Followers

Tuesday, August 13, 2024

കവിതകൊണ്ട് ഒറ്റപ്പെട്ടവന് സ്നേഹ സാന്ത്വനം /എം.കെ.ഹരികുമാർ

 

'ഒസ്യത്തിൽ ഇല്ലാത്ത രഹസ്യങ്ങൾ' എന്ന നോവൽ ആദ്യപതിപ്പ് പ്രസിദ്ധീകരിച്ച കാലത്ത് തന്നെ ഞാൻ വായിച്ചതാണ്. ഇതിനെ പ്രശംസിച്ച് എഴുതുകയും ചെയ്തു. പ്രശംസിച്ചതിന് കാരണം ചരിത്രപരമായ ദൗത്യം  നിർവഹിച്ചതിനാണ്. അയ്യപ്പൻ ഒരു വരേണ്യ ബുദ്ധിജീവിയായിരുന്നില്ല. അദ്ദേഹം എന്നും സ്വയം ഒരു പതിതവർഗ്ഗ പ്രതിനിധിയാണെന്നു കരുതിയിരുന്നു.

യാതൊന്നും അവകാശപ്പെടാനില്ലാത്തവർക്ക് മാത്രമേ ഏറ്റവും എളിമയിൽ, നിസ്വനായി നിൽക്കാനാവൂ.എല്ലാ  അധികാരത്തിൽ നിന്നും ഒഴിഞ്ഞു നിന്ന അയ്യപ്പന് സ്വാതന്ത്ര്യം നേടാനായി. തന്നിൽ നിന്നു തന്നെയുള്ള സ്വാതന്ത്യമാണത്.കെട്ടുപാടുകൾ ചിന്തയെ മാത്രമല്ല ബാധിക്കുന്നത് ,ബുദ്ധിയെയുമാണ്; ജ്ഞാനത്തിനുപോലും അതിൽ നിന്ന് രക്ഷപ്പെടാനാവില്ല. എ.അയ്യപ്പൻ എന്ന കവിയെ എസ്.സുധീശൻ്റെ മാർഗ്ഗത്തിൽ തന്നെയാണ് ആദരിക്കേണ്ടത്. ഈ കവിയോട് എത്രയോ ആദരവ് തോന്നിയിട്ടാകണം സുധീശൻ ഒരു നോവലെഴുതിയത്.

ഇത് ഒരു സമർപ്പണവും അർച്ചനയുമാണ്. എ .അയ്യപ്പനെ അലഞ്ഞു തിരിയുന്ന കവിയായി കണ്ടവർക്ക് മുന്നിലേക്ക് ഇതാ 'ഒരു പുണ്യാളൻ' എന്ന ആശയമാണ് സുധീശൻ ഈ നോവലിലൂടെ സ്ഥാപിക്കുന്നത് .അയ്യപ്പൻ ദേഹവിയോഗം സംഭവിച്ച ശേഷം സ്വന്തം കഥ ഓർത്തെടുക്കുകയാണ്. അവിടെയും അയ്യപ്പന് സ്വാതന്ത്ര്യമുണ്ട്. സ്വാതന്ത്ര്യത്തിന്റെ അനുഭവം നിലാവ് പോലെ പരക്കുന്നു. അയ്യപ്പൻ്റെ ബാല്യ, കൗമാരങ്ങളിലൂടെ പടരുന്ന നോവൽ ഇടയ്ക്ക് ഇങ്ങനെ ഓർമ്മപ്പെടുത്തുന്നു.

"അയ്യപ്പന് പട്ടികളെ പേടിയാണ്. അതുകളുടെ തേറ്റകൾ പുറത്ത് കാണിച്ചുള്ള ചീറ്റിലും തുറിച്ചുനോട്ടവും മൂളലും ഭയപ്പെടുത്തുന്നതാണ്. പട്ടിപിടുത്തക്കാരന്റെ കമ്പിനൂലിൽ കണ്ണ് തുറിച്ച് കിടക്കുന്ന പട്ടികളുടെ മുഖം ,അച്ഛനെക്കുറിച്ച് ഓർക്കുമ്പോഴൊക്കെ തികട്ടിക്കൊണ്ടിരിക്കും. ഓർമ്മകളായി വരുന്ന കറുത്ത പക്ഷിക്കൂട്ടത്തിൽ  എന്നും ആളുണ്ട്. "

