ഉത്തരസത്യം,
ഭീകരസത്യം,
ഭ്രമാത്മകസത്യം
സൂര്യൻ
കിഴക്കുദിക്കുന്നു എന്ന് പറഞ്ഞാൽ സത്യമാണ്. ഇത് കവികളോ സാഹിത്യകാരന്മാരോ
ശാസ്ത്രജ്ഞന്മാരോ വീണ്ടും പറഞ്ഞുറപ്പിക്കേണ്ടതില്ല. എല്ലാവർക്കും
അറിയാവുന്ന കുറെ സത്യങ്ങളുണ്ട് .അതൊക്കെ ശാശ്വതമായി കണക്കാക്കപ്പെടുന്നു.
അതിനു മാറ്റമില്ല. അതിനെ മനുഷ്യർക്ക് മാറ്റിമറിക്കാനാവില്ല .ഈ സത്യങ്ങൾ
മരിക്കാതിരിക്കുന്നത് കൊണ്ട് മനുഷ്യർക്ക് കുഴപ്പമൊന്നുമില്ല. എന്നാൽ
കലാകാരന്മാർ ഇതിനെയും ചോദ്യം ചെയ്യും .ഈ സത്യങ്ങളിൽ അവർ ഭാവന കലർത്തും.
കറുത്ത സൂര്യൻ എന്ന് ഭാവന ചെയ്യാൻ സ്വാതന്ത്യമുണ്ടല്ലോ.
ഈ
ഉത്തര -ഉത്തരാധുനിക ഡിജിറ്റൽ കാലം, സത്യത്തിൽ വിശ്വസിക്കുന്നില്ല എന്ന്
തോന്നിപ്പിക്കുന്ന പ്രവൃത്തികളിലും ചിന്തകളിലുമാണ് ഇടപെടുന്നത്. മനുഷ്യനു
അവന്റെ കിറുക്കു പിടിച്ച മനസ്സുകൊണ്ട് ഭാവനയിൽ ഒരു വ്യാജജീവിതം ജീവിക്കാൻ
അത് സഹായം ചെയ്യുന്നുണ്ട്. ഒന്നിലധികം സത്യങ്ങൾ എന്ന ആശയം
കഴിഞ്ഞനൂറ്റാണ്ടിൽ കലാകാരന്മാർ ഉയർത്തിക്കൊണ്ടുവന്നതാണ്. ഒരു വസ്തുവിനെ
പലരീതിയിൽ നോക്കാം. വൈകാരികമായി നോക്കാം. മനസ്സിൽ പതിക്കുന്ന ബിംബങ്ങളുടെ
അടിസ്ഥാനത്തിൽ പരിശോധിക്കാം. ഇംപ്രഷണിസ്റ്റിക് ചിത്രങ്ങൾ ഈ ധാരണയിൽ
നിന്നുണ്ടാകുന്നതാണ്. വസ്തുവിൻ്റെ പ്രകൃതിയല്ല ,അത് അനുവാചകനിലുണ്ടാക്കുന്ന
ആന്തരിക ചിത്രമാണ് സത്യമെന്ന് അവർ വാദിച്ചു.റെന്വെ, മാറ്റിസ് തുടങ്ങിയ
ഫ്രഞ്ച് ചിത്രകാരന്മാരുടെ രചനകൾ അത് സൂചിപ്പിക്കുന്നുണ്ട് .
ഓരോരുത്തർക്കും
അവരവരുടെ സത്യമുണ്ടെന്ന് ആധുനികതയുടെ കാലത്ത് തന്നെ ചിന്തിച്ചിരുന്നു. ഒരു
വിഷയത്തെ, വസ്തുവിനെ പല കോണുകളിൽ നിന്ന് നോക്കാമല്ലോ. അറിവ് സത്യമാകുന്നത്
അങ്ങനെയാണ്. ഒരാൾ നമ്മളിലേൽപ്പിക്കുന്ന വൈകാരിക ക്ഷമതയുടെ ആകെത്തുകയാണ്
അയാളെക്കുറിച്ചുള്ള അറിവ്. അത് താൽക്കാലികമായി സത്യമാണ്. പുതിയൊരു ധാരണ
രൂപപ്പെടുന്നത് വരെ .എന്നാൽ ഉത്തര- ഉത്തരാധുനിക കാലത്ത് സത്യം എന്ന
ശാശ്വതത്വമില്ല. അല്ലെങ്കിൽ ശാശ്വതം എന്ന സങ്കൽപ്പത്തിന് നിരക്കാത്ത പല
സത്യങ്ങളും നിർമ്മിക്കപ്പെടുന്നു, സ്ഥാപിക്കപ്പെടുന്നു,
പ്രചരിപ്പിക്കപ്പെടുന്നു.
കൂടുതൽ പേർ എവിടെയാണോ അവിടെ
മനുഷ്യൻ
തന്നെ അതിന്റെ നിർമ്മാതാവും വാഹകനും ഉപകരണവുമാകുന്നു. സത്യത്തിനു വേണ്ടി
മരിക്കാൻ ആരും തയ്യാറല്ല. തങ്ങൾക്ക് അനുകൂലമായ സത്യമില്ലെങ്കിൽ മറ്റൊന്ന്
നിർമ്മിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഇതാണ് Post Truth (ഉത്തരസത്യം)
കാലത്തിൻ്റെ പ്രത്യേകത. ശരിയായ വസ്തുത ഏതാണ്? ഏറ്റവും കൂടുതൽ പേർ ശക്തിയോടെ
പ്രചരിപ്പിക്കുന്നതാണ് സത്യമെന്ന് സ്ഥാപിക്കപ്പെടുന്നു. സത്യത്തിന്
പ്രകൃതിയിൽ ഒരു ആധികാരികതയുമില്ല. അത് മനുഷ്യരുടെ രാഷ്ട്രീയത്തിനും
മതത്തിനും വേണ്ടിയുള്ളതാണ് .സത്യത്തെ വ്യക്തികൾ അവരുടെ
സൗകര്യത്തിനനുസരിച്ച് നിർമ്മിച്ചെടുക്കുന്നു. പരസ്യങ്ങൾ, ടിവി ചർച്ചകൾ,
രാഷ്ട്രീയ ആശയ പ്രചാരണങ്ങൾ തുടങ്ങിയവയെല്ലാം ഇന്ന് ഉത്തരസത്യത്തിന്റെ
ഇടങ്ങളായി മാറിയിരിക്കുന്നു .സമൂഹമാധ്യമങ്ങളിലും ഇത് പ്രകടമാണ് .ഒരു
വസ്തുതയുടെ മൂല്യമോ അതിന്റെ പ്രത്യാഘാതമോ വിലയിരുത്തുന്നവർ
വിരളമായിരിക്കും. കൂടുതൽ പേർ എന്തിനെ പിന്തുണയ്ക്കുന്നുവോ അതിനു പിന്നിൽ
അണിനിരക്കുന്നതാണ് ഉത്തമമെന്ന് കരുതുന്നവരുണ്ട്. ഫേസ്ബുക്കിൽ അതാണ്
തെളിയുന്നത്. പണം കൊടുത്ത് ഏജൻസിയെ വച്ച് പോസ്റ്റുകൾക്ക് ലൈക്കും ഷെയറും
വാങ്ങുന്നവർ ഉണ്ടാകാം. മെരിറ്റിൻ്റെ അടിസ്ഥാനത്തിൽ ഒരാൾ പോസ്റ്റിട്ടാൽ
അത് ലൈക് ചെയ്യാൻ ഭൂരിപക്ഷവും മടിക്കുന്നു .അവർക്ക് സ്വന്തം മൂല്യവിചാരബോധം
പുറത്തെടുക്കാൻ താല്പര്യമില്ല. കൂടുതൽ പേർ ഏറ്റെടുക്കുന്ന വിഷയമാണെങ്കിൽ
അതിൽ ഒപ്പു ചാർത്തി മടങ്ങും.ചിന്തിപ്പിക്കുന്ന ഒരു വാചകത്തിന്റെ പിന്നാലെ
പോവുകയില്ല. വലിയ രാഷ്ട്രീയ കക്ഷികളിൽപ്പെട്ടവരാണെങ്കിൽ സ്വന്തം
പാർട്ടികളുടെ നിലപാടുകളും പ്രചാരണങ്ങളും പിന്തുണച്ചു കൊണ്ടിരിക്കും. അത്
ശരിയോ തെറ്റോ എന്ന് വിലയിരുത്താൻ നേരമില്ല.
Post
Truth എന്ന കൃതി എഴുതിയ ലീ മകൻറിയർ (Lee McIntyre) പറയുന്നത് നുണയേക്കാൾ
ഭയാനകമാണ് ഉത്തരസത്യമെന്നാണ്.നുണ പറയുമ്പോൾ ,സത്യം നമ്മുടെയുള്ളിലുണ്ട്.
സത്യത്തെ നിലനിർത്തിക്കൊണ്ട് അത് മറ്റൊന്നാക്കി അപരനോട് പറയുമ്പോൾ,
അയാൾക്ക് ഒരു വിശ്വാസ്യതയും ആദരവും കൊടുക്കുന്നുണ്ട്. അയാൾ നുണ
വിശ്വസിച്ചാലും, സത്യം അത് പറയുന്നവന്റെ ഉള്ളിൽ നിലനിൽക്കുന്നു. എന്നാൽ
പോസ്റ്റ് ട്രൂത്തിൽ സത്യം ഒരിടത്തും നിലനിൽക്കുന്നില്ല ;ഒരു ശൂന്യത
മാത്രമാണുള്ളത്. അവിടെ സത്യത്തോട് പ്രതിബദ്ധതയില്ല. നുണകൾ മാത്രമാണ്
നിർമ്മിക്കപ്പെടുന്നത്. നുണകൾ മാത്രം വിൽക്കുന്നു. അത് സത്യമാണെന്ന്
പ്രചരിപ്പിക്കുന്നു .അത് കേൾക്കുന്നവർക്ക് മറ്റൊരു വഴി വഴിയുമില്ല. അവർ
നിസ്സഹായരാണ്. അവരെ മാനസികമായി തകർക്കുകയാണ് ഈ പ്രചാരണത്തിൻ്റെ ലക്ഷ്യം.
നുണകൾ കൊണ്ട് തെറ്റായ ലോകം നിർമ്മിക്കാമെന്ന അഹന്ത അതിൻ്റെ പിന്നിലുണ്ട്.
തർക്കിക്കുമ്പോൾ ജയിക്കുന്നു
മാധ്യമങ്ങൾ
സത്യത്തിനു വേണ്ടി നിലകൊള്ളുന്നുവെന്ന് പറയാറുണ്ട്. എന്നാൽ മാധ്യമങ്ങൾ
ഉത്തരസത്യ കാലത്തിൻ്റെ മുഖപത്രമായി മാറുകയാണിന്ന്.രാഷ്ട്രീയവാർത്തകളും
അതിൻ്റെ പക്ഷപാതവുമാണ് മാധ്യമങ്ങളിൽ കൂടുതലായി വരുന്നത്.
രാഷ്ട്രീയപ്രവർത്തകരെ വിമർശിക്കുന്നു എന്ന് നടിക്കുമ്പോഴും അവരിലാണ് തങ്ങൾ
വിശ്വസിക്കുന്നതെന്ന് മാധ്യമങ്ങൾ ധ്വനിപ്പിക്കുന്നു. രാഷ്ട്രീയപാർട്ടികളും
അവരുടെ ഇടപാടുകളുമല്ലാതെ ലോകത്ത് മറ്റൊന്നും സംഭവിക്കുന്നില്ലെന്ന് അവർ
സ്ഥാപിക്കുന്നു. രാഷ്ട്രീയവിഷയങ്ങൾ പാർട്ടിയിൽപ്പെട്ടവർ തന്നെ തർക്കിച്ചു
പരിഹരിക്കപ്പെടേണ്ടതാണെന്ന ആശയം എങ്ങനെയുണ്ടാവുന്നു.? തർക്കിക്കുമ്പോൾ
ജയിക്കുന്നതാണോ രാഷ്ട്രീയം? ചർച്ചയിൽ ഒരാൾക്ക് വേണ്ടതുപോലെ പ്രതികരിക്കാൻ
കഴിഞ്ഞില്ലെങ്കിൽ അയാൾ പരാജയപ്പെട്ടു എന്നാണ് അർത്ഥമാക്കേണ്ടതെങ്കിൽ അത്
ദുരന്തമായിരിക്കും.
സത്യം
പരാജയപ്പെടുകയാണ്.അതുകൊണ്ടാണ് സാഹിത്യത്തിലും കലയിലുമൊന്നും
മാധ്യമപ്രവർത്തകർക്ക് താല്പര്യമില്ലാതായത് .ഒരു എഴുത്തുകാരനാണെന്ന് പറഞ്ഞാൽ
മാധ്യമങ്ങളും മുതലാളിമാരും ക്ഷുഭിതരാവുന്ന കാലം വന്നു കഴിഞ്ഞു.
പുസ്തകങ്ങളിലെ , കലയിലെ സത്യത്തെ നവമാനസമൂഹം കുഴിച്ചുമൂടി കഴിഞ്ഞു.
വൈലോപ്പിള്ളിയുടെ 'മകരക്കൊയ്ത്തി'ലെ സത്യങ്ങൾ ഏതെങ്കിലും
മാധ്യമപ്രവർത്തകർക്ക് ആവശ്യമുണ്ടോ?അതിനു പകരമായി ചാനലുകളും മറ്റു പ്രമുഖ
മാധ്യമങ്ങളും രാഷ്ട്രീയാഭിമുഖ്യമുള്ള വാർത്തകളും ചിന്തകളും ഉത്പാദിപ്പിച്ച്
അലമാര നിറച്ചിരിക്കുകയാണ്. അവർ ഏതുനേരവും അതെടുത്ത് വിളമ്പും. സ്ഥിരമായി
ഒരേ പദാർത്ഥം ഭക്ഷിച്ചാൽ പിന്നെ അത് മതിയല്ലോ. മറ്റു രുചികൾ അസ്തമിക്കും.
അതുപോലെയാണ് ബൗദ്ധികമണ്ഡലത്തിലും. അവിടെ പണത്തിന്റെയും രാഷ്ട്രീയ
ബന്ധത്തിന്റെയും അടിസ്ഥാനത്തിൽ ചിലരുടെ കൃതികൾ ഉയർത്തിക്കാട്ടുന്നു.
മാധ്യമങ്ങൾ അതിനായി പ്രത്യേക താല്പര്യത്തിൽ നീങ്ങുന്നു. അടിത്തറയില്ലാത്ത,
കഴമ്പില്ലാത്ത അത്തരം പുസ്തകങ്ങൾ കൂടുതലായി വിറ്റഴിക്കുന്നു. യഥാർത്ഥമായ,
സർഗാത്മകമായ ചിന്തകളടങ്ങിയ പുസ്തകം പിന്തള്ളപ്പെടുന്നു .ഒരു നോവലിനെ
അടിസ്ഥാനമാക്കി, വൻതുക മുടക്കി ഒരു സിനിമ എടുക്കുകയാണെങ്കിൽ അത് മികച്ച
നോവലാണെന്ന തരത്തിൽ പ്രചാരമുണ്ടാകും. നിഷ്കൃഷ്ടമായ വായന എവിടെയാണുള്ളത്?
സത്യാനന്തരകാലത്ത് ഏത് വ്യാജത്വത്തെയും സത്യമായി അവതരിപ്പിക്കാൻ കഴിയും.
അതിനു സഹായകമായി ഡിജിറ്റൽ ,ഇൻറർനെറ്റ് പ്ലാറ്റ്ഫോമുകളുണ്ട്.
ഡിജിറ്റൽ നീതിദേവത
ഇൻറർനെറ്റ്
പ്ളാറ്റ്ഫോമുകൾക്ക് ആത്യന്തിക സത്യത്തോട് അഭിമുഖ്യമില്ല. ഏത് അസത്യവും
അവിടെ വിറ്റഴിക്കപ്പെടും. ആധികാരികതയുടെ നാശമാണവിടെയുള്ളത് .ഒരാൾക്ക് വലിയ
പദവിയില്ല. പ്രത്യേക ശ്രദ്ധ ആവശ്യമില്ല .എല്ലാറ്റിനെയും ഡിജിറ്റൽ നീതിദേവത
തുല്യമായി കാണുന്നു. തെറ്റായ വിവരങ്ങൾ തങ്ങളുടെ ശക്തി ഉപയോഗിച്ച്
ലക്ഷക്കണക്കിന് ആളുകളിൽ എത്തിച്ച് സത്യമെന്ന് സ്ഥാപിച്ചെടുക്കാം. ഒരു വലിയ
കൂട്ടം ഒരേ കാര്യം പ്രചരിപ്പിക്കുമ്പോൾ അത് സത്യമാണെന്ന് വിശ്വസിക്കാൻ
ധാരാളം പേരുണ്ടാവുന്നു. താത്കാലികവും ക്ഷണികവുമായ സത്യങ്ങൾ ആളുകൾ
ഏറ്റെടുക്കുന്നു. യൂട്യൂബ് ചാനലുകൾ, ന്യൂസ് പോർട്ടലുകൾ തുടങ്ങിയവയിൽ
അസത്യവാർത്തകൾ തുടരെ പ്രചരിപ്പിക്കപ്പെടുന്നത് അത് കാണാനും വായിക്കാനും
ധാരാളം പേർ മുന്നോട്ടുവരുന്നത് കൊണ്ടാണ്.
സത്യം
മരിച്ചു എന്നതിനു തെളിവാണ് വ്യാജവാർത്തകൾക്ക് വേണ്ടിയുള്ള പരക്കം പാച്ചിൽ
.ഏതൊരു രാഷ്ട്രീയ സംഭവവും അതിൻ്റെ വ്യാജത്വത്തെക്കൂടി നിർമ്മിക്കുന്നുണ്ട്
എന്ന ധാരണയിലാണ് കാണികൾ അഥവാ ഉപയോക്താക്കൾ നീങ്ങുന്നത്. യാതൊന്നിനും
ഉത്തരവാദിത്വമില്ല. മാധ്യമങ്ങൾ തന്നെ വ്യാജത്വത്തെ പരിചയപ്പെടുത്തുകയാണ്.
അതുകൊണ്ടാണ് സത്യത്തെക്കുറിച്ചുള്ള ഏതു ആത്മാർത്ഥമായ സർഗാത്മക ശ്രമവും
കളിയാക്കപ്പെടുന്നത് .അസത്യത്തെ ,ഉത്തരസത്യത്തെ ഔദ്യോഗികമായി,
ജനാധിപത്യപരമായി അംഗീകരിക്കുകയാണ്. സത്യം മരിച്ചത് കൊണ്ട്
ആർക്കുവേണമെങ്കിലും സത്യത്തിന്റെ മാസ്ക് വച്ച് പുറത്തുവരാം
.നേതാക്കന്മാരുടെ മുഖംമൂടി ധരിച്ച് ആളുകൾ തെരുവിൽ രാഷ്ട്രീയപ്രചാരണത്തിൽ
ഏർപ്പെടുന്നത് ഇതിൻ്റെ തെളിവാണ്. മുഖംമൂടി വച്ചിരിക്കുന്ന ആളിനു
പ്രസക്തിയില്ല. അയാൾ ഒരു വാഹകനാണ്. അയാൾക്ക് മുഖമില്ല. അയാൾ ഒരു
നേതാവിന്റെ മുഖമായി രൂപാന്തരപ്പെടുന്നു .അയാൾ സത്യമല്ലാതെ നിലകൊള്ളുകയാണ് .
അയാളെ കാണുന്നവർക്ക് ചിന്തകളല്ല, വ്യാജമായ ശരികളാണ് അംഗീകരിക്കേണ്ടി
വരുന്നത് .
കഞ്ഞി വീഴ്ത്തുന്ന ചിത്രം
ഒരു
പള്ളിയിലെ ആരാധന എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നതിനെക്കുറിച്ച്
പെട്ടെന്നൊരു തർക്കം ഉണ്ടാകുന്നു. ഇരുവശത്തുമായി ആളുകൾ നിലയുറപ്പിക്കുകയും
കൈയാങ്കളിയിലേക്ക് കടക്കുകയും ചെയ്യുകയാണ്. ഏതാണ് ശരി എന്നതിനെക്കുറിച്ച്
അനാവശ്യമായ ചർച്ചയും ബഹളവും ഉണ്ടാവുകയാണ്. മാധ്യമങ്ങൾ ഈ കലഹത്തെ പരമാവധി
നീട്ടിക്കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നത്. സത്യം ഇല്ലാതായതു കൊണ്ട് ആർക്കും
എന്തും വിൽക്കാം. വെജിറ്റേറിയൻ സദ്യ വിളമ്പുന്നത് ബ്രാഹ്മണരുടെ
മേധാവിത്വമാണെന്ന് ഒരാൾ തട്ടി വിട്ടാൽ ഉടനെ അത് സത്യമാണെന്ന് വിശ്വസിച്ച്
യുദ്ധത്തിനിറങ്ങുകയാണ് .അത് ഒരു സാമൂഹികപ്രശ്നമായി മാറുന്നു. വ്യാജസത്യം
നിർമ്മിക്കാൻ എളുപ്പമാണെന്ന് ഈ സംഭവങ്ങൾ വ്യക്തമാക്കുന്നു.ഇങ്ങനെയാണ് പകൽ
പോലുള്ള സത്യങ്ങൾ ഇല്ലാതാകുന്നത്. ഈ ചർച്ചയിലൂടെ നിങ്ങൾക്ക് ആരെയും
അപനിർമിക്കാം, അപഹസിക്കാം, വലിയ ഭൂരിപക്ഷത്തോടെ ഇൻറർനെറ്റ്
നിയോജകമണ്ഡലങ്ങളിൽ വിജയിക്കാം. ആളുകളുടെ മനസ്സ് പിടിച്ചെടുക്കാൻ
എളുപ്പമാണ്. അതിനു വൈകാരിക മുഹൂർത്തങ്ങൾ സൃഷ്ടിച്ചാൽ മതി. എം.എൻ.വിജയൻ
പറഞ്ഞതുപോലെ നിങ്ങൾക്ക് ജീവിക്കണമെങ്കിൽ പത്ത് പേർക്ക് ഭക്ഷണം
സംഘടിപ്പിച്ചു കൊടുത്താൽ മതി .അതിലൂടെ നിങ്ങളെ സഹായിക്കാൻ പലരും
തയ്യാറാവും. നിങ്ങൾ ദയാലുവാണെന്ന ധാരണ സൃഷ്ടിച്ചെടുക്കാൻ മാധ്യമങ്ങൾ
സഹായിക്കും. നിങ്ങൾ അതിനായി എന്തെങ്കിലും പ്രവൃത്തികൾ പരസ്യമായി ചെയ്താൽ
മതി. മറ്റുള്ളവരെ സഹായിക്കുന്നത് ഇന്ന് ഒരു വാർത്തയായി വരികയാണ്.
സഹായിക്കുന്ന വാർത്തകൾ സൃഷ്ടിക്കുംതോറും നിങ്ങൾ സ്വയം
വാർത്തിയായിക്കൊണ്ടിരിക്കും. അതിനായി മാധ്യമങ്ങൾക്ക് സംഭാവന കൊടുക്കാം.വലിയ
തുകകൾ സംഭാവന കൊടുക്കുകയാണെങ്കിൽ, നിങ്ങൾ കഞ്ഞിവീഴ്ത്തുന്ന ചിത്രം സഹിതം
അവർ വാർത്തയാക്കി എല്ലാ മുക്കിലും മൂലയിലും എത്തിക്കും. അതിലൂടെ നിങ്ങൾക്ക്
കൂടുതൽ പണം കിട്ടുകയാണ് ലക്ഷ്യം. ആ ലക്ഷ്യം നിറവേറപ്പെടുന്നതോടെ നിങ്ങളിൽ
നിന്ന് കൂടുതൽ സംഭാവന ആ സ്ഥാപനങ്ങളിലേക്ക് എത്തിച്ചേരും. അങ്ങനെ അവർ
നിങ്ങളെ ക്രിസ്തുവിൻ്റെയോ ബുദ്ധന്റെയോ പ്രതിബിംബമാക്കി അവതരിപ്പിക്കും.
ബുദ്ധൻ്റെ പ്രതിബിംബങ്ങൾ
സംഭാവന
കൊടുക്കുകയാണെങ്കിൽ നിങ്ങളെപ്പറ്റി എഴുതാൻ പരിചയസമ്പന്നരായവർ മുന്നോട്ടു
വരും .ഇങ്ങനെയാണ് ഭീകരസത്യം ഉണ്ടാവുന്നത്. ഒരു നേരത്തെ ആഹാരത്തിന്
വീടുപടിക്കൽ ചെന്നാൽ പട്ടിയെ അഴിച്ചുവിട്ട് കടിപ്പിക്കുന്നവൻ ദയയുടെ
കാര്യത്തിൽ ബുദ്ധൻ്റെയോ ക്രിസ്തുവിന്റെയോ ഒപ്പമെത്തുന്നത് കണ്ട്
നിങ്ങൾക്ക് ചിലപ്പോൾ രക്തസമ്മർദ്ദമുണ്ടാകാം; ഷുഗർ ലെവൽ ഉയരാം. അത്
നിങ്ങളുടെ വിധി. അമിതമായി പുറംലോകത്തേക്ക് നോക്കിയിരിക്കരുതെന്ന് ജിദ്ദു
കൃഷ്ണമൂർത്തി പറഞ്ഞത് ശ്രദ്ധിക്കണം. അറിഞ്ഞതിൽ നിന്ന് സ്വാതന്ത്ര്യം നേടാതെ
നമ്മുടെ മനസ്സിനു നിലനിൽപ്പില്ല.
ലീ മക്കൻ്റയർ പറയുന്നു: Truth is under threat, and people who use it as a tactic for authoritarian exist and pay no price for it.
സത്യം
ഭീഷണിയിലാണ്. എന്നാൽ ആധികാരികതയ്ക്ക് വേണ്ടി ഇത് ഉപയോഗിക്കുന്നവർക്ക്
ഇതിന്റെ പേരിൽ യാതൊരു നഷ്ടവും സംഭവിക്കുന്നുമില്ല .ഇത് ആളുകളുടെ
സ്വഭാവത്തിൽ വന്ന മനഃശാസ്ത്രപരമായ വ്യതിയാനമാണ്. വിശ്വസിക്കാൻ സത്യം തന്നെ
വേണമെന്നില്ല എന്ന മാനസികാവസ്ഥയിൽ ആളുകൾ എത്തിച്ചേർന്നിരിക്കുകയാണ്. ഡ്രൈവ്
ചെയ്യണമെങ്കിൽ മദ്യപിക്കണമെന്ന് നിർബന്ധമുള്ളവരെ പോലെയാണിത്.
ഭ്രമാത്മകസത്യത്തിനുവേണ്ടി ഓരോ ദിവസവും കാത്തിരിക്കുകയാണ്.
വിദ്യാസമ്പന്നരാണെങ്കിലും അത് പ്രയോജനപ്പെടുത്തുന്നില്ല. വൈകാരികമായി
സ്വാധീനങ്ങൾക്ക് പെട്ടെന്ന് വഴങ്ങിപ്പോവുകയാണ്. മാധ്യമലോകത്ത്, ഓൺലൈൻ
പ്ളാറ്റ്ഫോമുകളിൽ ഏറ്റവും കൂടുതൽ പിന്തുണയോടെ പ്രത്യക്ഷപ്പെടുന്നതിനൊപ്പം
നിൽക്കാൻ ഇഷ്ടപ്പെടുന്നു.അസത്യമാണെങ്കിലും അത് തങ്ങളെ രക്ഷിക്കുമെന്ന്
വിചാരിക്കുന്നു. ഇക്കാര്യത്തെക്കുറിച്ച് മകൻറിയർ പറയുന്നത് ഇതാണ്:
People
have a radical misunderstanding of how we condition beliefs based on
evidence or build justifications based on data or probability .
തെളിവുകളുടെ
അടിസ്ഥാനത്തിൽ വിശ്വസിക്കണമോ ന്യായവാദങ്ങൾ കണ്ടെത്തണമോ എന്ന കാര്യത്തിൽ
ആളുകൾ സമൂലമായ ഒരു തെറ്റിദ്ധാരണയിൽ അകപ്പെട്ടിരിക്കുന്നു. വിദ്യാഭ്യാസമോ
ബുദ്ധിയോ ഉപയോഗിക്കാതെ ആളുകൾ തങ്ങളെ വൈകാരികമായി ആകർഷിക്കുന്നതിൽ
വിശ്വസിക്കുന്നു. രാഷ്ട്രീയത്തിലും മതത്തിലുമെല്ലാം ഇത് പ്രകടമാണ്.
മാധ്യമവത്കൃതമായ
മനസ്സാണ് ആളുകളിൽ ഭ്രമാത്മകസത്യത്തെ തുറന്നു വിടുന്നത്. വായനക്കാരനെയോ
കാണിയെയോ ഉന്മാദാവസ്ഥയിൽ എത്തിക്കുകയാണ്. അവന് വീണ്ടുവിചാരത്തിൻ്റെ
ആവശ്യമില്ല. സത്യം നിലനിൽക്കുന്നില്ല. അതുകൊണ്ട് ഓരോന്നിനെയും
വ്യാഖ്യാനിച്ച് സമയം കളയേണ്ടതില്ലല്ലോ. ആരാധന ,ഭക്തി ,വിധേയത്വം,
ലൈംഗികതയ്ക്ക് സമാനമായ വിധത്തിലുള്ള ലഹരി തുടങ്ങിയവ ഇന്ന് അസത്യങ്ങളുടെ
നിർമാണത്തിൽ നിന്ന് ലഭിക്കുന്നു .മൊബൈൽ ഫോൺ കൈയിലിരിക്കുന്നത് കൊണ്ട്
എല്ലാവരും മാധ്യമപ്രവർത്തനത്തിൻ്റെ ഭാഗമാണ് .തൽസമയം പ്രത്യക്ഷപ്പെടുന്ന
വാർത്തകളോട് പ്രതികരിക്കാനുള്ള അവസരം യൂട്യൂബ് വീഡിയോകളിൽ നിന്ന്
ലഭിക്കും.മൂന്നു പതിറ്റാണ്ടിന് മുൻപുണ്ടായിരുന്ന റേഡിയോ ശ്രോതാവ്
,പത്രവായനക്കാരൻ എന്ന നിലയിലല്ല ഇന്നത്തെ ഉപയോക്താവിൻ്റെ സ്ഥാനം. അവന്
സ്വന്തം അധികാരമുണ്ട് .അവന് എന്തും കമൻ്റായി എഴുതാം .അവൻ്റെ കമൻറ്
വായിക്കാൻ ആയിരമായിരം മറ്റു യൂട്യൂബർമാരും ഫേസ്ബുക്കർമാരും അക്ഷമരായി
കാത്തുനിൽക്കുകയാണ്. അതുകൊണ്ട് സത്യത്തെ എന്തിന് അന്വേഷിക്കണം?
ബഹുമാനിക്കണം?
No comments:
Post a Comment