Followers

Wednesday, February 14, 2024

സ്നിഗ്ദ്ധാനുഭവങ്ങളിൽ അതാര്യതകളുടെ നീണ്ട നിര/എം.കെ.ഹരികുമാർ

 

a




*എഴുമംഗലം കരുണാകരൻ്റെ കവിതകളെക്കുറിച്ച്* 



ഒരു കവി എഴുതുന്നത് അയാൾക്ക് പോലും വ്യക്തമായി അറിയാത്ത കാര്യങ്ങളെക്കുറിച്ചാണെന്ന് ടി.എസ്.എലിയറ്റ് പറഞ്ഞത് എന്തുകൊണ്ടാണ്?. കവിയിൽ അജ്ഞാതമായ ഒരു അന്തർലോകമുണ്ട്. അത് കണ്ടെത്തുകയല്ല ,കവിയിലൂടെ പ്രമുക്തി നേടുകയാണ് ചെയ്യുന്നത്.എഴുമംഗലത്തിൻ്റെ കവിതകളിൽ മിക്കതും സ്വയം പ്രമുക്തി നേടിയവയാണ്. 

എഴുമംഗലം കരുണാകരന്റെ കവിതകൾ ഏതാണ്ട് വിസ്മരിക്കപ്പെട്ടതായിരുന്നു .അത് കവിയുടെ കുഴപ്പമല്ല; വായനക്കാരുടെ പ്രശ്നമാണ് .കാലം എല്ലാ സ്വരങ്ങളെയും ഉൾക്കൊള്ളുന്നുണ്ട്. പക്ഷേ,അത് പൂർണമായി, സംവേദനക്ഷമമായി പുറം ലോകത്തെത്താൻ സമയമെടുത്തേക്കാം .എന്നാൽ ചിലതെല്ലാം ,ആശയപരമായ സംഘർഷങ്ങളെയും കലാപങ്ങളെയും ഉൾക്കൊള്ളുന്നത് ,അടിത്തട്ടിലേക്ക് വലിഞ്ഞുപോകും. കവിക്ക് ഒരു സംഗീതശാലയുണ്ട്. അവിടെയാണ് അയാളുടെ ആവിഷ്കാരം.അതിനു  അയാൾ ഒറ്റയ്ക്കാണ് വരുന്നത്. എന്നാൽ ക്രമേണ വായനക്കാരുടെ മനസും അതിനോടു ചേരുന്നു.വായനക്കാർ കവിയെ പ്രലോഭിപ്പിക്കും. ചിലപ്പോൾ നയിക്കും.എന്നാൽ കവി വായനക്കാരെ നോക്കി എഴുതില്ല .കവി പ്രായം മറക്കും .കവിക്ക് എന്തിനാണ് വാർദ്ധക്യം?

യുവാവായ കവിയെ, ചിലപ്പോൾ സഹൃദയർ ശ്രദ്ധിക്കുന്നില്ല. എന്തെന്നാൽ കവിതയിൽ കാലത്തിൻ്റെ ഭാരമാണ് പലരും പ്രതീക്ഷിക്കുന്നത്. വാസ്തവത്തിൽ ,കവിതയിൽ യൗവ്വനത്തിനാണ് പ്രസക്തി. യൗവ്വനമാണ് പ്രതിഷേധിക്കുന്നത്. സ്റ്റാറ്റസ് കോയ്ക്ക് എതിരെ ചിന്തിക്കുന്നത് യുവത്വമാണ്. യുവത്വം ഒരു മാറ്റത്തെ എപ്പോഴും അന്വേഷിക്കുന്നു. പലപ്പോഴും യുവാവായ കവിക്ക് ആ കാലത്തിൻ്റെ അടയാളം ലഭിക്കാറില്ല. അയാൾ വാർദ്ധക്യത്തിലെത്തി തൻ്റെ കവിതയെ നിർമമതയിൽ പ്രതിഫലിപ്പിക്കുമ്പോഴാണ് അനുവാചകരുടെ സ്ഥാപനങ്ങൾ അതിലേക്ക് ശ്രദ്ധിക്കുന്നത്. 

മലയാളകവിതയിൽ എഴുപതുകൾ മുതൽ രൂപപ്പെട്ട അമൂർത്തവും അന്യവത്കൃതവുമായ ബിംബങ്ങളുടെ പ്രവാഹത്തിൽ കുറെ നല്ല കവികളുടെ ശബ്ദങ്ങൾ വേണ്ടപോലെ കേട്ടില്ല. പലരും കവിതയെ ഒരു പ്രസ്ഥാനമാക്കി. അയ്യപ്പപ്പണിക്കർ തുടങ്ങിയവരുടെ നേതൃത്വത്തിൽ 'കേരളകവിത' എന്ന പേരിൽ ഒരു പ്രസിദ്ധീകരണം തുടങ്ങിയത് ഒരു പുതിയ പ്രസ്ഥാനത്തിൻ്റെ ഉദയമാണ് ലക്ഷ്യമാക്കിയത്. തിരസ്കാരവും എതിർപ്പും ഒരാവശ്യമായിരുന്നു. വളരെ ലോലവും ഇമ്പമുള്ളതുമായ പദങ്ങൾ കൊണ്ടുള്ള കാല്പനിക കാവ്യ പെരുമാറ്റങ്ങളെ കർക്കിടകത്തിന്റെ മൂടിക്കെട്ടിയ ആകാശത്തിലേക്ക് പറത്തിവിടാൻ ആധുനികതയ്ക്ക് കഴിഞ്ഞു. പ്രണയം പോലെ പ്രണയനഷ്ടവും എഴുതുന്നവരുണ്ട്.പ്രണയം തന്നെ ഒരു ആത്മവഞ്ചനയാണെന്ന മട്ടിലാണ് ആധുനികർ എഴുതിയത്. അനുഭവങ്ങളെ പോസ്റ്റ്മോർട്ടം ചെയ്യന്നത് ഒരു വിധിയാണ്. അതേസമയം കവിതയ്ക്കു ദാർശനികതയെ ഒഴിവാക്കാനാവില്ല. ദാർശനികത സൂക്ഷ്മതകളെ തേടുകയാണ്.

ഒരു സവിശേഷ മനസ് 

കവിക്ക് തത്ത്വചിന്ത വേണം. വെറും വസ്തുതാവിവരണം കവിക്ക് എന്നപോലെ വായനക്കാർക്കും ആവശ്യമില്ല .ഏഴുമംഗലം കരുണാകരന്റെ കനമുള്ള ശബ്ദം കവിതയുടെ ഒരു കാലഘട്ടത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടെങ്കിൽ ഇപ്പോഴിതാ അതിൻ്റെ നാനാവർണ്ണങ്ങളോടെ തിരിച്ചെത്തുകയാണ് .ഇനി ഈ കവിതകൾ കൂടുതൽ വായിക്കപ്പെടും. ജീവിതത്തിലെ വിവിധ സന്ദർഭങ്ങളെയും പലവിധത്തിലുള്ള ആശങ്കകളെയും ഭാവിയെക്കുറിച്ചുള്ള ചിന്തകളെയും എഴുമംഗലം തൻ്റെ കവിതയിലേക്ക് കൂട്ടിക്കൊണ്ടുവരുകയാണ്.അതിലെല്ലാം കവിക്ക് സ്വന്തമായ ഒരു മനോഭാവമുണ്ട്. ആധുനിക ഭാഷയിൽ പറഞ്ഞാൽ ഇത് ഒരു സവിശേഷമായ മനസ്സാണ്. മനുഷ്യമനസ് എന്ന അർത്ഥത്തിലുള്ള ഒരു മനസ്സല്ല.
ഇത് മനോഭാവമാണ് പ്രകടിപ്പിക്കുന്നത്. മനോവ്യഥകളെയും ജ്ഞാനത്തെയും സംശ്ളേഷണം ചെയ്ത് ഉല്പാദിപ്പിക്കപ്പെട്ട മനസാണത്. 

എഴുമംഗലം കവിതകളിൽ ദാർശനിക ഭാവമുണ്ട്. വ്യഥകളെ സാരശേഷിയുള്ളതാക്കുന്ന ഒരു കലയാണത്. 'ഞാൻ' എന്ന കവിത അദ്ദേഹത്തിന്റെ ജീവിതാനുഭവത്തെയും വീക്ഷണത്തെയും തൊട്ടു കാണിക്കുകയാണ്.

"എന്തിന്നുവേറിട്ടറിയുന്നു നമ്മൾ എല്ലാത്തിലും തെല്ലു നാട്യംനടിക്കാൻ ലാഭത്തിനായിട്ടുസ്നേഹം ,വെറും - വിൽക്കലും വാങ്ങലുംതന്നെ ലോകം;
എനിക്കുള്ള,തെന്താണ് വിൽക്കുന്നതി- ന്നായി ഞാൻതന്നെ തീർക്കുന്ന
വസ്തുക്കളല്ലല്ലോ 
ലാഭത്തിനായിട്ടു തേടുന്നുനിന്നെ -
നീ എന്നെയും; ഒപ്പ -
മെന്ന് വിഴുങ്ങുന്നു ഞാൻ നിന്നെ,
സ്നേഹം നടിച്ചും
നീയെന്നെയും; ലോകമെന്നുള്ളതോ - ഞാൻ!"

നമ്മളൊക്കെ തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ? ഏതോ കഥയുടെ പുനരാവർത്തനം മാത്രം. കവി ചോദിക്കുന്നു ,പരസ്പരം ചതിക്കാനല്ലാതെ നമുക്ക് എന്തറിയാമെന്ന് .നമ്മൾ പരസ്പരം അറിയുന്നത് തന്നെ നടിക്കാനാണ്. നമ്മൾ എന്താണോ അതല്ലെന്ന് സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്.ഈ മറച്ചു പിടിക്കൽ നമ്മുടെ ജീവിതത്തെ ദുരൂഹമാക്കുകയാണ്.സ്നേഹം എന്തിനാണ്? അതിന് ലാഭം വേണം .ആരെയെങ്കിലും സ്നേഹിക്കണമെങ്കിൽ എന്തെങ്കിലും കിട്ടണം. ജീവിതം നൈമിഷികമാണെന്നും യാതൊന്നും സ്ഥിരമായിരിക്കുന്നില്ലെന്നുമുള്ള വലിയ വാക്യങ്ങളൊക്കെയും ഇവിടെ നിഷ്പ്രഭമായിരിക്കുകയാണ്. എല്ലാ ബന്ധങ്ങളും കൊടുക്കൽ വാങ്ങലിനു മാത്രമുള്ളതാണെങ്കിൽ ലോകജീവിതം വ്യർത്ഥതയിൽ നിർമ്മിച്ച നിഴൽ ഗോപുരങ്ങളല്ലേ? ലോകം  മിഥ്യയാണെന്ന് വേദാന്തികൾ  പറയുന്നതിനെ ഇത് സാധൂകരിക്കുന്നു.ബന്ധങ്ങൾ മറ്റെന്തിനോ വേണ്ടി മാത്രം നിൽക്കുന്നു.ബന്ധങ്ങൾക്കപ്പുറമൊന്നുമില്ല. ബന്ധങ്ങൾ എന്തെങ്കിലും കൊടുക്കുന്നതുകൊണ്ടോ വാങ്ങുന്നതുകൊണ്ടോ മാത്രം സംഭവിക്കുന്നു. സ്നേഹം യഥാർത്ഥത്തിലുണ്ടോ? സ്നേഹത്തിന് ആധാരമായ വസ്തുതകളും ചിന്തകളുമാണ് സ്നേഹിക്കപ്പെടുന്നത്. അതെല്ലാം മായുന്നതോടെ ഭൗതിക ജീവിയുടെ സ്നേഹം അപ്രത്യക്ഷമാവുന്നു.ഇതല്ലേ മിഥ്യ? നമ്മുടെ ശാരീരികവും മാനസികവുമായ ഇല്ലാതാകൽ? ഇവിടെയാണ് ജോസഫ് മുണ്ടശ്ശേരിയുടെ പ്രസ്താവനയ്ക്ക്  മിഴിവ് കിട്ടുന്നത്. അദ്ദേഹം എഴുമംഗലത്തിന്റെ കവിതകളെക്കുറിച്ച് പറയുന്നതിതാണ്:
"അത്യാധുനികരെന്നറിയപ്പെടുന്ന കവികളിൽ നിന്ന് തുലോം  വ്യത്യസ്തനാണ് ശ്രീ കരുണാകരൻ. കഴിഞ്ഞ പുരുഷാന്തരത്തിൽ യുഗപ്രഭാവരായിരുന്ന ആശാന്റെയും വള്ളത്തോളിന്റെയും ചങ്ങമ്പുഴയുടെയും പാരമ്പര്യത്തിലൂടെയാണ് അദ്ദേഹം കടന്നുപോയിട്ടുള്ളത് .അവരാണെങ്കിൽ ആത്മാവിൻ്റെ ആഹ്വാനത്തിന് മാത്രം രൂപം നൽകിയവരും .ചുറ്റുപാടും  നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളുടെ അന്തരാർത്ഥങ്ങൾ മനസ്സിലാക്കുകയും അനീതിക്കെതിരായി ശബ്ദമുയർത്തുകയും ചെയ്തവരാണവർ. അവരുടെ കാലത്തിനുശേഷം സാമൂഹിക ജീവിതത്തിലെ അനീതിക്കെതിരായുള്ള ധർമ്മരോഷം ജനങ്ങളിൽ പരക്കെ ആളിക്കത്തിക്കൊണ്ടിരിക്കുകയാണപ്പോൾ."എഴുമംഗലം വിപ്ലവോൽബോധകമായ കവിതകളാണ് എഴുതുന്നതെന്ന് മുണ്ടശ്ശേരി പ്രഖ്യാപിക്കുന്നുണ്ട്.'ജാതി വേണ്ട മതം വേണ്ട' എന്ന കവിത ഇത് വ്യക്തമാക്കുന്നു. ജീവിതത്തെ ഇരുട്ടാക്കി മാറ്റുന്ന എല്ലാ നൂലാമാലകൾക്കും മാറാലുകൾക്കും എതിരെ കവിയെഴുതുന്നു. ഒരു യഥാർത്ഥ മനുഷ്യനെയും മനുഷ്യത്വത്തെയും തേടുകയാണ്. കപട വാഗ്ദാനങ്ങളും അടിസ്ഥാനമില്ലാത്ത അവകാശവാദങ്ങളും നമ്മുടെ സാമൂഹികശരീരത്തെ കാർന്നുതിന്നുന്നതിനോടുള്ള അമർഷം എഴുമംഗലത്തിൻ്റെ കവിതകളിൽ പടർന്നിട്ടുണ്ട്. എന്നാൽ വലിയ ഒച്ചയോ ഇളക്കമോ ഇല്ല. ആത്മാവിൽ നിന്ന് പ്രാപഞ്ചികമായ ഒരുമയുടെ ഗീതം സ്വാഭാവികമായി ഒഴുകിവരുകയാണ്.
a

 

"പൂനിലാവല ചിന്നിടുമ്പോൾ പുഞ്ചിരിക്കുന്നാമ്പില 
സൂര്യബിംബമുയർന്നു കണ്ടാൽ
പുഞ്ചിരിക്കും താരക 
ദീപമൊന്നു തെളിഞ്ഞുകണ്ടാൽ
പാറിയെത്തും പാറ്റകൾ 
സ്നേഹനൂലാൽ ബന്ധിതം
ഈ ലോകമെല്ലാമോമലേ ..."

സ്നേഹത്തെ കവി പ്രാപഞ്ചികമായ ഒരു ചരടായി കാണുന്നു. ഉന്നതമായ ദർശനമാണിത് .ഇങ്ങനെ ലോകത്തെ നോക്കണമെങ്കിൽ മിഥ്യകളെക്കുറിച്ചും  നിസ്സാരതകളെക്കുറിച്ചും മനസ്സിലാക്കണം. തുച്ഛമായ കാര്യങ്ങൾക്ക് വേണ്ടി പോരടിക്കുന്നവർക്ക് ഇങ്ങനെ വീക്ഷിക്കാനാവില്ല. തന്നെക്കാൾ വലുതായ ,താനറിയാത്ത ഒരു ലോകമുണ്ടെന്ന് ആദ്യം അറിയണം.  സ്നേഹത്തിന്റെ ദർശനമാണിത്. ഇത് അപാരമായ സ്നേഹമാണ്; ലൗകികമായ കൊടുക്കൽ വാങ്ങലുകളുടെ സ്നേഹമല്ല .സകല ജീവികളും പങ്കെടുക്കുന്ന സ്നേഹത്തിൻ്റെ ബൃഹത്തായ ലോകം. ഇതിലാണ് എഴുമംഗലം തൻ്റെ സഹജമായ തൃഷ്ണകളെയും ലോകത്തെയും കണ്ടത്.

നിഷേധത്തിൽ ശരി 

എഴുമംഗലത്തിന്റെ 'നിഷേധപർവ്വം' ലോകനാടകത്തിന്റെ രഹസ്യം തേടുകയാണ് .ലോകം നിഷേധത്തിൽ കൂടിയും വളരുന്നു. നിഷേധത്തിൽ ശരിയുണ്ട്. പ്രത്യക്ഷനാടകങ്ങളുടെ അകം കണ്ട് പുതിയൊരു ക്രമം കണ്ടെടുക്കുകയാണ് കവി. ഒരു പുതിയ വീക്ഷണമാണിവിടെ അവതരിപ്പിക്കുന്നത്.

"ഹാ! നിഷേധമേ ,നിന്നെ ഞാനുമീ യുഗത്തിന്റെ
നാദബിന്ദുവാ,യുപ്പായുയിരായ് കാണട്ടെയോ ?
ഹാ! വിഷാദമേ!വിശ്വകന്ദരത്തിലെ സത്യ-
ദീപമായി ,വെളിച്ചമായ് ,നിന്നെയും കാണട്ടെയോ?

നിഷേധത്തെ നാദബിന്ദുവായും
വിഷാദത്തെ സത്യദീപമായും കണ്ടു. ഈ കവി നമ്മുടെ പ്രാതസ്മരണീയനായ ആധുനിക കവിയാണ് .അദ്ദേഹം വാക്കുകളെയും അവയുടെ അർത്ഥങ്ങളെയും ഒരു കാലിലോസ്കോപ്പിലെന്ന പോലെ കശക്കുന്നു .വിപരീതമെന്ന് നാം കരുതിയതിനെ പുതിയൊരു പാറ്റേണിൽ അടക്കുന്നു.ഈ ലോകം ഒരു കപടനാടകമാണെന്ന ചിന്ത എഴുമംഗലം വിടുന്നില്ല. അദ്ദേഹം പ്രകൃതി പ്രതിഭാസങ്ങളെ പുതിയൊരു കണ്ണുകൊണ്ട് നോക്കുന്നു. 

"വെറുപ്പിൻ സാമ്രാജ്യത്തി-
ലുദിക്കുന്നെന്നും സൂര്യൻ 
വിയർപ്പിൻ കടലിൽ ചെ-
ന്നസ്തമിക്കുന്നു നിത്യം 
വെളിച്ചം തരും മുട്ടയുടച്ചു കുടിക്കുന്നു 
വെളുക്കെച്ചിരിക്കുന്നു കടലിൻ കരിനാഗം ! "

നാം നിത്യവും കാണുന്ന സൂര്യനല്ല ഇത്; കവി കണ്ടതാണത്.എന്നാൽ ആ സൂര്യൻ ഇവിടെയുണ്ട്. നമുക്ക് കാണാൻ കഴിവില്ലാത്തതുകൊണ്ട് കാണുന്നില്ല .ഈ സൂര്യനെ എങ്ങനെയാണ് നമ്മുടെ ദുര  ചീത്തയാക്കിയതെന്നാണ് കവി  ചോദിക്കുന്നത് .നമ്മൾ വെറുപ്പിന്റെ സാമ്രാജ്യം സൃഷ്ടിച്ചു കഴിഞ്ഞു .അതുകൊണ്ട് അവിടെയുദിക്കുന്ന സൂര്യനും അതിനെ പേറേണ്ടി വരുന്നു.'വിയർപ്പിൽ കടലിൽ ചെന്നസ്തമിക്കുന്നു' എന്ന പ്രയോഗം എത്ര കാവ്യാത്മകവും നൂതനവുമാണ്!. സൂര്യൻ പകലിൽ വിയർക്കുകയാണ്. എന്തുകൊണ്ട് ?നമ്മൾ ഉയർത്തുന്ന വിയർപ്പിന്റെ ചൂടുകൊണ്ട്.സൂര്യൻ്റെ ചൂടിന് കാഠിന്യമില്ല .എന്നാൽ മനുഷ്യൻ ഉയർത്തുന്ന വിയർപ്പ് ലോകത്തെ ഉരുക്കുകയാണ്.കടൽ ആ സൂര്യനെ ഒരു മുട്ട എന്നപോലെ ഉടച്ചു കുടിക്കുന്നു .കവിതയും യഥാർത്ഥ്യവും ഇഴചേർന്ന് ഒന്നാകുന്ന അപൂർവമായ സൗന്ദര്യമാണിവിടെ അനാവൃതമാകുന്നത്. 

Grande Chartreuse യിൽ മാത്യു ആർനോൾഡ് എഴുതി:
"Wandering between two worlds,
One dead 
The other powerless to be born,
With nowhere yet to rest my head
Like there ,on earth I wait forlorn " .

ഞാൻ അലയുന്നത് മരിച്ചവർക്കും ഇനി ജനിക്കാനിരിക്കുന്നവർക്കും ഇടയിലാണ് ;പക്ഷേ ,കാര്യമെന്താണെന്നു വച്ചാൽ എനിക്ക് തല ചായ്ക്കാനിടമില്ല ,ഇവരെ പോലെ. ഇവിടെ ഞാൻ ഏകാന്തനായി ഒരവസരം കാക്കുകയാണ്.ജീവിതം ഇനിയും അകലെയാണെന്ന് കവി ധ്വനിപ്പിക്കുകയാണ്.മനുഷ്യന്റെ ക്രൂരതയും സ്വാർത്ഥതയും കടലിന്റെ തിരത്തള്ളലിലും കാണുകയാണ് .കടൽ അതിൻ്റെ ശാന്തത കൈവിട്ടിരിക്കുന്നു .കടൽ ഒരു ജീവിയാണെങ്കിൽ അതിൻ്റെ മാനസികനിലയിൽ മാറ്റം വന്നിരിക്കുകയാണെന്ന് അനുമാനിക്കാം.

"ചെമ്പൻ മുടിയും നീട്ടി
ചുവന്ന നാവും നീട്ടി 
വെളുത്ത പല്ലും  കാട്ടി 
തുറിച്ച കണ്ണുമുരുട്ടി 
പതച്ചു പൊന്തുന്നു കടൽ."

കടലിന്റെ ഹിംസാത്മകമുഖം  ആവിഷ്കരിക്കുന്ന കവി ഉന്നതമായ തലത്തിലെത്തുകയാണ്. ഏഴുമംഗലത്തിലെ കവിയുടെ നാനാവർണങ്ങൾ ചിതറിത്തെറിക്കുന്ന കാഴ്ചയാണ് 'നിഷേധപർവ്വ'ത്തിലുള്ളത്.മനുഷ്യരിൽ ദൈവവും പിശാചും ഒരുപോലെ കഴിയുന്നവയുകയാണ്. ഇത് ഒരു അഴിയാകുരുക്കാണ്. പകലിനെ സ്റ്റെനോ ടൈപ്പിസ്റ്റായി നിരീക്ഷിക്കുകയാണ്. 

"കരിഞ്ഞ ചുണ്ടും കുഴിഞ്ഞ കണ്ണും
മങ്ങിയ കാഴ്ചയുമായി 
മടമ്പു പൊന്തിയ ഷൂസിൽ 
പൊങ്ങച്ചത്തിൻ സഞ്ചിയുമായ് ,
കുണുങ്ങി നീങ്ങി 
കണ്മഷി പരന്നും 
നെറ്റിയിലെ പൊട്ടിത്തിരി മാഞ്ഞും പിന്മുടിയിൽ പൂക്കൾ ചതഞ്ഞും
ഫാക്ടറി വിട്ടുവരും സ്റ്റെനോ ടൈപ്പിസ്റ്റ്. "

നക്ഷത്രങ്ങൾ ഭ്രാന്തമായി ഉത്സുകരാവുന്നു

എന്നാൽ നക്ഷത്രങ്ങൾക്കു സമനില തെറ്റിയിരിക്കുകയാണ്. ഭൂമിയിലെ പതിതരുടെ വിലാപങ്ങൾ കണ്ട് അവർക്ക് പ്രകാശം ചൊരിയാനായി നക്ഷത്രങ്ങൾ ഉത്സുകരാവുകയാണ് ,ഭ്രാന്തമായി. 

"മഞ്ഞ ഞൊറിഞ്ഞും
മഞ്ഞു പൊഴിഞ്ഞും
കുളിരു പകർന്നും
കടലുകളുടെ പടവുകൾ താണ്ടി
പടവുകളുടെ പാലം കേറി
ചക്രവാളത്തിൽ വിളറിയ ചിരിയുമായി
താരകൾ കുത്തുവിളക്ക് കൊളുത്തി."

നക്ഷത്രങ്ങൾ എന്തിനാണ് വിളറിയ ചിരി ചിരിക്കുന്നത്? അവ കണ്ട കാഴ്ചകൾ അത്തരത്തിലുള്ളതായിരുന്നു. 
തൻ്റെ കാലത്തെ ആഴത്തിൽ അനുഭവിക്കുന്ന കവി സ്വയം മറന്ന്  അതിന്റെ ഭീകരമായ അവസ്ഥ ഇങ്ങനെ ഉപസംഹരിക്കുന്നു:

"വ്രജനാരികൾ നിൻ ചുറ്റും നൃത്തം ചെയ്യുന്നു
നീ, കാളിയനായ്, കാർക്കോടകനായ് ,
കടൽപ്രഭുവായ് നിൽക്കുന്നു ,
കണ്ണിൽ തീയെരിയുന്നു 
തലയിലെ നീലപ്പീലികൾ കരിയുന്നു
ഉടയാടയിൽനിന്നും മഞ്ജിമ ചോർന്നൊഴുകുന്നു 
ഓടക്കുഴൽനാദം...!
നിരോധ്! നിരോധ്!
തെരുവിൽ തെണ്ടി നടക്കുന്നു നീ 
കുമാരിഗുളികകൾ വിൽക്കാൻ."

കൃഷ്ണൻ കണ്ട കാഴ്ചകൾ സകല തിന്മകളും നിറഞ്ഞതായിരുന്നു .കവി കൃഷ്ണനെ പറഞ്ഞയയ്ക്കുകയാണ്.
"തിരിച്ചു പോവുക -കണ്ണാ -
കാട്ടിൽ -
ഒരു വള്ളിക്കുടിലിൽ 
കെട്ടിത്തൂങ്ങി മരിക്കുക - "

എത്രയോ അർത്ഥമുള്ള വാക്കുകൾ! തീക്ഷ്ണതയുടെ കവിയാണ് എഴുമംഗലം. എല്ലാ പ്രഖ്യാപിത മനോഹാരിതകളെയും കണ്ണുമടച്ച് പാടിപ്പുകഴ്ത്തിയ കവിയല്ല എഴുമംഗലം. അദ്ദേഹം എല്ലാ സ്നിഗ്ദ്ധാനുഭവങ്ങളിലും അതാര്യതകളുടെ ഒരു നിര തന്നെ കാണുകയാണ്.

പഴയ മഷിപ്പാത്രം തട്ടി മറിച്ചിട്ടു 

ജീവിതത്തിൻ്റെ സർവത്രികമായ അവസ്ഥയെ ഏതൊരു നിമിഷത്തിലും അനുഭവിക്കുകയാണ്. എല്ലാം അപൂർണമാണ്. പൂർണ്ണമാക്കാനുള്ള മനുഷ്യന്റെ ശ്രമങ്ങളിൽ ദുരന്തവും ദുഃഖവുമാണ് ബാക്കിയാവുന്നത്.ഫ്രഞ്ച് കവി ബോദ്ലേറിനെ പോലെ സൗന്ദര്യാനുഭവത്തിന് മുന്നിൽ സ്നേഹത്തെയും വിഷാദത്തെയും അപ്രതീക്ഷിതമായി നേരിടുകയാണ് കവി.'പറയൂ പ്രിയേ?'എന്ന കവിതയിലെ വരികൾ വെളിപാടുപോലെ നമ്മെ ചൂഴുന്നു:

"നിൻ്റെ മാറിലെ പിരമിഡുകൾക്കുള്ളിൽ എത്ര സ്നേഹത്തിൻ ശവം ചീഞ്ഞളിഞ്ഞിട്ടുണ്ടാവും ?
നിൻ്റെ കണ്ണുകളാകും കരിങ്കടലിന്നുള്ളിൽ 
എത്രമോഹത്തിൻ കപ്പൽ താണുപോയിട്ടുണ്ടാവും! 
നിൻ്റെയീ വിഷഫലം പോലുള്ള ചുണ്ടിൽ ചുംബി-
ച്ചെത്ര സ്നേഹത്തിൻ നറുശലഭം ചത്തിട്ടുണ്ടാം!
നിൻ്റെ നോട്ടമാം മിന്നൽപ്പിണർ പായവേ ചുറ്റും 
എത്ര പ്രേമത്തിന്നിയ്യാംപാറ്റകൾ ചിറകറ്റു!
നിൻ്റെ പുഞ്ചിരിയുടെ തേൻനിലാവലനഞ്ഞേ -
റ്റെത്ര മാനസത്തിലെ മാമ്പൂക്കൾ കരിഞ്ഞാവോ?
നിൻ്റെ ശീതള വിഷസ്പർശനത്താലെ മന്നി-
ലെത്ര മാസ്മരമയിൽപ്പീലികൾ കൊഴിഞ്ഞാവൂ ?
നീ പ്രിയേ! പറഞ്ഞാലും മറ്റുള്ളവർക്കേ കും നിൻ 
പുഞ്ചിരിയമൃതമോ,വിഷമോ വിഷാദമോ?"

എന്താണ് നമ്മൾ ഇവിടെ കാണുന്നത്? മലയാളത്തിൻ്റെ കാല്പനിക കവികളുടെ മഷിപ്പാത്രം തട്ടിമറിച്ചിട്ട് കവി മറ്റൊരു ചായക്കൂട്ട് നിർമ്മിക്കുന്നു. നമ്മൾ കേൾക്കാനാഗ്രഹിച്ചത് ,സങ്കല്പിച്ചത് ,പരിചിതമായത് പറയാനല്ല ഇവിടെ കവി താൽപര്യപ്പെടുന്നത്. ഇത് ആത്മാവിൽ അടിഞ്ഞുകൂടിയ ഭൂതകാലദുഃഖമാണ്.  പ്രേമവും ഒരു ചതിയാണ്. 'സ്നേഹത്തിൽ ശവം' എന്ന പ്രയോഗം ഒരു കവിയുടെ മാത്രം നിരീക്ഷണമായി കാണേണ്ട. അത് ഒരു സമൂഹികജീവിതപ്രക്രിയയിൽ അവശിഷ്ടമായി തീരുന്ന മനുഷ്യാനുഭവമാണ്.എത്രയൊക്കെ തുടച്ചു വൃത്തിയാക്കിയാലും ഈ കണ്ണാടിയിൽ കാണുന്നത് സ്നേഹത്തിനേറ്റ തിരിച്ചടികളുടെ ചിത്രങ്ങളായിരിക്കും.എഴുമംഗലത്തിൻ്റെ കണ്ണാടി ,വസ്തുവിന്റെ പുറംഭാഗമല്ല പ്രതിബിംബിപ്പിക്കുന്നത്, ആന്തരജീവിതമാണ്. എല്ലാ ആഘോഷങ്ങളുടെയും അടിയിലുള്ള വഞ്ചനയുടെ ആഴവും നിഷ്ഫലതയുടെ മുറിവുകളും ദാക്ഷിണ്യമില്ലാതെ വരച്ചിടുന്നു .അസുഖകരമായ കാര്യങ്ങൾ മറച്ചുവെച്ച കവിയല്ല എഴുമംഗലം .

വിഷാദവും വൈരുദ്ധ്യവും

ഡബ്ളിയു.ബി.യേറ്റ്സ് 'ദ് സെൽറ്റിക് ട്വിലൈറ്റി'ൽ എഴുതി:
Everything exists ,
Everything is true,
And the erath is only a little dust under our feet 

എല്ലാം നിലനിൽക്കുന്നു .എല്ലാം സത്യം തന്നെയാണ്.പക്ഷേ,മണ്ണ് എന്നു പറയുന്നത് നമ്മുടെ കാലിനടിയിലെ ഒരു പിടി പൊടിയാണ് .നമുക്ക് പരിചിതമായതാണ് നമ്മുടെ ലോകം. അതാകട്ടെ നമ്മുടെ മിഥ്യകളുമാണ്. യാഥാർത്ഥ്യവും മിഥ്യയും ഒരുമിച്ച് അനുഭവിക്കാനാണ് നമ്മുടെ നിയോഗം.

തീവ്രമായ വിഷാദവും വിരുദ്ധയുക്തിയും സന്ദിഗ്ദ്ധാവസ്ഥയുമാണ് ഈ കവി  അഭിമുഖീകരിക്കുന്നത്. അദ്ദേഹത്തിൻ്റെ കവിതകൾ ഇങ്ങനെ ഒന്നിച്ച് വരുമ്പോൾ അത് വിഭിന്നവും വിരുദ്ധവുമായ വീക്ഷണങ്ങളുടെ അസുലഭമായ സിംഫണിയായിത്തീരുന്നു.വിഷയവൈവിധ്യം മനസിൻ്റെ വ്യാപ്തി ചൂണ്ടിക്കാണിക്കുകയാണ്. സുകുമാർ അഴീക്കോട് നിരീക്ഷിക്കുന്നത് ഇങ്ങനെയാണ്: എഴുമംഗലത്തിന്റെ കവിതയുടെ അന്തരംഗം സ്തോഭപൂർണ്ണമാണ്, പ്രക്ഷുബ്ധമാണ് എന്ന് തന്നെ പറയാം. കണ്ണീര് തീരുമ്പോഴും അതിലൂടെ മിന്നൽപ്പിണരുകൾ പായുന്നുണ്ടാകും. വയലാറിൻ്റെ നിര്യാണത്തിൽ ഉള്ള് വിങ്ങുമ്പോഴും 'എങ്കിലുമെന്നിലൊളിച്ചിരിക്കുന്നു നീ' എന്ന തൻ്റെ ഏറ്റവും സ്വകാര്യമായ ആത്മരഹസ്യം കവിക്ക് ശക്തിയേകുന്നു. "

സംഘാത്മകമായ നമ്മുടെ ജീവിതത്തിന് പുതിയൊരു ഉണർവ് വേണമെന്ന് ആഗ്രഹിച്ച ഈ കവി  അതിനായി 'മൃത്യുഞ്ജയം' എന്ന  കവിത എഴുതി .

"കല്ലായ്ക്കിടക്കുന്ന നൂറുനൂറായിരം -
കർത്തവ്യമിന്നുമീ കാട്ടിലനാഥമായ് പോയ യുഗങ്ങൾ തൻ ശാപങ്ങളിൽ നിന്ന് 
വീണ്ടെടുത്തീടുവിൻ ,നിങ്ങളഹല്യയെ! "
എന്ന് പാടുകയാണ് .നമ്മുടെ ജീവിതത്തിന്റെ അപര്യാപ്തതയിൽ നിന്നാണ് നമുക്ക് ഒരു വരി കിട്ടുന്നത്. അത് ഭൂതകാലത്തിന്റെ മണ്ണിൽ നിന്നാണ് വരുന്നത്. അവിടെ വീണ്ടും തിരയേണ്ടതുണ്ട് .മുൻ തലമുറകൾക്ക് നഷ്ടപ്പെട്ട ജീവിതങ്ങൾ നമ്മെ നോവിക്കുന്നുണ്ട്. 'കാട്ടിലനാഥമായി പോയി യുഗങ്ങൾ' എന്ന് കവി വ്യക്തമായി എഴുതുകയാണ്.

എഴുമംഗലം കരുണാകരന്റെ സമ്പൂർണ്ണ കവിതാസമാഹാരമാണല്ലോ ഇത്. ഒരു കവിയുടെ വ്യത്യസ്ത കാലഘട്ടങ്ങളിലെ കവിതകൾ ഒന്നിച്ചു അവതരിപ്പിക്കുകയാണ്. ആശയപരമായ ഐക്യമോ വൈരുദ്ധ്യമോ ഇടകലർന്നു വന്നാലും ദോഷമില്ല. കവിത ഒരാത്മീയ വിനിമയമാണ്.കവിതയ്ക്ക് അതിൻ്റെ തലത്തിൽ മാത്രമാണ് നിലനിൽപ്പ്. കവിത തന്നെയാണ് അത് സാക്ഷാത്കരിക്കപ്പെടുന്നത്. എന്നാൽ വ്യക്തി എന്ന നിലയിൽ കവി യാതൊന്നും തന്നെ പരിഹരിക്കാനല്ല എഴുതുന്നത്. സ്വന്തം ആശയസംഘട്ടനങ്ങളും അവ്യക്തതകളും കവിക്ക് പ്രിയപ്പെട്ടതാണ്. അതിൽ നിന്ന് സൗന്ദര്യം തേടുന്നതാണ് പ്രധാനം .ബിന്ദു, നീയും ഞാനും ,അന്വേഷണം, പ്രതിസന്ധി,എക്സ്റേ പ്ലാന്റിൽ സുഗന്ധം, തപസ്സ് ,ഭാഗ്യക്കുറി, സദനത്തിൽ ഒരു ശകുന്തള, സർപ്പസത്രം തുടങ്ങിയ കവിതകളെല്ലാം ഈ രീതിയിലാണ് എഴുതപ്പെടുന്നത്. 'നീയും ഞാനും' എന്ന കവിതയിലെ വരികൾ നോക്കൂ.

"ഇരുട്ടിൻ കുരുവിക്കൂട്ടിൽ
മിന്നാമിന്നികൾ താരകൾ
വിശ്വവൃക്ഷത്തിലങ്ങിങ്ങു 
തുന്നിക്കൂട്ടിയ കൂടുകൾ,
അതിൽ നിന്നിണയെത്തേടി
പറക്കും, കിളിയെന്നപോൽ ,
കുളിർകാറ്റോടിയെത്തുന്നു .
തളിർ,ചില്ലകൾ തുള്ളവേ!
നീയും ഞാനും സമാന്തര-
രേഖപോൽ നീണ്ടുപോകവേ,
കറങ്ങും വിശ്വപങ്കായ -
ക്കയറാരുടെ കൈകളിൽ?"



*എഴുമംഗലം കവിതകൾ സമ്പൂർണം
ബുക്കർ മീഡിയ പബ്ളിക്കേഷൻസ് 
വില 550 /
Pho 9895474001

No comments: