മനസിൻ്റെ നൃത്തമാണ് ഭാഷ
ഭൗതികജീവിതത്തിൽ
എല്ലാം പരിഹരിച്ചശേഷം കലയെക്കുറിച്ച് ചിന്തിക്കാം ,എന്തെങ്കിലും എഴുതാം
എന്നു വിചാരിക്കുന്നവരുണ്ട്. ചിലർ ജോലിയിൽനിന്നു വിരമിച്ച ശേഷമാണ് വായന
തുടങ്ങുന്നത്. അപ്പോൾ എന്താണ് വായിക്കേണ്ടതെന്നു നിശ്ചയമുണ്ടായിരിക്കില്ല
.തൻ്റെ കൺമുന്നിലെ തെരുവിൽ എന്തുവിൽക്കുന്നുവോ അതാണ് മഹത്തരം എന്ന
ധാരണയായിരിക്കും ഉണ്ടായിരിക്കുക. അനപ്പുറം ആ വായനക്കാരനു ഒരു
ലക്ഷ്യമുണ്ടായിരിക്കില്ല.
എങ്ങോട്ടൊക്കെയോ
വായിച്ചു പോകും. എവിടെയെത്തിയാലെന്താണ്? ആർക്കാണ് നഷ്ടം ?വളരെ
നിഷ്കളങ്കമായി ,ആശയപരമായ ലക്ഷ്യങ്ങളില്ലാതെ വായിക്കുന്നവരാണ് ഒരു നോവലിനെ
പെട്ടെന്ന് ഇരുപത് പതിപ്പിലെത്തിക്കുന്നത് .ഇവർക്ക് യാതൊരു ആകുലതയുമില്ല.
മൂല്യനിർണയമോ ചിന്തയോ ഇവരെ അലട്ടുന്നില്ല. ഈ ഗണത്തിൽപ്പെട്ട
എഴുത്തുകാരുമുണ്ട്. അവർ നാലു ദിക്കിലേക്കും നോക്കി
എഴുതുകയാണ്.'മയൂരസന്ദേശം' എന്നോർത്താൽ മതി ,ഉടനെ അതിനെക്കുറിച്ച് എഴുതും.
വള്ളംകളിയെക്കുറിച്ച് അപ്പോൾ ഒരു പുസ്തകം എഴുതുന്നുണ്ടാകും.
പ്രവാസികളെക്കുറിച്ച് എഴുതാതിരിക്കാനാകുമോ?രണ്ടോ മൂന്നോ ആത്മകഥകളും
ആട്ടക്കഥകളും അണിയറയിലുണ്ടാകും. ഇതിനിടയിൽ കവിതകളും എഴുതും!
ഇത്തരം
എഴുത്തുകാരെക്കൊണ്ട് യാതൊരു പ്രയോജനവുമില്ല .ഇവർക്ക് എഴുത്ത്
എന്താണെന്നറിയില്ല. അത് കുറേക്കൂടി ഏകാഗ്രത ആവശ്യപ്പെടുന്ന , ദർശനികമായ
ആശയങ്ങൾ ഉൾക്കൊള്ളുന്ന ഒരു കർമ്മമാണെന്നറിയില്ല.
എഴുതുക
എന്ന യാന്ത്രികമായ ഒരു പ്രവൃത്തിയെ മാത്രമാണ് അവർ കാണുന്നത് .അവർ അതിനെ
ജന്മവാസനയായി തെറ്റിദ്ധരിക്കുന്നു. അവർക്ക് ലക്ഷ്യമില്ല .അവർ
സാഹിത്യരംഗത്ത് ഒരു പ്രതീക്ഷയും അവശേഷിപ്പിക്കാത്തവരാണ് .അവർ
പ്രമേയത്തിന്റെ, ഭാഷയുടെ ,ചിന്തയുടെ മനോഭാവത്തെക്കുറിച്ച്
വിവരമില്ലാത്തവരാണ് .അവർക്ക് വീക്ഷണം തന്നെ വേണമെന്നില്ല.
എന്നാൽ
യഥാർത്ഥ എഴുത്തുകാരൻ എന്തെഴുതിയാലും അത് ഒരു ലക്ഷ്യത്തിലേക്ക്
കുതിക്കൊള്ളുന്ന അമ്പു പോലെയായിരിക്കും .അത് ഒരു കേന്ദ്രത്തെ
ആകർഷിക്കാതിരിക്കില്ല. അതുവരെ ഉണ്ടെന്നു തോന്നിച്ച ഒരു
ലക്ഷ്യത്തെമിഥ്യയാണെന്നു തെളിയിച്ചിരിക്കും.അത് പൊതുവിശ്വാസത്തെയാണ്
നശിപ്പിക്കുന്നത്.
എഴുതുക എന്ന പ്രക്രിയയിലല്ല
എഴുത്തുള്ളത്. വാക്കുകൾ നിരത്തുന്നതിലല്ല എഴുത്ത്.അത് ഭാഷയായി
രൂപാന്തരപ്പെടണം. ഭാഷയായി മാറുന്ന വേളയിൽ വാക്കുകൾക്ക് നേത്രോന്മീലനം
സംഭവിക്കുന്നു .അതുവരെ കണ്ണില്ലാതിരുന്ന വാക്കിനു എഴുത്തുകാരൻ
സ്പർശിക്കുന്നതോടെ കണ്ണുണ്ടാകുന്നു.അത് അപാരമായ കാഴ്ചകൾ തരുകയാണ്.
സൂക്ഷ്മജീവികളുടെയും യഥാർത്ഥ്യങ്ങളുടെയും ഒരു ലോകം പെട്ടെന്നു
രൂപപ്പെടുന്നു.
എഴുതുമ്പോൾ, അതുവരെ നിലനിന്നത്
മായ്ച്ചുകളയുകയാണ് ചെയ്യേണ്ടത്. മറ്റുള്ളവർ എഴുതിയ കടലാസുകളാണ് നമ്മുടെ
മുന്നിലുള്ളത്. ഒരു ശൂന്യമായ കടലാസിനെ പോലും വിശ്വസിക്കരുത്. അതിൽ
നൂറ്റാണ്ടുകളായി എഴുതുന്നവരുടെ ചിന്തകൾ പുഴുവരിച്ചു കിടപ്പുണ്ടാകും
.അതിൻ്റെ ദുർഗന്ധമുണ്ടാകും. മണം പിടിക്കാൻ കഴിവുള്ള ആ എഴുത്തുകാർ ആ
കടലാസിൽനിന്നു അതെല്ലാം നീക്കം ചെയ്യാനുള്ള വിദ്യ പ്രയോഗിക്കും.
ശൂന്യമായ പേപ്പർ എന്ന സ്വപ്നത്തിനു വേണ്ടിയാകണം ആദ്യത്തെ കലാപം. അവിടെയാണ് സ്വാനുഭവങ്ങൾ തിളച്ചു മറിയുന്നത്.
മണ്മറഞ്ഞ എഴുത്തുകാരോടു ബഹുമാനമുണ്ട് .അവരുടെ കൃതികൾ തല്ല വായനക്കാർ പരിശോധിച്ചു കൊണ്ടിരിക്കും.
വായിക്കുമ്പോൾ
സന്തോഷം തരുന്ന രചനകളും കണ്ടേക്കാം. പക്ഷേ അത് തപ്പി നടക്കുന്നതുകൊണ്ട്
മാത്രം ഒരാൾക്ക് മികച്ച എഴുത്തുകാരനാകാൻ കഴിയില്ല. ശൂന്യമായ കടലാസ്
പിടിച്ചു വാങ്ങണം. മറ്റുള്ളവർ എഴുതിയത് തുടച്ചുനീക്കണം. അങ്ങനെ സ്വന്തം
ചിന്തകൾക്ക് മാത്രമായി ഒരിടം സങ്കല്പിക്കണം. എഴുത്ത് ഒരേ സമയം നശീകരണവും
സൃഷ്ടിപ്രവർത്തനവുമാണ്.
പതിറ്റാണ്ടുകളായി
നിലവിലുള്ള ഭാഷയുടെ, ഭാവനയുടെ ആവർത്തനത്തിൽനിന്നു രക്ഷപ്പെടണം. അതോടൊപ്പം
വളരെ പുതിയ ഒരു സാഹചര്യവും അനുഭൂതിയും സൃഷ്ടിക്കണം. ഭാഷയുടെ സംഗീതവും
ശില്പവും പ്രധാനമാണ്. എന്തിനെക്കുറിച്ചു രാപ്പകലില്ലാതെ
എഴുതിക്കൊണ്ടിരിക്കുന്നവർക്ക് ഭാഷയുടെ സംഗീതമോ അതീന്ദ്രിയജ്ഞാനമോ
പ്രശ്നമാകേണ്ടതില്ല. അവരെ വാക്കുകൾ വെറുതെ നിരത്തുകയാണ് ചെയ്യുന്നത്.
അതിൽ അർത്ഥകൽപ്പനയ്ക്ക് വേണ്ട യാതൊന്നും ഉണ്ടായിരിക്കില്ല. അത് ചിന്തിപ്പിക്കാത്ത വാക്കുകളുടെ ഒരു വലിയ കൂട്ടം മാത്രമായിരിക്കും.
മലയാളം
ഭാഷയിലെഴുതുമ്പോൾ ഇവിടുത്തെ മണ്ണും ഭൂവിഭാഗവും പ്രകൃതിയും ഗന്ധവും രുചിയും
കടന്നു വരേണ്ടതാണ്.ഗദ്യത്തിൽ ഒരാടിമാസക്കാറ്റ് ഉണ്ടാകണം .അതിൽ കാറ്റിൻ്റെ
ത്രസിപ്പിക്കുന്ന നൃത്തത്തെ ആവിഷ്കരിക്കാൻ കഴിയണം. ഓണക്കാലത്തെ തെളിഞ്ഞ
ആകാശം വേണം. വാക്കുകൾ എവിടെനിന്നു ഊർജ്ജം വലിച്ചെടുക്കുന്നു എന്ന് നല്ല
വായനക്കാരനു അനുഭവപ്പെടണം.
എന്നാൽ
സംഭവിക്കുന്നത് മറ്റൊന്നാണ്. പലരും ചിന്തിക്കുന്നു ,അത് മലയാളവാക്കുകളിലൂടെ
പുറത്തുവിടുന്നു. ഈ വാക്കുകൾ മലയാളമായതുകൊണ്ടാണ് മലയാളകൃതിയായി
നിൽക്കുന്നതെന്നു ശ്രദ്ധിച്ചുനോക്കിയാൽ മനസ്സിലാകും. മലയാളഭാഷയുടെ
പ്രത്യക്ഷവും ബാഹ്യവുമായ ഒരാവരണം മാത്രമാണത്.
അതിനപ്പുറം അതിൽ
മലയാളമില്ല. ഒരു സങ്കീർണമായ യന്ത്രം പോലെ ആ ഭാഷ അപരിചിതമായിരിക്കും.
ഇന്നത്തെ സാഹിത്യലേഖനങ്ങൾ രാഷ്ട്രീയലേഖനങ്ങൾ പോലെ വിരസമാകാൻ കാരണമിതാണ്.
ഇത്തരം ഗദ്യം തമിഴിലേക്ക് പരിഭാഷപ്പെടുത്തിയാൽ അത് തമിഴിൽ എഴുതിയതാണെന്നും
ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തിയാൽ ഹിന്ദിയിൽ എഴുതിയതാണെന്നും തോന്നും.
ലിപികളിൽ മാത്രമാണ് ആ ഗദ്യം ജീവിച്ചിരിക്കുന്നത് .അതിനപ്പുറം അതിൽ കലയോ
വികാരമോ ഇല്ല.
ഒരു വരി എഴുതണമെങ്കിൽ മനസ്സിൽ
അതിനു പര്യാപ്തമായ ഒരു നൃത്തം സംഭവിച്ചിരിക്കണം .മനസ്സിൻ്റെ നൃത്തമാണ്
ഭാഷ. ഗദ്യം എന്ന ബാഹ്യരൂപമല്ല ഭാഷ.ഗദ്യത്തെ കലാപരമായും ചിന്താപരമായും
പുന:സംഘടിപ്പിക്കേണ്ടതുണ്ട്. അവിടെ ഭാഷ നമ്മോട് സംവദിക്കുന്നു. ആൽബേർ
കമ്യു എഴുതി:
"ശീതകാലത്തിൻ്റെ നടുവിൽ ഞാൻ
അപാരമായ ഒരു കാഴ്ച കണ്ടു, എന്നിൽ തന്നെ. അപരാജിതമായ ഒരു വേനൽ." ഇവിടെ
വാക്കുകൾ പുതിയ പിറവിയിലാണ്. എഴുതുമ്പോൾ ഒരു വ്യക്തി അതിൽ മുഴുകുന്നുണ്ട്.
അത് എഴുത്തുകാരൻ മാത്രമാണ്. എഴുത്തുകാരൻ സ്വയം അറിയണം. അയാളാണ് വാക്കുകൾ
ഉപയോഗിക്കുന്നതെന്നു ബോധ്യപ്പെടണം. തൻ്റെള്ളിലെ നൃത്തവും സംഗീതവും
സാഹിത്യത്തെയാണ് ആവിഷ്കരിക്കുന്നതെന്ന ധാരണയിലെത്തണം
.ജീവിച്ചതിനെക്കുറിച്ചാണ് എഴുതേണ്ടത് .
മാത്യു
ആർനോൾഡ് 'ഡോവർ ബീച്ച്' എന്ന കവിതയിൽ എഴുതുന്നത് ശ്രദ്ധിക്കണം. ഡോവർ തീരത്ത്
കവി കാണുന്നതും കേൾക്കുന്നതും മനുഷ്യൻ്റെ നിത്യമായ വിഷാദമാണ്. ഓരോ
തിരയിലും ചരൽക്കല്ലിലും അത് കേൾക്കുന്നു.
"സോഫോക്ളിസ് വളരെകാലം മുമ്പ് ഈജിയനിൽ അത് കേട്ടതാണ്
അത് ആ മനസ്സിലേക്ക്
കോരി നിറച്ചത് മനുഷ്യദുരിതത്തിന്റെ പ്രക്ഷുബ്ധമായ തിരയേറ്റവും ഇറക്കവുമാണ്
നമ്മളും ആ ശബ്ദത്തിൽ ഒരു സന്ദേശം സ്രവിക്കുന്നു.
വിദൂരമായ വടക്കൻ കടൽ
അത് പ്രസരിക്കുകയാണ് "
ഫ്രഞ്ച്
ചിത്രകാരനായ ഫ്രാൻസിസ് ബേക്കൺ തൻ്റെ ആന്തരികവിധിയെക്കുറിച്ച് പറയുന്നത്
ശ്രദ്ധിക്കണം. അദ്ദേഹത്തിനു കലാപ്രവർത്തനം തൻ്റെ ജീവിതത്തിൻ്റെ ഒരു ഭാഗം
ചീന്തിയെടുക്കുന്നതോ തന്നിൽ തന്നെ തുരങ്കമുണ്ടാക്കുന്നതോ സ്വയം
അന്വേഷിക്കുന്നതോ ആയിരിക്കും. അദ്ദേഹം ശൂന്യമായ ക്യാൻവാസിലാണ്
വരയ്ക്കുന്നത്; മുമ്പുണ്ടായിരുന്ന ചിത്രകാരന്മാരുടെ ചിത്രങ്ങൾ തുടച്ചു
മാറ്റുന്ന ഒരു പ്രക്രിയ അബോധത്തിൽ നടക്കുന്നു.
"തീർച്ചയായും,
ഞാൻ യാതന അനുഭവിക്കുന്നു .ഈ യാതന കാരണം ഞാനൊരു മികച്ച കലാകാരനായിട്ടുണ്ടോ
എന്നു നോക്കിയിട്ടില്ല. മന:ശക്തി കൊണ്ടും എന്നിൽ തന്നെ
പ്രവർത്തിച്ചുകൊണ്ടുമാണ് വരയ്ക്കുന്നത്. ഒരാളുടെ ജീവിതവും അയാളുടെ രചനയും
തമ്മിൽ ഒരു ബന്ധമുണ്ട്. എന്നാൽ അത് എപ്പോഴും വ്യക്തവുമല്ല. കാരണം കല ഒരു
നിർമ്മിതിയാണ്. അത് ഒരു സ്ത മറക്കാൻ തുടങ്ങും. ജീവിതത്തിൽ നിന്ന് ഒരു
സൃഷ്ടി ചെയ്യാൻ കഴിഞ്ഞാൽ നന്നായിരിക്കും. അങ്ങനെ നോക്കിയാൽ ,ഞാൻ എൻ്റെ
ജീവിതമാണ് പെയിൻറ് ചെയ്തത്. ഞാൻ എൻ്റെ സ്വന്തം ജീവിതകഥ എന്റെ ക്യാൻവാസിൽ
പെയിൻ്റു ചെയ്തു .പലർക്കും ചിത്രകലയിൽ എന്താണ് സംഭവിക്കുന്നതെന്നറിയില്ല.
അവർ കരുതുന്നത് ഒരു കലാകാരന്റെ മാനസികാവസ്ഥയാണ് ,വികാരമാണ് കാൻവാസിലേക്ക്
പകർത്തുന്നതെന്നാണ്. അത് അങ്ങനെയല്ല ;കലാകാരൻ ചിലപ്പോൾ വല്ലാത്ത
നിരാശയിലായിരിക്കും. പക്ഷേ ചിത്രം കാണികളിൽ സന്തോഷമുളവാക്കുന്നതായിരിക്കും.
"
ജീവിക്കുന്ന പ്രക്രിയ തന്നെ
അക്രമാസത്വമാണെന്നു പ്രഖ്യാപിച്ച കലാകാരനാണ് ഫ്രാൻസിസ് ബേക്കൺ ."എന്നിൽ ഒരു
സംഘട്ടനം നടക്കുന്നു. അതുകൊണ്ടാണ് ഞാൻ കുടിക്കുന്നത്- " അദ്ദേഹം
അറിയിക്കുന്നു .നിരാശയും ആഗ്രഹവും ഒരു കലാകാരനെ എങ്ങനെയാണ് കൂടുതൽ
കരുത്തോടെ വരയ്ക്കാൻ സഹായിക്കുന്നതെന്നു അറിയേണ്ടതുണ്ട്. കാൻവാസിൽ
എത്തുന്നതിനു മുമ്പ് അയാൾ ഒരു അവ്യവസ്ഥയിലൂടെ, അരക്ഷിതാവസ്ഥയിലൂടെ
കടന്നുപോകുന്നു. തന്നിൽ രൂപപ്പെട്ടുവരുന്ന അപൂർണ്ണതയുടെ അറിവിൽ അയാൾ
നീറുന്നുണ്ടായിരിക്കും. കലാകാരൻ സ്വയം അറിയേണ്ട വസ്തുതയാണ്
ആഭ്യന്തരസംഘർഷങ്ങൾ എങ്ങനെയാണ് സഹായിക്കുന്നതെന്നതിനെക്കുറിച്ച് .
ബേക്കൺ വ്യക്തമായി പറയുന്നുണ്ട്:
"The
feelings of desperation and unhappiness are more useful to an artist
than the feeling of contentment ,because desperation and unhappiness
stretch your whole sensibility.
മനസ്സിൽ
സന്തോഷത്തേക്കാൾ വിഷാദം നിറഞ്ഞിരിക്കുമ്പോഴാകും കലാകാരൻ രചനാപരമായി കൂടുതൽ
അവബോധം നേടുന്നത് .ജീവിതത്തെക്കുറിച്ചുള്ള അറിവും ചിന്താപരമായ
സൂക്ഷ്മതയുമാണ് ഒരു രചനയ്ക്കാവശ്യം .വിഷാദാത്മകത ജീവിതത്തെക്കുറിച്ചുള്ള
വീക്ഷണത്തെ മാറ്റിമറിക്കും. അത് ഉൾക്കാഴ്ച നൽകിക്കൊണ്ടിരിക്കും. ജ്ഞാനത്തിൽ
നിന്നുണ്ടായ ദുഃഖം ഒരു കലാകാരന്റെയുള്ളിൽ ജാതിയോ മതമോ ഇല്ലാത്ത ഒരു
പരിവ്റാജനെ സൃഷ്ടിക്കുന്നുണ്ട് .അതാണ് അവൻ്റെ ഊർജ്ജം.
അവൻ്റെയുള്ളിൽ
ഒരു രാസപ്രവർത്തനമാണ് സംഭവിക്കുന്നത്. ജീവിതത്തിന്റെ ആഴത്തിലുള്ള അമ്ളരുചി
അനുഭവിക്കാനായി സ്വയം നിയോഗിക്കുകയാണ്. കലയിൽ ഈ വേദനയും ആവാഹിക്കലുമുണ്ട്.
ചിലപ്പോൾ ഈ വേദനയുടെ സൗന്ദര്യത്തിൽ അകപ്പെട്ടു പോകുന്ന ഒരാൾ അതിൽനിന്ന
രക്ഷനേടാനാകാതെ വിവശനാകാം. അതാണ് കലാകാരന്റെ eccentricity .അത്
സർഗ്ഗാത്മകമായ അവബോധത്തിൻ്റെ ആഘാതമാണ്. അതുകൊണ്ടാണ് ബേക്കൺ പറഞ്ഞത്, തന്റെ
ചില വർണ്ണങ്ങൾ നേരിട്ട് നാഡീവ്യവസ്ഥയിലേക്ക് പ്രവേശിക്കുകയാണെന്ന്
.അതിലൂടെ ,എന്താണോ വരക്കേണ്ടത് അത് ബുദ്ധിയിൽ ഉദ്ദീപിപ്പിക്കപ്പെടുകയാണ്.
എന്തിനാണ് അയാൾ വരയ്ക്കുന്നത്? അത് അറിഞ്ഞതിനെ വിപുലീകരിക്കുകയും
ആഴമുള്ളതാക്കുകയുമാണ്.
"മഹത്തായ കാല ഒരു
തരത്തിലുള്ള ബോധകേന്ദ്രീകരണമാണ്. എന്താണ് മനസ്സിലാക്കിയത് അതിനെ വീണ്ടും
കണ്ടെത്തുകയാണ്, പുതിയ അർത്ഥത്തിൽ .നാം അസ്തിത്വത്തെക്കുറിച്ചുള്ള എന്താണോ
ധരിച്ചിട്ടുള്ളത് അത് വീണ്ടും ആവാഹിക്കുന്നു ."
ബേക്കണിന്റെ
ഈ പുന:സന്ദർശനങ്ങൾ കാഴ്ചയുടെ അതിരുകൾ മായിച്ചുകളയുന്നു. ബേക്കൺ
ശൈലിയിലൂടെയാണ് യാഥാർത്ഥ്യത്തെ അന്വേഷിച്ചത്. 1933 ൽ ഇരുപത്തിനാലു
വയസ്സുള്ളപ്പോൾ വരച്ച 'യേശുവിൻ്റെ കുരിശാരോഹണം' എന്ന ചിത്രം ഒരു
പൊളിച്ചെഴുത്താണ്. ഹൃദയത്തിൻ്റെ ആഴത്തിൽ യേശുവിനൊപ്പം താനും കുരിശേറി എന്ന
ചിന്തയാണ് അദ്ദേഹം പങ്കുവെക്കുന്നത് .ചരിത്രത്തിലെ മുഴുവൻ
കാൻവാസികളിൽനിന്നും, യേശുവിൻറെ കുരിശാരോഹണം മായ്ച്ചു കളഞ്ഞശേഷമാണ് ബേക്കൺ
തനിക്ക് വേണ്ടി ആ ക്യാൻവാസ് സൃഷ്ടിച്ചത്.അതുകൊണ്ട് ആ കുരിശുമരണത്തിൽ
യേശുവോ താനോ എന്ന ഭേദത്തിനു പ്രസക്തിയില്ല. താൻ കൂടി ഉൾപ്പെട്ട ഒരു
കുരിശുമരണമാണത്. കാരണം, യേശുവിൻ്റെ കുരിശുമരണം തൻ്റെ ഹൃദയത്തിനുള്ളിലാണ്
സംഭവിച്ചിരിക്കുന്നത്. ചിത്രകാരനു അതിൽനിന്നു രക്ഷപ്പെടാനാവില്ല.
Head
1(1948)ചിത്രമാകട്ടെ, തന്റെ കാലത്തെ ക്രൂരതകളുടെയും ആരെ വിളിച്ചാലും വിളി
കേൾക്കാത്ത ശൂന്യതയുടെയും സംവേദനരഹിത്യത്തിന്റെ വീഴ്ചയുടെയും
കരച്ചിലിന്റെയും അകെത്തുകയാണ് .ഇരുപതാം നൂറ്റാണ്ടിലെ രാഷ്ട്രീയാധികാരം ,
ജനങ്ങൾ എന്ന അടിമവിഭാഗത്തിൻ്റെ മേൽ കെട്ടിവച്ചത് വാ പിളർക്കുന്ന ഒരു
ആക്രമണമായി ബേക്കൺ അനുഭവിച്ചു. അതുകൊണ്ട് അദ്ദേഹത്തിന്റെ ചിത്രത്തിൽ മുഴുവൻ
തലയും കാണിച്ചിട്ടില്ല. സ്ഥാനം തെറ്റിയ പോലെ ഭയപ്പെടുത്തുന്ന വായും
പല്ലുകളും കാണാം. വേദനയോടെ പുളഞ്ഞപ്പോൾ തുറിച്ച ഒരു കണ്ണു കാണാം. ഒരു
പല്ലിനു അസാധാരണ നീളമുണ്ട്. മുഖം നഷ്ടപ്പെട്ടവരുടെ ജീവിതത്തിൻ്റെ നിത്യമായ
ദുസ്വപ്നമായി ഇതിനെ കാണാം.
ലോകത്ത് ദൈവത്തെ
കാണ്മാനില്ല, ദൈവത്തെ അന്വേഷിക്കുന്നവർ ഏറെയുണ്ടെങ്കിലും. ദൈവം എങ്ങനെയാണ്
ദുരിതങ്ങളിൽ ഇടപെടുക? ദസ്തയെവ്സ്കി ഈ ചോദ്യം ഉന്നയിച്ചിട്ടുണ്ട്.
ലോകജീവിതത്തിലെ കർമ്മങ്ങളുടെ ഫലം യുക്തിക്ക് നിരക്കാത്തതാണെന്നു
വാദിക്കുകയാണ് ദസ്തയെവ്സ്കി ചെയ്തത്. തെറ്റ് ചെയ്യാത്തവർ
പീഡിപ്പിക്കപ്പെടുന്നതിനെ എങ്ങനെ ന്യായമായി കാണാനാകും ? നീതി,
പ്രാപഞ്ചികമായ നീതി എവിടെയോ അപ്രത്യക്ഷമായിരിക്കുന്നു. അതുകൊണ്ട് മനുഷ്യനു
ദൈവത്തിന്റെ നീതി ലഭിക്കുകയില്ലെന്നു ബോധ്യപ്പെടുകയാണ് .ദൈവം ഉന്നയിച്ച
നീതിയും സാഹോദര്യവും സ്നേഹവും മനുഷ്യർക്ക് ആവശ്യമില്ലാതായി . മനുഷ്യൻ അതിനു
പകരം അധികാരദുരയും ക്രൂരതയും അഹന്തയുമാണ് പ്രചരിപ്പിക്കുന്നത്.
എവിടെയൊക്കെ
കാലെടുത്തു വയ്ക്കുന്നുവോ അവിടെയെല്ലാം മനുഷ്യൻ അധികാരമാണ് നടുന്നത്.
അതുകൊണ്ട് ദൈവത്തിനു അവിടെ സ്ഥാനം കിട്ടുകയില്ല. ദൈവത്തിൻ്റെ
പരിധിക്കപ്പുറത്തേക്ക് പോയ മനുഷ്യനുമായി സംവദിക്കാനാവാത്ത ദൈവം ആ ശ്രമം
ഉപേക്ഷിച്ചു. ദൈവം ഉപേക്ഷിച്ച മനുഷ്യൻ സ്വന്തം പ്രവൃത്തിയിൽ അർത്ഥം
കണ്ടെത്താൻ വിധിക്കപ്പെടുകയാണ്. ഇത് അവൻ്റെ അവസരമാണ്.
അവനാണ്
അതിനു മൂല്യമുണ്ടാക്കേണ്ടത്. വിചിത്രവും സ്തംഭിച്ചുപോകുന്നതുമായ യുക്തിയും
അർത്ഥവും അവനു മാത്രമേ കണ്ടെത്താനാവൂ. ഹിംസയെ അംഗീകൃതമായ, ഔദ്യോഗികമായ
ആദർശമാക്കാൻ കഴിവുള്ള മനുഷ്യൻ്റെ ചതിയാണ് ബേക്കണിൻ്റെ ചിത്രങ്ങളിൽ
കാണാനാവുന്നത്. അമൂർത്തതയും സറിയലിസവും ഇംപ്രഷണിസവും കൂടിക്കുഴഞ്ഞു
കിടക്കുകയാണ് ആ ചിത്രങ്ങളിൽ .അത് വികാരത്തിൻ്റെ പൊട്ടിത്തെറിയായി മാറുന്നത്
അതിശയിപ്പിക്കും.
Head V1 എന്ന ചിത്രത്തിലും
മനുഷ്യരാശി അഭിമുഖീകരിക്കുന്ന ഭയത്തെയാണ് ആഖ്യാനം ചെയ്യുന്നത്. ഈ ഭയം ഒരു
സംഭവത്തിലൂടെയോ വസ്തുവിലൂടെയോ സൃഷ്ടിക്കപ്പെടുന്നതല്ല. ഇത് ജീവിതത്തേക്കാൾ
വലിയ പ്രതിഛായ നേടുന്ന ഭയമാണ്. ഒരു വ്യക്തിയുടെ ഭീതിയല്ല
അനാവൃതമാക്കുന്നത്. അതിനും അപ്പുറമാണ്.ഒരു കാലഘട്ടത്തിൻ്റെ ഭയവും
നിലവിളിയുമാണ് അതിൽ തുടിച്ചു നിൽക്കുന്നത്.
ഇങ്ങനെയാണ്
ഒരു കലാകാരൻ തന്റെ കാലത്തിൻ്റെ സൂചനകൾ പിടിച്ചെടുക്കുന്നത്. വ്യക്തിപരമായ
അനുഭവത്തെ സമൂഹത്തിന്റെ, ലോകത്തിൻ്റെ അനുഭവമായി ചേർത്തു വയ്ക്കുന്നു.അതിനു
ഒരു സർവ്വലോകസ്വഭാവം കൊടുക്കുന്നു. എവിടെയുമുള്ള മനുഷ്യൻ തൻ്റെയുള്ളിൽ വളരെ
ഏകാന്തമായി അത് നേരിടുന്നുണ്ട് .അത് അവൻ പുറത്തുപറയുകയില്ല .എവിടെയും
പറയാനാവില്ല. പൊതുസ്ഥലത്തോ കുടുംബത്തിലോ പറഞ്ഞാൽ ഒറ്റപ്പെടും. അതാരും
പരസ്യമായി ചർച്ച ചെയ്യുകയില്ല .ഓരോ വ്യക്തിയും ഓരോ കൂട്ടത്തിന്റെ അടിമയായി
തുടുകയാണല്ലോ .അവിടെ നേരിടുന്ന യാതനകൾ ഒരു ക്രമമാണ്. അത് നല്ല മനസ്സോടെ
സ്വീകരിക്കുകയാണെന്നു തെളിയിക്കേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണ് .
അങ്ങനെ
മനസ്സിനെ പറഞ്ഞു പഠിപ്പിക്കുകയാണ് .അതാണ് ഉത്തമനായ ഒരംഗത്തിന്റെ ചുമതല.
തുടർന്ന് നേരെ നിൽക്കുമ്പോൾ തന്നെ മുഖം ഉള്ളിലേക്ക് കമഴ്ത്തി
വച്ചിരിക്കുകയാണ്. നേര് ,സ്വാതന്ത്ര്യം, അഭിപ്രായ രൂപീകരണം തുടങ്ങിയവയെ
ക്കുറിച്ചുള്ള തെറ്റായ ധാരണയുടെ ഒരു മികച്ച അടിമയുടെ സ്വഭാവം.
ബേക്കൺ
വരച്ച,സറിയലിസ്റ്റ് ചിത്രകാരൻ്റെ മിഷേൽ ലീറിസി(Michel Leiris)ൻ്റെ
ഛായാചിത്രം ഈ ഭീഷണമായ അവസ്ഥയുടെ ആന്തരികതയിലേക്ക് നമ്മെ നയിക്കുകയാണ്.
മുഖത്തിന്റെ ഇടതുവശം അവ്യക്തമാണ് .വലതു ഭാഗമാകട്ടെ ഒരു
തുറിച്ചുനോട്ടത്തിന്റെ വക്കിലാണ്. ഭയവും അന്ധാളിപ്പും പ്രകടമാണ്
.ഭയപ്പെടുത്തുന്ന തലയോട്ടി കാണാം.ചുണ്ടുകൾ വക്രീകരിച്ചിരിക്കുകയാണ്. ഇത്
മുഖം നഷ്ടപ്പെടൽ മാത്രമല്ല ,മാനസികമായ സന്തുലിതാവസ്ഥ അകന്നുപോയതിൻ്റെ
നടുക്കമാണ് പകരുന്നത്. അധികാരത്തിന്റെ അടിച്ചമർത്തൽ തലയിൽ കൊണ്ടുനടക്കുന്ന
ഒരു അടിമയുടെ പൊങ്ങച്ചവും പരിഷ്കാരവും അവസാനിക്കുന്നത് ഈ ചിത്രത്തിലാണ്.
ഇത് മാനവരാശിയുടെ അപകടകരമായ വഴങ്ങലിന്റെയും അനുസരണയുടെയും ഫലമായുള്ള മാനസിക
വിഭ്രാന്തി കാണിച്ചു തരുന്നു.
കലാകാരൻ തന്റെ
കാലത്തിന്റെ ഹൃദയത്തിൽ എന്താണ് സംഭവിക്കുന്നതെന്നു ആരായുന്നവനാകണം. അവരുടെ
മുന്നിൽ യാഥാർത്ഥ്യങ്ങൾ അവസാനിക്കുന്നില്ല. അതിൻ്റെ ഓരോ ഘട്ടത്തിലുമുള്ള
അർത്ഥത്തെ വ്യാഖ്യാനിക്കുകയാണ് പ്രധാനം .
ഈ അവബോധം കേക്കിനെ കലാപരമായ ഉൾക്കാഴ്ചയിലേക്ക് ,പുതിയ ഉണർവ്വിലേക്കാണ് നയിച്ചത്.
"What I want to do is to distort the thing far beyond the appearance."
പ്രത്യക്ഷത്തിലുള്ള
വസ്തുവിനെയല്ല ബേക്കൺ പരിഗണിക്കുന്നത്, അതിൻ്റെ ശൈഥില്യത്തെയാണ് .ആന്തര
പ്രേരണകൾ ഓരോ വസ്തുവിലും നിലീനമാണ്. മറ്റൊരു കോണിലൂടെ നോക്കുകയേ
മാർഗ്ഗമുള്ളൂ .അങ്ങനെ അത് ചരിത്രത്തിൽ തന്നെ ഏകാന്തമായ
നോട്ടമായിത്തീരുന്നു. ഒരു വസ്തുവിനെയും വിശ്വസിക്കാത്ത കലാകാരനാണദ്ദേഹം
.വസ്തുവിനെ അന്ധമായി വിശ്വസിക്കുന്നത് സ്വയം ചതിക്കുന്നതിനു തുല്യമാണ്.
എല്ലാ വസ്തുക്കളും നമ്മുടെ ഉള്ളിലാണുള്ളത്. അത് പ്രത്യക്ഷതയെ
അവശേഷിപ്പിച്ചുകൊണ്ട് മനുഷ്യമനസ്സുകളിൽ ഒളിച്ചിരിക്കുകയാണ് .അതിൻ്റെ കനത്ത
വാതിലുകളിൽ മുട്ടിക്കൊണ്ടിരിക്കുകയാണ് കലാകാരൻ .
ബേക്കൺ
ഓരോ വസ്തുവിൻ്റെയും അസ്തിത്വത്തെ ,രൂപത്തെ ശിഥിലമാക്കിക്കൊണ്ട് തന്നെ
അജ്ഞാതമായ വാസനകളെ തേടുകയാണ്. തനിക്ക് വ്യക്തമായി മനസ്സിലാക്കുന്ന
വസ്തുക്കളല്ല അദ്ദേഹം തിരഞ്ഞെടുക്കുന്നത്; തന്നിൽ അവ്യക്തത എന്ന മുറിവ്
അവശേഷിപ്പിക്കുന്ന വസ്തുക്കളാണ്.
No comments:
Post a Comment