Followers

Monday, July 21, 2025

അനുധാവനം /എം.കെ.ഹരികുമാർ (june)



ചിത്രശലഭപ്പറക്കലിൽ ഒളിപ്പിച്ചിരിക്കുന്നത് 


എല്ലാം പൂർവ്വനിശ്ചിതമാണെന്ന ഒരു ചിന്തയുണ്ട് .ഇന്ത്യൻ ശാസ്ത്രങ്ങളിൽ എല്ലാം നിർവ്വചിക്കപ്പെട്ടതാണ്;ആത്മീയത മുതൽ നക്ഷത്രബന്ധം വരെ. ബൈബിളിലെ സഭാപ്രസംഗകൻ പറഞ്ഞത് ശ്രദ്ധിക്കുക: "എല്ലാറ്റിനും ഒരേ ശ്വാസമാണുള്ളത്. മനുഷ്യനു മൃഗത്തേക്കാൾ യാതൊരു മേന്മയുമില്ല.എല്ലാം മിഥ്യയാണ്. എല്ലാം  ഒരിടത്തേക്ക് പോകുന്നു. എല്ലാം പൊടിയിൽ നിന്നുണ്ടായി, എല്ലാം പൊടിയിലേക്ക് മടങ്ങുന്നു. മനുഷ്യൻ്റെ പ്രാണൻ മേല്പോട്ടും മൃഗത്തിൻ്റെ താഴെ മണ്ണിലേക്കും പോകുന്നുവോ? ആർക്കറിയാം! "

ജീവിതത്തെക്കുറിച്ച് ഇത്രയും ആഴത്തിൽ ഒരു ദർശനം വേറെ എവിടെയാണുള്ളത് ?ഈ കാണുന്നതിൻ്റെയെല്ലാം അന്ത്യം  ഉറപ്പാണ് ;എന്നാൽ അതൊന്നും നമ്മോടൊപ്പമല്ല .ഓരോന്നിനും അതാതിൻ്റെ അന്ത്യം കരുതപ്പെട്ടിരിക്കുന്നു. ഒരന്ത്യമുള്ളതു കൊണ്ടാണ് നാം സ്വതന്ത്രരായിരിക്കുന്നത്. ഒരു നായ സ്വതന്ത്രനായിരിക്കുന്നത് അതിനു നിരുപാധികമായ ഒരു മരണം ഉറപ്പായിട്ടുള്ളതുകൊണ്ടാണ്. ഒരന്ത്യമാണ് നമ്മെ വേറിട്ടതാക്കുന്നത്. എന്തെന്നാൽ ഓരോ വഴിക്ക് മടങ്ങാനാവും .ഒരു പൂച്ചയോ എലിയോ ചത്തു കിടക്കുന്നത് കണ്ടു മനുഷ്യനു പറയാൻ കഴിയുമോ, താൻ അതിനെക്കാൾ മികച്ച രീതിയിൽ അവസാനിക്കുമെന്ന് ? ഒരുത്തൻ്റെയും കപടമുഖം കാണാതെ ,മരണാനാന്തരവിചാരങ്ങളില്ലാതെ അവയ്ക്ക് സ്വതന്ത്രമായി മരിക്കാനാകുന്നുണ്ട്. മരണശേഷമുള്ള സ്വർഗ്ഗത്തിലെ എൻട്രി ഉറപ്പാക്കാൻ വേണ്ടി സമയം പാഴാക്കേണ്ടി വന്നില്ലല്ലോ എന്ന ചാരിതാർത്ഥ്യം അവയ്ക്കുണ്ട്. നമ്മൾ ജീവിതത്തോടൊപ്പം മരണാനന്തരജീവിതവും നയിക്കുന്നു എന്ന അസംബന്ധമുണ്ട്. നാം ഈ ലോകത്തെ വളരെ കുറച്ചു മാത്രമാണ് മനസ്സിലാക്കുന്നത് .നമ്മൾ വലിയ വ്യക്തികളൊന്നുമല്ല .നാം പരിമിതികളുടെ കൂടാണ് .യഥാർത്ഥ സ്നേഹിതനെ പോലും ക്രൂരമായി  വിചാരണ ചെയ്ത് ,അന്യവത്ക്കരിച്ച്, ആത്മസംതൃപ്തി നേടുന്ന ചീത്തസ്വഭാവമാണ് നമ്മുടേത്. നാം കാണുന്നത് ഒരു വശം മാത്രമാണ്.  നാം എന്നെങ്കിലും ഭാവിയെ കണ്ടിട്ടുണ്ടോ ?ഈ ലോകം ഭാവിയും കൂടി ചേർന്നതാണ്. മനുഷ്യർക്ക്  എന്നും ഭൂതകാലം മതി ;പഴയ കണ്ണാടി പോലെ അത് നിത്യേന തുടച്ചു വൃത്തിയാക്കുന്ന ഭീരുവാണ് മനുഷ്യൻ.


സൽമാൻ റുഷ്ദി പറഞ്ഞു: " മനുഷ്യരായ നമുക്ക് വസ്തുക്കളെ പൂർണമായി കാണാനുള്ള കഴിവില്ല. നാം ദൈവമല്ല, മുറിവേറ്റ ജീവികളാണ് .പൊട്ടിയ ചില്ലുകളാണ് .വിള്ളൽ വീണ, ചിതറിയ കാഴ്ചകൾക്ക് മാത്രമേ അത് ഉപകരിക്കൂ. നമ്മൾ ഭാഗിക മനുഷ്യരാണ് ,എല്ലാ അർത്ഥത്തിലും. അർത്ഥം എന്നത് കഷണങ്ങൾ കൊണ്ട്, അന്ധവിശ്വാസങ്ങൾ കൊണ്ട്, കുട്ടിക്കാലത്തെ മുറിവുകൾ കൊണ്ട് , പത്രലേഖനങ്ങൾ കൊണ്ട് ,പഴയ സിനിമകൾ കൊണ്ട് ,ചെറിയ വിജയങ്ങൾ കൊണ്ട് ,സ്നേഹിച്ചവരും വെറുത്തവരുമായ ആളുകളെ കൊണ്ട്  ഉണ്ടാക്കിയ ദുർബലമായ എടുപ്പാണ്.തീർത്തും അപര്യാപ്തമായ വസ്തുക്കൾ കൊണ്ടുണ്ടാക്കിയ ഈ ബോധത്തെ മരണം വരെ നാം ഉപേക്ഷിക്കുകയില്ല." നമ്മളിൽ വ്യത്യസ്തരൊന്നുമില്ല .എല്ലാം ഒരേതരമാണ്.ഇതൊക്കെ അറിയുന്ന ഒരാൾ എഴുതുമ്പോൾ എന്തെല്ലാം പരീക്ഷണങ്ങളും അപകടകരമായ ഭാവനകളും ഉണ്ടാകേണ്ടതാണ്.മുറിവുകൾ പൂക്കളായി പരിവർത്തനപ്പെടണം. അപകർഷതകൾ ചിത്രശലഭപ്പറക്കലുകളായി മാറണം .പരാജയങ്ങൾ മറ്റു രാഗങ്ങളും പാതകളുമായി രൂപപ്പെടണം. ചിത്രശലഭപ്പറക്കലിൽ ഒളിപ്പിച്ചിരിക്കുന്നത് നമ്മെത്തന്നെയാണെന്നു അറിയണം. അതിനുപകരം എന്താണ് സംഭവിക്കുന്നത്? ചിന്തകൾ ചത്ത പാമ്പിനെ പോലെ നിശ്ചലമായിരിക്കുന്നു. സ്വതന്ത്രമായ മനസ്സ് എവിടെ? വിദ്യാഭ്യാസം ഇന്നത്തെ സാംസ്കാരിക സാഹചര്യത്തിൽ സ്വാതന്ത്ര്യത്തെ തടയുകയാണ് ചെയ്യുന്നത്. 

നോവൽ പ്രമോഷനു വേണ്ടി ഏതറ്റം വരെയും 

നിരാശ ബാധിച്ച നോവലെഴുത്തുകാർ പ്രമോഷനു വേണ്ടി ഏതറ്റം വരെയും പോകുകയാണ്. അടുത്തിടെ ഒരു യുവ നോവലിസ്റ്റ് നോവൽ പ്രമോഷൻ നടത്തിയത് ഒരു രാഷ്ട്രീയ നേതാവിനെ ഉപയോഗിച്ചാണ് .നേതാവ് നോവലിനെ പ്രശംസിക്കുന്ന വീഡിയേകൾ കാണാനായി. വേറൊരു സുഹൃത്ത് തൻ്റെ നോവൽ പ്രമോഷനു വേണ്ടി ഒരു തമിഴ് സിനിമാതാരത്തെയാണ് സമീപിച്ചത്. താരം നോവൽ വായിക്കുന്ന ഫോട്ടോ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യാൻ പോവുകയാണ്. ഇതൊക്കെ കാണുമ്പോൾ കഷ്ടം എന്നു പറയാനാണ് തോന്നുന്നത്. ആരാണ് എഴുത്തുകാരൻ എന്നു മനസിലാക്കാൻ ഇവർക്ക് കഴിവില്ല .കേശവദേവ് ,സി.ജെ.തോമസ് ,എം.ഗോവിന്ദൻ ,കുറ്റിപ്പുഴ തുടങ്ങിയവരെ അറിയാൻ ഇവർക്ക് സമയമില്ല. നോവൽ എഴുതാൻ ഉപയോഗിക്കുന്ന ബുദ്ധിയുടെ കാൽ ശതമാനമെങ്കിലും ഇതിൽ  ചെലവഴിക്കുക. ഇത്തരം തറവേലകൾ കൊണ്ട് തരം താഴാമെന്നു മാത്രം. താനൊരു കഴമ്പില്ലാത്ത വ്യക്തിയാണെന്നു തെളിയിക്കുകയാണ് നോവലിസ്റ്റ് .എഴുത്തുകാരന്റെ അല്ലെങ്കിൽ എഴുത്തുകാരിയുടെ റോൾ എന്താണെന്നു മനസ്സിലാക്കുക. സ്വയം അധ:പതിക്കാതിരിക്കുക.ഇത്തരക്കാരുടെ കൃതികൾ വായിക്കാൻ തോന്നുകയില്ല. ഉണ്ണികൃഷ്ണൻ തിരുവാഴിയോട് ,വി.പി. ശിവകുമാർ തുടങ്ങിയവരെ പോലെ ഉയർന്ന നിലവാരമുള്ള എഴുത്തുകാർ പുതിയ തലമുറയിൽ ഇല്ലെന്നു തോന്നുന്നു. ഇതിലൊന്നുമല്ല എഴുത്തുകാരന്റെ മിടുക്ക്.സ്വന്തം മാധ്യമത്തെ എത്രത്തോളം നവീകരിക്കുകയും ആഴത്തിൽ അനുഭവിപ്പിക്കുകയും ചെയ്യുന്നു എന്നാണ് നോക്കേണ്ടത്. നിലവിലുള്ള ആഖ്യാനരീതിയെ വെല്ലുവിളിക്കണം! 

So you must risk placing real emotion at the centre of your work .Write straight into the emotional centre of things.

Anne Lamott

കവിത കാവ്യാത്മകമാകരുത് 

കെ.എ.ജയശീലൻ മിക്കപ്പോഴും ബുദ്ധികൊണ്ടാണ് കവിത എഴുതുന്നത്. കവിതയെ അദ്ദേഹം പൂർവ്വകവികളുടെ കാല്പനിക നവോന്മേഷത്തിലേക്ക്  ആനയിക്കുകയാണ്. ആധുനികതയുടെ അപരാഹ്ന ജീർണത എന്നു വിളിക്കാം. കാവ്യവസ്തുവല്ല കവിത: വസ്തുവിനെ, അതിൻ്റെ ജീവതത്ത്വപരമായ ഉണ്മയെ പുറത്തു കൊണ്ടുവരുന്ന വിചാരമാണത്.അത് ഒരു പട്ടം ചരടറ്റ് പറക്കുന്നതു പോലെയാകണം. ഒരു വലിയ അഗാധതയ്ക്ക് മുകളിലൂടെ ചരടിന്മേൽ എന്ന പോലെയുള്ള യാത്രയാണത്. വായനക്കാരൻ ചരടിൽ ബന്ധിച്ച പട്ടമല്ല ;ചരടറ്റ് പറക്കാനാണ് അവൻ്റെ അന്തർ മനസ്സ് പറയുന്നത്. എന്നാൽ കവികൾ വ്യവസ്ഥാപിതത്വത്തെ വീണ്ടും വീണ്ടും ഓർമ്മിപ്പിച്ച് പൂർവ്വകാലത്തിലേക്കു കൊണ്ടുപോയി കെട്ടിയിടുന്നു. ചിത്രശലഭത്തിൻ്റെ കാലത്തെക്കുറിച്ചാണ് കവി വിചാരിക്കുന്നത്. എന്നാൽ ഈ വിചാരം ഒരു കവിചേതനയിൽ ഉരുകിച്ചേർന്നു മറ്റൊന്നാകുന്നില്ല.

"പത്തുനിമിഷത്തിൽ 
പത്തുദിവസത്തെ കുത്തിനിറയ്ക്കാൻ
കഴിഞ്ഞാൽപ്പോലും 
കാലത്തെ വീണ്ടും 
വലിച്ചുവിടർത്തണം
മാലോകർ ജീവനോടൊ-
പ്പമാകാൻ.
ഒറ്റപ്പൂമേലും
ശരിക്കുമിരിക്കില്ല 
മറ്റേപ്പൂവിൻ്റെ 
വിചാരംമൂലം "

ജയശീലൻ്റെ 'ചിത്രശലഭങ്ങൾ ഇത്ര ധൃതിപിടിച്ച്'(മാതൃഭൂമി ആഴ്ചപ്പതിപ്പ് , മെയ് 18)എന്ന കവിതയിലെ വരികളാണ്. കവി ഇവിടെ നിലവാരപ്പെടുകയാണ് ചെയ്യുന്നത്. ഓർമ്മകൾ കുഴിച്ചെടുക്കുന്നതിൽ കവിക്ക് വേണ്ടത്ര സമയം കിട്ടിയിട്ടില്ല. ഒരു ശലഭം അതിൻ്റെ ആനന്ദത്തിന്റെ സമ്പദ് വ്യവസ്ഥയിൽ തൃപ്തമല്ല എന്നു കവിക്ക് എങ്ങനെ പറയാൻ കഴിയും? നമ്മെക്കാൾ ഋജുവായി, അനായാസമായി ആനന്ദം നേടാൻ കഴിയുമെന്നിരിക്കെ മനുഷ്യരെപ്പോലെ സർവീസിൽ കയറി മുപ്പതു വർഷം കുറ്റിയടിച്ചു കിടക്കാൻ ശലഭത്തിനു  സമയമില്ലല്ലോ.ജയശീലൻ കവിത എഴുതിയശേഷവും ശലഭത്തിൻ്റെ ആ പഴയ ലോകം അതേപോലെ നിലനിൽക്കുന്നു; ഒരു മാറ്റവും സംഭവിച്ചില്ല .ഇതാണ് കവിത നിലവാരപ്പെട്ടതാണെന്നു പറയാൻ കാരണം. ഡിലൻ തോമസ് (Dylan Thomas)നല്ല കവിത യാഥാർത്ഥ്യത്തിനുള്ള ഒരു സംഭാവനയാണെന്നു പറഞ്ഞത് ഓർക്കുകയാണ് .നല്ല കവിത എഴുതപ്പെടുന്നതോടെ ലോകം പഴയതുപോലെ ആയിരിക്കില്ല.

"A good poem helps to change the shape of the universe ,helps to extend everyone's knowledge of himself and the world around him."

ആശയഭംഗിയുള്ള പ്രസ്താവനയാണ് ഡിലൻ തോമസിൻ്റേത്. കവിത ഒരു വസ്തുവിന്റെ വിധി ,വർത്തമാനം, ഭാവി എന്നിവ മാറ്റുന്നു. പകരം മറ്റൊരു മാനം നല്കുന്നു .ഈ ലോകത്തിൻ്റെ  രൂപത്തെ മാറ്റുകയാണ് ഒരു മികച്ച കവിത ചെയ്യുന്നത്. അല്ലെങ്കിൽ കവിത ഒരു ബദ്ധപ്പാട് മാത്രമായിരിക്കും. നമുക്ക് നമ്മെക്കുറിച്ചുള്ള അറിവിനെ വികസിപ്പിക്കാൻ കവിത പര്യാപ്തമാവണം. അങ്ങനെ പുതിയൊരു ലോകത്തെ കാണാൻ കഴിയണം. ജയശീലൻ്റെ കവിത പരമ്പരാഗതമായ അക്കാദമിക് ചതുപ്പുനിലങ്ങളിൽ തന്നെയാണ്. കവിത കാവ്യാത്മകമാകരുത്. കാവ്യാത്മകത എന്നു പറയുന്നത് പൂർവ്വകാലത്തെ കവിതകളും അതിനെക്കുറിച്ചുള്ള ചർച്ചകളും  ചേർന്നുണ്ടാക്കിയതാണ് .ആ കാവ്യാത്മകത ഒരു ഭാരമാണ് .അതിനെ മറികടക്കേണ്ടതുണ്ട്. കാവ്യാത്മകമല്ലാത്ത ഭാഷയിലാണ്, ചിന്തയിലാണ് യഥാർത്ഥ കവിത ഒരു പിറവിക്കായി തയ്യാറെടുക്കുന്നത് .

The only interesting answers are those that destroy the questions .
-Susan sontag


ലക്ഷം കോപ്പിക്കാർ വരവായി 

ഒരു പുസ്തകം എഴുതി പ്രസിദ്ധീകരിച്ചു കഴിഞ്ഞ് എത്രയോ വർഷങ്ങൾ കഴിഞ്ഞാണ് അത് മികച്ചതാണെന്നു സഹൃദയർ അംഗീകരിക്കുന്നതെന്നോർക്കണം.  ഒരു സ്ഥാപനത്തിൻ്റെ ആശീർവാദമല്ല  ഉദ്ദേശിക്കുന്നത്. കുറെ വായനക്കാരുടെ മനസ്സിൽ അതിനൊരു സ്ഥാനം കിട്ടുന്നു എന്ന അർത്ഥത്തിലാണ് .കാലത്തിൻ്റെ പരീക്ഷണമുണ്ട്. അതിനെ അതിജീവിക്കണം. പത്തുവർഷം പോലും ഒരു കാലമല്ല. പരമാവധി ചർച്ച ചെയ്ത് അതിൻ്റെ ഭാവുകത്വപരമായ വ്യതിയാനങ്ങൾ പരിശോധിക്കേണ്ടതുണ്ട് .ഒരു നല്ല കൃതിയിൽ അനേകം നിഴലുകൾ ഉണ്ടായിരിക്കും .അത് ചിലപ്പോൾ ഒറ്റ വായനയ്ക്ക് ലളിതമായി തോന്നുമെങ്കിലും ആഴത്തിൽ ചിന്തിക്കുന്നവർക്ക് കൂടുതൽ പരതി നോക്കേണ്ടിവരും. ഭാഷ ,സംസ്കാരം, സ്വരം, സംഗീതം, കല ,സാമൂഹിക ജീവിതത്തിന്റെ പ്രതിസ്പന്ദങ്ങൾ തുടങ്ങി പലതലങ്ങളിലൂടെയാണ് അത് മുന്നോട്ടുപോകുന്നത്. എന്നാൽ ഈ വക കാര്യങ്ങളെക്കുറിച്ച് യാതൊരു വിവരവുമില്ലാത്ത ചിലർ പ്രബലരായ പ്രസാധകരുടെ വിപണന തന്ത്രങ്ങളിലൂടെ കൂടുതൽ കോപ്പി അച്ചടിച്ചു എന്ന തരത്തിൽ പ്രചാരണവുമായി ഇറങ്ങിയിരിക്കയാണ്. ഒന്നരലക്ഷം കോപ്പി വിറ്റ പുസ്തകം എന്ന് അവകാശപ്പെട്ടുകൊണ്ട് പരസ്യം ചെയ്യുന്ന എഴുത്തുകാരെ ഇപ്പോൾ കാണാറുണ്ട് .ഇക്കൂട്ടർക്ക് പുസ്തകങ്ങൾ എങ്ങനെയാണ് അതിൻ്റെ ദീർഘമായ സമരങ്ങളിലൂടെ ഭാവുകത്വപരമായ ആലോചനകൾ ഉറപ്പിച്ചെടുക്കുന്നതെന്ന് അറിയില്ല. എഴുത്തുകാരൻ തൻ്റെ ഫോട്ടോ പതിച്ച പരസ്യങ്ങളിൽ ഒന്നോ രണ്ടോ ലക്ഷം കോപ്പി വിറ്റ കൃതിയാണെന്ന് അവകാശപ്പെടുന്നതിൽ ഈ കാലത്തിൻ്റെ സകല അസംബന്ധങ്ങളും അന്തസ്സാര ശൂന്യതകളും പത്തി വിടർത്തിയാടുന്നതായാണ് തോന്നുന്നത്. ദയനീയമായ ഒരു കാഴ്ചയാണിത്. എന്താണ് എഴുത്തുകാരന് അർത്ഥമാക്കുന്നത്? കുറേപ്പേർ മറ്റെന്തെങ്കിലും താൽപര്യത്തിന്റെ പേരിൽ രണ്ടു ലക്ഷം കോപ്പി വാങ്ങിയാൽ അത് മികച്ച കൃതിയായി അംഗീകരിക്കപ്പെട്ടു എന്നോ? തെറ്റായ നിലപാടാണിത്.ഒരു ആൾക്കൂട്ടത്തിനും ഒരു കൃതി മികച്ചതാക്കാൻ കഴിയില്ല .ലക്ഷം  പേരല്ല ഒരു നല്ല കൃതി കണ്ടെടുക്കുന്നത് .ഒരു സംഗീത ബാൻഡിനു അത് ഇണങ്ങും.സംഗീത ബാൻഡ് ഭാവുകത്വപരമായ സമസ്യ സൃഷ്ടിക്കുന്നില്ലല്ലോ. മികച്ച പൈങ്കിളി നോവൽ ഏതെന്നു കണ്ടെത്താൻ ലക്ഷം പേരുടെ ഒപ്പ് സഹായകമാണ്.ആൾക്കൂട്ടത്തെ പെട്ടെന്നു തൃപ്തിപ്പെടുന്ന കൃതി രണ്ടാമതൊന്നു വായിക്കാൻ ഒന്നുമുണ്ടാവില്ല. അതിൽ ഒരു പുതിയ ഭാവുകത്വത്തിന്റെ ചലനമില്ല .ഉള്ളി തൊലിക്കുന്ന പോലെയാണ്. ആൾക്കൂട്ടത്തിനു ഒരു സാമാന്യമായ അഭിരുചിയാണുള്ളത്. ഒരിക്കലും മികച്ച കൃതി സാമാന്യമായ അഭിരുചിയല്ല പകരുന്നത്. ഉറൂബ് ,ത കഴി തുടങ്ങിയവർ തങ്ങളുടെ കൃതികൾ ലക്ഷത്തിൽ കൂടുതൽ വിറ്റു എന്നു പറഞ്ഞ് പരസ്യം ചെയ്യുമായിരുന്നോ ?എങ്കിൽ പിന്നെ അവർ ഖണ് വി 

ഹ്വാൻ റുൾഫോയുടെ 'പെഡ്രോ  പരാമോ' അച്ചടിച്ച കാലത്ത് രണ്ടായിരം കോപ്പി പോലും വിറ്റില്ല. പിന്നീട് പല എഴുത്തുകാർ അതിനെപ്പറ്റി എഴുതുകയും പറയുകയും ചെയ്ത ശേഷമാണ് വിവിധ ഭാഷകളിലേക്ക്, മികച്ച കൃതി എന്ന നിലയിൽ , മൊഴിമാറ്റം ചെയ്യപ്പെട്ടത്.'ഖസാക്കിന്റെ ഇതിഹാസം' എത്ര പതിറ്റാണ്ടുകൾ നീണ്ട ചർച്ചയിലൂടെയാണ് ഇന്നത്തെ നിലയിൽ എത്തിയത്. എന്നാൽ ഇന്നു എഴുത്തുകാർ ഇത്തരം ചരിത്രപരമായ അറിവുകളുടെ അഭാവം കൊണ്ട്, തങ്ങളുടെ കൃതികൾ ലക്ഷം കോപ്പി വിറ്റു എന്നു പറഞ്ഞു മസിൽ പിടിച്ചു നിൽക്കുകയാണ്. എഴുത്തുകാരൻ അധ:പതനത്തിന്റെ ചിഹ്നമായി മാറരുത്. ചിന്താപരമായ പരിമിതി മനസ്സിലാക്കാം ;പക്ഷേ ഇത് നല്ല വായനക്കാരെ അപമാനിക്കുന്നതാണ്. 

കാവ്യാത്മകമാകാതെ കമലാദാസിന്റെ കവിതകൾ

കമലാദാസ് ഒരിക്കൽ പറഞ്ഞു, തനിക്ക് ടി.എസ്.എലിയറ്റിനെ പോലെയോ എസ്റാ പൗണ്ടിനെ പോലെയോ കവിതയെഴുതാനാവില്ലെന്ന് .ഒരു സ്വകാര്യസംഭാഷണത്തിലാണ് ഇങ്ങനെ സൂചിപ്പിച്ചത്. അവർക്ക് കവിത ബുദ്ധിപരമായ, അക്കാദമിക്  പരീക്ഷണമല്ല. ആ കവിതകൾ  ചരിത്രത്തോടു പോലും മുഖം തിരിച്ചു നിൽക്കുകയാണ് .മറ്റു കവികളുടെ ഭാഷണങ്ങളിലെ പൊതുവായ വാങ്മയങ്ങളും ബിംബാത്മക സംവേദനങ്ങളും അവർ ശ്രദ്ധിക്കുന്നേയില്ല .അവർ കവിതയെ സ്വന്തം ശരീരം പോലെ അനുഭവിക്കുകയാണ്. അതുകൊണ്ട് അതിനു കാവ്യചരിത്രമോ കാവ്യശാസ്ത്രമോ അന്യമായിരിക്കും. അവർ മനസ്സിലേക്ക് നോക്കുന്നതിൽ ഒരു പ്രാപഞ്ചികമായ നഗ്നത ആവിർഭവിച്ചിട്ടുണ്ട്. അവർക്ക് ആ നഗ്നത ഒഴിവാക്കാനാവില്ല. അവർ ഇങ്ങനെയാണ് ഓരോ വസ്തുവിനെയും നോക്കുന്നത്. അതുകൊണ്ട് വസ്തുവിനും കവിക്കുമിടയിൽ ഒരു സ്വകാര്യലോകം സൃഷ്ടിക്കപ്പെടുന്നു.കമലാദാസിൻ്റെ Words എന്ന കവിത നോക്കൂ:

"എൻ്റെ ചുറ്റും വാക്കുകളാണ്,
വാക്കുകൾ ,വാക്കുകൾ .
അവ എന്നിൽ ഇലകൾ പോലെ കിളിർക്കുകയാണ് ,
ഒരിക്കലും അവസാനിക്കാതെ .

എന്നാൽ ഞാനെന്നോടു മന്ത്രിക്കുന്നു -
വാക്കുകൾ ശല്യമാണ് ;
അതിനെ കരുതിയിരിക്കുക .
അവ പലതുമാണ് .

ഓടുന്ന കാലുകൾ നിലയ്ക്കേണ്ട
ഒരഗാധതയുണ്ട്.
തളർന്ന തിരമാലകളോടെ 
ഒരു കടൽ കാണാം .
ആളുന്ന വായുവിൻ്റെ പൊട്ടിത്തെറി.
നിങ്ങളുടെ സുഹൃത്തിൻ്റെ 
കഴുത്തു മുറിക്കാൻ വളരെ
യോഗ്യമായ ഒരു കത്തി. 
വാക്കുകൾ ഒരു ശല്യമാണ്. 
അത് ഒരു മരത്തിലെ ഇലകൾ എന്നപോലെ 
എന്നിൽ വളരുകയാണ് .
ഒരിക്കലും വളരാതിരിക്കില്ല -
എൻ്റെയുള്ളിലെ അഗാധമായ ഒരു മൗനത്തിൽ നിന്ന്."

കമലാദാസ് അന്തരംഗത്തിലെ രചനാപരമായ ആധിയെക്കുറിച്ച്  എഴുതുകയാണ്. ഇതാണ് കവിതയായി നിലനിൽക്കുന്നത്. അതുകൊണ്ട് അതിനു ചരിത്രത്തിലെ കവിതകളുടെ പിന്തുണയോ ഭാഷയോ ആവശ്യമില്ല. കവിത സ്വയം അനാവരണം ചെയ്യുകയാണ്. അത് ആവിർഭാവത്തിൽ സത്യവും ശുദ്ധവുമാണെങ്കിൽ വേറെ ഏതോ രാഗമാണ്. അത് കാവ്യാത്മകമാകാൻ വേണ്ടി അലങ്കാരം തേടിപ്പോവുകയില്ല. കവിത സ്വയം ഒരു അലങ്കാരമാവുകയാണ്. കാവ്യശരീരം തന്നെ അലങ്കാരമാണ് .പുറത്തുനിന്നു തുന്നിച്ചേർക്കേണ്ട അലങ്കാരം ആവശ്യമില്ല .ബുദ്ധികൊണ്ടുള്ള അലങ്കാര നിർമ്മിതി ഇവിടെയില്ല. കവി കവിതയെ അനുകരിക്കാൻ പാടില്ല. അപ്പോൾ അത് മറ്റു കവിതകളുടെ മുഴക്കമായിത്തീരും .നാം വായിച്ച മറ്റു കവിതകൾ മനസ്സിലുണ്ടാകും. എന്നാൽ സർഗാത്മകസിദ്ധിയുള്ളവർ  എഴുതുമ്പോൾ വായിച്ച കവിതകളുടെ ഓർമ്മയിൽനിന്നു പുതിയൊരു വഴി തനിയെ രൂപപ്പെടുകയാണ് ചെയ്യുക. അലങ്കാരത്തിനു വേണ്ടിയുള്ള അലങ്കാരം കവിതയ്ക്ക് ഭാരമാണ്.  കവിത പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നത് ഈ പ്രക്രിയയ്ക്ക് പുറത്താണ്.

അഴീക്കോട് ജന്മശതാബ്ദിയിൽ ഒഴിഞ്ഞ പ്രസംഗവേദികൾ 

സുകുമാർ അഴീക്കോട് ഒരു പ്രക്ഷോഭകാരിയാകുന്നത് മനസ്സിൽ ഒന്നും ബാക്കിവയ്ക്കാതെ തുറന്നു പറഞ്ഞതുകൊണ്ടാണ്. പത്രാധിപന്മാരെയും മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും ഇത്രയും പരസ്യമായി വിമർശിച്ച എഴുത്തുകാരൻ ഈ നാട്ടിൽ വേറെയില്ല. ഈ നാട്ടിലെ സാഹിത്യകൃതികളെ വിമർശിച്ചുകൊണ്ടു മാത്രമായില്ല, അധികാര കേന്ദ്രങ്ങളോടും കലഹിക്കണമെന്നാണ്  അഴീക്കോട് തീരുമാനിച്ചത്. മാതൃഭൂമി പത്രത്തിൻ്റെ ഉടമയായിരുന്ന എം.പി. വീരേന്ദ്രകുമാറുമായി അഴീക്കോട് കലഹിച്ചതിനു ചരിത്രത്തിൽ സമാനതകളില്ല. ഒരു പ്രമുഖ പത്രത്തിൻ്റെ ഉടമസ്ഥനുമായി ദീർഘനാൾ പിണങ്ങിയിരിക്കാൻ ആരും ഇഷ്ടപ്പെടുകയില്ലല്ലോ. ആ യുദ്ധത്തിൽ അഴീക്കോട് ജയിക്കുകയാണ് ചെയ്തത്. അദ്ദേഹത്തിന്റെ ആത്മകഥ  പിന്നീട് മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ചു. അദ്ദേഹം സാഹിത്യ അക്കാദമി അധ്യക്ഷനോ എംഎൽഎയോ ആയില്ല. സർക്കാരിൻ്റെ പദവികളൊന്നും തേടി പോയിട്ടില്ല .അക്കാദമി പ്രസിഡൻ്റായില്ല. പത്മശ്രീ പോലും നിരസിച്ചു. സർക്കാരിൻ്റെ ഇത്തരം ബഹുമതികൾ പൗരന്മാരോട് വിവേചനം കാണിക്കുന്നതിനു തെളിവാണെന്നു വാദിച്ചു. എത്രയോ പേർ നമ്മുടെ നാട്ടിൽ പത്മശ്രീക്ക് വേണ്ടി അലഞ്ഞു നടക്കുന്നു. ജി.ശങ്കരക്കുറുപ്പിനെതിരെ രൂക്ഷമായ വിമർശനമാണ് അഴീക്കോട് ഉയർത്തിയത്. ഇക്കാര്യത്തിൽ മുണ്ടശ്ശേരിയും മാരാരും അഴീക്കോടിനൊപ്പമായിരുന്നു. ശങ്കരക്കുറുപ്പിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ ,തകഴി പങ്കെടുത്ത യോഗത്തിൽ, മുണ്ടശ്ശേരി ചെയ്ത പ്രസംഗത്തിൽ കവിയെ  വേദിയിലിരുത്തിക്കൊണ്ട് ആ കവിതകളെ വിമർശിക്കുകയാണ് ചെയ്തത്. സാഹിത്യകൃതിയുടെ വിമർശനത്തിൽ പുനരാലോചനയാണ് വേണ്ടതെന്ന ആശയമാണ് അഴീക്കോടു പിന്തുടർന്നത്. എഫ്. ആർ. ലിവിസിൻ്റെ ചിന്തയാണിത്. 

ഒരു ആശയത്തെ വീണ്ടും വീണ്ടും പരിശോധിക്കേണ്ടതുണ്ട്. മാരാരും മുണ്ടശ്ശേരിയും അതാണ് ചെയ്തത്. മുണ്ടശ്ശേരി ,മാരാര് ,അഴീക്കോട് എന്ന വിമർശകത്രയും മലയാള കാവ്യാസ്വാദനത്തിൽ, കവിതയുടെ വായനയിൽ വലിയ ആധിപത്യം പുലർത്തി. ഒരു പുതിയ ക്രമം സൃഷ്ടിച്ചു .ഇപ്പോഴും ആ ക്രമം നിലനിൽക്കുന്നു. മലയാളകാവ്യശാഖയുടെ തൊള്ളായിരത്തി അമ്പതു വരെയുള്ള വായനയെ ഈ വിമർശകത്രയം ക്രമീകരിച്ച രീതിയിൽനിന്ന് വേറിട്ട് മറ്റൊരു വായന ശക്തി പ്രാപിച്ചില്ല.  മുണ്ടശ്ശേരി ആശാൻ്റെ കവിതയെ ഏകാന്തസൗന്ദര്യമായി വീക്ഷിച്ചു. ആശാന്റെ രചനകളെ സമഗ്രമായി വിലയിരുത്തി.അതിനു വിരുദ്ധമായ ഒരു വായന ഇപ്പോഴും മലയാള സാഹിത്യത്തിലില്ല .ഈ ആധിപത്യം സാധ്യമാക്കുന്നതിൽ വിമർശകത്രയത്തിന്റെ കൂട്ടായ പങ്കാളിത്തം ഉണ്ടായിരുന്നു.

പ്രഭാഷണ വേദിയിൽ അഴീക്കോടിൻ്റെ  അഭാവം ഒരു ശൂന്യതയാണ്.ഇന്നു അനീതിയോട് പ്രതികരിക്കാൻ ആരുമില്ല .ഇന്നത്തെ പ്രഭാഷകർ തങ്ങളുടെ രാഷ്ട്രീയ പാർട്ടി ബന്ധങ്ങൾ ഒന്നുകൂടി ഉറപ്പിക്കുകയാണ്. സ്വന്തം കാര്യസാധ്യത്തിനായി പ്രസംഗിക്കുകയാണ്. അപ്രിയമായതിനെ എതിർക്കുന്നില്ല. വിമർശനം എന്ന ഗുണം പ്രഭാഷകരിൽ കാണാനില്ല.

എംടിയോട് മലയാളസാഹിത്യം ചെയ്തത്

നല്ലൊരു മലയാളശൈലിയും ക്രാഫ്റ്റും  സ്വന്തമായുള്ള എം.ടി ക്ക് വളര്‍ത്തുമൃഗങ്ങൾ ,ഇരുട്ടിൻ്റെ ആത്മാവ്, ദു:ഖത്തിൻ്റെ താഴ്വരകൾ തുടങ്ങിയ കഥകൾ എഴുതിയ ശേഷം തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. സ്വന്തം ഗ്രാമമായ കൂടല്ലൂരും വ്യക്തിജീവിതവും കുടുംബപശ്ചാത്തലവുമാണ് അദ്ദേഹത്തിൻ്റെ എഴുത്തിനെ പ്രചോദിപ്പിച്ചത് എന്നു പൊതുവേ പറയാറുണ്ട്. യഥാർത്ഥ വസ്തുതകളെക്കാൾ അതിനോടുള്ള സമീപനമാണ് എം.ടി.യുടെ പ്രത്യേകത.  ഒരു അലംകൃതമായ കാല്പനികതയാണത്. അയ്ൻ റാന്ത് (Ayn Rand) ഒബ്ജക്റ്റീവ് എന്ന ഗ്രന്ഥത്തിൽ തന്റെ കാല്പനികത സാധാരണമല്ലെന്നു ചൂണ്ടിക്കാട്ടുന്നുണ്ട്.  അതിനെ അവർ
Romantic Realism എന്നാണ് വിളിക്കുന്നത് .

ജീവിതം എങ്ങനെയായാൽ നന്നായിരിക്കുമെന്നാണ് റാന്ത്  ആലോചിക്കുന്നത് .വിഷാദത്തിനും ഏകാന്തതയ്ക്കും കൂടുതൽ മനോഹാരിത വേണം .ഇതാണ് അവരുടെ കാല്പനികതയുടെ സവിശേഷത. യാഥാർഥത്തിലുള്ള മാനുഷിക മൂല്യങ്ങളെ പരിരക്ഷിക്കുകയും ഉയർന്ന ഒരു ലക്ഷ്യത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്ന രീതിയാണ് റാന്തിൻ്റേത്. ജീവിതത്തെ കൂടുതൽ സുന്ദരമാക്കുന്ന ആശയമാണത് .യാഥാർത്ഥത്തിലുള്ളതിനേക്കാൾ സുന്ദരമാക്കുന്ന ഘടകങ്ങൾ നിലനിൽക്കുന്നുണ്ടാവും. നഷ്ടപ്പെടാത്ത മനുഷ്യചേതനയുടെ വഴിയാണത്.ഇതിനോട് സാമ്യമുള്ളതാണ് എം.ടിയുടെ കഥാലോകം. അദ്ദേഹം യാഥാർത്ഥ്യത്തെ സുന്ദരമാക്കി. ദു:ഖത്തിൻ്റെ താഴ്വരകൾ ,ഷെർലക് തുടങ്ങിയ കഥകളിൽ അതുകാണാം .എന്നാൽ എം.ടിയെ  മലയാളത്തിലെ ഏതാനും വിമർശകരും വായനക്കാരും ചേർന്ന് ഒരു കള്ളിയിലേക്ക് ഒതുക്കുകയാണ് ചെയ്തത് . 

ഒരുകാലത്ത് എം.ടിയെക്കുറിച്ച് എഴുതുന്ന ലേഖനങ്ങളിലെല്ലാം ഭഗ്നപ്രണയത്തിൻ്റെ ഓർമ്മപ്പെടുത്തലാണ് ഉണ്ടായിരുന്നത്. ഏതാനും കഥകളിൽ നഷ്ടപ്പെട്ട പ്രണയമുണ്ടെന്നതൊഴിച്ചാൽ അദ്ദേഹം അതിൻ്റെ വക്താവൊന്നുമല്ല. എം. ടിയുടെ 'ഇരുട്ടിൻ്റെ ആത്മാവ്' എന്ന കഥയും 'അസുരവിത്ത് 'എന്ന നോവലും ആ സാഹിത്യലോകത്തിലെ മൂർച്ചയേറിയ ഉപകരണങ്ങളായിരുന്നു. ആ നിലയ്ക്ക് പ്രതിഷേധാത്മകമായി വളരേണ്ടതായിരുന്നു എംടിയുടെ സാഹിത്യം .എന്നാൽ ചിലർ എം.ടിയെ ഭഗ്നപ്രണയത്തിലും കൂടല്ലൂരിലും തളച്ചിട്ടു .ഈ രീതിയിൽ എഴുതിയെഴുതി അദ്ദേഹത്തിൻ്റെ മനസിനെ സ്വാധീനിച്ചു. ആ മനസ്സിൽ 'ഇതാണ് തന്റെ വഴി' എന്ന ബോധം അങ്കരിപ്പിച്ചു.

'രണ്ടാമൂഴം' ഇത്രയും സ്വീകരിക്കപ്പെട്ടത് എം.ടിയുടെ ശൈലിയുടെ മഹത്വം കൊണ്ടാണ്. 'വടക്കൻ വീരഗാഥ' എന്ന തിരക്കഥ എം.ടിയുടെ ഭാവനയാണ്.ഇതിനേക്കാൾ ബൃഹത്തായ ,ഗഹനമായ കൃതികൾ അദ്ദേഹത്തിനു എഴുതാൻ കഴിയുമായിരുന്നു. മഹാഭാരതകഥയെ ഭീമൻ്റെ പക്ഷത്തുനിന്നു വായിക്കുന്നത് ശ്രദ്ധേയമാണ്. എന്നാൽ അത് എം. ടിയുടെ പ്രതിഭയുടെ പരിധിയാണെന്നു പറയരുത്. അതിനപ്പുറം പോകാൻ കഴിയും. ഭീമൻ പാണ്ഡവരിൽ രണ്ടാമനായിരിക്കെ രണ്ടാമൂഴമാണല്ലോ അയാൾക്കു വിധിക്കപ്പെട്ടത്.ഭീമൻ ബുദ്ധിപരമായല്ല ,വികാരപരമായാണ് പെരുമാറുന്നത്.ഭീമൻ ,വാസ്തവത്തിൽ,എംടിയൻ സാഹിത്യത്തിൻ്റെ അത്യാവശ്യഘടകമല്ല .

സിനിമയിലും എം.ടിയെ ഒരു നിശ്ചിത പാതയിൽ കുരുക്കിയാടാനാണ് ചിലർ ശ്രമിച്ചത്.കടവ് ,മഞ്ഞ് ,ഒരു ചെറുപുഞ്ചിരി എന്നീ സിനിമകളിലാണ് എം.ടി അന്തരംഗം ഗൗരവം വീണ്ടെടുത്തത്. അത് അനിവാര്യമായിരുന്നു. ആരാധകരുടെയും വിമർശകരുടെയും കണ്ണുവെട്ടിച്ചാണ് ഇത് ചെയ്തത്. മറ്റു സിനിമകളെല്ലാം അദ്ദേഹത്തിൻ്റെ നഷ്ടങ്ങളായിരുന്നു.

ഒരു കഥാകാരനെന്ന നിലയിൽ എം.ടിയെ ത്രികോണപ്രേമത്തിലേക്കും കൂടല്ലൂരിൻ്റെ പുരാവൃത്തത്തിലേക്കും  ചിലർ സ്ഥിരമായി ബന്ധിപ്പിക്കാൻ ശ്രമിച്ചു. ഇതിനെക്കുറിച്ച് അദ്ദേഹം  ബോധവാനായിരുന്നുവെങ്കിലും അത് പൂർണമായി തകർത്തു പുറത്തുവരാൻ കഴിഞ്ഞില്ല. ആരാധകരുടെ ബന്ധനം  അത്ര ഭയങ്കരമായിരുന്നു. ഇത് മനസ്സിലാക്കി കൊണ്ട് ചില ഇടവേളകളിൽ അതിനെ പൊട്ടിക്കാൻ നടത്തിയ ശ്രമത്തിന്റെ ഭാഗമാണ് മഞ്ഞ് ,വാരാണസി എന്നീ  നോവലുകൾ. ഷെർലക് എന്ന കഥയും മറ്റൊന്നല്ല. ഈ നോവലുകളാണ് എം.ടിയുടെ യഥാർത്ഥ ഭാവാർത്ഥ മേഖലകൾ.എം.ടിയൻ ഭാവനയുടെ കുതറലും പ്രതിഷേധവും വിചിന്തനവും ഈ കൃതികളിലുണ്ട്. 'മഞ്ഞി'ൽ ,അദ്ദേഹം മനുഷ്യന്റെ ഏറ്റവും അഗാധമായ വികാരം എന്താണെന്നു അന്വേഷിക്കുന്നു. അത് പ്രണയമാണോ ,കാത്തിരിപ്പാണോ, ശൂന്യതയാണോ, ഓർമ്മയാണോ? മനുഷ്യൻ ഏത് പ്രതികൂല സാഹചര്യത്തിലും കയറിപ്പിടിക്കാൻ ആഗ്രഹിക്കുന്നത് എന്താണ് ? 'വാരാണസി' എം.ടിയുടെ മനസ്സിൽ എരിഞ്ഞ ചിതയുടെ നേർച്ചിത്രമാണ്. തന്നെ ബാധിച്ച സാഹിത്യപരമായ ഫോർമുലകളെയും ഭഗ്നപ്രേമ സിദ്ധാന്തങ്ങളെയും കുടഞ്ഞുകളയാൻ അദ്ദേഹം ശ്രമിച്ചത് ഈ കൃതിയിലാണ്. ജീവിതത്തിൻ്റെ ആത്യന്തിക നിശൂന്യതയും തീവ്രമായ വിരക്തിയും മനസിലൂടെ കടന്നുപോകുകയാണ്. എം.ടി ആരാധകരും സ്ഥിരം എം.ടി നിരൂപകരും ഈ കൃതിയെ തമസ്കരിക്കുകയാണ് ചെയ്തത്.  'രണ്ടാമൂഴ'മാകട്ടെ സുകുമാർ അഴീക്കോട്, എം.കൃഷ്ണൻ നായർ എന്നിവരുടെ വിമർശനത്തിനു ഇരയാവുകയും ചെയ്തു.എംടിയൻ പന്ഥാവിൽ നിന്നകന്നു നിന്നു കൊണ്ടുള്ള വിലയിരുത്തലായി ഇതിനെ കണ്ടാൽ മതി. 

എൺപതുകളിൽ എം.ടിയെക്കുറിച്ച് കെ.പി.അപ്പനും വി.രാജകൃഷ്ണനും എഴുതിയ ലേഖനങ്ങൾ പുതിയ ദിശയിലേക്കു ചൂണ്ടുന്നതായിരുന്നു.  ക്ലീഷേകളിൽ നിന്നും കൂടല്ലൂർ പുരാണത്തിൽ നിന്നും പ്രേമഭംഗ പുരാവൃത്തങ്ങളിൽ നിന്നും മോചിപ്പിച്ചുകൊണ്ട് അപ്പൻ 'മഞ്ഞി'നെ വിശകലനം ചെയ്തു. 'മഞ്ഞ്' സമയതീരങ്ങളിലെ സംഗീതമാണെന്നു നിരീക്ഷിച്ചതിലൂടെ അതിലെ കാലം മനുഷ്യചേതനയുടെ അപഭ്രംശമാണെന്ന സൂചനയാണ്  നൽകിയത്. എം.ടിയെക്കുറിച്ച് നല്ല നിരീക്ഷണങ്ങൾ അവതരിപ്പിച്ച വി.രാജകൃഷ്ണനെ ഓർക്കുന്നു. അന്ന്   അദ്ദേഹം എഴുതിയ ലേഖനങ്ങൾ പുതുമയുള്ളതായിരുന്നു. എം.ടിയുടെ വിടവാങ്ങലിനു ശേഷം, ഈ വിഷയത്തിൽ രാജകൃഷ്ണനുമായുള്ള ഒരു അഭിമുഖം ഏതെങ്കിലും പ്രസിദ്ധീകരണത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു.


മഹാനായ കവി ടി.എസ് എലിയറ്റ് objective  correlative എന്ന സിദ്ധാന്തത്തിൽ പറയുന്നത് ഇതാണ് :
A set of objects ,situations,a chain of events which shall be the formula of that particular emotion.
എന്താണ് ആ പ്രത്യേക വികാരം? വായനക്കാരനിൽ ഉദ്ദീപിപ്പിക്കപ്പെടുന്ന  വികാരം അതിനു വേണ്ടി കരുതിക്കൂട്ടിയുള്ള വിവരണത്തിലൂടെയാകേണ്ടതില്ല. ചില വസ്തുക്കളും സാഹചര്യവും തുടർ സംഭവങ്ങളും സവിശേഷമായ ഒരു വികാരത്തിലേക്ക് വായനക്കാരനെ നയിക്കും. ഈ പശ്ചാത്തലത്തിലാണ് എം.ടിയുടെ സാഹിത്യജീവിതത്തെക്കുറിച്ചുള്ള വികാരത്തെ ഇവിടെ പരാമർശിച്ചത്. ചില കൃതികൾ, സിനിമകൾ ,സംഭവങ്ങൾ ,തിരക്കഥകൾ സൂചിപ്പിക്കുന്നത് മറ്റൊന്നല്ല.

A

എഴുത്തുകാരൻ്റെ ജീവിതം 

എഴുത്തുകാരനാവുക എന്നു പറഞ്ഞാൽ അനശ്വരതയിലേക്കുള്ള പാസ്പോർട്ടാണെന്നു ധരിക്കേണ്ട. അങ്ങനെ ഒരു അനശ്വരതയും പ്രതീക്ഷിക്കേണ്ട. അനശ്വരത ഒരു അജ്ഞാത സമുദ്രമാണ്. അവിടെ നമ്മളൊന്നുമില്ല. പ്രകൃതിയിൽ എല്ലാം വിസ്മരിക്കപ്പെടുകയാണ് .പ്രകൃതി നിയമമാണത്. എത്രയോ പക്ഷികൾ പറന്ന ആകാശമാണിത് .ഒരു പക്ഷിയെ പോലും ആകാശം ഓർക്കുന്നില്ല. എത്ര ക്രൂരമാണ് ആകാശം! ആരാണ് ഓർമ്മയുടെ കലവറ സൂക്ഷിക്കുന്നത് ചരിത്രപുസ്തകങ്ങളോ? ചരിത്ര പുസ്തകങ്ങൾ തന്നെ വിസ്മരിക്കപ്പെടുകയാണ്. എഴുത്തുകാരനാവുന്നത് ലോകാ വസാനം വരെ നിലനിൽക്കാനാണെന്ന ചിന്ത അസംബന്ധമാണ്. വളരെ മൗലികമായി ചിന്തിച്ച 
സഭാപ്രസംഗകനെ ഓർക്കുകയാണ്.
അവനവനോട് സത്യം പറയാനാണ് എഴുതേണ്ടത് .സന്തോഷം അനുഭവിക്കാനുള്ള അവസരമാണത്. അതാണ് കിട്ടാവുന്ന സന്തോഷം. അത് നഷ്ടപ്പെടുത്തുകയാണ് പലരും . കിട്ടിയ സമയം വ്യാജബോധ്യങ്ങളുമായി ജീവിക്കുകയാണ് .സ്വയം ജീവിക്കുക .സ്വയം സത്യം  പറഞ്ഞതിൻ്റെ തെളിവായി എന്തെങ്കിലും എഴുതുക. അതാണ് അനശ്വരത . 

വെറുതെ ഭാഷ സൃഷ്ടിക്കാൻ വേണ്ടിയല്ല എഴുതുന്നത് 

വെറുതെ ഭാഷ സൃഷ്ടിക്കാൻ വേണ്ടി മാത്രമാണ് എഴുതുന്നതെന്നു  പറയുന്നവരുണ്ടെങ്കിൽ അത് മൗഢ്യമാണെന്നു അറിയിക്കട്ടെ. ഒരു ദിവസം രാവിലെ ഉണർന്നിരുന്ന് ഭാഷ സൃഷ്ടിച്ചാൽ അത് കൃത്രിമമാകും. ജീവിതമാണ് എഴുതുന്നത്. എഴുത്തുകാരൻ യാഥാർത്ഥ്യങ്ങളെ സൂക്ഷ്മമായി കണ്ടെത്താനാണ് പ്രയത്നിക്കുന്നത്. നിരന്തരമായ പ്രയത്നമാണത്. ഏറ്റവും സത്യസന്ധമായ തിരഞ്ഞെടുപ്പ് വേണം. വാക്കുകൾക്ക് സൂക്ഷ്മത വേണം.  അതിനിടയിൽ സർഗാത്മകമായ മനസ്സ് സ്വാഭാവികമായി ആവിഷ്കരിക്കുന്ന ആശയങ്ങൾ അതിന്റേതായ ഒരു ഭാഷ സൃഷ്ടിക്കുകയാണ് .അത് മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഭാഷയല്ല .അങ്ങനെ സംഭവിച്ചാൽ അത് പൈങ്കിളിയോ കഥാപ്രസംഗമോ ആയേക്കാം. ഭാഷയിൽ പ്രകടനാത്മകതയും അതിവൈകാരികതയും രാഷ്ട്രീയ പ്രസംഗത്തിനു കൊള്ളാം . സാഹിത്യത്തിൽ അത് ദോഷമാണ്. അമിട്ടുപോലെ പൊട്ടുന്ന വാക്കുകൾ യാഥാർത്ഥ്യം നശിപ്പിക്കും. വിമർശകൻ സൃഷ്ടിക്കുന്നത്  എഴുത്തുകാരനു സ്വപ്നം കാണാൻ കഴിയാത്ത ഭാവുകത്വമാണ്. അത്  മനസ്സിലാക്കാൻ കഴിവില്ലാത്തവൻ ചീത്ത പറയുന്നതു കൊണ്ട് പ്രയോജനമില്ല .ഒരു നല്ല അവഗണന അവൻ അർഹിക്കുന്നു .

മാർക് ട്വെയ്ൻ - ജീവചരിത്രം 

അമേരിക്കൻ ധിഷണാശാലിയും 
സാഹിത്യകാരനുമായ മാർക് ട്വെയ്ൻ എഴുതിയ (Mark Twain)ആത്മകഥ പ്രസിദ്ധമാണ്. നാലു വാല്യങ്ങളിൽ പ്രസിദ്ധീകരിച്ചു.The adventures of Tom Sawyer, The Adventures of Huckleberry Finn തുടങ്ങിയ കൃതികൾ വിവിധ ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ടു.

റോൺ ചെർനോവ് (Ton Chernov) രചിച്ച Mark Twain എന്ന പുതിയ ജീവചരിത്രം സുദീർഘമാണ് ,ആയിരത്തിലേറെ പേജുണ്ട്. അപ്രിയ സത്യങ്ങൾ വിളിച്ചുപറഞ്ഞ ട്വെയ്ൻ എഴുത്തുകാരനെക്കുറിച്ചുള്ള സങ്കൽപ്പം മാറ്റിമറിച്ചതായി ചെർനോവ്  എഴുതുന്നുണ്ട് .ഇത്രയും സംഭവങ്ങൾ നിറഞ്ഞ ജീവിതം മറ്റൊരു എഴുത്തുകാരനും അമേരിക്കയിൽ അവകാശപ്പെടാനാവില്ലത്രേ .ജീവിതത്തിൽ പല വേഷങ്ങളും ചെയ്തു. പ്രിൻറർ ,പൈലറ്റ് ,പത്രപ്രവർത്തകൻ, നോവലിസ്റ്റ് ,പ്ലാറ്റ്ഫോം ആർട്ടിസ്റ്റ്, പ്രസാധകൻ ,രാഷ്ട്രീയ വിമർശകൻ.. തുടങ്ങി പല ജോലികൾ .ജോലി ലഹരിയായിരുന്നു .പ്രശസ്തിക്ക് വേണ്ടി അദ്ദേഹം വിവാദങ്ങളുണ്ടാക്കി. എഴുത്തുകാരൻ എന്ന നിലയിൽ താരമായി .സ്വന്തം സ്വരം കേൾപ്പിച്ച എഴുത്തുകാരനാണ്. അമേരിക്കയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉദ്ധരിക്കുന്നത് ട്വെയ്നിൻ്റെ വാക്കുകളാണ് .ആയിരക്കണക്കിനു മാഗസിൻ ലേഖനങ്ങളും മുപ്പത്  പുസ്തകങ്ങളും എഴുതി. 

ഋത്വിക് ഘട്ടക്ക് എഴുതിയ കഥ 

മഹാ ചലച്ചിത്രകാരനായ ഋത്വിക് ഘട്ടക്ക് എഴുതിയ 'ഒരു യക്ഷിക്കഥ' (മലയാളം പരിഭാഷ: കുന്നത്തൂർ രാധാകൃഷ്ണൻ ,പച്ചമലയാളം ,മെയ്) അപ്രതീക്ഷിതമായ ഒരു ആഘാതം പോലെ മനസ്സിനെ ഉലച്ചു. പത്രാധിപനും പത്രം ഉടമയും തമ്മിലുള്ള സംഘർഷമാണ് വിഷയം.

ചട്ടവിരുദ്ധമായി എഡിറ്റോറിയൽ എഴുതിയതിനു ശകാരിച്ച പത്രം ഉടമയെ പത്രാധിപർ തൻ്റെ മുറിയിൽ അടച്ചിട്ട് പൊതിരെ തല്ലി ബോധം കെടുത്തുന്നു.ഒന്നും സംഭവിക്കാത്ത പോലെ അയാൾ മുറിക്കു പുറത്തേക്ക് പോകുന്നു. 20 വർഷമായി കൊണ്ടുനടന്ന ഭാരമാണ് പൊട്ടിയൊഴുകിയത്. അയാൾ സ്വന്തം ജീവിതം മറന്ന് ആ കസേരയിൽ ഇരുന്ന് ജോലി ചെയ്യുകയായിരുന്നു. അത് മനസ്സിനെ മുറിപ്പെടുത്തി. അടക്കിപ്പിടിച്ച ശാന്തത ഒരു നിമിഷം പൊട്ടിത്തകരുകയാണ്. സ്വന്തം ഭാര്യയെ ശുശ്രൂഷിക്കുവാൻ പോലും സമയം കിട്ടിയില്ല. ഭാര്യ മരിച്ചതിന്റെ ദുഃഖവും  അയാളെ തകർത്തിരുന്നു. അയാൾ ക്ഷോഭത്തോടെ പറയുന്നു: "നിന്നെപ്പോലെയുള്ള ഒരു മുടിയനായ ബുദ്ധിജീവിയുടെ വാഴ്ച സഹിച്ചുകൊണ്ട് എൻ്റെ ജീവിതത്തിലെ വിലപ്പെട്ട 20 വർഷങ്ങൾ ഞാൻ ഈ  കസേരയിലിരുന്നു. നിൻ്റെ  ചങ്ങാതിമാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനു ഞാൻ ആകർഷകമായ എല്ലാത്തരം വാർത്തകളുമെഴുതി. സത്യം ഞാൻ പ്രസിദ്ധീകരിച്ചില്ല. ഞാൻ അനുഭവിച്ച ആന്തരിക സംഘർഷം നിനക്ക് സങ്കൽപ്പിക്കാനാവില്ല ഇനി അതൊന്നും പ്രശ്നമല്ല .ആ ജീവിതം ഞാൻ ഉപേക്ഷിച്ചു. "

നമ്മൾ എവിടെയും കാണാത്ത ഒരു സംഭവമാണിത് .അതിനു കഥയിൽ സ്വഭാവികത നൽകിയിരിക്കുന്നു. ഘട്ടക്കിനു കഥാപാത്രങ്ങളുടെ മനസ് പിന്തുടരാനറിയാം. ഒരു പത്രാധിപർ എന്താണ് ഉള്ളിൽ അമർത്തുന്നതെന്ന് മനസിലാവുന്നു. പത്രാധിപരും കുറ്റബോധത്തോടെയാണ് ജീവിക്കുന്നത്. ഇത് പരിഭാഷ ചെയ്ത കുന്നത്തൂർ രാധാകൃഷ്ണനെ അനുമോദിക്കുന്നു.

പത്തൊപതാം നൂറ്റാണ്ടിലെ  ദസ്തയെവ്സ്കി 

പത്തൊൻപതാം നൂറ്റാണ്ടിൽ ദസ്തയെവ്സ്കി പുതിയൊരു നോവൽ  രൂപം പരീക്ഷിച്ചു. അദ്ദേഹത്തിൻ്റെ  Poor Folk (പാവപ്പെട്ടവർ)എന്ന ആദ്യനോവലിൽ രണ്ടു കമിതാക്കൾ തമ്മിലുള്ള കത്തിടപാടുകളിലൂടെയാണ് നോവൽ എഴുതിയിരിക്കുന്നത്. ഇന്നും മലയാള നോവലിൽ ഇതുപോലുള്ള ആശയങ്ങൾ കാണാനില്ല. ഒരാൾ കത്തെഴുതുന്നു, മറ്റേയാൾ മറുപടി എഴുതുന്നു. എത്ര ദീർഘവീക്ഷണമുള്ള ക്രാഫ്റ്റ്. ഉത്തരാധുനികത മുമ്പേ ദർശിച്ച എഴുത്തുകാരൻ .

തീക്ഷ്ണമായ പ്രണയജിവിത്തിലേക്ക് ആണ്ടിറങ്ങിയ അവർക്ക് പിരിയാനാണ് വിധി. മക്കാർ ദേവുഷ്കിൻ എന്ന യുവാവാണ് കാമുകൻ. വർവാറ അലക്സേയെവ്നാ കാമുകിയും. രണ്ടുപേരും ദരിദ്രരാണ്. ദരിദ്രരുടെ പ്രണയത്തെ സമ്പന്നൻ്റെ ജീവിത സാഹചര്യങ്ങളും കാഴ്ചപ്പാടുകളും അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. ഒടുവിൽ കാമുകിക്ക് ബിക്കോവ് എന്ന ധനികനെ വിവാഹം കഴിച്ച് നാടുവിടേണ്ടി വരുന്നു. ഒളിച്ചോട്ടമല്ല ; സാമ്പത്തിക യുദ്ധാനന്തരം  അനിവാര്യമായ വേർപെടൽ. അവൾ അവസാനം എഴുതിയ കത്തിലെ വരികൾ ഇങ്ങനെയാണ്: "നിങ്ങൾ തീവ്രമായി സ്നേഹിച്ച എന്നെ ഓർക്കണം. ഞാൻ എന്നും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കും .നിങ്ങളാണ് എൻ്റെ ഏക മിത്രം. ഇപ്പോൾ വേർപിരിയുന്നതാണ് ഉത്തമം .ഞാൻ കരയുകയാണ്." അതിനു മറുപടിയായി ദേവുഷ്കിൻ വികാരവിവശനായി എഴുതുന്നു: " നീയെന്തിനു ഇത് ചെയ്തു? നിനക്ക് വേണ്ടി മാത്രമാണ് ഞാൻ ജീവിച്ചത്. നീ അദ്ദേഹത്തോടു പറഞ്ഞ് തിരിച്ചുവരണം .നീ വീണ്ടും കത്തുകൾ എഴുതണം."

മനസ്സിലെ സ്നേഹം ഒരു ദരിദ്രനെ രക്ഷിക്കാത്ത അവസ്ഥയാണ്. അവൻ  നിരാലംബനായി അവൻ്റെ സ്നേഹിതയ്ക്ക് വേണ്ടി കരയുന്നു. സ്നേഹം ഒരു രോഗമോ ഭ്രാന്തോ ആണ്. അതില്ലാതെ ചിലർക്ക് ജീവിക്കാനായില്ല. അവളും അവനോടുള്ള സ്നേഹം കൊണ്ട് കരയുന്നു .അവർ പക്ഷെ ഒരുമിക്കില്ല .

നിലപാടുകൾ, നിദർശനങ്ങൾ 

1)വത്സൻ അഞ്ചാംപീടിക ഫെയ്സ്ബുക്കിൽ 'പാനലെഴുത്തുകാരെ മാത്രം പ്രമോട്ട് ചെയ്യുന്ന പത്രാധിപന്മാർ' എന്നു പ്രയോഗിച്ചിരിക്കുന്നു. പാനലിസ്റ്റുകളെ  മാത്രം പ്രമോട്ട് ചെയ്യുന്ന ചീത്ത സംസ്കാരം എല്ലാവർക്കും മനസ്സിലായി എന്നു കാണുന്നതിൽ സന്തോഷമുണ്ട്. അടുത്ത ഓണപ്പതിപ്പാലെ  എഴുത്തുകാർ ആരൊക്കെയാണെന്നു മുൻകൂട്ടി പറയാനാവും!.

2)കാക്കനാടൻ്റെ കഥാലോകത്തെപ്പറ്റി റഷീദ് പാനൂർ എഴുതിയ ലേഖനം 'കാക്കനാടന്റെ കഥകളുടെ ശക്തിയും സൗന്ദര്യവും'(ചില്ല മാസിക, മെയ് ) വിശകലനം ചെയ്യുന്ന നല്ലൊരു ഓർമ്മപ്പെടുത്തലാണ് .കാക്കനാടൻ സ്റ്റാറ്റസ്കോ നിലനിർത്താൻ വേണ്ടിയല്ല എഴുതിയത് .'ആൾവാർ തിരുനഗറിലെ പന്നികൾ','മരണത്തിന്റെ ആകൃതി' എന്നീ കഥകൾ വായിക്കുമ്പോൾ അദ്ദേഹത്തിനു ഏതൊക്കെ അവാർഡ് കിട്ടിയെന്ന് ആരും തിരക്കില്ല .കാക്കനാടൻ്റെ കഥകൾ ആസ്വദിക്കാൻ ശേഷിയില്ലാത്തവരാണ്  ഇന്നത്തെ ഭൂരിപക്ഷം യുവ എഴുത്തുകാരും.

3)ഒ.വി.വിജയൻ 'ഖസാക്കിൻ്റെ ഇതിഹാസ'ത്തിൻ്റെ ഒരു അദ്ധ്യായം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി ഇലസ്ട്രേറ്റഡ് വീക്ക്ലിയിൽ പ്രസിദ്ധപ്പെടുത്തിയത് വായിച്ചിട്ട്  നരേന്ദ്രപ്രസാദ് പറഞ്ഞു:'കാര്യമായി ഒന്നും മനസിലായില്ല.' വി.പി.ശിവകുമാറിൻ്റെ തിരുവനന്തപുരത്തുള്ള വീട്ടിൽ കണ്ടപ്പോഴായിരുന്നു പ്രതികരണം.

4)കെ.എൻ. ഷാജി 'നിയോഗം' എന്ന മാസിക നടത്തിയത് ഫോർട്ടുകൊച്ചിയിലാണ് .ദ് പ്രസ് എന്ന ബോർഡ് കണ്ടിട്ട് ഒരു വിദേശി വന്നു  ചോദിച്ചു: ന്യൂസ് പേപ്പർ പ്ളീസ്.അന്ന്  ജയനാരായണൻ ,ടി.ആർ ,മോപ്പസാങ് വാലത്ത് തുടങ്ങിയവർ വാരാന്ത്യത്തിൽ അവിടെ വരാറുണ്ടായിരുന്നു.

5)പത്മരാജൻ്റെ ഫോട്ടോ കണ്ടാൽ പ്രായം മനസ്സിലാക്കാൻ പറ്റുന്നില്ല, ഇപ്പോഴും.

6)റേഡിയോയിൽ ജോലി ചെയ്ത ദമ്പതികളെക്കുറിച്ച് മുഹമ്മദ് റോഷൻ എഴുതിയ 'ദമ്പതിവാണിയുടെ വിശേഷം (കലാപൂർണ, മെയ് )രസത്തോടെ വായിച്ചു. എൺപതുകളിൽ ധാരാളം കഥകൾ എഴുതിയ മുഹമ്മദ് റോഷൻ ഇപ്പോൾ മൗനത്തിലാണ്. റേഡിയോ ദമ്പതികളിൽ പ്രസിദ്ധി നേടിയ പി.ഗംഗാധരൻ നായർ, ടി.പി. രാധാമണി എന്നിവരെക്കുറിച്ച് വിവരിക്കുന്നു. ടി.പി രാധാമണിയുടെ ശബ്ദം കേട്ടാൽ ഏതൊരു ശിലാഹൃദയനും പ്രേമം തോന്നും . അവർ വിവേകവും അന്തസ്സുമുള്ള ഒരു മഹിളയാണെന്നു ആ സംഭാഷണം, ശബ്ദം ബോധ്യപ്പെടുത്തി തരും.

7)ടി.പി.ശാസ്തമംഗലം ചവറ കെ.എസ്. പിള്ളയെക്കുറിച്ച് എഴുതിയ  ലേഖനത്തിൻ്റെ പേര് 'കവിത തുളുമ്പുന്ന കാവ്യതല്ലജങ്ങൾ'(കലാപൂർണ്ണ, മെയ് ) എന്നാണ് .കവി പുംഗവൻ ,കാവ്യതല്ലജം, കവിത തുളുമ്പുക എന്നൊക്കെ എഴുതുന്നത് ക്രൂരമാണ്. ഇത് ക്ലീഷേക്കും അപ്പുറമാണ്. അതിനേക്കാൾ ഭയാനകമാണ്. ജീർണിച്ച പ്രയോഗമാണ്. 
8)ആമയും മുയലും കഥയെ അപനിർമ്മിച്ച് ഡോ. സുകേഷ് എഴുതിയ 'ഫോൺകോൾ'(കലാപൂർണ, മെയ്) രസം പകർന്നു. 

"പരസ്പരം ഫോൺ നമ്പറുകൾ കൈമാറുമ്പോഴേക്കും 
ആമയുടെ
തിളക്കമാർന്ന കണ്ണുകൾ 
മുയലിന്റെ കണ്ണുകളിലെ 
ദൈന്യത 
ഊറ്റിക്കളഞ്ഞിരുന്നു."

9)എൻ്റെ സുഹൃത്ത് ഒരു നോവൽ എഴുതി .പ്രകാശനം ചെയ്യുന്നില്ലത്രേ. ഒരു പ്രമുഖ തമിഴ് സിനിമാനടൻ്റെ  കൈയിൽ നോവൽ പിടിപ്പിച്ച് ഫോട്ടോ എടുത്ത് ഫെയ്സ്ബുക്കിൽ ഇടാനാണ് പദ്ധതി. നൂറാം പതിപ്പിന്റെ ആഘോഷത്തിനു വരുമോ എന്നു ചോദിക്കുകയും ചെയ്തു.

10)സത്യൻ മാടാക്കര 'മീഡിയ ഫേസ് കേരള'യിൽ എഴുതുന്ന ലേഖനങ്ങൾ സമകാലിക വിഷയങ്ങൾ ചർച്ച ചെയ്യുന്നു.സാമൂഹിക ബോധമുള്ള എഴുത്തുകാരനാണ് സത്യൻ. നിശിതമായ ചില നിരീക്ഷണങ്ങളുണ്ട്. 

11)ഫൈസൽ ബാബ ഫെയ്സ്ബുക്കിൽ 'ഓപ്പൺ പേജ്' എന്ന പേരിൽ എഴുതുന്ന കുറിപ്പുകൾ സാഹിത്യത്തിലും കലയിലും പ്രതീക്ഷി ജനിപ്പിക്കും. ബാവയ്ക്ക് നല്ല വായനയും ചിന്തയുമുണ്ട്. ലോകകലയെക്കുറിച്ചും സിനിമയെക്കുറിച്ചുമുള്ള അവലോകനങ്ങൾ ശ്രദ്ധാലുക്കളായ വായനക്കാരെ ആകർഷിക്കം.



  •  

  • സർവമതസമ്മേളനം - ചരിത്രവും കൈവഴികളും എം.കെ.ഹരികുമാർ

     




    ശ്രീനാരായണഗുരു ആലുവയിൽ സംഘടിപ്പിച്ച സർവമത സമ്മേളനത്തിൻ്റെ ശതാബ്ദിയോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ബൃഹത്  സ്മൃതിഗ്രന്ഥത്തെക്കുറിച്ച് .


    ശ്രീനാരായണഗുരുവിൻ്റ നേതൃത്വത്തിൽ 1924 മാർച്ച് 3,4,5 തീയതികളിൽ ആലുവയിൽ സംഘടിപ്പിച്ച സർവമതസമ്മേളനം ലോകത്തിലെ തന്നെ ആദ്യത്തേതായിരുന്നു. ആദ്യത്തേതാണെന്നു പറയാൻ കാരണം ഇത് ഈ ലക്ഷ്യത്തോടെ മാത്രം സംഘടിപ്പിച്ചതായിരുന്നു. ഇതിൻ്റെ ഭാഗമായി വേറെ ചടങ്ങുകളോ യോഗങ്ങളോ ഉണ്ടായിരുന്നില്ല. ഗുരു വിഭാവന ചെയ്ത ഏകദൈവത്തിന്റെയും ഏകമതത്തിന്റെയും ഹൃദയത്തിലേക്ക് കടക്കുന്നതിനു ലോകത്തിന്റെ വിവിധ കൈവഴികളിലൂടെയുള്ള ഒരു യാത്രയായി ഈ സമ്മേളനത്തെ  വിശേഷിപ്പിക്കാം. 

    എല്ലാം ഞരമ്പുകളും ഒരിടത്ത് കേന്ദ്രീകരിക്കുന്നു. മതസാരം എന്ന സാർവലൗകികമായ ,സർവ്വാത്മീയമായ സത്യമാണ് ആ ഹൃദയം .മതങ്ങൾ വിഘടിക്കുന്നത് മതപ്രവാചകന്മാർക്ക് വേണ്ടിയല്ല: മതാനുയായികൾക്ക് വേണ്ടി മാത്രമാണ് .മതകലഹങ്ങളിൽ ദൈവങ്ങൾ നിസ്സഹായരാണ്. മതാതീതമായ സത്യമാണല്ലോ ദൈവങ്ങളുടെ പക്കലുള്ളത്. ഈ ദൈവങ്ങൾക്കെല്ലാം പ്രകടമായി പല പേരുകളും ചരിത്രവുമാണുള്ളതെങ്കിലും അത് ഒരു വിഭ്രമമാണെന്നും അതിനെല്ലാം പിറകിൽ ഒരേയൊരു ദൈവമാണള്ളതെന്നും അത് മനുഷ്യന്റെ അന്തരാത്മാവിൽ അപ്രകാശിതമായി തുടരുകയാണെന്നുമാണ് ഗുരു  കണ്ടെത്തുന്നത്. ഈ സത്യം ലോകത്തോടു വിളിച്ചു പറയാൻ ഗുരു വിവിധ മതങ്ങളിൽപ്പെട്ട ആചാര്യന്മാരെ ,ചിന്തകൻമാരെ ഒരു വേദിയിലിരുത്തി. അത് ഒരു വിപ്ലവമായിരുന്നു. അതിനുമുമ്പ് അങ്ങനെ സംഭവിച്ചിട്ടില്ല. ഓരോ മതത്തിൽപ്പെട്ടവർ അവരവരുടെ ആളുകൾക്കായി മാത്രം സംഘടിപ്പിച്ചിരുന്ന ചടങ്ങുകളാണ് ഉണ്ടായിരുന്നത് .ഒരു മതത്തിൽ ഉൾപ്പെട്ടവർക്ക് ആ മതത്തിൻ്റെ വർത്തമാനം മാത്രമേ കേൾക്കാനാകുമായിരുന്നുള്ളു. അതുകൊണ്ട് ലോകത്തിലെ വിവിധ ചിന്താധാരകളിലും മതങ്ങളിലും വിശ്വസിക്കുന്നവർക്ക് എങ്ങനെയാണ് സഹവർത്തിക്കാനും പരസ്പരം മനസ്സിലാക്കാനും സാധിക്കുന്നതെന്നു അറിയാൻ മാർഗമില്ല.

    ഓരോ മതവിശ്വാസിയും അവനവൻ്റെ മതിൽക്കെട്ടിനുള്ളിൽ കഴിയുകയാണ്. അവൻ അനുഭവിക്കുന്ന സുരക്ഷിതത്വം വ്യാജമാണ്. അത് മറ്റു മതവിശ്വാസികളെ അറിയാതെ, മാനിക്കാതെ നേടുന്നതാണ്. ഈ മാനസികാവസ്ഥയാണ് ഗുരു തകർത്തത്. ഗുരുവിൻ്റെ സർവമതസമ്മേളനത്തിനു ശേഷം നൂറു വർഷങ്ങൾ കടന്നുപോയിരിക്കുന്നു. മതപരമായി നമ്മൾ പക്വത നേടിയോ എന്നു ആത്മപരിശോധന നടത്തേണ്ട സമയമാണിത്.ഏതാനും വർഷങ്ങൾക്കു മുമ്പ്, കേരളത്തിൽ ജാതി മാറി പ്രേമിച്ചു കല്യാണം കഴിച്ചതിന്റെ പേരിൽ ഒരു യുവാവ് കൊല്ലപ്പെട്ടു (ദുരഭിമാനക്കൊല)എന്ന സത്യം നാം തിരിച്ചറിയണം .കേരളവും അത്ര ഭദ്രമല്ല .ഈ സന്ദർഭത്തിലാണ് ഗുരുവിൻ്റെ സർവമതസമ്മേളനം പിന്നിട്ട വഴികളിലേക്ക് നൂറു വർഷങ്ങൾക്കു ശേഷം തിരിഞ്ഞു നോക്കുന്നതിന്റെ സ്മാരകമായി വളരെ അഭിമാനകരമായ, അർത്ഥവത്തായ ഒരു ബൃഹത്ഗ്രന്ഥം ശിവഗിരി മഠത്തിൽനിന്നു പ്രസിദ്ധീകരിക്കുന്നത്. ശിവഗിരി മഠം പ്രസിഡൻ്റ് സച്ചിദാനന്ദ  സ്വാമിയാണ് ഇതിൻ്റെ ചീഫ് എഡിറ്റർ .ഇത് സ്വാമിയുടെ പ്രതിജ്ഞയും നിശ്ചയദാർഢ്യവും ഗുരുബോധവുമായി കാണണം. സ്വാമി ആമുഖത്തിൽ ഇങ്ങനെ എഴുതുന്നു:"ശിവഗിരിമഠത്തിന്റെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ വച്ച് പല കാലഘട്ടങ്ങളിലായി നടത്തിയ സർവമതസമ്മേളനങ്ങൾ ഏറെയാണ്. അതിൽ പ്രധാന സമ്മേളനങ്ങളുടെ ലഭ്യമായ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് ഈ ചരിത്രഗ്രന്ഥം തയ്യാറാക്കിയിരിക്കുന്നത്." ഉല്പതിഷ്ണുവും ഗ്രന്ഥകാരനും പ്രഭാഷകനും സംഘാടകനും ആക്ടിവിസ്റ്റുമായ സച്ചിദാനന്ദസ്വാമി പ്രസിഡൻറ് എന്ന നിലയിൽ ചെയ്യുന്ന പ്രധാനപ്പെട്ട ഒരു സംരംഭമാണിത് . ഗുരുവിൻ്റെ സർവ്വമതസമ്മേളനത്തെ ചരിത്രപരമായി നിലനിർത്താനും അതിനെക്കുറിച്ചുള്ള ചർച്ചകൾ ഭാവിയിലേക്ക് വ്യാപിപ്പിക്കാനും വിലയിരുത്താനും ഈ ഗ്രന്ഥം സഹായിക്കും .സർവമതസമ്മേളന ചരിത്രം ആലേഖനം ചെയ്യുന്ന ഈ ഗ്രന്ഥത്തിൻ്റെ പേര് 'ശ്രീനാരായണഗുരുവിൻ്റെ  വിശ്വമതാദർശം'(പേജ് 574,വില: 900) എന്നാണ് .

    അനിഷേധ്യമായ ഏക മതം 

    ഗുരുവിൻ്റെ മതത്തെപ്പറ്റി ഇനിയും ചർച്ചകൾ ഉണ്ടാവണം. ഒരു മതം എന്ന പറഞ്ഞതിൻ്റെ പൊരുൾ പലർക്കും മനസ്സിലായിട്ടില്ല. ഭൗതികലോകത്തിൻ്റെ  കെടുതിയും ദുരാഗ്രഹവും പിടിപെടാത്ത ജീവന്മുക്താവസ്ഥയാണ് മതം എന്നു ഗുരുവിൻ്റെ സംഭാഷണങ്ങളിൽനിന്നും കൃതികളിൽനിന്നും ഗ്രഹിക്കാവുന്നതാണ്.ഈ ഗ്രന്ഥം  പുറത്തുവരുന്നതിനു ധിഷണാപരമായും ചിന്താപരമായും സഹായിച്ച മഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ  ഇങ്ങനെ എഴുതുന്നു: "മതവൈരവും മതദ്വേഷവും ഇല്ലാത്ത ഒരു ലോകത്തിൻ്റെ പിറവിക്ക് പലമതസാരവുമേകമെന്ന തത്ത്വജ്ഞാനം കൂടിയ കഴിയൂ എന്ന ബോധ്യമാണ് സർവമതസമ്മേളനത്തിനു പ്രായോഗികമായ അടിത്തറയായത്."
    ഈ ഗ്രന്ഥം യഥാർത്ഥമാകുന്നതിനു വേണ്ടി സഹകരിച്ച സ്വാമി ശാരദാനന്ദ, സ്വാമി ധർമ്മചൈതന്യ ,സ്വാമി അസംഗാനന്ദഗിരി എന്നിവരെയും അഭിനന്ദിക്കുന്നു.

    ആദ്യഭാഗം ഗുരുവിന്റെ മതദർശനത്തിനായി നീക്കിവച്ചിരിക്കുകയാണ്. അരുവിപ്പുറം, ശിവഗിരി തുടങ്ങിയ സ്ഥലങ്ങളിൽ താമസിച്ച ഘട്ടങ്ങളിൽ ഗുരു നല്കിയ ഉപദേശങ്ങൾ ഇതിൽ ചേർത്തിട്ടുണ്ട്. 'ആത്മോപദേശശതകം'ത്തിലെ 44 മുതൽ 49 വരെയുള്ള ശ്ളോകങ്ങളെക്കുറിച്ച് പ്രൊഫ.ജി.ബാലകൃഷ്ണൻ നായർ എഴുതിയ ലേഖനം ഒരു ഓർമ്മപ്പെടുത്തലാണ്. ഗുരുദർശനത്തെ സംക്ഷിപ്തമായി വീക്ഷിക്കുന്ന ബാലകൃഷ്ണൻ നായരുടെ വാക്കുകൾ ശ്രദ്ധേയമാണ്: "ആത്മാവ് ഏതെങ്കിലും വിധം അനാവൃതമാകുന്നതാണ് സുഖാനുഭവം .ഈ ആത്മമതമാണ് ലോകത്തിലെ അനിഷേധ്യമായ ഏകമതം. ചിത്തത്തെ പാപസങ്കല്പങ്ങൾ കൊണ്ട് മൂടാതിരുന്നാൽ ആർക്കും ആത്മാവ് എളുപ്പം അനാവൃതമാക്കിക്കിട്ടും .പാപസങ്കല്പങ്ങളും കാമക്രോധങ്ങളും വന്ന നിറഞ്ഞു പോയാൽ എന്തെല്ലാം കൃത്രിമോപായങ്ങൾ പ്രയോഗിച്ചാലും ആവരണം എളുപ്പം നീങ്ങിക്കിട്ടുകയില്ല." വളരെ അർത്ഥസാന്ദ്രമായ ഒരു വിലയിരുത്തലാണിത്. 

    ആലുവ സർവമതസമ്മേളനത്തിനു വേണ്ടി ഒരു പ്രത്യേക ഭാഗം ഉൾക്കൊള്ളിച്ചിട്ടുണ്ട്. സച്ചിദാനന്ദ സ്വാമിയുടെ ആമുഖ ലേഖനവും സർവ്വമതസമ്മേളനത്തിനു വേണ്ടി സത്യവ്രത സ്വാമി ചെയ്ത് ദീർഘപ്രഭാഷണവും വായിക്കാം. മൂന്നു ദിവസങ്ങളിലെ പ്രസംഗങ്ങൾ കേട്ട ശേഷം ഗുരു ഒരു സന്ദേശം എഴുതി നല്കി: "നാം ശിവഗിരിയിൽ സ്ഥാപിക്കുവാൻ വച്ചിരിക്കുന്ന മതപാഠശാലയിൽ എല്ലാ മതങ്ങളും പഠിപ്പിക്കുന്നതിനു വേണ്ടുന്ന എല്ലാ സൗകര്യങ്ങളും കൂടി ഉണ്ടാകണമെന്ന് വിചാരിക്കുന്നു."

    ഗുരുവിൻ്റെ ആവിഷ്ക്കാരം 

    മതങ്ങൾ തമ്മിൽ കലഹിക്കുന്നത് വ്യർത്ഥമാണെന്നു സ്ഥാപിക്കാൻ ഗുരു ചെയ്ത ഒരാവിഷ്കാരമാണ് ആ സമ്മേളനം.പതിറ്റാണ്ടുകളായി കെട്ടി ഉയർത്തിയ അന്ധതയുടെ മതിലുകൾ ഇല്ലാതാക്കുവാൻ അതുപകരിച്ചു. പക്ഷേ മതങ്ങൾ കോർപ്പറേറ്റ് സ്ഥാപനങ്ങൾ പോലെ പണവും സമ്പത്തും സമാഹരിച്ച് വ്യാവസായികാടിസ്ഥാനത്തിൽ സംഘടിക്കുമ്പോൾ മനുഷ്യൻ തോറ്റുപോകും.മതങ്ങൾ തമ്മിൽ ഭേദമില്ല. സാരം ഒന്നാണ് .മനുഷ്യനാണ് ഒന്നിക്കേണ്ടത്. മതപഠനം എന്ന വിഭാഗത്തിൽ പ്രൊഫ.കെ.ബാലരാമപ്പണിക്കർ , ജഗദീശ്വരാനന്ദ സ്വാമികൾ, ലക്ഷണശാസ്ത്രി ജോഷി ,സ്വാമി ബോധാനന്ദ ,ഡോ.ടി.ഭാസ്ക്കരൻ ,പ്രൊഫ. എം.എസ്.ഉമ്മൻ ,ഡോ. എസ്. പൈനാടത്ത് എസ്.ജെ ,മുത്താന താഹ ,മുസ്തഫ മൗലവി, ജി.എസ്.  വാഴൂർ ,ഡോ.എം.എസ്.ശാസ്ത്രി , ബോധേശ്വരൻ, ജയചന്ദ്രൻ തുടങ്ങിയവർ എഴുതിയിരിക്കുന്നു.ഇതിൽ കൗതുകമായി തോന്നിയത് ജയചന്ദ്രൻ എന്ന പേരാണ്. ആലുവ അദ്വൈതാശ്രമത്തിൽ താമസിച്ച ജയചന്ദ്രനാണ് പിൽക്കാലത്ത് നിത്യചൈതന്യയതിയായത്. 1950 ൽ ശിവഗിരി മാസികയിൽ  ജയചന്ദ്രൻ എഴുതിയ ലേഖനത്തിൽ ഗുരുവിന്റെ മതത്തെക്കുറിച്ച് പ്രസ്താവിക്കുന്നത് ഇതാണ്: ഭഗവാൻ ശ്രീനാരായണഗുരുദേവൻ കാണുന്ന ഏകമതം ക്രിസ്തുവിലോ ബുദ്ധനിലോ കൃഷ്ണനിലോ മാത്രം കാണുന്നതല്ല; നേരെമറിച്ച് ക്രിസ്തുവിലും ബുദ്ധനിലും കൃഷ്ണനിലും എന്നല്ല നമ്മിൽ ഓരോരുത്തരുടെയും ഹൃദയത്തിലും നിത്യമായി ശോഭിക്കുന്ന സത്യത്തിൻ്റെയും സ്നേഹത്തിന്റെയും ത്യാഗത്തിൻ്റെയും മതമാണ്."

    സർവമതസമ്മേളന രജതജൂബിലിയാഘോഷത്തിൽ സ്വാമി ശ്രീനാരായണതീർത്ഥർ ചെയ്ത സ്വാഗതപ്രസംഗം നാലാം ഭാഗത്ത് വായിക്കാം. സ്വാമിയുടെ പ്രസംഗത്തിൽ നിന്ന്: "മതഭേദചിന്ത മനുഷ്യരിൽ വരുത്തിവെച്ച മാലിന്യം അങ്ങനെ നഗ്നതാണ്ഡവം  നടത്തുകയാണ് .ഇതിനൊരു പരിഹാരം നമുക്ക് വരുത്തേണ്ടിയിരിക്കുന്നു. നമ്മുടെ മുമ്പാകെ മഹാത്മാക്കൾ കത്തിച്ചുവച്ചിട്ടുള്ള ആ മണിവിളക്കുകൾ പ്രകാശമാനങ്ങളായിരിക്കെ നാം മിഴി പൂട്ടി നിന്ന് അന്ധതയനുഭവിക്കുകയാണ്." മാനവരാശി നന്നാവാനുള്ള അനേകം  അവസരങ്ങൾ പാഴാക്കിയെന്നാണ് ഇതിൻ്റെ ധ്വനി. വ്യക്തി സ്വയം നന്നാവുന്നത് നല്ലതാണ് .എന്നാൽ അതിനൊപ്പം സമൂഹവും ലോകവും നന്നാവണമെന്നു ആഗ്രഹിക്കുന്നവർക്കാണ് മഹാത്മാക്കളാകാൻ കഴിയുക. ലോകത്തെ സ്വാധീനിക്കുന്നതിൽ പൂർണമായി വിജയിക്കാൻ മഹാത്മാക്കൾക്കും കഴിഞ്ഞിട്ടില്ല . അതുകൊണ്ടാണല്ലോ ഇന്നും കലഹങ്ങൾ തുടരുന്നത്.

    ഗുരുദർശനങ്ങൾ എന്നു പറയാം 

    ശിവഗിരി മഠം സ്ഥാപിച്ച കാലത്ത് ഗുരു നൽകിയ ഉപദേശം ഈ ഗ്രന്ഥത്തിൽ സമുചിതമായി ചേർത്തിരിക്കുന്നു. ഗുരുവിൻ്റെ ജീവിതചര്യങ്ങളിലേക്കും  ആദർശങ്ങളിലേക്കും ആഴ്ന്നിറങ്ങി  ചെല്ലുന്ന ഈ വാക്യങ്ങൾ നമ്മുടെ കാലഘട്ടത്തെ വിവേകത്തിൻ്റെ പ്രകാശത്താൽ പുതുക്കാൻ ശേഷിയുള്ളതാണ് .വരും തലമുറകൾ ഈ വാക്യങ്ങളുടെ ആന്തരസoഗീതം ശ്രവിച്ചിരുന്നെങ്കിൽ !.ശാശ്വതമായ സുഖത്തിനുവേണ്ടി മനുഷ്യാത്മാവ് ഒരു മഹത്തായ യാത്ര ചെയ്യുകയാണെന്നു ഗുരു ഓർമിപ്പിക്കുന്നുണ്ട്. എന്നാൽ ആ സുഖത്തിനു ആഴം വർദ്ധിപ്പിക്കുന്നത് ഓരോ വിഭാഗവും നേടുന്ന ആന്തരിക പരിഷ്ക്കാരത്തെ ആശ്രയിച്ചിരിക്കുന്നു. "ലൗകികവും ആത്മീകവും രണ്ടും രണ്ടല്ല .രണ്ടും വാസ്തവത്തിൽ ഒരേ ഉദ്ദേശത്തോടെ പ്രവർത്തിക്കുന്നു. ശരീരത്തിന്റെ എല്ലാ അംഗങ്ങളുടെയും ഒത്തുള്ള പ്രവൃത്തിയിൽ ശരീരം സുഖം അനുഭവിക്കുന്നു." ഇതിനു സദൃശമായാണ് ഗുരു സമൂഹത്തിൻ്റെ ഉന്നമനത്തെ കാണുന്നത്. ലൗകികവും ആത്മീയവുമായ എല്ലാ പ്രവർത്തനങ്ങളെയും ഏകോപിപ്പിക്കുക എന്ന ദർശനമാണ് ഗുരു വിഭാവന ചെയ്യുന്നത് .ഇനിയും ഗുരുവിൻ്റെ ഈ ദർശനം വേണ്ടപോലെ ചർച്ച ചെയ്യപ്പെട്ടിട്ടില്ല. ഗുരുദർശനങ്ങൾ എന്നു പറയുന്നത് തെറ്റാണെന്നു ചിലർ എഴുതി കാണാറുണ്ട്. ദർശനങ്ങൾ എന്നാൽ കാഴ്ചകൾ അല്ലെങ്കിൽ ആശയങ്ങൾ എന്നാണ് അർത്ഥമാക്കേണ്ടത്. ഒരു തത്വശാസ്ത്രസ്കൂള (philosophical school)ല്ല ഇവിടെ ദർശനം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. സവിശേഷമായ ഉൾക്കാഴ്ചയോടെ ഒരു  വിഷയത്തിലേക്ക് കടന്നു ചെല്ലുമ്പോഴാണ് ചരിത്രത്തിനു അപരിചിതമായ നിരീക്ഷണവും ആശയവും ലഭിക്കുന്നത്. ഗുരു  പലപ്പോഴും ഇത്തരം നിരീക്ഷണങ്ങളിലൂടെയാണ് കടന്നുപോയിട്ടുള്ളത്. പല മതസാരവും ഏകം എന്നു പറയുന്നത് ഗുരുവിൻ്റെ ഒരു ദർശനമാണ് .അതുപോലെ ഒരു ദർശനമാണ് ഒരു ജാതി, ഒരു മതം, ഒരു ദൈവം .ജീവന്മുക്തിയാണ് മതമെന്നു പറയുന്നത് മറ്റൊരു  ദർശനമാകുന്നു. ദൈവം സൃഷ്ടിയും സ്രഷ്ടാവും സൃഷ്ടിജാലവുമാണ് എന്നു പറയുന്നതും ദർശനമാണ്. ഇതെല്ലാം ചേരുന്നതാണ് ഗുരുദർശനങ്ങൾ . ഇവിടെ ഗുരു ഭൗതികവും ആത്മീയവുമായ സകലവിധ ഏർപ്പാടുകളുടെയും ഏകോപിപ്പിച്ചുള്ള പ്രവൃത്തി വേണമെന്നു ആവശ്യപ്പെടുന്നു. ഇതിനു പിന്നിൽ ഒരു ലോകവീക്ഷണമുണ്ട്. മനുഷ്യൻ ഒന്നിന്റെയും അധികം (excess) എടുക്കാൻ പോകരുത്. ആത്മീയത എന്ന കേട്ട ഉടനെ ഗുഹയിൽ പോയിരിക്കരുത് .മനുഷ്യരിൽനിന്നു ഒഴിഞ്ഞോടുന്നതല്ല ആത്മീയത. ഗുരു അത് കാണിച്ചു തന്നിട്ടുണ്ട്. ആത്മീയത  മനുഷ്യൻ്റെ സദ്ഭാവനകളുടെ സമഗ്രമായ ആവിഷ്കാരമാണ്. അതിലാണ് സന്യാസമുള്ളത്. ഭൗതികവാദിയാണെന്നു വാദിച്ചുകൊണ്ട് ആരെയും ദ്രോഹിച്ചു സുഖം തേടാൻ  പോകരുത് .അമിത സുഖം ആപത്താണ് .ജീവിതത്തിൽ വലിയ സുഖമൊന്നും കിട്ടാൻ പോകുന്നില്ല. എല്ലാം ക്രമേണ ക്ഷയിക്കുന്നതാണ് .അതുകൊണ്ടു എല്ലാറ്റിൻ്റെയും വിനിയോഗത്തിലുള്ള നിയന്ത്രണം ,പ്രവൃത്തിയുടെ സമ്പദ് വ്യവസ്ഥ (economy of activity), നിയന്ത്രണങ്ങളോടെയുള്ള ഉപയോഗം  പാലിക്കണം.അതിലാണ് സാമൂഹികമായ ആത്മീയത പരിപാലിക്കപ്പെടുന്നത്.

    സഹോദരൻ അയ്യപ്പൻ എഴുതിയ 'മതം എന്താണ്?' എന്ന ലേഖനം ഈ ഗ്രന്ഥത്തിലുണ്ട് .സർവ്വ മതസമ്മേളനത്തിൽ ചെയ്ത പ്രസംഗമാണ്. മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി എന്നു ഗുരു ഉപദേശിച്ചതിനെ അയ്യപ്പൻ വ്യാഖ്യാനിക്കുന്നത് ഇങ്ങനെയാണ്: " മതം മനുഷ്യനു നന്നാകാനുള്ള ഏർപ്പാടാണെന്നും എല്ലാ മതങ്ങളിലും മനുഷ്യനു നന്നാകാനുള്ള ഉപദേശങ്ങൾ ഉണ്ടെന്നും ഓരോ മതത്തിലെയും ആ ഉപദേശങ്ങൾ അനുഷ്ഠിക്കുന്ന പക്ഷം ഏതു മതം എടുക്കുന്നതിനും വിരോധമില്ലെന്നുമായിരിക്കണം മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന ഉപദേശത്തിന്റെ അർത്ഥം.

    സ്വാമി ഏർണസ്റ്റ് കർക്ക് ,ജോൺ സ്പിയേഴ്സ് ,സ്വാമി ശാശ്വതികാനന്ദ ,കെ.എൻ. ഇബ്രാഹിം മൗലവി, സി. കെ.ജേക്കബ് തിരുമേനി, വിദ്യാനന്ദ തീർത്ഥപാദർ,സുകുമാരൻ പൊറ്റെക്കാട് ,സ്വാമി സമ്പൂർണാനന്ദ ,സി.ആർ .കേശവൻ വൈദ്യർ ,എം.കെ.കുമാരൻ ,പ്രൊഫ.പി.എസ്. വേലായുധൻ ,എം.സി. ജോസഫ്, കർദ്ദിനാൾ ഡോ. ജോസഫ് പാറേക്കാട്ടിൽ ,പി.കെ .വേലായുധൻ ,ഡോ. കെ.എം. തരകൻ ,പി.കെ.ഗോപാലകൃഷ്ണൻ ,  തുടങ്ങിയവർ വിവിധ കോണുകളിൽക്കൂടി ഗുരുവിൻ്റെ മതസമന്വയ നീതിസാരത്തെ അന്വേഷിക്കുന്നത് കൗതുകമുണർത്തും. 
    ആലുവയിൽ ചേർന്ന സർവമതസമ്മേളനം ഒരു മഹാഗാഥയാണ് .അത് പല വഴികളിലൂടെ, പല സമ്മേളനങ്ങളിലൂടെ  വളരുകയാണ് ചെയ്തത് .അത് ഇപ്പോഴും സമൂഹത്തിൻ്റെ വിവിധ മേഖലകളിലൂടെ പ്രസരിച്ചുക്കൊണ്ടിരിക്കുന്നു, പുതിയ അർത്ഥങ്ങൾ തേടുന്നു.

    ത്രൈകാലിക മഹത്വം 

    സമ്മേളനത്തിന്റെ നൂറാം വർഷം പ്രമാണിച്ച് വത്തിക്കാനാലാണ് ശിവഗിരി മഠം വലിയൊരു യോഗം സംഘടിപ്പിച്ചത് .അവിടെ ഫ്രാൻസിസ് മാർപ്പാപ്പയുടെ സാന്നിധ്യമുണ്ടായിരുന്നു. മാർപ്പാപ്പ ഗുരുദർശനത്തെ ആഴത്തിൽ തൊട്ടു സംസാരിച്ചു. സമ്മേളനത്തിൽ ഗുരുദർശനത്തെക്കുറിച്ച് ചർച്ച ചെയ്യപ്പെട്ടു. ആ ഒത്തുചേരൽ  ചരിത്രത്തിനു ഒരു ചില്ലുജാലകം സമ്മാനമായി നല്കുകയാണ് ചെയ്തത്. മതങ്ങളുടെ ഏകത്വത്തെക്കുറിച്ച് ആദ്യമായി സംസാരിച്ചത് ഗുരുവാണെന്നു സച്ചിദാനന്ദ സ്വാമി 'ഗുരുദർശനത്തിൻ്റെ അപൂർവ്വത' എന്ന ലേഖനത്തിൽ സ്ഥിരീകരിക്കുന്നുണ്ട്. തുടർന്നു സ്വാമി  ഗുരുവിൻ്റെ ഏകലോകദർശനത്തെക്കുറിച്ച് പ്രതിപാദിക്കുന്നു .ചിക്കാഗോയിലെ സമ്മേളനത്തിൽ മതസമന്വയത്തെക്കുറിച്ചും മതത്തിൻ്റെ ഏകതയെക്കുറിച്ചും ആരും ഒന്നും സംസാരിച്ചില്ല എന്നു സ്വാമി അഭിപ്രായപ്പെടുന്നു. "നിങ്ങളെല്ലാം ഒരേ ഒരു ഈശ്വരസത്യം. എല്ലാവരും ഈശ്വരാംശങ്ങളാണ്. ഒരു പീഡ എറുമ്പിനുപോലും വരുത്താതെ  ജീവിക്കണം എന്നു ഉദ്ബോധിപ്പിക്കുകയാണ്. മതമല്ല വലുത് ,മനുഷ്യനാണ് വലുത് എന്നു പ്രഖ്യാപിച്ചുകൊണ്ട് ഗുരു നൽകിയ ആ ഏകലോകദർശനം ലോകത്തിനു ഇന്നു ആവശ്യമാണ് " - സ്വാമി എഴുതുന്നു.

    ഗുരുവിൻ്റെ മതദർശനത്തെയും ഏകലോക സംസ്കൃതിയെയും കുറിച്ച്  വിവരിക്കുന്ന ഒരു പ്രത്യേക ഭാഗം ഈ ഗ്രന്ഥത്തിൻ്റെ ആഴം വർധിപ്പിക്കുന്നു. സുകുമാർ അഴീക്കോട് ,സ്വാമി ശുഭാംഗാനന്ദ, സ്വാമി ശാരദാനന്ദ ,ജോയി വാഴയിൽ, സ്വാമി വിവിക്താനന്ദ സരസ്വതി ,ഡോ.കെ. പ്രശോഭൻ ,എം.കെ. ഹരികുമാർ തുടങ്ങിയവർ എഴുതിയിരിക്കുന്നു .സുകുമാർ അഴീക്കോടിൻ്റെ വാക്കുകൾ: "ആത്മസുഖം പരസുഖവിപരീതമാകരുത്. ഈ ആശയത്തിലാണ് 'മതമീമാംസ'യിലെ അന്ത്യപദ്യം വിശ്രമിക്കുന്നതെന്നു കാണുക .ഇതത്രേ എല്ലാ മതങ്ങളിലും അന്തർഭൂതമായ ഏകമതസാരം." 'വിശ്വമതാദർശം' എന്ന ഗ്രന്ഥം സുകുമാർ അഴീക്കോട്  പറയുന്നതുപോലെ 'ത്രൈകാലിക മഹത്വം' നേടിയ ഗുരുവിൻ്റെ  പാതയിൽ നല്ലൊരു ഓർമ്മപ്പൂവാണ് . പാരമ്പര്യത്തിൻ്റെ സത്തയെ കൈവിടാതെ തന്നെ ഗുരു വർത്തമാനകാലത്തിലെ അനീതിയോടു  കലഹിക്കുകയും നീതി നടപ്പിൽ വരുത്തുകയും ചെയ്തു .അതോടൊപ്പം ഗുരു ഭാവിയുടെ നാദമാവുകയും ചെയ്തു.ഈ ഗ്രന്ഥം അതിൻ്റെ വ്യാപ്തി ബോധ്യപ്പെടുത്തുകയാണ്. 


    എന്താണ് സാഹിത്യം ,കല - 10 എം.കെ.ഹരികുമാർ

     




    മാറ്റിസ്: അനുതാപവും സംക്രമണവും 

    കേവലം ഒരു വസ്തുവിന്റെ ചിത്രണമല്ല കല. ഒരു വസ്തുവിന്റെ ഫോട്ടോ എടുക്കുന്നതിൽ നിന്നു വിഭിന്നമാണത്. കലാരൂപം എന്ന തലത്തിലാണ് കലയെ വിചാരണ ചെയ്യുന്നതെങ്കിലും ഒരു രൂപത്തിലാണ് അതിൻ്റെ ദർശനം പൂർണ്ണമാകുന്നത് .ഒരു ഫ്രെയിമിൽ വസ്തു ഉൾപ്പെടുന്നതും ഉൾപ്പെടാതിരിക്കുന്നതും ഒരുപോലെ പ്രധാനമാണ്. ഒരു വസ്തുവിന്റെ സാന്നിധ്യം പലരീതിയിൽ സംഗതമാവാം .വസ്തുവിന്റെ അസ്തിത്വത്തെ താലോലിക്കുന്നതോ സൂചിപ്പിക്കുന്നതോ അർത്ഥമാക്കുന്നതോ ആവാം. ഒരു രൂപമാണത്; വസ്തുവല്ല. ഒരു ചിത്രത്തിലെ വസ്തു കേവലം വസ്തുവല്ല ,കലാവസ്തുവാണ്.കുറക്കൂടി കൃത്യമായി പറഞ്ഞാൽ  രൂപമാണത് .ഈ രൂപം പ്രകൃതിയിലുള്ളതല്ല. മനുഷ്യൻ്റെ അധീനിതയിലുള്ളതല്ല .അത് സൃഷ്ടിക്കപ്പെടുന്നതാണ്. ഇതിനു ശാരീരികമായ അധ്വാനം മാത്രം പോരാ; ഭാവനയും പോരാതെ വരും. ഭാവന ചെയ്യാൻ പരിമിതിയുണ്ട്. ഒരാളുടെ സ്വതന്ത്രചിന്തയും ധിഷണാപരമായ ശേഷിയും ചേരുന്നതാണ് ഭാവന. അതിനപ്പുറം പോകാനാവില്ല .ഒരാളുടെ ചിന്തയുടെ ചക്രവാളത്തിനകത്താണ് ഭാവനയുള്ളത്.സ്വതന്ത്രചിന്തകൊണ്ട് സകല സ്കൂളുകളിൽ നിന്നും പുറത്തായാൽ മാത്രമേ സ്വന്തം സ്കൂളിലേക്കും ശില്പശാലയിലേക്കും സഞ്ചരിക്കാനൊക്കൂ. ഒരു സ്കൂൾ കണ്ടുപിടിച്ചു തരുന്നതല്ല രൂപം .അത് കലാകാരന്റെ ഏകാന്തഭാവനയിൽ നിന്നുണ്ടാകുന്നതാണ്. കലാകാരന്റെ മുഴുവൻ വിദ്യാഭ്യാസവും അതിൽ പ്രവർത്തിക്കും. വ്യവസ്ഥാപിതമായ വിദ്യാഭ്യാസമല്ല ഉദ്ദേശിക്കുന്നത്.  സ്കൂൾ എന്നു വിവക്ഷിക്കുന്നത് സ്വതന്ത്രപാഠങ്ങളുടെ നിർമിതിയെയാണ്. 

    ഫ്രഞ്ച് ചിത്രകാരനായ ഹെൻറി മാറ്റിസിൻ്റെ കലയിൽ പ്രതീകാത്മകമായി വിവിധ പ്രവണതകളെ സംയോജിപ്പിക്കുന്നതായി മനസിലാക്കാം. ആത്മപ്രധാനമായ സംഗീതം അതിൽ ഉപയോഗിച്ചിരിക്കുന്നു.സ്വന്തം ശൈലിയെ, മാറ്റിസ് ഈ രീതിയിൽ വികസിപ്പിച്ചു. ഫ്രാൻസിലെ ആർട്ട് നോവ്(Art Nouveau) പ്രസ്ഥാനത്തിൻ്റെ അലകൾ മാറ്റിസിൻ്റെ രചനകളിൽ കാണാം. പത്തൊൻപതാം നൂറ്റാണ്ടിൻ്റെ ഒടുവിൽ പ്രത്യക്ഷപ്പെട്ട ഈ പ്രവണത കലയെ അനുകരണത്തിൽ നിന്നു മോചിപ്പിച്ച് അലംകൃതവും സ്വതന്ത്രവുമായ നവീനതയിലേക്ക് പറത്തിവിട്ടു. മാറ്റിസിൻ്റെ പോസ്റ്റ്  ഇംപ്രഷണിസ്റ്റിക് ശൈലിയുടെ ഘടന പരിശോധിച്ചാൽ ഇത് മനസ്സിലാകും .അമേരിക്കൻ കലാചരിത്രകാരനായ മെയർ ഷാപ്പിറോ (Meyer Schapiro) നിരീക്ഷിക്കുന്നതുപോലെ മാറ്റിസിൻ്റെ  ശൈലിയിൽ പോസ്റ്റ് ഇംപ്രഷണിസ്റ്റിക് ഘടകങ്ങൾ സ്വാധീനശക്തിയാകുന്നുണ്ട്. അനിശ്ചിതമായ, വ്യവസ്ഥയില്ലാത്ത, വെളിച്ചമില്ലാത്ത പരന്ന പ്രതലങ്ങൾ, പൊരുത്തപ്പെടാത്ത, വക്രീകരിക്കപ്പെട്ട പ്രാന്ത്യരേഖകൾ, ചിത്രത്തിൻ്റെ അരികിലുള്ള ചിതറിയ വസ്തുക്കൾ, കോണുകളെ തമ്മിൽ യോജിപ്പിക്കുന്ന നോട്ടകവാടം ,തനതായ നിറത്തിനു പകരം തെളിഞ്ഞ നിറമുള്ള വസ്തുക്കൾ തുടങ്ങിയവ മാറ്റിസിൻ്റെ   അന്തർദൃഷ്ടിയിൽ പതിഞ്ഞ പ്രതിഛായകളായി പുനർജനിക്കുകയാണ്. 

    അവസാനിക്കാത്ത അതിശയങ്ങൾ 

    നിറം,വസ്തു,പ്രകാശം തുടങ്ങിയവയുടെ പ്രത്യേകമായ ഉപയോഗത്തിലൂടെ കാൻവാസിൽ ഒരു രൂപം സൃഷ്ടിക്കുകയാണ് .ആ രൂപത്തിന്റെ ഘടകങ്ങളാണ് നിറവിന്യാസത്തിലൂടെ ആവൃതമാകുന്നത്. ഫ്രാൻസിൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ പ്രചാരം നേടിയ Fauvism എന്ന രചനാരീതിയാണ് മാറ്റിസ് പൊതുവേ അവലംബിച്ചത്. റോബർട്ട് ദെബ്രേൻ ,ആൽബർട്ട് മാർക്വറ്റ്  തുടങ്ങിയവരോടൊപ്പം മാറ്റിസും ഈ പ്രസ്ഥാനത്തിനു വേണ്ടി നിലകൊണ്ടു.വർണവിന്യാസത്തിലെ വ്യക്തിഗതമായ സമ്പ്രദായമാണിത്. വിരുദ്ധവർണങ്ങളെ കാൻവാസിൽ സംയോജിപ്പിക്കുന്നതിലുള്ള വൈദഗ്ദ്ധ്യം ,തീവ്രമായ അവതരണം ,വികാരമൂർച്ച, വൈയക്തികത ,പാരമ്പര്യത്തിൽ നിന്നകന്ന സമീപനം ,വർണങ്ങളുടെ ധാരാളിത്തം തുടങ്ങിയവയാണ് ഫോവിസത്തിൻ്റെ പ്രത്യേകത. 

    "ശാന്തതയും ശുദ്ധിയും സമതുലിതാവസ്ഥയുമാണ് ഞാൻ കലയിൽ തേടുന്നത് " എന്നു മാറ്റിസ് പറഞ്ഞതിൽ ഈ ലക്ഷ്യമുണ്ട്. ഒരു ചിത്രം കാണിയുടെ മനസ്സിനെ അപകടപ്പെടുത്തുകയോ നിരാശപ്പെടുത്തുകയോ ചെയ്യരുത്. കാണുന്നവന്റെ മനസ്സിൽ അവാച്യമായ  അനുഭൂതിയുണ്ടാകണം. അത് അവനെ വിമോചിപ്പിക്കണം. കല നവീകരിക്കുക മാത്രമല്ല സ്വതന്ത്രമാക്കുകയും ചെയ്യുന്നു. കാണിയുടെ ഉള്ളിലുള്ള വികാരങ്ങളെ മുഖാമുഖം കൊണ്ടുവരുന്നതിനു പ്രകടനാത്മകമായ വരകളും ഭാവങ്ങളുമാണ് വേണ്ടത്.
    ഇതാണ് മാറ്റിസിൻ്റെ കലാദർശനത്തെ മുന്നോട്ടു നയിക്കുന്നത്. മാറ്റിസ് പറഞ്ഞു :"പ്രകൃതിയെ നോക്കി വരയ്ക്കുന്നവരുണ്ട്, പ്രകൃതിയിൽ നിന്നു പ്രചോദനം നേടി ഭാവന ചെയ്യുന്നവരുമുണ്ട്. രണ്ടിനും ഒരേപോലെ പ്രാധാന്യമുണ്ട്. ഒരു വ്യക്തിക്ക് ഈ രണ്ടു മാർഗ്ഗവും വേണ്ടപ്പെട്ടതു തന്നെ .പ്രകൃതിയുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നവരുണ്ട്. അവിടെ നിന്നു കിട്ടുന്ന വൈകാരികാനുഭവങ്ങൾ അയാളിലെ  ചിത്രകാരനെ വളരാൻ സഹായിക്കും."
     
    കലാകാരൻ സ്വയം തിരയുന്നത് അവനിലെ അവസാനിക്കാത്ത അതിശയങ്ങളാണ്. അതിനായി അവൻ വസ്തുക്കളെ തന്നിലേക്ക് കൊണ്ടുവരുന്നു.അത് തന്നിൽ എന്ത് നൃത്തമാണ് സൃഷ്ടിക്കുന്നതെന്നു ആരായുന്നു .മാറ്റിസിൻ്റെ The Joy of Life ,Dance 111 എന്നീ ചിത്രങ്ങൾ അപരിമേയമായ ജീവിതാനുഭവത്തിലേക്ക് നമ്മെ ആകർഷിക്കുകയാണ്. ജീവിതം എന്ന പ്രക്രിയ നിരാശയാണെന്ന തത്ത്വചിന്തയിൽ നിന്നു വ്യതിചലിച്ച് മറ്റു വസ്തുക്കളും ആശയങ്ങളുമായി സമ്മേളനം സാധ്യമാക്കുന്നു. പരസ്പരബന്ധം നമ്മെ ഉയിർപ്പിക്കുകയാണ് .നാം അപര്യാപ്തതകളെ മറികടന്ന് സഹവർത്തിത്വത്തിലൂടെ ആനന്ദം തേടുന്നു. ഇത് കലാകാരനെ അസ്തിത്വപരമായി ഉയർത്തുകയാണ്. ജീവിതത്തിൽ മറഞ്ഞിരിക്കുന്ന, പൊതുസമൂഹമോ,കലാപാരമ്പര്യമോ കണ്ടെത്താത്ത മൂല്യങ്ങൾ തിരയേണ്ടതുണ്ട് .

    അറിവിൻ്റെ പുതിയ മൂല്യം 

    "ഒരു സത്യം കണ്ടെത്തുന്നതോടെ അതിനു പുതിയൊരു മൂല്യം ഉണ്ടാവുകയും വേണം. അത് കലാകാരൻ്റെ സ്വന്തമായിരിക്കണം. അങ്ങനെ ആ രൂപത്തിന്റെ ആഴത്തിലുള്ള പ്രസക്തി തിരിച്ചറിയുന്നു " - മാറ്റിസ് പറഞ്ഞു. The Blue Window എന്ന ചിത്രം ഈ ലോകത്തിലെ ഒരത്ഭുതമാണ്.ഒരു നീലജാലകം ചിത്രകാരൻ സ്വപ്നം കാണുകയാണ് .പല ജാലകങ്ങളും കണ്ട ശേഷം അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഒന്ന് സൃഷ്ടിക്കുകയാണ്. വേറൊരു വിധത്തിൽ പറഞ്ഞാൽ തന്നിൽ അനിർവചനീയമായി രൂപപ്പെട്ട ഒരു ജാലകത്തെ കാണിച്ചു തരികയാണ് ചിത്രകാരൻ .അദ്ദേഹത്തിൻ്റെ  സ്വകാര്യമായ അഭിദർശനമാണത്. അത് കാഴ്ചയുടെയും ആത്മീയമായ അറിവിൻ്റെയും ഒരു പുതിയ  മൂല്യമാണ്. മാറ്റിസ് എന്ന കലാകാരനിലൂടെ മാത്രമാണ് ഈ ജാലകം നമുക്ക് കാണാനാകുന്നത്. ലോകത്തുള്ള എല്ലാ  ജാലകങ്ങളും ,കാഴ്ചയുടെ ഈ വിതാനത്തിൽ ,ഇവിടെ റദ്ദാവുകയാണ്. ."ഒരു വസ്തുവിന്റെ ദീർഘിച്ച വിവരണമല്ല ചിത്രകാരൻ നോക്കുന്നത് .അത് പുസ്തകങ്ങളിൽ ലഭ്യമാണല്ലോ ." ഈ അഭിപ്രായം നാം ശ്രദ്ധിക്കണം. ഇത് ചിന്തിപ്പിക്കുന്നതാണ്. ചിത്രകല പഠിപ്പിക്കുന്ന ഇടങ്ങളിൽ നിന്ന് പുറത്തിറങ്ങുന്നവർ ഈ വസ്തുത മനസ്സിലാക്കുന്നുണ്ടോ എന്നു സംശയമാണ് .ഒരു വസ്തുത വളരെ വിശദമായി, സ്ഥൂലമായി വിവരിക്കുന്ന രീതി കലയുടെ ഭാഗമല്ല. കല നമ്മെ ധ്യാനത്തിലേക്ക് ഏകാഗ്രമാക്കുകയാണ്. പ്രകൃതിയിലും മനുഷ്യൻ്റെ നിർമിതിയിലുമാണ് സ്ഥൂലതയുള്ളത്.

    ഒരു വസ്തുവിന്റെ ഉന്നതമായ കാഴ്ച (higher perception)യാണ് കല .കല ഒരു സൃഷ്ടിയാണ്. അവിടെ പ്രകൃതിയുടെ തനിപ്പകർപ്പോ , മനുഷ്യനിർമ്മിതിയുടെ സ്ഥൂലതയോ  ആവശ്യമില്ല.ഒരു സർക്കസ് കൂടാരത്തിൻ്റെ ചിത്രം വരയ്ക്കുമ്പോൾ ഉള്ളിലെ മുഴുവൻ കാര്യങ്ങളും ഒരു ഫ്രെയിമിൽ ചേർക്കാനാവില്ല .ഏതാനും കാര്യങ്ങൾ സൂക്ഷ്മമായി അവതരിപ്പിക്കുകയാണ് വേണ്ടത്. അതിന്റെ സൂചനകളാണ് പ്രധാനം. അതിലൂടെ കാണികൾക്ക് സർക്കസ് എന്ന കലയുടെ അസാധാരണമായ  ആനന്ദാനുഭവത്തിലേക്ക് പ്രവേശിക്കാനാവണം .

    "കലാകാരൻ അവൻ്റെ ആന്തരിക ദർശനങ്ങളാണ് (interior visions)പകർത്തുന്നത്." ആന്തരികദർശനം പകർത്തുമ്പോഴും അതിന്‍റെ രൂപവും വർണ്ണസങ്കലനവും ചേർന്നു ഒരു സ്വഭാവം സൃഷ്ടിക്കുന്നുണ്ട്. രൂപമാണ് അതിനെ കലാപരമായി നിർണയിക്കുന്നത്. ഒരു പുതിയ വ്യാഖ്യാനത്തിലേക്കും മൂല്യത്തിലേക്കും എത്തിക്കുന്നത് ആ രൂപമാണ്. മാറ്റിസിൻ്റെ Landcape at Collioure എന്ന ചിത്രം കലയുടെ അന്തർദർശനവും രൂപവും എങ്ങനെ ഉന്നതമായി സമന്വയിക്കപ്പെടുന്നു എന്നു കാണിച്ചു തരുന്നു. "എൻ്റെ ചിന്തകളെ പ്രോജ്വലിപ്പിക്കുന്ന ഒരു ഭാവപ്രകടനമാണ് ഞാൻ പ്രകൃതിയിൽ തേടുന്നത്.ഇതിനാവശ്യമായതാണ് ഞാൻ പ്രകൃതിയിൽ നിന്നെടുക്കുന്നത്. " ഈ വാക്കുകളിൽ ചിത്രത്തിലേക്ക് നോക്കാനുള്ള സഹായകവസ്തുതകളുണ്ട്. ഒരു മെഡിറ്ററേനിയൻ ഭൂപ്രകൃതിദൃശ്യത്തെ ഒരു കലാകാരൻ എങ്ങനെ ആവിഷ്ക്കരിക്കുന്നു എന്നു വ്യക്തമാക്കുന്നു.ഫ്രാൻസിലെ കോളിയോ നഗരത്തിനു സമീപമാണ് ഈ ദൃശ്യത്തിനു വേണ്ടതായ പ്രകൃതിയെ മാറ്റിസ് കണ്ടെത്തിയത്. ഇത് പ്രകൃതിയോടുള്ള പ്രതികരണമാണ്; പ്രകൃതിയുടെ തനി  ചിത്രീകരണമല്ല. ബ്രഷ് സ്ട്രോക്കുകളുടെ സാധ്യതയും വർണ്ണങ്ങളുടെ മനോഹാരിതയുമാണ് ഈ ചിത്രത്തെ ഒരു സുന്ദരരൂപമാക്കുന്നത്. പ്രകൃതിയിലെ നിറങ്ങളല്ല ഇവിടെ ഉപയോഗിക്കുന്നത്. അദ്ദേഹം തന്റെ ആത്മവർണ്ണത്തിനു അനുസൃതമായി ചില നിറങ്ങൾ  സൃഷ്ടിച്ചെടുക്കുകയാണ് .
    "ഞാൻ ഒരു സ്ത്രീയുടെ ശരീരമാണ് വരയ്ക്കാൻ ഉദ്ദേശിക്കുന്നതെന്നു വിചാരിക്കുക. ആദ്യമായി ഞാൻ അവളുടെ രൂപം എൻ്റെ മനസ്സിൽ കാണുന്നു. പിന്നീട് അതിനെ ആകർഷകമാക്കുന്നു .പ്രസാദസുന്ദരമാക്കുന്നു. ഇതിലുപരി എന്തോ നൽകുന്നുണ്ട് .ഏറ്റവും കുറച്ച് വരകൾകൊണ്ട് ആ ശരീരത്തെ അർത്ഥസാന്ദ്രമാക്കേണ്ടതുണ്ട്. ആകർഷണം എന്ന ഗുണം മാത്രമല്ല ഈ ചിത്രത്തിന്റെ പ്രത്യേകത. തുടക്കത്തിൽ ഇത് പ്രകടമായി തോന്നില്ല .എന്നാൽ ആ രൂപത്തിൽ നിന്നു പുതിയൊരു പ്രതിഛായ  ഉയർന്നുവരുന്നതാണ്."

    പുതിയ രൂപം സൃഷ്ടിക്കുന്നു


    പ്രകൃതിയിൽ കാണുന്ന ഒരു വസ്തു എന്താണെന്നു പ്രതിപാദിക്കേണ്ട ജോലി ചിത്രകാരനില്ല; അത് ഫോട്ടോഗ്രാഫർമാർക്കും ഭൗമനിരീക്ഷണ വിദഗ്ദ്ധർക്കും പത്രറിപ്പോർട്ടർമാർക്കും ആവശ്യമായ കാര്യങ്ങളാണ് .ചില ഭാഗങ്ങളിൽ മാറ്റിസ് പെയിൻറ് ചെയ്തിട്ടില്ല. ചിലയിടങ്ങളിലാകട്ടെ ട്യൂബിൽ നിന്നു നേരിട്ട് പെയിൻറ് ചെയ്തതുപോലെയുണ്ട്. ഒരു ഭൂപ്രകൃതിദൃശ്യം കലാകാരനിൽ സൃഷ്ടിക്കുന്ന വർണ്ണങ്ങളുടെ കാഴ്ചകളും ഇളക്കങ്ങളും പ്രലോഭനങ്ങളും വികാരങ്ങളുമാണ് ആവിഷ്ക്കരിക്കുന്നത്. കലാകാരൻ വസ്തുവിന്റെ രൂപത്തെ മാറ്റി മറ്റൊരു രൂപം തനിക്കുവേണ്ടി സൃഷ്ടിക്കുന്നു. ഇത് വ്യക്തിഗതമായ ഒരു നിരീക്ഷണമായി കാണാവുന്നതാണ്.

    True artist cannot see colour which is not harmonious - മാറ്റിസിൻ്റെ വാക്കുകൾ .വർണങ്ങൾക്ക് നൃത്തം ചെയ്യാനറിയാം.എന്നാൽ ആ നൃത്തം എന്താണെന്നു കലാകാരൻ അറിഞ്ഞിരിക്കണം.ആ നൃത്തത്തിന്റെ ഭാഷയാണ് കലാകാരന്റെ കൈയിലുള്ളത്. ആ ഭാഷ മനസ്സിലാക്കുന്നതുകൊണ്ട് ഏതൊരു വസ്തുവും ഇപ്രകാരം നൃത്തമായിട്ടാണ് കലാകാരനിലേക്ക് സംക്രമിക്കുന്നത്. വസ്തുവിന്റെ നൃത്തം ഒരു മഹത്തായ അനുഭവമാണ്. അത് ഒരു രഹസ്യവിനിമയമാണ്. പൊതുവ്യവഹാരത്തെ മാത്രം ശ്രദ്ധിക്കുന്നവർക്ക് ഈ നൃത്തം വ്യക്തമാവണമെന്നില്ല.
    An artist should express his feeling with the harmony or ideas or colour which he possesses naturally.ഇത് കലാകാരൻ സ്വാഭാവികമായി ഉൾക്കൊള്ളുന്നതാണ്. കലാകാരനിൽ വർണ്ണങ്ങളുടെ ഒരു ആവാസവ്യവസ്ഥയുണ്ട്. അതിലാണ് അയാൾ ജീവിക്കുന്നത്. അത് ഒരു ലോകമാണ്. അതിൽ ഒരു അപരലോകത്തെ പണിതുകൊണ്ടിരിക്കുകയാണ്. വർണ്ണങ്ങളുടെ നൃത്തം അതിൻ്റെ പൊരുത്തത്തിൽ നിന്നുണ്ടാകുന്നതാണ്.അത് പ്രാപഞ്ചികമായ ഒരു അവബോധമാണ്. ആ രമ്യത ,ആശയം ,അല്ലെങ്കിൽ നിറം കലാകാരന്റെ വികാരമായി അവതരിക്കപ്പെടുകയാണ്. Blue pot and Lemon എന്ന ചിത്രം ശ്രദ്ധിച്ചാൽ ഇതറിയാം. ഒരു ലയമാണ് അത് പകരുന്നത്. നീലപ്പാത്രവും നാരങ്ങയും ഒരേ വാസ്തവികതയായി പരസ്പരം ലയിക്കുന്നു. ഈ അവസ്ഥയാണ് ചിത്രം ഉറപ്പിക്കുന്നത്. 

    "കലാകാരൻ ഭിത്തിയിലോ മേശയിലോ കാണുന്ന വസ്തുക്കളെ കോപ്പിയടിക്കുകയല്ല.അവൻ ഒരു വർണ്ണദർശനമാണ് പിന്തുടരുന്നത്. അത് നിറത്തെക്കുറിച്ചുള്ള ദർശനമാണ്. അതവൻ്റെ രമ്യതയെക്കുറിച്ചുള്ള വികാരമാണ്. ഇവിടെ ഒരാൾ അവനവനോട് സത്യസന്ധനാകേണ്ടതുണ്ട്- മാറ്റിസ് നിരീക്ഷിക്കുന്നു.പാത്രം ,നാരങ്ങ എന്നീ വസ്തുക്കൾ അടുത്തിരിക്കുന്നത് വരയ്ക്കാനല്ല മാറ്റിസ് ബ്രഷ് കൈയിലെടുക്കുന്നത്. വർണങ്ങളുടെ നൃത്തവും രൂപങ്ങളുടെ സംഗീതവും കലാകാരനെ പ്രലോഭിപ്പിക്കുന്നുണ്ട്. ആ നിറപ്പകർച്ചകളുടെ ലയവും ആനന്ദവും ക്യാൻവാസിൽ പകർത്തുമ്പോൾ അത് കലാകാരന്റെ വികാരങ്ങളുടെ നടനമായിത്തീരുന്നു.

    ഒരാൾ വളരെ സ്വതന്ത്രനാവാൻ ശ്രമിക്കുന്നത് അയാളുടെ വീക്ഷണത്തിലൂടെയാണല്ലോ. ഈ വീക്ഷണം എങ്ങനെ ലഭിക്കും? അതിനു അയാൾ അന്തർജ്ഞാനത്തിൽ എല്ലാത്തിൽ നിന്നും വിടുതൽ നേടണം. അതിലൂടെ തന്നിലേക്കു തന്നെ എത്തിച്ചേരണം ;തന്നിൽ അന്തർലീനമായ ,തനിക്കുപോലും അപരിചിതമായ അത്യാനന്ദത്തിന്റെ, വിസ്മയത്തിന്റെ വിത്തുകൾ കണ്ടെത്തണം. ഓരോ ചിത്രവും ഇത്തരത്തിലുള്ള വെളിപാടുകളാണ്.
    "ഒടവിൽ ഞാൻ എൻ്റെ കലയുടെ രഹസ്യം കണ്ടുപിടിച്ചു. യഥാർത്ഥ്യത്തിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട സ്വപ്നാഖ്യാനമാണത്. അതിൽ പ്രകൃതിയെ മനസ്സിൽ കണ്ടുകൊണ്ടുള്ള ധ്യാനമുണ്ട്."
    മാറ്റിസിൻ്റ ഈ വാക്കുകൾ കലാവിഷ്കാരം മറ്റൊരു  ആഖ്യാനമാണെന്നു സൂചിപ്പിക്കുന്നു. അത് നിരന്തരമായ അകം സഞ്ചാരമാണ്. സ്വയം പ്രകാശിപ്പിക്കുന്നതിൻ്റെ ആഖ്യാനമാണ്.   അതിൽ ദുർഗ്രഹമായ എന്തോ  അവശേഷിക്കുന്നു.'

    മാനുഷികതയുടെ പാരമ്യം 

    ഫ്രഞ്ച് തത്ത്വജ്ഞാനി ബർഗ്സൺ Creative Evolution എന്ന കൃതിയിൽ ചർച്ച ചെയ്യുന്ന അന്തർദർശനം മാറ്റിസിൻ്റെ ചിത്രങ്ങളിലെ സവിശേഷമായ ആന്തരികാനന്ദവുമായി താദാത്മ്യം പ്രാപിക്കുന്നത് കാണാം. മാറ്റിസിൻ്റെ ദർശനം കലയുടെ സ്വന്തമായ ആശയമാണ് .അത് കലയിൽ തന്നെ മാനുഷികമാണ്, അതിമാനുഷികമാണ്. മാനുഷികതയുടെ പാരമ്യമാണ്. രചനയിൽ തന്നെയാണ് കലയെ അന്വേഷിക്കേണ്ടത്; അത് രചനയിൽ തന്നെ ഒരാന്തരതത്ത്വമാകുകയാണ്.
    "Painting is a means of expression asserted itself". സമയവും സ്ഥലവും തമ്മിൽ ,ഭൂതവും വർത്തമാനവും തമ്മിൽ ഒരു പാരസ്പര്യമുണ്ടാവുകയാണ്. ഇത് കലയിലെ അന്തർദർശനമായി രൂപാന്തരപ്പെടുകയാണ്. അനുതാപപൂർണ്ണമായ ഒരു സംവേദനം (sympathetic communication)വസ്തുക്കളിലൂടെ  പ്രസരിക്കുന്നു .കലാവസ്തുവായി മാറുന്നതോടെ കലാകാരന്റെ അനുതാപമാണ് തെളിയുന്നത്. കലാകാരനു ഓരോന്നിനോടും തോന്നുന്ന അനുതാപപൂർണമായ സംവേദനം മുഖ്യമാണ്. ഇത് നമ്മളിലേക്ക് പകരുകയാണ്. കാണികളെ അത് ഉണർത്തുന്നു.  വസ്തുക്കളോട് അനുവാചകനു അടുപ്പം തോന്നുന്നു. ചിത്രത്തിലെ വസ്തുവിനോട് കാണിക്ക് ഒരു ആത്മബന്ധം ഉണ്ടാവുകയാണ്. ഈ സൃഷ്ടി അപാരമായ ഒരനുഭവമാണ്. ഇത് ഓരോന്നിനെയും പരസ്പരം ബന്ധിപ്പിക്കുന്നു.
    ഫ്രഞ്ച് ചിത്രകാരനായ ഡെലാക്രോ (Delacroix) പറഞ്ഞു: Exactitude is not truth.ഏതെങ്കിലും ഒരു ബിംബത്തെ കൃത്യമായി വരയ്ക്കുന്നത് കരവിരുത് മാത്രമാണ്. അതിൽ ഉന്നതമായ കലയുടെ ദർശനമില്ല ,സത്യമില്ല .ചുറ്റിനുമുള്ള ലോകത്തോട് കാണികളെ ബന്ധിപ്പിക്കുന്ന വിദ്യയാണ് മാറ്റിസിൻ്റെ അനുതാപപൂർണമായ സംവേദനം .നാം പുറമേ കാണുന്നതോ അനുഭവിക്കുന്നതോ അല്ല യഥാർത്ഥജീവിതമെന്നും അതിനടിയിൽ കാമ്യമായ, ത്രസിപ്പിക്കുന്ന മറ്റൊരു മേഖലയുണ്ടെന്നും തെളിയുകയാണ്. സൃഷ്ടിയെ പുതിയൊരു മാനത്തിൽ കാണണം. അതിൽ ഉൾപ്പെടുന്ന വസ്തുക്കൾ പരസ്പരം സംക്രമിക്കുകയാണ്. അതിൻ്റെ അവാച്യമായ ആനന്ദാനുഭവവും ബന്ധവും ഒരു പുതിയ സിംഫണിയാണ്. ചലനങ്ങളുടെ ഒരു പുതിയ ക്രമമാണ്. ജീവിതത്തിൽ പുറമേ കാണാത്തത് തേടിച്ചെന്ന്  സ്ഥിരീകരിക്കുകയാണ്.
    "പാരമ്പര്യത്തിന്റെ സമഗ്രമായ അറിവിനകത്ത് ഞാൻ എൻ്റെ യുക്തിയും സ്വാതന്ത്ര്യവും ഉറപ്പിക്കാനാണ് ശ്രമിച്ചത്." കലാകാരന്റെ യുക്തി പ്രവർത്തിക്കുന്നത് സമൂഹത്തിന്റെയോ രാഷ്ട്രത്തിന്റെയോ പരിധിക്കകത്തല്ല;അത് ഉയർന്നു പറക്കുന്ന ഒരു പക്ഷിയെ പോലെയാണ്. അത് ഏകാന്തതയുടെ ആഹാരം കഴിച്ചു വേറിട്ട് പറന്നു ജ്ഞാനം സ്വരൂപിക്കുന്നു. ഇത് ബോധമണ്ഡലത്തിന്റെ വികാസമാണ്. അനുതാപപൂർണമായ സംവേദനവും സംക്രമണത്തിന്റെ പാരസ്പര്യവു (reciprocal interpenetration)മാണ് മാറ്റിസിൻ്റെ കലയെ ഉന്നതമായ ആത്മീയതലത്തിൽ പ്രവേശിപ്പിക്കുന്നത്. മനുഷ്യനെ അതീതമായ ഒരു പ്രതലത്തിലേക്ക് ആനയിക്കുകയാണ്, ഇവിടെ ,കല. ഈ അവബോധമുണ്ടാകുമ്പോഴാണ്  ഭൗമജീവിതത്തെ സമഗ്രമായി അറിയാനും അതിനു മുകളിലേക്ക് നോക്കാനും പ്രാപ്തമാവുന്നത്.

    വസ്തുക്കൾ പരസ്പരബന്ധത്തിൽ 

    കലയിൽ ഏറ്റവും പ്രധാനമായ ഒരു കാര്യമാണ് വസ്തുക്കൾ തമ്മിലുള്ള ബന്ധം. പ്രകാശത്തെക്കുറിച്ചും ഇടത്തെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകൾ മാറേണ്ടതുണ്ട് ,നാം ജീവിച്ച പശ്ചാത്തലത്തിൽ നിന്നു വിഭിന്നമായി. ഒരു വസ്തുവിന്റെ ആന്തരികതയിലേക്ക് നമുക്കെങ്ങനെ  ഇറങ്ങിച്ചെല്ലാനാവും? അതിനാണ് നമ്മളിൽ അനുതാപം എന്ന വികാരം പ്രവർത്തിക്കേണ്ടത്. അത് നമ്മെ തടസ്സങ്ങളില്ലാതെ വസ്തുക്കളിലേക്ക് കടന്നുചെല്ലാൻ സഹായിക്കുന്നു. വസ്തുവിനെക്കുറിച്ചുള്ള വ്യത്യസ്തമായ ബോധമാണ് സൃഷ്ടിക്കപ്പെടുന്നത്.

    മാറ്റിസിൻ്റെ Woman Reading എന്ന ചിത്രം നോക്കുക . ഒരു സ്ത്രീ തന്റെ ചെറിയ മുറിയിലിരുന്നു എന്തോ  വായിക്കുകയാണ് .പിന്നിൽ നിന്നാണ് നാം ചിത്രം നോക്കി കാണുന്നത്. അതിലെ നിറങ്ങൾ അതിൻ്റെ ലയം ആഴത്തിൽ സംവേദനം ചെയ്യുന്നു."വസ്തുക്കളെ രണ്ടു രീതിയിൽ കാണാം. ഒരു നൃത്തത്തെ നിങ്ങൾക്കു നിശ്ചലതയിൽ ഭാവന ചെയ്യാം. ഈ നൃത്തം നിങ്ങളുടെ മനസ്സിലാണോ  ശരീരത്തിലാണോ? നിങ്ങൾ കാലുകൾ കൊണ്ട് നൃത്തം ചെയ്താണോ അത് മനസ്സിലാക്കുന്നത് ?വികാരം കൊള്ളാൻ നിശ്ചലത തടസ്സമല്ല ."
    ചിത്രത്തിലെ സ്ത്രീയുടെ മുന്നിൽ വീതി കുറഞ്ഞ ,ഉയരമുള്ള ഒരു ചെറിയ മേശയുണ്ട്. അതിൽ ഒരു കൂജയും ഫോട്ടോയും മറ്റു സാധനങ്ങളുമുണ്ട്. ബർഗ്സൺ പരിചയപ്പെടുത്തിയ അന്തർദർശനം (Intuition)എന്ന ആശയം മാറ്റിസിൻ്റെ കലാരഹസ്യത്തിലേക്ക് സഞ്ചരിക്കുന്നവർക്ക് കൂടുതൽ ഉൾക്കാഴ്ച നൽകാതിരിക്കില്ല. അത് വ്യക്തമാക്കുന്ന ഒരു ചിത്രമാണിത്.  ഈ ചിത്രത്തിൽ വസ്തുക്കളോടുള്ള  അനുതാപമുണ്ട് .വസ്തുക്കൾ പരസ്പരം ഒരു ബന്ധത്തിലാണ്.ഇരുട്ടും  നിഴലും വെളിച്ചവും ഒരു പ്രത്യേക ചേരുവയിൽ റിഥം സൃഷ്ടിക്കുകയാണ്.

    ഒരു ചിത്രം നമ്മളിൽ ആന്തരികമായ ഒരു ഉണർത്തലാകണം.വിശ്വാസികളല്ലെങ്കിൽ പോലും അവർക്ക് ആത്മീയമായ ഒരു ഉയർത്തൽ(spiritual  elevation)അനുഭവപ്പെടും. വായിക്കുന്ന സ്ത്രീയോട് കാണിക്ക് ഇഷ്ടം തോന്നും. ചിത്രത്തിലെ ഓരോ വസ്തുവും മറ്റൊന്നിനോട് ഒരു ബന്ധം പുലർത്തുന്നതായി അനുഭവപ്പെടുന്നു. അത് ഒരു നിമിഷവും ഒരിടവുമായി ഒന്നിച്ചുചേർന്നിരിക്കുന്നു. അതിൽ സഹാനുഭൂതി എന്ന വികാരം ജ്വലിക്കുകയാണ് .അതിൽ  വസ്തുക്കളുടെ പരസ്പര സംക്രമണത്തിന്റെ അലൗകികമാനമുണ്ട്. 


    എന്താണ് സാഹിത്യം ,കല ? 11/ എം.കെ. ഹരികുമാർ

     

    മനസിൻ്റെ നൃത്തമാണ് ഭാഷ 




    ഭൗതികജീവിതത്തിൽ എല്ലാം പരിഹരിച്ചശേഷം കലയെക്കുറിച്ച് ചിന്തിക്കാം ,എന്തെങ്കിലും എഴുതാം  എന്നു വിചാരിക്കുന്നവരുണ്ട്. ചിലർ ജോലിയിൽനിന്നു വിരമിച്ച ശേഷമാണ് വായന തുടങ്ങുന്നത്. അപ്പോൾ എന്താണ് വായിക്കേണ്ടതെന്നു നിശ്ചയമുണ്ടായിരിക്കില്ല .തൻ്റെ കൺമുന്നിലെ തെരുവിൽ എന്തുവിൽക്കുന്നുവോ അതാണ് മഹത്തരം എന്ന ധാരണയായിരിക്കും ഉണ്ടായിരിക്കുക. അനപ്പുറം ആ വായനക്കാരനു ഒരു ലക്ഷ്യമുണ്ടായിരിക്കില്ല.

    എങ്ങോട്ടൊക്കെയോ വായിച്ചു പോകും. എവിടെയെത്തിയാലെന്താണ്? ആർക്കാണ് നഷ്ടം ?വളരെ നിഷ്കളങ്കമായി ,ആശയപരമായ ലക്ഷ്യങ്ങളില്ലാതെ വായിക്കുന്നവരാണ്  ഒരു നോവലിനെ പെട്ടെന്ന് ഇരുപത്  പതിപ്പിലെത്തിക്കുന്നത് .ഇവർക്ക് യാതൊരു ആകുലതയുമില്ല. മൂല്യനിർണയമോ ചിന്തയോ ഇവരെ അലട്ടുന്നില്ല. ഈ ഗണത്തിൽപ്പെട്ട എഴുത്തുകാരുമുണ്ട്. അവർ നാലു ദിക്കിലേക്കും നോക്കി എഴുതുകയാണ്.'മയൂരസന്ദേശം' എന്നോർത്താൽ മതി ,ഉടനെ അതിനെക്കുറിച്ച് എഴുതും. വള്ളംകളിയെക്കുറിച്ച് അപ്പോൾ ഒരു പുസ്തകം എഴുതുന്നുണ്ടാകും. പ്രവാസികളെക്കുറിച്ച് എഴുതാതിരിക്കാനാകുമോ?രണ്ടോ മൂന്നോ ആത്മകഥകളും ആട്ടക്കഥകളും അണിയറയിലുണ്ടാകും. ഇതിനിടയിൽ കവിതകളും എഴുതും!

    ഇത്തരം എഴുത്തുകാരെക്കൊണ്ട് യാതൊരു പ്രയോജനവുമില്ല .ഇവർക്ക് എഴുത്ത് എന്താണെന്നറിയില്ല. അത് കുറേക്കൂടി ഏകാഗ്രത ആവശ്യപ്പെടുന്ന , ദർശനികമായ ആശയങ്ങൾ ഉൾക്കൊള്ളുന്ന ഒരു കർമ്മമാണെന്നറിയില്ല.

    എഴുതുക എന്ന യാന്ത്രികമായ ഒരു പ്രവൃത്തിയെ മാത്രമാണ് അവർ കാണുന്നത് .അവർ അതിനെ ജന്മവാസനയായി തെറ്റിദ്ധരിക്കുന്നു. അവർക്ക് ലക്ഷ്യമില്ല .അവർ സാഹിത്യരംഗത്ത് ഒരു പ്രതീക്ഷയും അവശേഷിപ്പിക്കാത്തവരാണ് .അവർ പ്രമേയത്തിന്റെ, ഭാഷയുടെ ,ചിന്തയുടെ മനോഭാവത്തെക്കുറിച്ച് വിവരമില്ലാത്തവരാണ് .അവർക്ക് വീക്ഷണം തന്നെ വേണമെന്നില്ല.

    എന്നാൽ യഥാർത്ഥ എഴുത്തുകാരൻ എന്തെഴുതിയാലും അത് ഒരു ലക്ഷ്യത്തിലേക്ക് കുതിക്കൊള്ളുന്ന അമ്പു പോലെയായിരിക്കും .അത് ഒരു കേന്ദ്രത്തെ ആകർഷിക്കാതിരിക്കില്ല. അതുവരെ ഉണ്ടെന്നു തോന്നിച്ച ഒരു ലക്ഷ്യത്തെമിഥ്യയാണെന്നു തെളിയിച്ചിരിക്കും.അത് പൊതുവിശ്വാസത്തെയാണ്  നശിപ്പിക്കുന്നത്. 

    എഴുതുക എന്ന പ്രക്രിയയിലല്ല എഴുത്തുള്ളത്. വാക്കുകൾ നിരത്തുന്നതിലല്ല എഴുത്ത്.അത്  ഭാഷയായി രൂപാന്തരപ്പെടണം. ഭാഷയായി മാറുന്ന വേളയിൽ വാക്കുകൾക്ക് നേത്രോന്മീലനം സംഭവിക്കുന്നു .അതുവരെ കണ്ണില്ലാതിരുന്ന വാക്കിനു എഴുത്തുകാരൻ സ്പർശിക്കുന്നതോടെ   കണ്ണുണ്ടാകുന്നു.അത് അപാരമായ കാഴ്ചകൾ തരുകയാണ്. സൂക്ഷ്മജീവികളുടെയും യഥാർത്ഥ്യങ്ങളുടെയും ഒരു ലോകം പെട്ടെന്നു രൂപപ്പെടുന്നു.

    എഴുതുമ്പോൾ, അതുവരെ നിലനിന്നത് മായ്ച്ചുകളയുകയാണ് ചെയ്യേണ്ടത്. മറ്റുള്ളവർ എഴുതിയ കടലാസുകളാണ് നമ്മുടെ മുന്നിലുള്ളത്. ഒരു ശൂന്യമായ കടലാസിനെ പോലും വിശ്വസിക്കരുത്. അതിൽ നൂറ്റാണ്ടുകളായി എഴുതുന്നവരുടെ ചിന്തകൾ പുഴുവരിച്ചു കിടപ്പുണ്ടാകും .അതിൻ്റെ ദുർഗന്ധമുണ്ടാകും. മണം പിടിക്കാൻ കഴിവുള്ള ആ എഴുത്തുകാർ ആ കടലാസിൽനിന്നു അതെല്ലാം നീക്കം ചെയ്യാനുള്ള വിദ്യ പ്രയോഗിക്കും. 

    ശൂന്യമായ പേപ്പർ എന്ന സ്വപ്നത്തിനു വേണ്ടിയാകണം ആദ്യത്തെ കലാപം. അവിടെയാണ് സ്വാനുഭവങ്ങൾ തിളച്ചു മറിയുന്നത്. 

    മണ്മറഞ്ഞ എഴുത്തുകാരോടു ബഹുമാനമുണ്ട് .അവരുടെ കൃതികൾ തല്ല വായനക്കാർ പരിശോധിച്ചു കൊണ്ടിരിക്കും. 

    വായിക്കുമ്പോൾ സന്തോഷം തരുന്ന രചനകളും കണ്ടേക്കാം. പക്ഷേ അത് തപ്പി നടക്കുന്നതുകൊണ്ട് മാത്രം ഒരാൾക്ക് മികച്ച എഴുത്തുകാരനാകാൻ കഴിയില്ല. ശൂന്യമായ കടലാസ് പിടിച്ചു വാങ്ങണം. മറ്റുള്ളവർ എഴുതിയത് തുടച്ചുനീക്കണം. അങ്ങനെ സ്വന്തം ചിന്തകൾക്ക് മാത്രമായി ഒരിടം സങ്കല്പിക്കണം. എഴുത്ത് ഒരേ സമയം നശീകരണവും സൃഷ്ടിപ്രവർത്തനവുമാണ്. 

    പതിറ്റാണ്ടുകളായി നിലവിലുള്ള ഭാഷയുടെ, ഭാവനയുടെ  ആവർത്തനത്തിൽനിന്നു രക്ഷപ്പെടണം. അതോടൊപ്പം വളരെ പുതിയ ഒരു സാഹചര്യവും അനുഭൂതിയും സൃഷ്ടിക്കണം. ഭാഷയുടെ സംഗീതവും ശില്പവും പ്രധാനമാണ്. എന്തിനെക്കുറിച്ചു രാപ്പകലില്ലാതെ  എഴുതിക്കൊണ്ടിരിക്കുന്നവർക്ക് ഭാഷയുടെ സംഗീതമോ അതീന്ദ്രിയജ്ഞാനമോ പ്രശ്നമാകേണ്ടതില്ല. അവരെ വാക്കുകൾ വെറുതെ നിരത്തുകയാണ് ചെയ്യുന്നത്.

    അതിൽ അർത്ഥകൽപ്പനയ്ക്ക് വേണ്ട യാതൊന്നും ഉണ്ടായിരിക്കില്ല. അത്  ചിന്തിപ്പിക്കാത്ത വാക്കുകളുടെ ഒരു വലിയ കൂട്ടം മാത്രമായിരിക്കും.


    മലയാളം ഭാഷയിലെഴുതുമ്പോൾ ഇവിടുത്തെ മണ്ണും ഭൂവിഭാഗവും പ്രകൃതിയും ഗന്ധവും രുചിയും കടന്നു വരേണ്ടതാണ്.ഗദ്യത്തിൽ ഒരാടിമാസക്കാറ്റ് ഉണ്ടാകണം .അതിൽ കാറ്റിൻ്റെ ത്രസിപ്പിക്കുന്ന നൃത്തത്തെ ആവിഷ്കരിക്കാൻ കഴിയണം. ഓണക്കാലത്തെ തെളിഞ്ഞ ആകാശം വേണം. വാക്കുകൾ എവിടെനിന്നു ഊർജ്ജം വലിച്ചെടുക്കുന്നു എന്ന് നല്ല വായനക്കാരനു അനുഭവപ്പെടണം. 

    എന്നാൽ സംഭവിക്കുന്നത് മറ്റൊന്നാണ്. പലരും ചിന്തിക്കുന്നു ,അത് മലയാളവാക്കുകളിലൂടെ പുറത്തുവിടുന്നു. ഈ വാക്കുകൾ മലയാളമായതുകൊണ്ടാണ് മലയാളകൃതിയായി നിൽക്കുന്നതെന്നു ശ്രദ്ധിച്ചുനോക്കിയാൽ മനസ്സിലാകും. മലയാളഭാഷയുടെ പ്രത്യക്ഷവും ബാഹ്യവുമായ ഒരാവരണം മാത്രമാണത്.
    അതിനപ്പുറം അതിൽ മലയാളമില്ല. ഒരു സങ്കീർണമായ യന്ത്രം പോലെ ആ ഭാഷ അപരിചിതമായിരിക്കും. ഇന്നത്തെ സാഹിത്യലേഖനങ്ങൾ രാഷ്ട്രീയലേഖനങ്ങൾ പോലെ വിരസമാകാൻ കാരണമിതാണ്. ഇത്തരം ഗദ്യം തമിഴിലേക്ക് പരിഭാഷപ്പെടുത്തിയാൽ അത് തമിഴിൽ എഴുതിയതാണെന്നും ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തിയാൽ ഹിന്ദിയിൽ എഴുതിയതാണെന്നും തോന്നും. ലിപികളിൽ മാത്രമാണ് ആ ഗദ്യം  ജീവിച്ചിരിക്കുന്നത് .അതിനപ്പുറം അതിൽ കലയോ വികാരമോ ഇല്ല. 

    ഒരു വരി എഴുതണമെങ്കിൽ മനസ്സിൽ അതിനു പര്യാപ്തമായ ഒരു നൃത്തം  സംഭവിച്ചിരിക്കണം .മനസ്സിൻ്റെ നൃത്തമാണ് ഭാഷ. ഗദ്യം എന്ന ബാഹ്യരൂപമല്ല ഭാഷ.ഗദ്യത്തെ കലാപരമായും ചിന്താപരമായും പുന:സംഘടിപ്പിക്കേണ്ടതുണ്ട്. അവിടെ  ഭാഷ നമ്മോട് സംവദിക്കുന്നു. ആൽബേർ കമ്യു എഴുതി: 

    "ശീതകാലത്തിൻ്റെ നടുവിൽ ഞാൻ അപാരമായ ഒരു കാഴ്ച കണ്ടു, എന്നിൽ തന്നെ. അപരാജിതമായ ഒരു വേനൽ." ഇവിടെ വാക്കുകൾ പുതിയ പിറവിയിലാണ്. എഴുതുമ്പോൾ ഒരു വ്യക്തി അതിൽ മുഴുകുന്നുണ്ട്. അത് എഴുത്തുകാരൻ മാത്രമാണ്. എഴുത്തുകാരൻ സ്വയം അറിയണം. അയാളാണ് വാക്കുകൾ ഉപയോഗിക്കുന്നതെന്നു ബോധ്യപ്പെടണം. തൻ്റെള്ളിലെ നൃത്തവും സംഗീതവും സാഹിത്യത്തെയാണ് ആവിഷ്കരിക്കുന്നതെന്ന ധാരണയിലെത്തണം .ജീവിച്ചതിനെക്കുറിച്ചാണ് എഴുതേണ്ടത് .

    മാത്യു ആർനോൾഡ് 'ഡോവർ ബീച്ച്' എന്ന കവിതയിൽ എഴുതുന്നത് ശ്രദ്ധിക്കണം. ഡോവർ തീരത്ത് കവി കാണുന്നതും കേൾക്കുന്നതും മനുഷ്യൻ്റെ നിത്യമായ വിഷാദമാണ്. ഓരോ തിരയിലും ചരൽക്കല്ലിലും  അത് കേൾക്കുന്നു.

    "സോഫോക്ളിസ് വളരെകാലം മുമ്പ് ഈജിയനിൽ അത് കേട്ടതാണ്
    അത് ആ മനസ്സിലേക്ക് 
    കോരി നിറച്ചത് മനുഷ്യദുരിതത്തിന്റെ പ്രക്ഷുബ്ധമായ തിരയേറ്റവും ഇറക്കവുമാണ് 
    നമ്മളും ആ ശബ്ദത്തിൽ ഒരു സന്ദേശം സ്രവിക്കുന്നു. 
    വിദൂരമായ വടക്കൻ കടൽ
    അത് പ്രസരിക്കുകയാണ് "

    ഫ്രഞ്ച് ചിത്രകാരനായ ഫ്രാൻസിസ് ബേക്കൺ തൻ്റെ ആന്തരികവിധിയെക്കുറിച്ച് പറയുന്നത് ശ്രദ്ധിക്കണം. അദ്ദേഹത്തിനു കലാപ്രവർത്തനം തൻ്റെ ജീവിതത്തിൻ്റെ ഒരു ഭാഗം ചീന്തിയെടുക്കുന്നതോ തന്നിൽ തന്നെ തുരങ്കമുണ്ടാക്കുന്നതോ സ്വയം അന്വേഷിക്കുന്നതോ ആയിരിക്കും. അദ്ദേഹം ശൂന്യമായ ക്യാൻവാസിലാണ് വരയ്ക്കുന്നത്; മുമ്പുണ്ടായിരുന്ന ചിത്രകാരന്മാരുടെ ചിത്രങ്ങൾ തുടച്ചു മാറ്റുന്ന ഒരു പ്രക്രിയ അബോധത്തിൽ നടക്കുന്നു. 

    "തീർച്ചയായും, ഞാൻ യാതന  അനുഭവിക്കുന്നു .ഈ യാതന കാരണം ഞാനൊരു മികച്ച കലാകാരനായിട്ടുണ്ടോ എന്നു നോക്കിയിട്ടില്ല. മന:ശക്തി കൊണ്ടും  എന്നിൽ തന്നെ പ്രവർത്തിച്ചുകൊണ്ടുമാണ് വരയ്ക്കുന്നത്. ഒരാളുടെ ജീവിതവും അയാളുടെ രചനയും തമ്മിൽ ഒരു ബന്ധമുണ്ട്. എന്നാൽ അത് എപ്പോഴും വ്യക്തവുമല്ല. കാരണം കല ഒരു നിർമ്മിതിയാണ്. അത് ഒരു സ്ത മറക്കാൻ തുടങ്ങും. ജീവിതത്തിൽ നിന്ന് ഒരു സൃഷ്ടി ചെയ്യാൻ കഴിഞ്ഞാൽ നന്നായിരിക്കും. അങ്ങനെ നോക്കിയാൽ ,ഞാൻ എൻ്റെ ജീവിതമാണ് പെയിൻറ് ചെയ്തത്. ഞാൻ എൻ്റെ സ്വന്തം ജീവിതകഥ  എന്റെ ക്യാൻവാസിൽ പെയിൻ്റു ചെയ്തു .പലർക്കും ചിത്രകലയിൽ എന്താണ് സംഭവിക്കുന്നതെന്നറിയില്ല. അവർ കരുതുന്നത് ഒരു കലാകാരന്റെ മാനസികാവസ്ഥയാണ് ,വികാരമാണ് കാൻവാസിലേക്ക് പകർത്തുന്നതെന്നാണ്. അത് അങ്ങനെയല്ല ;കലാകാരൻ ചിലപ്പോൾ വല്ലാത്ത നിരാശയിലായിരിക്കും. പക്ഷേ ചിത്രം കാണികളിൽ സന്തോഷമുളവാക്കുന്നതായിരിക്കും. "


    ജീവിക്കുന്ന പ്രക്രിയ തന്നെ അക്രമാസത്വമാണെന്നു പ്രഖ്യാപിച്ച കലാകാരനാണ് ഫ്രാൻസിസ് ബേക്കൺ ."എന്നിൽ ഒരു സംഘട്ടനം  നടക്കുന്നു. അതുകൊണ്ടാണ് ഞാൻ കുടിക്കുന്നത്- " അദ്ദേഹം അറിയിക്കുന്നു .നിരാശയും ആഗ്രഹവും ഒരു കലാകാരനെ എങ്ങനെയാണ് കൂടുതൽ കരുത്തോടെ വരയ്ക്കാൻ സഹായിക്കുന്നതെന്നു അറിയേണ്ടതുണ്ട്. കാൻവാസിൽ എത്തുന്നതിനു മുമ്പ് അയാൾ ഒരു അവ്യവസ്ഥയിലൂടെ, അരക്ഷിതാവസ്ഥയിലൂടെ  കടന്നുപോകുന്നു. തന്നിൽ രൂപപ്പെട്ടുവരുന്ന അപൂർണ്ണതയുടെ അറിവിൽ അയാൾ നീറുന്നുണ്ടായിരിക്കും. കലാകാരൻ സ്വയം അറിയേണ്ട വസ്തുതയാണ് ആഭ്യന്തരസംഘർഷങ്ങൾ എങ്ങനെയാണ് സഹായിക്കുന്നതെന്നതിനെക്കുറിച്ച് .

    ബേക്കൺ വ്യക്തമായി പറയുന്നുണ്ട്:
    "The feelings of desperation and unhappiness are more useful to an artist than the feeling of contentment ,because desperation and unhappiness stretch your whole sensibility.

    മനസ്സിൽ സന്തോഷത്തേക്കാൾ  വിഷാദം നിറഞ്ഞിരിക്കുമ്പോഴാകും കലാകാരൻ രചനാപരമായി കൂടുതൽ അവബോധം നേടുന്നത് .ജീവിതത്തെക്കുറിച്ചുള്ള അറിവും ചിന്താപരമായ സൂക്ഷ്മതയുമാണ് ഒരു രചനയ്ക്കാവശ്യം .വിഷാദാത്മകത  ജീവിതത്തെക്കുറിച്ചുള്ള വീക്ഷണത്തെ മാറ്റിമറിക്കും. അത് ഉൾക്കാഴ്ച നൽകിക്കൊണ്ടിരിക്കും. ജ്ഞാനത്തിൽ നിന്നുണ്ടായ ദുഃഖം ഒരു കലാകാരന്റെയുള്ളിൽ ജാതിയോ മതമോ ഇല്ലാത്ത ഒരു പരിവ്റാജനെ സൃഷ്ടിക്കുന്നുണ്ട് .അതാണ് അവൻ്റെ ഊർജ്ജം.

    അവൻ്റെയുള്ളിൽ ഒരു രാസപ്രവർത്തനമാണ് സംഭവിക്കുന്നത്. ജീവിതത്തിന്റെ ആഴത്തിലുള്ള അമ്ളരുചി അനുഭവിക്കാനായി സ്വയം നിയോഗിക്കുകയാണ്. കലയിൽ ഈ വേദനയും ആവാഹിക്കലുമുണ്ട്. ചിലപ്പോൾ ഈ വേദനയുടെ സൗന്ദര്യത്തിൽ അകപ്പെട്ടു പോകുന്ന ഒരാൾ അതിൽനിന്ന രക്ഷനേടാനാകാതെ വിവശനാകാം.  അതാണ് കലാകാരന്റെ eccentricity .അത് സർഗ്ഗാത്മകമായ അവബോധത്തിൻ്റെ ആഘാതമാണ്. അതുകൊണ്ടാണ് ബേക്കൺ പറഞ്ഞത്, തന്റെ ചില വർണ്ണങ്ങൾ നേരിട്ട് നാഡീവ്യവസ്ഥയിലേക്ക്  പ്രവേശിക്കുകയാണെന്ന് .അതിലൂടെ ,എന്താണോ വരക്കേണ്ടത് അത് ബുദ്ധിയിൽ ഉദ്ദീപിപ്പിക്കപ്പെടുകയാണ്. എന്തിനാണ് അയാൾ വരയ്ക്കുന്നത്? അത് അറിഞ്ഞതിനെ വിപുലീകരിക്കുകയും ആഴമുള്ളതാക്കുകയുമാണ്.

    "മഹത്തായ കാല ഒരു തരത്തിലുള്ള ബോധകേന്ദ്രീകരണമാണ്. എന്താണ് മനസ്സിലാക്കിയത് അതിനെ വീണ്ടും കണ്ടെത്തുകയാണ്, പുതിയ അർത്ഥത്തിൽ .നാം അസ്തിത്വത്തെക്കുറിച്ചുള്ള എന്താണോ ധരിച്ചിട്ടുള്ളത് അത് വീണ്ടും ആവാഹിക്കുന്നു ."

    ബേക്കണിന്റെ ഈ പുന:സന്ദർശനങ്ങൾ കാഴ്ചയുടെ അതിരുകൾ മായിച്ചുകളയുന്നു. ബേക്കൺ ശൈലിയിലൂടെയാണ് യാഥാർത്ഥ്യത്തെ അന്വേഷിച്ചത്. 1933 ൽ ഇരുപത്തിനാലു വയസ്സുള്ളപ്പോൾ  വരച്ച 'യേശുവിൻ്റെ കുരിശാരോഹണം' എന്ന ചിത്രം ഒരു പൊളിച്ചെഴുത്താണ്. ഹൃദയത്തിൻ്റെ ആഴത്തിൽ യേശുവിനൊപ്പം താനും കുരിശേറി എന്ന ചിന്തയാണ് അദ്ദേഹം പങ്കുവെക്കുന്നത് .ചരിത്രത്തിലെ മുഴുവൻ കാൻവാസികളിൽനിന്നും, യേശുവിൻറെ കുരിശാരോഹണം  മായ്ച്ചു കളഞ്ഞശേഷമാണ് ബേക്കൺ  തനിക്ക് വേണ്ടി ആ ക്യാൻവാസ് സൃഷ്ടിച്ചത്.അതുകൊണ്ട് ആ കുരിശുമരണത്തിൽ യേശുവോ താനോ എന്ന ഭേദത്തിനു പ്രസക്തിയില്ല. താൻ കൂടി ഉൾപ്പെട്ട ഒരു കുരിശുമരണമാണത്. കാരണം, യേശുവിൻ്റെ കുരിശുമരണം തൻ്റെ ഹൃദയത്തിനുള്ളിലാണ് സംഭവിച്ചിരിക്കുന്നത്. ചിത്രകാരനു അതിൽനിന്നു രക്ഷപ്പെടാനാവില്ല.

    Head 1(1948)ചിത്രമാകട്ടെ, തന്റെ കാലത്തെ ക്രൂരതകളുടെയും ആരെ വിളിച്ചാലും വിളി കേൾക്കാത്ത ശൂന്യതയുടെയും സംവേദനരഹിത്യത്തിന്റെ വീഴ്ചയുടെയും കരച്ചിലിന്റെയും അകെത്തുകയാണ് .ഇരുപതാം നൂറ്റാണ്ടിലെ രാഷ്ട്രീയാധികാരം , ജനങ്ങൾ എന്ന അടിമവിഭാഗത്തിൻ്റെ മേൽ കെട്ടിവച്ചത് വാ പിളർക്കുന്ന ഒരു ആക്രമണമായി ബേക്കൺ അനുഭവിച്ചു. അതുകൊണ്ട് അദ്ദേഹത്തിന്റെ ചിത്രത്തിൽ മുഴുവൻ തലയും കാണിച്ചിട്ടില്ല. സ്ഥാനം തെറ്റിയ പോലെ ഭയപ്പെടുത്തുന്ന വായും പല്ലുകളും കാണാം. വേദനയോടെ പുളഞ്ഞപ്പോൾ തുറിച്ച ഒരു കണ്ണു കാണാം. ഒരു പല്ലിനു അസാധാരണ നീളമുണ്ട്. മുഖം നഷ്ടപ്പെട്ടവരുടെ ജീവിതത്തിൻ്റെ നിത്യമായ ദുസ്വപ്നമായി ഇതിനെ കാണാം. 

    ലോകത്ത് ദൈവത്തെ കാണ്മാനില്ല, ദൈവത്തെ അന്വേഷിക്കുന്നവർ ഏറെയുണ്ടെങ്കിലും. ദൈവം എങ്ങനെയാണ് ദുരിതങ്ങളിൽ ഇടപെടുക? ദസ്തയെവ്സ്കി ഈ ചോദ്യം ഉന്നയിച്ചിട്ടുണ്ട്. ലോകജീവിതത്തിലെ കർമ്മങ്ങളുടെ ഫലം യുക്തിക്ക് നിരക്കാത്തതാണെന്നു  വാദിക്കുകയാണ് ദസ്തയെവ്സ്കി ചെയ്തത്. തെറ്റ് ചെയ്യാത്തവർ പീഡിപ്പിക്കപ്പെടുന്നതിനെ എങ്ങനെ ന്യായമായി കാണാനാകും ? നീതി, പ്രാപഞ്ചികമായ നീതി എവിടെയോ അപ്രത്യക്ഷമായിരിക്കുന്നു. അതുകൊണ്ട് മനുഷ്യനു ദൈവത്തിന്റെ നീതി ലഭിക്കുകയില്ലെന്നു ബോധ്യപ്പെടുകയാണ് .ദൈവം ഉന്നയിച്ച നീതിയും സാഹോദര്യവും സ്നേഹവും മനുഷ്യർക്ക് ആവശ്യമില്ലാതായി . മനുഷ്യൻ അതിനു പകരം അധികാരദുരയും ക്രൂരതയും അഹന്തയുമാണ് പ്രചരിപ്പിക്കുന്നത്.

    എവിടെയൊക്കെ കാലെടുത്തു വയ്ക്കുന്നുവോ അവിടെയെല്ലാം മനുഷ്യൻ അധികാരമാണ് നടുന്നത്. അതുകൊണ്ട് ദൈവത്തിനു അവിടെ സ്ഥാനം കിട്ടുകയില്ല. ദൈവത്തിൻ്റെ പരിധിക്കപ്പുറത്തേക്ക് പോയ മനുഷ്യനുമായി സംവദിക്കാനാവാത്ത ദൈവം ആ ശ്രമം ഉപേക്ഷിച്ചു. ദൈവം ഉപേക്ഷിച്ച മനുഷ്യൻ സ്വന്തം പ്രവൃത്തിയിൽ അർത്ഥം കണ്ടെത്താൻ വിധിക്കപ്പെടുകയാണ്. ഇത് അവൻ്റെ അവസരമാണ്.

    അവനാണ് അതിനു മൂല്യമുണ്ടാക്കേണ്ടത്. വിചിത്രവും സ്തംഭിച്ചുപോകുന്നതുമായ യുക്തിയും അർത്ഥവും അവനു മാത്രമേ കണ്ടെത്താനാവൂ. ഹിംസയെ അംഗീകൃതമായ, ഔദ്യോഗികമായ ആദർശമാക്കാൻ കഴിവുള്ള മനുഷ്യൻ്റെ ചതിയാണ് ബേക്കണിൻ്റെ ചിത്രങ്ങളിൽ  കാണാനാവുന്നത്. അമൂർത്തതയും സറിയലിസവും ഇംപ്രഷണിസവും കൂടിക്കുഴഞ്ഞു കിടക്കുകയാണ് ആ ചിത്രങ്ങളിൽ .അത് വികാരത്തിൻ്റെ പൊട്ടിത്തെറിയായി മാറുന്നത് അതിശയിപ്പിക്കും.

    Head V1 എന്ന ചിത്രത്തിലും മനുഷ്യരാശി അഭിമുഖീകരിക്കുന്ന ഭയത്തെയാണ് ആഖ്യാനം ചെയ്യുന്നത്. ഈ ഭയം ഒരു സംഭവത്തിലൂടെയോ വസ്തുവിലൂടെയോ സൃഷ്ടിക്കപ്പെടുന്നതല്ല. ഇത് ജീവിതത്തേക്കാൾ വലിയ പ്രതിഛായ നേടുന്ന ഭയമാണ്. ഒരു വ്യക്തിയുടെ ഭീതിയല്ല അനാവൃതമാക്കുന്നത്.  അതിനും അപ്പുറമാണ്.ഒരു കാലഘട്ടത്തിൻ്റെ ഭയവും നിലവിളിയുമാണ് അതിൽ തുടിച്ചു നിൽക്കുന്നത്. 

    ഇങ്ങനെയാണ് ഒരു കലാകാരൻ തന്റെ കാലത്തിൻ്റെ സൂചനകൾ പിടിച്ചെടുക്കുന്നത്. വ്യക്തിപരമായ അനുഭവത്തെ സമൂഹത്തിന്റെ, ലോകത്തിൻ്റെ അനുഭവമായി ചേർത്തു വയ്ക്കുന്നു.അതിനു ഒരു സർവ്വലോകസ്വഭാവം കൊടുക്കുന്നു. എവിടെയുമുള്ള മനുഷ്യൻ തൻ്റെയുള്ളിൽ വളരെ ഏകാന്തമായി അത് നേരിടുന്നുണ്ട് .അത് അവൻ പുറത്തുപറയുകയില്ല .എവിടെയും പറയാനാവില്ല. പൊതുസ്ഥലത്തോ കുടുംബത്തിലോ പറഞ്ഞാൽ ഒറ്റപ്പെടും. അതാരും പരസ്യമായി ചർച്ച ചെയ്യുകയില്ല .ഓരോ വ്യക്തിയും ഓരോ കൂട്ടത്തിന്റെ അടിമയായി തുടുകയാണല്ലോ .അവിടെ നേരിടുന്ന യാതനകൾ ഒരു ക്രമമാണ്. അത് നല്ല മനസ്സോടെ സ്വീകരിക്കുകയാണെന്നു തെളിയിക്കേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണ് .

    അങ്ങനെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കുകയാണ് .അതാണ് ഉത്തമനായ ഒരംഗത്തിന്റെ ചുമതല. തുടർന്ന് നേരെ നിൽക്കുമ്പോൾ തന്നെ മുഖം ഉള്ളിലേക്ക് കമഴ്ത്തി വച്ചിരിക്കുകയാണ്. നേര് ,സ്വാതന്ത്ര്യം, അഭിപ്രായ രൂപീകരണം തുടങ്ങിയവയെ ക്കുറിച്ചുള്ള തെറ്റായ ധാരണയുടെ ഒരു മികച്ച അടിമയുടെ സ്വഭാവം.

    ബേക്കൺ വരച്ച,സറിയലിസ്റ്റ് ചിത്രകാരൻ്റെ മിഷേൽ ലീറിസി(Michel Leiris)ൻ്റെ ഛായാചിത്രം ഈ ഭീഷണമായ അവസ്ഥയുടെ ആന്തരികതയിലേക്ക് നമ്മെ നയിക്കുകയാണ്. മുഖത്തിന്റെ ഇടതുവശം അവ്യക്തമാണ് .വലതു ഭാഗമാകട്ടെ ഒരു തുറിച്ചുനോട്ടത്തിന്റെ വക്കിലാണ്. ഭയവും അന്ധാളിപ്പും പ്രകടമാണ് .ഭയപ്പെടുത്തുന്ന തലയോട്ടി  കാണാം.ചുണ്ടുകൾ  വക്രീകരിച്ചിരിക്കുകയാണ്. ഇത് മുഖം നഷ്ടപ്പെടൽ മാത്രമല്ല ,മാനസികമായ സന്തുലിതാവസ്ഥ അകന്നുപോയതിൻ്റെ  നടുക്കമാണ് പകരുന്നത്. അധികാരത്തിന്റെ അടിച്ചമർത്തൽ തലയിൽ കൊണ്ടുനടക്കുന്ന ഒരു അടിമയുടെ പൊങ്ങച്ചവും പരിഷ്കാരവും അവസാനിക്കുന്നത് ഈ  ചിത്രത്തിലാണ്. ഇത് മാനവരാശിയുടെ അപകടകരമായ വഴങ്ങലിന്റെയും അനുസരണയുടെയും ഫലമായുള്ള മാനസിക വിഭ്രാന്തി കാണിച്ചു തരുന്നു.

    കലാകാരൻ തന്റെ കാലത്തിന്റെ ഹൃദയത്തിൽ എന്താണ് സംഭവിക്കുന്നതെന്നു ആരായുന്നവനാകണം. അവരുടെ  മുന്നിൽ യാഥാർത്ഥ്യങ്ങൾ അവസാനിക്കുന്നില്ല. അതിൻ്റെ  ഓരോ ഘട്ടത്തിലുമുള്ള അർത്ഥത്തെ വ്യാഖ്യാനിക്കുകയാണ് പ്രധാനം .

    ഈ അവബോധം കേക്കിനെ കലാപരമായ ഉൾക്കാഴ്ചയിലേക്ക് ,പുതിയ ഉണർവ്വിലേക്കാണ് നയിച്ചത്.
    "What I want to do is to distort the thing far beyond the appearance."

    പ്രത്യക്ഷത്തിലുള്ള വസ്തുവിനെയല്ല ബേക്കൺ പരിഗണിക്കുന്നത്, അതിൻ്റെ ശൈഥില്യത്തെയാണ് .ആന്തര പ്രേരണകൾ ഓരോ വസ്തുവിലും നിലീനമാണ്. മറ്റൊരു കോണിലൂടെ നോക്കുകയേ മാർഗ്ഗമുള്ളൂ .അങ്ങനെ അത് ചരിത്രത്തിൽ തന്നെ ഏകാന്തമായ നോട്ടമായിത്തീരുന്നു. ഒരു വസ്തുവിനെയും വിശ്വസിക്കാത്ത കലാകാരനാണദ്ദേഹം .വസ്തുവിനെ അന്ധമായി വിശ്വസിക്കുന്നത് സ്വയം ചതിക്കുന്നതിനു തുല്യമാണ്. എല്ലാ വസ്തുക്കളും നമ്മുടെ ഉള്ളിലാണുള്ളത്. അത് പ്രത്യക്ഷതയെ അവശേഷിപ്പിച്ചുകൊണ്ട് മനുഷ്യമനസ്സുകളിൽ  ഒളിച്ചിരിക്കുകയാണ് .അതിൻ്റെ കനത്ത വാതിലുകളിൽ മുട്ടിക്കൊണ്ടിരിക്കുകയാണ് കലാകാരൻ .

    ബേക്കൺ ഓരോ വസ്തുവിൻ്റെയും അസ്തിത്വത്തെ ,രൂപത്തെ ശിഥിലമാക്കിക്കൊണ്ട് തന്നെ അജ്ഞാതമായ വാസനകളെ തേടുകയാണ്. തനിക്ക് വ്യക്തമായി മനസ്സിലാക്കുന്ന വസ്തുക്കളല്ല അദ്ദേഹം തിരഞ്ഞെടുക്കുന്നത്; തന്നിൽ അവ്യക്തത എന്ന മുറിവ് അവശേഷിപ്പിക്കുന്ന വസ്തുക്കളാണ്.


  • ആവിഷ്ക്കാര സ്വാതന്ത്യം പല്ലുപോയ സിംഹം /എം.കെ.ഹരികുമാർ

     




    എന്താണ് ആവിഷ്കരിക്കാനുള്ളത് ?തോന്നുന്നതെല്ലാം പകർത്തുന്നത് ഈ ഗണത്തിൽപ്പെടില്ല .എന്തെങ്കിലും പുതുതായി പറയാനുണ്ടാകണം.  എന്നാൽ പുതിയതായി യാതൊന്നും കൈയിലില്ലെങ്കിലും ഒരാൾക്ക് എത്രപുറം വേണമെങ്കിലും എഴുതാനൊക്കും. അത് എഴുത്തിനോടുള്ള അതിരുവിട്ട  ആസക്തിയുടെ ഫലമാണ്. പുതിയ ഒരു ആശയമോ ചിന്തയോ സംശയമോ പോലും ഇല്ലാതെ എഴുതുന്നവരാണ് അധികവും .അവർ ആവിഷ്കരിക്കുകയല്ല; തങ്ങളുടെയുള്ളിലെ ഏതോ ഒരു പ്രേരണയിൽ നീങ്ങുന്നവരാണ്. അവർ ലോകത്തെ ആന്തരികമായി ഉണർത്തുന്നില്ല.അവർ സ്വയമൊരു പ്രതിനിധാനമാകുന്നില്ല. മറ്റുള്ളവർ പലപ്പോഴായി എഴുതിയ കാര്യങ്ങൾ ആവർത്തിച്ചു എഴുതിക്കൊണ്ടിരിക്കുകയാണ് .ഈ യാന്ത്രികതയെ മറയ്ക്കാൻ അവർ ചെയ്യുന്ന ഒരു വേലയാണ്  മതദ്രോഹകരമായി എഴുതുക എന്നത്. മതങ്ങളെയോ ദൈവങ്ങളെയോ അപമാനിച്ച് എഴുതിയാൽ വിവാദമുണ്ടാവും. അതിലൂടെ കൂടുതൽ ശ്രദ്ധ കിട്ടുമെന്നു വിചാരിക്കുന്നവരുണ്ട്. സ്വന്തമായി യാതൊന്നും പറയാനില്ലാത്തവർ ഈ വഴി സ്വീകരിക്കാറുണ്ട്. ആശയപരവും തത്ത്വചിന്താപരവും ശൈലീപരവും കലാപരവുമായ അപൂർവ്വ കണ്ടെത്തലുകളെ മാധ്യമങ്ങളോ സാംസ്കാരിക സ്ഥാപനങ്ങളോ എഴുത്തുകാരോ വേണ്ടതുപോലെ ശ്രദ്ധിക്കുന്നില്ല. ചിലർ ഇത്തരം ആഴക്കാഴ്ച്ചകൾ കാണാൻ അശക്തരാണ്.ഇവർ കണ്ടുപിടിക്കുന്ന രക്ഷാമാർഗ്ഗമാണ് ആവിഷ്കാരസ്വാതന്ത്ര്യം എന്ന പിടിവള്ളി .ആവിഷ്കാരസ്വാതന്ത്ര്യം എന്ന തുറുപ്പു കൈയിലുണ്ടെന്നു കരുതി എന്തും എഴുതാമെന്നു വിചാരിക്കേണ്ട .അങ്ങനെയൊരു സ്വാതന്ത്ര്യം എവിടെയുമില്ല .

    സ്റ്റാറ്റസ്കോ ഉപേക്ഷിക്കണം

    കലാകാരനു ഒറ്റയ്ക്ക് ജീവിക്കാം. ഒറ്റയ്ക്ക് പ്രതിഷേധിക്കാം. അനീതിയെ എതിർക്കാം. സത്യത്തിനു വേണ്ടി പോരാടാം. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും എതിർക്കാം.  വിഗ്രഹങ്ങളെ തച്ചുടയ്ക്കാം. ഉറച്ചു പോയ ധാരണകളെ തിരുത്താനാണല്ലോ എഴുതുന്നത് .എഴുതുക എന്നു പറഞ്ഞാൽ കേട്ടെഴുതുക, നോക്കിയെഴുതുക , പകർത്തിയെഴുതുക എന്നൊന്നും അർത്ഥമാക്കരുത്.എഴുതുക എന്നാൽ മായ്ച്ചു കളയുക എന്നും അർത്ഥമുണ്ട്; മായ്ച്ചു കളഞ്ഞു പുതിയത് എഴുതുകയാണ്. ഇവിടെ നൂറ്റാണ്ടുകളായി ചിന്തിച്ചു ശീലിച്ചതിന്റെ അടയാളങ്ങൾ ഉണ്ടാകാൻ പാടില്ല .സ്റ്റാറ്റസ്കോ നിലനിർത്താൻ വേണ്ടി എഴുതാൻ പോകരുത് .അപ്രിയമായത്, ജീർണിച്ചത് മാറണമെന്നു തീവ്രമായി  ആഗ്രഹിക്കുന്നതുകൊണ്ടാണ് ഒരാൾ എഴുതുന്നത് .അത് അയാളുടെ വിധിയാണ്. 

    എഴുത്ത് വളരെ അർത്ഥപൂർണവും കാലങ്ങളോളം നിലനിൽക്കുന്നതും ഒട്ടും ആഘോഷമോ പരസ്യമോ ഇല്ലാത്തതുമായ പ്രവൃത്തിയാണ്. കഴുതയെ കൊണ്ട് ഭാരം എടുപ്പിക്കുക എന്നു പറയുമല്ലോ. അതുപോലെ  ഒത്തുതീർപ്പ് എന്ന കഴുതയുടെ പുറത്ത് വിയോജിക്കുന്നവരുടെ ആശയഭാരമാണ് കയറ്റുന്നത്.ആ കഴുത ചിലപ്പോൾ അത് മനസ്സിലാക്കില്ല. മനസ്സിലാക്കിയില്ലെങ്കിലും ഇഷ്ടക്കേട് കാണിക്കാൻ വേണ്ടി കാലുകൊണ്ട് തൊഴിച്ചെന്നുവരും. അത് കാര്യമാക്കേണ്ടതില്ല .അത് എഴുത്തുകാരൻ എപ്പോഴും പ്രതീക്ഷിക്കണം. അയാൾക്ക് ഈ പ്രവൃത്തിയിൽ സംഘബലം ഉണ്ടാവാൻ പ്രയാസമാണ് .കാരണം അയാൾ ഒരു ആൾക്കൂട്ടത്തിന്റെ ചിന്തകൾ കടമെടുക്കുകയല്ല ചെയ്യുന്നത്. അയാൾ തന്നെ അലട്ടിയ പ്രശ്നത്തിനുള്ളിലേക്കാണ് സഞ്ചരിക്കുന്നത് .എപ്പോഴും ഈ അലട്ടലുണ്ടാകും .എന്താണ് ഈ അലട്ടൽ? യാതൊരു ഉത്തരവും കണ്ടെത്താനാവാത്തതിന്റെ പ്രശ്നമാണ് അതിലുള്ളത്. ജീവിതത്തിനു ഒരുത്തരം ഇല്ലാതാവുകയും ഒരു യുക്തിയും ഫലിക്കാതെ വരികയും ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്. താൻ ജീവിക്കുന്നു, എന്നാൽ അതിൻ്റെ പരിണതി എന്താണ്? എങ്ങനെയെല്ലാമാണ് ഒരാളുടെ ചിന്തകളുടെ ഉത്തരവാദിത്വം അയാളുടെ മാത്രം കുറ്റമാകുന്നത് ?  ഈ അലട്ടൽ ഒരാളിൽ സൃഷ്ടിക്കുന്ന ആധിയിൽ നിന്നാണ് ചിലപ്പോഴെങ്കിലും എഴുത്തിലേക്ക് തിരിയുന്നത്. എഴുതുമ്പോൾ അതുവരെ നിലനിന്ന, ശരിയെന്നു തെറ്റിദ്ധരിച്ച അഴുകിയ ലോകം തകരുകയാണ് ചെയ്യുന്നത്.

    മറ്റുള്ളവരുടെ ദൈവത്തെ നിഷേധിക്കരുത് 

    പലർ എഴുതിയത് തുടച്ചുകളയാൻ എഴുത്തുകാരൻ ബാധ്യസ്ഥനാണ്. അങ്ങനെയാണ് അയാൾ താൻ എഴുതുന്നു എന്നു സ്ഥാപിക്കുന്നത്; സ്വയം സ്ഥാപിക്കേണ്ടതുണ്ട്. സ്വയം ബോധ്യപ്പെടേണ്ടതുണ്ട്. ഇങ്ങനെയുള്ള ആകുലതകളിൽ നിന്നു ഊർജ്ജം സ്വീകരിച്ച് എഴുതുമ്പോൾ അതോടൊപ്പം ജീവിക്കുന്നു എന്ന സത്യം മറന്നുപോകരുത്. നമ്മെപ്പോലെ ചിന്തിക്കാത്തവരാണ് ഭൂരിപക്ഷവും. ഒരാളെപ്പോലെ അയാൾ മാത്രമാണ് ചിന്തിക്കുക .ഈ അനന്യത എഴുതാൻ പ്രേരണയാവുന്നുണ്ട് .അത് ഒരുകൂട്ടം ആളുകളെ അപകീർത്തിപ്പെടുത്താനോ അപമാനിക്കാനോ വ്യക്തിപരമായ നുണകൾ പ്രചരിപ്പിക്കാനോ , ദൈവങ്ങളെയും മതങ്ങളെയും നിന്ദിക്കാനോ കിട്ടുന്ന ലൈസൻസല്ല . അങ്ങനെ തെറ്റിദ്ധരിക്കരുത്.എഴുത്തുകാരനു  ദൈവത്തിൽ വിശ്വാസമില്ലെങ്കിൽ വേണ്ട. അയാൾ ദൈവവിശ്വാസിയാണെന്നു കള്ളം പറയുകയും വേണ്ട. അയാൾക്ക് ദൈവനിഷേധിയാകാം. പക്ഷേ അത് മറ്റുള്ളവരുടെ ദൈവമാകേണ്ടതില്ല. ഒരു ദൈവത്തിൽ വിശ്വസിക്കാത്തവൻ ആ ദൈവത്തെ എതിർക്കേണ്ടതില്ല. സ്വന്തം ദൈവത്തെ എതിർക്കാം. അത് മറ്റുള്ളവരുടെ ദൈവമാകരുത്. നമുക്ക് മറ്റൊരാളുടെ പവിത്രമായ വിശ്വാസത്തെ ,ആചാരത്തെ, ജീവിതത്തെ കളിയാക്കാനോ പുച്ഛിക്കാനോ അവകാശമില്ല. ആശയപരമായാണ് വിയോജിക്കേണ്ടത്. മഹാന്മാരായ സാഹിത്യകാരന്മാർ ഇത് നല്ലപോലെ മനസ്സിലാക്കിയിട്ടുണ്ട്.
    ഷേക്സ്പിയർ ,ദസ്തയെവ്സ്കി തുടങ്ങിയവർ ഉദാഹരണം. ഷേക്സ്പിയർ മനുഷ്യമനസിലേക്കാണ് സഞ്ചരിച്ചത്. മനുഷ്യൻ്റെ ആഭ്യന്തരലോകം പ്രവചനാതീതമാണെന്നു അദ്ദേഹം കാണിച്ചു തന്നു .ദൈവവും ചെകുത്താനും തമ്മിലുള്ള സംഘട്ടനമാണ് ദസ്തയെവ്സ്കിയുടെ ദ് ഇഡിയറ്റ് ,ബ്രദേഴ്സ് കരമസോവ് തുടങ്ങിയ കൃതികളിൽ ചിത്രീകരിക്കുന്നത്. മനുഷ്യനിൽ ദൈവവും ചെകുത്താനുമുണ്ട് .അവിടെ സംഘർഷമുണ്ട്. ആരാണ് ജയിക്കുക ?എന്നാൽ ദസ്തയെവ്സ്കി ദൈവത്തെ നിന്ദിച്ചില്ല, വിചാരണ ചെയ്യുന്നുണ്ടെങ്കിലും .അത് ദസ്തയെവ്സ്കിയുടെ ദൈവമായിരുന്നു; റഷ്യാക്കാരുടെ ദൈവമല്ലായിരുന്നു.

    ഗ്രീക്ക് നോവലിസ്റ്റ് കസൻദ്സാക്കിസ് 'ക്രിസ്തുവിൻ്റെ അന്ത്യപ്രലോഭനം' എഴുതി. അദ്ദേഹത്തിനു അപാരമായ സിദ്ധികളുണ്ടായിരുന്നു. Zorba the Greek തുടങ്ങിയ കൃതികൾ അത് വ്യക്തമാക്കിത്തരുന്നുണ്ട്. എന്നാൽ ക്രിസ്തുവിനെ എന്തിനാണ് വ്യക്തി എന്ന നിലയിൽ വിലയിരുത്തുന്നത്? ക്രിസ്തു കേവലം ഒരു സാധാരണ വ്യക്തിയായല്ല ഈ ലോകത്ത് നിലനിൽക്കുന്നത്.കോടിക്കണക്കിനാളുകളുടെ ആരാധനയുടെയും അഭിമാനത്തിന്റെയും പ്രതീക്ഷയുടെയും പ്രശ്നമാണ്. ക്രിസ്തു ഒരു വ്യക്തിയല്ല; ഒരു കാലമാണ് ,മനുഷ്യരുടെ ആലോചനയുടെ ,പ്രാർത്ഥനയുടെ കൂട്ടമാണ്. ക്രിസ്തു ഒറ്റയ്ക്ക് ജീവിച്ചതിൻ്റെയോ അനുഭവിച്ചതിന്റെയോ പ്രശ്നങ്ങളുടെ അടിസ്ഥാനത്തിലല്ല കാലം പിന്തുടരുന്നത്. വചനവും പ്രവൃത്തിയുമാണ് നോക്കുന്നത്. അതിനെ കുത്തി നോവിച്ച് നോവലിസ്റ്റ് ഒരു സാഡിസ്റ്റാകേണ്ട സാഹചര്യം സൃഷ്ടിക്കേണ്ടതില്ല. എഴുത്തുകാരനു ദൈവനിന്ദയിൽ ഏർപ്പെടണമെന്നുണ്ടെങ്കിൽ അത് സർഗാത്മകമായി ചെയ്യാം. ബുദ്ധിപരമായി പ്രമേയത്തെ ക്രമീകരിക്കണം .കസൻദ്സാക്കിസ് ചെയ്തത് 
    ക്രിസ്തുവിനെ സാധാരണ മനുഷ്യനായി കണ്ട് വിചാരണ ചെയ്യുകയായിരുന്നു. ക്രിസ്തുവിൻ്റെ ലൈംഗിക ചോദന തിരയേണ്ട ആവശ്യമെന്താണ്? ആ നിലയിലല്ല ക്രിസ്തുവിനെ ആളുകൾ കാണുന്നത് .ക്രിസ്തുവിന്റെ സന്ദേഹങ്ങളും പ്രലോഭനങ്ങളും  തിരയുക വഴി നോവലിസ്റ്റ് ആരാധിക്കുന്നവരെ ആശങ്കയിലാഴ്ത്തി. താൻ കുരിശേറുന്നതിൻ്റെ ആവശ്യമെന്തെന്നു ക്രിസ്തു ആലോചിക്കുന്നതായി നോവലിസ്റ്റ് എഴുതുന്നു. ക്രിസ്തുവിൻ്റെ  ദൈവികതയെ റദ്ദാക്കാൻ ശ്രമിച്ചതാണ് നാം കാണുന്നത്‌ .ഇത്  ആവിഷ്കാരത്തിന്റെ പേരിൽ നടന്ന ദുസ്വാതന്ത്ര്യമാണ്.കസൻദ്സാക്കീസ് ക്രിസ്തുവിനെയല്ല വ്യക്തിപരമായി അന്വേഷിക്കേണ്ടിയിരുന്നത്. തൻ്റെ സാഹിത്യകൃതിക്ക് വേണ്ടി മറ്റൊരു ക്രിസ്തുവിനെ സൃഷ്ടിക്കേണ്ടിയിരുന്നു. അത് വേറൊരു കഥാപാത്രമാവണം. വേറൊരു പേര് അതാവശ്യപ്പെടുന്നുണ്ട്. അതിലൂടെ നോവലിസ്റ്റിനു ഈ വിചാരണ തുടരാനാവും.

    നിരന്തരം അന്വേഷിക്കുക 

    റുമേനിയൻ -ഫ്രഞ്ച് നാടകകൃത്ത് യുജിൻ അയനെസ്കോ എഴുതിയ 'കാണ്ടാമൃഗം'(Rhinoceros) എന്ന നാടകത്തിൽ ഒരു നഗരത്തിലെ മനുഷ്യർ കാണ്ടാമൃഗങ്ങളായി മാറുന്നതാണ് ചിത്രീകരിക്കുന്നത്. ബെറിംഗർ എന്ന എഴുത്തുകാരനാണ് ഇതിനു സാക്ഷി. അയാൾ ഒറ്റപ്പെടുന്നു. അയാൾക്ക് ആരോടും ആശയവിനിമയം സാധിക്കുന്നില്ല. അയാളുടെ സുഹൃത്തുക്കൾ കാണ്ടാമൃഗങ്ങളായി മാറിയിരിക്കുന്നു.കാണ്ടാമൃഗക്കൾക്കറിയില്ല തങ്ങൾ മനുഷ്യരായിരുന്നുവെന്ന്.  ഭൂരിപക്ഷം പേരും ഒരു അന്ധതയിലേക്ക് അനുരഞ്ജനപ്പെടുന്നതിനെയാണ് നാടകകൃത്ത് വിമർശിക്കുന്നത്. എന്നാൽ നേരിട്ടുള്ള, വളരെ പ്രകടമായ ഒരു വിമർശനമല്ല; സർഗാത്മകമായ, ബുദ്ധിപരമായ പ്രതിഷേധമാണിത്. നാടകകൃത്തിൻ്റെ രചനാപരമായ സാമർത്ഥ്യമാണിത്. അങ്ങനെയാണത്  ചിത്രീകരിക്കേണ്ടത് .അത് കാണുന്നവർ തങ്ങളുടെ ഭാവനയ്ക്കും ബുദ്ധിക്കും അനുസരിച്ചാണ് ഉൾക്കൊള്ളേണ്ടത്. ഒരു പ്രസ്താവന പോലെ ലളിതമായി അത് ചെയ്യാൻ പാടുള്ളതല്ല. അയനെസ്കോ ഈ സമൂഹത്തിലെ എല്ലാ പ്രബലസ്ഥാപനങ്ങളെയും രാഷ്ട്രീയ സദാചാരത്തെയും മാമൂലുകളെയും ജനങ്ങളെയും ജീവിതകാലം മുഴുവൻ ഒരു ചരടിൽ കോർത്തിടുന്ന അന്ധവിശ്വാസങ്ങളെ കണക്കറ്റ് പ്രഹരിക്കുകയാണ്.എന്നാൽ അത് കാണുന്നവർക്ക്, വായിക്കുന്നവർക്ക് തങ്ങളെ വ്യക്തിപരമായി ദ്രോഹിക്കാൻ, കളിയാക്കാൻ വേണ്ടി ചെയ്തതാണെന്നു തോന്നുന്നില്ല. ഇതാണ് കലയുടെ മാജിക്. കലാപരമായ അവതരണത്തിനാണ് പ്രാമുഖ്യം.വളരെ വ്യക്തമായ, സ്ഥൂലമായ, പ്രകടമായ പ്രസ്താവനകൾക്കോ സ്ഥാപിക്കപ്പെടലുകൾക്കോ സർഗാത്മകതയുടെ പിൻബലം കിട്ടില്ല.
    കല നിരന്തരം അന്വേഷിക്കാനുള്ള ഒരു സാധ്യത അവശേഷിപ്പിക്കേണ്ടതുണ്ട്.

    എഴുത്തുകാരൻ തേടേണ്ടത് തൻ്റെ അസ്തിത്വപരമായ സമസ്യകളാണ്. അതിൽ രാഷ്ട്രീയവും മതവും കലർന്നേക്കാം. അപ്പോഴും അതിൻ്റെ ആവിഷ്കാരം കാലാപരമായിരിക്കണം .'ദൈവമില്ലെങ്കിൽ എന്തും അനുവദനീയമാണ്' - ദസ്തയെവ്സ്കി എഴുതി. ചിന്തയിൽ ദൈവം മരിക്കുകയാണെങ്കിൽ ആർക്കും എന്തും ചെയ്യാമെന്ന നിലവരും. ധാർമികമായ ,സദാചാരപരമായ അവലംബമില്ലാതാകും.  മനുഷ്യമനസിലുള്ള ദൈവം ഒരു തിരുത്തൽ ശക്തിയായിരിക്കുന്നിടത്താണ് മതം പ്രവർത്തിക്കുന്നത്. മനുഷ്യൻ അടിസ്ഥാനപരമായി ഒരു ക്രൂരജീവിയാണ് .അവനിലെ തെമ്മാടിയെ നിയന്ത്രിക്കാനാണ് ദൈവത്തെ സൃഷ്ടിച്ചിരിക്കുന്നത്. ദൈവം അവൻ്റെ മനസിലാണുള്ളത്. മനസ്സിലെ ദൈവം മനസ് ഇല്ലാതാകുന്നതോടെ തിരോഭവിക്കും .ഒരു ഭ്രാന്തൻ്റെ മനസിൽ ദൈവമില്ലല്ലോ. അവൻ ദൈവത്തെ നഷ്ടപ്പെട്ടവനാണ്. ദൈവവിചാരം നഷ്ടപ്പെടുകയാണെങ്കിൽ നമുക്ക് പിന്നെ ആശ്രയിക്കാനുള്ളത് ജനാധിപത്യത്തിലും നിയമത്തിലുമൊക്കെയാണ്. നിയമങ്ങൾ എപ്പോഴും നമ്മെ  നിയന്ത്രിക്കണമെന്നില്ല. ശിക്ഷ കൊടുക്കണമെങ്കിൽ നിയമങ്ങൾ ലംഘിക്കപ്പെട്ടു എന്നു സ്ഥാപിക്കപ്പെടേണ്ടതുണ്ട്. അതിനു തെളിവുകളും വിചാരണയും വേണം. മനുഷ്യമനസിലെ തെറ്റുകൾക്ക് നിയമങ്ങളെ പേടിക്കേണ്ടതില്ല. അതിനു എന്തിനാണ് തെളിവുകൾ ?അവിടെ വിചാരണ നേരിടേണ്ടതില്ല.എന്നാൽ മനസ്സാക്ഷി അല്ലെങ്കിൽ സത്യവുമായുള്ള മുഖാമുഖം മനുഷ്യമനസ്സിലുണ്ടായാൽ മനസ്സിനെ സ്വയം നിയന്ത്രിക്കാൻ തോന്നും. 

    പാദപതനശബ്ദത്തിൽ ബുദ്ധിസം 

    നാം നടക്കുമ്പോൾ കാൽപാദങ്ങൾ മണ്ണിൽ പതിയുന്ന ശബ്ദം കേൾക്കാം. ആ ശബ്ദത്തിനു കാതോർക്കാൻ കഴിവുള്ളവർക്ക് അതിൻ്റെ സംഗീതം കേൾക്കാം. പാദപതനങ്ങളുടെ സംഗീതം. അത് ആസ്വദിക്കാനുള്ളതാണ്. അതിൽ സ്നേഹവും ആത്മനിർവൃതിയും അപരസ്നേഹവുമുണ്ട് .നമ്മളാണ് കാലുകൾ വയ്ക്കുന്നത്. ഓരോ കാൽവെപ്പും അർത്ഥപൂർണ്ണമാകണമെന്നു ആഗ്രഹിക്കുമ്പോൾ മറ്റുള്ളവരെ ദ്രോഹിക്കാൻ തോന്നുകയില്ല. കാൽപാദങ്ങളുടെ സംഗീതം വിശ്വാസമാണ് ,ആത്മവിശ്വാസമാണ്. നമ്മുടെ സ്വന്തം സംഗീതമാണത് പുറപ്പെടുവിക്കുന്നത് .നമ്മളോടുള്ള സ്നേഹത്തിൻ്റെ ഭാഷയാണത്. അതിൽ ആത്മനിർവൃതിയുള്ളതുകൊണ്ട് സ്വയം നന്നാവണമെന്ന ഒരാഹ്വാനമുണ്ട്. അതിനാൽ മറ്റുള്ളവർക്ക് ഉപദ്രവമുണ്ടാക്കുന്ന ഒരു ചിന്തയ്ക്ക് അവിടെ പ്രസക്തിയില്ല. സ്വയം നന്നാവാൻ ശ്രമിക്കുകയും മറ്റുള്ളവരെ വെറുതെ വിടുകയും ചെയ്യുമ്പോൾ അർത്ഥവത്തായ ഒരു ജീവിതക്രമം തുടങ്ങുകയായി. ആ കാലടിശബ്ദം സംഗീതമായി ആസ്വദിക്കുമ്പോൾ അത് പരോപകാര പ്രവർത്തനത്തിന്റെ നിശ്ശബ്ദമായ അനുവാദവും പ്രേരണയുമാണ്. അവനവനോടു തന്നെയുള്ള ആഹ്വാനം. അതാണ് പ്രവർത്തനമാകുന്നത്. അതിലാണ് ദൈവമുള്ളത്.ശ്രീനാരായണഗുരു പറഞ്ഞ 'പ്രവൃത്തിയിലെ ദൈവം' ഇതാണ്. സദ്പ്രവൃത്തികളാണ് ഉദ്ദേശിച്ചത്. മറ്റുള്ളവർക്ക് പ്രിയങ്കരമായത് ചെയ്യുക. അപ്പോൾ സുഖം ലഭിക്കും. സ്വന്തം പാദചലനങ്ങളുടെ ശബ്ദത്തിൽ സംഗീതം ശ്രവിക്കാൻ കഴിയുന്നതാണ് ബുദ്ധതത്ത്വത്തിലടങ്ങിയിരിക്കുന്ന സാരം. ഇതുതന്നെയായിരിക്കണം ആവിഷ്ക്കാരത്തിൻ്റെയും മർമ്മം .ആവിഷ്കാരം അവനവനിലേക്കു തന്നെയുള്ള ഒരു സഞ്ചാരമാണ് .

    അനുധാവനം /എം.കെ.ഹരികുമാർ(july2025)

     



    കലാരചനയെ മറികടന്നു ജീവിത വേഗം മുന്നോട്ട് 

    എഴുത്തുകാരൻ പുതിയ പ്രമേയമൊന്നും കണ്ടെത്തേണ്ട .ആ കാഴ്ചപ്പാട് കലഹരണപ്പെട്ടു. സോഷ്യലിസ്റ്റ് റിയലിസവും പുരോഗമനസാഹിത്യവുമൊക്കെ അപ്രസക്തമാക്കപ്പെട്ടിരിക്കയാണ്. മനുഷ്യൻ്റെ സമയം, സ്ഥലം, അനുഭവം, സംസ്കാരം, വേഗത, കല തുടങ്ങിയ വ്യവഹാരങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറി എന്നതാണ് കാരണം .ഇന്നു മാധ്യമം ഒരു സന്ദേശമല്ല ;മാധ്യമം തന്നെ കലയാണ്. ഫെയ്സ്ബുക്ക് എന്ന മാധ്യമം  കലയാണ് .ഇൻസ്റ്റഗ്രാം കലയാണ്. വാട്സപ്പ് കലയാണ് .അത് ഉപയോഗിക്കുന്ന നമ്മളൊക്കെ ആ കലയുടെ വസ്തുക്കളാണ്. ഫെയ്സ്ബുക്കിലേക്ക്  പ്രവേശിക്കുന്നതോടെ ഒരാൾ കലാവസ്തുവായി .ഫെയ്സ്ബുക്കിന്റെ ലേഔട്ടും ഡിസൈനിങ്ങും ലുക്കും ഒരു കലാവസ്തു പോലെയാണ് രൂപകല്പന ചെയ്തിരിക്കുന്നത്. അത് അഭിപ്രായങ്ങളുടെയും ചിത്രങ്ങളുടെയും വൈവിധ്യം കൊണ്ടാണ് വ്യതിരിക്തമാവുന്നത്. എന്നാൽ അത് ഓരോ വ്യക്തിയെയും കലാകാരനാക്കുന്നു ,കലാകാരിയാക്കുന്നു. പി ജയചന്ദ്രൻ വന്നു പാടണമെന്നില്ല. ജയചന്ദ്രനെ  അനുകരിച്ചു പാടിയാൽ മതി. നിങ്ങൾ കലാകാരൻ എന്ന തലത്തിലേക്ക് ഉയരുകയാണ്. വാൻഗോഗ് ജീവിച്ചിരിക്കണമെന്നില്ല ,വാൻഗോഗിൻ്റെ പെയിൻ്റിംഗുകൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു കൊണ്ടിരുന്നാൽ മതി. നിങ്ങൾക്കും ക്യൂറേറ്ററാവാം. വാൻഗോഗ് ഫെയ്സ്ബുക്ക് എന്ന കലാരൂപത്തിൻ്റെ ഒരു ഘടകമായിരിക്കുകയും ചെയ്യും.

    നിങ്ങൾ പാടിയാലും ആരാധകരെ കിട്ടും .കാരണമെന്താണ് ? അവിടെ ജഡ്ജോ, എഡിറ്ററോ ,സംഘാടകരോ, ഇല്ല. നിങ്ങളെ ആത്യന്തികമായി വിലയിരുത്തേണ്ട ആവശ്യമില്ല .അവിടെ സ്നേഹിതരുടെ സാന്നിധ്യമുണ്ടായാൽ മതി .ഒരു പാട്ടുകാരൻ എന്ന നിലയിൽ നിങ്ങൾ തിരിച്ചറിയപ്പെടുകയാണ്. അത് അംഗീകരിച്ചു തരാൻ അവിടെ ഫ്യൂഡൽ സ്ഥാപനങ്ങളോ പുരോഹിതന്മാരോ മഹാത്മാക്കളോ വേണ്ട. അവരുടെ ആവശ്യം പോലുമില്ല. നിങ്ങൾ ജീവിച്ചിരിക്കുകയും കലാരൂപത്തിൽ ഒരു ഘടകമായി ചേരുകയും ചെയ്യുന്നതാണ് ഏറ്റവും വലിയ യാഥാർത്ഥ്യം. പരമ്പരാഗതമായി ചെയ്യുന്നതുപോലെ, ഒരു സംഗീത അധ്യാപകന്റെ അടുത്ത് പോയി പഠിച്ച് ,അരങ്ങേറ്റം കഴിഞ്ഞ്, പലരുടെയും ആശിർവാദത്തോടെ രംഗത്തുവന്ന് അംഗീകാരം നേടേണ്ടതില്ല .സ്വന്തമായി ആവിഷ്ക്കരിച്ച് റീൽ ചെയ്യാം. അംഗീകാരം തരുന്നവരെ, അതിനു വേണ്ടി സ്ഥാപനങ്ങൾ കെട്ടി ഉയർത്തിയവരെ മുഴുവൻ റദ്ദാക്കുകയാണ് ഫെയ്സ്ബുക്ക് ചെയ്യുന്നത്. 

    എഴുത്തുകാരൻ താൻ വായിച്ചതും കേട്ടറിഞ്ഞതുമായ പ്രമേയങ്ങളെ പുനരേകീകരിച്ചാൽ മതി. പുതിയ പ്രമേയങ്ങൾ വേണമെന്നില്ല. ഇൻറർനെറ്റ്, സാറ്റലൈറ്റ്, മെഡിക്കൽ സയൻസ് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രമേയങ്ങൾ പോലും  പുതുമ നേടാൻ പ്രയാസമാണ്. ഒരാൾ എഴുതുന്ന കവിത അത് പുറത്തു വരുന്നതിനു മുമ്പേ തന്നെ പഴയതാകുകയോ കാലഹരണപ്പെടുകയോ ചെയ്യുകയാണ്.ജീവിതത്തിൻ്റെ വേഗം യാഥാസ്ഥിതികമായ കലാരചനയെ മറികടന്നു മുന്നോട്ടു പോകുന്നതാണ് കാരണം .ചരിത്രത്തിൽ ആയിരം പുസ്തകങ്ങൾ എഴുതാനുള്ള വിഷയങ്ങളുണ്ട്. എഴുതപ്പെട്ട കൃതികൾ  തന്നെ പുതിയ കൃതികൾക്കുള്ള വിഷയമാക്കാവുന്നതാണ്. പഴയകാല കൃതികൾ പ്രമേയങ്ങളുടെ സ്ഥിരനിക്ഷേപമാണ്. ഇതിൽനിന്നു തിരഞ്ഞെടുക്കുന്ന പ്രമേയങ്ങൾ പുന:ക്രമീകരിക്കുന്നതോടെ പുതിയ ലോകം സൃഷ്ടിക്കപ്പെടും .ഫിക്ഷ്ൻ എന്നാൽ യാഥാർത്ഥ്യമല്ല; അത് വിശ്വസനീയമായ നുണയാണ്. അല്ലെങ്കിൽ യാഥാർത്ഥ്യത്തെക്കാൾ വിശ്വസനീയമായ നുണയാണ്.


    ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ ക്ലാസിക് നോവൽ പിറന്നു


    ആധുനികമായ അവബോധമില്ലാത്തവർ സാഹിത്യരചനയിൽ പ്രവേശിക്കുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല .പുസ്തകപ്രകാശനം ചെയ്യാമെന്നല്ലാതെ വേറെ ഒരു ഗുണവുമില്ല .സാഹിത്യരചനയ്ക്ക്  ആധുനിക അവബോധം വേണം. അല്ലെങ്കിൽ കഥാപാത്രവിവരണവും ഭാഷയും ശൈലിയും നിറംകെട്ടു പോകും.മൂർച്ചയുള്ള അനുതാപമാണ് കലയിലുണ്ടാകേണ്ടത് .ഈ നൂറ്റാണ്ടിൽ നോവലിന്റെ മരണം സംഭവിച്ചുവെന്നു ചിന്തിച്ച നിമിഷങ്ങളുണ്ട്. ഒരു നല്ല വായനക്കാരനെ വശീകരിക്കാനോ ചിന്തിപ്പിക്കാനോ കഴിയുന്ന നോവലുകൾ കാണാത്തതായിരുന്നു കാരണം. ഇപ്പോൾ അതിനു ഒരു ഉത്തരം ലഭിച്ചിരിക്കുന്നു. എം. ആർ. അനിൽകുമാർ എഴുതിയ 'ഏകാന്തതയുടെ മ്യൂസിയം'(ഡി.സി)എന്ന നോവൽ ഈ നൂറ്റാണ്ടിൽ മലയാളത്തിലുണ്ടായ ആദ്യത്തെ ക്ലാസിക്ക് എന്നു ഉറപ്പിച്ചു പറയാൻ ആഗ്രഹിക്കുന്നു.ഇത് പരമ്പരാഗതമായ പ്രമേയമല്ല .പ്രമേയങ്ങളുടെ പ്രമേയമാണ്. മുഖ്യ കഥാപാത്രം ഒരു പത്രപ്രവർത്തകനാണ്. അയാൾ ഒരു ബ്ലോഗിൽ കണ്ട ഒരു നോവലിന്റെ ഏതാനും ഭാഗങ്ങൾ വായിക്കുന്നതാണ് വഴിത്തിരിവാകുന്നത്. ആ നോവലാകട്ടെ വഴിയിൽ ഉപേക്ഷിക്കപ്പെട്ടതായിരുന്നു .അത് കിട്ടിയപ്പോൾ ബ്ലോഗർക്ക് പ്രസിദ്ധീകരിക്കാൻ തോന്നി .എന്നാൽ ഈ നോവലാകട്ടെ ഒറിജിനലല്ല.അത് ഒരു ആംഗ്ലോ -ഇന്ത്യൻ എഴുത്തുകാരന്റെ കൃതിയുടെ പരിഭാഷയായിരുന്നു. ആ എഴുത്തുകാരനെ തേടിപ്പോകുന്നതും കണ്ടെത്തുന്നതുമാണ് നോവലായി വികസിക്കുന്നത് .

    ഈ കൃതി ഒരു വായനക്കാരനെന്ന നിലയിൽ എന്നെ പുതിയതാക്കി. ഒരു വിമർശകനെന്ന നിലയിൽ നവീനമായ കലാനുഭവങ്ങളിലേക്ക് നയിക്കുകയാണ്. 'ഏകാന്തതയുടെ മ്യൂസിയം' നമ്മുടെ പാരമ്പര്യത്തിലുള്ള നോവലുകളുമായി സാമ്യമുള്ളതല്ല .ഇത് ആദ്യന്തം നവാനുഭവമാണ് തരുന്നത്. എന്നാൽ അമിതമായ പരീക്ഷണതാത്മകതയോ കലാപമോ പ്രകടമല്ല.  നോവലിനുള്ളിൽ നോവലിനെ അന്വേഷിക്കുകയാണ്.  എഴുത്തുകാരനും കഥാപാത്രങ്ങളും ഒന്നാവുകയാണ്. എഴുത്തുകാരനെ തേടി കഥാപാത്രങ്ങൾ സഞ്ചരിക്കുന്ന പോലെ തോന്നും .ഇതുപോലെ വായനയെ നവീകരിക്കുന്ന കൃതികളാണ് ഉണ്ടാകേണ്ടത് .എഴുന്നൂറ്റി നാല്പത്തഞ്ച് പുറങ്ങളിൽ വ്യാപിക്കുന്ന ഈ നോവൽ വൃഥാസ്ഥൂലമല്ല; ആഖ്യാനത്തിന്റെ ലാവണ്യമാണ് പകരുന്നത് .എന്തിനാണ് ഒരു കഥ വിവരിക്കുന്നത്? നമ്മുടെ ജീർണമായ ജീവിതസാഹചര്യങ്ങളിൽനിന്നു ബോധോദയത്തോടെ വളർത്തി അഭൗമവും അസുലഭവുമായ മാനുഷികലോകങ്ങൾ കാണിച്ചുതരാൻ വേണ്ടിയാണ് ആഖ്യാനം.അതിവിടെ സാക്ഷാത്കരിച്ചിരിക്കുന്നു. മനസ്സ് ഉന്നതമായ ഇടങ്ങളിലേക്ക് കുതികൊള്ളുവാൻ സഹായിക്കുന്ന വാക്കുകൾ ആവിർഭവിക്കുകയാണ്. റോബർട്ടോ ബൊലാനോയും ബോർഹസും കാഫ്കയും ക്ലാരിസ് ലിസ്പെക്ടറുമെല്ലാം നമ്മുടെ ബുദ്ധിയുടെ രസമുകുളങ്ങളിൽ  ഒരുമിച്ചു സംവദിക്കുന്ന അവസ്ഥ.

    നോവലിൽ പ്രധാന കഥാപാത്രത്തിൻ്റെ പ്രസ്താവന ഇങ്ങനെ: "എൻ്റെ  ലാംഗ്വേജ് ഫാക്കൽറ്റി പൂർവ്വികരായ ഏതോ വെള്ളക്കാരുടേതുമായി കെട്ടുപിടഞ്ഞു കിടക്കുകയായിരുന്നു. വേണ്ടത്ര ജലമില്ലാത്ത ഒരു തടാകത്തിലെ വഴുക്കൻ മത്സ്യത്തെപോലെയായിരുന്നു എനിക്കെൻ്റെ ഭാഷയും വാക്കുകളും. " ഇത് സ്വന്തം ഭാഷയിൽ ആത്മപ്രകാശനത്തിനു സത്യസന്ധതമായി ശ്രമിക്കുന്ന ഒരുവൻ്റെ അരാജകത്വമായി കണ്ടാൽ മതി. സർഗാത്മകതയുടെ അതീതതലമാണ് അരക്ഷിതാവസ്ഥ. നോവലിലെ എഴുത്തുകാരൻ ആധുനിക മനുഷ്യരെ ഇങ്ങനെ വിലയിരുത്തുന്നു: "സദാനേരവും ആൾക്കൂട്ടത്തിലാണവർ. പക്ഷേ ആൾക്കൂട്ടത്തിലും അവരോടൊപ്പം ഒരാൾ പോലുമില്ല .ഏകാന്തതയിലൂടെ നിർത്താതെ ഒഴുകിക്കൊണ്ടേയിരിക്കുക. ഒരു തകരച്ചെണ്ട പോലെ ഒച്ചയുണ്ടാക്കിക്കൊണ്ടിരിക്കുക. അതാണവരുടെ ധർമ്മം .അതാണവരുടെ ആഹ്ലാദം. പ്രതീതികളുടെ സമുദ്രച്ചുഴികളിൽപ്പെട്ട് നട്ടം തിരിയുക. തൻ്റെ തന്നെ   യഥാർത്ഥ സ്വത്വമെന്തെന്നറിയാതെ  മറ്റേതിന്റെയൊക്കെയോ പിന്നാലെ  ആഞ്ഞുപാഞ്ഞു നടന്നു അതിൻ്റെ വിഭ്രാന്തികളിൽ വീണടയുക. തങ്ങൾക്ക് ചുറ്റും അവ്യക്തങ്ങളായ നിഴലുകൾ മാത്രമാണവർ കാണുന്നത്. വല്ലപ്പോഴും മാത്രം പരസ്പരം കണ്ടുമുട്ടുന്ന ഒരേകാന്ത ബിംബം."

    ഭാഷയെ, ആഖ്യാനത്തെ ഒരു പടി  ഉയർത്തുന്ന ഈ നോവൽ ദൈവശാസ്ത്രം, എഴുപതുകൾ, സംഗീതം, തത്ത്വശാസ്ത്രം, എഴുത്ത് , യുദ്ധം ,പ്രണയം, ഭയം, ഏകാന്തത, മതങ്ങൾ തുടങ്ങി സ്പർശിക്കാത്ത  വിഷയങ്ങളില്ല .എന്നിട്ടും 2019 ൽ  പ്രസിദ്ധീകരിച്ച ഈ നോവലിൻ്റെ ഒരു റിവ്യൂ പോലും പ്രത്യക്ഷപ്പെടാത്തത്  എന്തുകൊണ്ടാണ്? ഉത്തരം ചിലർക്കെങ്കിലുമറിയാവുന്ന പോലെ എനിക്കും അറിയാം .പ്രതിഭ അവസാനിക്കുന്നില്ല .മലയാളനോവൽ മരിക്കുന്നില്ല.

    പരിപ്രേക്ഷ്യം സൃഷ്ടിക്കണം. 

    സാഹിത്യകലയിൽ പുതിയ  പ്രമേയങ്ങൾ ഉണ്ടായില്ലെങ്കിലും പുതിയ പരിപ്രേക്ഷ്യം (perspective)ആവശ്യമാണ് .എന്താണ് പരിപ്രേക്ഷ്യം ?അത് ഒരു ആശയത്തിൻ്റെയോ  സാഹചര്യത്തിന്റെയോ സന്ദർഭത്തിൻ്റെയോ വ്യാഖ്യാനമാണ്. അത് അതുല്യമായ ഒരു കാഴ്ചയാകണം. എല്ലാവരും കണ്ടതുപോലെ കാണുന്നതിൽ പരിപ്രേക്ഷ്യമില്ല. അത് ക്ലീഷേയായിരിക്കും. ഒരു കഥാസന്ദർഭത്തെ ഏത് നിലയിലേക്ക് ഉയർത്തണമെന്നു തീരുമാനിക്കുന്നതിൽ എഴുത്തുകാരന്റെ മനോഭാവം പ്രസക്തമാണ്. വ്യക്തികളുടെ പശ്ചാത്തലം നിർണായകമാണ്. വായിച്ച പുസ്തകങ്ങൾ, ഗ്രഹിച്ച കാര്യങ്ങൾ, കണ്ടുമുട്ടിയ വ്യക്തികൾ, അനുഭവങ്ങൾ തുടങ്ങിയവ ഒരുപോലെയായിരിക്കില്ല. പുസ്തകം വായിച്ചതുകൊണ്ട് സൗന്ദര്യബോധമോ കലാബോധമോ ഉണ്ടാകണമെന്നില്ല.ഗ്രഹിക്കാൻ കഴിയണം. 'ഖസാക്കിൻ്റെ  ഇതിഹാസ'ത്തിലെ ഒരു വാക്യം ഉദ്ധരിക്കാം: " മന്ദാരത്തിന്റെ ഇലകൾ ചേർത്തു തുന്നിയ ഈ പുനർജനിയുടെ കൂടുവിട്ടു ഞാൻ വീണ്ടും യാത്രയാകുന്നു ."

    വിജയന്റെ വിദ്യാഭ്യാസമോ ഭാഷ സൃഷ്ടിക്കുന്ന വിദ്യയോ അല്ല ഇവിടെ കാണുന്നത്. ജീവിതത്തോടുള്ള മനോഭാവമാണ്. താൻ ഏതോ പൊരുളിന്റെ ഭാഗമാണ് ,താൻ ഒരു  പ്രാപഞ്ചിക യാത്രയിലാണ് തുടങ്ങിയ ചിന്തകളുടെ അലൗകികമായ  അനുരണനങ്ങൾ അദ്ദേഹത്തിൻ്റെ മനസ്സിനെ ആവേശിച്ചിരുന്നു. അതുകൊണ്ട് റിയലിസം എന്നു  വിളിക്കുന്ന ഒരു വൃത്തത്തിനകത്ത് ഒതുങ്ങാൻ വിജയനു സാധ്യമല്ലായിരുന്നു. പുതിയ പരിപ്രേക്ഷ്യമാണിത്. അദ്ദേഹം ഒരനുഭവത്തെ ഏതെല്ലാം സാമഗ്രികൾ കൊണ്ടാണ് സമീപിക്കുന്നതെന്ന  വസ്തുത വെളിപ്പെടുകയാണ്.ഇങ്ങനെ നൂതനമായ പരിപ്രേക്ഷ്യം  സൃഷ്ടിക്കുന്നവനാണ് സാഹിത്യത്തിൻ്റെ ആന്തര സുവിശേഷം പകരുന്നത്.റൊളാങ് ബാർത്ത് എഴുതി:
    Literature is the question without the answer.വലിയ സമസ്യങ്ങൾ വലിയ മനസ്സുകളുടെ അലട്ടലാണ് .അത് ചോദ്യങ്ങളായിരിക്കും; ഉത്തരങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കാം ,കിട്ടുകയില്ലെങ്കിലും.

    ഗോപീകൃഷ്ണൻ എന്തിനാണ്  പാവങ്ങളെ അപഹസിക്കുന്നത് ?

    വലിയ പ്രതീക്ഷയോടെയാണ് പി.എൻ. ഗോപീകൃഷ്ണന്റെ പുതിയ ഴാങ് വാൽ ഴാങും പാവങ്ങളിലെ രാഷ്ട്രീയശരിയും'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ജൂൺ 8-14) വായിച്ചത്. വിക്ടർ യൂഗോയുടെ  'പാവങ്ങളാ'കുമ്പോൾ മലയാളവും കടന്നു വരും .നാലപ്പാട്ട് നാരായണമേനോൻ ഉണ്ടല്ലോ.എന്നാൽ ഗോപീകൃഷ്ണൻ ആ പ്രതീക്ഷയെല്ലാം തെറ്റിച്ചു. ഴാങ് വാൽ ഴാങിനെ  പുന്നയൂർക്കുളത്തിനടുത്ത് വച്ച് കണ്ടുവെന്നും അയാൾ കുറ്റസമ്മതം  നടത്തിയെന്നും എഴുതിവച്ചിരിക്കുന്നു. ഈ കവിതയുടെ കാവ്യവിരുദ്ധത അതിൻ്റെ ടൈറ്റലിൽ തന്നെ വ്യക്തമാണ്.രാഷ്ട്രീയശരി എന്നു ഒരു കവിതയ്ക്കു പേരിടുന്നത് അരസികത്വമാണ്. ഗോപികൃഷ്ണന്റെ മനസ്സിൽ സ്വാഭാവികമായുണ്ടായ രചനയല്ല ഇത്; കൃത്രിമമായി  നിർമ്മിച്ചതാണ്. യുക്തിയും ചിന്തയുമാണ് കവിതയ്ക്കായി ഉപയോഗിച്ചത്. ഴാങ് വൽ ഴാങ്ങ്  ഇങ്ങനെയൊക്കെ ചിന്തിച്ചുകാണുമെന്നു അനുമാനിക്കുന്നു. ഒരു സാധാരണ ഭാവന മാത്രമാണിത്. തെറ്റ് ചെയ്തവൻ കുമ്പസാരിക്കുമെന്നത് പഴയ സിദ്ധാന്തമാണ്.  ഈ ലോകം നിറയെ കള്ളന്മാരാണ് .പല പേരുകളിൽ അവർ വിലസുന്നു. അവരെ ആരും പിടിക്കുന്നില്ല. ബ്രഡ് മോഷ്ടിക്കുന്നവനെ മാത്രമേ നിങ്ങൾക്കു പിടിക്കാനാവൂ. അവനെക്കൊണ്ടു മാത്രമേ കുമ്പസാരിപ്പിക്കാനാവൂ. വ്യവസ്ഥിതി കപടവും ചതിക്കുന്നതുമായ ഒരു ഏടാകൂടമാണ്. തെറ്റ് ചെയ്യാത്തവനെ വിചാരണ ചെയ്ത് ശിക്ഷിക്കും. തെറ്റ് ചെയ്തവനെ സുന്ദരനാക്കി മാധ്യമങ്ങളിലൂടെ പ്രകീർത്തിക്കും .ഗോപീകൃഷ്ണൻ വല്ലാത്ത ആത്മവഞ്ചനയാണ് ചെയ്തത്. ഒരു ഗതികെട്ട കഥാപാത്രത്തെ സമൂഹമധ്യത്തിൽ ക്രൂരമതദ്രോഹവിചാരണയിലെന്ന പോലെ അപഹസിക്കുന്നു. 

    "ആ മോഡേൺ ബ്രഡിൻ്റെ പാക്കറ്റ് 
    എന്റെ കൈയിൽ തന്ന് അയാൾ പോയി .
    ഞാൻ തിരിച്ചും മറിച്ചും അത് നോക്കി .
    രാഷ്ട്രീയശരിയാണ്.
    വില അടയാളപ്പെടുത്തിയിട്ടുണ്ട്.
    ഉണ്ടാക്കിയ തീയതിയും
    കെട്ടുന്ന തീയതിയും ഉണ്ട്. 
    തൂക്കം ഉണ്ട് .
    പോഷകപ്പട്ടികയുണ്ട് .
    എന്നാൽ അതിനൊപ്പം
    അയാൾ മറ്റെന്തോ കൂടി
    കൈയിൽ തന്നിട്ടുണ്ട്.
    എന്താണത് ?
    ഒരു മഞ്ഞ പാസ്പോർട്ട്
    അത് കവലയിൽ 
    വിഷണ്ണനായി നിൽക്കുന്ന
    രാഷ്ട്രീയശരിയല്ലാത്ത 
    അതിഥിത്തൊഴിലാളിക്ക് 
    സമ്മാനിച്ചു."

    എന്തിനാണ് ,സ്വന്തം നാട്ടിൽ ഗതികിട്ടാതെ അലഞ്ഞു വന്ന അതിഥിത്തൊഴിലാളിയെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത്? അവനു വിക്ടർ യൂഗോയുടെ ലോകത്ത് എന്താണ് പ്രസക്തി? അവൻ എന്ത് തെറ്റാണ് ചെയ്തത്? തെറ്റു ചെയ്യാത്തവനെ അനാവശ്യകാര്യങ്ങളുടെ പേരിൽ കുറ്റപ്പെടുത്തുകയും ശിക്ഷിക്കുകയും ചെയ്യുന്നത് ആധുനിക രാഷ്ട്രീയ വ്യവസ്ഥകളുടെ സ്ഥിരം ഏർപ്പാടായിരിക്കുകയാണ്. കവിയും അറിഞ്ഞോ അറിയാതെയോ ഈ ദുഷ്പ്രവണത ഉള്ളില്‍ പേറുകയാണ്.

    നെറോണയുടെ എന്ത് കഥ ?

    ഫ്രാൻസിസ് നെറോണ പത്രറിപ്പോർട്ട് പോലെ പത്ത് പേജ് നിരത്തി എഴുതിയ കഥ 'വെറുതെയല്ല'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ജൂൺ ,15-21) വായിച്ചതുകൊണ്ട് ഒരു പ്രയോജനവുമുണ്ടായില്ല. ഒരു ഫീലും തരാത്ത കഥ. ഒരു എഴുത്തുകാരനാണ് ഇവിടെ കഥ പറയുന്നത്. അയാളെ ആരോ തള്ളിയിട്ടു പരുക്ക് പറ്റുന്നതായി അറിയിക്കുന്നുണ്ട്. ആരാണെന്നറിയില്ല. പിന്നീട് അയാൾ ഒരു കള്ളൻ പറഞ്ഞ കഥ കുട്ടിക്ക് വിശദീകരിച്ചു കൊടുക്കുകയാണ്. ഇവിടെ ഒരു കാര്യം വ്യക്തമാണ്. വീണ് അപകടം പറ്റി കട്ടിലിൽ വിശ്രമിക്കുന്ന ഒരാളുടെ കഥ പറയാനാണ് ശ്രമിച്ചത്; അത് മുന്നോട്ടു പോകാനാവാതെ വന്നു. ഉടനെ ഒരു കള്ളൻ പറഞ്ഞ കഥ ഏച്ചുകെട്ടുന്നു. ആ കള്ളൻ കയറിയ വീട്ടിൽ രണ്ട് കുട്ടികൾ അവശനിലയിൽ കട്ടിലിൽ  കിടക്കുകയാണ്. അവിടെ കള്ളൻ കണ്ടെത്തിയ സ്വർണം എന്തു ചെയ്തുവെന്നു വായനക്കാർ പറയണമത്രേ .

    ഇതുപോലുള്ള കഥകൾ വായിക്കാൻ നിർബന്ധിക്കുന്നതു അർത്ഥശൂന്യമാണ്. അത്യന്തം ദയനീയമായ രണ്ട് ജീവിതചിത്രങ്ങളാണ് കഥാകൃത്ത് എഴുതാൻ ആഗ്രഹിച്ചത്. എന്നാൽ അതെഴുതിയപ്പോൾ മനുഷ്യമനസ്സിനെ സ്പർശിക്കാനുള്ള  മനസ്സാക്ഷിയില്ലാതായി. ജീവിക്കാത്ത ജീവിതം എഴുതിയാൽ നല്ല വായനക്കാർക്ക് അത് തിരിച്ചറിയാൻ കഴിയും.പി.എഫ്. മാത്യൂസ് ,സന്തോഷ് ഏച്ചിക്കാനം ,ഉണ്ണി ആർ ,ഇ . സന്തോഷകുമാർ തുടങ്ങിയവരുടെ  കഥകളും ഇതിൽനിന്നു വിഭിന്നമല്ല.  ഈ കഥാകൃത്തുക്കളെ നിരന്തരം അലട്ടുന്ന പ്രശ്നങ്ങളില്ലെന്നു കഥകളിൽ നിന്നു മനസിലാക്കാം. അതുകൊണ്ട് അവർക്ക് അന്യമായ വിഷയങ്ങൾ കൃത്രിമമായി സൃഷ്ടിക്കേണ്ടിവരുന്നു. അക്കാരണം കൊണ്ടു തന്നെ അത് പാളിപ്പോകുന്നു. ഈ കാലഘട്ടത്തിലെ ഒരു പ്രശ്നവും ഇത്തരം കഥാകൃത്തുകളെ അലട്ടുന്നില്ല എന്നു അവരുടെ കഥകൾ തന്നെ വിളിച്ചു പറയുന്നു. ഇത് എന്റെ സത്യസന്ധമായ നിരീക്ഷണമാണ്. ഇവിടെ വ്യക്തിപരമായി ഒരു പ്രശ്നവുമില്ല .ആത്മാവിൽ സ്പർശിക്കുന്ന ഒരു വാക്യം എഴുതിയാൽ പോലും ഞാൻ നമസ്കരിക്കും. എൻ്റെ സംസ്കാരമതാണ്. എൻ്റെ മുന്നിൽ വ്യക്തികളില്ല, രചനകളാണുള്ളത്. ചീത്തക്കഥകൾ നല്ലതാണെന്നു പറയാൻ കൂലിവിമർശകർ കണ്ടേക്കും. 

    ജീവിതത്തിൻ്റെ ആമാശയത്തിലേക്ക് ചെന്നു സ്കാൻ ചെയ്ത് സത്യങ്ങൾ ഗ്രഹിക്കാൻ കഴിവുള്ളവർക്ക് മാത്രമേ ജീവിതകാലത്ത് ഒരു കഥയെങ്കിലും എഴുതാനൊക്കൂ. നൂറു കഥകൾ കണക്കിൽ കാണിക്കാനുണ്ടാവും. പക്ഷേ ഒരു മികച്ച കഥ എടുക്കാനുണ്ടാവില്ല.
    "A story is a kind of biopsy of human life " എന്നു അമേരിക്കൻ എഴുത്തുകാരി ലോറെ മൂർ (Lorre Moore) പറഞ്ഞത് ഓർക്കുകയാണ്. മനുഷ്യജീവിതത്തിന്റെ കോശപരിശോധനയാണ് കഥ. അതിനു വൈദഗ്ദ്ധ്യം വേണം. തന്നെ അഭിമുഖം ചെയ്യാൻ വന്ന സുഹൃത്തിനോട് ലോറെ മൂർ പറഞ്ഞത് ,'എൻ്റെ ജീവിതത്തെ മറ്റുള്ളവർക്ക് താല്പര്യം തോന്നുന്ന വിധം  അവതരിപ്പിക്കാൻ പ്രയാസമായിരിക്കു'മെന്നാണ്.  അതുകൊണ്ട് മൂർ ആത്മകഥ എഴുതിയില്ല .തനിക്ക് പോലും അരസികമായി തോന്നുന്ന  ജീവിതത്തെ മറ്റുള്ളവർക്ക് എങ്ങനെ ശിപാർശ ചെയ്യും?

    അനന്തപത്മനാഭൻ്റെ 
    സംവേദനക്ഷമമാകാത്ത വേദനകൾ 


    ചിലർ വ്യക്തിജീവിതത്തിൽ അമ്പരിപ്പിക്കുന്ന മാനസികാഘാതത്തിലൂടെ കടന്നുപോയിട്ടുണ്ടാവും. ഈ കാലഘട്ടത്തിലെ ജീവിതം പരിഷ്കൃതമാണെങ്കിലും ആഘാതത്തിനു കുറവില്ല .എല്ലാം വിരസവും വിരഹവുമായി മടങ്ങിയെത്തും. ജീവിതത്തിലെ വേദനയും ദുരിതവും മുറിവും ഓർമ്മകളായി വേർപിരിഞ്ഞ് ശരീരത്തിലൂടെ പറ്റിപ്പിടിച്ച് കയറിക്കൊണ്ടിരിക്കും. അത് ഒഴിവാക്കാനാവില്ല .എന്നാൽ ഈ സംഭവങ്ങൾ, അനുഭവങ്ങൾ ഒരു കഥയായി എഴുതുമ്പോൾ വായനക്കാരനു അതിൻ്റെ തീവ്രത അനുഭവപ്പെടണമെന്നില്ല. ജീവിതാനുഭവവും കഥയെഴുത്തും രണ്ടാണ്. അനുഭവത്തെ അതിൻ്റെ പ്രാപഞ്ചികമായ ഉണ്മയിൽ സമാഹരിക്കാനും അതിനെ അങ്ങേയറ്റം മാനവികമാക്കാനും കഴിയുമ്പോഴാണ് സർഗ്ഗാത്മകമായ ഒരു നല്ല കഥയുണ്ടാവുന്നത്. കഥ ഫീൽ ചെയ്യാനുള്ളതാണ് .മനുഷ്യജീവിതത്തെ, ഹൃദയത്തെ ലക്ഷ്യം വച്ചാണ് ഓരോ വാക്കും നീങ്ങേണ്ടത്.

    ചിലപ്പോൾ ധൈഷണികമായ ഏറ്റക്കുറച്ചിലുകൾ കണ്ടേക്കാം. കണ്ടേക്കാം. പക്ഷേ കഥയുടെ പ്രാഥമികമായ ലക്ഷ്യമതാണ്. കഥയ്ക്കുള്ളിൽ വായനക്കാരന്റെ ആത്മാവിനു നേർക്ക്, അവൻ്റെ പൊരുളിനു നേർക്ക് കുതികൊള്ളുന്ന ഒരു ചേതനയുണ്ട് .ഈ പാരസ്പര്യത്തെ കാണണം. ബർഗ്സൺ പറഞ്ഞ 
    reciprocal interpenetration ഇതുമായി ബന്ധിപ്പിച്ച്  മനസ്സിലാക്കേണ്ടതാണ്. വായനക്കാരനും കഥയും തമ്മിലുള്ള പാരസ്പര്യമുണ്ട് .

    അനന്തപത്മനാഭൻ എഴുതിയ 'കൊരലാരം'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ജൂൺ 8-14)മനസ്സിനെ സ്പർശിച്ചില്ല എന്നറിയിക്കട്ടെ .കഥാകൃത്ത് രോഗവും ആശുപത്രിയും ഏകാന്തതയും  മരണവുമെല്ലാമാണ് വിവരിക്കുന്നത്. എന്നാൽ ഇതിൽ ഒന്നു പോലും വായനക്കാരനിൽ ചലനമുണ്ടാക്കുന്നില്ല .കഥയിലെ വസ്തുതകളോടല്ല വായനക്കാരൻ്റെ മനസ് പ്രതികരിക്കുന്നത്; അതിനുള്ളിലെ മാനുഷികതയോടാണ്, ജീവനപ്രക്രിയയോടാണ് ,ജീവദായകമായ വാക്കുകളോടാണ്. 

    അനന്തപത്മനാഭൻ്റെ ഭാഷ നിർജീവമാണ്. രണ്ടുപേർ അലസമായി വർത്തമാനം പറയുന്ന ഗൗരവമേ കഥയിൽ കാണാനാകുന്നുള്ളൂ. നിലവിൽ എല്ലാവരും ഉപയോഗിക്കുന്ന ഏതാണ്ടു മരിച്ച ഭാഷയിൽ എന്തിനാണ് എഴുതുന്നത് ?വിക്ടർ ലീനസിൻ്റെ കഥകൾ വായിച്ചാലറിയാം കഥയിലെ ഭാഷയുടെ പശയിൽ വായനക്കാരൻ്റെ മനസ് ഒട്ടുന്നതെങ്ങനെയെന്ന് .അങ്ങേയറ്റം വിഷാദാത്മകവും നീറ്റലുണ്ടാക്കുന്നതുമായ സന്ദർഭങ്ങളിൽ കഥാകൃത്ത് ഡോക്ടർമാരുടെ കുറിപ്പടി പോലെ അതിനെ നിർവികാരവും ജഡീഭാവതുല്യവുമാക്കുന്നു. ഇത് കഥയെ ആപൽക്കരമായ വിധം നശിപ്പിക്കുകയാണ് ചെയ്യുന്നത്.അനന്തപത്മനാഭനു ഭാഷയില്ല. വെറുതെ ഭാഷ സൃഷ്ടിക്കാനാവില്ല. ഭാഷ  സൃഷ്ടിക്കാൻ വേണ്ടി എഴുതാനാവില്ല. മിസ്റ്റിക് ദർശനമില്ലാത്ത ഒരാൾക്ക് മിസ്റ്റിക് അനുഭവം ഭാഷയിൽ ആവിഷ്ക്കരിക്കാനാവില്ല. ഭാഷ മനസിൻ്റെ സ്വഭാവത്തിനനുസരിച്ച് ,വിഷയത്തിൻ്റെ ഗൗരവത്തിനനുസരിച്ച് സൃഷ്ടിക്കപ്പെടുകയാണ്.

    ഹരാരി :മനുഷ്യൻ ഭാവന ചെയ്ത ഒരു ചിത്രത്തിനു പോലും എന്തു ശക്തി !

    പ്രമുഖ നരവംശ ചരിത്രകാരനായ യുവാ നോവാ ഹരാരിയുടെ ഫേയ്സ്ബുക്ക് പേജിലെ ഒരു വീഡിയോ കണ്ടത് ശ്രദ്ധേയമായി തോന്നി. യേശുവിൻ്റെ മുഖമോ രൂപമോ ആരും കണ്ടിട്ടില്ലെങ്കിലും കലാകാരന്മാർ സൃഷ്ടിച്ച ഛായാചിത്രങ്ങൾ ലോകത്തെ ഒന്നിപ്പിക്കാൻ ഉപകരിച്ചു എന്നാണ് അദ്ദേഹം പറയുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ പ്രിൻറ് ചെയ്ത ഛായാചിത്രം ,വരയ്ക്കപ്പെട്ട ചിത്രം യേശുവിൻ്റേതാണ്. ലോകചരിത്രത്തിൽ ഇത്രയധികം സ്ഥാപിക്കപ്പെട്ട ,  വീടുകളിലും പള്ളികളിലും സ്ഥാപനങ്ങളിലും നിരത്തുകളിലും ഇതുപോലെ അലങ്കരിക്കപ്പെട്ട ഒരു ചിത്രം വേറെയില്ല .ലോകത്ത് ഏറ്റവും പ്രശസ്തമായ മുഖമാണത്. എന്നാൽ ഇത് യഥാർത്ഥ യേശുവിൻ്റെ മുഖമല്ല. പൂർണമായും കലാകാരൻ്റ ഭാവനയാണ്. യേശുവിൻ്റെ ജീവിതകാലത്തെ ഒരു ചിത്രവും നമുക്ക് ലഭിച്ചിട്ടില്ല. ബൈബിളിൽ ഒരിടത്തു പോലും യേശുവിന്റെ നിറത്തെക്കുറിച്ചോ , രൂപത്തെക്കുറിച്ചോ, ഉയരത്തെക്കുറിച്ചോ ഒരു വാക്കു പോലുമില്ല. ലോകത്തിൽ ഏറ്റവും പ്രശസ്തമായ മുഖം മനുഷ്യന്റെ ഭാവനയിലുള്ളതാണെന്നു ഹാരാരി ഓർമ്മിപ്പിക്കുന്നു. ഇത് ഇപ്പോഴും ആളുകളെ പ്രചോദിപ്പിക്കുകയും  ഒന്നിപ്പിക്കുകയും ചെയ്യുന്നതിൽ വൻ വിജയമായി തുടരുന്നു. നല്ല ഉദ്ദേശങ്ങൾക്ക് ,നിർധനരെ  സഹായിക്കുന്നതിനും പോറ്റുന്നതിനും ഈ ചിത്രം ഉപയോഗിക്കുന്നുണ്ട്. അതുപോലെ ആളുകളെ പീഡിപ്പിക്കുന്നതിനും കുരിശുയുദ്ധങ്ങൾക്കും മതദ്രോഹ വിചാരണയ്ക്കും ശിക്ഷ നടപ്പാക്കാനും അത് ഉപയോഗിച്ചിട്ടുണ്ട് ."ഏത് വിധത്തിലായാലും ,മനുഷ്യരെ ഒന്നിപ്പിക്കുന്നതിൽ സാങ്കല്പിക സൃഷ്ടിയായ ഒരു ചിത്രത്തിനു വലിയ പങ്കുവഹിക്കാൻ കഴിഞ്ഞു. "

    എന്താണ് ഇതിനർത്ഥം ? മനുഷ്യൻ ഭാവനയിലാണ് ജീവിക്കുന്നത്. അവനു യാഥാർത്ഥ്യം വേണമെന്നില്ല. അതിനേക്കാൾ വിശ്വസനീയമായ നുണകൾ മതി. യാഥാർത്ഥ്യങ്ങളെ അവൻ ഭാവനയിലാണ് കാണുന്നത്. അവൻ അതിനെ മഹത്വവത്ക്കരിക്കുന്നു, വലുതാക്കുന്നു.


    പി.പി. രവീന്ദ്രൻ്റെ കൊളോണിയൽ ക്ഷീരബല 

    പി.പി.രവീന്ദ്രന്റെ ഉത്തരാധുനിക , യുജിസി ലേഖനത്തിന്റെ പേര് 'ആഖ്യാനവും അപകോളനികരണവും' (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ജൂൺ 1) എന്നാണ്. ഈ ടൈറ്റിൽ തന്നെ സാഹിത്യവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യമാണ് പറയുന്നതെന്ന സൂചന തരുന്നു. അല്പം പോലും ആസ്വാദനക്ഷമതയോ ഭാവനയോ ഇല്ലാത്ത തലക്കെട്ട് . രവീന്ദ്രൻ മാത്രമല്ല, വേറെയും ചില കോളജ് അധ്യാപകരുടെ ലേഖനങ്ങളിൽ കൊളോണിയലൈസേഷൻ , അധിനിവേശം എന്നെല്ലാം  ആവർത്തിച്ചു പ്രയോഗിക്കുന്നത് കണ്ടിട്ടുണ്ട്. കോളനിവാഴ്ചയും  അനന്തര സാഹിത്യവും കോളജ്  ക്ലാസുകളിലെ പഠന വിഷയമായിരിക്കാം. ഉത്തരാധുനികത  മരിച്ച ശേഷവും കൊളോണിയലിസത്തിന്റെ കുറ്റിയിൽ എല്ലാത്തിനെയും കെട്ടിയിടാനുള്ള ശ്രമമാണിത്.മഞ്ഞപ്പിത്തം ബാധിച്ചവൻ കാണുന്നതെല്ലാം മഞ്ഞനിറം എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. 

    പാശ്ചാത്യരെ നിരാകരിച്ചുകൊണ്ടാണ് എൺപതുകളിൽ അധിനിവേശാനന്തര ചിന്ത നിലവിൽ വന്നതെന്നു രവീന്ദ്രൻ എഴുതുന്നു. ഏതു തരം പ്രക്ഷോഭവാസനയെയും ഇങ്ങനെ അധിനിവേശാനന്തരം എന്നു ചാപ്പ കുത്തുന്നത് ചിന്താപരമായ നിശ്ചലതയുടെ ലക്ഷണമാണ് .അധിനിവേശം  കഴിഞ്ഞു .കോളനിവാഴ്ചയും അവസാനിച്ചു. ആ കാലഘട്ടത്തിലെ എഴുതപ്പെടാതെ പോയ വിഷയങ്ങളൊക്കെ അതേപോലെ അവശേഷിക്കുകയാണ്. വൈക്കത്ത് റോഡിലൂടെ നടന്നു എന്ന കുറ്റത്തിനു ദിവാൻ്റെ സൈന്യം പിന്നോക്ക വിഭാഗത്തിൽപ്പെട്ട യുവാക്കളെ വെട്ടിക്കൊന്നു കുളത്തിലിട്ട സംഭവത്തെക്കുറിച്ച് നൂറു വർഷം കഴിഞ്ഞിട്ടും പുരോഗമനക്കാരനോ, ആധുനികനോ ,യുജിസിയോ ,ഉത്തരാധുനികനോ ഒരു കഥയെഴുതിയില്ലല്ലോ .പ്രചോദിപ്പിച്ചില്ലായിരിക്കും.

    ഇപ്പോൾ ഉത്തരാധുനികതയല്ല പ്രസക്തം ;ഉത്തര- ഉത്തരാധുനികതയാണ്. ബൃഹദാഖ്യാനങ്ങളെ ചോദ്യം ചെയ്തുകൊണ്ടുള്ള രചനകൾ ക്ളീഷേയാണ്. "കൊളോണിയലിസവുമായുള്ള സമ്പർക്കത്തിന്റെ ഫലമായി വികസിച്ചു വന്ന റിയലിസ്റ്റ് ആഖ്യാനശൈലിയിൽ നിന്നുള്ള മാറിനടത്തം" എന്ന നിലയിലാണ് രവീന്ദ്രൻ സമീപകാല രചനകളെ കാണുന്നത്. ഇത് ഒരു പാളിച്ചയാണ് .എവിടെയാണ് റിയലിസ്റ്റ് ശൈലി കണ്ടതെന്നു അദ്ദേഹം പറയുന്നില്ല. കേശവദേവിന്റെ ശൈലിയാണ് ഉദ്ദേശിച്ചതെങ്കിൽ അദ്ദേഹം കൊളോണിയലിസത്തിന്റെ കാലത്ത് ജീവിച്ചയാളാണ്. അദ്ദേഹം ഈ പറഞ്ഞത് അംഗീകരിക്കില്ല. പിന്നീട്  ആധുനികതയാണ് പ്രബലമായത്. അത് റിയലിസമല്ലല്ലോ. രവീന്ദ്രൻ പറയുന്ന സാഹചര്യം ഇവിടെയില്ല.  "പാശ്ചാത്യരുടെ സംരക്ഷകഭാവം നിരാകരിച്ചുകൊണ്ടാണ് എൺപതുകളിൽ അധിനിവേശാനന്തര ചിന്ത നിലവിൽ വന്നതെന്ന " വാദവും ശരിയാവുകയില്ല .പാശ്ചാത്യരെ എങ്ങനെയാണ് നിരാകരിക്കുന്നത് ?പാശ്ചാത്യരെ സ്വീകരിക്കുകയല്ലേ നാം ചെയ്തത്? ഈസ്റ്റിന്ത്യാ കമ്പനിയുടെ പശ്ചാത്തലത്തിൽ ജീവിച്ച മാനസികാവസ്ഥയിൽനിന്നു നമ്മുടെ സാഹിത്യകാരന്മാരോ പോലീസോ നിയമവ്യവസ്ഥയോ സർക്കാർ സ്ഥാപനങ്ങളോ ഇപ്പോഴും മുക്തമായിട്ടില്ല .ജനതയുമായുള്ള അന്യവത്ക്കരണം പ്രകടമാണ്. 

    "ചരിത്രത്തെയും ഭൂതകാലത്തെയും സർഗാത്മകമായി പുനർനിർമ്മിക്കുന്നത് പുതിയ അധിനിവേശാനന്തര എഴുത്താണെന്നു " പറയുന്നത് തരക്കേടില്ലാത്ത അസംബന്ധമാണ്. ചരിത്രത്തെയും ഭൂതകാലത്തെയും പുനർനിർമ്മിച്ച എത്രയോ കൃതികൾ ഉണ്ടായി .സാഹിത്യത്തിൻ്റെ പൊതുവായ ഒരു സവിശേഷതയാണ് ഈ പുനർനിർമാണം .കുമാരനാശാൻ്റെ 'ദുരവസ്ഥ' നോക്കൂ ,'ചിന്താവിഷ്ടയായ സീത' നോക്കൂ .അതു അധിനിവേശത്തോടുള്ള പ്രതിഷേധമായി കാണേണ്ടതില്ല. അധിനിവേശം കഴിഞ്ഞിട്ട് പതിറ്റാണ്ടുകളായി. എന്നിട്ടും അദ്ധ്യാപകർ അതിൽ തന്നെ കടിച്ചുതൂങ്ങുകയാണ്.ഈ  മനോഭാവത്തെ ഇങ്ങനെ കൊണ്ടുനടക്കേണ്ട ആവശ്യമില്ല .
    അത് ഇന്നത്തെ കൃതികൾക്ക് ഇണങ്ങുകയില്ല. യു.പി .ജയരാജിന്റെ കഥകൾ അധിനിവേശത്തിനെതിരെയല്ല പടപ്പുറപ്പാട് നടത്തിയത്. അത് ഇന്ത്യൻ ഫ്യൂഡൽ മൂല്യങ്ങൾക്കും ജന്മിമാരുടെ ക്രൂരതയ്ക്കും ജാതിവെറിക്കും എതിരെയാണ് വാളോങ്ങിയത്. അത് രവീന്ദ്രൻ കാണുകയില്ല. 

    എന്നാൽ ഉത്തര- ഉത്തരാധുനികതയുടെ ഈ കാലത്ത് മൂന്നാം ലോകമോ അധിനിവേശമോ ഒന്നുമില്ല. എല്ലാവരും ഡിജിറ്റൽ മാനുഷികതയുടെ അടയാളങ്ങളാണ്. ഇൻ്റർനെറ്റും ഡേറ്റയും ചേർന്ന ഡിജിറ്റൽ മാനുഷികതയുടെ അടയാളങ്ങളാണ് മനുഷ്യർ. പി.പി. രവീന്ദ്രൻ്റെ ലേഖനത്തിൽ സാഹിത്യകൃതി ആസ്വദിക്കുന്ന ഒരു മനസ്സ് കണ്ടില്ല. ഏത് വീക്ഷണകോണിലൂടെ നോക്കിയാലും ആത്യന്തികമായി ശേഷിക്കേണ്ടത് ആസ്വാദനക്ഷമതയാണ്. 

    ജയൻ 

    ജയൻ മഠത്തിൽ എഴുതിയ 'മരണത്തിൻ്റെ പെൺ കടലാഴങ്ങൾ - പ്രണയമേ മരണമേ എന്നെയൊന്നു പുണരൂ'(സൈകതം ബുക്സ്) എന്ന കൃതി നഷ്ടപ്പെട്ട ആത്മാവിനെ വീണ്ടെടുക്കുന്നു. ജീവിതത്തിൻ്റെ പൈശാചികവും യാന്ത്രികവുമായ ബുദ്ധിയുടെ അതിപ്രസരത്തിൽ നഷ്ടമായ ലോലഭാവങ്ങളുടെ രസന കണ്ടെടുക്കുകയാണ്. പ്രണയത്തിൽ ഒരു മരണമുണ്ട്. പ്രണയിക്കുന്നവൻ / പ്രണയിക്കുന്നവൾ അതുവരെയുണ്ടായിരുന്ന ജീവിതത്തിൽ മരിക്കുക തന്നെയാണ്. അവർ ചിത്രശലഭങ്ങളും ശംഖനാദവും ഉന്മേഷമുണ്ടാക്കുന്ന പ്രകൃതിയുമുള്ള ഒരു പുതിയ ഭൂവിഭാഗം കണ്ടെത്തുകയാണ്. മനുഷ്യർക്ക് ചിറകുകൾ വയ്ക്കുന്നു .സ്വപ്നങ്ങൾക്ക് ചിറകുകൾ സാർവത്രികമാണ് . സ്വപ്നത്തിലെ ആഴക്കാഴ്ചകളും മതിഭ്രമങ്ങളും ജീവിതത്തിൽ നേരിട്ടനുഭവിക്കണമെങ്കിൽ പ്രേമിക്കണം. പ്രണയത്തിൽ മറ്റൊരു മരണം കൂടിയുണ്ട്. പ്രണയം നഷ്ടപ്പെടുന്നതും മരണമാണ് .പിന്നീടെങ്ങനെ ജീവിക്കും? ചിറകുകൾ നഷ്ടപ്പെട്ടവർ പറക്കില്ലല്ലോ. സിദ്ധികൾ നഷ്ടപ്പെട്ടവർ പാഴ് വസ്തുക്കളായി തരം താഴ്ത്തപ്പെടും. ജയൻ തന്റെ ഭാഷയെ മിസ്റ്റിക്, സൗന്ദര്യാത്മക തലത്തിലേക്കു പറത്തി വിടുകയാണ്. നാടകീയതയുടെ പിരിമുറുക്കം, അദ്ദേഹം അനുഭവിക്കുന്നുണ്ടാകണം.വികാരവിക്ഷോഭത്തിൽ നിന്നുകൊണ്ടുള്ള ആത്മാവിൻ്റെ പ്രഭാഷണമായി ഈ പുസ്തകത്തിലെ ഗദ്യം തിളങ്ങുന്നു .ഓരോ വാചകവും എഴുത്തുകാരനെ ഉള്ളിൽ നിന്നു കൂട്ടിക്കൊണ്ടുവരുന്നു.

    വിസ്ളാവ് സിംബോർസ്കയുടെ ജീവിതത്തെയും കവിതയെയും കുറിച്ചുള്ള ലേഖനത്തിൻ്റെ പേര് "കരയിൽ ജീവിക്കുകയും പറക്കാൻ മോഹിക്കുകയും ചെയ്ത കടൽ ജീവിയുടെ ഡയറിക്കുറിപ്പ്" എന്നാണ്. ഇങ്ങനെ ആത്മീയതയുടെ പശയുള്ള പദങ്ങൾ കോർത്തെടുക്കുന്നതിൽ ജയൻ മഠത്തിലിനു പ്രത്യേക സിദ്ധിയുണ്ട്. സിംബോർസ്ക  ഏകാന്തതയെ ലഹരി പോലെ കോരിക്കുടിച്ചെന്നു എഴുതുന്ന ഗ്രന്ഥകാരൻ അവരുടെ കവിതയെ നിരീക്ഷിക്കുന്നത് ഇങ്ങനെയാണ്: " ബൗദ്ധിക തേജസ്സുള്ള മരണം അവരുടെ കവിതകളിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടു .മരണത്തിനുമേൽ ആർക്കും യാതൊരു നിയന്ത്രണവുമില്ലെന്നും എന്നാൽ ആ യാഥാർത്ഥ്യത്തെ നിരന്തരം ചോദ്യം ചെയ്യാൻ നമുക്ക് കഴിയുമെന്നും സിംബോർസ്ക കുറിക്കുമ്പോൾ അവരുടെ ചിന്തയിലെ മിസ്റ്റിക്  റോസിനെ വായനക്കാരൻ അറിയാതെ ചുംബിച്ചു പോകും. ഇത്തരം സമൃദ്ധമായ ജീവിതരൂപങ്ങളുണ്ടായിട്ടും മനുഷ്യനെന്തേ എല്ലും മുള്ളുമില്ലാത്തതായി പോയി എന്ന് അവർ സംശയം പ്രകടിപ്പിച്ചു. "

    രാജലക്ഷ്മിയെക്കുറിച്ച് എഴുതുമ്പോൾ ജയൻ ഏകാന്തതയുടെ നീലവെളിച്ചം  എന്നു പ്രയോഗിക്കുന്നുണ്ട്. സിൽവിയാ പളാത്ത് ,സാഫോ ,എമിലി ഡിക്കൻസൺ, വെർജിനിയ വുൾഫ് ,സൂസൻ സൊൻടാഗ്, മായാ ആഞ്ചലോ, ടോണി മോറിസൺ തുടങ്ങിയ എഴുത്തുകാരെക്കുറിച്ച് ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നുണ്ട്. ശ്രേഷ്ഠമായ ആത്മദലമർമ്മരത്തിൽ സാഹിത്യത്തെ ഏകാന്തധ്യാനമാക്കുന്നവരുടെ വിധിയെക്കുറിച്ചാണ് ജയൻ എഴുതിയിരിക്കുന്നത്. 


    വിമീഷ് മണിയൂരിൻ്റെ 
    പൈങ്കിളി അപ്പൻ വിരോധം 

    വിമീഷ് മണിയൂരിൻ്റെ 'അപ്പൻ ആത്മഹത്യ ചെയ്താലുള്ള  സൗകര്യങ്ങൾ'(എഴുത്ത്, ഏപ്രിൽ ) ഒരു പൈങ്കിളി കവിതയാണെന്നു കുറിക്കട്ടെ. വാസ്തവത്തിൽ ഇതൊരു കഥയാണ്; വരിമുറിച്ച് കവിതയാക്കിയിരിക്കുകയാണ്. കവിത എത്രയും അനായാസമായി ആർക്കും എങ്ങനെയും എഴുതാവുന്ന ഒരു സാധനമാണെന്നു തെളിയിക്കാൻ ഈ കവിത മതിയാകും. പല പെൺ കഥാകൃത്തുക്കളും പലവട്ടം പറഞ്ഞാണ് ഈ അപ്പൻ വിരോധം. അപ്പൻ  നന്നായാൽ മതി താൻ നന്നായിക്കൊള്ളാമെന്നാണ് ഇക്കൂട്ടരുടെ വാദം. അപ്പനെ വിട്ട് സ്വയം നന്നാവാൻ നോക്കുന്നതിനു പകരം അനാവശ്യമായ ക്ളീഷേകളിൽ  കുടുങ്ങിക്കിടക്കുകയാണ് ചില കവികൾ. ഉത്തര - ഉത്തരാധുനിക പരിപ്രേക്ഷ്യത്തിൽ അപ്പനെ വെറുത്ത് അമ്മയെ വാനോളം പുകഴ്ത്തിക്കൊണ്ടുള്ള ഒരു മെലോഡ്രാമയുണ്ടല്ലോ. അതൊക്കെ പൈങ്കിളി ടെലിവിഷൻ പരിപാടികൾക്കു കൊള്ളാം. അപ്പനെ തെറി പറഞ്ഞാൽ ഒപ്പം കൂടാൻ ധാരാളം പേർ വരും. കാരണം ,അപ്പനെ അധികാരത്തിന്റെ ക്രൂരരൂപമായി പലരും ഉറപ്പിച്ചിരിക്കുകയാണല്ലോ. അമ്മയെ ഉപദ്രവിച്ചവരും അമ്മയെക്കുറിച്ച് സ്നേഹത്തിൻ്റെ കവിതയെഴുതി കൊഴുപ്പിക്കുന്നത് കണ്ടിട്ടുണ്ട്. ഇതൊക്കെ ആവർത്തന വിരസമായ ,നിസ്സാരമായ ,യാതൊരു പ്രതീക്ഷയും നൽകാത്ത വിഷയങ്ങളാണ് .ലോകത്തെയാണ് കാണേണ്ടത്. വിമീഷിന്റെ വാക്കുകൾ :

    " ചിലേ ദിവസങ്ങളിൽ,
    അപ്പൻ അമ്മച്ചിയുടെ 
    വായിലേക്ക് കാലിറക്കി 
    അന്നനാളം വരെ ചെന്ന്  കുത്തിയിളക്കിക്കഴുകുന്നത് കണ്ടിരിക്കാൻ വയ്യാഞ്ഞിട്ടാണ്.
    ഒരിക്കലയാൾ കേറിക്കിടക്കാൻ
    വേറൊരു കറുമൂസത്തണലുപോലു-
    മില്ലാതിരുന്ന 
    അമ്മൂമ്മയുടെ വിരല് വിരിച്ചുവച്ച്
    ചുറ്റികകൊണ്ട് നഖത്തിലൊറ്റയടി..."

    ഇതുപോലുള്ള വാചകങ്ങൾക്ക് സ്വയം കവിതയാകാനുള്ള സിദ്ധിയുണ്ടോ? പലതവണ കേട്ട പുരാവൃത്തമാകയാൽ  കേൾക്കുമ്പോൾ മടുപ്പാണ് തോന്നുന്നത്. കവിത വസ്തുവിൻ്റെ  ആന്തരസത്യം, ഒളിപ്പിക്കപ്പെട്ട മൂല്യമാണ് (hidden ontological meaning) തേടേണ്ടത് .എല്ലാവർക്കും അറിയാവുന്ന സാധാരണ വിഷയങ്ങളല്ല.

    രാജഗോപാലിൻ്റെ കവിത ക്ളീഷേ 

    മലയാളിയുടെ പൂർവ്വകാലങ്ങളെ, കവിതയുടെ പഴയ പദക്കൂട്ടുകളിലൂടെ, വികാരരഹിതമായി ,അലക്ഷ്യമായി കടത്തിക്കൊണ്ടുവരാനാണ് കെ. രാജഗോപാൽ ശ്വമിക്കുന്നത്. അദ്ദേഹത്തിൻ്റെ 'വീട്ടിലൂണ്'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ജൂൺ 15)എന്ന കവിത ഉദാഹരണം. ഇത്തരം കവിതകൾ ആധുനിക അഭിരുചിയുള്ള വായനക്കാർ എങ്ങനെ ഉൾക്കൊള്ളും? കവിതയുടെ ആധുനികസംസ്കാരമോ, ആഴത്തിലുള്ള അനുഭവമോ, വിചിന്തനമോ രാജഗോപാലിൻ്റെ കവിതയിലില്ല. കവിതയെക്കുറിച്ച് എം.ഗംഗാധരൻ ,ജി.എൻ .പിള്ള തുടങ്ങിയവർ എഴുതിയ ലേഖനങ്ങൾ വായിക്കണം.

    "നാട്ടിലേക്കു പോകുന്നതെന്നാണീ -
    മാസമാണ് മോരമ്മയ്ക്ക് ശ്രാദ്ധം 
    നോമ്പെടുത്തു തൊഴാനുണ്ട് കാവിൽ
    നേർച്ചയുണ്ടൊരു പന്തിരുനാഴി ,
    വീട്ടിലാരും തുറക്കാതിനിയും  ബാക്കിയില്ലേ മുറിയൊന്നുകൂടി?
    കൊണ്ടുപോകണ,മൊന്നവിടേക്കെന്ന് 
    അമ്മ ശാഠ്യം പിടിച്ചുതുടങ്ങി."

    രാജഗോപാലിന്റെ കവിത അദ്ദേഹത്തിന്റെ പേരിലാണുള്ളത് ,ഹൃദയത്തിലല്ല. കവിയെ ആധിപിടിപ്പിച്ച വിഷയമല്ല ഇത്. ഈ ഭാഷയിൽ അത് വ്യക്തമാണ്. കവിത മജ്ജയിൽ നിന്നാണ് വരേണ്ടത്; ഹൃദയം അതിൻ്റെ വാഹിനി മാത്രമാണ്. കവിതയുടെ ഉഗ്രഭാഷണം കാണാനില്ല. ഇതുപോലുള്ള ഒത്തുതീർപ്പ് കവിതകൾ വായിക്കുന്നത് തീക്ഷ്ണസൗന്ദര്യം തേടുന്ന വായനക്കാരുടെ അഭിരുചിയെ ക്ഷയിപ്പിക്കുകയേയുള്ളു. രാജഗോപാലിനു ആധുനിക സംസ്കാര മില്ല. സാഹിത്യകലയിൽ ആധുനികസംസ്കാരം അനിവാര്യമാണ്. എന്നാൽ കടമ്മനിട്ട 'മകനോട്' എന്ന കവിതയിൽ എഴുതിയിരിക്കുന്നത് നോക്കൂ:

    "ദുരിതത്തിൻ വേർപാകി ജടയുലച്ചാടുന്ന 
    വൃഷവൃക്ഷവ്യൂഹത്തിൻ നടുവിൽ  തലപൊക്കുവാൻ പൂത്തുവിടരുവാനാകാതെ 
    ഫലവൃക്ഷമാകെത്തളർന്നു 
    മുരടിച്ചുപോയ് സ്നേഹലതകളും ചെടികളും
    മുളചീഞ്ഞ മൂകമാം പാടും
    വിഷവൃക്ഷവൃന്ദത്തിൻ വേരറുത്തീടുവാൻ 
    മുരടിൽ കോടാലിയായ് വീഴൂ"

    ആത്മാവിലെ തീവ്രമായ വികാരം കവിതയുടെ ഊർജമായി പത്തിവിടർത്തുകയാണ്. എ.അയ്യപ്പൻ്റെ  'പുഴയുടെ കാലം' എന്ന കവിത എത്ര മഹത്തരമാണ്. 

    "ഞാൻ തടാകമായിരുന്നു.
    എൻ്റെ മുകളിൽ 
    നീയൊരു മഴവില്ലായിരുന്നു.
    ഒരു കർക്കിടകത്തിൽ 
    നമ്മൾ മാത്രം 
    മഴത്തുള്ളികളായിരുന്നു.
    ഒരു ഋതുവിലൂടെ 
    നിൻ്റെ ചിരിക്ക് 
    വസന്തമാകാൻ കഴിഞ്ഞിരുന്നു.
    ഒരു മഞ്ഞത്ത് 
    നമ്മൾ മാത്രം 
    പുൽക്കൊടികളായിരുന്നു
    ഒഴിവുകാലത്ത് നമ്മളും 
    ഒരു ഋതുവിൽനിന്ന് 
    ആൾക്കൂട്ടവും പിരിഞ്ഞു.
    ഒരു ശൈത്യത്തിൽ
    മരപ്പൊത്തിലൂടെ
    വലംകൈയിലെ 
    ചൂണ്ടുവിരലിലൂടെ 
    നിനക്ക് നീലയാകാൻ കഴിഞ്ഞു. "

    ഇതാണ് കവിത .മനസ്സിന്റെ എല്ലാ ഇന്ദ്രിയങ്ങളും സദാ പ്രവർത്തിക്കുന്ന വിധം വാക്കുകൾ നിരക്കുകയാണ്. പിന്നീടാണ് അത് ഭാഷയായിത്തീരുന്നത്. മനസ്സിനെ പ്രലോഭിപ്പിച്ച കവിതയാണ് അയ്യപ്പൻ്റേത്. 

    സക്കറിയയുടെ നവീനത 

    ശരീരത്തിനു പ്രായമേറുന്നുണ്ടെങ്കിലും മനസ്സിൽ ,ബുദ്ധിയിൽ ജരാനര ബാധിക്കാത്ത എഴുത്തുകാരനാണ് സക്കറിയ. അദ്ദേഹം മലയാളകഥയിൽ ഒരു പുതിയ ആഖ്യാനതന്ത്രം പരീക്ഷിച്ചു വിജയിപ്പിച്ചു.'യേശുപുരം പബ്ലിക് ലൈബ്രറിയെക്കുറിച്ച് ഒരു പരാതി','അ എന്ന വേട്ടക്കാരൻ' തുടങ്ങിയ കഥകൾ ഉദാഹരണം. ഒരു  അഭിമുഖത്തിൽ (സത്യം അന്വേഷിക്കാതെ ശക്തരായ എഴുത്തുകാരാകാൻ പറ്റില്ല,പച്ചമലയാളം ,പ്രമീളാ ഗോവിന്ദ് എസ് ,ജൂൺ)തന്റെ സാഹിത്യദർശനം അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.  "അടിസ്ഥാനപരമായി എഴുത്തുകാരന്റെ ദൗത്യം ഭാഷയുമായുള്ള അവൻ്റെ ഇടപെടലാണ് .രണ്ടാമത്  സാഹിത്യരൂപവുമായുള്ള അവൻ്റെ ഇടപെടലാണ്. നല്ല ഭംഗിയുള്ള, സൗന്ദര്യമുള്ള, അർത്ഥമുള്ള മലയാളം സൃഷ്ടിക്കുക എന്നത് പ്രധാനപ്പെട്ടതാണല്ലോ." സാഹിത്യരൂപത്തെ പുതുക്കുന്ന കാര്യമാണ് സക്കറിയ പിന്നീട് പറയുന്നത്. കഥാകൃത്താണെങ്കിൽ അതിൻ്റെ രൂപം പുതുക്കണം. "പഴയത് ആവർത്തിക്കാതെ നോക്കണം." അദ്ദേഹം പറയുന്ന മറ്റൊരു പ്രധാന നിരീക്ഷണം ഇതാണ്: "എൻ്റെ ഭാഷയെ ഓരോ തവണ പേന എടുക്കുമ്പോഴും എങ്ങനെയാണ് ഞാൻ പുതുക്കുന്നത് എന്നത് സംബന്ധിച്ച് ബോധ്യമുണ്ടാകണം. ഇത് കഴിഞ്ഞാലുള്ള ദൗത്യമാണ് സത്യം തിരിച്ചറിയാനെങ്കിലും ശ്രമിക്കുക എന്നത്. അവനവൻ്റെ മനസ്സിൽ അതുണ്ടെങ്കിൽ എഴുത്തിൽ എവിടെയെങ്കിലുമൊക്കെ അത് പ്രതിഫലിക്കും."

    ഇന്നത്തെ മലയാളകഥയിൽ ഈ സത്യാന്വേഷണം ഇല്ലെന്ന് പറയാം.ഇത്  സക്കറിയ  നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിനറിയാം ,മനസ്സിൽ കളവാണുള്ളതെങ്കിൽ ആ എഴുത്തുകാരൻ്റെ രചന പരാജയപ്പെടുമെന്ന്.

    ജോസഫ് ഗൂയെൻ :കവിത ഒരു തെറാപ്പി 

    വിയറ്റ്നാമീസ് കവിയും എഴുത്തുകാരനുമായ ജോസഫ് ഗൂയെൻ (Joseph Nguyen)എഴുതിയ Beyond Thoughts എന്ന കവിതാസമാഹാരം നമ്മുടെ മനസ്സുകളെ, മുറിവേറ്റ അന്തർമുഖ മനസ്സുകളെ സുഖപ്പെടുത്തുന്ന രചനകളാണ് ഉൾക്കൊള്ളുന്നത്. കവിത ഒരു തെറാപ്പിയാവുകയാണ്. പുസ്തകത്തിനു ഒരു ഉപശീർഷകവുമുണ്ട്:An expression of who we are beyond our minds.
    ഈ കൃതിയിലെ ചില വരികൾ ഇവിടെ ചേർക്കാം:

    "മറ്റുള്ളവരെക്കുറിച്ച് നാം പുറപ്പെടുവിക്കുന്ന അഭിപ്രായങ്ങൾ നാം നമ്മെക്കുറിച്ച് നേരത്തെ തന്നെ സ്വരൂപിച്ചതാണ്."

    "എല്ലാം നല്ലതാണ് .ഞാൻ അതിനെ വിലയിരുത്തുന്നില്ലെങ്കിൽ ."

    "എന്തുകൊണ്ട് നാം ഒരേ നാണയത്തിൻ്റെ രണ്ടു വശങ്ങളാണെന്നു തിരിച്ചറിയുന്നില്ല.  ഒരേ ശിഖരത്തിലെ രണ്ടിലകൾ ?
    ഒരേ കടലിലെ രണ്ട് തിരകൾ ?
    ഒരേ രാഗത്തിലെ രണ്ട് നോട്ടുകൾ.
    ഒരേ പ്രപഞ്ചകേന്ദ്രത്തിലെ 
    രണ്ടാത്മാക്കൾ."

    ഗൂയെൻ എഴുതിയ why we suffer when we do things for love എന്ന ചെറുലേഖനവും വായിക്കാൻ സാധിച്ചു. സ്നേഹിക്കുമ്പോൾ നാം യാതനയനുഭവിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനാണ് അദ്ദേഹം ഉത്തരം പറയുന്നത് . "മറ്റൊരാളുടെ സ്നേഹം കിട്ടാൻ വേണ്ടി നാം പരിശ്രമിക്കുമ്പോൾ യാതന അനുഭവിക്കേണ്ടിവരും. സ്നേഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യുന്നത് പ്രതീക്ഷയുണ്ടാക്കും, തിരിച്ച് എന്തെങ്കിലും കിട്ടുമെന്ന്. ഇത് നിരാശ ഉണ്ടാക്കും. എന്നാൽ പ്രേമത്തിൽ നിന്നുകൊണ്ടാണ് എന്തെങ്കിലും പ്രവർത്തിക്കുന്നതെങ്കിൽ, നാം നമ്മളിലുള്ള അന്തമറ്റ പ്രേമത്തിൽ നിന്നാണ് പ്രേമം കൊടുക്കുന്നതെങ്കിൽ തിരിച്ചു ഒന്നും തന്നെ പ്രതീക്ഷിക്കേണ്ടി വരില്ല. മറ്റു ഭൗതികലക്ഷ്യങ്ങളില്ലാതെ പ്രേമിക്കുമ്പോഴാണ് യഥാർത്ഥ പ്രേമത്തെ അറിയാനൊക്കൂ. ഇവിടെ ബന്ധനമില്ല. ഇതാണ് യഥാർത്ഥ സമ്മാനം. പ്രേമത്തിൽ നിന്നാണ് പ്രേമം കൊടുക്കേണ്ടത്. ഇങ്ങനെ എപ്പോഴെങ്കിലും നാം പ്രേമിച്ചിട്ടുണ്ടോ എന്നു ചിന്തിക്കുക ."

    നിലപാടുകൾ നിദർശനങ്ങൾ 

    1)ഒരു ചെറുപ്പക്കാരൻ നോവലെഴുതി മാസങ്ങൾ കഴിഞ്ഞതേയുള്ളൂ, 25 പതിപ്പുകൾ ഇറങ്ങിയെന്ന് ! ആരാണ് വായിച്ചത്?ഇക്കൂട്ടത്തിൽപ്പെട്ട ഒരു വായനക്കാരനെയും കാണാൻ കഴിഞ്ഞില്ല .നോവൽ പുറത്തിറങ്ങി ഉടനെ സിനിമാതാരത്തിന്റെ കൈയിൽ പിടിപ്പിച്ച് ഫോട്ടോ എടുത്ത് സമൂഹമാധ്യമത്തിൽ ഇടുന്നത് കാണാറുണ്ട്. ഇത്തരം നോവലുകൾ  ഞാൻ വായിക്കുകയില്ലെന്നു  തീരുമാനിച്ചിരിക്കുകയാണ്. സിനിമാ താരത്തോടുള്ള എതിർപ്പുകൊണ്ടല്ല.  ഈ നോവലിസ്റ്റിനു സഹ  എഴുത്തുകാരോടുള്ള പുച്ഛം നാം കാണാതെ പോകരുത്. ഇത്തരം കാര്യങ്ങളിൽ ഒരു മിനിമം പക്വത പ്രതീക്ഷിക്കുന്നു. ഒരു നോവലോ കഥാസമാഹാരമോ ടി.പത്മനാഭൻ്റെയോ സക്കറിയയുടെയോ കൈയിൽ പിടിപ്പിച്ച് ഫോട്ടോയെടുത്താൽ അതിനു ഒരു അർത്ഥമുണ്ട്.  

    2)പ്രായമാകുന്നതോടെ മനുഷ്യൻ നിരാശനും കലാവിരുദ്ധനും മൗനിയുമാകുന്നതിൻ്റെ രഹസ്യം വെളിപ്പെടുത്തുകയാണ് സതീശൻ മോറായി 'തർക്കം'(പച്ചമലയാളം, ജൂൺ )എന്ന കവിതയിൽ . 

    "കുട്ടിക്കാലത്ത് ഞാൻ 
    ജയനും 
    നീ പ്രേം നസീറുമായിരുന്നു
    ഒരു ആനയെ കിട്ടിയിരുന്നെങ്കിൽ...
    പുഴുങ്ങിത്തിന്നാമായിരുന്നു എന്നു നീയും
    മണ്ടിപ്പെണ്ണേ എന്നു ഞാനും
    പരിഹസിച്ചു പറയുമായിരുന്നു. ഏറെക്കാലത്തിനിപ്പുറം 
    പിന്നെയും കണ്ടുമുട്ടിയപ്പോൾ ഭഞ്ജിക്കുവാനാവാത്ത മൗനം കൊണ്ട്
    എന്തായിരിക്കും നമ്മൾ തർക്കിച്ചിട്ടുണ്ടാവുക?"

    3)അജേഷ് പിയുടെ 'പൂച്ചവീട്'(പച്ചമലയാളം,ജൂൺ) എന്ന കവിതയിൽ ഇങ്ങനെ കാണാം:
    "വീടൊരു പൂച്ചയായതു പോലെ,
    പൂച്ച ഒരു വീടായതുപോലെ ."
    സൂക്ഷ്മമായ ഒരു നിരീക്ഷണമാണിത്. 

    4)'ജീവിച്ചിരിക്കെ കാലഹരണപ്പെട്ടു പോയ ഒരാളുടെ ആത്മകഥ' എന്ന പേരിൽ മുഞ്ഞിനാടു പത്മകുമാർ എഴുതിയ സ്വന്തം ജീവിതകഥ രചനാരീതിയിലും സൗന്ദര്യാത്മകമായ കാഴ്ചപ്പാടിലും വ്യത്യസ്തമാണ് .സാമ്പ്രദായിക  ഭാഷയിൽ നിന്നും വഴക്കങ്ങളിൽ നിന്നും വ്യതിചലിച്ച് ഒരു ആത്മലോക പുരാവൃത്തം സൃഷ്ടിക്കുന്നതിൽ ഗ്രന്ഥകാരൻ വിജയിച്ചിരിക്കുന്നു.

    എം.കെ.ഹരികുമാർ 
    9995312097