
ഇന്നത്തെ ജീവിതം ഓർമകളെ വേറൊരു രീതിയിൽ നിർവ്വചിക്കുകയാണ്. ഓർക്കുന്തോറും മറക്കുകയാണ്. ഇൻഫർമേഷൻ അല്ലെങ്കിൽ വിവരം ഒരു ദുരന്തമായിരിക്കുന്നു. ജീവിതത്തിൻ്റെ നൈസർഗികവും സസ്യാത്മകവുമായ നന്മയെ ,ശാന്തതയെ മുഴുവൻ നശിപ്പിക്കുന്ന വിധം അനാവശ്യവും കൃത്രിമവുമായ വിവരങ്ങളുടെ ഓവർലോഡ് വ്യക്തിയുടെ തലയിൽ കയറ്റി വച്ചിരിക്കയാണ്. ഇൻഫർമേഷൻ ഓവർലോഡ് മനുഷ്യനെ ഒരു ചവറ്റുകൂനയാക്കുന്നു .ഇൻസ്റ്റഗ്രാമിൽ ഒരു സെക്കൻഡിൽ പത്തു ലക്ഷത്തിലധികം ഫോട്ടോകളാണ് വന്നു നിറയുന്നത്. ഒന്നുപോലും സൂക്ഷിച്ചുവയ്ക്കാനാവില്ല. മൊബൈലിൽ ഇടമുണ്ടാകില്ല. സൂക്ഷിച്ച വച്ചവ തന്നെ കുറെ കഴിയുമ്പോൾ ഡിലീറ്റ് ചെയ്യുണ്ടി വരും. കാണുക ,മറക്കുക എന്നതാണ് നമുക്ക് വിധിച്ചിരിക്കുന്നത്. ഓർക്കുന്തോറും മറവി നിർമ്മിക്കപ്പെടുന്നു. ഫെയ്സ്ബുക്ക് പോസ്റ്റുകളും മറക്കാനുള്ളതാണ്. ഓർക്കാനുള്ള നമ്മുടെ ശേഷിക്കപ്പുറത്താണ് ഇന്ന് വിവരങ്ങളുടെ പ്രവാഹം .ഒരാൾക്ക് അയാളുടെ പോസ്റ്റുകൾ പോലും ഓർക്കുന്നതിന് പരിമിതിയുണ്ട്. ഒരു മാസം വരെയൊക്കെ ഓർക്കാം .പിന്നീട് പരതി നോക്കിയാൽ കാണുമായിരിക്കും. എന്നാൽ പഴയ പോസ്റ്റുകൾ പെട്ടെന്ന് കണ്ടെത്താൻ പ്രയാസമാണ്. ചുരുക്കത്തിൽ ഇന്ന് ജീവിതവും സാഹചര്യങ്ങളും മറക്കാനാണ് പ്രേരിപ്പിക്കുന്നത്. വിവരസങ്കേതങ്ങളുടെയും രേഖകളുടെയും അമിത പ്രവാഹം നമ്മെ പരിക്ഷീണിതരാക്കുകയാണ്. ഓരോ ഇടപാടിനു ശേഷവും ഒഴിഞ്ഞ പാത്രം പോലെ മനസ് ശൂന്യമാകുന്നു. ചുറ്റുപാടും വ്യാപിക്കുന്ന ഈ മറവി ഒരു നിർമാണമാണ്. അതിൻ്റെ ഫലമായി മനുഷ്യർക്ക് മറവി ഒരു രോഗമോ രക്ഷപ്പെടലോ പിൻവാങ്ങലോ ആയിത്തീരുന്നു. അൾഷിമേഴ്സ് ബാധിച്ചിട്ടില്ലെങ്കിലും നാം മറവിയിൽ നിന്ന് മുക്തരല്ല.
എന്നാൽ സാഹിത്യം ഓർമകളുടെയും ഭാവനകളുടെയും കലയാണ്. ഓര്‍മ്മകള്‍ ഒഴിവാക്കാനാവില്ല. ഓര്‍മ്മകള്‍ അതിന്റെ രക്തമാണ്. ആത്മാവുമാണ്. അസ്തിത്വമാണ്, അസ്തിത്വത്തിന്റെ തെളിവാണ്. മറവിക്കെതിരെ ഒരു കാലാൾപ്പടയെ നയിക്കേണ്ടതുണ്ട്.ജീവിച്ചതിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ വേറൊരു ജീവിതമാകുകയാണ്. ഓർമകൾ പൊട്ടിപ്പിളർന്ന് വളരുകയാണ്.
എന്നാല്‍ ഓര്‍മ്മകളോടുള്ള അതിരുവിട്ട ആസക്തി, ചിലപ്പോള്‍ എഴുത്തിന്റെ ഗൗരവം കുറയ്ക്കാനും ഇടയാക്കുന്നു. ഉപരിപ്ളവമായ ഓര്‍മ്മകള്‍ പ്രത്യേകിച്ചൊന്നും തരുന്നില്ല. എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങള്‍ കൂടുതല്‍ വിശദമായി എഴുതേണ്ടതില്ല. അത് അധികപ്രസംഗമല്ല, അതിദാരുണമായ ഒരവസ്ഥയായി മാറാം. സ്വന്തമായി ഒന്നും പറയാനില്ലാതെ വരുമ്പോഴാണ് എഴുത്തുകാരന്‍ എല്ലാവരുടെയും ഓര്‍മ്മകളെ ആശ്രയിക്കുന്നത്. ഇത് ഒരു വീഴ്ചയാണ്. എഴുത്തുകാരൻ ഓർമകളെ ഖനനം ചെയ്യണം.
ഓര്‍മ്മയെഴുത്ത് ഇവിടെ രണ്ടായി പിരിയുകയാണ്. എല്ലാവര്‍ക്കും അറിയാവുന്ന ഒരു ഭൂതകാലം നല്ലൊരു എഴുത്തുകാരന് വെല്ലുവിളിയാകുന്നില്ല. അതില്‍ വിശേഷിച്ചൊന്നുമില്ലല്ലോ. അത് പലരും കയറിയിറങ്ങിപ്പോയ ഒരു പൊതുവഴി മാത്രമാണ്. എന്നാല്‍ അജ്ഞാത വഴികള്‍ തേടുമ്പോഴാണ് സാഹിത്യമുണ്ടാകുന്നത്. ആരുടെയും ഓര്‍മ്മയില്‍ ഇല്ലാത്തത് പര്യവേക്ഷണം ചെയ്ത് കണ്ടുപിടിക്കണം. പ്രമുഖ ഫ്രഞ്ച് എഴുത്തുകാരനായ മാര്‍സല്‍ പ്രൂസ്ത് (Marcel Prousth ,1871-1922) ഒരു മഹാസ്തംഭമായി ഈ വഴിയില്‍ നില്ക്കുകയാണ്. പ്രൂസ്തിന്റെ നോവല്‍ Remembrance of Things Past ആ പേരുകൊണ്ടു തന്നെ വ്യക്തമാണല്ലോ, ഭൂതകാലത്തെ സൃഷ്ടിക്കുകയാണ്! ഭൂതകാലത്തെ എഴുതുന്നതും സൃഷ്ടിക്കുന്നതും ഒന്നല്ല. സാഹിത്യ അക്കാദമിയും ഉത്തരാധുനികരും ചെയ്യുന്നത് ഭൂതകാലത്തെ എഴുതുക മാത്രമാണ്. പന്നിയിറച്ചി കറി വച്ചത്, കല്യാണത്തലേന്ന് സദ്യയൊരുക്കിയത് തുടങ്ങിയവ എഴുതുന്നത് പൊതു ഓര്‍മ്മകളുടെ ഭാഗമാണ്.
താന്‍ മാത്രമല്ല ജീവിച്ചത് എന്നാണ് ഓര്‍മ്മകള്‍ സൃഷ്ടിക്കുന്നതിലൂടെ പ്രൂസ്ത് അര്‍ത്ഥമാക്കുന്നത്. ഇത് സ്വന്തം മനസ്സിന്റെ നിര്‍മ്മാണവുമാണ്.
1922 ലാണ് പ്രൂസ്തിന്റെ ഏഴ് വാല്യങ്ങളുള്ള 'റിമബ്രന്‍സ് ഓഫ് തിംഗ്‌സ് പാസ്റ്റ്' ഫ്രഞ്ചില്‍ നിന്ന് ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. പിന്നീട് പുതിയ പതിപ്പ് തയാറാക്കിയപ്പോള്‍ ഇതിന്റെ പേര് In Search of Lost Time എന്നാക്കി. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ എഴുത്തുകാരനാണ് പ്രൂസ്ത് എന്ന് ഇംഗ്ലീഷ് നോവലിസ്റ്റ് ഗ്രഹാം ഗ്രീന്‍ പറഞ്ഞിട്ടുണ്ട്.
പ്രൂസ്തിന്റെ ഓര്‍മ്മകളുടെ നിര്‍മ്മാണം എന്ന സങ്കേതം ഇന്ന് സാഹിത്യലോകം ഒരു വേദപുസ്തകം പോലെ പിന്തുടരുന്നുണ്ട്. ഒരാളുടെ സര്‍ഗ്ഗശേഷിക്കൊത്താണ് ഇത് വിപുലമാകുന്നത്. ഇവിടെ കുറേക്കൂടി ഗൗരവമായ ഒരു കണ്ടെത്തല്‍ ആവശ്യമായിരിക്കുന്നു. ഒരാള്‍ ഓര്‍മ്മകള്‍ എങ്ങനെ കണ്ടെത്തും? അത് ഒരാളുടെ ശാരീരികവും മാനസികവുമായ പ്രത്യേകതകളില്‍ നിന്നാണ് ഉണ്ടാകുന്നത്. നമുക്ക് ഇഷ്ടമുള്ളത്, നമ്മെ ഏതെങ്കിലും തരത്തില്‍ ആകര്‍ഷിക്കുന്നത് മാത്രമേ നമ്മുടെ ഓര്‍മ്മകളായി പരിണമിക്കുകയുള്ളു അല്ലാത്തതൊക്കെ വ്യക്തിയുടെ വ്യവസ്ഥയില്‍ നിന്ന് പുറന്തള്ളപ്പെടും. നമ്മുടെ നിരീക്ഷണത്തിനു വിധേയമാകാത്തതെല്ലാം ജൈവവ്യവസ്ഥയുമായി ചേരാത്തതാണ്. മനസ്സിനും ശരീരത്തിനും ആവശ്യമുള്ളതാണ് ഓര്‍മ്മകളായി നാം കൊണ്ടുനടക്കുന്നത്. ഇത് ബോധപൂര്‍വ്വം സംഭവിക്കുന്നതല്ല. ആന്തരികമായ ഒരു സംവേദനക്ഷമതയുണ്ട്. ഇത് വ്യക്തിപരമായ ജൈവവ്യവസ്ഥയില്‍ നിന്നാണ് ഉണ്ടാകുന്നത്. അമ്പതു വയസ്സുള്ള ഒരാള്‍ സൂക്ഷ്മമായി ഓര്‍ക്കുന്നതെല്ലാം, അയാളുടെ ശാരീരിക, മാനസിക സവിശേഷതകള്‍ മൂലം ആകര്‍ഷിക്കപ്പെട്ടതാണ്. അതില്‍ എല്ലാ വികാരങ്ങളുമുണ്ട്. അതുകൊണ്ട് ഓര്‍മ്മകളില്‍ അഭിരുചി ഒളിപ്പിക്കപ്പെട്ടിരിക്കുന്നു. ഇതാണ് ഓര്‍മ്മകളുടെ രഹസ്യം.
തന്റെ ഓര്‍മ്മകളെ സമീപിക്കുന്നതിലൂടെ, അതിന്റെ നിര്‍മ്മാണത്തിലൂടെ എഴുത്തുകാരന്‍ സ്വന്തം മനസ്സിനെയുമാണ് നിര്‍മ്മിക്കുന്നത്. അങ്ങനെ അത് ഭാഷയുടെ അവബോധമാകുന്നു. കോവിലന്റെ 'തട്ടകം' എന്ന നോവല്‍ അദ്ദേഹത്തിന്റെ വിചിത്രമായ കുട്ടിക്കാലത്തിന്റെയും ഭൂതകാലത്തിന്റെയും കണ്ടുപിടിത്തമാണ്. അതിലൂടെ നമ്മളെല്ലാം ജീവിക്കുകയാണ്. ഭാഷയാണ് ഇതിലൂടെ വീണ്ടെടുക്കപ്പെടുന്നത്.
ഭാഷ, ദൈനംദിന വ്യവഹാരത്തിന്റെ ചക്കിലിട്ട് വരണ്ടുപോവുകയാണല്ലോ. നിശ്ചിത നീളത്തിലും വണ്ണത്തിലും തൂക്കത്തിലുമുള്ള ഒരു ഭാഷയിലേക്ക് നാം കൃത്യമായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു. ഈ ഭാഷ പതിറ്റാണ്ടുകളായി മൂടപ്പെട്ടുകിടക്കുന്ന വംശീയസ്മൃതികളെ ഉള്‍ക്കൊള്ളാന്‍ പര്യാപ്തമല്ലാതെ വരുമ്പോഴാണ് പതിയ ഭാഷ ആവശ്യമായി വരുന്നത്. ആലോചനകള്‍ മുന്‍കൂട്ടി തയ്യാറാക്കപ്പെട്ട ഒരു മൂശയിലേക്ക് പോകുന്നത് സൂക്ഷ്മതകള്‍ നഷടപ്പെടാനിടയാക്കും.നമ്മള്‍ ജീവിച്ചതാണ് നമ്മുടെ കാലം. അത് ഭൂതകാലമായാണ് അവശേഷിക്കുന്നത്. ഇത് തിരിച്ചറിയുന്നത് ആത്മീയമായ ഒരു ലോകത്തിലേക്ക് നമ്മെ എത്തിക്കും.
പ്രമുഖ നോവലിസ്റ്റ് മിലാന്‍ കുന്ദേര (Milan Kundera)ഗൃഹാതുരത്വത്തെ വേറൊരു രീതിയില്‍ നിരീക്ഷിച്ചത് പലരുടെയും ശ്രദ്ധ പിടിച്ചുപറ്റി.
"തിരിച്ചു വരാനുള്ള അടങ്ങാത്ത ആഗ്രഹം മൂലമുണ്ടാകുന്ന കഷ്ടപ്പാടുകൾ " എന്നു കുന്ദേര പറഞ്ഞത് വെറും പിന്തിരിഞ്ഞു നോട്ടമല്ല ഗൃഹാതുരത്വം എന്ന് വിശദമാക്കുകയാണ്. അത് സഫലമാവാത്ത ഓര്‍മ്മകളുടെ തിരിച്ചുവരവാണ്. യാതനകളുണ്ടാക്കുന്നത് ഈ ഓര്‍മ്മകളാണ്. ഭൂതകാലത്താല്‍ മുറിവേറ്റവരാണ് സ്വന്തം ഓര്‍മ്മകള്‍ നിര്‍മ്മിച്ചെടുക്കുന്നത്.സന്തോഷകരമായി തോന്നിയ നിമിഷങ്ങള്‍ ഓര്‍മ്മകളായി രൂപാന്തരപ്പെടുമ്പോള്‍ അത് വേറൊരു അനുഭൂതിയാണ്. ഓര്‍മ്മകള്‍ അതേ രീതിയില്‍ എഴുതുകയല്ല കോവിലന്‍ ചെയ്തത്. അദ്ദേഹം അത് കണ്ടെത്തുകയായിരുന്നു. താന്‍ ജീവിച്ച, ജീവിക്കുന്ന മനുഷ്യനാണെന്ന് കണ്ടെത്താന്‍ കോവിലന് ഇതല്ലാതെ വേറെ വഴിയില്ലായിരുന്നു. താന്‍ എത്തിപ്പെട്ട വാര്‍ദ്ധക്യത്തിന്റെ അര്‍ത്ഥം എന്താണെന്ന് ഇതിലൂടെ ആവിഷ്‌കരിക്കാന്‍ കഴിഞ്ഞു.
[9:37 PM, 9/28/2026] mkharikumar: മാറ്റർ കൂടുതലുണ്ടെങ്കിൽ ഒടുവിലത്തെ പാര നീക്കാം 💚
critic, columnist, journalist, poet, novelist, philosopher, theorist,short-story writer and orator/-. A literary blog focused strictly on ideas, books, and art centers on critical discourse, deep reading, and creative analysis. ഞാൻ എന്നെയാണ് വായിക്കുന്നത്:എന്നെയാണ് എഴുതുന്നത് . എം കെ ഹരികുമാർ /
Followers
Tuesday, October 20, 2026
പദായനങ്ങൾ -8/ എം.കെ.ഹരികുമാർ /മറവിക്കെതിരെ ഓർമ്മയുടെ കാലാൾപ്പട
Subscribe to:
Post Comments (Atom)
No comments:
Post a Comment