അയ്യപ്പൻ 'പല്ല്' എന്ന കവിതയിൽ എഴുതി:
"അമ്പ് ഏത് നിമിഷവും 
മുതുകിൽ തറയ്ക്കാം
പ്രാണനും കൊണ്ട് ഓടുകയാണ്
വേടൻ്റെ കൂര കഴിഞ്ഞ് റാന്തൽ
വിളക്കുകൾ ചുറ്റും 
എൻ്റെ രുചിയോർത്ത് 
അഞ്ചെട്ടുപേർ 
കൊതിയോടെ 
ഒരു മരവും മറ തന്നില്ല 
ഒരു പാതയുടെ വാതിൽ തുറന്ന്
ഒരു ഗർജ്ജനം സ്വീകരിച്ചു 
അവൻ്റെ വായ്ക്ക് ഞാനിരയായി ."

ആർദ്രത വറ്റിയ കവിതയാണ് അയ്യപ്പൻ്റേത് .എന്നാൽ അയ്യപ്പൻ ആർദ്രതയായിരുന്നു.ഭൂമിക്ക് നോവുമെന്നോർത്താണ് അദ്ദേഹം നടന്നത്.അതിൽ കലർപ്പില്ലായിരുന്നു. പുരുഷാര്‍ത്ഥസങ്കൽപ്പങ്ങളുടെ മറുവശത്ത് ജീവിതായോധനത്തിന്റെ പൊരുൾ തേടിയ അയ്യപ്പൻ ഉന്മാദത്തിനും വിഷാദത്തിനുമിടയിൽ സഞ്ചരിച്ചു.

"കുപ്പി അയ്യപ്പൻ പിടിച്ചു വാങ്ങി.ഒരു കവിൾ .പിന്നെ മുത്തലീഫിന്. റോഡിലൂടെ അപൂർവ്വം വാഹനങ്ങൾ പോകുന്നുണ്ട്. പ്രഭാത സവാരിക്കാരും ഇറങ്ങിത്തുടങ്ങിയിട്ടുണ്ട് .പക്ഷേ, മൂവർ സംഘത്തിൻ്റെ ലോകത്ത് അതൊന്നും തൽക്കാലം ഇല്ല.മുനിമാരുടെ തപസ്സു പോലെയാണ് പുലർച്ചയുള്ള മദ്യപാനം. സകല ഞരമ്പുകളെയും എഴുന്നേൽപ്പിച്ചു നിർത്തും. അയ്യപ്പൻ്റെ കണ്ടുപിടിത്തം. "ഈ അനുഭൂതി ആർക്കു കിട്ടുമെടാ?' ജോൺ ആസ്വദിച്ചുകൊണ്ട് പിറുപിറുത്തു. 
മഞ്ഞുപെയ്യുന്ന വെളുപ്പാൻ കാലം . രാജവീഥിയിൽ മദ്യപാനം .പരമാനന്ദം.  ഇതാണെടാ സ്വർഗ്ഗം. "

ജീവിതത്തിന്റെ ലഹരി എല്ലാത്തിൻ്റെയും ഉടമസ്ഥതയിലാണ്; അല്ലെങ്കിൽ ഒന്നിൻ്റെയും ഉടമസ്ഥത ഇല്ലാതിരിക്കുന്നതിലാണ്. രണ്ടും ഒന്നു തന്നെ .ഇങ്ങനെ വിശ്വസിക്കുന്ന കവികളും കലാകാരന്മാരുമുണ്ട്. അവരുടെ എക്സെൻറിസിറ്റിയാണ് ആഘോഷിക്കുന്നത്. നൂൽബന്ധം വേർപെട്ട പട്ടം പോലെ പറക്കുന്ന അനുഭവമാണത്.

സുധീശൻ ഈ നോവലിൽ അയ്യപ്പൻ്റെ ബോധമനസ്സിലൂടെ സഞ്ചരിക്കുകയാണ്. ലോകത്തെ അറിയുന്നത് അങ്ങനെയാണ്. ഒരു കവിക്ക് എത്രമാത്രം ഈ ലോകം ഭാരമായി തോന്നും? അയ്യപ്പൻ കണ്ടത് വൈരുദ്ധ്യങ്ങളായിരുന്നു. നേർരേഖകൾ ഒന്നുമില്ലായിരുന്നു. എല്ലാം വക്രീകരിക്കപ്പെട്ടതായിരുന്നു . സ്നേഹമോ സാഹോദര്യമോ എവിടെയുമില്ലെന്ന് കണ്ട കവി  ഉപരിപ്ലവമായ പ്രേമത്തെക്കുറിച്ചെഴുതണോ ?

വളയങ്ങൾ നിർമ്മിച്ചവർ അത് ഉപയോഗിച്ചാൽ മതി. വളയങ്ങൾ ഉപേക്ഷിച്ചവർക്ക് വേറെ പാതകളുണ്ട്. പ്രേമം സനാതനമായ വികാരമോ ധർമ്മമോ ആയിരിക്കാം. എന്നാൽ സ്നേഹത്തിൻ്റെ പേരിലുള്ള വേദനയും വഞ്ചനയും നേരിട്ടവർക്ക് അങ്ങനെയല്ല. വഞ്ചിക്കാനാണ് മനുഷ്യന് പ്രാഥമികമായ വാസന. പ്രേമിക്കുന്നത് ,പലപ്പോഴും, വഞ്ചിക്കാനാണ്. വഞ്ചന സുഖമുള്ള അനുഭവമാണത്രേ.ഒരു സാധാരണക്കാരന്റെ ജീവിതം പോലും അയ്യപ്പൻ മോഹിച്ചില്ല. തൻ്റെയുള്ളിലെ കവിത എങ്ങോട്ടാണ് നയിക്കുന്നതെന്ന് വ്യക്തമായിരുന്നില്ല. ആ കവിത പുതിയൊരു വഴി വെട്ടുകയായിരുന്നല്ലോ. അപ്രാപ്യവും ജ്വലിക്കുന്നതുമായ ഒരു സൗന്ദര്യാനുഭവത്തെ താങ്ങി നിർത്താനുള്ള ബദ്ധപ്പാടിലാണ് അയ്യപ്പൻ മദ്യത്തിൽ അഭയം തേടുന്നത്; അല്ലെങ്കിൽ വീടില്ലാത്തവനായി അലയുന്നത്. യാതൊന്നിൻ്റെയും ഉടമസ്ഥാവകാശം തനിക്ക് ചേരില്ലെന്ന് കവി മനസ്സിലാക്കിയിരുന്നു. അതുകൊണ്ടു തന്നിലേക്ക് വരുന്ന ഉടമസ്ഥതകളെയെല്ലാം തട്ടിമാറ്റിക്കൊണ്ടിരുന്നു. അതിർത്തികൾ ഭേദിക്കുന്നവനും ആലോചനകളിൽ അമരുന്നവനും സ്വസ്ഥത ഉണ്ടാവില്ല. അവൻ അലഞ്ഞു കൊണ്ടിരിക്കും. അയ്യപ്പൻ ചെറിയ പരിചയങ്ങളെയും സൗഹൃദങ്ങളാക്കി.ആ സൗഹൃദങ്ങൾ കൊണ്ട് വലിയ നേട്ടങ്ങളൊന്നുമുണ്ടായിരുന്നില്ല, ഒന്നും ആഗ്രഹിച്ചുമില്ല. 

അയ്യപ്പൻ്റെ ജീവിതം ആരും അനുകരിക്കേണ്ട ;കവിതയും. അത് രണ്ടും അയ്യപ്പനുള്ളതാണ് .അയ്യപ്പൻ സൃഷ്ടിച്ചതാണത്. ഒരാൾക്ക് മറ്റൊരാളാവാൻ കഴിയില്ല. ലോകത്തിൻ്റെ മാർഗത്തിലോ സമൂഹത്തിന്റെ ആശിർവാദത്തിലോ ഒരു കവിയുണ്ടാകുന്നില്ല .കവി തൻ്റെ മേലേ വീണു കിടക്കുന്ന ഭൂതകാലത്തിന്റെ ചങ്ങലകൾ മാറ്റുകയാണ് ചെയ്യുന്നത്. അയാൾ സ്വതന്ത്രനാവാൻ ശ്രമിക്കുമ്പോൾ മറ്റു അടിമകളെല്ലാം കുപിതരാവുന്നത്  സ്വാഭാവികമാണ് .

