Followers

Showing posts with label kollam sn college talk. Show all posts
Showing posts with label kollam sn college talk. Show all posts

Thursday, September 24, 2026

നിസ്സാര കാര്യങ്ങളിൽ നിന്നു സന്തോഷം ലഭിക്കുന്നതിൻ്റെ പൊരുൾ: എം.കെ.ഹരികുമാർ



റിപ്പോർട്ട്: എൻ.രവി


 


എഴുത്തിന്റെ 50 വർഷം:
എം.കെ. ഹരികുമാറിനെ കൊല്ലം എസ് എൻ കോളേജ് ആദരിച്ചു 

കൊല്ലം: പൂവിനും പുല്ലിനും പ്രാണിക്കും വരെ മനുഷ്യരുടെയൊപ്പം സ്ഥാനം നൽകുന്ന ഹോളിസ്റ്റിക് ദർശനമാണ് ശ്രീനാരായണഗുരുവിൻ്റേതെന്ന് എം.കെ. ഹരികുമാർ അഭിപ്രായപ്പെട്ടു. 

ശ്രീനാരായണ സ്റ്റഡീസ് ഫോറത്തിൻ്റെയും ശ്രീനാരായണഗുരു എംപ്ലോയീസ് ഫോറത്തിൻ്റെയും കൊല്ലം എസ്.എൻ കോളജ് മലയാള വിഭാഗത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കോളജ് സെമിനാർ ഹാളിൽ എം.കെ. ഹരികുമാറിനെ ആദരിക്കുന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സാഹിത്യരചനയിൽ അമ്പതാം  വർഷത്തിലേക്കും 'അക്ഷരജാലകം' പംക്തി മുപ്പതാം വർഷത്തിലേക്കും   കടക്കുകയാണ്. ഇത്രയും ദീർഘകാലമായി ആഴ്ചതോറും എഴുതുന്ന പംക്തി ഇന്ത്യയിൽ തന്നെയില്ല. കൊല്ലം മേയർ എ.കെ. ഹഫീസ് ഉപഹാരവും പൊന്നാടയും നൽകി ഹരികുമാറിനെ ആദരിച്ചു.


 

ഹരികുമാർ രചിച്ച പിണ്ഡനന്ദി: ആനന്ദത്തിൻ്റെ എഞ്ചിനീയറിംഗ് ,കുണ്ഡലിനിപ്പാട്ട്: ഒരു സൗന്ദര്യാത്മക ദൈവത്തെ തേടി എന്നീ പുസ്തകങ്ങൾ മേയർ എ.കെ. ഹഫീസ് പ്രകാശനം ചെയ്തു.എസ്.എൻ. ട്രസ്റ്റ് ട്രഷറർ ഡോ.ജി.ജയദേവൻ ,യോഗം കൗൺസിലർ പി. സുന്ദരൻ എന്നിവർ പുസ്തകങ്ങൾ സ്വീകരിച്ചു.എസ്.അജയകുമാർ,കോളജ് പ്രിൻസിപ്പൽ ഡോ.എസ്. ബൈജൂ, മലയാളം വകുപ്പ് അദ്ധ്യക്ഷൻ ഡോ. എസ്. ജയൻ ,എംപ്ളോയീസ് കൗൺസിൽ സംസ്ഥാന പ്രസിഡൻ്റ് ഡോ.എസ്. വിഷ്ണു, ഡോ. കെ.എസ്. കവിത എന്നിവർ പ്രസംഗിച്ചു.
'ശ്രീനാരായണഗുരുവും ആധുനിക വിദ്യാഭ്യാസവും' എന്ന വിഷയത്തിൽ എം.കെ.ഹരികുമാർ പ്രഭാഷണം നടത്തി. 



ഹരികുമാറിന്റെ പ്രഭാഷണത്തിൽ നിന്ന്:

മനുഷ്യനെ ഉൽകൃഷ്ടമായ ഒരു തലത്തിലേക്ക് ഉയർത്തുകയും പ്രപഞ്ചത്തിലെ സകല ചരാചരങ്ങളെയും ദൈവികതയിൽ കോർത്തിണക്കുകയും ചെയ്യുന്ന അത്ഭുതദർശനമാണ് ഗുരുവിൻ്റേത്. ഇതൊരു ഹോളിസ്റ്റിക് ദർശനമാണ്. അവിടെ ഉറുമ്പിനും പ്രകൃതിക്കും മനുഷ്യർക്കും ഒരുപോലെ സ്ഥാനമുണ്ട്. മനുഷ്യൻ്റെ മതത്തെ വിശാലമായി വീക്ഷിച്ചാൽ മാത്രമേ ഈ ഹോളിസ്റ്റിക് ദർശനം വ്യക്തമാവുകയുള്ളൂ. ഏതെങ്കിലും മതം വേണമെന്നോ ഉപേക്ഷിക്കണമെന്നോ ഗുരു പറഞ്ഞിട്ടില്ല. മനുഷ്യൻ നന്നായാൽ മതിയെന്നാണ് ഉപദേശം .



അവിടെ ഗുരുവിൻ്റെ വിലാപം കേൾക്കാം. ഏത് മതത്തിൽ വിശ്വസിച്ചാലും നിങ്ങൾ നന്നായില്ലെങ്കിൽ എന്ത് ഫലമെന്ന വ്യഥ ബാക്കിയാവുകയാണ്. ഗുരുവിൻ്റെ ദർശനത്തിലേക്ക് കടക്കാനുള്ള ആദ്യപടി മനുഷ്യരെല്ലാം ഒരു സമുദായമാണെന്ന ഗുരുവചനത്തെ ഉൾക്കൊള്ളുകയാണ്. ഏത് രാജ്യത്തുള്ള ആളായാലും മനുഷ്യർക്ക് ഒരു സമുദായമേയുള്ളൂ. അത് മാനവസമുദായമാണ്. എന്നാൽ ഒരു ജാതി എന്ന് കേൾക്കുമ്പോൾ ഏതെങ്കിലും പ്രത്യേക ജാതിയാണെന്ന്  തെറ്റിദ്ധരിക്കരുത്.ഗുരു മനുഷ്യനിൽ ഉണർന്നു വരേണ്ട ഒരു സാർവലൗകിക ഏകത്വത്തെയാണ് ലക്ഷ്യമാക്കുന്നത്. മനുഷ്യൻ ഗുണമുള്ളവനാകണം. മനുഷ്യന്റെ രൂപം ഉള്ളതുകൊണ്ട് മനുഷ്യത്വമോ അനുകമ്പയോ  ഉണ്ടാവുകയില്ല. അനുകമ്പയില്ലെങ്കിൽ മനുഷ്യൻ നാറുന്ന ഉടൽ മാത്രമാണെന്ന് ഗുരു പറഞ്ഞിട്ടുണ്ട്.ഇവിടെ ഗുരു ക്ഷോഭിക്കുകയാണ്. മനുഷ്യനെ ശകാരിക്കുകയാണ്. നാറ്റമുള്ള വെറും ശരീരമാണ് അനുകമ്പയില്ലാത്തവൻ. അതുകൊണ്ട് നാം അനുകമ്പ നേടണം. അതിലൂടെ ഗുരുവിന്റെ മനുഷ്യനിലേക്ക് നമുക്ക് പ്രയാണം തുടങ്ങാം. ഗുരുവിൻ്റെ മനുഷ്യൻ കുറേക്കൂടി ഉയരത്തിലാണ്. മനുഷ്യനിലെ ഗുണത്തെ വർധിപ്പിക്കുന്നവനാകണം അവൻ .അപ്പോഴാണ് അവൻ ഒരു ജാതിയിൽ ഉൾപ്പെടുന്നത് .ഗുരുവിൻ്റെ മതം ജീവന്മുക്താവസ്ഥയാണ്.ജീവനിൽ നിന്നുള്ള വേർപെടലല്ല ഇത്. പല മതസാരവുമേകം എന്നു പറയുന്നത് സാമാന്യതത്വമാണ്. ജീവിതത്തിലെ നിസാര കാര്യങ്ങളെയോർത്ത് കലഹിക്കുകയോ ദുഃഖിക്കുകയോ ചെയ്യുന്നതിനപ്പുറത്ത് ഏതൊരു വസ്തുവിലും കാര്യത്തിലും നമുക്ക് മഹത്തായ അനുഭവം ,ആനന്ദം നേടാൻ കഴിയുമ്പോഴാണ് ഗുരുവിൻ്റെ മതം വ്യക്തമാവുന്നത്. ഇതാണ് ജീവന്മുക്താസ്ഥ. എല്ലാ മതങ്ങളുടെയും സാരം ഒന്നാണ്. അതുകൊണ്ട് ഗുരു ഉദ്ദേശിക്കുന്ന മതമാകുന്നില്ല. ആ മതം നമ്മെ ആന്തരികമായി സമ്പന്നമാക്കണം. അത് നാം നിസ്സാരത്വത്തിൽ നിന്ന് ഉയരുമ്പോഴാണ് സംഭവിക്കുന്നത്. മനുഷ്യൻ മതങ്ങൾക്ക് പുറത്തേക്ക് വളരുകയാണ് ചെയ്യുന്നത്. ഗുരുവിൻ്റെ ദൈവം പരമ്പരാഗതമായ ആശയമല്ല. അത് വ്യക്തിഗതമായ അനുഭവത്തിൽനിന്ന് ആർജിക്കേണ്ടതാണ്. വലിയ ഉയരവും വിസ്തീർണ്ണമുള്ള ക്ഷേത്രങ്ങളിലെ ശിവനെ ആരാധിക്കുവാൻ അനുവദിക്കുന്നില്ലെങ്കിൽ ഗുരു കല്ലെടുത്ത് വച്ച് പ്രാർത്ഥിച്ചു ശിവനെ കാണിച്ചു തരും. അരുവിപ്പുറത്തെ പ്രതിഷ്ഠയ്ക്ക് വലിയ മന്ദിരങ്ങളോ ഗോപുരമോ ഉണ്ടായിരുന്നില്ലല്ലോ.അപ്പോൾ ചിലർ പറഞ്ഞു ഇങ്ങനെയല്ല ശിവനെ പ്രതിഷ്ഠിക്കേണ്ടത്, ഇത് ശിവനല്ല എന്നൊക്കെ.അപ്പോൾ ഗുരു പറഞ്ഞു ഇത് നമ്മുടെ ശിവനാണെന്ന്, നിങ്ങളുടേതല്ല എന്ന്. രണ്ടു തരം ശിവന്മാരുണ്ടോ?ശിവൻ ഒന്നേയുള്ളൂ . ശിവനെ എല്ലാവർക്കും പ്രാപ്യമാക്കുകയാണ് ഗുരുവിൻ്റെ പരീക്ഷണത്തിന്റെ ലക്ഷ്യം. പ്രാചീനമായ ദൈവസങ്കൽപ്പത്തെ തന്നെ ഇവിടെ റദ്ദ് ചെയ്യുകയാണ്.ശിവന് മതവിശ്വാസികൾ കരുതുന്ന പോലെ ഇവിടെ പ്രത്യേക സ്ഥലമോ സൗകര്യങ്ങളോ ആവശ്യമില്ലെന്ന് ഗുരു ധ്വനിപ്പിക്കുകയാണ് .ശിവൻ ഭക്തരുടേതാണ്. ശിവനെ എല്ലാവർക്കും വേണം. ഇതാണ് ജനാധിപത്യപരമായ ആരാധന.


 

ഗുരു ശിവനെ ജനങ്ങളുടേതാക്കി .പാവപ്പെട്ടവർക്കും അധഃസ്ഥിതർക്കും ശിവനെ വേണം. ഇത് സുബ്രഹ്മണ്യന്റെ കാര്യത്തിലാണ് ഗുരുവിനോട് ആവശ്യപ്പെട്ടതെങ്കിൽ ഗുരു ഒരു കല്ലിൽ സുബ്രഹ്മണ്യനെ കാണിച്ചുതരുമായിരുന്നു .പ്രാപഞ്ചിക ഇനമായ നമുക്ക് ദൈവത്തെ നമ്മുടേതായ രീതിയിൽ സമീപിക്കാമെന്ന സ്വാതന്ത്ര്യമാണ്  കാണിച്ചുതന്നത് .വിദ്യകൊണ്ട് സ്വതന്ത്രരാകണമെന്ന് പറഞ്ഞു. ആ സ്വാതന്ത്ര്യത്തിന്റെ അർത്ഥമെന്താണ് ?നിങ്ങൾക്ക് കുറെ സ്വാതന്ത്ര്യം തന്നാൽ എന്ത് ചെയ്യും? ഒന്നും ചെയ്യാനൊക്കില്ല. ആ സ്വാതന്ത്ര്യത്തെ ചില്ലുകൂട്ടിൽ  സൂക്ഷിച്ചുവയ്ക്കാം. എന്നാൽ ഗുരു സൂചിപ്പിച്ചത് സ്വാതന്ത്ര്യം കൊണ്ട് ജ്ഞാനം നേടണമെന്നാണ്. ജ്ഞാനമാണ് നിങ്ങളെ സ്വതന്ത്രരാക്കുന്നത് .ഇവിടെ  വിദ്യകൊണ്ട് ഉദ്ദേശിക്കുന്നത് ജ്ഞാനമാണ്. കെട്ടുപാടുകളിൽ നിന്നും  അന്ധവിശ്വാസങ്ങളിൽ നിന്നുമുള്ള വിടുതലാണത്. ജ്ഞാനത്തിലൂടെ നിങ്ങൾക്കു പുതിയ രീതിയിൽ ചിന്തിക്കാനാവും. ആവർത്തനവിരസമായ ആശയങ്ങളിൽ നിന്ന് മുന്നോട്ട് പോകാനും കഴിയും. ഞാൻ എഴുതുമ്പോൾ ഇതാണ് ശ്രദ്ധിച്ചിട്ടുള്ളത്. പഴയ മാതൃകകൾ ഞാൻ സ്വീകരിക്കാറില്ല. എഴുതുമ്പോൾ  പുതിയ വീക്ഷണം ആവശ്യമാണ്. എൻ്റെ സാഹിത്യരചനയുടെ അമ്പതാം  വർഷത്തിലേക്ക് കടക്കുകയാണ്. ഒമ്പതാം ക്ലാസിൽ പഠിച്ചപ്പോൾ എന്റെ പ്രിയപ്പെട്ട അധ്യാപകനെ ഒരു കവിത എഴുതിക്കാണിച്ചതാണ് തുടക്കമായി  ഞാൻ കണക്കാക്കുന്നത്. എന്നാൽ അതിനുമുമ്പും ഞാൻ എഴുതിയിട്ടുണ്ട്. 
 

സാമ്പ്രദായിക ചിന്താഗതിക്കാർ എൻ്റെ രചനകളോട് അസഹിഷ്ണുത  കാണിക്കാൻ തുടങ്ങിയപ്പോൾ ഞാൻ ഇന്റർനെറ്റിനെ ആശ്രയിച്ചു.2007  മുതൽ ഞാൻ ബ്ലോഗെഴുത്ത് തുടങ്ങി.ഏഴ് ബ്ളോഗുകളുണ്ട്.  അവിടെ രചനകൾ പോസ്റ്റ് ചെയ്യുകയാണ്. ഇതിനുപുറമേ രണ്ട് വെബ്സൈറ്റുകളുമുണ്ട്.  മലയാളത്തിൽ ഏറ്റവും കൂടുതൽ രചനകൾ ഇൻറർനെറ്റിൽ ലഭ്യമായിട്ടുള്ളത് എന്റേതാണ് .ഇവിടെ പ്രകാശിതമായ എൻ്റെ കൃതികൾ  ഗുരുവിന്റെ ദർശനത്തെ കുറേക്കൂടി സൗന്ദര്യാത്മകമായി വായിക്കാൻ ശ്രമിച്ചതിൻ്റെ ഫലമാണ്. ഗുരു ദൈവത്തെ കൊണ്ടുവന്നു. ദൈവം സൃഷ്ടിയാണ് ,സ്രഷ്ടാവാണ്, സൃഷ്ടിജാലമാണ്. നമ്മളും സൃഷ്ടിയാണ് ,സ്രഷ്ടാവാണ്,സൃഷ്ടിജാലമാണ്. മാതാപിതാക്കൾ സ്രഷ്ടാക്കളാണ്. നമ്മൾ മാത്രമല്ല ,നാം ഉപയോഗിക്കുന്ന ഓരോ വസ്തുവും സാമഗ്രിയാണ്. കലാകാരനും അധ്യാപകനും ശാസ്ത്രജ്ഞനും തൊഴിലാളിയും സൃഷ്ടിയാണ് ,സ്രഷ്ടാവാണ്, സാമഗ്രിയാണ്. മാതാപിതാക്കൾ സ്രഷ്ടാക്കളാണ്. നമ്മൾ മാത്രമല്ല നാം ഉപയോഗിക്കുന്ന ഓരോ വസ്തുവും സാമഗ്രിയാണ്.ഇതെല്ലാം ദൈവമാണെന്ന് ഗുരു പറയുന്നു.അങ്ങനെ ദൈവദർശനമുണ്ടാകുന്നു.ഇത് പ്രപഞ്ചജീവിതത്തെ ഹോളിസ്റ്റിക്കായി കാണുകയാണ്. ഒന്നിനെയും ഒഴിവാക്കാനില്ല .എല്ലാറ്റിലും ഗുരു ദൈവത്തെ കണ്ടെത്തുകയാണ് . ഭാഗവതത്തിൽ ഈ ദർശനത്തിന് ആധാരമായ മൂലതത്വം കാണാൻ സാധിക്കും. കപിലൻ അമ്മ ദേവഭൂതിക്ക് ഉപദേശിച്ചു കൊടുക്കുന്നതാണ്:

"അഥ മാം 
സർവ്വ ഭൂതേഷു
ഭൂതാത്മനാം കൃതാലയം
അർഹയേ ദാനമാനാഭ്യം
മൈത്ര്യാ ,അഭിന്നേന ചക്ഷുഷ."

അഥ എന്നാൽ അതിനാൽ. മാം എന്നെ. സർവ്വഭൂതേഷു എന്നാൽ എല്ലാ ജീവജാലങ്ങളിലും. ഭൂതാത്മാനാം കൃതാലയം അർത്ഥമാക്കുന്നത് എല്ലാ ജീവികളുടെ ആത്മാവിലും താൻ വസിക്കുന്നു .എല്ലാറ്റിനെയും ആരാധിക്കണം. ദാനവും മാനവും ഒരുമിച്ചു വേണം. സ്നേഹം വേണം. ഭിന്നതയില്ലാതെ നോക്കണം . പാവപ്പെട്ടവനെയോ പണക്കാരനെയും ഒരുപോലെ നോക്കണം. വിദ്യ ഉള്ളവനെയും ഇല്ലാത്തവനെയും ഒരു പോലെ നോക്കണം. ഭഗവാൻ  ശ്രീകൃഷ്ണൻ കുചേലനെ കെട്ടിപ്പിടിച്ചതിൻ്റെ കാരണമിതാണ്. കുചേലനിൽ ദൈവം വസിക്കുന്നു.
ഇതാണ് ഇന്ത്യയുടെ ദർശനം .
 

ഭേദചിന്ത പ്രായോഗികതലത്തിൽ ഇല്ലാതാവണം. ഗുരുവിൻ്റെ  അദ്വൈതം ഇതാണ് .ശിവഗിരിയിലെ പാചകശാലയിൽ പുലയക്കുട്ടികളെ പ്രവേശിപ്പിച്ചു പാചകം ചെയ്യിക്കുന്നു .അത് വലിയവർക്ക് വിളമ്പുന്നു. അവരോട് ഇക്കാര്യം പറയുന്നു .ഇതോടെ ജാതിയെ ഗുരു നശിപ്പിക്കുകയാണ് ചെയ്തത്. ഗാന്ധിജി ശിവഗിരിയിൽ വളരുന്നതിന് മുമ്പ് അദ്ദേഹം ബ്രാഹ്മണ പക്ഷക്കാരനായിരുന്നു. അദ്ദേഹത്തിന്  ഒരു ജാതി എന്ന ആശയം മനസ്സിലായില്ല. ഗുരു അത് വൃക്ഷങ്ങളുടെ ഇലകൾ ചൂണ്ടക്കാട്ടി അതിലെ സത്ത് ഒന്നാണെന്ന് സമർത്ഥിച്ചു. ശിവഗിരിയിലെ പഴയകശാലയിൽ പറയരും പുലയരും ഭക്ഷണം പാചകം ചെയ്യുന്നുണ്ടെന്ന് ഗാന്ധിജിയെ അറിയിച്ചു. ഇത് ഗാന്ധിജിയുടെ ചിന്താഗതിയിൽ മാറ്റം വരുത്തി. അദ്ദേഹം തിരിച്ചു പോയശേഷം 'യംഗ് ഇന്ത്യ'യിൽ എങ്ങനെ എഴുതി:
Untouchability is a crime against God and Man.ദൈവത്തെക്കുറിച്ചുള്ള സങ്കല്പവും മാറി .അദ്ദേഹം എഴുതി :God has no religion.ദൈവത്തിന് മതമില്ലെന്ന് പറയണമെങ്കിൽ അത് ഗുരുവിൻ്റെ ദർശനത്തിൻ്റെ സ്വാധീനമാണ് .അറിവിലാണ് ദൈവവും ലോകവും. നിങ്ങളുടെ ബോധത്തിലാണ് ഈ ലോകം. നിങ്ങൾ ഇതുവരെ കാണാത്ത ഒരു മൃഗത്തെ കാണുന്നു എന്നിരിക്കട്ടെ. അതുവരെ ആ മൃഗം ഉണ്ടായിരുന്നു. എന്നാൽ നിങ്ങൾക്കറിയില്ലായിരുന്നു. നിങ്ങൾ ഉണ്ടായിരുന്നു, പക്ഷേ ആ മൃഗം അതുവരെ ഇല്ലായിരുന്നു. ആ മൃഗം ഉണ്ടായിരുന്നു, നിങ്ങളില്ലായിരുന്നു .നിങ്ങളുടെ ബോധത്തിലേക്ക് കയറിയാലേ ലോകം നിങ്ങളിൽ പ്രവർത്തിക്കുകയുള്ളൂ. അതുകൊണ്ട് ലോകത്തെ  ഉൾക്കൊള്ളാനാണ് വിനീതരാകേണ്ടത്.
 


അവിടെയാണ് വിദ്യാഭ്യാസം അർത്ഥവത്താകുന്നത്. പ്രാദേശികവും വിഭാഗീയവുമായ തലത്തിൽ നിന്ന് ബോധത്തെ വികസിപ്പിച്ച്  ലോകത്തോളം എത്തിക്കുക. അതായിരിക്കണം നമ്മുടെ അറിവിന്റെ മഹത്വത്തിൻ്റെ സാക്ഷാത്കാരം -ഹരികുമാർ പറഞ്ഞു.