Followers

Friday, October 5, 2018

വായനക്കാരെ ബലിയാടാക്കരുത്/എം കെ ഹരികുമാർ


സ്റ്റാറ്റസ് കോ നിലനിറുത്തി മാത്രം എഴുതുന്നവരുണ്ട്. സ്റ്റാറ്റസ് കോ എന്ന് പറഞ്ഞാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ തുടരുന്നപോലെ എന്നാണര്‍ത്ഥം. താനായിട്ട് ഒരു ചിന്തയോ മാറ്റമോ ഒന്നും കൊണ്ടുവരണ്ട. ഇപ്പോള്‍ എങ്ങനെയാണോ അങ്ങനെതന്നെ തുടര്‍ന്നാല്‍ മതി. ആരും ശല്യത്തിനു വരുകയില്ല. പുസ്തകങ്ങള്‍ വില്‍ക്കാന്‍ തടസ്സമുണ്ടാകുകയില്ല. സ്റ്റാറ്റസ് കോ പാലിച്ചാല്‍ ബെസ്റ്റ് സെല്ലര്‍ വരെയുണ്ടാകും. എന്നാല്‍ എല്ലാവരും ഇങ്ങനെയല്ല ചിന്തിക്കുന്നത്. സാഹിത്യകാരന്‍ ഒരു സ്രഷ്ടാവാണ്. എന്തെങ്കിലും പുതുതായി സൃഷ്ടിക്കണം. അതിനായി വേദനിക്കണം. അത് ഒരു ധീരമായ കാല്‍വയ്പാണ്. ഭൂരിപക്ഷത്തെ, ചിലപ്പോള്‍, വേദനിപ്പിക്കേണ്ടിവരും. അത് എഴുത്തുകാരന്‍റെ നിയോഗമാണ്. അവനുമാത്രമേ കലയിലൂടെ നിലവിലുള്ള രീതികളെ മാറ്റിമറിക്കാനാവൂ; ചോദ്യം ചെയ്യാനാകൂ. ഒരു നടനോ പാട്ടുകാരനോ, സാമൂഹിക ആചാരങ്ങളെയോ വിശ്വാസങ്ങളെയോ ചോദ്യം ചെയ്യുന്നില്ല. എഴുത്തുകാരന്‍ തന്‍റെ കഴുത്ത് നീട്ടിക്കൊണ്ടായിരിക്കും ഇതൊക്കെ ചെയ്യുക. പറയുന്നത് സത്യമാണെങ്കില്‍ അത് ചെയ്യാന്‍ സന്തോഷമായിരിക്കും.

നല്ലപോലെ പഠിച്ചിട്ടുള്ളവര്‍ അത് പുറത്ത് പറയാന്‍ തയ്യാറാകും. ടോള്‍സ്റ്റോയി ക്രിസ്തുവില്‍ വിശ്വസിച്ചു. എന്നാല്‍ റഷ്യന്‍ സഭയോട് അദ്ദേഹം പൊരുത്തപ്പെട്ടില്ല. പള്ളികളിലെ യേശുവിനേക്കാള്‍ സത്യമായ ഒരു യേശു തന്‍റെ മനസിലുണ്ടെന്ന് ടോള്‍സ്റ്റോയി പറഞ്ഞു. ക്രിസ്തീയസഭകള്‍ ടോള്‍സ്റ്റോയിയെ ബഹിഷ്കരിക്കുകയും അനാദരിക്കുകയും ചെയ്തു. ഉന്നതമായ ധിഷണയുണ്ടായിരുന്ന അദ്ദേഹം തന്‍റെ സര്‍ഗാത്മക ഭാരത്തോടൊപ്പം സമൂഹത്തിലുള്ള വിശ്വാസപ്രമാണിമാരുടെ വെറുപ്പിന്‍റെ ഭാരവും ചുമന്നു. വയസ്സായപ്പോള്‍, അത് താങ്ങാവുന്നതിലേറെയായിരുന്നു. മനസിലെ വ്യസനത്തിനു ആശ്വാസം പകരാന്‍ അദ്ദേഹത്തിന്‍റെ വീട്ടിലും ഒന്നുമുണ്ടായിരുന്നില്ല. ലോകത്തിലെ മഹാനായ കലാചിന്തകനും എഴുത്തുകാരനുമായ ടോള്‍സ്റ്റോയിയെ ഭാര്യ ഉള്‍ക്കൊണ്ടില്ല. അവര്‍ അദ്ദേഹത്തെ നോവിക്കുകയും അപമാനിക്കുകയും ചെയ്തു. സ്വന്തമായ ഒരു ക്രിസ്തുമതം ഉണ്ടാക്കി എന്ന കുറ്റമാണ് അവര്‍ ടോള്‍സ്റ്റോയിയില്‍ കണ്ടെത്തിയത്. അദ്ദേഹം അത് നിഷേധിച്ചില്ല. നിന്ദയില്‍ മനംനൊന്ത് വീട്ടില്‍ നിന്നിറങ്ങിപ്പോന്ന ടോള്‍സ്റ്റോയി ഒരു റെയില്‍വേ സ്റ്റേഷനില്‍ മരിച്ചുവീഴുകയായിരുന്നു.

 നിലവിലുള്ള സ്ഥാനമാനങ്ങള്‍ നോക്കി, അതിന്‍റെ വരുമാനം സ്വീകരിച്ച് അനുസരണയോടെ കഴിയുന്നവര്‍ക്ക് ഒന്നിനെയും പേടിക്കേണ്ടിവരുകയില്ല. എന്നാല്‍ സത്യാന്വേഷികള്‍ക്ക് പീഡനവും നേരിടേണ്ടിവരും. ഇക്കൂട്ടര്‍ക്ക് പീഡനം ഒരാവശ്യവുമാണ്. ആത്മാവിന്‍റെ സുഗമമായ നടത്തയ്ക്ക് പീഡനം അനിവാര്യമായിവരും. അത് ഒരു ഔഷധമായി അനുഭവപ്പെടും. മലയാളത്തിലെ ഏറ്റവും വലിയ പോരാളിയായ സാഹിത്യകാരന്‍ പി. കേശവദേവാണ് അദ്ദേഹം രാമായണത്തിനെതിരെ പരസ്യമായ പ്രസ്താവനകള്‍ നടത്തി. ദേവിനെ മനുഷ്യസ്നേഹി എന്ന് രണ്ടാമതൊന്നുകൂടി വിളിക്കണം. താഴ്ന്ന ജാതിക്കാര്‍ക്കും നിരാലംബര്‍ക്കും വേണ്ടി ദേവ് എന്നും ശബ്ദിച്ചു. കൊടുങ്ങല്ലൂരില്‍ ഒരു അധഃകൃതനെ സവര്‍ണരുടെ കുളത്തില്‍ കുളിക്കാന്‍ സമ്മതിക്കുന്നില്ലെന്നറിഞ്ഞ ദേവ് അവിടെയെത്തി. അവര്‍ണന്‍റെ വീട്ടില്‍ ചെന്ന് അവനേയും കൂട്ടി ദേവ് കുളത്തിലേക്ക് നടന്നു. ഒരു കഠാര നിവര്‍ത്തി കയ്യില്‍ പിടിച്ചുകൊണ്ടായിരുന്നു നടപ്പ്. നായര്‍ സമുദായംഗമായ ദേവ് അവര്‍ണനൊപ്പം ആ കുളത്തിലേക്ക് എടുത്തുചാടി. കുളത്തിലെ അലകള്‍ ജാതിരഹിതമായി ചിരിച്ചതല്ലാതെ ഒരലമ്പുമുണ്ടായില്ല. ദേവ് കുളിക്കാന്‍ വന്നതറിഞ്ഞ് ആ പരിസരത്തേക്ക് ആരും വന്നില്ല. കുളികഴിഞ്ഞ്, നിവര്‍ത്തിപ്പിടിച്ച കത്തി ആകാശത്തില്‍ ചുഴറ്റി അദ്ദേഹം അവര്‍ണനുമായി അവന്‍റെ വീട്ടിലേക്ക് പോന്നു. ദേവിനെതിരെ കേസുകള്‍ ഉണ്ടായി.


അനീതിക്കെതിരെ പൊരുതിയതിനാണ് കേസുകള്‍. പോലീസുകാരും രാജാവും അദ്ദേഹത്തെ ഭയത്തോടെയാണ് കണ്ടിരുന്നത്. ദേവിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടു. ആ ഘട്ടത്തില്‍ നാലുദിവസം അദ്ദേഹം സമുദ്രത്തിലാണ് വസിച്ചത്; കാര്യമായ ഭക്ഷണമില്ലാതെ വെള്ളം കുടിച്ചുകൊണ്ട്. ഇതൊക്കെ ദേവ് ചെയ്തത് വ്യക്തിപരമായ ലാഭത്തിനു വേണ്ടിയല്ല. ഉയര്‍ന്ന സാമൂഹികബോധമുള്ളതുകൊണ്ടാണ്. എന്ത് നഷ്ടപ്പെട്ടാലും വേണ്ടില്ല. അത് നേരിടാന്‍ തയ്യാറാണെന്ന സന്ദേശം ആ പ്രവൃത്തികളിലുണ്ടായിരുന്നു. ഇപ്പോള്‍ എഴുത്തുകാരും പത്രാധിപډാരും ഗൂഢാലോചന നടത്തി വിവാദപരാമര്‍ശങ്ങള്‍ സൃഷ്ടിച്ച് വിപണി ഭദ്രമാക്കുന്നതാണ് നാം കാണുന്നത്. എഴുത്തുകാരന്‍ എന്തിനാണ് മതങ്ങളെയും ക്ഷേത്രങ്ങളെയും ഭക്തډാരെയും ആക്ഷേപിക്കുന്നത് ? ജാതിവിവേചനത്തെ അപലപിക്കണം. കാരണം, അപലപിക്കുന്നതില്‍ ഒരു സാമൂഹികനډയുണ്ട്. അവകാശത്തെക്കുറിച്ചുള്ള ബോധമുണര്‍ത്തലാണത്. എന്നാല്‍ വിഡ്ഢിയെപ്പോലെ എഴുത്തുകാരന്‍ പെരുമാറരുത്. യുക്തിയും വിവേകവുമാണ് ഒരാളെ വിപ്ലവകാരിയാക്കുന്നത്. സര്‍ഗാത്മക ഔന്നത്യമുള്ളവര്‍ അടിസ്ഥാനമില്ലാത്തതും നിസ്സാരവുമായ മതദ്രോഹം എഴുതില്ല. സാല്‍മന്‍ റുഷ്ദി 'സാത്താനിക് വേഴ്സസ്' എഴുതിയപ്പോള്‍ മതവിശ്വാസികള്‍ വ്രണപ്പെട്ടു. റുഷ്ദിയുടെ നോവലുകളില്‍ കൃത്രിമത്വമുണ്ട്. കാഫ്ക, നദീന്‍ ഗോര്‍ഡിമര്‍, നബോക്കോവ്, മരിയോ വര്‍ഗാസ് യോസ തുടങ്ങിയവരെപ്പോലെ മൗലികത അദ്ദേഹത്തിനില്ല. അമേരിക്കയിലെ വലിയ നാടകകൃത്തായിരുന്നു എഡ്വേര്‍ഡ് ആല്‍ബി. അദ്ദേഹത്തിന്‍റെ 'മീ ആന്‍ഡ് മൈസെല്‍ഫ്' എന്ന നാടകം അമേരിക്കയുടെ ആന്തരികമുഖം ജീര്‍ണമാണെന്ന് വിളിച്ചുപറഞ്ഞു. ഒരമ്മ തന്‍റെ ഇരട്ടക്കുട്ടികളെ വേവ്വേറെ വ്യക്തികളായി കാണാന്‍ വിസമ്മതിക്കുന്ന ആ രചനാ വ്യക്തിത്വം, ഐഡന്‍റിറ്റി തുടങ്ങിയ പ്രശ്നങ്ങള്‍ അപഗ്രഥിച്ചു. അദ്ദേഹത്തെ പലരും വിമര്‍ശിച്ചു. ഒരാള്‍ തന്‍റെ വളര്‍ച്ചയ്ക്കുവേണ്ടി വീടുവിട്ടുപോകാനും, ഒന്നിനെയും ചോദ്യം ചെയ്യാതെ എല്ലാറ്റിനെയും അതേപടി സ്വീകരിച്ച് കീഴടങ്ങി ജീവിക്കുന്നതില്‍ നിന്ന് കുതറിമാറാനും ശ്രമിക്കുന്നതിനെ ആല്‍ബി ആ കൃതിയില്‍ എടുത്തുകാണിച്ചു. വായനയ്ക്ക് വളര്‍ച്ചയുണ്ടാകണമെങ്കില്‍, അത് സാമ്പ്രദായികമായ കീഴടങ്ങലില്‍ നിന്ന് മന്നോട്ടു പോകണം. പകരം അധമമായ വികാരങ്ങള്‍ കുത്തിപ്പൊക്കരുത്. പെരുമാള്‍ മുരുകന്‍ തമിഴില്‍ എഴുതിയത് അനുകരിക്കാന്‍ പലരും തുനിയുന്നു. തെറ്റായ വഴക്കമാണ് മുരുകന്‍ സൃഷ്ടിച്ചത്. പ്രകോപനമുണ്ടാക്കാന്‍ കരുതിക്കൂട്ടി എഴുതിയോ എന്ന് സംശയിക്കുന്ന സാഹചര്യം ഉണ്ടാക്കരുത്. ഇന്ന് ചില എഴുത്തുകാര്‍ കുറുക്കുവഴിയിലൂടെ ശ്രദ്ധ നേടാന്‍ ജാതി, മതം, ദൈവം തുടങ്ങിയ വിഷയങ്ങള്‍ ഉപയോഗിക്കുന്നതായി കണ്ടുവരുന്നുണ്ട്. ഇത് ആരോഗ്യകരമായ സാമൂഹികാന്തരീക്ഷം തകര്‍ക്കും. പൊന്‍കുന്നം വര്‍ക്കി ക്രിസ്തീയ സഭകളെ വിമര്‍ശിച്ച് എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ 'അന്തോണീ നീയും അച്ചനായോടാ' എന്ന കഥ പരിഹാസമാണ്. പക്ഷേ, യേശുദേവനെയോ, ക്രിസ്തീയ വിശ്വാസികളെയോ അപമാനിച്ചില്ല. എംടിയുടെ നിര്‍മ്മാല്യത്തില്‍ പി.ജെ. ആന്‍റണിയുടെ കഥാപാത്രം ദേവീവിഗ്രഹത്തില്‍ തുപ്പുന്നത് ഇന്നാണെങ്കില്‍ വിവാദമാവും എന്ന് പറയുന്നവരുണ്ട്. അതില്‍ ഒരു മതത്തെയോ മതവിശ്വാസികളെയോ പ്രകോപിപ്പിക്കുന്ന ഒന്നുമില്ല. കഥയില്‍ അതാവശ്യമാണ്. ശ്രീനിവാസന്‍ ഒരു സിനിമയില്‍ (ചിത്രം) കത്തിക്കൊണ്ടിരിക്കുന്ന വിളക്കില്‍ തുപ്പുന്ന രംഗമുണ്ട്. വിവാദമായില്ലല്ലോ. ബാഹുബലിയില്‍ ബാഹുബലി എന്ന കഥാപാത്രം ശിവലിംഗം ഇളക്കിയെടുത്ത് ചുമക്കുന്ന രംഗമുണ്ട്. ശിവലിംഗം ഇളക്കാമോ എന്ന ചോദ്യമുണ്ടായില്ല.


ബോധപൂര്‍വ്വം പ്രകോപനം സൃഷ്ടിക്കാന്‍ ഒരു വാരിക മുന്നോട്ടുവരുകയും അതിനു ബലിയാടാകാന്‍ ഒരെഴുത്തുകാരന്‍ നിന്നുകൊടുക്കുകയും ചെയ്യുന്നത് ബുദ്ധിപരമായ പാപ്പരത്തമാണ്. എഡ്വേര്‍ഡ് ആല്‍ബിയുടെ നാടകങ്ങളില്‍ സ്വവര്‍ഗരതി ആരോപിച്ച് വിമര്‍ശനം ഉന്നയിച്ചവരോട് ഇങ്ങനെ പറഞ്ഞു: ഞാന്‍ ഒരു ബലിയാടായി തുടരുകതന്നെ ചെയ്യും. ഇന്നത്തെ പ്രകോപന നിര്‍മ്മാതാക്കളോട് വായനക്കാര്‍ പറയുന്നത് ഇതായിരിക്കും: ഞങ്ങളെ ബലിയാടായി തുടരാന്‍ അനുവദിക്കരുത്. വര്‍ഗീയ ലഹളയുണ്ടാക്കാന്‍ വേണ്ടി സാഹിത്യമെഴുതരുത്.

Leave a Comments

No comments: