Followers

Tuesday, August 13, 2024

എഴുത്തുകാരനു വായനക്കാരെ ലഭിക്കുന്നത് യാദൃച്ഛികതയുടെ അനുഭവം :എം.കെ.ഹരികുമാർ

 a



റിപ്പോർട്ട് :എൻ.രവി 

കൊല്ലം :ഒരു എഴുത്തുകാരനു വായനക്കാരെ ലഭിക്കുന്നത് യാദൃച്ഛികതയുടെ അനുഭവമാണെന്ന് എം.കെ.ഹരികുമാർ അഭിപ്രായപ്പെട്ടു. 


ഡോ.എസ്.സുഷമയുടെ 'ബോൺസായി'എന്ന നൂറ്റൊന്ന് ഹൈക്കു കവിതകളുടെ സമാഹാരം കൊല്ലം പ്രസ് ക്ലബ്ബിൽ വടക്കേവിള എസ് എൻ ടി സി പ്രിൻസിപ്പലും കൊല്ലം എസ് എൻ കോളേജ് മുൻ പ്രിൻസിപ്പലുമായ ഡോ.സി. അനിത ശങ്കറിന് നൽകി പ്രകാശനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എസ് എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡംഗം കാവിള എം. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ച യോഗം എം.ജി. യൂണിവേഴ്സിറ്റി ഫിസിക്സ് വിഭാഗം മുൻ മേധാവി ഡോ.കെ.ഇന്ദുലേഖ ഉദ്ഘാടനം ചെയ്തു. റേയ്സ് സ്ഥാപക ചെയർമാൻ എം.സി.രാജിലൻ ആമുഖപ്രസംഗം നടത്തി. ലൈഫ് കെയർ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോ.എൽ .സുശീലൻ, സുനിൽ പനയറ ,ഡോ.സി. അനിത ശങ്കർ എന്നിവർ പ്രസംഗിച്ചു .ഡോ.എസ്.സുഷമയ്ക്ക് ഡോ.സി. അനിതാ ശങ്കർ ഉപഹാരം നൽകി. 

എം.കെ.ഹരികുമാറിന്റെ പ്രഭാഷണത്തിൽ നിന്ന്:

"ഒരാൾ എഴുതി തുടങ്ങുമ്പോൾ  പ്രോത്സാഹിപ്പിക്കാൻ ധാരാളം പേരുണ്ട്. ചില സ്കൂൾ അധ്യാപകരൊക്കെ അക്കൂട്ടത്തിൽ കാണും. എന്നാൽ നാം എഴുതി സ്വന്തം വഴി വെട്ടുന്നതോടെ , പുതിയ ആശയങ്ങൾ അവതരിപ്പിക്കുന്നതോടെ തുടക്കകാലത്ത് പിന്തുണ തന്നവർ പിന്മാറാൻ തുടങ്ങും. അവർക്ക് ഉൾക്കൊള്ളാൻ കഴിയാതെ വരും. കാതലായ ചോദ്യങ്ങൾ ചോദിക്കുകയും ധീരമായി എഴുതുകയും ചെയ്യുന്നതോടെ ആദ്യം പ്രോത്സാഹിപ്പിച്ചവർ പിന്മാറാൻ തുടങ്ങും. പിന്നീട് എഴുതുന്നതിന് പിന്തുണ കിട്ടാൻ എഴുതുകയല്ലാതെ വേറെ മാർഗ്ഗമില്ല. എഴുത്തിന്റെ ശരിയായ പാതയിൽ നമുക്ക് എവിടെ നിന്നോ കുറെ നല്ല വായനക്കാരെ യാദൃച്ഛികമായി ലഭിക്കുകയാണ്. അവർ ഒരു കൃതിയെ ആഴത്തിൽ തേടുന്നവരാണ്. അവർക്ക് അഭിരുചിയുണ്ട്. അവർ ലക്ഷക്കണക്കിന് ഉണ്ടാകില്ല .വളരെ കുറച്ചു വായനക്കാരാണ് ഇങ്ങനെ ഉണരുന്നത്. അതാണ് യഥാർത്ഥമായത്. അംഗീകൃതമായ ആശയങ്ങൾ പ്രചരിപ്പിക്കുകയാണെങ്കിൽ നമുക്ക് ധാരാളം വായനക്കാരെ കിട്ടും. കാരണം, അത് സ്വീകാര്യമായ ആശയങ്ങളാണ് .അതിനോട് ചേരാൻ അവർക്ക് പ്രയാസമില്ല. അർത്ഥവത്തായ നിരീക്ഷണങ്ങളും വിമർശനങ്ങളും ഉണ്ടാകുമ്പോൾ യഥാർത്ഥ വായനക്കാർക്ക് മാത്രമേ അതിനൊപ്പം നീങ്ങാനാവുകയുള്ളൂ.കെ.പി. അപ്പൻ ഒരു സ്വകാര്യ സംഭാഷണത്തിൽ തനിക്ക് ഇരുനൂറ്റമ്പത് വായനക്കാർ ഉണ്ടായാൽ മതിയെന്ന് പറഞ്ഞു. എനിക്ക് കുറെ നല്ല വായനക്കാരുണ്ട്. അത് എനിക്ക് യാദൃച്ഛികമായി ലഭിച്ചതാണ്. ഞാൻ 'ശ്രീനാരായണായ' എന്ന നോവൽ എഴുതിയതിനെ തുടർന്ന്  ലഭിച്ച വായനക്കാരനാണ് തുളസീധരൻ ഭോപ്പാൽ .'ശ്രീനാരായണായ' എങ്ങനെയോ സംഘടിപ്പിച്ചു വായിച്ചിട്ട് എന്നെ വിളിക്കുകയായിരുന്നു അദ്ദേഹം. ആത്മാവിൽ തട്ടി അദ്ദേഹം നോവലിനെയും എന്നെയും പ്രശംസിച്ചു കൊണ്ടിരുന്നു .അദ്ദേഹം നോവൽ ഓരോ ഭാഗവും ദിവസേന വായിച്ച്  ശബ്ദലേഖനം ചെയ്ത് വാട്സപ്പിലൂടെ ഇരുനൂറ്റമ്പത് ദിവസം തുടർച്ചയായി  പ്രചരിപ്പിച്ചത് ഓർക്കുകയാണ് .അദ്ദേഹത്തെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. അദ്ദേഹത്തിൻ്റെ നിർബന്ധത്തിന് വഴങ്ങിയാണ് ഞാൻ ഈ പരിപാടിയിൽ പങ്കെടുക്കുന്നത്. ഇതുപോലുള്ള കുറെ വായനക്കാരാണ് എനിക്ക് പലപ്പോഴും ലഭിച്ചിട്ടുള്ളത്. എന്നാൽ എനിക്ക് തുടക്കത്തിലുണ്ടായിരുന്ന വായനക്കാരെ ഇപ്പോൾ കാണാനില്ല. വായനക്കാർ പുതുതായി ഉണ്ടാകുകയും കൊഴിയുകയും  ചെയ്യുകയാണ്. ഇവിടെ പ്രകാശനം ചെയ്യുന്ന പുസ്തകം എഴുതിയ ഡോ. സുഷമയെ അനുമോദിക്കുകയാണ് .അവർ 101 *ഹൈക്കു കവിതകൾ (ബോൺസായ്) സമാഹരിച്ചിരിക്കുകയാണ് .ഹൈക്കു ജപ്പാനിൽ മാത്രമല്ല ലോകത്ത് എവിടെയും പ്രചാരം നേടി കഴിഞ്ഞിട്ടുണ്ട്. വളരെ സംക്ഷിപ്തമായി ആശയങ്ങളും ചിന്തകളും കാവ്യസൗന്ദര്യത്തോടെ അവതരിപ്പിക്കുന്നതാണ് ഹൈക്കുവിനെ   ശ്രദ്ധേയമാക്കുന്നത് .സംക്ഷിപ്തമായി പറയാൻ ഗുരുക്കന്മാർക്ക് പ്രത്യേക കഴിവുണ്ട്. 'നിന്നെപ്പോലെ നിൻ്റെ അയൽക്കാരനെയും സ്നേഹിക്കുക' എന്ന് യേശുദേവൻ പറഞ്ഞത് എത്രയോ വലിയൊരു ആശയമാണ്. അത് എത്ര വിവരിച്ചാലും മതിയാവില്ല. അത്രയ്ക്ക് വിവരിക്കാനുണ്ട്. അയൽക്കാരൻ എന്നാൽ തൊട്ടടുത്ത്  താമസിക്കുന്നവൻ എന്നല്ല ഇവിടെ അർത്ഥം .ദൂരെ എവിടെയുള്ളവനും അയൽക്കാരനാണ് .ആത്മാവിൻ്റെ അയൽക്കാരനാണ് .സ്നേഹിക്കുന്നവന് ഏതൊരുവനും അയൽക്കാരനാണ്. അപ്പോൾ ലോകത്തെ പൂർണമായി  ആശ്ളേഷിക്കുന്ന ഒരവസ്ഥയാണിത്. ഇതാണ് യേശുദേവൻ ഒരു ചെറിയ വാക്യത്തിൽ പറഞ്ഞത്. ഹൈക്കുവിനും ആധുനികകവിതയ്ക്കും ഉപയോഗിക്കുന്ന ഗദ്യം മറ്റൊരു  കലാരൂപമായി കാണണം. പത്രത്തിലെ ഭാഷ ഒരു പൊതുവ്യവഹാരത്തിന്റെ സാങ്കേതികഭാഷയാണ്.അത് ഗദ്യമല്ല. പുതിയ കവിതയിലെ ഗദ്യം കലാരൂപമാണ്. അത് മറ്റൊരു ഭാഷയാണ്. സർഗാത്മകമാണത്.സർഗാത്മകത കേവലം ഒരു കവിതയോ കഥയോ എഴുതുമ്പോൾ സംഭവിക്കുന്നതല്ല. സർഗാത്മകമാകണമെങ്കിൽ എഴുതുന്നത് പുതിയതായിരിക്കണം;പുതിയ മൂല്യമുണ്ടായിരിക്കണം. പുതിയ ഭാഷ വേണം .ഇതെല്ലാം കവിതയിൽ എത്രയും പ്രധാനപ്പെട്ടതാണെന്ന് കുമാരനാശാൻ്റെ കവിതകൾ വായിച്ചാൽ മനസ്സിലാകും. ആശാൻ  കവിതയിൽ ഒരു ഉന്നതമായ ഭാഷ സൃഷ്ടിച്ചു. ആ ഭാഷ പുതിയൊരു മൂല്യത്തെയും ദർശനത്തെയും അവതരിപ്പിച്ചു.'വീണപൂവ്' എഴുതുന്നതിനു മുമ്പ് മലയാളകവിത വളരെ ആഴം കുറഞ്ഞ വിഷയങ്ങളിൽ അഭിരമിക്കുകയായിരുന്നു .ശ്രംഗാരവും ഭക്തിയുമൊക്കെയായിരുന്നു വിഷയങ്ങൾ. ആശാൻ 'വീണപൂവി'ലൂടെ ,ഏതൊരു പാഴ്വസ്തുവിനും കവിതയിൽ സ്ഥാനമുണ്ടെന്ന് ബോധ്യപ്പെടുത്തി. അതുകൊണ്ടാണ് ദേഹവിയോഗം നടന്ന് നൂറ് വർഷം കഴിഞ്ഞിട്ടും ആശാന്റെ കവിതകൾ വായിക്കപ്പെടുന്നത്. ആശാൻ ഒരു മതത്തിൻ്റെയും തത്ത്വശാസ്ത്രത്തിൻ്റെയും വക്താവാകാതെ കവിതയുടെ വഴിയിൽ സഞ്ചരിക്കുകയായിരുന്നു. സത്യത്തിനായി എല്ലാ വഴികളിലേക്കും നോക്കിയ ആശാൻ ശൂന്യതയെ നേരിൽ കണ്ടു. ജീവിതത്തിൻ്റെ  നിരർത്ഥകതയെക്കുറിച്ച് ആശാൻ എഴുതുന്നുണ്ട്. ആത്യന്തികമായ അന്വേഷണം. ഇതാണ് സർഗാത്മകതയുടെ പരമമായ ലക്ഷ്യം. കവിതയെഴുതാനുള്ള സ്വാഭാവികമായ നിർബന്ധം കുറഞ്ഞ കാലമാണിത് . തീവ്രമായ ആഭിമുഖ്യം ഇല്ലാതായി. പലർക്കും വളരെ കുറച്ചു കാര്യങ്ങൾ മാത്രമാണ് പറയാനുള്ളത്. എന്നാൽ ഇവിടെ, ഈ ഹൈക്കു കവിതകളിൽ  സൂക്ഷ്മജീവിതസത്യങ്ങൾ ഏറ്റവും കുറച്ചു വാക്കുകളിൽ സന്നിവേശിപ്പിച്ചത് ഏതൊരു വായനക്കാരനെയും ആകർഷിക്കും. ജീവിതത്തെക്കുറിച്ച് ഗാഢമായ അറിവ് നേടിയാലേ അത് സംക്ഷിപ്തമാക്കാൻ സാധിക്കുകയുള്ളു. ഭാഷാപരമായ മേന്മ ഈ കൃതിയുടെ പ്രത്യേകതയാണ്.വായനക്കാരൻ്റെ ഊഴമാണ് ഇപ്പോൾ. എഴുത്തുകാരൻ മരിച്ചു എന്ന് ഫ്രഞ്ച് സൈദ്ധാന്തികനായ റൊളാങ് ബാർത്ത് പറഞ്ഞല്ലോ. ഒരാൾ വായിക്കുമ്പോൾ എഴുത്തുകാരന്റെ ലോകം അസ്തമിക്കുന്നു ,വായനക്കാരൻ്റെ ലോകം ആരംഭിക്കുന്നു. വായനക്കാരനാണ് കൃതിക്ക് അർത്ഥമുണ്ടാക്കുന്നത്. ഇവിടെ കവിതയിൽ വായനക്കാരൻ്റെ ശ്രദ്ധ പതിയേണ്ടതുണ്ട്. ശ്രീനാരായണഗുരുവിൻ്റെ കവിതകളെക്കുറിച്ച് പഠനം ഉണ്ടാകുന്നില്ല എന്ന് പറഞ്ഞത് കേട്ടു. ഞാൻ വിനയത്തോടെ പറയട്ടെ, ഗുരുവിനെ ഒരു കവിയായി താഴ്ത്തുന്നതിനോട് എനിക്ക് യോജിപ്പില്ല. ഗുരുവിൻ്റെ കവിതകൾ മറ്റു കവികളുടേതുപോലെ വികാരപ്രകടനമല്ല. വേർഡ്സ്വർത്ത് പറഞ്ഞു:
Poetry is spontaneous overflow of powerful feelings.It takes its origin from emotion recollected in tranquility.ശക്തമായ വികാരങ്ങളുടെ കുത്തൊഴുക്കാണ് കവിതയെന്ന്. ശാന്തതയിൽ ശേഖരിക്കപ്പെടുന്ന വികാരങ്ങളാണത്. എന്നാൽ ഗുരുവിന്റെ കവിതയിൽ വികാരങ്ങളല്ല പ്രതിഫലിക്കുന്നത് ,ജ്ഞാനമാണ്. ദൈവദശകവും മറ്റും വികാരങ്ങളുടെ പ്രകടനമല്ല. അത് പ്രപഞ്ചവും മനുഷ്യനും തമ്മിലുള്ള ബന്ധം അന്വേഷിക്കുകയാണ്. ഗുരുവിൻ്റെ മനനമാണത്. ഗുരുവിൻ്റെ രചനകൾ  പുതിയ ഉപനിഷത്താണ്. തൈത്തിരിയോപനിഷത്ത് കവിതയെന്ന നിലയിൽ ആരെങ്കിലും വിലയിരുത്തുമോ? ഗുരുവിൻ്റെ കവിതകളെ ചങ്ങമ്പുഴയുടെയോ പി. കുഞ്ഞിരാമൻ നായരുടെയോ കവിതകളുമായി ആരെങ്കിലും താരതമ്യം ചെയ്താൽ അതോടെ സാഹിത്യവിമർശനം മരിക്കും .ഗുരുവിൻ്റെ പ്രവാചകതുല്യമായ ഇടപെടലുകൾ പഠിക്കുന്നതിനു പകരം ഗുരുവിൻ്റെ വൃത്തവും അലങ്കാരവുമാകും പഠിക്കുക. ഇത് അപകടകരമാണ്. ഗുരുവിൻ്റെ മഹത്വം അനുഷ്ഠിപ്പ് വൃത്തത്തിൽ കവിതയെഴുതിയതാണെന്ന് വാദിക്കാൻ തുടങ്ങിയാൽ അതിനേക്കാൾ ദയനീയമായി എന്താണുള്ളത് കൊല്ലത്തേക്കുള്ള എൻ്റെ ആദ്യ യാത്ര കെ.പി.അപ്പനെ തേടിയായിരുന്നു. അന്ന് കലാകൗമുദിയിൽ അപ്പൻ എഴുതിയ ലേഖനങ്ങൾ വായിച്ചപ്പോൾ ഒന്നു കാണണമെന്നു തോന്നി.അന്ന് ഞാൻ കുറവിലങ്ങാട് ദേവമാതാ കോളജിൽ പ്രീ ഡിഗ്രിക്ക്  പഠിക്കുകയായിരുന്നു .വീട്ടിൽ കളവ് പറഞ്ഞു ഞാൻ കൊല്ലത്തേക്ക് വണ്ടി കയറി. കൊല്ലത്തെക്കുറിച്ച് യാതൊന്നും അറിയില്ലായിരുന്നു .പലരോടും ചോദിച്ചു വഴി കണ്ടുപിടിച്ചു കൊല്ലം എസ്.എൻ .കോളജിലെത്തി. ഒരു  വിദ്യാർത്ഥി അപ്പൻസാറിനെ കാണിച്ചു തന്നു.ഞാൻ ചെന്ന് സ്വയം പരിചയപ്പെടുത്തി. അദ്ദേഹം എന്താണ് കാര്യം എന്ന് തിരക്കി.ഞാൻ വെറുതെ ഒന്ന് കാണാൻ വന്നതാണെന്ന് പറഞ്ഞു. അദ്ദേഹം എന്തോ ഗ്രഹിച്ചു എന്ന് ഉറപ്പാണ് .ഉച്ചനേരമായിരുന്നു. അദ്ദേഹം എന്നെ മലയാളം ഡിപ്പാർട്ട്മെൻറിലേക്ക് കൂട്ടിക്കൊണ്ടുപോയി. എന്നോട് ഒരു കസേരയിൽ ഇരിക്കാൻ പറഞ്ഞു. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ഒരു കുടയുമെടുത്ത് അദ്ദേഹം എന്നെയും കൂട്ടി നടക്കാൻ തുടങ്ങി. ആ കടുത്ത വെയിലിൽ ഞാൻ കുടയുടെ കീഴേ നടന്നു. അപ്പോൾ തന്നെ ഞങ്ങൾ ഡോ.വി.രാജകൃഷ്ണന്റെ ലേഖനങ്ങളെക്കുറിച്ചും വി.പി. ശിവകുമാറിൻ്റെ കഥകളെക്കുറിച്ചും  ചർച്ച തുടങ്ങി കഴിഞ്ഞിരുന്നു.ആദ്യമായി കാണുകയാണ്. ഞാനൊരു വിദ്യാർഥിയാണ്. വീട്ടിൽ ചെന്ന ഉടനെ അപ്പൻ സാർ ഊണ് കഴിക്കാൻ ക്ഷണിച്ചു. മീൻകറി കൂട്ടിയുള്ള രുചികരമായ ഊണ്. പിന്നെ ചർച്ച തുടങ്ങി.ഡോ.ജോൺസൺ ,ഷേക്സ്പിയർ... അങ്ങനെ പലരും ചർച്ചിൽ വന്നു. വീട്ടിൽ പറയാതെ വന്നതാണെന്ന് അറിഞ്ഞതോടെ സാർ എന്നെ മൂന്നു മണിയോടെ നാട്ടിലേക്ക് പറഞ്ഞയച്ചു. അതാണ് അപ്പൻ സാർ. കൊല്ലം എൻ്റെ മനസ്സിൽ സ്ഥാനം പിടിക്കുന്നത് അങ്ങനെയാണ്. പിന്നീട് ഞാൻ പല ഘട്ടങ്ങളിൽ സാറിൻ്റെ അടുത്ത് വന്നിട്ടുണ്ട്. എൻ്റെ 'ശ്രീനാരായണായ' നോവൽ വായിച്ച് ഗ്രഹിക്കാത്തവരുണ്ട്. അവർ അസഹിഷ്ണുക്കളായിരിക്കാം. എൻ്റെ നോവലിൽ ഞാനൊരു പുതിയ ഗുരുവിനെ അവതരിപ്പിക്കുകയാണ് ചെയ്തത്. ഗുരുവിൻ്റെ ജീവചരിത്രം അതിലില്ല. ഗുരുവിൻ്റെ ആത്മാവിലൂടെ  സഞ്ചരിക്കുകയാണ് .ജീവചരിത്രം നോക്കി ഒരു കഥ സൃഷ്ടിക്കുകയല്ല ചെയ്തത് .ഇവിടെ ഒരു പുതിയ കലാനുഭവമാണുള്ളത്. പ്രഗൽഭനായ പണ്ഡിതനും എഴുത്തുകാരനുമായ തുളസി കോട്ടുക്കൽ 'ശ്രീനാരായണായ'യെക്കുറിച്ച് ഒരു ഗംഭീര ലേഖനമെഴുതി. വായനയുടെ  മഹത്വമാണ് ഞാൻ അതിൽ കണ്ടത്. ഇത് 'മെട്രോവാർത്ത' ഓൺലൈനിൽ വായിച്ച ചിലർ അസ്വസ്ഥരായി തുളസി സാറിനെ വിളിച്ചു പലതും ചോദിച്ചതായറിഞ്ഞു.ഇത്രയൊക്കെ എഴുതേണ്ടതുണ്ടോ എന്നാണ് ചോദ്യം.  തുളസി സാർ അവരോട് എല്ലാം വിശദീകരിച്ചു. താൻ എന്തിനു എഴുതി എന്ന് വിശദീകരിക്കാൻ അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടായില്ല .അതുപോലെ 'ശ്രീനാരായണായ'വായിച്ച് എഴുതിയവരിൽ പ്രധാനിയാണ് കഥാകൃത്ത് ഇരവി .അദ്ദേഹം  സവിസ്തരം നോവലിന്റെ ആന്തരികമായ ബോധം വിലയിരുത്തി കൊണ്ട് ദീർഘമായി എഴുതി .നോവലിലെ കഥാപാത്രം ദൈവം തന്നെയാണെന്ന് ഇരവി സമർത്ഥിച്ചു .ഇതുപോലുള്ള നല്ല വായനക്കാർ ഉണ്ടായാൽ മതി. അത് യാദൃച്ഛികമായി ലഭിക്കുന്നതാണ്. നമ്മൾ സത്യസന്ധമായി എഴുതിയാൽ ഇത് ലഭിക്കും."




*ബോൺസായ് - 101 ഹൈക്കുകവിതകൾ
ഡോ.എസ്. സുഷമ
സുജിലി പബ്ളിക്കേഷൻസ് 
കൊല്ലം 
പേജ് 113 
വില :180/

No comments: