Followers

Tuesday, October 20, 2026

പദായനങ്ങൾ -10 എം.കെ.ഹരികുമാർ /വൃദ്ധനും കടലും




എന്താണ് താങ്കൾ കലയിലൂടെ കണ്ടെത്തുന്നതെന്ന ചോദ്യത്തിനു വിഖ്യാത സാഹിത്യകാരനായ ഏണസ്റ്റ് ഹെമിംഗ്വേ(Ernst Hemingway)പറഞ്ഞ ഉത്തരം ഇതാണ്: "അത്ര ആശയക്കുഴപ്പത്തിലാകാൻ എന്തുണ്ട്? സംഭവിച്ച കാര്യങ്ങളിൽ നിന്നും നിലവിലുള്ള കാര്യങ്ങളിൽ നിന്നും നിങ്ങൾക്കറിയാവുന്ന എല്ലാ കാര്യങ്ങളിൽ നിന്നും നിങ്ങൾക്ക് അറിയാൻ കഴിയാത്തവയിൽ നിന്നും, നിങ്ങളുടെ ഭാവനയിലൂടെ നിങ്ങൾ ഒരു പുതിയ കാര്യം ഉണ്ടാക്കുന്നു—അത് വെറുമൊരു പകർത്തലല്ല, മറിച്ച് യഥാർത്ഥവും ജീവനുള്ളതുമായ ഏതിനേക്കാളും സത്യമുള്ള ഒരു പുതിയ സംഗതിയാണ്. നിങ്ങൾ അതിന് ജീവൻ നൽകുന്നു, അത്യാവശ്യം നന്നായി ചെയ്താൽ നിങ്ങൾ അതിന് അനശ്വരതയും നൽകുന്നു. അതുകൊണ്ടാണ് നിങ്ങൾ എഴുതുന്നത്, നിങ്ങൾക്ക് അറിയാവുന്ന വേറെ ഒരു കാരണത്താലുമല്ല. എന്നാൽ ആർക്കും അറിയാത്ത എല്ലാ കാരണങ്ങളെപ്പറ്റിയോ?"

തലമുറകളെ വായിപ്പിച്ച ഹെമിംഗ്വേയുടെ ഇതുവരെ പ്രസിദ്ധീകരിക്കാത്ത ഒരു കഥ ഏതാനും വർഷങ്ങൾക്കു മുമ്പ് 'ദ് ന്യൂയോര്‍ക്കറി'ല്‍ വന്നു.'പഴ്‌സ്യൂട്ട് ആസ് ഹാപ്പിനസ്'(Pursuit as Happiness)എന്നാണ് കഥയുടെ പേര്: സന്തോഷമായി പിന്തുടരുക.1956 ല്‍ ഹെമിംഗ്വേ എഴുതിയ 'വൃദ്ധനും കടലും'(The old man and the sea) പ്രസിദ്ധമാണല്ലോ. ഒരു കൂറ്റന്‍ മത്സ്യത്തെ വേട്ടയാടിപ്പിടിക്കുന്നതും ഒടുവില്‍ അത് ഉപയോഗശൂന്യമാവുന്നതുമാണ് പ്രമേയം. പുറത്തുവന്നിരിക്കുന്ന ചെറുകഥയിലും ഒരു മത്സ്യത്തെ വേട്ടയാടുന്ന ഹെമിംഗ്വെയെയും സുഹൃത്തുക്കളെയും കാണാം. ഇത് ആത്മകഥാപരമായ ഒരു വിവരണമാണ്. ആത്മകഥയും 'കഥ' തന്നെയാണല്ലോ. ഹെമിംഗ്വേയുടെ ചെറുമകന്‍ സീന്‍ ഹെമിംഗ്വേ ബോസ്റ്റണിലെ ജോണ്‍ എഫ് കെന്നഡി ലൈബ്രറി ആന്‍ഡ് മ്യൂസിയത്തിലെ ഹെമിംഗ്വേ ഗ്രന്ഥശേഖരത്തില്‍ നിന്നാണ് ടൈപ്പ് ചെയ്ത് ഉപേക്ഷിച്ചതായി കാണപ്പെട്ട ഈ കഥ കണ്ടെടുത്തത്.അദ്ദേഹം പറയുന്നു: "എന്തുകൊണ്ടാണ് ഈ കഥ ശ്രദ്ധിക്കപ്പെടാതെ പോയതെന്ന് മനസ്സിലാകുന്നില്ല. ഇത് അസാധാരണമായ ഒരു മുത്താണ്, വൃദ്ധനും കടലും പോലെ.
ഈ കഥയെ 'വൃദ്ധനും കടലും’ എഴുതുന്നതിനു മുമ്പുള്ള ഒരു പരിശീലനമായി കാണാമെന്നാണ് സീനിന്റെ അഭിപ്രായം. രണ്ടു രചനകള്‍ക്കും തമ്മില്‍ നല്ല സാമ്യമുണ്ട്. രണ്ടിലും ഒരു മത്സ്യത്തെ വേട്ടയാടുന്നു. കഥാന്ത്യത്തില്‍, രണ്ടിലും നിരാശയുണ്ട്.ഈ കഥയുടെ കൈയെഴുത്തു പ്രതിയുടെ കോപ്പി പ്രിന്‍സെറ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ സ്‌ക്രിബ്‌നര്‍ ആര്‍ക്കീവിലും കണ്ടെത്തിക്കഴിഞ്ഞു. ഏണസ്റ്റ് എന്ന വ്യക്തിയാണ് കഥ പറയുന്നത്. ഏണസ്റ്റും സുഹൃത്ത് മിസ്സ് ജോസിയുമാണ് പ്രധാന കഥാപാത്രങ്ങള്‍. 1933 ലാണ് കഥ നടക്കുന്നത്.

'വൃദ്ധനും കടലും' എന്ന ചെറുനോവല്‍ ഒരു ക്ലാസിക്കായി മാറിയത് ചരിത്രമാണ്. സാന്റിയാഗോ എന്ന അധ്വാനിയായ വൃദ്ധന്റെ അതിജീവനമാണത്. വൃദ്ധൻ എണ്‍പത്തിനാല് ദിവസമായി മീന്‍ പിടിക്കാന്‍ കഴിയാതെ നിരാശയില്‍ കഴിയുകയായിരുന്നു. ഒരു വയസ്സനു ചൂണ്ടയിടാന്‍ കഴിഞ്ഞേക്കും; അതിൽ അത്ഭുതമില്ല. ഒരു വലിയ മത്സ്യത്തെ കരയിലെത്തിക്കുന്നത് അയാളുടെ സ്വപ്‌നമായിരുന്നു. അതിലൂടെ തന്റെ സമീപത്തുള്ളവര്‍ക്കിടയില്‍ താന്‍ പരാജയപ്പെട്ടവനല്ലെന്നു തെളിയിക്കാനാകും. ഒരു ഘട്ടം കഴിയുമ്പോള്‍ ജീവിതം എന്നാല്‍ നിശ്ചലതയോ നിര്‍വ്വികാരതയോ പിന്തിരിഞ്ഞു നോട്ടമോ ആകാം. പരാജയം, നിരാശ, മരണം എന്നിവയെല്ലാം നാമറിയാതെ തന്നെ ആവേശിക്കും. വയസ്സാകല്‍ മാനസികവ്യഥകളിലേക്കുള്ള പരിണാമ പ്രക്രിയയായി മാറാവുന്നതാണ്. എന്തായാലും വയസ്സാകലില്‍ ഒരു മനോവ്യാധിയുടെ അവസ്ഥാന്തരങ്ങള്‍ ചിതറിക്കിടപ്പുണ്ട്. അതിനെ അതിജീവിക്കാൻ ഒരുക്കം ആവശ്യമാണ്.

എണ്‍പത്തിയഞ്ചാം ദിവസം വൃദ്ധന്‍ തന്റെ വള്ളവുമായി ക്യൂബന്‍ തീരത്തു നിന്ന് കടലിലേക്ക് കുതിച്ചു. കുറെ ദൂരം പിന്നിട്ടപ്പോഴാണ് ആ വലിയ മത്സ്യത്തെ കണ്ടത്. അയാള്‍ അതിനെ തന്റെ കുന്തമെറിഞ്ഞ് പിടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അയാളെയും വലിച്ചുകൊണ്ട് ആ മത്സ്യം വീണ്ടും കടലിലേക്ക് കുതിച്ചു. രണ്ടു ദിവസമാണ് വൃദ്ധൻ മത്സ്യത്തിന്റെ പിന്നാലെ ചുറ്റിത്തിരിഞ്ഞത്. മൂന്നാം ദിവസം മത്സ്യത്തെ അടുപ്പിച്ചു.

അയാള്‍ മത്സ്യത്തെ കരയ്‌ക്കെത്തിക്കാനായി കഠിനമായി പരിശ്രമിച്ചുകൊണ്ടു തുഴഞ്ഞു. എന്നാല്‍ മാര്‍ഗ്ഗമധ്യേ, വലിയ മത്സ്യത്തെ സ്രാവുകള്‍ ആക്രമിക്കുന്നതാണ് കണ്ടത്. സ്രാവുകള്‍ വലിയ മീനിന്റെ മാംസം കൊത്തിത്തിന്നാന്‍ തുടങ്ങിയിരുന്നു. ഏതാനും സ്രാവുകളെ വൃദ്ധന്‍ വകവരുത്തിയെങ്കിലും അവയുടെ ആക്രമണത്തില്‍ നിന്ന് വലിയ മത്സ്യത്തെ രക്ഷപ്പെടുത്താനായില്ല.
പുലര്‍ച്ചെ തീരത്ത് എത്തുമ്പോള്‍ അയാൾ പിടിച്ച പതിനെട്ടടി നീളമുള്ള വലിയ മത്സ്യത്തിന്റെ മാംസമെല്ലാം നഷ്ടപ്പെട്ടിരുന്നു.തലയും നട്ടെല്ലും വാലും മാത്രമുള്ള അസ്ഥികൂടമാണ് അവശേഷിച്ചത്. വൃദ്ധൻ അതിനെ തീരത്ത് ഉപേക്ഷിച്ച് ഉറങ്ങാന്‍ പോകുകയാണ്. പ്രത്യേകമായ ഒരു വിഷാദം അയാളെ ബാധിക്കുന്നില്ല.

ഹെമിംഗ്വേ നല്കുന്ന സൂചന വളരെ ആഴത്തില്‍ ചെന്നുകൊള്ളുന്നു. ജീവിതത്തിന്റെ സാരമാണത്. നമ്മുടെ സ്വപ്‌നങ്ങളുടെ പരിണാമം .അതില്‍ വാര്‍ദ്ധക്യത്തിന്റെയും മരണത്തിന്റെയും അര്‍ത്ഥങ്ങളുണ്ട്. കാലത്തിന്റെ സ്വഭാവം ആ അസ്ഥികൂടമായ മത്സ്യത്തില്‍ സ്പന്ദിക്കുകയാണ്. ആഗ്രഹങ്ങളുടെ നൈമിഷികമായ സാക്ഷാത്കാരത്തിനു ശേഷം എല്ലാം ജഡതുല്യമായിത്തീരുന്നു.മനുഷ്യന്‍ വിജയിക്കുന്നതിൻ്റെ ചിത്രമല്ല ഇവിടെയുള്ളത്.വിജയമാണെന്ന് തെറ്റിദ്ധരിച്ച് മൂല്യത്തിൻ്റെ ജഡത്തെ കെട്ടിവലിച്ചുകൊണ്ട് നടക്കരുതെന്നാണ് ഈ നോവൽ നൽകുന്ന സൂചന. വൃദ്ധൻ ക്രൂരത പ്രവർത്തിച്ചു.ആ തെറ്റ് മനസിലാക്കാൻ അയാളുടെ ഈഗോ അനുവദിക്കുന്നില്ല. കടലിൽ നീന്തിത്തുടിച്ച ഒരു മത്സ്യത്തെ തൻ്റെ വിജയത്തിനും അഹന്തയ്ക്കും മത്സരത്തിനുമായി പിന്തുടർന്നു കൊല്ലുന്നത് ക്രൂരതയാണ്. എന്നാൽ മനുഷ്യൻ എല്ലായ്‌പോഴും, പക്ഷേ കുതിച്ചുപായാനാണ് കൊതിക്കുന്നത്. കൈവിട്ടു പോകുമെന്ന് അറിയാമെങ്കിലും സാഹസികമായി അത് നേടാന്‍ നോക്കും.സാന്റിയാഗോ എന്ന മനുഷ്യന്‍ അതിന്റെ ഉദാഹരണമാണ്. മിഥ്യയെ എതിര്‍വശത്തു നിര്‍ത്തിക്കൊണ്ടാണ് ആ മനുഷ്യൻ ജീവിതാവേശത്തിന്റെ സാന്റിയാഗോ ആകുന്നത്. ആ ചത്ത മീനിന്റെ എല്ലിന്‍ കൂട് മനുഷ്യജീവിതത്തെ നോക്കുകയാണ്. വിഷണ്ണത ഒരു സ്വഭാവമല്ല, ഒരു താത്കാലിക പ്രതികരണമാണ്.

ഒരിക്കല്‍ ഹെമിംഗ്വേയോട് ഒരാള്‍ ചോദിച്ചു എന്താണ് നല്ല എഴുത്തെന്ന് ? അദ്ദേഹം പറഞ്ഞു: "സത്യസന്ധമായ എഴുത്താണ് നല്ല എഴുത്ത്. ഒരാൾ ഒരു കഥ ഭാവന ചെയ്യുകയാണെങ്കിൽ, തന്റെ ജീവിതാനുഭവങ്ങളെക്കുറിച്ചുള്ള അറിവിനും എത്രത്തോളം ആത്മാർത്ഥതയോടെ അയാൾ അത് ചെയ്യുന്നുണ്ട് എന്നതിനും ആനുപാതികമായിരിക്കും ആ കഥയിലെ സത്യസന്ധത; അതുകൊണ്ട് അയാൾ എന്തെങ്കിലും കെട്ടിച്ചമയ്ക്കുമ്പോൾ, അത് യഥാർത്ഥത്തിൽ എങ്ങനെയോ അതുപോലെ തന്നെയായിരിക്കും." ജിവിതാനുഭവത്തെക്കുറിച്ച് ഒരാൾക്ക് എന്തുമാത്രം അറിവുണ്ടോ അത്രയും മാത്രമേ അയാളുടെ സത്യസന്ധതയ്ക്ക് കടന്നു ചെല്ലാനാകൂ. ഇതിൽ പരിമിതി പ്രകടമാണ്.

പദായനനങ്ങൾ -9 എം.കെ. ഹരികുമാർ/ജീവിതത്തിനു അർത്ഥം കണ്ടെത്താൻ




ഓസ്ട്രിയൻ ന്യൂറോളജിസ്റ്റും സൈക്യാട്രിസ്റ്റുമായിരുന്ന വിക്ടർ ഫ്രാങ്ക് (1905-1997) ലോകമന:ശാസ്ത്രജ്ഞനായ സിഗ്മണ്ട് ഫ്രോയിഡുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. മനുഷ്യൻ സന്തോഷത്തെയാണ് പ്രധാനമായി കാണുന്നതെന്നും അതിനു വേണ്ടി ജീവിക്കുന്നതാണ് അവൻ്റെ ജന്മവാസനയെന്നും ഫ്രോയിഡ് വാദിച്ചു. എന്നാൽ ഫ്രാങ്ക് മനുഷ്യൻ്റെ വിജയം ജീവിതത്തിനു അർത്ഥം കണ്ടെത്തുന്നതിലാണെന്നു അഭിപ്രായപ്പെട്ടു.യെസ് ടു ലൈഫ് ,മാൻസ് സെർച്ച് ഫോർ മീനിംഗ് എന്നീ പുസ്തകങ്ങളിൽ ഫ്രാങ്കിൻ്റെ മന:ശാസ്ത്രപരവും താത്വികവുമായ ആശയങ്ങൾ അടങ്ങിയിരിക്കുന്നു.

1942-1945 കാലത്ത് ഫ്രാങ്കും കുടുംബവും ഹിറ്റ്ലറുടെ തടങ്കൽ പാളയത്തിലായിരുന്നു. ജീവൻ നിലനിർത്താനാകുമെന്ന് ഒരു പ്രതീക്ഷയുമില്ലായിരുന്നു. തടവറയിൽ നിന്ന് രക്ഷപ്പെടുക പ്രയാസമാണല്ലോ.  അക്കാലത്ത് അദ്ദേഹത്തിന്  മാതാപിതാക്കളെയും ഭാര്യയെ നഷ്ടപ്പെട്ടു. ആ പ്രയാസമേറിയ ഇരുണ്ട കാലത്ത് മനസ്സിൽ എങ്ങനെയാണ് ജീവിതത്തിന്റെ പ്രതീക്ഷയുടെ  തിരിനാളം അങ്കുരിച്ചതെന്ന് അദ്ദേഹം വിവരിക്കുന്നുണ്ട്. എത്ര വലിയ യാതനയിലും നാം ജീവിതത്തിന് ഒരു അർത്ഥമുണ്ടെന്ന കാര്യം കൈവിടരുത് .ഒരു ഉദ്ദേശമുണ്ടായാൽ പുറത്തുവീഴുന്ന ചാട്ടവാറടികളെ അതിജീവിക്കാനാവും. 

1946 ൽ പുറത്തുവന്ന 'മാൻസ് സെർച്ച് ഫോർ മീനിങ്' എന്ന കൃതി കോൺസെൻട്രേഷൻ ക്യാമ്പിലെ പീഡാനുഭവങ്ങൾ രേഖപ്പെടുത്തുന്നു. സന്തോഷം തേടുന്നതല്ല ,അർത്ഥം അന്വേഷിക്കുന്നതാണ് ജീവിതത്തിന്റെ നിലനിൽപ്പിന് പ്രധാനമെന്ന് അദ്ദേഹം പറയുന്നു.യാതനയുടെ കാലത്ത് ഈ ജീവിതലക്ഷ്യം നഷ്ടപ്പെടുത്തരുത്. ചുറ്റുപാടുകളിൽ നിന്ന് നാം ഒരു ലക്ഷ്യം കണ്ടെത്തണം .അസഹനീയമായ കഷ്ടപ്പാടുകളില്‍ ജീവിക്കുമ്പോൾ മനസ്സ് മടക്കുന്നതിന് പകരം വ്യക്തിപരമായ അനുഭവത്തിന്റെ മൂല്യവും അതിജീവിക്കാനുള്ള ശക്തിയുമാണ് തിരയേണ്ടത്.
ഒരു അവശൻ അവശതയിൽ ഫോക്കസ് ചെയ്യരുത്. 

തൻ്റെ മന:ശാസ്ത്രപരമായ സമീപനത്തെ അദ്ദേഹം ലോഗോതെറാപ്പി എന്നാണ് വിളിച്ചത്. ജീവിതത്തിൻ്റെ അർത്ഥം കണ്ടെത്തുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ജീവിതത്തിൽ എന്ത് തിരഞ്ഞെടുക്കണമെന്ന് നാം തീരുമാനിക്കണം. ജീവിതത്തിൻ്റെ പരമപ്രധാനമായ കാര്യം ജീവിക്കുന്നതിന് ഒരർത്ഥം തേടുകയാണ് .ജീവിതത്തിന്റെ അർത്ഥത്തെ സ്വയം അനുഭവിച്ചറിയണം. അദ്ദേഹം എഴുതുന്നു: വിജയിക്കുക എന്നതല്ല ലക്ഷ്യമായി കാണേണ്ടത് .ഒരു ലക്ഷ്യത്തെ മാത്രം കേന്ദ്രീകരിച്ചാൽ അത് നഷ്ടപ്പെടും. സന്തോഷം പോലെയാണ് വിജയവും. അതിനെ പിന്തുടരരുത്, നഷ്ടപ്പെടും. അത് സ്വാഭാവികമായി സംഭവിക്കേണ്ടതാണ്. അത് ഒരു പാർശ്വഫലമായി വരേണ്ടതാണ്. വിജയത്തിന് വേണ്ടി പോരാടാതെ അത് സംഭവിക്കണം. നിങ്ങളോട് മനസ്സാക്ഷി എന്താണ് പറയുന്നതെന്ന് ശ്രദ്ധിക്കണം. അത് നിർവഹിക്കാൻ പരമാവധി ശക്തി ഉപയോഗിക്കുക. അത് നിങ്ങൾക്ക് ദീർഘകാലാടിസ്ഥാനത്തിൽ ഫലം തരുന്നു. വിജയം നിങ്ങളുടെയടുത്തേക്ക് വരും. കാരണം നിങ്ങൾ അതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ലല്ലോ.

നമ്മൾ ജീവിതത്തിന് അർത്ഥം നൽകുന്നത് പ്രവൃത്തികളിലൂടെ  മാത്രമല്ല, സ്നേഹത്തിലൂടെയും പിന്നീട് പ്രയാസങ്ങളിലൂടെയുമാണ്. മനുഷ്യൻ തൻ്റെ സാധ്യതകളെ മുൻനിർത്തി ഒരു പ്രശ്നത്തെ എങ്ങനെ അഭിമുഖീകരിക്കുന്നു എന്ന വിഷയമുണ്ട്. അവന്റെ പ്രവർത്തനങ്ങളെ ,സ്നേഹിക്കാനുള്ള കഴിവിനെ അത് എങ്ങനെ ബാധിക്കുന്നു എന്നത് ഗൗരവമേറിയതാണ് .ഈ നിയന്ത്രണങ്ങൾക്കകത്ത് അവൻ എങ്ങനെ പെരുമാറുന്നു, ഈ ചുറ്റുപാടിൽ അവൻ സ്വന്തം വിഷമങ്ങളെ എങ്ങനെ ഉൾക്കൊള്ളുന്നു എന്ന് നോക്കുക.ഇതിലെല്ലാം അവൻ്റെ മൂല്യം കാണാം. 

ജീവിതത്തില്‍ സന്തോഷത്തിനാണ് ഒന്നാം സ്ഥാനമെന്ന് കരുതുന്നവരുണ്ട്.  രാജ്യങ്ങള്‍ പോലും ഇന്ന് ആളുകളുടെ ആളോഹരി ആനന്ദമാണ് പരിശോധിക്കുന്നത്. ലൗകികമായ അര്‍ത്ഥത്തിലല്ലെങ്കില്‍ പോലും പ്രപഞ്ചസാരം തേടിയ ഋഷികളും ആനന്ദത്തെക്കുറിച്ച് പറയുന്നുണ്ട്. സകല ജീവികളും ആനന്ദത്തിനായി ഉത്സുകരാവുന്നു. നേരിട്ട് ആനന്ദം സാക്ഷാത്കരിക്കാന്‍ പ്രകൃതിയില്‍ തന്നെ പരിമിതികള്‍ ഉള്ളതുകൊണ്ട് മനുഷ്യര്‍ അവലംബിത മാര്‍ഗ്ഗങ്ങള്‍ തേടുന്നു. കലാരൂപങ്ങളില്‍ നിന്ന് കിട്ടുന്നത് ഈ അനുഭവമാണ്. പരോക്ഷമായി ആനന്ദത്തിന്റെ സാധ്യമായ ഒരിടമാണത്. അതിന്റെയര്‍ത്ഥം ജൈവലോകത്തിനു ആനന്ദം നിഷിദ്ധമല്ലെന്നാണ്. ഒരു ശലഭം വെറുതെ പറക്കുന്നു; എത്രയോ ആനന്ദകരമായ കാഴ്ചയാണത്. പ്രപഞ്ചലീലയുടെ സരളമായ ആനന്ദാനുഭവമാണത്. ശലഭവും ഇതുതന്നെ നേടുന്നു. യാതൊന്നിന്റെയും ബൗദ്ധികമോ സദാചാരപരമോ സാമൂഹ്യമോ ആയിട്ടുള്ള പദാവലിയുടെ ഭാരമില്ലാതെ തന്നെ അവയ്ക്ക് പറക്കാനാവുന്നു. ഭൂമിയിലെ ജീവികളുടെ സഹജമായ ആത്മീയതയാണിത്.

അതേസമയം, ഈ ആനന്ദം പലപ്പോഴും കൈയെത്തും ദൂരത്തിനും അപ്പുറമാണ്. ആനന്ദം എങ്ങനെയാണ് നഷ്ടമാകുന്നത്? നമ്മുടെ കൈയില്‍ സുലഭമായ ആനന്ദമുണ്ട്. എന്നാല്‍ അത് നമുക്ക് നഷ്ടപ്പെടുന്നു. ഇതല്ലേ സത്യം? നഷ്ടപ്പെടാതിരിക്കാന്‍ എന്താണ് ചെയ്യേണ്ടത് എന്ന ചോദ്യം എപ്പോഴും ഉയരുന്നു. പല ചിന്തകന്മാരും മന:ശാസ്ത്രജ്ഞന്മാരും എപ്പോഴും ഇതേക്കുറിച്ചുള്ള പ്രമാണങ്ങളും കണ്ടെത്തലുകളും ആവിഷ്‌കരിക്കുകയാണ്.

ജീവിതത്തെ ജീവിക്കാന്‍ കൊള്ളാതാക്കുന്നതിനെതിരായി ചിലത് ചെയ്യേണ്ടതുണ്ട്. തടങ്കല്‍ പാളയങ്ങളില്‍ കഴിയുന്നവര്‍ പൊതുവേ നിരാശയില്‍ മുങ്ങിത്താഴുകയാണ് പതിവ്. അവിടെനിന്ന് ക്ഷതമേല്‍ക്കാതെ, ജീവിതത്തിന്റെ വിഹായസ്സിലേക്ക് തിരിച്ചെത്താന്‍ കഷ്ടപ്പെട്ടണം. ഫ്രാങ്ക് അതിന്റെ നല്ല ഉദാഹരണമാണ്. അദ്ദേഹം പറയുന്ന പ്രധാനപ്പെട്ട ഒരു കാര്യം, നമ്മുടെ ഭാവിയെ സര്‍ഗ്ഗാത്മകമായി നവീകരിക്കുന്നതിന് തടസ്സമാകുന്ന തരത്തില്‍ ഒരു ചിന്തയ്ക്ക്  അടിമപ്പെടരുതെന്നാണ്. സ്വാമി വിവേകാനന്ദന്‍ പറഞ്ഞത് പോലെ എഴുന്നേല്‍ക്കൂ, ജാഗ്രതയോടെ ഇരിക്കൂ എന്ന ആശയം നമുക്ക് ഓര്‍മ്മിക്കാവുന്നതാണ്. ഉണര്‍ന്നില്ലെങ്കില്‍ നാം സ്വന്തം നരകത്തിലേക്ക് ചെന്ന് വീഴും.

ജീവിതത്തില്‍ കുറെയൊക്കെ പുരോഗതി നേടിയെന്ന് വിചാരിക്കുക. എന്നാല്‍ അതുകൊണ്ട് വിജയം നിലനില്‍ക്കില്ല. അതിനെ പുനര്‍ഭാവനകളിലൂടെ മുന്നോട്ട് നയിക്കണം. അദ്ദേഹം എഴുതുന്നു: "നമ്മള്‍ നേരിട്ട യാതനകളെ ഉള്‍ക്കൊള്ളാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. മഹാനായ ദസ്തയേവ്‌സ്‌കി ഇത് പറഞ്ഞിട്ടുണ്ട്. നമ്മുടെ യാതനകളെ ഉള്ളില്‍ താങ്ങാന്‍ കഴിയുകയാണെങ്കില്‍ അത് വലിയൊരു പുരോഗതിയാണ്. ഇത് ആത്മീയമായ സ്വാതന്ത്ര്യമാണ്. ഇത് എങ്ങോട്ടും എടുത്തുമാറ്റാനാവാത്തതാണ്. ഇത് ജീവിതത്തിന് അര്‍ത്ഥമുണ്ടാക്കുന്നു."

