Followers

Wednesday, August 19, 2026

പദായനങ്ങൾ -2-/എം.കെ.ഹരികുമാർ /മന:ശാസ്ത്രപരമായ പുനരധിവാസം

 



 
മനുഷ്യർക്ക് ഉയർന്ന ആദർശമുണ്ട്.നാം സ്നേഹത്തെയും സഹകരണത്തെയും വിലപ്പെട്ട അറിവുകളായി അടുത്തറിയുന്നവരാണ്. നാം എത്ര ദു:ഖകരമായ സാഹചര്യത്തിലാണെങ്കിലും മറ്റൊരാൾക്ക് ഒരു നല്ല കാര്യം സംഭവിച്ചാൽ അയാളെ അഭിനന്ദിക്കണം എന്ന് പഠിച്ചിട്ടുണ്ട്. നാം തകർന്നിരിക്കുകയാണെങ്കിലും  പ്രിയപ്പെട്ടവരെ ഒഴിവാക്കുകയോ  നിന്ദിക്കുകയോ ചെയ്യുന്നത് പാപമാണെന്ന് ധരിച്ചിട്ടുണ്ട് .നാം നല്ലതിന് വേണ്ടി പ്രയത്നിക്കുന്നു, പ്രാർത്ഥിക്കുന്നു. എന്തെന്നാൽ നമ്മളിൽ നന്മയുണ്ട് .എന്നാൽ മനുഷ്യസ്വഭാവത്തിൽ അക്രമവും അസൂയയും തിന്മയും മത്സരവും വെറുപ്പും കലർന്നിട്ടുണ്ട്. നൂറ്റാണ്ടുകളായി ഈ സ്വഭാവത്തെ വിലയിരുത്തിയത് നാം മൃഗപൈതൃകമുള്ളവരാണെന്നും മൃഗവാസന നമ്മളിൽ ഇപ്പോഴും മായാതെ നിൽക്കുന്നു എന്നുമാണ്. 

നമ്മുടെ ജീനുകൾ മൃഗീയമായ വാസനകളെ ഉൾക്കൊള്ളുന്നുണ്ടത്രേ. അതുകൊണ്ട് മൃഗസമാനമായ പെരുമാറ്റങ്ങളിൽ നിന്ന് നമുക്ക് മോചനമില്ല. തെറ്റ് ചെയ്യുന്നത് ജീനുകളുടെ ആജ്ഞയിൽ സംഭവിക്കുന്നതാകയിൽ ,നാം  നിസ്സഹായരാണ്. എന്നാൽ ആസ്ട്രേലിയൻ ബയോളജിസ്റ്റ് ജെറിമി ഗ്രിഫിത്ത് എഴുതിയ " ഫ്രീഡം :ദ് എൻ ഡ് ഓഫ് ദ് ഹ്യൂമൻ കണ്ടീഷൻ " എന്ന കൃതിയിൽ അദ്ദേഹം മറ്റൊരു വാദം മുന്നോട്ടുവെക്കുന്നു. മനുഷ്യൻ്റെ പെരുമാറ്റത്തിന് ജീനുകളെ കുറ്റപ്പെടുത്തേണ്ടതില്ല. അത് അവൻ ബോധപൂർവ്വം ചെയ്യുന്നതാണ്. ഒരു പെൺകുട്ടിയെ പ്രേമിക്കുന്നത് ബോധപൂർവ്വമായാണ്. അവളെ തനിക്ക് വേണം എന്ന് ചിന്തിക്കുന്നത് ജീനുകൾ പറഞ്ഞിട്ടല്ല; കൃത്യമായി ചിന്തിച്ചുറപ്പിച്ചിട്ട് തന്നെയാണ്. മന:ശാസ്ത്രപരമായാണ് മനുഷ്യൻ നീങ്ങുന്നത് .അവനെ ആകർഷിക്കുന്ന ചിലതുണ്ട്. ഇണയെ, സുഹൃത്തിനെ ആകർഷിക്കാൻ പലതും ചെയ്യും. അവന് ബുദ്ധിയുള്ളതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. അവൻ ആസൂത്രണം ചെയ്യുന്നു. അവന് ലക്ഷ്യമുണ്ട്. ലക്ഷ്യത്തിലെത്താൻ കുറുക്കുവഴികളുണ്ടെന്നറിയാം. അവൻ ചിലപ്പോൾ ശകാരിക്കുകയും ചതിക്കുകയും ചെയ്യും. തീവ്രമായി സ്നേഹിച്ചു പിന്നാലെ നടന്ന ശേഷം  പെൺകുട്ടി പ്രേമത്തിലാവുന്നതോടെ  അവൻ ആശ്വസിക്കുന്നു. എന്നാൽ അവൾ പ്രേമത്തിൽ നിന്ന് പിന്മാറുമ്പോൾ അവന് താങ്ങാനാകുന്നില്ല, എന്നു മാത്രമല്ല അവൻ പ്രകോപിതനാവുകയും അവളെ ആക്രമിക്കുകയും ചിലപ്പോൾ കൊല്ലുകയും ചെയ്യുന്നു.രണ്ടു കാര്യത്തിൽ, അവന് നിശ്ചയദാർഢ്യമുണ്ടായിരുന്നു: പ്രേമിക്കാനും പിന്നീട് പ്രേമം നഷ്ടപ്പെട്ടപ്പോൾ ആക്രമിച്ച് വധിക്കാനും. ജീനകളുടെ നിർദ്ദേശമനുസരിച്ച് ഈ രണ്ട് കാര്യങ്ങളും ചെയ്യാനൊക്കില്ല. ജീനുകൾ നിയന്ത്രിക്കുന്ന ജന്മവാസനകൾ ഒരു പ്രത്യേക ചട്ടക്കൂടിലാണുള്ളത്. അത് നൈസർഗികമായ ഒരാവേശമാണ്. അത് ആസൂത്രണത്തിലൂടെ ഉണ്ടാകുന്നതല്ല.

ജെറിമി ഗ്രിഫിത്ത് നൂറ്റാണ്ടുകളായുള്ള മനുഷ്യാവസ്ഥയെ പുതിയ രീതിയിൽ വ്യാഖ്യാനിക്കുകയാണ്. മനുഷ്യാവസ്ഥയിൽ ഒരു സംഘട്ടനമുണ്ട്. അത് നൂറ്റാണ്ടുകളായി തുടരുന്നു. ഈ സംഘട്ടനത്തിൻ്റെ ഫലമായി മനുഷ്യമനസ്സിൽ ഭയവും അരക്ഷിതാവസ്ഥയുമുണ്ടായിരിക്കുന്നു. മൃഗങ്ങളിൽ കാണുന്നതിന് സമാനമായ ജന്മവാസനയും, ബുദ്ധിയുദിച്ചതിന്റെ ഫലമായി പ്രത്യേക ലക്ഷ്യത്തോടെയുള്ള പെരുമാറ്റവും തമ്മിലുള്ള സംഘർഷമാണത്. മനുഷ്യൻ ജീനുകളുടെ ഇരയല്ല; അവൻ ബുദ്ധിപരമായ ആസക്തിയുടെ ഇരയാണ്. ചിന്തിച്ച് പ്രവർത്തിക്കുന്നതിലൂടെ മനുഷ്യൻ  അകപ്പെടുന്ന മന:ശാസ്ത്രപരമായ ഏടാകൂടത്തെപ്പറ്റിയാണ് ഗ്രിഫിത്ത്  വിശദീകരിക്കുന്നത് .

ഒരു കാര്യം നടപ്പിലാക്കാൻ പ്രവർത്തിക്കുമ്പോൾ എല്ലായ്പ്പോഴും വിജയിക്കുന്നില്ല. അപ്പോൾ വിഷാദമുണ്ടാകും; സുരക്ഷിതത്വം നഷ്ടപ്പെട്ടതായി തോന്നും. ഇത് ആധിയുണ്ടാക്കുന്നു. ഇതിൽ നിന്ന് രക്ഷനേടാൻ മനുഷ്യൻ അക്രമകാരിയാവുന്നു.തൊട്ടടുത്തുള്ളവനെ വകവരുത്താൻ ശ്രമിക്കും. സുഹൃത്തുക്കളെ പോലും തിരിച്ചറിയാതെ ചിലതൊക്കെ ചെയ്യുന്നു. ഓർമ്മകൾക്ക് സ്നേഹം നഷ്ടപ്പെടുന്നു.തൻ്റെ പ്രവൃത്തി മൂലം ജീവിതത്തിൽ പിന്തള്ളപ്പെടുന്നു എന്ന  തോന്നലുണ്ടാക്കുന്ന അരാജകത്വത്തിൽ നിന്ന് രക്ഷനേടാൻ സഹജീവികളോട് മത്സരിക്കുകയും വേണ്ടിവന്നാൽ ആക്രമിക്കുകയും ചെയ്യുന്നു.ഇതാണ് ഗ്രിഫിത്ത് നിരീക്ഷിക്കുന്ന മനുഷ്യാവസ്ഥ. മനുഷ്യൻ്റെ പെരുമാറ്റത്തിന്റെ ഉറവിടം മൃഗീയവാസനകളല്ല; ജീനുകളുടെ അടിസ്ഥാനത്തിലുള്ള സഹവർത്തിത്വവും നാഡീപരമായ വേരുകളുള്ള ബുദ്ധിയും തമ്മിലുള്ള സംഘർഷമാണ് മനുഷ്യാവസ്ഥയുടെ കാതൽ .

മനുഷ്യർക്ക് ബുദ്ധിയുദിച്ചപ്പോൾ ജന്മവാസനകൾക്ക് പകരം യുക്തിയിൽ കാര്യങ്ങൾ പഠിച്ചു പെരുമാറി. ഇത് അവനെ മന:ശാസത്രപരമായി കുഴപ്പത്തിലാക്കിയിരിക്കുന്നു. ചെയ്യുന്ന പ്രവൃത്തി തനിക്ക് നേരെ തൊടുക്കുന്ന അസ്ത്രമായി മാറുന്നു.എന്തുകൊണ്ടാണ് നാം ഇങ്ങനെ പരിതാപകരമായ കുറ്റകൃത്യത്തിലേക്കും ആത്മമഥനത്തിലേക്കും പതിച്ചതെന്ന് ചിന്തിക്കുന്നവർക്ക് കുറ്റബോധമുണ്ടാകും. ഇത് തിരിച്ചറിയുകയാണ് വേണ്ടത്. ജന്മവാസനയെയോ ബുദ്ധിപരമായ തിരഞ്ഞെടുപ്പിനെയോ നിരാകരിക്കുന്നതുകൊണ്ട് പ്രയോജനമില്ല. ഈ മനുഷ്യാവസ്ഥ തിരിച്ചറിയണം .അപ്പോൾ നമുക്ക് സ്വയം വിധി ക്രമീകരിക്കാനാവും.  മുന്നിൽ വന്നു നിൽക്കുന്ന അപരൻ ശത്രുവല്ല;ആ തോന്നൽ അരക്ഷിതബോധത്തിൻ്റെ ഫലമാണെന്ന് മനസ്സിലാക്കുന്നതോടെ  മനുഷ്യനു മുന്നിൽ സഹകരണത്തിന്റെ, സ്നേഹത്തിന്റെ വാതിൽ തുറക്കുന്നു.

മനുഷ്യർക്ക് മന:ശാസ്ത്രപരമായ ഒരു പുതിയ വാസസ്ഥലം സംഭാവന ചെയ്യുകയാണ് ഗ്രിഫിത്ത്. മന:ശാസ്ത്രപരമായ പുനരധിവാസം എന്ന് വിളിക്കാം. അതുകൊണ്ട് ഏത് തലത്തിലും നാമെല്ലാം നല്ല വ്യക്തികളാണ്. ചീത്തയാക്കുന്ന ഒരു ഘടകവും നമ്മളിലില്ല. ഇത്  മനുഷ്യാവസ്ഥയിൽ നിന്നുള്ള മോചനമാണ്. മനുഷ്യൻ വിചാരിച്ചാൽ അവൻ്റെ പെരുമാറ്റത്തെ നന്നാക്കാനാവുമെന്ന് മനുഷ്യാസ്ഥയെക്കുറിച്ചുള്ള ഈ ബോധം തെളിയിക്കുന്നു. ഭൗതികമായ പ്രതാപമാണ് വലുതെന്ന് വിചാരിക്കുന്നത് കിടമത്സരത്തിൻ്റെ ഫലമാണ് .ഇവിടെ ആത്മീയമായ അവബോധമാണ് പ്രധാനമാകുന്നത്. ദാരിദ്ര്യമോ ഭൗതികമായ പ്രതിബന്ധകളോ അല്ല മനുഷ്യരാശിയുടെ ബന്ധനത്തിന് കാരണം.



No comments: