ചിത്രശലഭപ്പറക്കലിൽ ഒളിപ്പിച്ചിരിക്കുന്നത്
എല്ലാം
പൂർവ്വനിശ്ചിതമാണെന്ന ഒരു ചിന്തയുണ്ട് .ഇന്ത്യൻ ശാസ്ത്രങ്ങളിൽ എല്ലാം
നിർവ്വചിക്കപ്പെട്ടതാണ്;ആത്മീയത മുതൽ നക്ഷത്രബന്ധം വരെ. ബൈബിളിലെ
സഭാപ്രസംഗകൻ പറഞ്ഞത് ശ്രദ്ധിക്കുക: "എല്ലാറ്റിനും ഒരേ ശ്വാസമാണുള്ളത്.
മനുഷ്യനു മൃഗത്തേക്കാൾ യാതൊരു മേന്മയുമില്ല.എല്ലാം മിഥ്യയാണ്. എല്ലാം
ഒരിടത്തേക്ക് പോകുന്നു. എല്ലാം പൊടിയിൽ നിന്നുണ്ടായി, എല്ലാം പൊടിയിലേക്ക്
മടങ്ങുന്നു. മനുഷ്യൻ്റെ പ്രാണൻ മേല്പോട്ടും മൃഗത്തിൻ്റെ താഴെ മണ്ണിലേക്കും
പോകുന്നുവോ? ആർക്കറിയാം! "
ജീവിതത്തെക്കുറിച്ച്
ഇത്രയും ആഴത്തിൽ ഒരു ദർശനം വേറെ എവിടെയാണുള്ളത് ?ഈ കാണുന്നതിൻ്റെയെല്ലാം
അന്ത്യം ഉറപ്പാണ് ;എന്നാൽ അതൊന്നും നമ്മോടൊപ്പമല്ല .ഓരോന്നിനും അതാതിൻ്റെ
അന്ത്യം കരുതപ്പെട്ടിരിക്കുന്നു. ഒരന്ത്യമുള്ളതു കൊണ്ടാണ് നാം
സ്വതന്ത്രരായിരിക്കുന്നത്. ഒരു നായ സ്വതന്ത്രനായിരിക്കുന്നത് അതിനു
നിരുപാധികമായ ഒരു മരണം ഉറപ്പായിട്ടുള്ളതുകൊണ്ടാണ്. ഒരന്ത്യമാണ് നമ്മെ
വേറിട്ടതാക്കുന്നത്. എന്തെന്നാൽ ഓരോ വഴിക്ക് മടങ്ങാനാവും .ഒരു പൂച്ചയോ
എലിയോ ചത്തു കിടക്കുന്നത് കണ്ടു മനുഷ്യനു പറയാൻ കഴിയുമോ, താൻ അതിനെക്കാൾ
മികച്ച രീതിയിൽ അവസാനിക്കുമെന്ന് ? ഒരുത്തൻ്റെയും കപടമുഖം കാണാതെ
,മരണാനാന്തരവിചാരങ്ങളില്ലാതെ അവയ്ക്ക് സ്വതന്ത്രമായി മരിക്കാനാകുന്നുണ്ട്.
മരണശേഷമുള്ള സ്വർഗ്ഗത്തിലെ എൻട്രി ഉറപ്പാക്കാൻ വേണ്ടി സമയം പാഴാക്കേണ്ടി
വന്നില്ലല്ലോ എന്ന ചാരിതാർത്ഥ്യം അവയ്ക്കുണ്ട്. നമ്മൾ ജീവിതത്തോടൊപ്പം
മരണാനന്തരജീവിതവും നയിക്കുന്നു എന്ന അസംബന്ധമുണ്ട്. നാം ഈ ലോകത്തെ വളരെ
കുറച്ചു മാത്രമാണ് മനസ്സിലാക്കുന്നത് .നമ്മൾ വലിയ വ്യക്തികളൊന്നുമല്ല .നാം
പരിമിതികളുടെ കൂടാണ് .യഥാർത്ഥ സ്നേഹിതനെ പോലും ക്രൂരമായി വിചാരണ ചെയ്ത്
,അന്യവത്ക്കരിച്ച്, ആത്മസംതൃപ്തി നേടുന്ന ചീത്തസ്വഭാവമാണ് നമ്മുടേത്. നാം
കാണുന്നത് ഒരു വശം മാത്രമാണ്. നാം എന്നെങ്കിലും ഭാവിയെ കണ്ടിട്ടുണ്ടോ ?ഈ
ലോകം ഭാവിയും കൂടി ചേർന്നതാണ്. മനുഷ്യർക്ക് എന്നും ഭൂതകാലം മതി ;പഴയ
കണ്ണാടി പോലെ അത് നിത്യേന തുടച്ചു വൃത്തിയാക്കുന്ന ഭീരുവാണ് മനുഷ്യൻ.
സൽമാൻ
റുഷ്ദി പറഞ്ഞു: " മനുഷ്യരായ നമുക്ക് വസ്തുക്കളെ പൂർണമായി കാണാനുള്ള
കഴിവില്ല. നാം ദൈവമല്ല, മുറിവേറ്റ ജീവികളാണ് .പൊട്ടിയ ചില്ലുകളാണ് .വിള്ളൽ
വീണ, ചിതറിയ കാഴ്ചകൾക്ക് മാത്രമേ അത് ഉപകരിക്കൂ. നമ്മൾ ഭാഗിക മനുഷ്യരാണ്
,എല്ലാ അർത്ഥത്തിലും. അർത്ഥം എന്നത് കഷണങ്ങൾ കൊണ്ട്, അന്ധവിശ്വാസങ്ങൾ
കൊണ്ട്, കുട്ടിക്കാലത്തെ മുറിവുകൾ കൊണ്ട് , പത്രലേഖനങ്ങൾ കൊണ്ട് ,പഴയ
സിനിമകൾ കൊണ്ട് ,ചെറിയ വിജയങ്ങൾ കൊണ്ട് ,സ്നേഹിച്ചവരും വെറുത്തവരുമായ
ആളുകളെ കൊണ്ട് ഉണ്ടാക്കിയ ദുർബലമായ എടുപ്പാണ്.തീർത്തും അപര്യാപ്തമായ
വസ്തുക്കൾ കൊണ്ടുണ്ടാക്കിയ ഈ ബോധത്തെ മരണം വരെ നാം ഉപേക്ഷിക്കുകയില്ല."
നമ്മളിൽ വ്യത്യസ്തരൊന്നുമില്ല .എല്ലാം ഒരേതരമാണ്.ഇതൊക്കെ അറിയുന്ന ഒരാൾ
എഴുതുമ്പോൾ എന്തെല്ലാം പരീക്ഷണങ്ങളും അപകടകരമായ ഭാവനകളും
ഉണ്ടാകേണ്ടതാണ്.മുറിവുകൾ പൂക്കളായി പരിവർത്തനപ്പെടണം. അപകർഷതകൾ
ചിത്രശലഭപ്പറക്കലുകളായി മാറണം .പരാജയങ്ങൾ മറ്റു രാഗങ്ങളും പാതകളുമായി
രൂപപ്പെടണം. ചിത്രശലഭപ്പറക്കലിൽ ഒളിപ്പിച്ചിരിക്കുന്നത്
നമ്മെത്തന്നെയാണെന്നു അറിയണം. അതിനുപകരം എന്താണ് സംഭവിക്കുന്നത്? ചിന്തകൾ
ചത്ത പാമ്പിനെ പോലെ നിശ്ചലമായിരിക്കുന്നു. സ്വതന്ത്രമായ മനസ്സ് എവിടെ?
വിദ്യാഭ്യാസം ഇന്നത്തെ സാംസ്കാരിക സാഹചര്യത്തിൽ സ്വാതന്ത്ര്യത്തെ തടയുകയാണ്
ചെയ്യുന്നത്.
നോവൽ പ്രമോഷനു വേണ്ടി ഏതറ്റം വരെയും
നിരാശ
ബാധിച്ച നോവലെഴുത്തുകാർ പ്രമോഷനു വേണ്ടി ഏതറ്റം വരെയും പോകുകയാണ്.
അടുത്തിടെ ഒരു യുവ നോവലിസ്റ്റ് നോവൽ പ്രമോഷൻ നടത്തിയത് ഒരു രാഷ്ട്രീയ
നേതാവിനെ ഉപയോഗിച്ചാണ് .നേതാവ് നോവലിനെ പ്രശംസിക്കുന്ന വീഡിയേകൾ കാണാനായി.
വേറൊരു സുഹൃത്ത് തൻ്റെ നോവൽ പ്രമോഷനു വേണ്ടി ഒരു തമിഴ് സിനിമാതാരത്തെയാണ്
സമീപിച്ചത്. താരം നോവൽ വായിക്കുന്ന ഫോട്ടോ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യാൻ
പോവുകയാണ്. ഇതൊക്കെ കാണുമ്പോൾ കഷ്ടം എന്നു പറയാനാണ് തോന്നുന്നത്. ആരാണ്
എഴുത്തുകാരൻ എന്നു മനസിലാക്കാൻ ഇവർക്ക് കഴിവില്ല .കേശവദേവ് ,സി.ജെ.തോമസ്
,എം.ഗോവിന്ദൻ ,കുറ്റിപ്പുഴ തുടങ്ങിയവരെ അറിയാൻ ഇവർക്ക് സമയമില്ല. നോവൽ
എഴുതാൻ ഉപയോഗിക്കുന്ന ബുദ്ധിയുടെ കാൽ ശതമാനമെങ്കിലും ഇതിൽ ചെലവഴിക്കുക.
ഇത്തരം തറവേലകൾ കൊണ്ട് തരം താഴാമെന്നു മാത്രം. താനൊരു കഴമ്പില്ലാത്ത
വ്യക്തിയാണെന്നു തെളിയിക്കുകയാണ് നോവലിസ്റ്റ് .എഴുത്തുകാരന്റെ അല്ലെങ്കിൽ
എഴുത്തുകാരിയുടെ റോൾ എന്താണെന്നു മനസ്സിലാക്കുക. സ്വയം
അധ:പതിക്കാതിരിക്കുക.ഇത്തരക്കാരുടെ കൃതികൾ വായിക്കാൻ തോന്നുകയില്ല.
ഉണ്ണികൃഷ്ണൻ തിരുവാഴിയോട് ,വി.പി. ശിവകുമാർ തുടങ്ങിയവരെ പോലെ ഉയർന്ന
നിലവാരമുള്ള എഴുത്തുകാർ പുതിയ തലമുറയിൽ ഇല്ലെന്നു തോന്നുന്നു.
ഇതിലൊന്നുമല്ല എഴുത്തുകാരന്റെ മിടുക്ക്.സ്വന്തം മാധ്യമത്തെ എത്രത്തോളം
നവീകരിക്കുകയും ആഴത്തിൽ അനുഭവിപ്പിക്കുകയും ചെയ്യുന്നു എന്നാണ്
നോക്കേണ്ടത്. നിലവിലുള്ള ആഖ്യാനരീതിയെ വെല്ലുവിളിക്കണം!
So you must risk placing real emotion at the centre of your work .Write straight into the emotional centre of things.
Anne Lamott
കവിത കാവ്യാത്മകമാകരുത്
കെ.എ.ജയശീലൻ
മിക്കപ്പോഴും ബുദ്ധികൊണ്ടാണ് കവിത എഴുതുന്നത്. കവിതയെ അദ്ദേഹം
പൂർവ്വകവികളുടെ കാല്പനിക നവോന്മേഷത്തിലേക്ക് ആനയിക്കുകയാണ്. ആധുനികതയുടെ
അപരാഹ്ന ജീർണത എന്നു വിളിക്കാം. കാവ്യവസ്തുവല്ല കവിത: വസ്തുവിനെ, അതിൻ്റെ
ജീവതത്ത്വപരമായ ഉണ്മയെ പുറത്തു കൊണ്ടുവരുന്ന വിചാരമാണത്.അത് ഒരു പട്ടം
ചരടറ്റ് പറക്കുന്നതു പോലെയാകണം. ഒരു വലിയ അഗാധതയ്ക്ക് മുകളിലൂടെ ചരടിന്മേൽ
എന്ന പോലെയുള്ള യാത്രയാണത്. വായനക്കാരൻ ചരടിൽ ബന്ധിച്ച പട്ടമല്ല ;ചരടറ്റ്
പറക്കാനാണ് അവൻ്റെ അന്തർ മനസ്സ് പറയുന്നത്. എന്നാൽ കവികൾ
വ്യവസ്ഥാപിതത്വത്തെ വീണ്ടും വീണ്ടും ഓർമ്മിപ്പിച്ച് പൂർവ്വകാലത്തിലേക്കു
കൊണ്ടുപോയി കെട്ടിയിടുന്നു. ചിത്രശലഭത്തിൻ്റെ കാലത്തെക്കുറിച്ചാണ് കവി
വിചാരിക്കുന്നത്. എന്നാൽ ഈ വിചാരം ഒരു കവിചേതനയിൽ ഉരുകിച്ചേർന്നു
മറ്റൊന്നാകുന്നില്ല.
"പത്തുനിമിഷത്തിൽ
പത്തുദിവസത്തെ കുത്തിനിറയ്ക്കാൻ
കഴിഞ്ഞാൽപ്പോലും
കാലത്തെ വീണ്ടും
വലിച്ചുവിടർത്തണം
മാലോകർ ജീവനോടൊ-
പ്പമാകാൻ.
ഒറ്റപ്പൂമേലും
ശരിക്കുമിരിക്കില്ല
മറ്റേപ്പൂവിൻ്റെ
വിചാരംമൂലം "
ജയശീലൻ്റെ
'ചിത്രശലഭങ്ങൾ ഇത്ര ധൃതിപിടിച്ച്'(മാതൃഭൂമി ആഴ്ചപ്പതിപ്പ് , മെയ് 18)എന്ന
കവിതയിലെ വരികളാണ്. കവി ഇവിടെ നിലവാരപ്പെടുകയാണ് ചെയ്യുന്നത്. ഓർമ്മകൾ
കുഴിച്ചെടുക്കുന്നതിൽ കവിക്ക് വേണ്ടത്ര സമയം കിട്ടിയിട്ടില്ല. ഒരു ശലഭം
അതിൻ്റെ ആനന്ദത്തിന്റെ സമ്പദ് വ്യവസ്ഥയിൽ തൃപ്തമല്ല എന്നു കവിക്ക് എങ്ങനെ
പറയാൻ കഴിയും? നമ്മെക്കാൾ ഋജുവായി, അനായാസമായി ആനന്ദം നേടാൻ
കഴിയുമെന്നിരിക്കെ മനുഷ്യരെപ്പോലെ സർവീസിൽ കയറി മുപ്പതു വർഷം കുറ്റിയടിച്ചു
കിടക്കാൻ ശലഭത്തിനു സമയമില്ലല്ലോ.ജയശീലൻ കവിത എഴുതിയശേഷവും ശലഭത്തിൻ്റെ ആ
പഴയ ലോകം അതേപോലെ നിലനിൽക്കുന്നു; ഒരു മാറ്റവും സംഭവിച്ചില്ല .ഇതാണ് കവിത
നിലവാരപ്പെട്ടതാണെന്നു പറയാൻ കാരണം. ഡിലൻ തോമസ് (Dylan Thomas)നല്ല കവിത
യാഥാർത്ഥ്യത്തിനുള്ള ഒരു സംഭാവനയാണെന്നു പറഞ്ഞത് ഓർക്കുകയാണ് .നല്ല കവിത
എഴുതപ്പെടുന്നതോടെ ലോകം പഴയതുപോലെ ആയിരിക്കില്ല.
"A
good poem helps to change the shape of the universe ,helps to extend
everyone's knowledge of himself and the world around him."
ആശയഭംഗിയുള്ള
പ്രസ്താവനയാണ് ഡിലൻ തോമസിൻ്റേത്. കവിത ഒരു വസ്തുവിന്റെ വിധി ,വർത്തമാനം,
ഭാവി എന്നിവ മാറ്റുന്നു. പകരം മറ്റൊരു മാനം നല്കുന്നു .ഈ ലോകത്തിൻ്റെ
രൂപത്തെ മാറ്റുകയാണ് ഒരു മികച്ച കവിത ചെയ്യുന്നത്. അല്ലെങ്കിൽ കവിത ഒരു
ബദ്ധപ്പാട് മാത്രമായിരിക്കും. നമുക്ക് നമ്മെക്കുറിച്ചുള്ള അറിവിനെ
വികസിപ്പിക്കാൻ കവിത പര്യാപ്തമാവണം. അങ്ങനെ പുതിയൊരു ലോകത്തെ കാണാൻ കഴിയണം.
ജയശീലൻ്റെ കവിത പരമ്പരാഗതമായ അക്കാദമിക് ചതുപ്പുനിലങ്ങളിൽ തന്നെയാണ്. കവിത
കാവ്യാത്മകമാകരുത്. കാവ്യാത്മകത എന്നു പറയുന്നത് പൂർവ്വകാലത്തെ കവിതകളും
അതിനെക്കുറിച്ചുള്ള ചർച്ചകളും ചേർന്നുണ്ടാക്കിയതാണ് .ആ കാവ്യാത്മകത ഒരു
ഭാരമാണ് .അതിനെ മറികടക്കേണ്ടതുണ്ട്. കാവ്യാത്മകമല്ലാത്ത ഭാഷയിലാണ്,
ചിന്തയിലാണ് യഥാർത്ഥ കവിത ഒരു പിറവിക്കായി തയ്യാറെടുക്കുന്നത് .
The only interesting answers are those that destroy the questions .
-Susan sontag
ലക്ഷം കോപ്പിക്കാർ വരവായി
ഒരു
പുസ്തകം എഴുതി പ്രസിദ്ധീകരിച്ചു കഴിഞ്ഞ് എത്രയോ വർഷങ്ങൾ കഴിഞ്ഞാണ് അത്
മികച്ചതാണെന്നു സഹൃദയർ അംഗീകരിക്കുന്നതെന്നോർക്കണം. ഒരു സ്ഥാപനത്തിൻ്റെ
ആശീർവാദമല്ല ഉദ്ദേശിക്കുന്നത്. കുറെ വായനക്കാരുടെ മനസ്സിൽ അതിനൊരു സ്ഥാനം
കിട്ടുന്നു എന്ന അർത്ഥത്തിലാണ് .കാലത്തിൻ്റെ പരീക്ഷണമുണ്ട്. അതിനെ
അതിജീവിക്കണം. പത്തുവർഷം പോലും ഒരു കാലമല്ല. പരമാവധി ചർച്ച ചെയ്ത് അതിൻ്റെ
ഭാവുകത്വപരമായ വ്യതിയാനങ്ങൾ പരിശോധിക്കേണ്ടതുണ്ട് .ഒരു നല്ല കൃതിയിൽ അനേകം
നിഴലുകൾ ഉണ്ടായിരിക്കും .അത് ചിലപ്പോൾ ഒറ്റ വായനയ്ക്ക് ലളിതമായി
തോന്നുമെങ്കിലും ആഴത്തിൽ ചിന്തിക്കുന്നവർക്ക് കൂടുതൽ പരതി നോക്കേണ്ടിവരും.
ഭാഷ ,സംസ്കാരം, സ്വരം, സംഗീതം, കല ,സാമൂഹിക ജീവിതത്തിന്റെ പ്രതിസ്പന്ദങ്ങൾ
തുടങ്ങി പലതലങ്ങളിലൂടെയാണ് അത് മുന്നോട്ടുപോകുന്നത്. എന്നാൽ ഈ വക
കാര്യങ്ങളെക്കുറിച്ച് യാതൊരു വിവരവുമില്ലാത്ത ചിലർ പ്രബലരായ പ്രസാധകരുടെ
വിപണന തന്ത്രങ്ങളിലൂടെ കൂടുതൽ കോപ്പി അച്ചടിച്ചു എന്ന തരത്തിൽ
പ്രചാരണവുമായി ഇറങ്ങിയിരിക്കയാണ്. ഒന്നരലക്ഷം കോപ്പി വിറ്റ പുസ്തകം എന്ന്
അവകാശപ്പെട്ടുകൊണ്ട് പരസ്യം ചെയ്യുന്ന എഴുത്തുകാരെ ഇപ്പോൾ കാണാറുണ്ട്
.ഇക്കൂട്ടർക്ക് പുസ്തകങ്ങൾ എങ്ങനെയാണ് അതിൻ്റെ ദീർഘമായ സമരങ്ങളിലൂടെ
ഭാവുകത്വപരമായ ആലോചനകൾ ഉറപ്പിച്ചെടുക്കുന്നതെന്ന് അറിയില്ല. എഴുത്തുകാരൻ
തൻ്റെ ഫോട്ടോ പതിച്ച പരസ്യങ്ങളിൽ ഒന്നോ രണ്ടോ ലക്ഷം കോപ്പി വിറ്റ
കൃതിയാണെന്ന് അവകാശപ്പെടുന്നതിൽ ഈ കാലത്തിൻ്റെ സകല അസംബന്ധങ്ങളും അന്തസ്സാര
ശൂന്യതകളും പത്തി വിടർത്തിയാടുന്നതായാണ് തോന്നുന്നത്. ദയനീയമായ ഒരു
കാഴ്ചയാണിത്. എന്താണ് എഴുത്തുകാരന് അർത്ഥമാക്കുന്നത്? കുറേപ്പേർ
മറ്റെന്തെങ്കിലും താൽപര്യത്തിന്റെ പേരിൽ രണ്ടു ലക്ഷം കോപ്പി വാങ്ങിയാൽ അത്
മികച്ച കൃതിയായി അംഗീകരിക്കപ്പെട്ടു എന്നോ? തെറ്റായ നിലപാടാണിത്.ഒരു
ആൾക്കൂട്ടത്തിനും ഒരു കൃതി മികച്ചതാക്കാൻ കഴിയില്ല .ലക്ഷം പേരല്ല ഒരു നല്ല
കൃതി കണ്ടെടുക്കുന്നത് .ഒരു സംഗീത ബാൻഡിനു അത് ഇണങ്ങും.സംഗീത ബാൻഡ്
ഭാവുകത്വപരമായ സമസ്യ സൃഷ്ടിക്കുന്നില്ലല്ലോ. മികച്ച പൈങ്കിളി നോവൽ ഏതെന്നു
കണ്ടെത്താൻ ലക്ഷം പേരുടെ ഒപ്പ് സഹായകമാണ്.ആൾക്കൂട്ടത്തെ പെട്ടെന്നു
തൃപ്തിപ്പെടുന്ന കൃതി രണ്ടാമതൊന്നു വായിക്കാൻ ഒന്നുമുണ്ടാവില്ല. അതിൽ ഒരു
പുതിയ ഭാവുകത്വത്തിന്റെ ചലനമില്ല .ഉള്ളി തൊലിക്കുന്ന പോലെയാണ്.
ആൾക്കൂട്ടത്തിനു ഒരു സാമാന്യമായ അഭിരുചിയാണുള്ളത്. ഒരിക്കലും മികച്ച കൃതി
സാമാന്യമായ അഭിരുചിയല്ല പകരുന്നത്. ഉറൂബ് ,ത കഴി തുടങ്ങിയവർ തങ്ങളുടെ
കൃതികൾ ലക്ഷത്തിൽ കൂടുതൽ വിറ്റു എന്നു പറഞ്ഞ് പരസ്യം ചെയ്യുമായിരുന്നോ
?എങ്കിൽ പിന്നെ അവർ ഖണ് വി
ഹ്വാൻ റുൾഫോയുടെ
'പെഡ്രോ പരാമോ' അച്ചടിച്ച കാലത്ത് രണ്ടായിരം കോപ്പി പോലും വിറ്റില്ല.
പിന്നീട് പല എഴുത്തുകാർ അതിനെപ്പറ്റി എഴുതുകയും പറയുകയും ചെയ്ത ശേഷമാണ്
വിവിധ ഭാഷകളിലേക്ക്, മികച്ച കൃതി എന്ന നിലയിൽ , മൊഴിമാറ്റം
ചെയ്യപ്പെട്ടത്.'ഖസാക്കിന്റെ ഇതിഹാസം' എത്ര പതിറ്റാണ്ടുകൾ നീണ്ട
ചർച്ചയിലൂടെയാണ് ഇന്നത്തെ നിലയിൽ എത്തിയത്. എന്നാൽ ഇന്നു എഴുത്തുകാർ ഇത്തരം
ചരിത്രപരമായ അറിവുകളുടെ അഭാവം കൊണ്ട്, തങ്ങളുടെ കൃതികൾ ലക്ഷം കോപ്പി
വിറ്റു എന്നു പറഞ്ഞു മസിൽ പിടിച്ചു നിൽക്കുകയാണ്. എഴുത്തുകാരൻ
അധ:പതനത്തിന്റെ ചിഹ്നമായി മാറരുത്. ചിന്താപരമായ പരിമിതി മനസ്സിലാക്കാം
;പക്ഷേ ഇത് നല്ല വായനക്കാരെ അപമാനിക്കുന്നതാണ്.
കാവ്യാത്മകമാകാതെ കമലാദാസിന്റെ കവിതകൾ
കമലാദാസ്
ഒരിക്കൽ പറഞ്ഞു, തനിക്ക് ടി.എസ്.എലിയറ്റിനെ പോലെയോ എസ്റാ പൗണ്ടിനെ പോലെയോ
കവിതയെഴുതാനാവില്ലെന്ന് .ഒരു സ്വകാര്യസംഭാഷണത്തിലാണ് ഇങ്ങനെ സൂചിപ്പിച്ചത്.
അവർക്ക് കവിത ബുദ്ധിപരമായ, അക്കാദമിക് പരീക്ഷണമല്ല. ആ കവിതകൾ
ചരിത്രത്തോടു പോലും മുഖം തിരിച്ചു നിൽക്കുകയാണ് .മറ്റു കവികളുടെ
ഭാഷണങ്ങളിലെ പൊതുവായ വാങ്മയങ്ങളും ബിംബാത്മക സംവേദനങ്ങളും അവർ
ശ്രദ്ധിക്കുന്നേയില്ല .അവർ കവിതയെ സ്വന്തം ശരീരം പോലെ അനുഭവിക്കുകയാണ്.
അതുകൊണ്ട് അതിനു കാവ്യചരിത്രമോ കാവ്യശാസ്ത്രമോ അന്യമായിരിക്കും. അവർ
മനസ്സിലേക്ക് നോക്കുന്നതിൽ ഒരു പ്രാപഞ്ചികമായ നഗ്നത ആവിർഭവിച്ചിട്ടുണ്ട്.
അവർക്ക് ആ നഗ്നത ഒഴിവാക്കാനാവില്ല. അവർ ഇങ്ങനെയാണ് ഓരോ വസ്തുവിനെയും
നോക്കുന്നത്. അതുകൊണ്ട് വസ്തുവിനും കവിക്കുമിടയിൽ ഒരു സ്വകാര്യലോകം
സൃഷ്ടിക്കപ്പെടുന്നു.കമലാദാസിൻ്റെ Words എന്ന കവിത നോക്കൂ:
"എൻ്റെ ചുറ്റും വാക്കുകളാണ്,
വാക്കുകൾ ,വാക്കുകൾ .
അവ എന്നിൽ ഇലകൾ പോലെ കിളിർക്കുകയാണ് ,
ഒരിക്കലും അവസാനിക്കാതെ .
എന്നാൽ ഞാനെന്നോടു മന്ത്രിക്കുന്നു -
വാക്കുകൾ ശല്യമാണ് ;
അതിനെ കരുതിയിരിക്കുക .
അവ പലതുമാണ് .
ഓടുന്ന കാലുകൾ നിലയ്ക്കേണ്ട
ഒരഗാധതയുണ്ട്.
തളർന്ന തിരമാലകളോടെ
ഒരു കടൽ കാണാം .
ആളുന്ന വായുവിൻ്റെ പൊട്ടിത്തെറി.
നിങ്ങളുടെ സുഹൃത്തിൻ്റെ
കഴുത്തു മുറിക്കാൻ വളരെ
യോഗ്യമായ ഒരു കത്തി.
വാക്കുകൾ ഒരു ശല്യമാണ്.
അത് ഒരു മരത്തിലെ ഇലകൾ എന്നപോലെ
എന്നിൽ വളരുകയാണ് .
ഒരിക്കലും വളരാതിരിക്കില്ല -
എൻ്റെയുള്ളിലെ അഗാധമായ ഒരു മൗനത്തിൽ നിന്ന്."
കമലാദാസ്
അന്തരംഗത്തിലെ രചനാപരമായ ആധിയെക്കുറിച്ച് എഴുതുകയാണ്. ഇതാണ് കവിതയായി
നിലനിൽക്കുന്നത്. അതുകൊണ്ട് അതിനു ചരിത്രത്തിലെ കവിതകളുടെ പിന്തുണയോ ഭാഷയോ
ആവശ്യമില്ല. കവിത സ്വയം അനാവരണം ചെയ്യുകയാണ്. അത് ആവിർഭാവത്തിൽ സത്യവും
ശുദ്ധവുമാണെങ്കിൽ വേറെ ഏതോ രാഗമാണ്. അത് കാവ്യാത്മകമാകാൻ വേണ്ടി അലങ്കാരം
തേടിപ്പോവുകയില്ല. കവിത സ്വയം ഒരു അലങ്കാരമാവുകയാണ്. കാവ്യശരീരം തന്നെ
അലങ്കാരമാണ് .പുറത്തുനിന്നു തുന്നിച്ചേർക്കേണ്ട അലങ്കാരം ആവശ്യമില്ല
.ബുദ്ധികൊണ്ടുള്ള അലങ്കാര നിർമ്മിതി ഇവിടെയില്ല. കവി കവിതയെ അനുകരിക്കാൻ
പാടില്ല. അപ്പോൾ അത് മറ്റു കവിതകളുടെ മുഴക്കമായിത്തീരും .നാം വായിച്ച മറ്റു
കവിതകൾ മനസ്സിലുണ്ടാകും. എന്നാൽ സർഗാത്മകസിദ്ധിയുള്ളവർ എഴുതുമ്പോൾ
വായിച്ച കവിതകളുടെ ഓർമ്മയിൽനിന്നു പുതിയൊരു വഴി തനിയെ രൂപപ്പെടുകയാണ്
ചെയ്യുക. അലങ്കാരത്തിനു വേണ്ടിയുള്ള അലങ്കാരം കവിതയ്ക്ക് ഭാരമാണ്. കവിത
പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നത് ഈ പ്രക്രിയയ്ക്ക് പുറത്താണ്.
അഴീക്കോട് ജന്മശതാബ്ദിയിൽ ഒഴിഞ്ഞ പ്രസംഗവേദികൾ
സുകുമാർ
അഴീക്കോട് ഒരു പ്രക്ഷോഭകാരിയാകുന്നത് മനസ്സിൽ ഒന്നും ബാക്കിവയ്ക്കാതെ
തുറന്നു പറഞ്ഞതുകൊണ്ടാണ്. പത്രാധിപന്മാരെയും മുഖ്യമന്ത്രിമാരെയും
മന്ത്രിമാരെയും ഇത്രയും പരസ്യമായി വിമർശിച്ച എഴുത്തുകാരൻ ഈ നാട്ടിൽ
വേറെയില്ല. ഈ നാട്ടിലെ സാഹിത്യകൃതികളെ വിമർശിച്ചുകൊണ്ടു മാത്രമായില്ല,
അധികാര കേന്ദ്രങ്ങളോടും കലഹിക്കണമെന്നാണ് അഴീക്കോട് തീരുമാനിച്ചത്.
മാതൃഭൂമി പത്രത്തിൻ്റെ ഉടമയായിരുന്ന എം.പി. വീരേന്ദ്രകുമാറുമായി അഴീക്കോട്
കലഹിച്ചതിനു ചരിത്രത്തിൽ സമാനതകളില്ല. ഒരു പ്രമുഖ പത്രത്തിൻ്റെ
ഉടമസ്ഥനുമായി ദീർഘനാൾ പിണങ്ങിയിരിക്കാൻ ആരും ഇഷ്ടപ്പെടുകയില്ലല്ലോ. ആ
യുദ്ധത്തിൽ അഴീക്കോട് ജയിക്കുകയാണ് ചെയ്തത്. അദ്ദേഹത്തിന്റെ ആത്മകഥ
പിന്നീട് മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ചു. അദ്ദേഹം സാഹിത്യ
അക്കാദമി അധ്യക്ഷനോ എംഎൽഎയോ ആയില്ല. സർക്കാരിൻ്റെ പദവികളൊന്നും തേടി
പോയിട്ടില്ല .അക്കാദമി പ്രസിഡൻ്റായില്ല. പത്മശ്രീ പോലും നിരസിച്ചു.
സർക്കാരിൻ്റെ ഇത്തരം ബഹുമതികൾ പൗരന്മാരോട് വിവേചനം കാണിക്കുന്നതിനു
തെളിവാണെന്നു വാദിച്ചു. എത്രയോ പേർ നമ്മുടെ നാട്ടിൽ പത്മശ്രീക്ക് വേണ്ടി
അലഞ്ഞു നടക്കുന്നു. ജി.ശങ്കരക്കുറുപ്പിനെതിരെ രൂക്ഷമായ വിമർശനമാണ്
അഴീക്കോട് ഉയർത്തിയത്. ഇക്കാര്യത്തിൽ മുണ്ടശ്ശേരിയും മാരാരും
അഴീക്കോടിനൊപ്പമായിരുന്നു. ശങ്കരക്കുറുപ്പിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ
,തകഴി പങ്കെടുത്ത യോഗത്തിൽ, മുണ്ടശ്ശേരി ചെയ്ത പ്രസംഗത്തിൽ കവിയെ
വേദിയിലിരുത്തിക്കൊണ്ട് ആ കവിതകളെ വിമർശിക്കുകയാണ് ചെയ്തത്.
സാഹിത്യകൃതിയുടെ വിമർശനത്തിൽ പുനരാലോചനയാണ് വേണ്ടതെന്ന ആശയമാണ് അഴീക്കോടു
പിന്തുടർന്നത്. എഫ്. ആർ. ലിവിസിൻ്റെ ചിന്തയാണിത്.
ഒരു
ആശയത്തെ വീണ്ടും വീണ്ടും പരിശോധിക്കേണ്ടതുണ്ട്. മാരാരും മുണ്ടശ്ശേരിയും
അതാണ് ചെയ്തത്. മുണ്ടശ്ശേരി ,മാരാര് ,അഴീക്കോട് എന്ന വിമർശകത്രയും മലയാള
കാവ്യാസ്വാദനത്തിൽ, കവിതയുടെ വായനയിൽ വലിയ ആധിപത്യം പുലർത്തി. ഒരു പുതിയ
ക്രമം സൃഷ്ടിച്ചു .ഇപ്പോഴും ആ ക്രമം നിലനിൽക്കുന്നു. മലയാളകാവ്യശാഖയുടെ
തൊള്ളായിരത്തി അമ്പതു വരെയുള്ള വായനയെ ഈ വിമർശകത്രയം ക്രമീകരിച്ച
രീതിയിൽനിന്ന് വേറിട്ട് മറ്റൊരു വായന ശക്തി പ്രാപിച്ചില്ല. മുണ്ടശ്ശേരി
ആശാൻ്റെ കവിതയെ ഏകാന്തസൗന്ദര്യമായി വീക്ഷിച്ചു. ആശാന്റെ രചനകളെ സമഗ്രമായി
വിലയിരുത്തി.അതിനു വിരുദ്ധമായ ഒരു വായന ഇപ്പോഴും മലയാള സാഹിത്യത്തിലില്ല .ഈ
ആധിപത്യം സാധ്യമാക്കുന്നതിൽ വിമർശകത്രയത്തിന്റെ കൂട്ടായ പങ്കാളിത്തം
ഉണ്ടായിരുന്നു.
പ്രഭാഷണ വേദിയിൽ അഴീക്കോടിൻ്റെ
അഭാവം ഒരു ശൂന്യതയാണ്.ഇന്നു അനീതിയോട് പ്രതികരിക്കാൻ ആരുമില്ല .ഇന്നത്തെ
പ്രഭാഷകർ തങ്ങളുടെ രാഷ്ട്രീയ പാർട്ടി ബന്ധങ്ങൾ ഒന്നുകൂടി ഉറപ്പിക്കുകയാണ്.
സ്വന്തം കാര്യസാധ്യത്തിനായി പ്രസംഗിക്കുകയാണ്. അപ്രിയമായതിനെ
എതിർക്കുന്നില്ല. വിമർശനം എന്ന ഗുണം പ്രഭാഷകരിൽ കാണാനില്ല.
എംടിയോട് മലയാളസാഹിത്യം ചെയ്തത്
നല്ലൊരു
മലയാളശൈലിയും ക്രാഫ്റ്റും സ്വന്തമായുള്ള എം.ടി ക്ക് വളര്‍ത്തുമൃഗങ്ങൾ
,ഇരുട്ടിൻ്റെ ആത്മാവ്, ദു:ഖത്തിൻ്റെ താഴ്വരകൾ തുടങ്ങിയ കഥകൾ എഴുതിയ ശേഷം
തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. സ്വന്തം ഗ്രാമമായ കൂടല്ലൂരും
വ്യക്തിജീവിതവും കുടുംബപശ്ചാത്തലവുമാണ് അദ്ദേഹത്തിൻ്റെ എഴുത്തിനെ
പ്രചോദിപ്പിച്ചത് എന്നു പൊതുവേ പറയാറുണ്ട്. യഥാർത്ഥ വസ്തുതകളെക്കാൾ
അതിനോടുള്ള സമീപനമാണ് എം.ടി.യുടെ പ്രത്യേകത. ഒരു അലംകൃതമായ
കാല്പനികതയാണത്. അയ്ൻ റാന്ത് (Ayn Rand) ഒബ്ജക്റ്റീവ് എന്ന ഗ്രന്ഥത്തിൽ
തന്റെ കാല്പനികത സാധാരണമല്ലെന്നു ചൂണ്ടിക്കാട്ടുന്നുണ്ട്. അതിനെ അവർ
Romantic Realism എന്നാണ് വിളിക്കുന്നത് .
ജീവിതം
എങ്ങനെയായാൽ നന്നായിരിക്കുമെന്നാണ് റാന്ത് ആലോചിക്കുന്നത് .വിഷാദത്തിനും
ഏകാന്തതയ്ക്കും കൂടുതൽ മനോഹാരിത വേണം .ഇതാണ് അവരുടെ കാല്പനികതയുടെ സവിശേഷത.
യാഥാർഥത്തിലുള്ള മാനുഷിക മൂല്യങ്ങളെ പരിരക്ഷിക്കുകയും ഉയർന്ന ഒരു
ലക്ഷ്യത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്ന രീതിയാണ് റാന്തിൻ്റേത്.
ജീവിതത്തെ കൂടുതൽ സുന്ദരമാക്കുന്ന ആശയമാണത് .യാഥാർത്ഥത്തിലുള്ളതിനേക്കാൾ
സുന്ദരമാക്കുന്ന ഘടകങ്ങൾ നിലനിൽക്കുന്നുണ്ടാവും. നഷ്ടപ്പെടാത്ത
മനുഷ്യചേതനയുടെ വഴിയാണത്.ഇതിനോട് സാമ്യമുള്ളതാണ് എം.ടിയുടെ കഥാലോകം.
അദ്ദേഹം യാഥാർത്ഥ്യത്തെ സുന്ദരമാക്കി. ദു:ഖത്തിൻ്റെ താഴ്വരകൾ ,ഷെർലക്
തുടങ്ങിയ കഥകളിൽ അതുകാണാം .എന്നാൽ എം.ടിയെ മലയാളത്തിലെ ഏതാനും വിമർശകരും
വായനക്കാരും ചേർന്ന് ഒരു കള്ളിയിലേക്ക് ഒതുക്കുകയാണ് ചെയ്തത് .
ഒരുകാലത്ത്
എം.ടിയെക്കുറിച്ച് എഴുതുന്ന ലേഖനങ്ങളിലെല്ലാം ഭഗ്നപ്രണയത്തിൻ്റെ
ഓർമ്മപ്പെടുത്തലാണ് ഉണ്ടായിരുന്നത്. ഏതാനും കഥകളിൽ നഷ്ടപ്പെട്ട
പ്രണയമുണ്ടെന്നതൊഴിച്ചാൽ അദ്ദേഹം അതിൻ്റെ വക്താവൊന്നുമല്ല. എം. ടിയുടെ
'ഇരുട്ടിൻ്റെ ആത്മാവ്' എന്ന കഥയും 'അസുരവിത്ത് 'എന്ന നോവലും ആ
സാഹിത്യലോകത്തിലെ മൂർച്ചയേറിയ ഉപകരണങ്ങളായിരുന്നു. ആ നിലയ്ക്ക്
പ്രതിഷേധാത്മകമായി വളരേണ്ടതായിരുന്നു എംടിയുടെ സാഹിത്യം .എന്നാൽ ചിലർ
എം.ടിയെ ഭഗ്നപ്രണയത്തിലും കൂടല്ലൂരിലും തളച്ചിട്ടു .ഈ രീതിയിൽ എഴുതിയെഴുതി
അദ്ദേഹത്തിൻ്റെ മനസിനെ സ്വാധീനിച്ചു. ആ മനസ്സിൽ 'ഇതാണ് തന്റെ വഴി' എന്ന
ബോധം അങ്കരിപ്പിച്ചു.
'രണ്ടാമൂഴം' ഇത്രയും
സ്വീകരിക്കപ്പെട്ടത് എം.ടിയുടെ ശൈലിയുടെ മഹത്വം കൊണ്ടാണ്. 'വടക്കൻ വീരഗാഥ'
എന്ന തിരക്കഥ എം.ടിയുടെ ഭാവനയാണ്.ഇതിനേക്കാൾ ബൃഹത്തായ ,ഗഹനമായ കൃതികൾ
അദ്ദേഹത്തിനു എഴുതാൻ കഴിയുമായിരുന്നു. മഹാഭാരതകഥയെ ഭീമൻ്റെ പക്ഷത്തുനിന്നു
വായിക്കുന്നത് ശ്രദ്ധേയമാണ്. എന്നാൽ അത് എം. ടിയുടെ പ്രതിഭയുടെ
പരിധിയാണെന്നു പറയരുത്. അതിനപ്പുറം പോകാൻ കഴിയും. ഭീമൻ പാണ്ഡവരിൽ
രണ്ടാമനായിരിക്കെ രണ്ടാമൂഴമാണല്ലോ അയാൾക്കു വിധിക്കപ്പെട്ടത്.ഭീമൻ
ബുദ്ധിപരമായല്ല ,വികാരപരമായാണ് പെരുമാറുന്നത്.ഭീമൻ ,വാസ്തവത്തിൽ,എംടിയൻ
സാഹിത്യത്തിൻ്റെ അത്യാവശ്യഘടകമല്ല .
സിനിമയിലും
എം.ടിയെ ഒരു നിശ്ചിത പാതയിൽ കുരുക്കിയാടാനാണ് ചിലർ ശ്രമിച്ചത്.കടവ് ,മഞ്ഞ്
,ഒരു ചെറുപുഞ്ചിരി എന്നീ സിനിമകളിലാണ് എം.ടി അന്തരംഗം ഗൗരവം വീണ്ടെടുത്തത്.
അത് അനിവാര്യമായിരുന്നു. ആരാധകരുടെയും വിമർശകരുടെയും കണ്ണുവെട്ടിച്ചാണ്
ഇത് ചെയ്തത്. മറ്റു സിനിമകളെല്ലാം അദ്ദേഹത്തിൻ്റെ നഷ്ടങ്ങളായിരുന്നു.
ഒരു
കഥാകാരനെന്ന നിലയിൽ എം.ടിയെ ത്രികോണപ്രേമത്തിലേക്കും കൂടല്ലൂരിൻ്റെ
പുരാവൃത്തത്തിലേക്കും ചിലർ സ്ഥിരമായി ബന്ധിപ്പിക്കാൻ ശ്രമിച്ചു.
ഇതിനെക്കുറിച്ച് അദ്ദേഹം ബോധവാനായിരുന്നുവെങ്കിലും അത് പൂർണമായി തകർത്തു
പുറത്തുവരാൻ കഴിഞ്ഞില്ല. ആരാധകരുടെ ബന്ധനം അത്ര ഭയങ്കരമായിരുന്നു. ഇത്
മനസ്സിലാക്കി കൊണ്ട് ചില ഇടവേളകളിൽ അതിനെ പൊട്ടിക്കാൻ നടത്തിയ ശ്രമത്തിന്റെ
ഭാഗമാണ് മഞ്ഞ് ,വാരാണസി എന്നീ നോവലുകൾ. ഷെർലക് എന്ന കഥയും മറ്റൊന്നല്ല. ഈ
നോവലുകളാണ് എം.ടിയുടെ യഥാർത്ഥ ഭാവാർത്ഥ മേഖലകൾ.എം.ടിയൻ ഭാവനയുടെ കുതറലും
പ്രതിഷേധവും വിചിന്തനവും ഈ കൃതികളിലുണ്ട്. 'മഞ്ഞി'ൽ ,അദ്ദേഹം മനുഷ്യന്റെ
ഏറ്റവും അഗാധമായ വികാരം എന്താണെന്നു അന്വേഷിക്കുന്നു. അത് പ്രണയമാണോ
,കാത്തിരിപ്പാണോ, ശൂന്യതയാണോ, ഓർമ്മയാണോ? മനുഷ്യൻ ഏത് പ്രതികൂല
സാഹചര്യത്തിലും കയറിപ്പിടിക്കാൻ ആഗ്രഹിക്കുന്നത് എന്താണ് ? 'വാരാണസി'
എം.ടിയുടെ മനസ്സിൽ എരിഞ്ഞ ചിതയുടെ നേർച്ചിത്രമാണ്. തന്നെ ബാധിച്ച
സാഹിത്യപരമായ ഫോർമുലകളെയും ഭഗ്നപ്രേമ സിദ്ധാന്തങ്ങളെയും കുടഞ്ഞുകളയാൻ
അദ്ദേഹം ശ്രമിച്ചത് ഈ കൃതിയിലാണ്. ജീവിതത്തിൻ്റെ ആത്യന്തിക നിശൂന്യതയും
തീവ്രമായ വിരക്തിയും മനസിലൂടെ കടന്നുപോകുകയാണ്. എം.ടി ആരാധകരും സ്ഥിരം
എം.ടി നിരൂപകരും ഈ കൃതിയെ തമസ്കരിക്കുകയാണ് ചെയ്തത്. 'രണ്ടാമൂഴ'മാകട്ടെ
സുകുമാർ അഴീക്കോട്, എം.കൃഷ്ണൻ നായർ എന്നിവരുടെ വിമർശനത്തിനു ഇരയാവുകയും
ചെയ്തു.എംടിയൻ പന്ഥാവിൽ നിന്നകന്നു നിന്നു കൊണ്ടുള്ള വിലയിരുത്തലായി ഇതിനെ
കണ്ടാൽ മതി.
എൺപതുകളിൽ എം.ടിയെക്കുറിച്ച്
കെ.പി.അപ്പനും വി.രാജകൃഷ്ണനും എഴുതിയ ലേഖനങ്ങൾ പുതിയ ദിശയിലേക്കു
ചൂണ്ടുന്നതായിരുന്നു. ക്ലീഷേകളിൽ നിന്നും കൂടല്ലൂർ പുരാണത്തിൽ നിന്നും
പ്രേമഭംഗ പുരാവൃത്തങ്ങളിൽ നിന്നും മോചിപ്പിച്ചുകൊണ്ട് അപ്പൻ 'മഞ്ഞി'നെ
വിശകലനം ചെയ്തു. 'മഞ്ഞ്' സമയതീരങ്ങളിലെ സംഗീതമാണെന്നു നിരീക്ഷിച്ചതിലൂടെ
അതിലെ കാലം മനുഷ്യചേതനയുടെ അപഭ്രംശമാണെന്ന സൂചനയാണ് നൽകിയത്.
എം.ടിയെക്കുറിച്ച് നല്ല നിരീക്ഷണങ്ങൾ അവതരിപ്പിച്ച വി.രാജകൃഷ്ണനെ
ഓർക്കുന്നു. അന്ന് അദ്ദേഹം എഴുതിയ ലേഖനങ്ങൾ പുതുമയുള്ളതായിരുന്നു.
എം.ടിയുടെ വിടവാങ്ങലിനു ശേഷം, ഈ വിഷയത്തിൽ രാജകൃഷ്ണനുമായുള്ള ഒരു അഭിമുഖം
ഏതെങ്കിലും പ്രസിദ്ധീകരണത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു.
മഹാനായ കവി ടി.എസ് എലിയറ്റ് objective correlative എന്ന സിദ്ധാന്തത്തിൽ പറയുന്നത് ഇതാണ് :
A set of objects ,situations,a chain of events which shall be the formula of that particular emotion.
എന്താണ്
ആ പ്രത്യേക വികാരം? വായനക്കാരനിൽ ഉദ്ദീപിപ്പിക്കപ്പെടുന്ന വികാരം അതിനു
വേണ്ടി കരുതിക്കൂട്ടിയുള്ള വിവരണത്തിലൂടെയാകേണ്ടതില്ല. ചില വസ്തുക്കളും
സാഹചര്യവും തുടർ സംഭവങ്ങളും സവിശേഷമായ ഒരു വികാരത്തിലേക്ക് വായനക്കാരനെ
നയിക്കും. ഈ പശ്ചാത്തലത്തിലാണ് എം.ടിയുടെ സാഹിത്യജീവിതത്തെക്കുറിച്ചുള്ള
വികാരത്തെ ഇവിടെ പരാമർശിച്ചത്. ചില കൃതികൾ, സിനിമകൾ ,സംഭവങ്ങൾ ,തിരക്കഥകൾ
സൂചിപ്പിക്കുന്നത് മറ്റൊന്നല്ല.
A
എഴുത്തുകാരൻ്റെ ജീവിതം
എഴുത്തുകാരനാവുക
എന്നു പറഞ്ഞാൽ അനശ്വരതയിലേക്കുള്ള പാസ്പോർട്ടാണെന്നു ധരിക്കേണ്ട. അങ്ങനെ
ഒരു അനശ്വരതയും പ്രതീക്ഷിക്കേണ്ട. അനശ്വരത ഒരു അജ്ഞാത സമുദ്രമാണ്. അവിടെ
നമ്മളൊന്നുമില്ല. പ്രകൃതിയിൽ എല്ലാം വിസ്മരിക്കപ്പെടുകയാണ് .പ്രകൃതി
നിയമമാണത്. എത്രയോ പക്ഷികൾ പറന്ന ആകാശമാണിത് .ഒരു പക്ഷിയെ പോലും ആകാശം
ഓർക്കുന്നില്ല. എത്ര ക്രൂരമാണ് ആകാശം! ആരാണ് ഓർമ്മയുടെ കലവറ
സൂക്ഷിക്കുന്നത് ചരിത്രപുസ്തകങ്ങളോ? ചരിത്ര പുസ്തകങ്ങൾ തന്നെ
വിസ്മരിക്കപ്പെടുകയാണ്. എഴുത്തുകാരനാവുന്നത് ലോകാ വസാനം വരെ
നിലനിൽക്കാനാണെന്ന ചിന്ത അസംബന്ധമാണ്. വളരെ മൗലികമായി ചിന്തിച്ച
സഭാപ്രസംഗകനെ ഓർക്കുകയാണ്.
അവനവനോട്
സത്യം പറയാനാണ് എഴുതേണ്ടത് .സന്തോഷം അനുഭവിക്കാനുള്ള അവസരമാണത്. അതാണ്
കിട്ടാവുന്ന സന്തോഷം. അത് നഷ്ടപ്പെടുത്തുകയാണ് പലരും . കിട്ടിയ സമയം
വ്യാജബോധ്യങ്ങളുമായി ജീവിക്കുകയാണ് .സ്വയം ജീവിക്കുക .സ്വയം സത്യം
പറഞ്ഞതിൻ്റെ തെളിവായി എന്തെങ്കിലും എഴുതുക. അതാണ് അനശ്വരത .
വെറുതെ ഭാഷ സൃഷ്ടിക്കാൻ വേണ്ടിയല്ല എഴുതുന്നത്
വെറുതെ
ഭാഷ സൃഷ്ടിക്കാൻ വേണ്ടി മാത്രമാണ് എഴുതുന്നതെന്നു പറയുന്നവരുണ്ടെങ്കിൽ
അത് മൗഢ്യമാണെന്നു അറിയിക്കട്ടെ. ഒരു ദിവസം രാവിലെ ഉണർന്നിരുന്ന് ഭാഷ
സൃഷ്ടിച്ചാൽ അത് കൃത്രിമമാകും. ജീവിതമാണ് എഴുതുന്നത്. എഴുത്തുകാരൻ
യാഥാർത്ഥ്യങ്ങളെ സൂക്ഷ്മമായി കണ്ടെത്താനാണ് പ്രയത്നിക്കുന്നത്. നിരന്തരമായ
പ്രയത്നമാണത്. ഏറ്റവും സത്യസന്ധമായ തിരഞ്ഞെടുപ്പ് വേണം. വാക്കുകൾക്ക്
സൂക്ഷ്മത വേണം. അതിനിടയിൽ സർഗാത്മകമായ മനസ്സ് സ്വാഭാവികമായി
ആവിഷ്കരിക്കുന്ന ആശയങ്ങൾ അതിന്റേതായ ഒരു ഭാഷ സൃഷ്ടിക്കുകയാണ് .അത്
മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഭാഷയല്ല .അങ്ങനെ സംഭവിച്ചാൽ അത് പൈങ്കിളിയോ
കഥാപ്രസംഗമോ ആയേക്കാം. ഭാഷയിൽ പ്രകടനാത്മകതയും അതിവൈകാരികതയും രാഷ്ട്രീയ
പ്രസംഗത്തിനു കൊള്ളാം . സാഹിത്യത്തിൽ അത് ദോഷമാണ്. അമിട്ടുപോലെ പൊട്ടുന്ന
വാക്കുകൾ യാഥാർത്ഥ്യം നശിപ്പിക്കും. വിമർശകൻ സൃഷ്ടിക്കുന്നത് എഴുത്തുകാരനു
സ്വപ്നം കാണാൻ കഴിയാത്ത ഭാവുകത്വമാണ്. അത് മനസ്സിലാക്കാൻ കഴിവില്ലാത്തവൻ
ചീത്ത പറയുന്നതു കൊണ്ട് പ്രയോജനമില്ല .ഒരു നല്ല അവഗണന അവൻ അർഹിക്കുന്നു .
മാർക് ട്വെയ്ൻ - ജീവചരിത്രം
അമേരിക്കൻ ധിഷണാശാലിയും
സാഹിത്യകാരനുമായ
മാർക് ട്വെയ്ൻ എഴുതിയ (Mark Twain)ആത്മകഥ പ്രസിദ്ധമാണ്. നാലു വാല്യങ്ങളിൽ
പ്രസിദ്ധീകരിച്ചു.The adventures of Tom Sawyer, The Adventures of
Huckleberry Finn തുടങ്ങിയ കൃതികൾ വിവിധ ഭാഷകളിലേക്ക് പരിഭാഷ
ചെയ്യപ്പെട്ടു.
റോൺ ചെർനോവ് (Ton Chernov) രചിച്ച
Mark Twain എന്ന പുതിയ ജീവചരിത്രം സുദീർഘമാണ് ,ആയിരത്തിലേറെ പേജുണ്ട്.
അപ്രിയ സത്യങ്ങൾ വിളിച്ചുപറഞ്ഞ ട്വെയ്ൻ എഴുത്തുകാരനെക്കുറിച്ചുള്ള
സങ്കൽപ്പം മാറ്റിമറിച്ചതായി ചെർനോവ് എഴുതുന്നുണ്ട് .ഇത്രയും സംഭവങ്ങൾ
നിറഞ്ഞ ജീവിതം മറ്റൊരു എഴുത്തുകാരനും അമേരിക്കയിൽ അവകാശപ്പെടാനാവില്ലത്രേ
.ജീവിതത്തിൽ പല വേഷങ്ങളും ചെയ്തു. പ്രിൻറർ ,പൈലറ്റ് ,പത്രപ്രവർത്തകൻ,
നോവലിസ്റ്റ് ,പ്ലാറ്റ്ഫോം ആർട്ടിസ്റ്റ്, പ്രസാധകൻ ,രാഷ്ട്രീയ വിമർശകൻ..
തുടങ്ങി പല ജോലികൾ .ജോലി ലഹരിയായിരുന്നു .പ്രശസ്തിക്ക് വേണ്ടി അദ്ദേഹം
വിവാദങ്ങളുണ്ടാക്കി. എഴുത്തുകാരൻ എന്ന നിലയിൽ താരമായി .സ്വന്തം സ്വരം
കേൾപ്പിച്ച എഴുത്തുകാരനാണ്. അമേരിക്കയിൽ ഏറ്റവും കൂടുതൽ ആളുകൾ
ഉദ്ധരിക്കുന്നത് ട്വെയ്നിൻ്റെ വാക്കുകളാണ് .ആയിരക്കണക്കിനു മാഗസിൻ
ലേഖനങ്ങളും മുപ്പത് പുസ്തകങ്ങളും എഴുതി.
ഋത്വിക് ഘട്ടക്ക് എഴുതിയ കഥ
മഹാ
ചലച്ചിത്രകാരനായ ഋത്വിക് ഘട്ടക്ക് എഴുതിയ 'ഒരു യക്ഷിക്കഥ' (മലയാളം പരിഭാഷ:
കുന്നത്തൂർ രാധാകൃഷ്ണൻ ,പച്ചമലയാളം ,മെയ്) അപ്രതീക്ഷിതമായ ഒരു ആഘാതം പോലെ
മനസ്സിനെ ഉലച്ചു. പത്രാധിപനും പത്രം ഉടമയും തമ്മിലുള്ള സംഘർഷമാണ് വിഷയം.
ചട്ടവിരുദ്ധമായി
എഡിറ്റോറിയൽ എഴുതിയതിനു ശകാരിച്ച പത്രം ഉടമയെ പത്രാധിപർ തൻ്റെ മുറിയിൽ
അടച്ചിട്ട് പൊതിരെ തല്ലി ബോധം കെടുത്തുന്നു.ഒന്നും സംഭവിക്കാത്ത പോലെ അയാൾ
മുറിക്കു പുറത്തേക്ക് പോകുന്നു. 20 വർഷമായി കൊണ്ടുനടന്ന ഭാരമാണ്
പൊട്ടിയൊഴുകിയത്. അയാൾ സ്വന്തം ജീവിതം മറന്ന് ആ കസേരയിൽ ഇരുന്ന് ജോലി
ചെയ്യുകയായിരുന്നു. അത് മനസ്സിനെ മുറിപ്പെടുത്തി. അടക്കിപ്പിടിച്ച ശാന്തത
ഒരു നിമിഷം പൊട്ടിത്തകരുകയാണ്. സ്വന്തം ഭാര്യയെ ശുശ്രൂഷിക്കുവാൻ പോലും സമയം
കിട്ടിയില്ല. ഭാര്യ മരിച്ചതിന്റെ ദുഃഖവും അയാളെ തകർത്തിരുന്നു. അയാൾ
ക്ഷോഭത്തോടെ പറയുന്നു: "നിന്നെപ്പോലെയുള്ള ഒരു മുടിയനായ ബുദ്ധിജീവിയുടെ
വാഴ്ച സഹിച്ചുകൊണ്ട് എൻ്റെ ജീവിതത്തിലെ വിലപ്പെട്ട 20 വർഷങ്ങൾ ഞാൻ ഈ
കസേരയിലിരുന്നു. നിൻ്റെ ചങ്ങാതിമാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനു ഞാൻ
ആകർഷകമായ എല്ലാത്തരം വാർത്തകളുമെഴുതി. സത്യം ഞാൻ പ്രസിദ്ധീകരിച്ചില്ല. ഞാൻ
അനുഭവിച്ച ആന്തരിക സംഘർഷം നിനക്ക് സങ്കൽപ്പിക്കാനാവില്ല ഇനി അതൊന്നും
പ്രശ്നമല്ല .ആ ജീവിതം ഞാൻ ഉപേക്ഷിച്ചു. "
നമ്മൾ
എവിടെയും കാണാത്ത ഒരു സംഭവമാണിത് .അതിനു കഥയിൽ സ്വഭാവികത നൽകിയിരിക്കുന്നു.
ഘട്ടക്കിനു കഥാപാത്രങ്ങളുടെ മനസ് പിന്തുടരാനറിയാം. ഒരു പത്രാധിപർ എന്താണ്
ഉള്ളിൽ അമർത്തുന്നതെന്ന് മനസിലാവുന്നു. പത്രാധിപരും കുറ്റബോധത്തോടെയാണ്
ജീവിക്കുന്നത്. ഇത് പരിഭാഷ ചെയ്ത കുന്നത്തൂർ രാധാകൃഷ്ണനെ അനുമോദിക്കുന്നു.
പത്തൊപതാം നൂറ്റാണ്ടിലെ ദസ്തയെവ്സ്കി
പത്തൊൻപതാം
നൂറ്റാണ്ടിൽ ദസ്തയെവ്സ്കി പുതിയൊരു നോവൽ രൂപം പരീക്ഷിച്ചു.
അദ്ദേഹത്തിൻ്റെ Poor Folk (പാവപ്പെട്ടവർ)എന്ന ആദ്യനോവലിൽ രണ്ടു കമിതാക്കൾ
തമ്മിലുള്ള കത്തിടപാടുകളിലൂടെയാണ് നോവൽ എഴുതിയിരിക്കുന്നത്. ഇന്നും മലയാള
നോവലിൽ ഇതുപോലുള്ള ആശയങ്ങൾ കാണാനില്ല. ഒരാൾ കത്തെഴുതുന്നു, മറ്റേയാൾ മറുപടി
എഴുതുന്നു. എത്ര ദീർഘവീക്ഷണമുള്ള ക്രാഫ്റ്റ്. ഉത്തരാധുനികത മുമ്പേ ദർശിച്ച
എഴുത്തുകാരൻ .
തീക്ഷ്ണമായ പ്രണയജിവിത്തിലേക്ക്
ആണ്ടിറങ്ങിയ അവർക്ക് പിരിയാനാണ് വിധി. മക്കാർ ദേവുഷ്കിൻ എന്ന യുവാവാണ്
കാമുകൻ. വർവാറ അലക്സേയെവ്നാ കാമുകിയും. രണ്ടുപേരും ദരിദ്രരാണ്. ദരിദ്രരുടെ
പ്രണയത്തെ സമ്പന്നൻ്റെ ജീവിത സാഹചര്യങ്ങളും കാഴ്ചപ്പാടുകളും
അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. ഒടുവിൽ കാമുകിക്ക് ബിക്കോവ് എന്ന ധനികനെ
വിവാഹം കഴിച്ച് നാടുവിടേണ്ടി വരുന്നു. ഒളിച്ചോട്ടമല്ല ; സാമ്പത്തിക
യുദ്ധാനന്തരം അനിവാര്യമായ വേർപെടൽ. അവൾ അവസാനം എഴുതിയ കത്തിലെ വരികൾ
ഇങ്ങനെയാണ്: "നിങ്ങൾ തീവ്രമായി സ്നേഹിച്ച എന്നെ ഓർക്കണം. ഞാൻ എന്നും
നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കും .നിങ്ങളാണ് എൻ്റെ ഏക മിത്രം. ഇപ്പോൾ
വേർപിരിയുന്നതാണ് ഉത്തമം .ഞാൻ കരയുകയാണ്." അതിനു മറുപടിയായി ദേവുഷ്കിൻ
വികാരവിവശനായി എഴുതുന്നു: " നീയെന്തിനു ഇത് ചെയ്തു? നിനക്ക് വേണ്ടി
മാത്രമാണ് ഞാൻ ജീവിച്ചത്. നീ അദ്ദേഹത്തോടു പറഞ്ഞ് തിരിച്ചുവരണം .നീ വീണ്ടും
കത്തുകൾ എഴുതണം."
മനസ്സിലെ സ്നേഹം ഒരു ദരിദ്രനെ
രക്ഷിക്കാത്ത അവസ്ഥയാണ്. അവൻ നിരാലംബനായി അവൻ്റെ സ്നേഹിതയ്ക്ക് വേണ്ടി
കരയുന്നു. സ്നേഹം ഒരു രോഗമോ ഭ്രാന്തോ ആണ്. അതില്ലാതെ ചിലർക്ക്
ജീവിക്കാനായില്ല. അവളും അവനോടുള്ള സ്നേഹം കൊണ്ട് കരയുന്നു .അവർ പക്ഷെ
ഒരുമിക്കില്ല .
നിലപാടുകൾ, നിദർശനങ്ങൾ
1)വത്സൻ
അഞ്ചാംപീടിക ഫെയ്സ്ബുക്കിൽ 'പാനലെഴുത്തുകാരെ മാത്രം പ്രമോട്ട് ചെയ്യുന്ന
പത്രാധിപന്മാർ' എന്നു പ്രയോഗിച്ചിരിക്കുന്നു. പാനലിസ്റ്റുകളെ മാത്രം
പ്രമോട്ട് ചെയ്യുന്ന ചീത്ത സംസ്കാരം എല്ലാവർക്കും മനസ്സിലായി എന്നു
കാണുന്നതിൽ സന്തോഷമുണ്ട്. അടുത്ത ഓണപ്പതിപ്പാലെ എഴുത്തുകാർ
ആരൊക്കെയാണെന്നു മുൻകൂട്ടി പറയാനാവും!.
2)കാക്കനാടൻ്റെ
കഥാലോകത്തെപ്പറ്റി റഷീദ് പാനൂർ എഴുതിയ ലേഖനം 'കാക്കനാടന്റെ കഥകളുടെ
ശക്തിയും സൗന്ദര്യവും'(ചില്ല മാസിക, മെയ് ) വിശകലനം ചെയ്യുന്ന നല്ലൊരു
ഓർമ്മപ്പെടുത്തലാണ് .കാക്കനാടൻ സ്റ്റാറ്റസ്കോ നിലനിർത്താൻ വേണ്ടിയല്ല
എഴുതിയത് .'ആൾവാർ തിരുനഗറിലെ പന്നികൾ','മരണത്തിന്റെ ആകൃതി' എന്നീ കഥകൾ
വായിക്കുമ്പോൾ അദ്ദേഹത്തിനു ഏതൊക്കെ അവാർഡ് കിട്ടിയെന്ന് ആരും തിരക്കില്ല
.കാക്കനാടൻ്റെ കഥകൾ ആസ്വദിക്കാൻ ശേഷിയില്ലാത്തവരാണ് ഇന്നത്തെ ഭൂരിപക്ഷം
യുവ എഴുത്തുകാരും.
3)ഒ.വി.വിജയൻ 'ഖസാക്കിൻ്റെ
ഇതിഹാസ'ത്തിൻ്റെ ഒരു അദ്ധ്യായം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി
ഇലസ്ട്രേറ്റഡ് വീക്ക്ലിയിൽ പ്രസിദ്ധപ്പെടുത്തിയത് വായിച്ചിട്ട്
നരേന്ദ്രപ്രസാദ് പറഞ്ഞു:'കാര്യമായി ഒന്നും മനസിലായില്ല.'
വി.പി.ശിവകുമാറിൻ്റെ തിരുവനന്തപുരത്തുള്ള വീട്ടിൽ കണ്ടപ്പോഴായിരുന്നു
പ്രതികരണം.
4)കെ.എൻ. ഷാജി 'നിയോഗം' എന്ന മാസിക
നടത്തിയത് ഫോർട്ടുകൊച്ചിയിലാണ് .ദ് പ്രസ് എന്ന ബോർഡ് കണ്ടിട്ട് ഒരു വിദേശി
വന്നു ചോദിച്ചു: ന്യൂസ് പേപ്പർ പ്ളീസ്.അന്ന് ജയനാരായണൻ ,ടി.ആർ ,മോപ്പസാങ്
വാലത്ത് തുടങ്ങിയവർ വാരാന്ത്യത്തിൽ അവിടെ വരാറുണ്ടായിരുന്നു.
5)പത്മരാജൻ്റെ ഫോട്ടോ കണ്ടാൽ പ്രായം മനസ്സിലാക്കാൻ പറ്റുന്നില്ല, ഇപ്പോഴും.
6)റേഡിയോയിൽ
ജോലി ചെയ്ത ദമ്പതികളെക്കുറിച്ച് മുഹമ്മദ് റോഷൻ എഴുതിയ 'ദമ്പതിവാണിയുടെ
വിശേഷം (കലാപൂർണ, മെയ് )രസത്തോടെ വായിച്ചു. എൺപതുകളിൽ ധാരാളം കഥകൾ എഴുതിയ
മുഹമ്മദ് റോഷൻ ഇപ്പോൾ മൗനത്തിലാണ്. റേഡിയോ ദമ്പതികളിൽ പ്രസിദ്ധി നേടിയ
പി.ഗംഗാധരൻ നായർ, ടി.പി. രാധാമണി എന്നിവരെക്കുറിച്ച് വിവരിക്കുന്നു. ടി.പി
രാധാമണിയുടെ ശബ്ദം കേട്ടാൽ ഏതൊരു ശിലാഹൃദയനും പ്രേമം തോന്നും . അവർ
വിവേകവും അന്തസ്സുമുള്ള ഒരു മഹിളയാണെന്നു ആ സംഭാഷണം, ശബ്ദം ബോധ്യപ്പെടുത്തി
തരും.
7)ടി.പി.ശാസ്തമംഗലം ചവറ കെ.എസ്.
പിള്ളയെക്കുറിച്ച് എഴുതിയ ലേഖനത്തിൻ്റെ പേര് 'കവിത തുളുമ്പുന്ന
കാവ്യതല്ലജങ്ങൾ'(കലാപൂർണ്ണ, മെയ് ) എന്നാണ് .കവി പുംഗവൻ ,കാവ്യതല്ലജം, കവിത
തുളുമ്പുക എന്നൊക്കെ എഴുതുന്നത് ക്രൂരമാണ്. ഇത് ക്ലീഷേക്കും അപ്പുറമാണ്.
അതിനേക്കാൾ ഭയാനകമാണ്. ജീർണിച്ച പ്രയോഗമാണ്.
8)ആമയും മുയലും കഥയെ അപനിർമ്മിച്ച് ഡോ. സുകേഷ് എഴുതിയ 'ഫോൺകോൾ'(കലാപൂർണ, മെയ്) രസം പകർന്നു.
"പരസ്പരം ഫോൺ നമ്പറുകൾ കൈമാറുമ്പോഴേക്കും
ആമയുടെ
തിളക്കമാർന്ന കണ്ണുകൾ
മുയലിന്റെ കണ്ണുകളിലെ
ദൈന്യത
ഊറ്റിക്കളഞ്ഞിരുന്നു."
9)എൻ്റെ
സുഹൃത്ത് ഒരു നോവൽ എഴുതി .പ്രകാശനം ചെയ്യുന്നില്ലത്രേ. ഒരു പ്രമുഖ തമിഴ്
സിനിമാനടൻ്റെ കൈയിൽ നോവൽ പിടിപ്പിച്ച് ഫോട്ടോ എടുത്ത് ഫെയ്സ്ബുക്കിൽ
ഇടാനാണ് പദ്ധതി. നൂറാം പതിപ്പിന്റെ ആഘോഷത്തിനു വരുമോ എന്നു ചോദിക്കുകയും
ചെയ്തു.
10)സത്യൻ മാടാക്കര 'മീഡിയ ഫേസ് കേരള'യിൽ
എഴുതുന്ന ലേഖനങ്ങൾ സമകാലിക വിഷയങ്ങൾ ചർച്ച ചെയ്യുന്നു.സാമൂഹിക ബോധമുള്ള
എഴുത്തുകാരനാണ് സത്യൻ. നിശിതമായ ചില നിരീക്ഷണങ്ങളുണ്ട്.
11)ഫൈസൽ
ബാബ ഫെയ്സ്ബുക്കിൽ 'ഓപ്പൺ പേജ്' എന്ന പേരിൽ എഴുതുന്ന കുറിപ്പുകൾ
സാഹിത്യത്തിലും കലയിലും പ്രതീക്ഷി ജനിപ്പിക്കും. ബാവയ്ക്ക് നല്ല വായനയും
ചിന്തയുമുണ്ട്. ലോകകലയെക്കുറിച്ചും സിനിമയെക്കുറിച്ചുമുള്ള അവലോകനങ്ങൾ
ശ്രദ്ധാലുക്കളായ വായനക്കാരെ ആകർഷിക്കം.
No comments:
Post a Comment