വിക്ടര്‍ പറയുന്നത്, നമ്മള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ നമ്മളെ തേടി വരുന്നതിനു ചില കാരണങ്ങള്‍ ഉണ്ടായിരിക്കാമെന്നാണ്. അതുകൊണ്ട് അതിന് മൂല്യമുണ്ട്. ആ മൂല്യത്തെ നമ്മള്‍ ഉള്‍ക്കൊള്ളണം. ആ അനുഭവങ്ങള്‍ ഒരാളെ ആത്മീയമായി സ്വതന്ത്രമാക്കാനുള്ളതാണ്. മനുഷ്യന്‍ സ്വന്തം പരിത:സ്ഥിതികളില്‍ വെറുതെ അമരേണ്ടവനല്ല; അവന് നിശ്ചയങ്ങളെടുക്കാനുള്ള സിദ്ധിയുണ്ട്. അങ്ങനെയാണ് അവന്‍ ജീവിക്കുന്നത്. ജീവിതത്തിന്റെ ലക്ഷ്യമെന്താണെന്ന് ചിന്തിച്ചുകൊണ്ടാണ് മനുഷ്യന്‍ സ്വന്തം അസ്തിത്വത്തെ മാറ്റിത്തീര്‍ക്കുന്നത്; അതിന്റെ അര്‍ത്ഥത്തെ പുനര്‍മൂല്യനിര്‍ണയം ചെയ്യുന്നത്. ഇതനുസരിച്ച് ഓരോ വ്യക്തിയും സന്ദര്‍ഭോചിതമായി സ്വയം മാറാനുള്ള സ്വാതന്ത്ര്യമെടുക്കുന്നു. സ്വന്തം അവസ്ഥയോട് എന്ത് സമീപനമാണ് താനെടുക്കുന്നതെന്ന് ചിന്തിക്കുന്നത് മനുഷ്യന്റെ സ്വാതന്ത്ര്യമാണ്. ഈ സ്വാതന്ത്ര്യം നഷ്ടപ്പെടുത്താന്‍ പാടില്ല.

അര്‍ത്ഥത്തെ ആരായുമ്പോള്‍
കേവലമായ സന്തോഷമല്ല, അതിനും അപ്പുറമാണ് ഉണ്ടാകുന്നത്. വധശിക്ഷ നടപ്പാക്കും മുമ്പ് പ്രതിയോട് എന്ത് ഭക്ഷണമാണ് കൊണ്ടുവരേണ്ടത് എന്ന് ചോദിക്കുന്നു എന്ന് കരുതുക. അവന്‍ തന്റെ ചിരകാല അഭിലാഷമായിരുന്ന മുന്തിയ ഭക്ഷണം ആവശ്യപ്പെടുന്നു. അതു വാങ്ങി കഴിച്ച ശേഷം മരിക്കുകയാണ്. ഇത് സ്വാതന്ത്ര്യമല്ല. ഈ സ്വാതന്ത്ര്യം ആത്മഹത്യാപരമാണ്. നമ്മെ സര്‍ഗാത്മകമായി പുനർവിന്യസിക്കുന്നതിനും അര്‍ത്ഥത്തെ കണ്ടെത്തുന്നതിനുമുള്ള സ്വാതന്ത്ര്യമാണ് പ്രധാനം

പദായനങ്ങൾ -8/ എം.കെ.ഹരികുമാർ /മറവിക്കെതിരെ ഓർമ്മയുടെ കാലാൾപ്പട




ഇന്നത്തെ ജീവിതം ഓർമകളെ വേറൊരു രീതിയിൽ നിർവ്വചിക്കുകയാണ്. ഓർക്കുന്തോറും മറക്കുകയാണ്. ഇൻഫർമേഷൻ അല്ലെങ്കിൽ വിവരം ഒരു ദുരന്തമായിരിക്കുന്നു. ജീവിതത്തിൻ്റെ നൈസർഗികവും സസ്യാത്മകവുമായ നന്മയെ ,ശാന്തതയെ മുഴുവൻ നശിപ്പിക്കുന്ന വിധം അനാവശ്യവും കൃത്രിമവുമായ വിവരങ്ങളുടെ ഓവർലോഡ് വ്യക്തിയുടെ തലയിൽ കയറ്റി വച്ചിരിക്കയാണ്. ഇൻഫർമേഷൻ ഓവർലോഡ് മനുഷ്യനെ ഒരു ചവറ്റുകൂനയാക്കുന്നു .ഇൻസ്റ്റഗ്രാമിൽ ഒരു സെക്കൻഡിൽ പത്തു ലക്ഷത്തിലധികം ഫോട്ടോകളാണ്  വന്നു നിറയുന്നത്. ഒന്നുപോലും സൂക്ഷിച്ചുവയ്ക്കാനാവില്ല. മൊബൈലിൽ ഇടമുണ്ടാകില്ല. സൂക്ഷിച്ച വച്ചവ തന്നെ കുറെ കഴിയുമ്പോൾ ഡിലീറ്റ് ചെയ്യുണ്ടി വരും. കാണുക ,മറക്കുക എന്നതാണ് നമുക്ക് വിധിച്ചിരിക്കുന്നത്. ഓർക്കുന്തോറും മറവി നിർമ്മിക്കപ്പെടുന്നു. ഫെയ്സ്ബുക്ക് പോസ്റ്റുകളും മറക്കാനുള്ളതാണ്. ഓർക്കാനുള്ള നമ്മുടെ ശേഷിക്കപ്പുറത്താണ് ഇന്ന് വിവരങ്ങളുടെ പ്രവാഹം .ഒരാൾക്ക് അയാളുടെ പോസ്റ്റുകൾ പോലും ഓർക്കുന്നതിന് പരിമിതിയുണ്ട്. ഒരു മാസം വരെയൊക്കെ ഓർക്കാം .പിന്നീട് പരതി നോക്കിയാൽ കാണുമായിരിക്കും. എന്നാൽ പഴയ പോസ്റ്റുകൾ പെട്ടെന്ന് കണ്ടെത്താൻ പ്രയാസമാണ്. ചുരുക്കത്തിൽ ഇന്ന് ജീവിതവും സാഹചര്യങ്ങളും മറക്കാനാണ് പ്രേരിപ്പിക്കുന്നത്. വിവരസങ്കേതങ്ങളുടെയും രേഖകളുടെയും അമിത പ്രവാഹം നമ്മെ പരിക്ഷീണിതരാക്കുകയാണ്. ഓരോ ഇടപാടിനു ശേഷവും ഒഴിഞ്ഞ പാത്രം പോലെ മനസ് ശൂന്യമാകുന്നു. ചുറ്റുപാടും വ്യാപിക്കുന്ന ഈ മറവി ഒരു നിർമാണമാണ്. അതിൻ്റെ ഫലമായി മനുഷ്യർക്ക് മറവി ഒരു രോഗമോ രക്ഷപ്പെടലോ പിൻവാങ്ങലോ ആയിത്തീരുന്നു. അൾഷിമേഴ്സ് ബാധിച്ചിട്ടില്ലെങ്കിലും നാം മറവിയിൽ നിന്ന് മുക്തരല്ല. 

എന്നാൽ സാഹിത്യം ഓർമകളുടെയും ഭാവനകളുടെയും കലയാണ്.  ഓര്‍മ്മകള്‍ ഒഴിവാക്കാനാവില്ല. ഓര്‍മ്മകള്‍ അതിന്റെ രക്തമാണ്. ആത്മാവുമാണ്. അസ്തിത്വമാണ്, അസ്തിത്വത്തിന്റെ തെളിവാണ്. മറവിക്കെതിരെ ഒരു കാലാൾപ്പടയെ നയിക്കേണ്ടതുണ്ട്.ജീവിച്ചതിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ വേറൊരു ജീവിതമാകുകയാണ്. ഓർമകൾ പൊട്ടിപ്പിളർന്ന് വളരുകയാണ്. 
എന്നാല്‍ ഓര്‍മ്മകളോടുള്ള അതിരുവിട്ട ആസക്തി, ചിലപ്പോള്‍ എഴുത്തിന്റെ ഗൗരവം കുറയ്ക്കാനും ഇടയാക്കുന്നു. ഉപരിപ്ളവമായ ഓര്‍മ്മകള്‍ പ്രത്യേകിച്ചൊന്നും തരുന്നില്ല. എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങള്‍ കൂടുതല്‍ വിശദമായി എഴുതേണ്ടതില്ല. അത് അധികപ്രസംഗമല്ല, അതിദാരുണമായ ഒരവസ്ഥയായി മാറാം. സ്വന്തമായി ഒന്നും പറയാനില്ലാതെ വരുമ്പോഴാണ് എഴുത്തുകാരന്‍ എല്ലാവരുടെയും ഓര്‍മ്മകളെ ആശ്രയിക്കുന്നത്. ഇത് ഒരു വീഴ്ചയാണ്. എഴുത്തുകാരൻ ഓർമകളെ ഖനനം ചെയ്യണം. 

ഓര്‍മ്മയെഴുത്ത് ഇവിടെ രണ്ടായി പിരിയുകയാണ്. എല്ലാവര്‍ക്കും അറിയാവുന്ന ഒരു ഭൂതകാലം നല്ലൊരു എഴുത്തുകാരന് വെല്ലുവിളിയാകുന്നില്ല. അതില്‍ വിശേഷിച്ചൊന്നുമില്ലല്ലോ. അത് പലരും കയറിയിറങ്ങിപ്പോയ ഒരു പൊതുവഴി മാത്രമാണ്. എന്നാല്‍ അജ്ഞാത വഴികള്‍ തേടുമ്പോഴാണ് സാഹിത്യമുണ്ടാകുന്നത്. ആരുടെയും ഓര്‍മ്മയില്‍ ഇല്ലാത്തത് പര്യവേക്ഷണം ചെയ്ത് കണ്ടുപിടിക്കണം. പ്രമുഖ ഫ്രഞ്ച് എഴുത്തുകാരനായ മാര്‍സല്‍ പ്രൂസ്ത് (Marcel Prousth ,1871-1922) ഒരു മഹാസ്തംഭമായി ഈ വഴിയില്‍ നില്ക്കുകയാണ്. പ്രൂസ്തിന്റെ നോവല്‍  Remembrance of Things Past ആ പേരുകൊണ്ടു തന്നെ വ്യക്തമാണല്ലോ, ഭൂതകാലത്തെ സൃഷ്ടിക്കുകയാണ്! ഭൂതകാലത്തെ എഴുതുന്നതും സൃഷ്ടിക്കുന്നതും ഒന്നല്ല. സാഹിത്യ അക്കാദമിയും ഉത്തരാധുനികരും ചെയ്യുന്നത് ഭൂതകാലത്തെ എഴുതുക മാത്രമാണ്. പന്നിയിറച്ചി കറി വച്ചത്, കല്യാണത്തലേന്ന് സദ്യയൊരുക്കിയത് തുടങ്ങിയവ എഴുതുന്നത് പൊതു ഓര്‍മ്മകളുടെ ഭാഗമാണ്.

താന്‍ മാത്രമല്ല ജീവിച്ചത് എന്നാണ് ഓര്‍മ്മകള്‍ സൃഷ്ടിക്കുന്നതിലൂടെ പ്രൂസ്ത് അര്‍ത്ഥമാക്കുന്നത്. ഇത് സ്വന്തം മനസ്സിന്റെ നിര്‍മ്മാണവുമാണ്.
1922 ലാണ് പ്രൂസ്തിന്റെ ഏഴ് വാല്യങ്ങളുള്ള 'റിമബ്രന്‍സ് ഓഫ് തിംഗ്‌സ് പാസ്റ്റ്' ഫ്രഞ്ചില്‍ നിന്ന് ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. പിന്നീട് പുതിയ പതിപ്പ് തയാറാക്കിയപ്പോള്‍ ഇതിന്റെ പേര് In Search of Lost Time എന്നാക്കി. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ എഴുത്തുകാരനാണ് പ്രൂസ്ത് എന്ന് ഇംഗ്ലീഷ് നോവലിസ്റ്റ് ഗ്രഹാം ഗ്രീന്‍ പറഞ്ഞിട്ടുണ്ട്. 

പ്രൂസ്തിന്റെ ഓര്‍മ്മകളുടെ നിര്‍മ്മാണം എന്ന സങ്കേതം ഇന്ന് സാഹിത്യലോകം ഒരു വേദപുസ്തകം പോലെ പിന്തുടരുന്നുണ്ട്. ഒരാളുടെ സര്‍ഗ്ഗശേഷിക്കൊത്താണ് ഇത് വിപുലമാകുന്നത്. ഇവിടെ കുറേക്കൂടി ഗൗരവമായ ഒരു കണ്ടെത്തല്‍ ആവശ്യമായിരിക്കുന്നു. ഒരാള്‍ ഓര്‍മ്മകള്‍ എങ്ങനെ കണ്ടെത്തും? അത് ഒരാളുടെ ശാരീരികവും മാനസികവുമായ പ്രത്യേകതകളില്‍ നിന്നാണ് ഉണ്ടാകുന്നത്. നമുക്ക് ഇഷ്ടമുള്ളത്, നമ്മെ ഏതെങ്കിലും തരത്തില്‍ ആകര്‍ഷിക്കുന്നത് മാത്രമേ നമ്മുടെ ഓര്‍മ്മകളായി പരിണമിക്കുകയുള്ളു അല്ലാത്തതൊക്കെ വ്യക്തിയുടെ വ്യവസ്ഥയില്‍ നിന്ന് പുറന്തള്ളപ്പെടും. നമ്മുടെ നിരീക്ഷണത്തിനു വിധേയമാകാത്തതെല്ലാം ജൈവവ്യവസ്ഥയുമായി ചേരാത്തതാണ്. മനസ്സിനും ശരീരത്തിനും ആവശ്യമുള്ളതാണ് ഓര്‍മ്മകളായി നാം കൊണ്ടുനടക്കുന്നത്. ഇത് ബോധപൂര്‍വ്വം സംഭവിക്കുന്നതല്ല. ആന്തരികമായ ഒരു സംവേദനക്ഷമതയുണ്ട്. ഇത് വ്യക്തിപരമായ ജൈവവ്യവസ്ഥയില്‍ നിന്നാണ് ഉണ്ടാകുന്നത്. അമ്പതു വയസ്സുള്ള ഒരാള്‍ സൂക്ഷ്മമായി ഓര്‍ക്കുന്നതെല്ലാം, അയാളുടെ ശാരീരിക, മാനസിക സവിശേഷതകള്‍ മൂലം ആകര്‍ഷിക്കപ്പെട്ടതാണ്. അതില്‍ എല്ലാ വികാരങ്ങളുമുണ്ട്. അതുകൊണ്ട് ഓര്‍മ്മകളില്‍ അഭിരുചി ഒളിപ്പിക്കപ്പെട്ടിരിക്കുന്നു. ഇതാണ് ഓര്‍മ്മകളുടെ രഹസ്യം.

തന്റെ ഓര്‍മ്മകളെ സമീപിക്കുന്നതിലൂടെ, അതിന്റെ നിര്‍മ്മാണത്തിലൂടെ എഴുത്തുകാരന്‍ സ്വന്തം മനസ്സിനെയുമാണ് നിര്‍മ്മിക്കുന്നത്. അങ്ങനെ അത് ഭാഷയുടെ അവബോധമാകുന്നു. കോവിലന്റെ 'തട്ടകം' എന്ന നോവല്‍ അദ്ദേഹത്തിന്റെ വിചിത്രമായ കുട്ടിക്കാലത്തിന്റെയും ഭൂതകാലത്തിന്റെയും കണ്ടുപിടിത്തമാണ്. അതിലൂടെ നമ്മളെല്ലാം ജീവിക്കുകയാണ്. ഭാഷയാണ് ഇതിലൂടെ വീണ്ടെടുക്കപ്പെടുന്നത്.

ഭാഷ, ദൈനംദിന വ്യവഹാരത്തിന്റെ ചക്കിലിട്ട് വരണ്ടുപോവുകയാണല്ലോ. നിശ്ചിത നീളത്തിലും വണ്ണത്തിലും തൂക്കത്തിലുമുള്ള ഒരു ഭാഷയിലേക്ക് നാം കൃത്യമായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു. ഈ ഭാഷ പതിറ്റാണ്ടുകളായി മൂടപ്പെട്ടുകിടക്കുന്ന വംശീയസ്മൃതികളെ ഉള്‍ക്കൊള്ളാന്‍ പര്യാപ്തമല്ലാതെ വരുമ്പോഴാണ് പതിയ ഭാഷ ആവശ്യമായി വരുന്നത്. ആലോചനകള്‍ മുന്‍കൂട്ടി തയ്യാറാക്കപ്പെട്ട ഒരു മൂശയിലേക്ക് പോകുന്നത് സൂക്ഷ്മതകള്‍ നഷടപ്പെടാനിടയാക്കും.നമ്മള്‍ ജീവിച്ചതാണ് നമ്മുടെ കാലം. അത് ഭൂതകാലമായാണ് അവശേഷിക്കുന്നത്. ഇത് തിരിച്ചറിയുന്നത് ആത്മീയമായ ഒരു ലോകത്തിലേക്ക് നമ്മെ എത്തിക്കും.


പ്രമുഖ നോവലിസ്റ്റ് മിലാന്‍ കുന്ദേര (Milan Kundera)ഗൃഹാതുരത്വത്തെ വേറൊരു രീതിയില്‍ നിരീക്ഷിച്ചത് പലരുടെയും ശ്രദ്ധ പിടിച്ചുപറ്റി.
"തിരിച്ചു വരാനുള്ള അടങ്ങാത്ത ആഗ്രഹം മൂലമുണ്ടാകുന്ന കഷ്ടപ്പാടുകൾ " എന്നു കുന്ദേര പറഞ്ഞത് വെറും പിന്തിരിഞ്ഞു നോട്ടമല്ല ഗൃഹാതുരത്വം എന്ന് വിശദമാക്കുകയാണ്. അത് സഫലമാവാത്ത ഓര്‍മ്മകളുടെ തിരിച്ചുവരവാണ്. യാതനകളുണ്ടാക്കുന്നത് ഈ ഓര്‍മ്മകളാണ്. ഭൂതകാലത്താല്‍ മുറിവേറ്റവരാണ് സ്വന്തം ഓര്‍മ്മകള്‍ നിര്‍മ്മിച്ചെടുക്കുന്നത്.സന്തോഷകരമായി തോന്നിയ നിമിഷങ്ങള്‍ ഓര്‍മ്മകളായി രൂപാന്തരപ്പെടുമ്പോള്‍ അത് വേറൊരു അനുഭൂതിയാണ്. ഓര്‍മ്മകള്‍ അതേ രീതിയില്‍ എഴുതുകയല്ല കോവിലന്‍ ചെയ്തത്. അദ്ദേഹം അത് കണ്ടെത്തുകയായിരുന്നു. താന്‍ ജീവിച്ച, ജീവിക്കുന്ന മനുഷ്യനാണെന്ന് കണ്ടെത്താന്‍ കോവിലന് ഇതല്ലാതെ വേറെ വഴിയില്ലായിരുന്നു. താന്‍ എത്തിപ്പെട്ട വാര്‍ദ്ധക്യത്തിന്റെ അര്‍ത്ഥം എന്താണെന്ന് ഇതിലൂടെ ആവിഷ്‌കരിക്കാന്‍ കഴിഞ്ഞു.
[9:37 PM, 9/28/2026] mkharikumar: മാറ്റർ കൂടുതലുണ്ടെങ്കിൽ ഒടുവിലത്തെ പാര നീക്കാം 💚

പദായനങ്ങൾ -7/എം.കെ.ഹരികുമാർ /കലയുടെ മേഘവർണമുള്ള പരാഗം




ഫ്രഞ്ച് എഴുത്തുകാരനും കലാചിന്തകനുമായ ആന്ദ്രേ ബ്രെട്ടൻ (1896- 1966)എഴുതുന്നു:  "അതിശയകരമായത് എപ്പോഴും സുന്ദരമാണ്. അതിശയകരമായത് എന്തും സുന്ദരമാണ്; അതിശയകരമായത് മാത്രമാണ് സത്യത്തില്‍ സുന്ദരമായിട്ടുള്ളത്. അതിശയകരമായതിനു മാത്രമേ സര്‍ഗാത്മകമേഖലയില്‍ കൂടുതല്‍ വിളവെടുപ്പ് നടത്താനാകൂ." ഈ പ്രസ്താവത്തെ ഇങ്ങനെ സമീപിക്കാം. ഒരു നിലവാരപ്പെടലിനു വേണ്ടി ഉണ്ടാക്കിയ യഥാതഥവും ഭാവനാശൂന്യവും പ്രായോഗികവുമായ സമീപനങ്ങള്‍ നമ്മുടെ മനസ്സുകള്‍ക്ക് ആഴം നഷ്ടപ്പെടുത്തിയിരിക്കുന്നു. അത് വെറും ഗതാനുഗതികത്വമായി ചുരുങ്ങുന്നു. മനസ്സിന്റെ രസമുകുളങ്ങള്‍ നഷ്ടപ്പെടാന്‍ അതിടയാക്കിയിരുന്നു.
അദ്ദേഹം കുറേക്കൂടി കറയറ്റതും ആത്മാര്‍ത്ഥവും പ്രചരണാംശമില്ലാത്തതുമായ കലയ്ക്ക് വേണ്ടി വാദിച്ചു. സറിയലിസം (Surrealism)എന്ന പ്രസ്ഥാനം തന്നെ സൃഷ്ടിച്ചു. മനുഷ്യൻ്റെ അബോധ മനസിനെ കലാസൃഷ്ടിക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്ന സങ്കേതമാണിത്. സ്വപ്നം കാണുമ്പോൾ അബോധമനസാണ് പ്രവർത്തിക്കുന്നത്. അപ്പോൾ സാധാരണ ലോകത്തെ യുക്തിയില്ല.എന്നാൽ സ്വപ്നം കാണുമ്പോൾ യുക്തിയുണ്ട്. മറ്റു വിലക്കുകളില്ലാതെ ,സ്വപ്നത്തിലെന്ന പോലെ സൃഷ്ടി നടത്തണമെന്നാണ് അദ്ദേഹം വാദിച്ചത്. ഇവിടെ കലയിലെ സൗന്ദര്യത്തോടുള്ള ആസക്തി മാത്രമേയുള്ളു. അത് അതിശയകരമാണ്. മനുഷ്യൻ്റെ വിഭാഗീയമായ രാഷ്ട്രീയമില്ല.

ബ്രെട്ടൻ രണ്ടു തവണ മാനിഫെസ്റ്റോ എഴുതി. ചിന്തകളുടെ നിരുപാധികമായ ഒഴുക്കാണ് അദ്ദേഹത്തിന്റെ കല. ഇതിലൂടെ പ്രത്യക്ഷമായ ആഹ്വാനമില്ലാതെ തന്നെ, സമൂഹത്തിനു കൂടുതല്‍ അവബോധപരമായ ശുദ്ധി നേടാനും പ്രാര്‍ത്ഥനാപരമായ വെണ്മ നിലനിര്‍ത്താനും കഴിയും. കലയിലെ റിയലിസം അഥവാ യഥാതഥവാദത്തെ വലിയ കാര്യമായി ബ്രെഹ്തണ്‍ കാണുന്നില്ല. അമിതമായ യുക്തിക്ക് പകരം ചിന്ത അതേപടി കടന്നുവരണം. അതിനെ സ്വതന്ത്രമായി വിടണം. യഥാതഥമാക്കുന്നവര്‍, കലയില്‍ ബൗദ്ധികവും ധാര്‍മ്മികവുമായ ഏത് മുന്നേറ്റത്തിനും തടയിടുകയാണ് ചെയ്യുന്നതെന്ന് ബ്രെഹ്തൻ പറയുന്നു.
"ശരാശരിയെക്കുറിച്ചുള്ള അമിത പ്രതീക്ഷ ,മറ്റുള്ളതിനോടുള്ള വെറുപ്പ്, ദുഷിച്ച അഭിമാനബോധം എന്നീ ഘടകങ്ങളാല്‍ നിര്‍മ്മിച്ചതാണത്. അത് ഏറ്റവും താഴ്ന്ന നിലവാരത്തിലുള്ള അഭിരുചിയെയാണ് വാഴ്ത്തുന്നത്.പത്രവാര്‍ത്തകളില്‍ നിന്ന് ഊര്‍ജ്ജം ശേഖരിക്കുകയും ശാസ്ത്രത്തെയും കലയെയും നിസ്സാരവത്ക്കരിക്കുകയുമാണ് യഥാതഥവാദികള്‍ ചെയ്യുന്നത് "– ബ്രെഹ്തൻ ചിന്തിക്കുന്നു.

റഷ്യൻ എഴുത്തുകാരൻ ദസ്തയെവ്‌സ്‌കിയുടെ 'ക്രൈം ആന്റ് പണിഷ്‌മെന്റി'ല്‍ ഒരു മുറിയുടെ വിവരണം തന്നെ വല്ലാതെ മുഷിപ്പിച്ചു എന്ന് ബ്രെഹ്തൻ എഴുതിയിട്ടുണ്ട്. "എന്റെ മനസ്സ് അതേറ്റെടുക്കാന്‍ തയ്യാറല്ല. ഈ എഴുത്തുകാരന്‍ എന്റെ സമയം പാഴാക്കുകയാണ് ചെയ്തത്.എനിക്ക് ആ മുറിയിലേക്ക് പോകാന്‍ ഇഷ്ടമല്ല."
ബ്രെഹ്തൻ പറയുന്നത് ഒരാള്‍ക്ക് സൃഷ്ടിയില്‍ അനുഭൂതി ജനിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മിണ്ടാതിരിക്കുകയാണ് നല്ലതെന്നാണ്. ജീവിതത്തിലെ വരണ്ട നിമിഷങ്ങളെക്കുറിച്ച് ദീര്‍ഘമായി പ്രതിപാദിക്കുന്നതില്‍ അര്‍ത്ഥമില്ല. സാഹിത്യകൃതികളില്‍ കഥാപാത്രങ്ങളെ വിന്യസിക്കുന്നത് ചെസ്സില്‍ കരുക്കള്‍ നീക്കുന്നത് പോലെയാകരുത്. തന്റെ 'സറിയലിസ്റ്റ് മാനിഫെസ്‌റ്റോ'യിലാണ് ബ്രെഹ്തൻ കലാതത്വവിചാരം അവതരിപ്പിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിലെ കലാചിന്തയെ ഏറെ സ്വാധീനിച്ച വ്യക്തിയാണ് അദ്ദേഹം. സറിയലിസത്തിന് ഒരിക്കലും പ്രാമുഖ്യം നഷ്ടപ്പെടില്ല. കാരണം അത് കലയുടെ മേഘവര്‍ണമുള്ള ചിറകാണ്. അതില്‍ മനുഷ്യന്‍ സ്‌നിഗ്ദ്ധതയായി, സ്നേഹപരാഗമായി, സ്വപ്നമായി അവശേഷിക്കുന്നു.

സാഹിത്യത്തില്‍ യുക്തിയുടെ ആധിപത്യം ജീവിതത്തെ വരട്ടിക്കളയും. ജീവിതം വസ്തുസ്ഥിതിവിവരക്കണക്കല്ല. അങ്ങനെ ലഘൂകരിച്ചാല്‍ അപകടമാണ്. പ്രായോഗിക ചിന്തകളുടെ ഒരു കൂടാരമാണ് നമ്മുടെ നാഗരികത. അവിടെ എല്ലാം കണക്കുകളില്‍ ഒതുങ്ങുന്നു. അവിടെ മനസ്സിന്റെ ആഭ്യന്തരമായ ആകുലതകള്‍ക്ക് ഇടമില്ല. എന്നാല്‍ മനഷ്യനിലെ കലാകാരനു സത്യത്തെക്കുറിച്ച് അന്വേഷിക്കാതിരിക്കാനാവില്ല. അവന്‍ ആത്മാവില്‍ ദാഹാര്‍ത്തനാണ്. മനുഷ്യന്‍, സാമ്പ്രദായിക കലാപ്രസ്ഥാനങ്ങളില്‍ ഒരു സോദ്ദേശ്യ യുക്തിപ്രസ്ഥാനമായി ചുരുങ്ങുന്നതിനെതിരെയാണ് ബ്രെഹ്തൻ ചിന്തിച്ചത്.

സാമാന്യവത്ക്കരിക്കപ്പെട്ട ധാരണകള്‍ക്കകത്ത് വട്ടം കറങ്ങുന്ന നമുക്ക് സത്യം എന്താണെന്ന് തിരയാനുള്ള ത്രാണിയില്ല. ഇനിയൊരിക്കലും പരിഗണിക്കേണ്ടതില്ല എന്ന ചിന്തയില്‍ ഒഴിവാക്കിയ മനസ്സിന്റെ ഒരു ഭാഗം സറിയലിസത്തിലൂടെ വെളിച്ചത്ത് കൊണ്ടുവന്നത്, അതിനു താത്വികമായ ഗഹനത നല്കിയത് ബ്രെഹ്തനാണ്. മനസ്സിന്റെ ഭാവന, യുക്തിരഹിതമായ ചിന്തകള്‍, തോന്നലുകള്‍, ഓര്‍മ്മകള്‍, ക്രമംതെറ്റലുകള്‍, മതിഭ്രമങ്ങള്‍, ഭ്രാന്ത്, മിഥ്യകള്‍ തുടങ്ങിയവയെല്ലാം കലയില്‍ പ്രസക്തമാണ്. കാരണം അവയില്‍ അര്‍ത്ഥങ്ങള്‍ അന്തര്‍ഭവിച്ചിരിക്കുന്നു.
ഇത് വിശദീകരിക്കാന്‍ ഭാരതീയ പാരമ്പര്യത്തില്‍ നിന്ന് ഒരു ഉദാഹരണം നല്കാം. നളനെ കലി ബാധിക്കുന്നത് നോക്കൂ. അവിടെ യുക്തിയുടെ തലമില്ല. കലയുടെ ആന്തരികയുക്തിയാണുള്ളത്. കലിയുടെ വരവ് മനുഷ്യാവസ്ഥയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ സഹായിക്കുന്നു. മനുഷ്യ മനസ്സില്‍ നടക്കുന്ന യുദ്ധമാണിത്.

സ്വപ്‌നവും യാഥാര്‍ത്ഥ്യവും പരസ്പര വിരുദ്ധമല്ലെന്ന നിലപാടാണ് ബ്രെഹ്തൻ സ്വീകരിച്ചത്. മനസ്സിന്റെ അഗാധതലങ്ങളില്‍ നടക്കുന്ന കൊടുക്കല്‍ വാങ്ങലുകളും ആള്‍മാറാട്ടവും സൂക്ഷ്മമായി പഠിക്കേണ്ടതുണ്ട്. സര്‍ഗാത്മക പ്രവര്‍ത്തനത്തിന്റെ പരമമായ നിമിഷത്തില്‍ സ്വപ്‌നവും യാഥാര്‍ത്ഥ്യവും ചേര്‍ന്ന് മറ്റൊരു അനുഭവമാകുന്നതാണ് സറിയലിസം.

പ്രമുഖ ഫ്രഞ്ച് കവിയായിരുന്ന സെയിന്റ് പോള്‍ റോ(Saint Pol Roux)യുടെ വീടിനു മുന്നില്‍ ,കവി ഉറങ്ങാൻ പോകുന്നതിനു മുമ്പ് ,കവി  ജോലിയിലാണ് (The poet is working) എന്നെഴുതിയ ഒരു ബോര്‍ഡ് തൂക്കിയിരുന്നു എന്ന് കേട്ടിട്ടുള്ളതായി ബ്രെഹ്തൻ രേഖപ്പെടുത്തിയത് സ്വപ്‌നവും കൂടി ചേര്‍ന്നതാണ് കവിത എന്നു സ്ഥാപിക്കാനാണ്. ഒരു കവി ഉറങ്ങുമ്പോഴും കവിതയുടെ പ്രക്രിയ നടക്കുന്നു. കവിക്ക് സ്വപ്‌നം ഒരു സര്‍ഗലോകമാണ്. അയഥാര്‍ത്ഥമായതില്‍ നിന്ന് ജീവിതത്തെക്കുറിച്ചുള്ള രഹസ്യങ്ങള്‍ ലഭിക്കുന്ന വിദ്യയാണല്ലോ സ്വപ്‌നം

പദായനങ്ങൾ -6/എം.കെ.ഹരികുമാർ /റഷ്യൻ ആശയം




ജീവിതം ഒരു കളിയല്ല, അത് അഗാധമായ ഒരാത്മീയസമരമാണെന്ന് റഷ്യൻ തത്വജ്ഞാനി നികോളാസ് ബെർദ്യേവ് പറഞ്ഞിട്ടുണ്ട്. എന്തിനാണ് ഈ സമരം? അത് മനുഷ്യൻ്റെയുള്ളിലെ നശിക്കാത്ത മൂല്യം കണ്ടെത്തുന്നതിനാണ്. ഇത് എഴുത്തുകാരനിൽ മറ്റൊരു പോർമുഖം തുറക്കുന്നു. സ്വന്തം മനസിൻ്റെ പരിമിതികളെ മറികടക്കാനുള്ള സമരമാണത്. റഷ്യന്‍ വിപ്‌ളവം കണ്ട എഴുത്തുകാരനാണ് മിഖായേല്‍ അലക്‌സാന്ദ്രോവിച്ച് ഷൊളഖോവ് (1905-1984).ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ പിറന്ന അദ്ദേഹം വളരെ കഷ്ടപ്പെട്ടാണ് വിദ്യാഭ്യാസം ചെയ്തത്. റഷ്യയിലെ ഡോണ്‍ നദീതീരത്ത് താമസിച്ച കൊസാക്കുകളുടെ (Cossacks) കഥയാണ് അദ്ദേഹം പറഞ്ഞത്. ഷൊളഖോവ് അവരില്‍ ഒരാളായിരുന്നല്ലോ. അവര്‍ യാഥാസ്ഥിതിക ക്രിസ്ത്യാനികളായിരുന്നു. അവരില്‍ കുറച്ചു പേര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് ചേര്‍ന്ന് നില്ക്കുകയും ഗ്രാമീണ ഭൂവുടമകളുടെ ചൂഷണത്തില്‍ നിന്നും മര്‍ദ്ദനത്തില്‍ നിന്നും രക്ഷപ്പെടാന്‍ നഗരത്തില്‍ പോവുകയും സൈന്യത്തില്‍ ചേരുകയുമായിരുന്നു.

റഷ്യന്‍ ജീവിതത്തിന്റെ ഉണര്‍ത്തു പാട്ടുകാരനെപ്പോലെയാണ് ഷൊളഖോവ് സാഹിത്യത്തില്‍ പ്രത്യക്ഷപ്പെട്ടത്.1925 മുതല്‍ 1940 വരെയുള്ള കാലഘട്ടത്തില്‍ അദ്ദേഹം എഴുതി പ്രസിദ്ധീകരിച്ച നാലു വാല്യങ്ങളുള്ള നോവല്‍ 'ഡോണ്‍ ശാന്തമായി ഒഴുകുന്നു'(Quietly flows the Don)ഒരു ലോക ക്‌ളാസിക്കായി വിലയിരുത്തപ്പെടുന്നു. ഈ കൃതിയുടെ പേരിലായിരുന്നല്ലോ അദ്ദേഹത്തിന് 1965 ല്‍ നോബല്‍ സമ്മാനം ലഭിച്ചത്.
ഷൊളഖോവ് താന്‍ ഒരു സോഷ്യലിസ്റ്റ് റിയലിസ്റ്റാണെന്ന് പറഞ്ഞിട്ടുണ്ട്. സാമൂഹ്യയാഥാര്‍ത്ഥ്യങ്ങള്‍ അതേപടി പകര്‍ത്തുകയായിരുന്നില്ല അദ്ദേഹത്തിന്റെ ലക്ഷ്യം. മനുഷ്യവംശത്തിനു പ്രകാശാത്മകമായ ഒരു പാതയൊരുക്കുന്നതിനെ അദ്ദേഹം പ്രധാനമായി കണ്ടിരുന്നു.

'കാലികളെ മേയ്ക്കുന്നവന്‍'(The Herdsman)എന്ന കഥയെക്കുറിച്ച് പ്രത്യേകം പറയണം. ഒരു റിപ്പോര്‍ട്ടറെപ്പോലെ യാഥാര്‍ത്ഥ്യങ്ങള്‍ ഏകപക്ഷീയമായി വിശദീകരിക്കുന്ന രീതിയല്ല ഷൊളഖോവ് അവലംബിച്ചത്. ഇതില്‍ തത്ത്വചിന്താപരമായ സമീപനമുണ്ടായിരുന്നു. അത് ഇങ്ങനെ സംഗ്രഹിക്കാം: മനുഷ്യര്‍ ഒറ്റയ്ക്കല്ല ജീവിക്കുന്നത്; അവര്‍ കൂട്ടമായി നീങ്ങുകയാണ്. അവരുടെ ജീവിതത്തിനുള്ളിലേക്ക് കടന്നു നോക്കാന്‍ എഴുത്തുകാരന് കഴിയണം. സാധാരണ ജനതയുടെ ജീവിതസമരങ്ങളില്‍ വെളിച്ചം വിതറാനാവണം. അതുകൊണ്ട് എന്തെഴുതിയാലും അതില്‍ മൗലികമായ ഒരു ഉള്ളടക്കം അനിവാര്യമാണ്. ജീവിതങ്ങളെ ബാധിച്ചിരിക്കുന്ന നിര്‍ണ്ണായകമായ പ്രശ്‌നങ്ങള്‍ കാണണം. മനുഷ്യന്‍ ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തിനെതിരെ പോരാടിക്കൊണ്ടാണ് മുന്നോട്ടായുന്നത്. അതിനെ പിന്തുണയ്ക്കണം. എന്നാല്‍ എഴുത്തുകാരന്‍ ദൈവത്തെപ്പോലെ, മാനവരാശിയുടെ പ്രശ്‌നങ്ങളില്‍ മുഖംതിരിക്കുകയോ നിസ്സംഗത പാലിക്കുകയോ ചെയ്യരുത്.

'കാലികളെ മേയ്ക്കുന്നവന്‍' എന്ന കഥ പാവപ്പെട്ടവന്റെ ആത്മരോദനത്തിന്റെ മുഴക്കം എത്ര ബൃഹത്താണെന്ന് ബോധ്യപ്പെടുത്തും. ഏറ്റവും വിദൂരവും പ്രാചീനവുമായ ഗ്രാമങ്ങളിലെ കന്നുകാലികളെ നോക്കുന്ന ജോലിയാണ് ഗ്രിഗോരിയുടേത്. അവന്റെ കൂടെ സഹോദരി ദുന്യാക്കും ഉണ്ട്. പ്രദേശത്തെ ഭൂവുടമകളായ വൃദ്ധന്മാര്‍ എതിര്‍ത്തിട്ടും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പത്തൊന്‍പതുകാരനായ ഗ്രിഗോരിക്ക് ആ ജോലി കിട്ടിയത്. അവനും സഹോദരിയും ഒരു ചെറിയ കുടില്‍ കെട്ടി, ചോളമാവും കഴിച്ച് ആ മലമടക്കില്‍ കഷ്ടപ്പെടുകയാണ്. അവന്റെ പ്രതീക്ഷ കാലിമേച്ച് പ്രതിഫലമായി കിട്ടുന്ന ചോളമാവും ചാണകപാളികളും വിറ്റ് പണമുണ്ടാക്കി താമസിയാതെ നഗരത്തില്‍ പോയി വിദ്യാഭ്യാസം തുടരാമെന്നാണ്. എന്നാല്‍ അവന്റെ മോഹം ഫലിച്ചില്ല. അവന്‍ പരിപാലിച്ചിരുന്ന കന്നുകാലി കിടാവുകള്‍ മിക്കതും തളര്‍ന്നു വീണ് ജീവന്‍ വെടിഞ്ഞു. ഒരു പകര്‍ച്ചവ്യാധിയായിരുന്നു കാരണം. ഇതിനിടയില്‍ അവന്‍ ഗ്രാമത്തിലെ വ്യവസ്ഥയെക്കുറിച്ച് ചോളത്തിന്റെ ഇലയില്‍ കരി ഉപയോഗിച്ച് എഴുതിയ കുറിപ്പ് കമ്യൂണിസ്റ്റുകാരുടെ പത്രത്തില്‍ അച്ചടിച്ചുവന്നു. മൃഗഡോക്ടറെ വിളിക്കുന്നതിനു പകരം കാലിത്തൊഴുത്തിനു ചുറ്റും വെടിവെച്ച് രോഗത്തെ അകറ്റുന്നതും ഭൂമി കൃഷിക്കായി പങ്കിടുന്നതിലെ അഴിമതിയും അതില്‍ വിശദമാക്കിയിട്ടുണ്ടായിരുന്നു. ഇത് ഗ്രാമത്തിലെ കൃഷിക്കാരുടെ നേതാക്കന്മാരെ ചൊടിപ്പിച്ചു. അവര്‍ വന്ന് ഗ്രിഗോരിയെ വെടിവച്ചു കൊല്ലുന്നു. ഗത്യന്തരമില്ലാതെ, ചാക്കുകൊണ്ട് തയ്പ്പിച്ച ഷര്‍ട്ട് ധരിച്ച്, പാവപ്പെട്ടവരില്‍ പാവപ്പെട്ടവളായ സഹോദരി ദുന്യാക്ക് പട്ടണത്തിലേക്ക് പോവുകയാണ്, സ്വപ്‌നത്തിൻ്റെ  മൃതദേഹവും ചുമന്നുകൊണ്ട്.
ഒരു റഷ്യൻ ആശയത്തെക്കുറിച്ച് ബെർദ്യേവ് സുചിപ്പിച്ചിട്ടുണ്ട്. പ്രവചനാത്മകമായ ആത്മീയ പരിവർത്തനമാണത്. അതീതവും അലൗകികവുമായ ഒരു മാറ്റത്തിന് മനസ് സ്വയം പ്രവർത്തിക്കുകയാണ്. 

ഈ കഥയിലെ കന്നുകാലികളെ അന്നത്തെ യഥാര്‍ത്ഥ റഷ്യന്‍ സാമൂഹികാവസ്ഥയുടെ പ്രതിനിധാനമായി കാണാവുന്നതാണ്. സ്വയം ജീര്‍ണിച്ച് അവ ക്രമേണ ചത്തു വീഴുകയാണ്. രോഗം ഉള്ളില്‍ നിന്നു തന്നെ. എന്നാല്‍ അത് പകരുകയും ചെയ്യുന്നു. കന്നുമേക്കാരന്‍ ബുദ്ധിയുദിച്ച ഗ്രാമീണനെ ഓര്‍മ്മിപ്പിക്കുന്നു. അവന്‍ കീഴടങ്ങുകയോ പരാജയപ്പെടുകയോ ചെയ്യുന്നില്ല. മരണത്തെ പേടിക്കുന്നുമില്ല. അവന്‍ മരിക്കുകയല്ല; മരണം എത്ര അയുക്തികവും അര്‍ത്ഥശൂന്യവുമാണ് നമ്മുടെ ജീവിതങ്ങളിലെന്ന് ഓര്‍മ്മിപ്പിക്കുകയാണ്. അസംബന്ധത്തെ ഉപന്യസിക്കുന്ന മരണം മറ്റൊന്നിന്റെ വിജയമാണെന്ന് വ്യാഖ്യാനിക്കുന്നത് വ്യര്‍ത്ഥതയാണ്. എന്നാലും അവന്റെ മരണം വ്യര്‍ത്ഥമാകുന്നുമില്ല. അത് മനുഷ്യരെ കൂടുതല്‍ നന്നാക്കാന്‍ ഉപകരിക്കും. വരണ്ടതും വിരസവും പീഡിതവും നരകതുല്യവുമായ ജീവിതമാണ് ഷൊളൊഖോവ് അവതരിപ്പിക്കുന്നത്.  അതിന്റെ ഭാരം വായനക്കാരന് അനുഭവപ്പെടുന്നില്ല. ഒരു വിദൂര സ്വപ്‌നത്തിന്റെ വസന്തഗര്‍ഭമായ കാറ്റ് കഥയില്‍ നിറഞ്ഞുവീശുന്നു. മനുഷ്യന്റെ ശത്രു മനുഷ്യന്‍ തന്നെയാണല്ലോ. അവന്‍ ആരോടു പരാതിപ്പെടും?

ഷൊളഖോവിനു നീതിയെ കൈവിടാനാവില്ല. സത്യം എഴുതിയതിന്റെ പേരില്‍ കൊല ചെയ്യപ്പെടുന്ന ആ കാലിമേച്ചില്‍കാരന്‍ മനുഷ്യന്റെ എക്കാലത്തെയും പോരാട്ടത്തെ ഓര്‍മ്മിപ്പിക്കുന്നു. കല യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഒളിച്ചോടാനുള്ളതല്ലെന്ന് ഷൊളൊഖോവ് പ്രഖ്യാപിച്ചിട്ടുണ്ട്. വിനാശകരമായതിനെ എതിര്‍ക്കണം. അതിനു യാഥാര്‍ത്ഥ്യബോധം അനിവാര്യമാണ്. നീതിബോധമില്ലാത്തവർ എഴുതരുത്. ഓരോ വാക്കും നീതിക്കായി നിലകൊള്ളുമ്പോഴാണ് എഴുത്തിൽ സത്യസന്ധതയുണ്ടാവുന്നത്.  ജീവിതത്തില്‍ നിന്ന് ഒളിച്ചോടുന്ന കലയ്ക്ക് ഈ ബോധം നഷ്ടമാവുക തന്നെ ചെയ്യും.

മനുഷ്യപുരോഗതിക്കൊപ്പം സംഗീതമാലപിക്കുന്ന അന്ത:കരണം എല്ലാ റിയലിസത്തെയും കടന്നു നില്ക്കുന്നതാണ്. യാഥാർത്ഥ്യം എന്ന് നാം വിളിക്കുന്നതിൽ മാനുഷികമായ ആത്മീയത അടങ്ങിയിരിക്കുന്നു.
ഷൊളൊഖോവ് റിയലിസത്തെ നവീകരിക്കുന്നുണ്ട്. സ്‌നേഹവും സ്വപ്‌നവും സമരവും അദ്ധ്വാനവും ചേര്‍ന്നതാണ് ആ റിയലിസം.

എഴുത്തിൻ്റെ അമ്പതാം വർഷത്തിലേക്ക് / എം.കെ.ഹരികുമാറുമായി അഭിമുഖം

 




A





INTERVIEW, LITERATURE, MORALITY, CREATIVE, KERALAM , LIT FEST, KOTTAYAM, NEW UPDATEM CRITICISM, NAVAADWAITHA

സാഹിത്യരചനയിൽ അമ്പതാം വർഷത്തിലേക്ക്


 സാഹിത്യരചനയിൽ അമ്പതാം വർഷത്തിലേക്ക് പ്രവേശിക്കുന്ന എം.കെ. ഹരികുമാറിനെ താലൂക്ക് ലൈബ്രറി കൗൺസിൽ ജന്മനാടായ കൂത്താട്ടുകുളത്ത് ആദരിച്ച ചടങ്ങിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ഷാജി ജോർജ് പ്രണത ഉപഹാരം സമ്മാനിക്കുന്നു.