Followers

Wednesday, September 2, 2026

ആത്മീയ അനുഭൂതിയുടെ മൂലസ്രോതസ്സുകൾ /എം.കെ.ഹരികുമാർ

 

 
 
 
'ശ്രീനാരായണായ ' എന്ന നോവലിൻ്റെ കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങളിലെ ചർച്ചകൾ ഗ്രന്ഥകാരൻ ഓർത്തെടുക്കുന്നു.( പ്രവാസിശബ്ദം ഓണപ്പതിപ്പ് , 2026)






 

ഒരു സർഗാത്മക രചനയുടെ ആത്മകഥാപരമായ കുരുക്ക് അഴിച്ചെടുക്കാനുള്ള ശ്രമം


 
'ശ്രീനാരായണായ'(2014)എന്ന പേരിൽ ഈ ലേഖകൻ എഴുതിയ നോവൽ (പ്രസാധനം: സുജിലി പബ്ളിക്കേഷൻസ് ,ചാത്തന്നൂർ)വായിച്ചവരും വായിക്കാത്തവരും എന്നിങ്ങനെ വായനക്കാരെ രണ്ടായി തിരിക്കാൻ ആഗ്രഹിക്കുന്നു. അത് ഒരു വലിയ പരീക്ഷണമായിരുന്നു. അത് പ്രതീക്ഷിച്ചതിനേക്കാൾ ഉയരത്തിൽ എത്തിക്കാൻ കഴിഞ്ഞു എന്നാണ് ഇപ്പോഴുള്ള വിലയിരുത്തൽ.
ഗുരുവിൻ്റെ ഈ വരികൾ എന്നെ പ്രചോദിപ്പിച്ചു:
"പൂവായ് മണമായ് പുണരചമായ്
പൊടിയാക് മുടിയായ് നെടിയോനായ്
തീവായുരുവായ് തിരിചിയമായ്
തേനാരുമുതായ് തികഴ്കിൻറായ്
നീ വാ കാവായെനൈയാൾവായ്
നിത്താ! ചിത്തായരുമാനൂർ
തേവാ! മൂവാ മുതൽവോനെ !
തേനേ! നയിനാർ നായകമേ! "(തേവാരപതികങ്കൾ)
ഈ പ്രപഞ്ചത്തിലെ അനുഭവങ്ങളിലെല്ലാം നീയാണ് നിറഞ്ഞു നിൽക്കുന്നത്. നീ വന്ന് എന്നെ രക്ഷക്കണമെന്നാണ് പ്രാർത്ഥന. ഇതിൽ ഉൾച്ചേർന്ന ഗുരുവിനെ അന്വേഷിച്ചതിൻ്റെ വിനീതമായ ഉല്ലന്നമാണ് 'ശ്രീനാരായണായ'.
ഗുരുവിനെ പുറത്തു നിന്നു കണ്ടതിന്റെ അടിസ്ഥാനത്തിലാണ് പലരും ജീവചരിത്രം രചിച്ചിരിക്കുന്നത്. അത് ഒരു പുറം വീക്ഷണമാണ് .ചിലർ ഗുരുവിനെക്കുറിച്ച് നോവൽ എഴുതിയത് ഈ പുറം വീക്ഷണത്തിന്റെ പശ്ചാത്തലത്തിലാണ് .ഗുരുവിന്റെ ജീവിതം ഒരു പൊതുമേഖലാ ആത്മീയ അനുഭവമായിരുന്നു. സാമാന്യ ജനങ്ങൾക്കും പണ്ഡിതർക്കും ഒരുപോലെ ഗുരു സുതാര്യതയായി നിലകൊണ്ടു.സ്ഫടികം പോലെ സുതാര്യം. അപ്പോഴും ഗുരുവിൻ്റെ ഉള്ളിലേക്ക് നോക്കുന്ന, ആത്മനിഷ്ഠമായ ഒരു പഠനമോ അന്വേഷണമോ ഉണ്ടായിട്ടില്ല. ഗുരു എങ്ങനെ ചിന്തിച്ചു ,ജീവിച്ചു എന്നറിയാൻ ശ്രമിക്കുമ്പോഴാണ് അത് കലാസൃഷ്ടിയായി മാറുന്നത്. 'ശ്രീനാരായണായ' ആ വഴിക്കാണ് നീങ്ങുന്നത്. അത് ഗുരുവിൻ്റെ ജീവചരിത്രത്തെ ആശ്രയിക്കുന്നില്ല. പലർ എഴുതിയ കാഴ്ചപ്പാടുകളെ പരിഗണിക്കുന്നില്ല. എന്നാൽ ഗുരുവിനെ തന്നെ പിന്തുടരുന്നു. ഗുരുചിന്തകൾ മനസ്സിൽ സൃഷ്ടിച്ച ഭാവപരമായ ചലനങ്ങൾ, ആത്മീയമായ അടരുകൾ, വാക്കുകൾക്കകത്തെ മുത്തുകൾ, മൗനങ്ങളിലെ അനന്തമായ ലോകങ്ങൾ, പരംപൊരുളിൻ്റെ നേർക്കുള്ള നോട്ടങ്ങൾ, മനസ്സിൽ വന്നലയ്ക്കുന്ന ദുരൂഹമായ ശബ്ദങ്ങളുടെ അർത്ഥം തേടിയുള്ള യാത്രകൾ ,ഏകാന്തതയുടെ വിഭിന്നമായ ചുഴികൾ, സ്നേഹത്തിൻ്റെ വൈകാരികമായ ലോകങ്ങൾ തുടങ്ങിയ വിവിധങ്ങളായ വഴികളിലൂടെയാണ് നോവലിസ്റ്റ് സഞ്ചരിച്ചത്. മനസ്സിൽ നിന്ന് ധ്യാനത്തിലൂടെ, നിമിഷങ്ങളിലൂടെ പിഴുതെടുക്കേണ്ടതാണ് ഓരോ വാക്കും.
 
പ്രാചീനമായ സത്യങ്ങൾ 
 
ഗുരുവിൻ്റെ കാല്പാടുകൾ മനസ്സുകളിൽ പതിഞ്ഞത്, സംവത്സരങ്ങളിലൂടെ അത് രൂപപ്പെട്ടത് ഒപ്പിയെടുക്കുകയായിരുന്നു ലക്ഷ്യം വച്ചത്. അപ്പോൾ കേവലം ജീവചരിത്രം പോരാതെ വരും. ജീവചരിത്രകാരന്മാർക്ക് വ്യക്തിയുടെ ഭൗതികജീവിതമഹത്വത്തെയാവും ശ്രദ്ധിക്കാനുണ്ടാവുക .അത് അവർ ഗ്രഹിക്കുന്നത് ആ കാലത്തെ പത്രമാസികളിലൂടെയും വെളിച്ചം കണ്ട കത്തുകളിലൂടെയും ആത്മനിഷ്ഠമായ കുറിപ്പുകളിലൂടെയും സമകാലീനരുടെ അഭിപ്രായപ്രകടനങ്ങളിലൂടെയുമായിരിക്കും .ഇതിനെല്ലാം ബാഹ്യമായ വിവരണത്തിൻ്റെ സ്വഭാവമാണുള്ളത്. വീക്ഷണപരമായ സാമ്യതയാണ് ഇതിലെല്ലാം നിഴലിക്കുന്നത്. സ്വീകാര്യമായ, വസ്തുനിഷ്ഠമായ വിലയിരുത്തലായി ഇതിനെ കാണാം. പക്ഷേ ഗുരുവിനെ വസ്തുനിഷ്ഠമായി മാത്രം അറിഞ്ഞാൽ പോരാ; ഗുരുവിൻ്റെ ചിന്തയുടെ വിപ്ലവകരമായ വഴിമാറൽ ശ്രദ്ധിക്കണം.ഉപയോഗിച്ച വഴി തള്ളിക്കളഞ്ഞ ശേഷം ഗുരു എങ്ങനെ ഭാവിയിലേക്കുള്ള വഴി കണ്ടുപിടിച്ചു? മാമൂലുകൾ താഴെ വീഴുമ്പോൾ ഗുരു എങ്ങനെ വിജയിച്ചു ?ഇതിനുള്ളിൽ നടന്ന കലാപമെന്താണ്? ഗുരു എങ്ങനെയാണ് സമകാലികരായ സന്യാസിമാരെയും പണ്ഡിതരെയും തൻ്റെ യുക്തിയിലൂടെ പരിവർത്തനപ്പെടുത്തിയത് ?
തീർത്തും ആത്മീയമായ ഒരു ഉന്നതതലത്തിലൂടെ ഗുരു കടന്നു പോയിട്ടുണ്ട്. അതിൽ കലയുണ്ട്, കലാപമുണ്ട്. അതിനൊരു സൗന്ദര്യാത്മക ഭാഷയുണ്ട്. അത് ആത്മീയമായ അനുധാവനവും ഭാവനയും കലർന്നതാണ്. വസ്തുവിനെക്കുറിച്ചുള്ള ശരിയായ വീക്ഷണം നേടുമ്പോഴും അതിൽ ഉൾച്ചേരുന്ന കലാവീക്ഷണം പ്രസക്തമാണ്. ഈ ലോകത്തെ ഗുരു എങ്ങനെയാണ് കൂടുതൽ സുന്ദരമാക്കിയതെന്ന് ആരായേണ്ടതുണ്ട് .അതിലൂടെയാണ് 'ശ്രീനാരായണായ' കടന്നുപോകുന്നത്. ആത്മീയ അനുഭൂതിയുടെ മൂലസ്രോതസ്സിലേക്ക് ചെല്ലുകയാണ് ഗുരുവിനെക്കുറിച്ച് നോവലെഴുതുമ്പോൾ ശ്രദ്ധിക്കേണ്ടതെന്ന് തോന്നുന്നു. രണ്ടുതരത്തിൽ ഇതിന് ആവിഷ്കാരമാധ്യമം കണ്ടെത്തേണ്ടതുണ്ട്-പ്രമേയപരമായും രൂപപരമായും.
പ്രമേയപരമായി ഗുരുവിൻ്റെ അന്തർ മണ്ഡലത്തിലേക്ക് പ്രവേശിക്കാനായി തപസ്സനുഷ്ടിക്കണം. അൻപ് ,ആത്മാവ് ,പീഡ എന്നെല്ലാം പറയുമ്പോൾ ഗുരുവിൻ്റെ മനസ്സിൽ വിരിഞ്ഞ അർത്ഥങ്ങളുടെ മഴവില്ല് എന്തായിരിക്കണം ? അത് കലാകാരൻ ആവിഷ്കരിക്കണം .പ്രാചീനമായ സത്യങ്ങളിലേക്ക് അത് നമ്മെ നയിച്ചു കൊണ്ടിരിക്കും. നാം എന്താണ്, നമ്മെ എങ്ങനെയെല്ലാം സൃഷ്ടിച്ചിരിക്കുന്നു, നമ്മുടെ ചിന്തയുടെ ആദിമമായ പ്രഭവ കേന്ദ്രങ്ങൾ എന്തെല്ലാമാണ്, നമ്മുടെ വീക്ഷണത്തിന്റെ മൗലികത എന്താണ് തുടങ്ങിയ കാര്യങ്ങളെല്ലാം മനസ്സിലേക്ക് ഉറുമ്പരിക്കുന്നതുപോലെ വന്നുകൊണ്ടിരിക്കും.ആശയങ്ങൾ കൊണ്ടുണ്ടാകുന്ന കൂടിളക്കം അന്തർഭവിക്കുകയാണ്.'ഒരറിവ് സ്വയം നിരസിച്ച് മറ്റൊന്നായി സ്വയം നിർമ്മിക്കുന്നു' എന്ന അധ്യായത്തിൽ (പേജ് 235) ഹിംസാത്മകതയെക്കുറിച്ച് ഒരു ചർച്ച നടക്കുന്നുണ്ട്. ഗുരു ഒരു ശിഷ്യനുമായി സംവദിക്കുകയാണ്. സുഹൃത്ത് എന്നാൽ എന്താണെന്ന് അവിടെ വിശദമാക്കുന്നുണ്ട്. സുഹൃത്തിനെ കിട്ടാറുണ്ടല്ലോ എന്ന് ശിഷ്യൻ ചോദിക്കുമ്പോൾ ഗുരു നൽകുന്ന ദീർഘമായ ഉത്തരം ഇവിടെ ഉദ്ധരിക്കുകയാണ്.
 
"സുഹൃത്ത് ഉണ്ടായാൽ തന്നെ, തൃപ്തിവരാതെ അവനെ നഷ്ടപ്പെടുത്താൻ തക്കം പാർത്തിരിക്കും. എന്തെന്നാൽ സുഹൃത്ത് ഇല്ലാതിരിക്കുമ്പോഴുള്ള സ്വാതന്ത്ര്യമാണ് തന്റെ അഹത്തിന് പ്രിയമെന്ന് ഓരോരുത്തരും വിചാരിക്കുന്നു. അതുകൊണ്ട് എത്രതന്നെ സ്നേഹത്തോടെ സുഹൃത്ത് പെരുമാറിയാലും അതൊന്നും വകവയ്ക്കാനുള്ള അറിവ് ഉണ്ടാകാതിരുന്നാൽ എല്ലാം നശിക്കും. സ്നേഹിതനെ വെറുക്കാനും ഇല്ലാതാക്കാനുമുള്ള സ്നേഹമാണ് അറിവില്ലായ്മ മൂലം മുളച്ചു പൊന്തുന്നത് .ഇതിൽ രണ്ട് ഹിംസാപ്രവണതകളുണ്ട്. ഒന്ന്, സ്നേഹിതനെ ഹംസിക്കുക; രണ്ട്, സ്വയം ഹിംസിക്കുക. രണ്ടിലും സർവ്വനാശമാണ് ഫലം.
സുഹൃത്തിനെ ഹിംസിച്ചാൽ അതോടെ വലിയ ഒരു ലോകം അടഞ്ഞു പോകും. അവൻ മാത്രമല്ല ,അവൻ്റെ സ്നേഹിതരും നമ്മെ വെറുക്കും. അവൻ ചെയ്ത എല്ലാ നല്ല കാര്യങ്ങളും അതോടെ തെറ്റായി മാറും. നല്ലതെങ്ങനെ ചീത്തയായി മാറും.? നല്ലതിനെ അതായിത്തന്നെ കാണുകയും തെറ്റായി മാനിക്കുകയും ചെയ്യുന്നതിൽ ഒരു തെറ്റില്ലേ? ദാഹിച്ചു വരുന്നവന് ഒരാൾ കുറച്ചു വെള്ളം കൊടുക്കുന്നു; അത് ചെയ്തത് ദുഷ്ടലാക്കോടെ ആയിരുന്നുവെന്ന് ദാഹം മാറിയ ശേഷം പറയുകയാണെങ്കിൽ, വെള്ളം പിഴച്ചു? ഇങ്ങനെയാണ് നാം പഞ്ചഭൂതങ്ങളെ അശുദ്ധമാക്കുന്നത്. കാരണമില്ലാതെ, അറിവില്ലാതെ നാം എല്ലാറ്റിനെയും ദുഷിക്കുന്നു. എല്ലാത്തിലേക്കും ഉഗ്രവിഷം കയറ്റിവിടുകയാണ് .എന്നിട്ട് ഒന്നും ചെയ്യാത്തവനെപ്പോലെ നിഷ്കളങ്ക ഭാവത്തിൽ വിലപിച്ചുകൊണ്ടിരിക്കുന്നു.ഇത് മായയല്ലെങ്കിൽ പിന്നെന്താണ്? സത്യത്തിന്റെ മറവ് ഇവിടെയല്ലേ ഉള്ളത്?"
ഈ വിവരണം എനിക്ക് ലഭിക്കുന്നത് ചിന്തയുടെ ചില മൂലകങ്ങളിൽ നിന്നാണ്. ഇത് ഗുരുവിൻ്റെ ദൈവസങ്കല്പത്തിന്റെ സൂക്ഷ്മ വായനയാണ്. ഗുരുവിൻ്റെ ദൈവത്തിലേക്ക് എത്തിച്ചേരാൻ ചില കടമ്പകളുണ്ട്. അത് കഠിനമാണെന്ന് പറയുന്നില്ല. പക്ഷേ ശുദ്ധീകരണത്തിന്റെ ജാഗ്രത ആവശ്യമാണ് .
 
നാം സ്രഷ്ടാവ് തന്നെ 
 
'ദൈവദശക'ത്തിൽ ഇതിൻ്റെ സൂചനയുണ്ട്.
"നീയല്ലോ സൃഷ്ടിയും സ്രഷ്ടാ-
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ, സൃഷ്ടി
ക്കുള്ള സാമഗ്രിയായതും."
ഇതിൽ ഗുരു ദൈവത്തെ നിർവ്വചിക്കുന്നുണ്ട്. ദൈവം സൃഷ്ടിയാണ്, സ്രഷ്ടാവാണ്. സൃഷ്ടിജാലമാണ്. സൃഷ്ടിയ്ക്ക് ആവശ്യമായ വസ്തുക്കളുമാണ്. സൃഷ്ടി എന്നാൽ സൃഷ്ടിക്കപ്പെട്ടതെല്ലാം ഉൾക്കൊള്ളുന്നു. നാം തന്നെ സൃഷ്ടിയാണല്ലോ. നാം ചിന്തകൊണ്ട്, പ്രവൃത്തികൊണ്ട് സൃഷ്ടിക്കുന്നതും സൃഷ്ടിതന്നെ. കല സൃഷ്ടിയാണ്. കെട്ടിടങ്ങൾ സൃഷ്ടിയാണ്. കണ്ടുപിടിത്തങ്ങൾ സൃഷ്ടിയാണ് .ശാസ്ത്രം സൃഷ്ടിയാണ്. മതം സൃഷ്ടിയാണ് .അങ്ങനെ ദൈവവും സൃഷ്ടിയാണ്. നാം തന്നെ ദൈവം. സ്രഷ്ടാവും ദൈവമാണ്. നാമോരോരുത്തരും സ്രഷ്ടാവാണ്. മാതാപിതാക്കൾ സ്രഷ്ടാവിന്റെ സ്ഥാനത്താണുള്ളത്. നാം കവിത രചിക്കുന്നു. അങ്ങനെ നാം സ്രഷ്ടാവാകുന്നു. നാം കൃഷി ചെയ്ത് വിളയുണ്ടാക്കുന്നു. അവിടെയും നാം സ്രഷ്ടാവാണ് .
സൃഷ്ടിക്കും സ്രഷ്ടാവിനും പുറമേ സൃഷ്ടിജാലവും സൃഷ്ടിക്കുള്ള സാമഗ്രിയും ദൈവമാണെന്ന് പറഞ്ഞിരിക്കുന്നു. സൃഷ്ടിജാലം ഏതാണ്? സൃഷ്ടിക്കപ്പെട്ട വസ്തുക്കളെല്ലാം അതിൽ ഉൾപ്പെടുന്നു. നാം നിർമ്മിച്ച ഈ ലോകത്ത് ദൈവത്തെ കാണാൻ പ്രയാസമില്ലെന്നാണ് അർത്ഥം. മറ്റൊരുവനെ മുന്നിൽ കാണുമ്പോൾ അവനെ ദൈവമായി കാണണം. അപരൻ ദൈവമാണ്. അതുപോലെ ഏതൊരു ജീവിയും ദൈവമാണ്. അതെല്ലാം സൃഷ്ടിക്കപ്പെട്ടതാണ്. സൃഷ്ടിജാലത്തിൻ്റെ ഭാഗമാണ്.
ജൈവലോകമാകെ ദൈവരൂപമണിഞ്ഞ് നിൽക്കുകയാണ്. ഇനി ശേഷിക്കുന്നത് സൃഷ്ടിക്കുള്ള സാമഗ്രിയാണ് .അതിൽ ഊർജ്ജം, രേതസ്, സ്വപ്നം, ചിന്ത ,ബുദ്ധി, ഉൽപ്പാദന ഘടകങ്ങളായ ഭൂമി, പ്രയത്നം, സംഘാടനം, ധനം തുടങ്ങിയവയെല്ലാം സൃഷ്ടിയുടെ സാമഗ്രികളാണ്. ഇതെല്ലാം ദൈവമാണെന്ന് നിർവ്വചിച്ച ഗുരു അത് എങ്ങനെയാണ് മനുഷ്യൻ പ്രാപ്തമാക്കുന്നതെന്നതിന് കൃത്യമായ ഒരു വഴി പറഞ്ഞില്ല .നമ്മൾ കണ്ടെത്തണം. നാം ദൈവത്തിലേക്ക് ഉയരണം. നാം നമ്മളിൽ തന്നെയുള്ള തിന്മകളെ ഉച്ചാടനം ചെയ്യണമെന്നാണ് അതിലടങ്ങിയ ആഹ്വാനം.ഇങ്ങനെ പടിപടിയായി ശുദ്ധീകരിച്ചാൽ ദൈവത്തിൻ്റെ അനുഭവം നമ്മളിലേക്ക് സാവധാനം അരിച്ചിറങ്ങും. ഇത് ഗുരു ആഴത്തിലറിഞ്ഞ ഒരു സ്വാദാണ്. അതുകൊണ്ടാണ് ചുറ്റുമുള്ളതെല്ലാം ദൈവമാണെന്ന് പറഞ്ഞ ശേഷം മനുഷ്യന് എന്തുകൊണ്ട് ദൈവമായിക്കൂടാ എന്ന് ചോദിക്കാത്തത്.
ഞാൻ മുകളിൽ ഉദ്ധരിച്ച ഭാഗത്ത് സ്നേഹം എന്ന വികാരം ഉള്ളിലുണ്ടെന്ന ആത്മവിശ്വാസത്തോടെ പറയുന്നവനും അറിയാതെ തിന്മയിലേക്ക് വഴുതി വീഴുന്നതിന്റെ ചിത്രമാണുള്ളത്.
 
മനസ്സ് അവനെ കൈപിടിച്ച് തിന്മയിലേക്ക് കൊണ്ടുപോകുന്നു. അതുകൊണ്ട് നമ്മുടെ ദൈവഛായ നഷ്ടപ്പെടാതിരിക്കണമെങ്കിൽ നാം ഉള്ളിലെ തിന്മയെ പുറത്താക്കണം. ഗുരുവിൻ്റെ ദൈവസങ്കല്പത്തെ വേറൊരു സാഹചര്യത്തിൽ വിശദമാക്കാനാണ് ഇത് എഴുതിയത്. നോവലിന്റെ ശില്പത്തെ നവീനമാക്കുന്നത് അതിൻ്റെ ഘടനയാണ്. ഒരു നോവൽ വിചാരം ഘനീഭവിക്കേണ്ടതുണ്ട്. നോവൽ എന്നാൽ പുതിയത് എന്നാണ് അർത്ഥം. നിലവിലുള്ള നോവൽ ഘടനയെ അനുകരിക്കുകയാണെങ്കിൽ അതിൽ പുതുമയുണ്ടാകില്ല. പുതിയ ഘടന സൃഷ്ടിക്കുമ്പോഴാണ് പുതിയ നോവൽ ഉണ്ടാകുന്നത്. നോവലിന് ലക്ഷണം ഒന്നുമില്ല .അത് എല്ലാ ലക്ഷണങ്ങളെയും ധ്വംസിച്ചാണ് പിറക്കുന്നത്. നോവലിന് അനുകരിക്കാൻ ഒരു രൂപമില്ല .അത് വിസ്തൃതമായ ഒരു ലോകത്തെ ഉൾക്കൊള്ളാനുള്ള രൂപമാണ്. ആദിമധ്യാന്തമുള്ള ഒരു കഥ പറയണമെന്ന് ഒരു നിർബന്ധവുമില്ല. കഥയില്ലാതെയും നോവൽ എഴുതാം; കഥ അനുഭവമായാലും മതി. വായനയ്ക്കിടയിൽ മനുഷ്യജീവിതത്തിന്റെ അന്തർഘടനയിലുള്ള സ്മൃതികളിലേക്ക് നയിച്ചാൽ മതി .
 
വേണ്ടത് പ്രതിഛായ 
 
നോവൽ വായനയിൽ കടുത്ത യാഥാസ്ഥിതികരുണ്ട്. അവർക്ക് ഒരു കഥ മാത്രം മതി.നോവലിലെ കലയെക്കുറിച്ച് അവർക്ക് കേട്ടുകേൾവി പോലുമില്ല. അസ്തിത്വത്തിൻ്റെ പ്രഹേളികയാണ് നോവലിസ്റ്റ് തിരയേണ്ടതെന്ന് മിലാൻ കുന്ദേര പറഞ്ഞത് ഓർക്കാവുന്നതാണ്. ഗുരുവിനെക്കുറിച്ച് ഇവിടെ എഴുതപ്പെട്ട നോവലുകളെല്ലാം ജീവചരിത്രപരമാണ്. അതിലൊന്നും നോവലിസ്റ്റിന്റെ ആന്തരജീവിതമോ പ്രഹേളികയെ നിർദ്ധാരണം ചെയ്യാനുള്ള നിഷ്കളങ്കമായ പരിശ്രമമോ ഇല്ല .ഒരു വസ്തു കലാകാരന്റെയുള്ളിൽ പ്രതിബിംബിച്ചു മറ്റൊന്നായി തീരുകയാണ് പ്രധാനം.അവിടെയാണ് സൃഷ്ടി. ഗുരുവിൻ്റെ ജീവിതം അപ്പാടെ ഒരു കഥയാക്കി എഴുതിയാൽ അതിൽ സൃഷ്ടിപരതയുണ്ടാവില്ല.എഴുതുന്നയാളാണ് കല സൃഷ്ടിക്കേണ്ടത്, ഗുരുവല്ല .ഗുരുവിന്റെ ജീവിതത്തിലെ പ്രഹേളികയും ഏറ്റവും സൂക്ഷ്മമായ പ്രപഞ്ചസംഗീതവും അന്വേഷിക്കേണ്ടത് എഴുത്തുകാരനായ കലാകാരനാണ്. കലയ്ക്ക് വസ്തുവിൻ്റെ യഥാർത്ഥ ചിത്രമല്ല വേണ്ടത്; അതിൻ്റെ പ്രതിഛായയാണ്.
ആ പ്രതിഛായയാകട്ടെ മറ്റൊരു നോട്ടത്തിൽ നിന്നുണ്ടാകുന്നതാണ്. കലയിൽ അഭൗമമായ ഒരാശയത്തിനാണ് പ്രാമുഖ്യം .സൗന്ദര്യാത്മകമായ മുഖമാണ് കലയിൽ ഏറ്റവും പ്രാഥമികമായി പരിഗണിക്കേണ്ടത്. രാഷ്ട്രീയമോ വേദാന്തമോ ഏതായാലും രണ്ടാമതേ വരാവൂ. അനുവാചകന് വേണ്ടത് കലയിലെ സൗന്ദര്യമാണ്. അതിലാണ് ശാന്തിയും ഉള്ളടക്കവും ഉൾക്കാഴ്ചയുമുള്ളത്. വെറും സ്ഥിതിവിവര കണക്ക് ആർക്കുമെഴുതാനൊക്കും .അതിൽ സൃഷ്ടിയുടെ പ്രഭയില്ല. സൃഷ്ടിയിലൂടെ നാം ചെയ്യുന്നത് ഇരുട്ടിലേക്ക് പ്രകാശമയ്ക്കുകയാണ്.ഇതുവരെ കാണാത്ത തുരുത്തുകൾ പ്രത്യക്ഷമാവുകയാണ്.
 
'ശ്രീനാരായണായ'യിൽ ഗുരുവിന്റെ ജീവചരിത്രകാരന്മാർ കാണാത്തത് ,അന്വേഷിക്കാത്തത് തേടുകയാണ് .അതുകൊണ്ട് നോവലിന് പുതിയൊരു ഘടന ആവശ്യമായി വന്നു. ഇവിടെ ഒരു മുഴുനീള കഥയോ അതിൻ്റെ തുടർച്ചയോ ഇല്ല. നോവൽ വായിച്ചു കഴിയുന്നതോടെ ഗുരുവിനെക്കുറിച്ചുള്ള അപരിചിതവും ഗഹനവുമായ ഏടുകൾ ഒന്നൊന്നായി തെളിഞ്ഞു വരുന്നതായി വലിയ എഴുത്തുകാരും തുറന്നു പറഞ്ഞിട്ടുണ്ട്. പ്രമുഖ തമിഴ് ,മലയാളം എഴുത്തുകാരനായ നീല പത്മനാഭൻ എഴുതിയത് ഇതാണ്: "നാരായണഗുരു മലയാളത്തിലെ ചില കൃതികളിൽ ഇതിനു മുമ്പും കേന്ദ്രബിന്ദുവായി ഭവിച്ചിട്ടുണ്ട്. പക്ഷേ അവയിൽ നിന്നെല്ലാം എം.കെ. ഹരികുമാറിന്റെ ഈ കൃതി വേറിട്ടു നിൽക്കുന്നു. കാരണം തനതായ അദ്ദേഹത്തിന്റെ അന്വേഷണത്വര ,ആവിഷ്കരണ ശൈലിയുടെ തനിമയാർന്ന നവീനത മുതലായവയാണെന്ന് തോന്നുന്നു."
നീല പത്മനാഭൻ നല്ലൊരു വായനക്കാരൻ മാത്രമല്ല ജ്ഞാനിയുമാണ്.ഈ നോവലിൻ്റെ രൂപപരമായ പരീക്ഷണം അദ്ദേഹത്തിന് സുഗ്രാഹ്യമായ ഒരു സർഗാത്മക പദ്ധതിയായി കാണാൻ വിഷമമുണ്ടായില്ല.
 
വായനയും ആവിഷ്കാരമാണ് 
 
'ശ്രീനാരായണായ' വായിച്ച് ആദ്യം പ്രതികരിച്ചവരിൽ ഒരാളാണ് സച്ചിദാനന്ദ സ്വാമി.സ്വാമി പറഞ്ഞത് സന്യാസിമാർക്ക് പോലും ഈ രീതിയിൽ വേദാന്തചിന്തകൾ സുന്ദരമായി ,കലാപരമായി ആവിഷ്കരിക്കാൻ കഴിയില്ല എന്നാണ്. സ്വാമി പലപ്പോഴും പൊതുവേദികളിൽ ഈ നോവലിനെപ്പറ്റി പറഞ്ഞിട്ടുണ്ട്. ആലുവ അദ്വൈതാശ്രമത്തിൽ ഒരു യോഗത്തിനെത്തിയ സ്വാമി വിശിഷ്ട വ്യക്തികളുടെ മുന്നിൽ ഇങ്ങനെ പ്രസ്താവിച്ചു:" 'ശ്രീനാരായണായ' ഒരു ചരിത്രസംഭവമാണ്. ഗുരുവിനെക്കുറിച്ച് പലരും നോവൽ എഴുതിയിട്ടുണ്ടെങ്കിലും ഇതുപോലൊരു സൃഷ്ടി വേറെയില്ല. ഗുരുവിൻ്റെ ദാർശനികഭാവം ഏറ്റവും നന്നായി ആവിഷ്കരിക്കുന്നത് 'ശ്രീനാരായണായ'യിലാണ്. ഈ നോവൽ ചരിത്രത്തിലേക്കാണ് കടന്നു ചെന്നിരിക്കുന്നത്. 560 പേജുകളിൽ വ്യാപരിക്കുന്ന ഗുരുപ്രപഞ്ചമാണിത്. ഇത് വളരെ അസാധാരണമാണ്. ഇത് സ്ഥിരപ്രതിഷ്ഠ നേടിയ കൃതിയാണ്. ഹരികുമാറിന്റെ പല കൃതികളും ഞാൻ വായിച്ചിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തവും അഗാധവുമാണിത് .എനിക്ക് ഏറ്റവും പ്രിയപ്പെട്ട കൃതിയാണിത്. ഇത് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയാൽ ലോകനിലവാരത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന നോവലായി മാറും."
ജീവചരിത്രത്തെ നോവലായി മാറ്റുന്നതിനപ്പുറത്ത് ഒരു കലാവിഷ്കാരം എന്ന നിലയിൽ എഴുതപ്പെട്ട' ശ്രീനാരായണായ'യെ മികച്ച വായനക്കാരും പണ്ഡിതരായ സന്യാസിമാരും ആസ്വദിച്ചു എന്നറിയുന്നത് ആഹ്ലാദകരമാണ്. 'ശ്രീനാരായണായ'യ്ക്ക് വേണ്ടി പുതിയൊരു നോവൽ രൂപം സൃഷ്ടിച്ചു എന്നു പറഞ്ഞല്ലോ. അങ്ങനെയേ ഇത് എഴുതാനൊക്കൂ.ഇത് പുതിയ ഒരു പ്രമേയമാണ്. അതിന് പുതിയ മാർഗം ആവശ്യമാണ്. ഒരു വിശേഷാൽപ്രതിപോലെയാണിത് സംവിധാനം ചെയ്തിരിക്കുന്നത്. ഒരു എഡിറ്റർ പതിനഞ്ച് എഴുത്തുകാരിൽ നിന്ന് ഗുരുവിൻ്റെ ജീവിതത്തെക്കുറിച്ച്, ദർശനത്തെക്കുറിച്ച് രചനകൾ ശേഖരിച്ച് വിശേഷാൽ പ്രതി പ്രസിദ്ധീകരിക്കുകയാണ്. ഓരോ എഴുത്തുകാരനും തൻ്റെ ഭാവനയിലെ ഗുരുവിനെ പകർത്തുന്നു. അത് എല്ലാം കൂടി എഡിറ്റർ ചേർത്തുവയ്ക്കുന്നു. അതാണ് 'ശ്രീനാരായണായ' എന്ന നോവൽ.ഇവിടെ എഡിറ്ററും എഴുത്തുകാരും സാങ്കല്പികമാണ്.
 
ഇത് മലയാളം നോവലിൽ എന്നല്ല ലോകസാഹിത്യത്തിൽ തന്നെ പുതിയ ആവിഷ്കാരം മാർഗ്ഗമാണെന്ന് ഈ രംഗത്ത് പരിചയമുള്ള വായനക്കാർ പറഞ്ഞിട്ടുണ്ട്. നോവൽ ഇങ്ങനെയും വിഭാവന ചെയ്യാം.
'ശ്രീനാരായണായ'യ്ക്ക് ആമുഖലേഖനം എഴുതിയത് യശ:ശരീരനായ ഡോ. പ്രദീപൻ പാമ്പിരികുന്നാണ് .അദ്ദേഹം നോവലിന്റെ രൂപത്തെപ്പറ്റി നന്നായി പഠിച്ചു എഴുതിയത് നന്ദിയോടെ ഓർക്കുകയാണ്. ഒരു കലാസൃഷ്ടിയെ എങ്ങനെ സമീപിക്കണമെന്ന് അദ്ദേഹത്തിനറിയാം. അദ്ദേഹം സഹൃദയനാണല്ലോ. കലാസൃഷ്ടിയിൽ അങ്കഗണിതവും ബീജഗണിതവും അന്വേഷിക്കുന്നത് സദാചാരവിരുദ്ധമാണ്. പ്രദീപൻ എഴുതുന്നു: " നോവൽ ജീവിതത്തിന്റെ ഏകതാനതയെ ബഹുസ്വരാത്മകമാക്കുകയാണ് ചെയ്യുക. അത് പലതരം ആഖ്യാനലീലകളാൽ ജീവിതത്തെ പ്രസന്നമാക്കുന്നു. നോവൽ ഒരാഖ്യാന കലയാണ്. ലാറ്റിനമേരിക്കൻ ജീവിതത്തിന്റെ ആഖ്യാനവൈവിധ്യം കൊണ്ടുവന്നു എന്നതാണ് മാർകേസിൽ നാം കണ്ട ചാരുത .ഒരാളല്ല നോവലിന്റെ കേന്ദ്രം; അയാളെ നിർമ്മിക്കുന്ന ബന്ധവ്യവസ്ഥയാണ്. അതിനാൽ പല നിലകളിൽ ആഖ്യാനം സാധ്യമായിത്തീരുന്നു. നിഘണ്ടുകൾ പോലെ ശിഥിലമായ ആഖ്യാനങ്ങൾ. സ്വപ്നം കൊണ്ടെഴുതുന്ന നോവലുകൾ; ഖനനത്തിന്റെയും യാത്രകളുടെയും ഗവേഷണത്തിന്റെയും ഘടനകൾ കൊണ്ടെഴുതുന്ന നോവലുകൾ, നോവലുകളെ പ്രമേയമാക്കുന്ന നോവലുകൾ, നഷ്ടപ്പെട്ട കൈയെഴുത്ത് പ്രതികളുടെ അന്വേഷണം, മറ്റു കൃതികളിലെ ഉദ്ധരണികൾ കൊണ്ടെഴുന്ന പുസ്തകങ്ങൾ -നോവൽ പോലെ പരീക്ഷണങ്ങളിലൂടെ മറ്റൊരു സാഹിത്യരൂപവും ഈ നൂറ്റാണ്ടിൽ കടന്നുപോയിട്ടില്ല. ലൂസ് ലീഫ് നോവലുകൾ ,വിട്ടുകളയാവുന്ന അധ്യായങ്ങളുള്ള നോവലുകൾ, പദപ്രശ്നം പോലെയുള്ള നോവലുകൾ, അതെ ,നോവൽ ഇന്ന് ഒരു അനന്തമായ വായനാലീലയാണ്. ജെയിംസ് ജോയ്സ്, ഗിമറോസ് റോസ് ,മിലാറോഡ് പാവിച്ച്, ഹുവാൻ റുൾഫോ ,ഉമ്പർട്ടോ എക്കോ, മിലാൻ കുന്ദേര ,കോത്തസാർ ,ജോർജ് പെരക് തുടങ്ങി ആഖ്യാനത്തിന്റെ കെണികൾ സൃഷ്ടിച്ച എത്ര നോവലിസ്റ്റുകൾ! " പ്രദീപൻ നല്ലൊരു ആസ്വാദകനും വിമർശകനുമായതുകൊണ്ടാണ് 'ശ്രീനാരായണായ'യെക്കുറിച്ച് ആദ്യ ലേഖനം എഴുതാൻ നിയോഗിക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ സാഹിത്യസംസ്കാരം നിരന്തരം നവീകരിക്കപ്പെടുന്നതുകൊണ്ട് അവിടെ ആഗോള സാഹിത്യരംഗത്ത് സംഭവിക്കുന്ന നൂതന പ്രവണതകളെ സ്വാഭാവികമായി ഉൾക്കൊള്ളാൻ പ്രയാസമുണ്ടായില്ല.
 
നോവലിൽ വിരാഗപ്രതിഷ്ഠ 
 
സംസ്കൃത സാഹിത്യപണ്ഡിതനും എഴുത്തുകാരനുമായ തുളസി കോട്ടുക്കൽ, കഥാകൃത്തും നോവലിസ്റ്റുമായ ഇരവി ,പണ്ഡിതനും എഴുത്തുകാരനും വായനക്കാരനുമായ തുളസീധരൻ ഭോപ്പാൽ, അവ്യയാനന്ദ സ്വാമി എന്നിവരെ പ്രത്യേകം ഓർക്കുകയാണ്. തുളസീധരൻ ഭോപ്പാൽ 'ശ്രീനാരായണായ' വായിച്ച ശേഷം എന്നെ ഫോണിൽ വിളിച്ചു പരിചയപ്പെടുകയായിരുന്നു. നോവലിൽ മരുത്വാമലയെക്കുറിച്ച് വിവരിക്കുന്ന ഭാഗം വായിച്ചശേഷം വയോധികനായ അദ്ദേഹം ഭോപ്പാലിൽ നിന്ന് എത്തി മരുത്വാമല സന്ദർശിച്ചു .പിന്നീട് ആ പരിചയം നല്ല സൗഹൃദമായി. അദ്ദേഹം 'ശ്രീനാരായണായ'യുടെ പ്രചാരകനെ പോലെ പ്രവർത്തിച്ചു .ഭാരതീയമീമാംസയിലും കലയിലും അഗാധമായ അറിവു നേടിയ തുളസീധരൻ എൻ്റെ നോവലിനെക്കുറിച്ച് നാലു ലേഖനങ്ങൾ എഴുതി; എന്നെ ഇൻറർവ്യൂ ചെയ്തു. അതിനുപുറമേ അദ്ദേഹം ഒരു യജ്ഞത്തിൽ ഏർപ്പെട്ടു. 'ശ്രീനാരായണായ'യിലെ ഏതാനും പേജുകൾ ദിവസവും വാട്സപ്പിൽ റെക്കോർഡ് ചെയ്ത് വിവിധ ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യുന്ന യജ്ഞമാണ് അദ്ദേഹം ഏറ്റെടുത്തത്. ഇത് മാസങ്ങളോളം നീണ്ടു നിന്നു. തുളസീധരനിലൂടെ 'ശ്രീനാരായണായ'യെക്കുറിച്ച് കേട്ടറിഞ്ഞവരും വായിച്ചറിഞ്ഞവരും ധാരാളമാണ് .അദ്ദേഹം ദിവസവും പാരായണം ചെയ്യുന്ന പുസ്തകമാണ് 'ശ്രീനാരായണായ'.അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ 'ശ്രീനാരായണായ' ലോകസാഹിത്യത്തിലെ മികച്ച പത്തു നോവലുകളിലൊന്നാണ് .ഇക്കാര്യം അദ്ദേഹം ഒന്നിലധികം തവണ എഴുതിയിട്ടുണ്ട്.ശ്രീനാരായണദർശനത്തെക്കുറിച്ചും ഇന്ത്യൻദർശനത്തെറിച്ചും മനസ്സിലാക്കാൻ ഈ നോവൽ വായിച്ചാൽ മതിയെന്ന് വരെ അദ്ദേഹം പറഞ്ഞിട്ടുണ്ട്. വായനക്കാരന്റെ പ്രബുദ്ധതയ്ക്ക് മുന്നിൽ എഴുത്തുകാരൻ വിനീതനാവുകയാണ്. 
 
നോവൽ പ്രസിദ്ധീകരിച്ച സമയത്ത് തന്നെ അവ്യയാനന്ദ സ്വാമി വായിച്ചു. ദിവസവും രാവിലെ ഏതാനും പേജുകൾ വായിക്കുന്ന രീതിയാണ് സ്വാമി അവലംബിച്ചത് .വായിച്ചു കഴിഞ്ഞ് അപ്പോൾ തന്നെ എന്നെ വിളിച്ച് അതിനെക്കുറിച്ച് ആഹ്ലാദത്തോടെ സംസാരിക്കുമായിരുന്നു. വായിച്ചുതീർത്ത ശേഷം സ്വാമി ഒരു ലേഖനം എഴുതി പ്രസിദ്ധിക്കുകയും ചെയ്തു .വായനയ്ക്കിടയിൽ ഇഷ്ടപ്പെട്ട ഭാഗം അടിവരയിട്ട് പോകുന്നതായി സ്വാമി ഇടയ്ക്ക് പറഞ്ഞതോർക്കുന്നു. എന്നാൽ വായന പൂർത്തിയാക്കിയ ശേഷം സ്വാമി പറഞ്ഞത് ഇതാണ്: നോവലിൽ ഒരു വാചകം പോലും അടിവരയിടാത്തതായി ഇല്ല!.
 
പ്രമുഖ കഥാകൃത്ത് ഇരവി നോവൽ നന്നായി വായിക്കുന്ന അപാര ധിഷണാശാലിയാണ്. "ഈ നോവൽ നാരായണഗുരുവിന്റെ സെൽഫിൻ്റെ പോർട്രെയ്ലാണ്. സെൽഫിന്റെ പെയിൻ്റിംഗാണ്. അങ്ങനെയൊരു കൃതി മുൻപ് ഉണ്ടായിട്ടുണ്ടോ?ഇല്ലെന്നതാണ് ഈ കൃതിയുടെ രചനാവിപ്ലവം, അപൂർവ സൗകുമാര്യം. മൗലികം മൗലികം എന്നൊക്കെ മുട്ടിനുമുട്ടിന് പറഞ്ഞ നടക്കുന്നവരെ ഇത് ചിന്തിപ്പിക്കും. ഈ കഥയിലെ നായകൻ ശ്രീനാരായണഗുരുവല്ല, ദൈവമാണ്. ഇവിടെ പ്രപഞ്ചരഹസ്യങ്ങളെക്കുറിച്ചറിയാൻ തീവ്രാഭിലാഷമുള്ള ഏതൊരു വായനക്കാരനും ആ മഹാസത്യം കണ്ടെത്താനുള്ള അന്വേഷണത്വരയും അദമ്യാഭിലാഷവും വർദ്ധിച്ചുവരും. ദൈവത്തെ കണ്ടുപിടിക്കാനോ ആത്മയോഗത്തിൽ നിന്ന് രൂപനിർണയം ചെയ്യാനോ ഉള്ള ശ്രമമാണ് ഹരികുമാറിന്റെ നാരായണഗുരു നടത്തുന്നത്" - ഇരവിയുടെ പ്രവചനാത്മകമായ, തീക്ഷ്ണമായ വാക്കുകൾ കാതലിൽ സ്പർശിക്കുന്നു. മറ്റൊരു സവിശേഷ വായനയാണ് നോവലിസ്റ്റും ഗ്രന്ഥകാരനുമായ തുളസി കോട്ടുക്കലിൻ്റേത്. അദ്ദേഹം എഴുതുന്നു: "ആഖ്യായികയിലൂടെ കടന്നുപോകുമ്പോൾ ഗുരു തന്നെ ഒരു ക്ഷേത്രമാകുന്ന കാഴ്ച നമുക്ക് കാണാം. അവിടുത്തെ വിഗ്രഹം ഗുരുവിൻ്റെ ചിത്തമെന്ന ചിദാകാശമാണ്. ബാഹ്യചിഹ്നങ്ങളെല്ലാം കൊഴിഞ്ഞു കാറ്റും തീയും ജലവും ഭൂമിയും ആകാശവും സംയോജനം നടത്തി പൂർണ്ണമാക്കിയ വിരാഗ പ്രതിഷ്ഠയാണ് അവിടെ കാണുക. ആ കാഴ്ചയിലേക്ക് ഹരികുമാർ നമ്മെ നടത്തുന്നു. നടക്കേണ്ടത് നാമാണ്.വിമനസില്ലാതെ നടക്കുകയാണെങ്കിൽ നാം ഗുരുവിൽ എത്തിച്ചേരും. സമുദ്രം പോലെ ഒരിക്കലും തുളുമ്പാത്ത ആനന്ദവുമായി ഗുരു വിരാജിക്കുന്നു. ആ സൗവർണ പ്രഭയിൽ അഭിരമിക്കാൻ നമ്മെ ഹരികുമാർ പ്രാപ്തനാക്കും, ഈ ആഖ്യായികയിലൂടെ. ദൈവസാത്മ്യം എന്നത് ഉൽകൃഷ്ടനായ മനുഷ്യൻ്റെ പ്രാപ്യസ്ഥാനമാണെങ്കിൽ സന്ദേഹം വേണ്ട, 'ശ്രീനാരായണായ' പാനം ചെയ്യുക. ഉടലിന്റെ നിർവൃതിയും ഉയരിൻ്റെ നിർവൃതിയും നമുക്ക് ലഭിക്കും. ഇതാണ് ആത്മശുശ്രൂഷ; സർവാത്മശുശ്രൂഷ."ശ്രീനാരായണായ നൽകുന്ന അനുഭൂതിയുടെ പരമാവധി അളവ് തുളസി കോട്ടുക്കൽ കവരുന്നു.
 
മുംബൈയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന 'ഗുരുരത്നം' മാസിക (ജനു- മാർച്ച് 20)യിൽ എം.ജി.രാഘവൻ എഴുതിയ ലേഖനം -'ശ്രീനാരായണായ ഒരു ദാർശനിക നോവൽ'- ശ്രദ്ധേയമാണ്. അദ്ദേഹം മാസങ്ങളോളം പഠിച്ച് എഴുതിയതാണെന്ന് വ്യക്തം. മനനം ചെയ്യുന്നവർക്ക് മാത്രമേ ഇതുപോലെ എഴുതാനൊക്കൂ: " ഇവിടെ യോഗി മതാതീതനുമാണ്. ശ്രീനാരായണഗുരുവിനെ ഏതെങ്കിലും മതത്തിൻ്റെ വക്താവായി ചിത്രീകരിക്കാൻ പാടുപെടുന്നവർ 'ശ്രീനാരായണായ' എന്ന നോവലിൽ കൂടി യാത്ര ചെയ്യണം. ഇതാണ് ഗുരുവിൻ്റെ സൗന്ദര്യശാസ്ത്രത്തിന്റെ ആന്തരികരഹസ്യം. ഇവിടെ കലയും ദർശനവും ആത്മീയതയും പരസ്പരം വേർതിരിക്കുന്നില്ല. അവ ഒരേ ബോധപ്രകാശത്തിന്റെ വ്യത്യസ്ത ഭാവങ്ങളാണ്." ഗുരുവിനെക്കുറിച്ച് നോവലിൽ പ്രതിപാദിക്കുന്ന ആത്മീയ സങ്കല്പത്തെ ലേഖകൻ വേണ്ടുവോളം നുകർന്നിരിക്കുന്നു. പ്രമുഖ വിമർശകനായ റഷീദ് പാനൂർ എഴുതിയ 'എം.കെ. ഹരികുമാറിന്റെ 'ശ്രീനാരായണായ' വേറിട്ട് നിൽക്കുന്ന ഒരു നോവൽ'(സഹോദരൻ, 2025 ജനുവരി) എന്ന ലേഖനം സൂക്ഷ്മമായ നിരീക്ഷണങ്ങൾ കൊണ്ട് സമ്പന്നമാണ്. ഗുരു സഞ്ചരിച്ച ദാർശനികതയുടെ ആകാശങ്ങൾ ഓരോന്നായി ഈ കൃതിയിൽ ഇതൾ വിടർത്തുന്നു, ഗുരുവിൻ്റെ വ്യത്യസ്ത മുഖങ്ങൾ അനാവരണം ചെയ്യുന്നു, ഇവിടെ ആശയങ്ങളുടെ ഏറ്റുമുട്ടൽ കാണാം, നോവൽ പ്രപഞ്ചത്തിന്റെ തന്നെ ആത്മകഥയായി മാറുകയാണ്, ഇത് മാജിക് റിയലിസമാണ് ,രചനയുടെ ബഹുസ്വരഘടന ഏറ്റവും നവീനമാണ് തുടങ്ങിയ കണ്ടെത്തലുകൾ ആഴമുള്ളതാണ്.
ഗുരുവിനെക്കുറിച്ച് വല്ലപ്പോഴും ലേഖനങ്ങൾ എഴുതാറുള്ള ചിലർ 'ശ്രീനാരായണായ' വായിച്ചാൽ മനസിലാകുന്നില്ലെന്ന് ദുഷ്ടലാക്കോടെ പ്രചരിപ്പിക്കാൻ ശ്രമിച്ചത് ഓർക്കുകയാണ്. വല്ലാത്ത ഒരു അസഹിഷ്ണുത ചിലർ എടുത്തണിഞ്ഞു. എന്നാൽ സത്യമെന്താണ് ? മനസുണ്ടെങ്കിൽ ആസ്വദിക്കാനും പഠിക്കാനും ഈ നോവലിൽ ധാരാളം കാര്യങ്ങളുണ്ടെന്നാണ് അർപ്പണബോധമുള്ള വായനക്കാർ തെളിയിച്ചത്. ദോഷൈകദൃക്കുകളെ പരാജയപ്പെടുത്തിക്കൊണ്ടാണ് നോവലിൻ്റെ വായന മുന്നോട്ടു പോയത്.
ഇത് സഹൃദയൻ്റെ വിജയമാണ്. സഹൃദയർ കൊണ്ടാടിയ കൃതിയാണി ത്. എന്നാൽ ഈ നോവലിനോട് ഇവിടുത്തെ സാഹിത്യ അക്കാദമിയും ഇടതുപക്ഷ സാംസ്കാരിക വിഭാഗവും മറ്റ് ഔദ്യോഗിക സാഹിത്യകാരന്മാരും നികൃഷ്ടമായ നിലപാടാണ് സ്വീകരിച്ചത്. അവർക്ക് യഥാർത്ഥ കലാകൃതികൾ വായിക്കാനും അത് ആസ്വദിക്കാനും താല്പര്യമില്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടു .അവർ സ്വജനപക്ഷവാദത്തെ ഒരു പ്രത്യയശാസ്ത്രമായി വികസിപ്പിക്കുകയാണ് ചെയ്തത്. 
 
ഒരു തുമ്പി പറക്കുന്നതു പോലെ 
 
ഗുരുവിൻ്റെ ദർശനത്തെ വസ്തുതകളുടെ അടിസ്ഥാനത്തിൽ വിവരിക്കുന്ന രീതിയല്ല നോവലിസ്റ്റ് സ്വീകരിക്കുക. അത് ആന്തരമായ ഒരു ആവശ്യമായിത്തീരുന്നു. ആ ദർശനവുമായി മനസ്സ് സംവദിക്കണം, പ്രതിപ്രവർത്തിക്കണം. അങ്ങനെ അസുലഭമായ ,അപ്രാപ്യമായ ഗുരുവിനെ കലയിലൂടെ അനുഭവിക്കണം. അതാണ് 'ശ്രീനാരായണായ'യിൽ ലക്ഷ്യം വെക്കുന്നത്. ഇതുപോലെ ഒരു കൃതി എഴുതാൻ കഴിഞ്ഞതാണ് എൻ്റെ സാഹിത്യജീവിതത്തിന്റെ പ്രധാനപ്പെട്ട നേട്ടമെന്ന് വിചാരിക്കുന്നു (ജലഛായ എന്ന നോവലും ഇതോടൊപ്പം ഓർക്കുകയാണ് ) .
ഒരാളുടെ സർഗാനുഭവത്തിന്റെ പാരമ്യം എന്ന് പറയാവുന്ന തലമാണിത്. ഗുരുവിൻ്റെ ദൈവസങ്കല്പത്തിലും ജീവിതമൂല്യത്തിലും സൗന്ദര്യാത്മക, സംവേദനാത്മക ഘടകങ്ങളുണ്ട് .അത് നാം പ്രവർത്തിക്കുന്നതിനും ചിന്തിക്കുന്നതിനുമനുസരിച്ച് പ്രതിപ്രവർത്തിക്കുന്ന ലോകമാണ്. നമുക്ക് എത്രത്തോളം നന്നായി ശ്രദ്ധിക്കാൻ കഴിയുന്നുവോ അത്രത്തോളം ലോകത്തെ അറിയാം. എന്നാൽ അത് സരളവുമാണ് .ഒരു തുമ്പി പറക്കുന്നതുപോലെ സരളമാവണം ദൈവാനുഭവം.
 
'ശ്രീനാരായണായ'യിൽ നോവലിനുള്ളിൽ പല നോവലുകളുണ്ട് .പല കഥകളുണ്ട്. പലർ എഴുതിയ പുസ്തകങ്ങളുണ്ട്. ഇതെല്ലാം ഭാവനയിൽ മാത്രം ജീവിക്കുന്നതാണ്. ഇതിൽ പങ്കെടുക്കുന്ന പതിനഞ്ച് എഴുത്തുകാർ സാങ്കല്പികമാണെന്ന് ഓർക്കുമല്ലോ . അവരുടെ എഴുത്തുകളിലൂടെ വേറെയും നോവലുകളും ലേഖനങ്ങളും സൂചിതമാകുന്നു.അങ്ങനെ കലയുടെ വിവിധ രൂപങ്ങൾ പങ്കുചേരുന്നു .കലയ്ക്കുള്ളില് കല സൃഷ്ടിക്കുകയാണ് ,നോവലിനുള്ളിൽ നോവലുകൾ സൃഷ്ടിക്കുകയാണ്. രചനയുടെ ഈ തന്ത്രം വായിച്ച് ആസ്വദിക്കാനുള്ള ക്ഷമയും ശീലവും വിവേകവും നേടണമെന്ന കാര്യം പ്രബുദ്ധരായ വായനക്കാർ പങ്കുവച്ച നിരീക്ഷണങ്ങളിൽ നിന്നും വ്യക്തമാണ്. 
 
സാഹിത്യരചനയുടെ മുന്നോട്ടുള്ള യാത്ര അറിയേണ്ടതുണ്ട് .അത് കാലം ചെല്ലുന്തോറും നവീകരിക്കപ്പെടുകയാണ്. ഭാഷയും ആവിഷ്കാരരീതിയും മാറുന്നു. അതിൻ്റെ ലീലയിൽ മുഴുകുമ്പോഴാണ് ഒരു നല്ല ആസ്വാദകനുണ്ടാകുന്നത്. ഒരു സാധാരണ വായനക്കാരൻ നോവൽ പുറത്തുവന്ന നാളുകളിൽ വായിച്ചശേഷം പറഞ്ഞത് തനിക്ക് ആവശ്യമായ ആത്മീയതയെക്കുറിച്ചുള്ള അറിവുകളെല്ലാം ലഭിച്ചുവെന്നും സകല ചിന്താക്കുഴപ്പങ്ങളും പരിഹരിച്ചു എന്നുമാണ്. ഇതിനേക്കാൾ വലിയ കൃതാർത്ഥത തോന്നിയ നിമിഷമില്ല.
 
നോവലിൽ മായ എന്താണെന്ന് ബൃഹദേശനോട് നോവ ചോദിക്കുന്ന സന്ദർഭം ഓർക്കുകയാണ്. ബൃഹദേശൻ ഇങ്ങനെ മറുപടി പറഞ്ഞു: "ജീവിച്ചിരുന്നപ്പോൾ വിശന്നത് ,ഞരമ്പുകളിൽ തീപിടിച്ചത്, ദാഹിച്ചത് ,കരഞ്ഞത് എല്ലാം മായയാണ്. ഞാൻ അവരെ വിട്ടകന്നതും ഇപ്പോൾ താങ്കൾ ചോദിച്ചപ്പോൾ അതെല്ലാം ഓർത്തതും അവരെ കണ്ടാൽ അടുത്ത് ചെല്ലണമെന്ന് തോന്നുന്നതും മായയാണ്." ഈ മായയെ കലാകാരൻ എങ്ങനെ ഭംഗിയായി അവതരിപ്പിക്കാമെന്ന ചോദ്യം ഈ കൃതിയുടെ അടിത്തട്ടിൽ മുഴങ്ങുന്നുണ്ട്.
 
malayalam novel, sreenarayanaya, sivagiri, guru, sreenarayanaguru,  philosophical study, new novel, malayalam writers, new thought, new writing in malayalam