Followers

Showing posts with label sukumar azhikode. Show all posts
Showing posts with label sukumar azhikode. Show all posts

Monday, August 25, 2025

അഴീക്കോട്: വിമർശനത്തിലെ തീ /എം.കെ.ഹരികുമാർ

 





വൈകുന്നേരം ഒരു മണിക്കൂർ പ്രസംഗിക്കുന്നത് അഴീക്കോടിന്റെ ആത്മീയമായ ആവശ്യമായിരുന്നു. അദ്ദേഹം അത് അത്രമാത്രം ഇഷ്ടപ്പെട്ടു. അതിൽനിന്നു കിട്ടുന്ന ആനന്ദം പറഞ്ഞറിയിക്കുന്നതിനും അപ്പുറമായിരുന്നു. തന്നിലെ  അധ്യാപകനും വിമർശകനും രാഷ്ട്രീയമനുഷ്യനും ഒരുമിക്കുന്ന ഒരു അധികാരബിന്ദുവായിരുന്നു ഓരോ പ്രസംഗവും .അത് അഴീക്കോടിനു സ്വന്തം അസ്തിത്വത്തെക്കുറിച്ചുള്ള ബോധവും ലോകത്തെക്കുറിച്ചുള്ള വീക്ഷണവും ചേരുന്നതായിരുന്നു .ആശയപരമായ ജീവിതത്തിന്റെ സംവേദനത്തിനും പാരസ്പര്യത്തിനും പ്രഭാഷണം വേണമായിരുന്നു .അഴീക്കോട് ഒരു യഥാർത്ഥ പ്രഭാഷകനാകാനാണ് പ്രയത്നിച്ചത്. അതിനുവേണ്ടി തീവ്രമായി ആഗ്രഹിച്ചു. പ്രഭാഷണകലയുടെ മനസാക്ഷിയാവുകയായിരുന്നു ലക്ഷ്യം.  എന്താണ് പ്രഭാഷണം? അത് ഒരു പണ്ഡിതന്റെ വർത്തമാനമല്ല ;ഒരു ചടങ്ങിൽ ഒന്നോ രണ്ടോ മണിക്കൂർ ഏതെങ്കിലും വിഷയത്തെക്കുറിച്ച് സംസാരിക്കുന്നതല്ല ;ഒരു പ്രബന്ധാവതരണമല്ല .പ്രഭാഷണം നാടിൻ്റെ ,നാട്ടുകാരുടെ മറയ്ക്കപ്പെട്ട വാക്കുകളുടെ പ്രവാഹമാണ് .അത് അമർത്തപ്പെട്ട അവസ്ഥയിൽനിന്നു പ്രമുക്തി തേടുന്ന വാക്കുകളാണ് . ഒരു സമൂഹത്തിൻ്റെ നിരന്തരമായ സത്യാന്വേഷണം പൊതുമണ്ഡലത്തിലേക്ക് ആവിർഭവിക്കുന്നത് പ്രഭാഷണത്തിലൂടെയാണ്. പ്രഭാഷണം പുതിയ ഭാഷണമാണ്. അത് പ്രതിപ്രവർത്തനവും പാരസ്പര്യവുമാണ്. അത് ആരും പറയാത്തതാണ് .എന്നാൽ അത് സത്യമാണ്. സത്യമായതുകൊണ്ടാണ് അതിനു പ്രമുക്തി കിട്ടാൻ പ്രയാസപ്പെടുന്നത്. ഈ ദുരവസ്ഥ മറികടക്കുന്നവനാണ് യഥാർത്ഥ പ്രഭാഷകൻ .

ഇവിടെ ഇപ്പോൾ പ്രഭാഷണം എന്നാൽ ഏതെങ്കിലും പാർട്ടിക്കെതിരെയുള്ള ബഹളമാണ്. അത് ഗവേഷണബുദ്ധിയും പാണ്ഡിത്യവും പ്രകടിപ്പിക്കാനുള്ള മാധ്യമമായിരിക്കും.  പ്രഭാഷണം വിജ്ഞാനവും പാണ്ഡിത്യവും വിതരണം ചെയ്യാനുള്ളതല്ല. അതൊക്കെ കേൾവിക്കാർക്ക് സ്വരൂപിക്കാവുന്നതേയുള്ളു.ഇവിടെയാണ് അഴീക്കോട് പ്രഭാഷണത്തെ വീണ്ടെടുക്കുന്നത്. അദ്ദേഹം അടിയുറച്ച് വിശ്വസിച്ച ആദർശങ്ങൾക്ക് ചിറകുവിരിച്ച് പറക്കാൻ പ്രഭാഷണം ആവശ്യമായിരുന്നു .ആ പ്രഭാഷണത്തിൽ സ്വന്തം ചിന്തയും വ്യാഖ്യാനവുമാണ് പ്രാമുഖ്യം തേടുന്നത്. താൻ പറയുന്ന സത്യത്തെ ,ധർമ്മത്തെ ഉദ്ദീപിപ്പിക്കുന്ന വാക്യങ്ങളുടെ സഞ്ചാരമാണ് അഴീക്കോട് പ്രധാനമായി കണ്ടത്. ആ സത്യങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹം പ്രസംഗിച്ചത്. പ്രസംഗം കേവലമായ വർത്തമാനമല്ല .അത് കലഹിക്കുന്ന അർത്ഥങ്ങളാണ് ;കുതറുന്ന ബോധ്യങ്ങളാണ് .തുടലു പൊട്ടിച്ച് ഓടുന്ന പ്രക്ഷുബ്ധ വികാരങ്ങളാണ്.

അന്തരാർത്ഥത്തിൽ മന്ത്രിച്ചത് 

ഒരു പ്രഭാഷകനെന്ന നിലയിൽ നമ്മുടെ സാംസ്കാരികജീവിതത്തിൽ രാഷ്ട്രീയസാന്ദ്രമായ അർത്ഥമായി തീരുകയായിരുന്നു അഴീക്കോട്. രാഷ്ട്രീയമെന്നാൽ ഏതെങ്കിലും പാർട്ടിയുടെ കാഴ്ചയോ പ്രവർത്തനമോ അല്ല ;സ്വതന്ത്രമായ അവകാശബോധമാണ് .ഏറ്റവും കുറഞ്ഞത് ,ഓരോ വസ്തുവിന്റെയും ജീവന്റെയും സ്വാതന്ത്ര്യബോധമാണ്; സ്വാതന്ത്ര്യബോധത്തിൻ്റെ നിർവ്വഹണമാണ്. സ്വാതന്ത്ര്യം വേണമെന്നാഗ്രഹിക്കുന്നവർക്കു അത് കൊടുക്കണമെന്നാണ് അഴീക്കോടിന്റെ രാഷ്ട്രീയം. അദ്ദേഹം എല്ലാ വിഭാഗീയതകൾക്കും ജാതികൾക്കും മതങ്ങൾക്കും അപ്പുറത്ത് നിൽക്കുകയാണ് ചെയ്തത്.എല്ലാ മതങ്ങളുടെയും സാരാംശത്തെയാണ് അദ്ദേഹം ഉൾക്കൊണ്ടത്;ഒരുമയെയാണ് സ്നേഹിച്ചത് .അത് ആത്മാവിൻ്റെ അന്തരാർത്ഥത്തിൽ മന്ത്രിച്ചു.എന്നാൽ ഈ ലോകം വിഭിന്നതകളിലേക്ക് ആസക്തമാവുന്നതാണ് നാം കാണുന്നത്. ഒന്നു മറ്റൊന്നിനോട് ചേരുന്നില്ല .താരതമ്യേന പൂർണ്ണമാവാൻ ,അദ്വൈതമായ ഒരു  സിരാകേന്ദ്രത്തിലേക്ക് യോജിപ്പിക്കപ്പെടാൻ ഒന്നും  ആഗ്രഹിക്കുന്നില്ല. ഭിന്നത കണ്ടുപിടിക്കുകയും വീണ്ടും വീണ്ടും ഭിന്നിപ്പിക്കുകയുമാണ് ചെയ്യുന്നത്.  ഇതാണ് അഴീക്കോടിനെ ഒരു കലഹിക്കുന്ന പ്രഭാഷകനാക്കിയത്. കല ഹം അനീതിയോടും അധർമത്തോടുമാണ്. ശാരീരികമായ ഒരാവശ്യമായും പ്രഭാഷണത്തെ കണ്ടു. പ്രഭാഷണവേളയിൽ, അദ്ദേഹത്തിൻ്റെ ശരീരമാകെ ആ പ്രക്രിയയിൽ പങ്കെടുക്കുകയാണ്. എന്തുകൊണ്ടാണ് അത് സംഭവിക്കുന്നത്? താൻ പറയുന്നത് തൻ്റെ നേരാണെന്ന ചിന്തയാണ് അതിനോടുള്ള തീക്ഷ്ണമായ കൂടിച്ചേരലായി മാറുന്നത്. പ്രഭാഷകനായ അഴീക്കോടിനെ പ്രഭാഷണത്തിൽ നിന്നു വേർപ്പെടുത്താനാവില്ല. അദ്ദേഹം തന്നെയാണ് പ്രഭാഷണവിഷയം .

ഈ തന്മയീഭാവമാണ് അഴീക്കോടിൻ്റെ   എഴുത്തിനു ദീർഘവീക്ഷണവും ആന്തരിക ഗൗരവവും നൽകുന്നത്. വിമർശിക്കുന്നത് നിലവിലുള്ളതും ഉറച്ചതും യാഥാസ്ഥിതികവുമായതിനെ എതിർക്കാനാണ് .വിമർശനം എന്ന വാക്കിൽ തന്നെ ഒരു തിരസ്കാരമൂല്യം അന്തർഭവിച്ചിട്ടുണ്ട്. നിലവിലുള്ളതിനെ, ഉപയോഗിച്ച് മുഷിഞ്ഞതിനെ ,അർത്ഥം നഷ്ടപ്പെട്ടതിനെ ,ഗതാനുഗതികത്വത്തെ എതിർക്കുന്നില്ലെങ്കിൽ അത് വിമർശനമാകില്ല. 'ഖണ്ഡനമാണ് വിമർശനം' എന്ന ലേഖനത്തിൽ അഴീക്കോട് എഴുതുന്നു: 'മനോനിഷ്ടമായ ആ ശുദ്ധകലാ മാതൃകാബോധത്തോടു നീതിപുലർത്തണമെന്നു അഭിവാഞ്ചയുള്ള ഒരു വിമർശകനും വൈകല്യജഡിലമായ സാധാരണ കൃതികളെ വെറുതെ പ്രശംസിച്ചു വിടുവാൻ സാധ്യമല്ല. അതിനാൽ വിമർശനം എന്നുവച്ചാൽ ഖണ്ഡനം എന്നു പോലും ധരിച്ചാൽ തെറ്റില്ല .പ്രതികൂലവിമർശനത്തിനു പകരമായി വിമർശകനു ചെയ്യാവുന്ന ഒരു പണിയുണ്ട് .അത് വിമർശിക്കാതിരിക്കലാണ്."

സാഹിത്യത്തിൽ പൂർണതയോടെ  പ്രത്യക്ഷപ്പെടുന്ന കൃതികൾ തീരെയില്ല. ഷേക്സ്പിയർ ,ദസ്തയെവ്സ്കി, ടോൾസ്റ്റോയ് തുടങ്ങിയവരെ പോലും വിമർശിച്ചവരുണ്ട്. അഴീക്കോട് തുടർന്നു എഴുതുന്നു: "ഏത് കൃതിയും പൂർണാദർശത്തിൽനിന്ന് അല്പം താണിരിക്കുമെങ്കിൽ ഏത് വിമർശനവും ഖണ്ഡനം ആയിരിക്കും  എന്നു പറയും. ഒരേ അഭിപ്രായം എല്ലായ്പ്പോഴും പുനരാവർത്തിച്ച് പറയുന്നതുകൊണ്ട് ഈ കൃത്യം നിറവേറ്റാൻ കഴിയില്ല. ഇടയ്ക്കിടെ വിവിധങ്ങളായ വീക്ഷണകോണങ്ങളിൽ നിന്നുകൊണ്ട് വിമർശപക്ഷങ്ങൾ നവീകരിക്കപ്പെടുകയോ പരിഷ്ക്കരിക്കപ്പെടുകയോ ചെയ്തുകൊണ്ടേയിരിക്കണം." സാഹിത്യസമീപനം, സൗന്ദര്യബോധം, ഭാവുകത്വം തുടങ്ങിയവ കാലോചിതമായി പരിഷ്ക്കരിക്കപ്പെടണമെന്നാണ് അഴീക്കോട് അഭിപ്രായപ്പെടുന്നത്. അദ്ദേഹം പാരമ്പര്യത്തിൻ്റെയോ ക്ളാസിക് കൃതികളുടെയോ തനിയാവർത്തനം ഇഷ്ടപ്പെട്ടില്ല .ഒരു കൃതിയുടെ അർത്ഥങ്ങൾ ആസ്വാദനക്ഷമമാകുന്ന പക്ഷം അതിനു പുതിയൊരു മൂല്യം ഉണ്ടാവണം. വിവേകപൂർണ്ണമായ ഒരു വായന അതാവശ്യപ്പെടുന്നുണ്ട്. ഒരേ മട്ടിൽ ഒരു കൃതി വായിച്ചുകൊണ്ടിരിക്കാൻ പാടില്ല. സാഹിത്യകലയിൽ ഇത് ഒരു അധമപ്രവൃത്തിയാണ്. വായനക്കാരനെന്ന നിലയിൽ വിമർശകൻ്റെ അസ്തിത്വം  അർത്ഥവത്താകുന്നത് ശീലിച്ചുപോയ വായനയിൽനിന്നു അകന്നുമാറി സഞ്ചരിക്കുമ്പോഴാണ് .ഓരോ കാലഘട്ടത്തിലും വായനയുടെ സംസ്കാരം മാറണം .പുതിയ ശൈലിയും ആസ്വാദനരീതിയും ഉണ്ടാവണം .ഒരേ തരം വായന ജീർണിച്ചതാണ്. വിമർശകൻ തൻ്റെ അഭിപ്രായങ്ങൾ ധീരമായി പ്രകടിപ്പിക്കുമ്പോഴാണ് അയാൾ ഒരു ആസ്വാദകനായി നിലനിൽക്കുന്നത്. അഴീക്കോടിൻ്റെ ഭാഷയിൽ 'സ്വപ്രയത്ന സ്ഥൈര്യം' മാത്രമാണ് പ്രധാനമായിട്ടുള്ളത്. 

പുനർമൂല്യവിചാരണ 

എഫ്.ആർ. ലിവിസിൻ്റെ Revaluation:Tradition and development in English Poetry എന്ന കൃതിയിൽ മനുഷ്യനും കലയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും മനുഷ്യാനുഭവത്തെ സമീപിക്കേണ്ട രീതിയെക്കുറിച്ചും സൂചിപ്പിക്കുന്നുണ്ട്. സാഹിത്യവിമർശനം ഒരു പുനർമൂല്യവിചാരണയാണ് എന്ന ആശയമാണ് ലിവിസ് അവതരിപ്പിക്കുന്നത് .സാഹിത്യം പരമമായ ഒരു പന്ഥാവാണ്.  അതിലൂടെ നാം നമ്മുടെ ഐന്ദ്രിയവും വൈകാരികവുമായ ജീവിതത്തെ പുതുക്കുകയും പുതിയ  അവബോധത്തിൽ എത്തിക്കുകയുമാണ് ചെയ്യുന്നത് .ഇതാണ് വീക്ഷണപരമായ നവീകരണം; അല്ലെങ്കിൽ ഖണ്ഡനം  എന്നതുകൊണ്ട് അഴീക്കോട് ഉദ്ദേശിക്കുന്നത് .

കുറേക്കൂടി വ്യക്തമായി അഴീക്കോട് തൻ്റെ  അഭിരുചിക്കു നിദാനമായ നിലപാട് വിശദീകരിക്കുന്നുണ്ട്. "ആവിഷ്കരിക്കപ്പെടുന്ന അനുഭൂതി മഹത്തും ആവിഷ്കരണരീതി അവികലവുമായിട്ടുള്ള കല ഉത്തമകല; അനുഭൂതി തുച്ഛമായാൽ അധമകല; ആവിഷ്കരണരീതി ദുഷ്ടമായാൽ വികലകല. ഒരു കൃതി അധമമോ വികലമോ എന്നു സോപാധികവും ഹൃദയംഗമവുമായി തെളിയിക്കേണ്ട കടമ വിമർശകനുണ്ട്. വ്യക്തികളുടെ വികാരങ്ങൾ പേടിച്ച് അതിൽ നിന്ന് ഒഴിയുന്ന ആൾ വിമർശകനാവില്ല. വായനക്കാരുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് വന്നുചേരുന്ന പിഴവ് തീർത്തുകൊടുക്കലാണ് വിമർശനത്തിന്റെ ഉദ്ദേശ്യങ്ങളിൽ ഒന്നെന്ന് എലിയട്ട് പറയുമ്പോൾ അദ്ദേഹവും റിച്ചാർഡ്സിൻ്റെ കൂടെത്തന്നെ." ചീത്ത അഭിരുചിക്കെതിരെ  പൊരുതേണ്ടവനാണ് വിമർശകൻ എന്ന കാഴ്ചയിലാണ് അഴീക്കോട് ജീവിച്ചത് .വളരെ ആഴത്തിലുള്ള ഒരു ബോധത്തിൽ നിന്നുണ്ടാകുന്നതാണ്.  ഒരു വിമർശകന്റെ സൃഷ്ടികർമ്മം പ്രാഥമികമായി തന്നെ അഭിരുചിയിലാണ് പൂർത്തിയാകുന്നത്. അഭിരുചിയാകട്ടെ നിരന്തരമായി വികസിക്കുന്നതാണ്. ഒരാൾ എഴുതി തുടങ്ങുമ്പോഴുള്ള അഭിരുചിയല്ല പിന്നീടുണ്ടാകുന്നത്. വായനയും മനനവും സ്വന്തം ഇഷ്ടാനിഷ്ടങ്ങളെ പുതുക്കുന്നു ,വികസിപ്പിക്കുന്നു. 

വിമർശകത്രയം

അഴീക്കോട് ശുദ്ധസൗന്ദര്യവും കലയുമാണ് തേടിയതെങ്കിലും അതിനെ പുതിയതായി അനുഭവിക്കുന്നതിൽ ശ്രദ്ധാലുവായിരുന്നു .ഉപനിഷത്തും കാളിദാസനും കുമാരനാശാനും അഴീക്കോടിനെ ഭാവുകത്വപരമായി നിരന്തരം നവീകരിച്ച ഘടകങ്ങളാണ്. ഓരോ വായനയും പുതിയ വിചിന്തനമായി .അതിനുവേണ്ടി സാഹിത്യത്തെ തത്ത്വചിന്തയോടും സാമൂഹികവിചാരത്തോടും ചേർത്തുവച്ചാണ് പരിശോധിച്ചത്. ഒരു പുസ്തകത്തെക്കുറിച്ചുള്ള  കേട്ടുകേൾവിയായി പുലർത്തുന്ന വിശ്വാസങ്ങൾ തിരുത്തപ്പെടാനുള്ള ഉത്തരവാദിത്തം വിമർശകൻ ഏറ്റെടുക്കണം. വിമർശനത്തെക്കുറിച്ച് ഉയർന്നു കേൾക്കുന്ന പ്രതിഷേധസ്വരങ്ങൾ നല്ല സൂചനയായിട്ടാണ് കാണുന്നത്. വിമർശനം വികസിക്കുന്നു എന്നതിൻ്റെ തെളിവാണത്രേ അത്. വിമർശനം അസഹിഷ്ണുക്കളെ സൃഷ്ടിച്ചുകൊണ്ടിരിക്കും. അത് വിമർശനത്തിനു ശക്തിയുള്ളതുകൊണ്ടാണ്. വിമർശനത്തിന്റെ മേലുള്ള അസഹിഷ്ണതയേറുന്തോറും  വിമർശകന്റെ ഭാഗത്തുനിന്ന് ആശയപരിവർത്തനത്തിനുള്ള യുദ്ധകാഹളം മുഴങ്ങിക്കൊണ്ടിരിക്കും. അനുഭൂതിയും വിവേചനവും മൂല്യബോധവുമുള്ള പക്വമാനസനായ ഒരു വായനക്കാരൻ സ്വാഭിപ്രായപ്രകടന ധീരനാവുകയാണെങ്കിൽ, നമുക്ക് ആവശ്യമുള്ള വിമർശകൻ്റെ ഒത്ത അളവായി. പണ്ടത്തെ തലമുറയിൽ ഈ അളവിനൊത്ത ഒരാളെ നമുക്കുണ്ടായിട്ടുള്ളു . സാഹിത്യപഞ്ചാനനൻ പി.കെ.നാരായണപിള്ള. ഇന്നാവട്ടെ മുണ്ടശ്ശേരി ,മാരാര് എന്നിവർ വ്യൂഹമുഖത്തിൽ നിന്നുകൊണ്ട് നീങ്ങി നീങ്ങി മുന്നേറുന്ന ഒരു നല്ല സേനാബലമുണ്ട്. വിമർശനത്തിന്റെ മാത്രമല്ല, സാഹിത്യത്തിൻ്റെ തന്നെ ജയക്കൊടിയാണ് അവരുടെ കൈയിലുള്ളത്." ഇവിടെ ഓർക്കേണ്ട ഒരു വസ്തുത, മലയാളവിമർശനത്തിൽ മുണ്ടശ്ശേരി, മാരാർ, അഴീക്കോട് എന്നിവർ ചേർന്ന വിമർശകത്രയം ഉണ്ടായിരുന്നു എന്നതാണ്. നവീകരണത്തിലും മൂല്യത്തിലും എതിർപ്പിലും മൂവരും നടപ്പാക്കിയ  സാഹിത്യമൂല്യചർച്ചകൾ ഒരു ദിശയിലേക്ക് നീങ്ങുന്നത് കാണാം. മലയാളകവിതയിൽ കുമാരനാശാനെ കേന്ദ്രബിന്ദുവാക്കിക്കൊണ്ട് മുണ്ടശ്ശേരി തുടങ്ങിവച്ച പരിവർത്തനവാദം നമ്മുടെ വായനയെ ആകെ നവീകരിച്ചു. ഇതിനു  അനുകൂലമായ നിലപാടാണ് മാരാരും അഴീക്കോടും സ്വീകരിച്ചത് .അവർ ഏറ്റവും വലിയ കവിയായി കുമാരനാശാനെ കണ്ടു. എഴുത്തച്ഛനേക്കാൾ വലിയ കവിയാണ് കുമാരനാശാൻ എന്നാണ് മൂവരും ചിന്തിച്ചത്. കവിത്രയം എന്ന സങ്കല്പം ഗുണപരമല്ലെന്ന നിലപാടിനു ബലം വന്നത് അങ്ങനെയാണ്. ആശാൻ്റെ കാലാതിവർത്തിയായ നവമാനവ സങ്കല്പവും വിപ്ലവാശയങ്ങളും ഇവിടെ  മുഖ്യഭാവുകത്വത്തെ നിർണയിക്കുകയായിരുന്നു.

മുണ്ടശ്ശേരി ,മാരാര് ,അഴീക്കോട് എന്നിവരടങ്ങിയ വിമർശകത്രയം മലയാള കാവ്യസംസ്കാരത്തെ  പൊളിച്ചു പുതിയൊരു ക്രമമുണ്ടാക്കി. അതാണ് ഇപ്പോൾ നമ്മുടെ വായനയിൽ ആധിപത്യം പുലർത്തുന്നത്.മുണ്ടശ്ശേരിയും മാരാരും അഴീക്കോടും എങ്ങനെയാണ് ഒരുപോലെ ശങ്കരക്കുറുപ്പിനെയും ചങ്ങമ്പുഴയെയും എതിർത്തത് ?ആശയപരമായ ,ബുദ്ധിപരമായ ഐക്യമാണ് അവരിൽ കാണാനാവുന്നത്. ഒരു ത്രയമുണ്ടാകണമെതിൽ ഇങ്ങനെ ആന്തരികമായ കരുത്തിലും രുചിയിലും രമ്യതയുണ്ടാവണം. അവരുടെ സർഗാത്മകമായ വിപ്ലവവും വിമർശനപരമായ എതിരിടലും ഒരേ അഭിരുചിയുടെ വിവിധ മാനങ്ങളായിരിക്കണം അഭിവ്യഞ്ജിപ്പിക്കേണ്ടത് .

മലയാളകവിതയിൽ ആഴമുള്ള വിമർശനം ഇനിയും ഉണ്ടാകേണ്ടതുണ്ടെന്നാണ് അഴീക്കോട് അഭിപ്രായപ്പെടുന്നത്. ചെറുശ്ശേരി, എഴുത്തച്ഛൻ ,നമ്പ്യാർ തുടങ്ങിയ കവികളെക്കുറിച്ചൊക്കെ ,പാഠ്യപുസ്തകങ്ങളുടെ പീഠികയിൽ അച്ചടിച്ചുവച്ചിരിക്കുന്ന കുറെ ജീർണിച്ച നിശ്ചേതനാഭിപ്രായങ്ങളല്ലാതെ ,പുനഃപരിശോധനകളും ആശയനവീകരണങ്ങളും ഒട്ടും പുറത്തുവന്നിട്ടില്ല." കാവ്യത്തിന്റെ വായന എപ്പോഴും പുതിയതാകണമെന്ന ആശയമാണ് ഇവിടെ ഉദ്ബോധിപ്പിക്കുന്നത്. പരമ്പരാഗത വായനകൊണ്ട് തൃപ്തിപ്പെടുന്ന മലയാളം അധ്യാപകരിൽ നിന്നുള്ള അകൽച്ച വ്യക്തം. അദ്ദേഹം ഒരിക്കൽ പറഞ്ഞു: "നമ്മുടെ വ്യക്തിത്വം ഒരു സ്ഥാപനത്തിന്റെയോ സംഘടനയുടെ യോ പരിധിക്കകത്ത് തളച്ചിടപ്പെടാൻ പാടില്ല."എത്ര അധ്യാപകർക്ക് മനസ്സിലാകും ഇതിൻ്റെ ഉള്ളടക്കം ? ഓരോരുത്തരും സ്വയം തടവറ സൃഷ്ടിച്ച് അതിനുള്ളിൽ കയറിയിരിക്കുകയാണ് . വിമർശിക്കാൻ ഭയമുള്ളവർ സ്തുതിപാഠങ്ങൾ ചമയ്ക്കുകയാണ്.  വിമർശനചിന്തയില്ലാത്തവർ ജീർണതയാണ് പ്രചരിപ്പിക്കുന്നത്. ചിന്തയിൽ അനക്കമറ്റ ഒരു ജീവി എന്നു വിമർശകൻ സ്വയം വിശേഷിപ്പിക്കരുതെന്നു അഴീക്കോട് എപ്പോഴും ഓർമ്മിപ്പിക്കുന്നുണ്ട്. 

നളിനിയുടെ വിമർശകർക്ക് താക്കീത് 

ഏതാനും മാസങ്ങൾക്കു മുമ്പ് ഒരു പ്രൊഫസർ കുമാരനാശാന്റെ 'നളിനി'യെക്കുറിച്ച് എഴുതിയ ലേഖനത്തിൽ ആ കാവ്യത്തിലെ നായിക വ്യഭിചാരിണിയാണെന്ന വിഡ്ഢിത്തം തട്ടിവിടുകയുണ്ടായി. വിചാരജീവിതം നശിച്ച ഇത്തരക്കാർക്ക് അഴീക്കോട് ക്രാന്തദർശിയെ പോലെ  എത്രയോ വർഷങ്ങൾക്ക് മുൻപ് ഇതിനു മറുപടി പറഞ്ഞതാണ് ! 'നളിനി പാംസുലയോ ? എന്ന ലേഖനത്തിൽ വിശദമായി തന്നെ മറുപടി പറയുന്നു. ആശാൻ്റെ  അദ്വൈതബോധവും യോഗാനുഭൂതിയും ഗ്രഹിച്ചിട്ടില്ലാത്ത വിമർശകർ അന്നും ഉണ്ടായിരുന്നു. നളിനിയിൽ മുപ്പത്തഞ്ചാം ശ്ലോകം ഇങ്ങനെയാണ്:

"സന്തതം മിഹിരനാത്മശോഭയും
സ്വന്തമാം മധു കൊതിച്ച വണ്ടിനും 
ചന്തമാർന്നരുളിനിൽക്കുമോമലേ ,
ഹന്ത! ധന്യമിഹനിൻ്റെ ജീവിതം ."

എന്നെഴുതിയത് ദുർവ്യാഖ്യാനം ചെയ്തവരാണ് നളിനി പാംസുല (വ്യഭിചാരണി)യാണെന്നു സ്ഥാപിക്കാൻ ശ്രമിച്ചത് .നളിനിയെ ആശാൻ 'ഉഷസ്സന്ധ്യ പോലെ പാവനാംഗിയാൾ'  എന്നു വിവരിക്കുന്നത് മറന്നുകൊണ്ടാണ് ഈ ആക്ഷേപം. "അതിശുഭ്രമായ ഹൈമവതഭൂവിൻ്റെ പ്രശാന്തമായ പശ്ചാത്തലത്തിൽ പോലും തെളിഞ്ഞുമിന്നത്തക്ക വണ്ണം  പരിശുദ്ധതയുടെ പരവെൺകോടിയിലെത്തിയ ഒരു വ്യക്തിജീവിതത്തെ ചിത്രീകരിക്കണമെന്നതായിരുന്നു കാവ്യരചനയിൽ ആശാന്റെ ഉന്നം " എന്നു അഴീക്കോട് സമർത്ഥിക്കുന്നത് കാണാം .ശ്ളോകത്തിൽ താമരയുടെയും വണ്ടിയുടെയും സ്ഥാനം മനസ്സിലാക്കാൻ കഴിവില്ലാത്തവരുണ്ടാകാം. അവരാണ് ഈ വിധം ദരിദ്രവാദം ഉന്നയിച്ചത്. താമര എന്താണ് ചെയ്യുന്നത്? ഏകകാലത്ത് സൂര്യനു ആത്മശോഭയും വണ്ടിനു മധുവും നൽകുന്നു. മധു ഉപഹാരമാണ് .ഇത് തിരിച്ചറിയാതെ അധ:പതിച്ച, ബലഹീനമായ ,വിധ്വംസകമായ  സാഹിത്യാസ്വാദനത്തിനും വിലയിരുത്തലിനും എതിരെ അത്യശക്തമായി പ്രതികരിച്ച യഥാർത്ഥ ഗുരുവാണ് സുകുമാർ അഴീക്കോട്. അദ്ദേഹം നമ്മുടെ സാഹിത്യഭാവനയുടെ ക്രമത്തെയും ചരിത്രത്തെയും സാരമായി സ്വാധീനിച്ചു. പതിറ്റാണ്ടുകളോളം സാഹിത്യതത്ത്വചിന്തയും വിമർശന ആശയങ്ങളും വിശകലനം ചെയ്തു.  കഴിഞ്ഞ അര നൂറ്റാണ്ടിലേറെക്കാലം മലയാളസാഹിത്യവിമർശനത്തിന്റെ കാറും കോളും അഴീക്കോടായിരുന്നു. അഴീക്കോടിൻ്റെ വ്യക്തിപരമായ അഭിരുചിയും മലയാളികൾ ഏറ്റെടുക്കുകയായിരുന്നു.അത് വായനയുടെ സംസ്കാരമായി നമ്മളിൽ അലിഞ്ഞു ചേർന്നു. അഴീക്കോടിൻ്റെ വിമർശനത്തിൽ ധർമ്മപുത്രരുടെ നേരും ഭീമസേനൻ്റെ പോരാട്ടങ്ങളും അടങ്ങിയിരിക്കുന്നു. അദ്ദേഹം വ്യക്തിഗതമായ  അനുഭവങ്ങളല്ല ,മൂല്യങ്ങളിലെ മൗലികമായ പുനരാലോചനകളാണ് വിമർശനത്തിൽ പ്രതിഷ്ഠിച്ചത് .ആ മനീഷിയുടെ  ജന്മശതാബ്ദിയിൽ ഇത് വിചാരഘോഷമാകട്ടെ .


Monday, July 9, 2012

ഹരികുമാറിന്റെ നവചിന്തകൾ


സുകുമാർ അഴിക്കോട്‌
ഒരു പുതിയ സാഹിത്യദാർശനികൻ രംഗത്ത്‌ എത്തിയിരിക്കുന്നു എന്നു നമ്മെ അറിയിക്കുന്ന ദുർലഭഗൗരവമായ ഒരു കൃതിയാണ്‌ ശ്രീ.എം.കെ.ഹരികുമാറിന്റെ 'എന്റെ മാനിഫെസ്റ്റോ' എന്ന പുസ്തകം. ചെറിയ പുസ്തകമാണ്‌. ഇതിലടങ്ങിയ കാഴ്ചകളെക്കുറിച്ച്‌  പ്രാമാണികമായി എഴുതാൻ കഴിവുള്ള മൂന്നു പേരുടെ അഭിപ്രായങ്ങൾ ആദ്യത്തെ നാൽപതോളം പുറങ്ങളിൽ കാണാം. ബാക്കി എൺപതോളം പുറങ്ങളിലാണ്‌  മാനിഫെസ്റ്റോ കൊടുത്തിരിക്കുന്നത്‌.
 പുസ്തകമേ ചെറുതായിട്ടുള്ളൂ. ഗ്രന്ഥകാരന്റെ ലക്ഷ്യവും ചിന്തയും ഒന്നും ചെറുതല്ല . ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ട്‌  കുറച്ച്‌ മാസം കഴിഞ്ഞെങ്കിലും ആ കാലയളവിനുള്ളിൽ മറ്റു സാഹിത്യകൃതികൾക്ക്‌ ലഭിച്ചുകാണാറുള്ള പഠനമോ വിമർശനമോ ഇതിന്‌ കിട്ടിയില്ല എന്നാണ്‌ എന്റെ അറിവ്‌. സാധാരണ പുസ്തക അഭിപ്രായക്കാർ ഇത്‌ മാറ്റി വെക്കുന്നുവെങ്കിൽ  അത്‌ മനസിലാക്കാവുന്നതേയുള്ളു.


 ചിന്ത വികസിക്കുന്നത്‌ അതിന്റെ പൂർവ്വദശകളെ അനന്തരദശകൾ നിരസിക്കുന്നതിലൂടെയാണ്‌ എന്ന ആശയത്തിലാണ്‌ ഹരികുമാറിന്റെ ചിന്തകൾ തിരിഞ്ഞുകൊണ്ടിരിക്കുന്നത്‌. പ്രപഞ്ചത്തിന്റെ ചലനാത്മകത കാരണം ചിന്തയിലും സാഹിത്യത്തിലുമുള്ള പൂർവ്വനിരാസം സ്വാഭാവികവും അനിവാര്യവുമാണ്‌. നിരാസം എന്ന്‌ പറഞ്ഞതുകൊണ്ട്‌ ഹരികുമാർ ഏതോ ഒരു നവനിഷേധത്തിന്റെ വക്താവാണെന്ന്‌ ധരിക്കരുത്‌. പ്രപഞ്ചഘടന നിരാസത്തെ നിർമ്മാണത്തിൽ എത്തിക്കുന്നു.


  യാഥാർത്ഥ്യത്തെ അന്വേഷിച്ചുകൊണ്ടുള്ള ഈ നിരന്തര പ്രയാണത്തിന്റെ ഏകാത്മകതയെ അദ്ദേഹം നവാദ്വൈതം എന്ന്‌ വിളിച്ചിരിക്കുന്നു.  തത്വചിന്തയിൽ സംജ്ഞകളെ തീരെ വർജ്ജിക്കുക എളുപ്പമല്ല. വേദാന്തത്തിൽ തന്നെ ജഡം, മായ  തുടങ്ങിയ സംജ്ഞാവലിയിൽ കുടുങ്ങി  അദ്വൈതത്തിന്റെ മുഖം കണ്ടെത്താൻ പല ആചാര്യമാർക്കും  സാധിക്കാതെ പോയ കാര്യം മറക്കരുത്‌. അദ്വൈതചിന്തയെ ആരും ഒരു കുറ്റിയിലും കെട്ടിനിർത്തിയിട്ടില്ല. ആചാര്യശങ്കരൻ, സത്യസാക്ഷാൽകാരം അനുഭവത്തിൽ അവസാനിക്കുമ്പോഴേ യാഥാർത്ഥ്യമാകുകയുള്ളുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്‌. ഇഹലോകജീവിതത്തിൽ അത്‌ സാധിക്കുകയില്ലെന്ന്‌ ഭാഷ്യങ്ങളിൽ കാണാം. സംജ്ഞകളിൽ കുരുങ്ങി സർവ്വതും ഇല്ലാത്തതാണെന്നുവരെ പറഞ്ഞു നടക്കുന്ന  അദ്വൈതവേദാന്തികൾ നാട്ടിൽ നിറഞ്ഞു .

ഈ വിപത്ത്‌ അറിയാത്ത ആളല്ല ശ്രീ ഹരികുമാർ. ഇന്ത്യയുടെ ആത്മീയത ബ്രാഹ്മണ പൗരോഹത്യമല്ലെന്നും ഓരോരുത്തരും പരമസത്യം അന്വേഷിക്കുന്ന രീതിയാണ്‌ അതെന്നും അദ്ദേഹം എഴുതുന്നത്‌ ശ്രദ്ധിക്കുക. നമ്മുടെ  ബോധത്തിൽ ഈ ആത്മീയധാതു സമ്പത്ത്‌  ഉണ്ടെന്നുളള ഗ്രന്ഥകാരന്റെ നിരീക്ഷണം, നാനാവിധ സിദ്ധാന്തികളുടെ കലാപ ഭൂമിയായ  നമ്മുടെ ആധുനിക സാഹിത്യകാരന്മാരുടെ മനസ്സിൽ ഉടനെത്തേണ്ട വലിയൊരു നിഗമനമാണ്‌.


 ഇന്ത്യയെ സത്യപൂർണ്ണതയിൽ കാണാൻ ശങ്കരഭാഷ്യങ്ങളോ ഭഗവത്‌ ഗീതയോ അല്ല പഠിക്കേണ്ടത്‌  ; ഉപനിഷത്തുകളിലെ ആർഷ ചിന്തകളാണ്‌. ഹരികുമാർ മിക്കവാറും സ്വന്തം മനനവിചാരങ്ങളിലൂടെ എത്തിച്ചേർന്ന സത്യത്തിന്റെ, ഉപനിഷത്തിന്റെ നിമിഷമാണിത്‌. സുപ്രസിദ്ധമായ  'നേതിവാദം ഏത്‌ ചിന്തയെയും 'ഇതല്ല' എന്ന നിരാസത്തിലൂടെ മറ്റൊന്നാവാൻ നമ്മെ പ്രചോദിപ്പിക്കുന്നു. സത്യമെന്താണെങ്കിലും സത്യത്തിന്റെ സത്യം എന്ന മട്ടിൽ കൂടുതൽ അന്വേഷണത്തിലൂടെ  പ്രാപിക്കേണ്ടതാണെന്ന്‌ ഉപദേശിച്ചത് ഞാനിവിടെ അനുസ്മരിച്ചുകൊളളട്ടെ.
 ആധുനികമായ എഴുത്തുകാർ മനനമില്ലാത്ത മനസ്സുകളുടെ ആവിഷ്ക്കാരോപാധിയായി വാക്കിനെ പ്രകോപിപ്പിക്കുമ്പോൾ ഭാഷ മൃതപ്രായമാകുന്നു എന്ന കാഴ്ചയും ശ്രദ്ധേയമാണ്‌. എഴുത്ത്‌  ഇന്ന്‌ മറ്റൊന്നിലൂടെ മാറ്റൊലിയായി മന്ദീഭവിച്ചിരിക്കുന്നു. അവിടെ നിന്ന്‌ പ്രത്യാനയിക്കപ്പെടണമെങ്കിൽ നിരാസത്തിലൂടെയുള്ള നിർമ്മിതിയുടെ മാർഗ്ഗം  സാഹിത്യകാരന്മാർ അനുസരിക്കണം എന്ന്‌ ഗ്രന്ഥകാരൻ വ്യക്തമാക്കിയിരിക്കുന്നു. പഴയ സാഹിത്യകാരന്മാർ സാഹിത്യത്തിന്റെ ജീവൻ ഭാവരമണീയമാണെന്ന്‌ പറഞ്ഞ ഉടനെ,  ആ രമണീയത ഓരോ നിമിഷത്തിലും പുതുമ ഉൾക്കൊള്ളുന്നതാണ്‌ എന്ന്‌ വിശദീകരിച്ചിട്ടുണ്ട്‌. അതിനാൽ ഹരികുമാറിന്റെ ചിന്താഗതി വേണ്ടതുപോലെ പ്രചാരം നേടുകയാണെങ്കിൽ, കേരളത്തിലെങ്കിലും വലിയ എതിർപ്പുകളില്ലാതെ സ്വീകരിക്കപ്പെടുമെന്നാണ്‌ എന്റെ പ്രതീക്ഷ.


 സാഹിത്യവിമർശകൻ എന്ന നിലയ്ക്ക്‌ കൈകൊള്ളാവുന്ന ഏറ്റവും അവികലമായ ഒരു ചിന്താഗതിയിൽ പരസഹായമെന്യേ എത്തിച്ചേർന്ന ഹരികുമാറിനെ എഴുത്തുകാരെങ്കിലും അഭിനന്ദിക്കേണ്ടതാണ്‌.  വിമർശനമെന്നത്‌ നിരാസ സിദ്ധാന്തങ്ങളുടെ സമവായനയാണ്‌. വിവേകപൂർവ്വമായി സത്യത്തെ തള്ളുകയും പ്രാപ്യമായി നിലനിർത്തുകയും അങ്ങനെ ചിന്താപുരോഗതിയുടെ ഡയലിറ്റിക്സ് പ്രവർത്തിക്കുകയും ചെയ്യുന്ന  ഒരു മാനസികപ്രക്രിയയാണ്‌ അത്‌. ഗീതയിലെ  സിദ്ധാന്തങ്ങളേക്കാൾ വിലമതിക്കുന്നത്,  ഒടുവിൽ പാർത്ഥനോട്‌ കൃഷ്ണൻ, ഞാൻ പറഞ്ഞതെല്ലാം കേട്ടിട്ട്‌ ,വിമർശിച്ച്‌ മനസ്സിലാക്കിയതിനുശേഷം, ഇതുപോലെ ചെയ്യുക എന്ന്‌ ഉപദേശിക്കുന്ന ഭാഗമാണ്‌.
 ഗീതയിലെ ഒരു അനുശാസനവും  ആശയരഹസ്യത്തിൽ ഇരിക്കില്ല.  ഈ ദർശനത്തിൽ നിരാസം എന്നുമുണ്ട്‌.  ഇന്നത്തെ സാഹിത്യപ്രവർത്തകർക്ക്‌ ഈ കാഴ്ചപ്പാട്‌ സ്വന്തം ശൈലിയിൽ ചൂണ്ടികാണിച്ചുകൊടുത്ത ഹരികുമാർ വലിയൊരു സേവനമാണ്‌ ആശയരംഗത്ത്‌ ചെയ്തിരിക്കുന്നത്‌.
 നാം ദൈവമാകയാൽ പ്രാർത്ഥന അനാവശ്യമാണെന്നാണ്‌ അദ്വൈതികളുടെ അഭിപ്രായം. താൻ നിരീശ്വരനാണെന്ന്‌ ശങ്കരൻ പറഞ്ഞു. ഈ ബോധപ്രാപ്തി മനുഷ്യരെ അഹങ്കാരികളാക്കില്ല. കാരണം എഴുത്തച്ഛൻ പാടിയതുപോലെ അഖിലം ഞാനാണെന്ന ഭാവത്തിൽ എത്തുന്നവന്‌  ഞാനെന്ന ഭാവം ഉണ്ടാവില്ല.
 ഒരു സ്വതന്ത്രചിന്താശാലി സാഹിത്യലോകത്തിൽ പ്രത്യക്ഷപ്പെടുന്നത്‌ വല്ലപ്പോഴും ആയിരിക്കും. ഇക്കാലത്ത്‌ ആംഗലവിദ്യാഭ്യാസം അഭ്യസ്തവിദ്യരുടെ ധിഷണാമണ്ഡലത്തെ ഓരോ ചെറു കോളനിയായി  രൂപപ്പെടുത്തിവിട്ടിരിക്കുകയാണ്‌. ആന്തരമായ ഈ പരോക്ഷ പാരതന്ത്ര്യത്തിന്റെ യുഗത്തിൽ   ടാഗോർ 'ഗീതാജ്ഞലി' യിൽ പാടിയതുപോലെ ജ്ഞാനസ്വതന്ത്രമായ മനസ്സോടും ശിരസ്സോടും കൂടിയ ഒരു യുവലേഖകനെ കണ്ടുമുട്ടാൻ ഇടയായതിൽ ഞാൻ ഏറെ സന്തുഷ്ടനാണ്‌.
 ശ്രീ ഹരികുമാർ മലയാളസാഹിത്യത്തിൽ പ്രവേശിച്ച ആ കാലത്തു തന്നെ ഒരു ചിന്താപ്രതിഭയുടെ അങ്കുരങ്ങൾ അദ്ദേഹത്തിന്റെ രചനകളിൽ ഞാൻ കണ്ട്‌ അഭിനന്ദിച്ചിരുന്നു.  ആത്മായനങ്ങളുടെ ഖസാക്ക്‌, മനുഷ്യാബരാന്തങ്ങൾ എന്നീ ഗ്രന്ഥങ്ങളുടെ  ശീർഷകങ്ങൾ ചില വായനക്കാരെ അൽപം അകറ്റുന്നതിന്‌ ഇടയാക്കിയിരുന്നെങ്കിലും അവയ്ക്കെല്ലാമപ്പുറത്ത്‌ നിന്ന്‌ ഒരു പുതിയ ചക്രവാളത്തിലേയ്ക്ക്‌ നോട്ടം എത്തിക്കുന്ന ഉത്സുകനായ ഒരു യുവാവിനെ ഞാൻ കണ്ടിരുന്നു. എന്റെ ആ ദൂരക്കാഴ്ച ഇന്ന്‌ ഫലം അണിഞ്ഞുകാണുമ്പോൾ ഞാൻ ചരിതാർത്ഥനായിരിക്കുന്നു.
 ഈ ഗ്രന്ഥത്തിലെ വ്യത്യസ്തമായ ഒരു ഭാഗം 'വാക്യങ്ങൾ' എന്ന സാരസൂക്തങ്ങളാണ്‌. മിക്ക വാക്യങ്ങളും സുഭാഷിതങ്ങൾ എന്ന വർഗ്ഗത്തിൽപ്പെടുത്തക്കവണ്ണം  ചിന്തയുടെ പ്രകാശവും ബുദ്ധിയുടെ സൂക്ഷ്മതയും പ്രകടിപ്പിക്കുന്നവയാണ്‌.


 എങ്കിലും ഏകവാക്യങ്ങൾ അർത്ഥപൂർണ്ണിമയിലെത്താൻ  പ്രയാസമാണ്‌.  വാക്യത്തിന്റെ അർത്ഥം പൂർണ്ണമായി തീരുന്നത്‌, അന്യവാക്യങ്ങളുടെ സാഹചര്യം  സൃഷ്ടിക്കുന്ന പശ്ചാതലത്തിലാണ്‌.തത്ത്വമസി എന്നത്‌ ഒറ്റ മഹാവാക്യമാണെന്ന പ്രസിദ്ധിയുണ്ടായിട്ടും ശ്വേതകേതുവിന്റെ കഥയിൽ ആ വാക്യം വരുമ്പോഴാണ്‌ അതിന്റെ അർത്ഥം തെളിഞ്ഞുവരിക.
 നവാദ്വൈതത്തിന്റെ സുന്ദരമായ ഒരു ദൃഷ്ടാന്തമായിട്ടുണ്ട്‌  'ജലാത്മകത'. വെള്ളം എന്നും ഒരു ഒഴുക്കായിരിക്കുന്നതുപോലെ ചിന്ത എന്നും ഒരു നിത്യധാരയാണ്‌ എന്ന്‌ ചുരുക്കം. വെള്ളത്തെപ്പറ്റിയുള്ള പരമസത്യം അത്‌ സ്വയം നിരപ്പ്‌ കണ്ടെത്തുന്നു (water sees the level)  എന്നതാണല്ലോ. വെള്ളം ഒഴുകുന്നത്‌ അതിന്റെ നിരപ്പ്​‍്‌ കണ്ടെത്താനാണ്‌. നവചിന്തകൾക്ക്‌ നൂതനത്വം കൽപിക്കുന്നതിൽ യുക്തിഭംഗമുണ്ട്‌.
നവചിന്താപ്രവണത നൂതനമാണെങ്കിൽ  നവത്വം എന്തിനാണ്‌ ?  നിരന്തരമായി നടക്കുന്നത്‌ , പരിവർത്തനം നിരന്തരമാണെന്ന്‌  പറയുമ്പോൾ ആ പരിവർത്തനനിയമത്തിന്‌ എവിടെവച്ചെങ്കിലും ഒരു മാറ്റം ഉണ്ടാകണമല്ലോ.പരിവർത്തനം പരിവർത്തനവിധേയമാകുമ്പോൾ കേവലത -അഥവാ - വെള്ളത്തിന്റെ നിരപ്പ്‌ അനുഭവപ്പെടുന്നു.  ആ അനുഭവം മനുഷ്യന്‌ പ്രാപ്യമല്ലായിരിക്കാം. പക്ഷേ മാറ്റത്തിന്റെ പരമമായ പ്രേരണ ഇതാണ്‌.
 ശ്രീ ഹരികുമാർ ഈ വശം കണ്ടിട്ടുണ്ട്‌ എന്ന്‌ സമ്മതിക്കുന്നു. പക്ഷേ ചിന്താപരമായ നിശ്ചേഷ്ടത ഒരു ദേശീയ സംസ്ക്കാരമാക്കി ഉയർത്തിയവരുടെ മുമ്പിൽ അനസ്യൂതമായ നിരാസവാദം അതിന്റെ ഫലം ഉളവാക്കാതിരിക്കില്ല.


 ലോകത്തിലെ മഹാന്മാരുടെ ചിന്തകളെല്ലാം ചേർന്ന്‌ ഒരു മഹാചിന്തയെ അവതരിപ്പിക്കുന്നു എന്ന ഒരു ഏകവാക്യം ഞാൻ കുറിക്കട്ടെ. ഈ ഗ്രന്ഥനിരൂപണത്തിൽ ഞാൻ പറയാൻ ഉദ്ദേശിച്ച ആശയം ഇതാണ്‌ : - ആചാര്യന്മാർ അദ്വൈതം  എന്ന ഈ പുസ്തകത്തിൽ നവാദ്വൈതം എന്ന്‌ പറഞ്ഞിട്ടുണ്ടെങ്കിലും, അവയുടെ വ്യത്യാസം  കൂടുതലും വായനാഭേദത്തിന്റേതാണ്‌. നമുക്ക്‌ ചിന്തകളുടെ  സമവായന ആണ്‌ ആവശ്യം ; വ്യത്യസ്തതയല്ല. വ്യത്യസ്തത, വേദത്തിൽ പ്രസ്താവിച്ചതുപോലെ വാക്കുകളുടെ വ്യത്യാസമാണ്‌ - സത്യം ഒന്ന്‌,  വിദ്വാന്മാർ പലതരത്തിൽ പറയുന്നു എന്ന പ്രശസ്ത സൂക്തം ശ്രദ്ധിക്കുക. തന്റെ വ്യത്യസ്ത വചനത്തിലൂടെ സത്യത്തിന്റെ  ഏകത്വം കണ്ടെത്താനുള്ള  ശ്രീ ഹരികുമാറിന്റെ അസാധാരണമായ അന്വേഷണസാഹസമായ ഈ ഗ്രന്ഥം അർത്ഥവത്തായ വിമർശനങ്ങൾക്കൊണ്ട്‌ ആദരിക്കപ്പെടട്ടെ എന്ന്‌ ആശംസിച്ചുകൊള്ളുന്നു.
 ഈ ഗ്രന്ഥം ഒരാശയനിവേദനമാണ്‌. ഇതിന്‌ മാനിഫെസ്റ്റോ എന്ന പൊതു പ്രസ്താവന സ്വഭാവമുള്ള പേര്‌ എത്രത്തോളം ഇണങ്ങും ?.

എന്റെ മാനിഫെസ്റ്റോ,
എം.കെ.ഹരികുമാർ
ഗ്രീൻ ബുക്സ്‌
തൃശൂർ, വില : 85 രൂപ

pho: 0487 2422515 







ഉത്തര-ഉത്തരാധുനികത
[സിദ്ധാന്തം]
എം.കെ.ഹരികുമാർ
ആല്ഫാ വൺ
കണ്ണൂർ
rs 100/
pho.0497 2713737
95447004339544700435
എന്റെ ജ്ഞാനമുകുളങ്ങൾ
[സൂക്തങ്ങൾ]
എം.കെ.ഹരികുമാർ
ഗ്രീൻ ബുക്സ്
85/
pho.0487 2422515



മറവിയുടെ നിർമ്മാണം
[നിരൂപണ സിദ്ധാന്തം]
എം.കെ.ഹരികുമാർ
എസ്.പി.സി.എസ്
കോട്ടയം
rs 80/



എന്റെ മാനിഫെസ്റ്റോ
[തത്ത്വചിന്ത]
എം.കെ.ഹരികുമാർ
ഗ്രീൻ ബുക്സ്
തൃശൂർ
വില 85/
pho.0487 2422515

Friday, May 20, 2011

ഹരികുമാറിന്റെ നവചിന്തകൾ







സുകുമാർ അഴിക്കോട്‌

ഒരു പുതിയ സാഹിത്യദാർശനികൻ രംഗത്ത്‌ എത്തിയിരിക്കുന്നു എന്നു നമ്മെ അറിയിക്കുന്ന ദുർലഭഗൗരവമായ ഒരു കൃതിയാണ്‌ ശ്രീ.എം.കെ.ഹരികുമാറിന്റെ 'എന്റെ മാനിഫെസ്റ്റോ' . ചെറിയ പുസ്തകമാണ്‌. ഇതിലടങ്ങിയ കാഴ്ചകളെക്കുറിച്ച്‌ പ്രാമാണികമായി എഴുതാൻ കഴിവുള്ള മൂന്നു പേരുടെ അഭിപ്രായങ്ങൾ ആദ്യത്തെ നാൽപതോളം പുറങ്ങളിൽ കാണാം. ബാക്കി എൺപതോളം പുറങ്ങളിലാണ്‌ മാനിഫെസ്റ്റോ കൊടുത്തിരിക്കുന്നത്‌.
പുസ്തകമേ ചെറുതായിട്ടുള്ളൂ. ഗ്രന്ഥകാരന്റെ ലക്ഷ്യവും ചിന്തയും ഒന്നും ചെറുതല്ല ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ട്‌ കുറച്ച്‌ മാസം കഴിഞ്ഞെങ്കിലും ആ കാലയളവിനുള്ളിൽ മറ്റു സാഹിത്യകൃതികൾക്ക്‌ ലഭിച്ചുകാണാറുള്ള പഠനമോ വിമർശനമോ ഇതിന്‌ കിട്ടിയില്ല എന്നാണ്‌ എന്റെ അറിവ്‌. സാധാരണ പുസ്തക അഭിപ്രായക്കാർ ഇത്‌ മാറ്റി വെക്കുന്നുവെങ്കിൽ അത്‌ മനസിലാക്കാവുന്നതേയുള്ളു.
ചിന്ത വികസിക്കുന്നത്‌ അതിന്റെ പൂർവ്വദശകളെ അനന്തരദശകൾ നിരസിക്കുന്നതിലൂടെയാണ്‌ എന്ന ആശയത്തിലാണ്‌ ഹരികുമാറിന്റെ ചിന്തകൾ തിരിഞ്ഞുകൊണ്ടിരിക്കുന്നത്‌. പ്രപഞ്ചത്തിന്റെ ചലനാത്മകത കാരണം ചിന്തയിലും സാഹിത്യത്തിലുമുള്ള പൂർവ്വനിരാസം സ്വാഭാവികവും അനിവാര്യവുമാണ്‌. നിരാസം എന്ന്‌ പറഞ്ഞതുകൊണ്ട്‌ ഹരികുമാർ ഏതോ ഒരു നവനിഷേധത്തിന്റെ വക്താവാണെന്ന്‌ ധരിക്കരുത്‌. പ്രപഞ്ചഘടന നിരാസത്തെ നിർമ്മാണത്തിൽ എത്തിക്കുന്നു.
യാഥാർത്ഥ്യത്തെ അന്വേഷിച്ചുകൊണ്ടുള്ള ഈ നിരന്തര പ്രയാണത്തിന്റെ ഏകാത്മകതയെ അദ്ദേഹം നവാദ്വൈതം എന്ന്‌ വിളിച്ചിരിക്കുന്നു.
തത്വചിന്തയിൽ സംജ്ഞകളെ തീരെ വർജ്ജിക്കുക എളുപ്പമല്ല. വേദാന്തത്തിൽ തന്നെ ജഡം, മായ തുടങ്ങിയ സംജ്ഞാവലിയിൽ കുടുങ്ങി അദ്വൈതത്തിന്റെ മുഖം കണ്ടെത്താൻ പല ആചാര്യമാർക്കും സാധിക്കാതെ പോയ കാര്യം മറക്കരുത്‌. അദ്വൈതചിന്തയെ ആരും ഒരു കുറ്റിയിലും കെട്ടിനിർത്തിയിട്ടില്ല. ആചാര്യശങ്കരൻ, സത്യസാക്ഷാൽകാരം അനുഭവത്തിൽ അവസാനിക്കുമ്പോഴേ യാഥാർത്ഥ്യമാകുകയുള്ളുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്‌. ഇഹലോകജീവിതത്തിൽ അത്‌ സാധിക്കുകയില്ലെന്ന്‌ ഭാഷ്യങ്ങളിൽ കാണാം. സംജ്ഞകളിൽ കുരുങ്ങി സർവ്വതും ഇല്ലാത്തതാണെന്നുവരെ പറഞ്ഞു നടക്കുന്ന അദ്വൈതവേദാന്തികൾ നാട്ടിൽ നിറഞ്ഞു.
ഈ വിപത്ത്‌ അറിയാത്ത ആളല്ല ശ്രീ ഹരികുമാർ. ഇന്ത്യയുടെ ആത്മീയത ബ്രാഹ്മണ പൗരോഹത്യമല്ലെന്നും ഓരോരുത്തരും പരമസത്യം അന്വേഷിക്കുന്ന രീതിയാണ്‌ അതെന്നും അദ്ദേഹം എഴുതുന്നത്‌ ശ്രദ്ധിക്കുക. നമ്മുടെ ബോധത്തിൽ ഈ ആത്മീയധാതു സമ്പത്ത്‌ ഉണ്ടെന്നുളള ഗ്രന്ഥകാരന്റെ നിരീക്ഷണം, നാനാവിധ സിദ്ധാന്തികളുടെ കലാപ ഭൂമിയായ നമ്മുടെ ആധുനിക സാഹിത്യകാരന്മാരുടെ മനസ്സിൽ ഉടനെത്തേണ്ട വലിയൊരു നിഗമനമാണ്‌.
ഇന്ത്യയെ സത്യപൂർണ്ണതയിൽ കാണാൻ ശങ്കരഭാഷ്യങ്ങളോ ഭഗവത്‌ ഗീതയോ അല്ല പഠിക്കേണ്ടത്‌ ; ഉപനിഷത്തുകളിലെ ആർഷചിന്തകളാണ്‌. ഹരികുമാർ മിക്കവാറും സ്വന്തം മനനവിചാരങ്ങളിലൂടെ എത്തിച്ചേർന്ന സത്യത്തിന്റെ, ഉപനിഷത്തിന്റെ നിമിഷമാണിത്‌. സുപ്രസിദ്ധമായ 'നേതിവാദം ഏത്‌ ചിന്തയെയും 'ഇതല്ല' എന്ന നിരാസത്തിലൂടെ മറ്റൊന്നാവാൻ നമ്മെ പ്രചോദിപ്പിക്കുന്നു. സത്യമെന്താണെങ്കിലും സത്യത്തിന്റെ സത്യം എന്ന മട്ടിൽ കൂടുതൽ അന്വേഷണത്തിലൂടെ പ്രാപിക്കേണ്ടതാണെന്ന്‌ ഉപദേശിച്ചതു ഞാനിവിടെ അനുസ്മരിച്ചുകൊളളട്ടെ.
ആധുനികരായ എഴുത്തുകാർ മനനമില്ലാത്ത മനസ്സുകളുടെ ആവിഷ്ക്കാരോപാധിയായി വാക്കിനെ പ്രകോപിപ്പിക്കുമ്പോൾ ഭാഷ മൃതപ്രായമാകുന്നു എന്ന കാഴ്ചയും ശ്രദ്ധേയമാണ്‌. എഴുത്ത്‌ ഇന്ന്‌ മറ്റൊന്നിലൂടെ മാറ്റൊലിയായി മന്ദീഭവിച്ചിരിക്കുന്നു. അവിടെ നിന്ന്‌ പ്രത്യാനയിക്കപ്പെടണമെങ്കിൽ നിരാസത്തിലൂടെയുള്ള നിർമ്മിതിയുടെ മാർഗ്ഗം സാഹിത്യകാരന്മാർ അനുസരിക്കണം എന്ന്‌ ഗ്രന്ഥകാരൻ വ്യക്തമാക്കിയിരിക്കുന്നു. പഴയ സാഹിത്യകാരന്മാർ സാഹിത്യത്തിന്റെ ജീവൻ ഭാവരമണീയമാണെന്ന്‌ പറഞ്ഞ ഉടനെ, ആ രമണീയത ഓരോ നിമിഷത്തിലും പുതുമ ഉൾക്കൊള്ളുന്നതാണ്‌ എന്ന്‌ വിശദീകരിച്ചിട്ടുണ്ട്‌. അതിനാൽ ഹരികുമാറിന്റെ ചിന്താഗതി വേണ്ടതുപോലെ പ്രചാരം നേടുകയാണെങ്കിൽ, കേരളത്തിലെങ്കിലും വലിയ എതിർപ്പുകളില്ലാതെ സ്വീകരിക്കപ്പെടുമെന്നാണ്‌ എന്റെ പ്രതീക്ഷ.
സാഹിത്യവിമർശകൻ എന്ന നിലയ്ക്ക്‌ കൈകൊള്ളാവുന്ന ഏറ്റവും അവികലമായ ഒരു ചിന്താഗതിയിൽ പരസഹായമെന്യേ എത്തിച്ചേർന്ന ഹരികുമാറിനെ എഴുത്തുകാരെങ്കിലും അഭിനന്ദിക്കേണ്ടതാണ്‌. വിമർശനമെന്നത്‌ നിരാസ സിദ്ധാന്തങ്ങളുടെ സമവായനയാണ്‌. വിവേകപൂർവ്വമായി സത്യത്തെ തള്ളുകയും പ്രാപ്യമായി നിലനിർത്തുകയും അങ്ങനെ ചിന്താപുരോഗതിയുടെ ഡയലക്റ്റിക്സ്​ പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന ഒരു മാനസികപ്രക്രിയയാണ്‌ അത്‌. ഗീതയിലെ സിദ്ധാന്തങ്ങളേക്കാൾ ഞാൻ വിലമതിക്കുന്നത്, ഒടുവിൽ പാർത്ഥനോട്‌ കൃഷ്ണൻ, ഞാൻ പറഞ്ഞതെല്ലാം കേട്ടിട്ട്‌ വിമർശിച്ച്‌ മനസ്സിലാക്കിയതിനുശേഷം ഇതുപോലെ ചെയ്യുക എന്ന്‌ ഉപദേശിക്കുന്ന ഭാഗമാണ്‌.
ഗീതയിലെ ഒരു അനുശാസനവും ആശയരഹസ്യത്തിൽ ഇരിക്കില്ല. ഈ ദർശനത്തിൽ നിരാസം എന്നുമുണ്ട്‌. ഇന്നത്തെ സാഹിത്യപ്രവർത്തകർക്ക്‌ ഈ കാഴ്ചപ്പാട്‌ സ്വന്തം ശൈലിയിൽ ചൂണ്ടികാണിച്ചുകൊടുത്ത ഹരികുമാർ വലിയൊരു സേവനമാണ്‌ ആശയരംഗത്ത്‌ ചെയ്തിരിക്കുന്നത്‌.
നാം ദൈവമാകയാൽ പ്രാർത്ഥന അനാവശ്യമാണെന്നാണ്‌ അദ്വൈതികളുടെ അഭിപ്രായം. താൻ നിരീശ്വരനാണെന്ന്‌ ശങ്കരൻ പറഞ്ഞു. . ഈ ബോധപ്രാപ്തി മനുഷ്യരെ അഹങ്കാരികളാക്കില്ല. കാരണം എഴുത്തച്ഛൻ പാടിയതുപോലെ, അഖിലം ഞാനാണെന്ന ഭാവത്തിൽ എത്തുന്നവന്‌ ഞാനെന്ന ഭാവം ഉണ്ടാവില്ല.
ഒരു സ്വതന്ത്രചിന്താശാലി സാഹിത്യലോകത്തിൽ പ്രത്യക്ഷപ്പെടുന്നത്‌ വല്ലപ്പോഴും ആയിരിക്കും. ഇക്കാലത്ത്‌ ആംഗലവിദ്യാഭ്യാസം അഭ്യസ്തവിദ്യരുടെ ധിഷണാമണ്ഡലത്തെ ഓരോ ചെറു കോളനിയായി രൂപപ്പെടുത്തിവിട്ടിരിക്കുകയാണ്‌. ആന്തരമായ ഈ പരോക്ഷ പാരതന്ത്ര്യത്തിന്റെ യുഗത്തിൽ ടാഗോർ 'ഗീതാജ്ഞലി' യിൽ പാടിയതുപോലെ ജ്ഞാനസ്വതന്ത്രമായ മനസ്സോടും ശിരസ്സോടും കൂടിയ ഒരു യുവലേഖനെ കണ്ടുമുട്ടാൻ ഇടയായതിൽ ഞാൻ ഏറെ സന്തുഷ്ടനാണ്‌.
ശ്രീ ഹരികുമാർ മലയാളസാഹിത്യത്തിൽ പ്രവേശിച്ച ആ കാലത്തു തന്നെ ഒരു ചിന്താപ്രതിഭയുടെ അങ്കുരങ്ങൾ അദ്ദേഹത്തിന്റെ രചനകളിൽ ഞാൻ കണ്ട്‌ അഭിനന്ദിച്ചിരുന്നു. ആത്മായനങ്ങളുടെ ഖസാക്ക്‌, മനുഷ്യാബരാന്തങ്ങൾ എന്നീ ഗ്രന്ഥങ്ങളുടെ ശീർഷകങ്ങൾ ചില വായനക്കാരെ അൽപം അകറ്റുന്നതിന്‌ ഇടയാക്കിയിരുന്നെങ്കിലും അവയ്ക്കെല്ലാമപ്പുറത്ത്‌ നിന്ന്‌ ഒരു പുതിയ ചക്രവാളത്തിലേയ്ക്ക്‌ നോട്ടം എത്തിക്കുന്ന ഉത്സുകനായ ഒരു യുവാവിനെ ഞാൻ കണ്ടിരുന്നു. എന്റെ ആ ദൂരക്കാഴ്ച ഇന്ന്‌ ഫലം അണിഞ്ഞുകാണുമ്പോൾ ഞാൻ ചരിതാർത്ഥനായിരിക്കുന്നു.

ഈ ഗ്രന്ഥത്തിലെ വ്യത്യസ്തമായ ഒരു ഭാഗം 'വാക്യങ്ങൾ' എന്ന സാരസൂക്തങ്ങളാണ്‌. മിക്ക വാക്യങ്ങളും സുഭാഷിതങ്ങൾ എന്ന വർഗ്ഗത്തിൽപ്പെടുത്തത്തക്കവണ്ണം ചിന്തയുടെ പ്രകാശവും ബുദ്ധിയുടെ സൂക്ഷ്മതയും പ്രകടിപ്പിക്കുന്നവയാണ്‌.
എങ്കിലും ഏകവാക്യങ്ങൾ അർത്ഥപൂർണ്ണിമയിലെത്താൻ പ്രയാസമാണ്‌. വാക്യത്തിന്റെ അർത്ഥം പൂർണ്ണമായി തീരുന്നത്‌, അന്യവാക്യങ്ങളുടെ സാഹചര്യം, സൃഷ്ടിക്കുന്ന പശ്ചാതലത്തിലാണ്‌.തത്ത്വമസി എന്നത്‌ ഒറ്റ മഹാവാക്യമാണെന്ന പ്രസിദ്ധിയുണ്ടായിട്ടും ശ്വേതകേതുവിന്റെ കഥയിൽ ആ വാക്യം വരുമ്പോഴാണ്‌ അതിന്റെ അർത്ഥം തെളിഞ്ഞുവരിക.
നവാദ്വൈതത്തിന്റെ സുന്ദരമായ ഒരു ദൃഷ്ടാന്തമായിട്ടുണ്ട്‌ 'ജലാത്മകത'. വെള്ളം എന്നും ഒരു ഒഴുക്കായിരിക്കുന്നതുപോലെ ചിന്ത എന്നും ഒരു നിത്യധാരയാണ്‌ എന്ന്‌ ചുരുക്കം. വെള്ളത്തെപ്പറ്റിയുള്ള പരമസത്യം അത്‌ സ്വയം നിരപ്പ്‌ കണ്ടെത്തുന്നു (water finds its level}എന്നതാണല്ലോ. വെള്ളം ഒഴുകുന്നത്‌ അതിന്റെ നിരപ്പ്​
കണ്ടെത്താനാണ്‌. നവചിന്തകൾക്ക്‌ നൂതനത്വം കൽപിക്കുന്നതിൽ യുക്തിഭംഗമുണ്ട്‌.
നവചിന്താപ്രവണത നൂതനമാണെങ്കിൽ നവത്വം എന്തിനാണ്‌ ? നിരന്തരമായി നടക്കുന്നത്‌ ? പരിവർത്തനം നിരന്തരമാണെന്ന്‌ പറയുമ്പോൾ ആ പരിവർത്തനനിയമത്തിന്‌ എവിടെവച്ചെങ്കിലും ഒരു മാറ്റം ഉണ്ടാകണമല്ലോ.പരിവർത്തനം പരിവർത്തനവിധേയമാകുമ്പോൾ കേവലത -അഥവാ - വെള്ളത്തിന്റെ നിരപ്പ്‌ അനുഭവപ്പെടുന്നു. ആ അനുഭവം മനുഷ്യന്‌ പ്രാപ്യമല്ലായിരിക്കാം. പക്ഷേ മാറ്റത്തിന്റെ പരമമായ പ്രേരണ ഇതാണ്‌.
ശ്രീ ഹരികുമാർ ഈ വശം കണ്ടിട്ടുണ്ട്‌ എന്ന്‌ സമ്മതിക്കുന്നു. പക്ഷേ ചിന്താപരമായ നിശ്ചേഷ്ടത ഒരു ദേശീയ സംസ്ക്കാരമാക്കി ഉയർത്തിയവരുടെ മുമ്പിൽ അനസ്യൂതമായ നിരാസവാദം അതിന്റെ ഫലം ഉളവാക്കാതിരിക്കില്ല.
ലോകത്തിലെ മഹാന്മാരുടെ ചിന്തകങ്ങളെല്ലാം ചേർന്ന്‌ ഒരു മഹാചിന്തയെ അവതരിപ്പിക്കുന്നു എന്ന ഒരു ഏകവാക്യം ഞാൻ കുറിക്കട്ടെ. ഈ ഗ്രന്ഥനിരൂപണത്തിൽ ഞാൻ പറയാൻ ഉദ്ദേശിച്ച ആശയം ഇതാണ്‌ : - ആചാര്യന്മാർ അദ്വൈതം എന്ന ഈ പുസ്തകത്തിൽ നവാദ്വൈതം എന്ന്‌ പറഞ്ഞിട്ടുണ്ടെങ്കിലും, അവയുടെ വ്യത്യാസം കൂടുതലും വായനാഭേദത്തിന്റേതാണ്‌. നമുക്ക്‌ ചിന്തകളുടെ സമവായന ആണ്‌ ആവശ്യം ; വ്യത്യസ്തതയല്ല. വ്യത്യസ്തത, വേദത്തിൽ പ്രസ്താവിച്ചതുപോലെ വാക്കുകളുടെ വ്യത്യാസമാണ്‌ - സത്യം ഒന്ന്‌, വിദ്വാന്മാർ പലതരത്തിൽ പറയുന്നു എന്ന പ്രശസ്ത സൂക്തം ശ്രദ്ധിക്കുക. തന്റെ വ്യത്യസ്ത വചനത്തിലൂടെ സത്യത്തിന്റെ ഏകത്വം കണ്ടെത്താനുള്ള ശ്രീ ഹരികുമാറിന്റെ അസാധാരണമായ അന്വേഷണസാഹസമായ ഈ ഗ്രന്ഥം അർത്ഥവത്തായ വിമർശനങ്ങൾക്കൊണ്ട്‌ ആദരിക്കപ്പെടട്ടെ എന്ന്‌ ആശംസിച്ചുകൊള്ളുന്നു.
ഈ ഗ്രന്ഥം ഒരാശയനിവേദനമാണ്‌. ഇതിന്‌ മാനിഫെസ്റ്റോ എന്ന പൊതു പ്രസ്താവന സ്വഭാവമുള്ള പേര്‌ എത്രത്തോളം ഇണങ്ങും ?.

എന്റെ മാനിഫെസ്റ്റോ
എം.കെ.ഹരികുമാർ
ഗ്രീൻ ബുക്സ്‌
തൃശൂർ, വില : 85 രൂപ