മറക്കുന്നതിനും വലിച്ചെറിയുന്നതും
പുതിയ മൂല്യങ്ങൾ
2012
ൽ ഞാൻ എഴുതിയ ഒരു പുസ്തകത്തിൻ്റെ ടൈറ്റിലാണ് ഉത്തര- ഉത്തരാധുനികത
.കാലഗണനയനുസരിച്ച് ഒരു പുതുപ്രവണതയെ, സമൂലമായ വീക്ഷണ വ്യതിയാനത്തെ(Paradigm
Shift) വേർതിരിച്ച് മനസ്സിലാക്കാൻ വേണ്ടി ഇത്തരം പ്രയോഗങ്ങൾ
അനിവാര്യമാണ്.നിയോ റിയലിസം ,ആധുനികത (Modernism) ഉത്തരാധുനികത,(Post
modernism) നവകാല്പനികത എന്നൊക്കെ പറയുന്നതുപോലെയാണ് ഇതും.ഒന്നാം
ലോകമഹായുദ്ധത്തിനു ശേഷം ഉരുത്തിരിഞ്ഞു വന്ന സാഹിത്യപ്രവണതകളുടെയും
ജീവിതവീക്ഷണത്തിന്റെയും ആശയങ്ങളെ ഉൾക്കൊള്ളുന്ന പദമാണ് ആധുനികത
.മനുഷ്യജീവിതത്തെ നോക്കിക്കാണുന്ന മനോഭാവം മാറിയെന്ന് അവർ വിളിച്ചു പറഞ്ഞു
.കല ഒരു കണ്ടുപിടിത്തമാണെന്ന് എസ്രാ പൗണ്ട് പറഞ്ഞു.
"The artist is always beginning.Any work of art which is not a beginning ,an invention ,a discovery is of little worth ."
പത്തൊൻപതാം
നൂറ്റാണ്ടിന്റെ അന്ത്യപാദത്തിൽ ഈ ചിന്തകൾ ആരംഭിച്ചതാണ്. ഇംപ്രഷണിസ്റ്റ് ,
പോസ്റ്റ് ഇംപ്രഷണിസ്റ്റ് ചിത്രകലയിൽ അത് പ്രകടമായിരുന്നു. യഥാർത്ഥത്തിൽ
കാണുന്നതുപോലെ പകർത്തുന്നതല്ല കല. അതിൽ കലാകാരന്റെ ഒരു നോട്ടം
അന്തർവഹിച്ചിരിക്കുന്നു. കലാകാരനാണ് നോക്കുന്നത്, കാണികളല്ല. ഒരു പൂവിനെ
കാണികൾ നോക്കുകയല്ല, കലാകാരൻ നോക്കിയതാണ് വരയ്ക്കുന്നത് .ഫ്രഞ്ച്
ഇംപ്രഷണിസ്റ്റ് കലാകാരനായ ഹെൻറി മാറ്റിസ് പറഞ്ഞു ,ഒരു പൂവിനെ വരയ്ക്കാൻ
വലിയ പ്രയാസമാണെന്ന്.
കാരണം, ധാരാളം കലാകാരന്മാർ വരച്ച പൂവുകൾ
നമ്മുടെ മുന്നിലുണ്ട്.അതൊന്നും ഇനി വരയ്ക്കാൻ പാടില്ല .അതെല്ലാം പലരുടെയും
വീക്ഷണങ്ങളുടെ സൃഷ്ടിയാണ് .പുതിയൊരു കാഴ്ച ആവശ്യമാണ്. അതുകൊണ്ട് പുതിയൊരു
പൂവിനെ വരയ്ക്കണം. ചിത്രകാരന് ആ പൂവ് വെറുമൊരു പൂവല്ല ;താൻ കണ്ട ,താൻ
മാത്രം കണ്ട, തൻ്റെ താല്പര്യമനുസരിച്ച് നോക്കിയ പൂവാണ് .അതാണ് വികാരം
.പൂവിൻ്റെ ചിത്രം എന്നതിലുപരി അത് കലാകാരന്റെ വികാരമാണ്. ഈ നിലപാടിൻ്റെ
തീവ്രമായ ആവശ്യങ്ങളാണ് സാഹിത്യത്തിലെ ആധുനികതയിൽ നാം കാണുന്നത്.
ടി.എസ്.എലിയറ്റിൻ്റെ ദ് വേസ്റ്റ് ലാൻഡ് ,എസ്റാ പൗണ്ടിൻ്റെ ദ് കാൻ്റോസ്
തുടങ്ങിയ കൃതികളിൽ ഇത് കാണാം .സാഹിത്യകലയിൽ രൂപത്തിലും ഉള്ളടക്കത്തിലും
പരമ്പരാഗത രീതി മതിയാവില്ലെന്ന ബോധ്യമാണ് പുതിയതരം കൃതികളുടെ
പിറവിയിലേക്ക് നയിച്ചത്. പരീക്ഷണങ്ങൾ അനിവാര്യമായിത്തീർന്നു .ഒരു കഥ
പറയുന്നതിൻ്റെ രേഖീയ സ്വഭാവം അവർ അട്ടിമറിച്ചു. ബിംബങ്ങളെ കൂട്ടിക്കുഴച്ചും
ഭൂതവർത്തമാനങ്ങളെ സമ്മിശ്രമാക്കിയും അവർ ആവിഷ്കാരത്തെ മനസ്സിൻ്റെ
ഭാവങ്ങൾക്ക് വിധേയമാക്കി.
സമസ്യ
സമൂഹത്തിൻ്റെ
കഥ പറയുന്ന, രാഷ്ട്രീയപ്രശ്നങ്ങളെ സ്ഥൂലമായി ,ഉപരിപ്ളവമായി വിവരിക്കുന്ന
രീതിയോട് അവർ കലഹിച്ചു. അങ്ങനെ വ്യക്തിയിലെ സൂക്ഷ്മഭാവങ്ങളെ
പിന്തുടരുകയായിരുന്നു. വ്യക്തി ഒരു സമസ്യയാണ്. തത്ത്വശാസ്ത്രം, കല,
വേദാന്തം തുടങ്ങിയവയിലൂടെ മനുഷ്യാനുഭവത്തിന്റെ സൂക്ഷ്മതകളും
അസംബന്ധങ്ങളുമാണ് ആധുനികത അന്വേഷിച്ചത്. എന്നാൽ രണ്ടാം ലോകമഹായുദ്ധം
കഴിയുമ്പോഴേക്കും ഈ രീതിയോടു വിട പറഞ്ഞ്, പാർശ്വവൽക്കരിക്കപ്പെട്ടവരും
അവഗണിക്കപ്പെട്ടവരുമായ ജീവിതങ്ങളുടെ ഐഡൻ്റിറ്റിയെ സത്യത്തിന് ബദലായി
ഉയർത്തിക്കൊണ്ടുവരാനാണ് ഉത്തരാധുനിക (Post Modern) എഴുത്തുകാർ ശ്രമിച്ചത് .
കഥയെ
തന്നെ കഥയെഴുതാനുള്ള പ്രമേയമാക്കുക, എഴുതപ്പെട്ട പഴയ കഥകളെ തന്നെ മറ്റൊരു
രീതിയിൽ എഴുതുക ,ചരിത്രത്തിലേക്ക് സാങ്കല്പിക കഥാപാത്രങ്ങളെ കൊണ്ടുവരുക,
സ്വീകരിക്കപ്പെട്ട വസ്തുതയെ നിരാകരിക്കുക തുടങ്ങിയവയെല്ലാം സംഭവിച്ചു.
സത്യം തന്നെ ഇല്ലെന്ന് പ്രഖ്യാപിച്ചു. ഓരോരുത്തരും സത്യമാണ്. സമൂഹത്തിലെ
വിഭിന്നസ്വരങ്ങൾ കണ്ടെത്തുകയും ആവിഷ്കരിക്കുകയും ചെയ്തു. കോമഡിയും
ട്രാജഡിയും കൂട്ടിക്കുഴയ്ക്കുകയും പാരഡിയെ ആവിഷ്കരണമാർഗ്ഗമാക്കുകയും
ചെയ്തു. അചുംബിതമായ കല ഇല്ലാതായി. ഒരു വിഷയത്തെയും അഗാധമായി വിശകലനം
ചെയ്യുകയോ വിലയിരുത്തുകയോ ചെയ്യേണ്ടതില്ല എന്ന നിലപാടാണ് പൊതുവേ
ഉത്തരാധുനികർ സ്വീകരിച്ചത്. കുർട്ട് വോണിഗട്ടിൻ്റെ മദർ നൈറ്റ്, വലേജോ
കോർത്തസാറിൻ്റെ ഹോപ്സ്കോച്ച്, ഇറ്റാലോ കാൽവിനോ യുടെ ഇൻവിസിബിൾ സിറ്റീസ്
,സൽമാൻ റുഷ്ദിയുടെ ഷെയിം, മിലാൻ കുന്ദേരയുടെ ദ് അൺബിയറബിൾ ലൈറ്റ്നസ് ഓഫ്
ബീയിംഗ് തുടങ്ങിയ കൃതികൾ ഉദാഹരണം.
രണ്ടായിരാമാണ്ടോടെ
ചിത്രം മാറുകയാണ്. ലോകത്തിന്റെ ഗതിയിൽ, ലോകാനുഭവങ്ങളുടെ ഉൾക്കൊള്ളലിൽ
വലിയൊരു പരിവർത്തനമാണ് ഉണ്ടായത്.ഡിജിറ്റൽ ഇടങ്ങൾ നിർണായകമായി. നേരത്തേ
തന്നെ ഇന്റർനെറ്റ് കണ്ടുപിടിച്ചിരുന്നെങ്കിലും അതിൻ്റെ ഉപയോഗത്തിന്റെ
സാധ്യതകൾ വർദ്ധിച്ചത് പിൽക്കാലത്താണ്. സൈബർ കല ,ടെലിവിഷൻ പരിപാടികൾ ,ലൈവ്
ടെലികാസ്റ്റുകൾ, ഫോൺ ഇൻ പ്രോഗ്രാമുകൾ, കമ്പ്യൂട്ടർ ഗെയിമുകൾ ,ഡ്രോണുകൾ,
സമൂഹമാധ്യമങ്ങൾ, സെൽഫികൾ, ഇമെയിലുകൾ, വെബ്സൈറ്റുകൾ, ബ്ലോഗുകൾ ,വ്ളോഗുകൾ
,ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് തുടങ്ങി എത്രയോ നവസാങ്കേതിക മാധ്യമങ്ങൾ
രൂപപ്പെട്ടു. ഇതെല്ലാം മനുഷ്യന്റെ വീക്ഷണത്തെ മാറ്റി. പഴയതുപോലെ
ചിന്തിക്കാൻ പ്രയാസമായി .ഉത്തര- ഉത്തരാധുനികതയുടെ പിറവി ഇവിടെയാണ്.
ഉത്തരാധുനികത മരിച്ചു
ഉത്തരാധുനികത
മരിച്ചു എന്ന് പറഞ്ഞത് അമേരിക്കൻ സാഹിത്യ സൈദ്ധാന്തികനായ റെയോൾ
ഇഷത്മാനാ(Raoul Eshelman)ണ്. അദ്ദേഹം പെർഫോമാറ്റിസം എന്ന സിദ്ധാന്തമാണ്
അവതരിപ്പിച്ചത്. കൃതിയിലെ ആഖ്യാനപരമായ മികവ് ,അതിൻ്റെ രസാനുഭവങ്ങൾ, അതിൽ
തന്നെയുള്ള കലയുടെ മാന്ത്രികത തുടങ്ങിയവ പുതിയൊരു മേഖലയായി അദ്ദേഹം
വ്യാഖ്യാനിച്ചു .അതീതത്വം ,കല ,സൗന്ദര്യം എന്നിവ നിരുപാധികമായി
അനുഭവിപ്പിക്കുന്നതാകണം സാഹിത്യമെന്ന് അദ്ദേഹം പറഞ്ഞു. ഐഡൻ്റിറ്റിയെ
നിരാകരിക്കുകയാണ്, അദ്ദേഹം ചെയ്തത്. ബ്രിട്ടീഷ് സാഹിത്യചിന്തകനായ അലൻ കിർബി
ഡിജിമോഡേണിസം എന്ന പുസ്തകമെഴുതിയത് നവകാലഘട്ടത്തിലെ ഡിജിറ്റൽ ആധുനികത
എങ്ങനെയെല്ലാം മനുഷ്യബുദ്ധിയിൽ പുതിയ മുന്നേറ്റമുണ്ടാക്കി എന്ന്
സ്ഥാപിക്കാനാണ് .ഫ്രഞ്ച് കലാചിന്തകനും ക്യൂറേറ്ററുമായ നിക്കോളൈ ബോറിയ
'റിലേഷണൽ എയ്സ്തെറ്റിക്സ്' എന്ന സിദ്ധാന്തമാണ് മുന്നോട്ടുവച്ചത്.കലാ
വസ്തുവും അതിൻ്റെ ഇടവും പരസ്പര പൂരകമാണെന്നും കലയിൽ നിന്നുണ്ടാകുന്ന
അനുഭൂതി ആപേക്ഷികമാണെന്നും അദ്ദേഹം വാദിച്ചു. അമേരിക്കൻ സൈദ്ധാന്തികനായ
ജിൽസ് ലിപോവെറ്റ്സ്കി Hyper Modern Times എന്ന ഒരു പുസ്തകമെഴുതി.
പരിധിയില്ലാത്ത വികസനമാണ് ആധുനിക സമൂഹങ്ങളിൽ സംഭവിക്കുന്നതെന്ന് വാദിച്ച
അദ്ദേഹം വ്യക്തികളുടെ സമ്പൂർണ്ണമായ ആഗ്രഹ പൂർത്തീകരണവും
വാണിജ്യവൽക്കരണവുമാണ് ഇപ്പോൾ പ്രധാനമായി കാണപ്പെടുന്നതെന്ന് പറഞ്ഞു.
ഈ
സൈദ്ധാന്തികന്മാരുമായി ഞാൻ ചെയ്ത അഭിമുഖങ്ങളും ഉത്തരാധുനികതയ്ക്ക് ശേഷം
സംഭവിച്ച ജീവിത പരിണാമങ്ങളെ വ്യാഖ്യാനിച്ചു എഴുതിയ ചില ലേഖനങ്ങളും
(നിരാസവും നിർമ്മാണവും, നവാദ്വൈതം) ഉൾപ്പെട്ടതായിരുന്നു എൻ്റെ 'ഉത്തര-
ഉത്തരാധുനികത' .ആ ഗ്രന്ഥത്തിനു ശേഷം ഒരു പതിറ്റാണ്ട് കടന്നുപോയിരിക്കുന്നു.
ഇപ്പോൾ ഉത്തര- ഉത്തരാധുനികതയുടെ സ്വാധീനവും പരപ്പും അതിശയകരമാണ്. ഇന്ന്
പുതിയൊരു മനുഷ്യനെ കാണുകയാണ്. ഡിജിറ്റൽ ലോകം യഥാർത്ഥ ലോകത്തെ വിഴുങ്ങാൻ
തുടങ്ങിയിരിക്കുന്നു. ഓരോ മനുഷ്യനും പ്രത്യേക അസ്തിത്വമുണ്ട്, ഡിജിറ്റൽ
ലോകത്ത്. ഒരാൾക്ക് ഓൺലൈനും(Online )ഓഫ് ലൈനും(Offline) എന്ന് രണ്ട്
ജീവിതമുണ്ട്. ഓൺലൈൻ പരസ്യജീവിതമാണ് ;പക്ഷേ, അത് സ്വകാര്യജീവിതവുമാണ്.
യാഥാർത്ഥ്യമെന്നത് പ്രതിഛായയുമാണ് .ഒരാൾ ഒരഭിപ്രായം സമൂഹമാധ്യമത്തിൽ
എഴുതുന്നത്, കമൻറ് ഇടുന്നത് അയാളുടെ പ്രത്യക്ഷത്തിലുള്ള, പരസ്യമായിട്ടുള്ള
അനുഭവമാകണമെന്നില്ല.അത് അയാളുടെ സോഷ്യൽ മീഡിയ വ്യക്തിത്വമാണ്. സ്വന്തം
മനസ്സിനെ മറച്ചുവെച്ച് അയാൾക്ക് ഇമോജികളിലൂടെ സംസാരിക്കാം. സ്നേഹിക്കാതെ
സ്നേഹിക്കുന്നുണ്ടെന്ന് സ്ഥാപിക്കാം. മനസ് ആവശ്യമില്ലാത്ത വസ്തുവാണിപ്പോൾ.
കാരണം, നമ്മൾ അശരീരികളാണല്ലോ .ഫേസ്ബുക്ക്, വാട്ട്സപ്പ് ,ഇൻസ്റ്റഗ്രാം,
തുടങ്ങിയ മാധ്യമങ്ങളിൽ നമ്മൾ നിലനിൽക്കുന്നു എന്ന് മറ്റുള്ളവർക്ക്
തോന്നുമെങ്കിലും അത് നമ്മുടെ അദൃശ്യതയുമാണ്. നമുക്ക് ജീവിക്കാതെ ജീവിച്ചു
എന്ന് പറയാം .ജീവിക്കുന്നത് ഒരു പ്രതീതിയായിരിക്കുന്നു. സമൂഹമാധ്യമങ്ങളിൽ
ദീർഘനേരം ചാറ്റ് ചെയ്യുന്നവർ അത് കഴിയുന്നതോടെ വികാരശോഷണം സംഭവിച്ചു
ശൂന്യമനസ്സോടെയാണ് അവസാനിപ്പിക്കുകയാണ്. ആ സംഭാഷണത്തിലൂടെ അവരുടെ
മനസ്സുകളിൽ ഒന്നും തന്നെ അടിഞ്ഞു കൂടുന്നില്ല .ചില ധാരണകളും സങ്കല്പങ്ങളും
മാത്രമാണുള്ളത്. എന്തോ വിനിമയം ചെയ്യുന്നതായി തോന്നുന്നു. അതിവേഗം വിനിമയം
ചെയ്യേണ്ടി വരുമ്പോൾ ഭാഷയ്ക്ക് അർത്ഥം തന്നെ നഷ്ടപ്പെടുന്നു. ഒരേ കാര്യം
പലതവണ ആവർത്തിപ്പെടുന്നതും വാക്കുകളുടെ ആവർത്തനവും അപ്പോൾ തന്നെ മാനസിക
വൈകാരിക ഘടനകളിൽ വേലിയേറ്റം ഉണ്ടാക്കുമെങ്കിലും അതിനു വാഴ്വ്
ലഭിക്കുന്നില്ല. ഉപയോഗിച്ച് തീർന്ന ബാറ്ററി പോലെയാവുകയാണ് മനസ്സ്. ഈ പ്രവണത
സമൂഹത്തിൻ്റെ എല്ലാ ബന്ധങ്ങളിലേക്കും
വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.ജീവിതത്തിനു അതിവേഗം നേടിയില്ലെങ്കിൽ
പ്രയോജനമില്ലെന്ന ചിന്തയിൽ എന്തിനെയും സമീപിക്കുകയാണ്.
പ്രേമത്തിനു എന്തൊരു വേഗം
സ്നേഹത്തിനു
അതിവേഗം കിട്ടണം. അതിനാണ് ഡിജിറ്റൽ ഡിവൈസുകളുള്ളത് .ഒരു വികാരത്തെ ഏണിയിൽ
കയറി നിന്നു പ്രാപിക്കാൻ സഹായിക്കുന്നത് ഈ ഡിവൈസുകളാണ്. വികാര പൂർത്തീകരണം
കഴിയുന്നതോടെ മനസ്സ് ശൂന്യമായി. ഒന്നിനും വേണ്ടി കാത്തിരിക്കാൻ ആർക്കും
വൈകാരികമായി കഴിയില്ല .മനുഷ്യൻ എന്ന അസ്തിത്വം തന്നെ വേഗതയായിരിക്കുന്നു.
വേഗതയില്ലാത്തത് മരണം തന്നെയാണത്രേ. എത്രയും വേഗം പ്രേമിക്കുമ്പോൾ ,മുഴുവൻ
ഊർജ്ജവും ഒന്നിച്ചു പമ്പ് ചെയ്യുകയാണ് .പിന്നീട് മനസ്സ് ശൂന്യമാകും
.തുടർന്ന് ഇന്ധനം നിറയ്ക്കണമെങ്കിൽ വേറൊരാളെ കിട്ടണം .ഒരാളിൽ തന്നെ
പ്രേമത്തെ ഒതുക്കി നിർത്തേണ്ട ആവശ്യമില്ലല്ലോ. കാരണം, 'സ്നേഹം' സൗജന്യമായി,
യാന്ത്രികമായി തരാൻ സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിനു അജ്ഞാത
സുഹൃത്തുക്കളുണ്ടല്ലോ.
മൊബൈൽ ഫോണിലൂടെയാണ് ഉത്തര- ഉത്തരാധുനികത നമ്മുടെ ജീവിതത്തിലേക്ക് പ്രകടമായി കടന്നുവരുന്നത്,വേറെ വഴികൾ ഉണ്ടെങ്കിലും.
സ്നേഹമാണഖിലസാരമൂഴിയിൽ
എന്ന് കവി പാടിയത് ഒരു പ്രാപഞ്ചികഭാവത്തിൻ്റെ സാക്ഷാത്കാരമാണ്. എന്നാൽ
ഇന്ന് ആ സ്നേഹം ഒരു പ്രതീതിയും പ്രതിഭാസവുമാവുകയാണ്. സ്നേഹത്തിനു
വേണ്ടിയുള്ള ദാഹം നൈമിഷകമാണിന്ന്. അത് പതഞ്ഞുയരുകയും താനേ ഇല്ലാതാവുകയും
ചെയ്യുന്നു. സ്നേഹത്തിന് വേണ്ടി ത്യജിക്കാൻ ആരുടെയും കൈയിൽ ഒരു കൈലേസു
പോലുമില്ല. മറ്റേതൊരു ഉപഭോഗ വസ്തുവും പോലെയാണ് സ്നേഹം. അത് കൈമാറ്റം
ചെയ്യുകയാണ് ;പകരം വേറൊന്നു കിട്ടുന്നു.
പെട്ടെന്ന്
പ്രേമിക്കുന്നവന് പെട്ടെന്നു തന്നെ അത് അവസാനിപ്പിക്കേണ്ടതുണ്ട്. കാരണം,
അവനെ കാത്ത് നൂറുകണക്കിന് പ്രേമ ദാതാക്കൾ പുറത്തുണ്ട്. അവൻ എല്ലാവരെയും
സ്നേഹിക്കാമെന്ന് ഉറപ്പു കൊടുത്തവനാണ്. അതിവേഗപ്രേമത്തിന് മനുഷ്യന്റെ
ജീവിതവുമായി രൂഢമായി ബന്ധമുണ്ട്, ഇപ്പോൾ .ജീവിതം അതിവേഗ എക്സ്പ്രസ്സ്
ട്രെയിൻ പോലെയാണ്. ഇടയ്ക്ക് ഒരു മിനിറ്റ് നിർത്താനാവില്ല.
വേഗതയ്ക്കിടയിലാണ് പ്രേമം. പ്രേമം തുടങ്ങിയ ശേഷം, സകല ഊർജവും വലിച്ചെടുത്ത്
ശരീരത്തെ അത് ഉപേക്ഷിക്കുന്നു, പിന്നീട് മനസ്സിനെയും. മനസ്സിന്റെ ആവശ്യം
തന്നെയില്ലല്ലോ. അതുകൊണ്ട് പ്രേമം സ്വാഭാവികമായും പെട്ടെന്ന്
അവസാനിപ്പിക്കണം. അവസാനിപ്പിക്കുന്നത് ഇന്നത്തെ മനുഷ്യരുടെ
കാഴ്ചപ്പാടിലുള്ള അതിജീവനമായാണ് കാണേണ്ടത്.
മറക്കുന്നത് മൂല്യം
പ്രേമത്തിലൂടെയല്ല,
പ്രേമഭംഗത്തിലൂടെയാണ് അതിജീവിക്കപ്പെടുന്നത് .കൂടിച്ചേരലിലല്ല സന്തോഷം,
മറക്കുന്നതിലാണ്. ആരെയും ഓർക്കുന്നത്, ഈ ഉത്തര- ഉത്തരാധുനിക കാലത്ത് ഒരു
നല്ല ജോലിയല്ല. ഓർക്കാൻ ഒരു ദിനം തിരഞ്ഞെടുത്തിട്ടുണ്ടാകാം. അന്ന്
ചടങ്ങിനെന്ന പോലെ ഓർക്കും. പിന്നീട് മറവി നീണ്ടു നിവർന്നു കിടക്കുകയാണ്.
മറവിയിലാണ് ജീവിതം. എല്ലാം വിസ്മൃതമാവുകയാണ്. ജീവിതം അതിൻ്റെ മൂല്യം
സംരക്ഷിക്കുന്നത് വിസ്മരിക്കുന്നതിലും ഉപയോഗിച്ച് വലിച്ചെറിയുന്നതിലും
ഏതിനെയും നിന്ദിക്കുന്നതിലുമാണ് .ഈ സ്വഭാവങ്ങൾക്ക് കലാമൂല്യവും സാമൂഹിക
അംഗീകാരവും ലഭിച്ചിരിക്കുകയാണ്.
സ്നേഹമുണ്ടെന്ന്
കാണിക്കാൻ വേണ്ടി സോഫ്റ്റ്‌വെയർ എൻജിനീയർമാർ ഉണ്ടാക്കിയ ഇമോജികൾ
ഉപയോഗിക്കുന്നതാണ് ഇന്നത്തെ മനുഷ്യരുടെ സ്നേഹമായി
വ്യാഖ്യാനിക്കപ്പെടുന്നത്. സന്ദേശമയയ്ക്കുമ്പോൾ ഒരു ഇമോജി തിരിച്ചയച്ചു
തന്നാൽ അത് സ്നേഹമായി വിലയിരുത്തപ്പെടുന്നു.മറു വശത്ത് ഒരു വ്യക്തിയോ
അയാളുടെ ജീവിതമോ ഉണ്ടെന്ന തോന്നൽ പോലുമില്ല .സ്നേഹത്തെ യഥേഷ്ടം
ഉപേക്ഷിക്കാനുള്ളതാണെന്ന ആധിപിടിപ്പിക്കുന്ന സന്ദേശം ബാക്കിയാവുകയാണ്.ഒരാളെ
ശരിയായി പ്രേമിക്കണമെങ്കിൽ നമ്മൾ ത്യാഗം ചെയ്യണം. പതിറ്റാണ്ടുകൾക്ക് മുൻപ്
പ്രേമം ഒരു വലിയ വികാരമായിരുന്നു. ആ വികാരത്തിനുള്ളിൽ ഒരു
ജീവിതമുണ്ടായിരുന്നു .പ്രേമിക്കുന്നതോടെ ജീവിതത്തിൻ്റെ ലക്ഷ്യം കണ്ടു
എന്നായിരുന്നു തോന്നൽ.
പ്രേമിക്കുന്നയാളെ നഷ്ടപ്പെട്ടാൽ കട്ടപിടിച്ച വിഷാദമാവും ശേഷിക്കുക.
ആ
വിഷാദത്തിന് പരിശുദ്ധിയുണ്ട്. മനസ് കുറേക്കൂടി പരിശുദ്ധമാകുന്നത്
അപ്പോഴാണ് .അവിടെ വെറുപ്പ് ഉയരുകയില്ല .പ്രേമിച്ചയാളെ നഷ്ടപ്പെട്ടാൽ
ഓർമ്മകൾ മനസ്സിൽ കുതിച്ചെത്തുകയാണ്. ആ ഓർമ്മകൾ കൊണ്ട് ജീവിക്കാമെന്നതാണ്
നേട്ടം.ഒഡിയ എഴുത്തുകാരി പ്രതിഭാ റായിയുടെ 'ശിലാപത്മം'എന്ന നോവലിൽ നായിക
കാത്തിരിപ്പിനെക്കുറിച്ച് ആത്മഗതം ചെയ്യുന്നുണ്ട്.തൻ്റെ പ്രേമം മനസ്സിൽ
നിന്ന് മാഞ്ഞു പോയിട്ടില്ലെന്നും അതിനാൽ തനിക്ക് എത്രകാലം വേണമെങ്കിലും
കാത്തിരിക്കാനും ജീവിക്കാനും പ്രയാസമില്ലെന്നുമാണ് അവർ പറയുന്നത്. അന്ന്
പ്രേമം മനസ്സിനെ നിറയ്ക്കാനുള്ള വികാരമായിരുന്നെങ്കിൽ ഇന്ന് അത്
ശൂന്യമാക്കാനുള്ളതാണ് .
ഇത് എങ്ങനെ സംഭവിക്കുന്നു? ഇന്ന്
വ്യക്തികൾക്ക് ഭാവിയെക്കുറിച്ച് വലിയ പ്രതീക്ഷയില്ല. പല തരം ഭീഷണികളുണ്ട്.
ലോകം വൻകിട കമ്പനികളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും ധനകാര്യ
ഏജൻസികളുടെയും കോർപ്പറേറ്റുകളുടെയും ഉടമസ്ഥതയിലാണ്. വ്യക്തികൾക്ക് അവരുടെ
ചെറിയ ജീവിതങ്ങൾ മാത്രമേയുള്ള. അവർക്ക് പിന്നിൽ ആരുമില്ല .അവർ കടുത്ത
ആത്മസംഘർഷണങ്ങൾ അനുഭവിക്കുന്നു .ഇത് പലപ്പോഴും മാനസിക രോഗങ്ങളിലേക്ക്
തള്ളിവിടുന്നു.
ജീവിതം ഒറ്റപ്പെടുത്തി
നശിപ്പിക്കുന്നതിന് മുൻപ് പരമാവധി സുഖാനുഭവങ്ങൾ നേടുകയാണ് എല്ലാവരുടെയും
ലക്ഷ്യം. ആരെയും കാത്തിരിക്കാൻ നേരമില്ല .സ്വർഗരാജ്യം നഷ്ടപ്പെടുമെന്ന
ഭയത്താൽ ഓരോ വ്യക്തിയും ഏതു സാഹസത്തിനും മുതിരുന്നു. എത്ര
പ്രിയപ്പെട്ടവരെയും തള്ളിക്കളയും .ഈ ഉത്തര- ഉത്തരാധുനിക കാലം
മനുഷ്യബന്ധങ്ങളെ ചതുരംഗ കളത്തിലെ കരുക്കളായി കാണുകയാണ്.
No comments:
Post a Comment