Followers

Showing posts with label talk. Show all posts
Showing posts with label talk. Show all posts

Tuesday, January 30, 2024

ഡിലീറ്റ് ചെയ്യുന്നതാണ് ഈ കാലത്തിൻ്റെ സംസ്കാരം /എം.കെ.ഹരികുമാർ

 

രാമപുരം കവല ഗാന്ധിനഗർ റസിഡൻസ് അസോസിയേഷൻ ഒമ്പതാം വാർഷികാഘോഷം എം.കെ.ഹരികുമാർ ഉദ്ഘാടനം ചെയ്യുന്നു. ശ്രീകുമാർ ,കെ.ബി.സോമൻ ,പ്രൊഫ. എം.ഡി.ദിവാകരൻ ,രമ മോഹനൻ ,കൗൺസിലർ ഷിബി ബേബി എന്നിവർ സമീപം .

റിപ്പോർട്ട് :എൻ.രവി

കൂത്താട്ടുകുളം :കാലത്തെക്കുറിച്ചും സ്ഥലത്തെക്കുറിച്ചുമുള്ള പരമ്പരാഗത സങ്കല്പം തകർന്നുവെന്ന് സാഹിത്യകാരനും കോളമിസ്റ്റും വിമർശകനുമായ എം.കെ.ഹരികുമാർ അഭിപ്രായപ്പെട്ടു.

കൂത്താട്ടുകുളം രാമപുരം കവല ഗാന്ധിനഗർ റസിഡൻസ് അസോസിയേഷൻ ഒമ്പതാമത് വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എം.കെ.ഹരികുമാറിൻ്റെ പ്രഭാഷണത്തിൽ നിന്ന്:

"പതിറ്റാണ്ടുകൾക്ക് മുൻപ്, ഇരുപത്തിനാല് മണിക്കൂർ കുടുമ്പോഴാണ് നാം ലോകത്തെ വീണ്ടും കാണാൻ ശ്രമിച്ചത്. പത്രങ്ങൾ അച്ചടിച്ച് വിതരണം ചെയ്യുന്നത് രാവിലെയാണല്ലോ .ഒരാൾ പത്രം വായിക്കാനായി പുലർകാലം നീക്കിവയ്ക്കുന്നു. തലേ ദിവസത്തെ വാർത്തകൾ അയാൾക്ക് പിറ്റേ ദിവസം അറിഞ്ഞാൽ മതി. അതൊരു കാലബോധമായിരുന്നു.കാലം അത്ര മന്ദഗതിയിലായിരുന്നു .24 മണിക്കൂർ കൂടുമ്പോഴാണ് ലോകം പുതുക്കപ്പെടുന്നത് എന്നായിരുന്നു ധാരണ. ഇപ്പോൾ 24 മണിക്കൂർ വരെ ഒരാളും കാത്തുനിൽക്കുന്നില്ല. ലോകം അവൻ്റെ കൺമുന്നിലേക്ക് വന്നിരിക്കുന്നു. അവൻ എപ്പോഴും പുതുക്കപ്പെടുകയാണ്. ലോകം ലൈവാണ് .ഇപ്പോൾ ഓരോ നിമിഷവും നമുക്ക് ലോകത്തെ അറിയണം. അല്ലെങ്കിൽ നമ്മൾ അസ്വസ്ഥരാകും. സ്ഥലത്തെക്കുറിച്ച് ഉണ്ടായിരുന്ന വീക്ഷണവും തകിടംമറിഞ്ഞു. മുമ്പ്, ഒരു കത്തയച്ച് മറുപടി വരുന്നത് വരെ കാത്തിരിക്കണമായിരുന്നു. അമേരിക്കയിൽ കത്ത് പോയി മറുപടി വരാനെടുക്കുന്ന സമയം പോലെ അങ്ങോട്ടുള്ള ദൂരവും പ്രധാനമാണ്. ഇപ്പോൾ ഒരു ദൂരം ഇല്ലാതായി. ഒരു വാട്സപ്പ് സന്ദേശം ഒരു സെക്കൻഡിനുള്ളിൽ അമേരിക്കയിൽ കേൾപ്പിക്കാം. ഒരു സന്ദേശമല്ല ആയിരം സന്ദേശങ്ങൾ. വിവിധ രാജ്യങ്ങളിൽ ,വിവിധ ഇടങ്ങളിലുള്ളവർക്കെത്തിക്കാം, ഒരു നിമിഷം മതി.വിവിധ ഇടങ്ങളിലേക്കുള്ള ദൂരം ഒരു നിമിഷത്തിലേക്ക് ചുരുങ്ങി. ഈ മാറ്റം നമ്മുടെ ജീവിതത്തിന്റെ വേഗമാണ് കാണിക്കുന്നത്. കുട്ടികൾ ഈ വേഗത്തിനൊപ്പമാണ്. അവർക്ക് മുതിർന്നവരേക്കാൾ ഊർജ്ജമുണ്ട്. അതുകൊണ്ടാണ് കുസൃതി ഉണ്ടാകുന്നത്. കുട്ടികൾക്ക് നല്ല ബുദ്ധിയുണ്ട് .കുട്ടികൾക്കായി പ്രത്യേക സാഹിത്യം വേണ്ട എന്നാണ് എൻ്റെ നിലപാട് .ഞാൻ കുട്ടികൾക്ക് മാത്രമായി ഒന്നും എഴുതിയിട്ടില്ല. മുതിർന്നവരേപ്പോലെ തന്നെ കുട്ടികളെയും കാണണം. അവർ പെട്ടെന്ന് തന്നെ ലോകത്ത് ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുകയാണ്. കുട്ടികളോട് ചോദിച്ചിട്ടാണ് മാതാപിതാക്കൾ ഇന്ന് മൊബൈൽ ആപ്ലിക്കേഷനുകൾ പഠിക്കുന്നത് .കമ്പ്യൂട്ടറും മൊബൈൽ ഫോണും ഉപയോഗിക്കാൻ കുട്ടികൾക്ക് പ്രത്യേക സാമർത്ഥ്യമുണ്ട് .അവർ അത് വേഗം പഠിക്കുന്നു. എന്നാൽ അതിവേഗത നമ്മെ എവിടെയോ കൊണ്ടെത്തിച്ചിരിക്കുന്നു. ഇൻസ്റ്റഗ്രാമിൽ ഒരു സെക്കൻഡിൽ ദശലക്ഷക്കണക്കിനു ഫോട്ടോകളാണ് വരുന്നത് .അതിസുന്ദരമാണ് മിക്ക ഫോട്ടോകളും. പക്ഷേ ,എവിടെയും സൂക്ഷിക്കാനാവില്ല. ഫോണിൽ കുറച്ചു പടങ്ങളേ സൂക്ഷിക്കാനാവൂ. അതിനേക്കാൾ മികച്ചത് കാണുമ്പോൾ പുതിയത് ഡിലീറ്റ് ചെയ്യും .പുതിയതും പിന്നീട് ഡിലീറ്റ് ചെയ്യേണ്ടിവരും. പുതിയ ഫോട്ടോകൾ വന്നുകൊണ്ടിരിക്കുകയാണല്ലോ. എവിടെയും ഇവ സൂക്ഷിക്കാനാവില്ല. ഇഷ്ടപ്പെട്ടതിനെ നിരാശയോടെ ഡിലീറ്റ് ചെയ്യേണ്ട ഗതികേടിലാണ് നമ്മൾ .ഓർക്കാനുള്ള ശേഷിക്ക് അപ്പുറത്താണ് കാര്യങ്ങൾ. അതുകൊണ്ട് ഡിലീറ്റ് ചെയ്യുന്നത് നമ്മുടെ സ്വഭാവമായി തീർന്നിട്ടുണ്ട്. ഈമെയിലിലും സമൂഹമാധ്യമങ്ങളിലും തുടരുന്ന ഡിലീറ്റ് സമ്പ്രദായം വ്യക്തിജീവിതത്തിലേക്ക് സംക്രമിക്കുകയാണ്. അതാണ് ഭയാനകം. ആളുകൾ ഓർമ്മകൾ ഇല്ലാത്തവരായി മാറുന്നു. പൂർവ്വകാലത്തിന്റെ ഓർമ്മകൾ ഭാരമായിരിക്കുന്നു. ഭൂതകാലത്തിലെ സംഭവങ്ങളോ രചനകളോ പോലും ആരും ഓർക്കാതായി.നമ്മുടെ ബന്ധങ്ങൾ ഡിലീറ്റ് ചെയ്യപ്പെടാതെ നോക്കുകയാണ് ഇന്നത്തെ വെല്ലുവിളി. സമയം പണത്തേക്കാൾ മൂല്യമുള്ളതാകയാൽ അത് നഷ്ടപ്പെടുത്താതിരിക്കാനാണ് നാം ശീലിക്കേണ്ടത് .സമയത്തെക്കുറിച്ച് പുതിയൊരു അവബോധം ആവശ്യമാണ് .സമയം നഷ്ടപ്പെടുന്നത് എങ്ങനെ നികത്താനൊക്കും.? കൂടുതൽ വേഗത്തിൽ ജീവിക്കുന്ന നമുക്ക് സമയത്തെ തോൽപ്പിക്കാനാവണം. കൂടുതൽ പ്രവർത്തിക്കുകയാണ് അതിനുള്ള വഴി .ഒന്നിനും ഗ്യാരണ്ടിയില്ല .കിട്ടുന്ന സമയം പരമാവധി ഉപയോഗിക്കുക."

രമ മോഹനൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി കെ.ബി. സോമൻ സ്വാഗതം പറഞ്ഞു. പ്രൊഫ.എം.ഡി. ദിവാകരൻ, ശ്രീകുമാർ ,കൗൺസിലർ ഷിബി ബേബി ,ജമ്മ ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.

Sunday, October 29, 2023

പ്രബുദ്ധതയ്ക്ക് ജാതിയില്ല :എം.കെ.ഹരികുമാർ


പാലക്കുഴ ഗവണ്മെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച വൈക്കം സത്യാഗ്രഹ സ്മൃതി യാത്രയുടെ ഉദ്ഘാടനസമ്മേളനത്തിൽ എം.കെ.ഹരികുമാർ പ്രഭാഷണം നടത്തുന്നു



റിപ്പോർട്ട്: എൻ.രവി



പാലക്കുഴ (കൂത്താട്ടുകുളം): പ്രബുദ്ധതയ്ക്ക് ജാതിയില്ലെന്ന് വിമർശകനും കോളമിസ്റ്റുമായ എം.കെ. ഹരികുമാർ അഭിപ്രായപ്പെട്ടു.

കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ നേതൃത്വത്തിൽ പാലക്കുഴ  മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച ഏകദിന വൈക്കം സത്യാഗ്രഹ സ്മൃതിയാത്രയുടെ  ഉദ്ഘാടനസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വൈക്കം സത്യാഗ്രഹം കേരളത്തിൻ്റെ  യഥാർത്ഥ മനസ്സ് കാണിച്ചുതരുകയാണ്. വൈക്കത്ത് ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള  സമരമായിരുന്നില്ല അത്. ക്ഷേത്രത്തിന് ചുറ്റമുള്ള റോഡിലൂടെ നടക്കാൻ വേണ്ടിയായിരുന്നു ആ സമരം. ഈഴവർക്കും മറ്റ് പിന്നോക്ക വിഭാഗങ്ങൾക്കുമായിരുന്നു വിലക്ക്. വിലക്ക് ലംഘിച്ച ഇരുനൂറ്റി അറുപത് യുവാക്കളെ ദിവാൻ്റെ പട്ടാളം വെട്ടിക്കൊന്നു കുഴിച്ചുമൂടുകയാണ് ചെയ്തത് .വൈക്കം പ്രൈവറ്റ് ബസ് സ്റ്റാൻഡ് ആ സ്ഥലത്താണ് നിർമ്മിച്ചിട്ടുള്ളത്. യുവാക്കളെ വെട്ടിക്കൊന്ന് കുഴിച്ചുമൂടിയ സ്ഥലം  ദളവാക്കുളം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. വൈക്കം ക്ഷേത്രത്തിനു സമീപമുള്ള റോഡിലൂടെ ശ്രീനാരായണഗുരു വന്നപ്പോൾ അധികാരികൾ തടഞ്ഞതാണ് വൈക്കം സത്യാഗ്രഹസമരത്തിൻ്റെ ബീജമായി മാറിയത്. ഗുരു ഈ സംഭവത്തെക്കുറിച്ച് ടി.കെ.മാധവനുമായി സംസാരിച്ചു. അതിനെ തുടർന്നാണ് മാധവൻ  മഹാത്മാഗാന്ധിയെ കണ്ട് വൈക്കത്തെ കാര്യങ്ങൾ ചർച്ച ചെയ്തത്. താഴ്ന്ന ജാതിക്കാരുടെ അവകാശത്തിന് വേണ്ടിയുള്ള സമരത്തിൽ പാലക്കുഴയിൽ നിന്ന് രാമൻ ഇളയതിനെ പോലുള്ളവർ പങ്കെടുത്തത് സമൂഹത്തിലെ പ്രബുദ്ധരുടെ അണിചേരലായി കാണാവുന്നതാണ് .കേരളീയ സമൂഹത്തിൻ്റെ ഉല്പതിഷ്ണുത്വം അതായിരുന്നു. അധ:സ്ഥിത ജനതയോട് കൂറ് പ്രഖ്യാപിക്കാൻ പ്രബുദ്ധരായവർ ഒന്നിക്കുകയാണ്. ഇതാണ് മഹത്തായ സംസ്കാരം. പ്രബുദ്ധതയ്ക്ക് ജാതിയില്ല എന്ന സത്യമാണ് ഇവിടെ തെളിയുന്നത് -ഹരികുമാർ പറഞ്ഞു.

രാമൻ ഇളയത് പാലക്കുഴക്കാരനാണ്. അദ്ദേഹം നമുക്ക് പ്രചോദനമാകണം. അദ്ദേഹം വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത് പീഡനങ്ങൾ ഏറ്റവനാണ്. അദേഹത്തിൻ്റെ കണ്ണിൽ അധികാരികൾ ചുണ്ണാമ്പ് എഴുതി കാഴ്ചശക്തി നശിപ്പിച്ചു .അനീതിക്കെതിരെ സമരം ചെയ്ത് അന്ധനായ രാമൻ ഇളയതിൽ നിന്നു നാം പ്രചോദനം നേടണം .ജീവിതത്തിൽ  നിസ്വാർത്ഥമായ പ്രവർത്തനങ്ങൾ ഉണ്ടാവണം. കേരളത്തിന് അത് അന്യമല്ല. മഹാനായ എഴുത്തുകാരൻ കേശവദേവ് അത് തെളിയിച്ചിട്ടുണ്ട്. അദ്ദേഹം അധ:സ്ഥിതവിഭാഗങ്ങൾക്ക് വേണ്ടി പോരാടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കേശവദേവിനു  എഴുതാൻ പത്രമോ പ്രസംഗിക്കാൻ വേദിയോ ഇല്ലാത്ത ഒരു കാലമുണ്ടായിരുന്നു.'ഓടയിൽ നിന്ന് 'എഴുതുന്ന സമയത്ത് അദ്ദേഹത്തിന് പ്രസാധകനോ പത്രമോ ഇല്ലായിരുന്നു.  ദേവ് അറബിക്കടലിൽ ഒളിവിൽ താമസിച്ചിട്ടുണ്ട്. തേങ്ങാപ്പൂളും വെളളവുമായിരുന്നു ഭക്ഷണം .പൊലീസുകാർക്ക് പോലും ദേവിനെ പേടിയായിരുന്നു. ഈ  സന്ദർഭത്തിൽ വി.ടി.ഭട്ടതിരിപ്പാടിനെ ഓർക്കുകയാണ്.വി.ടിയുടെ വീട്ടിൽ ചെന്നപ്പോൾ അദ്ദേഹം എഴുതിയ  ലേഖനങ്ങളുടെ കൈയെഴുത്ത് കോപ്പി കാണിച്ചു തന്നത് അദ്ദേഹത്തിൻ്റെ മകൻ വാസുദേവനാണ്.വി.ടി. നമ്മുടെ കേരളത്തിൻ്റെ മനസ് പ്രതിനിധീകരിക്കുന്നു. അത്  അനർഘമായ നിമിഷമായിരുന്നു - ഹരികുമാർ പറഞ്ഞു.


ഇപ്പോൾ കവികൾ വളരെ സുരക്ഷിതമായ പാതയാണ് തേടുന്നത്.എഴുതാൻ പ്രചോദനം വേണ്ടാതായിട്ടുണ്ട്. അധികാരമുള്ളവരെ സന്തോഷിപ്പിക്കാൻ വേണ്ടി എഴുതുന്നവരെ കാണാം. ഒരു കാലത്ത് കൂത്താട്ടുകുളത്ത് സി.ജെ. സ്മാരക സമിതിയുടെ പ്രസംഗപരിപാടികൾ ഒരു രൂപ ടിക്കറ്റെടുത്താണ് ആളുകൾ കേട്ടിരുന്നത്. കേരളത്തിൽ ഒരിടത്തും ഒരു രൂപ ടിക്കറ്റ് വച്ച് ആരും പ്രസംഗിച്ചിട്ടില്ല. സാധാരണക്കാർ ആ  പ്രസംഗങ്ങൾ കേൾക്കാൻ ഒരു രൂപ ടിക്കറ്റെടുത്തു .അവരുടെ വികാരവും രോമാഞ്ചവുമായിരുന്നു അത്.  കേരളത്തിലെ പ്രഗൽഭരായ എഴുത്തുകാർ ആ യോഗങ്ങളിൽ പ്രസംഗിച്ചു .ജി.ശങ്കരക്കുറുപ്പ്, വൈക്കം ചന്ദ്രശേഖരൻനായർ, എസ്. ഗുപ്തൻ നായർ തുടങ്ങിയവർ വന്നത് ഓർക്കുകയാണ്. വൈക്കത്തിൻ്റെ  പ്രസംഗം ഒരു നല്ല പാട്ടു കേൾക്കുന്ന പോലെയാണ്. അത്രയും ഹൃദ്യമായ പ്രസംഗം കേൾക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഇപ്പോൾ കൂത്താട്ടുകുളത്ത്  ഒരു സാഹിത്യപരിപാടിയും നടക്കാറില്ല .ഒരു പുസ്തകപ്രകാശനം പോലും നടത്താൻ കഴിയാത്ത അവസ്ഥയാണുള്ളത്. അന്താരാഷ്ട്ര പുസ്തകോത്സവ സമിതി കൂത്താട്ടുകളത്ത് ഒരു സാഹിത്യസമ്മേളനം നടത്തണം -ഹരികുമാർ പറഞ്ഞു. 

a




പാലക്കുഴ പഞ്ചായത്ത് കെ.എ.ജയ അത്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു.  പഞ്ചായത്ത് മെമ്പർ ജിബി സാബു, വെണ്ണല മോഹൻ, കെ.ജി.വിജയൻ ,സതീഷ് ബാബു ,എൻ.സി. വിജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

ഡിസംബർ ഒന്നു മുതൽ പത്തു വരെയാണ് അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ പുസ്തകോത്സവം .

Saturday, January 25, 2020

വനിതാഎഴുത്തുകാരുടെ ശബ്ദം മറയ്ക്കപ്പെട്ടു: എം.കെ.ഹരികുമാർ



മൂവാറ്റുപുഴ: മലയാളസാഹിത്യത്തിൽ വനിതകളുടെ ശബ്ദം പതിറ്റാണ്ടുകളായി മറയ്ക്കപ്പെട്ടിരിക്കുകയാണെന്നും ഇത് എന്നെന്നേക്കുമായുള്ള നഷ്ടവും ശൂന്യതയുമാണെന്നും പ്രമുഖ വിമർശകനും നോവലിസ്റ്റുമായ എം.കെ.ഹരികുമാർ അഭിപ്രായപ്പെട്ടു.

ഇ.വി.ശാർങ്ഗധരൻ രചിച്ച 'പോക്കുവെയിൽ' എന്ന കവിതാ സമാഹാരം ഡോ. തോമസ് സ്കറിയയ്ക്ക് നൽകി ഡോ. കുര്യാസ് കുമ്പളക്കുഴി പ്രകാശനം ചെയ്ത ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം .

മുന്നൂറ് വർഷത്തെ മലയാള സാഹിത്യത്തിൽ നാലോ അഞ്ചോ വനിതകളെപ്പോലും ചൂണ്ടിക്കാട്ടാനില്ല. കഥയെഴുതിയതിന്റെ പേരിൽ ആത്മഹത്യ ചെയ്ത രാജലക്ഷ്മി ഇപ്പോഴും മലയാളഭാവനയിൽ ഒരു നീറ്റലായി തുടരുകയാണ്.ലളിതാംബിക അന്തർജനം എഴുതിയത് സ്വന്തം അവസ്ഥയേട് പടപൊരുതിക്കൊണ്ടാണ്. എഴുത്തുകാരിയാകാൻ വേണ്ടി അവർ വലിയ വെല്ലുവിളികളെ നേരിട്ടു.എന്നിട്ടും ഇവരാരും  സ്വന്തം കണ്ണിലൂടെ ലോകത്തെ നോക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ചിന്തിച്ചില്ല.അവർ സ്വാതന്ത്ര്യത്തെ ഉപാസിച്ചപ്പോഴുംഅവരുടെ ഭൗതിക, ആത്മീയ ലോകങ്ങൾ പുരുഷന്റേത് തന്നെയായിരുന്നു. ഒരു പുരുഷൻ തന്റെ ലോകത്ത് എങ്ങനെയാണോ അംഗീകരിക്കപ്പെടുന്നത് അതിനു സമാനമായ അംഗീകാരമാണ് അവരും തേടിയത്.

സ്വതന്ത്രമായി എഴുതാൻ വനിതകൾക്ക് ഇന്നും കടമ്പകളുണ്ട്. അതുകൊണ്ടാണ് മിക്കവരും ആണുങ്ങളുടെ കാഴ്ചപ്പാടിലൂടെ ലോകത്തെ കണ്ട് തൃപ്തിയടയുന്നത്.
വനിതാ എഴുത്തുകാർ അവരുടെ സ്വന്തം കാഴ്ചപ്പാടുകളെയും മനസിലാക്കലിനെയും തിരസ്കരിച്ച ശേഷം പുരുഷലോകത്തിന്റെ  സങ്കല്പങ്ങളെയും സാഹിത്യബോധ്യങ്ങളെയും അതേപടി ആവർത്തിക്കുകയാണ്‌. ഇതാണ് പുതിയ ശൂന്യത - ഹരികുമാർ പറഞ്ഞു.

അദ്ധ്യാപകർ ഇന്നത്തെ വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുന്നില്ല. അവർ സിലബസിനകത്ത് ഒതുങ്ങിപ്പോകുകയാണ്. സിലബസിലുള്ളത് മാത്രം പഠിപ്പിക്കുന്നത് കുട്ടികളുടെ വിപുലമായ ജ്ഞാനതൃഷ്ണയെ ശമിപ്പിക്കാൻ പര്യാപ്തമല്ല. അവരുടെ ലോകത്തെ കുടുതൽ സമകാലിക മാക്കാനും അതിനു വിപുലീകരണം നൽകാനും അദ്ധ്യാപകർക്ക് ബാധ്യതയുണ്ട്. സിലബസിനു പുറത്തുള്ള പുസ്തകങ്ങളും മറ്റ് ആനുകൂല്യങ്ങളും നിരന്തരമായി വായിക്കുന്ന അദ്ധ്യാപകർക്ക് മാത്രമേ സ്വയം അപ്ഡേറ്റായി നിന്ന് വിദ്യാർത്ഥികളെ പ്രചോദിപ്പിക്കാനാകൂ - ഹരികുമാർ ചൂണ്ടിക്കാട്ടി.

വായനയിലൂടെയാണ് നാം നമുക്ക് നഷ്ടപ്പെട്ടത് മനസിലാക്കുന്നത്. വായന ഒരു നിർമ്മാണമാണ്. കുമാരനാശാൻ ശരിയായി വിലയിരുത്തപ്പെടുന്നത് ജോസഫ് മുണ്ടശ്ശേരി, മാരാർ, കുറ്റിപ്പുഴ കൃഷ്ണപിള്ള എന്നിവർ വ്യത്യസ്തമായി ആ കവിതകൾ വായിച്ചതിലൂടെയാണ്.ശ്രീരാമ നാണോ രാവണനാണോ ശരിയെന്ന ചിന്ത ഇപ്പോഴും നമുക്കിടയിൽ  തർക്കമായി തുടരുകയാണ്. രാമന്റെ നിലപാടിൽ പ്രതിഷേധിച്ചു കൊണ്ടാണ് ആശാൻ 'ചിന്താവിഷ്ടയായ സീത' എഴുതിയത്. ആശാന്റെ വ്യത്യസ്തമായ വായനയുടെ ഫലമാണിത്.

ഇന്ത്യ എന്നാൽ ലഹളയോ കൊലപാതകമോ അല്ല; സൗന്ദര്യാത്മകതയാണ്.രാവണന്റെ സംഗീതത്തിനും കലയ്ക്കും ബദലായി രാമന്റെ നിസ്വാർത്ഥമായ ധർമ്മത്തെയാണ് വാത്മീകി നമുക്ക് മുമ്പിൽ അവതരിപ്പിക്കുന്നത്. മഹാഭാരതത്തിലാകട്ടെ, ശ്രീകൃഷ്ണ ദർശനമാണ് എല്ലാറ്റിലും മുകളിലായി നിലനിർത്തുന്നത്. ഇത് ഭാരതത്തിന്റെ  സൗന്ദര്യശാസ്ത്രമാണ് - ഹരികുമാർ പറഞ്ഞു.

തന്റെ ആദ്യത്തെ പുസ്തകമായ 'ആത്മായനങ്ങളുടെ ഖസാക്ക് ' വായന, അനുഭവം, സൗന്ദര്യം എന്നീ വിഷയങ്ങളിലുള്ള ഏകാന്തമായ സഞ്ചാരമാണ് സാധ്യമാക്കിയതെന്ന് ഹരികുമാർ അറിയിച്ചു. 1984 ൽ ആ പുസ്തകം എഴുതുമ്പോൾ താൻ ഒരു കോളജ് വിദ്യാർത്ഥിയായിരുന്നു. അത്  സ്വന്തം ആവശ്യത്തിനു വേണ്ടി എഴുതിയതാണ്. യൂണിവേഴ്സിറ്റികളുടെയോ അക്കാദമികളുടെയോ നിയന്ത്രിതമായ ശൈലിയോ ഭാഷയോ അവബോധമോ അതിലില്ല. ഈ കൃതി തനിക്ക് വേണ്ടി എഴുതിയതാണെന്ന് ഹരികുമാർ പറഞ്ഞു. ഇന്ത്യയുടെ ഭരണഘടന പ്രകാരം സ്വന്തം ആവശ്യത്തിനു വേണ്ടി പുസ്തകം എഴുതാൻ നിയമപരമായ തടസ്സമില്ല.എന്നാൽ ഒരു കൃതിയുടെ അർത്ഥമെന്താണെന്ന് അതിന്റെ രചയിതാവിനോട് തന്നെ ചോദിക്കുന്നത് അപരിഷ്കൃതമാണ്. ഒരാൾ സൃഷ്ടിക്കുന്നത് അയാൾ പ്രകൃതിയിലേക്ക് കൂട്ടിച്ചേർക്കുന്ന സൗന്ദര്യമാണ്. അത് അറിയാനുള്ള വിവേകമാണ് അവനവന്റെ വിദ്യാഭ്യാസം- ഹരികുമാർ ചൂണ്ടിക്കാട്ടി.
ഡോ. കുര്യാസ് കുമ്പളക്കുഴി, ഡോ.തോമസ് സ്കറിയ,
സി.ആർ.ജനാർദ്ദനൻ, ഡോ.ശ്രീജിത്ത് ജി, അജിമോൻ കളമ്പൂർ, സജികുമാർ ചാത്തൻകുഴി ,ഇ.വി.ശാർങ്ഗധരൻ എന്നിവർ പ്രസംഗിച്ചു.