയുള്ളു.
ഗുരു മനസ്സിന്റെയും
ശരീരത്തിന്റെയും ക്ഷീരപഥത്തെ കണ്ടറിഞ്ഞ് എഴുതിയ കവിതയാണ്
'കുണ്ഡലിനിപ്പാട്ട്'.ഇതുപോലൊരു കവിത ഒരു ഭാഷയിലും ഉണ്ടാവുകയില്ല. ഇത്
മഹത്തായ ഒരു സൃഷ്ടിയുടെ അപാരമായ വിചാരവൈചിത്ര്യവും ഭാവനയുടെ നാനാത്വവും
ഉൾക്കൊള്ളുന്നു. ഏറ്റവും ഉന്നതമായ പ്രതിപാദ്യവും അതിനിണങ്ങുന്ന
പ്രതിപാദനവുമാണ് കുണ്ഡലിനിപ്പാട്ടിനെ ശ്രദ്ധേയമാക്കുന്നത്.
ഐഹികജീവിതത്തിൻ്റെ കാട്ടിലൂടെ നടന്ന് അനൈഹികമായ അനുഭവങ്ങൾ തേടുകയാണ് ഗുരു.
ജ്ഞാനത്തിന്റെ വിളംബരമാണിത്. ഒരു പുതിയ ജ്ഞാനശാസ്ത്രമാണിത്. അതിനായി പുതിയ
ഭാഷ കണ്ടെത്തിയിരിക്കുകയാണ്. പാമ്പ് എന്ന പ്രതീകത്തിലൂടെ ഈ ലോകത്തിലെ
ജീവൻ്റെ സകല വ്യവഹാരങ്ങളെയും കോർത്തിണക്കുന്നു .പുതിയ
കാവ്യപരിസ്ഥിതിയാണിത്.
ജീവനെക്കുറിച്ചുള്ള
വേവലാതിയല്ലിത്. അത്യസാധാരണമായ ചിന്തയിലൂടെയും പ്രവൃത്തിയിലൂടെയും
അതിജീവിക്കുകയും ദൈവസാന്നിധ്യമറിയിക്കുകയും ചെയ്യുന്നതാണ് ഗുരു
വിശദീകരിക്കുന്നത്. പരമ്പരാഗതമായ ദൈവം ഇവിടെയില്ല. കേവലം ഒരു വസ്തുവല്ല
അത്.ഒരു മനുഷ്യനോ മനുഷ്യരൂപമോ അല്ല ദൈവം; ദൈവത്തെ നേരിൽ കണ്ട് നിവേദനം
കൊടുക്കാൻ ആഗ്രഹിക്കുന്നവരുണ്ട്. ദൈവം നമ്മുടെ തന്നെ ചിന്തകളുടെ
പരിമിതിക്കുള്ളിലാണെന്നു കരുതുന്നവരുണ്ട്. അവർക്ക് ദൈവം സ്വന്തം
രക്ഷയ്ക്കുള്ളതാണ് .എന്നാൽ ഗുരു അതിനപ്പുറം പോവുകയാണ്. പാമ്പിലൂടെ അതിനെ
തേടുകയാണിവിടെ.
മനുഷ്യശരീരത്തിൽ ദൈവത്തിൻ്റെ
സ്പന്ദനമറിയാനാണ് ശ്രമം.ഇങ്ങനെയൊരു കവിത ലോകത്തെവിടെയുമില്ല.എത്ര
വ്യാഖ്യാനിച്ചാലും തീരാത്ത വിധം അത് വ്യാമിശ്രമാണ്. പാമ്പിനോട് അഭിസംബോധന
ചെയ്യുന്ന രൂപമാണ് സ്വീകരിച്ചിരിക്കുന്നത്. പാമ്പിൻ്റെ ചലനത്തിനു അത്ര
പ്രാധാന്യമുണ്ട്. മറ്റെന്തിനേക്കാൾ അത് നിർണായകമാണ്. പാമ്പ് എങ്ങനെയെല്ലാം
നൃത്തം ചെയ്യണമെന്നാണ് ഗുരു വെളിപ്പെടുത്തുന്നത്. നമ്മുടെ ജീവിതം ഈ ആട്ടം
തന്നെയാണ്. ഈ ആട്ടമല്ലാതെ മറ്റെന്തുണ്ട് ? മനസ്സിന്റെ ഈ ആട്ടം
പ്രപഞ്ചത്തിന്റെ അകമാണ്. പുറത്ത് ഒരു പ്രപഞ്ചലീലയുണ്ട് -Dancing of Siva
.ജനിമൃതികളുടെ ഈ സംസാരജീവിതത്തിൽ രമ്യതയുടെ ഒരു അദൃശ്യനിയമമുണ്ട്. അതിൽ
സന്തോഷവും ദുഃഖവും ഇടകലർന്നിരിക്കുന്നു.സർവ്വാതിശായിയായ വിഷാദത്തിലും
ആശയുടെ നദി ഒഴുകുകയാണ്. ശബ്ദവും നിശ്ശബ്ദതയും ഇഴചേർന്നിരിക്കുന്നു
.ശബ്ദമുണ്ടെങ്കിൽ നിശ്ശബ്ദതയുമുണ്ട്.ചലനവും നിശ്ചലതയും
കൈകോർത്തിരിക്കുന്നു. സ്ഥലവും ശൂന്യതയും ചേർന്നിരിക്കുകയാണ്. ജീവികൾക്കോ
രൂപങ്ങൾക്കോ പ്രസക്തിയില്ലാത്ത വിധം കാലം ഓടുകയാണ് .
അകം
ലോകത്തിന്റെ സ്പന്ദനമാണ് പാമ്പിൻ്റെ ആട്ടം .ആ പാമ്പ് നമ്മുടെ ശരീരത്തിലെ
അവയവങ്ങളുടെ ആകെ നൃത്തത്തെ ആവാഹിക്കുകയാണ്. വികാരങ്ങളുടെ കടന്നൽക്കൂട്
ശാന്തമായിരിക്കുന്നതും അശാന്തമായിരിക്കുന്നതും ഇതിൻ്റെ ഭാഗമാണ്. ദൈവത്തെ
എങ്ങനെ അറിയും? ദൈവം ഉള്ളിലുണ്ട്. അതിനെ അറിയാനുള്ള ഉപാധി എന്താണ്? റഷ്യൻ
ദൈവശാസ്ത്രജ്ഞനായ നിക്കോള ബെർദ്യേവ് (Nikolai Berdyaev) ഇങ്ങനെ പറഞ്ഞു:
ആത്മാവ് ഒരു ഭൗതികവസ്തുവല്ല; ആന്തരികമായ, ദൈവികമായ യാഥാർത്ഥ്യം ഒരു
വസ്തുവല്ല .വസ്തുനിഷ്ഠലോകത്ത് അങ്ങനെയുള്ള ഒരു പ്രകൃതിയില്ല, വസ്തുവില്ല.
അല്ലെങ്കിൽ വസ്തുനിഷ്ഠമായ യാഥാർത്ഥ്യം എന്ന നിലയിൽ ആത്മാവില്ല. അതുകൊണ്ട്
ആത്മാവില്ല എന്നു പറയാൻ എളുപ്പമാണ് .എന്നാൽ ദൈവം ഈ ചൈതന്യമാണ്. എന്തെന്നാൽ
ദൈവം ഒരു വസ്തുവല്ല. ദൈവം അനുഭവമാണ്; അത് വ്യക്ത്യധിഷ്ഠിതമാണ്.' അതായത്
,ഭൗതികവസ്തു എന്ന നിലയിൽ ദൈവത്തെ തേടുന്നവർക്ക് ബദലാണിത്. ഒരു രൂപമായി,
വസ്തുവായി ദൈവമില്ലെന്നിരിക്കെ അതിനെ അനുഭവിക്കുക, ആരായുക എന്നത് നമ്മുടെ
വിധിയാവുകയാണ്.
ഗുരുവിൻ്റെ ദൈവം മൂർത്തമായ ഒരു
രൂപമല്ല ;തൊട്ടു കാണിക്കാനില്ല എന്നാണ് അർത്ഥമാക്കേണ്ടത്. ആ ദൈവത്തെ നാം
തിരയണം, സാക്ഷാത്ക്കരിക്കണം. ബുദ്ധികൊണ്ട് സൃഷ്ടിച്ചെടുക്കാവന്നതല്ല അത്.
വൈകാരികവും ആത്മീയവുമായ ഒരു അനുധാവനമാണത്. ഗുരു വിഭാവനം ചെയ്യുന്നത് ഒരു
സൗന്ദര്യാത്മക ദൈവ ((Aesthetic God)മാണ്. അത് മനുഷ്യശരീരത്തിലൂടെ
,മനസ്സിലൂടെ അന്വേഷിക്കേണ്ടതാണ്. ഓരോ വ്യക്തിയും അവൻ്റെ കഴിവിനും
ശക്തിക്കുമൊപ്പമാണ് ആ ദൈവത്തെ അനുഭവിക്കുന്നത് .സൗന്ദര്യബോധമുള്ളവർക്ക്
ഗുരുവിൻ്റെ ദൈവത്തെ കൂടുതൽ ഭംഗിയായി ഉൾക്കൊള്ളാനാവും. ദൈവത്തെ
കണ്ടെത്തുന്നത് ജീവിതത്തെ കൂടുതൽ സുന്ദരമാക്കുമെന്നാണ് മനസ്സിലാക്കേണ്ടത്
.ദൈവത്തെ അറിയുന്നത് ഒരു ലയമാണ്, ആസ്വാദനമാണ്. ഒരു മനോഹരമായ കവിത വായിച്ച്
അതിൻ്റെ സൗന്ദര്യം ആസ്വദിക്കുന്നതുപോലെയാണ് ദൈവാനുഭവം.
കവിതയുടെ
ഒരു വലിയ മൂല്യമാണ് നിശ്ശബ്ദത. സൗന്ദര്യാനുഭവത്തിന്റെ പാരമ്യത്താൽ
മൗനത്തിലാണ് നാം എത്തിച്ചേരുക. എൻ്റെ 'ആത്മായനങ്ങളുടെ ഖസാക്ക്'(1984)എന്ന
വിമർശന കൃതിയിൽ ഇത് ഞാൻ അവതരിപ്പിച്ചതാണ്. വാക്കുകൾ അർത്ഥത്തിനതീതമായ
സംവേദനങ്ങളിലേക്ക് കുതിക്കുകയാണ്. അർത്ഥത്തിന്റെ പരിമിതിയിൽ നിന്നു
വേർപെട്ടു വാക്കുകൾ മുന്നോട്ടു പോവുകയാണ്. മൗനത്തിൻ്റെ
സൗന്ദര്യശാസ്ത്രമാണിത്. മൗനത്തിൽ അഭയം തേടുന്ന ഒരനുഭവമുണ്ട്. സാഹിത്യകലയിൽ
എല്ലാം വിശദീകരിക്കാനാവില്ല. ചിലതെല്ലാം ആവിഷ്ക്കരിക്കാൻ വാക്കുകൾ
അപര്യാപ്തമാണ്.
വാക്ക് അർത്ഥമാണല്ലോ ഉല്പാദിപ്പിക്കുന്നത്.
എന്നാൽ മനസിനു അർത്ഥമില്ലാതെയും ജീവിക്കാം. അപ്പോൾ വാക്കുകളുടെ കാന്തി
മങ്ങുന്നു. മൗനത്തിൻ്റെ പ്രകാശം പരക്കാൻ തുടങ്ങും. ഉന്നതമായ
കലാപ്രവർത്തനത്തിൽ സൗന്ദര്യാത്മകതയുടെ മൗനമുണ്ട്. 'ബുദ്ധിസം' എന്ന
ഗ്രന്ഥത്തിൽ ക്രിസ്മസ് ഹംഫ്രീസ് സെൻബുദ്ധിസത്തെക്കുറിച്ച് പറഞ്ഞത്
ഇങ്ങനെയാണ്:
Silence alone can describe it,the silence of the mystic ,of the saint,of the artist in the presence of great beauty.
ഇത്
നിശ്ശബ്ദതയ്ക്കു മാത്രമേ വിശദീകരിക്കാനാവൂ.ഒരു യോഗയുടെ നിശ്ശബ്ദത ,ഒരു
പുണ്യാളന്റെ നിശ്ശബ്ദത, മഹാസൗന്ദര്യത്തിനു മുന്നിൽ നിൽക്കുമ്പോഴുള്ള
കലാകാരൻ്റെ നിശ്ശബ്ദത. കലയിൽ കലാകാരൻ ഇല്ലാതാകുന്നതിന്റെ നിശ്ശബ്ദതയാണിത്.
കലയിൽ നിന്നു കലാകാരനെ വേർപെടുത്താനാവാത്ത മൗനം. ഏതെങ്കിലുമൊരു
വസ്തുവുമായിട്ട് കെട്ടുപിണയാതിരിക്കുകയും എല്ലാറ്റിനും മുകളിൽ
സഞ്ചരിക്കുകയും സ്വതന്ത്രമാവുകയുമാണ് വേണ്ടതെന്ന് സെൻ മാസ്റ്റർ റിൻസായ്
(Rinzai)പറഞ്ഞത് ഇവിടെ ഓർക്കണം.
ഗുരുവിൻ്റെ ദൈവം
മനുഷ്യൻ്റെ വിശുദ്ധവും സ്വതന്ത്രവുമായ യാത്രയിലെ അനുഭവമാണ് .യാതൊരു
കെട്ടുപാടുമില്ല .ഒന്നിനെയും തമ്മിൽ ബന്ധിച്ചുനിർത്തേണ്ടതില്ല .ഒരു
സ്വതന്ത്രനദിയാണ് നാം എന്നു സങ്കല്പിച്ചാൽ മതി. ഒരു സ്വതന്ത്ര പറവയായാലും
മതി. ചിന്തയ്ക്ക് പോകാൻ കഴിയാത്ത ഇടങ്ങളിലേക്ക് നയിക്കുന്ന കവിതയാണ്
കുണ്ഡലിനിപ്പാട്ട്. എല്ലാ പഴഞ്ചൊല്ലുകളും പ്രയോഗങ്ങളും സംജ്ഞകളും ഇവിടെ
വഴിമാറുകയാണ്. ചിന്തയുടെ എല്ലാ സ്കൂളുകളും പിരിച്ചുവിടപ്പെട്ടിരിക്കുകയാണ്.
ഇവിടെ സൂത്രവാക്യങ്ങൾക്കും ഇടമില്ല. തത്ത്വചിന്തയുടെയും ചിന്തയുടെയും
അംഗീകൃതസ്ഥാപനങ്ങളിൽ നിന്നു വഴിപിരിയുകയാണിവിടെ. മനസ്സിന്റെ സ്വതന്ത്രമായ
സൗന്ദര്യം നേടാൻ വേണ്ടിയാണ് ഈ വിടുതൽ യാത്ര. അതാണ്
'കുണ്ഡലിനിപ്പാട്ടി'ലുള്ളത്. ഒരു പാമ്പിനോടാണ് ഗുരു പറയുന്നത്. ആ പാമ്പ്
ചിന്തയുടെ സകലസ്കൂളുകളും ഉപേക്ഷിച്ചു ആടുകയാണ്.
പ്രാപഞ്ചികമായ
ശുദ്ധതയുടെയും വിമോചനത്തിന്റെയും ആട്ടമാണത്. ഗുരുവിന്റെ ദൈവം ഈ
സ്വാതന്ത്ര്യത്തിൽ നിന്നാണ് ഉദിക്കുന്നത്. അത് ശുദ്ധതയുടെ ഒരു കാറ്റാണ്.
ഒരു പൂ വിരിയുകയാണ് .ഒരു രാത്രിയിൽ നിലാവ് ഉണരുകയാണ് .ഒരു സൂര്യോദയമാണ്.
ഒരു പക്ഷിപ്പറക്കലാണ് .ഒരു മന്ദഹാസമാണ്. സൗന്ദര്യാത്മക
ദൈവമാണത്.ഇന്ദ്രിയങ്ങളിലൂടെ നാം സാക്ഷാത്കരിക്കേണ്ട ആനന്ദമാണത്.
"ആടുപാമ്പേ ,പുനം തേടു പാമ്പേ,യരു ളാനന്ദക്കൂത്തു കണ്ടാടു പാമ്പേ!"
ആട്ടത്തിലൂടെ
ദൈവത്തെ കണ്ടെത്താമെന്നാണ് ഗുരു ധ്വനിപ്പിക്കുന്നത് .അരുളാനന്ദക്കൂത്ത്
കാണണമെന്നു ഉപദേശിക്കുന്നു. അരുൾ മഹത്തായ മാനവികതയാണ്. അരുൾ കൃപയാണ്.
കൃപാലുവായ ദൈവത്തിൻ്റെ ആനന്ദത്തെ അറിയുക. എന്തുകൊണ്ടാണ് ദൈവം കൃപാലുവും
ആനന്ദനുമായിരിക്കുന്നത് ? ദൈവം എല്ലാത്തിനെയും സമമായി കാണുന്നു. നമുക്ക്
നല്ലതു വേണമെങ്കിൽ ദൈവം നമ്മോടൊപ്പം നിൽക്കും. കാരണം, ദൈവം നമ്മുടെ
സൗന്ദര്യസങ്കല്പത്തിനൊത്താണ് നിലനിൽക്കുന്നത്. സൗന്ദര്യസങ്കല്പമെന്നാൽ
ജീവിതത്തിൽ പാലിക്കേണ്ട ധർമ്മവും മൂല്യവും ശുദ്ധിയുമാണ്. അതിലൂടെയാണ് നാം
ദൈവത്തെ വൈകാരികമായി അറിയുന്നത്.
ദൈവം
അദൃശ്യതയിലാണുള്ളത് .അത് നമ്മുടെ ഇന്ദ്രിയങ്ങൾക്കപ്പുറമാണ്. എന്നാൽ ആ
ദൈവത്തെ അറിയാൻ ഉള്ളിലെ സർപ്പത്തെ ഉണർത്തിയാൽ മതി .ആ സർപ്പം നിറഞ്ഞാടുമ്പോൾ
എല്ലാ ഇന്ദ്രിയങ്ങളും കാര്യക്ഷമമാകും. കണ്ണുകൊണ്ടല്ലാതെ കാണാനും
കാതുകൊണ്ടല്ലാതെ കേൾക്കാനും ത്വക്കുകൊണ്ടല്ലാതെ സ്പർശിക്കാനും
ശ്വസനേന്ദ്രിയം കൊണ്ടല്ലാതെ ഗന്ധം അറിയാനും മനസ്സുകൊണ്ടല്ലാതെ
മനസ്സിലാക്കാനും കഴിയും. ഇതാണ് ദൈവികത. അതിനായി പ്രയത്നിക്കാൻ ഉള്ളിലെ
ജീവനോടു പറയുകയാണ്. ജീവൻ്റെ ആട്ടത്തിൽ നിന്ന് ഈ സത്യം പുറത്തു പോകരുത് .ഒരു
സൗന്ദര്യാത്മകദൈവത്തെ തേടുന്നവനു ഇന്ദ്രിയങ്ങൾ വഴികാട്ടികളാണ് .ഒരു
ഘോരവനത്തിൽ നിന്നു യഥാർത്ഥ വഴിയിലൂടെ പുറത്തെത്താൻ സഹായിക്കുന്നത് ഈ
ഇന്ദിയങ്ങളാണ്. ഇന്ദ്രിയങ്ങൾക്കു നാം എന്തു കൊടുക്കുന്നുവോ അതാണ് അവ
തിരിച്ചു തരുന്നത് .
അരുൾ കൈവിടാതെ ആടണം. ഇപ്പോൾ
നാം പുറംലോകത്ത് കാണുന്ന പല ആട്ടങ്ങളും ക്രൂരതയുടെ ഭാഗമാണ്. കൃപയില്ലാത്തവർ
ആടുന്നത് മറ്റുള്ളവർക്ക് ദോഷകരമാകുന്നു. അരുൾ ഉപേക്ഷിക്കാതെ ആനന്ദത്തെ
ഉൾക്കൊള്ളണം. അരുളും ആനന്ദവും ദൈവത്തിലുണ്ടെന്ന് അറിഞ്ഞ് ആടണം .അപ്പോൾ
ശരീരത്തിലും അതിന്റെ പ്രകാശം പരക്കും. മനസ്സിനു നേരാം വഴി തെളിഞ്ഞു
കിട്ടും. സർപ്പത്തിനു ഒരു വാസസ്ഥലമുണ്ട്. അത് മറന്നുപോകരുത് .ആ പുനം
തേടണമെന്നും സൂചിപ്പിക്കുന്നു. ആ പുനം നമ്മുടെ പ്രാചീനവും ആത്യന്തികവുമായ
ഗേഹമാണ് .ഈ ജീവിതം ഒരു വാടകയ്ക്കെടുത്ത മുറിയാണെന്നു പറയാറുണ്ട്. ശരീരവും
വാടകയ്ക്കെടുത്ത മുറിയല്ലേ? ശരീരം നാം ജീവിച്ച ശേഷം ഉപേക്ഷിക്കുകയാണ്.
മനസും ഉപേക്ഷിക്കുകയാണ്. അതുകൊണ്ട് ആ പുനം മറന്നുപോകരുത്. അവിടേക്കാണ് നാം
ചെല്ലുന്നത്. എല്ലാം നഷ്ടപ്പെടുമ്പോഴും ഒരിടം ബാക്കിയുണ്ടെന്നുള്ള ചിന്ത
എത്ര മഹത്തരമാണ് !.അതിനുമുമ്പ് ആടുന്നതിനു അർത്ഥമുണ്ടാകട്ടെ.
No comments:
Post a Comment