Followers

Wednesday, October 17, 2018

അക്ഷരജാലകം

എം കെ ഹരികുമാറും എഴുത്തും വിനോഷ് പൊന്നുരുന്നി


എം കെ ഹരികുമാറും എഴുത്തും
വിനോഷ് പൊന്നുരുന്നി

കുറ്റിപ്പുഴ: സ്വന്തം ജ്ഞാനവ്യൂഹം ചമയ്ക്കുന്നവിധം/ എം.കെ. ഹരികുമാര്‍

 


''ഒരു ആഗോള മാനവന്‍ എന്ന ആശയം അദ്ദേഹത്തെ നിരന്തരം പ്രലോഭിപ്പിച്ചു. ആധുനിക മനുഷ്യന്‍ എന്ന സങ്കല്പത്തെ സാക്ഷാത്കരിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടോയെന്ന് സ്വയം പരിശോധിക്കേണ്ട ഘട്ടമാണിത്. ആചാരങ്ങള്‍ മനുഷ്യനെ ചീത്തയാക്കുന്നു എന്ന ഒരു വാദം നവോത്ഥാന പ്രസ്ഥാനത്തിന്‍റെ ചിന്തയാണ്. ആചാരങ്ങള്‍ അന്ധമാകരുത്. അത് ഒരു സൗന്ദര്യമാകാം. തുടര്‍ന്നുവരുന്നതെല്ലാം നല്ലതല്ല. ചിലതെല്ലാം യുക്തിയോടെ വിചാരണ ചെയ്യണം.''



സാഹിത്യത്തിലെയും കലയിലെയും ദന്തഗോപുരവാസികളെ ശകാരിക്കുകയും പരിഹസിക്കുകയും ചെയ്ത അത്ഭുത പ്രതിഭയാണ് കുറ്റിപ്പുഴ കൃഷ്ണപിള്ള. സാഹിത്യ വിമര്‍ശനത്തിന്‍റെ മഹനീയമായ ഒരു പാരമ്പര്യമായി കുറ്റുപ്പുഴ ഉയര്‍ത്തിക്കൊണ്ടുവന്ന ഒരാശയം ഇതാണ്: ജീവിതത്തിലെ നഗ്നയാഥാര്‍ത്ഥ്യങ്ങള്‍ സാഹിത്യത്തില്‍ ചിത്രീകരിക്കേണ്ടവയാമ്. അത് കലാഭംഗിയോടെ നിര്‍വഹിക്കണമെന്നേ നിര്‍ബന്ധമുള്ളൂ. കുറ്റിപ്പുഴയുടെ മതമനുസരിച്ച്, ഒരാള്‍ കലയില്‍ അതിസډാര്‍ഗവാദിയാകേണ്ടതില്ല. എഴുത്തുകാരന്‍ അവന്‍റെ രഹസ്യജീവിതത്തിന്‍റെ അനിഷ്ടഫലങ്ങളെ നോക്കണം. അതിന്‍റെ ഉത്തരാവാദിത്തം കലാപരമായി നിര്‍വഹിക്കണം

സാഹിത്യരചനയില്‍ അന്തഃകരണത്തിന്‍റെ അവസ്ഥ ചിത്രീകരിക്കപ്പെടണമെന്നാണ് കുറ്റിപ്പുഴ വാദിച്ചത്. സ്വയം ഉള്ളിലേക്ക് നോക്കിയാലേ അത് അനാവൃതമാകുകയുള്ളൂ. അതുകൊണ്ടുതന്നെ കുറ്റിപ്പുഴ റിയലിസ്റ്റ് സാഹിത്യത്തെയാണ് പ്രധാനമായി കണ്ടത്. ജീവിതത്തിലെ അസുഖകരവും ക്രൂരവുമായ യാഥാര്‍ത്ഥ്യങ്ങളെ എഴുത്തുകാരന്‍ എങ്ങനെ സര്‍ഗാത്മകമായി കലയില്‍ കൊണ്ടുവരണമെന്ന് അദ്ദേഹം ചിന്തിച്ചു. അന്തഃകരണ ഭീരുത്വം ഉള്ളവരാണ് ഒളിച്ചോടാന്‍ ശ്രമിക്കുന്നത്
.
ഫ്രഞ്ച് നോവലിസ്റ്റ് ഫ്ളോബേറിന്‍റെ പ്രസിദ്ധമായ 'മാഡം ബോവറി' ഫ്രഞ്ച് സര്‍ക്കാര്‍ നിരോധിച്ച സംഭവം കുറ്റിപ്പുഴ പരിശോധിക്കുന്നുണ്ട്. സാമൂഹ്യജീവിതത്തിലെ കൃത്രിമ അന്തസ് ചുമന്നുകൊണ്ടുനടക്കുന്ന ചിലരാണ് അതിനു കളമൊരുക്കിയത്. ഫ്രാന്‍സിലെ ഉന്നതവര്‍ഗക്കാരുടെ ലൈംഗിക ജീവിതം നിര്‍വ്യക്തീകരിക്കപ്പെട്ടതും ആത്മീയദരിദ്രവുമായിരുന്നു എന്ന വസ്തുതയാണ് ഫ്ളോബര്‍ അതില്‍ വിശദീകരിക്കാന്‍ ശ്രമിച്ചത്. അത് പലരുടെയും ഉള്ളിലേക്ക് കടന്നുള്ള വിമര്‍ശനമായി. ചില മുഖംമൂടികള്‍ അഴിഞ്ഞുവീഴുകയും ചെയ്തു. തൊട്ടാല്‍ പൊട്ടുന്നപോലെ സദാചാരത്തെ കൊണ്ടുനടക്കുന്നവര്‍, സദാചാരത്തിനേല്‍ക്കുന്ന ചെറിയ കുത്തുകള്‍പോലും വലിയ മാനസികപ്രശ്നമായി മാറ്റാന്‍ കഴിവുള്ളവര്‍ നോവലിനെതിരെ തിരിഞ്ഞു. ഭര്‍ത്താവിനെ വഞ്ചിക്കുന്ന ഒരു നായികയെ ഫ്രഞ്ച് മുതലാളിത്ത അന്തസ്സിനു താങ്ങാനാവുമായിരുന്നില്ല. അവര്‍ മൂടിവച്ചത് ഫ്ളോബേര്‍ തുറന്നുകാണിച്ചതാണ് ചൊടിപ്പിച്ചത്. ഒരു സ്ത്രീക്ക് എന്തുകൊണ്ട് കാമുകനെ അല്ലെങ്കില്‍ കാമുകډാരെ ആവശ്യമായി എന്ന ചോദ്യം ഫ്രഞ്ച് ജനതയിലെ അസംതൃപ്തര്‍ക്കുവേണ്ടി നോവലിസ്റ്റ് ചോദിച്ചു. കുറ്റിപ്പുഴ അതിനെക്കുറിച്ച് ഇങ്ങനെ എഴുന്നു: ശുദ്ധവും സ്വാഭാവികവുമായ ഒരു ലൈംഗികജീവിതം ഇന്നത്തെ സാമൂഹ്യവ്യവസ്ഥയില്‍ ആര്‍ക്കും സാധ്യമാകുന്നില്ല. പ്രണയമെന്ന ആ ചെറിയ വാക്കില്‍ നിറഞ്ഞിരിക്കുന്നിടത്തോളം നുണയും ചതിയും ഇന്ന് മറ്റൊരു വാക്കിലുമില്ല എന്ന് ഇബ്സന്‍ പറഞ്ഞിട്ടുള്ളത് കുറ്റിപ്പുഴ ഉദ്ധരിക്കുന്നുണ്ട്
.
പട്ടിണി കിടക്കുന്നവനോട് ദൈവത്തെക്കുറിച്ചും സത്യത്തെക്കുറിച്ചും സംസാരിക്കുന്നത് ഉചിതമല്ലെന്ന് കുറ്റിപ്പുഴ എഴുതിയിട്ടുണ്ട്. ബുദ്ധിപരമായ സത്യസന്ധത ഒരു വലിയ മൂലധനമാണെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. സ്വാമി വിവേകാനന്ദനെ അദ്ദേഹം ഉദ്ധരിക്കുന്നു. ആ വാക്യം ഇതാണ്: എന്‍റെ നാട്ടില്‍ വിശപ്പുകൊണ്ട് വലയുന്ന ഒരു പട്ടിയെങ്കിലും ഉള്ള കാലത്തോളം അതിനാഹാരം കൊടുക്കുക എന്നതായിരിക്കും എന്‍റെ മതം. വിവേകാനന്ദന്‍റെ ഈ വീക്ഷണം കുറ്റിപ്പുഴയെ സ്വാധീനിച്ചിട്ടുണ്ട്. ദര്‍ശനശേഷിപ്പുള്ളവര്‍ സമൂഹത്തെ ഗൗരവമായി കാണണമെന്ന വാദം ഉയര്‍ത്താന്‍ ഇതും പ്രേരകമായിട്ടുണ്ടാകാം.

ആലുവയ്ക്കടുത്ത് കുന്നുകര എന്ന ഗ്രാമത്തിലാണ് കുറ്റിപ്പുഴ പിറന്നത്. അമ്മാവന്‍റെ സംരക്ഷണയിലാണ് വളര്‍ന്നത്. അമ്മാവന്‍റെ സാമ്പത്തികമായ പതനം കൃഷ്ണപിള്ളയുടെ കുടുംബത്തെയും പ്രതിസന്ധിയിലാക്കി. അയിരൂര്‍, കോട്ടപ്പുറം എന്നിവിടങ്ങളിലെ പ്രാദേശിക വിദ്യാഭ്യാസത്തിനുശേഷം ആലുവയില്‍ പഠനം തുടര്‍ന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയതാണ് കുറ്റിപ്പുഴയിലെ വിജ്ഞാനദാഹിയെ വഴിതിരിച്ചുവിട്ടത്. സെക്കന്‍ഡ് ഫോമില്‍ പഠിക്കുമ്പോള്‍ യുവജനമിത്രം മാസികയില്‍ കുറ്റിപ്പുഴയുടെ ആദ്യലേഖനം അച്ചടിച്ചുവന്നു. സ്കൂള്‍ ഫൈനലിനുശേഷം ആലുവ അദ്വൈതാശ്രമത്തിലെ സംസ്കൃതം സ്കൂളില്‍ അധ്യാപകനായി. 1922ല്‍ ശ്രീനാരായണഗുരുവാണ് ആ നിയമനത്തിനു കാരണമായത്. ആശ്രമം സ്കൂളിലെ ജീവിതം കുറ്റിപ്പുഴയെ ആത്മീയ ചിന്താമണ്ഡലത്തിലെ നിരവധി ചോദ്യങ്ങളും അവയിലുള്ള ഉത്തരങ്ങളും കണ്ടെത്താന്‍ സഹായിച്ചു. ശ്രീനാരായണ ഗുരുവുമായി സംവാദം നടത്താന്‍ കഴിഞ്ഞത് വഴിത്തിരിവായി. സ്കൂളില്‍ പഠിച്ച കാലത്ത് വായിച്ചിരുന്ന ശ്രീരാമകൃഷ്ണ വചനവും ഭഗവത്ഗീതയും വിവേകാനന്ദ സാഹിത്യവുമെല്ലാം പ്രായോഗിക ജീവിതത്തില്‍ എങ്ങനെ വിജയകരമായി പ്രയോഗിക്കാം എന്ന് കുറ്റിപ്പുഴ ആലോചിച്ചത് അപ്പോഴാണ്. ആറു കിലോമീറ്റര്‍ നടന്ന് സ്കൂളിലെത്തിയുന്ന കുറ്റിപ്പുഴയോട് ആശ്രമത്തില്‍ താമസിക്കാന്‍ നിര്‍ദ്ദേശിച്ചതും ഗുരുവാണ്. ഗുരുവുമൊത്ത് ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ 'ജാതിപോയോ' എന്ന വ്യംഗ്യമായ ചോദ്യം, തന്നെ മാറ്റിമറിച്ചുവെന്ന് അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.

സാഹിത്യജീവിതത്തില്‍ മാര്‍ഗദര്‍ശകമായി ഭവിച്ചത് വള്ളത്തോളുമായുള്ള പരിചയമാണ്. സംസ്കൃത പാഠശാലയില്‍ ഉള്ളപ്പോള്‍ വള്ളത്തോളിനെക്കുറിച്ച് എഴുതിയ ലേഖനം ആത്മപോഷിണി മാസികയില്‍ അച്ചടിച്ചുവന്നു. പില്‍ക്കാലത്ത് വള്ളത്തോള്‍ കുറ്റിപ്പുഴയെക്കുറിച്ച് ഇങ്ങനെ എഴുതി: ഇദ്ദേഹം നമ്മുടെ പത്രങ്ങളിലും ഗ്രന്ഥങ്ങളിലും അപ്പപ്പോള്‍ എഴുതിയിട്ടള്ള സാഹിത്യോപന്യാസങ്ങളുടെ സംഖ്യ സാമാന്യം വലുതാണ്. അവയോരോന്നും കൃഷ്ണപിള്ള അവര്‍കളുടെ ഭാഷാനൈപുണ്യത്തിനും സഹൃദയത്വത്തിനും മര്‍മ്മജ്ഞതയ്ക്കും പരമോദാഹരണമായി പരിലസിക്കുന്നുണ്ട്. ഇംഗ്ലീഷ്, മലയാളം, സംസ്കൃതം എന്നീ മൂന്നു ഭാഷകളില്‍ ഗണനീയമായ പാണ്ഡിത്യവും വിശേഷിച്ച് പ്രകൃതിദത്തമായ സഹൃദയത്വവും നിമിത്തം മാതൃഭാഷയെ കലോചിതമായി ആരാധിപ്പാന്‍ ത്രാണിയും താത്പര്യവുമുള്ള ചുരുക്കം ചില യുവാക്കളുടെ മുന്നണിയില്‍ ഒരു പ്രധാന സ്ഥാനമാണ് ശ്രീമാന്‍ കൃഷ്ണപിള്ളയ്ക്ക് കേരളീയ ലോകത്തില്‍ കല്പിക്കപ്പെട്ടിട്ടുള്ളത്
.
ഭാരതീയ വേദാന്തം നല്ലപോലെ ഗ്രഹിച്ച കുറ്റിപ്പുഴ അതിനെ അന്ധമായി പിന്തുടരാതെ സ്വതന്ത്രമായി സമീപിച്ചത് ആലുവ അദ്വൈതാശ്രമത്തിലെ ജീവിതപശ്ചാത്തലത്തിലാണ്. വേദ,അദ്വൈത വ്യാഖ്യാനത്തില്‍ ഗുരു, ശങ്കരാചാര്യരില്‍ നിന്ന് വ്യത്യസ്തമായ നിലപാട് സ്വീകരിച്ചിരുന്നുവെന്ന് കുറ്റിപ്പുഴതന്നെ എഴുതിയിട്ടുണ്ട്. ജാതിക്കും, മതത്തിനും വന്നുചേര്‍ന്നിരിക്കുന്ന ദുരവസ്ഥ ഗുരുവില്‍നിന്ന് മനസിലാക്കിയ കുറ്റിപ്പുഴ പുതിയൊരു മാനവികതയ്ക്കായി ഗര്‍ജിക്കുന്നതാണ് നാം പിന്നീട് കാണുന്നത്. ജാതിയും മതവും ദൈവവും വേണ്ട എന്ന് പ്രഖ്യാപിച്ച സഹോദരന്‍ അയ്യപ്പനെ പരിചയപ്പെടുന്നതും ആശ്രമത്തില്‍ വച്ചാണ്. ഈ സമ്പര്‍ക്കം കുറ്റിപ്പുഴയിലെ അദ്വൈതചിന്തകനെ ഉല്പതിഷ്ണത്വത്തിലേയ്ക്ക് നയിച്ചു. യുക്തിവാദിയും കമ്മ്യൂണിസ്റ്റുമായി കുറ്റിപ്പുഴ രൂപാന്തരപ്പെടുകയായിരുന്നു.


മനനം കൊണ്ട് സ്വന്തം ജാതകം മാറ്റിയെഴുതാന്‍ കുറ്റിപ്പുഴയ്ക്ക് കഴിഞ്ഞു. വിവാഹം കഴിക്കാതെ ഒരു സന്യാസിക്ക് തുല്യമായി അദ്ദേഹം ജീവിച്ചു. അദ്ദേഹത്തിന്‍റെ ദൈവം അറിവായിരുന്നു. മനുഷ്യസ്നേഹവും മനുഷ്യോപകാരപ്രദമായ പെരുമാറ്റവും കുറ്റിപ്പുഴയെ വേര്‍തിരിച്ചു നിര്‍ത്തുന്നു. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും വിമര്‍ശിച്ചുകൊണ്ട് കുറ്റിപ്പുഴ എത്രയോ പ്രസംഗങ്ങള്‍ ചെയ്തു. അദ്ദേഹം ദൈവത്തെ തത്കാലം ഉപേക്ഷിച്ച് മനുഷ്യയാതനയുടെ കാരണങ്ങള്‍ അന്വേഷിച്ച് പുറപ്പെട്ടു. ആര്‍ഭാടമോ ആസക്തിയോ തീണ്ടാത്ത, ഒരു ഉറച്ച വ്യക്തിത്വമാകാന്‍ കഴിഞ്ഞു. ദൈവമില്ലാതെ ഒരു സന്യാസിക്ക് എങ്ങനെ ലോകക്ഷേമത്തിനായി പ്രവര്‍ത്തിക്കാമെന്ന് അദ്ദേഹം കാണിച്ചുതന്നു. കുറ്റിപ്പുഴയ്ക്ക് ജീവിതച്ചെലവ് കുറവായിരുന്നു. അനാവശ്യവസ്തുക്കള്‍ സ്വന്തമാക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. വേഷവും ജീവിതശൈലിയും ചെലവു കുറഞ്ഞതായിരിക്കണമെന്ന നിര്‍ബന്ധമുണ്ടായിരുന്നു. ചിന്തയിലും സംസ്കാരത്തിലുമാണ് വലിപ്പം വേണ്ടത്; പൊങ്ങച്ചങ്ങളിലല്ല എന്ന് കുറ്റിപ്പുഴ പ്രവൃത്തിയില്‍ കാണിച്ചു. ആഗ്രഹങ്ങള്‍ സുഖങ്ങളെക്കുറിച്ചുള്ള കൃത്രിമ ചിന്തകള്‍ ഉല്പാദിപ്പിക്കുന്നുണ്ട്. ത്യാഗങ്ങള്‍ നമ്മെ ആത്മബലമുള്ളവരും സുഖത്തില്‍ സംപ്രീതിയില്ലാത്തവരുമാക്കുന്നു. ആഗ്രഹങ്ങള്‍ കുറയുന്നതോടെ അമിതമായ മിഥ്യാബോധം നശിക്കുന്നു. യഥാര്‍ത്ഥ മനുഷ്യാവസ്ഥയെ മനസിലാക്കാന്‍ അത് സഹായിക്കുന്നു

1926-ല്‍ മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് വിദ്വാന്‍ പരീക്ഷ ഒന്നാം ക്ലാസ്സോടെ പാസായ കുറ്റിപ്പുഴ 1928-ല്‍ ആലുവ യു.സി. കോളേജില്‍ മലയാളം പണ്ഡിറ്റായി ചേര്‍ന്നു. 1948-ല്‍ മലയാളം വകുപ്പ് അധ്യക്ഷനായി. കുറ്റിപ്പുഴയുടേത് ഒരു യാഥാസ്ഥിതിക കുടുംബമായിരുന്നു. എന്നാല്‍ സ്വന്തം പാരമ്പര്യത്തില്‍നിന്ന് ചിന്തകൊണ്ട് വളര്‍ന്ന് നവമാനവികതയുടെ വക്താവാകാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

തന്‍റെ നവമാനവികദര്‍ശനത്തെക്കുറിച്ച് കുറ്റിപ്പുഴ ഇങ്ങനെ കുറിക്കുന്നു: ആദ്യകാലത്ത് ഞാനൊരു ആശയവാദിയായിരുന്നു. ഈശ്വരഭക്തിയിലും വേദാന്തത്തിലും മുഴുകി അങ്ങനെ കഴിഞ്ഞുകൂടി. അന്ന് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഗ്രന്ഥമാണ് ഭഗവദ്ഗീത. പിന്നീട് ഉപനിഷത്തും ശാങ്കരഭാഷ്യവും പഠിച്ചു. അദ്വൈത്തിനപ്പുറം ഒരു സിദ്ധാന്തവുമില്ലെന്നറിയുകയും ചെയ്തു. ഇങ്ങനെ കുറെ കഴിഞ്ഞപ്പോഴാണ് ഡാര്‍വിന്‍റെ പരിണാമസിദ്ധാന്തം പഠിക്കാനിടയായത്. എന്‍റെ വീക്ഷണഗതിയില്‍ ആദ്യമായി ഒരു പരിവര്‍ത്തനം വരുത്തിയത് പ്രസ്തുത സിദ്ധാന്തമാണ്. പിന്നീട് ശാസ്ത്രീയവും ബുദ്ധിപരവുമായ ഗ്രന്ഥങ്ങള്‍ ധാരാളം വായിക്കാന്‍ തുടങ്ങി. എച്ച്.ജി. വെല്‍സിന്‍റെ നേതൃത്വത്തില്‍ അനേകം ശാസ്ത്രജ്ഞډാര്‍ ചേര്‍ന്നെഴുതിയ സയന്‍സ് ഓഫ് ലൈഫ് എല്ലാ ഭാഗങ്ങളും ഞാന്‍ നിഷ്കര്‍ഷയോടെ പഠിച്ചു. ഒരു ശാസ്ത്രീയ മനോഭാവത്തിനു അടിത്തറകെട്ടിയത് ആ ഗ്രന്ഥങ്ങളാണ്. ആയിടക്ക് ഞാന്‍ ഏറ്റവും അധികം ഇഷ്ടപ്പെട്ട ഗ്രന്ഥകാരനാണ് ബര്‍ട്രാന്‍ഡ് റസ്സല്‍. അദ്ദേഹത്തിന്‍റെ യുക്തിവാദ മനോഭാവം എന്നെ ഒട്ടധികം ആകര്‍ഷിച്ചു. ഞാന്‍ മാര്‍ക്സിസം പഠിക്കാന്‍ തുടങ്ങിയത് ഇത്രയും കഴിഞ്ഞതിനുശേഷമാണ്. കാള്‍ മാര്‍ക്സ്, ഏംഗല്‍സ്, ലെനിന്‍ ഈ ഗ്രന്ഥകാരډാര്‍ എന്‍റെ വിജ്ഞാനമാര്‍ഗത്തില്‍ കുറെയധികം വെളിച്ചം വീശിയിട്ടുണ്ട്. ഇവരോട് താരതമ്യപ്പെടുത്തുമ്പോള്‍ എനിക്കിതുവരെ പരിചിതരായ മിക്ക ഗ്രന്ഥകാരډാരും ഒരുപടി താഴെ മാത്രമേ നില്‍ക്കുന്നുള്ളൂ.

ആശയവാദിയായിരുന്ന കുറ്റിപ്പുഴ, ചിന്താഗതിയില്‍ ആഴത്തിലുള്ള വ്യതിയാനം വന്നതിനെ തുടര്‍ന്ന് ഭൗതികവാദത്തിലേക്കും മാനവികദര്‍ശനങ്ങളിലേക്കും വഴിമാറി. അദ്വൈതം എന്ന പേരില്‍ താന്‍ എഴുതിയ ലേഖനത്തിലെ ആശയങ്ങളോട് തനിക്കിപ്പോള്‍ യോജിക്കാന്‍ കഴിയുന്നില്ലെന്ന് കുറ്റിപ്പുഴ പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കുശേഷമാണ് എഴുതിയത്. കുറ്റിപ്പുഴയില്‍ വൈരുദ്ധ്യമില്ല. കാരണം, തന്‍റെ വിചാരപരമായ വളര്‍ച്ചയെ അദ്ദേഹം തന്നെ തിരിച്ചറിയുന്നുണ്ട്. തിരിച്ചറിയാതിരുന്നെങ്കില്‍ അത് ചിന്തയിലെ വൈരുദ്ധ്യമാകുമായിരുന്നു.

ജനങ്ങള്‍ക്ക് മനസിലാക്കാന്‍ പ്രയാസമായതുകൊണ്ടാണ് ഇന്ത്യയില്‍ അദ്വൈതം അധഃപതിച്ചതെന്ന് ഒരിടത്ത് അദ്ദേഹം എഴുതി. സാഹസികനായ ഒരു ബൗദ്ധിക സന്യാസിക്ക് മാത്രമേ ഇതുപോലെ പ്രതിഷ്ഠകള്‍ ഇളക്കുന്ന വാക്യങ്ങളെഴുതാന്‍ കഴിയൂ. അദ്വൈതത്തിന്‍റെ മായാവാദം ഈ ലോകത്തിനു ഒരു വിലയും കല്പിക്കാത്തതാണെന്ന് കുറ്റിപ്പുഴ തുറന്നെഴുതി. കുറ്റിപ്പുഴ നവോത്ഥാനത്തിനാണ് വില കല്പിച്ചത്. ഒരു ആഗോള മാനവന്‍ എന്ന ആശയം അദ്ദേഹത്തെ നിരന്തരം പ്രലോഭിപ്പിച്ചു. ആധുനിക മനുഷ്യന്‍ എന്ന സങ്കല്പത്തെ സാക്ഷാത്കരിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടോയെന്ന് സ്വയം പരിശോധിക്കേണ്ട ഘട്ടമാണിത്. ആചാരങ്ങള്‍ മനുഷ്യനെ ചീത്തയാക്കുന്നു എന്ന ഒരു വാദം നവോത്ഥാന പ്രസ്ഥാനത്തിന്‍റെ ചിന്തയാണ്. ആചാരങ്ങള്‍ അന്ധമാകരുത്. അത് ഒരു സൗന്ദര്യമാകാം. തുടര്‍ന്നുവരുന്നതെല്ലാം നല്ലതല്ല. ചിലതെല്ലാം യുക്തിയോടെ വിചാരണ ചെയ്യണം. ആധുനികശാസ്ത്രം, വൈദ്യശാസ്ത്രം, തത്ത്വചിന്ത തുടങ്ങിയ മേഖലകളുടെ സംഭാവന ഉള്‍ക്കൊണ്ടുവേണം യുക്തിപൂര്‍വമായ ഒരു ജീവിതവീക്ഷണം രൂപപ്പെടുത്താന്‍ എന്ന് കുറ്റിപ്പുഴ നിഷ്കര്‍ഷിച്ചു. സ്വന്തം കാലഘട്ടത്തില്‍ കിട്ടാവുന്ന ഏറ്റവും വലിയ, ശാസ്ത്രീയമായ, നവീനമായ ആശയങ്ങള്‍ സ്വായത്തമാക്കി. ജീര്‍ണിച്ചതില്‍ നിന്നെല്ലാം മോചനം നേടി.

എഡ്വിന്‍ അര്‍നോള്‍ഡിന്‍റെ ലൈറ്റ് ഓഫ് ഏഷ്യ എന്ന പുസ്തകം പഠിപ്പിക്കുന്നതിനിടയില്‍ ശ്രീബുദ്ധന്‍റെ തത്ത്വത്തെ വ്യാഖ്യാനിക്കുന്നത് ഇങ്ങനെയാണ്:

കേള്‍ക്കുന്നതെല്ലം വിശ്വസിക്കരുത്. പല തലമുറകളായി കൈമാറിവന്നത് കൊണ്ടുമാത്രം പാരമ്പര്യത്തെ വിശ്വസിക്കരുത്. പലരും പറഞ്ഞു പരത്തിയ കാര്യങ്ങള്‍ അപ്പാടെ വിശ്വസിക്കരുത്. യുക്തിയുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്ത്, എല്ലാവരുടെയും നډയ്ക്കും ഗുണത്തിനും ഉപയോഗപ്രദമായത് മാത്രം സ്വീകരിക്കുക, അതാണ് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ടത്. ലോകത്തിലെ ശ്രേഷ്ഠമൂല്യങ്ങള്‍ എന്തുകൊണ്ട് നമുക്ക് സ്വന്തമാക്കിക്കൂടാ എന്ന മനോഭാവം ഭാവിയോടുള്ള പ്രതിബദ്ധതയാണ്.

കുറ്റിപ്പുഴയ്ക്ക് തന്‍റെ മനന, ചിന്തകളുടെ ബലത്തില്‍ ലോകസാഹിത്യ വായനയിലൂടെ ചില നല്ല സൗന്ദര്യമൂലകങ്ങള്‍ സ്വാംശീകരിക്കാനായി. വിചാരവിപ്ലവം എന്ന പുസ്തകമെഴുതിയത് 1944ലാണ്. ശരിക്കും അദ്ദേഹം വിചാരവിപ്ലവമുണ്ടാക്കി. എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയും, ഇരുപതാം നൂറ്റാണ്ടിന്‍റെ മധ്യത്തിലെ കേരളത്തെ ഇളക്കിമറിച്ചു. പ്രക്ഷുബ്ധമായ ഒരു മനസ് ചിന്തിക്കുന്നവരിലേക്കു പകരാന്‍ അതിനു സാധിച്ചു. ചിന്തിക്കുന്നവരുടെ തലമുറയുണ്ടാകാന്‍ അത് കാരണമായി.

സാഹിത്യകലയില്‍ ഒരിടത്തും രാജിയാകാനോ, പിന്തിരിയാനോ തയ്യാറാകാത്ത ഒരു ഉഗ്രവിമര്‍ശകനായിരുന്നു കുറ്റിപ്പുഴ. വിമര്‍ശനം ഒത്തുതീര്‍പ്പിന്‍റെ കലയല്ല. അവിടെ സ്വാഭിപ്രായത്തിന്‍റെ വേറിടലിനും സ്വതന്ത്രമായ ഇച്ഛാശക്തിക്കുമാണ് വില. ഒരാള്‍ എല്ലാറ്റിനോടും താദാത്മ്യപ്പെടുന്നിടത്ത് വിമര്‍ശനമില്ല
.
റഷ്യന്‍ സാഹിത്യകാരډാരായ തുര്‍ജനീവിനെയും ടോള്‍സ്റ്റോയിയെയും താരതമ്യം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞത് ഇതാണ്. തുര്‍ജനീവിന്‍റെ യഥാലോകം പ്രശാന്തപ്രസന്നമായി പ്രവഹിക്കുന്ന ഒരു തടിനിയെപ്പോലെയാണ്. കാറ്റും കോളും കൊണ്ടുള്ള ക്ഷോഭങ്ങളൊന്നും അവിടെ കാണുന്നില്ല. എന്നാല്‍ ശക്തിയേറിയ ചില അടിയൊഴുക്കുകള്‍ ആ പ്രസന്നതയില്‍ ദൃഷ്ടിഗോചരമാകുന്നുണ്ട്. ഈ വക സംഗതികളില്‍ ഗ്രന്ഥകാരന്‍ ടോള്‍സ്റ്റോയിയില്‍ നിന്ന് തുലോം ഭിന്നനാണ്. യുദ്ധങ്ങളും പ്രക്ഷോഭങ്ങളും വര്‍ണിച്ച് ജീവിതത്തിന്‍റെ ഭയാനക ഭാഗങ്ങളെ പൊന്തിച്ചുകാണിക്കുവാന്‍ തുര്‍ജനീവ് ഇഷ്ടപ്പെടുന്നില്ല. അതിമൃദുലങ്ങളായ ഭാവങ്ങളുടെ ഉത്തേജനത്തിലാണ് അദ്ദേഹം ദത്തദൃഷ്ടനായിരിക്കുന്നത്. തുര്‍ജനീവിന്‍റെ നായികമാരും ടോള്‍സ്റ്റോയിയുടെ തോതില്‍പ്പെട്ടവരല്ല. അവര്‍ സാത്വികമായ പ്രേമത്തിന്‍റെ സന്ദേശവാഹിനികളാകുന്നു. മൃഗീയമായ കാമത്തിളപ്പിന്‍റെ ഉഗ്രദോഷങ്ങളെ ആത്മീയമായ പ്രേമപ്രകാശത്താല്‍ പ്രമാര്‍ജനം ചെയ്യുന്നതിനുള്ള ശക്തി അവര്‍ക്കുണ്ട്. ഇങ്ങനെയുള്ള നായകډാരുടെ സാന്നിധ്യത്തില്‍ ദുര്‍മ്മാര്‍ഗചാരികളായ നായകډാരുടെ സ്വഭാവംകൂടി പവിത്രീകൃതമാകുന്നു. ഇതാണ് തുര്‍ജനീവിന്‍റെ നോവലുകള്‍ക്കുള്ള ഒരു വിശേഷം. കുറ്റിപ്പുഴയ്ക്ക് ഭാരതീയ ചിന്തകരുമായി, ഒടുവില്‍ ബന്ധമുണ്ടായിരുന്നില്ലെന്ന് പറയരുത്. അദ്ദേഹം ചാര്‍വാക കാഴ്ചപ്പാടിനെ അനുകൂലിച്ചിരുന്നു. വേദം, ഈശ്വരന്‍, ആത്മാവ് എന്നിവയെ തള്ളിപ്പറഞ്ഞ ചാര്‍വാകമതം വേറിട്ട് നില്‍ക്കുകയാണ്. ഭാരതത്തില്‍ നിലനിന്ന തര്‍ക്കം അറിയണമെങ്കില്‍ ആശയവാദികളായ വൈജ്ഞാനികരും ചാര്‍വാകډാരും തമ്മിലുള്ള ഉരസല്‍ കണ്ടെത്തണം. ഭാരതീയ പാരമ്പര്യത്തെ എങ്ങനെയാണ് നിര്‍വചിക്കുക. പരസ്പര വിരുദ്ധമായ ധാരകളുടെ സംഗമവും വിയോഗമവുമാണത്.

ഏതെങ്കിലും ഒരു പ്രത്യേക ദര്‍ശനമല്ല കുറ്റിപ്പുഴയെ രൂപപ്പെടുത്തിയത്. വിഭിന്നങ്ങളായ ദര്‍ശനങ്ങളെ, അദ്ദേഹം തത്ത്വചിന്താപരമായി കൂട്ടിയോജിപ്പിച്ചു. ചിന്തയെയും സൗന്ദര്യത്തെയും സമന്വയിപ്പിക്കുമ്പോഴാണ് രസാനുഭൂതി സ്ഥിരമായി നിലനില്‍ക്കുന്നതെന്ന് കുറ്റിപ്പുഴ പറയുന്നു. അദ്ദേഹം നിരത്തുന്ന വാദം ഇതാണ്: ഒരു പാട്ട് കേള്‍ക്കുമ്പോള്‍ മനസ് സന്തോഷിക്കുമെങ്കിലും, അതുകഴിഞ്ഞ് മനസ് പഴയ അവസ്ഥയിലേക്ക് പിന്‍വാങ്ങും. ഒരു ചിത്രം കാണുമ്പോഴും ഇതുതന്നെ സംഭവിക്കും. മനസിനെ സ്ഥിരമായി ഒരു രസാനുഭവത്തില്‍ ബന്ധിച്ചുനിര്‍ത്താന്‍ ആ കലാരൂപങ്ങള്‍ക്ക് കഴിയാത്തത് ചിന്താശക്തിയെ ഉദ്ദീപിപ്പിക്കാത്തതുകൊണ്ടാണത്രേ. ചിന്തയില്ലെങ്കില്‍ സാഹിത്യത്തിനു വലിയ പ്രസക്തിയില്ല. നേരമ്പോക്കിനുള്ള കൃതികള്‍, പെട്ടെന്ന് തന്നെ രംഗം കാലിയാക്കിക്കൊള്ളും. വായിക്കുമ്പോള്‍ മാത്രമല്ല, തദനന്തരവും കവിത സഹൃദയനെ ആനന്ദിപ്പിക്കുന്നു - കുറ്റിപ്പുഴ എഴുതുന്നു. ഒരു കവിതയുടെ പരമമായ സൗന്ദര്യം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ തത്ത്വചിന്തവേണം. കവിത നിര്‍വഹിക്കുന്നത് പവിത്രമായ ഒരു കര്‍മ്മമാണ്. അതിന് മനുഷ്യനെ അവന്‍റെ കര്‍മ്മബന്ധങ്ങളില്‍ കൂടുതല്‍ നിര്‍മ്മലമാക്കാനാവും. ടാഗോര്‍ പറഞ്ഞു, കവികള്‍ മനുഷ്യനെ അവന്‍റെ ആഗ്രഹങ്ങളില്‍ നിന്ന് മോചിപ്പിക്കുമെന്ന്. ഇത് കുറ്റിപ്പുഴ മിക്കപ്പോഴും ഉദ്ധരിച്ചിട്ടുണ്ട്.

സാഹിത്യത്തിന് ഒരാത്മീയതയുണ്ട്. അത് മതങ്ങളുടെ മേഖലയിലുള്ളതല്ല. വിചാരപരമാണത്. കുറ്റിപ്പുഴ അത് ഇങ്ങനെ നിരീക്ഷിക്കുന്നു; ആത്മീയവും അനാത്മീയവുമായ രണ്ട് പരസ്പര പ്രതികൂല ശക്തികളുടെ ഒരു യുവരംഗമാണ് മനുഷ്യന്‍. ഒന്ന് ജീവിതത്തെ പ്രകാശത്തിലേക്കും മറ്റേതു തമസ്സിലേക്കും വലിച്ചുകൊണ്ടുപോകുന്നു. ജീവിതമെന്ന് പറയുന്നതു ഈ ഭിന്നശക്തികളുടെ അനോന്യ മത്സരമാണെന്ന് പറയാം. മത്സരം നിലയ്ക്കുമ്പോള്‍ ജീവിതവും അവസാനിക്കുന്നു. ആത്മാവും അനാത്മാവും തമ്മിലുള്ള ഈ സൂക്ഷ്മ സംഘട്ടനത്തെ വര്‍ണിച്ച് വ്യാഖ്യാനിക്കുകയെന്നതാണ് ഒരു കവിയുടെ പ്രധാന ധര്‍മ്മം
.
ഇത് കുറ്റിപ്പുഴയുടെ സൗന്ദര്യദര്‍ശനമായി കണക്കാക്കാം. ജീവിതത്തിലെ രണ്ട് ശക്തികളെക്കുറിച്ചാണ് ചര്‍ച്ച. ഒന്ന് പ്രകാശവും മറ്റേത് തമസ്സുമാണ്. എപ്പോഴും ഏത് വിജയിക്കുമെന്ന് പറയുകവയ്യ. എന്നാല്‍ സംഘട്ടനമുണ്ട്. അത് നിന്നുപോയാല്‍ ജീവിതത്തിന്‍റെ സൗന്ദര്യം അസ്തമിക്കും. അതുകൊണ്ട് ആ സംഘട്ടനത്തെ നിലനിര്‍ത്താനായിരിക്കും എഴുത്തുകാരന്‍റെ ശ്രമം. കാരണം അതാണ് അവന്‍റെ അസംസ്കൃത വസ്തു. അവന് സംഘട്ടനം അവസാനിപ്പിക്കാനാവില്ല. അവന്‍ അതിന്‍റെ വ്യാഖ്യാതാവും നിരീക്ഷകനുമാണ്. അവന്‍ അതില്‍ നിന്നാണ് സൗന്ദര്യം തേടുന്നത്.

SREENARAYANAYA

SREENARAYANAYA
NOVEL
M K HARIKUMAR
SREENARAYANAYA

VANGOGH MYSTERY