അയ്യപ്പൻ കവിയാകാൻ വേണ്ടി (കവിതയാകാൻ വേണ്ടിയും) ജീവിതത്തെ കുടഞ്ഞു കളഞ്ഞവനാണ്. ആയിരമായിരം സെൽഫ് ഹെൽപ് പുസ്തകങ്ങളുള്ള ഈ നാട്ടിൽ ആ ജീവിതം ആരെയും സഹായിക്കില്ല .സുധീശൻ അതാണ്  കണ്ടെത്തുന്നത്. ഒന്നും മറച്ചുവയ്ക്കാതെ എഴുതാനുള്ള സുധീശൻ്റെ കഴിവ് പ്രശംസിക്കപ്പെടണം. അത് ഇങ്ങനെ നോവലിൽ വായിക്കാം:
"എവിടെ താമസിക്കുന്നു"
ശങ്കരഭായ് ചോദിച്ചു .
പാമ്പുകൾക്ക് മാളമുണ്ട്.
അയ്യപ്പൻ പാടി .
"ബാബുരാജിന്റെ കൃപ .കാർ ഷെഡിൽ കഴിയുന്നു.!
"അവിടെ എഴുതാനൊക്കെ കഴിയുമോ:
?"
"ഈ ജന്ദർമന്ദിർ റോഡിലെ വിളക്കുകാലുകളുടെ വെളിച്ചത്തിലാണ് ഇന്നലെ ഒരു കവിത എഴുതിയത്. തെരുവുകളിലാണ് എൻ്റെ മിക്ക കവിതകളും പിറവികൊണ്ടത് ."
"എൻ്റെ കൂടെ പോരുന്നോ?.
ഞാൻ ഒറ്റയ്ക്കാണ് ;വലിയ സൗകര്യങ്ങളൊന്നുമില്ല."
"ആരുടെ കാലിൽ ചുറ്റിപ്പിടിക്കണമെന്ന്  ഞാൻ ആലോചിക്കുകയായിരുന്നു. ഭാഗ്യം ."
"ആരെയും ഞാൻ എൻ്റെ കൂടെ കൂട്ടാറില്ല. അതിനുള്ള സൗകര്യം ഇല്ല. അതാണ് ."
"എനിക്ക് ഒരു കീറച്ചാക്ക് മതി ,ഉറങ്ങാൻ .പിന്നെ ഭക്ഷണം കിട്ടിയില്ലെങ്കിലും കുടിക്കാൻ കിട്ടണം . ഇല്ലെങ്കിൽ ഭ്രാന്ത് വരും ."

ഇതാണ് സത്യസന്ധമായ എഴുത്ത്.ജീവിതത്തിൽ കവിതകൊണ്ട്  ഒറ്റയ്ക്കായി പോയവൻ്റെ ധർമ്മസങ്കടങ്ങൾ നന്നായി വിവരിച്ചിരിക്കുന്നു. മനസ്സിലെ അനാഥത്വം, ഒഴിഞ്ഞോടലിൻ്റെ വ്യഥ, എല്ലാം ഇതിലുണ്ട് .സ്വയം ഒരു ദുരന്തമാണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് അയ്യപ്പനിലെ കവി തിളച്ചു തൂവിയത്. നിസ്സഹായതയുടെ തീജ്വാലകൾ ആ കവിതകളിൽ നിറയാൻ കാരണതാണ്.  സ്വയം മറയ്ക്കാൻ അറിയാത്തവന് ഇങ്ങനെയേ എഴുതാനൊക്കൂ. വിഭ്രാമകമായ ജീവിതാവസ്ഥകൾ അയ്യപ്പനായി മാത്രം ഉയിർകൊള്ളുകയായിരുന്നു.

"അരുതരുതെന്നു നിലവിളിച്ചിട്ടും പ്രേമമേ നീയെൻ്റെ നിഴലിൽ ചവിട്ടുന്നു ."



No comments: