Thursday, January 24, 2019

ഉത്തര -ഉത്തരാധുനികത

  •  
  •  
  • എം.കെ. ഹരികുമാർ
നമ്മുടെ ബൗദ്ധികവ്യവഹാരങ്ങളിലും ചിന്താപരമായ ഘടനകളിലും സമൂലമായ ഒരു വീക്ഷണവ്യതിയാനം സംഭവിച്ചുകഴിഞ്ഞു. ഇതിനെ പാരഡൈം ഷിഫ്റ്റ്‌ എന്ന്‌ വിളിക്കാം. അതായത്‌ വ്യവസ്ഥാവ്യതിയാനം. ചില കണ്ടെത്തലുകൾ വരുന്നതോടെ, അതുവരെയുണ്ടായിരുന്ന സങ്കൽപങ്ങൾ താഴെവീഴുന്നു. ഭൂമിക്കുചുറ്റം സൂര്യൻ കറങ്ങുകയാണെന്ന്‌ വിശ്വസിച്ചിരുന്ന കാലത്ത്‌ നിന്നുളള സമൂലമാറ്റമാണ്‌ ഭൂമി സൂര്യനെ വലംവയ്ക്കുന്നുവേന്ന യാഥാർത്ഥ്യത്തോടെ ഉണ്ടായത്‌. ഇത്‌ ശാസ്ത്രവും തത്ത്വചിന്തയും ചേർന്നാണ്‌ കൊണ്ടുവരുന്നത്‌.

ആധുനികതയുടെ വരവോടെ പഴയ സൗന്ദര്യനിയമങ്ങൾ അതേപടി തുടരേണ്ടതില്ല എന്ന ചിന്ത പ്രബലപ്പെട്ടു. ആവർത്തനവിരസമായ കലാവിദ്യ നിരാകരിക്കപ്പെടണമെന്നത്‌ വലിയ ആശയമായിരുന്നു. പുതിയ രീതിയിൽ ഭാവന ചെയ്യപ്പെടണം. പുതിയ രൂപവും ഉള്ളടക്കവും വേണം. ഉത്തരാധുനികതയിൽ ഇതുപോലുള്ള നവീനതയെല്ലാം ക്ലീഷേയായി. നിലവിലുള്ള ക്രമം തെറ്റിച്ചാലും പുതുതായൊന്നും സൃഷ്ടിക്കാനില്ല എന്ന മതമാണ്‌ ഉത്തരാധുനികത ഉയർത്തിയത്‌. ആധുനിക വ്യവസായങ്ങളും യുദ്ധനാശവുമാണ്‌ മനുഷ്യനെ ഏകാകിയും ദുഃഖിതനുമാക്കുന്നതെന്ന്‌ ആധുനികത വിശ്വസിച്ചു. മതവും പ്രബുദ്ധതയുമൊക്കെ കളവാണെന്ന മട്ടിൽ, സർവത്രവ്യാപിച്ച നിഷേധത്തെ അവർ പരമപ്രധാനമായി കണ്ടു.

ഉത്തരാധുനികതയാകട്ടെ, ഒരു ആഖ്യാനത്തിലും വിശ്വസിച്ചില്ല. വസ്തുനിഷ്ഠ യാഥാർത്ഥ്യത്തിനു പകരം സംശയവും പാരഡിയും വിരുദ്ധോക്തിയുമാണ്‌ അവർ ആശ്രയിച്ചതു. സത്യത്തെ നമ്മൾ സാമൂഹികവും ചരിത്രപരവുമായി നിർമ്മിക്കുന്നതാണെന്ന സിദ്ധാന്തമാണ്‌ ഉത്തരാധുനികത. സത്യത്തിനു ആത്യന്തികതയില്ല, താത്കാലിക അസ്തിത്വമേയുള്ളൂ.
എന്നാൽ ഉത്തരാധുനിക കാലവും അസ്തമിച്ചു. ഐഡന്റിറ്റി രാഷ്ട്രീയവും പ്രാദേശികസ്വത്വവും എല്ലാം ആപേക്ഷികമായി. ഒരാൾക്ക്‌ സ്ഥിരമായ ഐഡന്റിറ്റി ഇല്ലല്ലോ. മനുഷ്യന്‌ ഒരു മുഖമല്ല ഉള്ളത്‌. പ്രാദേശികത ഒരു സ്വത്വമാകുന്നതെങ്ങനെ? ലോകത്ത്‌ ഓരോ പ്രദേശത്ത്‌ ജനിച്ചവരാണ്‌ പിന്നീട്‌ സഞ്ചാരികളായി ലോകത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ ഇഴുകിച്ചേരുന്നത്‌. ഒരാൾക്കും ഒരു സാംസ്കാരിക നിർവ്വചനത്തിനനുസരിച്ച്‌ പ്രത്യേക കള്ളിയിലൊതുങ്ങാനാവില്ല. കലാമണ്ഡലം ഗോപിക്കുപോലും കഥകളിയിലേർപ്പെടുമ്പോഴേ നളനാകാൻ കഴിയൂ. അല്ലാത്തപ്പോൾ അദ്ദേഹവും ഏതെങ്കിലും വാട്സ്‌അപ്പ്‌ ഗ്രൂപ്പിലോ മൊബെയിൽ ശൃംഖലയിലോ ആണുള്ളത്‌.

സ്ഥലകാലങ്ങൾ പ്രതീതിയായി
സ്ഥലവും കാലവും മുൻപത്തെപ്പോലെയല്ല ഇപ്പോൾ അനുഭവിക്കുന്നത്‌. ഒരു സന്ദേശമോ ചിത്രമോ ലോകത്തിന്റെ ഏത്‌ ഭൂഖണ്ഡത്തിലുമെത്തിക്കാൻ നിമിഷങ്ങൾ മതി. ഒരേ സന്ദേശംതന്നെ അനേകർക്ക്‌ അയയ്ക്കാനും നിമിഷങ്ങൾ മതി. ഒരു നിമിഷത്തിനുള്ളിൽതന്നെ ശതകോടി നിമിഷങ്ങൾ ഒളിച്ചിരിക്കുന്നു. ഇതാണ്‌ ഉത്തര-ഉത്തരാധുനികതയിലേക്ക്‌ നയിക്കുന്നത്‌. സ്ഥലത്തെക്കുറിച്ചുള്ള സങ്കൽപവും മാറി. വെറും സ്വത്വവും പ്രാദേശികതയും വലിയ യാഥാർത്ഥ്യമോ, പാരഡിയോ ആയി പരിഗണിച്ച ഉത്തരാധുനികത അസ്തമിച്ചു. ഉത്തരാധുനികതയ്ക്കുശേഷം സംഭവിച്ചതു സ്ഥലം ഒരു മിഥ്യയാണെന്ന അറിവാണ്‌. ഒരു പ്രതീതി യാഥാർത്ഥ്യമായി സ്ഥലം മാറി. ഇന്റർനെറ്റിലെ സ്ഥലം നിലവിൽ ഉള്ളതല്ലല്ലോ. അത്‌ ഒരു മായികകാഴ്ചയാണ്‌. എന്നാൽ സ്ഥലം ഉള്ളതായി നമുക്കു തോന്നുന്നു. ഒരു വ്യാജസ്വഭാവം അതിനുണ്ട്‌. ആ സ്ഥലം താമസിക്കാനോ വിൽക്കാനോ ഉള്ളതല്ല. അത്‌ ഉപയോഗിക്കാൻ മാത്രമുള്ളതാണ്‌. ഉപയോഗാനന്തരം ആ സ്ഥലം മിഥ്യയായി മാറുന്നു. മനുഷ്യന്റെ ഒരതീത വ്യക്തിത്വത്തെ നിർമ്മിച്ചെടുക്കുകയാണ്‌ ഉത്തര-ഉത്തരാധുനികത. അവന്റെ അസ്തിത്വം അതുവരെയില്ലാതിരുന്ന ഒരു പ്രതീതി യാഥാർത്ഥ്യത്തെ നിർമ്മിക്കുകയും കൂട്ടിയിണക്കുകയും ചെയ്യുന്നു. ഒരാൾ ജീവിക്കാത്തിടത്തും അയാളുടെ വക ജീവിതം തിളിച്ചുമറിയുകയാണ്‌. ഫേസ്ബുക്ക്‌, ട്വിറ്റർ തുടങ്ങിയ മാധ്യമങ്ങളിൽ എത്രയോ പേരുമായി ഒരാൾ ആശയവിനിമയം നടത്തുന്നു! ഒന്നിനും ഐഡന്റിറ്റി വേണ്ട. കാണുകയോ കേൾക്കുകയോ ചെയ്യാതെ, സ്വന്തം പേരും സ്ഥലവും സ്ഥിരമായി മറച്ചുവച്ചുകൊണ്ടുതന്നെ ഒരാൾക്ക്‌ എത്ര പേരുമായും സൗഹൃദം തുടരാം. മനുഷ്യന്റെ സത്യസന്ധതയുടെ പ്രകടമായ വ്യവഹാരമാണല്ലോ സൗഹൗദം. അവിടെപ്പോലും ഒരാൾക്ക്‌ താൻ ആരാണെന്ന്‌ മറച്ചുവയ്ക്കാം. സൗഹൃദത്തിനു ഐഡന്റിറ്റി വേണം.

ഏറ്റവും ഞെട്ടലുണ്ടാക്കുന്ന കാര്യം, പ്രണയത്തിനു ഐഡന്റിറ്റി വേണ്ടെന്നതാണ്‌. ഒരാളെ ശരിക്കു കാണുകപോലും വേണ്ട. ഒരു നിമിത്തമോ അനിവാര്യതയോ ആകസ്മികതയോ ഇല്ലാതെ ആളുകൾ പ്രണയത്തിലേക്ക്‌ വീഴുകയാണ്‌. അത്‌ മനസിന്റെ സ്വാഭാവികമായ ഒരു നിർബന്ധത്തിന്റെ ഭാഗമല്ല. പെട്ടെന്ന്‌ ഉദിക്കാവുന്നതും എപ്പോൾ വേണമെങ്കിലും അപ്രത്യക്ഷമാകാവുന്നതുമായ ഒരു വികാരമായി അത്‌ രൂപാന്തരം പ്രാപിച്ചിരിക്കുന്നു. ഇഷ്ടംപോലെ പ്രണയികൾ ചുറ്റും നിൽക്കുമ്പോൾ ഒരാളോടുള്ള പ്രേമത്തിന്റെ പവിത്രതയൊന്നും ആവശ്യമില്ല. ആരും അനിവാര്യതയല്ല. ഒന്നില്ലെങ്കിൽ മറ്റൊന്ന്‌.

ഉത്തര-ഉത്തരാധുനികതയുടെ ഒരു പ്രധാന പ്രശ്നമാണ്‌ സ്ഥല, കാല പ്രതീതിയും ഐഡന്റിറ്റിയുടെ നാശവും. സ്വത്വം ഇല്ലാതായിക്കഴിഞ്ഞു. 21-‍ാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ പ്രത്യക്ഷപ്പെട്ട പ്രതിഭാസമാണ്‌ സ്വത്വനാശം. താൻ ആരാണെന്ന്‌ രേഖകളിലൂടെ സ്ഥാപിച്ചാൽ മതി. ആധാർകാർഡ്‌ ഉത്തര-ഉത്തരാധുനിക വിഷയമാണ്‌. വ്യക്തി ഒരു സംഖ്യയാണ്‌. അത്‌ എണ്ണി മനസിലാക്കാവുന്നതല്ല. അത്‌ വെറും കുറേ അക്കങ്ങളാണ്‌. പക്ഷേ അത്‌ ഒരു ഐഡന്റിറ്റിക്ക്‌ പകരം നിൽക്കും. ഐഡന്റിറ്റി എന്നാൽ വ്യക്തിയല്ല; വ്യക്തി നിലനിൽക്കുന്നതിനു പകരം, ഉണ്ടെന്ന്‌ തെളിയിച്ചാൽ മതി. വ്യക്തി ജീവിക്കുന്നതിനുപകരം ജീവിക്കാൻ യോഗ്യനാണെന്ന്‌ സൂചിപ്പിച്ചുകൊണ്ടിരുന്നാൽ മതി. ആധാർകാർഡ്‌ ഉണ്ടായാൽ മതി; വ്യക്തി എന്താണെന്നത്‌ പ്രശ്നമല്ല. വ്യക്തിക്ക്‌ സ്വത്വമില്ല; പകരം അക്കങ്ങളും കോഡുകളും മതി.

മാധ്യമവ്യക്തിത്വം
വ്യക്തികളുടെ ഐഡന്റിറ്റിരാഹിത്യം എല്ലാവരെയും സമന്മാരാക്കുകയാണ്‌. ആൾക്കൂട്ടത്തിനു സമാനമായ ഒരു മുഖമാണത്‌. കൂട്ടത്തോടെ വന്ന്‌ വോട്ട്‌ ചെയ്യുന്നതുപോലെയാണ്‌. വോട്ട്‌ ചെയ്യുന്ന ഒരു വ്യക്തി വിചാരിച്ചാൽ ജയിപ്പിക്കാനോ തോൽപിക്കാനോ കഴിയില്ല. അയാൾ ഒരു ഉപകരണം മാത്രമാണ്‌. ഫേസ്ബുക്കിൽ എഴുതുന്നവരും ഈ പ്രവണതയെയാണ്‌ ഉദാഹരിക്കുന്നത്‌. ഒരാൾക്ക്‌ പൂർവ്വകാലം വേണ്ട. വായനയുടെയോ അഭ്യാസത്തിന്റെയോ പശ്ചാത്തലം ആരും തിരക്കുകപോലുമില്ല. എന്ത്‌ പറയുന്നു എന്നാണ്‌ നോക്കുന്നത്‌. ഡോ. പത്മാ സുബ്രഹ്മണ്യം നൃത്തം ചെയ്യുന്നു. നൃത്തം പഠിക്കാത്തവർ അത്‌ കണ്ട്‌ അഭിപ്രായം പറയുന്നു. പത്മാ സുബ്രഹ്മണ്യത്തിനും അഭിപ്രായം പറയുന്നവനും ഒരേ പദവിയാണുള്ളത്‌. നെറ്റിൽ പരതാനുള്ള വസ്തുക്കളാണ്‌, സംജ്ഞകളാണ്‌ എല്ലാം. അതിനപ്പുറം ഒന്നുമില്ല. ചിലപ്പോൾ ഡോ. പത്മയേക്കാൾ പൈന്തുണ കിട്ടുന്നത്‌ കമന്റ്‌ എഴുതുന്നവനായിരിക്കും. അവന്‌ സ്വത്വമില്ല; അവൻ ആരാണെന്ന്‌ അറിയണമെന്നില്ല. എന്നാൽ അവന്‌ വൻ സുഹൃത്ത്പടയുണ്ട്‌. അവർ അവനുവേണ്ടി നാവ്‌ ചലിപ്പിച്ചുകൊണ്ടിരിക്കും. അവർ ആരെയും ആക്ഷേപിക്കും. അതവരുടെ മുഖമില്ലാത്ത സ്വാതന്ത്ര്യമാണ്‌. ഒരാൾ ജീവിച്ചിരിക്കുന്നു എന്ന്‌ വ്യക്തമാക്കാൻ വെറുതെ കൂവിയാൽ മതി. ആ കൂവൽ കേൾക്കുന്നതോടെ നമ്മളും ജീവിച്ചിരിക്കുന്നവരായി വിധി എഴുതും.
നവമാധ്യമങ്ങളുടെ ശീലം ഒരു മുഖമില്ലാത്ത, യാഥാർത്ഥ്യമില്ലാത്ത അശരീരി എന്ന നിലയിലാണ്‌. പറഞ്ഞ അഭിപ്രായം വന്ന്‌ മായ്ച്ചുകളഞ്ഞിട്ട്‌ പോകാം. ഫേസ്ബുക്കിൽ ഏത്‌ ചിത്രം പോസ്റ്റ്‌ ചെയ്താലും, അതിനെ സുന്ദരമാക്കുന്ന ഒരു സാങ്കേതികവിദ്യ അതിൽ നിലീനമാണ്‌. ചിത്രങ്ങൾ മനോഹരമായി പ്രതിഷ്ഠിക്കപ്പെടുകയാണ്‌. ചട്ടക്കൂട്‌ ഡിജിറ്റൽ ഇടമാണ്‌. അവിടെ ചിത്രങ്ങൾ മറ്റൊരു നിറക്കൂട്ടിലും മനോഹാരിതയിലുമാണ്‌ ഇടംപിടിക്കുന്നത്‌. ക്യാമറകൾ സ്വയം എടുക്കുന്ന ഫോട്ടോകളാണ്‌ വന്നുകൊണ്ടിരിക്കുന്നത്‌. അവിടെ കലയുമായി ഒരു ബന്ധവും വേണമെന്നില്ല. എന്നാൽ നിങ്ങൾ എന്തെങ്കിലും മിണ്ടുകയോ എഴുതുകയോ ചെയ്താൽ കലാകാരനാവുക എന്ന വിധിയിൽ നിന്ന്‌ മോചനം ഉണ്ടായിരിക്കുകയില്ല.

മികച്ചതു എന്ന പദവിയില്ല. ഏതും മികച്ചതാണ്‌. അതിനെ ഉയർത്താൻ സുഹൃത്തുക്കൾ എത്ര വേണമെങ്കിലുമുണ്ട്‌. അവർക്ക്‌ മുൻകൂട്ടി നിശ്ചയിക്കപ്പെട്ട പക്ഷപാതം പൊതുവേ ഉണ്ടാകണമെന്നില്ല. അവർ ആടിത്തിമിർത്ത്‌ ഇരുളിൽ മറയുകയാണ്‌. അവരെ ആർക്കും വിരട്ടാനൊന്നും കഴിയില്ല. ഏറ്റവും മികച്ചതെന്ന്‌ പലരും വാഴ്ത്തിയതിനെ നവമാധ്യമങ്ങളിലെ പ്രതീതി കലാകാരന്മാർ പുകച്ചു പുറത്തുകളയും. അത്‌ അവരുടെ സ്വാതന്ത്ര്യവും നിലനിൽപ്പിന്റെ ആഘോഷവുമാണ്‌. ഒരു നിയമമോ ചരിത്രമോ അവിടെ വാഴുന്നില്ല. ഫേസ്ബുക്കിലേക്ക്‌ വരുന്ന ഓരോരുത്തർക്കും കലാകാരപദവിയുണ്ട്‌. ഇത്‌ അതിന്റെ രൂപകൽപനയിൽനിന്ന്‌ ലഭിക്കുന്നതാണ്‌. സുന്ദരമായ ഒരു ചിത്രത്തിനകത്ത്‌ സ്വന്തം ഫോട്ടോ വിളക്കിച്ചേർത്ത്‌ ഒരു പാട്ടിന്റെ അകമ്പടിയോടെ അവതരിപ്പിക്കാൻ ആർക്കാണ്‌ കഴിയാത്തത്‌? അവർ കലാകാരന്മാരാവുകയാണ്‌.

ക്ലാസിക്കുകളില്ല
മഹത്തായതൊന്നുമില്ല. എല്ലാം ആവശ്യാനുസരണം നിർമ്മിക്കുന്നു എന്നേയുള്ളൂ. ക്ലാസിക്കുകൾ ഇല്ലാതായി. അതേസമയം ക്ലാസിക്കുകളെ ഉണ്ടാക്കിയെടുക്കാം. പക്ഷേ, ഒന്നിനും ദീർഘകാല ജീവിതമില്ല. ഉപഭോഗമാണ്‌ കല. ഓരോന്നും കണ്ട്‌ തള്ളുകയാണ്‌. ചവറുകൾ എന്ന്‌ മുമ്പ്‌ വിവക്ഷിച്ചിരുന്നവയെല്ലാം ഇന്ന്‌ തിരിച്ചുവന്നിരിക്കയാണ്‌. തീയേറ്ററിൽ എട്ട്‌ നിലയിൽ പൊട്ടിയ ചിത്രങ്ങൾ ടെലിവിഷൻ ചാനലിൽവന്ന്‌ 'വൻ വിജയങ്ങൾ' തീർക്കുന്നു. ഏതാണ്‌ മികച്ചതെന്ന നിലയിലുള്ള ചർച്ചകൾ ഒരിടത്തുമില്ല. നിരൂപണം ഉൽപന്നത്തിന്റെ പരസ്യത്തിനു വേണ്ടിയുള്ളതാണ്‌. സിനിമകൾക്ക്‌ നിരൂപണമില്ല. പകരം ചാനൽ ഉയർത്തുന്ന ചർച്ചകളേയുള്ളൂ. ഒരു സിനിമ ഇറങ്ങിയതിനെതുടർന്ന്‌ അതിന്റെ അണിയറ പ്രവർത്തകർ വന്ന്‌ ചാനലിലിരുന്ന്‌ നടത്തുന്ന ചർച്ചയാണ്‌ ഇന്നത്തെ നിരൂപണം. ആ സിനിമയെക്കുറിച്ച്‌ പുറത്തുള്ളവർ ഒന്നും പറയേണ്ടതില്ല; എല്ലാം അതിന്റെ വക്താക്കൾ തന്നെ പറഞ്ഞുകൊള്ളും. വാസ്തവത്തിൽ ഇത്‌ ഒരു അടഞ്ഞമുറിയിലെ ചർച്ചയാണ്‌. ഈ അടഞ്ഞമുറി ഇന്ന്‌ ഒരു പൊതുഇടമായി രൂപാന്തരം പ്രാപിക്കുകയാണ്‌. പൊതുഇടം, സ്വകാര്യഇടം എന്നീ വേർതിരിവുകൾ ഇല്ല. എല്ലാം സ്വീകാര്യമാണ്‌. സിനിമയിൽ അഭിനയിച്ചവരും അതിന്റെ അണിയറ പ്രവർത്തകരും ഒരു മുറിയിലിരുന്ന്‌ സംസാരിക്കുന്നതാണ്‌ ആ ചിത്രത്തെക്കുറിച്ചുള്ള നിരൂപണം എന്നത്‌ ഉത്തര-ഉത്തരാധുനികമായ പ്രത്യേകതയാണ്‌. ഒരു വസ്തുവിനും നിരൂപണം സാധ്യമല്ല. സാഹിത്യത്തിനുപോലും നിരൂപണം ഇനി സാധ്യമാകുമെന്ന്‌ തോന്നുന്നില്ല. കാരണം ഒരു ഭാവുകത്വമോ സൗന്ദര്യശാസ്ത്രമോ മേൽക്കൈനേടാത്ത കാലത്തിലേക്കാണ്‌ നാം നടന്നടക്കുന്നത്‌. വിചിന്തനങ്ങൾ ഇല്ലാതാവുകയും എല്ലാം വിനോദങ്ങളാവുകയും വിസ്മൃതികളാവുകയുമാണ്‌. മനസിന്റെ ഉപയോഗം കഴിഞ്ഞ്‌ ഓരോന്നും പിൻവാങ്ങുകയാണ്‌.

അവതാരകൻ ദൈവത്തെ അനുകരിക്കുന്നു
ചാനൽ വാർത്തകളുടെ സ്വഭാവംതന്നെ മാറിയത്‌ ഉത്തര-ഉത്തരാധുനികതയിൽ പത്രാധിപർ ഇല്ലെന്ന്‌ വ്യക്തമാക്കുന്നു. ഒരു അവതാരകൻ എന്താണ്‌ പറയുന്നതെന്ന്‌ ദൈവത്തിനുപോലും നിശ്ചയിക്കാനാവില്ല. ദൈവത്തെ നിയന്ത്രിക്കാം; പക്ഷേ അവതാരകനെ കയറൂരി വിട്ടിരിക്കുകയാണ്‌. ചുവപ്പു കണ്ട കാളയെപ്പോലെ അയാൾ ഓടുകയാണ്‌. അതിഥികളായെത്തുന്നവർ അവതാരകന്റെ ഓട്ടത്തിനുള്ള തിരുമ്മുകാരാണ്‌. ശരിയായി തിരുമ്മിക്കൊടുത്താൽ കാള കൃത്യമായി ചുവപ്പിനെ ഇടിച്ചുവീഴ്ത്തും. അയാളാണ്‌ വാർത്ത നിശ്ചയിക്കുന്നത്‌. ഒരു ഞാണിന്മേൽ അഭ്യാസിയെപ്പോലെ അയാൾ വാക്കുകൾ എടുത്തു പെരുമാറുന്നു. ഓരോ ന്യൂസ്‌ അവറും ഓരോ ദിഗ്‌വിജയമാണ്‌. അവിടെ അയാൾക്ക്‌ ജയിച്ചേ പറ്റൂ. അതിനായി ശബ്ദം, ദൃശ്യം എന്നിവ റെക്കാർഡ്‌ ചെയ്തത്‌ ഹാജരാക്കും. ഇതെല്ലാം കണ്ട്‌ ശരിവയ്ക്കാൻ ചർച്ചയ്ക്ക്‌ വന്നിരിക്കുന്നവർക്ക്‌ ബാധ്യതയുണ്ട്‌. കാരണം അവർ ഓരോരുത്തരും ഓരോ ദിവസത്തെ സുൽത്താനാണ്‌. അവതാരകൻ വ്യക്തിഗതമായ മാനറിസങ്ങളെ നന്നായി ഉപയോഗിക്കും. ഇത്‌ ഒരു ട്രേഡ്‌ മാർക്കാണ്‌. അയാളുടെ ക്ഷോഭവും എതിരിടലും ഉച്ചത്തിലുള്ള സംസാരവും ഒരു വാർത്ത അറിയിക്കാൻ വേണ്ടിയല്ല, അത്‌ സ്ഥാപിച്ചെടുക്കാനാണ്‌. വാർത്ത അറിയിക്കുന്നതിൽ ഒരു ത്രിൽ ഇല്ല; അത്‌ സ്ഥാപിക്കുന്നതിൽ ഒരു അധികാരവും വിനോദവുമുണ്ട്‌. ഒരു ന്യൂസ്‌ അവറിൽ എന്ത്‌ നടന്നാലും അത്‌ അവതാരകന്റെകൂടി ചുമതലയിലാണ്‌. എന്നാൽ അതിനെ ആരും എഡിറ്റ്‌ ചെയ്യുന്നില്ല. ചർച്ചയ്ക്ക്‌ എത്തിയ ഒരാൾ, അവിടെ സന്നിഹിതയായിരിക്കുന്ന ഒരു വനിതയെ തേവിടിശ്ശി എന്ന്‌ വിളിച്ചാലും അവതാരകൻ ഉരുണ്ടുകളിച്ച്‌, നിസ്സഹായത അഭിനയിച്ചിരിക്കും. ഇത്‌ ഇങ്ങനെയെല്ലാം ഒരു വസ്ത്രാക്ഷേപമായിത്തീരണമെന്ന്‌ അയാൾ നേരത്തെ ആസൂത്രണം ചെയ്തിട്ടുണ്ടാകും. ആധുനികതയിലോ, ഉത്തരാധുനികതയിലോ ഈ സവിശേഷത ഉണ്ടായില്ല. ഉത്തര-ഉത്തരാധുനികത ചാനൽ വാർത്തയുടെ മാത്രമല്ല, സകല കോമഡി പരിപാടികളുടെയും ഫോൺ ഇനി കാട്ടിക്കൂട്ടലുകളുടെയും ഹൃദയമാണ്‌. കോമഡിഷോകളിൽ ഗ്രീന്റൂം തന്നെയാണ്‌ മിക്കപ്പോഴും അവതരണവേദി. റിഹേഴ്സൽ ഒരു പ്രദർശന വസ്തുവാണ്‌. അന്തിമമായി തയ്യാറാക്കുന്ന കലോൽപന്നം എന്ന സങ്കൽപം ഉത്തര-ഉത്തരാധുനികതയിലില്ല. ഒരു ശിൽപം പകുതിവച്ച്‌ നിർത്തിയാലും മതി.അതിനും കാണികളുണ്ടാവും. കാണികൾ ഉണ്ടെങ്കിൽ എന്തും അനുവദനീയമാണ്‌. റിഹേഴ്സൽ ക്യാമ്പിലെ തെറിപറച്ചിൽപോലും ഒരു വിഭവമാണ്‌. അതും കാണാനാളുണ്ട്‌. പാട്ട്‌ പഠിപ്പിക്കുന്നതും തെറ്റിച്ചു പാടുന്നതും വിൽക്കാനുള്ള ചരക്കാണ്‌. ഒരു കുട്ടി നന്നായി പാടാൻ ശ്രമിച്ച്‌ പരാജയപ്പെടുന്നത്‌ ആളുകളുടെ മുന്നിലേക്ക്‌ എത്തിക്കുന്നു. അതായത്‌, വളരെ കഴിവു തെളിയിച്ചവരെ ഇന്ന്‌ ആവശ്യമേയില്ല. ടെലിവിഷനിലോ സിനിമയിലോ അത്തരക്കാർ ഇല്ലാത്ത നിയമങ്ങളുണ്ടെന്ന്‌ ഭാവിച്ച്‌ പല തടസ്സങ്ങളുമുണ്ടാക്കും. ഉത്തര-ഉത്തരാധുനിക സിനിമകളിൽ സംഗീതമോ അഭിനയമോ കലയുടെ ഭാഗമല്ല. ഒരാൾ ധൈര്യപൂർവ്വം അങ്ങ്‌ ചെയ്യുകയാണ്‌. ചെയ്തുകഴിയുമ്പോൾ അതൊരു ഉൽപന്നമാണ്‌. എത്ര മോശമായ ശബ്ദത്തിലും പാടാം; ആർക്കും പാടാം, സംഗീതം ചെയ്യാം. അതിനു ആസ്വാദകരെന്ന വ്യാജയാഥാർത്ഥ്യമുണ്ട്‌. ഒന്നിന്റെയും ആസ്വാദകരെയല്ല ഇന്ന്‌ തേടുന്നത്‌, വിജയിപ്പിക്കുന്നവരെയാണ്‌. ഒരു ക്രിക്കറ്റ്‌ കളി വിജയിപ്പിക്കാൻ എത്തുന്നവരെ കാണാം. ഒരു സിനിമ വിജയിപ്പിക്കാൻ അതിരാവിലെ മുതൽ കാത്തുനിൽക്കുന്നവരുണ്ട്‌. ഇവർ ആസ്വദിക്കുന്നു എന്ന്‌ പറയാൻ പറ്റില്ല. അവർ ആ സിനിമയോട്‌ അഭേദ്യമായ ബന്ധമുള്ളവരാണ്‌. സിനിമയെപ്പോലുമല്ല അവർ തേടുന്നത്‌; അതിൽ അഭിനയിക്കുന്ന താരങ്ങളെയാണ്‌. പ്രേംനസീർ അഭിനയിക്കുന്ന സിനിമ പ്രദർശിപ്പിക്കുന്ന തീയേറ്ററിനു മുന്നിൽ, അത്‌ വിജയിപ്പിച്ചു കൊടുക്കാൻവേണ്ടി എന്തിനും തയ്യാറായി ആരും നിന്നിരുന്നില്ല. മിക്കവാറും സ്ത്രീകളും കുട്ടികളുമൊക്കെയാണ്‌ അന്ന്‌ ആ സിനിമകൾ കൂടുതലായി ഇഷ്ടപ്പെട്ടിരുന്നത്‌. ശരാശരി കുടുംബങ്ങളുടെ പ്രിയ നടനായിരുന്നു നസീർ. അവർ നസീറിനെ മാത്രമല്ല, സിനിമ എന്ന കലാരൂപത്തെയാണ്‌ വെള്ളിത്തിരയിൽ അനുഭവിച്ചതു. ഇന്ന്‌ അങ്ങനെയല്ല. ഒരു തരത്തിലും രസിപ്പിക്കാത്ത ചിത്രങ്ങൾ വൻവിജയമാവുകയാണ്‌.

പുതിയ ഷോ സങ്കൽപം
ഒരു കലാരൂപം എന്ന നിലയിൽ എന്താണോ ശക്തമായി പ്രേക്ഷകരിലേക്ക്‌ ഇടിച്ചിറക്കുന്നത്‌, അത്‌ വിജയിക്കുകയാണ്‌. ഒരു കലാരൂപത്തിന്റെ വിജയത്തിൽ ഇപ്പോൾ അതിന്റെ മേന്മ മാത്രമല്ല, ഗുഢമായ കളികൾകൂടി ഒരു പങ്കുവഹിക്കുന്നു. ഫേസ്ബുക്കിൽ വൈറൽ ആക്കി കൊടുക്കാൻ പണം വാങ്ങുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നു. അവർക്ക്‌ പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാൻ കഴിയുന്നു. ഫേസ്ബുക്ക്‌ മൊത്തത്തിൽ ഒരു പുതിയ ഷോയാണ്‌. അത്‌ ഇതിനുമുമ്പ്‌ നാം കണ്ടിട്ടില്ലാത്ത രൂപഘടനയിലുള്ള ഷോയാണ്‌. നാടകമോ സിനിമയോ ആദിമധ്യാന്തമുള്ള ഷോയാണ്‌. അത്‌ മുഴുവൻ കണ്ടാലേ തൃപ്തികിട്ടൂ; അർത്ഥമുണ്ടാവൂ. ഫേസ്ബുക്ക്‌ അല്ലെങ്കിൽ അതുപോലുള്ള നവമാധ്യമങ്ങൾ പുതിയൊരു ഷോ സങ്കൽപം അവതരിപ്പിക്കുന്നു. അവിടെ ഒരു തുടക്കമില്ല. നിങ്ങൾ പ്രവേശിക്കുന്നത്‌ എവിടെയാണോ, അതാണ്‌ തുടക്കം. നിങ്ങൾ അവസാനിപ്പിക്കുന്നത്‌ എവിടെയാണോ അതാണ്‌ ഒടുക്കം. ഒരാൾ തന്റേതായൊരു ഷോ ഉണ്ടാക്കിയെടുക്കുകയാണ്‌. അവിടെ ഏറ്റവും ഇഷ്ടമുള്ളത്‌ ആദ്യം എന്നതായിരിക്കും പ്രമാണം. ഏറ്റവും ഇഷ്ടമുള്ളത്‌ സിനിമാ നടനോ രാഷ്ട്രീയ നേതാവോ ആയിരിക്കണമെന്നില്ല. അടുത്ത സുഹൃത്തിന്റെ വിവാഹഫോട്ടോ ആയിരിക്കാം. ഇപ്പോൾ രാഷ്ട്രീയ നേതാക്കൾ കൂട്ടത്തോടെ നവമാധ്യമ ലോകത്തേക്ക്‌ എത്തിയിരിക്കുകയാണ്‌.

പണ്ട്‌ പ്രസ്താവന കൊടുക്കാൻ പത്രമോഫീസിലേക്ക്‌ പോയിരുന്ന നേതാക്കൾ എന്തിനും ഏതിനും ഫേസ്ബുക്കിനെ ആശ്രയിക്കുന്നു. ഉമ്മൻചാണ്ടിയുടെ പ്രസ്താവന, മഞ്ജുവാര്യരുടെ ലൈവ്‌, സിംഹം കാണിയെ കടിച്ചുകീറുന്ന ദൃശ്യം, യുവാവിന്റെ ആത്മഹത്യയുടെ വീഡിയോ, പുതിയ സിനിമകളുടെ പ്രോമോഷണൽ വീഡിയോകൾ, പ്രിയപ്പെട്ടവരുടെ ബന്ധക്കളുടെ മരണവാർത്ത എന്നിങ്ങനെ ഏത്‌ ഷോ വേണമെങ്കിലും നിങ്ങൾക്ക്‌ തിരഞ്ഞെടുക്കാം. ഒരു പ്രത്യേക ക്രമമാണിത്‌. ഇതുതന്നെയായിരിക്കില്ല എപ്പോഴും. പ്രേക്ഷകന്റെ മനോഭാവമനുസരിച്ചായിരിക്കും ഷോ. ചിലപ്പോൾ താൻ ഏറ്റവും ഇഷ്ടപ്പെടുന്ന പെൺകുട്ടിയുടെ പ്രോഫൈൽ ഫോട്ടോ നോക്കാം. അതുകഴിഞ്ഞ്‌ പുസ്തകങ്ങളെപ്പറ്റിയുള്ള ഫേസ്ബുക്ക്‌ പേജുകൾ നോക്കാം. തുടർന്ന്‌ കവിതകൾ നോക്കാം, പാട്ടുകേൾക്കാം. ദിവസവും ഓരോ പാട്ട്‌ ഇട്ടുതരുന്നവരുണ്ട്‌. ഇങ്ങനെ അന്നത്തെ മാനസികനിലയനുസരിച്ച്‌ ഫേസ്ബുക്ക്‌ ഷോ മാറിക്കൊണ്ടിരിക്കും. പലർക്കും പല ഷോകളാണ്‌. ഒരു വീട്ടിലെത്തന്നെ മൂന്നംഗങ്ങൾ ഫേസ്ബുക്കിൽ കയറിയാൽ അവർ കാണുന്നത്‌ മൂന്ന്‌ വ്യത്യസ്ത ഷോകളായിരിക്കും. സിനിമാ തീയേറ്ററിലോ നാടകശാലയിലോ ഈ വ്യത്യസ്തത്ത സാധ്യമാകില്ല. ഓരോ കാണിക്കും അവന്റേതായ, അവളുടേതായ ഇഷ്ടാനിഷ്ടങ്ങൾ അനുവദിച്ചുകൊടുക്കുന്ന മേഗാകാർണിവലാണ്‌ ഫേസ്ബുക്ക്‌ ഒരുക്കുന്നത്‌. ഇത്‌ ഉത്തര-ഉത്തരാധുനികതയുടെ സവിശേഷതയാണ്‌. കാണികൾക്ക്‌ നേരിട്ട്‌ ഷോ നിയന്ത്രിക്കാം. മുൻകാലങ്ങളിൽ കാണി ഒരിടത്ത്‌ ഇരയാക്കുകയേയുള്ളൂ. ഷോയിൽ പ്രത്യക്ഷപ്പെടുന്നത്‌ വേറൊരു വിഭാഗമാണ്‌. ഇപ്പോൾ കാണികൾ തങ്ങൾക്കിഷ്ടമുള്ള വിധത്തിൽ അവരുടെ ഷോ കണ്ടുപിടിക്കുന്നു. അവർ ക്രിയാത്മക ആസ്വാദകരാണ്‌.

ഏതൊരാൾക്കും മാധ്യമലോകം തുറന്നുകിട്ടി എന്നതും ഈ പുതുസംസ്കാരത്തിന്റെ ഗുണമാണ്‌. ഇന്ന്‌ കവിത ആരുടെയും ഉന്നത പ്രതിഭയുടെ കുത്തകയല്ല. ദിവ്യമായ രഹസ്യം എന്ന നിലയിൽ കവിയിൽ നിന്ന്‌ ഒന്നും പ്രതീക്ഷിക്കുന്നില്ല. സൃഷ്ടിപരമായ രഹസ്യത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ ഇന്നില്ല. കവി ആൾക്കൂട്ടത്തിലെ ഒരാളാണ്‌. അയാൾ വേറിട്ട വ്യക്തിത്വമല്ല. ഏതൊരു സാധാരണക്കാരനെപ്പോലെയും അയാൾ മനസിലെ തോന്നലുകൾ പങ്കുവയ്ക്കുന്നു. അവിടെ മഹത്തായ സാഹിത്യമോ, അനശ്വരമായ ആശയമോ ഇല്ല. ആറ്റൂർ രവിവർമ്മയെപ്പോലെ വളരെ മൂർത്തമായ, അതേസമയം ദുർഗ്രഹമായ വഴികളിലൂടെ ഉരുത്തിരിയുന്നു എന്ന മട്ടിലുള്ള കവിവ്യക്തിത്വമില്ല. മുൻകാല പാഠങ്ങളിൽ നിന്ന്‌ വേർപെട്ട സ്വതന്ത്ര കവനങ്ങളാണ്‌ ഇപ്പോൾ ഉണ്ടാകുന്നത്‌. ഒരു ആത്മസംതൃപ്തി, സൗഹാർദ്ദമായ വിനിമയം എന്നീ നിലകളിലാണ്‌ അത്‌ സ്വയം പ്രകാശിപ്പിക്കുന്നത്‌. ഏതൊരാൾക്കും ഏത്‌ വിഷയത്തിലും ഇടപെടാവുന്നവിധം വളരെ സുതാര്യമായ മാധ്യമസംസ്കാരമാണിത്‌. സാഹിത്യത്തിന്റെ മാത്രമല്ല, മറ്റേത്‌ മാധ്യമത്തിലും ഇതാണ്‌ അവസ്ഥ.

മനുഷ്യൻ മാധ്യമവൽക്കരിക്കപ്പെടുകയാണ്‌. അങ്ങനെയല്ലാതെ ആരുംതന്നെ ഇവിടെയില്ല. മാധ്യമവൽക്കരിക്കപ്പെടാതെ ജീവിതമില്ല. വാട്സ്‌അപ്‌ സാഹിത്യം എന്ന ഒരു ശാഖതന്നെ പിറവിയെടുത്തിരിക്കുന്നു. പൊതുവിഷയങ്ങളിലുള്ള അശ്ലീലച്ചുവയുള്ള വർത്തമാനങ്ങളും, നിമിഷകവിതകളും അറിയിപ്പുകളും രാഷ്ട്രീയപ്രശ്നങ്ങളെ മുൻനിറുത്തിയുള്ള വിശകലനങ്ങളും സാരോപദേശ കഥകളും വാട്സ്‌അപ്പിലൂടെ പ്രവഹിക്കുകയാണ്‌. ഇതിനൊന്നിനും യഥാർത്ഥ കർത്താവേന്ന നിലയിൽ ഒരാളില്ല. ഗ്രൂപ്പുകളിൽ നിന്ന്‌ ഗ്രൂപ്പുകളിലേക്ക്‌ ഷെയർ ചെയ്യപ്പെട്ട്‌ ചിത്രങ്ങളും സന്ദേശങ്ങളും ചേർന്ന വാട്സ്‌അപ്പ്‌ സാഹിത്യം ഏത്‌ പുസ്തകത്തേക്കാളും പെട്ടെന്ന്‌ പ്രചരിക്കുന്നു. സാമൂഹികപ്രതിബദ്ധതയുടെ ഒരു ഏട്‌ അത്‌ സൃഷ്ടിക്കുന്നുണ്ട്‌.
ഉത്തര-ഉത്തരാധുനികത ഭാരമില്ലാത്തവരുടെ സാംസ്കാരിക സുവിശേഷമാണ്‌. അവർ വാർത്ത കാണുന്നത്‌ വിവരം അറിയാൻ മാത്രമല്ല, രസിക്കാനും കൂടിയാണ്‌. പ്രേക്ഷകൻ എന്ന നിലയിൽ തനിക്കും ചിലത്‌ പറയാനുണ്ടെന്ന്‌ അവർ ഓരോ നിമിഷവും തിരിച്ചറിയുന്നു. ഉയർന്ന, കേന്ദ്രീകരിക്കപ്പെട്ട ഭാവുകത്വമോ, സത്യമോ ഇല്ല. ആളുകളുടെ മുൻഗണനാ ക്രമത്തിൽ സത്യം ഏറ്റവും അപ്രധാനമായ ഒന്നാണ്‌.

എം കെ ഹരികുമാറുമായി അഭിമുഖം

Thursday, January 3, 2019

ജാതി അരുളിൽ അർത്ഥം തേടുമ്പോൾ എം കെ ഹരികുമാറിന്റെ ലേഖനം


 novel, publisher's number : 7012295321
ജാതി അരുളിൽ അർത്ഥം തേടുമ്പോൾ

എം കെ ഹരികുമാറിന്റെ ലേഖനം

ദൈവം ഏതായാലും മനുഷ്യൻ നന്നായാൽ മതി എം കെ ഹരികുമാറിന്റെ ലേഖനംദൈവം ഏതായാലും മനുഷ്യൻ നന്നായാൽ മതി

എം കെ ഹരികുമാറിന്റെ ലേഖനം

മണ്ണു പൊട്ടിച്ചു പുറത്തുവരുന്ന കവി/ എം കെ ഹരികുമാറിന്റെ ലേഖനം


മണ്ണു പൊട്ടിച്ചു പുറത്തുവരുന്ന കവി/
എം കെ ഹരികുമാറിന്റെ ലേഖനം